1

സന്തോഷവും സന്താപവും !!


2007 ഒൿടോബറിലാണ് ബ്ലോഗ് എഴുതാൻ ആരംഭിച്ചത്. ഇപ്പോളതിനെ ബ്ലോഗെഴുത്ത് എന്ന് മാത്രമായി പറയാനാവില്ല, ഫേസ്‌ബുക്ക്, വെബ് പോർട്ടലുകൾ എന്നിങ്ങനെ ഓൺലൈനിലെ പലയിടങ്ങളിലും, വല്ലപ്പോഴുമൊക്കെ എഡിറ്റർ കനിഞ്ഞാൽ അച്ചടിമഷി പുരളുന്ന ഇടങ്ങളിലുമൊക്കെ എഴുതാൻ സാധിക്കാറുണ്ട്.

ഇക്കാലയളവിൽ രണ്ട് സമ്മാനങ്ങൾ എഴുതിയ വകയിൽ കിട്ടുകയും ചെയ്തു. ആദ്യത്തേത് 2008 ൽ, രണ്ടാമത്തേത് 2011ൽ. ആദ്യത്തെ സമ്മാനം ഞാനായിട്ട് അപേക്ഷ അയച്ചുകൊടുത്ത് പങ്കെടുത്ത ഒരു യാത്രാവിവരണ മത്സരമായിരുന്നു. സിംഗപ്പൂർ വേൾഡ് മലയാളി കൌൺസിൽ ആയിരുന്നു സംഘാടകർ. സമ്മാനം കൈപ്പറ്റാൻ നേരിട്ട് സിംഗപ്പൂർ പോകുകയും ചെയ്തു. രണ്ടാമത്തേത് ബൂലോകം ഡോട്ട് കോം, അവരുടെ പോർട്ടലിൽ എഴുതിയിടുന്നവരെ മാത്രം പരിഗണിച്ച് നടത്തിയ സൂപ്പർ ബ്ലോഗർ മത്സരമായിരുന്നു. അതിൽ ഞാനായിട്ട് അപേക്ഷ അയച്ചിട്ടില്ല, മത്സരത്തിന്റെ ഒരു ഘട്ടത്തിലും പ്രചരണമോ അതുമായി ബന്ധപ്പെട്ട ഇടങ്ങളിലോ ബ്ലോഗ് പോസ്റ്റുകളിലോ ഓൺലൈനിലോ ഒന്നും അഭിപ്രായപ്രകടനങ്ങളോ മത്സരത്തിനാവശ്യമായ വോട്ട് പിടിക്കലോ ഒന്നും നടത്തിയിട്ടില്ല. എന്തൊക്കെ ആയാലും ഈ രണ്ട് മത്സരഫലങ്ങളും സമ്മാനിച്ചത് സന്തോഷമെന്ന പോലെ സന്താപം കൂടെയായിരുന്നു.

ആദ്യത്തെ മത്സരത്തിന് സമ്മാനമായി കിട്ടിയത് 25000 രൂപയും ഫലകവുമാണ്. അത് വാങ്ങി സ്റ്റേജിൽ നിന്നിറങ്ങി കസേരയിൽ വന്നിരുന്നപ്പോൾ മുതൽ മറ്റൊരു ഭാഗത്തിരുന്ന ഒരുകൂട്ടം ചെറുപ്പക്കാർ ഒന്നൊന്നായി വന്ന് കുശലം പറയാൻ തുടങ്ങി. അവരുടെ ടേബിളിലേക്ക് ക്ഷണിക്കുകയും ചെയ്തു. അക്കൂട്ടത്തിലുള്ള ഒരു സ്ത്രീയും ഇപ്രകാരം ഞാനിരിക്കുന്ന ടേബിളിൽ വന്ന് സംസാരിക്കുകയുണ്ടായി. അപമാനിക്കുക എന്ന ഗൂഢലക്ഷ്യത്തൊടെയാണ് അവർ ക്ഷണിക്കുന്നതെന്നറിയാതെ ഞാനവരുടെ ടേബിളിലേക്ക് ചെന്നു. 2008ലെ വേൾഡ് മലയാളി യു.കെ. ചാപ്റ്ററിന്റെ ഭാരവാഹിയായ സംഘത്തലവൻ അടക്കം ആരുടേയും പേര് ഇപ്പോളും എനിക്കറിയില്ല. തലവൻ അടക്കം പലരും മദ്യപിച്ചിട്ടുണ്ടെന്ന് ഗന്ധത്തിൽ നിന്ന് വ്യക്തം.

സമ്മാനദാന പരിപാടി നടന്നപ്പോൾ, എന്റെ പ്രവാസരാജ്യം യു.കെ. ആണെന്ന് സംഘാടകർ വിളിച്ച് പറഞ്ഞത് ഇക്കൂട്ടരെ ചൊടിപ്പിച്ചിരിക്കുന്നു എന്നെനിക്ക് മനസ്സിലാക്കാനായി. വേൾഡ് മലയാളി യു.കെ.ചാപ്റ്ററിന്റെ നേതാവ് അറിയാതെ യു.കെ.യിൽ നിന്ന് ഒരുത്തന് സമ്മാനമോ, എന്നാണ് അവരുടെ ചിന്ത. ഞാൻ വേൾഡ് മലയാളി കൌൺസിലിൽ അംഗമല്ല എന്ന് മനസ്സിലാക്കാൻ പോലും അവർ ശ്രമിച്ചിട്ടില്ല. അവർ ആ ടേബിളിൽ ഇരുത്തി എന്നെ അധിക്ഷേപിച്ചുകൊണ്ടേയിരുന്നു. വേദിയുടെ മുൻപിൽ സിംഗപ്പൂർ പ്രസിഡന്റ് ശ്രീ.എസ്.ആർ.നാഥനും മറ്റ് മന്ത്രിമാരും കേരളത്തിൽ നിന്നുള്ള മന്ത്രിയും മറ്റ് വിശിഷ്ടവ്യക്തികളുമൊക്കെ ഇരിക്കുന്നതുകൊണ്ട് ഒരു കശപിശ ഉണ്ടാക്കാൻ എനിക്ക് അശ്ശേഷം താൽ‌പ്പര്യമില്ലായിരുന്നു. അവർക്കതൊന്നും പക്ഷേ പ്രശ്നമേയല്ല. ‘കുറേ ആൾക്കാർ ഇറങ്ങിയിട്ടുണ്ട്. ആദ്യകാലത്തൊക്കെ ദുബായ് ദുബായ് എന്നാണ് പറഞ്ഞ് നടന്നിരുന്നത്, ഇപ്പോൾ യു.കെ. യു.കെ. എന്നാണ് പല്ലവി. ഒരാൾ 40 രാജ്യങ്ങളിൽ പോയിട്ടുണ്ടെങ്കിൽ അവിടത്തെയൊക്കെ ആളാണെന്നാണോ അതിനർത്ഥം?‘ എന്നിങ്ങനെ പോകുന്നു വാക്കുകൾ.

ഞാൻ മത്സരത്തിനായി ആർട്ടിക്കിൾ അയക്കുന്നത് യു.കെ.യിൽ വെച്ചാണ്. ആ സമയത്ത് മുഴങ്ങോടിക്കാരി നല്ലപാതി യു.കെ.യിൽ ജോലി ചെയ്യുന്നു. മകൾ യു.കെ.യിൽ പഠിക്കുന്നു. ഒരുമാസത്തെ എണ്ണപ്പാടത്തെ ജോലിക്ക് ശേഷം അടുത്ത ഒരുമാസം ഞാൻ അവധിക്ക് പോകുന്നതും ജീവിക്കുന്നതും യു.കെ.യിൽ. സമ്മാനം വാങ്ങാൻ ചെല്ലുമ്പോളും ഇതുതന്നെയാണ് സ്റ്റാറ്റസ്. സംഘാടകർ എന്നെ യു.കെ. പ്രവാസിയായി കണക്കാക്കാനുള്ള കാരണം ഇതൊക്കെ ആയിരിക്കണം. അവരായിട്ട് ഞാൻ ഏത് നാട്ടിലെ പ്രവാസിയാണെന്ന് ചോദിച്ചിട്ടില്ല, ഞാനൊട്ട് പറഞ്ഞിട്ടുമില്ല.

ഏതാണ് 15 മിനിറ്റ് സമയത്തോളം യു.കെ.ക്കാരുടെ ‘അഭിനന്ദനങ്ങൾ‘ ഏറ്റുവാങ്ങിയശേഷം. ‘നിങ്ങൾ സംഘാടകരോട് പരാതി പറഞ്ഞ്, ഞാൻ എറണാകുളത്തുകാരൻ ആണെന്ന് തിരുത്തി പറയിപ്പിച്ചോളൂ‘ എന്ന് പറഞ്ഞ് ഞാൻ എന്റെ ടേബിളിലേക്ക് മടങ്ങി.

‘ഇട്ടിരിക്കുന്ന വേഷത്തിനോടെങ്കിലും അൽ‌പ്പം മാന്യത കാണിച്ചുകൂടെ?’
എന്ന്, നടന്നുനീങ്ങുന്ന എന്നെ പിന്നിൽ നിന്ന് എല്ലാവരും കേൾക്കെ ശബ്ദമുയർത്തി അക്ഷേപിക്കാനും സംഘത്തലവന് മടിയൊന്നും ഉണ്ടായിരുന്നില്ല. തൊട്ടടുത്ത രണ്ട് ദിവസങ്ങളിലെ പരിപാടികളിലൊന്നും പങ്കെടുക്കാനുള്ള മനസ്സ് പിന്നീടുണ്ടായിരുന്നില്ല. സംഘാടകരിൽ ഒരാളായ ശ്രീ.ശ്രീകുമാറിനോട് കാര്യങ്ങളൊക്കെ പരാതിയായിത്തന്നെ പറഞ്ഞശേഷം അദ്ദേഹം ഏർപ്പാടാക്കിത്തന്ന ടാക്സിയിൽ ഹോട്ടൽ മുറിയിലേക്ക് മടങ്ങി. സന്തോഷം അശേഷമുണ്ടായിരുന്നില്ല മനസ്സിലപ്പോൾ. നാണയത്തിന് സന്താപം എന്ന ഒറ്റവശം മാത്രമേ ഉള്ളൂ എന്ന് തോന്നിപ്പോയ മണിക്കൂറുകൾ. (യു.കെ. ചാപ്റ്ററിന്റെ തലവനും സംഘവും തൊട്ടടുത്ത ദിവസവും സമ്മേളനസ്ഥലത്ത് പ്രശ്നങ്ങൾ ഉണ്ടാക്കിയെന്ന് പിന്നീട് സംഘാടകരിൽ നിന്ന് അറിയാൻ കഴിഞ്ഞു.)

എന്റെ ജോലിസംബന്ധമായി പലരാജ്യങ്ങളിലും, മുഴങ്ങോടിക്കാരിയുടെ ജോലി സംബന്ധമായി മദ്രാസ്, ബാംഗ്ലൂർ, യു.കെ. എന്നിങ്ങനെ പല നഗരങ്ങളിലും കഴിയേണ്ടി വന്നിട്ടുണ്ട്. പക്ഷെ, ഞാനെവിടുത്തുകാരൻ ആണെന്ന് ചോദിച്ചാൽ എറണാകുളത്തുകാരൻ എന്ന് പറയാനേ അന്നും ഇന്നും എനിക്കാവൂ. അതിനിടയിലുള്ളതെല്ലാം പ്രവാസം മാത്രം. മറ്റ് രാജ്യങ്ങളിലും നഗരങ്ങളിലും ചെന്ന് ചേക്കേറി, കടിച്ച് തൂങ്ങിയും കഷ്ടപ്പെട്ടും ജീവിച്ച്, പച്ചക്കാർഡും സിറ്റിസൺഷിപ്പുമൊക്കെ സമ്പാദിച്ചാലും, തൊലിനിറം കൊണ്ടും വംശപരമായും മനസ്സുകൊണ്ടും ആരും അവനവന്റെ വേരുകളിൽ നിന്നും ജീനുകളിൽ നിന്നും മണ്ണിൽ നിന്നും വിട്ടുപോകുന്നില്ല. അത് മനസ്സിലാക്കാതെയോ മനസ്സിലാക്കാത്ത ഭാവത്തിലോ പലരും പലയിടങ്ങളിലും ജീവിച്ചുപോകുന്നു. നാല് വർഷത്തിന് ശേഷം ആ സംഭവത്തെപ്പറ്റി ആലോചിക്കുമ്പോൾ വിട്ടുമാറാത്ത വിഷമത്തിനൊപ്പം ഇങ്ങനെയും പലചിന്തകൾ പൊങ്ങിവരുന്നു.

രണ്ടാമത്തേത് ‘ബൂലോകം ഡോട്ട് കോം 2011 സൂപ്പർ ബ്ലോഗർ‘ അവാർഡുമായി ബന്ധപ്പെട്ടുണ്ടായ കോലാഹലങ്ങൾ. ഈ മത്സരത്തിൽ അവാർഡ് കിട്ടുന്ന ആളാണ് സൂപ്പർ ബ്ലോഗർ എന്ന് ആരെങ്കിലുമൊക്കെ ധരിച്ച് വെച്ചിട്ടുണ്ടെങ്കിൽ ആ ധാരണ ശുദ്ധ അസംബന്ധമാണ്. വളരെ ചുരുക്കം ബ്ലോഗെഴുത്തുകാരിൽ നിന്നുള്ള (ബൂലോകം ഡോട്ട് കോം പോർട്ടലിൽ എഴുതുന്നവരിൽ നിന്ന് മാത്രമുള്ള ) തിരഞ്ഞെടുപ്പാണിത്. അതിനവർ സൂപ്പർ ബ്ലോഗർ എന്നൊരു പേരും ഇട്ടു. അല്ലാതെ, ഇതിൽ വിജയിക്കുന്ന ആളാണ് സൂപ്പർ ബ്ലോഗർ എന്ന് ഞാനൊരിക്കലും കരുതുന്നില്ല. എന്തായാലും, ആ വിവാദങ്ങളും ഒച്ചപ്പാടുകളുമൊക്കെ ആരും അറിയാത്ത കാര്യമൊന്നുമല്ല. മത്സരഫലം വന്നപ്പോൾ അതിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപണങ്ങൾ. തെളിവുകൾ ഉണ്ടെന്നും ഹാക്ക് ചെയ്ത തെളിവുകൾ പ്രദർശിപ്പിക്കുമെന്നും വെല്ലുവിളികളും പ്രഖ്യാപനങ്ങളും.

ഞാനായിട്ട് അപേക്ഷ അയച്ച് പങ്കെടുത്ത ഒരു മത്സരമല്ല ഇത്. വായനക്കാരുടെ വോട്ട് കിട്ടാനായി ബ്ലോഗ്, ഫേസ്‌ബുക്ക്, ഈ-മെയിലുകൾ, ഫോണുകൾ എന്നീ മാർഗ്ഗങ്ങളിലൂടെ ഒരു പ്രചരണവും നടത്തിയിട്ടില്ല, ഇങ്ങനൊരു മത്സരം ഉണ്ടെന്നും എനിക്ക് വോട്ട് ചെയ്യണമെന്നും ആരോടും പറഞ്ഞിട്ടില്ല. മറ്റുള്ളവർ പലരും ഇതൊക്കെ ഭംഗിയായിട്ട് ചെയ്യുന്നുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, പ്രചരണങ്ങൾ ചെയ്യാത്ത ഒരാൾ തോറ്റുപൊയ്ക്കോളും എന്ന വിശ്വാസം എനിക്ക് നന്നായിട്ടുണ്ടായിരുന്നു. അങ്ങനെയുള്ള ഒരാൾ ജയിച്ചത് തന്നെയാണ് വീണ്ടും പ്രശ്നമായത്.

മത്സരത്തിന്റെ സ്കോർ ഷീറ്റ് കുറഞ്ഞ പക്ഷം എന്നെയെങ്കിലും കാണിക്കാതെ ഞാനീ ഫലം അംഗീകരിക്കില്ല എന്ന് സംഘാടകർക്ക് എഴുതി. സ്ക്കോർ ഷീറ്റ് സോഫ്റ്റ്‌വെയറിൽ നിന്ന് കിട്ടുന്ന പോലെ തന്നെ സ്ക്രീൻ ഷോട്ട് എടുത്ത് എനിക്കവർ അയച്ച് തരുകയും, സമ്മാനദാന ദിവസം ആരെ വേണമെങ്കിലും അത് കാണിക്കാമെന്ന് അറിയിക്കുകയും ചെയ്തു. യു.കെ.യിൽ ഇരിക്കുന്ന സംഘാടകരുടെ സമയക്കുറവും ലീവിന്റെ പ്രശ്നങ്ങളും മറ്റ് ബുദ്ധിമുട്ടുകളുമൊക്കെ കാരണം സമ്മാനദാനച്ചടങ്ങ് ഇതുവരെ ഉണ്ടായില്ല. മനസ്സുകൊണ്ട് ഞാനും അങ്ങനൊന്ന് ആഗ്രഹിക്കുന്നില്ല. മതി…..കിട്ടിയിടത്തോളം മനസ്സ് നിറഞ്ഞിരിക്കുന്നു.

ഒക്കെയും ഒന്ന് കെട്ടടങ്ങി എന്ന അവസ്ഥയിൽ‌പ്പോലും, ചെളിക്കുണ്ടിൽ വടി നാട്ടി, അതിൽ ഇല്ലാത്ത ആരോപണങ്ങൾ എഴുതിത്തൂക്കി, ഞാനവിടെച്ചെന്ന് മറുപടി കൊടുക്കുമെന്ന് കാത്തിരുന്നു മറ്റൊരു കക്ഷി. കണ്ടതായി ഭാവിക്കാതെ ഉരിയാടാതെ മാറിനിന്നു. നേരിട്ട് മെയിലിലൂടെയും ഫോണിലൂടെയും അന്വേഷിച്ചവരോട്, ‘ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തതായി തെളിവുണ്ടെങ്കിൽ നിയമ നടപടികൾ സ്വീകരിക്കണം‘ എന്ന് മറുപടിയും കൊടുത്തു. പിന്നീട് അത്തരം പോസ്റ്റുകൾ ഡീലീറ്റ് ചെയ്യപ്പെട്ടു. അതാരും അറിയുന്നില്ലല്ലോ? നമുക്ക് കിട്ടാനുള്ളത് കിട്ടി വീർത്ത് നീരുവെച്ചതും, പഴുത്ത് പൊട്ടി പുണ്ണായതും, ആരും അറിയുന്നില്ലല്ലോ !

രണ്ട് ദിവസം മുൻപ് (2012 ഡിസംബർ 6) സമ്മാനത്തുകയായ 13001 രൂപ ഓൺലൈൻ വഴി എന്റെ ബാങ്കിലേക്ക് അയച്ചുതന്നു ബൂലോകം ഡോട്ട് കോം സംഘാടകർ. വളരെ വളരെ നന്ദി.

അംഗീകാരങ്ങളും സമ്മാനങ്ങളുമൊക്കെ ഒരു നാണയത്തിന്റെ ഒരു വശം മാത്രമാണ്. അത് കിട്ടിയവന്റെ സന്തോഷം ഒരുപക്ഷെ മനസ്സിലാക്കാൻ വെളിയിൽ നിൽക്കുന്ന ഒരാൾക്ക് പറ്റിയെന്ന് വരും, പക്ഷെ അയാൾക്ക് ഇതിനിടയിൽ ഉണ്ടായ മനോവിഷമത്തിന്റെ ആഴം ഊഹിക്കാൻ ആർക്കെങ്കിലും ആയിട്ടുണ്ടോ എന്ന് സംശയമാണ്.

ഗുണപാഠം ഇതാണ്. അവാർഡുകൾ അല്ലെങ്കിൽ സമ്മാനങ്ങൾ, സന്തോഷവും സന്താപവും ചേർന്ന ഒരു പാക്കേജ് ആണ്. അതിലുള്ള ‘സന്തോഷം‘ പലരുമായും പങ്കുവെക്കാനാകും. പക്ഷേ, ‘സങ്കടം‘ ഒറ്റയ്ക്ക് അനുഭവിക്കാനുള്ളതാണ്. സത്യത്തിൽ അതാണ് അവാർഡ് ജേതാവിന് മാത്രമായിട്ട്, മുഴുവനായിട്ട് കിട്ടുന്ന സമ്മാനം. അതിനെക്കൂടെ നെഞ്ചോട് ചേർത്ത് പിടിക്കാൻ പ്രാപ്തിയുണ്ടാകണം.

അതുകൊണ്ട്, സന്താപമാകുന്ന ആ പകുതി ഞാൻ ഒറ്റയ്ക്കെടുക്കുന്നു. സന്തോഷമായി കിട്ടിയത് മുഴുവനും പങ്കുവെക്കുന്നു. 13001 രൂപകൊണ്ട് എന്റെ പ്രശ്നങ്ങൾ ഒന്നും തീരില്ല. അതേസമയം, അത്രയും പണമുണ്ടെങ്കിൽ ഒരുപാട് പേരുടെ പലപല പ്രശ്നങ്ങൾക്ക് അൽ‌പ്പമെങ്കിലും അറുതി വരുത്താൻ പറ്റിയെന്നും വരും. എൻഡോസൾഫാൻ ദുരിതം അനുഭവിക്കുന്നവർക്കായി ഈ തുക ഇന്ന് (2012 ഡിസംബർ 08) ഓൺലൈനായി അയച്ചുകൊടുക്കുന്നു. നേരിൽ വന്ന് തരണമെന്നുണ്ടായിരുന്നു. പക്ഷെ അവിടെയുള്ള പല കുഞ്ഞുങ്ങളുടേയും മുഖങ്ങൾ കണ്ടുനിൽക്കാനുള്ള ശേഷി ഇനിയും കൈവരിക്കാനായിട്ടില്ല. ആരും അറിയാതെ ഇത് ചെയ്യണമെന്നും ഉണ്ടായിരുന്നു. പക്ഷെ, വർഷങ്ങളായി ഉള്ളിൽ വിങ്ങിക്കൊണ്ടിരിക്കുന്ന ചിലതൊക്കെ എഡിറ്ററില്ലാത്ത ഈ മാദ്ധ്യമത്തിൽ കെട്ടഴിച്ച് വിട്ടാൽ അൽ‌പ്പം ആശ്വാസം കിട്ടുമെന്ന് തോന്നി. അത് തെറ്റായിപ്പോയെങ്കിൽ സദയം ക്ഷമിക്കുക, പൊറുക്കുക.

സസ്നേഹം

-നിരക്ഷരൻ
(അന്നും ഇന്നും എപ്പോഴും)

Comments

comments

58 thoughts on “ സന്തോഷവും സന്താപവും !!

  1. അതുകൊണ്ട്, സന്താപമാകുന്ന ആ പകുതി ഞാൻ ഒറ്റയ്ക്കെടുക്കുന്നു. സന്തോഷമായി കിട്ടിയത് മുഴുവനും പങ്കുവെക്കുന്നു.

  2. മനോജ്‌ ശെരിക്കും ഏതു നാട്ടുകാരന്‍ ആണെന്നോ, സൂപ്പര്‍ ബ്ലോഗര്‍ കിട്ടാന്‍ അര്‍ഹനാണോ എന്നൊന്നും എനിക്കറിയേണ്ട കാര്യമില്ല. നിങ്ങള്‍ നല്ലൊരു മനുഷ്യനാണ്, നല്ല കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന, പ്രചോദിപ്പിക്കുന്നൊരു സൂപ്പര്‍ ഹ്യുമന്‍ ബീയിങ്ങ്

  3. ഈ വക കാര്യങ്ങളേക്കുറിച്ച് ആളോചിച്ച് മനസ്സ് വിഷമിപ്പിയ്ക്കണം മനോജ്..? ഇതാണ് ലോകം. അല്ലെങ്കിൽ ബൂലോകം.. പലരും കാര്യസാധ്യത്തിനുവേണ്ടിയും, പേരിനുവേണ്ടിയും ബൂലോകത്തുകൂടികറങ്ങി നടക്കുമ്പോൾ, അതിൽനിന്നും തികച്ചും വ്യത്യസ്തമായ വഴിയിലൂടെ നടക്കുന്ന ചുരുക്കം ചിലരിൽ ഒരാളാണ് മനോജ്… ഞാനൊക്കെ അടുത്ത കാലത്ത് ബ്ലോഗെഴുത്തിലേയ്ക്ക് വന്ന ആളാണ്.. മനോജൊക്കെ അതിനും എത്രയോ മുൻപ് ഈ കാര്യങ്ങളൊക്കെ ആത്മാർത്ഥമായി ചെയ്തുകൊണ്ടിരിയ്ക്കുന്നു.. ഇതിനിടയിൽ എത്രയോ ആളുകൾ ബ്ലോഗിന്റെ ലോകത്തുകൂടി കയറിയിറങ്ങിപ്പോയി.. ആരൊക്കെ അതിൽ ആത്മാർത്ഥമായി ഇന്നും തുടരുന്നു…പലരും പുതു മഴയിൽ കിളിർത്ത പുൽച്ചെടികൾ മാത്രം…ഇക്കാര്യങ്ങളൊന്നും ഈ ബഹളം വയ്ക്കുന്നവർ മനസ്സിലാക്കുന്നില്ല… അത്ര മാത്രം… ബാലിശമായ കാര്യങ്ങളെന്നുകരുതി വിട്ടുകളയുക…

    ബൂലോകത്തിന്റെ സമ്മാനത്തുക ഏൻഡോസൾഫാൻ ബാധിതർക്ക് നൽകിയ നല്ല മനസ്സിനു അഭിനന്ദനങ്ങൾ… മുൻപോട്ടുള്ള എല്ലാ യാത്രകൾക്കും ആശംസകൾ നേരുന്നു…

    1. @ സജി – ബ്ലോഗിൽ വന്ന് 5 കൊല്ലം കഴിഞ്ഞ ഈ സമയത്ത് എന്നെ ഭയം പിടികൂടിയിരിക്കുന്നു. ഞാനിപ്പോൾ എല്ലാ ബ്ലോഗിലും കമന്റുകൾ മോഡറേറ്റ് ചെയ്തിരിക്കുകയാണ്. കമന്റിട്ട് അൽ‌പ്പസമയം കാത്തിരിക്കണം. ഉടനെ കേറി കമന്റ് ആവർത്തിക്കരുത്.

  4. നിരക്ഷരന്‍ എന്നാ ബ്ലോഗര്‍ സുപ്പര്‍ ബ്ലോഗര്‍ അവാര്‍ഡിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്ന് ബൂലോകത്ത് മിക്കവാറും എല്ലാവര്ക്കും തന്നെ അറിയാം . താങ്കളുടെ പോസ്റ്റുകളിലെ നന്മയും താങ്കള്‍ എന്ന വ്യക്തിയിലെ നന്മയും തിരിച്ചറിഞ്ഞവര്‍ വോട്ടു ചെയ്താണ് താങ്കള്‍ക്ക് ആ അവാര്‍ഡു കിട്ടിയത് എന്ന് ഞാന്‍ കരുതുന്നു .

    അനാവശ്യ വിവാദങ്ങള്‍ ബൂലോകത്ത് മാത്രമല്ല , കേരളീയന്റെ കൂടപ്പിറപ്പാണ്‌ . അവഗണിക്കുക എന്നതാണ് ചില സമയങ്ങളില്‍ ചില കാര്യങ്ങളില്‍ എങ്കിലും നമുക്ക് ചെയ്യാനുള്ളത് .

    യു കെ യില്‍ എന്നല്ല പല സ്ഥലങ്ങളിലും ഉള്ള മലയാളി അസോസ്സിയേഷന്‍കാരുടെയും സ്ഥിതി ഇങ്ങനെ ഒക്കെ തന്നെ. അല്‍പ്പം പണം ഉണ്ടായിക്കഴിഞ്ഞാല്‍ സൊസൈറ്റിയില്‍ ആളാകുക എന്നതില്‍ കവിഞ്ഞു ഒന്നും ഈ കൂട്ടര്‍ സാധാരണക്കാരന് നല്‍കുന്നില്ല .

    അവാര്‍ഡ് തുക എന്ത് ചെയ്തു എന്ന് പറഞ്ഞത് നന്നായി.. ഇതുപോലുള്ള കാര്യങ്ങള്‍ തുറന്നു പറയുന്നത് പലര്‍ക്കും പ്രചോദനം ആയേക്കാം ..അത് എതെന്കിലും ആശരണര്‍ക്ക് തുണ ആകുമല്ലോ .

    എല്ലാ ഭാവുകങ്ങളും

  5. അവരോടു പോയി പണി നോക്കാന്‍ പറ… അല്ലേലും നല്ലത് പറഞ്ഞാല്‍ നാ__കള്‍ക്ക് പിടിക്കില്ലല്ലോ.
    നന്നായി മനോജേട്ടാ ..

  6. താങ്കളൂടെ ഒട്ടു മിക്ക ബ്ലോഗുകള്‍ വായിക്കുകയും ചില ചെറിയ കമെന്റുകള്‍ ഇടൂകയും ചെയ്യുന്ന ഒരു സുഹൃത്ത് ആണൂ ഞാന്‍ . അനാവിശ്യ വിവാദങ്ങള്‍ ബ്ലഡി മല്ലൂസിന്റെ കൂടപിറപ്പാണൂ (തനിക്കു കിട്ടാത്തതിന്റെ ചൊരുക്ക്) അവര്‍ അവരുടെ സംസ്ക്കാരം കാണീച്ചു താങ്കള്‍ താങ്കളൂടേയും..അങ്ങിനെ വിചാരിച്ചാല്‍ മതി..
    താങ്കള്‍ ചെയ്ത നല്ല കാര്യം അതിനു പ്രതിഫലം ലഭിക്കും..ആ കുഞ്നു ങ്ങളുടെ പ്രാര്‍ഥനയില്‍ താങ്കളൂണ്ടാകും അതല്ലെ വലിയ അവാര്‍ഡ്…
    നല്ലതു വരട്ടെ

  7. താങ്കളൂടെ ഒട്ടു മിക്ക ബ്ലോഗുകള്‍ വായിക്കുകയും ചില ചെറിയ കമെന്റുകള്‍ ഇടൂകയും ചെയ്യുന്ന ഒരു സുഹൃത്ത് ആണൂ ഞാന്‍ . അനാവിശ്യ വിവാദങ്ങള്‍ ബ്ലഡി മല്ലൂസിന്റെ കൂടപിറപ്പാണൂ (തനിക്കു കിട്ടാത്തതിന്റെ ചൊരുക്ക്) അവര്‍ അവരുടെ സംസ്ക്കാരം കാണീച്ചു താങ്കള്‍ താങ്കളൂടേയും..അങ്ങിനെ വിചാരിച്ചാല്‍ മതി..
    താങ്കള്‍ ചെയ്ത നല്ല കാര്യം അതിനു പ്രതിഫലം ലഭിക്കും..ആ കുഞ്നു ങ്ങളുടെ പ്രാര്‍ഥനയില്‍ താങ്കളൂണ്ടാകും അതല്ലെ വലിയ അവാര്‍ഡ്…
    നല്ലതു വരട്ടെ

  8. നിരക്ഷരാ ആ വേദന മനസ്സിലായി.സ്യൂട്ടും കോട്ടും ഇട്ടിട്ടൊന്നും ഒരു കാര്യവുമില്ല “എച്ചി എന്നും എച്ചി തന്നെ” .ഇത് വായിച്ചപ്പോള്‍ ഞാന്‍ പണ്ട് നടത്തിയ ഒരു അഖില കേരളാ ചെറുകഥാ മല്‍സരത്തിന്‍റെ കാര്യം ഓര്‍ത്തു പോയി.ഈ ലിങ്കിലുണ്ട് വിശേഷം-http://vettathan.blogspot.in/2011/08/blog-post_31.html

    1. അത് അയാളുടെ വ്യക്തിപരമായ ചില ബന്ധങ്ങളായിരുന്നു.ഇതിലൂടെ എഴുതാന്‍ വയ്യ.

  9. മനോജേട്ടാ…
    ഇത്തരക്കാരോട് പ്രതികരിക്കാതിരിക്കുകയാണ് ഭേദം… “Unjust criticism is often a disguised compliment”..
    നന്മകൾ നേരുന്നു……………..

  10. മനോജേട്ടാ…
    ഇത്തരക്കാരോട് പ്രതികരിക്കാതിരിക്കുകയാണ് ഭേദം… “Unjust criticism is often a disguised compliment”..
    നന്മകൾ നേരുന്നു……………..

  11. ഞാന്‍ കണ്ടിടത്തോളം ഇന്റെര്‍നെറ്റിലും സോഷ്യല്‍ മീഡിയകളിലും അല്ലാവരും അമ്പതു വയസ്സുന്ടെങ്കിലും അഞ്ചു വയസ്സിന്റെ ബുദ്ധിയെ കാണാറുള്ളൂ…

  12. മനോജേട്ടാ,
    ബ്ലോഗുകൾ വായിക്കാനും കമന്റാനുമുള്ള സമയമില്ലെങ്കിലും ഞാൻ ശ്രദ്ധിക്കാറുണ്ട് എഴുത്തുകളും ഫേസ്‌ബുക്ക് സ്റ്റാറ്റസുകളുമൊക്കെ. All I understood from your online activities is you are a nice person. So, dont worry..
    സുമനസുകൾക്ക് നല്ലതേ വരൂ..
    അഭിനന്ദനങ്ങൾ..

  13. മനോജേട്ടാ,
    ബ്ലോഗ് വായിക്കാനും കമന്റാനുമൊന്നും സമയം ലഭിക്കാറില്ലെങ്കിലും ഞാൻ ശ്രദ്ധിക്കാറുണ്ട്, താങ്കളുടെ എഴുത്തുകളും ഫേസ്‌ബുക്ക് സ്റ്റാറ്റസുകളും. ഇത്രയും കാലത്തെ ഓൺലൈൻ പ്രവർത്തനങ്ങളിൽ നിന്ന് താങ്കളെക്കുറിച്ച് നല്ലതു മാത്രമേ മനസ്സിലാക്കാനായിട്ടുള്ളൂ.. അതു കൊണ്ടു തന്നെ വിഷമിക്കാതിരിക്കുക. സുമനസ്സുകൾക്ക് നല്ലതേ വരൂ.

    അഭിനന്ദനങ്ങൾ..

  14. Dear manoj, well done….നന്നായി കാര്യങ്ങള്‍ പറഞ്ഞു.. മനസ്സിന്‍റെ ഭാരം കുറഞ്ഞല്ലോ….ദൈവം അനുഗ്രഹിക്കും….

  15. നല്ല കാര്യം. അസൂയയുടയും അഹങ്കാരത്തിന്റെയും പിടിയിലകപ്പെട്ടവര്‍ക്ക് മറ്റൊരാള്‍ക്ക് സന്തോഷം വരുന്നത് സഹിക്കാനാവില്ല. ആ സന്തോഷത്തെ ഇല്ലാതാക്കാന്‍ എന്തും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. അങ്ങനെയും കുറേ മനുഷ്യര്‍!

  16. 1. വിമാനത്തിലായാലും തീയേറ്ററിലായാലും സദസ്സിലായാലും സീറ്റുമാറിയിരിക്കാന്‍ സമ്മതിക്കരുത്. അതുകൊണ്ട് നമുക്കു യാതൊരു ഗുണവുമില്ല, വലിയ ദോഷത്തിന് സാദ്ധ്യതയുണ്ടുതാനും.
    2. സിങ്കപ്പൂരുകാരെ വിടരുതായിരുന്നു. ഈ കൂട്ടം ചേര്‍ന്ന് റാഗ് ചെയ്യുന്നവന്‍മാര്‍ക്ക് ചങ്കൂറ്റമുള്ളവനെ മുള്ളുവോളം പേടിയാ. പക്ഷേ ഓണ്‍ലൈന്‍ ആക്റ്റിവിസ്റ്റുകളോട് പൊരുതിയിട്ട് കാര്യമില്ല, അതുവെറും ടൈം വേസ്റ്റാ.
    3. മിക്ക അവാര്‍ഡുകളിലും രാഷ്ട്രീയമുണ്ട്. നമ്മള്‍ അതു വാങ്ങാന്‍ ചെല്ലുമ്പോള്‍ അറിയാതെയെങ്കിലും നമ്മളും ആ രാഷ്ട്രീയത്തില്‍ പങ്കാളികളാകുകയാണ്. ഒഴിവാക്കാനാകുമെങ്കില്‍ ഇത്തരം കെട്ടുകാഴ്ചകളില്‍നിന്നു മാറിനില്‍ക്കുന്നതാണ് നല്ലത്.

    എന്ന്, ഒരിക്കലും ഒരവാര്‍ഡും കിട്ടാന്‍ യോഗ്യതയില്ലാത്ത ഒരു വാലറ്റക്കാരന്‍…..

  17. ചങ്ങമ്പുഴ പാടിയതറിയില്ലേ ?
    അല്പഞമാരുടെ ക്ഷുദ്ര പ്രശംസതൻ സർപ്പക്കാവല്ലല്ലോ നിന്റെ ൽക്ഷ്യം, പല്ലിറുമ്മട്ടേ നിൻ ചുറ്റുമസൂയകൾ, ചില്ലിചുളിച്ചിടട്ടപ്രിയങ്ങൾ, നിന്നെക്കുറിച്ചാരെന്തോതിയാലോതട്ടെ മുന്നോട്ട് മുന്നോട്ട് പോവുക നീ

  18. ചങ്ങമ്പുഴ പാടിയതറിയില്ലേ ?
    നിന്നെക്കുറിച്ചാരെന്തോതിയാലോതട്ടേ
    മുന്നോട്ട് മുന്നോട്ട് പോവുക നീ

  19. അവാർഡ് കിട്ടിയ്ല്ലെങ്കിലും അവഹേളനം കിട്ടാതിരുന്നാൽ നല്ലതായിരുന്നു എന്ന് താങ്കൾക്ക് തോന്നിക്കാണും ഈ അനുഭവങ്ങളിൽ നിന്ന്. അസഹിഷ്ണുത കാണിക്കാതെ പെരുമാറാൻ ആളുകൾ എന്നാണാവോ പ്രാപതരാവുക..ഒരു കമ്മിറ്റി അവാറ്ഡ് നിശ്ചയിച്ചാൽ അത് അംഗീകരിക്കാൻ ഏല്ലാവരും തയ്യാറാകുക എന്നത് ഒരു സാമാന്യ മര്യാദയല്ലേ. വിവാദങ്ങൾ ആഗ്രഹിക്കുന്നവർ എന്നും അത് ചെയ്തു കൊണ്ടേയിരിക്കും..സമ്മാനത്തുക ദുരിതമനുഭവിക്കുന്നവർക്കയ്ച്ചത് കൊടുത്തത് നന്നായി..ആശംസക്ല്

  20. പലപ്പോഴും മലയാളിയുടെ ഒരു സഹജസ്വഭാവം ആണ് വിവാദം ഉണ്ടാക്കുക എന്നത്. ഒന്നും നടന്നില്ലെങ്കിലും വിവാദം ഉണ്ടാകും, കേരളത്തിന്റെ പല പദ്ധതികളും തുടങ്ങിയതിൽ നിന്നും അധികം മുൻപോട്ട് പോകാത്തതും ഈ വിവാദത്തോടുള്ളപ്രേമം കൊണ്ടാണ്ട്. നമ്മുടെ പദ്ധതികൾ കൊച്ചി മെട്രോ തന്നെ നോക്കൂ ഒന്നും ആയില്ല പക്ഷെ വിവാദം ധാരാളം ഉണ്ടാകുന്നുണ്ട്. സ്മാർട്ട് സിറ്റി വിവാദങ്ങൾ മാത്രം. കളമശ്ശേരി എച്ച് ഡി എൽ വിവാദം മാത്രം. അങ്ങനെ അവാർഡുകളും. നമ്മുടെ ഏതെങ്കിലും അവാർഡ് വിവാദം ഇല്ലാതെ ഉണ്ടോ? പലതിലും പ്രധാനകാരണം നമ്മുടെ പക്ഷങ്ങളാണ് / ഇസങ്ങളാണ്. അത് വിട്ട് നിഷ്പക്ഷമായി ചിന്തിക്കുമ്പോൾ മാത്രമേ വിവാദങ്ങൾക്ക് വിടനൽകാൻ സാധിക്കൂ. അപമാനങ്ങൾ തീർച്ചയായും വേദന നൽകുന്നതാണ്. കാലം ആ മുറിവുകളെ മായ്ക്കട്ടെ.

    അവാർഡ് തുക ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നൽകാനുള്ള തീരുമാനത്തിൽ അഭിമാനമുണ്ട്.

  21. ബൂലോകം ഓണ്‍ ലൈന്‍ ന്റെ അവാര്‍ഡ്‌ അനുബന്ധിച്ച കോലാഹലങ്ങള്‍ കുറച്ചൊന്നും ആയിരുന്നല്ലോ. ഒരാള്‍ എന്തെങ്കിലും നേടുമ്പോള്‍ അപമാനിക്കുന്നത് ഒരു സുഖമായിട്ടുള്ള ഒരു പറ്റം മനുഷ്യര്‍ ഉണ്ട്.നിര്‍ഭാഗ്യ വശാല്‍ താങ്കള്‍ അതിനിരയായി .

    എഴുത്ത് തുടരുക.ആശംസകള്‍

  22. ആദ്യത്തെ അവാർഡ് വാങ്ങാൻ പോയപ്പോഴുണ്ടായ തിക്താനുഭവങ്ങൾ ഇപ്പോഴാണ് അറിവായത്. അങ്ങനെയും ചിലർ ഭൂമിയിലുണ്ട്. അതിൽ മലയാളീകളും വരും. അത്രതന്നെ. നമ്മൾ അവരോട് കലഹിച്ചതുകൊണ്ട് അവർ നന്നാകുമെന്നും അത് ഒരു അനുഭവപാഠം ആക്കുമെന്നും കരുതാനാകില്ല. ഒരു അനുഭവപാഠം ഉൾക്കൊള്ളാനും വേണം സംസ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നല്ലൊരു മനസ്. അതവർക്കില്ലെന്ന് അവർ സ്വയം തെളിയിച്ച സ്ഥിതിയ്ക്ക് നാം വേവലാതിപ്പെടേണ്ടതില്ല. പിന്നെ രണ്ടാമത്തെ അവാർഡിന്റെ കാര്യം. അത് ഞാൻ അന്നേ പറഞ്ഞിരുന്നതാണ്. അവാർഡിനെ കേവലം പ്രോത്സാഹനം എന്നതിനപ്പുറം കാണേണ്ട കാര്യം തന്നെയില്ല. അതും ഒരു സ്വകാര്യസംരഭകർ നൽകുന്ന അവാർഡ്. അവർക്ക് ഒരു ജഡ്ജുമെന്റുമില്ലാതെതന്നെ ഇഷ്ടമുള്ളവർക്ക് നൽകാൻ സ്വാതന്ത്ര്യമുള്ള കാര്യമാണ് അവാർഡ്. പക്ഷെ അവർ അവർക്കിഷ്ടമുള്ള രീതിയിൽ അതല്പം ജനകീയമാക്കി എന്നേയുള്ളൂ. അർഹരിൽ നിന്ന് ചിലരെ തെരഞ്ഞെടുക്കലാണ് ഓരോ അവാർഡും. അതുകൊണ്ട് അത് കിട്ടാത്തവരാരും മോശക്കാരാകില്ല. ഒരാൾക്ക് അവാർഡ് കിട്ടുന്നത് ആ അവാർഡ് തീരുമാനിക്കുന്ന വ്യക്തികളുടെ- അത് ഒരാളായാലും ചുരുക്കം ചിലരായാലും ഒരുപാടു പേർ ചേർന്നായാലും-അവരുടെ മനോനിലകളുടെ കൂടി സ്വാധീനം അതിൽ വരും. തികച്ചും കുറ്റമറ്റ രീതിയിൽ എല്ലാവരെയും തൃപ്തിപ്പെടുത്തി എല്ലാ കാര്യത്തിലും ഒരു തീരുമാനത്തിലെത്തുക ദുഷ്കരമാണ്. അവാർഡിന്റെ കാര്യവും അതുതന്നെ. ഞാനും അന്ന് അവസാൻ റൗണ്ടിലെ പത്ത് പേരിൽ ഉൾപ്പെട്ടതാണ്. ഒന്നാമതെത്താത്തതിൽ ഒരു നിരാശയും തോന്നിയില്ല. ആരോടും ഒരു പരാതിയും പറഞ്ഞില്ല. പക്ഷെ എല്ലാവരും അങ്ങനെ ചിന്തിക്കണമെന്ന് നാം പ്രതീക്ഷിച്ചിട്ട് കാര്യമില്ലല്ലോ. അതുകൊണ്ട് നമുക്കത് വിട്ടുകളയുക. അവാർഡ് തുക എൻഡോ സൾഫാൻ ദുരിതബാധിതർക്ക് നൽകിയത് മഹത്തരമായ ഒരു നന്മ. ഇനി ആ നന്മയെത്തന്നെ ആരെങ്കിലും വിമർശിച്ചാലും അദ്ഭുതമില്ല. ഇത് ജനാധിപത്യരാജ്യമല്ലേ? പൊതുജനം പലവിധം. വിനയാന്വിതമായ കർമ്മപഥത്തിലൂടെ ഇനിയും മുന്നേറുവാൻ അക്ഷരം എന്നേ ഉറച്ചുകഴിഞ്ഞ നിരക്ഷരന് എല്ലാ ഭാവുകങ്ങളും നേരുന്നു.

  23. എഴുത്തിലൂടെ കിട്ടുന്ന പണം മുഴുവൻ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി നൽകാൻ മാതൃക കാണിച്ചുതന്ന്, പഠിപ്പിച്ചത് മൈന ഉമൈബാൻ എന്ന എഴുത്തുകാരിയും സുഹൃത്തുമാണ്. മൈന പകർന്നുതന്ന നല്ല മാർഗ്ഗം പിന്തുടരുന്നെന്ന് മാത്രം. ഇതേ പാത പിന്തുടരാൻ മറ്റാർക്കെങ്കിലും പറ്റിയെങ്കിൽ നല്ലതല്ലേ എന്ന ഉദ്ദേശത്തോടെ, ‘ഇടത് കൈ ചെയ്യുന്നത് വലതുകൈ അറിയരുത് ’ എന്ന പഴഞ്ചൊല്ലിന് തൽക്കാലം അവധി നൽകുന്നു. എല്ലാവർക്കും നന്ദി.

  24. വളരെ നന്നായി മനോജ്.അക്ഷരത്തിന്റെ വരദാനത്തിന് നന്ദി പറയാൻ ഈ വഴിതന്നെയാണ് വർഷങ്ങൾക്കുമുമ്പേ ഞാനും തിരഞ്ഞെടുത്തിട്ടുള്ളത്

  25. നന്നായി മനോജ്.അക്ഷരത്തിന്റെ വരത്തിന് നന്ദി പറയാൻ ഈ വഴിതന്നെയാണ് വർഷങ്ങൾക്ക് മുമ്പ് ഞാനും സ്വീകരിച്ചത്

  26. സമൂഹത്തോട്‌ ഒരു ബാധ്യത എഴുത്തുകാരന് ഉണ്ടെന്നു സ്വയം തോന്നുന്ന അപൂര്‍വ്വം ചില വ്യക്തിത്വങ്ങളില്‍ ഒരാളാണ് താങ്കള്‍. പേപ്പട്ടികള്‍ ഭൂലോകത്ത്‌ കിടന്നു കുറയ്ക്കുന്നത് കാര്യമാക്കേണ്ട. അവരെ ആരെങ്കിലും തല്ലികൊല്ലും. നമ്മളായിട്ട് അത് കാര്യമാക്കേണ്ട.

  27. മനോജേട്ടാ നിങ്ങളെ ഞാന്‍ കണ്ടിട്ടില്ല പക്ഷെ എഴുതുന്നതൊക്കെ വായിക്കാറുണ്ട് ചിലപ്പോഴൊക്കെ ചില എഴുത്തുകളോട് വിയോജിപ്പും ഉണ്ടായിട്ടുണ്ട് . പക്ഷെ ഇപ്പൊ എന്തോ എനിക്ക് നിങ്ങളോട് വലിയ ബഹുമാനം തോന്നുന്നു Hats off you ചേട്ടാ…അനുഭവിച്ച വിഷമങ്ങളും പ്രയാസവും നന്നായി മനസിലാവുന്ന മറ്റൊരു സാധാരണക്കാരന്‍.:)

  28. മുന്നോട്ടു തന്നെ,
    വഴുക്കാന്‍ പഴത്തൊലികള്‍
    പിന്നെ, അവന്‍ അറിഞ്ഞു തുപ്പിയ കഫവും
    അറിവിന്റെ വെളിച്ചം സാക്ഷി
    മുന്നോട്ടു തന്നെ
    അവിടെ അകലെ ആരോ
    അവിടെയും എനിക്ക് ചിലത് പറയാനുണ്ട്
    നിങ്ങള്ക്ക് തളിക്കാം കാര മുള്ളുകള്‍.
    സലാം

  29. നീരൂ..
    എഴുത്തിലൂടെ ഏറെ അടുപ്പം തോന്നിയ ഒരാളാണ് താങ്കള്‍.
    എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കാണും രണ്ടു വശങ്ങള്‍, സന്തോഷിക്കുമ്പോള്‍ മാത്രമല്ല സങ്കടപ്പെടുമ്പോഴും ഉണ്ടാകും ചിലരെങ്കിലും കൂടെ. ധൈര്യമായി മുന്നോട്ട് പോകുക.

    നന്മകള്‍ നേരുന്നു.

  30. മനോജേട്ടാ,

    നല്ല മനസ്സിനു എന്നും നല്ലത് മാത്രേ വരൂ,

    ആശംസകളോടെ

    അനു

  31. ഞാന്‍ ഏറ്റവും ബഹുമാനത്തോടെ കാണുന്ന, എഴുത്തിലും പ്രവൃത്തിയിലും സാമൂഹ്യ പ്രതിബദ്ധതയുള്ള അപൂര്‍വം ബ്ലോഗര്‍മാരില്‍ ഒരാളാണ് മനോജേട്ടന്‍.

    ആദ്യമായി സന്തം ബ്ലോഗ് പ്രസിദ്ധീകരിക്കുവാന്‍ പ്രേരണയായതും താങ്കളുടെ “ചില യാത്രകള്‍” തന്നെ. ദേശാഭിമാനി, യുവധാര, കേരളഭൂഷണം എന്നീ പ്രിന്റ് മാധ്യമങ്ങള്‍ക്ക് പുറത്ത് ആദ്യമായി ഒരു സൈബര്‍ മാധ്യമത്തില്‍ എന്റെ കുറിപ്പുകള്‍ക്ക് ഇടം നല്‍കിയതും താങ്കളുടെ “യാത്രകള്‍.കോം” ആണെന്ന് നന്ദിയോടെ സ്മരിക്കുന്നു.

    മനോജേട്ടന്റെ ആദ്യ അവാര്‍ഡ് അനുഭവം ശരിക്കും സങ്കടം ഉളവാക്കി, അങ്ങയുടെ മാന്യത അതിനനുവദിക്കുന്നില്ലെങ്കില്ലും കോട്ടിട്ട കൊരങ്ങന്മാര്‍ക്ക് അതേ വേദിയില്‍ തന്നെ പരസ്യമായി മറുപടി നല്‍കാമായിരുന്നു എന്നപക്ഷക്കാരനാണു ഞാന്‍.

    സൂപ്പര്‍ബ്ലോഗര്‍ അവാര്‍ഡ് പുറം ചൊറിയലുകാരുടെ ഒരു ഉല്‍സവം ആയി കാണുവാനാണ് എനിക്കു താല്‍പര്യം, എങ്കിലും താങ്കളെ അവര്‍ ഇപ്രാവശ്യം സൂപര്‍ബ്ലോഗറായി തിരഞ്ഞെടുത്തത് അവാര്‍ഡിന്റെ വിശ്വാസ്യത ഉറപ്പിക്കാന്‍ മാത്രം എന്നു കരുതുന്നു. കാരണം ഓണ്‍‌ലൈന്‍ വായനക്കാരുടെ ഇടയില്‍ ആ അവാര്‍ഡിനെക്കാളും അതിന്റെ പേരില്‍ മേനി നടിക്കുന്ന ഏതൊരു ബ്ലോഗറെക്കാളും വളരെ വളരെ ഉയരത്തിലാണ് നിരക്ഷരന്‍ എന്ന സോഷ്യല്‍ ആക്ടിവിസ്റ്റിന്റെ സ്ഥാനം.

    വെടിവെക്കട്ടെ വിരുദ്ധന്മാര്‍.. വേട്ടപ്പട്ടി കുരയ്ക്കട്ടെ

    പോകുക സധൈര്യം മുന്നോട്ട്…. ദൂരമേറെ മുന്നില്‍… കര്‍മ്മസാക്ഷ്യം ഏകാന്‍.

  32. ഞാന്‍ ഏറ്റവും ബഹുമാനത്തോടെ കാണുന്ന, എഴുത്തിലും പ്രവൃത്തിയിലും സാമൂഹ്യ പ്രതിബദ്ധതയുള്ള അപൂര്‍വം ബ്ലോഗര്‍മാരില്‍ ഒരാളാണ് മനോജേട്ടന്‍.

    ആദ്യമായി സന്തം ബ്ലോഗ് പ്രസിദ്ധീകരിക്കുവാന്‍ പ്രേരണയായതും താങ്കളുടെ “ചില യാത്രകള്‍” തന്നെ. ദേശാഭിമാനി, യുവധാര, കേരളഭൂഷണം എന്നീ പ്രിന്റ് മാധ്യമങ്ങള്‍ക്ക് പുറത്ത് ആദ്യമായി ഒരു സൈബര്‍ മാധ്യമത്തില്‍ എന്റെ കുറിപ്പുകള്‍ക്ക് ഇടം നല്‍കിയതും താങ്കളുടെ “യാത്രകള്‍.കോം” ആണെന്ന് നന്ദിയോടെ സ്മരിക്കുന്നു.

    മനോജേട്ടന്റെ ആദ്യ അവാര്‍ഡ് അനുഭവം ശരിക്കും സങ്കടം ഉളവാക്കി, അങ്ങയുടെ മാന്യത അതിനനുവദിക്കുന്നില്ലെങ്കില്ലും കോട്ടിട്ട കൊരങ്ങന്മാര്‍ക്ക് അതേ വേദിയില്‍ തന്നെ പരസ്യമായി മറുപടി നല്‍കാമായിരുന്നു എന്നപക്ഷക്കാരനാണു ഞാന്‍.

    സൂപ്പര്‍ബ്ലോഗര്‍ അവാര്‍ഡ് പുറം ചൊറിയലുകാരുടെ ഒരു ഉല്‍സവം ആയി കാണുവാനാണ് എനിക്കു താല്‍പര്യം, എങ്കിലും താങ്കളെ അവര്‍ ഇപ്രാവശ്യം സൂപര്‍ബ്ലോഗറായി തിരഞ്ഞെടുത്തത് അവാര്‍ഡിന്റെ വിശ്വാസ്യത ഉറപ്പിക്കാന്‍ മാത്രം എന്നു കരുതുന്നു. കാരണം ഓണ്‍‌ലൈന്‍ വായനക്കാരുടെ ഇടയില്‍ ആ അവാര്‍ഡിനെക്കാളും അതിന്റെ പേരില്‍ മേനി നടിക്കുന്ന ഏതൊരു ബ്ലോഗറെക്കാളും വളരെ വളരെ ഉയരത്തിലാണ് നിരക്ഷരന്‍ എന്ന സോഷ്യല്‍ ആക്ടിവിസ്റ്റിന്റെ സ്ഥാനം.

    വെടിവെക്കട്ടെ വിരുദ്ധന്മാര്‍.. വേട്ടപ്പട്ടി കുരയ്ക്കട്ടെ

    പോകുക സധൈര്യം മുന്നോട്ട്…. ദൂരമേറെ മുന്നില്‍… കര്‍മ്മസാക്ഷ്യം ഏകാന്‍.

  33. തമ്മിൽ കണ്ടിട്ടില്ലെങ്കിലും, പലകാര്യങ്ങളിലും മനോജേട്ടൻ എനിക്ക് ഗുരു തുല്യനാണ്. അറിയാതെ എത്തിപ്പെട്ടതാണെങ്കിൽ കൂടി ഞാൻ ആദ്ധ്യമായി വായിച്ചത് “ചില യാത്രകൾ” ആണ്. അന്നുമുതലാണ് ബ്ലോഗ് വായന തുടങ്ങിയത്.ആരാധനയും അസൂയയും തോന്നുന്ന ശൈലി. ഇനിയും എഴുതൂ, പ്രതിഭലം ഞങ്ങൾ വായനക്കാരുടെ സ്നേഹം, അതു ആവോളം നൽകാം നങ്ങൾ എന്നും……

  34. എന്റെ ബ്ലോഗ്‌ ജീവിതവുമായി അഭേദ്യ ബന്ധമുള്ള ഒരു പേരാണ് ‘നിരക്ഷരന്‍’.താങ്കളില്‍ നിന്നും ആദ്യത്തെ ആ കമന്റ്‌ കിട്ടിയില്ലായിരുന്നെങ്കില്‍ ഞാനന്നേ ബ്ലോഗാപ്പീസ് പൂട്ടിപ്പോയിട്ടുണ്ടാകുമായിരുന്നു.(ഇപ്പോള്‍ ആപ്പീസ് സൈലന്റ് ആണെന്നത് സത്യം)
    വ്യത്യസ്തമായ പേരും ‘എണ്ണപ്പാടത്തെ എഞ്ചിനീയര്‍’എന്ന വിശേഷണവും മനസ്സില്‍ പതിഞ്ഞ കാര്യങ്ങളാണ്.
    ചീത്ത മനുഷ്യര്‍ എവിടെപ്പോയാലും അവിടെ കയ്യൊപ്പ് പതിപ്പിച്ചിരിക്കും.ഇതൊന്നും കേട്ട് പതറരുത്.
    എല്ലാവിധ ആശംസകളും.

  35. മനോജിനെ ചീത്തപറഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്റ് വായിച്ചതോര്‍ക്കുന്നു… തമാശയാണന്നു തോന്നിയത്.. വായിച്ചവര്‍ക്കെല്ലാം അങ്ങിനെയാവുമെന്നും തോന്നി….അങ്ങിനെയെടുത്താല്‍മതി. നല്ല മനസ്സിന് എല്ലാ നന്മകളും.

  36. അതെ, “നമുക്ക് കിട്ടാനുള്ളത് കിട്ടി വീര്‍ത്തു നീരുവച്ചതും, പഴുത്തു പൊട്ടി പുന്നായതും ആരും അറിയുന്നില്ലല്ലോ…!”… അതെ, അതാണ്‌ സത്യം. പച്ചയായ യാഥാര്‍ത്ഥ്യം പറഞ്ഞു വെണ്ണീറാകാന്‍ വിധിക്കപ്പെട്ട സ്വത്വമുള്ള ജന്മങ്ങളുടെ വിധി!

  37. അതെ, “നമുക്ക് കിട്ടാനുള്ളത് കിട്ടി വീര്‍ത്തു നീരുവച്ചതും, പഴുത്തു പൊട്ടി പുന്നായതും ആരും അറിയുന്നില്ലല്ലോ…!”… അതെ, അതാണ്‌ സത്യം. പച്ചയായ യാഥാര്‍ത്ഥ്യം പറഞ്ഞു വെണ്ണീറാകാന്‍ വിധിക്കപ്പെട്ട സ്വത്വമുള്ള ജന്മങ്ങളുടെ വിധി!

  38. അതെ, “നമുക്ക് കിട്ടാനുള്ളത് കിട്ടി വീര്‍ത്തു നീരുവച്ചതും, പഴുത്തു പൊട്ടി പുണ്ണായതും ആരും അറിയുന്നില്ലല്ലോ…!”… അതെ, അതാണ്‌ സത്യം. പച്ചയായ യാഥാര്‍ത്ഥ്യം പറഞ്ഞു വെണ്ണീറാകാന്‍ വിധിക്കപ്പെട്ട സ്വത്വമുള്ള ജന്മങ്ങളുടെ വിധി!

  39. All of the comments here are of preaching or consolation in nature! There wasn’t any genuine criticism posted to you. Coincidence or censored?

    I like your work but should be more courageous for being impartial (my anonymity is intentional and would not have benefited you anymore than otherwise)

    1. @ Anonymous – അഭിപ്രായങ്ങൾ സെൻസറിങ്ങ് നടത്തേണ്ട ആവശ്യം വന്നാൽ അത് ചെയ്തിരിക്കും. അതിൽ തർക്കമൊന്നുമില്ല. പക്ഷെ, ഒരുപാട് വലിയ വലിയ കാര്യങ്ങൾ പറഞ്ഞ് വരുന്ന താങ്കളെപ്പോലെ മുഖമില്ലാത്തവരുടെ കമന്റുകൾ സെൻസർ ചെയ്യാൻ മാത്രം ഭീരുവല്ല ഞാൻ. ഇന്ന് കുറഞ്ഞ സമയത്തിനുള്ളിൽ എന്റെ പല പോസ്റ്റുകളിലായി നാല് കുറ്റങ്ങൾ മാത്രം കണ്ടുപിടിക്കാൻ (അത് ഒരു intention നോട് കൂടെ ആയാലും അല്ലെങ്കിലും…. അങ്ങനേയും ചിലർ ഉണ്ടാകുന്നതിൽ സന്തോഷമേയുള്ളൂ.) മെനക്കെട്ട ഒരാളുടെ മനഃശാസ്ത്രം പുതുതായിട്ട് പഠിക്കാനൊന്നുമില്ല എനിക്ക് എന്നത് മാത്രമാണ് നിരാശയുണ്ടാക്കിയത്. ഇവിടെ ഈ ബ്ലോഗിൽ താങ്കളുടെ വിലപ്പെട്ട സമയം പാഴാക്കുന്നതിന് നന്ദി. I like your work എന്ന നല്ല വാക്കുകൾക്കും നന്ദി.

Leave a Reply to നൂലന്‍ Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>