WP_20130617_001

പ്രൊഫ:കെ.വി.തോമസിന് ഒരു കത്ത്


 ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി പ്രൊഫ:കെ.വി.തോമസ്

താങ്കളോട് ഒരു പരാതി ബോധിപ്പിക്കാൻ ഓൺലൈനിലെ ബ്ലോഗ് എന്ന ഈ സംവിധാനം ഞാൻ ഉപയോഗിക്കുകയാണ്. ഈ പരാതി താങ്കളിലേക്ക് എത്തുമോ നടപടി ഉണ്ടാകുമോ എന്നൊന്നും അറിയില്ലെങ്കിലും, എനിക്ക് പറയാനുള്ളത് ഇവിടെ കുറിച്ചിടുന്നു. മുഖവുര കൂടുതൽ നീട്ടാതെ പരാതിയിലേക്ക് കടക്കട്ടെ.

എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നത് താങ്കളുടെ പേരിലാണെന്ന് ജില്ലയിലെ ഫ്ലക്സ് ബോർഡുകൾ ശ്രദ്ധിച്ചിട്ടുള്ളവർക്ക് മനസ്സിലാക്കാനാവും. മെട്രോ റെയിലിന് അനുമതി ആയപ്പോൾ താങ്കളുടെ പേരിൽ കൂറ്റൻ ഫ്ലക്സ് ബോർഡുകൾ കണ്ടു. ഇപ്പോൾ ദാ മെട്രോയുടെ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ വീണ്ടും താങ്കളുടെ പേരിൽ ഫ്ലക്സ് ബോർഡുകൾ വന്നിരിക്കുന്നു! ഇനി മൂന്ന് വർഷം കഴിഞ്ഞ് മെട്രോ ഉത്ഘാടനം ചെയ്യുമ്പോളും താങ്കളുടെ പേരിൽ ഫ്ലക്സ് ബോർഡുകൾ ഉണ്ടാകുമോ ?

ചില ബോർഡുകളിൽ മേമ്പൊടിക്ക് സ്ഥലം MLA ശ്രീ.ഹൈബി ഈടന്റേയും സംസ്ഥാനമുഖ്യമന്ത്രിയുടേയുമൊക്കെ തലകളും കാണാറുണ്ടെങ്കിലും ബോർഡിലെ പ്രഥമൻ താങ്കൾ തന്നെയാണ്. ഒരു വർഷം മുൻപ്, പള്ളിപ്പുറം മഞ്ഞുമാതാവിന്റെ പള്ളി ബസിലിക്കയായി ഉയർത്തുന്നതിനോട് അനുബന്ധിച്ചുള്ള പരിപാടിയിൽ താങ്കൾ പങ്കെടുക്കാൻ വരുന്നത് കാണിച്ചുകൊണ്ടുള്ള പൂർണ്ണകായ ഫ്ലക്സ് ബോർഡുകൾ, തിങ്ങിഞെരുങ്ങി വാഹനങ്ങൾ കടന്നുപോകുന്ന ആ ദ്വീപിൽ ഓരോ 100 മീറ്ററിലും സ്ഥാപിച്ചത് സത്യത്തിൽ വല്ലാത്ത ശ്വാസം മുട്ടലാണുണ്ടാക്കിയത്. അതേപ്പറ്റി അന്വേഷിച്ചപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞത്, സ്ഥലത്തെ കോൺഗ്രസ്സുകാർക്കൊന്നും ആ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതിൽ പങ്കില്ലെന്നും, രാത്രിക്ക് രാത്രി കൊച്ചിയിൽ നിന്ന് ലോറിക്ക് കൊണ്ടുവന്ന് സ്ഥാപിച്ച ബോർഡുകളാണ് അതെന്നുമാണ്. ആ വിവരം ശരിയാണെങ്കിൽ താങ്കളുടെ ഫ്ല്ക്സ് ബോർഡുകൾ സ്ഥാപിക്കാൻ മാത്രമായി ഒരു ടീം തന്നെ ജില്ലയിലുണ്ട്. അത് താങ്കളുടെ അറിവോടെയുള്ള കാര്യമാണെന്ന് തന്നെ മനസ്സിലാക്കുന്നതിൽ തെറ്റുണ്ടോ ?

സത്യത്തിൽ ഈ മെട്രോ റെയിൽ എന്ന് പറഞ്ഞ സംഭവം താങ്കൾ ഒരാളുടെ മാത്രം ശുഷ്ക്കാന്തി കൊണ്ട് സാദ്ധ്യമായതാണോ ? ഒരുപാട് പേർ പലപല കടമ്പകൾ കടന്ന് നേടിയെടുത്ത ആ പദ്ധതിയെങ്ങനെ താങ്കളുടെ മാത്രം നേട്ടങ്ങളുടെ അക്കൌണ്ടിലേക്ക് ചേർക്കാനാവും? ഇനി അഥവാ അത് താങ്കളുടെ ശ്രമഫലമായി കൈവന്നതാണെങ്കിൽത്തന്നെ, താങ്കളുടെ എല്ലാ പ്രവർത്തനങ്ങളുടേയും കണക്കുകൾ ഫ്ലക്സ് ബോർഡ് രൂപത്തിലുള്ള അഭിനന്ദനപ്രവാഹമായി താങ്ങാനും മാത്രം നിരത്തുകൾ ജില്ലയിൽ ഇല്ലെന്നുള്ള കാര്യം താങ്കൾക്ക് അറിയില്ലെന്നാണോ ?

തിരഞ്ഞെടുക്കപ്പെട്ട് പഞ്ചായത്തിലേക്കും നിയമസഭയിലേക്കും പാർലിമെന്റിലേക്കുമെല്ലാം പോകുന്നവരുടെ കടമ മാത്രമാണ് ജനങ്ങൾക്ക് ഗുണകരമാകുന്ന പദ്ധതികൾ നടപ്പിലാക്കുക എന്നത്. അത് ജനപ്രതിനിധികളുടെ ആരുടേയും പോക്കറ്റിൽ നിന്നുള്ള പണമെടുത്ത് നടത്തുന്ന പദ്ധതികളല്ല, മറിച്ച് പൊതുജനത്തിന്റെ നികുതിപ്പണമാണെന്നുള്ളത് ആർക്കാണ് അറിയാത്തത് ?! പക്ഷെ, ഫ്ലക്സ് ബോർഡുകൾ കണ്ടാൽത്തോന്നും ജനപ്രതിനിധികൾ സ്വന്തം തറവാട്ടിൽ നിന്ന് കൊണ്ടുവന്ന്, പൊതുജനം എന്ന കഴുതകൾക്ക് നൽകുന്ന ഔദാര്യമാണ് ഈ പദ്ധതികളൊക്കെയും എന്ന്.

ഗോശ്രീ പാലത്തിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന (മുകളിലെ ചിത്രം കാണുക) ഈ കൂറ്റൻ ഫ്ലക്സ് ബോർഡിൽ എഴുതിയിരിക്കുന്നത് പ്രകാരം ഇത് സ്ഥാപിച്ചിരിക്കുന്നത് കൊച്ചിൻ പൌരസമിതിയാണ്. താങ്കൾക്കറിയുമോ ഈ പൌരസമിതിയുടെ ഭാരവാഹികൾ ആരൊക്കെയാണെന്ന് ? അറിയുമെങ്കിൽ അവരുടെ മേൽ‌വിലാസം ഒന്ന് പങ്കുവെക്കാമോ ? അവരെ നേരിക്കണ്ട് ചില കാര്യങ്ങൾ ബോധിപ്പിക്കാൻ വേണ്ടിയാണ് വിലാസം ആവശ്യപ്പെടുന്നത്. അവർ ആരൊക്കെയായാലും കൊച്ചിയിലെ പൌരന്മാരോട് യാതൊരുതരത്തിലുമുള്ള അനുകമ്പവും ഇല്ലാത്തവരാണെന്നതാണ് സത്യം. അവർ സ്ഥാപിച്ചുപോകുന്ന ഈ ഫ്ലക്സ് ബോർഡുകൾ എത്ര കാലത്തേക്കാണ് ഇങ്ങനെ നിരത്തിൽ തൂങ്ങി നിൽക്കുന്നതെന്ന് എപ്പോഴെങ്കിലും താങ്കൾ ശ്രദ്ധിച്ചിട്ടുണ്ടോ ? കാറ്റും മഴയും വെയിലുമൊക്കെ ഏറ്റ് മാസങ്ങളോളം തൂങ്ങി നിന്നതിന് ശേഷം അത് ഒടിഞ്ഞ് മടങ്ങി റോഡിലേക്ക് വീഴുകയാണ് പതിവ്. പിന്നെ ചീഞ്ഞളിഞ്ഞ് പോലും പോകാതെ അവിടെത്തന്നെ ചുരുണ്ടുകൂടി കിടക്കും. ഇത്തരം ഒരു ഫ്ലക്സ് ബോർഡിന് ഉപയോഗിക്കുന്ന ഷീറ്റ് ഉണ്ടെങ്കിൽ വയനാട്ടിലെ രണ്ട് ആദിവാസി കൂരകൾ ചോർന്നൊലിക്കാതെ വെച്ചുകെട്ടാൻ പറ്റുമെന്ന് എപ്പോഴെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ ? താങ്കൾക്ക് അഭിനന്ദനങ്ങൾ ചൊരിഞ്ഞുകൊണ്ടുള്ള ഫ്ലക്സ് വെക്കണമെന്ന് നിർബന്ധമാണെങ്കിൽ, അതിനൊരു നിശ്ചിത കാലയളവ് തീരുമാനിച്ച് അത് കഴിയുമ്പോൾ ഫ്ലക്സ് ഷീറ്റെല്ലാം ചുരുട്ടിയെടുത്ത് എന്നെ ഏൽ‌പ്പിച്ചാൽ വയനാട്ടിലുള്ള പട്ടിണിപ്പാവങ്ങൾക്ക് കൂര മേയാൻ എത്തിച്ചുകൊടുക്കുന്ന കാര്യം എന്റെ ചിലവിൽ ചെയ്തോളാം. നവകൊച്ചിയുടെ നായകൻ എന്നുള്ള താങ്കളുടെ പേര് അങ്ങനെ വയനാട്ടിലും പ്രചരിക്കാൻ ഇടയാകുകയും ചെയ്യും. അതൊരു സന്തോഷമുള്ള കാര്യമല്ലേ ?

സത്യത്തിൽ വികസനം എന്നതിന്റെ നിർവ്വചനം, മെട്രോ റെയിലുകളും ഷോപ്പിങ്ങ് മാളുകളും മേൽ‌പ്പാലങ്ങളും മാത്രമാണോ ? ശരിയായ രീതിയിലുള്ള മാലിന്യസംസ്ക്കരണവും, കുണ്ടും കുഴിയുമില്ലാത്ത റോഡുകളും, സാധാരണക്കാരന്റെ ദുരിതങ്ങൾ ഇല്ലായ്മ ചെയ്യലും, മാറാരോഗങ്ങൾ ഇല്ലായ്മ ചെയ്യലുമൊക്കെ വികസനമായി കണക്കാക്കില്ലേ ? ഉണ്ടെങ്കിൽ, അങ്ങനെയെന്തെങ്കിലും ഈ ജില്ലയിൽ വികസനം എന്ന ലേബലിൽ നടക്കുന്നുണ്ടോ ? ബ്രഹ്മപുരത്ത്, ഈ നഗരത്തിലുള്ള മാലിന്യമെല്ലാം പരിസ്ഥിതിക്ക് കോട്ടം തട്ടാതെ അന്നന്ന് തന്നെ സംസ്ക്കരിക്കപ്പെടുന്നുണ്ടോ ? ഇപ്പോൾ പെയ്യുന്ന ഈ മഴയിൽ പൊട്ടിപ്പൊളിയാത്ത എത്ര റോഡുകൾ ഉണ്ട് ജില്ലയിൽ ? എല്ലാ മഴക്കാലത്തും വരുന്ന മാറാരോഗങ്ങളും പകർച്ചവ്യാധികളുമൊക്കെ ഇല്ലാതാക്കാൻ ‘കൊച്ചിയുടെ വികസന നായകനായ‘ താങ്കൾ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട് ?

താങ്കൾ ദയവുചെയ്ത് ഒരു പാർട്ടിക്കാരൻ, അല്ലെങ്കിൽ ഒരു കേന്ദ്രമന്ത്രി എന്ന നിലയിൽ നിന്ന് മാറി, ഒരു കോളേജ് പ്രൊഫസർ എന്ന നിലയ്ക്ക് ചിന്തിക്കണമെന്നാണ് അപേക്ഷിക്കാനുള്ളത്. നഗരത്തിൽ ഓരോ ഇഞ്ചിലും സ്ഥാപിച്ചിരിക്കുന്ന താങ്കളുടേതടക്കമുള്ള കാലഹരണപ്പെട്ടതും അല്ലാത്തതുമായ ഫ്ലക്സ് ബോർഡുകൾ വരുത്തിവെക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ മനസ്സിലാക്കാൻ ഒരു പാർട്ടിക്കാരനേക്കാൾ നന്നായി ഒരു രസതന്ത്രം അദ്ധ്യാപകന് സാധിച്ചെന്ന് വരും. താങ്കളുടെ പാർട്ടി പ്രസിഡന്റ് നടത്തിയ കേരളയാത്ര കഴിഞ്ഞ്, അതിന്റെ ചുവട് പിടിച്ചുണ്ടായ  കസേരയ്ക്ക് വേണ്ടിയുള്ള പിടിവലിയും കോലാഹലങ്ങളും ഒരിടത്തുമെത്തിയില്ലെങ്കിലും, കേരളയാത്രയുടെ ഫ്ലക്സ് ബോർഡുകൾ ഇപ്പോഴും ഖദറിട്ട് വെളുക്കെ ചിരിച്ചുകൊണ്ട് നഗരത്തിൽ തൂങ്ങിനിൽക്കുന്നുണ്ട്. അതൊക്കെ ഇനി എന്നാണാവോ നഗരത്തിൽ നിന്ന് നീക്കം ചെയ്യുക ? ഈ നഗരത്തിലെ മറ്റ് അന്തേവാസികൾക്ക് കൂടെ സ്വച്ഛന്തമായി യാത്ര ചെയ്യാനുള്ള നിരത്തുകളിലാണ്, കെ.പി.സി.സി. പ്രസിഡന്റിന്റെ കേരളയാത്രയുടെ ഫ്ലക്സ് ബോർഡുകൾ വഴി മുടക്കി നിൽക്കുന്നത്. നിങ്ങൾക്കൊക്കെ വോട്ട് ചെയ്ത് ജയിപ്പിച്ച് വിടുന്നു എന്നതല്ലാതെ മറ്റെന്ത് കുറ്റമാണ് ജനങ്ങൾ നിങ്ങളോട് ചെയിതിട്ടുള്ളത് ?

കേരളമൊട്ടുക്ക് ഫ്ലക്സ് ബോർഡുകളാണിപ്പോൾ. ഗ്രാമങ്ങളിൽ‌പ്പോലും തൊട്ടപ്പുറത്തുള്ള പുരയിടം കാണാൻ ഫ്ലക്സ് ബോർഡുകൾ തടസ്സമാകുന്നു. നഗരങ്ങളിലെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ ! വാണിജ്യസ്ഥാപനങ്ങൾ, സ്ക്കൂളുകൾ, പാരലൽ കോളേജുകൾ, ആരാധനാലയങ്ങൾ, ആത്മീയ ആചാര്യന്മാർ, വ്യക്തിഗതതാൽ‌പ്പര്യക്കാർ, ടീവി സീരിയലുകാർ, സിനിമാപ്പരസ്യക്കാർ, പത്രമാദ്ധ്യമങ്ങൾ, എന്നിങ്ങനെ എല്ലാ തുറയിലുമുള്ളവർ മത്സരിച്ചാണ് ഫ്ലക്സ് ബോർഡുകൾ നിരത്തി ഈ കൊച്ചുകേരളം നിറച്ചിരിക്കുന്നത്. എന്നിരുന്നാലും, ഇതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് പാർട്ടിക്കാർ തന്നെയാണ്. അതിൽ, എറണാകുളത്ത് താങ്കൾക്കാണ് ഒന്നാം സ്ഥാനം. അതുകൊണ്ടാണ് ഇങ്ങനെയൊരു കത്ത് താങ്കൾക്കെഴുതുന്നത്. ഫ്ലക്സ് ബോർഡുകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതും ഉണ്ടാക്കാൻ പോകുന്നതുമായ ദൂരവ്യാപകമായ പ്രശ്നങ്ങൾ മനസ്സിലാക്കി ഇതിന്റെ മായാവലയത്തിൽ നിന്ന് പുറത്തുവന്ന് മാതൃക കാണിക്കേണ്ടത് താങ്കളെപ്പോലുള്ള പാർട്ടിക്കാർ തന്നെയാണ്.

ഒരു അദ്ധ്യാപകന്റെ സ്ഥാനത്തുനിന്ന് മനസ്സിലാക്കി, സ്വന്തം ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാനും പാർട്ടി പ്രസിഡന്റ് അടക്കമുള്ള താങ്കളുടെ പാർട്ടിക്കാരുടെ (പ്രത്യേകിച്ച്, ഫ്ലക്സ് ബോർഡുകളുടെ കാര്യത്തിൽ, എറണാകുളം ജില്ലയിൽ താങ്കൾക്കൊപ്പം നിൽക്കുന്ന എം.എൽ.എ. ശ്രീ.ഹൈബി ഈടന്റേത്) ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാനും മുൻ‌കൈ എടുക്കണമെന്നാണ് ഈ നഗരത്തിലെ ഒരു സാധാരണ പൌരനെന്ന നിലയ്ക്ക് അപേക്ഷിക്കാനുള്ളത്. നിങ്ങൾ പാർട്ടിക്കാരും മന്ത്രിമാരുമൊക്കെ നടത്തുന്ന ‘വികസന’പരിപാടികൾ ഫ്ലക്സ് ബോർഡുകളായി നിരത്തിൽ തൂക്കുന്നത് വഴി, വരുംകാലങ്ങളിൽ നിങ്ങൾക്കാർക്കെങ്കിലും ചെയ്യാൻ അല്ലെങ്കിൽ കിട്ടാൻ സാദ്ധ്യതയുള്ള വോട്ടുകൾ ഇല്ലാതായിപ്പോയേക്കാം എന്നൊരു വസ്തുത കൂടെ മനസ്സിലാക്കുന്നത് ഭാവിപരിപാടികൾക്ക് ഉപകരിച്ചേക്കാൻ സാദ്ധ്യതയുണ്ട്. വേണ്ടതുപോലെ ചെയ്യുമെന്ന പ്രത്യാശയോടെ….

ഒരു കൊച്ചി നരഗവാസി

- നിരക്ഷരൻ
(അന്നും ഇന്നും എപ്പോളും)

Comments

comments

90 thoughts on “ പ്രൊഫ:കെ.വി.തോമസിന് ഒരു കത്ത്

  1. kidilam. fb yil share cheyyunnu. randu thavana enkilum iddeham (iddehathinte driver) signal thettichu vandi kondu pokunnathu nerittu kandittundu. janaprathinidhikalude mattoru (du)swathanthryam.

  2. നിരക്ഷരൻ,താങ്കൾ പറഞ്ഞതു പോലെ ഈ പരാതി മന്ത്രിയിലേക്ക് എത്തുമോ എന്ന് ഉറപ്പില്ല.അഥവാ ഇത് മന്ത്രിയുടെ കണ്ണിൽ പെടാൻ ഇടയായാൽ, ഒരദ്ധ്യാപകന്റെ നിലവാരത്തിൽ ഇനിയെങ്കിലും അദ്ദേഹത്തിനു ചിന്തിക്കാനായാൽ ഒരു പക്ഷെ ഈ പരാതിക്ക് ഒരല്പമെങ്കിലും ഫലം കാണും.അതുണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.പൊതുജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് കഴിയാവുന്നത്ര അടിച്ചുമാറ്റിയ ശേഷം ബാക്കിവരുന്നതു കൊണ്ട് നാടിനു വേണ്ടതെന്തെങ്കിലും ചെയ്യുന്നത് ഫ്ലക്സ് ബോർഡിൽ അടിച്ച് പരസ്യപ്പെടുത്തേണ്ട കാര്യമൊന്നുമില്ല.പൊതുജങ്ങൾ വിവരമുള്ളവരാണ് അവർക്ക് കാര്യങ്ങൾ അല്ലാതെ തന്നെ മനസ്സിലാവും. എല്ലാം എല്ലാം..

  3. നിരക്ഷരന്‍, നന്നായി…
    ഇതൊന്നും എടുത്ത്‌ മാറ്റാന്‍ ഇവരൊന്നും മേനക്കിടറില്ല എന്നത് വേറെ കാര്യം…

  4. വളരെ നന്നായി നിരക്ഷരാ…. ഇത് അദ്ദേഹം കാണുമോ എന്നറിയില്ല, പക്ഷെ കണ്ടിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു……

  5. ഞാന്‍ ബഹറിനിലാണ് കഴിഞ്ഞ പതിനേഴ് വര്‍ഷമായി ജീവിക്കുന്നത്. അതിനുമുമ്പ് സിംഗപ്പൂരിലായിരുന്നു എട്ടുവര്‍ഷം. ഇവിറ്റത്തെ പതിവ് പറയുകയാനെങ്കില്‍ ബില്ല്യണ്‍ ഡോളര്‍ ചെലവിട്ട് നടത്തുന്ന റോഡുകളും കോസ് വേകളും ഒരു സുപ്രഭാതത്തില്‍ ഗതാഗതത്തിനായിട്ട് തുറന്നുകൊടുക്കുന്നത് കാണാം. ഉദ്ഘാടനമാമാങ്കമില്ല. ക്രെഡിറ്റ് കൊണ്ടുപോകാനുള്ള രാഷ്ട്രീയപൊറാട്ടുനാടകമില്ല. ആനയും അമ്പാരിയുമില്ല. ചീര്‍ത്തുതടിച്ച രാഷ്ട്രീയനേതാക്കളില്ല. ഈ പത്തുവര്‍ഷങ്ങള്‍ക്കിടയില്‍ ഇവിടെ നടന്ന വികസനം അവിശ്വസനീയമാംവണ്ണം ബൃഹത്താണ്. നാട്ടില്‍ ഒരു വെയിറ്റിംഗ് ഷെഡ് ഉദ്ഘാടനം ചെയ്യാന്‍ പോലും മന്തിറി വരുന്നതും ഫലകത്തില്‍ പേരില്ല എന്നും പറഞ്ഞ് അടിപിടിയിലവസാനിക്കുന്നതുമൊക്കെ പത്രങ്ങളില്‍ വായിയ്ക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അറപ്പാണ് തോന്നുന്നത്.

    അതിരാഷ്ട്രീയം അതിന്റെ എല്ലാ മലിനഭാവത്തോടും കൂടി വേതാളനൃത്തം നടത്തുകയാണെന്റെ ജന്മദേശത്ത്.

    ഈ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് തോമസിന്റെ വൃത്തികെട്ട ഏര്‍പ്പാട് തന്നെ. എവിടെയും അള്ളിപ്പിടിച്ച് കയറാന്‍ അത്തരക്കാര്‍ക്ക് ആരും ബുദ്ധിയുപദേശിച്ചുകൊടുക്കുകയൊന്നും വേണ്ടാ.

  6. ഈ ഫ്ലക്സ്‌ അടിക്കുന്നത് പോലും ഇവരൊക്കെ പൊതുജനത്തില്‍ നിന്നും ഊറ്റിയെടുക്കുന്ന പണത്തിന്റെ വിഹിതം കൊണ്ടായിരിക്കുമല്ലോ…എന്നിട്ട് അതും സഹിക്കേണ്ടത് പൊതുജനങ്ങള്‍

  7. പ്രിയ മനോജ്, ബ്ലോഗ് വായിച്ചപ്പോള്‍ ഞാന്‍ പെട്ടെന്നോര്‍ത്തത് “വൈക്കം മുഹമ്മദ് ബഷീറിന്റെ“ ഒരു കഥാപാത്രത്തെയാണ്. എല്ലാം താനാണെന്ന് വീമ്പിളക്കുന്ന കഥാപാത്രം. കഥാപാത്രത്തിന്റെ പേര് പറയേണ്ട കാര്യമില്ലാത്തതുകൊണ്ടും, കഥ എല്ലാവര്‍ക്കും അറിയുന്നതുകൊണ്ടും വിസ്തരിക്കുന്നില്ല.
    സത്യത്തില്‍ നാട്ടിലെ ശല്യം ഒഴിവാക്കാനാണ് ഇപ്പോള്‍ നാട്ടുകാര്‍ ഇവരെ ജയിപ്പിച്ച് ഡല്‍ഹിക്ക് വിടുന്നത്. നേരിട്ടുള്ള വരവ് അടുത്ത പാര്‍ലിമെന്റ് ഇലക്ഷനേ കാണൂ. എന്നാല്‍ പിന്നെ എനിക്കെങ്ങനെ ജനങ്ങള്‍ക്ക് പറ്റാവുന്ന ബുദ്ധിമുട്ടുകള്‍ നല്കാം എന്ന ചിന്തയില്‍ നിന്നാവാം ഇത്തരം ഫ്ലക്സ് ബോര്‍ഡ് ഫാന്‍സ് അസ്സോസിയേഷനുകളെ രംഗത്തിറക്കുന്നത്. ഇവരൊക്കെ സൌകര്യപൂര്‍വ്വം മറന്നുപോകുന്ന ഒന്നുണ്ട്. ഈ നാട്ടിലെ വിദ്യാഭ്യാസമുള്ള, കോമണ്‍സെന്‍സുള്ള, പാര്‍ട്ടിയുടെ കൊടിക്കൂറകളില്‍ അന്ധമായ് അള്ളിപ്പിടിക്കാത്ത ഓരോ മനുഷ്യനും അറിയാം, ഇ ശ്രീധരന്‍ എന്ന വ്യക്തിയെ എങ്ങനെ ഇതില്‍ നിന്നും ഒഴിവാക്കി ഈ സംരംഭം കുളം തോണ്ടി ഇതില്‍ നിന്ന് എത്ര തുക അടിച്ചുമാറ്റാന്‍ കഴിയും എന്ന് ചിന്തിച്ചവരാണീ രാഷ്ട്രീയക്കാര്‍ എന്ന്. ബഹുജന പ്രക്ഷോഭം ഉണ്ടാവുമെന്ന തിരിച്ചറിവ് മാത്രമാണ് ഒടുവില്‍ അദ്ദേഹത്തെ മേല്‍നോട്ടം ഏല്പിച്ചതും, പണി തുടങ്ങാനായതും. മനോജ് പറഞ്ഞതുപോലെ വിളപ്പില്‍ ശാലയും, ലാലൂരും ഒക്കെ ഉള്ള നാട്ടില്‍ തലയ്ക്കു മീതെ കൂടി ഒരു ട്രെയിന്‍ പോയതുകൊണ്ട് നമ്മള്‍ യൂറോപ്യന്‍ രാജ്യത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ പോകുന്നില്ല. ഒന്നുമാത്രം ഈ രാഷ്ട്രീയക്കാര്‍ തിരിച്ചറിയാന്‍ വൈകിക്കൂടാ, നിങ്ങള്‍ വീണ്ടും അധികാരത്തിലെത്തുന്നത്, ഇവിടെ മറ്റൊരു Alternative ഇല്ലാത്തതുകൊണ്ടു മാത്രമാണ്… ‘തമ്മില്‍ ഭേദം തൊമ്മന്‍‘ എന്ന നാടന്‍ പ്രയോഗം നാട്ടുകാര്‍ നടപ്പിലാക്കുന്നു എന്ന് മാത്രം.

    1. @ Murali Menon – സത്യത്തിൽ, ഇന്ന് വൈകീട്ട് വണ്ടി നിറുത്തി ഈ ഫ്ലക്സ് ബോർഡിന്റെ പടമെടുക്കുമ്പോൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നതും വരികളാക്കണമെന്ന് കരുതിയതും ആ ബഷീർ കഥാപാത്രം തന്നെയാണ്. അത് പിന്നെ മനഃപൂർവ്വം കുറിപ്പിൽ നിന്നും ഒഴിവാക്കി. അൽ‌പ്പം സീരിയസ്സ് ആയിക്കോട്ടേ, അങ്ങനെന്തെങ്കിലും പറഞ്ഞതിന്റെ പേരിൽ ഒരു അലോഹ്യം വേണ്ട എന്ന് കരുതി.

  8. ഇത്രയധികം കഷ്ടപ്പെട്ട് ജനങ്ങളെ സേവിക്കുന്ന ജനനായകനോട് ഇങ്ങനൊക്കെ പറയാവോ ? പരലോകത്ത് വോട്ടവകാശം പോലും കിട്ടൂല ;)

    ഇനിയിപ്പോ ആലുവമുതൽ തൃപ്പൂണിത്തുറ വരെ സ്റ്റേഷന്റെ ശിലാഫലകം സ്ഥാപിക്കലും കല്ലിടീലും നിർമ്മാണോദ്ഘാടനവും തുടർ നിർമ്മാണപ്രവർത്തനോദ്ഘാടനവും ……. അങ്ങനെയങ്ങനെ കിടക്കുവല്ലേ… ഫ്ലെക്സുകൾ ഇനിയും നിരക്കും. വയനാട്ടിലെ ആവശ്യം കഴിഞ്ഞും ബാക്കി വരും എല്ലാം കൂടി.
    ഫണ്ടിൽ നിന്നും ഒരു മൂത്രപ്പുരകെട്ടിയാൽ പോലും കാര്യം സാധിക്കണമെങ്കിൽ ഉദ്ഘാടകൻ വരണം എന്ന സ്ഥിതിയാണല്ലോ !
    ഇങ്ങനെ ജനങ്ങളെ സ്നേഹിച്ച് ഫ്ലെക്സിൽ പൊതിയല്ലേ എന്ന ഒറ്റ പ്രാർത്ഥനയേ ഉള്ളൂ….

  9. ഓരോരുത്തരായി മൽസരിച്ച് വയ്ക്കുന്ന പരസ്യങ്ങളിലൂടേയാണു ഇവരെ ജനം അറിയുന്നതു തന്നെ. ഉളുപ്പില്ലാത്തതു കൊണ്ട് ഇവന്മാർക്ക് ഇത് ഒരു മൽസരമായിരിക്കും.

  10. മനോജേട്ടാ കൊടുക്കേണ്ടത് കൊടുക്കേണ്ട രീതിയില്‍ തന്നെ കൊടുക്കണം. അത് ചെയ്തതിനു ഒരു സല്യൂട്ട്. ഇത് അച്ചടിച്ചു ഒരു കവറിലിട്ടു ആ മന്ത്രിക്ക് അയച്ചുകൊടുക്ക്. ഒന്നുമല്ലേലും പിള്ളേര്‍ക്ക് നാലക്ഷരം പഠിപ്പിച്ചു എന്ന് പറയുന്ന(!) ഒരു അധ്യാപകനല്ലേ?

  11. ദുർഗന്ധം വമിക്കുന്ന സമകാലീന രാഷ്ട്രീയമുഖം മിനുക്കാൻ ഫ്ലക്സ് ബോർഡുകളെത്ര നിരത്തിയാലുമാവില്ല. എങ്കിലുമവർ നിരത്തുകൾ മുഴുവൻ ഫ്ലക്സുകളാൽ അലങ്കരിക്കുകയാണു. രാഷ്ട്രീയ ഹിജഡകൾ.

  12. താങ്കളുടെ ഈ ശ്രമത്തിനു എല്ലാ മാനസിക പിന്തുണയും .
    ലക്ഷ്യബോധമുള്ള ഇത്തരം ചുരുക്കം ബ്ലോഗുകള്‍ കാണുമ്പോഴാണ് , ബ്ലോഗിങ്ങിനെ ഗൌരവത്തില്‍ കാണണമെന്ന് വീണ്ടും ചിന്തിപിക്കുന്നത് .

  13. മനോജേട്ടാ, കൊട് കൈ…. ഇതൊക്കെ കേള്‍ക്കേണ്ടവര്‍ കേള്‍ക്കുമോ എന്നറിയില്ല. പക്ഷെ നമ്മള്‍ പറയണമല്ലോ. നല്ല ലേഖനം.

  14. നന്നായി നിരക്ഷരന്റെ പ്രതികരണം.സർക്കാരുദ്യോഗത്തിന്റെ വിലക്കുകൾ പരിമിതി പണിയുന്നുണ്ട്.എങ്കിലും സത്യം കാണാതിരിക്കുന്നില്ല.

  15. ചേട്ടാ, വളരെ നന്നായി. എല്ലാ പട്ടണങ്ങളിലും ഫ്ലെക്സ് ബോർഡ്‌ ഒരു ശല്യം തന്നെ ആണ്. അതിനെ കുറിച്ച് തുറന്നു പ്രതികരിച്ചത് നല്ലത് തന്നെ.

  16. ഈ കത്ത് തോമാച്ചനും ഏതെങ്കിലും പത്രത്തിനും അയച്ച് കൊടുക്കുക. കാര്യമുണ്ടായില്ലെങ്കിലും മമ്മൂഞ്ഞ് വായിച്ചിരിക്കേണ്ട ഒന്നാണിത്. മനോജിനെ പോലെ ചിന്തിക്കുന്ന മനുഷ്യരുണ്ടെന്ന തിരിച്ചറിവ് ചിലപ്പോള്‍ കണ്ടവന്റെയൊക്കെ തന്തയാവുന്ന ഏര്‍പ്പാടില്‍ കുറച്ച് കുറവ് വന്നേക്കും.

  17. കൊള്ളാം, തിരഞ്ഞെടുത്ത വിഷയം വൃത്തിയായി എഴുതിയിരിക്കുന്നു. കെപിസിസിയുടെ പതിനാറായിരത്തെട്ടു ജനറല്‍ സെക്രെടറിമാരുടെ ഫ്ലക്സും നാടുമുഴുവന്‍ ഉണ്ട്

  18. എന്തായാലും നന്നായി പറഞ്ഞു… എല്ലായിടത്തും ഇത് ഒരു ശല്ല്യം തന്നെ. ഉത്സവ കാലത്ത് പാവം ആനകളെ നിറയെ ഫ്ലെക്സ് ബോർഡിൽ കയറ്റുന്നത് കാണാം

  19. ശ്രീ നിരക്ഷരന്‍, വളരെ നല്ലൊരു ശ്രമം..എല്ലാവിധ ഭാവുകങ്ങളും.ലക്ഷം ലക്ഷം പിന്നാലെ!!!!

  20. ഫ്ലെക്സ് ബോർഡിൽ മാത്രം ചിരിച്ചു തിരഞ്ഞെടുപ്പിൽ കൈകൂപ്പി
    അധികാരത്തിന്റെ ശീതലചായയിൽ ഉറങ്ങുന്ന രാഷ്ട്രീയ നാടകക്കാർക്ക് ഫ്ലെക്സ് ബോര്ട് ചുമക്കുവാനും ബാധ്യതയുണ്ട്. കാരണം ജനഹൃദയങ്ങളിൽ സ്ഥാനം കുറവാണെന്നുള്ള അടിസ്ഥാന വിവരം ഉള്ളതുകൊണ്ടാവും പക്ഷെ അത് സാധാരണക്കാരന്റെ നെഞ്ഞതല്ല കൊണ്ട് സ്ഥാപിക്കേണ്ടത് എന്നുള്ള ഓർമപെടുത്തൽ നന്നായി

    നന്നായി നിരക്ഷര

  21. നല്ല പോസ്റ്റ്‌. പക്ഷെ പ്രതികരണം ഉണ്ടാകാൻ സാധ്യത കുറവാണ്. കാരണം ഇദ്ദേഹത്തിനു മണ്ഡലത്തിൽ എന്ത് നടന്നാലും, എത്ര ജനം എതിരായാലും, കിട്ടാനുള്ള സീറ്റ് “മുകളിൽ” നിന്നും കിട്ടും എന്നാണു കേൾവി!

    സത്യത്തിൽ ഫണ്ട്‌ ചിലവഴിച്ചതിനു പല എം പി മാരുടെ പേരിലും കാണാറുള്ള അനുമോദന ഫ്ലെക്സുകൾ കാണുമ്പോൾ ചിരിയാണ് വരുന്നത്. സത്യത്തിൽ ഇവരുടെ ജോലി ശരിക്കും എന്താണ് എന്ന ചോദ്യവും !

  22. പ്രിയപ്പെട്ട നിരക്ഷരൻ…….. കൊച്ചിയിൽ മാത്രമല്ല ഒട്ടുമിക്ക നഗരങ്ങളിലും ഇത് തന്നെയാനവസ്ഥ. ഇതിനു പരിഹാരം അവരുടെ ഭാഗത്തുനിന്നും ഉണ്ടാവുമെന്ന് ഒട്ടും പ്രതീഷിക്കണ്ട.. നല്ല രീതിയിൽ എഴുതിയിരിക്കുന്നു… എന്തായാലും ഇത് ഒരു നല്ല തുടക്കമാവട്ടെ…എന്റെ എല്ലാ പിന്തുണയും…..ആശംസകൾ…

  23. അഭിനന്ദനങ്ങള്‍ നിരക്ഷരാ.. രാജാവ് നഗ്നനാണെന്ന് പറയാനുള്ള ആര്‍ജ്ജവം കാട്ടിയ നിന്നോട് സാധാരണക്കാരന്റെ അകമഴിഞ്ഞ നന്ദി. നാട്ടിലെ മറ്റു തോമസ്‌ സാറാന്‍മാര്‍ക്കും ഇതൊരു മുന്നരിയിപ്പാകട്ടെ…

  24. ഫ്ലെക്സ് വച്ച മന്ത്രിയുടെ /ജന പ്ര തിനിതി യുടെ മനസു കൂടി മനസിലാക്കണം.

    കേരളത്തിലെ സാതാരണ ജനത്തിനു പകുതിപ്പേർക്കും ആരാണ് ഭരിക്കുന്നതെന്നോ, എന്താണ് വികസനം എന്നോ ഒന്നും അറിയില്ല. പക്ഷെ അവർ ചർച്ച ചെയ്യുന്നതു സീരിയലുകളിലെ കഥകൾ, ലോക്കൽ പ്രണയങ്ങൾ,ഒളിച്ചോട്ടം തുടങ്ങിയവ മാത്രമാണ്. വളരെ ചുരുക്കം ചിലർ അരിവില, പെട്രോൾ വില തുടങ്ങിയവ ചർച്ച ചെയ്യുകയും, PC ജോര്ജിനെയും,ഗണേഷ് കുമാറിനെയും അറിയുകയും ചെയ്യും.

    ഇത്തരം ആളുകളുടെ വോട്ടാണ് election സമയത്ത് വളരെ പെട്ടെന്ന് ഇടം വലം മറിയുകയും ഫലത്തെ സ്വാതീനിക്കുകയും ചെയ്യുന്നത് .

    ഇങ്ങനെയുള്ള ആളുകളുടെ മനസിലേക്ക് നടത്തുന്ന ഒരു കടന്നുകയറ്റം ആണ് ഈ ഫ്ലെക്സ് ബോർഡുകൾ. സ്വാഭാവികമായും അവർ ഇതെല്ലാം കൊണ്ടുവന്നത് ഇന്ന ആൾ ആണെന്ന് വിചാരിച്ചു വോട്ടു ചെയ്യും .

    പിന്നെ കേരളത്തിൽ ആദ്യമായിട്ടല്ലല്ലോ ഇത്തരം പ്രഹസനങ്ങൾ. ഇടതു പാർട്ടികളും, പോഷക സംഘടനകളും അവരുടെ സംസ്ഥാന സമ്മേളനങ്ങൾക്ക് പൊടിക്കുന്ന കൊടിതോരണങ്ങൾ , കമാനങ്ങൾ ഇവയുടെ പകുതി കാശ് മുടക്കിയാലും വയനാട്ടിൽ എല്ലാ ആദിവാസികൾക്കും വീട് നിർമിച്ചു നല്കാം.

    ചുരുക്കി പറഞ്ഞാൽ എല്ലാ രാഷ്ടീയക്കാരും നടത്തുന്നതു ജനത്തെ വിഡ്ഢി ആക്കൽ ആണ് .

    1. എല്ലാ പാർട്ടിക്കാരും(ഇക്കൂട്ടരെ രാഷ്ട്രീയക്കാർ എന്ന് ഞാൻ പറയാറില്ല.)ഇതൊക്കെ തന്നെയാണ് ചെയ്യുന്നതെന്ന് കാര്യത്തിൽ തർക്കമില്ല. ചെയ്യുന്ന കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തുന്നില്ല എന്ന പരാതി തീർക്കുന്നത് ഫ്ലക്സ് ബോർഡുകളിലൂടെ തന്നെയാണ്. കൊച്ചിയിലെ ഫ്ലക്സ് ബോർഡുകൾക്ക് എതിരായി മുൻപും ലേഖനം എഴുതിയിട്ടുണ്ട്. ഇതാണ് ലിങ്ക്. അതിൽ എല്ലാ പാർട്ടിക്കാരേയും പരാമർശിച്ചിട്ടുമുണ്ട്.

      പക്ഷെ ഇതിപ്പോൾ പ്രൊഫസർക്ക് കത്തെഴുതാൻ കാരണം, മെട്രോ റെയിലിന് വേണ്ടി പ്രവർത്തിച്ചത് ഇദ്ദേഹമാണെന്ന രീതിയിലുള്ള പോസ്റ്റർ കണ്ടതുകൊണ്ടാണ്.(നിരന്തരപോരാട്ടത്തിന്റെ സാക്ഷാത്‌ക്കാരം എന്ന് വരികൾ പോസ്റ്ററിൽ ശ്രദ്ധിക്കൂ.) മറ്റ് പലരും ശ്രമിച്ചതിനൊപ്പം ഇദ്ദേഹവും ശ്രമിച്ചിട്ടുണ്ടാകാം. (മെട്രോ റെയിലിനേയും ഈ ശ്രീധരനേയും പുറകിൽ നിന്ന് കുത്താൻ ശ്രമിച്ച കൂട്ടത്തിൽ ആരൊക്കെയുണ്ടെന്ന് അന്വേഷണം നടത്തിയാൽ പല പകൽ‌മാന്യന്മാരുടേയും പേര് വെളിയിൽ വരാനും സാദ്ധ്യതയുണ്ട്.)എന്നുവെച്ച് ഒറ്റയ്ക്ക് ക്രെഡിറ്റ് അടിച്ചുമാറ്റുന്ന തരത്തിൽ ഇതുപോലെ ഫ്ലക്സ് ബോർഡ് അടിച്ച് വെക്കുന്നത് വല്ലാത്ത തൊലിക്കട്ടി തന്നെ.

  25. ഇ ഫ്ലക്സ് ബോര്‍ഡ്‌ കാണുമ്പോള്‍ തോന്നും ഇവരുടെ ഒക്കെ തറവാട്ടില്‍ നിന്നും വീതം കിട്ടിയ പണം കൊണ്ടാണ് വികസനം നടത്തുന്നത്എന്നു..

  26. കൊച്ചി മെട്രോയുടെ പിതൃത്വം ഓരോ സ്ഥലത്തും ഓരോ വ്യക്തികൾക്കാണ്. കളമശ്ശേരിയിൽ പി രാജീവിന്റെ പേരിൽ ചില ഫ്ലക്സുകൾ കാണാം. ആലുവയിൽ കെ പി ധനപാലന്റെ പേരിൽ. കുറച്ചു നാളുകൾ മുൻപ് വൈപ്പിനിൽ മറ്റൊരു ഫ്ലക്സ് ഉണ്ടായിരുന്നു, മെട്രോയുടെ രണ്ടാം ഘട്ടത്തിൽ ചെറായി വരെ മെട്രോ ദീർഘിപ്പിക്കുന്നതിന് അനുവാദം നേടിയെടുത്ത കെ വി തോമസിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട്.കണക്കിൻ പരിഹാസം ഏറ്റുവാങ്ങിയതുകൊണ്ടാകണം ഇപ്പോൾ ആ ഫ്ലക്സുകൾ കാണാനില്ല. ഇത്തരം ഒരു കാര്യം തിരഞ്ഞെടുത്തതിനും അത് വ്യക്തമായി അവതരിപ്പിച്ചതിനും മനോജേട്ടന് അഭിനന്ദനങ്ങൾ

  27. ഉള്‍നാടന്‍പ്രദേശങ്ങളിലെ കവലകള്‍തോറും വിവിധതരത്തിലുള്ളതും, വ്യത്യസ്തതയുള്ള ഭാവഹാതികളോടെയും, തലവാചകങ്ങള്‍ വായിക്കുമ്പോള്‍ വായിക്കുന്നവന്‍റെ ഉള്ളില്‍ അമ്പരപ്പ് സൃഷ്ടിക്കുന്നതുമായ ഫ്ലക്സ്ബോര്‍ഡുകളുടെ പ്രളയം..!
    ഇനിയും കൂടാനെ വഴിയുള്ളൂ……
    സന്ദര്‍ഭോചിതമായ നല്ലൊരെഴുത്ത്.
    ആശംസകള്‍

  28. ഇതു തീര്‍ച്ചയായും ആ മന്ത്രിക്ക് പേര്‍ക്കയച്ചുകൊടുക്കണം. ഒപ്പം ഏതെങ്കിലും പത്രങ്ങള്‍ക്കും. ഒരുവേള പത്രത്തില്‍ പ്രസിദ്ധീകരിച്ചാല്‍ കൂടുതല്‍ പേരിലിതെത്തുകയും ഒരു ചര്‍ച്ചയാവുകയും ചെയ്യും. ഈ ഉളുപ്പില്ലാത്ത ഇടപാടിനു ഒരറുതി വരാനുമതുമതി. നിരക്ഷരനു അഭിനന്ദനങ്ങള്‍.,..

  29. ഞാന്‍ ഒരു മലയാളിയായതില്‍ അഭിമാനിക്കുന്നു.ഞങ്ങളില്‍ ഒരുവന്റെ ഇത്രയും ഉയര്‍ന്ന രാഷ്ട്രീയ സാമൂഹിക ബോധത്തെക്കുറിച്ച് ഓര്‍ത്തു അഭിമാനിക്കുന്നു.

    അഭിവാദ്യങ്ങള്‍ നിരക്ഷരന്‍.

  30. മനോജ്…. ഇന്നത്തെ സമൂഹം, പ്രത്യേകിച്ച് യുവജനങ്ങൾ വളരെയേറെ ചിന്തിച്ച് തീരുമാനമെടുക്കേണ്ടുന്ന ഒരു വിഷയം തന്നെയാണിത്.. സമൂഹത്തിനും, പരിസ്ഥിതിയ്ക്കും വളരെയേറെ ദോഷം വരുത്തുന്ന ഈ ഫ്ലക്സ് സംസ്കാരം അവസാനിപ്പിയ്ക്കേണ്ട സമയം ഏറെ വൈകിയിരിയ്ക്കുന്നു…. കൊച്ചിയിൽ കെ.വി. തോമസാണെങ്കിൽ മറ്റു സ്ഥലങ്ങളിൽ അവിടങ്ങളിലെ രാഷ്ട്രീയ നേതാക്കന്മാർ.. അതിന് സാമുദായികപാർട്ടിയെന്നോ, വിപ്ലവപാർട്ടിയെന്നോ ഉള്ള വ്യത്യാസമുണ്ടെന്ന് തോന്നുന്നില്ല.. .

    കൂടാതെ പള്ളിപ്പെരുന്നാളുകൾ, ഉത്സവങ്ങൾ എന്നിവയുടെ നടത്തിപ്പുകാരും ഫ്ലക്സിന്റെ കാര്യം വരുമ്പോൾ രാഷ്ട്രീയക്കാരേക്കൾ ഒട്ടും പിന്നിലല്ല… കഴിഞ്ഞ മാസം നാട്ടിലെത്തിയപ്പോൾ ആലപ്പുഴജില്ലയിലെ ഒരു പള്ളിയിലെ പെരുന്നാളിന്റെയും, കൊല്ലം ജില്ലയിലെ ഒരു ഉത്സവത്തിന്റെയും ഫ്ലക്സു്ബോർഡുകൾ ഇടുക്കിജില്ലയിലെ ഉൾഗ്രാമങ്ങളിലെ വഴിയോരങ്ങളിൽപ്പോലും കാണുവാൻ സാധിച്ചു.. ഇതൊക്കെ അഴുകിച്ചേരാതെ അവിടുത്തെ മണ്ണിൽത്തന്നെ അവശേഷിയ്ക്കുമെന്ന് തീർച്ച….
    ഫ്ലക്സ് ബോർഡുകൾ സ്ഥാപിയ്ക്കുന്ന ഒരു വൻസംഘം തന്നെ ഇതിന്റെയൊക്കെ പിന്നിൽ പ്രവർത്തിയ്ക്കുന്നുവെന്നതും തീർച്ചയാണ്… വൻ തുകകൾ മുടക്കി നടത്തപ്പെടുന്ന ഈ പ്രവർത്തനങ്ങളുടെ പിന്നാമ്പുറങ്ങളിലെ, സാമ്പത്തികകൈമാറ്റങ്ങളേക്കുറിച്ചും അന്വേഷണം നടക്കേണ്ടതുണ്ട്….

    എന്തായാലും നാണമില്ലാത്ത രാഷ്ട്രീയക്കോമാളികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഫ്ലക്സ് സംസ്ക്കാരത്തിനെതിരേ, ഈ സമൂഹം തുടങ്ങിവയ്ക്കുന്ന ഒരു മുന്നേറ്റത്തിന്റെ തുടക്കമാകുവാൻ നിരക്ഷരന്റെ ഈ അക്ഷരങ്ങൾക്ക് സാധിയ്ക്കട്ടെ… എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു…

    1. @ Shibu Thovala – ഈ വിഷയത്തിൽ എന്റെ ആദ്യലേഖനത്തിൽ ഫ്ലക്സ് ബോർഡ് വെക്കുന്ന എല്ലാവരേയും പരാമർശിക്കുന്നുണ്ട്. ഇതിപ്പോൾ പലർ ചേർന്ന് നേടിയെടുത്ത ഒരു പദ്ധതിയുടെ ക്രെഡിറ്റ് പോലും അവകാശപ്പെട്ട് ഫ്ലക്സ് ബോർഡ് വെക്കുന്നതായി കണ്ടപ്പോൾ വീണ്ടും പ്രതികരിച്ചെന്ന് മാത്രം. ആദ്യലേഖനം ഇവിടെ – http://niraksharan.blogspot.in/2012/08/blog-post.html

    1. @ കാഴ്ച്ചകളിലൂടെ – പ്രശ്നപരിഹാരത്തിനായി താങ്കൾക്ക് ഉചിതമെന്ന് തോന്നുന്നത് എന്തും ചെയ്യുന്നതിൽ സന്തോഷമേയുള്ളൂ.

  31. ഇത് എല്ലാ നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും പ്രശ്നമാണ്. കൂടെ നിൽക്കുന്നവരും സ്വന്തം പാര്ട്ടിക്കാരും ഈ നാറിയ പരിപാടിയെക്കുറിച് എന്ത് കൊണ്ട് നേതാകന്മാരോട് പറയുന്നില്ല .? പാര്ട്ടികളും അണികളും ജനങ്ങളിൽ നിന്ന തീരെ അകന്നു എന്നാണോ മനസ്സിലാക്കേണ്ടത്. നവ മാദ്ധ്യമങ്ങളിലും ജനങ്ങളുടെ പണം ഉപയോഗിച്ചു നടപ്പിലാക്കിയ പരിപാടികളുടെ ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തു തുടങ്ങിയിട്ടുണ്ട്. തികച്ചും സ്വതന്ത്രമായി നാം ഉപയോഗിക്കുന്ന നമ്മുടെ സ്വന്തം മതിലികളിലേക്ക് തത്വദീക്ഷയില്ലാതെ പോസ്റ്റു ചെയ്യുന്നവരെയും നാം ബ്ലോക്ക്‌ ചെയ്യേണ്ടതുണ്ട്

  32. ഒരൊറ്റ ഫ്ലക്സുകളും വയ്ക്കാന്‍ സമ്മതിക്കരുത് .പാലത്തിന്മേല്‍ ,പോസ്റ്റില്‍ ,പൊതു ചുവരില്‍. ഒരിടത്തും ആ പരസ്യവും നികുതിയും അങ്ങ് വേണ്ടാന്ന് വയ്ക്കണം .എന്നാലെ വൃത്തിയുടെ ആദ്യപടിയാവൂ നാട്ടില്‍ .

  33. ഇനി ട്രെയിൻ ഓടിക്കുന്നതും ഇങ്ങേരാന്നെന്നു പറയുമോ എന്തോ?

  34. ഇത് പ്രൊഫ:കെ.വി.തോമസിന് അയച്ചു കൊടുക്കണം എന്നാണ് മറ്റു പലരെയും പോലെ എന്റെയും അഭിപ്രായം.

    അദ്ദേഹത്തിന്റെ detail ഇവിടെ (http://consumeraffairs.nic.in/consumer/?q=node/295) ഉണ്ടെങ്കിലും എങ്ങിനെ online വഴി contact ചെയ്യാം എന്നതിന്റെ details കണ്ടില്ല.

  35. നിരക്ഷരന്‍ ആണെങ്കില്‍ എന്താ, പറയാനുള്ളത് കൃത്യമായി പറഞ്ഞിരിക്കുന്നു.

    ആ യാത്രക്കാരന്റെ കമന്റ് കുറെ അധികം പ്രാവശ്യം കാണുന്നല്ലോ.

  36. നന്നായി മനോജ്ഭായി, എല്ലാ ഫ്ലക്സ് പ്രേമികൾകും മാറി ചിന്തിക്കാൻ ഇതൊരു പ്രേരണ ആവട്ടെയെന്നു ആശംസിക്കുന്നു.. അഭിനന്ദനങ്ങൾ…

  37. പൊങ്ങച്ചത്തിന്‍റെ ആള്‍രൂപങ്ങള്‍… അഴുകാതെ മണ്ണില്‍ക്കിടന്ന് മണ്ണിന്‍റെ ശ്വാസോച്ഛ്വാസവും ഉര്‍വരതയും നശിപ്പിക്കുന്ന ഈ ഫ്ലക്സു ബോര്‍ഡുകള്‍ ആര്‍ക്കു വേണ്ടിയാണാവോ..
    നമസ്ക്കാരം നിരക്ഷരന്‍…നിങ്ങള്‍ എഴുതിയത് ഒരുപാട് മനുഷ്യരുടെ വിചാരങ്ങളാണ്…

  38. കൊച്ചിയിലെ അവസ്ഥയാണ്‌ താങ്കൾ പറഞ്ഞതെങ്കിലും നാടെല്ലാം ഇതാണ് അവസ്ഥ. പഞ്ചായത്ത് അംഗം മുതൽ തുടങ്ങുന്നു ഈ വികസന ഫ്ലക്സ് !!. “തീവ്ര ഫ്ലക്സ് വികസനം ” എന്ന് പറഞ്ഞാലും തെറ്റില്ല.

  39. നമസ്ക്കാരം നിരക്ഷരന്‍…നിങ്ങള്‍ എഴുതിയത് ഒരുപാട് മനുഷ്യരുടെ വിചാരങ്ങളാണ്…

  40. You are right Mr. Manoj. But how can we explore this issue to poor people. Because they were not reading this. Our visual medias not explore this. Because they have some god fathers.

    Devis

  41. Well Said. During the last week, there was a flood of another flex board – president of the All Kerala Catering Association. At least 1000 boards are fixed in city alone. Chilarude aasanathil aal kiluthal, ithalla ithinappuravum sahikkanam

  42. “ഇത്തരം ഒരു ബോർഡിന് ഉപയോഗിക്കുന്ന ഫ്ലക്സ് ഉണ്ടെങ്കിൽ വയനാട്ടിലെയും മറ്റും ചോർന്നൊലിക്കുന്ന ഒരു കൂര മേയാം “
    കലക്കി മനോജേട്ടാ ..

  43. ഫ്ലക്സ്‌ വെക്കുന്നത് ക്വട്ടേഷന്‍കാരോ മറ്റോ ആണെങ്കില്‍ പണികിട്ടാതെ നോക്കിക്കോണേ…

  44. ഇതൊക്കെ എന്തു..ഞങ്ങളുടെ MLA ഫ്ലെക്സ്‌ അടിപ്പിക്കുന്ന സ്ഥാപനം ഇപ്പോള്‍ പുറത്തുനിന്നുള്ള വര്‍ക്ക്‌ ഒന്നും സ്വീകരിക്കുന്നില്ല എന്നാണു അറിയുവാന്‍ കഴിഞ്ഞതു….

  45. ഇപ്പോഴത്തെ സര്‍ക്കാര്‍ വന്നതില്‍പിന്നെ ആണെന്ന് തോന്നുന്നു ഈ ഫ്ലക്സ് മാനിയ തുടങ്ങിയത്. ഇപ്പോള്‍ ഓരോ മുക്കിനും ഒരു ഫ്ലക്സ് എന്നതാ കണക്ക്. ഇക്കാര്യത്തില്‍ മിക്ക പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞങ്ങളുടെ നാട്ടില്‍ കണ്ട ഒരു ഫ്ലക്സ് – “ഈ റോഡ്‌ ടാര്‍ ചെയ്യാന്‍ ഫണ്ട്‌ അനുവദിച്ച ഇബ്രാഹിം കുഞ്ഞിന് അഭിവാദ്യങ്ങള്‍ “. തൊട്ടടുത്ത് ബിജെപി പഞ്ചായത്ത്‌ മെമ്പര്‍ക്കും അഭിവാദ്യ ഫ്ലക്സ് – “ഈ റോഡ്‌ ടാര്‍ ചെയ്യിക്കുവാന്‍ പരിശ്രമിച്ച പഞ്ചായത്ത്‌ മെമ്പര്‍ക്ക് അഭിവാദ്യങ്ങള്‍ “. അല്ല, ഇവര്‍ ആരെ കാണിക്കാനാ ഇതൊക്കെ?

  46. മനോജ്‌ പറയേണ്ടത് പറയേണ്ട വിധത്തിൽത്തന്നെ പറഞ്ഞു …അഭിനന്ദനങ്ങൾ. എന്തെങ്കിലും ചെയ്യുന്നതിലല്ല അത് പത്തു പേരെ അറിയിക്കുക എന്നതിലാണ് ശ്രദ്ധ.. നമ്മുടെ ചെമ്മണ്ണൂർ ചേട്ടനും കട്ടക്ക് നിൽകും

  47. ജനുവരി മാസം മൂന്നാഴ്ച എളമക്കരയിലാണ് താമസിച്ചത്,,,, അവിടെ വഴിയിൽ കണ്ട ഫ്ലാക്സ്ബോര്ടുകളെ കുറിച്ച് ഞാനും ഒരു പോസ്റ്റ്‌ ഇട്ടിരുന്നു…..Manoj അതിൽ കമന്റ് ഇട്ടതായി ഓര്ക്കുന്നു … മന്ത്രി, MLA, എന്നിവർ മാത്രമല്ല 21- വാര്ഡ് കൗൻസിലർക്കും അഭിവാദ്യം അര്പ്പിച്ച ബോർഡുകൾ കണ്ടു !!!!

  48. യുസഫലിക്ക് പത്മശ്രീ കിട്ടിയപ്പം തൃശൂര്‍ ജില്ലയില്‍ പ്രത്യേകിച്ച് നാട്ടിക ഭാഗത്ത് ഇതിന്റെ കളിയായിരുന്നു.

  49. ലോൿസഭാ തിരഞ്ഞെടുപ്പല്ലേ വരുന്നത് …..ഇന്നി, ഇതല്ല ഇതിനപ്പുറവും കാണേണ്ടി വരും….നമ്മൾ വെറും ‘ജനം’ അല്ലെ ??

    1. @ Saji Sugathan – തിരഞ്ഞെടുപ്പ് വരട്ടെ. സ്വന്തം പേരിൽ ഫ്ലക്സ് ബോർഡുകൾ വെക്കരുതെന്ന് ഇലക്ഷൻ പ്രചരണത്തിന്റെ ഭാഗമായി പ്രസംഗിക്കുകയെങ്കിലും ചെയ്യാതെ,(നടപ്പിലാക്കിയില്ലെങ്കിൽ പിന്നേം വരുമല്ലോ ഇലക്ഷൻ.) പ്രസംഗിക്കാൻ പോകുന്ന എല്ലാ സ്റ്റേജുകളുടേയും പരിസരത്ത് ഓരോ മരമെങ്കിലും നട്ട് അത് നനയ്ക്കാനും വളമിടാനും ഏർപ്പാട് ചെയ്യാത്തെ ഒരു സ്ഥാനാർത്ഥിക്കും വോട്ട് ചെയ്യില്ല എന്ന് ഒരു ഓൺലൈൻ ക്യാമ്പെയിൻ തന്നെ നടത്തണം. സ്വന്തം നിലയ്ക്ക് ഏതൊരു വ്യക്തിക്കും ചെയ്യാനാവുന്ന രണ്ട് കാര്യങ്ങളാണ് അത്. കേന്ദ്രത്തിൽ നിന്നോ സംസ്ഥാനത്തിൽ നിന്നോ ആരുടേയും ഔദാര്യം കാത്തുനിൽക്കാതെ നടത്താൻ പറ്റുന്ന കാര്യം. നോക്കട്ടെ.. കാത്തിരുന്ന് കാണാം.

  50. കൊള്ളാം. വിമര്‍ശനം പോസിറ്റീവായി ഏടുക്കാനുള്ള സാദ്ധ്യത ഉണ്ടോ?

  51. KALAKKI MAASHE, LEKHANAM NANNAYIRIUNNU, EVIDE THIRINJU NOKKIYALUM AVIDELLAM FLEXUKAL MAATHRAM ENNA AVASTHAYILANU KARIANGAL. Time has come to get united and fight against this plastic culture.

Leave a Reply to Unnikrishnan.G Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>