വെള്ളിത്തിരയിലെ സന്മാർഗ്ഗ ബോധവൽക്കരണങ്ങൾ അരോചകം


22

.മ.യൌ. കണ്ടു. ഏറെ ഇഷ്ടമായെന്ന് പറയുന്നതിനേക്കാൾ നല്ലത്, ആ സിനിമയിലുള്ള സാഹചര്യങ്ങളിലും അനുഭവങ്ങളിലൂടെയുമൊക്കെ കടന്നുവന്ന ഒരാളിൽ പൂർവ്വകാലസ്മൃതികളുയർത്തി പിടിച്ചിരുത്തിക്കളഞ്ഞു എന്ന് പറയുന്നതാകും. ഹാറ്റ്സ് ഓഫ് റ്റു ലിജോ ജോസ് പല്ലിശ്ശേരി & ടീം.

ആ സിനിമയെപ്പറ്റി അത്രയേ പറയാൻ ഉദ്ദേശിക്കുന്നുള്ളൂ; ബാക്കിയെല്ലാം ഇവിടുള്ള നല്ല നിരൂപകർ പറഞ്ഞുകഴിഞ്ഞല്ലോ. പക്ഷേ, സിനിമകളുമായി ബന്ധപ്പെട്ട് മറ്റ് ചില കാര്യങ്ങൾ ഈ.മ.യൌ. ന്റെ ചുവടുപിടിച്ച് പറയണമെന്ന് ആഗ്രഹിക്കുന്നു. അതിലേക്ക് കടക്കാം.

1. ഈ.മ.യൌ. സിനിമ തുടങ്ങുന്നു. ആദ്യരംഗം. ഇരുണ്ട സ്വാഭാവിക വെളിച്ചത്തിൽ കടലോരം. വള്ളങ്ങൾക്കിടയിലേക്ക് ഒരു രൂപം കടന്നുവരുന്നു. ആ വെളിച്ചത്തിൽ എത്രയ്ക്ക് തെളിയുമോ അത്രയ്ക്കേ രംഗത്തിലുള്ള ആളെ തിരിച്ചറിയൂ. കറുപ്പും മങ്ങിയ വെളുപ്പും ഇരുണ്ട നീലയും അതിനോട് ചേർന്ന് നിൽക്കുന്ന നിറങ്ങളും മാത്രമുള്ള മനോഹരമായ ഒരു ഫ്രെയിം. പെട്ടെന്നതാ ആ ഫ്രെയിമിന്റെ ഭംഗി നശിപ്പിച്ചുകൊണ്ട് വലത്തുവശത്ത് താഴെ അരോചകമായി ഒരു ചുവപ്പു നിറവും കൂട്ടത്തിൽ മറ്റ് ചില എഴുത്തുകളും പ്രത്യക്ഷപ്പെടുന്നു. ഓ…. നമുക്ക് പരിചയമുള്ള സംഭവം തന്നെ. പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പ്. അതിനിപ്പോ ഇവിടാര് മദ്യപിച്ചു, ഇവിടാര് പുകവലിച്ചു എന്ന് അന്തിച്ചിരിക്കുമ്പോഴേക്കും, കടപ്പുറത്തേക്ക് കടന്നുവന്ന കഥാപാത്രം ഒരു ബീഡിയെടുത്ത് ചുണ്ടിൽ വെച്ച് പുകച്ചു. ചുരുക്കിപ്പറഞ്ഞാൽ, കഥാപാത്രം ദാ പുകവലിക്കാൻ പോകുകയാണെന്ന് ആദ്യമേ തന്നെ സൂചനകൾ. ആ സീൻ അങ്ങനെ കഴിഞ്ഞു.

2. മേസ്തിരിയുടെ മരണം സ്ഥിരീകരിക്കാൻ ഡോൿടറെ വിളിക്കാൻ ബൈക്കോടിച്ച് പോയ നാട്ടുകാർ രണ്ടുപേർ ഡോൿടറുടെ വീട്ടുവരാന്തയിൽ അദ്ദേഹത്തിന്റെ ഭാര്യയുമായി സംസാരിച്ചുകൊണ്ട് നിൽക്കുന്ന രംഗം. അവിടപ്പോൾ അവർ രണ്ടുപേരും ബൈക്ക് ഓടിക്കുന്നില്ലെങ്കിലും, ഹെൽമറ്റ് വെക്കാതെ ബൈക്ക് ഓടിക്കുന്നത് ശിക്ഷാർഹമാണെന്നുള്ള മുന്നറിയിപ്പ് സ്ക്രീനിന്റെ തെക്ക് കിഴക്കേ മൂലയിൽ തെളിഞ്ഞ് നിൽ‌പ്പുണ്ട്.

എന്തിനവിടം കൊണ്ട് നിർത്തി ? അപ്പൻ മരിച്ച് കിടക്കുമ്പോൾ അടുക്കളയുടെ പിന്നാമ്പുറത്ത്, മകൾ കാമുകനെ ആലിംഗനം ചെയ്ത് നിൽക്കുന്ന രംഗത്തിൽ, ‘ഇതൊന്നും ആർഷഭാരത സംസ്ക്കാരത്തിന് ചേർന്ന പരിപാടികളല്ല’ എന്ന് കൂടെ എഴുതിക്കാണിക്കരുതായിരുന്നോ ?

നാട്ടിൽ എത്രയോ ആൾക്കാർ ഹെൽമറ്റ് വെക്കാതെ ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നു, എത്രയോ ആൾക്കാർ മദ്യപിക്കുന്നു, പുകവലിക്കുന്നു. അങ്ങനെയുള്ള ചില കഥാപാത്രങ്ങളെ ചിത്രീകരിക്കേണ്ടി വരുമ്പോൾ അതുപോലെ തന്നെ ചെയ്യണ്ടേ ? അപ്പോഴേക്കും എന്തിനാണീ ബോധവൽക്കരണം. സർക്കാറിന് ബോധവൽക്കരണം നടത്തണമെന്നുണ്ടെങ്കിൽ സിനിമയ്ക്ക് വെളിയിൽ ആയിക്കൂടെ ? അല്ലെങ്കിൽ പുകവലിയും മദ്യപാനവും അടക്കമുള്ള മോശം കാര്യങ്ങൾ അങ്ങ് നിരോധിച്ചുകൂടെ ? സിനിമ എന്ന കലാരൂപത്തെ എന്തിന് വികലമാക്കണം ?

സിനിമയിൽ ഇങ്ങനെയൊക്കെ കാണിക്കാമെങ്കിൽ നാളെ ഒരു പെയിന്റർ അദ്ദേഹത്തിന്റെ ചിത്രത്തിൽ ഒരാൾ പുകവലിക്കുന്നതായോ മദ്യപിക്കുന്നതായോ ഹെൽമറ്റ് ഇല്ലാതെ വാഹനമോടിക്കുന്നതായോ വരച്ചു വെച്ചാൽ ആ ചിത്രത്തിന്റെ കീഴെ ഇതേ നിയമങ്ങൾ എഴുതിവെക്കണമെന്ന് നിയമം വന്നുകൂടെന്നില്ലല്ലോ !! എന്തൊരു മോശം പെയിന്റിങ്ങായിരിക്കും പിന്നെയത് ?

ഒരു കാര്യം മനസ്സിലാക്കുക. സിനിമയിൽ കാണുന്നതുപോലെ ജീവിതം പകർത്താൻ ശ്രമിക്കുന്ന ന്യൂനപക്ഷമെങ്കിലും ഉണ്ടാകാം. അവരെ ബോധവൽക്കരിക്കാനാണ് ശ്രമമെങ്കിൽ ടൈറ്റിൽ കാർഡ് തെളിയുന്നതിന് മുൻപേ ശ്വാസകോശം സ്പോഞ്ച് പോലെയാണെന്നും സ്ലിപ്പിൽ ക്യാച്ച് മിസ്സാക്കരുതെന്നുമൊക്കെയുള്ള പുകയില വിരുദ്ധ ക്യാമ്പെയിനുകൾ കാണിക്കുന്നുണ്ടല്ലോ ? അതിന്റെ കൂട്ടത്തിൽ ഹെൽമറ്റിന്റെ ആവശ്യകത കാണിക്കുന്ന ഒരു ഡോക്യുമെന്ററി കൂടെ കാണിക്കൂ. മറ്റ് എല്ലാ സദാചാരങ്ങളും പഠിപ്പിക്കുന്ന ഡോക്യുമെന്ററികൾ പ്രദർശിപ്പിക്കൂ.

സിനിമ കണ്ട് അതിലുള്ളതൊക്കെ ജനങ്ങൾ പ്രാവർത്തികമാക്കും എന്നാണെങ്കിൽ സിനിമയിലുള്ള സർവ്വഗുണസമ്പന്നന്മാരായ നായകന്മാരുടെ കാര്യമെടുക്കൂ. അവരെ കണ്ട് അവർ ചെയ്യുന്നതുപോലെ നീതിക്കും ന്യായത്തിനും വേണ്ടി പൊരുതാനും ജീവിക്കാനും കൂടെ ജനം തുനിയണമല്ലോ ? അങ്ങനെ സംഭവിക്കുന്നുണ്ടോ ?

ഇനിയിപ്പോൾ നായകൻ തന്നെ മോശക്കാരനാ‍ണെങ്കിലോ ? ഉദാഹരണത്തിന്, നല്ല നായകനായിരുന്നെങ്കിലും ഒരു പ്രത്യേക ഡയലോഗിന്റെ പേരിൽ പഴി കേൾക്കേണ്ടി വന്ന ആളാണ് ആൿഷൻ ഹീറോ ബിജു എന്ന സിനിമയിലെ നായകൻ ബിജു. അത്ര സുന്ദരിയും അംഗലാവണ്യവും ഇല്ലാത്തവളുമായ ഒരു സ്ത്രീയെ ചൂണ്ടിക്കാണിച്ച്, ‘ഇവളെപ്പോലൊരുത്തിയെ മാത്രമേ നിനക്ക് പ്രേമിക്കാൻ കിട്ടിയുള്ളോടാ‘ എന്ന് സമാനമായ ഒരു ഡയലോഗ് പറഞ്ഞതിനാണ് നായകൻ ബിജു പ്രതിക്കൂട്ടിലായത്. അതേറ്റവും മോശം സ്ത്രീവിരുദ്ധ കമന്റ് ആണെന്നായിരുന്നു വിമർശനം. നിത്യജീവിതത്തിൽ അങ്ങനെയൊക്കെ വർത്തമാനം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു പൊലീസുകാരൻ ഉണ്ടെങ്കിൽ, അങ്ങനെയൊരു കഥാപാത്രത്തെ ചിത്രീകരിക്കണമെന്ന് സംവിധായകൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കഥാപാത്രം ആ സ്ത്രീവിരുദ്ധ കമന്റ് പറയുകയല്ലാതെ മറ്റെന്താണ് വഴി ? അത്തരം സ്ത്രീവിരുദ്ധ കമന്റുകൾ പറയുന്ന പൊലീസുകാരോ ആണുങ്ങളോ ഇന്നാട്ടിൽ ഇല്ലെന്നാണെങ്കിൽ വിമർശനത്തോട് യോജിക്കാം.

സദാചാരവും സന്മാർഗ്ഗവുമൊക്കെ പഠിപ്പിക്കാൻ വേണ്ടിയുള്ള മാദ്ധ്യമമാണ് സിനിമ എന്നാണ് അധികാരികൾ കരുതുന്നതെങ്കിൽ അങ്ങനെയുള്ള രംഗങ്ങളിൽ, സ്ത്രീവിരുദ്ധ പ്രഖ്യാപനങ്ങൾ നിയമപരമായി കുറ്റമാണെന്നും നിയമനടപടികൾക്ക് വിധേയമാകാൻ പോന്നതാണെന്നും എഴുതിക്കാണിക്കുക കൂടെ വേണം. അത് മാത്രമായിട്ട് എന്തിനൊഴിവാക്കണം ?

ബസ്സ് സ്റ്റോപ്പിൽ നിൽക്കുന്ന സ്ത്രീകളെ കമന്റടിക്കുന്ന രംഗം, ബസ്സിൽ സ്ത്രീകളെ ഉപദ്രവിക്കുന്ന രംഗങ്ങൾ, ബസ്സ് യാത്രയ്ക്കിടയിൽ മാല പോട്ടിക്കുന്നത്. (ഉദാ:- തൊണ്ടിമുതലും ദൃക്‌‌സാക്ഷിയും) ബലാത്സംഗ രംഗങ്ങൾ, സ്ത്രീകളെ അടിക്കുകയും അക്രമിക്കുകയും ചെയ്യുന്ന രംഗങ്ങൾ, കുട്ടികളോട് മോശമായി പെരുമാറുന്ന രംഗങ്ങൾ, മോഷണ രംഗങ്ങൾ, സ്ത്രീയായാലും പുരുഷനായാലും കഥാപാത്രങ്ങൾ പരസ്പരം അടിക്കുകയും ആക്രമിക്കുകയും തോക്ക് അടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്തുന്ന രംഗങ്ങൾ, പരപുരുഷ-പരസ്ത്രീ ബന്ധരംഗങ്ങൾ, കള്ളക്കടത്ത് രംഗങ്ങൾ, ആത്മഹത്യാ രംഗങ്ങൾ, ഉയരങ്ങളിൽ നിന്ന് ചാടുന്ന രംഗങ്ങൾ എന്നുതുടങ്ങി സിനിമയിൽ കാണിക്കുന്ന എല്ലാ അധാർമ്മിക അമാനുഷിക രംഗങ്ങളുടെ സമയത്തും അതാത് പ്രവർത്തികളുടെ ദൂഷ്യഫലങ്ങളും, അതാത് കുറ്റങ്ങൾക്ക് ഇന്ത്യൻ പീനൽ കോഡ് അനുശാസിക്കുന്ന ശിക്ഷകളും എഴുതിക്കാണിക്കൂ. സിനിമയിലെ പുകവലി, മദ്യപാന, ഹെർമറ്റ് രംഗങ്ങൾ മാത്രമല്ലല്ലോ ജനത്തെ വഴിപിഴപ്പിക്കാൻ സാദ്ധ്യതയുള്ളത്. അഥവാ സിനിമ കണ്ടതുകൊണ്ട് മാത്രം ആരും അൽ‌പ്പം പോലും വഴിപിഴച്ച് പോകരുതല്ലോ ?

സിനിമ ഒരു കലാരൂപമാണ്. പച്ചയായ ജീവിതത്തിൽ നിന്ന് പറിച്ചെടുത്ത് പാത്രസൃഷ്ടി നടത്തിയ രംഗങ്ങൾ അതിലുണ്ടാകാം. കഥാകൃത്തിന്റേയോ തിരക്കഥാകൃത്തിന്റേയോ സംവിധായകന്റേയോ ഭാവനയിൽ നിന്നുണ്ടായ, നിത്യജീവിതത്തിൽ ഒരുകാലത്തും സംഭവിക്കാൻ സാദ്ധ്യതയില്ലാത്ത കാര്യങ്ങളും സിനിമയിൽ പാത്രീഭവിച്ചെന്ന് വരാം. അതിന്റെയെല്ലാം ആകെത്തുക തന്നെയാണ് സിനിമ. അല്ലാതെ പൊതുജനത്തെ സന്മാർഗ്ഗജീവിതം പഠിപ്പിക്കാനുള്ള ഉപാധിയാണ് സിനിമയെന്ന കലാരൂപമെന്ന് ധരിച്ച് വശാകുന്നത് അബദ്ധമാണ്.

ഈ ഭൂഗോളത്തിൽ ഒരുപക്ഷേ ഇന്ത്യൻ സിനിമയിൽ മാത്രമേ ഇത്തരം ഹിപ്പോക്രസികൾ ഉണ്ടായെന്ന് വരൂ. നമ്മൾ ഹിപ്പോക്രാറ്റുകളാണെന്ന് നമ്മൾ തന്നെ വലുതും ചെറുതുമായ സ്ക്രീനുകളിലൂടെ വിളിച്ചുപറഞ്ഞ് മാലോകരെ മുഴുവൻ അറിയിക്കുന്ന അപഹാസ്യമായ നടപടി മാത്രമാണത്. യാഥാർത്ഥ്യബോധത്തോട് കൂടെയുടെ സമീപനം ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. അത് പറ്റില്ല എന്നാണെങ്കിൽ സിനിമയിൽ കാണുന്ന കാര്യങ്ങൾ നിത്യജീവിതത്തിലേക്ക് പകർത്താനുള്ളതല്ലെന്ന് സോദ്ദേശ ഡോക്യുമെന്ററിയൊരെണ്ണം നീട്ടിവലിച്ചുണ്ടാക്കി ശ്വാസകോശത്തിന് മുന്നെയോ സ്ലിപ്പിലെ ക്യാച്ചിന് പിന്നാലെയോ കാണിച്ചശേഷം, സിനിമയെ സിനിമയായി മാത്രം കാണാനുള്ള സംവിധാനവും സൌകര്യവും പ്രേക്ഷകന് ചെയ്തുകൊടുക്കണം.

ഈയടുത്ത് കണ്ട Ali beyond the ring എന്ന നാടകത്തിൽ ചെഗുവേര സ്റ്റേജിൽ വന്ന് സിഗാർ വലിച്ച് തള്ളുന്ന രംഗത്തിൽ, അധികാരികൾ എന്തുകൊണ്ട് ഇടപെടുന്നില്ല എന്ന ചിന്തയിലായിരുന്നു ഞാൻ. ഇങ്ങനെ തന്നെയാണ് പോക്കെങ്കിൽ, പുകവലിച്ചുകൊണ്ട് കഥാപാത്രങ്ങൾ വരുന്ന നാടകരംഗങ്ങളിൽ, പുകവലി ആരോഗ്യത്തിന് ഹാനികരം എന്നെഴുതിയ പ്ലക്കാർഡുമായി സെൻസർ ബോർഡിന്റെ പ്രതിനിധി സ്റ്റേജിൽ കയറി വരുന്ന കാലവും വിദൂരത്തല്ല.

വാൽക്കഷണം:- പുകവലി – മദ്യപാന രംഗങ്ങളിൽ സ്ക്രീനിൽ എഴുതി വരാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ലെന്ന് അറിയാഞ്ഞിട്ടല്ല. പക്ഷേ ഈ.മ.യൌ.യിൽ ഇത്തരം മുന്നറിയിപ്പ് സന്ദേശങ്ങൾ അരോചകത്തിന്റെ മൂർദ്ധന്യത്തിലായിരുന്നു.

Comments

comments

One thought on “ വെള്ളിത്തിരയിലെ സന്മാർഗ്ഗ ബോധവൽക്കരണങ്ങൾ അരോചകം

Leave a Reply to Russel Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>