വെരുപത്തൊന്നാം നൂറ്റാണ്ടിൽ ജനങ്ങൾ അനുഭവിക്കേണ്ടി വന്ന ഏറ്റവും വലിയ ഗതികേടാണ് കുടിവെള്ളം കുപ്പിയിലാക്കിയത് വിലകൊടുത്ത് വാങ്ങിക്കുടിക്കേണ്ടി വരുന്നു എന്നത്. അടുത്തതായി ആ ശ്രേണിയിലേക്ക് വരാൻ പോകുന്നത് ശ്വാസവായു ആണെന്നുള്ള ആശങ്കകളുമായി നാം ജീവിക്കുമ്പോൾ, ജീവന്റെ നിലനിൽപ്പിന് അധാരമായ ഇതേ കുടിവെള്ളത്തിന്റെ പേരിൽ ജനത്തെ കൊള്ളയടിക്കുകയാണ് കച്ചവടക്കാർ.
കുപ്പിവെള്ളത്തിന്റെ വില 20 രൂപയിൽ നിന്ന് 12 രൂപയാക്കി കുറയ്ക്കാൻ നിർമ്മാതാക്കൾ തയ്യാറായി. 8.50 രൂപയ്ക്ക് താഴെ വിലയ്ക്കാണ് കച്ചവടക്കാരിലേക്ക് അവർ കുപ്പിവെള്ളമെത്തിക്കുന്നത്. അപ്പോൾ 3.50 രൂപ ലാഭം കച്ചവടക്കാരന് കിട്ടുന്നു. ഒരു ഉൽപ്പന്നത്തിന് നാലിലൊന്നോളം ലാഭം കിട്ടിയിട്ടും പോര പോലും !! പലയിടങ്ങളിലും അവരിപ്പോഴും കുപ്പിവെള്ളം വിൽക്കുന്നത് 20 രൂപയ്ക്കാണ്. അതായത് 11.50 രൂപയോളം ലാഭം. എന്നുവെച്ചാൽ നിർമ്മാതാവിന് പോലും കിട്ടാത്തത്ര ലാഭം.
പഴയ സ്റ്റോക്കാണ് വിൽക്കുന്നതെന്ന് അവർ ന്യായീകരിക്കുന്നുണ്ട്. പക്ഷെ, പുതിയ വില രേഖപ്പെടുത്തിയ സ്റ്റോക്കെടുക്കാൻ കച്ചവടക്കാർ തയ്യാറാകുന്നില്ലെന്ന് നിർമ്മാതാക്കൾ പറയുന്നു. ഇന്നത്തെ മനോരമയിൽ ഇതേപ്പറ്റി വിശദമായി വാർത്തയുണ്ട്. പുതിയ സ്റ്റോക്കെടുത്താൽ അവർക്ക് ലാഭം കുറയുമല്ലോ. നിർമ്മാതാക്കളെ സമ്മർദ്ദത്തിലാക്കി പഴയ വിലയിലേക്ക് തന്നെ കൊണ്ടെത്തിക്കലാണ് കച്ചവടക്കാരുടെ തന്ത്രവും ലക്ഷ്യവുമെന്ന് തോന്നുന്നു.
കുടിവെള്ളത്തിന്റെ പേരിൽ നടക്കുന്ന ഈ പകൽക്കൊള്ള അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകണം. മഫ്തിയിൽ ഉദ്യോഗസ്ഥരെ നിയമിച്ച് ഓരോ കടകളിലും എന്തുവിലയ്ക്കാണ് വെള്ളം വിൽക്കുന്നതെന്ന് കണ്ടെത്തണം. കൂടുതൽ വില ഈടാക്കുന്നുണ്ടെങ്കിൽ നിന്ന നിൽപ്പിൽ, ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ കച്ചവടക്കാർക്കെതിരെയുണ്ടാകണം.
കുപ്പിവെള്ളത്തിന് 12 രൂപയിൽ അധികം ഏതെങ്കിലും കടക്കാരൻ വാങ്ങുന്നുണ്ടെങ്കിൽ പ്രതികരിക്കാൻ ഉപഭോക്താക്കളും തയ്യാറാകണം. അതിനായി ടോൾ ഫ്രീ നമ്പറുകൾ ഏർപ്പാടാക്കപ്പെടണം. അങ്ങനെയെന്തെങ്കിലുമൊക്കെ ചെയ്യാതെ ഈ കൊള്ളയടിക്ക് തടയിടാനാകുമെന്ന് തോന്നുന്നില്ല.
കുപ്പിയിലാക്കി വെരുന്ന വെള്ളത്തിൽ 75 % നിർമ്മാതാക്കളുടേയും ഉൽപ്പന്നം അഴുക്ക് വെള്ളമാണെന്ന് റിപ്പോർട്ട് വന്നിട്ട് അധികകാലം ആയിട്ടില്ല. മലിനജലം കുപ്പിയിലാക്കി വിൽക്കുന്നത് ഏതൊക്കെ നിർമ്മാതാക്കളാണെന്ന് നമുക്കൊട്ട് അറിയാനും വയ്യ. എന്നിട്ട് അത്തരം കുപ്പിവെള്ളങ്ങൾക്കാണ് 80 % ൽ അധികം ലാഭം ഈടാക്കുന്നത്.
വാൽക്കഷണം:- ഭക്ഷ്യപദാർത്ഥങ്ങൾ അടക്കം ഏതൊരു സാധനങ്ങളും, ആർക്കും എങ്ങനേയും ഉണ്ടാക്കാം, എങ്ങനേയും വിൽക്കാം എന്നൊരു കുത്തഴിഞ്ഞ സമ്പ്രദായം അവസാനിക്കാതെ, ഇനിയെത്ര നൂറ്റാണ്ട് സമയമെടുത്താലും, ഇന്ത്യ വികസിതരാജ്യമൊന്നും ആകാൻ പോകുന്നില്ല.
അന്യദേശ വൻകിട കമ്പനിക്കാർ വൻ വിലക്ക് വിൽക്കുവാൻ വേണ്ടി ഉത്പന്നങ്ങളിൽ വൻ MRP അടിച്ച് വിൽപ്പന നടത്തുന്നത്
അന്യദേശഉൽപന്നങ്ങളെ പ്രധിരോധിക്കാൻ കേരളത്തിലെ കുപ്പിജല നിർമ്മാതാക്കൾ വിലക്കുറച്ച് വിൽക്കാൻ തെയ്യാറായത് പൊതുജനത്തെ വളരെയധികം ആശ്വസിപ്പിക്കുന്നു
കപ്പിവെള്ള നിർമ്മാതാവും ഉപഭോക്താവും തമ്മിലുള്ള വില വിത്യാസം 60%
കുപ്പിവെള്ള നിർമ്മാതാക്കളെപ്പോലെ അരിപ്പൊടി -മുളക് – മല്ലി -മഞ്ഞൾ മുതലായവയുടെയും വിലക്കുറക്കുവാൻ കേരളത്തിലെ നിർമ്മാതാക്കൾ തെയ്യാറാണ് എന്ന് അറിയുന്നു