Copy-2Bof-2Bmm-2B-2B20-2Bnov-2B2011

ദുരന്തം നേരിടാൻ തയ്യാറായിക്കോളൂ.


ക്കഴിഞ്ഞ ദിവസങ്ങളിൽ വന്ന ചില വാർത്തകളുടെ തലക്കെട്ടുകൾ ഇപ്രകാരം.

1. ഇടുക്കിയിൽ 6 വരെ തീവ്രതയുള്ള ഭൂചലനം ഉണ്ടായേക്കാം.
2. ഒൻപത് മാസത്തിനിടെ ഇടുക്കി കുലുങ്ങിയത് 22 തവണ.
3. ഭൂചലനം. – മുല്ലപ്പെരിയാർ അണക്കെട്ടിൽ വിള്ളൽ. 
4. ഇടുക്കിയിൽ വീണ്ടും ഭൂചലനം. – മുല്ലപ്പെരിയാർ ഡാമിൽ വിള്ളൽ കൂടി.
5. ഭൂചലനം – മുല്ലപ്പെരിയാറിലെ വിള്ളൽ വലുതായി.

മനുഷ്യൻ പ്രകൃതിയോട് ചെയ്ത ക്രൂരതകൾക്ക് അതേ നാണയത്തിൽ പ്രതികാരമൊന്നും പ്രകൃതി തിരിച്ച് ചെയ്തിട്ടില്ല. ആവശ്യത്തിന് മുന്നറിയിപ്പ് തന്നിട്ടുമുണ്ട്. മുകളിൽ പറഞ്ഞ വാർത്തകളെല്ലാം അത്തരം മുന്നറിയിപ്പുകളും സൂചനകളുമാണ്. അത് മനസ്സിലാക്കിയാൽ, രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങൾ കണ്ടുവെച്ചാൽ അകാലത്തിൽ ജീവൻ വെടിയാതെ നോക്കാം. ഒരു നോഹ പെട്ടകമൊന്നും പണിതുണ്ടാക്കാനുള്ള സമയം ഇനിയില്ല. കച്ചിത്തുരുമ്പുകൾ പെറുക്കിക്കൂട്ടി ഒരു അവസാന ശ്രമം നടത്താനുള്ള ദിവസങ്ങളേ അവശേഷിക്കുന്നുള്ളൂ.

പറഞ്ഞുവന്നത് എന്താണെന്ന് മനസ്സിലായിക്കാണുമല്ലോ ? സംശയം വേണ്ട. മഴപെയ്ത് വെള്ളം നിറയുമ്പോളും, ഭൂമി കുലുക്കം ഉണ്ടായി വിള്ളൽ കൂടുമ്പോളും മാത്രം ചർച്ചാവിഷയമാകുന്ന മുല്ലപ്പെരിയാർ ഡാമിന്റെ കാര്യം തന്നെ. ഈ വിഷയത്തിൽ മുൻപൊരിക്കൽ എഴുതിയ ‘മുല്ലപ്പെരിയാർ പൊട്ടിയാൽ‘ എന്ന ലേഖനം ഇവിടെയുണ്ട്. ഡാമുകൾ തകർന്നതിന്റെ ലോക ചരിത്രങ്ങൾ, അതിന്റെ ഭീകരാവസ്ഥ, സ്ഥിതിവിവരക്കണക്കുകൾ എന്നിവയൊക്കെ മനസ്സിലാക്കാൻ ഈ രണ്ട് വീഡിയോകൾ (വീഡിയോ 1, വീഡിയോ 2.) കൂടെ കണ്ടിരിക്കുന്നത് നല്ലതാണ്.

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളവും തമിഴ്‌നാടും തമ്മിലുള്ള തർക്കം സുപ്രീം കോടതിയുടെ ചുവപ്പുനാടകളിൽ കുടുങ്ങി ശ്വാസം മുട്ടിക്കൊണ്ടിരിക്കുകയാണ്. ഉന്നതാധികാര സമിതിയെ നിയമിച്ചപ്പോൾ നടപടികൾ ഒച്ചിന്റെ വേഗതയിൽ ആവുകയും കുറേക്കൂടെ വഷളാകുകയും ചെയ്തെന്നല്ലാതെ പ്രത്യേകിച്ച് വിശേഷം ഒന്നും ഉണ്ടായിട്ടില്ല, ഉണ്ടാകുമെന്നും തോന്നുന്നില്ല.

“കേസെല്ലാം ഞങ്ങൾ പിൻ‌വലിക്കുന്നു. 999 കൊല്ലത്തെ പാട്ടക്കരാറും വലിച്ച് കീറിക്കളയുന്നു. നിങ്ങൾ മലയാളികൾ പുതിയ അണക്കെട്ട് പണിതോളൂ. എന്നിട്ട് പുതിയ പാട്ടക്കരാർ ഉണ്ടാക്കി വെള്ളം തരുന്നത് വരെ ഞങ്ങൾ എങ്ങനെയെങ്കിലും തട്ടിമുട്ടി ജീവിച്ചോളാം, നിങ്ങൾക്കുള്ള പച്ചക്കറികൾ സമയാസമയം ചുരം കടത്തി എത്തിക്കുകയും ചെയ്യാം.”…………… എന്നുപറഞ്ഞ് തമിഴന്മാർ ഇങ്ങോട്ട് വന്നാൽ‌പ്പോലും രക്ഷയുണ്ടെന്ന് തോന്നുന്നില്ല. പ്രകൃതി തന്നിരിക്കുന്ന കാലയളവ് കഴിഞ്ഞിരിക്കുന്നു. പുതിയൊരു ഡാം ഉണ്ടാക്കിയെടുക്കാൻ വർഷങ്ങളെടുക്കും. അതുവരെ അണക്കെട്ട് പൊട്ടാതെ നിൽക്കുമെന്ന്, പ്രകൃതിയിൽ ഇപ്പോൾ ഉണ്ടാകുന്ന ഭാവവ്യത്യാസങ്ങൾ കണ്ടിട്ട് തോന്നുന്നില്ല.

ഭാഗ്യമുണ്ടെങ്കിൽ ഒരു അവസാന മുന്നറിയിപ്പ് കൂടെ കിട്ടിയെന്ന് വരും. മുല്ലപ്പെരിയാർ ഡാം പൊട്ടി, വെള്ളം മുഴുവൻ ഇടുക്കി ഡാമിൽ എത്തിച്ചേർന്ന്, കുറെ സമയമെങ്കിലും ഇടുക്കി ഡാം അത്രയും വെള്ളം താങ്ങി നിർത്തുന്ന ആ ഒരു ഇടവേളയായിരിക്കും അത്. അത്രയും സമയത്തിനുള്ളിൽ എത്രപേർക്ക് വെള്ളപ്പാച്ചിലിന്റെ മാർഗ്ഗത്തിൽ നിന്ന് ഓടിയൊളിക്കാൻ കഴിയുമെന്ന് കണ്ടുതന്നെ അറിയണം. മുല്ലപ്പെരിയാറിലെ വെള്ളം വന്ന് കയറുന്ന മാത്രയിൽത്തന്നെ ഇടുക്കി അണക്കെട്ട് പൊട്ടിയാൽ, അങ്ങനെയൊരു മുന്നറിയിപ്പിന് പോലും സാദ്ധ്യതയില്ല. ഇടുക്കി ഡാമിനും മുല്ലപ്പെരിയാർ ഡാമിനും ഇടയ്ക്ക് ജീവിക്കുന്നവർക്ക് ഏത് സാഹചര്യത്തിലും ഇപ്പറഞ്ഞ മുന്നറിയിപ്പിന്റെ ഔദാര്യം കിട്ടുകയുമില്ല.

മുല്ലപ്പെരിയാർ പാട്ടക്കരാർ എന്താണ്, എന്ത് ദുരന്തമാണ് ഡാം പൊട്ടിയാൽ ഉണ്ടാകാൻ പോകുന്നത്, എന്നതൊന്നും ലവലേശം അറിയാത്ത അഭ്യസ്തവിദ്യരായ മലയാളി സമൂഹം ചില കാര്യങ്ങളെങ്കിലും ഗ്രഹിച്ചിരിക്കുന്നത് നല്ലതാണ്. നിനച്ചിരിക്കാതെ വീട്ടുമുറ്റത്ത് വെള്ളം പൊങ്ങിവന്നാൽ, നോക്കി നിൽക്കേ അത് സംഹാരതാണ്ഢവം ആടിയാൽ, ചുറ്റുപാടും ഒന്ന് വീക്ഷിക്കുക. കണ്ണെത്തുന്ന ദൂരത്തെല്ലാം അതുതന്നെയാണ് അവസ്ഥയെങ്കിൽ ഇത്ര മാത്രം മനസ്സിലാക്കുക. കേരളത്തിൽ ഇടുക്കി എന്നൊരു ജില്ലയുണ്ട്, അവിടെ കണക്കാക്കപ്പെട്ട ആയുസ്സിനേക്കാൾ 64 കൊല്ലം അധികം പിടിച്ചുനിന്ന മുല്ലപ്പെരിയാർ എന്നൊരു അണക്കെട്ടുണ്ട്. അത് തകർന്ന വെള്ളമാണ് വന്നുകൊണ്ടിരിക്കുന്നത് ; രക്ഷപ്പെടാനുള്ള സാദ്ധ്യത വിരളമാണ്. തൂക്കിക്കൊല്ലാൻ വിധിക്കപ്പെടുന്നവന് പോലും അതിന്റെ കാരണം അറിയാനുള്ള അവകാശമുണ്ടെന്നിരിക്കേ സമ്പൂർണ്ണ സാക്ഷരരായ ഒരു ജനത കാരണമറിയാതെ കൊല്ലപ്പെടുന്നത് മോശമല്ലേ ?!

എമർജൻസി ആൿഷൻ പ്ലാൻ(E.A.P.), ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്ലാൻ (D.M.P.) എന്നീ അറ്റ കൈ പ്രയോഗങ്ങളൊക്കെയാണ് സർക്കാർ ആലോചിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെയൊക്കെ ഫലം ദുരന്തബാധിത പ്രദേശമാകാൻ സാദ്ധ്യതയുള്ളയിടത്ത് ജീവിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങൾക്ക് മുഴുവൻ കിട്ടണമെന്ന് വാശിപിടിക്കാൻ പറ്റില്ലല്ലോ ? അതുകൊണ്ട് സ്വയരക്ഷയ്ക്കുള്ള പദ്ധതികൾ തയ്യാറാക്കി വെച്ചാൽ അവനവന് നല്ലത്. രക്ഷപ്പെടാനുള്ള സാദ്ധ്യത അപ്പോഴും, തുലോം തുഛമാണ്. രക്ഷപ്പെട്ടിട്ടും വലിയ കാര്യമൊന്നും ഉണ്ടാകില്ല. പട്ടിണിയും പരിവട്ടവും രോഗങ്ങളും, ഇനിയെന്ത് ചെയ്യും എന്നുള്ള വ്യാകുലതകളും ഒക്കെയായി ചത്തതിനൊക്കിലേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിൽ ജീവിതം തള്ളിനീക്കാനേ പറ്റു.

ഹൈക്കോടതിയുടെ നാലാമത്തെ നിലവരെ വെള്ളം പൊങ്ങും എന്നൊക്കെ കേട്ടിട്ടുണ്ട്. അതിശയോക്തി ഉണ്ടാകാം അപ്പറഞ്ഞതിൽ. എന്നാലും അത് തന്നെ മുഖവിലയ്ക്കെടുക്കുന്നു. ഹൈക്കോർട്ട് പരിസരത്ത് ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് എന്റെ ജീവിതം. ഇനി ഒരു നില കൂടെ മുകളിലേക്ക് കയറാനാകും. പിന്നെ വാട്ടർ ടാങ്കിന്റെ മുകളിലേക്ക് കയറണം. ടാങ്കിനടുത്തായി ചില രക്ഷാമാർഗ്ഗങ്ങൾ ചെയ്ത് വെക്കാൻ തന്നെയാണ് പദ്ധതിയിടുന്നത്. കാണുന്നവർക്കും കേൾക്കുന്നവർക്കും തമാശയാണെന്നോ, മാനസ്സിക വിഭ്രാന്തിയാണെന്നോ തോന്നാം. ജീവൻ നഷ്ടപ്പെടാൻ പോകുന്നെന്ന് കരുതുന്ന ഒരുത്തന്റെ പ്രവർത്തികളാണ്. ഏത് തരത്തിൽ വിലയിരുത്തിയാലും വിരോധമില്ല.

മുല്ലപ്പെരിയാർ വിഷയത്തിൽ, സർക്കാരുകളിലും കോടതിയിലുമൊക്കെയുള്ള വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് ഇങ്ങനെയൊക്കെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്.  ‘ഒരു ഭീരു ഓരോ നിമിഷവും മരിച്ചുകൊണ്ടിരിക്കുന്നു, ധീരന് ഒറ്റ മരണമേയുള്ളൂ’ എന്ന ചൊല്ലിന്റെ ചുവട് പിടിച്ചാണെങ്കിൽ സധൈര്യം റോഡിൽ ഇറങ്ങി നടക്കാം.  എന്താണ് മുല്ലപ്പെരിയാർ പാട്ടക്കരാർ എന്നും, ആരാണ് ഡാമിന്റെ ഉടമസ്ഥർ എന്നും, അണക്കെട്ട് പൊട്ടിയാൽ എത്രലക്ഷം ജനങ്ങൾ ചത്ത് മലക്കുമെന്നും, ഊഹം പോലും ഇല്ലാത്ത ലക്ഷക്കണക്കിന് വരുന്ന സാക്ഷര മലയാളികളുടെ കൂട്ടത്തിൽ ഇതൊക്കെ അറിഞ്ഞിട്ടും വകവെക്കാത്ത ഒരാളായി ജീവിക്കാം. ഐശ്വരാ റായിക്ക് പിറന്ന കുട്ടിക്ക് പറ്റിയ നല്ലൊരു പേര് കണ്ടുപിടിച്ച് ബച്ചൻ കുടുംബത്തിന് അയച്ചുകൊടുക്കുന്ന ജോലിയിൽ വ്യാപൃതരാകാം. സച്ചിൻ ടെൻഡുൽക്കർ തന്റെ നൂറാമത്തെ സെഞ്ച്വറി അടിക്കാൻ വേണ്ടി മുട്ടിപ്പായി പ്രാർത്ഥിക്കാം.

വാൽക്കഷണം:‌- കേരളത്തെ രണ്ടായി പകുത്തുകളയാൻ പ്രാപ്തിയുള്ള ദുരന്തം സംഭവിച്ചതിനുശേഷം ജീവനോടെ ഉണ്ടായില്ലെങ്കിൽ, ഒരു അന്ത്യാഭിലാഷം കൂടെ അറിയിക്കട്ടെ. നെടുകെ മുറിക്കപ്പെടുന്ന കേരളത്തിന്റെ ഒരു പകുതി ഇടതുപക്ഷത്തിനും മറ്റേ പകുതി വലതുപക്ഷത്തിനും, വിട്ടുകൊടുക്കാനുള്ള ഏർപ്പാടിനായി ബാക്കിയുള്ള ജനങ്ങൾ പരിശ്രമിക്കണം. അഞ്ച് കൊല്ലം കൂടുമ്പോൾ മാറി മാറി സേവിച്ച് ഇതുപോലെ എണ്ണയ്ക്കും പിണ്ണാക്കിനും കൊള്ളരുതാത്ത അവസ്ഥയിൽ ഒരു സംസ്ഥാനത്തെ എത്തിക്കുന്നതിലും ഭേദമായിരിക്കില്ലേ അത് ?!

Comments

comments

81 thoughts on “ ദുരന്തം നേരിടാൻ തയ്യാറായിക്കോളൂ.

  1. ഈ വിഷയത്തിൽ സർക്കാരുകളിലും കോടതികളിലുമൊക്കെയുള്ള പ്രതീക്ഷ നഷ്ടപ്പെട്ട ഒരുവന്റെ ജൽ‌പ്പനം മാത്രമാണിത്.

  2. തീരാത്ത നിവേദനങ്ങൾ… ചർച്ചകൾ… പരിശോധനകൾ
    ഇതൊക്കെ തീരും വരെ മുല്ലപ്പെരിയാർ പിടിച്ചുനിൽക്കുമോ?!

    ഒരു ദുരന്തമുണ്ടാകാതിരിക്കട്ടെ എന്ന പ്രാർത്ഥന മാത്രം.

  3. സ്കൂള്‍ വാന്‍ മറിഞ്ഞു കുഞ്ഞു ജീവനുകള്‍ നഷ്ടപ്പെടുമ്പോള്‍ വീണ്ടും വീണ്ടും അനുശോചിക്കുവാനും പരസ്പരം പഴിചാരാനും വര്‍ഷാവര്‍ഷം അവസരം കിട്ടുന്നതു പോലെ രണ്ടാമതൊന്നു ആഘോഷിക്കാന്‍ വേറൊരു മുല്ലപെരിയാര്‍ ഇല്ല എന്നു എല്ലാവരും ഓര്‍ക്കുന്നതു നന്ന്‌.

  4. മനോജേട്ടന്റെ അന്ത്യാഭിലാഷം നടക്കുമെന്ന് തോന്നുന്നില്ല. ഒരു ഭാഗം വലിപ്പം കൂടുതലാണ്, മറ്റേഭാഗം വലിപ്പം കുറവാണ് എന്നുംപറഞ്ഞ് തുടങ്ങില്ലേ അടി… സര്‍ക്കാരോ കോടതിയോ കാക്കുമെന്ന് ഒരു ഉറപ്പുമില്ല… പടച്ചോന്‍ കാക്കട്ടെ…

  5. മനോജേട്ടാ…ഇനി നമ്മള്‍ ഇവിടെ ഇരുന്നു എന്ത് പറഞ്ഞിട്ടും കാര്യമില്ല …ലോകത്തിന്റെ ഇത് കോണിലും മലയാളികള്‍ ഉണ്ടെന്നു പറയുന്നവരല്ലേ നമ്മള്‍ ..എല്ലാവരും ഒരുമിച്ച് ഒരു ദിവസം പ്രധിഷേധിക്കാന്‍ മനസ് ഉണ്ടാകണം അതിനായി സന്മനസുള്ള ആളുകള്‍ മുന്നോട്ട് വരണം …അന്താരാഷ്ട്ര തലത്തില്‍ ഇതിനു ശ്രദ്ധ കൊടുക്കണം…നമ്മള്‍ ഓരോരുത്തരും ഇതിനായി ശ്രമിക്കണം ….

  6. “നെടുകെ മുറിക്കപ്പെടുന്ന കേരളത്തിന്റെ ഒരു പകുതി ഇടതുപക്ഷത്തിനും മറ്റേ പകുതി വലതുപക്ഷത്തിനും, വിട്ടുകൊടുക്കാനുള്ള ഏർപ്പാടിനായി ബാക്കിയുള്ള ജനങ്ങൾ പരിശ്രമിക്കണം.“

    അതിനു കൊടു കൈ……..

    മനോജ്,ശരിക്കും പേടി തോന്നിതുടങ്ങിയിരിക്കുന്നു.ഞങ്ങളൊക്കെ പുഴയുടെ തീരങ്ങളില്‍ ഉള്ളവരാണു…..

  7. ചേട്ടാ എങ്ങാനും അതു പൊട്ടിയാൽ 7 ദിവസം കഴിഞ്ഞു ഒരു മെയിൽ അയക്കാം …. ജീവിച്ചിരിപ്പുണ്ട് എന്ന തെളിവിനു….കിട്ടിയാൽ റിപ്ലെ ആയക്കണം…
    എന്നതായാലും വൈകുന്നേരം പള്ളിയിൽ പോയി ഒന്നു കൺഭഷൻ നടത്തണം.

  8. ഈ ഒരു വിഷയത്തില്‍ നമ്മുടെ അധികാരികള്ക്ക്‍ ഒട്ടുംതന്നെ വേവലാതി ഇല്ലാ എന്നുതന്നെ വേണം മനസിലാക്കാന്‍. വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുതറ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ആധിയോടെ കഴിഞ്ഞുകൂടുന്ന കുറെ പാവങ്ങളുടെ കണ്ണില്‍ പൊടിയിടാനാകണം, ഒരു കേസുമായി മുന്നോട്ടുപോകുന്നു. കുമളിക്കും ഇടുക്കി ഡാമിനും ഇടയിലുള്ള ആളുകളെ എങ്ങനെ രക്ഷിക്കാന്‍ കഴിയും എന്ന് ചിന്തിക്കാതെ മുല്ലപ്പെരിയാര്‍ പൊട്ടിവരുന്ന കല്ലും മണ്ണും താങ്ങാനുള്ള ശേഷി ഇടുക്കി ആര്‍ച്ച് ഡാമിനുണ്ടോ എന്ന് പഠനം നടത്തുന്നു.!! നിരക്ഷരന്‍ പറഞ്ഞതുപോലെ, കേരളത്തെ രണ്ടായി പകുത്തുകൊണ്ട് (അതോ കുറെയധികം തുരുത്തുകളാക്കിയോ?) വെള്ളം തലക്കുമുകളില്‍ വന്നതിനു ശേഷമെങ്കിലും ഈ നിസംഗതയുടെ അനന്തരഫലം ഇവര്‍ മനസിലാക്കുമോ? എല്ലാം കഴിഞ്ഞ്, ചട്ടിയും കലവും വില്‍ക്കാന്‍ വരുന്ന തമിഴനെ കുനിച്ചു നിര്‍ത്തി കൂമ്പിനിടിച്ചു വികാരം തീര്‍ത്താല്‍ കഴിയുന്നതല്ല ഈ പ്രശ്നമെന്ന് എങ്ങനെ ഇവരെ പഠിപ്പിക്കും? കൊച്ചി മെട്രോയുടെ തൂണുകള്‍ എവിടെ ഉറപ്പിക്കും എന്നതിനെക്കാള്‍ വേഗത്തില്‍ പരിഹാരം കാണേണ്ടിയിരുന്ന വിഷയം മുല്ലപ്പെരിയാര്‍ ആയിരുന്നുവെന്ന് വെള്ളത്തിലൊഴുകി നടക്കുന്ന തൂണുകള്‍ കാണുമ്പോള്‍ മാത്രമേ ഇവര്‍ക്ക് മനസിലാകൂ.

    ഒരു മണിക്കൂര്‍ സമയംകളയാന്‍ വേണ്ടി മാത്രം ചാനലുകള്‍പോലും കൈകാര്യം ചെയ്യുന്ന ഈ വിഷയം സോഷ്യല്‍ മീഡിയയില്‍ കൂടി ഇത്ര സജീവമായി നിലനിര്‍ത്തുന്നതിന് നന്ദി.
    കൂടുതല്‍ ആളുകളിലേക്ക് ഇനിയും എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു. ഒന്നിനും വേണ്ടിയല്ല, സ്വയം ഒരു രക്ഷാമാര്‍ഗം കണ്ടുപിടിച്ചുവെക്കാന്‍ സാധിച്ചാലോ ? !!

  9. നീരൂ പേടിക്കാതെ………..6 ഭുകമ്പമാപിനികള്‍ ഗവണ്മെന്റ് സ്ഥാപിക്കുന്നുണ്ട്. കൂടുതല്‍ എന്തെങ്കിലും സഹായം.

    കൊച്ചിയില്‍ റാപിഡ് സ്വിമ്മിംഗ് കോഴ്സ് നടത്തിയാല്‍ വിജയിക്കാന്‍ പറ്റുമോ?

    വെള്ളപ്പൊക്കം വരുമ്പോള്‍ ടയറുകളില്‍ കാറ്റു നിറച്ച് വില്‍ക്കാന്‍ വച്ചാല്‍ അത് ചിലവാകുമോ?

    ഇത്തരം ഒരു ദുരന്തത്തിലും അതിന്റെ ബിസിനസ് താല്പര്യം കാണാതെയിരിക്കുന്ന നിങ്ങള്‍ ഒരു മലയാളിയാണോ മനുഷ്യാ………

    ഒരു ബിസിനസ് ടൈയപ്പിന് താല്പര്യമുണ്ടെങ്കില്‍ അറിയിക്കുമല്ലോ.

  10. താങ്കളുടെ അതെ അവസ്ഥ .. കാക്കനാട് ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ കുറെ നാളുകളായി Fb yil വരുന്ന postukal വായിച്ചു ഇടക്കിടെ ഞെട്ടിക്കൊണ്ടിരിക്ക് കയാണ് ഞാനും തിരിച്ചു സ്വന്തം വീടിലേക്ക്‌ (കൊല്ലം ) പോയാലോ എന്നും ആലോചിക്കയ്കയില്ല . എന്തായാലും വണ്ടിയില്‍ ഫുള്‍ ടാങ്ക് പെട്രോലെ അടിച്ചു അത്യാവശ്യ സാധനങ്ങള്‍ എടുത്തു വച്ച ഒരു ബാഗുമായി മിനിമം ഒരു 2 മണിക്കൂര്‍ എങ്കിലും സമയവും പ്രതീക്ഷിച്ചു ജീവിക്കാമെന്ന് കരുതുന്നു … ഒരു സാധാരണ മലയാളി : വളരെ നല്ല അവതരണ ശൈലി…:)) https://www.facebook.com/#!/vipinvamadevan

  11. ക്രീയാത്മകമായ എന്തെങ്കിലും ചെയ്യാന്‍ ഇനിയും സമയം ഇല്ലേ? ഒരു ബഹുജന മുന്നേറ്റം ഇനിയൊരു സാധ്യത അല്ല എന്നാണോ പറയുന്നത്……സസ്നേഹം

  12. മനോജേട്ടാ…..ഇതൊക്കെ ഇങ്ങനെ വായിച്ച്,റീ-ഷെയര്‍ ചെയ്ത്,ദു:സ്വപ്നം കണ്ടു ഞെട്ടും പോലെ ഇടയ്ക്കൊക്കെ ഞെട്ടിയുണര്‍ന്ന്……ശവം കാക്കയും മീനുകളും കൊത്തുന്നത് ഭാവനയില്‍ കണ്ടുമൊക്കെ പേടിക്കാമെന്നല്ലാതെ……:(

  13. @ നട്ടപ്പിരാന്തന്‍ – കുറേക്കൂടെ കൂടുതൽ വരുമാനം ഉണ്ടാക്കാൻ പറ്റിയ വല്ല ബിസിനസ്സും ആലോചിക്ക് മനുഷ്യാ. ചത്തുമലക്കുന്നവർക്കൊന്നും ചോദിക്കാനും പറയാനും ആരും ഉണ്ടാകില്ല. ആ വഴിക്കൊന്ന് ചിന്തിച്ചൂടെ ? :)

  14. ഒരുപാട് വായിച്ചു വായിച്ചു ദുരന്തം അടുത്തെത്തി എന്ന് പറയുമ്പോള്‍ ഒരു വിറയല്‍… ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയില്‍ എത്തി കഴിഞ്ഞു എന്നറിയുമ്പോള്‍…

  15. @ ഒരു യാത്രികന്‍ – ഈ ഡിസംബർ 21- 24 ദിവസങ്ങളിൽ ഒരു ബഹുജന മുന്നേറ്റം ഉണ്ട്. ഒരു ഏകതാ പദയാത്ര. പക്ഷെ എനിക്കെന്തോ പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാകുമെന്നുള്ള തോന്നൽ ഇല്ല. എന്നാലും പങ്കെടുക്കുന്നുണ്ട് അതിൽ.

  16. @ Jayesh Marangad – ഞാൻ ഈ വിഷയവുമായി ബന്ധപ്പെട്ട് ഓരോ ലേഖനങ്ങൾ തയ്യാറാക്കിത്തരാമോ എന്ന് രണ്ട് പ്രമുഖ വ്യക്തികളുമായി നേരിട്ട് ബന്ധപ്പെട്ടു. ഒരാൾ സ്വന്തമായി നാല് പുസ്തകം എഴുതി ഇറക്കിയിട്ടുള്ള സാഹിത്യകാരൻ. മറ്റൊരാൾ ശാസ്ത്രലേഖനങ്ങൾ ഒക്കെ എഴുതുന്ന ഒരു റിട്ടയേഡ് ശാസ്ത്രജ്ഞൻ. രണ്ടുപേർക്കും ഇതേപ്പറ്റി ഒന്നും അറിയില്ല. മുല്ലപ്പെരിയാർ ഡാം എന്ന് കേട്ടിട്ടുണ്ട്. അത്ര തന്നെ. അവസാനം രണ്ടുപേർക്കും ഈ കേസിന്റെ ബേസിക്ക് കാര്യങ്ങളൊക്കെ ഞാൻ തന്നെ വിവരിച്ച് കൊടുക്കേണ്ടി വന്നു. എന്നിട്ട് പിന്നെ അവരുടെ ലേഖനങ്ങൾ കിട്ടിയിട്ട് എന്തുകാര്യം ? ഞാൻ വെറും കൈയ്യോടെ മടങ്ങി. ഉന്നതനിലവാരത്തിൽ ഉള്ള രണ്ട് പേരുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരന്റെ കാര്യം പറയാനുണ്ടോ ?

    ഈ വിഷയം പ്രൈമറി തലത്തിൽ പാഠ്യവിഷയം ആക്കിയാലേ ജനങ്ങൾ അറിയൂ. എന്നാലും ദുരന്തത്തിൽ നിന്ന് രക്ഷയുണ്ടാകുമെന്ന് തോന്നുന്നില്ല :(

  17. മനോജ്‌,
    ഒരു ഭീകര ദുരന്തം അടുക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഒരു വിറയല്‍.
    നമുക്ക് എന്തെകിലും ചെയ്യാന്‍ സാധിക്കുമോ ?
    ഒരു ബഹുജന മുന്നേറ്റത്തിനു സാധ്യത ഉണ്ടോ ?
    എത്രയും പെട്ടെന്ന് മാധ്യമ ശ്രദ്ധ കിട്ടുന്ന ഒരു മുന്നേറ്റ ശ്രമം ഒരു പക്ഷെ കാര്യങ്ങള്‍ എളുപ്പമാക്കും.
    ദുരന്ത ശേഷം ഞെട്ടിയതുകൊണ്ടോ ഖേദം പ്രകടിപ്പിച്ചത് കൊണ്ടോ പ്രയോജനമില്ല

    ഈ ലേഖനം മുഖ്യ മന്തിക്ക് ഫോര്‍വേഡ് ചെയ്തോട്ടെ ?

    സജീവ്‌

  18. ദൈവമേ എന്ന് ആരുടെ മുഖത്ത് നോക്കി വ്ളിക്കുമെന്നോര്‍ത്തു,
    എപ്പോഴാണ് നനവിന്റ്റെ വിഷ പാമ്പുകള്‍ ആദ്യം വായും പിന്നെ,
    മൂക്കും മൂടി.കണ്ണില്‍വിഷപ്പല്ല് താഴ്ത്തുന്നതറിയാന്‍ കാത്തിരിക്കതന്നെ,
    മറ്റെന്തു വഴി ഈ കേരളനാട്ടില്‍ ……..?

  19. @ കാഴ്ചകളിലൂടെ – എന്തെങ്കിലും പ്രയോജനം ഉണ്ടാകുമെന്ന് താങ്കൾക്ക് തോന്നുന്നെങ്കിൽ ആർക്ക് വേണമെങ്കിലും ഫോർവ്വേഡ് ചെയ്ത് കൊടുത്തോളൂ. അതിന് അനുവാദം ചോദിക്കേണ്ട ആവശ്യം പോലുമില്ല.

  20. തലയ്ക്കു മുകളില്‍ തൂങ്ങി നില്‍ക്കുന്ന വാള്‍ എന്നതിന് പകരം മുന്നിലുള്ള മുല്ലപ്പെരിയാര്‍ എന്ന് പറയുന്ന അവസ്ഥയായിരിക്കുന്നു. ആര് ആരോടാ പറയുകാ ഈ വിഷയം. എലാവരും അഴിമതിയുടെ പിറകയല്ലേ. സാധാരണക്കാരില്‍ ഇതിന്റെ എത്തിക്കുന്ന തരത്തില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കുക എന്ന്നതാണ് പ്രധാനം. പടച്ചോന്‍ കാക്കട്ടെ..

  21. “വെറുതെ മനുഷ്യനെ പേടിപ്പിക്കല്ലേ.. അങ്ങനെ ഭൂമികുലുക്കമൊന്നും ഉണ്ടാവില്ല.”
    സ്വയം പറഞ്ഞു സമാധാനിക്കാം.. വേറെ വഴിയൊന്നുമില്ല അല്ലെ !!!

  22. തൊട്ടടുത്തു വായും പിളർന്ന് നിൽക്കുന്ന ദുരന്തത്തെ നേരിടാൻ തയ്യാറാവുക എന്നല്ലാതെ മറ്റൊന്നും നമുക്ക് ചെയ്യാനുണ്ടെന്ന് തോന്നുന്നില്ല. പലപ്പോഴും ആ രംഗങ്ങൾ ഞാൻ സങ്കല്പിച്ചു നോക്കിയിട്ടുണ്ട്. രക്ഷപ്പെടുവാനുള്ള പല ആശയങ്ങളും ആലോചിക്കാറുമുണ്ട്. എന്നേപ്പോലുള്ള ഗ്രാമവാസികൾക്ക് കൂടുതൽ ഉയരത്തിലേക്ക് പോകാൻ നിർവ്വാഹമില്ല.ആകെ ചെയ്യാവുന്നത്, സൂചന കിട്ടിയ നിമിഷം ഒരു പെട്ടിയിൽ അത്യാവശ്യം രേഖകളുമായി വടക്കുഭാഗത്തേക്ക് യാത്രയാവുക എന്നതാണ്. എന്നാൽ,രക്ഷപ്പെടാനുള്ളവരുടെ തിക്കും തിരക്കും വെപ്രാളവും മൂലം റോഡുകളെല്ലാം ഒരിഞ്ചുപോലും നീങ്ങാനാവാത്തവിധം ബ്ലോക്കായിരിക്കുമെന്നും സങ്കല്പിക്കാനാവുന്നുണ്ട്…. വെള്ളം എത്തുന്നതിനുമുമ്പ് ഈ തിക്കിനും തിരക്കിനുമിടയിൽ പെട്ടുതന്നെ ചിലപ്പോൾ കഥ കഴിഞ്ഞേക്കാം…..

  23. നീരൂ……ആളുകളെ പേടിപ്പിച്ചാലേ ഇളകൂ എന്നായിരിക്കുന്നു. ഞാനിപ്പോള്‍ ആളുകളെ കളിയാക്കിയും, പേടിപ്പിച്ചും ഒക്കെയാണ് ഈ വിഷയത്തിലുള്ള എന്റെ ദു:ഖവും ആശങ്കയും ഷെയര്‍ ചെയ്യുന്നത്. ആ ഒരു രീതി വിജയിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്. ഇന്നും തെക്കും വടക്കും കിടക്കുന്നവന് ഇതൊരു പ്രശ്നമായിട്ടേ തോന്നുന്നില്ല.

    കൂടംകുളം കേവലം തമിഴന്റെപ്രശ്ന്മാണെന്ന് കരുതി, അധോവായുവിട്ടിരിക്കുന്ന മലയാളിയെ കാണുന്നില്ലേ……

    ഇങ്ങനെയുള്ളപ്പോള്‍ ഞാന്‍ ഈ ദുരന്തത്തിലും ബിസിനസ് അല്ലാതെ എന്തും കാണും നീരൂ…….

    പ്രശ്നം രമ്യമായി തീരുമെന്ന പ്രതീക്ഷയോടെ……

  24. ഒരു പുഴയുടെ സ്വാഭാവിക അന്ത്യം എന്നൊക്കെ കേട്ടിട്ടുണ്ട്. മുല്ലപ്പെരിയാര്‍ നദിക്ക് മരണം വിധിക്കാന്‍ മലയാളി വിചാരിച്ചാല്‍ സാധിക്കില്ലേ?. ഇഷ്ടം പോലെ മണല്‍ വാരാന്‍ അനുവാദം നല്‍കിയും ഉറവിടങ്ങളില്‍ തടയണകെട്ടിയും ചാലുകള്‍ കീറിയും നീരൊക്ക് കുറക്കാന്‍ സാധിക്കില്ലേ?. പുതിയ അണക്കെട്ട് “പ്രകാശം പരത്തുന്നവരുടെ തീരുമാനത്തിന് വിട്ടതോടെ അത് അസാധ്യമാണ് എന്ന് തോന്നുന്നതുകൊണ്ടാണ് ഈ മാര്‍ഗ്ഗം നിര്‍ദ്ദേശ്ശിക്കുന്നത്.

  25. @ ബിന്ദു കെ.പി. – അത്യാവശ്യം വേണ്ട രേഖകൾ ഒക്കെ നേരത്തേ കാലത്തേ തന്നെ വടക്ക് ഭാഗത്തെ എവിടെയെങ്കിലും സുരക്ഷിതമായി സൂക്ഷിക്കാൻ ഏർപ്പാടാക്കുക. അത്യാഹിതം വല്ലതും സംഭവിച്ചാൽ ഉടുവസ്ത്രം മാത്രം മതിയാകുമല്ലോ രക്ഷപ്പെടാൻ. ലെസ്സ് ലെഗ്ഗേജ് മോർ കംഫർട്ട് :)

    @ കരിമീൻ – 1886 ഒക്ടോബര്‍ 29ന് പെരിയാര്‍ പാട്ടക്കരാര്‍ പ്രകാരം പെരിയാര്‍ നദിയുടെ 155 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന 8000 ഏക്കര്‍ സ്ഥലത്തിന് പുറമെ അണക്കെട്ട് നിര്‍മ്മാണത്തിനായി 100 ഏക്കര്‍ സ്ഥലവും തിരുവിതാംകൂര്‍ രാജാവായിരുന്ന വിശാഖം തിരുനാള്‍ രാമവര്‍മ്മ അന്നത്തെ മദിരാശി സര്‍ക്കാറിന് പാട്ടമായി നല്‍കുകയാണുണ്ടായത്. ഇപ്പറഞ്ഞ 8000 ഏക്കർ സ്ഥലത്തേക്ക് കടക്കാൻ പറ്റിയാലല്ലേ നദിയുടെ നീരൊഴുക്ക് കുറക്കാനാവൂ. കൊടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രി ആയിരുന്നപ്പോൾ ഡാമിലേക്ക് കടക്കാൻ പോലും അവിടെ കാവൽ നിൽക്കുന്ന തമിഴ്‌നാടിന്റെ സാദാ പൊലീസുകാരൻ സമ്മതിച്ചില്ല. പിന്നെങ്ങനാ ബാക്കിയുള്ളവർ അങ്ങോട്ട് കടക്കുക ?

    @ ശിഖണ്ഡി – ഒന്ന് പേടിച്ചിരിക്കുന്നത് നല്ലതാണ്. എന്നാലേ രക്ഷാമാർഗ്ഗങ്ങൾ വല്ലതും കണ്ടുവെക്കൂ.

  26. കരീമീനെ……..മുല്ലപ്പെരിയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ആളുകള്‍ക്ക് അങ്ങനെ കടന്നു ചെല്ലാനോ, മാത്രമല്ല അനുവാദമില്ലാതെ ആ വനങ്ങളില്‍ കടന്നാല്‍ നിയമനടപടികള്‍ക്ക് വിധേയമാവുകയും ചെയ്യും.

  27. മനോജ്‌ ബായ് ഡിസംബര്‍ 15 മുതല്‍ ഞാന്‍ ഇടപ്പള്ളിയില്‍ ഉണ്ട് പദയാത്രയില്‍ പങ്കെടുക്കുവാന്‍ (ഡിറൈല്‍)അറിയുവാന്‍ ആഗ്രഹമുണ്ട് നോടിസില്‍ കാര്യങ്ങള്‍ വ്യക്തമല്ല

  28. മനോജ്‌, ഒന്നുകില്‍ മരണത്തിനെ കാത്തിരിക്കുക അല്ലെങ്കില്‍ അതില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴികള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് സ്വയം ഉണ്ടാക്കുക അല്ലാതെ ഒരു സര്‍ക്കാരും കോടതിയും ഡാം തകരുന്നത് വരെ ഒന്നും ചെയ്യില്ല. ഇവടെ ഒരു ബഹുജന മുന്നേറ്റം ഉണ്ടാവും കേരളം ഇളക്കി മരിക്കുന്ന മുന്നേറ്റം പക്ഷെ അത് അവിടെയുള്ളവര്‍ ഒക്കെ മരണപ്പെട്ടതിനു ശേഷം അത് ഏതു സര്‍ക്കാരിന്റെ തകരാറാണ് എന്നതിനെ പറ്റിയും പരസ്പരം പഴിചാരാനും വേണ്ടി മാത്രം ആയിരിക്കും. മരണത്തിന്റെ ദിനങ്ങള്‍ അടുതെത്തി എന്ന് പ്രക്രതി നമുക്ക് മുന്നറിയിപ്പ് തന്നു കഴിഞ്ഞു. ഇനി അതിനായി ഒരുങ്ങാം.

  29. “അത്യാവശ്യം വേണ്ട രേഖകള്‍ ഒക്കെ നേരത്തേ കാലത്തേ തന്നെ വടക്ക് ഭാഗത്തെ എവിടെയെങ്കിലും സുരക്ഷിതമായി സൂക്ഷിക്കാന്‍ ഏര്‍പ്പാടാക്കുക”
    അങ്ങനെയിപ്പം രേഖകൾ മാത്രമായി രക്ഷപ്പെടണ്ട.. :)

  30. മനോജ്, കേരളത്തിൽ ആസന്നമായിരിക്കുന്ന, എന്നാൽ ആത്മാർത്ഥമായി പരിശ്രമിച്ചാൽ ഒഴിവാക്കുവാനാകുന്ന ഒരു ദുരന്തമാണ് മുല്ലപ്പെരിയാറിൽ സംഭവിക്കുവാൻ പോകുന്നത്. പെരിയാറിന്റെ തീരങ്ങളിൽ ഏതു നിമിഷവും കടന്നുവരുന്ന മരണത്തെ പ്രതീക്ഷിച്ച് കാത്തിരിക്കുന്ന കുടുംബങ്ങളും, മനോജിനെപ്പോലെയുള്ള അപൂർവ്വം ചിലരുമൊഴിച്ച് ആർക്കുംതന്നെ ഈ വിഷയത്തിന്റെ ഭീകരതയെക്കുറിച്ച് എന്തെങ്കിലും ബോധ്യം ഉണ്ടെന്ന് തോന്നുന്നില്ല..ഇടുക്കിജില്ലയുടെ ഉയരങ്ങളിൽ വസിക്കുന്ന ഞങ്ങൾക്ക് ഈ ദുരന്തം നേരിട്ട് ഒരു ഭീഷണിയല്ലെങ്കിലും, പെരിയാറിന്റെ തീരങ്ങളിൽ വസിക്കുന്ന അനവധി സുഹൃത്തുക്കളുടെയും ബന്ധുക്കളൂടെയും കണ്ണുകളിൽ എന്നും നിറഞ്ഞുനിൽക്കുന്ന ഭീതി എങ്ങനെയാണ് നമുക്ക് അവഗണിക്കുവാൻ സാധിക്കുക.ഈ വിപത്തിനെതിരെ കേരളമാസകലം ഒന്നിച്ചണിനിരക്കാതെ, കേവലം പദയാത്രകൾകൊണ്ടോ, നിരാഹാരംകൊണ്ടോ എന്തെങ്കിലും പ്രയോജനം ഉണ്ടാകുമെന്ന് ഞാനും പ്രതീക്ഷിക്കുന്നില്ല..പക്ഷെ അത് എന്നാണുണ്ടാവുക…അണക്കെട്ട് പൊട്ടിക്കഴിഞ്ഞോ..? ഇതിൽ കൂടുതൽ ഒരു മുന്നറിയിപ്പ് എങ്ങനെയാണ് നമുക്ക് പ്രകൃതിയിൽ നിന്നും പ്രതീക്ഷിക്കുവാനാകുക.അതുകൊണ്ട് ഇനി ജനങ്ങൾ ശക്തമായി പ്രതികരിക്കുക മാത്രമാണ് ഒരു പോവഴി..മാധ്യമങ്ങൾ, ജനകീയകൂട്ടായ്മകൾ, സോഷ്യൽ മീഡിയ സൈറ്റുകൾ എന്നിവയിലൂടെ ഗവണ്മെന്റിന്റെ നിസംഗതക്കെതിരെ ഉണർന്നുപോരാടുക..അതിനായി എന്നാലാകുംവിധം എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നു..

    മുല്ലപ്പെരിയാറിനെയും ഒരു കൂട്ടം നിസ്സഹായരായ മനുഷ്യരെയും മറന്ന്,സന്തോഷ് പണ്ഡിറ്റിനെപ്പോലുള്ളവരുടെ മൂല്യമില്ലാത്ത സൃഷ്ടികളെ നാരിഴ കീറി വിശകലനം നടത്തുന്നവരും, തെറിവിളികളും, ഇകഴ്ത്തലും, പുകഴ്ത്തലും പുറംചൊറിയലുമായി സൈബർലോകത്ത് സമയം ചിലവിടുന്നവരും സമയംകിട്ടുമ്പോൾ ഗൂഗിൾ എർത്ത് തുറന്ന് സ്വന്തം വീടും,മുല്ലപ്പെരിയാറും തമ്മിലുള്ള അകലം ഒന്ന് നോക്കിവയ്ക്കുന്നത് നന്നായിരിക്കും..പറ്റുമെങ്കിൽ വീടിനു സമീപത്തുള്ള കൊന്നത്തെങ്ങിന്റെ ചുവട്ടിൽ കാലേകൂട്ടി ഒരു ഏണി കൂടി ചാരി വച്ചോളൂ…സമയം കിട്ടിയാൽ തെങ്ങിന്റെ മണ്ടയിൽ കയറിയെങ്കിലും രക്ഷപെടാം(അതിനു സാധ്യത കുറവാണെങ്കിലും)

    പ്രിയ മലയാളികളേ, ഒരു അപേക്ഷ കൂടി, മുല്ലപ്പെരിയാർ പൊട്ടി കേരളം വിഭജിക്കപ്പെട്ടാൽ ഒരു പകുതി ഇടതുപക്ഷത്തിനും, മറു പകുതി വലതുപക്ഷത്തിനും വിട്ടുകൊടുക്കുന്നതിലും നല്ലത്, എല്ലാ രാഷ്ട്രീയപാർട്ടികളുടെയും എല്ലാ നേതാക്കന്മാരും ഒന്നിച്ചുള്ള വല്ല സമ്മേളനവും നടക്കുന്ന ദിവസം ഈ ദുരന്തം സംഭവിക്കണേ എന്നു മുട്ടിപ്പായി ദൈവത്തോട് പ്രാർത്ഥിക്കുന്നതല്ലേ നല്ലത്…അതു സംഭവിച്ചാൽ ഈ ദുരന്തത്തിനുശേഷം അവശേഷിക്കുന്ന ജനങ്ങളെങ്കിലും, പൊതുജനത്തിന്റെ ചോരയൂറ്റിക്കുടിക്കുന്ന ഈ രാഷ്ട്രീയഇത്തിൾക്കണ്ണികളിൽനിന്നും രക്ഷപെടുമല്ലോ…

  31. മുല്ലപ്പെരിയാര്‍ വിഷയത്തെ പറ്റി മുന്‍പ് നാട്ടിലെ ഒരു കെ.എസ്.ഇ.ബി ഓഫീസറുമായി (ഇടുക്കി പദ്ധതി പ്രദേശത്ത് ജോലിചെയ്തുകൊണ്ടിരിക്കുകയായിരുന്നു അന്ന് കക്ഷി) സംസാരിച്ചപ്പോള്‍ കിട്ടിയ തിക്താനുഭവമായിരുന്നു അല്ലെങ്കില്‍ അദ്ദേഹത്തിന്റെ അഞ്ജതയായിരുന്നു എന്നെക്കൊണ്ട് മുന്‍പ് മലയാളി മുല്ലപ്പെരിയാറിനെ ശരിക്കറിഞ്ഞിട്ടുണ്ടോ എന്ന പേരില്‍ ഒരു പോസ്റ്റ് ഇടുവാന്‍ പ്രേരിപ്പിച്ചത്. സത്യം .. ഇന്നും ഭൂരിഭാഗം പേര്‍ക്കും മുല്ലപ്പെരിയാര്‍ വിഷയം അറിയില്ല. പക്ഷെ നിരക്ഷരന്‍ സൂചിപ്പിച്ച പോലെ ഐശ്വര്യയുടെ കുട്ടിക്ക് പേരു ചികയാനും പരസ്പരം ചീത്തവിളിക്കുന്ന രാഷ്ട്രീയനേതാക്കന്മാരുടെ പക്ഷം പിടിക്കുവാനും തന്നെ നമുക്ക് സമയമുള്ളൂ.

  32. മുന്‍പ് സുനാമി തിരമാലകള്‍ ആര്‍ത്തലച്ച് വന്ന ഒരു ഡിസംബര്‍ 26ന് രാത്രിയില്‍ പളപളതിളങ്ങുന്ന പട്ടുസാരിയും ഉടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഒരു വലിയമ്മയെ കണ്ടത് ഓര്‍ക്കുന്നു. അത് തന്നെ ഇപ്പോഴും ഓര്‍മ്മ വരുന്നു. നമ്മള്‍ എല്ലാവരും ആ സമയത്ത് മാത്രമേ ടെന്‍ഷന്‍ അടിക്കൂ

  33. ഇത് വായിക്കുമ്പോഴും , വായിച്ചു തീർന്നിട്ടും , നിസ്സാരമായി തന്നെ കണ്ടുകൊണ്ടിരിക്കുന്നു. നമ്മളോരോരുത്തരും….

  34. മരണഭയം അല്ല… സ്വപ്‌നങ്ങള്‍ ഒരുപാട് ബാക്കി വെച്ചിട്ട് പോകുനതിന്‍റെ സങ്കടം മാത്രം

  35. നിരക്ഷരാ, ഇനിയും ഒഴിവാക്കാന്‍ പറ്റുന്ന ഒരു ദുരന്തമാണ് ഇതെന്ന് എനിക്ക് തോന്നുന്നു.അടിയന്തിരമായി ചെയ്യേണ്ടത് ജലനിരപ്പ്‌ കുറയ്ക്കുക എന്നതാണ് .ബേബി ഡാം കുറേശ്ശെ പൊളിച്ചു മാറ്റി മെയിന്‍ ഡാമിലെ വെള്ളത്തിന്റെ അളവ് കുറയ്ക്കാന്‍ പറ്റിയേക്കും,അങ്ങനെ വന്നാല്‍ കുറച്ചു കാലം കൂടി ഡാം നില നിര്‍ത്താന്‍ പറ്റും (പുതിയ ഡാം നിര്‍മിക്കുന്നത് വരെ) പക്ഷെ അത് നടക്കണമെങ്കില്‍ ഒരു ജനകീയ പ്രക്ഷോഭം തന്നെ ഇവിടെ ഉണ്ടാകണം,എത്രയും പെട്ടെന്ന് . ഒപ്പ് ശേഖരിക്കുന്നതായി നോട്ടീസില്‍ കണ്ടു,ഇത്രയൊക്കെ ആയിട്ടും,കുറച്ചു ഒപ്പ് കണ്ടു ഗവേര്‍ന്മേന്ടോ,കോടതിയോ എന്തെങ്കിലും ചെയ്യുമെന്ന് കരുതുന്നവരോട് സഹതാപം തോന്നുന്നു.പിന്നെ സുപ്രീം കോടതിയുടെ വാദം കേള്‍ക്കല്‍ പോലെ, ഒരു മാസം കഴിഞ്ഞ് ‘നടന്നു’ അവിടെ എത്തുമ്പോഴേക്ക് ഡാം അവിടെ തന്നെ ഉണ്ടെങ്കില്‍ ഭാഗ്യം.പത്ര,ടീവീ മീഡിയക്ക് കാര്യത്തിന്റെ ഭീകരത അത് ബാധിക്കുന്ന സ്ഥലത്തുള്ള ജനങ്ങളെ എങ്കിലും ബോധ്യപ്പെടുത്താന്‍ കഴിയും,അങ്ങനെയെങ്കിലും അവിടെയുള്ള ജനങ്ങളെ ഉണര്‍ത്താനാകുമെങ്കില്‍ ,എനിക്കുറപ്പുണ്ട് നമുക്ക് ആ ദുരന്തം ഒഴിവാക്കാനാകും.

  36. ഒരു ജനകീയ പ്രക്ഷോഭത്തിലൂടെ മാത്രമേ ഒരു പുതിയ ഡാം ഉടൻ പണിത് വരാൻ പോകുന്ന ഭീകര ദുരന്തത്തിൽ നിന്നു നമ്മുടെ കേരളത്തെ രക്ഷപ്പെടുത്താൻ പറ്റൂ. അതിനെന്താണു നമുക്കു ചെയ്യാൻ കഴിയുക. മറ്റേതു രാജ്യത്താണെങ്കിലും പണ്ടേ പുതിയ ഡാം പണിയുമാ‍യിരുന്നു. കേരളീയർക്കിപ്പോഴും വരാൻ പോകുന്ന ദുരന്തത്തിന്റെ ഭീകരതയെക്കുറിച്ചു യാതൊരു ബോധവുമില്ല എന്നാണു തോന്നുന്നത്. എങ്ങിനെയാണു കേരളീയരെ ഈ അനാസ്ഥക്കെതിരെ ഉയിർത്തെഴുനേൽക്കാ‍ൻ പ്രാപ്തരാകുന്നത്? നാമെല്ലാം വളരെ ഗൌരവമായി ചിന്തിച്ചു ജനരോഷം ഉച്ചസ്ഥായിയിൽ കൊണ്ടു വരേണ്ട സമയം അതിക്രമിച്ചുകൊണ്ടിരിക്കുന്നു.

  37. ഞെട്ടലോടെ വായിച്ചു. ആരുടെ കണ്ണ് എപ്പോള്‍ തുറക്കും? അത് തൃക്കണ്‍ തുറക്കലാവാതിരിക്കട്ടെ!
    സമയം അതിക്രമിച്ചുകൊണ്ടിരിക്കുന്നു.

  38. ഒരിക്കലും സർക്കാരിന്റെ ഭാഗത്തുനിന്നും ക്രിയാത്മകമായ നീക്കങ്ങൾ ഉണ്ടാവില്ല. ചർച്ച ചെയ്യാനും രമ്യതയിലെത്താനും ആവശ്യത്തിലധികം സമയം ഉണ്ടായിരുന്നു. അതൊന്നും വേണ്ടതുപോലെ വിനിയോഗിക്കപ്പെട്ടില്ല. ഇനി നഷ്ടം സഹിക്കാതെ മാർഗ്ഗം ഇല്ല. ദുരന്തം പടിവാതിൽക്കൽ എത്തി എന്നതോന്നൽ ഇനിയും ഈ വിഷയം കൈകാര്യം ചെയ്യുന്ന കോടതികൾക്കോ, കമ്മറ്റികൾക്കോ ഇല്ല. മൂന്നു ജില്ലകൾ മാത്രമല്ല ഇതിന്റെ ദുരന്തം അനുഭവിക്കുക. രണ്ടായി പകുക്കാൻ കേരളം എന്ന സംസ്ഥാനത്തിന്റെ ബഹുഭൂരിഭാഗവും കാണില്ല. എല്ലാം വിധിപോലെ വരട്ടെ! അങ്ങനെ സമാധാനിക്കാം.

  39. മുല്ലപ്പെരിയാറിനെ കുറിച്ചുള്ള രണ്ടു വീഡിയോകള്‍ കണ്ടു …അതില്‍ നിന്നും മനസിലാക്കിയത് മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ ഇടുക്കി ഡാമും തകരും എന്നാണ് . അങ്ങനെ സംഭവിച്ചാല്‍ ഈ ഡാമുകളില്‍ സംഭരിച്ചിരികുന്ന ജലത്തിന്റെ നശീകരണ ശക്തി ഹിരോഷിമയില്‍ നാശം വിതച്ച ആറ്റം ബോംബിനെക്കള്‍ 180 മടങ്ങ്‌ ആയിരിക്കും…………

    ഓര്‍ക്കുമ്പോള്‍ തന്നെ പേടി തോന്നുന്നു……
    നേതാകള്‍ക്ക് ഇതിനെ കുറിച്ച് അറിയാഞ്ഞിട്ടോ അതോ അറിയാത്ത ഭാവം നടികുന്നതോ ?…..എല്ലാം സാധാരണക്കാരന്റെ വിധി

  40. ഡാം പൊട്ടുമ്പോള് ഭുകംബമാപിനി കൊണ്ട് വെച്ച് ഇവന്മാര് വെള്ളം തടയുമോ ? ഇവന്മാര് ചെന്ന് വിള്ളലിന്റെ എന്നെവും, ചോര്ച്ചയുടെ അളവും എടുത്തിട്ട് എന്ത് പ്രയോജനം ? എത്രയും പെട്ടെന്ന് ചെയ്യേണ്ടത് ഡാമിലെ വെള്ളത്തിന്റെ അളവ് പരമാവതി കുറയ്ക്കുക എന്നതാണ്. അഥവാ ഡാം പൊട്ടിയാല് തന്നെ, ഈ അധിക ജലം ഇടുക്കി ഡാമിന് കുഴപ്പം ഒന്ന് ഉണ്ടാക്കരുത്. ഈ ഡാമിന് താഴെയായി പുതിയ ഡാം, പരിസ്ഥിതിക്ക് കുഴപ്പം വരാത്ത വിധത്തില് ഇപ്പോഴത്തെ ഉയരത്തില് മാത്രം, താമസം കൂടാതെ നിര്മ്മിക്കുക. പുതിയ ഡാം പൂര്ത്തിയായ ശേഷം, പഴയ ഡാം ഭാഗികമായി പൊളിച്ചു, പുതിയ ദാമിലേക്ക് വെള്ളം തുറന്നു വിടുക. ഇതാണ് ഇവിടുത്തെ നട്ടെലുള്ള (അതുണ്ടെങ്കില്) ഭരണാധിപന്മാര് ചെയ്യേണ്ടത്.
    ഇനിയും ഈ കാര്യത്തില് ഒരു തീരുമാനം, സര്ക്കാരിന്റെ ഭാഗത്ത് നിന്നോ, സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നോ ഉണ്ടായില്ലെങ്കില്, ജനങ്ങള് തന്നെ സങ്കടിച്ചു, ബേബി ഡാം പൊളിച്ചു, ഡാമിലെ ജലനിരപ്പ് കുറയ്ക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട സര്ക്കാര് ഒന്നും ചെയ്യുന്നില്ല എങ്കില്, ഇത് മാത്രമേ ഒരു മാര്ഗം ഉള്ളു, ലക്ഷകണക്കിന് മനുഷ്യരുടെ ജീവന് രക്ഷിക്കാന്….എന്ത് ദുരന്ത നിവാരണ പദ്ധതി ഉണ്ടാക്കിയാലും, ഇത് പോലെ ഒരു ദുരന്തം ഉണ്ടായാല് ഒന്നും ചെയ്യാന് സാധിക്കില്ല. നമ്മുടെ സര്ക്കാരുകളുടെ കാര്യക്ഷമത നമ്മുക്ക് നല്ലത് പോലെ അറിയാവുന്നതല്ലേ ????? ഈ കാര്യത്തിനു വേണ്ടി ഒരു ദിവസം അല്ല…… പത്തു ദിവസം ഹര്ത്താല് നടത്തിയാലും എല്ലാവരും സഹകരിക്കും, സഹകരിക്കണം……

  41. മുല്ലപ്പെരിയാറിനെ കുറിച്ച് പേടിയോടെ ഓര്‍ക്കാന്‍ അല്ലാതെ വേറെ എന്താണ് നമ്മെ കൊണ്ട് കഴിയുക! പോസ്റ്റുകളോ കമന്റ്റുകളോ വഴി നമ്മുടെ ആധി ഷെയര്‍ ചെയ്യാമെന്നല്ലാതെ വേറെ എന്തെങ്കിലും വഴിയുണ്ടോ! സാധാരണക്കാര്‍ക്ക് ഈ വിഷയത്തിന്‍റെ ഗൌരവം അറിയാത്തത് കൊണ്ടാവും പലരും പ്രതികരിക്കാത്തത് എന്ന് കരുതാം, പക്ഷെ തലപ്പത്തിരിക്കുന്നവര്‍ക്കൊക്കെ ഇതിന്‍റെ യഥാര്‍ത്ഥ സ്ഥിതി അറിയാമല്ലോ… എന്നിട്ടും ഒരു ചുക്കും നടക്കുന്നില്ല !

  42. ദിവസവും കാണുന്നതും കേള്‍ക്കുന്നതുമായ വാര്‍ത്തകള്‍ ഭീതി ജനിപ്പിക്കുമ്പോള്‍ ഒരൊറ്റ സ്വപ്നമേയുള്ളൂ ഇന്നെനിക്കു. ‘വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ മരിച്ചു‘ എന്ന എന്റെ ഒരു കോളം ചരമവാര്‍ത്ത.

    വാഹനാപകടങ്ങളും, ഗുണ്ടാ ആക്രമണങ്ങളും വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും, പ്രകൃതി ദുരന്തങ്ങളും, നമ്മള്‍ തന്നെ വരുത്തി വെക്കുന്ന ഇത്തരം ആണവ-അണക്കെട്ടു ദുരന്തങ്ങളും കൂടിയാവുമ്പോള്‍ എന്റെ സ്വപ്നം വെറും സ്വപ്നം മാത്രമാകുമോ?

  43. വൻകിട ഡാമുകൾക്കെതിരായാണ് സമരം ചെയ്യേണ്ടത്. മുല്ലപെരിയാറിൽ ഇപ്പോഴുള്ള ഡാമിനു പകരം അതെ പോലുള്ള വൻകിട ഡാം നിർമ്മിച്ചാലും ആശങ്ക തീരില്ല. ചെറിയ ചെറിയ ചെക്ക് ഡാമുകൾ നിർമ്മിച്ച് മാത്രമെ ജലസേചന പദ്ധതികൾ ഇനി മുതൽ ജനസാന്ദ്രതയുള്ള സ്ഥലങ്ങളിൽ കൊണ്ട് പോകാൻ കഴിയൂ. മുല്ലപെരിയാർ സ്പന്ദിക്കുന്ന, പൊട്ടാൻ വെമ്പി നിൽക്കുന്ന ഒന്നാണ്; ആർക്കും ആരെയും രക്ഷിക്കാൻ കഴിയില്ല!

  44. മന്ത്രിമാർ ഒറ്റയ്ക്കും തെറ്റയ്ക്കുമായി സന്ദർശനം നടത്തുന്നു, വിദഗ്ദ്ധസംഘം പരിശോധന നടത്തുന്നു, ഓരോ ഭൂചലനത്തിനു ശേഷവും ഇതേ സംഘം തന്നെയെത്തി ആ വിള്ളലിന്റെ വളർച്ച കണ്ടാനന്ദിക്കുന്നു, മധ്യമങ്ങൾ ഇതൊക്കെ ഇതിൽപ്പരമില്ലാതെ ഫ്ലാഷ് ന്യൂസടിക്കുന്നു. അനാവശ്യമായ സന്ദർശനങ്ങളും അർത്ഥമില്ലാത്ത പ്രസ്ഥാവനകളും നിരത്തുന്നവർ അതു തുടരുക തന്നെ ചെയ്യുന്നു. നിവേദനങ്ങൾ നിരത്തുന്ന ജനങ്ങൾ, ചൂടുപിടിച്ച ചർച്ചകൾ… പക്ഷേ പരിഹാരം നിർദ്ദേശിക്കാൻ ആർക്കും കഴിയുന്നുമില്ല. വല്ലാത്ത വിരോധാഭാസം തന്നെ!
    ഈ സാഹചര്യത്തിൽ മനോജേട്ടൻ പറഞ്ഞതു പോലെ സ്വയം ഒരു രക്ഷാമാർഗം കണ്ടുപിടിക്കുന്നതാവും നല്ലത്!
    (വീട്ടിനു മുന്നിൽ കാറിനു പകരം ഇനിയൊരു തോണിയാവാം :))

  45. ഫേസ്ബുക്കിലായിരുന്നെങ്കില്‍ പലകമന്‍റുകള്‍ക്കും നൂറുവീതം ലൈക്കുകിട്ടിയേനെ… ഇവിടെയതും കിട്ടില്ലല്ലോ… എന്തിനുമേതിന്നും അനാവശ്യമായി പുരപ്പുറത്തുകയറിക്കൂവുന്ന മലയാളിക്ക് ആവശ്യമുള്ളകാര്യങ്ങള്‍ക്ക് വായതുറക്കാന്‍ നൂറുകാര്യം നോക്കണം.സ്വന്തം താത്പര്യം സംരക്ഷിക്ക്കാന്‍ ബദ്ധപ്പെടുന്നവര്‍ക്കിടയില്‍നിന്ന് നിന്ന്‍ ജനങ്ങളൂടെ വിശ്വാസം നേടിയെടുത്ത് കാര്യങ്ങള്‍ മനസ്സിലാക്കിച്ചു അവരെ നയിക്കാന്‍ വല്ലവരും വരുമെന്ന സ്വപ്നം വെറുതെയാണ്‍. ഇവിടെ എത്തിയവരെല്ലാം ഇതിനെപ്പറ്റി കൃത്യമായി അറിവുള്ളവരാണ്.അല്ലാത്തവരുടെ ശ്രദ്ധ എങ്ങിനെ കിട്ടുമെന്ന് നമ്മള്‍ ആലോചിക്കേണ്ടിയിരിക്കുന്നു. എന്നാലും നമ്മള്‍ ഇങ്ങിനെയെങ്കിലും പ്രതികരിച്ചല്ലോയെന്ന് ആശ്വസിക്കാമല്ലേ…:(

  46. Rebuild Mullaperiyar Dam ഫേസ്‌ബുക്ക് ഗ്രൂപ്പിന് 700-ൽ താഴെ ലൈക്കുകൾ. ഇത്ര മലയാളികളേ ഫേസ്‌ബുക്ക് ഉപയോഗിക്കാറുള്ളോ? മുംബൈയിൽ ഈയിടെ കൊല്ലപ്പെട്ട കീനന്റെയും റൂബന്റെയും പേജിന് ഒരു ലക്ഷത്തിലധികം ലൈക്കുകൾ! അപകടം സംഭവിച്ചുകഴിഞ്ഞ് പരിതപിക്കാനേ എല്ലാർക്കും താത്പര്യമുള്ളൂ. കേരളത്തിൽ മാത്രം ഒതുങ്ങിനിൽക്കാതെ, Rebuild Mullaperiyar Dam ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടാൻ ഓൺ‌ലൈൻ മാദ്ധ്യമം ഉപയോഗപ്പെടുത്തുവാൻ സാധിക്കുമോ?

    അച്ഛനെയും അമ്മയെയുമൊക്കെ മുംബൈക്ക് കൊണ്ടുവന്നാലോന്ന് ആലോചിച്ചുപോയി മനോജിന്റെ ഈ പോസ്റ്റ് വായിച്ചപ്പോൾ.

  47. ഏതെങ്കിലും ബ്ലോഗ്‌ ഉണ്ടോ …. മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് വേണ്ടി അണിചേരുന്നവര്‍ക്ക്‌ ഒരുമിക്കാന്‍ ? ഇല്ലെങ്കില്‍ ഒരെണ്ണം ഉണ്ടാക്കുക .
    അങ്ങനെ ആകുമ്പോള്‍ അഭിപ്രായങ്ങള്‍ എല്ലാം ഒരിടത്ത് കിട്ടും….

    പിന്നെ ആളുകളെ കൂട്ടുമ്പോള്‍ ഇത്രയും പേര്‍ ഇതിനു പിന്നാലെ ഉണ്ടെന്നു കാണിക്കുകയും ചെയ്യാല്ലോ…
    അതില്‍ പോസ്റ്റുകള്‍ ജില്ല തിരിച്ചു കൊടുക്കണം ….
    ഉദാഹരണത്തിന് : “ഞാന്‍ തിരുവനന്തപുരത്ത് മുല്ലപ്പെരിയാര്‍ പ്രശ്നത്തിനുവേണ്ടി എന്തിനും തയ്യാര്‍ ” ഇങ്ങനെ ഒരു പോസ്റ്റ്‌ …
    തയ്യാര്‍ ആയവര്‍ ആ പോസ്റ്റില്‍ കമന്റ്‌ ആയി അവരുടെ പേരും ഫോണ്‍ നമ്പറും/ഇ -മെയില്‍ ഇടട്ടെ … അങ്ങനെ നമുക്ക് ഓരോ ജില്ലയിലും ഗ്രൂപ്പുകള്‍ ഉണ്ടാക്കാം അതിനു ശേഷം കുറച്ചുപേര്‍ ചേര്‍ന്ന് ആ ജില്ലയില്‍ തന്നെ ഇവരുടെ ഒരു ഒത്തു ചേരല്‍ സംഘടിപ്പിക്കാം അവിടെ വച്ച് തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യാം…

    എനിക്ക് ഉറപ്പാണ്‌ നമുക്ക് ഒരുപാട് ആളുകളെ ഇതിനുവേണ്ടി സംഘടിപ്പിക്കാന്‍ കഴിയും…വഴി തടയലുകളും … വണ്ടി കത്തിക്കലും ഒന്നും വേണ്ട …
    അധികാരികളുടെ ഉറക്കം കെടുത്തുന്ന രീതിയിലുള്ള സമാധാനപരമായ സമര രീതികള്‍ കണ്ടുപിടിക്കണം… ഈ പ്രശ്നം പരിഹരിക്കാതെ കേരളത്തില്‍ ഇനി ഒന്നും വേണ്ട

  48. ഇന്ന് വൈകീട്ട് 04:30ന് എറണാകുളത്തെ മറൈൻ ഡ്രൈവിൽ കുറേയധികം ഓൺലൈൻ സുഹൃത്തുക്കൾ ഒന്നിച്ചുകൂടുന്നു. പരിപാടികൾ തീരുമാനിക്കാനാണിത്. സൌകര്യപ്പെടുന്നവർക്ക് എല്ലാവർക്കും വരാം. ജീവനോടെ ബാക്കിയായാലും കിടപ്പാടമൊക്കെ നഷ്ടപ്പെട്ട് തെരുവിലേക്ക് ഇറങ്ങേണ്ടി വരും. എന്നാൽ‌പ്പിന്നെ അത് അൽ‌പ്പം നേരത്തേ ആകുന്നതിൽ തെറ്റില്ലല്ലോ ?

  49. ഫേസ് ബുക്ക് മിക്കവാറും കമ്പനികളില്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ് … ബ്ലോഗ്‌ ആവും ചര്‍ച്ചകള്‍ക്ക് അഭികാമ്യം എന്നാണ് എന്റെ അഭിപ്രായം .

  50. MASS PETITION TO CHIEF MINISTER OOMEN CHANDY

    1) Please visit this page to register your compliant : http://cmcc.kerala.gov.in/fnd/online/mod/complaint/new.php

    2) Use the following template (update as required) for the complaint details column

    Dear Sir,

    I would request your kind attention to the Mullapperiyar Dam Issue. We are much worried about the present condition and we are raising our hands to avoid any disaster to our native. Please act to save our state and lives.

    Kind Regards,

  51. 999 years agreement is over with independebce. the agreement now using is one made by achuthamenon ministry, (vaiya mechamonnum illa randilum).
    tamil nadu is making problem because the fear they won’t get water. because,with new dam new agreement will come. so the price will increase, price for water, nw its free.

    agreement is broken by tamil nadu when the used the water for electricity. our govt didn’t object this production of electricty at supreem court in 2006

    agreement says water is for only drinking purpose (don’t know whether agriculture irrigation included. sure no electricity.)

    why kerala has to bear the cost of new dam for giving water to tamil nadu? the whole river and dam is an kerla. but controlled by tamil nadu. kerala cant do an isotope test in its own land,sorry water.

  52. “മുല്ലപ്പെരിയാറിനെ കുറിച്ച് പേടിയോടെ ഓര്‍ക്കാന്‍ അല്ലാതെ വേറെ എന്താണ് നമ്മെ കൊണ്ട് കഴിയുക! പോസ്റ്റുകളോ കമന്റ്റുകളോ വഴി നമ്മുടെ ആധി ഷെയര്‍ ചെയ്യാമെന്നല്ലാതെ വേറെ എന്തെങ്കിലും വഴിയുണ്ടോ! – Lipi”

    Here is one suggestion.

    മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ എന്തെങ്കിലും നടക്കണമെങ്കില്‍ മലയാളികള്‍ അവരവരുടെ MLA/ MP എന്നിവരെ കണ്ടു കാര്യങ്ങള്‍ അവരെ ബോധിപ്പിക്കണം. facebook ഇല്‍ like ഇട്ടു കളിച്ചിട്ടൊന്നും കാര്യമില്ല. facebook നോക്കിയിട്ടല്ല ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണാധികാരികള്‍ നിയമം ഉണ്ടാക്കുന്നത്. അതിന്റെ ആവശ്യവും ഇല്ല.

    And below are some specific steps for implementation.
    1. First collect contact details of all our MPs and MLAs and publish them in a web site. Phone numbers, emails, fax numbers, snail mail address etc.
    2. Research on the Mullapperiyar issue. All I am hearing on this issue, is just personal opinions at this point.
    3. Based on the research, prepare a message to be conveyed to our elected representatives. The message should contain the problem and all proposed solution.

    We can probably prepare a brief message and another detailed version with all proper references.
    4. Have a few 100 people belonging to the constituency of each of our MLAs and MPs contact them using the above message.
    5. Fine tune and repeat all above steps.

  53. ഇന്നത്തെ അവസ്ഥയില്‍ ഒരു വലിയ ആഗ്രഹമുണ്ട്. ഡാം പോട്ടുകയാനെന്കില്‍ നമ്മള്‍ നാട്ടിലുള്ള സമയത്ത് ആവട്ടെന്നു. കാരണം എല്ലാര്ക്കും ഒന്നിച്ചു മരിക്കാലോ!

  54. @ യാത്രികന്‍ – >>മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ എന്തെങ്കിലും നടക്കണമെങ്കില്‍ മലയാളികള്‍ അവരവരുടെ MLA/ MP എന്നിവരെ കണ്ടു കാര്യങ്ങള്‍ അവരെ ബോധിപ്പിക്കണം.<< നമ്മുടെ MLA/ MP മാര്‍ക്ക് ഈ വിഷയം അറിയില്ല, ഇനി നമ്മള്‍ ബോധിപ്പിച്ചാലേ അവരതറിയൂ എന്നാണോ യാത്രികാ! ഏതായാലും ഇനി ആ വഴിക്ക് കൂടി ശ്രമിച്ചില്ലെന്ന് വേണ്ടാ ! താഴെ അവരുടെ full details തരുന്ന ലിങ്ക് കൊടുക്കുന്നു. അതിനു താഴെ MP യോട് സംശയങ്ങള്‍ ചോദിക്കാന്‍ ഉള്ള ലിങ്കും (അതില്‍ ചോദിച്ചാല്‍ ഉത്തരം കിട്ടുമോ എന്ന് കണ്ടറിയണം!!)

    http://kerala-online.in/Administration/MPs.aspx

    http://www.mpmla.in/mp.php?stcode=S11&pcno=11

  55. ടീവിയില്‍ ഈ വാര്‍ത്തകള്‍ ഞെട്ടലോടെയേ കേള്‍ക്കാന്‍ പറ്റുന്നുള്ളൂ.
    ഇപ്പോള്‍ നിരക്ഷരന്‍ ഹൈക്കോടതി പരാമര്‍ശിച്ചപ്പോള്‍.., എന്റെ ഇക്കാക്കയും അവിടെയുണ്ട്.
    ദൈവം എല്ലാവരെയും കാത്തു രക്ഷിക്കട്ടെ..

  56. ഇന്നലെ വൈകിട്ട് എറണാകുളത്ത് നടന്ന മീറ്റിങ്ങിന്റെ വിവരം അറിയാന്‍ കാത്തിരിക്കുന്നു

  57. എല്ലാവരും പറയുമ്പോള്‍ എന്തെങ്കിലും മാറ്റം ഉണ്ടാകാതിരിക്കില്ല ..എന്ന് പ്രതീക്ഷിക്കാം ..

  58. ഇപ്പോള്‍ ഡാം സുരഷിതം ആണ് എന്നനാലോ നമ്മുടെ സര്‍ക്കാര്‍ പറയുന്നത്.,എന്തായാലും ഡാം തകര്‍ന്നാല്‍ ഞങളുടെ കാര്യം ഗോവിന്തയാകും മനോജ്ചേട്ടാ…മനുഷ്യന്‍ പ്രകൃതിയെ ദ്രോഹിച്ചാല്‍ അമ്മക്ക് എന്ത് ചെയാന്‍ കഴിയും …??? എനിട്ടും നാം നമ്മെ തന്നെ തിരുത്താന്‍ ശ്രമികുനില്ല എന്നതാണ് പരിതാപകരം ..

  59. ഇക്കാര്യത്തിൽ സുപ്രിംകോർട്ടിന്റെ മൌനവും കേന്ദ്രസർക്കാറിന്റെ മെല്ലപോക്കുമാണ് നമ്മേ ഭയപ്പെടുത്തുന്നത്.ഒരുപാടുപഠനങ്ങൾ,അത്രയേറെ നിരീക്ഷണങ്ങൾ എന്നിട്ടും ലക്ഷകണക്കിനു വരുന്ന ജനങ്ങളുടെ ജീവനും,ജീവിതവും ദുരന്തങ്ങളിൽ പെടാൻ പോകുന്നത് ഇവർ കാണാതെപോകുന്നു.ഈ ഉത്തരവാദിത്വമില്ലായിമെയാണു നാം ഭീതിയോടെ കാണണ്ടത്.തമിഴനു സാമന്യബോധവും,വിശേഷബുദ്ധിയും ഇല്ലന്നുപറയാം .പക്ഷേ പരമൊന്നതനീതിപീഠം എന്നു പറയുന്നത് എന്തിനു വേണ്ടിയാണ്..? ആർക്കുവേണ്ടിയാണ്..?

  60. സോറി മനോജ്‌ ചേട്ടന്‍. ഒരു ഹെല്പ് ആവശ്യമുള്ളത് കൊണ്ടാണ് നമ്പര്‍ ചോതിച്ചത്.മെയില്‍ അയച്ചാല്‍ മാറ്റര്‍ ഫുള്‍ മനസിലായില്ലെങ്കിലോ എന്ന് കരുതിയാണ്..സോറി ഇനി disturb ചെയില്ല.വഴക്ക് ഒന്നും അല്ല കേട്ടോ

  61. പ്രിയപ്പെട്ട മനോജ്,
    ഇടുക്കി ജില്ലയിൽ മുല്ലപ്പെരിയാറിന്റെ താഴെ പെരിയാറിന്റെ തീരത്തു തന്നെ സ്ഥിതി ചെയ്യുന്ന ഉപ്പുതറ എന്ന കൊച്ചു കുടിയേറ്റ ഗ്രാമത്തിലെ ഏക സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് അധ്യാപകൻ ആയി ഈവർഷം നിയമിതനായപ്പോൾ മാത്രമാണ് എനിക്ക് മുല്ലപ്പെരിയാർ എന്ന ‘പ്രശ്‌നവും’ അതുയർത്തുന്ന ഭീഷണികളും ‘ശരിക്കും’ മനസ്സിലായത്. ജോലി ചെയ്യുന്ന സ്ഥലവും യാത്ര ചെയ്യുന്ന സ്ഥലങ്ങളും ഏതു നിമിഷവും
    ഒലിച്ചു പോകാം എന്ന യാഥാർത്ഥ്യം…. അതിന്റെ ഭീകരത…. എന്തിന് ഞാൻ താമസിക്കുന്ന കോട്ടയം ജില്ലയിലെ എരുമേലി പോലും സുരക്ഷിതമല്ല എന്ന തിരിച്ചറിവ്. ഞാൻ പഠിപ്പിക്കുന്ന കുട്ടികളും എന്റെ സഹപ്രവർത്തകരും ഒന്നും സുരക്ഷിതരല്ല എന്ന ഭയാനക സത്യം. ഇനിയെന്തെഴുതണം എന്നറിയില്ല…..

    ഇന്നലേയും ഇന്നും ഹർത്താൽ ആണ്. നാളെ എങ്ങനെ കുട്ടികളെ ആശ്വസിപ്പിക്കും എന്നറിയില്ല.ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാനുകൾ എന്തെങ്കിലും അറിയാമായിരുന്നു എങ്കിൽ സാധാരണക്കാരിലേക്കും കുട്ടികളിലേയ്ക്കും എത്തിക്കാമായിരുന്നു… സഹായിക്കാമോ… താങ്കൾ കുറേ വർഷങ്ങളായി മുല്ലപ്പെരിയാർ പ്രശ്‌നത്തെക്കുറിച്ച് ആകുലപ്പെട്ടു വരികയായിരുന്നുവെന്ന് ഇന്റെനെറ്റ് സർഫിങ്ങിനിടയിൽ ഇന്നാണ് എനിക്ക് മനസ്സിലായത്. ഒട്ടു മിക്ക ബ്ലോഗുകളിലും മുല്ലപ്പെരിയാർ വിഷയത്തെപ്പറ്റി മനോജ് ആകുലപ്പെട്ടു കണ്ടു. നന്ദി…..എന്റെ ബ്ലോഗിൽ (http://english4keralasyllabus.blogspot.com)കിട്ടാവുന്നിടത്തോളം ലേഖനങ്ങളും മറ്റും ഞാനും ശേഖരിച്ച് ചേർത്തിട്ടുണ്ട്. കൂടുതലായി ചേർക്കേണ്ടവയെപ്പറ്റി അറിയിക്കാമോ ?

    ഇനി ഞാൻ എന്താണ് ചെയ്യേണ്ടത് ?

  62. @ അക്ഷി – എന്റെ ഫോൺ നമ്പർ ബ്ലോഗിലൂടെ ഫ്ലാഷ് ചെയ്യേണ്ടന്ന് കരുതിയാണ് ഞാൻ മിണ്ടാതിരുന്നത്. ഫോൺ നമ്പർ ചോദിച്ചുകൊണ്ട് ഒരു മെയിൽ അയച്ചിരുന്നെങ്കിൽ എപ്പോഴേ അത് കിട്ടുമായിരുന്നു. താങ്കളുടെ മെയിൽ ഐഡി എനിക്കറിയാൻ മാർഗ്ഗമൊന്നും ഇല്ല. എന്റെ മെയിൽ ഐഡി താങ്കൾക്ക് കിട്ടാൻ എന്റെ ബ്ലോഗ് പ്രൊഫൈൽ നോക്കിയാൽ മാത്രം മതി.

  63. @ rajeevjosephkk – ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാൻ / എമർജൻസി ഇവാക്കുവേഷൻ പ്ലാൻ എന്നിവയൊക്കെ ചേർത്ത് ഒരു ലേഖനം തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. ഡിസംബർ 1ന് പബ്ലിഷ് ചെയ്യുന്നതാണ്.

  64. മുല്ലപ്പെരിയാര്‍ വിഷയം ആദ്യം ബൊള്ഗിലൂടെ പകര്‍ത്തിയ നിരക്ഷരന്റെ ബോല്ഗ് ആണ് ഞാന്‍ ആദ്യം വായിച്ചു തുടങ്ങുന്ന ബ്ലോഗ്‌ …പിന്നീട് വായിച്ചു തുടങ്ങിയ അന്ന് മുതല്‍ ഇന്ന് വരെ ഒരെണ്ണം പോലും നഷ്ടപ്പെടാതെ വായിക്കുന്ന ബെര്‍ലിതരങ്ങളും ,ശേഷം ഇഷ്ടപ്പെട്ടു വായിക്കുന്ന വള്ളിക്കുന്ന് ബ്ലോഗും. ..എന്റെ പ്രിയപ്പെട്ട ഈ ബോഗ്ഗെര്‍മാര്‍ ഈ വിഷയത്തില്‍ അനുനിമിഷം പൊരുതി പത്രമാധ്യമാങ്ങളെക്കള്‍ ബ്ലോഗ്‌ എന്നാ മാധ്യമത്തിന്റെ പ്രസക്തിയും ശേഷിയും തെളിയിചു കൊണ്ടിരിക്കുകയും ചെയ്യുന്നതിലൂടെ വീണ്ടും വീണ്ടും എന്റെ ബ്ലോഗ്‌ വായനയിലെ തിരഞ്ഞെടുക്കലിനു എനിക്ക് തന്നെ സാധൂകരണം ലഭിച്ചിരിക്കുന്നു ..പ്രോജ്വലം ..നിങ്ങളുടെ ഈ ഒരുമയും പ്രവൃത്തിയും ..അഭിവാദ്യങ്ങള്‍ .

  65. മുൻപ് ഇവിടെ ഒരു കമന്റ് ഇട്ടതാണ്. അന്ന് മനസ്സിൽ തോന്നി എങ്കിലും നടക്കാൻ സാദ്ധ്യതയില്ലെന്ന് കരുതിയതുകൊണ്ട് എഴുതാതെ പോയത് ഇപ്പോൾ ചേർക്കുന്നു. മുല്ലപ്പെരിയാർ ഡാമും, ഇടുക്കി ഡാമും എല്ലാം തകർന്ന് പെരിയാറിലെ വെള്ളം കുത്തിയൊലിച്ച് ഇങ്ങ് എറണാകുളത്തെ എത്തുമ്പോൾ എറണാകുളത്തിന്റെ സ്ഥിതി എന്താവും? ആലുവ കഴിഞ്ഞാൽ അത്യന്തം അപകടകർമായ രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്ന നിരവധി വ്യവസയശാലകൾ, അമ്മൊണിയയും, ക്ലോറിനും, എന്തിന് രാസകീടനനാശിനികൾ വരെ ഉത്പാദിപ്പിക്കുന്ന വലിയ വ്യവസായങ്ങൾ, ദശലക്ഷക്കണക്കിന് ഡീസൽ, പെട്രോൾ ക്രൂഡ് ഓയിൽ എന്നിവയുടെ സംഭരണികളും, വ്യവസായങ്ങളും. നഗരത്തിനടിയിലൂടെ തലങ്ങും വിലങ്ങും പോകുന്ന പെട്രോളിയം പൈപ്പുകൾ, ഇങ്ങനെ എല്ലാം ചേർന്ന് തീയും, വിഷവും വെള്ളവും ചേർന്ന ഒരു സംഹാരതാണ്ഡവം ആവില്ലെ എറണാകുളത്ത്? എന്ത് സംവിധാനത്തിലൂടെയാണ് ഇതിന്റെ ആഘാതം കുറയ്ക്കാൻ സധിക്കുക? നഗരം വിട്ട് പാലായനം ചെയ്താലും ഇവിടെ തിരിച്ചെത്താൻ പിന്നീട് സമീപ ഭാവിയിൽ സാധിക്കുമോ?

  66. ഒരു വെള്ളപ്പൊക്കം ഉണ്ടാകുന്നതിന് മുൻപും പിൻപും എന്തൊക്കെ ചെയ്യണം. ഈ ലിങ്ക് വഴി പോയി വായിച്ച് മനസ്സിലാക്കി വെക്കുന്നത് ഗുണം ചെയ്തെന്ന് വരും. ഒർന്നുമില്ലെങ്കിലും അറിവ് വർദ്ധിപ്പിക്കാമല്ലോ.

Leave a Reply to Villagemaan/വില്ലേജ്മാന്‍ Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>