ഗുരുവും അയൽവാസിയും പങ്കുകാരനുമായ ഏണസ്റ്റ് സാറിന്റെ വീട്ടിൽ ചെന്നപ്പോൾ മേശപ്പുറത്ത് ‘മുസരീസ് ഗ്രാമത്തിലെ ഇടവഴികൾ’ (കേസരി ബുക്സ്) കിടക്കുന്നു. ലേഖകന്റെ കൈയ്യൊപ്പ് പതിഞ്ഞ കോപ്പി. ഞാനത് കടന്ന് പിടിച്ചു, കടമായി വാങ്ങിക്കൊണ്ടുപോയി രാത്രിക്ക് രാത്രി തന്നെ വായിച്ചുതീർത്ത് തിരിച്ച് കൊടുക്കുകയും ചെയ്തു.
മുസരീസ് സംബന്ധിയായ എന്തുകണ്ടാലും ചാടി വീഴാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. സ്വന്തം നാട്ടിൽ നിന്ന് ക്രിസ്തുവിന് മുന്നേയുള്ള ശേഷിപ്പുകൾ കിളച്ചെടുക്കാൻ തുടങ്ങുമ്പോൾ, പറങ്കികൾക്കും ലന്തക്കാർക്കും ഇംഗ്ലീഷുകാർക്കുമൊക്കെ മുന്നേ, സങ്കൽപ്പിക്കാൻ പോലുമാകാത്ത ഒരു കാലഘട്ടത്ത് യവനരും റോമാക്കാരുമൊക്കെ ഞങ്ങളുടെ ഇടവഴികളിലൊക്കെ വിലസി നടന്നിരുന്നെന്ന് തെളിവുകൾ നിരത്തപ്പെടുമ്പോൾ, ആ സംസ്ക്കാരത്തിന്റെയൊക്കെ ഭാഗമായിരുന്നല്ലോ എന്റെ പൂർവ്വികർ എന്ന ചിന്ത ആനന്ദദായകമാകുമ്പോൾ, മണ്ണടിഞ്ഞുപോയ മുസരീസിന്റെ പൊട്ടും പൊടിയും പെറുക്കാതിരിക്കാൻ എനിക്കുമാവുന്നില്ല.
പുസ്തകം പക്ഷെ, പേര് സൂചിപ്പിക്കുന്നത് പോലെ മുസരീസിന്റെ ചരിത്രത്തിൽ ഊന്നിയുള്ളതല്ല. മുസരീസുകാരനായ ജോസ് മഴുവഞ്ചേരി എന്ന അദ്ധ്യാപകന്റെ അനുഭവക്കുറിപ്പുകളാണ് ഗ്രന്ഥത്തിൽ. ജോസ് മഴുവഞ്ചേരി എന്ന പേര് എനിക്കത്ര പരിചയമില്ല. പുറം ചട്ടയിലുള്ള, എന്നെപ്പോലെ അൽപ്പസ്വൽപ്പം നരകയറിയ മുടിയുള്ള ലേഖകന്റെ ഫോട്ടോയും വലിയ പരിചയമില്ല. ഉൾപ്പേജിൽ വിശദവിവരങ്ങൾ വായിച്ചതോടെ, പറഞ്ഞറിയിക്കാനാവാത്ത ആനന്ദത്തോടെ ലേഖകനെ ഞാൻ തിരിച്ചറിഞ്ഞു. പറവൂർ ലക്ഷ്മി കോളേജിലെ പ്രിൻസിപ്പാളും, എന്റെ അദ്ധ്യാപകനുമായ ജോസ് സാർ !!
ട്യൂഷൻ ക്ലാസ്സുകളിൽ അദ്ദേഹത്തിന്റെ അദ്ധ്യാപന രീതിയുടെ ഊഷ്മളത ഒരുപാട് അനുഭവിച്ചിട്ടുണ്ട്. പാഠ്യവിഷയങ്ങളിൽ മാത്രം ഊന്നി നിൽക്കാതെ, വളരെ രസകരമായ കഥകളും ആനുകാലിക വിഷയങ്ങളിലുള്ള ചില പരാമർശങ്ങളുമൊക്കെയായി അതീവ താൽപ്പര്യം ജനിപ്പിച്ചിട്ടുള്ള ക്ലാസ്സുകളായിരുന്നു അത്. അദ്ദേഹത്തിന്റെ മാത്രമല്ല സഹ അദ്ധ്യാപകരായ എൻ.എം. പീയേർസൺ സാറിന്റേയും ഡേവീസ് സാറിന്റേയുമൊക്കെ ക്ലാസ്സുകൾക്ക് ഇതേ പ്രത്യേകതകൾ ഉണ്ടായിരുന്നു. ചിട്ടയായുള്ള പഠിപ്പിക്കലും ഇടയ്ക്കിടയ്ക്കുള്ള പരീക്ഷകളുമൊക്കെ, പഠിക്കാതെ പറ്റില്ല എന്ന അവസ്ഥയിലേക്ക് ഏത് മടിയനേയും കൊണ്ടെത്തിച്ചിരുന്നു എന്നതാണ് സത്യം. ലക്ഷ്മി കോളേജ് എന്ന പാരലൽ കോളേജ് വളരെ നല്ല നിലയിലേക്ക് ഉയർന്നതും ഇന്നും അതേ നിലയ്ക്ക് വർത്തിച്ച് പോകുന്നതും അനുകരണീയരായ ഈ അദ്ധ്യാപകരുടെ അദ്ധ്യയനരീതികൊണ്ടുതന്നെയെന്ന് ഞാൻ വിശ്വസിക്കുന്നു.
പൂർവാഹ്നം, മദ്ധ്യാഹ്നം, സായാഹ്നം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി 30 അനുഭവസാക്ഷ്യങ്ങളാണ് പുസ്തകത്തിലുള്ളത്. പീയേർസൺ സാർ എഴുതിയിരിക്കുന്ന അവതാരിക എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കുറിപ്പിന്റെ അവസാനഭാഗത്തെ ചില വരികൾ തന്നെ എടുത്തു പറയട്ടെ. ‘കഥകൾക്ക് ഒരു കൌതുകം കരുതിവെച്ച് അവസാന ഖണ്ഡിക കാത്തുനിൽക്കുകയാണ്. ആത്മാവ് തുടിക്കുന്നത് അവസാനത്തെ പാരഗ്രാഫിലാണ്.’
മനസ്സിൽപ്പതിഞ്ഞുപോയ ഉള്ളുലക്കാൻ പോന്ന ചില സംഭവങ്ങൾ, ഉപ്പുമാവിന് ശേഷം വിതരണം ചെയ്യുന്ന പാല് കുടിക്കാനുള്ള ശ്രമം നാറ്റക്കേസാകുന്നത്, ആ സംഭവത്തിന്റെ ചില ബാക്കിപത്രങ്ങൾ ഈയടുത്ത കാലത്ത് വെളിപ്പെടുത്തപ്പെടുന്നത്, പെസഹാ എന്ന വാക്കിന്റെ അർത്ഥം കടന്നുപോകേണ്ടവൻ എന്നാണെന്നുള്ളത്, ഒരു മാർക്ക് കിട്ടിയ ആൾക്ക് ഒരടി; ഒൻപത് മാർക്കുകാരന് ഒൻപത് അടി; പത്ത് മാർക്കും പൂജ്യം മാർക്കും കിട്ടിയവർക്ക് അടിയില്ല എന്ന രീതിയിലുള്ള ഫ്രാൻസീസ് സാറിന്റെ വ്യത്യസ്തമായ ശിക്ഷണരീതി. ഇത്തരത്തിലുള്ള അനുഭവങ്ങൾ ചുരുളഴിയുന്ന പത്ത് അനുഭവങ്ങളാണ് പൂർവ്വാഹ്നത്തിലുള്ളത്. ‘പ്രാർത്ഥിക്കാൻ ഓരോരോ കാരണങ്ങൾ‘, ‘അണ്ണാ ഹസാരേ മാപ്പ് ‘ ‘മൈലാഞ്ചികൾ അരിക് പിടിപ്പിച്ച വഴി‘ എന്നിങ്ങനെ പല അദ്ധ്യായങ്ങളും വായിക്കുമ്പോൾ, ജോസ് സാറിന്റെ ക്ലാസ്സിൽ ഇരുന്നിരുന്ന ആ പഴയ ടീനേജുകാരൻ എന്റെയുള്ളിൽ തലപൊക്കി.
താൻ രചിച്ച ഭക്തിഗാനം നിനച്ചിരിക്കാതെ കെ.എസ്.ചിത്രയുടെ ശബ്ദത്തിൽ ചെട്ടിക്കാട് പള്ളിയിൽ നിന്ന് കേൾക്കാനിടയായും, അത് രചിച്ചതാരാണെന്ന് ഗായകസംഘത്തോട് അന്വേഷിക്കുന്നതുമായ സംഭവമാണ് ‘ആദ്യരാത്രിയിലെ ഉടമ്പടി എന്ന കുറിപ്പ് ‘. ഇതടക്കമുള്ള പല ലേഖനങ്ങളും തികഞ്ഞ ഒരു വിശ്വാസിയായ ലേഖകന്റെ കൈയ്യൊപ്പ് പതിഞ്ഞവയാണ്.
പാർട്ടികൾക്കും പ്രസ്ഥാനങ്ങൾക്കുമൊക്കെ തെറ്റ് പറ്റുമ്പോൾ, നിലപാടുകൾ പിഴക്കുമ്പോൾ, തിരുത്താൻ ശ്രമിച്ചതിന്റെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടി വന്ന പിയേർസൺ സാറിന്റെ കഥയാണ് ‘സ്പന്ദനം നിലച്ച നാഴികമണി‘. പാർട്ടിയെ തെറ്റുകളിൽ നിന്ന് നേർവഴിക്ക് കൊണ്ടുവരാൻ വേണ്ടിയുള്ള ശ്രമങ്ങളും വിമർശനങ്ങളും അദ്ദേഹത്തിന്റെ മകന്റെ തട്ടിക്കൊണ്ടുപോകലിലാണ് കലാശിക്കുന്നത്. ആ പ്രശ്നത്തിന് പിന്നാലെയുള്ള പാച്ചിലിനിടയിൽ പെരുമ്പാവൂർ പുല്ലുവഴിയിലെ അന്തോണീസ് പുണ്യാളന്റെ രൂപക്കൂടിന് മുന്നിൽ ഒരു പ്രാർത്ഥനയ്ക്കായി വാഹനം നിർത്താൻ ജോസ് സാർ ആവശ്യപ്പെടുന്നു. പ്രശ്നങ്ങളെല്ലാം പരിഹരിച്ചശേഷമുള്ള മടക്കയാത്രയിൽ നല്ല ഉറക്കത്തിലായിരുന്ന ലേഖകനെ പുല്ലുവഴി എത്തിയെന്ന് പറഞ്ഞ് വിളിച്ചുണർത്തുന്നത് പിയേർസൺ സാറാണ്. സ്വന്തം പ്രത്യയശാസ്ത്രങ്ങൾക്കും കാഴ്ച്ചപ്പാടുകൾക്കും ഒപ്പമോ അതിനേക്കാൾ വലുതായിത്തന്നെയോ സഹജീവികളുടെ വിശ്വാസങ്ങൾക്കും വില കൽപ്പിക്കുന്ന, എൻ.എം.പിയേർസൺ എന്ന വ്യക്തിപ്രഭാവത്തെയാണ് ആ അദ്ധ്യായം കാണിച്ചുതരുന്നത്.
സൂചന പോലുമില്ലാതെ നേരിട്ട് വായിച്ചിറങ്ങിച്ചെല്ലേണ്ടത് വായനക്കാരന്റെ അവകാശമായതുകൊണ്ട്, എടുത്തുപറഞ്ഞ കഥകളേക്കാൾ മേന്മയുള്ളത് പലതും ബോധപൂർവ്വം സ്മരിക്കാതെ പോകുന്നു. ജോസ് മഴുവഞ്ചേരി എന്ന ജോസ് സാറിനെ നേരിട്ടറിയുന്നതുകൊണ്ടായിരിക്കണം നല്ലൊരു വായനാനുഭവമാണ് ‘മുസരീസ് ഗ്രാമത്തിലെ ഇടവഴികൾ’ എനിക്ക് സമ്മാനിച്ചത്. സാറിനെ നേരിട്ടറിയാത്തവർക്കും പുസ്തകം നല്ലൊരു വായന സമ്മാനിച്ചിരിക്കാതെ തരമില്ല. അല്ലെങ്കിൽപ്പിന്നെ 2011 നവംബറിൽ ആദ്യ പതിപ്പിറക്കിയ ശേഷം 2012 ഫെബ്രുവരി ആയപ്പോഴേക്കും നാല് എഡിഷൻ കൂടെ വിറ്റുപോകാൻ സാദ്ധ്യതയില്ലല്ലോ ?
പ്രിയപ്പെട്ട ഒരു അദ്ധ്യാപകന്റെ പുസ്തകം വായിച്ചതിന്റെ സന്തോഷം, വരികളാക്കി മാറ്റാൻ അക്ഷരമില്ലാത്തവന്റെ പാഴ്‌വേല.
എന്‍ എം പിയേഴ്സണ്‍ “മാഷ്’ ആയിരുന്നു അല്ലേ?മനോജിന്റെ റെക്കമന്റേഷന്‍ ഉള്ളത് കൊണ്ട് ജോസ് സാറിന്റെ ഈ പുസ്തകം തീര്‍ച്ചയായും വായിച്ചിരിക്കും. അനുമോദനങ്ങള്‍! (മാഷ്ക്കും ശിഷ്യനും)
ഈ പരിചയപ്പെടുത്തല്‍ ഹൃദ്യമായി.
“പ്രശ്നങ്ങളെല്ലാം പരിഹരിച്ചശേഷമുള്ള മടക്കയാത്രയിൽ നല്ല ഉറക്കത്തിലായിരുന്ന ലേഖകനെ പുല്ലുവഴി എത്തിയെന്ന് പറഞ്ഞ് വിളിച്ചുണർത്തുന്നത് പിയേർസൺ സാറാണ്.
adipoli….saaarummarude pusthakam medichu vaayikkanam!
pusthaka parichayappeduthal kollam!
ഏണെസ്റ്റ് മാഷ് അയല്‍വാസി ആണോ മനോജ്???
ലക്ഷ്മി കോളേജ് ലെ ട്യുഷന്‍ കാലം ആണ് ഞാന്‍ ഇത് വായിച്ചപ്പോള്‍ ഓര്‍ത്തത്…,…:)))) പറ്റിയാല്‍ വായിക്കണം ഈ പുസ്തകം….
ഏണസ്റ്റ് മാഷിന്റെ വീട്ടിൽ നിന്ന് കഷ്ടി 1 കിലോ മീറ്റർ കഴിഞ്ഞാൽ എന്റെ വീടായി. അങ്ങനാകുമ്പോൾ അയൽപക്കം എന്ന് പറയുന്നതിൽ തെറ്റില്ലല്ലോ അല്ലേ ?
മനോജേട്ടാ.. ഒട്ടേറെ നന്ദി.. മറ്റൊന്നുമല്ല, ഏണസ്റ്റ് മാഷ്, ജോസ് സാര്‍, ഡേവിസ് സാര്‍, പിയേര്‍സണ്‍ സാര്‍ ഇവരെയൊക്കെ ഒറ്റയടിക്ക് ഓര്‍മ്മപ്പെടുത്തിയതിന്. ഈ മാഷുന്മാരെ കുറിച്ച് ലക്ഷ്മി കോളേജില്‍ പഠിച്ചിറങ്ങുന്നവര്‍ക്കൊക്കെ ഒട്ടേറെ ഓര്‍മ്മകള്‍ ഉണ്ടാകും എന്നത് ഉറപ്പ്.
പുസ്തകം വായിച്ചിട്ടില്ല. പുസ്തകത്തെ കുറിച്ച് അറിഞ്ഞത് സന്തോഷം. തരപ്പെട്ടാല്‍ വായിക്കാം.
ഈ പറഞ്ഞ ആരേയും പരിചയമില്ലെങ്കിലും, (ചില ലേഖനങ്ങളിലൂടെ ശ്രീ എന്‍.എം.പിയേര്‍സണ്‍ ഒഴികെ) എഴുത്ത് ഹൃദ്യമായി.
ഈ പറഞ്ഞ ആരേയും പരിചയമില്ലെങ്കിലും, (ചില ലേഖനങ്ങളിലൂടെ ശ്രീ എന്‍.എം.പിയേര്‍സണ്‍ ഒഴികെ) എഴുത്ത് ഹൃദ്യമായി.
@kaithamullu : കൈതമുള്ള് : എന്‍.എം.പിയേര്‍സണ്‍ മാഷ് ആയിരുന്നു എന്നല്ല, ഇപ്പോഴും ആണ്. അതോടൊപ്പം അദ്ദേഹം എഴുത്തുകാരന്‍, ലേഖകന്‍, ആക്റ്റിവിസ്റ്റ് അങ്ങിനെ ഒട്ടേറെ നിലകളിലും അറിയപ്പെടുന്നു.
@ മനോരാജ് – പിയേർസൺ സാർ എന്റെ മാഷ് ആയിരുന്നു അല്ലേ എന്നാണ് ശശിയേട്ടന്റെ ചോദ്യം ശശിയേട്ടാ… അങ്ങനല്ലെന്ന് മാത്രം പറഞ്ഞേക്കരുത്
ഹൃദ്യം
പെസഹാ എന്നാ വാക്കിന്റെ അര്‍ഥം ‘കടന്നുപോകേണ്ടവൻ’ എന്നല്ല ‘കടന്നുപോകല്‍’ എന്നാണ്.
@ aneeesh – പുസ്തകത്തിൽ നിന്ന് കിട്ടിയ വിവരം അതേപടി പകർത്തുകയാണുണ്ടായത്. കൂടുതൽ അറിയില്ലായിരുന്നു. അറിയാൻ ഇടയാക്കിയതിന് നന്ദി.
എല്ലാം ഒന്നിനൊന്നു മെച്ചം ഓരോ പോസ്റ്റും അറിയാതെ അങ്ങനെ വായിച്ചു പോയി, ഇവിടെ എത്തിയപ്പോഴാണ് ഒന്നിനും കമന്റിട്ടില്ലല്ലോ എന്നോര്‍മ വന്നത്.
എന്തിനാ ആരിഫിക്കാ കമന്റണേ ? നല്ല രസമുള്ള വായനാസുഖള്ള എഴുത്തല്ലേ ? അതങ്ങ് വായിച്ച് ആസ്വദിക്കുക. അത്ര തന്നെ. നല്ല പരിചയപ്പെടുത്തൽ ട്ടോ. ആശംസകൾ.
valare aduthu parichayamullavare kkkurichu vaayikkumbol oru santhosham.
thanks for the post…