വൈദ്യുതി ബില്ല് വന്നു. തീയതി 02-05-2013. ബില്ല് തുക 310 രൂപ. മെയ് 2, 3 തീയതികളിൽ ഓൺലൈൻ വഴി പണം അടക്കാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ 04-05-2013ന്, പണമടക്കാനായി നേരിട്ട് ചെറായിലുള്ള വൈദ്യുതി ആപ്പീസിലേക്ക് ചെന്നു.
310 രൂപയുടെ വൈദ്യുതി ബില്ല് |
പടമടക്കുന്ന കൌണ്ടറിലെ സാറ് പറഞ്ഞു, അദ്ദേഹത്തിന്റെ കമ്പ്യൂട്ടറിൽ ബില്ല് കയറി വന്നിട്ടില്ല എന്ന്. അതുതന്നെയാകാം ഓൺലൈനിൽ പണമടക്കാൻ പറ്റാതെ പോയതിന്റെ കാരണം എന്ന് ഞങ്ങൾ രണ്ടുപേരും ഒരു അനുമാനത്തിൽ എത്തി. എന്തായാലും ബിൽ തുകയായ 310 രൂപയ്ക്ക് പകരം 314 രൂപ, അതായത് 4 രൂപ അധികം അടച്ച്, അടുത്ത ബില്ല് വരുമ്പോൾ ഓൺലൈൻ പരിപാടി വീണ്ടും ശ്രമിച്ച് നോക്കാം എന്ന ചിന്തയോടെ, സ്ഥലം കാലിയാക്കി.
4 രൂപ അധികം അടച്ചതിന്റെ റസീറ്റ്. |
ഇക്കഴിഞ്ഞ ശനിയാഴ്ച്ച, അതായത് മെയ് 25ന് കറന്റ് ബില്ല് അടക്കാത്തതുകൊണ്ട് കണൿഷൻ വിച്ഛേദിക്കാൻ പോകുകയാണെന്ന് പറഞ്ഞ് ലൈൻമാൻ പുരയിടത്തിലെത്തി. ബില്ല് അടച്ചതാണല്ലോ എന്ന് ഞാൻ. 19 രൂപ അടക്കാനുണ്ട്. അതിന്റെ ഫൈൻ 30 രൂപ + 1 രൂപ സർചാർജ്ജ് ഒക്കെ ചേർത്ത് 50 രൂപ ഉടനെ അടച്ചാൽ കണൿഷൻ രക്ഷപ്പെടുത്താമെന്ന് ലൈൻമാൻ. 4 രൂപ അധികം അടച്ചിട്ടും പിന്നേം 19 രൂപ എവിടന്ന് കയറി വന്നു എന്ന് വിഷണ്ണനായി കുറേ നേരം നിന്ന ശേഷം നേരെ കറന്റാപ്പീസിലേക്ക് ചെന്നു. മെയ് 4ന് ബില്ല് അടക്കാൻ ചെന്നപ്പോൾ കൌണ്ടറിൽ ഇരുന്നിരുന്ന സാറ് സ്ഥലത്തുണ്ട്. കാര്യങ്ങൾ അദ്ദേഹത്തെ ബോധിപ്പിച്ചു.
“റീഡിങ്ങ് എടുക്കാൻ വന്ന ആൾക്ക് കണക്ക് തെറ്റിയതുകൊണ്ട്, ബില്ലിൽ 310 രൂപ എന്നെഴുതിക്കാണും. ആ പിശക് പക്ഷേ, ബില്ലിങ്ങ് സെൿഷനിലുള്ളവർ കണ്ടുപിടിച്ച് തിരുത്തിക്കാണും. പക്ഷേ, അധികമുള്ള ആ തുക കമ്പ്യൂട്ടറിൽ കയറ്റുന്നതിന് മുന്നേ താങ്കൾ വന്ന് ബില്ല് അടച്ചിട്ട് പോയി. അതുകൊണ്ട് ബാക്കി വന്ന 19 രൂപ കുടിശ്ശികയായി. 1 രൂപ കുടിശ്ശിക ആയാൽപ്പോലും കണക്ഷൻ വിച്ഛേദിക്കാൻ അഡ്വൈസ് പോകുന്നത് പതിവാണ്.“ ക്യാഷ് കൌണ്ടറിലിരിക്കുന്ന സാറിന്റെ വിശദീകരണം അങ്ങനെ പോയി.
“കുടിശ്ശിക 19 രൂപ വന്നിട്ടുണ്ടെങ്കിൽ അത് എന്നെ അറിയിക്കാതെ ഞാനെങ്ങനെ അധിക ബില്ല് അടക്കും ? ലൈൻമാൻ സൈറ്റിൽ വന്നപ്പോൾ നേരിട്ട് കണ്ടതുകൊണ്ട് കണക്ഷൻ പോകാതെ തൽക്കാലം രക്ഷപ്പെട്ടു. എന്നെ കണ്ടില്ലായിരുന്നെങ്കിൽ അയാൾ ഫ്യൂസ് ഊരുമായിരുന്നില്ലേ ? അതും ചെയ്യാത്ത കുറ്റത്തിന്, ബില്ല് കൈയ്യിൽ കിട്ടി രണ്ട് ദിവസത്തിനകം 4 രൂപ അധികം ചേർത്ത് ബില്ല് അടച്ചതിന്, ഇതെന്ത് നീതിയാണ് സാറേ ? റീഡിങ്ങ് എടുക്കാൻ വന്ന ആൾക്ക് കണക്ക് തെറ്റിയതിന്, ഞാനെന്തിന് 31 രൂപ പിഴയൊടുക്കണം, എന്റെ ഫ്യൂസെന്തിന് ഊരണം ? “
“ അതൊന്നും എനിക്കറിയില്ല. ബില്ലിങ്ങ് സെൿഷനിൽ പറഞ്ഞ് തീർപ്പാക്കാൻ ശ്രമിക്കൂ. എന്തായാലും കണക്ഷൻ കട്ടാകാതിരിക്കണമെങ്കിൽ ആദ്യം ഫൈൻ അടക്കണം.”
വേറെ മാർഗ്ഗമൊന്നും ഇല്ലാത്തതുകൊണ്ട് കൃത്യസമയത്ത് അടച്ച ബില്ലിന്റെ ഫൈനും അടച്ചു. അടക്കാതിരിക്കാൻ ആവില്ലല്ലോ ? മോണോപോളിയല്ലേ KSEB കളിക്കുന്നത് ? അപ്പോഴേക്കും സമയം 5 മണി കഴിഞ്ഞിരുന്നു. ബില്ലിങ്ങ് സെൿഷനിൽ ഉള്ളവരെല്ലാം ഓഫീസ് വിട്ടിറങ്ങിക്കഴിഞ്ഞിരുന്നു. എന്നുവെച്ച് എന്റെ പ്രശ്നം തീരുന്നില്ലല്ലോ ? ഇന്ന് (27 മെയ്) വീണ്ടും ആപ്പീസിലെത്തി ബില്ലിങ്ങ് സെക്ഷനിലുള്ളവരെ കണ്ടു. കാര്യങ്ങൾ ഒക്കെ ബോധിപ്പിച്ചു.
50 രൂപ ഫൈൻ അടച്ചതിന്റെ റസീറ്റ്. |
“ റീഡിങ്ങ് എടുത്ത് വന്നാൽ രണ്ട് ദിവസമെങ്കിലും കഴിയും അത് കമ്പ്യൂട്ടറിൽ കയറ്റാൻ. അതുകൊണ്ട് വന്ന പ്രശ്നമാണ്”
“ രണ്ട് ദിവസം കഴിഞ്ഞാണല്ലോ ഞാൻ ബില്ലടക്കാൻ വന്നത്. ബില്ലിലെ ഡേറ്റ് (മെയ് 2) നോക്കൂ. ബില്ല് അടച്ചത് മെയ് 4ന്. ദിവസക്കണക്ക് നോക്കിയാൽ 3 ദിവസം കഴിഞ്ഞിരിക്കുന്നു. മാത്രമല്ല 7 ദിവസം കഴിഞ്ഞാൽ ഫൈനോടുകൂടെ അടക്കണമെന്ന അവസ്ഥയുമാകുന്നു. ഇതിനിടയ്ക്ക് എന്നാണ് ഒരു കൺസ്യൂമർ ബില്ലടക്കാൻ വരണമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നത്.? “
ആർക്കും മിണ്ടാട്ടമില്ല. അതുകൊണ്ട് പ്രശ്നം തീരുന്നില്ലല്ലോ ?
“എനിക്ക് ഫൈൻ അടച്ച 31 രൂപ തിരികെ കിട്ടണം. ബില്ല് സമയത്തിന് തന്നെ അടച്ച ഒരാൾക്ക് ഫൈൻ അടക്കേണ്ടതോ കണക്ഷൻ ഇല്ലാതാകേണ്ടതോ ആയ കാര്യമില്ല.“
“താങ്കൾ സീനിയർ സൂപ്രണ്ടിനോട് സംസാരിക്കൂ. ഞങ്ങൾക്കൊന്നും ചെയ്യാനാവില്ല. പക്ഷെ, ഇന്ന് ഉച്ചയ്ക്ക് ശേഷം അദ്ദേഹം ലീവിലാണ്.”
“എന്നുവെച്ചാൽ ഒരു ബില്ലിന്റെ പ്രശ്നം തീർക്കാൻ ഞാൻ നാലാമതൊരു പ്രാവശ്യം കൂടെ ഈ ഓഫീസിൽ വരണമെന്ന്, അല്ലേ ? “
മറുവശത്ത് വീണ്ടും മൌനം.
തൽക്കാലം പടിയിറങ്ങുന്നു. ഇനി സീനിയർ സൂപ്രണ്ട് എന്തോന്നാണ് പറയുന്നതെന്ന് കേൾക്കാൻ ഒരിക്കൽക്കൂടെ പോകുന്നുണ്ട്. ബാക്കി വിശേഷങ്ങൾ ആ സന്ദർശനത്തിന് ശേഷം.
വാൽക്കഷണം:- ഇതിലും ഭേദം 24 മണിക്കൂറും പവർ കട്ട് നടപ്പാക്കുന്നതാണ്. അല്ലെങ്കിൽ വല്ലതും പിടിച്ച് പറിക്കാനോ കേന്ദ്രമന്ത്രിയാകാനോ നോക്ക് KSEB ക്കാരേ.
———————————————————-
മെയ് 30ന് അപ്‌ഡേറ്റ് :- ഈ വിഷയം പരിഹരിക്കപ്പെട്ടു. വിശദവിവരങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ലേഖനം വായിക്കുക.
ഹ ഹ ഹ ദാ കഴിഞ്ഞ ശനിയാഴ്ച ഞങ്ങളുടെ നാട്ടിൽ ഛത്തീസ്ഗഢിൽ ഒരു സംഭവം നടന്നു അറിഞ്ഞു കാണുമല്ലൊ അല്ലെ
ഇതിനൊക്കെ മരുന്ന് അതെ ഉള്ളു എന്ന തോന്നുന്നത്
ഇതുവരെ സാധാരണ ജനങ്ങളും പോലീസുകാരും ഒക്കെ മരിക്കുമ്പോൽ ഇതൊക്കെ സാധാരണമല്ലെ എന്നു കരുതിയിരുന്നു എങ്കിലും അന്നു രാത്രി രണ്ടു മണിക്ക് ഞാൻ മറ്റൊരുഇ രോഗിയ്ക്കു വേണ്ടി റായ്പൂരിലെ രാമകൃഷ്ണ ആശുപത്ജ്രിയിൽ എത്തിയപ്പോൾ രാഹുൽ ഗാന്ധി വരെ ഉണ്ട് അവിടെ
സ്വന്തം പാർട്ടിക്കാർ മരിക്കുമ്പോൾ അടൂത്ത ഇലക്ഷൻ അല്ലെ മുന്നിൽ
ഇതാ മാഷെ ലോകം
പോയ രൂപ പോയി എന്നു വിചാരിച്ച് കിടന്നുറങ്ങൂ
കഴിഞ്ഞ പതിനെട്ട് വര്‍ഷമായി വിദേശത്ത് ആയതിനാലും ഇടക്കൊക്കെ വന്നാല്‍ തന്നെ പത്ത് ദിവസത്തില്‍ കൂടുതല്‍ നാട്ടില്‍ നില്‍ക്കേണ്ടി വന്നിട്ടില്ലാത്തതിനാലും ഇത്തരം വിഷയങ്ങള്‍ ഒന്നും നേരിടേണ്ടി വന്നിട്ടില്ല…. നാട്ടില്‍ വന്നു സെറ്റില്‍ ആകുമ്പോള്‍ പൊടുന്നനവേ ഇതൊക്കെ അനുഭവിക്കേണ്ടി വരുമ്പോള്‍ ആണ് പ്രശ്നം…. ഇടക്ക് ഒരു ലൈസന്‍സ് എടുക്കാന്‍ പോയതിന്‍റെ ദുരനുഭവം മുന്നില്‍ ഉണ്ട് താനും….
നാട്ടിലെ കാര്യമായതുകൊണ്ട് അതിശയമൊന്നുമില്ല. അവിടെ എന്തെങ്കിലും നേരെചൊവ്വെ നടക്കുന്നുണ്ടെങ്കില്‍ അതാണതിശയം
പുതിയ ചെറുപ്പക്കാർ സർവീസിലേക്ക് വന്നപ്പോൾ മാറ്റം ഉണ്ടാകും എന്നു കരുതി…എവിടെ !!!! അവരാണിപ്പോൾ ജീവനക്കാരിലെ മുന്തിയ പിന്തിരിപ്പന്മാർ ………….
പുതിയ ചെറുപ്പക്കാർ സർവീസിലേക്ക് വന്നപ്പോൾ മാറ്റം ഉണ്ടാകും എന്നു കരുതി…എവിടെ !!!! അവരാണിപ്പോൾ ജീവനക്കാരിലെ മുന്തിയ പിന്തിരിപ്പന്മാർ ………….
ഇതു വായിച്ചപ്പോള്‍ നാട്ടില്‍ ജനിച്ച കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് ശരിയാക്കാന്‍ പഞ്ചായത്തിലെ രജിസ്റ്ററുമായി വണ്ടി വിളിച്ച് എണ്പതു മൈല്‍ അകലെയുള്ള സെക്രട്ടറിയുടെ വീട്ടില്‍ പോകേണ്ടിവന്നത് അറിയാതെ ഓര്‍ത്തുപോയി. നമ്മുടെ ദൈവത്തിന്റെ സ്വന്തം പിശാചുക്കളുടെ നാട്ടില്‍ ഇതിനപ്പുറവും സംഭവിക്കും. യു.കെയെന്ന ഫസ്റ്റ്ക്ലാസ് രാജ്യത്ത് രണ്ടാംകിട പൌരനായി ജീവിക്കുന്നത് എത്രയോ ഭേദം!
ഈയിടെ ഞങ്ങള്ക്കും കിട്ടി ഒരു ഷോക്ക്. സാധാരണ മൂന്നൂറു നാനൂറു റേഞ്ചിൽ നിന്നിരുന്ന ബില്ല് ഒരിക്കൽ രണ്ടായിരത്തി ഇരുനൂർ! മീറ്റർ കമ്പ്ലെയിന്റ് ആണോന്നു നോക്കാൻ ഒരു പാരലൽ മീറ്ററും വെച്ച് ചെക്ക് ചെയ്തു. (അതിനും പണം പിടുങ്ങി ബോര്ഡ്). അവസാനം പഴയ മീറ്റർ കമ്പ്ലൈന്റ് കണ്ടുപിടിച്ചു. ഇതിനിടെ ഡിസ്കണക്ഷൻ ഒഴിവാക്കാൻ ബില്ല് മുഴുവൻ അടച്ചു. മീറ്റർ തകരാര് കാരണം ആയിട്ടുകൂടി നമ്മൾ അടച്ച പൈസ തിരിച്ചു തരാൻ വകുപ്പില്ലാത്രേ! പിന്നീട് വരുന്ന ബില്ലുകളിൽ അട്ജസ്റ്റ് ചെയ്തു തരാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ ഒരു മാതിരി ആക്കിയ ചിരി. – ഈ ആവശ്യത്തിനു ഓടാൻ വീട്ടില് ആളില്ലാത്തത് കാരണം വിട്ടു കളയേണ്ടി വന്നു. കൊണ്ട് തിന്നട്ടെ! ഇവിടെ മരുഭൂമിയിൽ കിടന്നു കഷ്ടപ്പെടുന്നത് കവര്ന്നെടുക്കാൻ ഓരോ വകുപ്പുകൾ. ഇതിലും ഭേദം കള്ളന്മാരും കൊള്ളക്കാരുമാണ്. അവര്ക്ക് മാന്യതയുണ്ട്. അവർ അവരുടെ തൊഴില ചെയ്യുന്നു. കത്തിയും തോക്കും മറ്റു ആയുധങ്ങളും കാട്ടി ഭയപ്പെടുത്തി കൊള്ളചെയ്യുന്നു. എന്നാൽ സർക്കാരിന് അത്രക്ക് മാന്യത പോലുമില്ല. അവർ തങ്ങളെ തെരഞ്ഞെടുത്ത ജനങ്ങളെ നിയമം ഉണ്ടാക്കി അത് കാണിച്ചു ബ്ലാക്മെയിൽ ചെയ്ത് കൊള്ളചെയ്യുന്നു.
കെ എസ് ഇ ബി ഓഫീസ് അടിച്ചു പൊളിച്ചു എന്നൊക്കെ വാര്ത്ത വരുമ്പോൾ ശ്രീശാന്തിനു തല്ലു കിട്ടിയപ്പോ തോന്നിയ സങ്കടം പോലും തോന്നാതിരിക്കാൻ ഇതൊക്കെ തന്നെയാ മനോജേട്ടാ കാര്യം ..
ആദ്യമായി ഇതൊരു 36 രൂപയുടെ പ്രശ്നമായി കാണാതിരിക്കുക. സൂപ്രണ്ടായി സംസാരിച്ച് പ്രശ്നം പരിഹാരമായില്ലെങ്കില്.താഴെ കാണുന്നവിലാസത്തില് 3 കോപ്പി പരാതി അയക്കൂ.
STATE ELECTRICITY OMBUDSMAN,
Pallikkavil Buildings,
Mamangalam- Anchumana Temple Road,
Opp: Kochi Corporation Regional Office,
Edappally- P O.Kochi 682024, KERALA,
Phone# +91 484 2346488
Mobile# +91 9567414885
ഹ ഹ ഹ .. നടന്നത് തന്നെ !
ഇതിനു കൊഴിക്കോട് ഒരു ഓഫീസ് ഇല്ലെ.അതിന്റ് വിലാസം എന്താണു ?
This comment has been removed by the author.
why r u wasting your time with KSEB, after paying the second fine just go to consumer court with all the papers. that’ll fix it
ചീഫ് വിപ്പ് പീസീ ജോര്‍ജിന്റെ അടുത്ത ആളാണെന്ന് കേയെസ്സീബീ ഉദ്യോഗസ്ഥരോട് ഒന്നു പറഞ്ഞു നോക്കാമായിരുന്നില്ലേ, പഴയ ഈരാറ്റുപേട്ട സംഭവത്തിന്റെ വീഡിയോ കണ്ടിട്ടുള്ളവരാണെങ്കില്‍ അപ്പൊത്തന്നെ ഫൈന്‍ റീഇമ്പേഴ്സ് ചെയ്ത് തന്നേനേ..
http://www.youtube.com/watch?v=WeaeXHefwBg
നമ്മുടെ നാട്ടിലെ സർക്കാർ കാര്യം എല്ലാം അങ്ങനെ ഒക്കെ തന്നെയാണ്. എന്നാൽ പുറം ലോകത്തേക്ക് സർക്കാർ കൊടുക്കുന്ന പബ്ലിസിറ്റിയോ അവിടെ തേനും പാലും സർക്കാർ ഓഫീസുകളിലൂടെ ഒഴുകുക ആണെന്നാണ്.
മറ്റൊരു മാർഗ്ഗവും ഇല്ലല്ലോ ; അനുഭവിക്കുക തന്നെ
ഇനി സീനിയര്‍ സൂപ്രണ്ട് എന്ത് പറയുമോ ആവോ…?
നേരെ എ.ഇ യെ ക്കണ്ട് കംപ്ലൈന്‍റ് ചെയ്യേണ്ടതായിരുന്നു.കമ്പ്യൂട്ടറില്‍ തിരുത്തല്‍ വരുത്താന്‍ അധികാരമില്ലാത്തവരെ കണ്ടാല്‍ സമയനഷ്ടം മാത്രം മിച്ചം.
ഈ പ്രശ്നം സൂപ്രണ്ടുമായി ആദ്യമേ തന്നെ സംസാരിച്ചിരുന്നെങ്കിൽ സൂപ്രണ്ടിനുതന്നെ തീർക്കാവുന്ന കാര്യമുള്ളൂ. യഥാർത്ഥത്തിൽ സീനിയർ അസിസ്റ്റന്റ് യഥാസമയം റീഡിംഗ് എൻട്രി നടത്തിയിട്ടില്ലയിരുന്നു. അതുകൊണ്ടുതന്നെ മീറ്റർ റീഡർക്കുവന്ന പിശക് പരിഹരിക്കുവാൻ സാധിക്കാതെവന്നു. കണ്‍സ്യൂമർ ബില്ല് അടക്കുവാൻ വന്ന സമയെത്തെങ്കിലും സീനിയർ അസിസ്റ്റന്റ് ബില്ല് കറക്റ്റു ചെയ്തു കൊടുക്കാതെ അഡ്വാൻസ് കളക്ഷൻ എടുത്തതാണ് പ്രശ്നമായത്. ഇതിന്റെ പേരിൽ മാന്യ ഉപഭോക്താവിനെ ഒരിക്കലും ബിധിമുട്ടിക്കുവാൻ പാടില്ലാത്തതാണ്. താങ്കൾ മൂന്നാലുപ്രാവശ്യം ഓഫീസിൽ പോകുന്നതിനു പകരം അസിസ്റ്റന്റ് എഞ്ചിനീയറെ ഫോണിൽ വിളിച്ചു കാര്യം പറയാമായിരുന്നു. എല്ലാ ഫോണ്‍ നമ്പരുകളും kseb .in ൽ ലഭ്യമാണ് . പിന്നെ മറ്റൊരുകാര്യം KSEB ക്കാര് എല്ലാവരും ചീത്ത ആളുകളല്ല. ഈ സമൂഹത്തിൽനിന്നും ഉള്ളവർതന്നെയാണ് KSEB യിൽ ജോലിചെയ്യുന്നത്.
@ Aniyankuttan – ചെയ്യാത്ത തെറ്റിന് ശിക്ഷ(പിഴ) അടക്കേണ്ടി വന്ന ഒരാളുടെ രോഷം എന്റെ വരികളിൽ തീർച്ചയായും ഉണ്ട്. അതല്ലാതെ, KSEB ക്കാർ എല്ലാവരും ചീത്ത ആളുകൾ ആണെന്ന് ഞാനും കരുതുന്നില്ല, അങ്ങനെ എങ്ങും പറഞ്ഞിട്ടുമില്ല. ഇനി അധവാ എന്റെ ലേഖനത്തിൽ അത്തരത്തിൽ ഒരു ധ്വനി എവിടെയെങ്കിലും നൽകുന്നുണ്ടെങ്കിൽ ഞാൻ നിർവ്യാജം ക്ഷമ ചോദിക്കുന്നു.
ഈ വിഷയം ഫേസ്‌ബുക്കിൽ വലിയൊരു ചർച്ചയാക്കി (ഇവിടെ ക്ലിക്ക് ചെയ്താൽ ചർച്ച കാണാം.)അതിന് പ്രതിവിധിക്കായി സഹകരിക്കുന്ന ‘തിരു വല്ലഭൻ’ എന്റെ സുഹൃത്തും കെ.എസ്.ഈ.ബി.യിൽ എഞ്ചിനീയറുമാണ്. സമൂഹത്തിന്റെ എല്ലാ തുറയിലും നല്ല ആളുകളും ചീത്ത ആളുകളും ഉണ്ട്. സർക്കാർ സ്ഥാപനങ്ങളാകുമ്പോൾ നിയമത്തിന്റെ കടുത്ത വഴികളിലൂടെ നമ്മൾക്ക് കടന്ന് പോയേ പറ്റൂ. അത്തരത്തിൽ ഒരു അനുഭവമായി ഇതിനെ കാണാൻ എനിക്ക് തീർച്ചയായും സാധിക്കും. എന്നിരുന്നാലും ഈ സംഭവത്തിന്റെ അന്യായം സമൂഹത്തിൽ തുറന്ന് കാണിക്കേണ്ടതും അതിനൊരു പ്രതിവിധി ഉണ്ടാക്കി ഇനിയൊരാൾക്ക് പോലും ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാൻ വേണ്ടി പ്രവർത്തിക്കണമെന്നുള്ളതും എന്റെ കടമയായി കൂടെ കാണുന്നു. അതിന്റെ ഭാഗമായാണ് ഈ ലേഖനം എന്ന് മനസ്സിലാക്കുക. ഈ ലേഖനം എത്തേണ്ടിടത്ത് എത്തിയിട്ടുണ്ട്. തീർച്ചയായും തെറ്റ് തിരുത്തപ്പെടും എന്ന് തന്നെ വിശ്വസിക്കുന്നു. എല്ലാവർക്കും നന്ദി.
മനോജെട്ടനോട് ആരാ നാട്ടീപ്പോവാൻ പറഞ്ഞെ ഹഹഹ ഈ …കൾ നന്നാവാൻ പോണില്ല .
മനോജേട്ടാ ഞാൻ ഹൈദരാബാദിൽ വന്നപ്പോ മുതൽ ഓണ്‍ലൈനിൽ കൂടെയാ ബില്ലടക്കുന്നെ ഇത് വരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല അപ്പൊ വേണോന്നു വെച്ചാൽ നമ്മക്കും അങ്ങനെ ചെയാൻ പറ്റില്ലേ? ദാ ഇതാണ് ആ സൈറ്റ് ഇതിലൂടെ കറന്റ് ബില്ല മാത്രമല്ല മറ്റു Utility ബില്ലും അടക്കാൻ പറ്റും
http://www.esevaonline.com/
@ നൂലൻ – പോസ്റ്റ് ശരിക്ക് വായിച്ചില്ലെന്ന് തോന്നുന്നു. എനിക്ക് ഓൺലൈനായി പണം അടക്കാൻ പറ്റാതെ പോയതിന്റെ കാരണമാണ് ആദ്യത്തെ രണ്ട് പാരഗ്രാഫിലായി എഴുതിയിരിക്കുന്നത്. ബിൽ തുക സിസ്റ്റത്തിൽ അടിച്ച് കയറ്റാത്തിടത്തോളം കാലം ആർക്കും ഓൺലൈനായി ബില്ല് അടക്കാനാവില്ല.
ഈ ലേഖനത്തിൽ പറയുന്ന എന്റെ വൈദ്യുതി ബിൽ പ്രശ്നം പരിഹരിക്കപ്പെട്ടു. വിശദമായി മനസ്സിലാക്കാൻ ഈ ലിങ്കിലൂടെ പോയി വിശദീകരണക്കുറിപ്പ് വായിക്കാം.
ഇത്തരം കാര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ കൂടുതല്‍ പേരും അന്വേഷിച്ചു നടക്കാന്‍ മെനക്കെടാറില്ല എന്നതാണ് വാസ്തവം.
താങ്കള്‍ക്ക് പ്രതികരിക്കാനും പ്രശ്നം പരിഹരിക്കാനും കഴിഞ്ഞു….
ആശംസകള്‍