111

വാർത്തകൾ വായിച്ച് വിശ്വസിക്കാമോ ?


ലേഖനം  ‘ഗൾഫ് മലയാളിയിൽ പ്രസിദ്ധീകരിച്ചതിന്റെ ലിങ്ക്
—————————————————————————————

നിസ്സാന്‍ പാത്ത് ഫൈന്‍ഡര്‍ എന്നാല്‍ ഒരു വാഹനത്തിന്റെ പേരാണെന്ന് എല്ലാവരും അറിഞ്ഞിരിക്കണമെന്ന് നിര്‍ബന്ധം പിടിക്കാന്‍ പറ്റില്ല. പ്രത്യേകിച്ചും നമ്മുടെ നാട്ടില്‍ ആ വാഹനം വ്യാപകമായ തോതില്‍ ഇല്ലാത്ത സ്ഥിതിക്ക്. ഹോട്ട് ഡോഗ് എന്നാല്‍ ബണ്ണ് നെടുകെ മുറിച്ച് അതിനിടയില്‍ സോസേജ് വെച്ചുണ്ടാക്കുന്ന ഒരു ഭക്ഷണസാധനമാണെന്ന്, അത് സ്ഥിരമായോ വല്ലപ്പോഴും പോലുമോ കഴിക്കാത്ത മലയാളികള്‍ അറിഞ്ഞിരിക്കണമെന്നും നിര്‍ബന്ധം പിടിക്കാനാവില്ല. പക്ഷേ, സാധാരണക്കാരനായ ഒരു മലയാളിയെപ്പോലെ അല്ലല്ലോ ഒരു പത്രമാദ്ധ്യമത്തില്‍ ജോലി ചെയ്യുന്ന മലയാളി. ന്യൂയോര്‍ക്കില്‍, സ്‌ഫോടകവസ്തുക്കളുമായി പിടിച്ച കാറിന്റെ ഉടമസ്ഥന്റെ പേര് നിസ്സാന്‍ പാത്ത് ഫൈന്‍ഡര്‍ എന്ന വിഡ്ഢിത്തം ഒരു പത്രം എഴുന്നള്ളിച്ചപ്പോള്‍ ഹോട്ട് ഡോഗ് തീറ്റ മത്സരത്തെപ്പറ്റി മറ്റൊരു പത്രം എഴുതിയത്, 10 മിനിറ്റില്‍ 68 ചൂടന്‍ പട്ടികളെ തിന്നുകൊണ്ടുള്ള മത്സരം എന്ന നിലയ്ക്കാണ്.

സാമാന്യവിജ്ഞാനം പോലുമില്ലാത്തവര്‍ പത്രങ്ങളില്‍ ജോലി ചെയ്താല്‍ ജനങ്ങള്‍ ഇതും ഇതിനപ്പുറവും സഹിക്കേണ്ടി വന്നേക്കും. എന്റെ ചെറുപ്പത്തിലൊക്കെ മാതാപിതാക്കള്‍ പറഞ്ഞിരുന്നത് പത്രം നന്നായി വായിക്കൂ, പൊതുവിജ്ഞാനമുണ്ടാകാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം അതാണ് എന്നായിരുന്നു. പി. എസ്. സി. ടെസ്റ്റ് എഴുതുന്നവര്‍ക്കും സിവില്‍ സര്‍വ്വീസിന് പഠിക്കുന്നവരുമൊക്കെ കൈയ്യില്‍ കിട്ടുന്ന അത്രയും പത്രങ്ങള്‍ വായിച്ച് വിവരമുണ്ടാക്കുമെന്നും കേട്ടിട്ടുണ്ട്. പക്ഷെ എത്രത്തോളം വിശ്വസിക്കാന്‍ പറ്റും ഇക്കാലത്ത് പത്രവാര്‍ത്തകളെ, പ്രത്യേകിച്ചും ഓണ്‍ലൈന്‍ പത്രവാര്‍ത്തകളെ? കുറെക്കാലമായി പല വാര്‍ത്തയും മുഴുവനുമായി ഉള്ളിലേക്കെടുക്കാന്‍ സാധിക്കാറില്ല. സ്വന്തമായി ഒരു അരിപ്പ സൃഷ്ടിച്ചിട്ടുണ്ട്. അതിലിട്ട് ആട്ടിയിളക്കി മാത്രമേ വാര്‍ത്തയുടെ വിശ്വാസ്യതയെപ്പറ്റി തീരുമാനത്തിലത്താറുള്ളൂ. എഡിറ്റര്‍, ചീഫ് എഡിറ്റര്‍, അസോസിയേറ്റ് എഡിറ്റര്‍, ഡപ്യൂട്ടി എഡിറ്റര്‍, ചീഫ് സബ് എഡിറ്റര്‍, സബ് എഡിറ്റര്‍ എന്നിങ്ങനെ പല പല തസ്തികളിലായി ഒരുപാട് പേര്‍ ജോലി ചെയ്യുന്ന പത്രമാദ്ധ്യമങ്ങള്‍ ഒന്നാം പേജില്‍ വെണ്ടക്കാ വലുപ്പത്തില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ചിലത് യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലും ഇല്ലാത്തതായി വായനക്കാര്‍ക്ക് അനുഭവമുണ്ട്.

ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍ ഗാന്ധിജിക്ക് എത്ര വയസ്സ് ഉണ്ടാകുമെന്ന് ഇക്കൂട്ടരില്‍ ചിലര്‍ക്ക് അറിയാന്‍ പാടില്ല. സ്വന്തം പത്രത്തിന്റെ സാരഥികളില്‍ ഒരാളെ ചിത്രത്തിലൂടെ തിരിച്ചറിയാന്‍ ആവുന്നില്ല. ക്രിക്കറ്റ് കളിയെപ്പറ്റി എഴുതുമ്പോള്‍ അതിന്റെ ചരിത്രം ലവലേശം പിടിയില്ല. ടൈറ്റാനിക്ക് മുങ്ങിയത് എന്നാണെന്നറിയില്ല. റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ആരാണെന്നറിയില്ല. മനക്കണക്ക് കൂട്ടിയാല്‍ എഴുതാന്‍ പറ്റുന്ന കാര്യത്തില്‍പ്പോലും ഗണിതപ്പിശകുകള്‍. പോള്‍ വധക്കേസില്‍, ”തന്നെ കുത്തിയ ആളെ പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് കേസന്വേഷണത്തെ സഹായിച്ചു” എന്നുള്ള വാര്‍ത്ത വരെ വായിക്കേണ്ട ഗതികേട് ജനത്തിനുണ്ടായിട്ടുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ പുതുതലമുറയോട് പത്രം വായിച്ച് പൊതുവിജ്ഞാനം ഉണ്ടാക്കൂ എന്നെങ്ങിനെ പറയും? തങ്ങള്‍ക്ക് പറ്റുന്ന അബദ്ധങ്ങള്‍ തിരുത്തിക്കൊണ്ട് ഒരു കുറിപ്പ് പോലും ഇടാന്‍ മാദ്ധ്യമങ്ങള്‍ മടികാണിക്കുമ്പോള്‍ തെറ്റായി വന്ന വാര്‍ത്തകളെ യുവതലമുറ മുറിക്കെപ്പിടിച്ചാലോ? സ്‌കൂളില്‍ ടീച്ചര്‍ എന്തെങ്കിലും തെറ്റായി പഠിപ്പിച്ചത് രക്ഷകര്‍ത്താക്കള്‍ തിരുത്താന്‍ ശ്രമിച്ചാല്‍, എന്റെ ടീച്ചര്‍ അങ്ങനെയാണ് പഠിപ്പിച്ചത്, ഇങ്ങനെയാണ് പഠിപ്പിച്ചത് എന്നൊക്കെ ശാഠ്യം പിടിക്കുന്ന കുട്ടികള്‍ എല്ലാ വീട്ടിലും ഉള്ള കാലമാണിത്. അവര്‍ പ്രിന്റ് ചെയ്ത് വന്ന തെറ്റായ പത്രവാര്‍ത്തകളില്‍ത്തന്നെ ഉറച്ച് നിന്നെന്ന് വരും.

ആദ്യമേ പറഞ്ഞല്ലോ, പ്രിന്റ് മീഡിയയേക്കാന്‍ ഓണ്‍ലൈന്‍ പത്രവാര്‍ത്തകളാണ് കൂടുതലും അബദ്ധജടിലമാകുന്നത്. പ്രിന്റ് ചെയ്ത് പോയാല്‍ തിരുത്താന്‍ ആവില്ല എന്നതുകൊണ്ടായിരിക്കണം ആ ഭാഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. ഓണ്‍ലൈന്‍ വാര്‍ത്ത എങ്ങനെയങ്കിലും ടൈപ്പ് ചെയ്ത് പബ്ലിഷ് ചെയ്തതിനുശേഷം പിന്നീടായാലും തിരുത്താമല്ലോ എന്ന ചിന്ത മുന്നോട്ട് നയിക്കുന്നുണ്ടാവാം. കേരളത്തിന് വെളിയില്‍ പ്രത്യേകിച്ചും മലയാള പ്രസിദ്ധീകരണങ്ങള്‍ കിട്ടാത്ത മറുനാടുകളിലെ പ്രവാസി മലയാളികള്‍ ഓണ്‍ലൈന്‍ വാര്‍ത്തകളെത്തന്നെയാണ് ആശ്രയിക്കുന്നത് എന്നിരിക്കുമ്പോള്‍ ഈ നിസ്സംഗത ഒരു വീഴ്ച്ചതന്നെയല്ലേ? കുട്ടിക്കാലത്ത് തീപ്പെട്ടിപ്പടം ശേഖരിച്ചിരുന്നത് പോലെ, പത്രമാദ്ധ്യമങ്ങളില്‍ വരുന്ന അബദ്ധ വാര്‍ത്തകള്‍ ശേഖരിക്കുന്നതാണ് ഈയിടെയായി എന്റെയൊരു ഹോബി. പത്രക്കാര്‍ സഹായിക്കുന്നതുകൊണ്ട് അത് ഇഷ്ടം പോലെ കിട്ടുന്നുമുണ്ട്. ഏത് പദം എവിടെ എപ്പോള്‍ ഉപയോഗിക്കണം എന്ന് പോലും ചില ലേഖകര്‍ക്ക് വലിയ പിടിയില്ലാത്തത് പോലെയാണ്. ”മുംബൈ സ്‌ഫോടന പരമ്പര, മരണം 17 മാത്രം” എന്ന് തലക്കെട്ടെഴുതുന്ന ലേഖകന്‍/പത്രക്കാരന്‍ എന്താണ് ശരിക്കും ഉദ്ദേശിക്കുന്നത്? ഒരു ബോംബ് പൊട്ടിയാല്‍ കുറഞ്ഞത് 200 പേരെങ്കിലും ചാകണമെന്നോ മറ്റോ ഒരു മാനദണ്ഡം കല്‍പ്പിച്ചിട്ടുണ്ടോ. അതോ 17 പേരേ ചത്തുള്ളൂ എന്ന് ദീര്‍ഘനിശ്വാസം വിടുകയാണോ? അത് വായനക്കാരന്‍ വിട്ടോളും. പത്രക്കാരന്‍ ആധികാരികമായ റിപ്പോര്‍ട്ട് എഴുതിവിട്ടാല്‍ മാത്രം പോരേ?

കുറ്റം പറയാനൊക്കെ വളരെ എളുപ്പമാണ്. എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്നുകൂടെ അന്വേഷിക്കണമല്ലോ. പരിചയക്കാര്‍ ചില ജേര്‍ണലിസ്റ്റുകള്‍ വഴി അന്വേഷിച്ചപ്പോള്‍ കിട്ടിയ ഒന്നുരണ്ട് ന്യായീകരണങ്ങള്‍ ഇങ്ങനെ പോകുന്നു. സിവില്‍ സര്‍വ്വീസ്, എഞ്ചിനീയര്‍, ഡോക്ടര്‍, വക്കീല്‍, എന്നിങ്ങനെയുള്ള സമൂഹം വിലകല്‍പ്പിക്കുന്ന കോഴ്‌സുകള്‍ക്കൊക്കെ പോയിട്ട് ബാക്കി വരുന്ന തിരിവ് കുട്ടികളാണ് പോലും ജേര്‍ണലിസം പഠിച്ച് പത്രമാപ്പീസുകളില്‍ എത്തുന്നത്! ആ വിഷയത്തോടുള്ള താല്‍പ്പര്യത്തോടെ അത് പഠിച്ച് പാസ്സായി ചെല്ലുന്നവര്‍ വിരളമാണത്രേ. പിന്നെ കുറേപ്പേര്‍ വരുന്നത് ടീവി പോലുള്ള മീഡിയയില്‍ പ്രത്യക്ഷപ്പെട്ട് നാലാള്‍ക്ക് മുന്നില്‍ പെട്ടെന്നവതരിച്ച് പ്രശസ്തരാകാമെന്ന് കരുതിയിട്ട്. ഇക്കൂട്ടര്‍ക്കൊക്കെ സാമാന്യ വിജ്ഞാനം കമ്മി തന്നെ ആയിരിക്കുമെന്ന് ധ്വനി. അങ്ങനൊക്കെയാണെങ്കില്‍ പൊതുജനം തുടര്‍ന്നങ്ങോട്ടും സഹിക്കുക, അരിപ്പ വെച്ച് വാര്‍ത്തകള്‍ വായിച്ച് നിര്‍വൃതി അടയുക, അത്ര തന്നെ.

പ്രിന്റ് മീഡിയയില്‍ ഒരുപാട് എഡിറ്റര്‍മാര്‍ ഉള്ള പല മാദ്ധ്യമങ്ങള്‍ക്കും തങ്ങളുടെ ഓണ്‍ലൈന്‍ എഡിറ്റിങ്ങിന് എണ്ണത്തില്‍ തുച്ഛം ആള്‍ക്കാര്‍ മാത്രമേയുള്ളൂ എന്നാണ് അറിയാന്‍ കഴിഞ്ഞത്. പലരും വെറും ടൈപ്പിസ്റ്റിന്റെ ജോലിയാണ് ചെയ്യുന്നത്. എവിടുന്നെങ്കിലും കിട്ടുന്ന വാര്‍ത്തകള്‍ അങ്ങനെ തന്നെ പകര്‍ത്തി എഴുതുന്നവര്‍. ആ വാര്‍ത്തയിലെ വിജ്ഞാന ഭാഗത്തിന്റെ തെറ്റുകുറ്റങ്ങള്‍ അവര്‍ക്ക് ബാധകമല്ല, ആണെങ്കില്‍ത്തന്നെ അതേപ്പറ്റി അറിഞ്ഞുകൂട. ഓണ്‍ലൈന്‍ പത്രം വായിക്കുന്നതിന് പണമൊന്നും ഈടാക്കുന്നില്ലല്ലോ അപ്പോള്‍പ്പിന്നെ ഇങ്ങനൊക്കെയേ പറ്റൂ എന്നാണെങ്കില്‍ അത് ശരിയായ നിലപാടല്ല. സമൂഹത്തിലേക്ക് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് എന്തൊക്കെ കാരണം പറഞ്ഞാലും ന്യായീകരിക്കാനാവില്ല. മാത്രവുമല്ല ഓണ്‍ലൈന്‍ പത്രങ്ങള്‍ക്ക് നല്ലൊരു തുക പരസ്യമായിട്ട് കിട്ടുന്നുണ്ടല്ലോ? ഇക്കണ്ട വായനക്കാര്‍ വന്നുപോകുന്നതുകൊണ്ടല്ലേ ആ പരസ്യമൊക്കെ കിട്ടുന്നത്. അപ്പോള്‍ പരോക്ഷമായിട്ടായാലും ആ പരസ്യത്തുക കൊണ്ടെത്തിക്കുന്ന വായനക്കാരോട് കുറേക്കൂടെ ആത്മാര്‍ത്ഥത കാണിക്കണം.

ഓണ്‍ലൈന്‍ വാര്‍ത്തകളില്‍ വരുന്ന പിശകുകള്‍ക്ക് ഒരു പ്രധാന കാരണമായി മനസ്സിലാക്കാനായത്, മാദ്ധ്യമങ്ങള്‍ തമ്മിലുള്ള മത്സരബുദ്ധിയാണ്. തങ്ങളുടെ സൈറ്റില്‍ വരുന്നതിന് മുന്നേ മറ്റൊരിടത്തും വാര്‍ത്ത വരരുത് എന്ന് എല്ലാവര്‍ക്കും പിടിവാശിയാണ്. ഇപ്പറഞ്ഞതിന് ഒരു ഉദാഹരണം ചൂണ്ടിക്കാണിക്കാം. കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റ് മത്സരം കഴിഞ്ഞ ഉടനെ ഒരു പ്രമുഖ പത്രത്തിന്റെ ഓണ്‍ലൈന്‍ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് താഴെക്കാണാം.

aa

മത്സരം എങ്ങനെ നടന്നാലും കഴിഞ്ഞാലും കുഴപ്പമില്ല, വാര്‍ത്ത നേരത്തേ കാലത്തേ തന്നെ എഴുതി തയ്യാറാക്കി വെച്ചിരിക്കുകയാണ്. ഇനി അതിലേക്ക് കളിക്കാര്‍ നേടിയ റണ്ണുകള്‍ എഴുതിച്ചേര്‍ത്താല്‍ മറ്റാര്‍ക്കും മുന്നേ തന്നെ വാര്‍ത്ത തയ്യാര്‍. റണ്‍സും ഓവറും എഴുതിച്ചേര്‍ക്കാനായി കുത്തുകളിട്ട് വെച്ചിരുന്ന ഇടങ്ങളില്‍ അതെഴുതി ചേര്‍ക്കാതെ വാര്‍ത്ത പബ്ലിഷ് ചെയ്താണ് മത്സരബുദ്ധി ചെന്നവസാനിക്കുന്നത്. ഫലമെന്താണ്? പത്രത്തിന് അല്‍പ്പസ്വല്‍പ്പം എന്തെങ്കിലും വിലകൊടുക്കുന്ന വായനക്കാര്‍ തന്നെ അതിനെ തള്ളിപ്പറയാനും വൈമുഖ്യവും കാണിക്കില്ല. ഒന്ന് മനസ്സിലാക്കണം, അല്‍പ്പം വൈകി വാര്‍ത്ത വന്നാലും ക്രെഡിബിലിറ്റി അഥവാ വിശ്വാസ്യയോഗ്യതയാണ് വായനക്കാരന് മുഖ്യം. അങ്ങനൊന്ന് നല്‍കാനായാല്‍ അഞ്ച് മിനിറ്റ് കഴിഞ്ഞിട്ടായാലും വാര്‍ത്ത വായിക്കാന്‍ അത്തരം സൈറ്റുകളിലേക്ക് തന്നെ അവര്‍ കൂട്ടത്തോടെ ഒഴുകിയെത്തും.

തെറ്റ് പറ്റിയാല്‍ തിരുത്താന്‍ സന്നദ്ധത കാണിക്കുന്ന മാദ്ധ്യമപ്രവര്‍ത്തകരും, മുഖം തിരിച്ച് നില്‍ക്കുന്നവരുമുണ്ട്. അഞ്ച് ലക്ഷം വായനക്കാര്‍ ഞങ്ങള്‍ക്ക് പറ്റിയ അബദ്ധം മനസ്സിലാക്കിയാല്‍ മോശമല്ലേ എന്നതാണ് രണ്ടാമത്തെ കൂട്ടരുടെ കാഴ്ച്ചപ്പാട്. അബദ്ധങ്ങള്‍ പിണഞ്ഞാല്‍ യാതൊരു വിഷമവുമില്ലാതെ അത് സമ്മതിക്കാനുള്ള മനസ്സുണ്ടാകണം. തെറ്റായ വാര്‍ത്തകള്‍ വായിച്ച് പോകുന്നവര്‍ എല്ലാവരും അതിന്റെ തിരുത്ത് വരുമ്പോള്‍ വായിക്കണമെന്ന് ഒരു നിര്‍ബന്ധവും ഇല്ല എന്നിരിക്കെയാണ് തിരുത്തുപോലും ഇടാന്‍ പല പത്രങ്ങളും മടികാണിക്കുന്നത്. അഥവാ തിരുത്ത് ഇട്ടാല്‍ത്തന്നെ ഉള്‍പ്പേജുകളില്‍ ആരും കാണാത്തെ ഒരു മൂലയിലായിരിക്കും അത്. തെറ്റായ വാര്‍ത്ത വന്നതോ ഒന്നാം പേജില്‍ ആദ്യ കോളത്തില്‍ത്തന്നെ ആയിരിക്കും. ഒരു പരിപാടിയുടെ അച്ചടിച്ച് വന്ന നോട്ടീസ് നോക്കി അവരെല്ലാം പരിപാടിയില്‍ പങ്കെടുത്തു, പ്രസംഗിച്ചു എന്ന നിലയില്‍ വാര്‍ത്ത പടച്ച് വിടുന്നതും ഖേദകരമാണ്. അതൊരു സ്ഥിരം പരിപാടിയാണെന്നുള്ളത് അങ്ങാടിപ്പാട്ടാണ്. ഒന്നുകില്‍ പരിപാടി മുഴുനീളം കണ്ട് മനസ്സിലാക്കി വാര്‍ത്ത എഴുതുക. അല്ലെങ്കില്‍ നോട്ടില്‍ അച്ചടിച്ചിട്ടുള്ള എല്ലാവരും പങ്കെടുക്കുകയുണ്ടായോ എന്ന് അന്വേഷിച്ചിട്ടെങ്കിലും വാര്‍ത്ത എഴുതിയുണ്ടാക്കുക. തെളിവുകള്‍ അടക്കം അത്തരം രണ്ട് വാര്‍ത്തയെങ്കിലും മുകളില്‍ ആരോപിച്ച എല്ലാ അബദ്ധവാര്‍ത്തകളുടേയും ഒപ്പം എന്റെ ശേഖരത്തിലുണ്ട്.

ദയവുചെയ്ത് ”ന്യൂഡല്‍ഹി” എന്ന സിനിമയില്‍ ചെയ്യുന്നത് പോലെ ശത്രു കൊല്ലപ്പെട്ടു എന്ന വാര്‍ത്ത നേരത്തേകാലത്തേ തന്നെ എഴുതിയുണ്ടാക്കി അത് നടപ്പിലാക്കാനായി കൈവിട്ട കളികള്‍ കളിക്കുന്ന അവസ്ഥയിലേക്ക് പത്രസംസ്‌ക്കാരം കൊണ്ടുപോകാതെ നോക്കണം. ”സ്വന്തം ലേഖകന്‍” എന്ന സിനിമയില്‍ കാണിക്കുന്ന പല കാര്യങ്ങളും അല്‍പ്പം അതിശയോക്തിയുള്ളതാണെങ്കിലും അതിന്റെയൊക്കെ മിനിപതിപ്പുകളാണ് പല മാദ്ധ്യമങ്ങളുടേയും അണിയറയില്‍ നടക്കുന്നത്. ആ സിനിമയെ ഒരു ആക്ഷേപ ഹാസ്യപരമായ വിമര്‍ശനമായിട്ട് എടുത്തിട്ടെങ്കിലും പത്രധര്‍മ്മത്തോട് കൂറെക്കൂടെ നീതിപുലര്‍ത്താന്‍ ശ്രമിച്ചുകൂടെ?
ജാമ്യാപേക്ഷ: ഓരോ പത്രങ്ങളോടുമുള്ള താല്‍പ്പര്യം കൊണ്ടും, ജനങ്ങളിലേക്ക് തെറ്റായ വാര്‍ത്തകള്‍ ചെന്നെത്തരുതെന്ന ആഗ്രഹം കൊണ്ട് എഴുതിയതാണ് ഇത്രയും. ആരേയും മനപ്പൂര്‍വ്വം ചെളിവാരിത്തേക്കാന്‍ ഈ ലേഖനം കൊണ്ട് ഉദ്ദേശിച്ചിട്ടില്ല. ഇങ്ങനൊന്ന് എഴുതിപ്പോയതിന്റെ പേരില്‍ നിരക്ഷരനായ ഈയുള്ളവന്റെ ഇല്ലാത്ത വരികള്‍ക്കിടയില്‍ തപ്പിത്തിരഞ്ഞ് കുറ്റങ്ങളും കുറവുകളും കണ്ടുപിടിച്ച് ഉന്മൂലനം ചെയ്യണമെങ്കില്‍ അത് നിഷ്പ്രയാസം സാദ്ധ്യമാണ്. കാരണം ഈയുള്ളവന്‍ എഡിറ്ററില്ലാത്ത മാദ്ധ്യമത്തിലൂടെയാണ് കാര്യങ്ങള്‍ പലതും പറഞ്ഞുകൊണ്ടിരിക്കുന്നത്.

Comments

comments

12 thoughts on “ വാർത്തകൾ വായിച്ച് വിശ്വസിക്കാമോ ?

  1. “സിവില്‍ സര്‍വ്വീസ്, എഞ്ചിനീയര്‍, ഡോക്ടര്‍, വക്കീല്‍, എന്നിങ്ങനെയുള്ള സമൂഹം വിലകല്‍പ്പിക്കുന്ന കോഴ്‌സുകള്‍ക്കൊക്കെ പോയിട്ട് ബാക്കി വരുന്ന തിരിവ് കുട്ടികളാണ് പോലും ജേര്‍ണലിസം പഠിച്ച് പത്രമാപ്പീസുകളില്‍ എത്തുന്നത്! ആ വിഷയത്തോടുള്ള താല്‍പ്പര്യത്തോടെ അത് പഠിച്ച് പാസ്സായി ചെല്ലുന്നവര്‍ വിരളമാണത്രേ.“

    “പിന്നെ കുറേപ്പേര്‍ വരുന്നത് ടീവി പോലുള്ള മീഡിയയില്‍ പ്രത്യക്ഷപ്പെട്ട് നാലാള്‍ക്ക് മുന്നില്‍ പെട്ടെന്നവതരിച്ച് പ്രശസ്തരാകാമെന്ന് കരുതിയിട്ട്. ഇക്കൂട്ടര്‍ക്കൊക്കെ സാമാന്യ വിജ്ഞാനം കമ്മി തന്നെ ആയിരിക്കുമെന്ന് ധ്വനി.“

    ശരിയാണ്. ജേർണലിസത്തിൽ ബിരുദം നേടിയവരേക്കാൾ അതൊന്നുമില്ലാത്ത പ്രാദേശികലേഖകന്മാർ വാർത്തകൾ എഴുതും. ഇതൊന്നും അംഗീകൃത യോഗ്യതകൾക്ക് വഴങ്ങുന്ന തൊഴിലല്ല. എഴുത്തിന് അല്പം സർഗവാസനയുമൊക്കെ വേണം. പിന്നെ കുറച്ച് വായനയും അക്ഷരങ്ങളെക്കുറിച്ചുള്ള സാമാന്യ ധാരണകളും!

  2. Nissan paath finder nchaan kaanunnathu qataril vannathinu sheshama…but,,athinu mumpe chovva grahathil mooppar poyathaayi naattil enikku ariyaamaayirunnu. sathyam,,pathram vaayichappol nchaanum aake confusionil aayipoyi…

  3. Absolutely u r right… credibility should be given the most priority…. Now a days apart from the above mentioned mistakes there are also issues such as paid news and political biases which badly affects the credibility of media…… What we can do?????

  4. ചതിക്കരുത്. എന്‍റെ നിരക്ഷരാ, ആകെക്കൂടി ചിരിക്കാനുള്ള ഒരു വകയാണ് പത്രങ്ങള്‍. അവരെ നന്നാക്കി സമൂഹത്തിന്‍റെ നര്‍മബോധം ഇല്ലാതാക്കരുത്. Please. ക്രെഡിബിലിട്ടിയൊക്കെ പോയി മറഞ്ഞിട്ട് നാളെത്രയായി. High Court ല്‍ നിന്നുള്ള വാര്‍ത്തകള്‍ എത്രമാത്രം വളച്ചൊടിച്ചിട്ടാണ് ഇവരൊക്കെ അച്ചുനിരത്തുന്നത്.

  5. ഈ ലേഖനമെഴുതിയ നിരക്ഷരനെ തന്നെ എത്രയോ വട്ടം പത്രക്കാര്‍ ഇതുപോലെ അനാവശ്യമായി എടുത്തുപയോഗിച്ചിരിക്കുന്നു. എറണാകുളത്ത് മയൂരപാര്‍ക്കില്‍ നടന്ന ബ്ലോഗേര്‍സ് മീറ്റിന്റെ വാര്‍ത്ത മലയാളത്തിലെ ഒരു പ്രശസ്തപത്രത്തില്‍ വന്നത് തന്നെ അരക്കള്ളനും പുണ്യാളനും നിരക്ഷരനും ഒരേ വേദിയില്‍ എന്ന് പറഞ്ഞുകൊണ്ടാണ്. അന്നേ ദിവസം മീറ്റില്‍ പങ്കെടുക്കാത്ത നിരക്ഷരനോടുള്ള പ്രതിഷേധസൂചകമായി കഷായം കുടിപ്പിക്കുമെന്ന് പറഞ്ഞ മീറ്റിന്റെ സംഘാടകന്‍ ഡോ:ജയന്‍ ഏവൂര്‍ ഇത് വായിച്ച് തലക്ക് കൈവെച്ച് ഇരുന്നുപോയെന്നാണ് അറിവ്:) ഇതുപോലുള്ള ഒട്ടേറെ സംഭവങ്ങള്‍ ഉണ്ട്. കുറേയൊക്കെ തിരക്കുപിടിച്ച് ചെയ്യുന്നതിന്റെ പ്രശ്നങ്ങള്‍ തന്നെ. പക്ഷെ അത് പിന്നീട് തിരുത്താന്‍ പോലും മെനക്കെടാത്തതാ ഏറെ കഷ്ടം.

  6. @ മനോരാജ് – 2011 മാർച്ച് 17ന് പീച്ചിയിൽ വെച്ച് സാഹിത്യ അക്കാഡമി സംഘടിപ്പിച്ച ഈ ഭാഷാ സെമിനാറിൽ ‘മനോജ് നിരക്ഷരൻ‘ പങ്കെടുത്തു എന്ന ഓൺലൈൻ വാർത്ത, ഈയുള്ളവൻ വായിച്ചറിഞ്ഞ് വാ പിളർന്നത് … ഇപ്പറഞ്ഞ ദിവസവും അതിനടുത്ത ദിവസവുമൊക്കെ ഞമ്മള് ജോലി ചെയ്തിരുന്ന മുംബൈയിലുള്ള ഞമ്മന്റെ കമ്പനിയുടെ ഓഫീസിലിരുന്നാണ്. പരിപാടിയുടെ നോട്ടീസ് നോക്കി വാർത്ത അച്ചടിച്ചതിന്റെ മറ്റൊരു അനുഭവം. പേപ്പർ കട്ടിങ്ങ് സൂക്ഷിച്ചിട്ടുണ്ട് :)

  7. കലികാലം എന്നല്ലാതെ എന്ത് പറയാന്‍…പത്രങ്ങള്‍ പത്ര ധര്‍മം മറന്നിട്ട് കാലമാകുന്നു..

  8. നല്ല ലേഖനം. പത്രമാദ്ധ്യമങ്ങളുടെ വിശ്വാസ്യത ഒക്കെ പോയി! ഇപ്പൊ വെറും മത്സരം മാത്രം !!

  9. ഇവിടേയും ഇംഗ്ലീഷ് പത്രങ്ങളില്‍ അച്ചടിച്ചുവരുന്ന വിഡ്ഢിത്തങ്ങള്‍ കാണുമ്പോഴൊക്കെ വായനക്കാര്‍ കമെന്റുപെട്ടി ശകാരങ്ങള്‍ കൊണ്ടുനിറയ്ക്കാറുണ്ട്. ഇത് മലയാളത്തിന്റെ മാത്രമല്ല, ഒരു ആഗോളപ്രശ്നമാണെന്നു ചൂണ്ടിക്കാട്ടിയതാണ്.

    പൊതുവേ എല്ലായിടത്തും രചനാവൈഭവവും ഭാഷാജ്ഞാനവും കുറഞ്ഞുവരുന്ന കാഴ്ചയാണ് കാണുന്നത്. സത്യസന്ധത, സമഗ്രത എന്നീ ഗുണങ്ങളും അങ്ങനെതന്നെ. ചര്‍ച്ചിലിനേപ്പോലെയോ റൂസ്‌വെല്‍റ്റിനേപ്പോലെയോ ഒക്കെ പണ്ഡിതോചിതമായ ഭാഷയില്‍ എഴുതാനും സംസാരിക്കാനും കഴിയുന്നവര്‍ ഇന്നില്ല. ആശയങ്ങളേക്കാള്‍ rhetoricനാണല്ലോ ഇന്ന് പ്രാധാന്യം.

  10. You said it right. അച്ചു നിരത്തിയ കാലത്തില്‍ നിന്ന് കംപ്യൂട്ടറിലേക്കു മാറിയപ്പോള്‍ അക്ഷരത്തെറ്റുകള്‍ കൂടി. വാര്‍ത്തകളും ആദ്യം നിരത്തുക എന്നതിനപ്പുറം ഒന്നുമില്ല. തെറ്റാണെന്നു മനസ്സിലായാല്‍ തന്നെ തിരുത്തലില്ല.ആര്‍ക്കാണ് ഇതിനെല്ലാം നേരം. ഒരു ലീഡിംഗ് ദിനപ്പത്രത്തിന്റെ ലീഡിംഗ് ലേഖകനോട് ഫോണിലൂടെ ഗുസ്തി പിടിച്ചിട്ടുണ്ട് ഞാനൊരിക്കല്‍. ബുദ്ധിമുട്ടാനൊന്നും നേരമില്ല ആര്‍ക്കും.

  11. ഇന്നലെ മാദ്ധ്യമത്തില്‍ ഒരു വാര്‍ത്ത വന്നത് “5 ടണ്‍ ഭാരമുള്ള എ.ടി.എം ഇളക്കിയെടുത്തു” എന്നാണ്. അതേ പത്രത്തില്‍ തന്നെ ഒരിക്കല്‍ “റണ്‍ വേയുടെ വീതി 10 മീറ്റര്‍“ എന്നും വായിച്ചതോര്‍ക്കുന്നു.

  12. അതുകോണ്ട് ഈ ‘മ’ പത്രങ്ങള്‍വായിക്കുന്നത് ഞാന്‍ പണ്ടേനിറുത്തി..!!!!”പിന്നെ ബ്ലോഗാക്കി….ഇപ്പം ബ്ലോഗും കൈവിടുന്ന ലക്ഷണമാ..!ബ്ലോഗും അവിഞ്ഞുതുടങ്ങി.ഞാനിനി എന്തു വായിക്കും..?:)))

Leave a Reply to നിരക്ഷരൻ Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>