സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള കോപ്പിയടിച്ചിരുന്നോ ?


66 (2)

വിഷ്ക്കാര സ്വാതന്ത്ര്യവും എഴുത്തുകാർക്ക് കൂച്ചുവിലങ്ങിടുന്നതിലെ നീതികേടുമൊക്കെയാണല്ലോ മലയാള സാഹിത്യത്തിൽ ഇപ്പോൾ പ്രധാനമായി നടക്കുന്ന ചർച്ച. അത്തരം ചർച്ചകളും ബഹളങ്ങളും നടക്കുന്ന അതേ സമയത്ത് പത്രവാർത്തയായി വന്നിട്ടുപോലും കാര്യമായി ഗൌനിക്കപ്പെടാതെ പോയ മറ്റൊരു നീതികേടിലേക്ക് ശ്രദ്ധ ക്ഷണിക്കാൻ ആഗ്രഹിക്കുന്നു.

‘മാപ്പുപറയില്ല, നിലപാടുകളിൽ ഉറച്ചുനിൽക്കും എസ്.രമേശൻ‘, എന്ന തലക്കെട്ടോടെ മാതൃഭൂമി പത്രത്തിൽ 2018 ജൂലെ 28ന് വന്ന വാർത്ത ഇവിടെ പങ്കുവെച്ചുകൊണ്ട് തുടങ്ങാം.

s. rameshan
                                                     മാതൃഭൂമി – 2018 ജൂലായ് 28

അനഭിമതമായ ലേഖനം പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് പാർട്ടി നിർദ്ദേശപ്രകാരം ഗ്രന്ഥാലോകം എന്ന മാസികയുടെ പത്രാധിപ സ്ഥാനത്തുനിന്ന് നീണ്ട പന്ത്രണ്ട് വർഷത്തെ സേവനത്തിന് ശേഷം ശ്രീ. എസ്.രമേശന് രാജിവെക്കേണ്ടി വന്നിരിക്കുന്നു. ഇതാണ് ആ പത്രവാർത്തയുടെ രത്നച്ചുരുക്കം.  ഇനി എന്താണ് ഗ്രന്ഥാലോകത്തിൽ വന്ന അനഭിമതമായ ആ ലേഖനമെന്ന് പരിശോധിക്കാം.

SVADESHABHIMANI 1 - Copy
          ഗ്രന്ഥാലോകം – 2018 ജനുവരി ലക്കം

ഗ്രന്ഥാലോകത്തിന്റെ 2018 ജനുവരി ലക്കത്തിൽ 37 പേജുകളിലൂടെയും പുറം ചട്ടയിലൂടെയും പത്രപ്രവർത്തകനായ രാമചന്ദ്രൻ പറയുന്ന വിഷയമാണ് വിവാദത്തിനും പത്രാധിപരുടെ രാജിക്കുമെല്ലാം കാരണം. സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയുടേതാണ് ഇന്ത്യയിൽ എഴുതപ്പെട്ട ആദ്യത്തെ കാൾ മാക്സ് ജീവചരിത്രമെന്നാണ് ഇതുവരെ എല്ലാവരും വിശ്വസിച്ച് പോന്നിരുന്നതെങ്കിൽ, അതങ്ങനെയല്ലെന്നും, സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ലാലാ ഹർ‌ദയാൽ എഴുതിയ ‘കാൾ മാക്സ് ആധുനിക ഋഷി’ (Carl Max A modern Rishi) എന്ന ജീവചരിത്രത്തിന്റെ മോഷണമാണെന്നുമാണ് കാര്യകാരണസഹിതം ശ്രീ.രാമചന്ദ്രൻ സമർത്ഥിക്കുന്നത്.

കൊൽക്കത്തയിൽ രാമാനന്ദ് ചാറ്റർജി പത്രാധിപരായ ‘മോഡേൺ റിവ്യൂ’ എന്ന മാസികയുടെ 1912 മാർച്ച് ലക്കത്തിൽ വന്ന ലാലാ ഹർദയാൽ എഴുതിയ ദീർഘ ജീവചരിത്രമാണ് ആദ്യത്തെ ഇന്ത്യൻ മാക്സ് ജീവചരിത്രമെന്ന് രാമചന്ദ്രൻ പറയുന്നത്, 1912 ഓഗസ്റ്റ് 4 ആണ് രാമകൃഷ്ണപ്പിള്ളയുടെ മാക്സ് ജീവചരിത്രം പ്രസിദ്ധീകരിച്ച തീയതി എന്നതിന്റെ അടിസ്ഥാനത്തിലാണ്. എന്നുവെച്ചാൽ രാമകൃഷ്ണപ്പിള്ളയ്ക്കും നാല് മാസം മുൻപാണ് ലാലാ ഹർദയാൽ മാക്സ് ജീവചരിത്രം എഴുതിയത്.

ഈ രണ്ട് ജീവചരിത്രവും പഠനവിഷയമാക്കിയതോടെ രാമചന്ദ്രന് തന്റെ കൂടുതൽ നിരീക്ഷണങ്ങളുമായി മുന്നോട്ടുവരുന്നു. അതായത് ലാലാ ഹർദയാലിന്റെ ജീവചരിത്രത്തിലെ ആദ്യപാരഗ്രാഫ് ഒഴികെയുള്ളത് രാമകൃഷ്ണപ്പിള്ള മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിരിക്കുന്നു. അതേസമയം മാർക്സിയൻ ദർശനങ്ങളോട് ഹർദയാൽ പ്രകടിപ്പിക്കുന്ന വിയോജിപ്പുകൾ രാമകൃഷ്ണപ്പിള്ള ഒഴിവാക്കിയിട്ടുണ്ട്. ഹർദയാലിന്റെ ഉദ്ധരണികൾ അതേപടി പിള്ളയും എടുത്തെഴുതിയിരിക്കുന്നു. രാമചന്ദ്രന്റെ ഭാഷയിൽ പറഞ്ഞാൽ ‘ഒരു ന്യായവുമില്ലാത്ത കൊള്ളയാണ്’ നടന്നിരിക്കുന്നത്.  കടുത്തവിമർശനം തന്നെ രാമകൃഷ്ണപ്പിള്ളയ്ക്കെതിരെ രാമചന്ദ്രൻ നടത്തുന്നുണ്ട്, പഠനത്തിൽ. അതിങ്ങനെയാണ്. “നല്ല പത്രപ്രവർത്തകനാകാൻ എന്തും നന്നായി ചെയ്യാനുള്ള സ്വഭാവ മഹിമയുണ്ടാകണം. രാമകൃഷ്ണപ്പിള്ള ആ പരീക്ഷയും പാസ്സാവില്ലെന്നു വ്യക്തമാക്കുന്നതാണ്, ഹർദയാൽ എഴുതിയ ജീവചരിത്രം പിള്ള കോപ്പിയടിച്ച സംഭവം. ഹർദയാലിന്റെ ബൌദ്ധിക സ്വത്തവകാശത്തിന്മേലുള്ള ഈ കൈയേറ്റം നാടുകടത്തിലിനുമപ്പുറമുള്ള ശിക്ഷ അർഹിക്കുന്ന ഒന്നാണ്.”

മാർക്സിസ്റ്റ് ചരിത്രകാരനായ കിരൺ മയിത്ര ഈ ‘ചോരണം’ ശ്രദ്ധിക്കുകയും ‘അതീവ സാമ്യമുള്ള ഒരു ജീവചരിത്രക്കുറിപ്പ്’ എന്ന് എടുത്ത് പറയുകയും ചെയ്തപ്പോൾ അവസരമുണ്ടായിട്ട് പോലും പി.സി.ജോഷി, കെ.ദാമോദരൻ എന്നിവർ അത് കണ്ടതായി നടിച്ചില്ല എന്ന് രാമചന്ദ്രൻ കുറ്റപ്പെടുത്തുന്നു. ‘മാർക്സ് കംസ് റ്റു ഇന്ത്യ‘ എന്ന പുസ്തകത്തിൽ ഹർദയാലിന്റെ മാക്സ് ജീവചരിത്രവും കെ.പി.മോഹനൻ ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്ത രാമകൃഷ്ണപ്പിള്ളയുടെ ജീവചരിത്രവും ഉണ്ടെന്നിരിക്കേ മോഷണം നടന്നിട്ടുണ്ടോ എന്നും  അത് ഏത് തോതിൽ നടന്നിരിക്കുന്നു എന്നും കണ്ടെത്താൻ ഒരു ബുദ്ധിമുട്ടുമില്ല.

വിവാദമാകാൻ സാദ്ധ്യതയുള്ള ഒരു ലേഖനം പ്രസിദ്ധീകരിക്കുമ്പോൾ, ഏതൊരു പത്രാധിപരും രേഖകളും തെളിവുകളുമൊക്കെ നിരത്തി കൂട്ടിയും കിഴിച്ചും നോക്കാതിരിക്കില്ലല്ലോ ? അത്തരത്തിൽ ബോദ്ധ്യം വന്നതുകൊണ്ടാണ് രാമചന്ദ്രന്റെ ലേഖനം ഗ്രന്ഥാലോകത്തിൽ പ്രസിദ്ധീകരിച്ചതെന്ന് എസ്.രമേശൻ പറയുന്നു. മാത്രമല്ല, ജനാധിപത്യപരമായ രീതിയിൽ എതിരഭിപ്രായമുള്ളവർക്ക് പറയാനുള്ള തുടർന്നുള്ള ലക്കങ്ങളിൽ പറയാനും പത്രാധിപർ അവസരം കൊടുത്തു. ശ്രീ. പിരപ്പൻ‌കോട് മുരളി, ശ്രീ.കാർത്തികേയൻ നായർ എന്നിവർക്ക് പറയാനുള്ള വിയോജനക്കുറിപ്പികളും അത്തരത്തിൽ ഗ്രന്ഥാലോകം മാസികയിൽത്തന്നെ പ്രസിദ്ധീകരിക്കപ്പെട്ടു.

എന്നിട്ടും ആ പത്രാധിപർക്ക് രാജി വെക്കേണ്ടി വന്നെങ്കിൽ, അദ്ദേഹത്തോട് രാജി ആവശ്യപ്പെടേണ്ട ഒരു അവസ്ഥ ഉണ്ടായെങ്കിൽ, അതിലൊരു ഫാസിസ്റ്റ് കാഴ്ച്ചപ്പാടില്ലേ ? അത് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള നടപടിയല്ലേ ? അതേപ്പറ്റിയെന്താണ് ഒരു പൊടിമീശപോലും ആരുമനക്കാത്തത് ?

മീശ വിഷയത്തിൽ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള മുറവിളിയിൽ പങ്കുചേർന്ന ഒരാളെന്ന നിലയ്ക്ക് ഈ വിഷയത്തിലും പങ്കുചേരേണ്ട ബാദ്ധ്യത എനിക്കുള്ളതുകൊണ്ട് ഈ വിഷയം എഴുതിയിടാതെ തരമില്ല. മനോരമയുടെ ചീഫ് ഡെപ്യൂട്ടി എഡിറ്റർ സ്ഥാനത്തെന്നപോലെ The Week  ലും ഉന്നത പത്രാധിപ ഉത്തരവാദിത്വങ്ങൾ നിർവ്വഹിച്ചിരുന്ന രാമചന്ദ്രനെപ്പോലുള്ള ഒരാൾക്ക് ഇത്രയധികം കാര്യങ്ങൾ കള്ളത്തരമായി എഴുന്നള്ളിക്കേണ്ടതില്ല എന്ന് ഞാൻ കരുതുന്നു. അതൊന്നും വായിച്ച് പോലും നോക്കാതെ എസ്.രമേശനെപ്പോലുള്ള ഒരു പത്രാധിപർ പ്രസിദ്ധീകരിക്കുമെന്ന് കരുതാനും വയ്യ. (അദ്ദേഹത്തോട് ഫോണിൽ സംസാരിച്ചപ്പോൾ രേഖകൾ പരിശോധിച്ചിട്ടുണ്ടെന്നും പ്രസിദ്ധീകരിച്ചത് നല്ല ബോദ്ധ്യത്തോടെയാണെന്നും അദ്ദേഹം തറപ്പിച്ച് പറയുന്നു.)

രാമചന്ദ്രനേയും എസ്.രമേശനേയുമൊക്കെ വേണമെങ്കിൽ നമുക്ക് മാറ്റിനിർത്താം. രേഖകൾ എല്ലാം ഈ മഹാരാജ്യത്ത് ഇപ്പോഴും ലഭ്യമാണ്. സംഘടിപ്പിച്ച് വായിച്ച് വിലയിരുത്തേണ്ടത് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനും പത്രധർമ്മത്തിനുമൊക്കെ വേണ്ടി മുറവിളി കൂട്ടുന്ന ഓരോരുത്തരുടേയും കടമയാണ്. ആരെയും താറടിച്ച് കാണിക്കാനോ മറ്റ് സ്ഥാപിത താൽ‌പ്പര്യങ്ങൾക്കോ വേണ്ടിയല്ല. പക്ഷെ, ചരിത്രത്തിൽ തെറ്റ് കടന്നുകൂടിയിട്ടുണ്ടെങ്കിൽ അത് തിരുത്താനുള്ള ബാദ്ധ്യത എല്ലാവർക്കുമുണ്ട്. ഗ്രന്ഥാലോകം പത്രാധിപർക്കെതിരെയുള്ള നടപടി തെറ്റായിരുന്നെങ്കിൽ അതും തിരുത്തപ്പെടേണ്ടത് തന്നെയാണ്.

മീശയ്ക്കും എസ്. ഹരീഷിനും ഡീ.സി.യ്ക്കുമെല്ലാം കീ ജെയ് വിളിക്കുന്ന കൂട്ടത്തിൽ അൽ‌പ്പസമയം അതേ ജനുസ്സിൽ‌പ്പെടുന്ന ഇത്തരം തുല്യപ്രാധാന്യമുള്ള വിഷയങ്ങൾക്ക് വേണ്ടിയും ചിലവഴിക്കപ്പെടേണ്ടതാണ്. ഒരുപക്ഷേ ‘മീശ‘യേക്കാൾ, പ്രാധാന്യമുള്ള ഈ വിഷയം ഒരു ചർച്ചയ്ക്ക് പോലും ഇടമില്ലാതെ ഒതുങ്ങിപ്പോകുന്നത് നീതിനിഷേധം തന്നെയാണ്.

വാൽക്കഷണം:- ഗ്രന്ഥാലോകത്തിൽ വന്ന രാമചന്ദ്രന്റെ പഠനവും പരിഭാഷയും അതിന് വിയോജനക്കുറിപ്പെന്ന നിലയ്ക്ക് ഗ്രന്ഥാലോകത്തിൽത്തന്നെ വന്ന പിരപ്പൻ‌കോട് മുരളിയുടെ ലേഖനവും വായിച്ചു. ലാലാ ഹർദയാലിന്റെ ലേഖനവും രാമകൃഷ്ണപ്പിള്ളയുടെ ലേഖനവും ഇംഗ്ലീഷിൽ വായിക്കണമെങ്കിൽ ‘മാർക്സ് കംസ് റ്റു ഇന്ത്യ’ എന്ന ഗ്രന്ഥം സംഘടിപ്പിക്കേണ്ടി വരും. അതുകൂടെ കൈയ്യിൽ കിട്ടിയാൽ സോമനടിക്ക് മുൻപേ നടന്നത് പിള്ളയടിയാണോ എന്ന് ഏതൊരാൾക്കും ആധികാരികമായി പറയാനുമാവും.

Comments

comments

2 thoughts on “ സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള കോപ്പിയടിച്ചിരുന്നോ ?

  1. Please do read the English original of Hardayal and the English translation of Swadesabhimani’s work,both in MARX COMES TO INDIA.I had given it to S remesan.You may get photocopy from him.Further,Grandalokam didn’t publish my rebuttal to Pirappancode Murali and Karthikeyan Nair,though Remesan had cleared it.There is a book of Pillai,SWADESABHIMANIYUDE GRANDA NIROOPANANGAL,published by Sahithya Akademi.All the reviews in it are lifted by Pillai from English journals.
    Ramachandran

  2. ഞാൻ ഇപ്പോൾ വായന ഇല്ലാത്ത ഒരു വായാടി യാണ്. എന്തും എന്റെ വീക്ഷണ കോണിൽ കാണും വിവര ദോഷി.
    സ്വകാര്യ സ്വത്ത് അവകാശം മാർക്സിസ്റ്, ഇടതു വീക്ഷണക്കാർ എങ്ങനെ യാ ഇപ്പോൾ കാണുന്നത്? പാരമ്പര്യവും സ്വത്ത് അവകാശം പിന്തുടർച്ച അവകാശം. കൊറിയ മാതൃക മാർക്‌സിസമോ?
    ചൈന മാവോയിസമോ, മാര്കിസമോ, കൊമ്പിയോ,?
    റാസ്‌സിയോ?
    ഇവിടെ ഭൗതിക സ്വത്തവകാശം, കോപ്പി റയിട്, റോയൽ റ്റി, ട്രേഡ് മാർക്ക്, പാറ്റന്റ് ഇതൊക്കെ മാർക്സിയൻ നിലപാട് ഒന്ന് ചുരുക്കി വിവരിക്കാമോ?
    മോഷണം സ്വകാര്യ സ്വത്തും സ്വാതന്ത്ര്യം എന്നതുമായി ബന്ധപ്പെട്ട ത് അല്ലേ?
    ഭൗതിക വാദത്തിൽ മൂല്യങ്ങൾ ആരാ നിശ്ചയിക്കുക.
    നേതാക്കൾ, നേതാക്കൾ ജനകീയ ർ ആണോ?
    നേതൃത്വം നെറികെട്ട ത് ആകുമ്പോൾ……….

Leave a Reply to Ramachandran Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>