indian-flag33_26-255B1-255D

ദേശീയ ഗാനത്തിന് 100 വയസ്സ്


1911 ഡിസംബർ 27ന് ഒരു പ്രാർത്ഥനാ ഗാനമായി ആരംഭിച്ച് പിന്നീട് ഇന്ത്യയുടെ ദേശീയഗാനമായി മാറിയ രബീന്ദ്രനാഥ ടാഗോറിന്റെ ‘ജനഗണമന…’ എന്നു തുടങ്ങുന്ന വരികൾക്ക് 100 വയസ്സ് തികഞ്ഞിരിക്കുന്നു. അഭിമാനിക്കാൻ പോന്ന മുഹൂർത്തം തന്നെ അല്ലേ ?

പക്ഷെ, അത്രയ്ക്കങ്ങ് അഭിമാനിക്കാൻ തക്കവണ്ണം ദേശീയഗാനം ആലപിക്കപ്പെടുന്നുണ്ടോ ? ദേശീയഗാനം വല്ലാതെ അവഗണിക്കപ്പെടുന്നു, എന്ന് കരുതാൻ പോന്ന അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഇങ്ങനെ ചോദിക്കേണ്ടി വന്നത്. സിനിമാ തീയറ്ററുകളിൽ സിനിമ തുടങ്ങുന്നതിന് മുന്നേ ദേശീയഗാനം ആലപിക്കേണ്ടതല്ലേ? വടക്കേ ഇന്ത്യയിലെ പല തീയറ്ററുകളിലും അത് ചെയ്യുന്നുണ്ടല്ലോ, എന്നൊക്കെ പറഞ്ഞുകൊണ്ട് കുറച്ച് നാൾ മുൻപ് ഗൂഗിൾ ബസ്സിൽ ഞാനൊരു അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ദേശീയഗാനം തീയറ്ററിൽ മുഴങ്ങുന്ന സമയമത്രയും, പറഞ്ഞറിയിക്കാനാവാത്ത ദേശസ്നേഹത്തോടെ എഴുന്നേറ്റ് നിൽക്കുന്നതിന്റെ ഒരു അനുഭൂതിയുടെ വെളിച്ചത്തിലാണ് അങ്ങനെ പറഞ്ഞത്. ബസ്സിലെ ചർച്ചയിൽ പങ്കെടുത്ത പലരും കേരളത്തിലെ തീയറ്ററുകളിൽ ദേശീയഗാനം ആലപിക്കുന്നത് നിർബന്ധമാക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളെപ്പറ്റിയും മറ്റ് പ്രശ്നങ്ങളെക്കുറിച്ചുമൊക്കെ വാദപ്രതിവാദങ്ങൾ നടത്തുകയും വാചാലരാവുകയും ചെയ്തു. വടക്കേ ഇന്ത്യയിൽ ചെയ്യാമെങ്കിൽ എന്തുകൊണ്ട് തെക്കേ ഇന്ത്യയിലോ കേരളത്തിലോ ചെയ്യാനാകുന്നില്ല എന്ന് മാത്രമേ എനിക്ക് വാദിക്കാനുള്ളൂ. തീയറ്ററുകളിലോ അതുപോലുള്ള വ്യക്തിഗത സ്ഥാപനങ്ങളിലോ ചെയ്യുന്നില്ലെങ്കിൽ വേണ്ട, വിട്ടുപിടിക്കാം. പക്ഷെ പൊതുസ്ഥലങ്ങളിൽ നടക്കുന്ന പൊതുപരിപാടികളിലെങ്കിലും ദേശീയഗാനാലാപനം നിർബന്ധമാക്കേണ്ടതല്ലേ ?

ദേശീയഗാനം നമ്മളെ പഠിപ്പിക്കുകയും, ദിവസം ഒരു പ്രാവശ്യമെങ്കിലും ആലപിക്കുകയും ചെയ്യുന്ന സ്ക്കൂളുകളിൽ ഒന്നിൽ ഈയിടെ ഒരു പരിപാടിയിൽ പങ്കെടുത്തപ്പോൾ, പരിപാടിയുടെ അവസാനം ദേശീയ ഗാനം ഉണ്ടായിരുന്നില്ല. പ്രസ്തുത ചടങ്ങ് ആരംഭിച്ചത് പ്രാർത്ഥനാഗാനത്തോടെ ആണെന്നത് ശ്രദ്ധേയവുമാണ്. ദേശീയഗാനം തന്നെ ഒരു പ്രാർത്ഥനാ ഗാനമായി ആലപിക്കാനുള്ള സന്മനസ്സ് പോലും നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു.

അച്ഛന്റെ മരണശേഷം, അദ്ദേഹത്തിന്റെ നോമിനി എന്ന നിലയിൽ ഞാൻ അംഗമായിത്തീർന്ന ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ പരിപാടികൾ എല്ലാം ആരംഭിക്കുന്നത് പ്രാർത്ഥനാ ഗാനത്തോടെയാണ്. പക്ഷെ, ട്രസ്റ്റിന്റെ മീറ്റിങ്ങുകൾ അവസാനിക്കുമ്പോൾ ദേശീയഗാനം ആലപിക്കുന്നതേയില്ല. രണ്ടാമത്തെ മീറ്റിങ്ങിന് മുന്നേ തന്നെ ഇക്കാര്യം ട്രസ്റ്റിന്റെ ഉന്നത ഭാരവാഹികളെ അറിയിക്കുകയും ചെയ്തു. കോളേജ് അദ്ധ്യാപകൻ ആയി വിരമിച്ച ട്രസ്റ്റ് ചെയർമാർ നിർദ്ദേശം സശ്രദ്ധം കേട്ടിരുന്നെങ്കിലും ഇക്കാര്യം നടപ്പിലാക്കാൻ വേണ്ട നടപടികൾ എടുക്കുകയുണ്ടായില്ല.

“ദേശീയഗാനം പാടിക്കാമെന്ന് വെച്ചാൽത്തന്നെ ആർക്കെങ്കിലും ഇപ്പോൾ അങ്ങനൊരു ഗാനം അറിയുമോ ? ” എന്നായിരുന്നു ട്രസ്റ്റിലെ അംഗങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ഒരു റിട്ടയേഡ് കോളേജ് അദ്ധ്യാപികയുടെ ചോദ്യം. ഒരു അദ്ധ്യാപികയുടെ ചോദ്യമായതുകൊണ്ടാവണം ഞാൻ ശരിക്കും ഞെട്ടി.

എല്ലാം വെറും തട്ട്മുട്ട് ന്യായങ്ങൾ മാത്രം. എനിക്കറിയാം ദേശീയഗാനം പാടാൻ, കൂടെ പാടാൻ ആരുമില്ലെങ്കിലും ഞാൻ ഒറ്റയ്ക്ക് പാടിക്കോളാം. ദേശീയഗാനം പാടാൻ ആർക്കും  അറിയില്ലെങ്കിൽ അതുതന്നെ വലിയൊരു അവഗണനയോ അപരാധമോ ആയി കാണേണ്ടിയിരിക്കുന്നു. ആർക്കും പാടാൻ അറിയില്ലെങ്കിൽ കൈയ്യിലുള്ള മൊബൈൽ ഫോണിലോ മറ്റോ റെക്കോഡ് ചെയ്തുകൊണ്ടുവന്ന് റീപ്ലേ ചെയ്യാനുള്ള സൌകര്യമെങ്കിലും ഏർപ്പാടാക്കാമല്ലോ ?

ഈയിടെയായി, മാസത്തിലൊരിക്കൽ പങ്കെടുക്കുന്ന മറ്റൊരു സ്ഥാപനത്തിന്റെ ബോർഡ് മീറ്റിങ്ങിലും ഇതുതന്നെയാണ് അവസ്ഥ. പ്രാർത്ഥനാ ഗാനത്തോടെയാണ് തുടക്കം. പക്ഷെ, കാര്യപരിപാടികൾ അവസാനിക്കുമ്പോൾ ദേശീയഗാനം ആലപിക്കപ്പെടുന്നില്ല. നിർദ്ദേശം വെച്ചിട്ടുണ്ട്, പരിഗണിക്കപ്പെടും എന്നുതന്നെ പ്രതീക്ഷിക്കുന്നു.

ഒരുപാട് നാളുകൾക്ക് ശേഷം, ഒരു പൊതുപരിപാടി ദേശീയഗാനം ആലപിച്ചുകൊണ്ട് അവസാനിക്കുന്നത് കണ്ടത് എറണാകുളത്ത് നടന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിലാണ്. പുസ്തകോത്സവത്തിന്റെ സംഘാടകൻ ശ്രീ. നന്ദകുമാറിന് ദേശസ്നേഹത്തോടെ ഒരു സല്യൂട്ട്.

കൂടുതൽ ഇടങ്ങളിലും അവസരങ്ങളിലും ദേശീയഗാനം ആലപിക്കപ്പെടേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ, വരും കാലങ്ങളിൽ അറ്റൻഷനിൽ എഴുന്നേറ്റ് നിന്ന് ആദരിക്കാൻ പോലും പുതിയ തലമുറ മറന്നു പോയെന്ന് വരും. റിട്ടയേഡ് കോളേജ് അദ്ധ്യാപിക പറഞ്ഞതുപോലെ ദേശീയഗാനം ആലപിക്കാൻ അറിയാത്തവർ ആരും തന്നെ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഉച്ഛാരണത്തിൽ എന്തെങ്കിലും പിശകുകൾ വന്നാലും, വരികളും ട്യൂണുമൊക്കെ അറിയാവുന്നവർ തന്നെയാണ് 10 ൽ ഒരാളെങ്കിലും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അറിയാത്തവർക്കും അറിയുന്നവർക്കുമെല്ലാമായി, ഇതാ ഇന്ത്യയിലെ പ്രമുഖ സംഗീതജ്ഞർ ചേർന്ന് വാദ്യോപകരണങ്ങളിലൂടെയും ഗാനമായും ആലപിച്ച ദേശീയഗാനത്തിന്റെ ഒരു വീഡിയോ. പിറന്നിട്ട് 100 വർഷത്തിലധികമായ സ്വന്തം ദേശത്തിന്റെ ഗാനം അഭിമാനത്തോടെയും അതിലേറെ ദേശഭക്തിയോടെയും എഴുന്നേറ്റ് നിന്ന് തന്നെ കേൾക്കാം.

ജന ഗണ മന അധി നായക ജയ ഹേ
ഭാരത ഭാഗ്യ വിധാതാ
പഞ്ചാബ് സിന്ധ് ഗുജറാത്ത് മറാഠാ
ദ്രാവിഡ ഉത്ക്കല ബംഗാ

വിന്ധ്യ ഹിമാചല യമുനാ ഗംഗാ
ഉച്ഛല ജലധി തരംഗാ

തവ ശുഭ നാമേ ജാഗേ
തവ ശുഭ ആശിഷ് മാഗേ
ഗാഹേ തവ ജയ ഗാഥാ.

ജന ഗണ മംഗളദായക ജയ ഹേ
ഭാരത ഭാഗ്യ വിധാതാ

ജയ ഹേ ജയ ഹേ ജയ ഹേ
ജയ ജയ ജയ ജയ ഹേ

Comments

comments

21 thoughts on “ ദേശീയ ഗാനത്തിന് 100 വയസ്സ്

  1. “ദേശീയഗാനം പാടിക്കാമെന്ന് വെച്ചാൽത്തന്നെ ആർക്കെങ്കിലും ഇപ്പോൾ അങ്ങനൊരു ഗാനം അറിയുമോ ? ” ഒരു അദ്ധ്യാപികയുടെ ചോദ്യമായതുകൊണ്ടാവണം ഞാൻ ശരിക്കും ഞെട്ടി.

  2. “ദേശീയഗാനം പാടിക്കാമെന്ന് വെച്ചാൽത്തന്നെ ആർക്കെങ്കിലും ഇപ്പോൾ അങ്ങനൊരു ഗാനം അറിയുമോ ? ” ഒരു അദ്ധ്യാപികയുടെ ചോദ്യമായതുകൊണ്ടാവണം ഞാൻ ശരിക്കും ഞെട്ടി.

    സ്വാശ്രയത്തിലോ മറ്റോ പഠിച്ച കുട്ടിയായിരിക്കും അവര്‍ മാഷെ.

  3. “ജന ഗണ മന…….” പ്രത്യേക സാഹചര്യങ്ങളില്‍ അല്ലാതെ ആലപിയ്ക്കുന്നത് അനാദരവാണ് എന്നാണു ഞാന്‍ കേട്ടിരിയ്ക്കുന്നത്…… ശെരിയാണോ എന്നറിയില്ല. പിന്നെ, മറ്റൊരു സംഭവം ഓര്‍ത്തു പോകുന്നു- യു.പി. ക്ലാസ്സില്‍ പഠിക്കുമ്പോളാണ് എന്നാണ് ഓര്‍മ്മ. അതുവരേയ്ക്കും ദേശീയ ഗാന സമയത്ത് ഞങ്ങള്‍ എഴുന്നേറ്റു നില്‍ക്കുക മാത്രമാണ് ചെയ്യാറ്. പക്ഷെ പുതുതായി വന്ന ഹെഡ് മാഷ്‌ ഞങ്ങളോട് വലതു കരം ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചു കൊണ്ട് ഗാനം ആലപിയ്ക്കണം എന്നും ആലപിയ്ക്കുമ്പോള്‍ ഗാന്ധിജി, ഭഗത് സിംഗ്, സുഭാഷ് ചന്ദ്ര ബോസ് തുടങ്ങിയവരെ മനസ്സിലോര്‍ക്കുകയും വേണം എന്നും പറഞ്ഞു. പക്ഷെ പാട്ടുകാരായ കുട്ടികള്‍ മാത്രം പാടിയാല്‍ മതിയെന്നും പാട്ടറിയാത്തവര്‍ പാടുന്നത് ശെരിയല്ലെന്നും കൈ നെഞ്ചില്‍ ചേര്‍ക്കരുതെന്നും മറ്റൊരഭിപ്രായം ഉയര്‍ന്നു. ഏതായാലും അധികം നാള്‍ ഞങ്ങള്‍ അങ്ങനെ ചെയ്തില്ല…..

  4. കഴിഞ്ഞ ആഗസ്റ്റ്‌ 15-നു ഞാന്‍ 15 വ്യതസ്തമായ ‘ജന ഗണ മന…’ ഷെയര്‍ ചെയ്തിരുന്നു….. പറ്റുമെങ്കില്‍ you tube-ല്‍ ഒന്ന് കേട്ട് നോക്കൂ…..
    ‘ജന ഗണ മന…’ in vocal, in flute, in keyboard, in tabala, in guitar, by a 2.5 yr boy, by a 5yr girl child, in 39 diff voices, in instruments by rahman, in vocal by rahman,

  5. @ (പേര് പിന്നെ പറയാം) – ഏതൊരു മീറ്റിങ്ങ് അല്ലെങ്കിൽ സമ്മേളനം അവസാനിക്കുമ്പോഴും ദേശീയഗാനം ആകാം. വടക്കേ ഇന്ത്യയിലെ സിനിമാ തീയറ്ററുകളിൽ ഓരോ ഷോയ്ക്ക് മുന്നും അത് പ്ലേ ചെയ്യുന്നതിനർത്ഥം ആ സമയത്തും കുഴപ്പമില്ല എന്നല്ലേ ? ദേശത്തെ അപമാനിക്കാൻ വേണ്ടിയുള്ള ഏതെങ്കിലും അവസരത്തിലോ കാര്യത്തിനോ അത്തരം സംരംഭങ്ങളിലോ ദേശീയഗാനം പാടാതിരുന്നാൽ മാത്രം മതിയാകും. അതല്ലാതെ ഒരു വേർഷൻ ഞാൻ ഇതുവരെ കേട്ടിട്ടില്ല.

  6. എനിക്ക് ദേശിയഗാനം അറിയാം. ഇത് പോലെ പലര്‍ക്കും അറിയാം. പക്ഷെ നിരക്ഷരന്‍ സൂചിപ്പിച്ചപോലെ അതൊരു തരംഗമായി മാറുന്നില്ല. എനിക്ക് തോന്നുന്നു അതിലേറെ വന്ദേമാതരം ആളുകള്‍ പാടുന്നുണ്ട്. പക്ഷെ എ.ആര്‍.റഹ്‌മാന്റെ ട്യൂണില്‍ ആണെന്ന് മാത്രം. ഇനി ജനഗണമനയും എ.ആര്‍.റഹ്‌മാനെ കൊണ്ടോ മറ്റോ പാടിക്കേണ്ടിയിരിക്കുന്നു..

  7. ജന ഗണ മന അധി നായക ജയ ഹേ
    ഭാരത ഭാഗ്യ വിധാതാ
    പഞ്ചാബ് സിന്ധ് ഗുജറാത്ത് മറാഠാ
    ദ്രാവിഡ ഉത്ക്കല ബംഗാ

    വിന്ധ്യ ഹിമാചല യമുനാ ഗംഗാ
    ഉച്ഛല ജലധി തരംഗാ
    തവ ശുഭ നാമേ ജാഗേ
    തവ ശുഭ ആശിഷ് മാഗേ
    ഗാഹേ തവ ജയ ഗാഥാ.

    ജന ഗണ മംഗളദായക ജയ ഹേ
    ഭാരത ഭാഗ്യ വിധാതാ
    ജയ ഹേ ജയ ഹേ ജയ ഹേ
    ജയ ജയ ജയ ജയ ഹേ

  8. നമ്മുടെ നാട്ടില്‍ പണ്ട് സിനിമയുടെ അവസാനഭാഗത്ത് ദേശീയഗാനം ചേര്‍ത്തിരുന്നു. ആ സമയത്ത് സ്ക്രീനില്‍ ഒരു ദേശീയ പതാക പാറിക്കളിക്കും. പക്ഷെ, ദേശീയഗാനം കേള്‍ക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് അറ്റന്‍ഷനില്‍ നില്‍ക്കണം എന്നതാണ്‌ അതിന്റെ ഒരു ആചാരം. ആളുകള്‍ അതിന്‌ കാത്തുനില്‍ക്കാതെ ഇറങ്ങിപ്പോകുന്നതുകൊണ്ടായിരിക്കാം പിന്നീട് അത് നിര്‍ത്തലാക്കിയത്. പക്ഷെ ശശി തരൂര്‍ പറഞ്ഞതുപൊലെ നെഞ്ചത്ത് കയ്യ് വച്ച് ദേശീയഗാനം ആലപിക്കണമെങ്കില്‍ ആചാരത്തില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കണം. അതുവരെയും നമുക്ക പഴയ രീതി തന്നെ പിന്തുടരേണ്ടിവരും.
    എല്ലാവര്‍ക്കും ദേശീയഗാനം അറിയാം എന്ന് അഹങ്കരിക്കേണ്ടതില്ല. ഇപ്പോഴത്തെ തലമുറയിലെ കുട്ടികള്‍ക്ക് എല്ലാവര്‍ക്കും അത് അറിയില്ല. അതിനുള്ള തിട്ടൂരം ചില സ്കൂളുകള്‍ ഇറക്കുന്നും ഉണ്ട്. ദേശീയഗാനത്തിന്റെ നൂറാം വാര്‍ഷീകം ആരും ആഘോഷിച്ചതായി കണ്ടില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു സന്ദേശം പോലും കണ്ടില്ല. അതുകൊണ്ട് ഒരു പോസ്റ്റ് എനിക്കും എഴുതേണ്ടി വന്നു.
    ലേഖകന്‍ പറയുന്നതുപോലെ സ്വകാര്യ സ്ഥാപനങ്ങളുടെ മീറ്റിംങ്ങുകളില്‍ ദേശീയഗാനം ആലപിക്കുന്നത് അത്ര സ്വീകാര്യമായിരിക്കില്ല. പക്ഷെ അവര്‍തന്നെ ഒരു പൊതു വേദിയിലാണ്‌ യോഗം നടത്തുന്നതെങ്കില്‍ ആലോചിക്കാവുന്നതാണ്‌.

  9. @ പാർത്ഥൻ – വടക്കേ ഇന്ത്യയിൽ ദേശീയഗാനം സിനിമാ തീയറ്ററുകളിൽ ആലപിക്കുന്നത് പരസ്യങ്ങളൊക്കെ കാണിച്ച് കഴിഞ്ഞശേഷം, സിനിമ തുടങ്ങുന്നതിന് തൊട്ട് മുൻപാണ്. അപ്പോൾപ്പിന്നെ ജനം ഇറങ്ങിപ്പോകുന്ന പ്രശ്നം ഉദിക്കുന്നില്ലല്ലോ. ആ രീതി അവലംബിക്കാവുന്നതാണ്.

  10. ഇത്ര വികാര തീവ്രതയോടെ സമീപിക്കണ്ട ഒരു വിഷയമാണോ ഇത്. ദേശീയ ഗാനം അറിയാത്തവര്‍ കുറവാണെന്നാണ് ഞാന്‍ കരുതുന്നത്.പക്ഷെ അതിന്റെ പൂര്‍ണമായ അര്‍ഥം അറിഞ്ഞു പാടാന്‍ കഴിവുള്ളവര്‍ ഇത്ര പേര്‍ ഉണ്ട് എന്ന് കൂടി ആലോചിക്കണം..അത് ശ്രദ്ധിച്ചില്ലെങ്കില്‍ പാടിയിട്ടു എന്ത് പ്രയോജനം..ലേഖനത്തിന്റെ പോസിറ്റീവ് സ്പിരിറ്റ്‌ ഉള്‍കൊള്ളുന്നു

  11. ദേശീയ ഗാനം തെറ്റാതെ ആലപിക്കാൻ കഴിയാത്ത രാഷ്ട്രീയക്കാരുടെ കാഴ്ച്ച ഈ അടുത്തു കണ്ടു, രാഷ്ട്ര സേവകരുടെ കോലമാണത്!

  12. ദേശിയഗാനം പാടാന്‍ അറിയാത്തവര്‍ ഉണ്ടോ എന്ന് നമ്മള്‍ അതിശയോക്തിയോടെ ചിന്തിക്കുമ്പോഴും അറിയാത്ത എത്രയോപേര്‍ ഇപ്പോഴും നമ്മള്‍ക്കിടയില്‍ ഉണ്ട് എന്നുള്ളത് വസ്തുത തന്നെ ആണ്. കുറച്ചു നാളുകള്‍ക്ക്‌ മുന്നേ ഒരു കോണ്‍ഗ്രസ്‌ യോഗത്തില്‍ ജനഗണമന പാടുവാനുള്ള ശ്രമം അതിദയനീയമായി പരാജയപ്പെടുന്നത് നാമൊക്കെ കണ്ടതാണ്. അതുപോലൊരു ശ്രമം ഇല്ലാതിരിക്കുന്നതല്ലേ നല്ലത്.എല്ലാ ആദരവോടുംകൂടി മുഴുവനായും പാടാന്‍ കഴിയുമെങ്കില്‍ മാത്രം അങ്ങനെ ഒരു സാഹസം നടത്തുന്നതാണ് നല്ലത്. ആദരിച്ചില്ലെങ്കിലും അനാദരിക്കരുത്. എല്ലാ യോഗങ്ങളിലും ദേശിയഗാനം ആലപിക്കുന്നതിനു വേണ്ടി ആവശ്യപെടുമ്പോള്‍ ഇക്കാര്യവും ശ്രദ്ധിക്കേണ്ടതുണ്ട്. പുതിയ തലമുറക്ക്‌ ദേശിയ ഗാനം അറിയില്ല എന്ന് പറഞ്ഞു രക്ഷപെടാന്‍ ആര്‍ക്കും പറ്റില്ല. മുതിര്‍ന്നവര്‍ വരികലറിയാതെ തപ്പുമ്പോള്‍ കൊച്ചുകുട്ടികള്‍ വളരെ മനോഹരമായി ചൊല്ലുന്നത് കേട്ടിട്ടുണ്ട് ഒരുപാടു സ്ഥലങ്ങളില്‍ .
    കഴിഞ്ഞ ദിവസം ആലപ്പുഴയിലുള്ള ഒരു സുഹൃത്ത്‌ പറഞ്ഞ സംഭവം ഇവിടെ ഓര്‍ത്ത്‌ പോകുകയാണ്. ഒരു കോളേജ്‌ പരിപാടിയില്‍ പുറത്തുനിന്നു പരിപാടി അവതരിപ്പിക്കാന്‍ വന്ന സംഘം, ജനഗണമന പാടി കഴിഞ്ഞപ്പോ കുട്ടികള്‍ ആരും എണീക്കാതെ ദേശിയ ഗാനം അലപിച്ചതിനു പാടിയവരെക്കൊണ്ട് മാപ്പ് പറയിപ്പിച്ചതായിട്ട്. ഇവിടെ മാപ്പ് പറയേണ്ടത്‌ പാടിയവരാണോ അതോ ദേശിയ ഗാനം കേട്ടാല്‍ എണീറ്റ്‌നില്ക്കാന്‍ പോലും മനസ്സ്‌ ഇല്ലാത്ത വിദ്യാര്‍ഥികളോ എന്നത് വേറെ ഒരു വസ്തുത.
    ഇവിടെ comments പറഞ്ഞ manikandan thampiയുടെ അഭിപ്രായത്തോട് ഒരുവിധത്തിലും യോജിക്കാന്‍ വയ്യ. അദ്ദേഹം പറഞ്ഞ ലതാജിയുടെ വരികള്‍ കേട്ടാല്‍ തന്നെ ഇതൊരു ഭാരതിയനും മനസ്സില്‍ അഭിമാനം കൊള്ളും ലോകകപ്പ്‌ ഫുട്ബാള്‍, ക്രിക്കറ്റ്, ഒളിമ്പിക്സ്‌ എന്നിവ നടക്കുമ്പോള്‍ ഓരോ രാജ്യത്തിന്റെയും ദേശിയഗാനം ആലപിക്കുമ്പോള്‍ കളിക്കാരും കാണികളും എത്രമാത്രം ആവേശം കൊള്ളുന്നു എന്ന് നമ്മളൊക്കെ എത്ര കണ്ടതാണ്. ഓരോ രാജ്യക്കാര്‍ക്കും മറ്റെന്തിനെക്കാളും വലുത് തന്നെയാണ് അവരുടെ ദേശിയഗാനം.
    ഇന്ത്യ ഉണ്ടാകുന്നതിനു മുന്നേ 1911നു ഒരു കോണ്ഗ്രസ് സമ്മേളനത്തില്‍ ആലപിച്ചതാണെന്നും അതുകൊണ്ട് തന്നെ ദേശിയ ഗാനത്തിന് 100വയസ്സ് എന്ന് പറയുന്നത് തെറ്റാണെന്നും ഒരു വാദം ഇപ്പൊ നിലവില്‍ ഉണ്ട്. അതു വെറും വാദമായി നമുക്ക്‌ ഒഴിവാക്കാം. എങ്കിലും നിരക്ഷരന്‍ മുന്നോട്ടു വെച്ച പല നിര്‍ദ്ദേശങ്ങളും പ്രാവൃത്തികമായാല്‍ എത്രയോ നല്ലതായിരുന്നു.ഡി വി ഡി ഇട്ടിട്ടു കേള്‍പ്പിച്ചാല്‍ പോലും നല്ലതായിരുന്നു..എങ്കിലും സിനിമാ തിയറ്ററുകളില്‍ എത്രപേര്‍ ദേശിയ ഗാനം കേള്‍കുമ്പോള്‍ എഴുന്നേല്‍ക്കും എന്ന് നമുക്ക്‌ ഊഹിക്കാവുന്നതേ ഉള്ളു…ഇത്തരം കാര്യങ്ങള്‍ ആരെയും ഫോഴ്സ്‌ ചെയ്ത് നടപ്പിലാക്കേണ്ട കാര്യമല്ല. സ്വയംബോധത്തില്‍ നിന്നും ഉണ്ടാകേണ്ടതാണ്.
    ഈ ഒരു അവസരത്തില്‍ ഇങ്ങനെ ഒരു വിഷയത്തില്‍ ചര്‍ച്ച ഒരുക്കിയ നിരക്ഷരന് ഒരുപാട് നന്ദി…ഒരു കാര്യത്തില്‍ നമുക്ക്‌ സമാധാനിക്കാം..ഇപ്പോഴും നാട്ടിന്‍പുറങ്ങളിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ദേശിയഗാനം ഒരു മുടക്കവും കൂടാതെ ആലപിക്കുന്നുണ്ട്.വളര്‍ന്നു വരുന്ന തലമുറ മുഴുവനും ദേശിയ ഗാനം എന്താണെന്നു അറിയത്തവരായിപോകില്ല എന്ന് വിശ്വസിക്കാം.

    ജന ഗണ മന അധി നായക ജയ ഹേ
    ഭാരത ഭാഗ്യ വിധാതാ
    പഞ്ചാബ് സിന്ധ് ഗുജറാത്ത് മറാഠാ
    ദ്രാവിഡ ഉത്ക്കല ബംഗാ

    വിന്ധ്യ ഹിമാചല യമുനാ ഗംഗാ
    ഉച്ഛല ജലധി തരംഗാ
    തവ ശുഭ നാമേ ജാഗേ
    തവ ശുഭ ആശിഷ് മാഗേ
    ഗാഹേ തവ ജയ ഗാഥാ.

    ജന ഗണ മംഗളദായക ജയ ഹേ
    ഭാരത ഭാഗ്യ വിധാതാ
    ജയ ഹേ ജയ ഹേ ജയ ഹേ
    ജയ ജയ ജയ ജയ ഹേ

  13. @ Shyju Nambiar CP – ഞാൻ വടക്കേ ഇന്ത്യൻ സിനിമാ തീയറ്ററുകളുടെ കാര്യം പറഞ്ഞല്ലോ ? ദേശീയഗാനം ആലപിക്കുമ്പോൾ ഒരാൾ പോലും എഴുന്നേറ്റ് നിൽക്കാത്ത അനുഭവം അവിടെ ഉണ്ടായിട്ടില്ല. നമ്മുടെ കേരളത്തിലാണ് ഈ വഹ പ്രശ്നങ്ങൾ ഒക്കെയും.

  14. പക്ഷെ, സര്‍, നമ്മുടെ സിനിമാ തീയേറ്റര്കളില്‍ ദേശീയ ഗാനം ഉണ്ടായിരുന്നു..അപ്പോള്‍ സ്ക്രീനില്‍ നമ്മുടെ ത്രിവര്‍ണ്ണ പതാക പാറിപ്പറക്കുമായിരുന്നു…ആരും നിര്‍ബന്ധിക്കാതെ തന്നെ അച്ചടക്കത്തോടെ കാണികള്‍ എഴുന്നേറ്റു നില്‍ക്കുമായിരുന്നു..ഇടയ്ക്കെപ്പഴോ ആണ് ഈ ചടങ്ങ് നിന്ന് പോയത്…ഈ “കൊലവെരിയുടെ” കാലത്ത് എന്ത് ദേശീയ ഗാനം??എന്ത് ദേശഭക്തി???

  15. “എല്ലാ ആദരവോടുംകൂടി മുഴുവനായും പാടാന്‍ കഴിയുമെങ്കില്‍ മാത്രം അങ്ങനെ ഒരു സാഹസം നടത്തുന്നതാണ് നല്ലത് “എന്ന ഷൈജു നമ്പ്യാരുടെ അഭിപ്രായത്തോടു പൂര്‍ണമായും യോജിക്കുന്നു. ദേശീയ ഗാനം അപമാനിക്കപ്പെടുമ്പോള്‍ വേദനിക്കുന്ന കുറച്ചു ഹൃദയങ്ങളെങ്കിലുംഇപ്പോഴും ബാക്കിയുണ്ടാവുമല്ലോ. അവ മുറിപ്പെടാതിരിക്കട്ടെ. നിരക്ഷരന്‍ജിയുടെ ആത്മാര്‍ത്ഥതക്ക് കൂപ്പുകൈ.

  16. വടക്കേ ഇന്ത്യയിൽ ദേശീയഗാനം സിനിമാ തീയറ്ററുകളിൽ ആലപിക്കുന്നതിനു ഞാന്‍ പലവട്ട സാക്ഷിയായിട്ടുണ്ട്.ആരുടേയും നിര്‍ബന്ധമില്ലാതെ എല്ലാവരും എഴുന്നേറ്റു നില്‍ക്കുകയും നിശബ്ധരവുകയും ചെയ്യും ഇതേ സ്ഥിതി
    കേരളത്തിലാണെങ്കില്‍ എന്തായിരിക്കും അവസ്ഥ എന്നാലോചിക്കാറുണ്ട്, സാധാരണ
    സിനിമകളില്‍ എന്തെങ്കിലും ടയലോഗ്ഗ് പറയുമ്പോള്‍ അതിലെ ദ്വയാര്‍ത്ഥം കണ്ടു പിടിച്ചു
    ഉറക്കെ കമ്മെന്റ് അടിച്ചു ആളാവല്‍ ആണ് മലയാളിയുടെ ഒരു സ്ഥിരം വിനോദം .
    അത് കൊണ്ട് ദേശിയ ഗാനം വെച്ചാല്‍ അതിനെയും പുഛിക്കുകയും ഹാസ്യവല്ക്കരിച്ചു കമ്മെന്റുകള്‍ പാസ്സാക്കുകയും ചെയ്യും. അതിനാല്‍ അത് വേണ്ട എന്ന് തന്നെയാണ് എന്റെ അഭിപ്രായം

  17. ലേഖനത്തിൽ പറയുന്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ, പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥികൾക്ക് ധനസഹായം നൽകുന്നതിന്റെ മീറ്റിങ്ങായിരുന്നു ഇന്നലെ. എന്റെ അഭ്യർത്ഥന മാനിച്ച് ദേശീയഗാനം ആലപിച്ചാണ് 300 പേരോളം പങ്കെടുത്ത മീറ്റിങ്ങ് സമാപിച്ചത്. ട്രസ്റ്റിനും ഭാരവാഹികൾക്കും നന്ദി.

Leave a Reply to ബെഞ്ചാലി Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>