സമരത്തിന്റെ കൂമ്പടച്ച് കളഞ്ഞതിന് അഭിവാദ്യങ്ങൾ!!


മുല്ലപ്പെരിയാർ വിഷയത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളത്തിൽ അങ്ങോളമിങ്ങോളം നടന്ന പൊതുജന പ്രക്ഷോഭങ്ങൾ കണ്ട് വിരണ്ടിട്ടാണോ, അതോ ഈ നിലയ്ക്ക് പോയാൽ കേരളത്തിലെ പല നേതാക്കന്മാർക്കും തമിഴ്‌നാട്ടിൽ ഉള്ള തോട്ടങ്ങളുടെ കണക്ക് വെളിയിൽ വരുമെന്ന് ഭയന്നിട്ടാണോ അതുമല്ലെങ്കിൽ ഈ വിഷയത്തിൽ ജനങ്ങൾ ഇത്രയ്ക്ക് ശക്തമായി നീങ്ങിയാൽ കേന്ദ്രത്തിൽ തമിഴന്റെ പിന്തുണ നഷ്ടപ്പെടും എന്ന് കണ്ടിട്ടാണോ അതൊന്നുമല്ലെങ്കിൽ ഞങ്ങൾ പൊതുജനം എന്ന കഴുതകൾക്ക് മനസ്സിലാകാത്ത മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ ….. ‘ഇടുക്കി താങ്ങിക്കോളും‘ എന്ന ഒരു ഒറ്റ ന്യായീകരണത്തിലൂടെ ഇക്കണ്ട സമരങ്ങളുടെയൊക്കെ കൂമ്പടച്ച് കളഞ്ഞത് ?

സർവ്വകക്ഷി യോഗം വിളിച്ച് പ്രമേയം പാസ്സാക്കി മലയാളികൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് ഭരണകക്ഷിയും പ്രതിപക്ഷവും ഒരേ സ്വരത്തിൽ പറയുമ്പോൾ, സത്യത്തിൽ ഒറ്റക്കെട്ടായി വളർന്നുവന്നുകൊണ്ടിരുന്ന ഒരു ജനതയെ ചവിട്ടി അരയ്ക്കുകയല്ലേ എല്ലാ കക്ഷികളും കൂടെ ചെയ്തത് ? ചപ്പാത്തിലേയോ, കുമളിയിലേയോ, വണ്ടിപ്പെരിയാറിലേയോ കുറേപ്പേരുടെ സമരം മാത്രമാക്കി മാറ്റിയില്ലേ ഈ ബഹുജനപ്രക്ഷോഭത്തെ ? 5 ജില്ലകളിലെ 35 ലക്ഷം ജനങ്ങളുടെ ജീവന് ആപത്ത് എന്ന വാദത്തിന് ഇനി എന്തെങ്കിലും പ്രസക്തിയുണ്ടോ ?

കഴിഞ്ഞ രണ്ടാഴ്‌ച്ചയ്ക്കകം 7ൽ അധികം പ്രക്ഷോഭങ്ങളും ബോധവൽക്കരണ പരിപാടികളും നടത്തിയ ഞങ്ങൾ ഓൺലൈൻ കൂട്ടായ്മക്കാർ ഇനിയെന്ത് ചെയ്യണം എന്നാണ് പറയുന്നത് ? എ.ജി.യുടെ വാക്കുകൾ നിരത്തി തമിഴൻ കളിയാക്കുമ്പോൾ അവർക്കെന്ത് മറുപടി കൊടുക്കണമെന്ന് പറഞ്ഞ് തരൂ. കോടതിയിൽ പുതിയ സത്യവാങ്ങ്‌മൂലം കൊടുത്താൽ തീരുന്ന മാനക്കേടാണോ അത് ? മുല്ലപ്പെരിയാർ പൊട്ടിയാൽ ഇടുക്കിയിലേക്ക് വെള്ളം മാത്രമാണ് വന്ന് നിറയാൻ പോകുന്നത് എന്ന് കരുതുകയും അതിന്റെ കണക്ക് ഹൈക്കോടതിയിൽ വരെ നിരത്തുകയും ചെയ്ത വിദഗ്ദ്ധർക്കൊക്കെ ഭൂമിയുമായി എന്തെങ്കിലും ബന്ധമുണ്ടോ ? ഒരു ഉരുൾപൊട്ടലെങ്കിലും നേരിട്ട് കാണുകയോ ഉരുൾപൊട്ടിയ ശേഷം ആ ഭൂമി കാണുകയോ ചെയ്തിട്ടുണ്ടോ ഇപ്പറഞ്ഞ വിദഗ്ദ്ധർ ?

ഇതൊക്കെ പോട്ടെ. മുല്ലപ്പെറിയാറിനും ഇടുക്കിക്കും ഇടയിൽ ഉള്ള ജനങ്ങളുടെ കാര്യത്തിലെങ്കിലും എന്തെങ്കിലും അവസാന വാക്ക് പറഞ്ഞ് തരാമോ ? ഇപ്പോൾ നടക്കുന്ന പ്രക്ഷോഭങ്ങൾ എങ്ങുമെത്താതെ പോയാൽ, ചപ്പാത്തിലേയും വണ്ടിപ്പെരിയാറിലേയും കുറേ ആയിരങ്ങളുടെ ഞരക്കം മാത്രമായി ഈ സമരമൊക്കെയും പിന്നേയും ഒതുങ്ങും. അതുകൊണ്ടൊന്നും ഇനിയങ്ങോട്ടുള്ള ഓരോ തിരഞ്ഞെടുപ്പുകളിലും ഞങ്ങൾ കഴുതകൾ നിങ്ങൾക്കെല്ലാം വോട്ട് ചെയ്യാതെ മാറിനിൽക്കുകയൊന്നും ഇല്ല. ഇനിയും വോട്ട് ചെയ്ത് വിജയിപ്പിച്ചുകൊണ്ടേയിരിക്കും. മുല്ലപ്പെരിയാറിലെ വെള്ളം ചങ്കിലേക്ക് ഇടിച്ച് കയറുമ്പോഴും വിരലിൽ മഷി പതിപ്പിക്കാൻ കൈകൾ ഞങ്ങൾ വെള്ളത്തിന് മുകളിൽ ഉയർത്തിപ്പിടിച്ചിരിക്കും. അക്കാര്യത്തിൽ ആശങ്ക വേണ്ട.

പക്ഷെ ഒരു ദുരന്തം ഉണ്ടായാൽ……. പിന്നീട് എന്തൊക്കെ സംഭവിക്കുമെന്ന് ഊഹിക്കാമല്ലോ? ഇപ്പോൾ രാഷ്ട്രീയം കളിക്കുന്നവരും, മുല്ലപ്പെരിയാറിന്റെ പേരിൽ മുതലെടുപ്പ് നടത്തുന്നവരും കമ്പത്തും തേനിയിലും മേഘമലയിലുമൊക്കെ ഏക്കറുകണക്കിന് തോട്ടമുള്ളവരുമൊക്കെ, സുകുമാരക്കുറുപ്പ് മുങ്ങിയത് പോലെ കൂട്ടത്തോടെ മുങ്ങിയാൽ മാത്രം മതിയാകും. ജനത്തിന്റെ വികാരത്തിന് വിലപറയുന്നതിനും ഒരു അതിരൊക്കെ വെക്കുന്നത് നല്ലതാണ്.

Comments

comments

67 thoughts on “ സമരത്തിന്റെ കൂമ്പടച്ച് കളഞ്ഞതിന് അഭിവാദ്യങ്ങൾ!!

  1. ഇനിയുള്ള സമരങ്ങൾ ഏത് തരത്തിൽ മുന്നോട്ട് കൊണ്ടുപോകണമെന്ന് എല്ലാവരുടേയും നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു.

  2. രാഷ്ട്രീയക്കാരുടെ കൂട്ടിക്കൊടുപ്പ് എന്താണെന്നു മലയാളികള്‍ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു.

  3. കൂടുതല്‍ ശക്തമായി തന്നെ മുന്നോട്ട് പോകട്ടെ. ഇനി ജനങ്ങളുടെ ഉത്തരവദിത്തം കൂടുകയാണ്. ഇനി മുല്ലപ്പെരിയാറിന്റെ അപകടത്തില്‍ നിന്നും രക്ഷപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ക്ക് വേണ്ടിയുള്ള സമരം മാത്രമല്ല ഇക്കാര്യത്തില്‍ ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയകാരുടേയും ഉദ്വേഗസ്ഥന്മാരേയും (ഒന്നടങ്കം പറയുന്നതല്ല, കുറ്റവാളികളാ‍യവരെ) തനി നിറം വെളിച്ചത്ത് കൊണ്ട് വന്ന് ശിക്ഷ വാങ്ങിച്ചുകൊടുക്കുന്നതില്‍ കൂടി നമ്മുടെ സമരവും പരിശ്രമവും നടക്കേണ്ടതുണ്ട്.

  4. അടുത്ത ആഴ്ച സമരത്തില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രം ഞാനും എന്‍റെ ഒരു സുഹൃത്തും കൂടെ നാട്ടില്‍ വരാന്‍ പ്ലാന്‍ ചെയ്തിരുന്നതാ….
    ഇതൊക്കെ കാണുമ്പോള്‍ തീരുമാനം മാറ്റിയാലോ എന്നാലോചിക്കുവാ…..
    :(

  5. നിങ്ങളുടെ കുറെ പേരുടെ രാപകലില്ലാത്ത പ്രയത്നം എങ്ങുമെത്താതെ പോകുന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത് ..പക്ഷെ ഇത് കൊണ്ടൊന്നും തളരാതെ ഇപ്പോഴുള്ള ഈ പിന്തുണ വളര്‍ത്തി സമാധാനത്തിന്റെ വഴിയില്‍ മുന്നോട്ടു പോകുക തന്നെ വേണം…ഞങ്ങള്‍ ഓരോരുത്തരുടെയും പിന്തുണ ഇതിനുണ്ടാകും…ഇവിടെ യു.എ. ഇ യില്‍ എന്ത് ചെയ്താണ് നിങ്ങളെ പിന്തുണക്കുക എന്നത് മാത്രംമാണ് സംശയം….

  6. വോട്ടു ഇല്ല, പിരിവ്‌നു വരുമ്പോ കാശ് ഇല്ല, പള്ളി അമ്പല പിരിവുകള്‍ക്ക് ഞങ്ങടെ മുന്നില്‍ വരരുത് – എശുമോ?

  7. ഇനിയും ഈ സമരം തുടരണം …
    ഈ നേതാക്കന്മാരല്ല നമുക്ക് പിന്തുണ ആവേണ്ടത് .. ജനങ്ങളാണ് …
    ഈ ജനങ്ങള്‍ തന്നെ പ്രതികരിക്കണം …
    ഈ നേതാക്കന്മാരുടെ മുഖത്ത് നോക്കി ചോദിക്കണം ..
    “നിങ്ങളുടെ തോട്ടങ്ങളെ സംരക്ഷിക്കാന്‍ ഞങ്ങളുടെ ജീവന്‍ തന്നെ വേണോ ?”

    പിന്നെ കാശി രാഷ്ട്രീയം കളിക്കുന്ന ഇടതന്മാര്‍ക്കും വലതന്മാര്‍ക്കും .. ഈ ജനകൂട്ടായ്മയെ ഭയം ആയിരിക്കും ..
    ബ്രിട്ടീഷുകാര്‍ പഠിപ്പിച്ച ഭിന്നിപ്പിച്ചു ഭരിക്കുക എന്നാ തന്ത്രമല്ലേ അവരും പ്രയോഗിക്കുനത് …

  8. Today’s news.The Tamiliance in Kambam, Theni area started to burn agriculture lands owned by Keralites.Each group in the forefront of the strike have each hidden ideas.Athinkelangandorithirunnu parayunna manushian kathayenthu kandu!

  9. ഒരു ജനതയ്ക്ക് തങ്ങളുടെ ഭരണാധികാരികളില്‍ വിശ്വാസം നഷ്ട്ടപെട്ടിരിയ്ക്കുന്ന അവസ്ഥയാണിപ്പോള്‍- സമരത്തിന്റെ ഭാഗമായി ഒരു പൊതു താല്പര്യ ഹര്‍ജി കൊടുത്താലോ….വിദഗ്ദ്ധര്‍ പറയുന്ന കാര്യങ്ങളിലും സര്‍ക്കാര്‍ നടത്തിയിട്ടുണ്ട് എന്ന് പറയുന്ന മുന്‍കരുതലുകളിലും ഞങ്ങള്‍ക്ക് വിശ്വാസം ഇല്ലെന്നും ഭയം മൂലം ജീവിയ്ക്കാനുള്ള സ്വാതന്ത്ര്യം നിഷേധിയ്ക്കപെടുന്നു എന്നും പറഞ്ഞ്‌……

  10. എല്ലാം വെള്ളത്തില്‍ മുങ്ങുമെന്നയാലും രാഷ്ട്രീയം കളിക്കാനാണ് പലര്‍ക്കും താത്പര്യം..ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ ജീവന്‍ നഷ്ടപെടുന്നത് o മാത്രമല്ല കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയെ തന്നെ അത് ബാധിക്കുമെന്നും പടര്ച്ച വ്യാധികള്‍ കാരണം ആളുകളുടെ ആരോഗ്യ സ്ഥിതി മോശമാവുമെന്നും ഒന്ന്നുമെന്തേ ഇവര്‍ ഓര്‍ക്കാതെ.

  11. മനോജ്..ഇനി ഈ സമരത്തെക്കുറിച്ച് എന്താണ് പറയേണ്ടത് എന്നറിയില്ല…ഇടുക്കിക്ക് പുറത്തുള്ളവർക്ക് ഭീഷണി ഇല്ല എന്നുവരുത്തിത്തീർത്ത്, കേരളത്തിൽ മുഴുവൻ വ്യാപിക്കുന്ന പ്രക്ഷോഭത്തിന് തടയിടുക എന്ന ലക്ഷ്യത്തിൽ നമ്മുടെ രാഷ്ട്രീയക്കാർ വിജയിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ…ഇനി വരാൻ പോകുന്ന പിറവം തിരഞ്ഞെടുപ്പുകൂടി കഴിഞ്ഞാൽ, ഇപ്പോൾ പട്ടിണികിടക്കാനെത്തിയിരിക്കുന്ന രാഷ്ട്രീയക്കാരെയും മഷിയിട്ടുനോക്കിയാൽ പോലും കണ്ടെന്നുവരില്ല..ഇന്നലെ ന്യൂസിൽകണ്ടത്, എല്ലാ നേതാക്കന്മാരുടെയും,തമിഴ്നാട്ടിലുള്ള സ്വത്തുക്കളുടെ കണക്ക്, തമിഴ്നാട്ഗവണ്മെന്റ് എടുക്കുവാൻ ആരംബിച്ചു എന്നാണ്..അതു കൂടാതെ കേരളത്തിലെ ഉദ്യോഗസ്ഥന്മാർക്കും, നേതാക്കന്മാർക്കും, മുല്ലപ്പെരിയാർപ്രശ്നം ഉയർത്തിക്കൊണ്ടുവരാതെയിരിക്കുവാൻ കൊടുത്ത കോടികളൂടെ കണക്കും പുറത്തുവിടുമത്രെ..സ്വന്തം അമ്മയെയും, പെണ്മക്കളെയും, സഹോദരിമാരെയും പോലും കൂട്ടിക്കൊടുക്കവാൻ മടികാണിക്കാത്ത ഈ രാഷ്ട്രീയശിഖണ്ഡികളൂടെ പേരുകൾ വെളിയിൽ കൊണ്ടുവരുവാൻ സാധിക്കുന്ന ആരെങ്കിലും നമ്മുടെ സൈബർലൊകത്തിൽ ഉണ്ടെങ്കിൽ (പ്രത്യേകിച്ച് ജേർണലിസ്റ്റുകൾ)ദയവുചെയ്ത് അതൊന്ന് ചെയ്താൽ, കേരളജനതയോട് ചെയ്യാവുന്ന ഏറ്റവും വലിയ ഉപകാരമായിരിക്കും..

    എന്തൊക്കെ തീരുമാനങ്ങൾ വന്നാലും ഈ സമരത്തിൽനിന്നും പിൻവാങ്ങില്ല എന്ന തീരുമാനത്തിൽ നമുക്ക് ഉറച്ചുനിൽക്കാം.അതല്ലാതെ നിസ്സഹായരായ നമ്മുടെ മുൻപിൽ വേറെന്തു വഴി…?

  12. >>ഒരു ഉരുൾപൊട്ടലെങ്കിലും നേരിട്ട് കാണുകയോ ഉരുൾപൊട്ടിയ ശേഷം ആ ഭൂമി കാണുകയോ ചെയ്തിട്ടുണ്ടോ ഇപ്പറഞ്ഞ വിദഗ്ദ്ധർ ?<< ഇല്ല അത് തന്നെയാണ് കാര്യവും.
    ചപ്പാത്തില്‍ ഇന്നത്തെ കോസ് വേ വരുന്നതിന് മുമ്പ് യഥാര്‍ത്ഥത്തില്‍ ഒരു ‘ചപ്പാത്ത്’ തന്നെയാണ് ഉണ്ടായിരുന്നത്. മഴക്കാലത്ത് ആ ചപ്പാത്തില്‍ കൂടി പെരിയാര്‍ നിറഞ്ഞൊഴുകുമ്പോള്‍ അടി തെറ്റി പെരിയാറിലേക്ക് മറിഞ്ഞ വാഹനങ്ങളുടെ കണക്ക് മാത്രം മതി മലവെള്ളം എങ്ങനെയെല്ലാം നാശം ഉണ്ടാക്കും എന്ന് നമ്മുടെ നേതാക്കള്‍ക്ക് ‘വേണമെങ്കില്‍’ മനസിലാക്കാന്‍.
    നാല് ജില്ലകളെ വിഴുങ്ങാന്‍ നില്‍ക്കുന്ന വെള്ളത്തെ ലിറ്റര്‍ കണക്കില്‍ അളന്ന്‌ തിട്ടപ്പെടുത്തി ആളുകളുടെ പ്രധിഷേധത്തിന്റെ ശക്തി കുറയ്ക്കാനുള്ള ശ്രമം അപഹാസ്യമാണ്. ദുരന്തത്തിന്റെ വ്യാപ്തി മുന്‍കൂട്ടി കാണാന്‍ കഴിവുള്ളവര്‍ ഉണ്ടെങ്കില്‍ കാണട്ടെ. അതിന് ഒരു പഠനത്തിന്റെയും ഭൂകമ്പ മാപിനിയുടെയും സഹായം വേണമെന്നില്ല. ആളുകളെ വിഡ്ഢികളാക്കുന്ന വാദമുഖങ്ങള്‍ നിരത്തണമെന്നുമില്ല. ഈ വിഷയത്തില്‍ Ultimate Test Device എന്ന് പറയുന്നത് നമ്മുടെ കണ്ണും കാതും തന്നെയാണ്. അണക്കെട്ടിന് താഴെയുള്ള ചോര്‍ച്ച കാണാന്‍ കഴിവില്ലാത്ത നേതാക്കള്‍ അതിന് താഴെ താമസിക്കുന്ന ആളുകളുടെ നെഞ്ചില്‍ ഒന്ന് ചെവി ചേര്‍ത്തു വെയ്ക്കട്ടെ. ആത്മാര്‍ഥത അല്പമെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ അവരുടെ ചങ്കിടിപ്പിന്റെ ശബ്ദം കേള്‍ക്കാന്‍ കഴിയും.

  13. സമരം ശക്തമാക്കണം.ശക്തമായ ബഹുജന മുന്നേറ്റം ആണ് വേണ്ടത്. .രാഷ്ട്രീയക്കാരുടെ കാപട്യം തിരിച്ചറിയുകയും, അവരെ സമരത്തില്‍ നിന്നും പാടെ ഒഴിവാക്കുകയുമാണ് വേണ്ടത്

  14. മനോജ് നമ്മൾ ശക്തമായി തന്നെ പ്രധിഷേധപരിപാടികളൂമായി മുന്നോട്ട് പോകും. (നാളെ മെയിൽ അയക്കാം)

  15. ഒരായിരം സിങ്ങന്മാര്‍(പവാര്‍ ഫെയിം) ഇവിടെ ഉണ്ടാകേണ്ടിയിരിക്കുന്നു. സ്വന്തം പാര്‍ട്ടിനേതാക്കന്മാര്‍ക്ക് നേരേയും കൈയ്യുയര്‍ത്താന്‍ കഴിയുന്നവര്‍.

  16. ജനങ്ങള്‍ക്ക് രാഷ്ട്രീയക്കാരെ ശരിക്കും മനസ്സിലാക്കാന്‍ ഒരു വഴിയായി ഇത്….. ഒരുപക്ഷേ തങ്ങളുടെ സ്വത്തിന്നും ജീവന്നും സുരക്ഷാ നാല്‍കാത്ത രാഷ്ട്രീയംമറന്നു ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ ജനത്തിന്നു ഇതൊരു കാരണമായേക്കാം …. ജനത്തിന്റെ ശക്തി ഇവിടെയൊരിക്കല്‍ ഞങ്ങളറിഞ്ഞതാണ്‍. ആ ആത്മാര്‍ത്ഥതക്ക് മുന്നില്‍ രാഷ്ട്രീയക്കാര്‍ക്ക് മുട്ടുമടക്കാതെ പറ്റില്ല.
    മനോജ് ഞാനിതു ഷെയര്‍ ചെയ്യുന്നു.

  17. ഭൂകമ്പ സാധ്യതയുള്ള സ്ഥലമായതു കൊണ്ട് അവിടെ അണക്കെട്ടേ വേണ്ട . എത്ര പുതിയതായാലും ബലമുള്ളതായാലും ഭൂകമ്പത്തെ ചെറുക്കും എന്നുറപ്പിക്കാനാവില്ലല്ലോ.
    തീർത്തും ഒഴിവാക്കാനാവില്ലെങ്കിൽ കുഞ്ഞ് അണക്കെട്ട് മാത്രം മതി.
    എന്തു കൊണ്ട് കേരളം ഇങ്ങിനെ വാദിക്കുന്നില്ല.???

  18. മുല്ലപ്പെരിയാറിലെ വെള്ളം ചങ്കിലേക്ക് ഇടിച്ച് കയറുമ്പോഴും വിരലിൽ മഷി പതിപ്പിക്കാൻ കൈകൾ ഞങ്ങൾ വെള്ളത്തിന് മുകളിൽ ഉയർത്തിപ്പിടിച്ചിരിക്കും. അക്കാര്യത്തിൽ ആശങ്ക വേണ്ട.

    ഇത് വളരെ ശരിയാണ്. ഇപ്പോഴും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട്ടില്‍ നിന്നും രാഷ്ട്രീയ കക്ഷികള്‍ തമ്മില്‍ അസ്വാരസ്യമോ തമ്മില്‍ തല്ലോ തൊഴുത്തില്‍ കുത്തോ കണ്ടില്ലെന്ന് തോന്നുന്നു. പക്ഷെ ഇവിടെ മലയാളികള്‍ അവിടെയും നമ്മുടെ സ്ഥായി ഭാവം നിലനിര്‍ത്തി. പഴയ സര്‍ക്കാര്‍ എന്തുചെയ്തു? വി.എസ് പോളിറ്റി ബ്യൂറോക്ക് മുകളിലല്ല.. എ.ജിയെ കൊണ്ട് പറയിപ്പിച്ച ഉമ്മന്‍ ചാണ്ടി രാജിവെക്കുക എന്നൊക്കെയല്ലാതെ 40 ലക്ഷത്തോളം വരുന്ന ജനങ്ങള്‍ ഇനി എന്ത് ചെയ്യണമെന്ന് ആരും പറയുന്നില്ല.. പേക്കൂത്തുകള്‍ കണ്ട് ഇളിഭ്യച്ചിരി ചിരിച്ചിരുന്ന് ഒരു ദിവസം വെള്ളം കയറി സമാധിയാവുമ്പോള്‍ പ്രിയ രാഷ്ട്രീയക്കാരേ പ്ലീസ് രക്തസാക്ഷികള്‍ ആക്കിയേക്കരുത് ഈ പാവങ്ങളെ.. രാഷ്ട്രത്തിന് വേണ്ടീ പോരാടി രക്തസാക്ഷികളായ ഒട്ടേറെ ധീരദേശാഭിമാനികള്‍ക്ക് കളങ്കമാവും രാഷ്ട്രീയക്കളിക്കായി രക്തസാക്ഷികള്‍ ആവേണ്ടി വന്നാല്‍..

  19. മുല്ലപ്പെരിയാർ വിഷയത്തിൽ എജി യെ ഉമ്മൻ ചാണ്ടി പിന്തുണയ്ക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. ഇപ്പോഴത്തെ സ്ഥിതിഗതികൾ കാണുമ്പോൾ രാഷ്ട്രീയക്കാർ മുല്ലപ്പെരിയാർ പ്രക്ഷോപം മുതലെടുക്കുകയാണെന്ന് തോന്നുന്നു.

  20. There are thousands of acres of land belonging to malayalees especially Politicians,mega stars,land mafias etc. in Kambam,Theni,Thenkashi,Thirunelveli districts of Tamilnadu. Try to find out the details and expose them to the public.

  21. അമ്പത് കൊല്ലത്തേക്കായി പണിതതല്ലേ. ജനതാല്പര്യത്തില്‍ അല്പമെങ്കിലും ശ്രദ്ധയുള്ള ഒരു ഭരണകൂടം നമുക്കുണ്ടായിരുന്നെങ്കില്‍ 45 വര്‍ഷമായപ്പോഴേ പുതിയതിനുള്ള നടപടികള്‍ ആരംഭിക്കുമായിരുന്നു.അതുണ്ടായില്ലെന്നു മാത്രമല്ല ഭീമാകാരം പൂണ്ട ദുരന്തം പോലെ അത് നമ്മുടെ തലക്കു മുകളില്‍ 116 കൊല്ലമായി തൂങ്ങി നില്ക്കുന്നു.ഭീതിയുടെ നടുക്കത്തിനും വിറയലുകള്‍ക്കും ആക്കം കൂട്ടിക്കൊണ്ട് ഭുചലനങ്ങള്‍ നിരന്തരം സംഭവിക്കുന്നു.ഇനിയും നമ്മള്‍ അനങ്ങാതിരുന്നാല്‍ നമ്മള്‍ മനുഷ്യരാണോ…
    ഗവര്‍മേന്റും നമ്മളും ഈ അവസ്തക്കു ഒരുപോലെ കാരണക്കരാണു.ഇപ്പോള്‍ വിഷയം എന്നത്തേക്കാളും സജീവമാണു.ഇത് നിലനിര്‍ത്തിക്കൊണ്ട് തന്നെ പോകണം.മീന്‍പിടുത്തക്കാര്‍ വലിയ വലകളുമായി ഒപ്പമുണ്ടായേക്കാം.പക്ഷേ, ഇച്ഛാശക്തിയോടെ ഒരു ജനസമൂഹം മരിക്കാതിരിക്കാന്‍ വേണ്ടി മാത്രം നടത്തുന്ന ഈ മുന്നേറ്റം ഇനി പിന്നോട്ടേയ്ക്കില്ലെന്നു നമ്മള്‍ വിളിച്ചുപറയണം….കാണിച്ചുകൊടുക്കണം…ഏത് നേതൃത്വം പിന്‍ വാങ്ങിയാലും നിനച്ചിരിക്കാത്ത നേരത്ത് പ്രതീക്ഷിക്കാത്ത കോണുകളില്‍ നിന്നു എന്തു തിരിച്ചടികളുണ്ടായാലും നാം പിന്മാറില്ല.കാരണം ഇത് അനേക ലക്ഷം പേരുടെ പച്ചയായ ജീവിതം കൊണ്ടുള്ള കളിയാണു.ഈ കളി നമ്മള്‍ ജയിക്കാന്‍ വേണ്ടി മാത്രം കളിക്കുന്നതാണു.
    എത്ര ചെറുതാണെങ്കിലും പ്രചരണം നടന്നുകൊണ്ടേയിരിക്കണം.
    ബസ്സുകളില്‍ മുല്ലപ്പെരിയാര്‍ പോസ്റ്ററുകള്‍ കാണട്ടേ…
    കടകളില്‍ മുല്ലപ്പെരിയാര്‍ സ്റ്റിക്കറുകള്‍ പതിയട്ടേ…
    ഉദ്യോഗസ്തര്‍,വിദ്യാര്‍ത്ഥികള്‍,മറ്റു തൊഴിലെടുക്കുന്നവര്‍ എല്ലാ ദിവസവും മുല്ലപ്പെരിയാര്‍ ബാഡ്ജ്കള്‍ ധരിക്കട്ടേ…

    അക്രമത്തിലേക്കുള്ള ഒരു സമരവും നമ്മുടെ രീതിയല്ലെന്നും കാണിച്ചുകൊടുക്കണം….

    വിജയം നമ്മുടേതാണു…കാരണം
    ജീവിതം നമ്മുടേതാണു…….

  22. എങ്ങനെയും അധികാരം നിലനിര്‍ത്തുക എന്നതിനപ്പുറം രാഷ്ട്റിയക്കാര്‍ക്ക് ജനങ്ങളോട് യാതൊരുവിധമായ ഉത്ത രവാദിത്തവുമില്ലെന്നു എത്രയോ മുന്‍പേ തന്നെ അവര്‍ നമ്മെ പഠിപ്പിച്ചു കഴിഞ്ഞിരിക്കുന്നു…ആദ്യം തന്നെ ഇവരെ വലിച്ചു താഴെയിടാനുള്ള സംവിധാനം ഉണ്ടാക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള പോംവഴി….ഇനി വോട്ട് ചെയ്യില്ല എന്ന് നമ്മള്‍ തീരുമാനിക്കണം.ജനങ്ങളുടെ ജീവന് ഒരു വിലയും കല്‍പ്പിക്കാത്ത ഇവരെ നമ്മള്‍ എന്തിനു ചുമക്കണം..?നിരക്ഷരാ,എഴുത്ത് തുടരുക….എഴുത്ത് ശക്തമായ ഒരായുധമാണ്‌….

  23. കേരളജനതയെ വീണ്ടും ഒറ്റുകൊടുക്കുന്ന നടപടിയ്ക്ക് രാഷ്ട്രീയ നേതൃത്വം വഴിയൊരുക്കുന്നു എന്ന് മാത്രമേ പറയാൻ സാധിക്കൂ. സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസം കുറഞ്ഞിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇന്നത്തെ മന്ത്രിസഭായോഗതീരുമാനങ്ങളോടുള്ള പൊതുജനത്തിന്റെ പ്രതികരണം. മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തുതന്നെ നിരവധി വീഴ്ചകൾ ഉള്ളപ്പോൾ എ ജിയ്ക്ക് എതിരായ നടപടി സർക്കാരിൽ നിന്നും പ്രതീക്ഷിക്കാൻ യാതൊരു ന്യായവും ഞാൻ കാണുന്നില്ല. ഇതിന്റെയെല്ലാം പരിണിതഫലം അനുഭവിക്കേണ്ടിവരുക നമ്മൾ ജനങ്ങൾ മാത്രം. മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ വരുന്ന ജലത്തെ ഉൾക്കൊള്ളാൻ ഇടുക്കി ഡാമിലെ ജലനിരപ്പ് കുറയ്ക്കണമെന്നും അങ്ങനെ അപകടത്തിന്റെ ആഘാതം കുറയ്ക്കാമെന്നും പറയുന്നവർ മൂഢന്മാർ തന്നെ. സ്വന്തം ശവക്കുഴി തോണ്ടുന്നവരാണ് ഇവർ. മുല്ലപ്പെരിയാർ ഇന്നത്തെ അവസ്ഥയിൽ തകർന്നാൽ കുത്തിയൊലിച്ചുവരുന്ന പാറക്കല്ലും മറ്റും അടങ്ങുന്ന പ്രളയജലത്തിന്റെ കരുത്ത് ഇടുക്കി താങ്ങും എന്ന് പറയുന്നത് ആര് നടത്തിയ പഠനത്തിന്റെ പിൻബലത്തിലാണ്? എന്താണ് ഈ പ്രസ്താവനയ്ക്ക് ഉപോൽബലകമായി വെയ്ക്കാനുള്ള തെളിവ്? അതിന് ഇതുവരെ ആരും ഉത്തരം പറയുന്നില്ല. പറയുന്നത് തമിഴ്നാട് സർക്കാരാണ്. തമിഴ്നാടിന്റെ തന്നെ ശബ്ദമാണോ ഇപ്പോൾ കേരളത്തിലെ ഭരണകൂടത്തിനും എന്ന് ന്യായമായും സംശയിക്കാം. എത്രനാൾ ഇടുക്കിയിലെ ജലത്തിന്റെ അളവ് കുറച്ചുകൊണ്ടുള്ള ഈ നടപടി തുടരാൻ സാധിക്കും. കേരളത്തിലെ മിക്കവാറും എല്ലാ ജലവൈദ്യുതപദ്ധതികളും മഴക്കാലത്ത് പരമാവധി വൈദ്യുതി ഉല്പാദിപ്പിക്കുമ്പോൾ ഉല്പാദനം കുറച്ച് പരമാവധിവെള്ളം സംഭരിക്കുകയാണ് ഇടുക്കിയിൽ ചെയ്യുക. ഇങ്ങനെ സംഭരിക്കപ്പെടുന്ന ജലം വേനൽക്കാലത്ത് വൈദ്യുതോല്പാദനത്തിനുമാത്രമല്ല പെരിയാറിനെ ആശ്രയിച്ചു കഴിയുന്ന നിരവധി ജലസേചനപദ്ധതികളും ഉപയോഗിക്കുന്നു. ഇടുക്കിയിലെ ജലനിരപ്പ് താഴ്ത്തുന്നതിന് ഇപ്പോൾ വൈദ്യുതോല്പാദനം കൂട്ടുന്നത് വേനൽക്കാലത്ത് സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേയ്ക്കും ശുദ്ധജലക്ഷാമത്തിലേയ്ക്കും നയക്കും. ജലസേചനപദ്ധതികൾ മുടങ്ങുന്നതോടെ എറണാകുളം ജില്ലയിലെ പല പ്രദേശങ്ങളിലും വരൾച്ചയാകും ഫലം. ഇപ്പോൾ തന്നെ വേനൽക്കാലത്ത് പലപ്പോഴും പെരിയാരിൽ ഓരുവെള്ളം കയറി ലവണാംശം വർദ്ധിക്കുന്നതിനാൽ ശുദ്ധജലം വിതരണം മുടങ്ങുന്നുണ്ട്. അപ്പോഴെല്ലാം അതിനെ നേരിടുന്നത് ഭൂതത്താൻ‌കെട്ടിലെ ജലം തുറന്നുവിട്ടാണ്. ഇടുക്കിയിൽ നിന്നും വൈദ്യുതോല്പാദനം കഴിഞ്ഞെത്തുന്ന വെള്ളമാണ് ഭൂതത്താൻ‌കെട്ടിൽ സംഭരിക്കപ്പെടുന്നത്. വേനൽക്കാലത്ത് ഇടുക്കിയിൽ വൈദ്യുതോല്പാദനം നടക്കാതായാൽ അത് പെരിയാറിലെ ജലലഭ്യതയെ ബാധിക്കും. അതുകൊണ്ട് ഇപ്പോഴെത്തെ നടപടികൾ കേരളത്തിന് പൊതുവിലും എറണാകുളം ജില്ലയ്ക്ക് വിശേഷിച്ചും ദോഷകരം തന്നെ.

  24. അവന്മാരെയെല്ലാം ബലമായി കൊണ്ടുവന്നു മുല്ലപ്പെറിയാറിനും ഇടുക്കിക്കും ഇടയിൽ താമസിപ്പിക്കണം. ഒരാഴ്ച പേടിച്ചു ഉറങ്ങാന്‍ കഴിയാതാവുമ്പോ താനേ ഒരു പരിഹാര മാര്‍ഗം കണ്ടെത്തിക്കോളും… ഇവരെല്ലാം കൂടി ജനങ്ങളെ നക്സലേറ്റുകള്‍ ആക്കും…

  25. വരാനിരിക്കുന്ന… അപകടകരമായ ഒരു വിഷയത്തെ അങ്ങോട്ടുംമിങ്ങോട്ടും രാഷ്ട്രീയവാത്ക്കരിച്ചു വലിച്ചിഴക്കുന്ന കാഴ്ചയിനി എത്രനാള്‍ !!

  26. വെറുതെ എല്ലാ രാഷ്ട്രീയക്കാരേയും അടച്ചാക്ഷേപിക്കുന്നതിൽ കാര്യമില്ല.ഇപ്പോൾ കേരളത്തിൽ ഭരണത്തിലിരിക്കുന്നവർക്ക് തന്നെയാണു ഇതിന്റെ ഉത്തരവാദിത്വം..അവരുടെ കെടുകാര്യസ്ഥതയാണു നിഴലിച്ച് നിൽക്കുന്നത്.വിരലുകൾ അവർക്കെതിരെയാണു നീളേണ്ടത്..

  27. പുതിയ വാർത്ത

    കടിച്ചുകീറാന്‍ നിന്നവര്‍ മിണ്ടിയില്ല; നിറചിരിയോടെ എജി മടങ്ങി

    സ്വന്തം ലേഖകന്‍

    തിരു: മന്ത്രിസഭായോഗത്തില്‍ എജിയെ കടിച്ചുകുടയുമെന്ന് വീമ്പുപറഞ്ഞ മന്ത്രിമാര്‍ ഒടുവില്‍ പഞ്ചപുച്ഛമടക്കി വിശദീകരണം കേട്ടിരുന്നതേയുള്ളൂ. തന്റെ ഭാഗം ന്യായീകരിച്ച എജി കെ പി ദണ്ഡപാണിയാകട്ടെ മന്ത്രിമാര്‍ക്കെതിരെ കുത്തുവാക്കുകളും എയ്തുവിട്ടു. ഹൈക്കോടതിയില്‍ നടത്തിയ വെളിപ്പെടുത്തലില്‍നിന്ന് തെല്ലിടപോലും പിന്നോട്ടുപോകാന്‍ എജി തയ്യാറായതുമില്ല. ഗൗരവംപൂണ്ട മുഖവുമായി എത്തിയ എജിയോട് ചിരിച്ചുകൊണ്ട് മടങ്ങണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചതോടെ ക്യാബിനറ്റ് റൂമില്‍ മന്ത്രിമാരുടെ പൊട്ടിച്ചിരിയുയര്‍ന്നു. മന്ത്രിസഭായോഗത്തില്‍ എജി വരുന്നതിനുമുമ്പാണ് മന്ത്രിമാര്‍ക്ക് “പൊട്ടിത്തെറിക്കാന്‍” മുഖ്യമന്ത്രി അവസരം നല്‍കിയത്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഉപവാസ സമരം കഴിഞ്ഞെത്തിയ മന്ത്രിമാരായ കെ എം മാണിയും പി ജെ ജോസഫുമെല്ലാം വീര്യംചോരാതെ പൊരുതുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എജിയുടെ വിവാദ പ്രസ്താവന കേരളത്തിന്റെ താല്‍പ്പര്യം ഹനിച്ചെന്ന് പി ജെ ജോസഫ് കുറ്റപ്പെടുത്തി. നിയമവകുപ്പുമായി ഒന്നും ആലോചിച്ചിട്ടില്ലെന്ന പരാതിയില്‍ മാണി സംതൃപ്തനായി. എജിയെ കൈവിടാന്‍ മുഖ്യമന്ത്രി തയ്യാറാകില്ലെന്ന് മന്ത്രിമാര്‍ക്ക് നേരത്തേതന്നെ വ്യക്തമായ സൂചന കിട്ടിയിരുന്നു. ഇത് മനസ്സിലാക്കിയ മന്ത്രിമാര്‍ പൊല്ലാപ്പ് വേണ്ടെന്ന് തീരുമാനിച്ചതായാണ് വിവരം. മാണിയും മറ്റും ഉയര്‍ത്തിയ വിമര്‍ശങ്ങള്‍ക്ക് മുഖ്യമന്ത്രിയാണ് മറുപടി നല്‍കിയത്. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് ശേഷമായിരുന്നു എജിയുടെ രംഗപ്രവേശം. എജി വിശദീകരണം തുടങ്ങിയതോടെ മന്ത്രിമാര്‍ കേള്‍വിക്കാരായി. ജലനിരപ്പ്, ഡാമിന്റെ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് കോടതിയില്‍ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു എജിയുടെ വിശദീകരണം. സര്‍ക്കാര്‍ തയ്യാറാക്കി നല്‍കിയ സത്യവാങ്മൂലത്തില്‍ ഒതുങ്ങിനിന്നതേയുള്ളൂ. കോടതിയില്‍ കയറുംമുമ്പ് പലതവണ ദുരന്തനിവാരണത്തിന്റെ ചുമതലക്കാരനായ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ എന്നിവരുമായി സംസാരിച്ചിരുന്നെന്നും എജി മന്ത്രിസഭായോഗത്തില്‍ പറഞ്ഞു. മന്ത്രി തിരുവഞ്ചൂര്‍ പ്രതിക്കൂട്ടിലാകുമെന്ന് കണ്ടതോടെ മുഖ്യമന്ത്രി ഇടപെട്ടു. അനുബന്ധ സത്യവാങ്മൂലം നല്‍കി വിട്ടുപോയത് പരിഹരിക്കാമെന്നായി മുഖ്യമന്ത്രി. ഇതിനായി മന്ത്രിസഭാ ഉപസമിതിയും രൂപീകരിച്ചു. എജിക്ക് മന്ത്രിസഭയുടെ എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. രാജിക്കത്ത് നല്‍കി മടങ്ങേണ്ടിവരുമെന്ന് പ്രതീക്ഷിച്ച എജിക്ക് മന്ത്രിമാര്‍ പിന്തുണ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതാണ് പിന്നീട് നടന്നത്. തിരികെ പോകുമ്പോള്‍ ചിരിക്കുന്ന മുഖത്തോടെയായിരിക്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന സ്വീകരിച്ച എജി ക്യാബിനറ്റ് മുറിയില്‍ നിന്ന് ചിരിച്ചുകൊണ്ടാണ് ഇറങ്ങിയത്. കാറില്‍ കയറി മടങ്ങുംവരെ അദ്ദേഹം പ്രസന്നവദനനായിരുന്നു. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ എജിക്ക് പിന്നാലെ വിവാദ പ്രസ്താവന നടത്തിയ വിദഗ്ധസമിതി ചെയര്‍മാന്‍ എം കെ പരമേശ്വരന്‍നായരെയും മന്ത്രിസഭായോഗത്തിലേക്ക് വിളിച്ചുവരുത്തിയിരുന്നു. വിശദീകരണം നല്‍കിയശേഷം സ്ഥാനം ഒഴിയുമെന്നാണ് അദ്ദേഹം ബുധനാഴ്ച അടുപ്പമുള്ളവരോടെല്ലാം പറഞ്ഞത്. പക്ഷേ മന്ത്രിസഭായോഗത്തിന് ശേഷം അദ്ദേഹവും നിലപാട് മാറ്റി. മന്ത്രിമാര്‍ ഉറച്ചപിന്തുണ നല്‍കിയതിനെ തുടര്‍ന്നാണ് നിലപാട് മാറ്റിയതെന്നാണ് പരമേശ്വരന്‍നായരുടെ വെളിപ്പെടുത്തല്‍ . എജിയെ സംരക്ഷിക്കാനുള്ള തീരുമാനത്തില്‍ കോണ്‍ഗ്രസില്‍ കലാപം ഉയര്‍ന്നിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ചതായാണ് വിവരം. വി എം സുധീരന്‍ സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചു.

  28. ഒരോഫാണ്:

    >>വെറുതെ എല്ലാ രാഷ്ട്രീയക്കാരേയും അടച്ചാക്ഷേപിക്കുന്നതിൽ കാര്യമില്ല.ഇപ്പോൾ കേരളത്തിൽ ഭരണത്തിലിരിക്കുന്നവർക്ക് തന്നെയാണു ഇതിന്റെ ഉത്തരവാദിത്വം..അവരുടെ കെടുകാര്യസ്ഥതയാണു നിഴലിച്ച് നിൽക്കുന്നത്.വിരലുകൾ അവർക്കെതിരെയാണു നീളേണ്ടത്<<

    തന്നെ തന്നെ!

    ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഭരണം തുടങ്ങിയീട്ട് ഒരു പത്തു പതിനഞ്ചുകൊല്ലമായല്ലോ!

  29. മനോജ്‌,
    ആദ്യമായി ഇത്രയും നാള്‍ ഇത്രയും സമചിത്തതയോടെ പ്രവര്‍ത്തിച്ചതിനു അഭിനന്ദനങ്ങള്‍.
    മുല്ലപെരിയാര്‍ വിഷയത്തില്‍ ഏറ്റവും ഉടനെ ഒരു പരിഹാരം പ്രായോഗികമായി അസാധ്യമാണ്.
    രാഷ്ട്രീയ പിതാമഹന്മാര്‍ ഇറങ്ങാതെ ഒരു കാര്യവും നടക്കില്ല എന്ന് വ്യക്തമല്ലേ. ഇവിടെ പാര്‍ടിയുടെയും
    വ്യക്തിപരമായും ഉള്ള സ്വാര്‍ത്ഥ താല്‍പര്യങ്ങളില്‍ മാത്രം ഇഷ്ടം കാണുന്ന ഇത്തരക്കാര്‍ ഈ വിഷയത്തില്‍
    ഒന്നും ചെയ്യാന്‍ പോകുന്നില്ല എന്ന് വ്യക്തം.
    ചില നിര്‍ദേശങ്ങള്‍ മുന്നോട്ടു വക്കട്ടെ.
    1 – ഇതൊരു ദേശീയ പ്രശനമായി ദേശീയ തലത്തില്‍ ചര്ച്ചയാക്കുക. ഇതിനു ദേശീയ മാധ്യമങ്ങള്‍ സഹായിച്ചേ
    മതിയാകൂ. ദ്ര്യശ്യ ശ്രവ്യ മാധ്യമങ്ങള്‍ ഇതൊരു വന്‍ വാര്‍ത്തയാക്കി കൊണ്ടുവരുകയും ഇതൊരു ചര്‍ച്ച
    ആകുകയും ചെയ്യുക. സ്വാഭാവികമായും രാഷ്ട്രീയക്കാര്‍ ഇതിനെ മുതലെടുക്കാനാവും ശ്രമിക്കുന്നത്.
    അതുകൊണ്ടുതന്നെ ഏതെങ്കിലും തരത്തിലുള്ള ഒരു ആക്ഷന്‍ എടുത്തേ മതിയാകൂ എന്ന നില വരുകയും ചെയ്യും.

    2 – ദേശീയ സെളിബ്രിടികള്‍ ആരെങ്കിലും ഈ വിഷയം ഏറ്റെടുക്കയും അഭിപ്രായം പറയുകയും ചെയ്യുക. ഉദാ: അമിതാബ്
    ബച്ചന്‍, രജനി കാന്ത് മുതല്‍ പേര്‍. ഇതിനും പ്രായോക തലത്തില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ട്.
    3 – ഏറ്റവും ശക്തമായ മാര്‍ഗം തിരഞ്ഞെടുപ്പ് കാലത്തെ വിലയുള്ള നോട്ടാണ്. അതായത് വോട്ട്. ഇനി ആര്‍ക്കായാലും
    അധികാരം എന്ന അപ്പക്കഷണം കിട്ടണം എങ്കില്‍ ഈ വിഷയത്തില്‍ ക്രിയാല്‍മകമായി എന്തെകിലും ചെയ്യണം
    എന്നാല്‍ മാത്രമേ വോട്ട് കിട്ടുകയുള്ളൂ എന്ന അവസ്ഥ വരണം.പക്ഷെ അതിനു സംഘടിച്ചേ പറ്റൂ. അതുകൊണ്ട് തന്നെ ആദ്യം
    ഇത്തരമൊരു സംഘടനക്കു അല്ലങ്കില്‍ പാര്‍ട്ടിക് രൂപം നല്‍കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക. മാറി മാറി വരുന്ന
    ഈ ദുഷിച്ച സര്‍ക്കാര്‍ ഭരണത്തില്‍ നിന്നുള്ള മോചനത്തിനായി സാധാരണ ജനങ്ങളും ആഗ്രഹിക്കുന്നുണ്ട്.പക്ഷെ കാലക്രെമേണ
    ഇതും മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി ആയി തരാം താഴാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
    4 – ഇപ്പോള്‍ ചെയ്യാനാവുന്ന ഒരു കാര്യം പിറവം തിരഞ്ഞെടുപ്പില്‍ ഒരു സാധാരണക്കാരനെ വിജയിപ്പിക്കാന്‍ ശ്രമിക്കുക . ഒരു പാര്‍ടിയിലും
    ജനങ്ങള്‍ക്ക്‌ വിശ്വാസം ഇല്ല എന്ന അവസ്ഥ സംജാതമായാല്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ രാഷ്ട്രീയക്കാര്‍ നിര്‍ബന്ധിതരാകും

    ഒന്നും സംഭവിക്കില്ല എന്ന വിശ്വാസത്തോടെ

    സജീവ്‌

  30. തന്നെ തന്നെ തറവാടി മാഷേ…ആരാണാവോ കേന്ദ്രത്തിൽ ഭരിയ്ക്കുന്നത്?? എന്താണാവോ ഈ വിഷയത്തിൽ എ ഐ സി സി നിലപാട്? അങ്ങനെ വല്ലതും ഉണ്ടോ ആവോ? മിണ്ടാട്ടം മുട്ടിക്കുന്ന കാര്യങ്ങൾ പറയാൻ നിർബന്ധിക്കരുതേ..

    നിരന്തരമായി കേസുകൾ തോറ്റുകൊണ്ടിരുന്ന കേരളത്തിനു അനുകൂലമായി ആദ്യമായി ഒരു വിധി ഉണ്ടായത് കഴിഞ്ഞ എൽ ഡി എഫിന്റെ കാലത്താണു.അതും ജലനിലപ്പ് 146 അടിയാക്കാനുള്ള സ്വന്തം വിധി സുപ്രീംകോടതിയെക്കൊണ്ട് സ്റ്റേ ചെയ്യിക്കാനും ജലനിരപ്പ് കൂട്ടാതെ നിലനിർത്തിക്കാനും കേരളത്തിനു കഴിഞ്ഞു.ഇത് വെറുതെ ഉണ്ടായതല്ല.മുല്ലപ്പെരിയാർ വിഷയത്തിൽ വ്യക്തമായ നയം ആവിഷ്കരിച്ച് ശ്രദ്ധയോടെ നീങ്ങിയതിന്റെ ഫലമാണു..മുല്ലപ്പെരിയാറിനായി പ്രത്യേക സമിതി ഉണ്ടാക്കി.ചർച്ചകൾ നടത്തി.വിദഗ്ദ്ധരായ വക്കീലന്മാരെ വച്ച് കേസ് വാദിച്ചു.മന്ത്രി പ്രേമചന്ദ്രൻ ഡൽഹിയിൽ തന്നെ തമ്പടിച്ച് കാര്യങ്ങൾ ഒട്ടും പിഴവ് വരാതെ നോക്കി..ഇതൊക്കെയാണു ഒരു സർക്കാർ ചെയ്യുന്നത്.അല്ലാതെ ഇപ്പോളത്തെ ഉമ്മൻ ചാണ്ടിയെപ്പോലെ അല്ല.

    അധികം എഴുതിയാൽ മനോജ് എന്റെ ചെവിയ്ക്കു പിടിക്കും..അതുകൊണ്ട് കൂടുതൽ എഴുതുന്നില്ല :)

  31. ഇങ്ങിനെയാണ് വിപ്ലവകാരികൾ ഉണ്ടാകുന്നത്..!

    ഓഫ്: എന്തിനാണ് തമിഴ് നാട് കേരള നേതാക്കന്മാർക്കും, ഉദ്യോഗസ്ഥന്മാർക്കും കാശ്, സ്ഥലം നൽകിയത്..? ഉത്തരം സിമ്പിൾ പറയാൻ പാടില്ലാത്തത് പറയാതിരിക്കാനും ചെയ്യാൻ പാടുള്ളത് ചെയ്യാതിരിക്കാനും..ഇത്തിരികൂടി വ്യക്തമായി പറഞ്ഞാൽ മുല്ലപ്പെരിയാർ ഡാമിന് പ്രശ്നങ്ങളുണ്ട് സൊ അത് വെളിയിൽ വരരുതെന്ന ഉദ്ദേശത്തോടെ കൊടുത്ത കൈക്കൂലി..! (കട: അച്ചായൻ സജി)

  32. മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിലെ രാഷ്ട്രീയകക്ഷികൾക്കെല്ലാം കേരളത്തെ ഒറ്റുകൊടുത്തതിൽ പങ്കുണ്ട്. അതിൽ ഏറ്റവും കൂടുതൽ ദ്രോഹം ചെയ്തത് 1970 സി പി ഐ നേതൃത്വം നൽകിയ അച്യുതമേനോൻ സർക്കാരാണ്. കേരളത്തെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന കരാർ ഒരു ദീർഘവീക്ഷണവും ഇല്ലാതെ പുതിക്കി നൽകിയതിന്റെ പൂർണ്ണ ഉത്തരവാദിത്വം ആ സർക്കാരിന് മാത്രമാണ്. അതാണ് ഇന്ന് കേരള ജനതയെ ഇത്രയും വലിയ പ്രതിസന്ധിയിൽ തള്ളിവിട്ടത്. ഇന്ത്യ സ്വതന്ത്രമായതോടെ നിലവിൽ ഇല്ലാതെ വന്ന ഒരു കരാർ (തിരുവിതാം‌കൂറും – ബ്രിട്ടീഷ് ഗവണ്മെന്റും തമ്മിലുണ്ടാക്കിയത്) മന്ത്രിസഭയുടെ പോലും അനുമതിയില്ലാതെ പാസ്സാക്കുകയായിരുന്നു. 1970 മെയ് 29ന് ഈ കരാർ പുതുക്കി നൽകുമ്പോൾ 999 വർഷത്തെ പാട്ടക്കാലാവധി പോലും മാറ്റിയില്ല. തമിഴ്നാടിന് പെരിയാറിലെ ജലം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ അനുമതിയും നൽകി. എന്നാൽ സത്യത്തിൽ 12/10/1958ലും 19/02/1950ലും, 07/06/1959ലും, 22/12/1965ലുമായി 35മെഗാവാട്ട് വീതം ശേഷിയുള്ള നാല് ജനറേറ്ററുകൾ പെരിയാർ പവ്വർ ഹൗസിൽ സ്ഥാപിച്ച തമിഴനാട് വൈദ്യുതോല്പാദനം തുടങ്ങിയിരുന്നു. അതിനു ശേഷം 1970-ൽ മാത്രമാണ് കേരളം വൈദ്യുത ഉല്പാഗനത്തിനുള്ള അവകാശം തമിഴ്നാടിന് നൽകുന്നത്. തമിഴനാടിന്റെ ഈ വിശ്വാസവഞ്ചന അന്ന് ആ‍രും ചോദ്യം ചെയ്തതായി കാണുന്നില്ല.

  33. ” വെറുതെ എല്ലാ രാഷ്ട്രീയക്കാരേയും അടച്ചാക്ഷേപിക്കുന്നതിൽ കാര്യമില്ല.ഇപ്പോൾ കേരളത്തിൽ ഭരണത്തിലിരിക്കുന്നവർക്ക് തന്നെയാണു ഇതിന്റെ ഉത്തരവാദിത്വം..അവരുടെ കെടുകാര്യസ്ഥതയാണു നിഴലിച്ച് നിൽക്കുന്നത്.വിരലുകൾ അവർക്കെതിരെയാണു നീളേണ്ടത്..”

    ഹ..ഹ.ഹ…അപ്പൊ, പ്രതിപക്ഷത് ഇരിയ്ക്കുന്വര്ക് യാതൊരു റോളും ഇല്ലേ ?

    ഇതില് എങ്ങിലും അവര്, ഇവര് എ ഐ സി സി എന്ന് എല്ലാം പറയാതെ, ഒറ്റയ്ക്ക് നില്‍ക്കാന്‍ നോക്കാം.

    വിരല് നീട്ടല്‍ മാറ്റി വെയ്ക്കാം. ഇടതു പക്ഷത്തിനും പലതും ചെയാന്‍ കഴിയും.

    ഇലക്ഷന്‍ വരുമ്പോ, ഇടതു പക്ഷം വളരെ ഓര്ഗനയ്യ്സ്സ്ട് ആയി പ്രവര്‍ത്തിയ്ക്കില്ലേ ? അതേ മോഡലില്‍, ഇടുക്കി ഏരിയയില്‍ അപകടം ഉണ്ടായാല്‍, ചെയ്ണ്ട കാര്യംങ്ങള്‍ എല്ലം പ്ലാന്‍ ചെയ്തു, ആള്‍കാരെ ബോധവല്‍ക്കരണം നടത്താന്‍ പ്ല്ലാന്‍ ചെയ്തു കൂടെ ? (ഇതേ കാര്യം ഇന്നലെ ബസ്സിലും പറഞ്ഞിരുന്നു. )

  34. ആറടിയ്ക്കായൊരു സമ്പാദ്യം വേണ്ട
    വേറിട്ട മതാചാരങ്ങളും വേണ്ട
    ഉടയോൻ കുഴിച്ചോരു കുഴിയാണിത്‌
    ഉടലോടെ സ്വർഗ്ഗത്തെത്തിയ്കും വിദ്യയിത്‌

  35. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തീവ്ര വികാരപ്രകടനങ്ങള്‍ ദോഷം ചെയ്യുക കേരളത്തിനായിരിക്കും. വികാരപ്രകടനത്തില്‍ തമിഴനെ വെല്ലാന്‍ ഒരു മലയാളിക്കും ഒരിക്കലും കഴിയില്ല. സ്വന്തം നഷ്ടം നോക്കിയേ മലയാളി എന്തിലും ഇടപെടൂ.

    തമിഴന്‍ അങ്ങനെയല്ല. നേതാവ്‌ തോറ്റാല്‍ സ്വയം മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്താന്‍ മടിയില്ലാത്തവന്‍ ആണ്‌ അവന്‍/അവള്‍. വേണ്ടത്‌ വിവേചനപൂര്‍വ്വമുള്ള ഇടപെടല്‍ ആണ്‌. സ്മരം പോലും തിഞ്ഞ പക്വത ഉള്ളതായിരിക്കണം. അല്ലെങ്കില്‍ നഷ്ടം നമുക്ക്‌ തന്നെ.

    പാലും മുട്ടയും പച്ചക്കറിയും മാത്രമല്ല. ഒടുവില്‍ മുല്ലപ്പെരിയാറ്‍ വിഷയത്തിലും നമുക്ക്‌ നഷ്ടം പറ്റും. ഒരാള്‍ സ്വയം ഹത്യക്ക്‌ മുതിര്‍ന്നാല്‍ ഇന്ത്യയുടെ, കോടതിയുടേതടക്കം സിമ്പതി അവന്‌ കിട്ടും.

  36. കേന്ദ്ര-സംസ്ഥാന ഭരണ നേതൃത്വങ്ങളുടെ കുറ്റകരമായ അനാസ്ഥക്കെതിരെ അന്തര്‍ ദേശീയ തലത്തില്‍ വാര്‍ത്തകള്‍ എത്തിക്കുവാന്‍ ശ്രേമിക്കുക.ഒരു ജനത ജലബോംബിന്റെ ഭീതിയിലാണ് എന്ന് ഇന്റര്‍ നഷേനല്‍ മീഡിയ റിപ്പോര്‍ട്ട്‌ ചെയ്യട്ടെ…(ഭാരതത്തിന്റെ പേരിനു കളങ്കം ആകുമായിരിക്കും പക്ഷെ ലക്ഷകണക്കിന് മനുഷ്യന്റെ ജീവനേക്കാള്‍ വലുതല്ലല്ലോ അത്.)ഇതുവരെ ദേശീയ മാധ്യമങ്ങളില്‍ സൌത്ത് ഇന്ത്യന്‍ എഡിഷന്‍ മാത്രമേ ഈ വിഷയത്തിനു പ്രാധാന്യം ലഭിക്കുന്നു എന്നത് കൂടി നാം ഉള്‍ക്കൊണ്ട്‌ കേരളത്തിന്‌ പുറത്തേക്കു ഈ വിഷയത്തിന്റെ ശ്രേദ്ധ കൊണ്ട് വരുവാന്‍ ,വരുത്തുവാന്‍ ശ്രേമിക്കുക.മനുഷ്യാവകാശ കമീഷന്‍,ഡിസസ്റ്റര്‍ ,ക്രൈസിസ് മാനേജ്‌മന്റ്‌ ടീം മുതലായവരുമായി ബന്ധപെടുക.ഈ വിഷയത്തിന്റെ നിയമവശങ്ങള്‍ നന്നായി പഠിച്ച് അറിയുന്ന വ്യക്തികള്‍ക്ക് (കൃഷ്ണയ്യര്‍ മുതലായ വ്യക്തികളുമായി സംവദിച്ച്) ഒറ്റക്കോ,കൂട്ടായ്മയുടെ സഹായത്തോടെയോ സര്‍ക്കാരുകള്‍ക്കെതിരെ കേസ് നല്‍കിയോ,കക്ഷി ചേര്‍ന്നോ വിഷയവുമായി മുന്നോട്ടു പോകാം.അല്ലാതെ മീഡിയയില്‍ ഈ വിഷയം പ്രാധാന്യം കിട്ടാത്തത് കൊണ്ട് സമരത്തിന്റെ കൂമ്പടഞ്ഞു എന്ന് തെറ്റിദ്ധരിക്കരുത്.മീഡിയകള്‍ക്ക് ആവശ്യം പുതുമയുള്ള വാര്‍ത്തകള്‍ ആണ് അവര്‍ക്ക് എന്നും ഒരു മുല്ലപെരിയാര്‍ വിഷയം മുഖ്യമായി പറയുക എന്നത് തലേന്നത്തെ പത്രം പോലെ അപ്രസക്തമാണ്.തന്മൂലം മീഡിയയെ പ്രതീക്ഷിക്കാതെ തന്നെ സമര മുറകളുമായി മുന്നോട്ടു പോകുക.ഈ വിഷയത്തെ ആത്മാര്‍ഥമായി വര്‍ഷങ്ങളോളം ഫോളോ അപ്പ്‌ ചെയ്യുന്ന താങ്കളെ അഭിനന്ദിക്കാതെ വയ്യ.സഹിഷ്ണുതയോടെ സമര മുറയുമായി മുന്നേറു..വിജയം ഉണ്ടാകും..ഇന്നലെങ്കില്‍ നാളെ :)

  37. This is almost like a speech in “elementary school Sahithya samajam” speech. These things every one is aware from channels. The deft writers like you could have made it to carry more heat and light.

  38. @ അനോണിമസ് – ഞാനീ എഴുതി ഇട്ടിരിക്കുന്നത് ഉഷാറായിവന്നുകൊണ്ടിരുന്ന സമരങ്ങൾസ്ഥാപിത താൽ‌പ്പര്യത്തോടെ അട്ടിമറിക്കാൻ ഭരണകൂടവും, മറ്റ് രാഷ്ടീയക്കാരും, ഉദ്യോഗസ്ഥരും, ഈ വിഷയത്തിൽ നിന്ന് നേട്ടമുണ്ടാക്കിയവരും ഇനിയും നേട്ടമുണ്ടാക്കാൻ നടക്കുന്നവർക്കും എതിരെയുള്ള രോഷമാണ്. കൂട്ടത്തിൽ ഇനി സമരം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നുള്ള ചർച്ചയും മുന്നോട്ട് വെച്ചിരിക്കുന്നു. അല്ലാതെ മുല്ലപ്പെരിയാർ വിഷയത്തിൽ പത്ര ദൃശ്യ മാദ്ധ്യമങ്ങൾ താങ്കൾക്ക് തന്നുകൊണ്ടിരിക്കുന്നതിനേക്കാൾ കൂടുതൽ വിവരങ്ങൾ തരാനുള്ള ഒരു ശ്രമമല്ല നടത്തിയിരിക്കുന്നത്. അതിന് പോന്ന deft writer ആണ് ഞാൻ എന്നത് താങ്കളുടെ ധാരണ തെറ്റാണ്. അങ്ങനെയൊരു ധാരണ ഉണ്ടെങ്കിൽ അതുമായി, ഈ വിഷയാമെന്നല്ല മറ്റേതൊരു വിഷയവും വായിക്കാൻ എന്റെ ബ്ലോഗിൽ വന്നിട്ട് കാര്യമില്ല. എലിമെന്ററി വിദ്യാഭ്യാസം മാത്രമുള്ളവർക്ക് പോലും മനസ്സിലാകുന്ന ഭാഷയിൽ മാത്രമേ ഇതുവരെ എഴുതിയിട്ടുള്ളൂ. അതിൽക്കൂടുതൽ എഴുതാൻ അറിയാനുള്ളത് പത്തായത്തിൽ ഇല്ലാത്തതുകൊണ്ട് തന്നെയാണ്. ഇത്രയുമൊക്കെ മനസ്സിലാക്കി സംസാരിക്കുന്ന വിഷയം എന്താണെന്ന് ഗ്രഹിച്ച് അതിലേക്ക് എന്തെങ്കിലും സംഭവനയോ നീർദ്ദേശങ്ങൾ നൽകുക. അല്ലെങ്കിൽ താങ്കളുടെ വിലപ്പെട്ട സമയം പാഴാക്കാതിരിക്കുക.

  39. എല്ലാവരോടുമായി…..

    മുല്ലപ്പെരിയാർ വിഷയം ഇത്രയും വഷളാക്കിയതിനും ഇപ്പോൽ വഷളാക്കിക്കൊണ്ടിരിക്കുന്നതിനും രാഷ്ട്രീയക്കാർ എല്ലാവർക്കും അവരവരുടേതായ പങ്കുണ്ട്. അതവർ ഇനിയും തുടന്ന്കൊണ്ടുപോകുക തന്നെ ചെയ്യും. അതെന്തായാലും, ഏതെങ്കിലും രാഷ്ട്രീയക്കാരന്റെ പക്ഷം പിടിച്ച് വാദപ്രതിവാദങ്ങൾ നടത്താൻ ഇനി നമ്മൾക്കാർക്കും സമയമില്ലെന്ന് മനസ്സിലാക്കിയാൽ നന്ന്.

    ഇനിയങ്ങോട്ട് അങ്ങനെ ഏതെങ്കിലും കമന്റുകൾ ഇവിടെ വീണാൽ അത് ഇട്ടത് എത്ര വലിയ സുഹൃത്തായാലും ഞാനത് ഡിലീറ്റ് ചെയ്തിരിക്കും. മൂക്കറ്റം വെള്ള കയറി നിൽക്കുമ്പോഴും രാഷ്ട്രീയ മേലാളന്മാർക്ക് കീ ജെയ് വിളിക്കാനും എതിർകക്ഷിയെ ചീത്തവിളിക്കാനും ഇതിന്റെ പേരിൽ വീണ്ടും രാഷ്ട്രീയ നേട്ടം കൊയ്യാനും കുറഞ്ഞ പക്ഷം എന്റെ ബ്ലോഗിൽ ഞാൻ അനുവദിക്കില്ല. അതിന് മറ്റേതെങ്കിലും ഇടം നോക്കിക്കോളണം.

    ഇവിടെ ഇപ്പോൾ ആവശ്യം സമരം ഇനി എങ്ങനെ മുന്നോട്ട് നയിക്കണമെന്ന ചർച്ചയാണ്. അതിലേക്ക് സജീവവും ഫലപ്രദവുമായ എന്തെങ്കിലും നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ പറയാം. അത് പറ്റാത്തവർ ദയവ് ചെയ്ത് ചർച്ച വഴി മാറ്റാതെ മാറി നിൽക്കുക.

  40. മനോജ്‌
    ഇന്റര്‍നാഷണല്‍ മീഡിയകളില്‍ ഏതെങ്കിലും ഒന്നില്‍ ഈ വാര്‍ത്ത വര്യ്തുവാന്‍ സാധിക്കുമോ ? ഉദാഹരണത്തിന്
    CNN , മുതലായ ചാനലുകള്‍. അന്തര്‍ദേശീയ ശ്രദ്ധ കിട്ടുമെങ്കില്‍ കൂടുതല്‍ എളുപ്പമാകും.

  41. എനിക്ക് നിർദ്ദേശിക്കാനുള്ളത്

    1. നമ്മൾ മുൻപ് ചർച്ച ചെയ്തിരുന്നതും അല്ലറ ചില്ലറയായി എഴുതിയിട്ടിരുന്നതും പോലെ എമർജൻസി ആൿഷൻ പ്ലാനുകളും ഡിസാസ്റ്റർ റിലീഫ് പ്ലാനുകളും ഒക്കെ എഴുതി തയ്യാറാക്കി അത് പെട്ടെന്ന് പ്രിന്റ് ചെയ്ത് ഇറക്കണം, വിതരണം ചെയ്യണം. എല്ലാ പ്രവർത്തകരും അവരവരുടെ ഓഫീസ്, വീട്, പോകുന്ന മറ്റിടങ്ങളിലും പ്രദേശങ്ങളിലും ഒക്കെ ഇത് വിതരണം ചെയ്യണം.

    2. കൂടാതെ ഒന്നിടവിട്ട ദിവസങ്ങളിലോ രണ്ട് ദിവസം ഇടവിട്ടോ ഏതെങ്കിലുമൊക്കെ കോർണറുകളിൽ നമ്മുടെ മെഗാഫോണുമായി നിന്ന് നോട്ടീസിൽ ഉള്ള കാര്യങ്ങൾ തന്നെ പലതും വിളിച്ച് പറയണം. കേൾക്കാൻ ആള് കൂടിക്കോളും. മെഗാഫോണിന് പെർമിഷൻ വേണ്ടെന്ന് ഉറപ്പാക്കണം. അല്ലെങ്കിൽ അത് പൊലീസ് പിടിച്ചുകൊണ്ടു പോകും.

    3. Save Mullaperiyar , Save Kerala & Tamil Nadu + Dam Picture ചേർത്ത് ഒരു സ്റ്റിക്കർ 4×3 സൈസിൽ അടിച്ചുണ്ടാക്കി അത് വിതരണം ചെയ്യണം. ഈ വിഷയത്തിൽ താൽ‌പ്പര്യം ഉള്ളവർക്ക് മാത്രമേ കൊടുക്കാവൂ. അത് അവർ സ്വന്തം വാഹനങ്ങളിൽ ഒട്ടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ആരെയും നിർബന്ധിക്കരുത്. രണ്ട് അല്ലെങ്കിൽ 3 രൂപ ചിലവിൽ ഈ സ്റ്റിക്കർ ഉണ്ടാക്കാൻ പറ്റും. (വളരെ ന്യൂട്രൽ ആയ വാചകങ്ങൾ ആയിരിക്കണം സ്റ്റിക്കറിൽ. ഒരു സംഘടനയുടെയും പേര് പാടില്ല.) ഈ വിഷയം തീരുന്നത് വരെ അത് വാഹനങ്ങളിൽ ഒട്ടിക്കാൽ സന്നദ്ധത കാണിക്കുന്നവർക്ക് മാത്രമേ സ്റ്റിക്കർ കൊടുക്കാവൂ. നമ്മൾ പ്രവർത്തകരുടെ എല്ലാം കൈയ്യിൽ ഈ സ്റ്റിക്കർ ഉണ്ടാകണം. കുറഞ്ഞ സമയം കൊണ്ട് നമ്മൾ ബ്ലോഗുകളിൽ പലരും മുല്ലപ്പെരിയാർ ലോഗോ/വിഡ്ജറ്റ് പതിച്ചിരിക്കുന്നത് പോലെ കേരളത്തിൽ വാഹനങ്ങളിൽ ഈ ലോഗോ പ്രത്യക്ഷപ്പെടാൻ തുടങ്ങണം.

  42. @ കാഴ്ചകളിലൂടെ – ജസ്റ്റിസ് കൃഷ്ണയ്യർ പങ്കെടുത്ത ചടങ്ങ് CNN IBN നല്ല രീതിയിൽ തന്നെ (മറ്റേത് മലയാളം ചാനലുകളേക്കാളും നന്നായി) കവർ ചെയ്തിരുന്നു. നമ്മൾ നടത്തിയ 7 പരിപാടികളിൽ 4 എണ്ണത്തിനും പ്രസ്സ് റിലീസ് കൊടുത്തിരുന്നെങ്കിലും വന്നത് മാദ്ധ്യമങ്ങൾ കവർ ചെയ്തത് രണ്ടേരണ്ടെണ്ണം മാത്രം. ആദ്യദിവസം മിക്കവാറും എല്ലാ മാദ്ധ്യമങ്ങളും വന്നെങ്കിലും ഡാം 999 സിനിമയുടെ പ്രമോഷണൽ സ്റ്റണ്ട് ആണെന്ന് തെറ്റിദ്ധരിച്ച് പല മാദ്ധ്യമങ്ങളും അത് കാണിച്ചില്ല/പ്രിന്റ് ചെയ്തില്ല. നമുക്ക് അവരിലൂടെയൊക്കെ ചെയ്യാൻ പറ്റുന്നതിനേക്കാൾ അധികം പടിപടിയായി ഒരോ ദിവസവും 50 പേരെയെങ്കിലും ബോധവൽക്കരിക്കുന്നതിലൂടെ ചെയ്യാനാവും. പത്രങ്ങളോ ചാനലുകളോ നല്ല രീതിയിൽ നമ്മുടെ ലക്ഷ്യങ്ങൾ പ്രചരിപ്പിക്കുന്ന തരത്തിൽ ഒരു ഫീച്ചർ തയ്യാറാക്കുകയോ സപ്ലിമെന്റ് ഇറക്കുകയോ ഒരു talk show സംഘടിപ്പിക്കുകയോ ചെയ്താലേ പ്രയോജനമുള്ളൂ. വെറുതെ ഒരു വാർത്ത മാത്രം വന്നാൽ നമ്മൾ പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ പൂർണ്ണമായും ജനങ്ങളിലേക്ക് എത്തില്ല. എന്തായാലും അത്തരം ശ്രമങ്ങൾ തുടരുന്നതാണ്.

  43. വളരെ ലളിതമായ ഭാഷയില്‍ പറഞ്ഞിരിക്കുന്നത് നമ്മുടെ രാഷ്ട്രീയക്കാര്‍ നമ്മോട് കാണിക്കുന്ന വഞ്ചനയാണ്…ജയലളിത ലിസ്റ്റിന്റെ കാര്യം പറഞ്ഞപ്പോള്‍ പല നേതാക്കളും ഉള്ളിലേക്ക് വലിഞ്ഞു കഴിഞ്ഞു..ലിസ്റ്റ് വെളിയില്‍ വന്നു കഴിയുമ്പോള്‍ രംഗത്ത് കൂടിവന്നാല്‍ അച്ചുംമാനും സുധീരനും കാണാം..

  44. മനോജ്‌
    കേരളത്തില്‍ ഈ പ്രശ്നം എത്ര ചര്ചാവിഷയമായാലും അതുകൊണ്ട് പ്രയോജനമില്ല. ദേശീയ തലത്തില്‍ അതുപോലെ അന്തര്‍ദേശീയ തലത്തില്‍ ഒത്തൊരു വിഷയമായി വരണം.
    എന്നാല്‍ മാത്രമേ നാം ഉദ്ദേശിക്കുന്ന ഫലം കിട്ടൂ.

  45. ജയലളിത കണക്കെടുക്കാൻ ഓർഡറിട്ടപ്പോഴേക്കും എല്ലാ മന്ത്രിപുംഗവന്മാരും നേതാക്കളും നാടിനേയും നാട്ടാരേയും മറന്നു. മുല്ലപ്പെരിയാറോ.. ?
    അതേതാന്നു വരെ ചോദിച്ചു തുടങ്ങി. ഇവരെയൊക്കെ നേതാക്കളാണെന്നും പറഞ്ഞ് കൊണ്ടു നടക്കണ നമ്മളെ പറഞ്ഞാൽ മതിയല്ലൊ.

    അവരുടെ കയ്യിൽ നിന്നും ഭൂമിയും പണവും വാങ്ങിയെന്ന് ഇതുവരേയും നമ്മൾക്ക് തോന്നിയിരുന്നില്ല. ഇപ്പോൾ പൂർണ്ണ ബോദ്ധ്യമാവുന്നു.
    നമ്മളെ ചതിക്കുന്നത് തമിഴ്നാട്ടുകാരല്ല. നമ്മുടെ രാഷ്ട്രീക്കാർ തന്നെയെന്ന്. ഇനി നമ്മളാണ് തീരുമാനമെടുക്കേണ്ടത്. ജനങ്ങൾ…

    ഇനിയും രാഷ്ട്രീയക്കാരെ ഏൽ‌പ്പിച്ചാൽ നമ്മളെല്ലാം ഒഴുകിപ്പോയതു തന്നെ. അതോ.. ഇനി അതു തന്നെയാണൊ അവരുടെ ഉദ്ദ്യേശം…?!

  46. കാളിദാസൻ എന്ന വ്യക്തി അദ്ദേഹത്തിന്റെ ബ്ലോഗിൽ ഞാൻ ഇട്ട കമന്റ് ഡിലീറ്റ് ചെയ്യുന്നു. അല്ലെങ്കിൽ മോഡറേറ്റ് ചെയ്യുന്നു. ഞാൻ മാന്യമായിട്ടല്ലാതെ ഒരു കമന്റുകളും ഇതുവരെ എവിടേയും ഇട്ടിട്ടില്ല. അങ്ങനെയാണെങ്കിൽ, വിമർശിക്കാൻ മാത്രമായി ഇറങ്ങിത്തിരിച്ചിരിക്കുന്ന കാളിദാസൻ എന്ന വ്യക്തിയുടെ കമന്റ് എന്റെ ബ്ലോഗിലും ഞാൻ പ്രസിദ്ധീകരിക്കില്ല. മുകളിൽ ‘അക്ഷരം’ ഇട്ട കമന്റിന് മുകളിൽ അദ്ദേഹം എഴുതിയ കമന്റ് ഞാൻ ഡിലീറ്റ് ചെയ്യുന്നു.

  47. ക്ഷമിക്കണം. കാളിദാസൻ എന്റെ കമന്റ് പബ്ലിഷ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന്റെ കമന്റ് ഇവിടെ/താഴെ പബ്ലിഷ്/പേസ്റ്റ് ചെയ്യുന്നു.

    ഈ വിഷയത്തിൽ ഞാൻ എന്ന വ്യക്തി എന്തൊക്കെ പ്രവർത്തനങ്ങൾ/ഫീൽഡ് വൽക്ക് ചെയ്തു എന്നത് ഞാനല്ല വിളിച്ച് പറയേണ്ടത്. അതൊന്നും അറിയാതെ അദ്ദേഹം എനിക്കെതിരെ പടനയിച്ചിട്ട് കാര്യമില്ല. ലക്ഷ്യം എന്താണെന്ന് മനസ്സിലാക്കി അങ്ങോട്ടാണ് പടനയിക്കേണ്ടത്. സ്വന്തമായി എന്തെങ്കിലും ചെയ്യാതെ, എന്തെങ്കിലും ചെയ്യാൻ ഇറങ്ങുന്നവരെ നിരുത്സാഹപ്പെടുത്തുകയും വിമർശിക്കുകയും, മാത്രം ചെയ്തുകൊണ്ട് സംസാരിച്ചുകൊണ്ടേയിരിക്കുന്നവരോട് എനിക്ക് ഒന്നും പറയാനില്ലെന്ന് മാത്രമല്ല, പരമപുച്ഛവുമാണ്.

  48. ഏത് നേതാവാണുള്‍വലിഞ്ഞത്?

    തമിഴ് നാട്ടില്‍ തോട്ടങ്ങളുള്ള നേതാക്കളുടെയും ഉദ്യോഗസ്തരുടെയും പേരുകള്‍ പുറത്തു വന്നാലും പ്രത്യേകിച്ചൊന്നും സംഭവിക്കില്ല. അവിടെ സ്ഥലം വാങ്ങാന്‍ പാടില്ല എന്ന ഒരു നിയമവുമില്ല. തമിഴ് നാട്ടിലേക്ക് വെള്ളം കൊടുക്കില്ല എന്ന് ഒരു നേതാവും പറയുന്നില്ലല്ലോ. കാലഹരണപ്പെട്ട ഈ അണക്കെട്ടിനു പകരം പുതിയ ഒരണക്കെട്ട് പണിയണം എന്നു മാത്രമല്ലേ ആവശ്യപ്പെടുന്നുള്ളു. ഇപ്പോള്‍ കൊടുക്കുന്ന അളവില്‍ തുടര്‍ന്നും വെള്ളം കൊടുക്കും എന്നു തന്നെയല്ലേ അവര്‍ പറയുന്നത്?

    തമിഴ് നാടു സര്‍ക്കാര്‍ കൈക്കൂലിയായി ഈ തോട്ടങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലേ എന്തെങ്കിലും കാര്യമുള്ളു. പക്ഷെ ആ വിവരം തമിഴ് നാടു പുറത്തു വിടില്ല. പുറത്തു വിട്ടാല്‍ അവര്‍ വളഞ്ഞ വഴിയിലൂടെ കാര്യം നേടി എന്ന് ലോകം അറിയും. അത്ര ബുദ്ധി മോശം ജയലളിത കാണിക്കില്ല.

  49. പരസ്പരം പഴിചാരി ഇപ്പോള്‍ ഒന്നിച്ചു നിക്കുന്ന ജനങ്ങളെ പോലും രണ്ടൂ മുന്നോ വിഭാഗമാക്കി മുഖ്യ പ്രശ്നത്തില്‍ നിന്നും വഴിതിരിച്ചു വിടുന്ന ഒരു കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. പക്ഷെ ഇതില്‍ രാഷ്ട്രീയക്കരെക്കളും കേരളത്തിലെ ജനങ്ങളെ തമ്മിലടിപ്പിക്കുന്നത് ന്യൂസ്‌ ചാനലുകള്‍ ആണെന്ന് ഒന്ന് ശ്രദ്ധിച്ചാല്‍ മനസ്സില്‍ ആക്കാവുന്നതാണ് . ഏതെങ്കിലും കാര്യത്തില്‍ പോലും രണ്ടു പാര്‍ടികള്‍ ഒരേ അഭിപ്രായം പറഞ്ഞാല്‍ അതില്‍ എങ്ങനെയെങ്കിലും ഭിന്നിപ്പുണ്ടാക്കാന്‍ അവര്‍ ശ്രമിക്കുന്നത് വളരെ വ്യക്തമാണ്‌ . ഇവരാണെന്നു തോന്നുന്നു തമിഴ്നാടില്‍ നിന്ന് കൂടുതല്‍ പണം വാങ്ങിയവര്‍. (ഓണ്‍ലൈനില്‍ ഏഷ്യാനെറ്റും ഇന്ത്യവിഷിഒനും മനോരമയും മാത്രമേ കിട്ടുന്നുല്ല് അത് കണ്ടിട്ടുള്ള അഭിപ്രായമാണ് )

  50. ഒരു പ്രശ്നം ഉണ്ടായാല്‍ പരിഹാരം ആലോചിക്കും മുന്‍പേ അതിനെ എങ്ങനെ വഴിതിരിച്ചു വിട്ടു മറ്റൊരു അനുബന്ധപ്രശ്നം ഉണ്ടാക്കാം എന്നാണ് ഇവരൊക്കെ കാലങ്ങളായി ആലോചിച്ചുകൊണ്ടിരിക്കുന്നത്.
    പിന്നെ കൂട്ടിനു കുറെ നിയമത്തിന്റെ വികലമായ വ്യാഖ്യാനങ്ങളും രാഷ്ട്രീയ ഷണ്ഡത്വവും.

  51. നേതാക്കള്‍ വാങ്ങിയ സ്വത്ത് ലിസ്റ്റ് പുറത്തുവിടും എന്നു പറഞ്ഞപ്പോള്‍ ചൂട്‌ പോയ നേതാക്കള്‍ പിന്നെ എ.ജി.യെ കണ്ടപ്പോള്‍ വാല് ചുരുട്ടിയതില്‍ അതിശയപ്പെടെണ്ട കാര്യം ഇല്ല..എ.ജി.വല്ലതും പുറത്ത് വിട്ടാല്‍ ഉള്ള കാര്യം അവര്‍ ഓര്‍ത്തു കാണും.
    നിര്‍ദ്ദേശം:
    തമിഴ്‌ അറിയാവുന്ന ആരെയെങ്കിലും തപ്പിഎടുത്ത് നമുക്ക്‌ അറിയാവുന്ന സത്യങ്ങളും യാഥാര്‍ത്ഥ്യവും ലെഖുലെഖകള്‍ ആക്കി ഓണ്‍ലൈന്‍ വഴിയും അല്ലാതെയും തമിഴ് നാട്ടില്‍ പരത്തുക.
    പുതിയ ഡാം വന്നാല്‍ കൃഷിക്ക് വെള്ളം കിട്ടില്ല എന്നാണ് അവിടെയുള്ള പാര്‍ട്ടികളും മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്.
    ഡാം തകര്‍ന്നാല്‍ അവരുടെ അഞ്ചു ജില്ലകളില്‍ കൃഷിക്കും മറ്റു ആവശ്യങ്ങള്‍ക്കും വെള്ളം കിട്ടില്ല എന്നറിയുമ്പോള്‍ അവര്‍ക്ക്‌ മനസില്ലാകും..
    ഇതെഴുതുമ്പോള്‍ മുല്ലപ്പെരിയാര്‍ മേഖലയില്‍ 2.4 രേഖപെടുത്തിയ ഭൂചലനം ഉണ്ടായതായി ഫ്ലാഷ് ന്യൂസ്‌ വരുന്നു …
    ഈ സമരത്തില്‍ ഞാനും പങ്കുചേരുന്നു ..നിരക്ഷരന്‍..

  52. മനോജെ , പ്രതികരണ ശേഷി ഒട്ടും കുറയാതെയുള്ള സമരത്തെ സ്വാഗതം ചെയ്യുന്നു .ലക്ഷകണക്കിന് ജീവനുവേണ്ടിയുള്ള പോരാട്ടമായ്‌ കരുതി മുന്നേറുക .തക്കതായ തീരുമാനം കിട്ടുന്നില്ലായെങ്കില്‍ ഇനിയാര്‍ക്കും വേണ്ടി കയ്യില്‍ മഷി പുരട്ടില്ലെന്നു ശപഥം ചെയ്യൂ .

  53. ഞാന്‍ പാവപ്പെട്ട ഏതെങ്കിലും സ്വതന്ത്ര സ്ഥാനാര്‍ഥി ക്ക് മാത്രമേ വോട്ട് ചെയ്യുള്ളു എന്ന് ശപഥം എടുത്തിട്ടുണ്ട്….ഒരു പാര്‍ട്ടി യെയും വേണ്ട…

  54. Namuk mullaperiyar muthal idukki vare ullavare ellaam ernakulam townil kond vannu kudil ketti thaamasippichaalo? koode ernakulath ullvarum koodum…. athode ernakulam town full nischalam aakum… appol nammude bharanavargathinu pinne veruthe irikkan kazhiyillaaa….

  55. മനോജ്‌ സാർ ,
    ഈ ലേഖനം എഴുതിയിട്ട് ഇപ്പോൾ ഒരു രണ്ടു വർഷമെങ്കിലും എങ്കിലും ആയി കാണുമല്ലോ.
    ഒരു പ്രാവശ്യം കൂടി ആ വിഷയം പഠിച്ചു ഒരു ലേഖനം കുടി എഴുതനെമെന്നു അഭ്യർത്ഥിക്കുന്നു .

  56. മനോജ്‌ സാർ ,

    മറുപടി ഒന്നും കണ്ടിലല്ലോ .
    1. താങ്കൾ ഒരു പ്രധാന പങ്കു വഹിച്ച ഒരു സമരം ശരിക്കും ആവശ്യം ആയിരുന്നോ എന്ന ചോദ്യം പ്രസക്തം അല്ലെ ?
    2. എന്തു കൊണ്ടാണു സമരം അങ്ങനെ പര്യവസാനിച്ചത് എന്ന് മനസില്ലാക്കേണ്ടതില്ലേ ?
    3. ഈ സമരം കേരളവും തമിഴ് നാടും തമ്മിൽ ഉള്ള ബാധിച്ചോ എന്ന് പരിശോദിക്കേണ്ടതില്ലേ ?
    4. ഈ സമരത്തെ ആളികത്തിക്കാൻ ആ സമയം ഇറങ്ങിയ ഒരു മൂന്നാം കിട സിനിമയുടെ പങ്കു എത്ര മാത്രം ഉണ്ടായിരുന്നു എന്ന് മനസില്ലാക്കേണ്ടതില്ലേ ?
    5. ഇങ്ങനത്തെ സമരങ്ങള്ക്ക് ഇനി വരും കാലങ്ങളിൽ ആവർത്തനങ്ങൾ ഉണ്ടാക്കുമോ എന്ന് മനസിലാക്കേണ്ടത് അത്യാവശ്യമല്ലേ ?

Leave a Reply to sandeep Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>