സത്യത്തിൽ ഇന്നത്തെ മാതൃഭൂമി പത്രത്തിന്റെ ഒന്നാം പേജിൽ മേലറ്റം മുതൽ കീഴറ്റം വരെ മാനേജിങ്ങ് എഡിറ്റർ പി.വി.ചന്ദ്രൻ എഴുതിപ്പിടിപ്പിച്ചിരിക്കുന്ന ഗീർവാണം വായിച്ച് അന്തംവിട്ടിരിക്കുകയാണ്. അതിൽ നിന്നുള്ള ചില വരികൾ മാത്രം ഇവിടെ സന്ദർഭോചിതമായി കുറിച്ചിട്ടുകൊണ്ട് വിഷയത്തിലേക്ക് കടക്കാം.
എഡിറ്റർ ശ്രീ.പി.വി.ചന്ദ്രൻ പറയുന്നത്…….
ജനങ്ങൾക്കൊപ്പമുള്ള ജാഗ്രതയേറിയ യാത്രയെക്കുറിച്ചാണ് ചരിത്രം എന്നും മാതൃഭൂമിയെ ഓർമ്മിപ്പിച്ചിട്ടുള്ളത്. വർത്തമാനകാലത്തും അതിന്റെ രക്ഷാകവചം കൈവിടാത്ത മൂല്യങ്ങളാണ്. അതിന്റെ നിതാന്തമായ പ്രതീക്ഷ ആ മൂല്യങ്ങളെ വിലമതിക്കുന്ന ഒരു ജനതയുടെ സാംസ്ക്കാരികമായ ഉണർവാണ്. സത്യം പറയാനുള്ള മാതൃഭൂമിയുടെ ആർജ്ജവം ഇതുവരെ നഷ്ടപ്പെട്ടിട്ടില്ല. ഈ പത്രത്തിന് സങ്കുചിതമായ നിക്ഷിപ്ത താൽപ്പര്യങ്ങൾ ഇല്ല. ഞങ്ങൾ നിന്നത് ശരിയുടെ പക്ഷത്താണ്. ഒരു സംസ്ക്കാരം വളർത്തുന്നുവെന്ന് ഞങ്ങൾ അവകാശപ്പെടുമ്പോഴും അത് അംഗീകരിക്കാൻ ജനങ്ങൾ കൂടെയുണ്ടെന്നുള്ളത് ഞങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നു. ജനാധിപത്യത്തിന്റെ കാതലായ ആശയസംവാദങ്ങളുടെ തുറന്നവേദി മാതൃഭൂമി തന്നെയായിരുന്നു. മനുഷ്യജീവിതം മഹത്തായൊരു ബാദ്ധ്യതയാണ് എന്നാണ് മാതൃഭൂമി തുടങ്ങുമ്പോൾ അതിന്റെ പത്രാധിപർ ആദ്യമെഴുതിയ വാചകം. സമൂഹത്തിന്റെ തുറന്ന അഭിപ്രായങ്ങളുടെ ബഹുസ്വരതയാണ് മാതൃഭൂമിയുടെ ശക്തി. ആവിഷ്ക്കാരസ്വാതന്ത്ര്യം അതിന്റെ മജ്ജയും മാംസവുമാണ്. ആ സംസ്ക്കാരത്തിന്റെ രക്ഷാദൌത്യം ഏറ്റെടുത്തുകൊണ്ട് മാതൃഭൂമി അതിന്റെ അക്ഷരലോകത്തെ കാക്കാൻ ജാഗ്രതയോടെ നിലകൊള്ളുക തന്നെ ചെയ്യും.
ഓൺലൈനിൽ എന്റെ ബ്ലോഗിലും സൈറ്റിലുമൊക്കെ എഴുതിയിട്ടിരുന്ന സ്പെയ്ൻ യാത്രാവിവരണങ്ങളും ഫ്രാൻസ് യാത്രാവിവരണങ്ങളും കാരൂർ സോമൻ എന്ന അപരനാമധാരിയായ ഡാനിയൽ സാമുവൽ, എന്റെ ഭാര്യയുടേയും മകളുടേയും പേരടക്കം വള്ളിപുള്ളിവിടാതെ വിടാതെ പ്രസിദ്ധീകരിക്കാൻ കൂട്ടുപിടിച്ചത് മാതൃഭൂമി എന്ന പ്രസാധകരെയാണെന്നുള്ളത് ഇതിനകം ചിലർക്കെങ്കിലും അറിയാവുന്നതാണല്ലോ ? ഇതുവരെ അറിയാത്തവർക്ക്, ഈ ലിങ്ക് വഴി പോയാൽ കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം.
പുസ്തകം കോപ്പിയടിച്ചതാണെന്ന് പൂർണ്ണബോദ്ധ്യമായ മാതൃഭൂമി അത് പിൻവലിച്ചുകൊണ്ട് എനിക്ക് കത്തയച്ചെങ്കിലും അവരത് പിന്നെയും വിറ്റുകൊണ്ടേയിരുന്നു എന്നതിന്റെ തെളിവുകളും ഞാൻ ഈ സൈബർ ലോകത്ത് ഹാജരാക്കിയിട്ടുള്ളതാണ്.
സ്വന്തം സൃഷ്ടി കോപ്പിയടിക്കപ്പെടുകയും ഇത്രയും വലിയ മൂല്യങ്ങളൊക്കെ പറയുന്ന മാതൃഭൂമിയെപ്പോലുള്ള ഒരു പ്രസിദ്ധീകരണസ്ഥാപനം അത് അച്ചടിച്ചിറക്കുകയും ചെയ്തപ്പോൾ, എന്നെപ്പോലൊരാളുടെ കൊച്ചുമനസ്സും വേദനിക്കുന്നുണ്ടെന്ന് മനസ്സിലാക്കാനുള്ള സഹൃദയത്ത്വം ശ്രീമാൻ പി.വി.ചന്ദ്രന് ഉണ്ടാകണമെന്ന് അപേക്ഷയുണ്ട്.
പുസ്തകം പിൻവലിച്ചെന്ന് പറഞ്ഞ് ഒരു കത്തയച്ചതുകൊണ്ട് മാത്രം കാര്യമായില്ലല്ലോ ? ഇന്നാട്ടിൽ കോപ്പിറൈറ്റ് സംബന്ധിയായ എന്തെങ്കിലും നിയമമുണ്ടെങ്കിൽ അതുവഴി കാരൂർ സോമനേയും മാതൃഭൂമിയേയും പോലുള്ള കുറ്റവാളികൾ സമൂഹത്തിന് മുന്നിൽ വരണമല്ലോ ? കുറ്റത്തിനുള്ള ശിക്ഷ ഏറ്റുവാങ്ങി ഒരു നിയമ വ്യവസ്ഥ നടപ്പിലാകുന്ന സാഹചര്യം ഉണ്ടാകണമല്ലോ ? ആയതിനാൽ, നീതി ലഭിക്കുന്നതിനായി ഞാൻ കോടതിയിലേക്ക് നീങ്ങി. എന്റെ നാല് വക്കീൽ നോട്ടീസുകൾ കൈപ്പറ്റാതെ Addressee gone away എന്ന മറുപടി റോയൽ മെയിൽ വഴി തന്നുകൊണ്ട് കാരൂർ സോമൻ മുങ്ങിനടക്കുകയാണ്. മാതൃഭൂമിക്ക് അയച്ച വക്കീൽ നോട്ടീസിന് മറുപടി കിട്ടി. അത് താഴെ ചേർക്കുന്നു.
ഞാനതിന്റെ മലയാള പരിഭാഷ പൂർണ്ണമായി അക്ഷരംപ്രതി എഴുതിയുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിലും പ്രസക്തമായ ചില വരികളും അതിന് എനിക്ക് പറയാനുള്ള മറുപടിയും താഴെക്കുറിക്കുന്നു.
എന്റെ വക്കീൽ ശ്രീ. ഹരിരാജ് മുഖാന്തിരം മാതൃഭൂമി ഇപ്രകാരം എന്നോട് പറയുന്നു.
താങ്കളയച്ച നോട്ടീസിലുള്ള തർക്കവും ആരോപണങ്ങളും അവകാശവാദവും ശരിയായ വസ്തുതകളെ ആധാരമാക്കിയല്ല എന്ന കാരണത്താൽ ഞങ്ങൾ വ്യക്തമായും നിഷേധിക്കുന്നു. സാഹിത്യകൃതികൾക്ക് നിലവിലുള്ള ഇന്ത്യൻ നിയമം അനുസരിച്ചുള്ള ഒരു പരിരക്ഷയും താങ്കളുടെ കൃതികൾക്കില്ല. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ബ്ലോഗ് സ്പോട്ടിൽ ആ യാത്രാവിവരണങ്ങൾ പ്രസിദ്ധീകരിക്കുമ്പോൽ ക്രിയേറ്റീവ് കോമൺ ആട്രിബ്യൂഷൻ ഒന്നും അതിന് നൽകിയിരുന്നില്ല. ഞങ്ങൾ കാരൂർ സോമന്റെ പുസ്തകം പിൻവലിച്ചിരുന്നുവെങ്കിലും നല്ല വിശ്വാസത്തിലും ഞങ്ങളുടെ അവകാശങ്ങളെപ്പറ്റിയും പരിഹാരങ്ങളെപ്പറ്റിയും മുൻധാരണയില്ലാതെയാണ് അത് ചെയ്തത്. ഇന്ത്യൻ കോപ്പി റൈറ്റ് നിയമങ്ങൾ പ്രകാരം ഇപ്പറഞ്ഞ യാത്രാവിവരണങ്ങൾ ‘ഇന്ത്യൻ യത്നം’ അല്ല. അതുകൊണ്ടുതന്നെ അതിന് ഇന്ത്യൻ കോപ്പിറൈറ്റ് നിയമപരിരക്ഷയും ഇല്ല. മാത്രമല്ല ആരോപിക്കപ്പെട്ടതും ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ളതുമായ ഈ ബ്ലോഗിൽ താങ്കൾ എന്തെങ്കിലും അവകാശവാദമോ ആട്രിബ്യൂഷനോ നൽകാൻ പരാജയപ്പെട്ടതുകൊണ്ട് അതിൽ വരുന്ന ഉള്ളടക്കം വിലക്കുകളൊന്നുമില്ലാതെ കാണാവുന്നതോ പങ്കുവെക്കാവുന്നതോ ആണ്. ഈ യാത്രാവിവരണങ്ങൾ ആദ്യം ഇന്ത്യയിൽ പ്രസിദ്ധീകരിക്കാത്തതുകൊണ്ടും ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ബ്ലോഗ് സ്പോട്ടിൽ പ്രസിദ്ധീകരിച്ചതുകൊണ്ടും ഇന്ത്യയിൽ നിയമ നടപടിക്കുള്ള സാദ്ധ്യതകളൊന്നും ഉദിക്കുന്നില്ല.
താങ്കൾ പൂർണ്ണമായും ഗൂഗിളും ബ്ലോഗറും അനുശാസിക്കുന്ന ടേംസ് & കണ്ടീഷൻസിന് പർമിമിതപ്പെട്ടിരിക്കുന്നു. ബ്ലോഗറിൽ പ്രസിദ്ധപ്പെടുത്തിയതോടെ താങ്കളുടെ കൃതി പൊതുമണ്ഡലത്തിലുള്ള ഒന്നായി മാറുകയും അത് അമേരിക്കയിലെ കാലിഫോർണിയയിലെ ഭേദഗതികൾക്ക് അനുസരണപ്പെട്ട ഒന്നായി മാത്രം മാറിയിരിക്കുകയും ചെയ്യുന്നു.
ഇനി മാതൃഭൂമിയോടും പി.വി.ചന്ദ്രനോടും എനിക്ക് ചോദിക്കാനും പറയാനുമുള്ളത്….
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അനാഥമായി കുറച്ച് തേങ്ങകൾ കിടക്കുന്നത് കണ്ട് ആരെങ്കിലും അതെടുത്ത് നിങ്ങളുടെ ഓഫീസിലെത്തിച്ചാലുടൻ, അത് പൊതുസ്ഥലത്ത് കിടന്നിരുന്നതാണെന്ന ന്യായീകരണത്തോടെ, മാതൃഭൂമി ആ തേങ്ങകൾ പൊതിച്ച് മിഠായിത്തെരുവിൽ കൊണ്ടുപോയി വെച്ച് വിറ്റ് കാശാക്കുമോ ?
ഇതാണോ ശ്രീമാൻ പി.വി.ചന്ദ്രൻ താങ്കളും മാതൃഭൂമിയും ഇടയ്ക്കിയ്ക്ക് ഘോഷിച്ചുപോരുന്ന മാതൃഭൂമിയുടെ സംസ്ക്കാരം ? ഈ സംസ്ക്കാരമാണോ പത്രത്തോടൊപ്പം നിങ്ങൾ വളർത്തിയെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ? ഒരാൾ പണം മുടക്കി കഷ്ടപ്പെട്ട് യാത്ര ചെയ്ത് എഴുതിയിടുന്ന വിവരണങ്ങൾ മോഷ്ടിച്ചെടുത്ത് പ്രസിദ്ധീകരിച്ചശേഷം, ഇത്തരം ന്യായീകരണങ്ങളിലൂടെ അത് സ്വന്തമാക്കാൻ ശ്രമിക്കുന്നതാണോ മാതൃഭൂമിയുടെ അന്തസ്സ് ? ഇതാണോ നിങ്ങൾ ഒപ്പം നിൽക്കുന്നെന്ന് വീമ്പിളക്കുന്ന ശരിയുടെ പക്ഷം ?
ഇനി അഥവാ നിങ്ങൾക്ക് അത്താഴപ്പട്ടിണിയാണെന്നും വിശപ്പ് സഹിക്കുന്നില്ലെന്നും പറഞ്ഞാൽ, എത്രയോ പേരുകേട്ട എഴുത്തുകാർ, കഞ്ഞിക്കുള്ള വക കിട്ടിക്കോട്ടെ എന്ന ഔദാര്യത്തോടെ നല്ല ലേഖനങ്ങളും കഥകളും കവിതകളും നോവലുകളുമൊക്കെ എഴുതി സൌജന്യമായിട്ട് തരാൻ സന്നദ്ധരായി മുന്നോട്ട് വരും. അതിനുള്ള സാഹിത്യപരമായ വ്യക്തിബന്ധങ്ങളൊക്കെ നിങ്ങൾക്കില്ലേ ? അങ്ങനെ കിട്ടുന്നതെല്ലാം അച്ചടിച്ച് വിറ്റ് കോടികൾ സമ്പാദിക്കാമെന്നിരിക്കെ എന്നെപ്പോലുള്ളവരുടെ പിച്ചപ്പാത്രത്തിലെന്തിനാണ് കൈയ്യിട്ട് വാരണം ? എന്നിട്ടതിന്റെ ഇല്ലാത്ത നിയമവശങ്ങൾ പറഞ്ഞെന്തിന് സ്വയം അപഹാസ്യരാകണം ?
നിങ്ങൾ അൽപ്പമെങ്കിലും മലയാള സാഹിത്യത്തിനും ഭാഷയ്ക്കും അക്ഷരങ്ങൾക്കും വേണ്ടി നിലകൊള്ളുന്നവരാണെങ്കിൽ, കാരൂർ സോമനെപ്പോലുള്ള ഒരു സാഹിത്യചോരന്റെ കെണിയിൽ വീണുപോയതാണെന്നും ഉത്തരവാദിത്വം ഇല്ലാത്ത എഡിറ്റർമാരുടേയും ജോലിക്കാരുടെയും കെടുകാര്യസ്ഥതയുടെ ഭാഗമായി സംഭവിച്ച് പോയ അബദ്ധമാണ് ‘സ്പെയിൻ കാളപ്പോരിന്റെ നാട്ടിൽ‘ എന്ന പുസ്തകമെന്നും ഏറ്റുപറഞ്ഞ് എനിക്കൊപ്പം നിൽക്കുകയാണ് വേണ്ടിയിരുന്നത്. അപ്പോഴാണ് മാതൃഭൂമി ഒരു നല്ല സംസ്ക്കാരം പത്രത്തോടൊപ്പം പ്രചരിപ്പിക്കുന്നുണ്ടെന്ന് ജനങ്ങൾക്ക് ബോദ്ധ്യമാകുക.
അങ്ങനെ എന്തെങ്കിലും ചെയ്യാനാകുമെങ്കിൽ ഇനിയും സമയമുണ്ട്. നിങ്ങളെ സ്വയം ന്യായീകരിക്കേണ്ട ആവശ്യം വരുമ്പോൾ, മറ്റ് വാർത്തകൾ എല്ലാം മാറ്റിവെച്ച് പത്രത്തിന്റെ ഒന്നാം പേജ് മുഴുവൻ അതിനായി ഉപയോഗപ്പെടുത്താറില്ലേ ? ഇന്ന് (30. ജൂലായ് 2018) എഴുതിയിരിക്കുന്ന എഡിറ്റോറിയൽ പോലും അങ്ങനെയുള്ള ഒന്നല്ലേ ? അതുപോലെ ഈ സാഹിത്യചോരണവിഷയത്തിലും, തെറ്റുപെറ്റിപ്പോയെന്ന് ഒന്നാം പേജിൽത്തന്നെ വിശദമായി പ്രതികരിക്കാൻ തയ്യാറാകണം. എന്നിട്ട് മതി മാതൃഭൂമിയുടെ പാരമ്പര്യവും ചരിത്രദൌത്യവും മൂല്യവും സംസ്ക്കാരവുമൊക്കെ വീമ്പിളക്കുന്നത്. അങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്യാത്തിടത്തോളം കാലം, ഏറ്റവും കുറഞ്ഞത് എനിക്കെങ്കിലും, കേരളത്തിലുള്ള മറ്റ് നാലാം കിട പത്രങ്ങൾ പോലെ തന്നെയുള്ള ഒരു പത്രം മാത്രമാണ് മാതൃഭൂമിയും. മത്സ്യം പൊതിയാനോ ടോയ്‌ലറ്റ് പേപ്പറായി ഉപയോഗിക്കാനോ ചെരുപ്പിലെ ചെളി തുടച്ച് മാറ്റാനോ ഉപയോഗിക്കാൻ പോന്ന ഒരു കടലാസ് മാത്രം.
ഇന്ന് രാവിലെ മാനേജിങ്ങ് എഡിറ്ററുടെ ഗീർവാണം കണ്ടതുകൊണ്ട് മാത്രമാണ് ഇത്രയും പറഞ്ഞുപോയത്. തൽക്കാലം നിറുത്തുന്നു. ഒരുപാട് എഴുത്തും വായനയുമുള്ള കൂട്ടരും വലിയ പത്രമുടമയും പ്രസാധകനും ഒക്കെ ആയതുകൊണ്ട് ദാവീദിന്റെയും ഗോലിയാത്തിന്റേയും കഥ ഞാനായിട്ട് പറഞ്ഞ് തരേണ്ടതില്ലല്ലോ ?
വാൽക്കഷണം:- ബ്ലോഗേർസും ഓൺലൈൻ എഴുത്തുകാരും ഇനി അറിഞ്ഞില്ല പറഞ്ഞില്ലാന്നൊന്നും പരാതി പറയരുത്. പബ്ലിക്ക് ഡൊമൈനിൽ കിടക്കുന്ന നിങ്ങളുടെ സൃഷ്ടികൾ ഓരോന്നും, മാതൃഭൂമിയെപ്പോലുള്ള മാദ്ധ്യമവല്ല്യേട്ടന്മാർക്കും മുത്തശ്ശിമാർക്കും അവരുടെ സൌകര്യം പോലെ അച്ചടിച്ച് വിറ്റ് കാശാക്കാൻ വേണ്ടിയുള്ള പടപ്പുകൾ മാത്രമാണ്. ആരും വരില്ല ചോദിക്കാനും പറയാനും. ഉണ്ടെങ്കിൽത്തന്നെ അവരൊക്കെ അങ്ങ് അമേരിക്കയിലെ കാലിഫോർണിയയിലാണുള്ളത്.
കഷ്ടം തന്നെ മാത്രൂമീ…
മാറൂമിയൊക്കെ ഇപ്പോഴും വായിക്കുന്നവർ ഉണ്ടോ ?