“നല്ല മുഖപരിചയം”
“കണ്ണൂരിൽ എവിടെയാണ് ? “
“പേര് ?”
“പിണറായി വിജയേട്ടനാണോ ?”
“വടകരയിലാണ് “
“കക്കട്ടിൽ”
“അൿബർ”
“അതെ”
പിണറായി വിജയനും, അൿബർ കക്കട്ടിലും ഒരു തീവണ്ടിയാത്രയ്ക്കിടയിൽ ആദ്യമായി നേരിൽ കണ്ടുമുട്ടുന്ന രംഗമാണിത്. ഇന്നത്തേതുപോലെ എഴുത്തുകാരുടേയും രാഷ്ട്രീയക്കാരുടേയുമെല്ലാം രൂപങ്ങൾ നാഴികയ്ക്ക് നാലുവട്ടം ചാനലുകളിലും പത്രമാദ്ധ്യമങ്ങളിലുമൊക്കെ പ്രത്യക്ഷപ്പെടാത്ത കാലഘട്ടത്തിലെ ഒരു പരിചയപ്പെടൽ. ഇത്തരം പല പ്രമുഖന്മാരുമാരേയും ലേഖകൻ പരിചയപ്പെടുന്നത് യാത്രകൾക്കിടയിലാണ്. കുട്ടി അഹമ്മദ് കുട്ടി(എം.എൽ.എ) യെ കണ്ടിട്ടുള്ളത് തീവണ്ടിയിൽ വെച്ച് മാത്രമാണത്രേ!
ഡീ.സി. ബുക്ക്സ് ഇക്കഴിഞ്ഞ ജൂണിൽ പുറത്തിറക്കിയ ‘കക്കട്ടിൽ യാത്രയിലാണ് ‘ എന്ന പുസ്തകത്തിലെ 20 അദ്ധ്യായങ്ങളിലും, പുസ്തകത്തിന്റെ പേരിൽ നിന്ന് മനസ്സിലാക്കാവുന്നതുപോലെ, അൿബർ കക്കട്ടിൽ വിവരിക്കുന്നത് യാത്രയ്ക്കിടയിലെ സംഭവങ്ങളും പരിചയപ്പെടലുകളും അനുഭവങ്ങളും തന്നെയാണ്.
യാത്രയാണ് വിഷയം എന്നതുകൊണ്ടായിരിക്കാം പുസ്തകം കൈയ്യിൽക്കിട്ടിയ പാടേ വായിച്ച് തീർത്തു. സാഹിത്യലോകത്തെന്ന പോലെ മറ്റ് പ്രമുഖ മേഖലകളിലും അദ്ദേഹത്തിനുള്ള സുഹൃത്‌വലയം കൂടെ പുസ്തകം കാണിച്ചുതരുന്നുണ്ട്.
രാഷ്ട്രീയക്കാർക്കിടയിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ഉയർന്ന വായനക്കാരൻ കൂടെയായ സി.എച്ച്.ഹരിദാസ് എന്ന കോൺഗ്രസ്സുകാരനെയാണ് ‘അങ്ങനെ നാം പുറപ്പെടുകയാണ് ‘ എന്ന ആദ്യ അദ്ധ്യായത്തിലൂടെ കക്കട്ടിൽ പരിചയപ്പെടുത്തുന്നത്. ഹരിദാസിന്റെ ആകസ്മിക മരണവും ഒരു യാത്രയായിത്തന്നെ ചിത്രീകരിച്ചിരിക്കുന്നു. അപൂർവ്വ ജനുസ്സെന്ന് കക്കട്ടിൽ പറയുന്ന ഹരിദാസ് ഇന്നുണ്ടായിരുന്നെങ്കിൽ, കേരള രാഷ്ട്രീയത്തിൽ ഏത് സ്ഥാനത്തായിരിക്കുമെന്ന് ഒരു നിമിഷം ചിന്തിച്ചുപോയി. വായനയും വിവരവുമൊക്കെ ഉണ്ടായിരുന്ന ആളായതുകൊണ്ട് ഉന്നതനിലയിൽ എത്തുന്നതിന് പകരം, കുതികാൽ വെട്ട് രാഷ്ട്രീയത്തിന്റെ ഇരയായി എവിടെയെങ്കിലും ഒതുങ്ങിക്കൂടിക്കാണാനാണ് സാദ്ധ്യതയെന്നാണ് തോന്നിയത്. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന ചൊല്ല് കക്കട്ടിലിന്റെ കാര്യത്തിലും സത്യമാണെന്ന് ഹരിദാസ് കക്കട്ടിലിനെ ബോദ്ധ്യപ്പെടുത്തുന്നു. സ്വന്തം വീടിനു മുന്നിലുള്ള പൊന്മേനി അമ്പലത്തേക്കുറിച്ച് അറിയാത്ത കക്കട്ടിൽ റഷ്യയിൽ പോകാൻ താൽപ്പര്യം കാണിക്കുമ്പോളാണത്. ‘സ്വന്തം നാട് മാത്രമല്ല വീടകവും പറമ്പും പോലും നേരാംവണ്ണം കാണാത്തവരാണ് നമ്മൾ. വീട്ടിൽ മാറാല പിടിച്ചിരിക്കുന്നു, ഫ്ലഷ് പ്രവർത്തിക്കുന്നില്ല. പറമ്പിൽ തേങ്ങകളും ഓലയുമൊക്കെ വീണുകിടക്കുന്നു എന്നതൊക്കെ ആരെങ്കിലും അതിഥികൾ വന്ന് ചൂണ്ടിക്കാണിക്കുമ്പോളായിരിക്കും നാം ശ്രദ്ധിക്കുക.‘ എന്നുവെച്ച് നമ്മൾ ദേശം വിട്ട് മറുദേശങ്ങളിലേക്കുള്ള യാത്രകൾ മുടക്കരുതെന്നും കക്കട്ടിൽ പറയുന്നു. ഇതൊക്കെ പ്രകൃതി നിയമമായിട്ട് കൂട്ടിയാൽ മതിയെന്ന് പറയുന്ന ഗ്രന്ഥകാരനോട് ഒരു വരികൂടെ ഞാൻ ചേർക്കുന്നു. വീടിനു ചുറ്റുമുള്ള കാഴ്ച്ചകൾ നമുക്ക് വയസ്സാംകാലത്ത് കാണാമല്ലോ? ചോരത്തിളപ്പുള്ള ചെറുപ്പകാലത്ത് ദൂരെയുള്ള യാത്രകൾ തന്നെ തിരഞ്ഞെടുക്കുക.
‘രാത്രിവണ്ടിയിലെ യാത്രക്കാരി’ എന്ന അദ്ധ്യായത്തിൽ പരാമർശിക്കുന്ന, തീവണ്ടിയിൽ വെച്ച് പരിചയപ്പെടുന്ന പെൺകുട്ടി കക്കട്ടിലിന് ഇന്നും ഒരു സമസ്യയാണ്. എഴുത്തുകാരെയൊക്കെ ഫോട്ടോകൾ വഴി തിരിച്ചറിയാൻ സാദ്ധ്യതയില്ലായിരുന്ന ഒരു കാലത്ത് പരിചയപ്പെടുന്ന ഈ പെൺകുട്ടി അൿബറിനെ തിരിച്ചറിയുന്നു. അദ്ദേഹത്തിന്റെ കഥകളെപ്പറ്റിയുള്ള അഭിപ്രായം തുറന്ന് പറയുന്നു. സ്വയം പരിചയപ്പെടുത്തുമ്പോൾ അവൾ പറയുന്ന നിർദ്ദോഷകരമായ ഒരു കള്ളം പിടിക്കാൻ എഴുത്തുകാരന് പറ്റുന്നില്ല. നല്ല വായനാശീലമുള്ള അവളാരാണെന്ന്, പിന്നിടുള്ള തന്റെ രചനകളിലൂടെ അറിയാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളൊക്കെയും പാഴാകുമ്പോൾ നിരാശനാകുന്നത് വായനക്കാരൻ കൂടെയാണ്.
‘തൊട്ടടുത്ത സീറ്റിലെ അപരിചിതൻ‘ എന്ന അദ്ധ്യായത്തിൽ വിവരിക്കുന്നത് പരിചയക്കാരനായ ഒരു ചെറുപ്പക്കാരനുണ്ടായ അനുഭവമാണ്. തീവണ്ടിയിൽ നിന്ന് ഉടലെടുക്കുന്ന ആൺ-പെൺ ബന്ധത്തിന്റെ ആ കഥ ഒറ്റവായനയിൽ അവിശ്വസനീയമായിത്തോന്നാം. ശാരീരികമായ ഒരു ആവശ്യം മാത്രമായി ലൈംഗിക ബന്ധത്തെ കണക്കാക്കി, പ്രാവർത്തികമാക്കി, കുറ്റബോധമേതുമില്ലാതെ പൊടിയും തട്ടി പോകുന്നത് ചെറുപ്പക്കാരനല്ല; മറിച്ച് പെൺകുട്ടിയാണ്. ഇതിനെ ആസ്പദമാക്കിയാണ് അദ്ദേഹം ‘പടിഞ്ഞാറോട്ടുള്ള തീവണ്ടി‘ എന്ന കഥ കലാകൌമുദിയിൽ എഴുതിയത്. വണ്ടി മുമ്പത്തേക്കാൾ വേഗത്തിൽ പടിഞ്ഞാറോട്ട് ഓടിക്കൊണ്ടിരിക്കുകയാണെന്ന്, തീവണ്ടിയിൽ നേരിട്ട് കണ്ടിട്ടുള്ള രംഗങ്ങളിലൂടെ അദ്ദേഹം അടിവരയിടുമ്പോൾ, മറിച്ച് പറയാൻ വായനക്കാരനുമാകില്ല.
കൈക്കൂലി കൊടുക്കില്ല എന്ന് തീരുമാനിച്ചിട്ടുള്ള ലേഖകന് ഒരു തീവണ്ടിയാത്രയിൽ ഒരിക്കലെങ്കിലും അതിന് വഴങ്ങേണ്ടി വന്നപ്പോൾ, മറുവശത്ത് കൈക്കൂലി വാങ്ങിയ ടി.ടി.ഇ. യ്ക്കും കൈക്കൂലി വാങ്ങിക്കുന്നത് ആദ്യത്തെ അനുഭവമായി മാറുന്നത് രസകരമായ വായനയ്ക്കിട നൽകുന്നു.
യാത്രകൾക്കിടയിൽ പരിചയപ്പെടുന്ന പ്രമുഖരെ എന്നപോലെ വല്ലാതെ അടുപ്പത്തിലാകുന്ന ലത്തീഫിനെപ്പോലുള്ള നന്മയുള്ള സാധാരണക്കാരേയും ലേഖകൻ പരിചയപ്പെടുത്തുന്നുണ്ട് പുസ്തകത്തിൽ. അന്നത്തേക്ക് മാത്രമുള്ള സൌഹൃദം, കുറേക്കാലം കൊണ്ടുനടന്ന് പിന്നെ കൊഴിഞ്ഞുപോകുന്ന സൌഹൃദങ്ങൾ, ചിരകാല സൌഹൃദങ്ങൾ എന്നിങ്ങനെ പല വിഭാഗത്തിലുള്ള സൌഹൃദങ്ങൾ, ഏതൊരാൾക്കും യാത്രകൾക്കിടയിൽ ഉരുത്തിരിയാനിടയുണ്ടെന്ന് അദ്ദേഹം വിലയിരുത്തുന്നു.
കുഞ്ഞിക്ക എന്ന് ലേഖകൻ വിളിക്കുന്ന പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ കൂടെ യാത്ര ചെയ്ത് ഒരിക്കൽ വെട്ടിലായതും, പിന്നീട് അദ്ദേഹവുമായുള്ള യാത്രകളിൽ സ്വയരക്ഷയ്ക്കായി മുൻകരുതൽ എടുത്തതുമായ വിവരണങ്ങൾ നർമ്മത്തിൽ ചാലിച്ചതാണ്. എം.മുകുന്ദൻ, ലോഹിതദാസ്, മുരളി, മമ്മൂട്ടി, കൈതപ്രം, കുഞ്ഞുണ്ണിമാഷ്, എം.ടി, എം.പി.നാരായണപ്പിള്ള, സക്കറിയ, ഡോ:എം.കെ.പി. നായർ, ജി.കാർത്തികേയൻ, വിനയചന്ദ്രൻ, സത്യൻ അന്തിക്കാട്, എസ്.ഭാസുരചന്ദ്രൻ, പ്രൊഫ:കെ.പി.ശങ്കരൻ, ലത്തീഫ് എന്നിങ്ങനെ സുപരിചിതരും അല്ലാത്തതുമായ ഒട്ടനവധിപേർ കക്കട്ടിലിന്റെ യാത്രയ്ക്കിടയിൽ, രസകരവും തെല്ല് നോവുന്ന അനുഭവമായുമൊക്കെ വായനക്കാരിലേക്കെത്തുന്നു.
‘ക്ഷമിക്കണം ബോധപൂർവ്വമല്ല’ എന്ന ലേഖനം ഒരു ഉപദേശം കൂടെയാണ്. മന്ത്രിമാർ, ഉന്നതാധികാരികൾ, സിനിമാതാരങ്ങൾ എന്നിവരെല്ലാം പങ്കെടുക്കുന്ന ചടങ്ങിലേക്കായി ദീർഘയാത്രയൊക്കെ നടത്തി എഴുത്തുകാരൻ പോകാതിരിക്കുന്നതാണ് നല്ലതെന്നാണ് ആ ഉപദേശം. ഇപ്പറഞ്ഞവരൊക്കെ എഴുത്തുകാരന് വലിയ സ്ഥാനം നൽകുമെങ്കിലും അവരുടെ അണികളോ ആരാധകരോ അത് തരണമെന്നില്ല എന്ന അഭിപ്രായം ശരിയാകാനേ തരമുള്ളൂ. ‘കാണാം ബൈ’ എന്ന അവസാന അദ്ധ്യായത്തിൽ, യാത്രകൾക്കിടയിൽ പുകവലി കാരണം ഉണ്ടായിട്ടുള്ള ഗുലുമാലുകളെപ്പറ്റിയാണ് വിവരിക്കുന്നത്. പലപ്പോഴും, അക്ഷരസ്നേഹികൾ ചിലർ ഇടപെട്ടതുകൊണ്ട് രക്ഷപ്പെട്ട അനുഭവങ്ങൾ.
മഹത്തായ ഒരു അനുഭവം ഉണ്ടാകാൻ പോകുന്നു എന്ന് വിചാരിച്ചുകൊണ്ട് ഒരു യാത്രയും നടത്താനാവില്ല. ജീവിതമെന്ന മഹായാത്രയിൽ അനുഭവങ്ങൾ അങ്ങനെ കടന്നുവരും, ഒട്ടും വിചാരിച്ചിരിക്കാതെയെന്ന് ലേഖകൻ. അതെ അത്തരം യാത്രാനുഭവങ്ങൾക്ക് തന്നെയാണ് മാധുര്യവും.
വാൽക്കഷണം:- യാത്രകൾക്കിടയിൽ, ഞാൻ പരിചയപ്പെടുകയും സംസാരിക്കുകയുമൊക്കെ ചെയ്തിട്ടുള്ള സെലിബ്രിറ്റികളോ പ്രമുഖ വ്യക്തികളോ ആരൊക്കെയാണ് ? ആലോചിച്ച് നോക്കിയപ്പോൾ ഒരു മുഖം മാത്രമാണ് മുന്നിൽ തെളിഞ്ഞത്. അന്തരിച്ചുപോയ സിനിമാനടൻ ജോസ് പല്ലിശ്ശേരി. തീവണ്ടിയുടെ വാതിൽക്കൽ നിന്നിരുന്ന അദ്ദേഹത്തെ എനിക്ക് പെട്ടെന്ന് മനസ്സിലായി. അന്നദ്ദേഹം സിനിമകളിൽ ശ്രദ്ധിക്കപ്പെട്ട് വരുന്നതേയുള്ളൂ. പോയി സംസാരിക്കാൻ തീരുമാനിച്ചപ്പോൾ കൂടെയുണ്ടായിരുന്ന സുഹൃത്ത് വിലക്കി. “വേണ്ടടാ, ഞാനെങ്ങും കണ്ടിട്ടില്ല അങ്ങനൊരു നടനെ. പോയി മുട്ടി വെറുതെ ചമ്മാൻ നിൽക്കണ്ട.”
മഹത്തായ ഒരു അനുഭവം ഉണ്ടാകാൻ പോകുന്നു എന്ന് വിചാരിച്ചുകൊണ്ട് ഒരു യാത്രയും നടത്താനാവില്ല. ജീവിതമെന്ന മഹായാത്രയിൽ അനുഭവങ്ങൾ അങ്ങനെ കടന്നുവരും, ഒട്ടും വിചാരിച്ചിരിക്കാതെയെന്ന് ലേഖകൻ. അതെ അത്തരം യാത്രാനുഭവങ്ങൾക്ക് തന്നെയാണ് മാധുര്യവും.
എത്രയും പെട്ടെന്ന് ഈ പുസ്തകം വായിക്കണം എന്നു തോന്നുന്നു
യാത്രകള്‍ ഇഷ്ട്ടപ്പെടുന്ന , അക്ബര്‍ക സ്വന്തം നാട്ടുകാരനാണെന്നുള്ള ചെറിയൊരഹങ്കാരം ഉള്ള ഒരു ആരാധകന്‍ , വ്യക്തിയുടെ അല്ല, എഴുത്തിന്റെ . . . .
“
ഒരു കല്യാണവീട്ടില്‍ നിന്നും തലെ ദിവസം രാത്രി ഭക്ഷണം ഒക്കെ കഴിച്ചു കൂട്ടുകാരൊടു കത്തിവെച്ചു നില്ക്കുമ്പോള്‍ വാപാന്റെ വിളി. സത്യം പറഞാല്‍ നല്ല ദേഷ്യം വന്നു. അവിടെ ചെന്നപ്പോളല്ലെ അറിയുന്നത്, അക്ബര്‍ കക്കട്ടിലിനെ വീട്ടില്‍ എത്തിക്കണം. . .
ഇതും ഒരു ചെറു യാത്രയുമായി ബന്ധമുള്ള അനുഭവം
“
അക്ബർ മാഷ് എന്റെ നാട്ടുകാരനാണ്. നേരിട്ട് പരിചയവുമുണ്ട്..നിരക്ഷരനും പരിചയമുണ്ടാകുമെന്ന് കരുതുന്നു..പോസ്റ്റ് നന്നായി. നന്ദി
ഇനിയിപ്പോൾ ആ പുസ്തകം വാങ്ങി വായിക്കാതിരിക്കുന്നതെങ്ങനെ? ഒന്നാമത് സമയമില്ല. പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി!
നന്ദി, മനോജേട്ടാ……
യാത്രയിലെ മുഖങ്ങൾ നന്നായിരിക്കുന്നു. പോയ കുറെ വർഷങ്ങളിലെ യാത്രയിൽ മുഖങ്ങളും, മുഖാവരണങ്ങളും, മഴമേഘങ്ങളും, മാറിമാറി വന്ന ഋതുക്കളും ഒരു പ്രത്യേകലോകത്തിലൂടെ നടന്നുനീങ്ങുന്നതു കാണാനായി. അക്ഷരങ്ങൾക്കിടയിലുമൊരക്ഷരപ്പിശക് അതിസൂക്ഷ്മമായിയെഴുതി ചേർക്കും നിരക്ഷരനെന്നൊരാളെയും കാണാനായത് ആശ്ചര്യകരം. പോയ കുറെ വർഷങ്ങളിൽ കണ്ട ലോകത്തിനൊരു പ്രത്യേകതയുണ്ടായിരുന്നു. മുഖാവരണങ്ങളിൽ നിന്നും മുഖങ്ങളെ കാണാനായി. സ്ത്രീകളെ ജാലകപ്പഴുതിലൂടെയൊളിപ്പാർക്കും മുഖാവരണമിടും റൂപേർട്ട് മർഡോക്ക്മാരെ കാണാനായി. ഇവരെഴുതും യാത്രാവിവരണങ്ങൾ കാണാനായി. കവർന്ന പണത്താലോഘോഷങ്ങൾ നടത്തിയവർക്ക് സ്തുതിഗീതം പാടിയവരെ കാണാനായി. അണ്ണാ ഹസാരെയെ ജനമറിയുന്നതു കാണാനായി യാത്രക്കിടയിൽ കാണും സ്ഥലങ്ങളുംമുഖങ്ങളും യാഥാർഥ്യം. അവയിലൂടെ ഒരു രാജ്യത്തെയറിയാനാവും. ഭൂതക്കണ്ണാടിയുമായ് ജാലകപ്പഴുതിലൊളിപാർക്കും മനസ്സിൽ തെളിയുന്നതവരുടെ തന്നെ കറുത്ത ഹൃദയമായിരിക്കും… അയഥാർഥ്യങ്ങളുടെ ആധികാരികതയച്ചടിക്കാൻ ഒരച്ചുകൂടവുമൊരു മഷിപാത്രവും മാത്രമേ ആവശ്യമായിട്ടുള്ളൂ. മഹത്തായ യാത്രയ്ക്കിടയിലും നിരക്ഷരതയുടെയൊരു നിഴലെങ്ങനെ തണൽമരങ്ങൾക്കരികിൽ വിരിയുന്നു എന്നോർത്തു പലപ്പോഴും അത്ഭുതപ്പെട്ടിട്ടുമുണ്ട് .. യാത്രതിരക്കിനിടയിൽ പലരുമതറിയാതെ പോകും. പക്ഷെ സ്വർഗവാതിലുകളറിയും.
നന്നായി എഴുതിയ ഒരു നിരൂപണം..
@ ajaypisharody – എന്റെ പൊന്ന് പിഷാരടീ, മുകളിൽ ഈ എഴുതി വെച്ചിരിക്കുന്നത് ഒന്ന് പരിഭാഷപ്പെടുത്തി തരാമോ ? ഞങ്ങള് നിരക്ഷരന്മാരുടെ ഭാഷയിലേക്ക് :):) പിഷാരടിക്ക് പകരം ആരെങ്കിലും ചെയ്ത് തന്നാലും മതി.
പലരും നമ്മുടെ ഇടയിലേക്ക് എത്തിപ്പെടുന്നത് അവിചാരിതമായിട്ടായിരിക്കും .. എന്തായാലും ആ പുസ്തകം ഒന്ന് വായിക്കണം .പരിചയപ്പെടുത്തിയതിനു നന്ദി..
നല്ല എഴുത്ത്, വിവരണം, പരിചയപ്പെടുത്തല്‍…ഇഷ്ടപ്പെട്ടു
തീർച്ചയായും ഈ പുസ്തകം ഇനി വായിക്കുക തന്നെ !
പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി ..പക്ഷെ കൂടുതല്‍ ഇഷ്ടപ്പെട്ടത് പിഷാരടിക്ക് കൊടുത്ത കോട്ടാണ് .സത്യത്തില്‍ അത് ഏതു ഭാഷയാണ് ..ഇങ്ങനെയൊക്കെ എഴുതിയാണ് വായിക്കണം എന്നാഗ്രഹം ഉള്ളവനെപ്പോലും ഓടിക്കുന്നത്
നല്ലൊരു ലേഖനം. ഏറെ സന്തോഷത്തോടെ വായിച്ചു.
പരിചയപ്പെടുത്തൽ നന്നായി.
സെലിബ്രിറ്റികളെ കണ്ട കാര്യം മാത്രം ആക്കണം എന്നില്ലല്ലോ ഭായ്, കണ്ടുമുട്ടിയ എല്ലാരെക്കുറിച്ചും എഴുതെന്നെ.
@ അനില്‍@ബ്ലോഗ് – സെലിബ്രിറ്റി ഈ ഒരാളെ മാത്രമേ ഞാൻ പരിചയപ്പെട്ടിട്ടുള്ളൂ. അത് ദാ ഇവിടെ ഒരു വാൽക്കഷണമായിട്ട് തീരുകയും ചെയ്തു. വ്യത്യസ്തരായ സാധാരണക്കാരെ ഒരുപാട് പേരെ പരിചയപ്പെട്ടിട്ടുണ്ട്. അത് ഒരു പുസ്തകം നിറയെ എഴുതാനുള്ളതുണ്ട്
പുസ്തകപരിചയം നന്നായി. ഈ സീരിസില്‍ കുറേ പുസ്തകം ഒലിവ് ബുക്ക്സ് ഇറക്കുന്നുണ്ട്. കെ.പി.രാമനുണ്ണി, സി.വി ബാലകൃഷ്ണന്‍, യു.എ.ഖാദര്‍ തുടങ്ങിയവരുടെ യാത്രകള്‍ ആണെന്ന് തോന്നുന്നു. ഈയിടെ മാതൃഭൂമിയില്‍ ബിജു.സി.പി അവയെ പരിചയപ്പെടുത്തി റിവ്യൂ ഇട്ടിരുന്നു.
നിരക്ഷരന്റെ തന്നെ മറ്റേതോ ഒരു പുസ്തക പരിചയപോസ്റ്റില്‍ (ദേവദാസി തെരുവിലൂടെ ആണെന്ന് തോന്നുന്നു) പി.സുരേന്ദ്രനെ ഒരു യാത്രക്കിടയില്‍ കണ്ടുമുട്ടിയതാണ് എന്ന് വായിച്ചോ എന്ന് ഒരു ഓര്‍മ്മ. അങ്ങിനെയാണെങ്കില്‍ അദ്ദേഹവും സെലിബ്രിറ്റി തന്നെയല്ലേ.. അതോ അദ്ദേഹത്തെ അതല്ലാതെ അറിയും, ഒരു യാത്രയില്‍ കണ്ടുമുട്ടിയപ്പോള്‍ എന്ന് ആ ഫോട്ടോക്ക് സന്ദര്‍ഭോചിതമായി കമന്റ് ചെയ്തതാണോ?
നിരൂപണം നന്നായി.നന്ദി.ഇത്തരത്തില്‍ യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട വ്യത്യസ്തരായ വ്യക്തികളെ കുറിച്ചുള്ള ഒരു കുറിപ്പ് മനോജെട്ടനില്‍ നിന്നും പ്രതീക്ഷിക്കുന്നു.
This comment has been removed by the author.
മനോജ് നിരക്ഷരന്‍ ,
കേരള കൌമുദി പത്രത്തില്‍ ഇതില്‍ ഒന്ന് രണ്ട്
അധ്യായങ്ങള്‍ വായിച്ചതായി ഓര്‍ക്കുന്നു . ഓര്‍മയില്‍ ഇപ്പോഴും തങ്ങി നില്‍ക്കുന്നത് ‘രാത്രിവണ്ടിയിലെ യാത്രക്കാരി’എന്ന അധ്യായമാണ്.
‘കക്കട്ടിൽ യാത്രയിലാണ് ‘ തുടര്‍ന്നു വായിക്കുവാന്‍ കാത്തിരുന്നു എങ്കിലും പിന്നീടുള്ള ഭാഗങ്ങള്‍ ആ പത്രത്തില്‍ എന്തുകൊണ്ടോ പ്രസിദ്ധീകരിച്ചു കണ്ടില്ല .ഡീ.സി. ബുക്ക്സ് ഇങ്ങനെയൊരു പുസ്തകം പുറത്തിറക്കി എന്നത് താങ്കള്‍ പറഞ്ഞപ്പോഴാണ് അറിയുവാന്‍ കഴിഞ്ഞത് .നന്ദി ….
തീര്‍ച്ചയായും വായിക്കാന്‍ ശ്രമിക്കാം.
“വീടിനു ചുറ്റുമുള്ള കാഴ്ച്ചകൾ നമുക്ക് വയസ്സാംകാലത്ത് കാണാമല്ലോ? ചോരത്തിളപ്പുള്ള ചെറുപ്പകാലത്ത് ദൂരെയുള്ള യാത്രകൾ തന്നെ തിരഞ്ഞെടുക്കുക….”
വയസ്സ് കാലത്ത് കണ്ണിന്റെ കാഴ്ചകള്‍ മങ്ങുമ്പോള്‍ എങ്ങനെ കാണും ഈ നാട്ടു കാഴ്ചകള്‍ ?.ആ കാലം വരേയും വീടിനു ചുറ്റുമുള്ള കാഴ്ചകള്‍ നമ്മള്‍ക്ക് വേണ്ടി കാത്തുനില്‍ക്കും എന്നതിന് വല്ല ഉറപ്പും ഉണ്ടോ ?:-)
…..”എന്നുവെച്ച് നമ്മൾ ദേശം വിട്ട് മറുദേശങ്ങളിലേക്കുള്ള യാത്രകൾ മുടക്കരുത്”(അക്ബര്‍ കക്കട്ടില്‍….)
യാത്രക്കിടയിലെ ,അല്ലെങ്കില്‍ ജീവിതത്തിലെ തന്നെ ഓരോ കണ്ടുമുട്ടലും ഓരോ അനുഭവങ്ങള്‍ തന്നെയാണ് .
കാലം കഴിയുമ്പോള്‍ ഒരു പക്ഷെ ആ കണ്ടുമുട്ടലുകള്‍,പരിചയപ്പെടലുകള്‍ മഹത്തരങ്ങള്‍ ആയിത്തീരാം.
അല്ലെങ്കില്‍ ആരും അറിയപ്പെടാതെ പുസ്തകത്താളുകളിലെ വെറും അക്ഷരങ്ങളായി മാത്രം ഒടുങ്ങാം.
ആശംസകള്‍
സുജ
@ Manoraj – സുരേന്ദ്രൻ സാറിനെ അതിന് മുന്നേയും പരിചയമുണ്ട്. ആദ്യമായി പരിചയപ്പെടുന്നത് ബഹറിനിൽ വെച്ചാണ്. പക്ഷേ മനോരാജ് പറഞ്ഞതുപോലെ ആ ഫോട്ടോ എടുത്ത ദിവസം ഒരു യാത്രയ്ക്കിടയിൽ സാറിന്റെ സ്കൂളിൽ ചെന്ന് കാണുകയായിരുന്നു. അങ്ങനെ നോക്കിയാൽ ആ കണ്ടുമുട്ടൽ ഒരു യാത്രയ്ക്കിടയിൽത്തന്നെ. ആരെങ്കിലും ഒക്കെ ഓർമ്മിപ്പിച്ചാൽ ഇനീം കാണും ചിലപ്പോൾ അതുപോലെ ഏതെങ്കിലുമൊക്കെ കണ്ടുമുട്ടലുകൾ. എന്തായാലും ഞാനും മറുകക്ഷിയും(സെലിബ്രിറ്റി) യാത്രയ്ക്കിടയിൽ കണ്ടുമുട്ടി പരിചയപ്പെട്ട് സംസാരിച്ചതായി ജോസ് പല്ലിശ്ശേരി അല്ലാതെ ആരെയും ഓർമ്മ വരുന്നില്ല.
ഏറ്റവും കൂടുതൽ പ്രാവശ്യം യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയിട്ടുള്ളത് ഒരു വനിതാ സെലിബ്രിറ്റിയെ ആണ്. അഞ്ച് പ്രാവശ്യത്തിലധികം കണ്ടിട്ടുണ്ട്. പരിചയപ്പെടാനോ സംസാരിക്കാനോ നിന്നിട്ടില്ല , നിന്നാലും നടക്കില്ല. അവരെ കണ്ടതൊക്കെ എയർപ്പോർട്ടുകളിൽ വെച്ച് മാത്രം. കക്ഷിയുടെ പേര് പൂജാ ബത്ര. ( അതുതന്നല്ലേ ആറടിക്ക്മേൽ പൊക്കമുള്ള, അപ്പുക്കുട്ടാ തൊപ്പിക്കാരാ എന്ന ഗാനരംഗത്തിൽ മോഹൻലാലിനൊപ്പം ഉള്ള നടി ?)
അക്ബർമാഷെ ഒരിക്കൽ നേരിട്ട് കണ്ടിട്ടും എന്തോ ഒരു പേടി മൂലം അടുത്തു പോകാനോ സംസാരിക്കാനോ ശ്രമിച്ചില്ല. ഒരു പത്താം ക്ളാസുകാരന് അത്രയൊക്കെയല്ലേ ധൈര്യം കാണൂ. എന്നാലും പുസ്തകം പരിചയപ്പെടുത്തിയതിന് നന്ദി. നാട്ടിലേക്കൊരു ഓർഡർ കൊടുത്തു കഴിഞ്ഞു. ഇനി ഒരു മാസം കാത്തുനിൽക്കണം! ദുബൈയിൽ വെച്ച് യാദൃശ്ചികമായി പല സിനിമാക്കാരെയും കണ്ടു, പക്ഷേ അവരെ അകലെനിന്നു നോക്കിക്കാണുന്നതാ ഇഷ്ടം.
കക്കട്ടിലിന്റെ പുസ്തകങ്ങള്‍ വലിയ ഇഷ്ട്ടമാണ്.സ്കൂള്‍ കാര്യങ്ങള്‍ അദ്ദേഹമെഴുതുമ്പോള്‍ അതില്‍ പ്രത്യേകമൊരു മാധുര്യം അനുഭവപ്പെടാറുണ്ട്.ഇതും വേഗം വായിക്കാന്‍ തോന്നുന്നു.
അതില്‍ പരാമര്‍ശിച്ച സി .എച്.ഹരിദാസിന്റെ കാര്യം എന്റെ ഇക്കാക്ക എപ്പോഴും പറയാറുണ്ട്.കക്കട്ടിലും മൂപ്പരുടെ സ്നേഹിതനാണ്.
അക്ബര്‍ കാക്കട്ടിലിന്റെ പുസ്തകത്തെ കുറിച്ച് ഏകദേശ ധാരണയായി
ഇനി നാട്ടില്‍ പോകുമ്പോള്‍ പുസ്തകം സംഘടിപ്പിച്ചോളാം
അക്ബർ മാഷിന്റെ കഥകൾ വളരെ ഇഷ്ടമായിരുന്നു മുൻപുതന്നെ .
പുസ്തകത്തെക്കുറിച്ച് വളരെ ഭംഗിയായി എഴുതി. അഭിനന്ദനങ്ങൾ.
പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി,കക്കട്ടിലിനെ എന്നും താല്പര്യത്തോടെയാണ് വായിക്കാറുള്ളത് , ഇങ്ങിനെ കുറെയേറെ നല്ല രചനകള്‍ നമ്മളറിയാതെ കിടപ്പുണ്ടാവുമെല്ലോ!
പരിചയപ്പെടുത്തലിന് നന്ദി.
നല്ല പരിചയപ്പെടുത്തല്‍.
Niraksharan
Please read the following poem by Jonathan ROBIN which i received from a website. Pls read this poem and you understand why i wrote such a comment.
An Open Gate
What counts is ways the wave bands interlink
from infra violent through the ultra read
judgmental values fade, flushed down Life’s sink,
the Pattern counts, how waft and web are spread
within the flow itself should make one think
there is no past, no present, no ahead,
as Time can rhyme the span, at Man must wink ~
as [s]he’s from Judge to Judgement, spinning, led.
The air we breathe with life must seethe and how
that interacts to marshal facts is strange,
coincidence may shape both ‘here and now’
and still instill, fulfill, more scope, more range
without the trammels and the platitudes
which most repeat ~ both low and high ~ as each
delays, downplays unusual attitudes,
won’t glow in flow with currents out of reach.
This flow is pattern icing on the cake
the poet bakes it takes the time to write,
which whirls around, spurns sight and sound to rake
no line dividing time, space, day or night.
Thus time itself appears conveyor belt
on belt ‘die Welt’ drives on at different speeds,
some contradictory, some helter-skelt
to feed the need to feed the need to seed
an echo which upon an unknown date
in turn may stimulate discovery
of what once known ~ unlocking open gate
calling upon the inner eye to see…
the need that tames the flames of inner fire
to seed ten thousand ripples, may be more,
Jonathan ROBIN
കക്കട്ടിലിന്റെ ഏതാനും ചില കഥകൾ വായിച്ചിരുന്നു. അദ്ദേഹത്തിന്റെ യാത്രകൾക്ക് ഇത്രയും വായനാസുഖമുള്ള ഒരു പ്രിവ്യൂ തന്നതിന് നന്ദി.
( എന്തായാലും ജോസ് പെല്ലിശ്ശേരിയേയും പൂജാബത്രയേയുമൊക്കെ രണ്ടും കല്പിച്ചൊന്നു പോയി മുട്ടിയിരുന്നെങ്കിൽ ഞങ്ങൾക്കൊക്കെ വായിക്കാൻ രണ്ട് പോസ്റ്റുകൾകൂടി ആയേനേ. കളഞ്ഞു കുളിച്ചല്ലോ ചേട്ടാ!!!)
ആശംസകളോടെ
satheeshharipad.blogspot.com
@ Satheesh Haripad – ജോസ് പല്ലിശ്ശേരിയെ മുട്ടിയിരുന്നു. പൂജാ ബത്രയെ മുട്ടണമെങ്കിൽ കൂടെ ഉണ്ടായിരുന്ന തടിയന്മാരെ ആദ്യം മുട്ടണം എന്നതായിരുന്നു അവസ്ഥ
വായിച്ചു, പുസ്തകവും വായിക്കണം.. നന്ദി നിരക്ഷരന്‍..
പുസ്തകം വാങ്ങിച്ചു…
ഒരുപാട് വൈകിയെന്നറിയാം, എങ്കിലും പറയാതെ വയ്യ. അക്ബർ കക്കട്ടിൽ എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ട എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ ഷമീല ഫഹ്മിയാണ് ആദ്യമായി വായിക്കുന്നത്. ലളിതമായ ഭാഷയിലൂടെ നര്മ്മം കലർത്തി രസിപ്പിക്കുന്ന എഴുത്തുകാരൻ.