DSC08281

നമ്പാടന്റെ നമ്പറുകൾ


രിച്ചാക്കിന് കൈയ്യും കാലും വെച്ചതുപോലെയാണ് ഭക്ഷ്യമന്ത്രി ടി.എച്ച്.മുസ്തഫ.

മുൻഭക്ഷ്യമന്ത്രി ടി.എച്ച്.മുസ്തഫയുടെ വാക്കും പഴയ ചാക്കും ഒരുപോലെയല്ല. ചാക്കിന് വിലയുണ്ട്.

മന്ത്രി മുസ്തഫയെ കണ്ടാൽ കേരളത്തിൽ ദാരിദ്യമുണ്ടെന്ന് ആരെങ്കിലും പറയുമോ ? ടീവിയിൽ നിറഞ്ഞ് നിൽക്കുകയാണ്. ചെറിയ ടീവിയാണെങ്കിൽ പൊളിഞ്ഞുപോകും. എല്ലാവർക്കുമുള്ളത് അങ്ങേര് തന്നയല്ലേ കഴിക്കുന്നത് ?

ഭക്ഷ്യമന്ത്രി മുസ്തഫ ചാറ്റൽ മഴയത്ത് മഴക്കോട്ടിട്ട് നടന്നുപോകുമ്പോൾ ട്രാഫിക്ക് പൊലീസ് കൈ കാണിച്ച് തടഞ്ഞുനിർത്തി. ചോദ്യം ചെയ്തു. അബദ്ധം മനസ്സിലാക്കി വിട്ടയച്ചു. ഓട്ടോറിക്ഷ ലൈറ്റിടാതെ പോകുകയാണെന്ന് തെറ്റിദ്ധരിച്ചാണത്രേ പൊലീസ് തടഞ്ഞുനിർത്തിയത്.

വരികൾ ശ്രീ.ലോനപ്പൻ നമ്പാടന്റേതാണ്. ഇതൊക്കെയും വായിക്കുമ്പോൾ തോന്നും ലോനപ്പൻ നമ്പാടൻ ഏറ്റവും കൂടുതൽ ആക്രമിച്ചിരിക്കുന്നത് ടി.ഏച്ച്. മുസ്തഫയെ ആണെന്ന്. അങ്ങനൊന്നുമില്ല. നമ്പാടൻ മാഷ് ആരേയും വെറുതെ വിട്ടിട്ടില്ല. നായനാർ മുതൽ കരുണാകരൻ വരെ. പള്ളിക്കാർ മുതൽ പള്ളിക്കൂടത്തിലുള്ളവർ വരെ. എല്ലാവരും ഈ നിയമസഭാ സാമാജികന്റെ ഹാസ്യരസം നിറഞ്ഞ വിമർശനങ്ങൾക്ക് ഇരയായിട്ടുണ്ട്. ഡി.സി.ബുക്സ് പുറത്തിറക്കിയിരിക്കുന്ന ‘നമ്പാടന്റെ നമ്പറുകൾ‘, ലോനപ്പൻ നമ്പാടൻ എന്ന സരസനായ രാഷ്ട്രീയക്കാരന്റെ ചിന്തിപ്പിക്കുന്ന നിരീക്ഷണങ്ങളും ചിരിപ്പിക്കുന്ന നമ്പറുകളും കുറിക്ക് കൊള്ളുന്ന വിമർശനങ്ങളും കൊണ്ട് നിറഞ്ഞതാണ്. പുട്ടിന് പീരയെന്ന പോലെ കാർട്ടൂണിസ്റ്റ് സുധീർനാഥിന്റെ വരകളുമുണ്ട്.

‘ഗ്രൌണ്ട് ‘ എന്നാൽ ഭൂമി. ‘വാട്ടർ‘ എന്നാൽ ജലം. ഗ്രൌണ്ട് വാട്ടർ എന്നാലോ ഭൂഗർഭജലം. ഈ ഗർഭം എവിടന്ന് വന്നു ? ഭൂജലം എന്ന് പോരേ ? നേർച്ചപ്പെട്ടിക്ക് ഇംഗ്ലീഷില്ലേ ? ചില സരസ ചിന്തകൾ അങ്ങനെ പോകുന്നു.

കൊതിക്കല്ലുകൾ എന്താണെന്നും ചേരമൂർഖന്റെ പ്രത്യേകതയെന്താണെന്നും അറിയാത്തവർക്ക് അത് നർമ്മത്തിലൂടെ മനസ്സിലാക്കാനുള്ള അവസരവും മാഷ് തരുന്നുണ്ട്.

വെഡ്ഡിങ്ങും വെൽഡിങ്ങും ഒന്നുതന്നെ. പുരുഷനും സ്ത്രീയും തമ്മിലുള്ള വെൽഡിങ്ങാണ് വെഡ്ഡിങ്ങ്.

‘ഡാ’ യെന്ന് മകനേയും ‘ഡീ’ യെന്ന് മകളേയും വിളിക്കുന്ന അച്ഛനെ മക്കൾ തിരിച്ചടിയെന്നോണം ‘ഡാഡീ’ എന്ന് വിളിക്കും എന്നത് അദ്ദേഹം മാത്രം ശ്രദ്ധിച്ചുവെച്ചിരിക്കുന്ന ഒരു കാര്യമാകാനും മതി.

സീതിഹാജി എറണാകുളം ലൈൻ ബസ്സിൽ ടിക്കറ്റെടുത്ത കഥയുടെ മറ്റ് വേർഷനുകൾ മുൻപ് പലയിടത്തും കേട്ടിട്ടുണ്ട്. മേനക, പത്മ, ഷേണായീസ്, ശ്രീധർ, ദീപ, കവിത, സരിത, ലിസി, എന്നീ പേരുകൾ പറഞ്ഞ് യാത്രക്കാർ ഓരോരുത്തർ ടിക്കറ്റെടുക്കുമ്പോൾ ‘ഒരു സീതിഹാജി‘ എന്നുപറഞ്ഞ് ടിക്കറ്റെടുക്കുന്ന ആ കഥ സീതിഹാജിയുടെ വക തന്നെ ആയിരുന്നോ ? അതിലെ സത്യാവസ്ഥ എന്തായാലും കൊള്ളാം, നമ്പാടന്റെ പോലെ തന്നെ ഒന്നൊന്നര പുസ്തകമാക്കാനുള്ള ഫലിതങ്ങൾ സീതിഹാജിയും ഇറക്കിയിട്ടുണ്ട്. 

പൂച്ചയെ കണ്ടുപഠിക്കാം, കുറുക്കനും കുടുബവും, എന്ന നമ്പറുകളൊക്കെ പ്രകൃതിയെ സസൂക്ഷ്മം നിരീക്ഷിക്കുകയും അവിടന്ന് കിട്ടിയത് ഹാസ്യരസപ്രധാനമായി അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു സഹൃദയന്റേതാണ്.

കല്യാണക്കാർഡ് ഇംഗ്ലീഷിൽ അച്ചടിക്കുന്ന മലയാളി മരണക്കാർഡ് മലയാളത്തിലേ അടിക്കൂ എന്നത് എത്ര പേർ ശ്രദ്ധിച്ചിട്ടുണ്ടാകുമോ ആവോ ?

നാട്ടിൽ കുടികിടപ്പുകാരുടെ എണ്ണം കൂടിക്കൂടി വരുകയാണെന്നാണ് നമ്പാടൻ മാഷ് പറയുന്നത്. കുടിക്കുക, കിടക്കുക. അതാണ് മാഷുദ്ദേശിക്കുന്ന കുടികിടപ്പ്. നല്ല കുടിയന്മാർക്ക് രണ്ട് ഗുണങ്ങളുണ്ട്. 1)വീട്ടിൽ കള്ളൻ കേറുകയില്ല. 2)മുടിനരക്കുകയില്ല.  ഒന്നൊന്നര വിശദീകരണമാണ് ഇതിന്റേതായി നൽകിയിട്ടുള്ളത്. കുടിയന്മാർക്ക് വേണ്ടി 3 കിടിലൻ പ്രമാണങ്ങളും തരുന്നുണ്ട് ലേഖകൻ. കൃസ്ത്യാനികൾ നല്ല ‘സ്പിരിറ്റു’ള്ളവരാണെന്ന് ഒരു താങ്ങലുമുണ്ട് ഇതിനിടയിൽ.

കുട്ടി അഹമ്മദ് കുട്ടി പുഷ്‌പുൾ എഞ്ചിൻ പോലെയാണെന്ന് പറയുന്നത് അദ്ദേഹത്തിന്റെ പേരിലുള്ള പ്രത്യേകത കൊണ്ടാണ്. മറ്റാരും ചിന്തിക്കാൻ പോലും സാദ്ധ്യതയില്ലാത്ത ഒരു ട്രാക്കാണത്. വീരേന്ദ്രകുമാർ ജനിച്ചത് തന്നെ എം.പി. ആയിട്ടാണെന്ന് പറയുന്നതും ആ പേരിലുള്ള പ്രത്യേകത കൊണ്ടുതന്നെ.

ഡി.ഡി.4 എന്ന് നമ്പാടൻ പരാമർശിക്കുന്നത് നിയമസഭയിലെ മുൻ‌നിരയിലുള്ള നായനാർ, ബേബി ജോൺ, ഗൌരിയമ്മ, ടി.കെ.രാമകൃഷ്ണൻ എന്നീ പ്രായം ചെന്ന നാല് നേതാക്കളെയാണ്. ഡി.ഡി. എന്നാൽ ഡഫ് & ഡമ്പ്.

കോൺഗ്രസ്സ് (ഐ)യിൽ നാല് ഗ്രൂപ്പുകളാണുള്ളത്. തിരുത്തൽ‌വാദികൾ, തിരുമ്മൽ‌വാദികൾ, തുരത്തൽ‌വാദികൾ, ഇരുത്തൽ‌വാദികൾ. ഇവയ്ക്കെല്ലാം പുറമേ അലവലാതികൾ. കോൺഗ്രസ്സുകാരെ കൊന്ന് കൊലവിളിച്ചിരിക്കുകയാണിവിടെ.

കോലപ്പന്റെ ഓഫീസർ മലയാളത്തിന് എതിരാണ്. അതുകൊണ്ട്, ഭാര്യ പ്രസവിച്ചപ്പോൾ രണ്ടാഴ്ച്ച ലീവ് കിട്ടാൻ, കോലപ്പന് ഇംഗ്ലീഷിൽത്തന്നെ ലീവ് ലെറ്റർ എഴുതേണ്ടി വന്നു. അതിങ്ങനെ. My wife is born. The boy is girl. I am the only husband. So leave me two week. ഇതൊക്കെ വായിച്ചാൽ ചിരിക്കാതെ പിന്നെന്ത് ചെയ്യും ?

പൃഷ്ഠകുർബ്ബാന, ചെനയുള്ള കുതിര, പ്രെഗ്നന്റാക്കൽ എന്നിങ്ങനെയുള്ള നമ്പറുകളൊക്കെ ചിരിയുടെ മാലപ്പടക്കത്തിനാണ് തിരികൊളുത്തുക. എടുത്തുപറയാൻ ഒരുപാടുണ്ട് ഇത്തരം നമ്പറുകൾ. എല്ലാം കൂടെ 181 എണ്ണം.  വായനയുടെ രസച്ചരട് ഞാനായിട്ട് പൊട്ടിക്കുന്നില്ല.

വാൽക്കഷണം:‌- ബാപ്പോൾ സാർ ആരാണെന്ന് മനസ്സിലാക്കണമെങ്കിൽ നമ്പാടന്റെ നമ്പറുകൾ മാത്രം വായിച്ചാൽ പോര. ഡോ:ബാബുപോൾ എഴുതിയിരിക്കുന്ന ആമുഖം കൂടെ വായിക്കണം.

Comments

comments

29 thoughts on “ നമ്പാടന്റെ നമ്പറുകൾ

  1. :) ഒരു കോപ്പി എന്തായാലും വാങ്ങിക്കണം എന്ന് ഈ പോസ്റ്റ് വായിച്ചപ്പോള്‍ തീരുമാനിച്ചു. നന്ദി നീരൂ.

  2. നമ്പാടന്‍ മാഷ് ഈയിടെ ആത്മകഥയും എഴുതിയിട്ടുണ്ട്. മിക്കവാറും അതിലും ഫലിതങ്ങള്‍ ഒട്ടേറെ കാണുമായിരിക്കും. പ്രസാധനത്തിനു മുന്‍പേ അല്പം വിവാദമൊക്കെ ആ പുസ്തകത്തെ കുറിച്ച് ഉണ്ടായിരുന്നു എന്നോര്‍മ്മ.

  3. നമ്പാടന്‍ വലിയ രസികനായിരുന്നു.കൂടാതെ സമീപകാലത്തെ ഒരു കാലുമാറ്റക്കാരനും.സ്പീക്കറുടെ കാസ്റ്റിങ് വോട്ടില്‍ മുടന്തിക്കൊണ്ടിരുന്ന യു.ഡി.എഫ് മന്ത്രിസഭയെ മറിച്ചിടാന്‍ അസ്സാരം തമാശ തന്നെ മൂപ്പര് കാഴ്ചവെച്ചു.

  4. അദ്ദേഹത്തിന്റെ ആത്മകഥയും വായിച്ചിരുന്നു. വായിച്ചുതുടങ്ങിയാല് തീരാതെ നിറുത്തില്ല. ആത്യുഗ്രന്.

  5. സീതി ഹാജി ഫലിതങ്ങള്‍ ചിലതൊക്കെ കേട്ടിരുന്നു. ഈ പുസ്തകപരിചയം കണ്ടിട്ട് വാങ്ങിയാല്‍ കൊള്ളാമെന്നു തോന്നുന്നു.

  6. “തിരുത്തല്‍ വാദികള്‍, തിരുമ്മല്‍ വാദികള്‍, തുരത്തല്‍ വാദികള്‍, ഇരുത്തല്‍ വാദികള്‍. ഇവയ്ക്കെല്ലാം പുറമേ അലവലാതികള്‍”. ഇതിലും വലിയ ഒരു ദാര്‍ശനിക പ്രസ്താവന വേറെയില്ല :)

    “അവസര വാദികള്‍” കൂടി ആ കൂട്ടത്തില്‍ ചേര്‍ത്താല്‍ ലിസ്റ്റ് പൂര്‍ണ്ണമായി. അവര്‍ തിരുത്തലും തിരുമ്മലും തുരത്തലുമൊക്കെ മാറി മാറി ചെയ്തുകൊണ്ടിരിക്കും.

    അല്ല, ഒരുകണക്കിനു നോക്കിയാല്‍ കോണ്‍ഗ്രസ്സില്‍ മാത്രമല്ല, അഞ്ചാളുകളുള്ള ഏതു കൂട്ടത്തിന്റേയും സ്ഥിതി ഇതാണ് – രാഷ്ട്രീയത്തിലായാലും ഓഫീസിലായാലും കുടുംബത്തിലായാലും.

    നന്നായി എഴുതി. താങ്കളും മാഷും.

  7. ചാരക്കേസിനെത്തുടര്‍ന്ന് കരുണാകരന്‍ പോയി ആന്‍റണി മുഖ്യമന്ത്രിയായി. തോട്ടുടനെ നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ഇരുവരെയും നമ്പാടന്‍ ഇങ്ങനെ വിശേഷിപ്പിച്ചു, വീഴ്ത്തപ്പെട്ട കള്ളനും വാഴ്ത്തപ്പെട്ട കുള്ളനും ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടാനാകില്ല.
    എന്‍റെ നാട്ടുകാരന്‍ സീതി ഹാജിയെക്കുറിച്ച് നമ്പാടന്‍ മാഷ്‌ ഇങ്ങനെയൊരു കഥയിറക്കി. സീതി ഹാജി നിയമ സഭയില്‍ ഒരിക്കല്‍ പ്രസംഗച്ചുവത്രേ, കൊണ്ടോട്ടിയിലെ (ഹാജിയുടെ സ്ഥിരം മണ്ഡലം) ഒരു സ്കൂളിന്‍റെ അറ-റ കുറ-റ പണികള്‍ക്കായി തുക വകയിരുത്തിയത്‌ തീരെ പോരാ. സീതിഹാജി പ്രസംഗിച്ചപ്പോള്‍ അവലംബിച്ചിരുന്ന കുറിപ്പ് പിന്നെ നമ്പാടന്‍ മാഷ്‌ നോക്കിയത്രേ, അറ്റകുറ്റപ്പണികള്‍ എന്ന് വൃത്തിയായി എഴുതിയിട്ടുണ്ട്. ഈ നര്‍മം ഹാജി നന്നായി ആസ്വദിച്ചു എന്നത് രാഷ്ട്രീയക്കാര്‍ക്കിടയിലെ വ്യക്തിബന്ധങ്ങളുടെ മികച്ച മാതൃകയായി എടുത്തു കാണിക്കപ്പെടാറുണ്ട്.
    സീതിഹാജിയെക്കുറിച്ച് മറ്റൊരു കഥ കൂടി: കൊണ്ടോട്ടിയില്‍ നാലാമതും വന്‍പിച്ചഭൂരിപക്ഷത്തിനു വിജയിച്ച ഹാജിയെ തോളിലേറ്റി ജാഥനടത്തുന്നതിനിടെ ആരോ വിളിച്ചു പറഞ്ഞു, സീതി ഹാജിക്ക്‌ പൂച്ചെണ്ട് (bouquet) ഹാജിക്ക് കലി കയറി, അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞുവത്രേ, പൂച്ചേണ്ട് പൂച്ചേണ്ട് എന്ന് പറയാതെ സീതിഹാജിക്ക് ആനണ്ട് എന്ന് പരയിനെടാ,
    നമ്പാടന്‍റെ നമ്പറുകള്‍ വാങ്ങി വായിച്ചിരിക്കും.

  8. നമ്പാടന്‍ മാഷെയും ടി എച് മുസ്തഫയെയും കുറിച്ച് പറഞ്ഞപ്പോള്‍ പള്ളത്താം കുളങ്ങരയില്‍ അദ്ദേഹം നടത്തിയ അദ്ദേഹം നടത്തിയ ഒരു രാഷ്ട്രീയ പ്രസംഗം ആണ് ഓര്‍മ്മ വന്നത്. ഭക്ഷ്യ മന്ത്രിയായ മുസ്തഫ നിയമസഭയില്‍ ഒരു പ്രഖ്യാപനം നടത്തി പോലും:
    “എട്ടു നിത്യോപയോഗ സാധനങ്ങളുടെ വില കുറച്ചിട്ടുണ്ട്”.
    എന്നാല്‍ ആ നിത്യോപയോഗ സാധനങ്ങള്‍ എന്തൊക്കെയെന്നു പറയണം എന്നായി നമ്പാടന്‍. ഉത്തരം മുട്ടിയ മന്ത്രിയെ ഒടുവില്‍ മാഷ്‌ തന്നെ രക്ഷിച്ചുവത്രേ.

    വില കുറഞ്ഞ എട്ടു നിത്യോപയോഗ സാധനങ്ങള്‍:
    ഒരു രൂപ
    അഞ്ചു രൂപ
    പത്തു രൂപ
    ഇരുപതു രൂപ
    അമ്പത് രൂപ
    നൂറു രൂപ
    അഞ്ഞൂറ് രൂപ
    ആയിരം രൂപ

  9. നമ്പാടൻ മാഷ് കഞ്ചാവ്തോട്ടം കാണിക്കാൻ വനംവകുപ്പുമന്ത്രിയായിരുന്ന വിശ്വനാഥമേനോനെ കാട്ടിൽ കൊണ്ടുപോയതാണ് അദ്ദേഹം അവസാനം നടത്തിയ നർമ്മം എന്ന് തോന്നുന്നു.

  10. അത് കലക്കി. എനിക്കും വാങ്ങണം ഒരു കോപ്പി.

    പ്രൊഫ. കെ.വി.തോമസിന്‍റെ “ഓര്‍ഡര്‍ ഓര്‍ഡര്‍ ഓര്‍ഡര്‍” ആണ് നിയമസഭയിലെ ഫലിതങ്ങള്‍ അവതരിപ്പിക്കുന്ന മറ്റൊരു പുസ്തകം. ഡി.സി. ബുക്സ്‌ തന്നെ. അതിന്‍റെ കൂടെ ഇതുംകൂടി ഇരിക്കട്ടെ!

    സിനിമാലോകത്തെ കുറെയധികം തമാശകള്‍ പറയുന്ന “ഫണ്‍ മസാല” ഇതുപോലെ നല്ലൊരെണ്ണം ആണ്. മാതൃഭുമി ബുക്സ്‌.

    വായിച്ചു കാണാതെ പഠിച്ചു വച്ചിരുന്നാല്‍ ഇടയ്ക്കിടെ എടുത്തു വീശാം! അത് മാത്രമോ, കുറേക്കാലം കഴിഞ്ഞു വീണ്ടും വായിക്കാന്‍ ഒരു രസമാണ്.

    (പിന്നെ എന്റെ ഒരു ദു:ശീലം – ഇത്തരം ചെറിയ ചെറിയ നുറുങ്ങുകള്‍ ആയി തയ്യാറാക്കിയ പുസ്തകങ്ങള്‍ ഞാന്‍ പിന്നില്‍ നിന്നും മുന്നിലേക്കാണ് വായിക്കാറ്!)

  11. നമ്പാടൻ മാഷ് ആളൊരു രസികൻ തന്നെ. പണ്ടെങ്ങൊ ടിവിയിൽ ഒരു അഭിമുഖം കണ്ടതോർക്കുന്നു:
    കോൺഗ്രസിലെ ഗ്രൂപ്പുകളിൽ തമ്മിൽ ഭേദമെന്ന് കരുതുന്ന ഗ്രൂപ്പേത് എന്ന് ചോദ്യം.
    “പട്ടിക്കാട്ടത്തിന്റെ ഒരു കഷ്ണമെടുത്ത് പല കഷ്ണങ്ങളാക്കിയിട്ട് ഏതു കഷ്ണമാണ് നല്ലെതെന്നു ചോദിച്ചാൽ എന്താ പറയുക” എന്ന് ഉത്തരം :))

    1. ഈ നമ്പരുകള്‍ ഒന്ന് വായിക്കണമല്ലോ.ആരിഫ് സൈന്‍ പറഞ്ഞത് പോലെ സീതിഹാജിയുടെ കഥകള്‍ ഒരു പാട് കേട്ടിട്ടുണ്ട്.

  12. കൊള്ളാമല്ലോ മനോജേ… ഇത്തരം പുസ്തകങ്ങളിലേയ്ക്ക് അധികം ശ്രദ്ധ പോയിട്ടില്ല…. കിട്ടാനും മാർഗ്ഗമില്ല എന്നതാണ് മറ്റൊരു പ്രശ്നം.. ഓണത്തിന് നാട്ടിലെത്തുമ്പോൾ വാങ്ങണമെന്ന് കരുതിയവയുടേ കൂടെ ഒന്നുകൂടി കൂട്ടിച്ചേർത്തു..

    ഇപ്പോൾ യാത്രകളൊന്നുമില്ലേ..വിവരണങ്ങളൊന്നും കാണുന്നില്ലല്ലോ..തിരക്കാണോ..?

  13. മനോഹരമായിരിയ്ക്കുന്നു. ഇങ്ങനെ ഒരു സരസൻ പോയത് വലിയൊരു നഷ്ടം തന്നെ. എങനെയെങ്കിലും ഒരു പുസ്തകം വാങ്ങിയ്ക്കണം

Leave a Reply to Haseen Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>