കുറ്റം സ്ഥിരമായി ചെയ്തുകൊണ്ടിരിക്കുന്ന ഒരാൾക്ക് കുറ്റാന്വേഷണ കഥയോ നോവലോ എഴുതാൻ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ല. അതിന് ചൂട്ട് പിടിക്കാൻ ഒരു നാലാംകിട വെബ്ബ് പോർട്ടലും കൂടെ ഉണ്ടെങ്കിൽ കാര്യങ്ങൾ കൂടുതൽ എളുപ്പമായി.
52 പുസ്തകങ്ങൾ കഴിഞ്ഞപ്പോൾ, അതിൽ 5 പുസ്തകങ്ങൾ സാഹിത്യചോരണത്തിന് പിടിക്കപ്പെട്ടെന്ന് കരുതി ‘കരിമ്പട്ടിക സോമൻ‘ (Karoor Soman എന്ന് ഞാൻ വിളിക്കില്ല) തന്റെ സാഹിത്യസപര്യ അവസാനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല. അൻപത്തിമൂന്നാമത്തെ പുസ്തകവുമായി വീണ്ടും രംഗത്ത് വന്നുകഴിഞ്ഞിരിക്കുന്നു ഈ ‘സമ്പൂർണ്ണ സാഹിത്യകാരൻ’. കുറ്റാന്വേഷണ സാഹിത്യത്തിൽ കൈവെച്ചിട്ടില്ല എന്ന ഒരു പരാതിയും ഇതോടെ അവസാനിപ്പിച്ചിരിക്കുകയാണ് സമ്പൂർണ്ണൻ. മാവേലിക്കര ഗസ്റ്റ് ഹൌസിൽ വെച്ച് പുസ്തകം പുതിയ പുസ്തകം പ്രകാശനം ചെയ്തതിന്റെ വാർത്ത ഓൺലൈനിൽ വന്നിരിക്കുന്നത് 2018 ഏപ്രിൽ 3ന് ആണ്.
ഈ നോവൽ മനോരമ ഓൺലൈനിൽ ഈ നോവൽ വന്നെന്നാണ് അവകാശപ്പെടുന്നത്. അങ്ങനെയൊന്ന് ആരുടെയെങ്കിലും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിൽ അതിന്റെ ഒരു ലിങ്കെങ്കിലും പങ്കുവെക്കണമെന്ന് അപേക്ഷിക്കുന്നു. പുസ്തകത്തിന്റെ പുറം ചട്ടയിൽക്കാണുന്നത് പ്രകാരം mediahousecalicut.com എന്ന ഒരു കൂട്ടരാണ് ഇത് അച്ചടിച്ചിരിക്കുന്നത്. അവരുടെ പ്രത്യേകത എന്താണെന്ന് വെച്ചാൽ എന്ത് ചവറ് കൊടുത്താലും അച്ചടിച്ച് തരുന്ന ഒരു പ്രിന്റിങ്ങ് സ്ഥാപനം മാത്രമാണെന്നുള്ളതാണ്. പുസ്തകത്തിനകത്ത് കോപ്പിറൈറ്റ് പോലും എഴുത്തുകാരന്റെ പേരിലാണ് അവർ രേഖപ്പെടുത്തുക. എന്നുവെച്ചാൽ സോമനെപ്പോലുള്ളവർ എവിടന്നെങ്കിലും കോപ്പിയടിച്ചത് കൊണ്ടുപോയി കൊടുത്താലും അവർ അച്ചടിക്കും. അതിന്റെ കോപ്പിറൈറ്റ് ഇടങ്ങേറുകളൊന്നും അവർക്ക് ബാധകമല്ല. ആരെങ്കിലും കേസ് കൊടുത്താലും അവർ നൈസായിട്ട് സ്ക്കൂട്ടാവും.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സോമനെ കരിമ്പട്ടികയിൽ പെടുത്തിയത് എല്ലാവരും അറിഞ്ഞുകാണുമല്ലോ ? തങ്ങളുടെ പേര് ചീത്തയാക്കിയ സോമന്റെ ‘ക സാഹിത്യം’ മാതൃഭൂമിക്കാരും ഇനിയങ്ങോട്ട് അച്ചടിക്കുമെന്ന് തോന്നുന്നില്ല. അത്യാവശ്യം നല്ല ചീത്തപ്പേര് സോമനായിട്ട് സമ്പാദിച്ച് കൊടുത്തതുകൊണ്ട്, പ്രഭാത് ബുക്ക് ഹൌസും ഇനി സോമന്റെ മോഷണ പുസ്തകങ്ങൾ അച്ചടിക്കുമെന്ന് തോന്നുന്നില്ല. അങ്ങനെ വരുമ്പോൾ മീഡിയ ഹൌസ് പോലുള്ള അച്ചടിക്കാർ (പ്രസാധകരല്ല, അച്ചടിക്കാർ) മാത്രമാണ് സോമനെപ്പോലുള്ള സാഹിത്യചോരന്മാർക്കുള്ള ഏക ആശ്രയം. ഏതെങ്കിലും പ്രമുഖ പ്രസാധകർ സോമന്റെ പുസ്തകങ്ങൾ ഇനിയും അച്ചടിക്കുന്നുണ്ടെങ്കിൽ അത് അവരുടെ പാപ്പരത്തം മാത്രമാണ്.
മൂന്ന് മാസം കഴിഞ്ഞപ്പോൾ സോമന്റെ കോപ്പിയടിയുടെ ബഹളമൊക്കെ കഴിഞ്ഞെന്ന് കരുതി 100 പുസ്തകം തികയ്ക്കാനുള്ള യജ്ഞത്തിന്റെ ഭാഗമായി അൻപത്തി മൂന്നാമത്തെ പുസ്തകവുമായി രംഗപ്രവേശനം ചെയ്തിരിക്കുകയാണ് സോമനെങ്കിൽ, ഒന്ന് മനസ്സിലാക്കുക. മലയാള സാഹിത്യത്തിൽ, ഏറ്റവും വലിയ സാഹിത്യചോരൻ എന്ന സ്ഥാനം മാത്രമേ ‘കരിമ്പട്ടിക സോമന്’ എക്കാലവും ഉണ്ടാകൂ. ആ സ്ഥാനം സോമന് നഷ്ടപ്പെടാതിരിക്കാനായി ജാഗരൂകനായി ഏറ്റവും കുറഞ്ഞത് ഞാനൊരാളെങ്കിലും ഇവിടെയുണ്ടാകുമെന്ന് സോമന് ഉറപ്പ് തരുന്നു.
എഴുത്തുകാരുടെ അറിവിലേക്കായി സുപ്രധാനമായ ഒരു കാര്യം കൂടെ പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. കോപ്പിയടികളുമായി മുന്നേറുമ്പോൾ ഒരാൾക്ക് മുന്നിലുള്ള ഏക തലവേദന അയാളുടെ സ്വത്തുക്കളും സ്ഥാവരജംഗമവസ്തുക്കളുമൊക്കെയാണ്. മോഷണം മൂത്തുമൂത്ത്, കേസും പൊല്ലാപ്പുമൊക്കെയായി കനത്ത നഷ്ടപരിഹാരത്തിനോ മറ്റോ വിധി വന്നാൽ എല്ലാം തുലഞ്ഞില്ലേ? അതേ സമയം നഷ്ടപരിഹാരം കൊടുക്കാൻ കൈയ്യിലൊന്നും ഇല്ലെന്നും താനൊരു ദാരിദ്യവാസിയാണെന്നും വരുത്തിത്തീർത്താൽ കാര്യങ്ങൾ കുറേയേറെ എളുപ്പമായല്ലോ?
ആയതിനാൽ കരിമ്പട്ടിക സോമൻ ചാരുമ്മൂടുള്ള തന്റെ വീടും പറമ്പുമെല്ലാം ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ മൂന്ന് മക്കളുടെ പേരിലേക്ക് കൈമാറ്റം ചെയ്തുകഴിഞ്ഞിരിക്കുന്നു. ഞാൻ ഇംഗ്ലണ്ടിലേക്ക് സോമന് അയച്ച വക്കീൽ നോട്ടീസ് കൈപ്പറ്റാതെ നിരസിച്ചതിന് ശേഷമാണ് സോമൻ ഈ അതിബുദ്ധി കാണിച്ചിരിക്കുന്നത്. സ്വത്തൊന്നും സ്വന്തം പേരിൽ ഇല്ലാതായാൽ ആവോളം സാഹിത്യചോരണം നടത്താനാകും എന്നാണ് സോമൻ ധരിച്ചുവെച്ചിരിക്കുന്നതെന്ന് ഇതിൽ നിന്ന് ബോദ്ധ്യമായല്ലോ.
പക്ഷേ, എന്നെ അങ്ങനെ ധരിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ പെടുത്തരുത് സോമൻ. സാഹിത്യചോരണത്തിന്റെ പേരിൽ നിങ്ങൾക്ക് തരാനുള്ള ‘അവാർഡ്‘ വളരെ കൃത്യമായി ഞാൻ വാങ്ങിത്തന്നിരിക്കും. അൽപ്പം വൈകിയാലും ഒരു അനാസ്ഥയും അക്കാര്യത്തിൽ ഉണ്ടാകുന്നതല്ല. നിങ്ങൾ എത്രയും വലിയ പാപ്പർ സൂട്ട് തയ്പ്പിച്ച് അണിഞ്ഞ് ഞെളിഞ്ഞ് നടന്നാലും, എന്റെ ലേഖനങ്ങൾ കോപ്പിയടിച്ച് രണ്ട് പുസ്തകങ്ങൾ ഇറക്കിയതിനുള്ള പാരിതോഷികം കൈപ്പറ്റാതെ ഇവിടന്ന് പോകാൻ ഞാൻ സമ്മതിക്കില്ല.
പുതിയ കുറ്റാന്വേഷണ സാഹിത്യ പ്രകാശന ചടങ്ങിൽ പങ്കെടുത്ത സർവ്വശ്രീ വി.പി.ജയചന്ദ്രൻ, ഫ്രാൻസിസ് ടി.മാവേലിക്കര Francis T Mavelikara , ചുനക്കര ജനാർദ്ദനൻ നായർ എന്നിവർക്ക് സോമന്റെ കോപ്പിയടി മാഹാത്മ്യം തീരെ അറിയാത്തതുകൊണ്ടായിരിക്കും അവർ ഈ ചടങ്ങിൽ സംബന്ധിച്ചതെന്ന് കരുതുന്നു. അറിയാത്ത ഉണ്ണികൾ ചൊറിയുമ്പോൾ അറിഞ്ഞോളും എന്ന് മാത്രമേ പറയാനുള്ളൂ.
അവസാനമായി സോമനോട് രണ്ട് കാര്യങ്ങൾ കൂടെ പറയാനുണ്ട്. അൻപത്തിമൂന്ന് പുസ്തകമൊക്കെ ഇറക്കിയ സമ്പൂർണ്ണ സാഹിത്യകാരനല്ലേ ? ചങ്കൂറ്റമുണ്ടെങ്കിൽ ഏതെങ്കിലും ഒരു പുസ്തകത്തിന് കേരളത്തിലെ ഏതെങ്കിലും ഒരു സാഹിത്യകാരനെക്കൊണ്ട് അവതാരിക എഴുതിപ്പിക്കൂ. അവതാരിക ഇല്ലാതെ സോമനെപ്പോലുള്ള ഒരാളുടെ പുസ്തകത്തിനൊരു ഗാംഭീര്യമില്ല. പുസ്തകപ്രകാശനം പെട്ടെന്നൊരു ദിവസം ഏതെങ്കിലും അടച്ചിട്ട മുറിയിൽ വെച്ച് നടത്താതെ, മുൻകൂറായി നോട്ടീസ് അച്ചടിച്ചിറക്കി വലിയ ഏതെങ്കിലും ഒരു ഹാളിൽ വെച്ച് നടത്തൂ. അതല്ലേ ഹീറോയിസം ? എന്നാലല്ലേ ഞങ്ങളെപ്പോലുള്ളവർക്കും വന്ന് പങ്കെടുത്ത് കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കാനാവൂ.
വാൽക്കഷണം:- സോമന്റെ പുതിയ പുസ്തകം പ്രകാശിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് ടി.മാവേലിക്കര പ്രസംഗിച്ചത്, ‘കുറ്റാന്വേഷണ നോവലുകളെ സാഹിത്യപ്രസ്ഥാനങ്ങൾ ഗൌരവപൂർവ്വം കാണണം‘ എന്നാണ്‘. സാഹിത്യപ്രസ്ഥാനങ്ങളുടെ കാര്യം എനിക്കറിയില്ല. ഞാൻ പക്ഷേ, സോമന്റെ ഓരോ വരികളേയും ഗൌരവപൂർവ്വം തന്നെയാണ് കാണുന്നത്. അപൂർവ്വ ജനുസ്സിൽപ്പെട്ട ജന്മങ്ങളുടെ കൃതികളാകുമ്പോൾ അങ്ങനെ തന്നെയല്ലേ വേണ്ടത് ?
കൗതുകം തോന്നിയിട്ട് ഈ മഹാന്‍റെ പേര് ഗൂഗിള്‍ ചെയ്തു… ചില ഫേസ്ബുക്ക് ലിങ്കുകള്‍ കണ്ടു , അതില്‍ ഒന്ന് മേല്‍പ്പടി സ്വത്തുക്കള്‍ കിട്ടിയ ആളുടെ ആണെന്ന് മനസ്സിലായി. സ്വന്തം ഒപ്പോടുകൂടിയ പടങ്ങള്‍ കണ്ടപ്പോള്‍ വീണ്ടും ഗൂഗിള്‍ പരതി… മൗലികമായി ഒന്നും ഇല്ലാ ഈ വീട്ടില്‍ എന്ന് തോന്നി. See for yourself: google “braid vivian wong” and compare the below image…
https://www.facebook.com/photo.php?fbid=440342426159619&set=pb.100005515960940.-2207520000.1523273096.&type=3&theater
വിത്ത് ഗുണം പത്തു ഗുണം എന്നാണല്ലോ….
NB: I do not want this to be published… as it contain a girl who might be just imitating her father…