Red-2BTape

ഇങ്ങനേയും ചിലർ


കുറച്ച് ദിവസമായി ഒരു സ്ഥാപനത്തിനുള്ള ലൈസൻസ് ഒപ്പിക്കാനായി പഞ്ചായത്താപ്പീസിന്റെ തിണ്ണ നിരങ്ങുന്നു. ഒരുദ്യോഗസ്ഥ സ്ഥാപനത്തിന്റെ ഓഫീസ് ഇൻ‌സ്‌പെൿഷന് വന്നു. ഫോർവ്വേഡിങ്ങ് നോട്ട് എഴുതേണ്ടത് മറ്റൊരു ഉദ്യോഗസ്ഥനാണ്. ജാതി സെൻസസിന്റെ ജോലികൾ നടക്കുന്നതുകൊണ്ട് ഇതിൽ പല പഞ്ചായത്ത് ഉദ്യോഗസ്ഥരും ഫീൽഡ് വർക്കിലാണ്. ദിനങ്ങൾ കാര്യമായൊന്നും സംഭവിക്കാതെ കടന്നുപൊയ്ക്കൊണ്ടിരുന്നു.

 

തിങ്കളാഴ്ച്ച കണ്ടപ്പോൾ എൽ.ഡി.ക്ലാർക്ക് പറഞ്ഞത്  ‘കടലാസെല്ലാം ഞാൻ എഴുതി വെച്ചിട്ടുണ്ട്. പക്ഷെ, ചൊവ്വാഴ്ച്ച മെയ് ദിനം, ബുധനാഴ്ച്ച ഞാൻ ലീവിലാണ്. വ്യാഴാഴ്ച്ച വന്നാൽ ഞാനും പഞ്ചായത്ത് സക്രട്ടറിയും ഉണ്ടാകും. ലൈസൻസിന്റെ ഫീസ് സക്രട്ടറി തീരുമാനിക്കും, താങ്കൾക്ക് അത് അടച്ചിട്ട് പോകാം.’

വ്യാഴാഴ്ച്ച ആയപ്പോൾ അപ്പുറത്തുള്ള മറ്റൊരു പഞ്ചായത്തിൽ ഹർത്താൽ. എൽ.ഡി.ക്ലാർക്കിന് ഓഫീസിൽ എത്താനായില്ല. ഇന്നെങ്കിലും നടക്കും എന്നാശിച്ച് ചെന്നതാണ്. എന്തുചെയ്യണമെന്നറിയാതെ പഞ്ചായത്ത് വരാന്തയിലെ ഒരു കസേരയിൽ ഇരുന്നുപോയി. അൽ‌പ്പനേരം കഴിഞ്ഞപ്പോൾ സക്രട്ടറിയുടെ മുറിയുടെ മുന്നിൽ നിന്ന് ആറടിയോളം ഉയരമുള്ള ഒരു ചെറുപ്പക്കാരൻ എന്തുപറ്റിയെന്ന് ആംഗ്യഭാഷയിൽ ആരോടോ ചോദിക്കുന്നു. പിന്നിലാരുമില്ല ; ചോദ്യം എന്നോട് തന്നെയായിരുന്നു. ‘ഇതാരാണാവോ?’ എന്ന ചോദ്യം മനസ്സിലിട്ട് അമ്മാനമാടി ഞാനദ്ദേഹത്തിന്റെ അടുത്തേക്ക് നടന്നു. സക്രട്ടറിയുടെ മുറിയുടെ മുന്നിൽ നിൽക്കുന്ന എല്ലാവരും സക്രട്ടറി ആകണമെന്നില്ലല്ലോ ? സക്രട്ടറിയെ ഒരു മാസം മുൻപ് കണ്ടതുമാണ്. ഇതേതായാലും സക്രട്ടറിയല്ല. പക്ഷെ, എന്റെ കണക്കുകൂട്ടൽ തെറ്റി. അത് പുതിയതായി ചാർജ്ജെടുത്ത പഞ്ചായത്ത് സക്രട്ടറി തന്നെയായിരുന്നു.

സങ്കടം ബോധിപ്പിച്ചു. സക്രട്ടറി തന്നെ നേരിട്ട് എൽ.ഡി. ക്ലർക്കിന്റെ മേശയ്ക്ക് അകവും പുറവുമൊക്കെ തപ്പി എന്റെ ഫയൽ കണ്ടെടുത്തു. ചില പുസ്തകങ്ങൾ റഫർ ചെയ്തു, ചില ചോദ്യങ്ങൾ എറിഞ്ഞു, ലൈസൻസിനുള്ള ഫീസ് നിശ്ചയിച്ചു, അപേക്ഷയിൽ ചേർക്കേണ്ട ചില പ്രധാന കാര്യങ്ങൾ എഴുതിച്ചേർക്കാൻ നിർദ്ദേശിച്ചു. ക്യാഷ് കൌണ്ടറിൽ ആളില്ലെന്ന് കണ്ടപ്പോൾ താൽക്കാലികമായി ഒരാളെ അവിടെ കൊണ്ടിരുത്തി. പണമടച്ച് അഞ്ച് മിനിറ്റിനകം ഞാൻ വെളിയിലിറങ്ങി. പുതിയ സക്രട്ടറിയെപ്പറ്റി ഒരു ജീവനക്കാരന്റെ കമന്റ് അതിനിടയ്ക്ക് കേൾക്കുകയും ചെയ്തു. ‘സക്രട്ടറിയുടെ ടേബിളിൽ പത്ത് മിനിറ്റിൽ കൂടുതൽ ഒരു കടലാസും ഇരിക്കാറില്ല.’

വില്ലേജ് ആപ്പീസിൽ ചെന്ന് ഒരു ചുവപ്പ് നാട കൂടെ അഴിക്കാനുണ്ട്. വൈദ്യുതി, വെള്ളം എന്നതൊക്കെ കിട്ടാനായി വില്ലേജ് അപ്പീസർ ഒപ്പിട്ട കൈവശാവകാശ സർട്ടിഫിക്കറ്റ് സംഘടിപ്പിക്കണം. അതിനിടയ്ക്ക് ഒരു സുഹൃത്തിനെക്കാണാൻ പഞ്ചായത്ത് ആപ്പീസിന്റെ തൊട്ടടുത്തുള്ള ഒരു സ്വകാര്യസ്ഥാപനത്തിലേക്ക് കയറിയപ്പോൾ വില്ലേജ് ഓഫീസർ അതാ അവിടിരിക്കുന്നു! മുൻപ് കണ്ടുപരിചയം ഉള്ള സ്ത്രീ ആയതുകൊണ്ട് ഒരു നമസ്ക്കാരം പറഞ്ഞ് മാറിയിരുന്നു. തിരക്കൊഴിഞ്ഞപ്പോൾ അൽ‌പ്പം കുശലം പറയാനുള്ള ധൈര്യവും കാണിച്ചു.

‘മാഡം ഇന്ന് ഓഫീസിൽ ഉണ്ടാകില്ലേ ?‘
‘ഇല്ല. ഇന്ന് ഹർത്താൽ കാരണം ബസ്സില്ലല്ലോ.’
‘ഞാൻ വേണമെങ്കിൽ കൊണ്ടാക്കിത്തരാം. എനിക്കൊരു കടലാസ് മാഡത്തിന്റടുത്തുനിന്ന് ഒപ്പിട്ട് കിട്ടാനുമുണ്ട് ‘
‘പോയാൽ മാത്രം പോരല്ലോ. തിരിച്ച് വരണ്ടേ ?. എന്ത് സർട്ടിഫിക്കറ്റ് ആണ് വേണ്ടത് ?’
‘കൈവശാവകാശ സർട്ടിഫിക്കറ്റ് ‘

പിന്നീട് കേട്ടത് വിശ്വസിക്കാൻ ഞാനൽ‌പ്പം സമയമെടുത്തു.

‘താഴെ ഏതെങ്കിലും കടയിൽ ചോദിച്ചാൽ കൈവശാവകാശ സർട്ടിഫിക്കറ്റിന്റെ അപേക്ഷാ ഫോം കിട്ടും. ആധാരവും കരമടച്ച രസീറ്റും കാണിക്കാമെങ്കിൽ സർട്ടിഫിക്കറ്റ് ഞാൻ ഇവിടിരുന്ന് എഴുതിത്തരാം. ഓഫീസിൽ ചെന്നാൽ അതിൽ സീല് വെച്ച് തരും. ഹർത്താലാണെങ്കിലും രണ്ടുപേർ ഓഫീസിൽ എത്തിയിട്ടുണ്ട്.’

സകലമാന രേഖകളും കടലാസുകളും തോൾസഞ്ചിയിലിട്ടാണ് ഈയിടെയായി പുറത്തിറങ്ങുന്നത് തന്നെ. അപേക്ഷാ ഫോം വാങ്ങി വരുന്നത് വരെ വില്ലേജ് ഓഫീസർ എനിക്കായി കാത്തിരുന്നു. നിമിഷനേരം കൊണ്ട് കൈവശാവകാശ സർട്ടിഫിക്കറ്റ് റെഡി. ഇനി ഓഫീസിൽ ചെന്ന് സീല് വെപ്പിച്ചാൽ മാത്രം മതി.

‘വീട്ടിൽ കൊണ്ടുപോയി വിടണോ മാഡം ?’
‘ഹേയ് വേണ്ട.’

ഒരു ചിരിയും സമ്മാനിച്ച് ഓഫീസർ നടന്നകന്നു.

വില്ലേജ് ഓഫീസിൽ ചെന്നിട്ടാണെങ്കിൽ കുറഞ്ഞത് ഒന്നര മണിക്കൂറെങ്കിലും ക്യൂ നിന്നാലല്ലാതെ ഓഫീസറുടെ ടേബിളിൽ എത്തില്ല. അങ്ങനൊരു കാര്യമാണ് അധികം അലച്ചിലില്ലാതെ നടന്നിരിക്കുന്നത് ; അതും ദേശീയോത്സവമായ ഹർത്താലിന്റെ അസ്‌ക്കിതയുള്ള ഒരു ദിവസം. ഓഫീസിന് വെളിയിൽ വെച്ചാണെങ്കിലും രേഖകൾ പരിശോധിച്ച് സർട്ടിഫിക്കറ്റ് തയ്യാറാക്കിത്തരാൻ ഒരു സർക്കാർ ഉദ്യോഗസ്ഥ കാണിച്ച താൽ‌പ്പര്യത്തിനു മുന്നിൽ നമിക്കാതെ വയ്യ. ശ്രീമതി ജയശ്രീയെപ്പോലുള്ള സർക്കാർ ഉദ്യോഗസ്ഥരെക്കൊണ്ട് ഈ നാട് നിറയട്ടെ എന്നാശിച്ചു പോകുന്നു.

പത്ത് മിനിറ്റിൽ കൂടുതൽ സമയം ഒരു ഫയലും സ്വന്തം മേശപ്പുറത്ത് ഇരിക്കാൻ അനുവദിക്കാത്ത ബിനോയ് പി.മൈക്കിൾ എന്ന പുതിയ പഞ്ചായത്ത് സക്രട്ടറിയെ പുകഴ്‌ത്താനുള്ള അക്ഷരങ്ങൾക്കായി നിരക്ഷരനായ ഞാനിനി എവിടെപ്പോകും ?

അത്രയ്ക്ക് അധികം സർക്കാർ ഓഫീസുകളിലൊന്നും കയറി ഇറങ്ങേണ്ടി വന്നിട്ടില്ല ഇക്കാലത്തിനിടയ്ക്ക്. സർക്കാർ ഓഫീസുകളിലെ ഇഴച്ചിൽ ഉള്ളത് തന്നെയാണ്. പക്ഷെ, വേണമെന്ന് വിചാരിച്ചാൽ എല്ലാം സമയാസമയം നടക്കും. ചുവപ്പ് നാടകളും കൈമടക്കുമൊന്നും ഇല്ലാതെയും കാര്യങ്ങൾ സുഗമമായി നീങ്ങും. കുഴുപ്പിള്ളി വില്ലേജ് ഓഫീസർ ശ്രീമതി ജയശ്രീയെപ്പോലെയും പള്ളിപ്പുറം പഞ്ചായത്ത് സക്രട്ടറി ശ്രീ.ബിനോയ് പി.മൈക്കിളിനെപ്പോലെയുമുള്ള കുരുക്കഴിക്കാൻ മനസ്സുള്ളവരും കെൽ‌പ്പുള്ളവരും ധാരാളമായി നിസ്വാർത്ഥ സേവകരായി സർവ്വീസിൽ ഉണ്ടാകണമെന്ന് മാത്രം.

ഒരുപാട് സന്തോഷമുണ്ടായ ഒരു ദിവസമാണിന്ന്. ഇതുവരെ സർക്കാർ ആപ്പീസുകളിൽ നിരങ്ങിയതിന്റെ പരാതിയെല്ലാം മറക്കാൻ എനിക്കീ ഒറ്റ ദിവസം മാത്രം മതി.

Comments

comments

54 thoughts on “ ഇങ്ങനേയും ചിലർ

  1. ഇത് എവിടെയെങ്കിലും ഒന്ന് കുറിച്ചിട്ടില്ലെങ്കിൽ, ആത്മാർത്ഥമായി ജോലി ചെയ്യുന്ന രണ്ട് സർക്കാർ ഉദ്യോഗസ്ഥരോടുള്ള നിന്ദയായിപ്പോകും…..

    1. തികച്ചും സത്യം….സര്‍കാര്‍ ഉദ്യോഗസ്ഥരരെ പറ്റി നല്ലത് കേള്കുമ്പോള്‍ ഒരു സന്തോഷം..

  2. ഇങ്ങനെയുള്ളവരുമുണ്ടെന്നു നാലു പേരറിയട്ടെ..മനോജേട്ടാ നന്നായി ഈ കുറിപ്പ്

  3. enikkum ithupole oru sarkaar udyogasthanodu paranjaaal theeratha kadapaadundu…kakkanad Joint RTO Abdul Shukoor Si maranam vare njan marakilla..Kayariyirangi manasu maravicha oru velayil deyvadoothanaayi Shuikoor Sirintte oru call(padachone njan appol Abdul Shukoor sirintte roopathil kandu)..

  4. അങ്ങിനെ കുരുക്കുകള്‍ ഓരോന്നായി അഴിയുന്നതറിഞ്ഞു വളരെ സന്തോഷം ,ഇത് പോലെ ഉള്ള സര്‍ക്കാര്‍ ഉധ്യോഗസ്തര്‍ ഒരു പാട് ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കാം

  5. വളരെ ഇഷ്ടപ്പെട്ടൂ.ഇങ്ങിനെയും ചിലര്‍ ഉണ്ടെന്ന് ജനം അറിയട്ടെ.പേര് കൊടുത്തത് നന്നായി.

  6. സര്‍ക്കാര്‍ ഓഫീസില്‍ ഒരിക്കലെങ്കിലും കയറിയവര്‍ പിന്നൊരിക്കലും അങ്ങോട്ട്‌ പോകാന്‍ ഇടവരുത്തരുതേ എന്നാണു പ്രാര്‍ഥിക്കുക..! ഇങ്ങനെ ആത്മാര്‍ഥതയുള്ള അപൂര്‍വം ഉദ്യോഗസ്ഥരേ ഉള്ളു, പക്ഷെ പറഞ്ഞിട്ടെന്താ, അവരെയെല്ലാം ദൂരെ വല്ല കാട്ടിലേക്കും അണക്കെട്ടിലേക്കും ഒക്കെ പറഞ്ഞുവിടാന്‍ ആണല്ലോ മറ്റുള്ളവര്‍ക്ക് സന്തോഷം.

  7. ഭാഗ്യവാൻ!

    അപൂർവരത്നങ്ങളെ കാണാൻ കഴിഞ്ഞ ഭാഗ്യവാൻ!

    ഇത്തരമാളുകൾ നൂറുകണക്കിനുണ്ടാവട്ടെ നമ്മുടെ നാട്ടിൽ!

  8. ജോലിയോട്‌ ആത്മാര്‍ഥതയുള്ള ഇത്തരം സര്‍ക്കാര്‍ ജീവനക്കാര്‍ ഇനിയുമുണ്ടാകട്ടെ എന്ന് ആഗ്രഹിച്ചുപോകുന്നു ഈ കുറിപ്പ്‌ വായിച്ചപ്പോള്‍

    …പക്ഷെ ഇതിന്റെ മറ്റൊരു വശം കൂടി ഉണ്ട്….പുതുതായി വന്ന പഞ്ചായത്ത്‌ സെക്രെട്ടറി ജോലിയോട്‌ ആത്മാര്‍ഥത കാണിക്കുന്ന ആളായിരിക്കാം, ടേബിളില്‍ പത്തു മിനുട്ടില്‍ അധികം ഫയല്‍ ഇരിക്കാറുമുണ്ടാകില്ലായിരിക്കാം. പക്ഷെ അതേ ആപ്പീസില്‍ കൊറേ കാലമായി പണിയെടുക്കാത്ത “നല്ല” ജീവനക്കാര്‍ ഇപ്പോഴുമുണ്ടാകുമല്ലോ…കുറെ കാലമായി ദേഹമനങ്ങാതെ സുഖിച്ചവര്‍ക്ക് പെട്ടന്നൊരാള്‍ വന്നു ജോലികള്‍ കൃത്യമായി ചെയ്യിപ്പിക്കാന്‍ ശ്രമിച്ചാല്‍ ബുദ്ധിമുട്ടാകില്ലേ…ആ പുതിയ സെക്രട്ടറിയെ എങ്ങനെ പുകച്ച് പുറത്തുചാടിക്കാം എന്നല്ലേ അവര്‍ നോക്കുക…എന്തു തോന്നിയവാസത്തിനും കൂട്ട് നില്‍കാന്‍ യൂണിയനുകളും ഉണ്ടല്ലോ….

    എന്തുതന്നെയായാലും ജോലിയോട്‌ ആത്മാര്‍ത്ഥതയുള്ള ഇത്തരം അപൂര്‍വ്വം ചിലരെ പല സന്ദര്‍ഭങ്ങളിലും ദൈവദൂതരായി തോന്നിപ്പോകും

    ആ നല്ല മനസ്സുകള്‍ക്ക്‌ ഒരു നല്ല നമസ്കാരം…!!!

  9. പലപ്പോഴും പരിഹസിക്കാനായി മാത്രം ഉപയോഗിക്കുന്ന ആ പരസ്യവാചകം ഇവിടെ ആത്മാർത്ഥമായി പറയാം..’ നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്.’ :)

  10. ഇനിയും ഇത് പോലുള്ള ഉദ്യോഗസ്ഥരെ കാണാന്‍ ആകട്ടെ എന്ന് ആഗ്രഹിക്കുന്നു!!!

  11. പല സർക്കാർ ഓഫീസുകളിലും പ്രധാനപ്രശ്നം ജീവനക്കാർ മുഴുവൻ വിവരങ്ങളും അപേക്ഷയുമായി എത്തുന്നവരോട് പറയില്ല എന്നതാണ്. ഒരു കാര്യം പറയും അത് ശരിയാക്കി കൊണ്ടുവരുമ്പോൾ അടുത്തത്. അങ്ങനെ അപേക്ഷകനെ മടുപ്പിച്ചിട്ടേ കാര്യം നടക്കൂ. കുഴുപ്പിള്ളി വില്ലേജ് ഓഫീസർ പൊതുവെ ജനസമ്മതി നേടിയ ഒരു ഉദ്യോഗസ്ഥയാണ്. ഇത്തരം നല്ല അനുഭവങ്ങളും ചർച്ചചെയ്യപ്പെടുന്നത് മറ്റുള്ള ഉദ്യോഗസ്ഥർക്ക് പ്രചോദനം ആകും എന്ന് കരുതുന്നു.

  12. വളരേ നന്നായി,ഭായ്. നല്ലതുകണ്ടാല്‍ അത് ഉറക്കെത്തന്നെ പറയണം കാരണം നല്ലതു നടക്കാന്‍ നന്മയെ പ്രോത്സാഹിപ്പിച്ചാല്‍ മാത്രം മതി. ആ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഈ പരദേശിയുടെ നമസ്കാരം.

  13. നന്നായി ഇതിവിടെയെഴുതിയത്.ആ ബ്ലോഗ്പോസ്റ്റിന്റെ ഓരോ കോപ്പിയെടുത്ത് അവർക്ക് രണ്ടുപേർക്ക് അയയ്ക്കുകകൂടി ചെയ്യാമായിരുന്നു.മാതൃഭൂമിയിലെ ‘ബ്ലോഗന’യിലേക്കും കൊടുക്കു.കൂടുതലാളുകൾക്ക് ഇതൊരു പ്രോത്സാഹനമാകട്ടെ.

  14. മനോജേട്ടാ, ആത്മാർഥതയുള്ള ഓഫീസർമാർ അവിടവിടെയുണ്ട്, ചവറുകൂനയിലെ മാണിക്യം പോലെ. പക്ഷേ ചുറ്റുമുള്ള കൈക്കൂലിക്കാരും, പാർട്ടികളുടെയും, സർക്കാരിന്റെയുമൊക്കെ വാതിൽ നിരങ്ങികളും ചേർന്ന് സ്ഥലം മാറ്റുകയോ, ഉപദ്രവിക്കുകയോ ചെയ്തുകൊണ്ടേയിരിക്കും…

  15. ഉപദ്രവങ്ങൾ വാർത്തയാക്കുന്നതിനെക്കാൾ നല്ലതു ഉപകാരങ്ങൾ വാർത്തയാക്കുകയാണെന്നു തോന്നുന്നു, എണ്ണം കുറവായിരിക്കുമെന്നതും പ്രോൽസാഹനപരമായിരിക്കുമെന്നതും കാരണമാകുന്നു.
    ആശംസകൾ!!

  16. അങ്ങനെ എത്ര പേര്‍, ഞങ്ങളുടെ പഴയ വില്ലജ് ഓഫീസര്‍ അങ്ങനെ ഒരാളായിരുന്നു.ജോലി ചെയ്യുന്നവരേയും ചെയ്യിക്കുന്നവരെയും അവരുടെ കൂടെയുള്ളവര്‍ക്ക് ഇഷ്ട്ടപ്പെടില്ല,മിക്കവാറും അവര്‍ ഒറ്റപ്പെടും എന്നാണ് അനുഭവം,പലപ്പോഴും അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ മറ്റുള്ളവര്‍ കാരണം മുടങ്ങിപ്പോകാറും ഉണ്ട്.വടകര വില്ല്യാപ്പള്ളി പഞ്ചായത്തിലെ JS സുധീര്‍ സാര്‍ നിങ്ങള്‍ പറഞ്ഞത് പോലെയുള്ള ഒരാളാണ്

  17. നന്നായി ഈ കുറിപ്പ്.. എന്റെ വാർത്ത എന്ന രീതിയിൽ റ്റിവിയിൽ കൂടി എത്തിച്ചാൽ നന്നായിരുന്നു.. കർത്തവ്യബോധമുള്ള ജീവനക്കാർക്ക് അഭിനന്ദനങ്ങൾ. ഇവരെ അറിയുന്നവർ ഈ പോസ്റ്റ് കമന്റുകൾ സഹിതം അവർക്ക് അയച്ചുകൊടുക്കണം.. നന്ദി എന്ന വാക്കും വളരെ ചുരുക്കമായേ ഇങ്ങനെയുള്ളവരക്ക് ലഭിക്കാറുള്ളു..

  18. ഇവിടെ പറഞ്ഞപോലെ ഇതിന്‍റെ ഒരു കോപ്പി ഏതെങ്കിലും മാധ്യമതിന്നു അയച്ചുകൊടുത്ത് publish ചെയ്‌താല്‍ അത് മറ്റു ഉദ്യോഗസ്ഥര്‍ക്ക് ഒരു പ്രോത്സാഹനം ആവും …..

  19. നന്നായി, ഈ കുറിപ്പ്.. ഇങ്ങനെ ഉള്ളവരുടെ എണ്ണം കൂടി വരുന്നുണ്ട്.. പക്ഷെ, “പടി” കിട്ടിയാല്‍ മാത്രം ഫയല്‍ “ഉന്തുന്ന” ആളുകളും കുറവല്ല.. ഒരു നല്ല മാറ്റത്തെ കുറിച്ചുള്ള ഈ പോസ്റ്റിനു ഭാവുകങ്ങള്‍..

  20. അപൂര്‍വ്വം ചിലര്‍ ഉണ്ടാവും ഇങ്ങനെ…എല്ലാ ഓഫീസുകളിലും.. സാധാരണഗതിയില്‍ ഇങ്ങനെ ഉള്ളവരെ അധികകാലം വാഴിക്കില്ല, കൂടെ ഉള്ളവര്‍…അത് നാട്ടുനടപ്..

    ഇരുപത്തി മൂന്നു വര്ഷം മുന്‍പുള്ള ഒരു അനുഭവവും,ഈയിടെ ഒരു സുഹൃത്തിനു സര്‍ക്കാര്‍ ഓഫീസില്‍ ഉണ്ടായ അനുഭവവും ആസ്പദമാക്കി ഒരു കഥ എന്റെ ബ്ലോഗില്‍ ഉണ്ട്..സമയം പോലെ വായിക്കു ..

  21. ഇത് നന്നായി.. നല്ല നാട്.. ഏതാണാവോ ആ നല്ല നാട് :)
    പിന്നെ ഒരു സംശയം.. സക്രട്ടറി എന്നാണോ സെക്രട്ടറി എന്നതാണോ ശരിയായ പ്രയോഗം ?

    1. @ മനോരാജ് – ആ നാട് ഏതാണെന്ന് പറയില്ല, പക്ഷേ ക്ലൂ തരാം :)

      Packet എന്ന ഇംഗ്ലീഷ് വാക്ക് എങ്ങനെ മലയാളത്തിൽ എഴുതും ? പാക്കറ്റ് എന്നോ അതോ പ്യാക്കറ്റ് എന്നോ ? രണ്ടുമല്ല. ഇതിന് രണ്ടിനും ഇടയിൽ ഇവിടെയോ ആണ് അതിന്റെ ശരിയായ ഉച്ഛാരണം. അതുപോലെ തന്നെ Secretary എന്ന പദം സക്രട്ടറിക്കും സെക്രട്ടറിക്കും ഇടയിൽ എവിടെയോ നിൽക്കുന്നു. ഇംഗ്ലീഷിൽ നിന്ന് എടുത്ത് മലയാളത്തിലേക്ക് എഴുതുന്ന ഇത്തരം പദങ്ങൾക്ക് കൃത്യമായി ഒരു തെറ്റും ശരിയും നിർവ്വചിക്കുക ബുദ്ധിമുട്ടാണ്. അതുകൊണ്ട് കാര്യം മനസ്സിലാക്കുക എന്ന നിലപാട് സ്വീകരിക്കുകയേ നിർവ്വാഹമുള്ളൂ :)

  22. ആട്ടെ എന്നാ പരുപടിയാ തുടങ്ങാന്‍ പോകുന്നെ? മുകളില്‍ പറഞ്ഞ രണ്ടു പേരെയും താമസിയാതെ യുണിയന്‍കാരും നല്ലരവരായ ജോലിക്കാരും ചേര്‍ന്ന് അട്ടപാടിക്കു പാര്‍സല്‍ അയക്കാന്‍ കോപ്പു കൂട്ടുകയായിരിക്കും

    1. പച്ചരി വാങ്ങണ്ടേ ജെപീ. ദാക്ഷായണീ ബിസ്‌ക്കറ്റ് കമ്പനി ഒരെണ്ണം ആരംഭിക്കാമെന്ന് വെച്ചു :)

  23. ചേട്ടന്‍ …ഇങ്ങനെ കുറച്ചു പേര്‍ ഉള്ളത് കൊണ്ടാണ് ഈ നാട് ഇങ്ങനെ എങ്കിലും നടന്നു പോകുന്നത് …. എല്ലാരും ഇങ്ങനെ ആകുന്ന നാള്‍ വരുമ്പോള്‍ ഈ നാട്ടില്‍ തേനും പാലും ഒഴുകും … ദൈവത്തിന്റെ സ്വന്തം നാട്ടില്‍

  24. നമ്മുടെ നാട്ടില്‍ 6 മാസം കൂടുമ്പോള്‍ ജാതി മാറുമോ ?? ഒരു ജോലിയ്ക്ക് അപേക്ഷിക്കാന്‍ ചെന്നപ്പോ ജാതി സര്‍റ്റിഫിക്കട്ടു വേണം. നിലവില്‍ ജാതി സര്‍റ്റിഫിക്കട്ടിന്നു 6 മാസം ആണത്രേ കാലാവധി. SSLC ബുക്കുമായി Village ഓഫീസില്‍ ചെന്നപ്പോ അത് പോര .. പഴയ ജാതി സര്‍റ്റിഫിക്കട്ടു കാണിച്ചപ്പോ അതും പോര.. 15 വര്‍ഷം മുന്‍പ് മരിച്ചു പോയ അച്ഛന്റെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമത്രേ .. നിയമങ്ങള്‍ മനുഷ്യരെ സഹായിക്കാനോ .. അതോ ബുദ്ധിമുട്ടിക്കാനോ ?

  25. ഇതെഴുതാന്‍ കാണിച്ച നല്ല മനസ്സിനെ ആ നല്ല മനസ്സുള്ള സര്‍ക്കാര്‍ ജീവനക്കാരോടൊപ്പം തന്നെ സ്തുതിക്കുന്നു.

  26. ഒരു കാര്യത്തില്‍ അവര്‍ പുലര്‍ത്തിയ വിശ്വസ്തത എത്ര ആശ്വാസകരം ആയല്ലേ? അവരറിഞ്ഞോ നിരക്ഷരന്‍ ആ നന്മയെ ബ്ലോഗിലിട്ടെന്നു? നന്മയെ കണ്ടെത്തി പുകഴ്ത്തുന്നതും കേരളീയര്‍ക്ക്‌ മടിയുള്ള കാര്യമാ ….നന്നായി ഈ പോസ്റ്റ്‌

  27. അവര്‍ ചെയ്ത ആ നന്മയെ ബ്ലോഗിലിട്ടെന്നു നിരക്ഷരന്‍ അവരെ അറിയിച്ചോ?നന്മയെ പുകഴ്ത്തുന്നത് മലയാളിക്ക്‌ അത്ര ഇഷ്ട്ടമുള്ള കാര്യമല്ല…..നന്നായി നിരക്ഷരാ….

  28. well said niraksharan chetta, am happy for these two brilliant people, for,my father used to be a govt state employee(panchayath),and i am proud to be his daughter,ente achanum ivar randu pere pole ayirunu ennu thanne aanu adeham retired akunath vare enik ariyan kazhinjath,

  29. ഇത്തരം ഉദ്യോഗസ്ഥരെ ലഭിയ്ക്കുക ഭാഗ്യമാണ്….പക്ഷെ മോശമായിട്ടുള്ള ഒരെണ്ണം മതി മറ്റുള്ളവര്‍ ഉണ്ടാക്കിയെടുത്ത ഇമേയ്ജ് കളയാന്‍. പുതിയ തലമുറയില്‍ പെട്ടവര്‍ എത്തുമ്പോള്‍,മടിയന്മാരായ പഴയ അനങ്ങാപാരകള്‍ പെന്‍ഷന്‍ പറ്റി പോകുമ്പോള്‍ ഗവര്‍ന്മെന്റ് ആപ്പീസുകളും നന്നാകും എന്ന് നമുക്ക് ആശിയ്ക്കാം.

    എല്ലാവരും കുറ്റം മാത്രം കണ്ടെത്തി പറയുമ്പോള്‍ നല്ലത് വിളിച്ചു പറയാന്‍ ശ്രമിച്ച നിരക്ഷരമനസ്സിന് അഭിനന്ദനങ്ങള്‍.

  30. ശരിയാണ് ..നല്ലവരുമുണ്ടീ കെട്ടലോകത്തിന്നും ..ഇന്നലെയും ..ഇനി നാളെയും !!
    ആശംസകള്‍ ആ നല്ല ജോലിക്കാര്കും പിന്നെ അതിവിടെ പകര്‍ത്തിയ എഴുത്തുകാരനും

  31. വായിച്ചപ്പോള്‍ ഒരല്പം ആശ്വാസം. പ്രതീക്ഷകള്‍ മുഴുവന്‍ നശിക്കുന്നില്ല.

  32. ഈയിടെ ഞാനും പോയി പഞ്ചായത്താപ്പീസില്‍, മകളുടെ വിവാഹസര്‍ഫിക്കേറ്റ് വാങ്ങാന്‍.
    -സെക്രട്ടരി മീറ്റിംഗില്‍, ക്ലെര്‍ക്ക് ബിസി. കാഷ്യര്‍ ലിവില്‍.

    വാര്‍ഡ് മെംബര്‍ സഹപാഠിയായിരുന്നതിനാലും അവന്റെ തെരഞ്ഞെടുപ്പ് ഫണ്ടില്‍ ഞാന്‍ ‘സഹകരിച്ചിരുന്നതിനാലും’ അന്ന് തന്നെ (നാല് മണിയായി) കാര്യം നടന്നു.

    (പിറ്റേന്ന് കാലത്ത് സഹപാഠിയും പ്രസിഡെന്റും കൂടി വീട്ടില്‍. പാര്‍ട്ടി ഫണ്ട് പിരിവ്)

  33. കഴിഞ്ഞ അവധിയ്ക്ക് നാട്ടിൽ പോയപ്പോൾ KSRTC ഫാസ്റ്റിൽ വച്ച് എന്റെ ചെക്ക് ബുക്ക്, ക്രെഡിറ്റ് കാർഡുകൾ എല്ലാം നഷ്ടപ്പെട്ടു. രാത്രിയിൽ ബസ്സിൽ വച്ചു തന്നെ പോയതാണെന്ന് എനിക്ക് നിശ്ചയമുണ്ടായീരുന്നു. ഭാ‍ാഗ്യത്തിനു എന്റെ ടൌൺ ആയ പാലായിൽ വന്നു നിറുത്തുന്ന ബസ്സ് ആയിരുന്നു. അതി രാവിലെ KSRTC ബസ് സ്റ്റാൻഡിൽ എത്തി. എൻ ക്വയറിയിൽ ചോദിച്ചപ്പോൾ മുകളിൽ ഓഫീസിൽ അന്വേഷിക്കാ‍ൻ പറഞ്ഞു. ഓഫീസ് തുറന്നു കഴിഞ്ഞു. കൌണ്ടറിൽ ഇരിയ്ക്കുന്ന സുന്ദരൻ (അവൻ സുന്ദരനാണെന്ന് എനിക്കു തോന്നിയതാണോ?) എന്നെ പ്രതീക്ഷിച്ച് ഇരിയ്ക്കുകയായിരുന്നു. എല്ലാം അവിടെയുണ്ട്. ചെക്ക് ബുക്കിൽ കണ്ട കടലാസിലെ ചില നമ്പരുകൾ നോക്കി ഫോൺ വിളിയ്ക്കാൻ ശ്രമിയ്ക്കുകയാ‍ാണ് അയാൾ. ഒരു ഇ മെയിൽ ഐ ഡി കണ്ടതിനാൽ ഇ മെയിൽ അയയ്ക്കാനും തുടങ്ങുകയായിരുന്നു എന്നും പറഞ്ഞു. ചെക്ക് ബുക്ക്, ക്രെഡിറ്റ് കാർഡുകൾ എല്ലാം ഭദ്രം. രാത്രിയിൽ ബസ്സ് ക്ലീൻ ചെയ്യുന്നവർ കണ്ടു പിടിച്ച് അവിടെ ഓഫീസിൽ ഏൽ‌പ്പിച്ചതാണ്.
    KSRTC യിൽ ഇതു നടക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരീക്കാത്ത എനിക്ക്ക് ഷോക്കായി.

    ലോകം അത്ര മോശമല്ല

  34. Enneppolulla sarkkar udyogasthanmarkku abhimanikkan inganeyullavar undu ennathil santhosham. swantham anubhavathiloode athu paranja niraksharanjikku nandi.

  35. പത്ത് മിനിട്ട് കാത്തുനില്‍ക്കാന്‍ കഴിയാത്ത ആളുകളാണ് മടിശ്ശീല സമ്പ്രദായം പ്രോത്സാഹിപ്പിക്കുന്നത് എന്ന ഒരു വാദം എനിക്കുണ്ട്. നല്ല ജീവനക്കാര്‍ എന്ന് രാജ്യത്തിന്‍റെ അഭിമാനം തന്നെയാണ്.

  36. enikkum ithu pole oranubavam undu, calicut university yilninnum original degree certificate application koduthu 10 divasathinullil kaiyil kitti, enne sahayichathu Mr sarang ,oru nalla officer, inganeyullavarku nallathu varuthatte,,ithu pole nalla artcles exhuthunna manojettanum nallathu varuthatte

Leave a Reply to എതിരന്‍ കതിരവന്‍ Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>