electric-line-Google-Search_20130530-151001

വൈദ്യുതി ബിൽ പ്രശ്നം തീർന്നു.


വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട് എനിക്കുണ്ടായ ഒരു മോശം അനുഭവം ‘ബില്ലടച്ചാലും ഫൈൻ അടക്കേണ്ട ഗതികേട്’ എന്ന തലക്കെട്ടിൽ ബ്ലോഗിലൂടെ പങ്കുവെച്ചിരുന്നു ഇക്കഴിഞ്ഞ ദിവസം. ഈ ലിങ്കിലൂടെ അത് വായിക്കാം.

രത്നച്ചുരുക്കം ഇതാണ്. മെയ് മാസത്തെ ബില്ല് (തുക 310 രൂപ) മെയ് 2ന് കൈപ്പറ്റുകയും മെയ് 4ന്, 314 രൂപ അടക്കുകയും ചെയ്തെങ്കിലും. റീഡിങ്ങ് എടുത്ത വ്യക്തിക്ക് വന്ന പിശക് കാരണം 19 രൂപ കൂടുതൽ അടക്കാനുണ്ടാകുകയും അത് അടച്ചില്ല എന്ന പേരിൽ ഫ്യൂസ് ഊരാൻ നടപടി ആകുകയും, റീ-കണക്ഷൻ ചാർജ്ജ് 30 രൂപ + 19 രൂപ അധികം തുക + 1 രൂപ സർ‌ചാർജ്ജ് = 50 രൂപ ഫൈൻ അടക്കേണ്ടിയും വന്നു. KSEB ക്ക് പറ്റിയ പിശകിന് എനിക്ക് ഡിസ്‌കണക്ഷൻ നേരിടേണ്ടി വന്നു എന്നതാണ് എന്റെ പ്രശ്നം.

മേൽ‌പ്പറഞ്ഞ പോസ്റ്റിന്റെ ലിങ്ക് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ(ഇതാണ് ലിങ്ക്) ആ ദിവസം രാത്രി ശ്രീ.ദിനകർ മോഹന പൈ, ശ്രീ.തിരുവല്ലഭൻ, ശ്രീ.കൃഷ്ണപ്രസാദ്, ശ്രീ.പണിക്കര് ചേട്ടൻ എന്നീ ഓൺലൈൻ സുഹൃത്തുക്കൾ ചേർന്ന് അതൊരു നല്ല ചർച്ചയാക്കി മാറ്റി. കെ.എസ്.ഇ.ബി. യിൽ നടക്കുന്ന ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ ആ ചർച്ച മൂലം സാധിച്ചു.

ശ്രീ.തിരുവല്ലഭൻ ബോർഡിലെ എഞ്ചിനീയർ ആയതുകൊണ്ടും അദ്ദേഹത്തിന് ഈ വിഷയം പരിഹരിക്കണമെന്നുള്ള ആത്മാർത്ഥമായ ആഗ്രഹം ഉള്ളതുകൊണ്ടും എവിടെ ആരോടൊക്കെ പരാതിപ്പെടണം ഈ-മെയിൽ അയക്കണം തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം പറഞ്ഞുതന്നു. എന്റെ ബ്ലോഗ് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് ഡിപ്പാർട്ട്മെന്റിൽ പലരും കാണാൻ പാകത്തിന് അദ്ദേഹം ഷെയർ ചെയ്യുകയുമുണ്ടായി. രണ്ട് ദിവസത്തിനുള്ളിൽ തിരക്കെല്ലാം ഒഴിയുമ്പോൾ പരാതികൾ ഈ-മെയിലിൽ അയക്കാമെന്നും അതിന്റെ പ്രോഗ്രസ്സ് തിരുവല്ലഭനെ അറിയിക്കാമെന്നും ഞാൻ കരുതി.

അതിനിടയ്ക്ക്, കോളേജിൽ എന്റെ ജൂനിയറും ഇപ്പോൾ KSEB യിലെ വിവരസാങ്കേതിക വിഭാഗത്തിൽ ഡെപ്യൂട്ടി ഡയറൿടറും ആയ ശ്രീ.ലതീഷ് പീ.വി, ഈ പ്രശ്നം കൺസ്യൂമർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ പരിഹരിക്കാൻ സോഫ്റ്റ്  വെയറിലൂടെ തന്നെ പറ്റും എന്ന കാര്യവും പങ്കുവെക്കുകയുണ്ടായി.

കൺസ്യൂമർക്ക് കിട്ടിയ ബില്ലിൽ നിന്ന് വ്യത്യസ്തമായി ബില്ല് തുക മാറിയെന്നിരിക്കാം. പക്ഷെ കിട്ടിയ ബില്ലിലെ തുക സോഫ്റ്റ്‌വെയറിൽ ചേർക്കാനുള്ള ഫീൽഡ് ഉണ്ട്. അത് ഫീഡ് ചെയ്താൽ അധികത്തുക അടുത്ത മാസത്തേക്ക് കയറ്റി വിടാൻ വകുപ്പുണ്ട്. പക്ഷെ അത്തരത്തിൽ ബില്ല് തുക ഫീഡ് ചെയ്യാതെ പണം കൈപ്പറ്റിയതുകൊണ്ടാണ് അധികത്തുക ഫൈൻ ആയി കയറി വന്നതെന്ന് അദ്ദേഹം വിശദമാക്കി. ഡിപ്പാർട്ട്മെന്റിൽ ഉള്ള എഞ്ചിനീയർ‌മാർ തന്നെ വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയർ (ORUMA) ആണത്. അതിന്റെ പ്രായോഗിക പ്രശ്നങ്ങളും ഉപയോഗക്രമങ്ങളുമൊക്കെ വരും കാലങ്ങളിൽ ഇതുപോലുള്ള അനുഭവങ്ങളിലൂടെ മനസ്സിലാക്കാനും പരിഹരിക്കാനും KSEB ക്ക് കഴിയുമെന്ന് തന്നെ വേണം മനസ്സിലാക്കാൻ.

എന്തായാലും ഇന്ന് (മെയ് 30) രാവിലെ ഞാൻ കണക്ഷൻ എടുത്തിരിക്കുന്ന സൈറ്റിലെ കെട്ടിടത്തിലേക്ക് ചെറായി വൈദ്യുത ബോർഡ് ഓഫീസിൽ നിന്ന് അസിസ്റ്റന്റ് എഞ്ചിനീയറും രണ്ട് ലൈൻ‌മാൻ‌മാരും വന്നുകയറി. നടന്ന സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും ഞാൻ ഫൈനടച്ച 50 രൂപ പണമായി തിരികെത്തന്ന് റസീപ്റ്റ് വാങ്ങുകയും ചെയ്തു. പ്രശ്നം പരിഹരിക്കാൻ സീനിയർ സൂപ്രണ്ടിന്റെ അടുത്ത് പോകാൻ ഇരിക്കുകയായിരുന്ന എനിക്ക് അതിന് മുന്നേ തന്നെ, സൈറ്റിൽ വന്ന് പ്രശ്നം പരിഹരിച്ച് തന്ന, (ഞാൻ പരാതിയൊന്നും എഴുതിക്കൊടുത്തിട്ടില്ല എന്നിരിക്കെത്തന്നെ) ബോർഡിനും ജീവനക്കാർക്കും ഈ അവസരത്തിൽ ബ്ലോഗിലൂടെ തന്നെ നന്ദി അറിയിക്കേണ്ടത് എന്റെ കടമയാണെന്ന് ഞാൻ വിശ്വസിക്കുന്നു. പ്രശ്നത്തിൽ സജീവമായി ഇടപെട്ട തിരുവല്ലഭനും ലതീഷിനും ചെറായി ഓഫീസിൽ നിന്ന് സൈറ്റിലെത്തിയ എല്ലാ ജീവനക്കാർക്കും ബോർഡിനും ഞാനെന്റെ നന്ദി രേഖപ്പെടുത്തുന്നു.

സോഫ്റ്റ് വെയറും അതിലൂടെയുള്ള ബില്ല് അടക്കലുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ടെന്നും തീർപ്പാകുന്ന കാര്യങ്ങൾ ബോർഡിനുള്ളിൽ ഔദ്യോഗികമായി ഷെയർ ചെയ്ത് മറ്റ് ജീവനക്കാരുമായും പങ്കുവെച്ച് പോകുന്ന രീതിയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും  അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുകയുണ്ടായി. ശ്രീ.ലതീഷിൽ നിന്ന് മനസ്സിലാക്കാനായ വിവരം അദ്ദേഹവുമായി ഞാനും പങ്കുവെച്ചു. അത് പുതിയ അറിവാണെന്നും അക്കാര്യം ശ്രദ്ധിച്ച് ഇനി മുതൽ അപ്രകാരം ചെയ്യാമെന്നും തന്മൂലം മറ്റൊരു കസ്റ്റമർക്കും ഇത്തരം അനുഭവം ഉണ്ടാകാതെ നോക്കാമെന്നും അദ്ദേഹം അറിയിച്ചു.

ഒരു ബില്ല് പ്രശ്നവുമായി ബന്ധപ്പെട്ട് മൂന്ന് പ്രാവശ്യം എനിക്ക് കറന്റാപ്പീസിൽ പോകേണ്ടി വന്നെങ്കിലും നാലാമതൊന്ന് പോകാൻ ഇടവരുത്താതെ, ഒരു പരാതി പോലും എഴുതിക്കൊടുക്കാത്ത ഒരാൾക്ക്, പ്രശ്നപരിഹാരം ഉണ്ടാക്കാൻ ഇടയാക്കിയത് ഓൺലൈൻ മാദ്ധ്യമത്തിന്റെ കൂടെ ശക്തിയാണെന്ന് പറയാതെ വയ്യ. നമ്മുടെ ഭാഗത്ത് ന്യായമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് പ്രശ്നപരിഹാരം ഉണ്ടാക്കാൻ മറുവശത്തുള്ളവർ ശ്രമിച്ചേ പറ്റൂ എന്ന അവസ്ഥയാണ് നവമാദ്ധ്യമങ്ങൾ സംജാതമാക്കിയിട്ടുള്ളത്. അല്ലെങ്കിൽ കാട്ടുതീ പോലെ ഇത്തരം വിവരങ്ങൾ പടരും. ഈ വിഷയത്തിലും അത് സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പിശക് തിരുത്തിക്കൊണ്ട് KSEB നടപടി എടുത്തപ്പോൾ അതേ മാദ്ധ്യമത്തിലൂടെ അവരുടെ ശുഷ്ക്കാന്തി എല്ലാവരേയും അറിയിക്കുക എന്ന ഒരു സാമാന്യ മര്യാദയുടെ പേരിലാണ് ഈ നന്ദിക്കുറിപ്പ് എഴുതിയിടുന്നത്. സഹകരിച്ച എല്ലാവർക്കും ഒരിക്കൽക്കൂടെ നന്ദി രേഖപ്പെടുത്തുന്നു.

സസ്നേഹം
- നിരക്ഷരൻ
(അന്നും, ഇന്നും, എപ്പോളും)

Comments

comments

20 thoughts on “ വൈദ്യുതി ബിൽ പ്രശ്നം തീർന്നു.

  1. പ്രശനം പരിഹരിക്കപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. തെറ്റുകൾ തിരുത്തിയും പ്രശ്നങ്ങൾ പരിഹരിച്ചും മുന്നോട്ടു പോകാനുമുള്ള വൈദ്യതി വകുപ്പിന്റെ ശ്രമങ്ങൾക്കും അതിനിടയാക്കിയ മനോജേട്ടന്റെ ഇടപെടലിനും അനുമോദനങ്ങൾ.

  2. താങ്കളെ പോലുള്ളവരാണ് ഈ മാധ്യമം ശരിയായ വിധത്തില്‍ ഉപയോഗിക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത് ..അഭിനന്ദനങള്‍.കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് എനിക്കും ബോര്‍ഡില്‍ നിന്നും ഒരു തിക്താനുഭവം ഉണ്ടായി…അതിവിടെ പങ്കു വയ്ക്കട്ടെ.ഏതാനും വരഷങ്ങള്‍ക്ക് മുന്‍പ്‌ ഒരു ഇടവപ്പാതി കാലത്ത് വീട്ടിലെ എനര്‍ജി മീറ്റര്‍ ഇടിമിന്നലേറ്റു തകരാറിലായി.ഞാന്‍ ഉടന്‍തന്നെ ഇലക്ട്രിസിറ്റി ബോര്‍ഡ്‌ ആപ്പീസില്‍ എത്തി പരാതിപ്പുസ്തകത്തില്‍ എഴുതുകയും കയ്യോടെ ഒരു ലൈന്മാനെ കൂട്ടി വരുകയും ചെയ്തു.ലൈന്‍മാന്‍ മീറ്റര്‍ ലൂപ്‌ ചെയ്ത് വൈദ്യുതി പുനസ്ഥാപിച്ചു.മീറ്റര്‍ സ്റ്റോക്കില്ല എന്നും വന്നാല്‍ ഉടന്‍തന്നെ മാറ്റിവയ്ക്കും എന്നും അറിയിച്ചു അയാള്‍ മടങ്ങി.. ഒരുമാസം കഴിഞ്ഞിട്ടും മീറ്റര്‍ മാറ്റാതിരുന്നതിനാല്‍ വീണ്ടും ബോര്‍ഡില്‍ എത്തി പരാതിബുക്കില്‍ ഒന്നുകൂടി രേഖപ്പെടുത്തുകയും പരാതികൊടുത്ത രണ്ടു ഡേറ്റുകളും പരാതി ബുക്കിന്റെ പേജു നമ്പര്‍ അടക്കം എഴുതിയെടുക്കുകയും മൊബൈലില്‍ ഫോട്ടോ എടുക്കുകയും ചെയ്തു. അങ്ങനെ ഏതാണ്ട് ആറുമാസം അങ്ങനെ കടന്നുപോയി മീറ്റര്‍ മാറ്റിയില്ല അവസാനം അടച്ച തുക മീറ്റര്‍ നോട്ട് വര്‍ക്കിംഗ് എന്ന കുറിപ്പോടെ കിട്ടിയ ബില്ലിന്റെ അടിസ്ഥാനത്തില്‍ അടച്ചുകൊണ്ടിരുന്നു.ഒരുനാള്‍ ഞാന്‍ ഓഫീസില്‍ ഇരിക്കവേ വീട്ടില്‍ നിന്നും ഭാര്യയുടെ ഫോണ്‍ ..നമ്മുടെ വീട്ടിലെ കരണ്ട് വൈദ്യുതി മോഷണം ആരോപിച്ചു ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്നും എഞ്ചിനീയര്‍ അടക്കം ഒരുപറ്റം ആളുകള്‍ വന്നു കട്ട് ചെയ്തു ഇരുപത്തയ്യായിരം രൂപ അടച്ചാല്‍ മാത്രമേ ഇനി കണക്ഷന്‍ പുനസ്ഥാപിക്കുകയുള്ളൂ ..ഇതറിഞ്ഞു ഞാന്‍ ഉടന്‍തന്നെ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ഓഫീസില്‍ എത്തി എഞ്ചിനീയരെ കണ്ടു വിവരം ആരാഞ്ഞു കാര്യം ബോധ്യപ്പെടുത്തിയപ്പോള്‍ സത്യാവസ്ഥ ബോധ്യപ്പെട്ട അദ്ദേഹം ഉടന്‍ തന്നെ കണക്ഷന്‍ പുനസ്ഥാപിച്ചു തരികയും മീറ്റര്‍ മാറ്റുകയും ചെയ്തു…പുതിയ മീറ്റര്‍ റീഡര്‍ ലൂപ്‌ ചെയ്ത മീറ്റര്‍ കണ്ടപ്പോള്‍ വൈദ്യുത മോഷണ ശ്രമമെന്ന് കരുതി ഉണ്ടാക്കിയ പോല്ലാപ്പായിരുന്നു എല്ലാം ..പരാതി കൊടുത്ത വിവരം പേജു നമ്പര്‍ സഹിതം എഴുതി വച്ചിരുന്നതിനാല്‍ രക്ഷപെട്ടു.ആറുമാസം കൊണ്ട് മൂന്നു പരാതി ബുക്ക്‌ മാറിയിരുന്നു അതിനാല്‍ പരാതി കൊടുത്ത വിവരം അയാള്‍ കണ്ടതുമില്ല .ബോര്‍ഡില്‍ .പരാതികൊടുക്കുന്നവര്‍ ബുക്കിന്റെ വോള്യം സഹിതം ഡേറ്റ് എഴുതി വയ്ക്കുക എന്നാല്‍ ഇതുപോലുള്ള പ്രശ്നങ്ങളില്‍ നിന്നും രക്ഷ നേടാം..

  3. താങ്കളെ പോലുള്ളവരാണ് ഈ മാധ്യമം ശരിയായ വിധത്തില്‍ ഉപയോഗിക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത് ..അഭിനന്ദനങള്‍.കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് എനിക്കും ബോര്‍ഡില്‍ നിന്നും ഒരു തിക്താനുഭവം ഉണ്ടായി…അതിവിടെ പങ്കു വയ്ക്കട്ടെ.ഏതാനും വരഷങ്ങള്‍ക്ക് മുന്‍പ്‌ ഒരു ഇടവപ്പാതി കാലത്ത് വീട്ടിലെ എനര്‍ജി മീറ്റര്‍ ഇടിമിന്നലേറ്റു തകരാറിലായി.ഞാന്‍ ഉടന്‍തന്നെ ഇലക്ട്രിസിറ്റി ബോര്‍ഡ്‌ ആപ്പീസില്‍ എത്തി പരാതിപ്പുസ്തകത്തില്‍ എഴുതുകയും കയ്യോടെ ഒരു ലൈന്മാനെ കൂട്ടി വരുകയും ചെയ്തു.ലൈന്‍മാന്‍ മീറ്റര്‍ ലൂപ്‌ ചെയ്ത് വൈദ്യുതി പുനസ്ഥാപിച്ചു.മീറ്റര്‍ സ്റ്റോക്കില്ല എന്നും വന്നാല്‍ ഉടന്‍തന്നെ മാറ്റിവയ്ക്കും എന്നും അറിയിച്ചു അയാള്‍ മടങ്ങി.. ഒരുമാസം കഴിഞ്ഞിട്ടും മീറ്റര്‍ മാറ്റാതിരുന്നതിനാല്‍ വീണ്ടും ബോര്‍ഡില്‍ എത്തി പരാതിബുക്കില്‍ ഒന്നുകൂടി രേഖപ്പെടുത്തുകയും പരാതികൊടുത്ത രണ്ടു ഡേറ്റുകളും പരാതി ബുക്കിന്റെ പേജു നമ്പര്‍ അടക്കം എഴുതിയെടുക്കുകയും മൊബൈലില്‍ ഫോട്ടോ എടുക്കുകയും ചെയ്തു. അങ്ങനെ ഏതാണ്ട് ആറുമാസം അങ്ങനെ കടന്നുപോയി മീറ്റര്‍ മാറ്റിയില്ല അവസാനം അടച്ച തുക മീറ്റര്‍ നോട്ട് വര്‍ക്കിംഗ് എന്ന കുറിപ്പോടെ കിട്ടിയ ബില്ലിന്റെ അടിസ്ഥാനത്തില്‍ അടച്ചുകൊണ്ടിരുന്നു.ഒരുനാള്‍ ഞാന്‍ ഓഫീസില്‍ ഇരിക്കവേ വീട്ടില്‍ നിന്നും ഭാര്യയുടെ ഫോണ്‍ ..നമ്മുടെ വീട്ടിലെ കരണ്ട് വൈദ്യുതി മോഷണം ആരോപിച്ചു ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്നും എഞ്ചിനീയര്‍ അടക്കം ഒരുപറ്റം ആളുകള്‍ വന്നു കട്ട് ചെയ്തു ഇരുപത്തയ്യായിരം രൂപ അടച്ചാല്‍ മാത്രമേ ഇനി കണക്ഷന്‍ പുനസ്ഥാപിക്കുകയുള്ളൂ ..ഇതറിഞ്ഞു ഞാന്‍ ഉടന്‍തന്നെ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ഓഫീസില്‍ എത്തി എഞ്ചിനീയരെ കണ്ടു വിവരം ആരാഞ്ഞു കാര്യം ബോധ്യപ്പെടുത്തിയപ്പോള്‍ സത്യാവസ്ഥ ബോധ്യപ്പെട്ട അദ്ദേഹം ഉടന്‍ തന്നെ കണക്ഷന്‍ പുനസ്ഥാപിച്ചു തരികയും മീറ്റര്‍ മാറ്റുകയും ചെയ്തു…പുതിയ മീറ്റര്‍ റീഡര്‍ ലൂപ്‌ ചെയ്ത മീറ്റര്‍ കണ്ടപ്പോള്‍ വൈദ്യുത മോഷണ ശ്രമമെന്ന് കരുതി ഉണ്ടാക്കിയ പോല്ലാപ്പായിരുന്നു എല്ലാം ..പരാതി കൊടുത്ത വിവരം പേജു നമ്പര്‍ സഹിതം എഴുതി വച്ചിരുന്നതിനാല്‍ രക്ഷപെട്ടു.ആറുമാസം കൊണ്ട് മൂന്നു പരാതി ബുക്ക്‌ മാറിയിരുന്നു അതിനാല്‍ പരാതി കൊടുത്ത വിവരം അയാള്‍ കണ്ടതുമില്ല .ബോര്‍ഡില്‍ .പരാതികൊടുക്കുന്നവര്‍ ബുക്കിന്റെ വോള്യം സഹിതം ഡേറ്റ് എഴുതി വയ്ക്കുക എന്നാല്‍ ഇതുപോലുള്ള പ്രശ്നങ്ങളില്‍ നിന്നും രക്ഷ നേടാം..

  4. നിരക്ഷരൻ സാക്ഷരൻ ആയതു കൊണ്ട് കാര്യങ്ങൾ

    സമർത്ഥമായി ഇടപെട്ടു പരിഹരിക്കാൻ കഴിഞ്ഞു .

    അപ്പോൾ ഇവിടെ സാക്ഷാൽ ഒരു പാവം നിരക്ഷരൻ

    ആയിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ ???

    പണവും പോകും പവറും പോകും ….

    ഈ വിവരങ്ങൾ പങ്കു വെച്ചതിൽ സന്തോഷം .

    നന്ദി

  5. പ്രശ്നം പരിഹരിക്കപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം മനോജ്‌ …

    കുറ്റങ്ങൾ മാത്രമല്ല , നന്മകളും ഇതുപോലെ പങ്കു വെക്കപ്പെടെണ്ടതാണ് . നന്മ മനസ്സിന് ആദരവോടെ ….

  6. മനോജേട്ടാ ശുഭമായി കലാശിച്ചു എന്നറിയുന്നതിൽ സന്തോഷം.
    ഒരു പ്രശനത്തിന്മേൽ പോസ്റ്റിടുകയും അത് പരിഹരിക്കപ്പെടുകയും ചെയ്തപ്പോൾ ഒരു നന്ദി കുറിപ്പ് കുറിച്ചത് എന്തുകൊണ്ടും അഭിനന്ദർഹം തന്നെയാണ്. സന്തോഷം

  7. നിരക്ഷരൻ ചേട്ടാ..ആയിരം അഭിനന്ദനങ്ങൾ..സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളുടെ യഥാർത്ഥ ശക്തി എന്താണെന്ന് കാണിച്ച് തന്നു…

  8. നിരക്ഷരൻ ചേട്ടാ..ആയിരം അഭിനന്ദനങ്ങൾ..സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളുടെ യഥാർത്ഥ ശക്തി എന്താണെന്ന് കാണിച്ച് തന്നു…

  9. നിരക്ഷരൻ ചേട്ടാ..ആയിരം അഭിനന്ദനങ്ങൾ…സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളുടെ യഥാർത്ഥ ശക്തി എന്താണെന്ന് കാണിച്ച് തന്നു…

  10. പ്രശ്നങ്ങള്‍ അവസാനിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.
    അവര്‍ തെറ്റ് മനസ്സിലാക്കി,ഉപഭോക്താവിന് പ്രശ്നം വരാത്ത രീതിയിലേക്ക് നീങ്ങുന്നു എന്നറിഞ്ഞതില്‍ അതിലും സന്തോഷം. മനോജിന്റെ കഴിഞ്ഞ പോസ്റ്റ് അതിനു വഴികാട്ടിയായല്ലോ.കുറച്ചു വിഷമിച്ചു എങ്കിലും ആശംസകള്‍

  11. ചെറായി ഇലക്ട്രിക്കൽ സെക്ഷനെ കുറിച്ച് എനിക്കും ചില പരാതികൾ. അതിൽ പ്രധാനപ്പെട്ട ഒന്ന് രാത്രിയിൽ പരാതികൾ പറഞ്ഞാൽ ആളില്ല എന്ന് പറഞ്ഞ് കൈകഴുകുന്ന രീതിയാണ്. കഴിഞ്ഞ ആഴ്ച തന്നെ വീട്ടിലേയ്ക്കുള്ള സർവീസ് വയറിന്റെ സ്റ്റേ പൊട്ടിവീണത് പറഞ്ഞിട്ട് 24 മണിക്കൂർ കഴിഞ്ഞും നടപടി ഉണ്ടായില്ല. പിന്നെ ഞാൻ തന്നെ അതു കെട്ടി. ചെറായിയിൽ ടെലിഫോണും കെ എസ് ഇ ബിയും ആരാണ് ഏറ്റവും മോശം എന്നകാര്യത്തിൽ മത്സരമാണ്. മനോജേട്ടന്റെ പ്രശ്നത്തിന് രമ്യമായ പരിഹാരം ഉണ്ടായി എന്നതിൽ സന്തോഷം.

  12. പ്രശ്നം പരിഹരിക്കപ്പെട്ടു എന്ന സന്തോഷം നില നിൽക്കേ, അതിനായി ബ്ലോഗും എഴുത്തും ഒരു കാരണമായി എന്നതിൽ വളരെയധികം അഭിനന്ദനം. ഇടപെടലുകൾ ശക്തമായി നടക്കട്ടെ..

  13. ബ്ലോഗ്ഗ് എങ്ങിനെ നിത്യജീവിതവുമായി ബന്ധപ്പെടുത്താന്‍ കഴിയും എന്ന് താങ്കള്‍ അനുഭവത്തിലൂടെ പങ്കിട്ടതിനു നന്ദി.ബ്ലോഗിനെ കൂടുതല്‍ ജനകീയമാക്കാന്‍ എങ്ങിനെ കഴിയും എന്നുള്ളതിന്റെ ഒരു ഉദാഹരണമാകുന്നു ഇത്..ആശംസകള്‍

  14. ചേട്ടാ വളരെ നല്ല കാര്യം, അല്ലെങ്കിൽ ഒത്തിരി പാവങ്ങളുടെ കാശു വെറുതെ പോയേനെ.

  15. Dear Niraksharan. I have been an avid follower of your blog .I am also from Cherai. Recently I had been to the electricity office for payment of Electricity Charge and contacted their account section for getting some information about Tariff Hike. To my surprise it was learned that the Senior Superintendent whom you had a bitter experience was transferred as far as to Irritty In Kannur District. I congratulate for displacing erring offical like him. I hope you will do the same with our PWD department for their inordinate delay in mending tampered roads and bridges in Vypin area.A befitting salute for you.

    1. @ Anonymous – സത്യത്തിൽ എനിക്ക് സീനിയർ സൂപ്രണ്ടുമായി ഒരു ഇടപഴകൽ ഉണ്ടായിട്ടേയില്ല. അതെന്റെ മുൻ പോസ്റ്റിൽ വ്യക്തവുമാണ്. എനിക്കുണ്ടായ പ്രശ്നത്തിന്റെ പേരിലാണ് അദ്ദേഹത്തിന് സ്ഥലം മാറ്റം ഉണ്ടായതെന്ന് ഞാൻ കരുതുന്നില്ല. അത്രയ്ക്ക് വലിയ ഒരു പ്രശ്നമാണ് ഉണ്ടായതെന്നും തോന്നുന്നില്ല. അതുകൊണ്ടുതന്നെ സ്ഥലം മാറ്റത്തിന് കാരണക്കാരൻ ഞാനാണെങ്കിൽ അതിൽ നിർവ്യാജം ഖേദിക്കുന്നു. അനവസരത്തിൽ ഉണ്ടാകുന്ന ഒരു സ്ഥലം മാറ്റം സൃഷ്ടിക്കുന്ന വേദനയും തലവേദനയും കുറച്ചൊന്നുമല്ലെന്ന് ആലോചിച്ചാൽ ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി :)

Leave a Reply to ഇലക്ട്രോണിക്സ് കേരളം Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>