ഇനി അൽ‌പ്പം രക്ഷാനടപടികൾ.


മു ല്ലപ്പെരിയാർ വിഷയത്തിൽ ഇനിയെന്തെങ്കിലും പറയാനോ പ്രവർത്തിക്കാനോ ഉള്ള സമയം മലയാളികൾക്ക് ബാക്കിയുണ്ടാകുമോ എന്നറിയില്ല. അത്രയ്ക്ക് ഭീകരമായ ഒരു മുനമ്പിലാണ് അഞ്ച് ജില്ലകളിലെ ജനങ്ങൾ എത്തിച്ചേർന്നിരിക്കുന്നത്. ഭാഗ്യവശാൽ കുറേക്കൂടെ സമയം നീട്ടിക്കിട്ടുകയാണെങ്കിൽ, ചില കാര്യങ്ങൾ കൂടെ എല്ലാവരുടേയും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

ഓൺലൈനിലാണ് മുല്ലപ്പെരിയാർ വിഷയം ഏറ്റവുമധികം ചർച്ചാവിഷയമായിരിക്കുന്നതെന്ന് സംശയമില്ലാത്ത കാര്യമാണ്. ചർച്ചകൾ പല വഴിക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. പുതിയ ഡാം ഉണ്ടാക്കണമെന്ന് ഒരു കൂട്ടർ. ഡാം ഉണ്ടാക്കുന്നതിനെപ്പറ്റി നമ്മൾ സംസാരിക്കണ്ട, ഉടനടി ജലനിരപ്പ് താഴ്‌ത്തുന്നതിനെപ്പറ്റിയും ഡാം ഡീ കമ്മീഷൻ ചെയ്യുന്നതിനെപ്പറ്റിയും മാത്രം നമ്മൾ പറഞ്ഞാൽ മതി എന്ന് മറ്റൊരു കൂട്ടർ. മുല്ലപ്പെരിയാർ ഡാമിനെപ്പറ്റി ഇത്രയ്ക്കൊക്കെ ബഹളമുണ്ടാക്കുമ്പോൾ ഇടുക്കി ഡാമിന്റെ ഭീഷണിയെപ്പറ്റി ആരും സംസാരിക്കാത്തത് എന്തെന്ന് ഇനിയൊരു കൂട്ടർ. യുവാക്കളെ സംഘടിപ്പിച്ച് മോണിട്ടറിന്റെ മുന്നിൽ നിന്നിറക്കി തെരുവിലേക്കിറക്കി പ്രാണനു വേണ്ടി കരയാൻ തുടങ്ങിയപ്പോൾ അതിലെ സംഗതി ശരിയായില്ല, ശ്രുതി ചേർന്നില്ല എന്ന് വിമർശനവുമായി വേറേ കുറേപ്പേർ. ഡാം പിടിച്ചടക്കി വെള്ളം തുറന്ന് വിടുന്നതിനെപ്പറ്റിയും അണക്കെട്ട് ഡീ കമ്മീഷൻ ചെയ്യുന്നതിനെപ്പറ്റിയും പുതിയ ഡാം ഉണ്ടാക്കുന്നതിനെപ്പറ്റിയുമുള്ള സാങ്കേതിക ജ്ഞാനങ്ങൾ പകർന്നുകൊണ്ട് മറ്റൊരു കൂട്ടർ. പുതിയ ഡാം ഉണ്ടാക്കിയാൽ പെരിയാർ ടൈഗർ റിസർവ്വ് ഇല്ലാതാകും എന്ന് കുറേപ്പേർ. ഇതിനൊക്കെ ഇടയിൽ ഒരു അത്യാഹിതം (അത് തീരെ ആഗ്രഹിക്കുന്നില്ല.) സംഭവിച്ചാൽ എന്തൊക്കെ ചെയ്യണമെന്ന ചർച്ചകളും പ്രചരണങ്ങളും മാത്രം സംഭവിക്കുന്നില്ല.

എന്താണ് മുല്ലപ്പെരിയാർ വിഷയം, എന്താണ് ഡാം പൊട്ടിയാൽ സംഭവിക്കുക എന്നീ കാര്യങ്ങളെപ്പറ്റിയുള്ള അജ്ഞതയാണ് മലയാളിയുടെ ഇതുവരെ ഉണ്ടായിരുന്ന നിസംഗതയ്ക്ക് കാരണം. അത് ഒരു നല്ല തോതിൽ ഇപ്പോഴും തുടരുന്നു. മുല്ലപ്പെരിയാറിന്റെ പേരിൽ കേരളം മുഴുവൻ ഒരു പ്രക്ഷോഭത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽപ്പോലും കുറേയധികം സാധാരണക്കാർക്കും, അതിലേറെ ഉന്നത നിലയിൽ ഉള്ളവർക്കും മുല്ലപ്പെരിയാർ വിഷയം എന്താണെന്ന് വലിയ പിടിയൊന്നുമില്ല, അല്ലെങ്കിൽ ഇതൊന്നും അവരെ ബാധിക്കില്ല എന്ന നിലപാടാണ്. ആ അവസ്ഥാവിശേഷം മാറ്റിയെടുക്കേണ്ടത് അത്യാവശ്യമാണ്.

എന്താണ് മുല്ലപ്പെരിയാർ പാട്ടക്കരാർ ?

പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് 8000 ഏക്കർ സ്ഥലത്തിനൊപ്പം 100 ഏക്കർ സ്ഥലം ഡാം നിർമ്മാണത്തിനും വിട്ടുകൊടുത്തുകൊണ്ട് തിരുവിതാംകൂറും മദ്രാസ് പ്രസിഡൻസിയും തമ്മിൽ 1886ൽ ആണ് മുല്ലപ്പെരിയാർ പാട്ടക്കരാർ ഒപ്പിടുന്നത്. 999 കൊല്ലത്തേക്കായിരുന്നു കരാർ. (999 കൊല്ലത്തിന് ശേഷം വേണമെങ്കിൽ ഇനിയൊരു 999 കൊല്ലത്തേക്ക് കൂടെ കരാർ പുതുക്കാമെന്നും കരാറിൽ പറയുന്നുണ്ട്.) പക്ഷെ, 1947ൽ സ്വാതന്ത്ര്യം കിട്ടിയതോടെ ഇന്ത്യയൊട്ടാകെ ബ്രിട്ടീഷുകാർ വഴി ഉണ്ടാക്കപ്പെട്ട എല്ലാ കരാറുകളും സ്വാഭാവികമായും റദ്ദാക്കപ്പെട്ടു. പിന്നീട് സി.അച്ചുതമേനോന്റെ കാലത്ത് പാട്ടക്കരാറിലെ പഴയ വ്യവസ്ഥകൾ നിലനിർത്തിക്കൊണ്ടുതന്നെ ജലസേചനത്തിന് മാത്രമല്ല വൈദ്യുതി ഉൽ‌പ്പാദനത്തിലും ജലം ഉപയോഗിക്കാമെന്ന നിബന്ധനങ്ങൾ മുൻ‌കാലപ്രാബല്യത്തിൽ എഴുതിച്ചേർത്ത് പാട്ടക്കരാർ പുതുക്കി. 8000 ഏക്കറിന് 5 രൂപ എന്ന നിരക്കിൽ കേരളത്തിന് കിട്ടിയിരുന്ന തുക, 8000 ഏക്കറിന് 30 രൂപ എന്ന നിരക്കിൽ ആക്കി എന്നത് മാത്രമാണ് പുതുക്കിയ കരാറുകൊണ്ട് കേരളത്തിനുണ്ടായ നേട്ടം. കരാർ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ പറഞ്ഞാൽ ഡാം കേരളത്തിന്റെ ഭൂമിയിൽ ആണെങ്കിലും അതിന്റെ ഉടമസ്ഥർ തമിഴ്‌നാടാണ്.

ഡാമിന്റെ ജാതകം.

1886 ൽ അണക്കെട്ട് നിർമ്മാണം ആരംഭിച്ചു. ചുണ്ണാമ്പ്, കല്ല്, ചരൽ, സുർക്കി(ചുണ്ണാമ്പും ചരലും ചേത്ത് ചുട്ടെടുക്കുന്ന ഇഷ്ടിക പോലുള്ള വസ്തു.) എന്നിവ ഉപയോഗിച്ചാണ് ഡാം നിർമ്മിച്ചിരിക്കുന്നത്. 1876 ൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്തുകൊണ്ട് പെന്നി ക്വിക്ക് എന്ന എഞ്ചിനീയറുടെ നേതൃത്വത്തിൽ ഡാം നിർമ്മാണാം പൂർത്തിയാക്കപ്പെട്ടു. 442 പേരോളം നിർമ്മാണപ്രവർത്തനങ്ങൾക്കിടയിൽ പല കാരണങ്ങളാൽ കൊല്ലപ്പെട്ടു. നിർമ്മാണ കാലഘട്ടത്ത് തന്നെ 50 കൊല്ലം മാത്രമാണ് ഡാമിന് ആയുസ്സ് കൽ‌പ്പിച്ചിരുന്നത്. ആ കാലയളവും കഴിഞ്ഞ് 66 കൊല്ലം കൂടെ തരണം ചെയ്ത ഡാമിന്റെ ഇപ്പോഴത്തെ പ്രായം 116 കൊല്ലമാണ്. തമിഴ് നാടിന് വെള്ളം കൊടുക്കുക എന്ന ഉദ്ദേശത്തോടെ മാത്രം ഉണ്ടാക്കിയ അണക്കെട്ട് ആയതുകൊണ്ട് ഇതിന് ഷട്ടറുകൾ ഇല്ല.

ഡാമിന്റെ ഇപ്പോഴത്തെ അവസ്ഥയും കേസും.

ഡാമിന്റെ ബലക്ഷയം ഉണ്ടെന്ന് പഠനങ്ങൾ തെളിയിച്ചപ്പോൾ സുരക്ഷാ നടപടിയായി ജലനിരപ്പ് കുറക്കേണ്ടത് ആവശ്യമാകുകയും അതേച്ചൊല്ലിയുള്ള തർക്കങ്ങൾ കോടതിയിലേക്ക് നീങ്ങുകയും ചെയ്തു. പുതിയ ഡാം ഉണ്ടാക്കണം എന്ന ആവശ്യമാണ് കേരളത്തിന്റെ ഭാഗത്തുനിന്ന് ഉയർന്നത്. പുതിയ ഡാം ഉണ്ടാക്കി ഇപ്പോൾ നൽകുന്ന അത്രയുമോ അല്ലെങ്കിൽ മുല്ലപ്പെരിയാറിലെ മുഴുവൻ വെള്ളമോ തമിഴ്‌നാടിന് നൽകാമെന്ന് കേരളം ഇപ്പോഴും ഉറപ്പ് നൽകുന്നുവെങ്കിലും തമിഴ്‌നാട് വഴങ്ങുന്നില്ല. തങ്ങൾക്ക് വെള്ളം നിഷേധിക്കുകയാണ് എന്ന രീതിയിലുള്ള പ്രചരണമാണ് അവർ അഴിച്ചുവിടുന്നത്. സുപ്രീം കോടതി നിയമിച്ച ഉന്നതാധികാര സമിതിക്ക് മുന്നിൽ, നാളെ നാളെ നീളെ നീളെ എന്ന മട്ടിൽ കേസ് ഇഴഞ്ഞ് നീങ്ങിക്കൊണ്ടിരിക്കുന്നു. ഇക്കാലത്തിനിടയ്ക്ക് ബലം വർദ്ധിപ്പിക്കാനായി പല തരത്തിലുള്ള പ്രവർത്തനങ്ങൾ ഡാമിൽ നടന്നിട്ടുണ്ട്. അതിൽ കേബിൾ ഹാങ്കറിങ്ങ് പോലുള്ള കാര്യങ്ങൾ ഡാമിന്റെ ബലക്ഷയത്തിന് കാരണമായി ഭവിക്കുകയാണ് ഉണ്ടായിട്ടുള്ളത്. ദിനം‌പ്രതി ഡാമിന്റെ ബലം ക്ഷയിച്ചുകൊണ്ടിരിക്കുന്നു. കൂനിന്മേൽ കുരു എന്നതുപോലെ തുടർ ഭൂചലനങ്ങളും വരാൻ തുടങ്ങിയതോടെ ഡാമിൽ വിള്ളലുകൾ ഉണ്ടാകുകയും ആ വിള്ളലുകൾ വലുതാകുകയും ചെയ്തു. കഴിഞ്ഞ കുറെ ദിവസമായി തുടരുന്ന മഴ കാരണം ഡാമിലേക്കുള്ള നീരൊഴുക്ക് റെക്കോഡ് ഇട്ടിരിക്കുകയാണ്. അണക്കെട്ട് തകർന്നാലുള്ള ഗുരുതരാവസ്ഥ പ്രവചനാതീതമാണ്. പെട്ടെന്ന് തന്നെ വെള്ളം തുറന്ന് വിട്ട് അപകട സാദ്ധ്യത ഒഴിവാക്കാനുള്ള മാർഗ്ഗങ്ങളുമില്ല. വളരെ സമയം എടുത്ത് ഡീ-കമ്മീഷൻ ചെയ്യുക, അതുവരെ ജലനിരപ്പ് പരമാവധി താഴ്‌ത്തി വെക്കുക എന്നത് മാത്രമാണ് സുരക്ഷിതമായ നടപടി. റിൿടർ സ്കെയിലിൽ 6 കാണിക്കുന്ന ഒരു ഭൂകമ്പത്തെ താങ്ങാൻ മുല്ലപ്പെരിയാർ അണക്കെട്ടിന് ആയെന്ന് വരില്ല.

ഡാം തകർന്നാൽ

1. കേരളത്തിലെ അഞ്ച് ജില്ലകൾ ഭാഗികമായോ പൂർണ്ണമായോ വെള്ളത്തിനടിയിലാകും.
2. കേരളം തന്നെ രണ്ടായി വിഭജിക്കപ്പെട്ടെന്ന് വരാം.
3. മുല്ലപ്പെരിയാർ ഡാം പൊട്ടി അതിലെ വെള്ളം മുഴുവൻ താങ്ങാനാകാതെ ഇടുക്കി ഡാം കൂടെ പൊട്ടിയാൽ കേരളം ഇരുട്ടിലാകും.
4. അഞ്ച് ജില്ലകളിലായി 35 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി.
5. ഡാം തകർന്നാൽ അതിന്റെ വിപത്തുകളിൽ നിന്ന് കര കയറാൻ 15 വർഷമെങ്കിലും കേരള സംസ്ഥാനം എടുക്കും.
6. ഡാം തകർന്നാൽ അതിലെ ജലം ഉപയോഗിച്ച് കൃഷി ചെയ്യുന്ന തമിഴ്‌നാട്ടിലെ 5 ജില്ലകളിളും പട്ടിണിയിലേക്ക് നീങ്ങും.
7. ഇതിനൊക്കെ പുറമേ, ഉണ്ടാകാൻ പോകുന്ന മഹാമാരികൾ, രോഗങ്ങൾ, പട്ടിണി, തൊഴിലില്ലായ്‌മ എന്നീ കാര്യങ്ങളുടെ ഭീകരതയെക്കുറിച്ച് കൃത്യമായി ഒരു ചിത്രം ആർക്കും സങ്കൽ‌പ്പിക്കാൻ പോലും ആവില്ല.

നമുക്ക് എന്തൊക്കെ ചെയ്യാനാകും ?

1. ഡാമിന്റെ അവസ്ഥയെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുക. ഒരാൾ ഏറ്റവും കുറഞ്ഞത് 2 പേരെയെങ്കിലും നിജസ്ഥിതി പറഞ്ഞ് മനസ്സിലാക്കുക.
2. പുതിയ ഡാമിന്റെ പണി ഉടൻ തുടങ്ങാനായി സമ്മർദ്ദം ചെലുത്തിക്കൊണ്ട് ഹർത്താൽ ഒഴിയെയുള്ള എല്ലാത്തരം പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുക.
3. പുതിയ ഡാം പണി തുടങ്ങുന്നത് വരെ, താൽക്കാലിക സുരക്ഷ ഉറപ്പ് വരുത്താനായി ഡാമിലെ ജലനിരപ്പ് 120 അടിയോ അതിൽ താഴെയോ ആക്കാൻ പരിശ്രമിക്കുക, സമ്മർദ്ദം ചെലുത്തുക.
4. തമിഴ്‌നാടിന് വെള്ളം കൊടുക്കില്ല എന്ന് കേരളം പറയുന്നില്ല. ഇക്കാര്യം വളരെ വ്യക്തമായും സൌമ്യമായും തമിഴ് സഹോദരങ്ങളെ പറഞ്ഞ് മനസ്സിലാക്കുക.
5. എല്ലാ സ്കൂളുകളിലും കോളേജുകളിലും അടിയന്തിരമായി ഈ വിഷയം കുട്ടികളെ പറഞ്ഞ് മനസ്സിലാക്കുക.
6. ഏതൊക്കെ പൊതു ചടങ്ങുകൾ ഉണ്ടോ അവിടെയെല്ലാം ഈ വിഷയത്തിന്റെ ഭീകരാവസ്ഥ ജനങ്ങളിലേക്കെത്തിക്കാൻ വേണ്ടി 15 മിനിറ്റെങ്കിലും വിനിയോഗിക്കുക.

തർക്കങ്ങളെല്ലാം തീർത്ത്, നാളെ മുതൽ പുതിയ അണക്കെട്ടിന്റെ നിർമ്മാണപ്രവർത്തനം ആ‍രംഭിച്ചാൽ‌പ്പോലും, ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന തുടർ ഭൂചലനങ്ങളുടെ ഭാഗമായി എന്തെങ്കിലും അത്യാഹിതം സംഭവിക്കാനുള്ള സാദ്ധ്യതകൾ തള്ളിക്കളയാനാവില്ല. അങ്ങനെ എന്തെങ്കിലും അനിഷ്ടം സംഭവിച്ചാൽ എന്തൊക്കെ രക്ഷാമാർഗ്ഗങ്ങൾ സ്വീകരിക്കാം, അതിനായി എന്തൊക്കെ മുൻ‌കരുതലുകൾ ആവശ്യമുണ്ട് എന്നെല്ലാം ഏവരും അറിഞ്ഞിരിക്കേണ്ടതാണ്. ഈവക കാര്യങ്ങൾ മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ മാത്രമല്ല, ഒരു സാധാരണ വെള്ളപ്പൊക്കം ഉണ്ടായാലും നമ്മൾ പ്രാവർത്തികമാക്കേണ്ടതാണ്. സ്ഥിരമായി അത്തരം പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുന്ന നാടല്ല നമ്മുടേതെങ്കിലും ഇത്തരം കാര്യങ്ങൾ അറിഞ്ഞിരുന്നാൽ, ഇനിയങ്ങോട്ട് എന്നെങ്കിലും പ്രയോജനപ്പെടാതിരിക്കില്ല.

സുരക്ഷാനടപടികൾ.

1. എപ്പോഴും അപകടമുന്നറിയിപ്പുകൾക്കായി റേഡിയോ, ടീവീ എന്നിവ മാദ്ധ്യമങ്ങൾ ശ്രദ്ധീച്ചുകൊണ്ടേയിരിക്കുക.
2. രക്ഷപ്പെട്ട് കയറി നിൽക്കാൻ പറ്റുന്ന ഉയരമുള്ള കെട്ടിടങ്ങളും പ്രദേശങ്ങളും മുന്നറിയിപ്പ് കിട്ടുന്നതിന് മുന്നേ തന്നെ നോട്ടമിട്ട് വെക്കുക; അവിടേക്ക് കയറാനുള്ള അനുവാദം നേരത്തേ കൂട്ടി വാങ്ങി വെക്കുക.
3. ദുരന്തം ഉണ്ടായാൽ വെള്ളം എത്ര നേരം കൊണ്ട് ഒഴിഞ്ഞുപോകും? എത്ര നേരം കെട്ടിക്കിടക്കും ? ഒഴിഞ്ഞ് പോയാലും നിരത്തിലിറങ്ങി നടക്കാനോ പഴയത് പോലെ ജീവിക്കാനോ പറ്റുമോ എന്ന കാര്യങ്ങളൊക്കെ നമ്മുടെ ചിന്തയ്ക്ക് അതീതമാണ്. ഒരടിക്ക് മുകളിൽ ചെളി കെട്ടി നിന്നാൽ‌പ്പോലും രക്ഷാപ്രവർത്തനങ്ങൾക്കും ഭക്ഷണവിതരണത്തിനുമൊക്കെ കാലതാമസം ഉണ്ടാകും. ഒന്നോ രണ്ടോ ദിവസത്തേയ്ക്കുള്ള വെള്ളവും ഭക്ഷണവും സജ്ജമാക്കി വെക്കുക. കുറേ വെള്ളം അത്യാവശ്യം ഭക്ഷണം എന്നിവ എപ്പോഴും കരുതി വെക്കുക. കുറേയധികം ദിവസങ്ങൾ കേടുകൂടാതെ ഇരിക്കുന്ന ഏത് ഭക്ഷണവും കരുതാം. ഇത്രയും സാധനങ്ങളുമായിട്ടായിരിക്കണം മുന്നറിയിപ്പ് കിട്ടിയശേഷം ഉയരമുള്ള ഇടങ്ങളിലേക്ക് പോകേണ്ടത്.
4. ഉയരമുള്ള കെട്ടിടങ്ങളിൽത്തന്നെ കുടുങ്ങാൻ സാദ്ധ്യതയുള്ളവരും / ജീവിക്കുന്നവരും ആവശ്യത്തിന് മെഴുകുതിരികളും ഭക്ഷണസാധനങ്ങളും വെള്ളവും കരുതണം. അത്യാഹിത സമയത്ത് മറ്റുള്ളവർക്ക് അങ്ങോട്ട് കയറിച്ചെല്ലാനുള്ള അനുവാദം നൽകണം.
5. തെർമോകോൾ പോലുള്ള പൊങ്ങിക്കിടക്കുന്ന വസ്തുക്കൾ കൊണ്ട് മൂന്നോ നാലോ പേർക്ക് വരെ ഒരേസമയത്ത് ഉപയോഗിക്കാവുന്ന ഫ്ലോട്ടിങ്ങ് സംവിധാനങ്ങൾ സജ്ജമാക്കാവുന്നതാണ്. കുത്തിയൊലിച്ച് വരുന്ന വെള്ളത്തിൽ ഫ്ലോട്ടുകൾ ഉണ്ടായിട്ടോ നീന്തൽ അറിഞ്ഞിട്ടോ പ്രയോജനം ഉണ്ടാകണമെന്ന് ഒരു നിർബന്ധവുമില്ല. പക്ഷെ ദുരന്തത്തെ അതിജീവിക്കാൻ ആർക്കെങ്കിലുമൊക്കെ ആയാൽ, അതിനുശേഷം വെള്ളത്തിലൂടെ ഒരാൾക്ക് എന്തെങ്കിലും കാര്യത്തിന് മറ്റൊരിടത്തേക്ക് നീങ്ങണമെങ്കിൽ ഇത് പ്രയോജനപ്പെട്ടെന്ന് വരും.
6. നല്ല നീളത്തിലുള്ള അഴ കെട്ടാൻ ഉപയോഗിക്കുന്നതുപോലുള്ള കയറുകൾ കരുതുന്നത് നല്ലതാണ്. ദുരന്തം ഉണ്ടായതിന് ശേഷം പലപ്പോഴും ഇത്തരം കയറുകൾ വഴി ഭക്ഷണസാധനങ്ങൾ കെട്ടിടങ്ങളിൽ നിന്ന് കെട്ടിടങ്ങളിലേക്ക് കൈമാറ്റം ചെയ്യാനായിട്ടുണ്ടെന്ന് അനുഭവസമ്പന്നർ പറയുന്നു.
7. മുന്നറിയിപ്പ് കിട്ടിയ ഉടനെ വാഹനം എടുത്ത് റോഡിലൂടെ ഓടിച്ച് രക്ഷപ്പെടാമെന്ന് കരുതുന്നത് വ്യാമോഹമാണ്. നിമിഷനേരം കൊണ്ട് റോഡുകൾ വാഹനങ്ങളെക്കൊണ്ട് നിറഞ്ഞ് കവിഞ്ഞിരിക്കും. വാഹനങ്ങളിൽ നിന്ന് ഡോർ തുറന്ന് പുറത്തിറങ്ങാൻ പറ്റാത്ത തരത്തിൽ പെട്ടുപോയ സംഭവങ്ങൾ പലതും ചരിത്രത്താളുകളിൽ ഇന്നും നനവ് മാറാതെ കിടക്കുന്നുണ്ട്.
8. സർക്കാരിന്റെ ഭാഗത്തുനിന്ന് സുരക്ഷാ മുന്നറിയിപ്പുകൾക്കായുള്ള സജ്ജീകരണങ്ങൾ ചെയ്യുക. എന്തെല്ലാം സുരക്ഷാ സജ്ജീകരണങ്ങളാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് ജനങ്ങളെ അറിയിക്കുക, അതിനനുസരിച്ച് പ്രവർത്തിക്കാൻ ജനങ്ങളെ ബോധവൽക്കരിക്കുക.

വെള്ളപ്പൊക്ക ദുരന്തം ഉണ്ടായതിനുശേഷം രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികൾ ആയവരിൽ നിന്നും ദുരന്തത്തിൽ അകപ്പെട്ടുപോയവരുമായുമൊക്കെ സംസാരിച്ച് കിട്ടിയ വിവരങ്ങളാണ് ഇപ്പറഞ്ഞതിനൊക്കെ ആധാരം. മുല്ലപ്പെരിയാറിലെ വെള്ളം ഏത് നിലയ്ക്ക് എങ്ങനെ എത്ര ഉയരത്തിലൊക്കെ വരുമെന്നോ ആരൊക്കെ അവശേഷിക്കുമെന്നോ പറയാൻ നമുക്കാർക്കും ആവില്ല. പക്ഷെ വലിയ തോതിലുള്ള ജലം കുറഞ്ഞ സമയം കൊണ്ട് ആർത്തലച്ചുവന്നാൽ, കനത്ത നാശനഷ്ടം വിതയ്ക്കുമെന്ന കാര്യം നിശ്ചയമാണ്. നമ്മൾ ചെയ്യാനുള്ള മുൻ‌കരുതലുകൾ എടുത്തേ തീരൂ, ചെയ്തേ തീരൂ. അതിലൊരു സങ്കോചമോ ജാള്യതയോ കാണിച്ചിട്ട് കാര്യമില്ല. ജപ്പാൻ പോലുള്ള രാജ്യങ്ങളിൽ സ്കൂൾ തലങ്ങളിൽ ഇതൊക്കെ പാഠ്യവിഷയമാണ്. അതിന്റേതായ ഗുണം അവർക്ക് ഉണ്ടാകുന്നുമുണ്ട്. ദുരന്തം ഉണ്ടായാൽത്തന്നെ ഫീനീക്സ് പക്ഷിയെപ്പോലെ അവർ ജീവിതത്തിലേക്ക് പറന്നുയർന്ന് വരുന്ന കാഴ്ച്ച നമ്മളെല്ലാം കണ്ടുകൊണ്ടിരിക്കുന്നതാണ്. സമ്പൂർണ്ണ സാക്ഷരരായ നമുക്കും സ്വയരക്ഷയ്ക്കായി എന്തുകൊണ്ട് ഇത്തരം കാര്യങ്ങൾ ചെയ്തുകൂടാ ?

ദുരന്തം ഉണ്ടാക്കിയേക്കാവുന്ന ഭീകരതയെപ്പറ്റി മനസ്സിലാക്കിയ കേരളത്തിലെ ഒരുപാട് ജനങ്ങൾ ഭീതിയുടെ നിഴലിലാണ് ഓരോ ദിവസവും കഴിച്ചുകൂട്ടുന്നത്. രക്ഷാമാർഗ്ഗങ്ങളെപ്പറ്റി മനസ്സിലാക്കാനും തയ്യാറെടുക്കാനും പറ്റിയാൽ അവരുടെ ഭയപ്പാടിന് ഒരു ആശ്വാസമാകുമെന്ന് തന്നെ കരുതാം. അതിനായുള്ള പ്രവർത്തനങ്ങളാണ് ഇനിയാവശ്യം. സുരക്ഷാനടപടികളും ദുരന്തനിവാരണ പദ്ധതികളുമൊക്കെ അറിഞ്ഞിരിക്കുന്നതുകൊണ്ടും പ്രാവർത്തികമാക്കുന്നതുകൊണ്ടും നഷ്ടമൊന്നും ആർക്കും വരുന്നില്ല. ഇന്നല്ലെങ്കിൽ നാളെ അതുമല്ലെങ്കിൽ അഞ്ചോ പത്തോ കൊല്ലം കഴിഞ്ഞിട്ടായാലും ഇത്തരം വിവരങ്ങൾ കൊണ്ട് പ്രയോജനമേ ഉണ്ടാകൂ.

മുകളിൽപ്പറയാൻ ശ്രമിച്ചിരിക്കുന്നത് അത്തരം ചില കാര്യങ്ങൾ മാത്രമാണ്. അതിലേക്ക് ഓരോരുത്തർക്ക് യുക്തമെന്ന് തോന്നുന്ന പുതിയ കാര്യങ്ങൾ എഴുതിച്ചേർക്കാം. ബോധവൽക്കരണമാണ് ഇനിയാവശ്യം. പുതിയ ഡാമിന്റെ പണി നാളെ തുടങ്ങിയാലും അഞ്ചോ പത്തോ കൊല്ലം കഴിഞ്ഞ് തുടങ്ങിയാലും മുകളിൽ‌പ്പറഞ്ഞ സുരക്ഷാ പ്രവർത്തനങ്ങൾക്ക് പ്രസക്തി നഷ്ടപ്പെടുന്നില്ല.

വാൽക്കഷണം:-  കോടതിയും ഭരണകൂടവുമൊക്കെ ഈ കേസ് ഇനിയും നീട്ടിക്കൊണ്ടുപോകുമെന്നാണ് ഇതുവരെയുള്ള ലക്ഷണങ്ങൾ. നമ്മുടെ ആയുസ്സ് നീട്ടിക്കൊണ്ടുപോകണമെങ്കിൽ നമ്മൾ തന്നെ മുൻ‌കൈ എടുത്തേ പറ്റൂ.

Comments

comments

12 thoughts on “ ഇനി അൽ‌പ്പം രക്ഷാനടപടികൾ.

 1. കൂടുതൽ നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ അറിയിക്കുക. അതെല്ലാം ചേർത്ത് ലഘുലേഖകൾ അച്ചടിച്ച് നമ്മൾ വിതരണം ചെയ്യുന്നതായിരിക്കും.

 2. മുല്ലപ്പെരിയാറില്‍ മുള ഡാം പദ്ധതിയുമായി ഉണ്ണികൃഷ്ണപാക്കനാര്‍

  ഇരിങ്ങാലക്കുട: മുല്ലപ്പെരിയാര്‍ ഡാമിന്റെ ബലക്ഷയത്തിലും, അതുമൂലം ഉണ്ടായേക്കാവുന്ന ദുരന്തത്തെക്കുറിച്ചുള്ള ആശങ്കയില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന കേരളത്തില്‍, ദുരന്തനിവാരണ പദ്ധതികളെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ ഇരിങ്ങാലക്കുട കൊറ്റനെല്ലൂര്‍ സ്വദേശിയായ ഉണ്ണികൃഷ്ണപാക്കനാരുടെ ഫ്ലാറ്റണ്‍ ബാംബു ബോര്‍ഡ്‌ ഡാം എന്ന പദ്ധതി വിദഗ്ധര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. നിലവിലെ ഡാമിന് താഴെ പുതിയ ഡാം എന്ന ആശയമാണ് ഇപ്പോള്‍ വിദഗ്ധര്‍ അവതരിപ്പിക്കുന്നത്‌. എന്നാല്‍ ഇതിന് വേണ്ടിവരുന്ന ചിലവും സമയനഷ്ടവും വെച്ചുനോക്കുമ്പോള്‍ മുള ഡാം എന്നത് പകരം വെയ്ക്കാവുന്ന ഒരു സമ്പ്രദായമാണെന്ന് ഉണ്ണികൃഷ്ണപാക്കനാര്‍ പറയുന്നു. നിലവിലെ ഡാമിനോട് ചേര്‍ന്ന് ക്യാച്ച്മെന്റ് ഏരിയയില്‍തന്നെ പണിയാവുന്ന ഈ ഡാമിന് ചെലവ് കുറവ് എന്നുമാത്രമല്ല ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടെക്നിക് എന്ന നിലയ്ക്ക് ശ്രദ്ധേയമാവും എന്നും അദ്ദേഹം പറയുന്നു. 32 സ്ക്വയര്‍ ഫീറ്റ്‌ വീതമുള്ള മുളകൊണ്ടുള്ള കംപ്രസ്ഡ് ഫ്ലാറ്റണ്‍ ബോര്‍ഡുകള്‍ ലോക്ക് സിസ്റ്റം ഉപയോഗിച്ച് ഡാം പണിയാമെന്നും, പ്ലാസ്റ്റിക് കോട്ടിങ്ങ് ഉള്ളതുകൊണ്ട് ദീര്‍ഘകാലം നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ നൂതനാശയ പരീക്ഷണങ്ങള്‍ക്കായി സംസ്ഥാനത്തെ ബാംബു കോര്‍പ്പറേഷന് നല്‍കിയിട്ടുണ്ടെന്നും ഇതിന്റെ ഫലത്തിനായി കാത്തിരിക്കുകയാണെന്നും ഉണ്ണികൃഷ്ണപാക്കനാര്‍ പറഞ്ഞു. – http://www.irinjalakudalive.com

  എന്ത് തോന്നുന്നു മനോജേട്ടാ….???

 3. @ (പേര് പിന്നെ പറയാം) – എമർജൻസി ഇവാക്കുവേഷൻ പ്ലാൻ, ആക്ഷൻ പ്ലാൻ, ഡിസാസ്റ്റർ റിലീഫ് എന്നീ കാര്യങ്ങളാണ് നമ്മൾ ഇനി പറയാനും പ്രചരിപ്പിക്കാനും ഉദ്ദേശിക്കുന്നത്. അങ്ങനൊരു നിർദ്ദേശം ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് സർക്കാരിലേക്ക് വന്നിട്ടുമുണ്ട്. പക്ഷെ സർക്കാർ എന്തെങ്കിലും ചെയ്യുന്നത് വരെ കാത്തുനിൽക്കാൻ നമുക്കാവില്ല. നമ്മൾ കോടതി നിർദ്ദേശം അനുസരിച്ച് നീങ്ങുന്നു.

  ഡാം നിർമ്മാണം അതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കൊന്നും ചെവി കൊടുക്കാനും അഭിപ്രായം പറയാനും സമയമില്ല.അവിടെ നിന്നൊക്കെ കാര്യങ്ങൾ കൈവിട്ട് പോയിരിക്കുന്നു. ആ ചർച്ചകളൊക്കെ അതാത് വഴിക്ക് നടക്കട്ടെ.

 4. ചർച്ചകളും വാദങ്ങളും പ്രതിവാദങ്ങളുമായി കാലം ഇനിയും കഴിയും. ഇപ്പോൾ ദുരന്തനിവാരണത്തിനുള്ള ബോധവൽക്കരണവും സുരക്ഷാമാർഗ്ഗങ്ങളും പ്രചരിപ്പിക്കലാണ് അത്യന്താപേക്ഷിതം.

 5. വള്ളക്കടവ് മുതല്‍ ഉപ്പുതറ വരെയുള്ള പ്രദേശങ്ങളില്‍ കൂടി പെരിയാര്‍ ഒഴുകുന്നത്‌ കൂടുതലും രണ്ടു മലകള്‍ക്ക് (അല്ലെങ്കില്‍ ഇരുവശവും ഉയര്‍ന്ന ഭാഗങ്ങളില്‍കൂടി) ഇടയില്‍ കൂടിയാണ്. അതും സാമാന്യം നല്ല താഴ്ചയിലേക്ക് പോകുന്നത് പോലെ (കാലടി, ആലുവ ഭാഗങ്ങളില്‍ കാണുന്നതുപോലെ ഒഴുക്കിന് കുറവുണ്ടാകുന്നില്ല) . സാധാരണ മഴക്കാലത്തുപോലും ഉപ്പുതറ വരെയുള്ള ഭാഗങ്ങളില്‍ വന്യമായ രീതിയിലായിരിക്കും ഒഴുക്കിന്റെ രീതി. അതുകൊണ്ട് തന്നെ, നമ്മുടെ നിര്‍ഭാഗ്യവശാല്‍ (അധികാരികളുടെ പിടിപ്പുകേട് മൂലം) മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ ഏതെന്കിലും ഫ്ലോട്ടിംഗ് രക്ഷാമാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഇവിടങ്ങളിലെ ആളുകള്‍ക്ക് രക്ഷപെടുവാനുള്ള സാദ്ധ്യത തുലോം കുറവാണ്. വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുതറ , കാഞ്ചിയാര്‍ തുടങ്ങി പെരിയാറിന്റെ ഒഴുക്കിന് നേരെ വരുന്ന പ്രദേശങ്ങളെ ഒഴിച്ച് നിര്‍ത്തിയാല്‍ ഇരു വശവും ഉയര്‍ന്ന സമീപ മലയോര ഗ്രാമങ്ങളെ പ്രളയം നേരിട്ട് ബാധിക്കില്ല എന്ന് പ്രതീക്ഷിക്കാം. അങ്ങനെ വരുമ്പോള്‍ സമീപത്തെ അല്പം ഉയര്‍ന്ന പ്രദേശങ്ങളായ കുമളി (വണ്ടിപ്പെരിയാര്‍) ഏലപ്പാറ(ചപ്പാത്ത്) , കട്ടപ്പന(കാഞ്ചിയാര്‍, അയ്യപ്പന്‍ കോവില്‍) തുടങ്ങിയ സ്ഥലങ്ങളില്‍ അടിയന്തിര സാഹചര്യം മുന്നില്‍ കണ്ടുകൊണ്ട് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുന്നതായിരിക്കും കൂടുതല്‍ ഫലപ്രദം. ഇടുക്കിയുടെ ഒരു പ്രത്യേക സാമൂഹിക പശാത്തലത്തില്‍, ഇതുപോലെയുള്ള സ്ഥലങ്ങളില്‍ ബന്ധുക്കളും സുഹൃത്തുക്കളുമുള്ള ആളുകള്‍ ഇതെല്ലാം മനസ്സില്‍ കണ്ടിട്ടുണ്ടാകും എന്ന് തന്നെ കരുതാം.

  (കേരളത്തെ ഒരു നിര്‍ബന്ധിത പവര്‍കട്ടിലേക്ക് തള്ളി വിട്ടുകൊണ്ട് ഇടുക്കി ഡാമിലെ ജലനിരപ്പ് സുരക്ഷിതമായ നിലയിലേക്ക് താഴ്ത്തും എന്ന നിഗമനത്തില്‍)

 6. നാട്ടുപച്ചയില്‍ വായിച്ചിരുന്നു.

  അത്യാവശ്യം വേണ്ടാ ഫസ്റ്റ് എയ്ഡ് വസ്തുക്കള്‍ കൂടെ നമ്മള്‍ കരുതിയിരിക്കണമെന്ന് തോന്നുന്നു. അതിലുമൊക്കെ ഏറെ വേണ്ടത് സഹവര്‍ത്തിത്വം എന്ന കാര്യമാണ്. പൊതുവെ മലയാളി കാണിക്കാന്‍ മടിക്കുന്ന അതുണ്ടെങ്കില്‍ മാത്രമേ രക്ഷപ്പെടുവാന്‍ ഒരു ശ്രമമെങ്കിലും നടത്താന്‍ പറ്റൂ.. നല്ല ഉപകാരപ്രദമായ ലേഖനം.

 7. അപകടം നടന്നാൽ ഉണ്ടാകാവുന്ന ദുരന്തങ്ങൾ പ്രവചനാതീതം തന്നെ. സത്യത്തിൽ ഇത്തരം ഒരു അപകടത്തെകുറിച്ച് ചിന്തിക്കുന്നത് തന്നെ മനഃസമാധാനം തകർക്കുന്ന ഒന്നാണ്. എറണാകുളം നിവാസിയായ ഞാൻ ഇത്രയും ആകുലപ്പെടുന്നെങ്കിൽ ഡാമിന്റെ തൊട്ടു സമീപപ്രദേശങ്ങളിൽ വസിക്കുന്നവരുടെ ആധി എത്രമാത്രമാകും എന്നത് ആലോചിക്കാൻ സാധിക്കുന്നില്ല.

  നേരിയമംഗലം വരെ പെരിയാർ പൊതുവിൽ ഒഴുകുന്നത് മലയിടുക്കുകളിലൂടെയാണ്. അവിടെ അപകടം നടന്നാൽ എത്തുന്ന വെള്ളം വളരെ ശക്തമായി ഒഴുകുമെന്നതിനാൽ ഉരുൾപൊട്ടലും മലയിടിച്ചിലും എല്ലാം പ്രതീക്ഷിക്കാം. പെരിയാറിന്റെ ഭാവിഗതിതന്നെ ഇവിടെ നിശ്ചയിക്കപ്പെടും. നേരിയമംഗലത്തിനു ശേഷം പെരിയാർ കൂടുതൽ പരന്നൊഴുകാൻ തുടങ്ങുന്നു. അവിടെനിന്നും പ്രധാനമായും പെരിയാർ രണ്ടായി പിരിയുന്നത് ആലുവായിൽ വെച്ചാണ്. ഇവിടെ വരെ ശക്തമായ വെള്ളപ്പൊക്കമാണ് നാശനഷ്ടം വിതയ്ക്കുന്നതെങ്കിൽ ആലുവയിൽ നിന്നും പെരിയാറിന്റെ ഒരു കൈവഴിയുടെ ഒഴുക്ക് കേരളത്തിന്റെ വ്യവസായസിരാകേന്ദ്രമായ ഏലൂരിലൂടെയും കളമശ്ശേരിയിലൂടേയും കൊച്ചിക്കായയിലേയ്ക്കാണ്. പെരിയാറിന്റെ കൈവഴിയുടെ കരയിലുള്ള വിവിധവ്യവസായങ്ങളിലെ മാലിന്യങ്ങളും (പലതും അപകടകരമായ രാസവസ്തുക്കൾ ആണെന്നത് കൂടുതൽ പ്രാധാന്യം അർഹിക്കുന്നു)വഹിച്ചുകൊണ്ടാവും കൊച്ചിക്കായലിലും അറബിക്കടലിലും ഈ പാച്ചിൽ അവസാനിക്കുക. എഫ് എ സി ടി (അമോണിയ), എച്ച് ഐ എൽ (വിവിധ കീടനാശിനികൾ) ടി സി സി (സൾഫൂറിക്ക് ആസിഡ്, ക്ലോറിൻ), ഐ ആർ ഇ (അണുവികിരണ സാദ്ധ്യതയുള്ള മാലിന്യങ്ങൾ) ബിനാനി സിങ്ക്, സി എം ആർ എൽ, തുടങ്ങി നിരവധി വ്യവസായശാലകളിലെ മാലിന്യങ്ങളും അപകടകരമായ തോതിൽ ഈ വെള്ളത്തിൽ കലരും. ഇതിനു പുറമെ കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും ഉള്ള ഇന്ധനസംഭരണികൾക്കും, ഇരുമ്പനം, ചിത്രപ്പുഴ ഭാഗത്തെ ഇന്ധന സംഭരണികൾക്കും, കൊച്ചി റിഫൈനറിയ്ക്കും നാശനഷ്ടങ്ങൾ ഉണ്ടായാൽ ലക്ഷക്കണക്കിനു ലിറ്റർ വരുന്ന ഡീസൽ, പെട്രോൾ ക്രൂഡ് ഓയിൽ എന്നിവയും അപകടത്തിന്റെ ആഘാതം വർദ്ധിപ്പിക്കും. പെട്ടന്നുയരുന്ന ജലനിരപ്പിൽ, നെടുമ്പാശ്ശേരി വിമാനത്താവളവും, ദക്ഷിണനാവീക ആസ്ഥാനവും വെള്ളത്തിലാവുമെന്നതിനാൽ വ്യോമമാർഗ്ഗമുള്ള രക്ഷാപ്രവർത്തനത്തേയും പ്രതികൂലമായി ബാധിക്കും. ഇതെല്ലാം നേരിടുന്നതിനുള്ള മുൻ‌കരുതലുകൾ നാം സ്വീകരിക്കേണ്ടതായിട്ടുണ്ട്. വൈദ്യുതിവിതരണം നിലയ്ക്കുമെന്നതും, വാർത്താവിനിമയ സൗകര്യങ്ങൾ തടസപ്പെടുമെന്നതും രക്ഷാപ്രവർത്തനത്തിന് തടസ്സമാകും. ഒരിക്കൽ ഒരു വെള്ളപ്പൊക്കത്തിൽ രൂപം കൊണ്ടു എന്ന വിശ്വസിക്കുന്ന എന്റെ നാടാ‍യ വൈപ്പിൻ ഇതോടെ പൂർണ്ണമായും കടലിനടിയിലായേക്കാം. പെരിയാറിന്റെ രണ്ടു പ്രധാനകൈവഴികളിൽ ഒന്ന് വൈപ്പിന്റെ വടക്കേ അറ്റത്ത് അഴീക്കോടും മറ്റൊന്ന് തെക്കേഅറ്റത്ത് വൈപ്പിനിലും അറബിക്കടലിൽ ചേരുന്നു. അപകടത്തെ കുറിച്ചുള്ള എന്റെ ആകുലതകൾ ഇതാണ്. ഇതിനെ എങ്ങനെ പ്രതിരോധിക്കാം എന്നതിൽ പ്രായോഗീകമായ ഒരു പദ്ധതിയും മനസ്സിൽ വരുന്നില്ല.

 8. @ MANIKANDAN [ മണികണ്ഠൻ ] – അതേപ്പറ്റിയൊന്നും മിണ്ടാതിരിക്കുകയായിരുന്നു ഞാൻ. പക്ഷെ, എല്ലാവരും അറിഞ്ഞിരിക്കേണ്ടത് തന്നെ.

 9. ഒരു വെള്ളപ്പൊക്കം ഉണ്ടാകുന്നതിന് മുൻപും പിൻപും എന്തൊക്കെ ചെയ്യണം. ഈ ലിങ്ക് വഴി പോയി വായിച്ച് മനസ്സിലാക്കി വെക്കുന്നത് ഗുണം ചെയ്തെന്ന് വരും. ഒർന്നുമില്ലെങ്കിലും അറിവ് വർദ്ധിപ്പിക്കാമല്ലോ.

 10. മുല്ല പെരിയാര്‍ കേസില്‍ പ്രധിരോതത്തില്‍ ആയ തമിഴ്നാട്‌ വര്‍ഷങ്ങളായി പാരിതോഷികം പറ്റി തങ്ങളുടെ താല്പര്യത്തിനു കൂട്ടുനിന്ന
  കേരള രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും കണക്കെടുക്കുന്നു.ഒപ്പം സര്‍ക്കാരിന്റെ ഔദാര്യതോടെ തമിഴ്നാട്ടില്‍ ഇവര്‍ വാരികൂട്ടിയ ഭൂസ്വത്തിന്റെയും വിശദാംശങ്ങള്‍ തയ്യാറാക്കാന്‍ തമിഴ്നാട്‌ സര്‍ക്കാര്‍ രഹസ്യമായി നീകം തുടങ്ങി. ഡാമിന്റെ അറ്റകുറ്റ പണികള്‍ക്കായി തങ്ങള്‍ ചിലവഴിച്ചതിലും കൂടുതല്‍ തുക കേരളത്തിലെ നേതാക്കളെയും ഉന്നത ഉദ്യോഗസ്ഥരെയും സ്വദീനിക്കാന്‍ ചിലവഴിച്ചതയാണ്‌ തമിഴ്നാടിന്റെ കണക്കു. ഇതിനു വേണ്ടി തമിഴ്നാട്‌ കാലാകാലങ്ങളായി ഒഴുക്കുന്നത് കോടികളാണ്.കേരളത്തിന്റെ അതിര്‍ത്തി ജില്ലകളായ തേനിയിലും,മധുരയിലും , രാമനാടപുറത്തും ഇത്തരത്തില്‍ കേരള നേതാക്കള്‍ സമ്പാദിച്ചത് നൂറുകണക്കിന് ഏക്കറാണ്.എറണാകുളം ജില്ലയില്‍ നിന്നുള ഒരു എം.എല്‍.എ.യ്ക് തേനി ജില്ലയിലെ മേഘമലയില്‍ 300 ഏക്കര്‍ ഉണ്ട്.ജലസേചന വകുപ്പില്‍ നിന്നും വിരമിച്ച തിരുവനതപുരം സ്വദേശിയായ ഉന്നത ഉദ്യോഗസ്ഥന്റെ ബന്ധുവിന്റെ പേരില്‍ ചിന്നമാന്നുരില്‍ ഉള്ളത് 120 ഏക്കര്‍. ഇപ്പോള്‍ സമരരംഗത്ത് സജീവമായ ഇടതു നേതാവിന്റെ ഡ്രൈവറുടെ പേരില്‍ കമ്പംത്തിനു അടുത്ത് ഉത്തമപാളയത്തില്‍ 60 എക്കാറുണ്ട്.കട്ടപ്പന കുമളി മേഖലയിലെ ചില ഇടതു വലതു നേതാക്കളും മുല്ലപെരിയരിന്റെ പേരില്‍ തമിഴ്നാട്ടില്‍ ഭൂമി സമ്പാദിച്ചു എന്നാണ് അറിവ്. പല നേതാക്കളും ബിനാമി പേരില്‍ എവടെ ഒക്കെ ധാരാളം ഭൂസ്വത്ത് വാങ്ങിയിട്ടുണ്ട്. കേരളത്തിന്റെ വെള്ളം ഉപയോഗിച്ചാണ്‌ തമിഴ്നാട്ടിന്റെ നാല് അതിര്‍ത്തി ജില്ലകളില്‍ കൃഷി നടത്തുന്നതെന്നാണ് കേരളത്തിന്റെ വാദം , പക്ഷെ ഈ ജില്ലകളിലെ വിളഭൂമികളില്‍ നല്ലൊരു പങ്ക് കേരളത്തിലെ നേതാക്കളുടെതാണ് എന്നാ ആരോപണവും ആയിട്ടാണ് വൈകോ അടക്കമുള്ള തമിഴ് നേതാക്കള്‍ തിരിച്ചടിക്കുനത്.കമ്പം , തേനി ഭൂമിയുള്ള കേരള നേതാക്കളുടെ പേരുവിവരങ്ങള്‍ അന്വേഷിക്കാന്‍ തമിഴ്നാട്‌ സര്‍ക്കാര്‍ അതതു ജില്ലകളിലെ കളക്ടര്‍മാര്‍ക്ക്‌ രഹസ്യ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മുല്ലപെരിയാര്‍ സമരം ശക്തമാക്കുന്ന പക്ഷം ഇവരുടെ ഒക്കെ പേരുവിവരങ്ങള്‍ പുറത്തു വിടുകയാണ് തമിഴ് തന്ത്രം . ഡാമില്‍ ബലക്ഷയം ഉണ്ടെന്ന വാര്‍ത്ത വന്നതിനെ തുടര്‍ന്ന് 1979 ലാണ് തമിഴ്നാട്‌ മുല്ലപെരിയറില്‍ അറ്റകുറ്റ പണികള്‍ നടത്തിയത് , ഈ പണികള്‍ പൂര്‍ണമായും അവസാനിച്ചത്‌ 1993 ല്‍ ആണ്. ഈ കാലയളവില്‍ ആണ് ഭൂരിഭാഗം കേരള നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും തമിഴ്നാട്ടില്‍ ഭൂമി സ്വന്തമാക്കിയത്. മുല്ലപെരിയരിലെ ജല നിരപ്പ് ഇപ്പോള്‍ കേരളം ആവശ്യപെടുന്ന 120 അടിയില്‍ സ്ഥിരപെടുത്താന്‍ പലതവണ അവസരം ഒരുങ്ങിയതാണ് , അന്ന് തമിഴ്നാടുമായി ചര്‍ച്ചകള്‍ നടത്തിയ കേരള നേതാക്കളുടെ ഉപേക്ഷ ആണ് ജലനിരപ്പ്‌ 136 അടിയാക്കി ഉയര്‍ത്താന്‍ തമിഴ്നാടിനെ സഹായിച്ചതെന്നും ആക്ഷേപമുണ്ട്. കടപ്പാട് – മംഗളം ദിനപത്രം ഡിസംബര്‍ 02
  അതുകൊണ്ട് ഇവിടെ വസിക്കുന്ന ജനങ്ങളോട് എനിക്ക് പറയാനുള്ളത് നിങ്ങള്ക് ജീവന്‍ വേണമെങ്കില്‍ എത്രയും പെട്ടെന്ന് അവിടെ നിന്ന് മാറിക്കോളു. ഇപ്പോള്‍ കൂടെ നില്‍ക്കുന്ന ഈ രാഷ്ട്രീയകാര്‍ എല്ലാം താമസിക്കാതെ മലക്കം മറിയും , അതിന്റെ ലക്ഷണങ്ങള്‍ ഒക്കെ കണ്ടു തുടങ്ങി , ഇന്ന് എ ജി മൊഴിമാറ്റും നാളെ മന്ത്രിമാരും , മുല്ലപെരിയാര്‍ ഡാം ഇനി ഒരു 100 വര്‍ഷം കൂടി നിലനില്കുംമെന്നും പ്രസ്താവനയും ഉണ്ടാകും. അവരോ അവരുടെ ആള്‍കാരോ ആരും ഇവിടെ താമസിക്കുന്നില്ല . “ആരാന്‍റെ അമ്മ മരിച്ചാല്‍ നമ്മുക്കെന്താ”.

Leave a Reply to നിരക്ഷരൻ Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>