കണ്ണൂർ ഗവ:എഞ്ചിനീയറിങ്ങ് കോളേജിൽ ഞങ്ങൾ ഇലൿട്രോണിക്സുകാർക്ക് കൺകണ്ട ദൈവം ഡോ:എം.ശശികുമാർ സാർ ആയിരുന്നെങ്കിൽ, സിവിൽ ബാച്ചുകാർക്ക് ദൈവങ്ങൾ രണ്ടായിരുന്നു; ഡോ:ആർ.പി.രാജഗോപാലൻ എന്ന RPR സാറും, ലീല ടീച്ചറും. RPR എന്ന് പറയുമ്പോൾത്തന്നെ ഗുരുഭക്തി ‘സിവിലിയൻ’മാരുടെ വാക്കുകളിൽ വഴിഞ്ഞൊഴുകുമായിരുന്നു. കൃശഗാത്രൻ, നീട്ടിവളർത്തിയ മീശയും താടിയും, തിളക്കമുള്ള കണ്ണുകൾ, തേജസ്സുറ്റ മുഖം, ചന്ദ്രനുദിച്ചതുപോലുള്ള ചിരി, ഒരു വാച്ചിന്റെ സ്‌ട്രാപ്പ് എന്നപോലെ ഒരേ വീതിയിലും കനത്തിലും വലത്തേ കൈത്തണ്ടയെ ചുറ്റി നിൽക്കുന്ന രോമരാജികൾ. ഒരിക്കൽ സാറിനെ കണ്ടിട്ടുള്ളവർ ആരെങ്കിലും ആ മുഖം മറക്കണമെങ്കിൽ മറവി രോഗം തന്നെ പിടിപെടണം.
ആർ.പി.ആർ.സാറിനൊപ്പം – ഒരു പഴയ ചിത്രം. |
എഞ്ചിനീയറിങ്ങ് പഠനമൊക്കെ കഴിഞ്ഞ് ഒരുപാട് വർഷങ്ങൾക്ക് ശേഷം എനിക്കൊരു ഫോൺ വന്നു. മറുവശത്ത് ആർ.പി.ആർ. സാറാണ്. ഞാൻ അമ്പരന്നു. സാറിനെന്റെ നമ്പറെവിടുന്ന് കിട്ടി ? എന്തിനായിരിക്കും എന്റെ നമ്പർ തപ്പിയെടുത്ത് വിളിച്ചിരിക്കുന്നത് ? അദ്ദേഹമെന്നെ ഒരു വിഷയവും കോളേജിൽ വെച്ച് പഠിപ്പിച്ചിട്ടില്ല. അക്കാഡമിക് മികവുള്ള ഒരു വിദ്യാർത്ഥിയെ എല്ലാ ഡിപ്പാർട്ട്‌മെന്റിലേയും ആദ്ധ്യാപകർ ശ്രദ്ധിച്ചെന്ന് വരും; അത് സ്വാഭാവികം. എന്റെ കാര്യത്തിൽ മികവിന്റെ ലിസ്റ്റെടുത്ത് കീഴേന്ന് മേലേക്ക് പരിഗണിച്ചാൽ മാത്രമേ അതിനുള്ള സാദ്ധ്യതയുള്ളൂ. ഇങ്ങനെയൊക്കെ ആയിട്ടും സാറെന്നെ എന്തിന് വിളിച്ചു ? എനിക്കൊരുത്തരവും കണ്ടെത്താനായില്ല. സാറ് വീണ്ടും പലപ്പോഴും വിളിച്ചുകൊണ്ടേയിരുന്നു. ഞാൻ സ്ഥലത്തില്ലാത്ത സമയത്തൊരിക്കൽ വീട്ടിൽ വിളിച്ച് അമ്മയോട് സംസാരിച്ചിരുന്നു. എനിക്ക് വീണ്ടും അമ്പരപ്പുണ്ടാക്കിക്കൊണ്ട് സാറിന്റെ ഈ – മെയിലുകൾ വരാൻ തുടങ്ങി. ഞാനായിട്ട് സാറിനൊരിക്കലും എന്റെ ഈ-മെയിൽ ഐഡി നൽകിയിട്ടില്ല. ചോറ്റാനിക്കര ക്ഷേത്രത്തിൽ സാറ് വരുമ്പോൾ നേരിൽ കാണാമെന്നൊക്കെ പറഞ്ഞെങ്കിലും എന്റെയൊരാളുടെ അനാസ്ഥ കാരണം കൂടിക്കാഴ്ച്ച മാത്രം നീണ്ടുനീണ്ടു പോയി.
സാറങ്ങനെയാണെന്ന് പിന്നീടാണ് ഞാൻ അന്വേഷിച്ചറിഞ്ഞത്. അദ്ദേഹം പഠിപ്പിച്ചിട്ടുള്ളതും ഇല്ലാത്തതും, അക്കാഡമിൿ ലിസ്റ്റിൽ താഴെയും മുകളിലും നടുവിലുമൊക്കെയുള്ള എല്ലാവരുടേയും വിവരങ്ങൾ ഒരേ താൽപ്പര്യത്തോടെ ശേഖരിച്ചു വെക്കും. ഒരു വിദ്യാർത്ഥിയുടെ പക്കൽ നിന്ന് അയാളുടെ സഹപാഠികളുടെ വിവരങ്ങൾ സംഘടിപ്പിക്കും. സൌകര്യം പോലെ അവർക്കൊക്കെ ഈ-മെയിലയക്കും; ഫോണിൽ വിളിച്ച് സംസാരിക്കും. നേരിൽ കാണാനൊക്കുന്നവരുടെയൊക്കെ ബിസിനസ്സ് കാർഡുകൾ ശേഖരിച്ച് തരം തിരിച്ച് വെക്കും. പഠനം കഴിഞ്ഞ് പിരിഞ്ഞതിനുശേഷം എവിടെയാണ്, എന്ത് ചെയ്യുന്നു എന്നൊക്കെ എനിക്കൊരു പിടിയുമില്ലാത്ത ചില സഹപാഠികളുടെ വിശേഷങ്ങൾ വള്ളിപുള്ളി വിടാതെ സാറെന്നോട് പറഞ്ഞപ്പോൾ, ഫോണിന്റെ ഈ തലയ്ക്കൽ ഞാൻ നിന്ന് ചൂളി. സൈബർ സ്പേസിൽ എവിടെയോ പ്രത്യക്ഷപ്പെട്ട എന്റെ ചില ലേഖനങ്ങളെപ്പറ്റി സാറ് അഭിപ്രായം അറിയിച്ചപ്പോൾ എനിക്ക് പിടികിട്ടാത്ത ഏതോ ഒരു തലത്തിലേക്ക് അദ്ദേഹം കയറിനിൽക്കുകയായിരുന്നു.
പിന്നെപ്പിന്നെ സാറിന്റെ ഫോൺ വിളികൾ ഇല്ലാതായി. ഈ-മെയിലുകൾ എന്നിട്ടും നിലയ്ക്കാത്തതുകൊണ്ട് അങ്ങേത്തലയ്ക്ക് സാറുണ്ടെന്നത് ആശ്വാസം തന്നു. അൽപ്പം കഴിഞ്ഞാണ് വേദനിപ്പിക്കുന്ന ആ വിവരമറിഞ്ഞത്. സാറിന് ശബ്ദം പകുതിമുക്കാലും നഷ്ടപ്പെട്ടിരിക്കുന്നു. ഗുരുപത്നി വഴിയാണ് പിന്നീട് സാറുമായി സംസാരിച്ചത്. സാറ് പതിഞ്ഞ ശബ്ദത്തിൽ പറയുന്നത്, മാഡം ഫോണിലൂടെ എന്നോട് പറയും, തിരിച്ചങ്ങോട്ട് ഞാൻ പറയുന്നത് സാറിനെ അറിയിക്കും. പ്രകൃതി ചിലപ്പോൽ അങ്ങനെ ചില വികൃതികൾ ഒപ്പിക്കും. പാട്ടുകാരന്റെ ശബ്ദമങ്ങെടുക്കും. ചിത്രകാരന്റെ, ബ്രഷ് പിടിക്കുന്ന കൈയ്യായിരിക്കും തളർത്തി വിടുക. സാറിന്റെ കാര്യത്തിൽ അതുകൊണ്ടും തീർന്നില്ല. നാഡീവ്യൂഹത്തിന് പറ്റിയ തകരാറ് ഇപ്പോൾ അദ്ദേഹത്തിന്റെ ഒരു ചെവിയേയും ഒരു കണ്ണിനേയും ബാധിച്ച് തുടങ്ങിയിരിക്കുന്നു.
ചോറ്റാനിക്കരയിൽ വെച്ച് കണ്ടുമുട്ടാൻ കാത്തുനിൽക്കാതെ, തൃശൂരിലെ വീട്ടിൽച്ചെന്ന് സാറിനെ കാണണമെന്ന് വിചാരിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. മൂന്ന് മാസം മുൻപ് സഹപാഠിയായ ജോഷിയ്ക്കും സിവിൽ ബാച്ചിലെ രവിവേട്ടനുമൊപ്പം ലീല ടീച്ചറിന്റെ വീട്ടിലെത്തി ടീച്ചറേയും കൂട്ടി സാറിന്റടുത്ത് എത്തി. ചെന്ന് കയറിയ പാടെ ചെവിയിൽ അദ്ദേഹം മന്ത്രിച്ചു.
“അവസാനം എവിടെ വെച്ചാണ് കണ്ടതെന്ന് ഓർമ്മയുണ്ടോ ?“
എനിക്കതോർമ്മയില്ല. സാറിനതും നല്ല ഓർമ്മ. ഞാൻ അത്ഭുതപ്പെടുന്നതുപോലെ തന്നെ സകല ശിഷ്യരും ഇങ്ങനോരോ കാര്യങ്ങളുടെ പേരിൽ അത്ഭുതപ്പെടുന്നുണ്ടാകാം. സാറിന്റെ ക്ലാസ്സ് കട്ട് ചെയ്ത് ഫുഡ്ബോൾ കളിക്കാൻ പോയ സ്പോർട്ട്സ് ക്ലബ്ബ് സക്രട്ടറി ശ്യാം, ഗോൾ കീപ്പറായി നിന്ന് എത്ര ഗോളുകൾ വഴങ്ങിയെന്ന്, മാറി നിന്ന് കളീ വീക്ഷിച്ച സാറിനിന്നും നല്ല ഓർമ്മയുണ്ട്. ശ്യാമിന് ഓർമ്മയുണ്ടോ ആവോ ?
ശബ്ദപരിമിതി ഉള്ളതുകൊണ്ട്, ഞങ്ങൾ മൂവരേയും തീൻമേശയ്ക്ക് ചുറ്റും വളരെ അടുപ്പിച്ചിട്ട കസേരകളിൽ അദ്ദേഹം ഇരുത്തി. ക്ലാസ്സ് വല്ലപ്പോഴുമൊക്കെ കട്ട് ചെയ്യുക തന്നെ വേണം, പക്ഷെ ആ സമയത്ത് ചെയ്ത കാര്യം ഫലവത്താകണമെന്ന് മാത്രമേയുള്ളൂ എന്ന ഉപദേശത്തിൽ തുടങ്ങി, കൃഷ്ണമേനോൻ ഇംഗ്ലണ്ടിൽ നടത്തിയ പ്രസംഗം വരെയുള്ള വിഷയങ്ങൾ സംസാരിച്ച് രണ്ട് മണിക്കൂർ കടന്നുപോയത് പെട്ടെന്നായിരുന്നു. വിലമതിക്കാനാവാത്ത ഒരു സായാഹ്നമായിരുന്നത്.
ആർ.പി.ആർ. സാറിനൊപ്പം – ഒരു പുതിയ ചിത്രം. |
മടക്കയാത്രയിൽ ആലോചന മുഴുവൻ RPR സാറിനെപ്പറ്റിത്തന്നെ ആയിരുന്നു. സിലബസ്സിലില്ലാത്ത ഏത് പാഠമാണ്, നിശബ്ദനായി സാറിന്നും ഞങ്ങളെയൊക്കെ പഠിപ്പിക്കുന്നത് ? ഏത് സെമസ്റ്ററിലെ, ഏത് വിഷയമായിട്ടാണ് ഞങ്ങളിത് പഠിക്കേണ്ടത് ? തിയറി ആയിട്ട് മാത്രം പഠിച്ചാൽ പോരല്ലോ, പ്രാൿറ്റിക്കലാക്കുകയും കൂടെ വേണ്ടേ ? അൽപ്പം മനസ്സ് വെച്ച് പഠിച്ചാൽ, ജീവിതത്തിലെ ഏതെങ്കിലും ഒരു പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങി പാസ്സാകാൻ പോന്ന ഈ വിഷയത്തെ, ഗുരുവിന്റെ വാത്സല്യമെന്നോ സ്നേഹമെന്നോ അതൊന്നുമല്ലാത്ത മറ്റെന്തെങ്കിലും പേരിട്ടാണോ വിളിക്കേണ്ടത് ?
ശിഷ്യർക്ക് മാത്രമല്ലല്ലോ സഹാദ്ധ്യാപകർക്കും ഒരു പാഠമെന്തോ അദ്ദേഹം പകർന്ന് നൽകുന്നില്ലേ ? കരിക്കുലത്തിൽ ഇല്ലാത്ത, റഫറൻസ് ഗ്രന്ഥങ്ങളിലൊന്നുമില്ലാത്ത ടീച്ചേർസ് നോട്ടിലൊന്നും ഒരദ്ധ്യാപകനും എഴുതി തയ്യാറാക്കി വെക്കാത്ത മഹത്തായ ഒരു പാഠം തന്നെയല്ലേ അത് ?
രണ്ട് ദിവസം മുന്നേ വീണ്ടും സാറിന്റെ ഇ-മെയിൽ വന്നു.
manoj,….i am slowly getting back to net. shall give short replies.
regards – RPR
മൂന്ന് മാസത്തിലധികമായി എഴുതി വെച്ചിരുന്ന ഈ കുറിപ്പ് ഇനിയും ഡ്രാഫ്റ്റിൽ ഇടുന്നത് ശരിയല്ലെന്ന് സാറിന്റെ മെയിൽ കിട്ടിയപ്പോൾ തോന്നി.
അത്ഭുതം തോന്നുന്നു, നിരക്ഷരന്‍ജീ താങ്കളുടെ ഗുരുവിനെക്കുറിച്ച് അറിഞ്ഞപ്പോള്‍. കാണുമ്പോള്‍ മാത്രം പൊള്ളയായ വാക്കുകള്‍ പരസ്പരം പറഞ്ഞു പരിചയം പുതുക്കുന്നവര്‍ക്കിടയില്‍ ഇങ്ങനെയും ഒരു മനുഷ്യനുണ്ടല്ലോ എന്നറിയുമ്പോള്‍ ആശ്വാസവും. നല്ല അദ്ധ്യാപകന്‍ മാത്രമല്ല, ഒരു നല്ല മനുഷ്യന്‍ എങ്ങനെയായിരിക്കണം എന്നതിനു കൂടി ഉത്തമ മാതൃകയാകുന്നു അദ്ദേഹം. സ്നേഹം, ദയ, പരസ്പരസഹകരണം തുടങ്ങിയ സിലബസ്സില്‍ ഇല്ലാത്ത എത്രയെത്ര പാഠങ്ങളാണ് പറയാതെ അദ്ദേഹം ശിഷ്യര്‍ക്ക് പകര്‍ന്നു നല്‍കുന്നത് ! ജീ പറഞ്ഞതുപോലെ തീര്‍ച്ചയായും ഇതൊന്നും തിയറി പഠിച്ചാല്‍ പോര, ഇത്തിരിയെങ്കിലും പ്രാക്ടിക്കല്‍ ആക്കാന്‍ കഴിഞ്ഞാലേ മനുഷ്യന്‍ എന്ന പേരിനു നമുക്ക് അര്‍ഹതയുണ്ടാകൂ. ഇങ്ങനെയൊരു ഗുരുവിന്റെ ശിഷ്യരാകാന്‍ കഴിഞ്ഞവര്‍ എത്ര ഭാഗ്യവാന്മാരാണ്!
ഹൃദയത്തില്‍ പതിയുന്ന ജീവിത രംഗങ്ങള്‍ …
ഗുരുക്കളില്‍ ഗുരുവായ RPR സാറിന് നമോവാകം ….
That is RPR sir.
For me too he is GOD.
Of course I was not his student in class .
Warm reards
Leela
യഥാർത്ഥ ഗുരു- അല്ലെ ?
ഒരു നമസ്കാരം എന്റെ വക ആയും
Good write up
RPR സാറിന് പ്രണാമം
എന്റെ കാലത്തൊക്കെ ഇത്തരം ഗുരുക്കന്മാരെ എവിടുന്നു കിട്ടാൻ…ക്ലാസ്മേറ്റ്സ് സിനിമയിലെ അയ്യർസാറിനെ ഒക്കെ കണ്ടപ്പോൾ ഞാൻ ആലോചിച്ചുപോയി ഇത്തരം ഒരാൾ പോലും എനിക്കൊന്നും ഇല്ലാതെ പോയല്ലോ എന്ന്….:)..
ഇങ്ങനെ ഒരു ഗുരുവിനെ ലഭിച്ച നിങ്ങളും നിങ്ങളെപ്പോലെ ഗുരുവിനെ സ്നേഹിക്കുന്ന ശിഷ്യസമ്പത്തുള്ള ഗുരുവും ഭാഗ്യവാന്മാർ തന്നെ. ഇനിയും നല്ല ആരോഗ്യത്തോടെ നിങ്ങളുമായി സംവദിക്കാൻ ആ ഗുരുവിനും അദ്ദേഹത്തിന്റെ വാത്സല്യം അനുഭവിക്കാൻ നിങ്ങൾക്കും സാധിക്കട്ടെ എന്ന പ്രാർത്ഥനമാത്രം. മറ്റൊന്നും എഴുതുന്നില്ല.
അതെ..മനോജ് ഭാഗ്യവാന്‍ തന്നെ…വല്ലാത്ത അത്ഭുതം തോന്നുന്നു… അദ്ദേഹത്തിന് ആയുരാരോഗ്യം നല്‍കട്ടെ ദൈവം എന്ന് ആശംസിക്കുന്നു..
മനോജ് അദ്ദേഹത്തിന്റെ ആരോഗ്യത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നു.
എന്നെ ഹൈ സ്കൂളില്‍ പഠിപ്പിച്ച എന്റെ പ്രിയപ്പെട്ട ചക്കാലക്കല്‍ ജോസ് സാറിനെ ഓര്‍മിപ്പിച്ചതിനു നന്ദി.
സജീവ്
വിദ്യാര്‍ഥി ജീവിതത്തിന്റെ നീണ്ട ഇടനാഴികളിലേക്കു വീണ്ടും ഓര്‍മ്മകളെ കൈ പിടിച്ചുയര്തിയത്തിനു നന്ദി. ഒപ്പം മിന്നിമറഞ്ഞു പോയ, തെളിച്ചമേറിയ ഒരുപാട് മുഖങ്ങളെ ഓര്‍മ്മിപ്പിച്ചതിനും..
നീരുഭായി … ഇങ്ങനെയൊരു ഗുരുവിനെ ലഭിച്ച താങ്കള്‍ തീര്‍ച്ചയായും ഭാഗ്യവാന്‍ തന്നെ …ആശംസകള്‍
RPR sir, sneha nidhiyaaya angeyhkku aayuraarogyangal nerunnu!
ഗുരു എന്നതിന്റെ മഹത്വം അറിയുന്ന ചുരുക്കം അദ്ധ്യാപകരില്‍ ഒരാളായ അദ്ദേഹത്തിന്റെ ശിഷ്യനാകാന്‍ കഴിയുക ഭാഗ്യം തന്നെ… ഈശ്വരന്‍ അദ്ദേഹത്തിന് ആയുരാരോഗ്യം നല്‍കട്ടെ…
മറക്കാന്‍ കയിയത അദ്ധ്യാപകരെ കുറിച്ച് നമ്മളൊക്കെ പറയാറുണ്ട്,
നമ്മളെ ഒരു അധ്യാപകന്‍ ഓര്‍മിക്കുന്നു എന്നത് എത്ര ആനന്ദമാണ്
Niraksharananengilum ithra nalla guruvine kittiyille.
RPR sirinu ayurarogyasoukhyangal nerunnu.
അതാണ് അദ്ധ്യാപകൻ; അഥവാ അങ്ങനെ ആയിരിക്കണം!
മനോജേട്ടന് ഭാഗ്യവാനാണ്. അദ്ദേഹത്തെപോലൊരു ഗുരുവിനെ കിട്ടിയില്ലേ?
Manoj, Thank you for this great memoire about Dr. RPR Sir that refreshed my mind with the wonderful years at Kannur Engineering College and the pride in having the inordinate fortune to be his student. I always felt attending his class or being near him like the experience of being near a great Guru. I am sure that is the true feeling for the tens of thousands that were fortunate to attend his class or have already met him. I often wonder what makes him so different from any one I have ever met and honestly I cannot explain the reason. – Cyril Thomas
സജിം തട്ടത്തുമല പറഞ്ഞതില്‍ ഏറെ ഒന്നും എനിക്കും പറയാനില്ല.