ഇടതുപക്ഷത്തിനോട് ഒരപേക്ഷ


6789

ന്ന്(03.01.2019) ബി.ജെ.പി.യുടെ പിന്തുണയോടെ ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്ത ഹർത്താലിന് ഇന്നലെയും ഇന്നും കേരളത്തിൽ അഴിച്ചുവിടപ്പെട്ട കലാപം എല്ലാവരും കാണുകയും കുറച്ചുപേരെങ്കിലും അനുഭവിക്കുകയും ചെയ്തുകാണുമല്ലോ ?

2018 ൽ 98 ഹർത്താലുകളും 2017 ൽ 120 ഹർത്താലുകളും നടന്നു. ഹർത്താലുകളുടെ എണ്ണത്തിലുണ്ടായ ഈ കുറവ് ഹർത്താലിനോട് ജനങ്ങൾക്ക് കടുത്ത വെറുപ്പുണ്ടായതുകൊണ്ട് തന്നെയാണെന്ന് കരുതുന്നതിൽ തെറ്റില്ലല്ലോ. വ്യാപാരികളും കോഴിക്കച്ചവടക്കാരും മുതൽ സിനിമാക്കാരും ഇന്ധനവ്യാപാരികളും വിനോദസഞ്ചാരം ഉപജീവനമാക്കിയിട്ടുള്ളവർ വരെ ഇനിയുള്ള  ഹർത്താലുകളിൽ സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചതിന് ശേഷം ആഹ്വാനം ചെയ്യപ്പെട്ട ആദ്യ ഹർത്താലായിരുന്നു ഇന്നത്തേത്. അത് എത്തരത്തിലാണ് കലാശിച്ചതെന്ന്എല്ലാവർക്കും ബോദ്ധ്യപ്പെട്ടുകാണുമല്ലോ ?

പറയാനുള്ളത് ഇടതുപക്ഷത്തിനോടാണ്. ഹർത്താൽ ഒരു സമരമാർഗ്ഗമാണെന്നും ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കാനാവില്ല എന്നുമൊക്കെയാണ് ഇടതുപക്ഷം അടക്കമുള്ള എല്ലാ പക്ഷക്കാരും പാർട്ടിക്കാരും ഇന്നുവരെ ന്യായീകരിച്ച് പോന്നിട്ടുള്ളത്. ഒരുപടി കൂടെ കടന്ന് ഗാന്ധിജി പഠിപ്പിച്ച സമരമാർഗ്ഗമാണെന്ന് കൂടെ വാദിക്കുന്നവരുമുണ്ട്. ഹിംസയിലൂന്നിയ ഒരു സമരമുറയും ഗാന്ധിജി പഠിപ്പിച്ചിട്ടില്ല. അന്യനെ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും ഹർത്താലിന്റെ ഭാഗമാക്കുമ്പോൾ അത് ഹിംസയാകുന്നു ഫാസിസമാകുന്നു ജനാധിപത്യവിരുദ്ധവും ഭരണഘടന ഒരു പൌരന് നൽകുന്ന സ്വാതന്ത്ര്യത്തിന്റേയും അവകാശത്തിന്റേയും ലംഘനമാകുന്നു.

ഇതൊന്നും ഇടതുപക്ഷം പോലൊരു കൂട്ടരോട് പറഞ്ഞ് മനസ്സിലാക്കേണ്ട കാര്യമൊന്നുമല്ല. കേരളം പലതരം സമരങ്ങളിലൂടെ ഉയർന്ന് വന്ന സംസ്ഥാനമാണ്, ആയതിനാൽ ഹർത്താൽ എന്ന സമരമുറ ഉപേക്ഷിക്കാനാവില്ല എന്നൊരു വാദമുഖവും ഉന്നയിക്കപ്പെടാറുണ്ട്. ശരിയായിരിക്കാം. പക്ഷേ, ഇന്നാട്ടിൽ ഏതെങ്കിലും ഒരു കൂട്ടരുണ്ടോ സ്വന്തമായി സംഘടന ഇല്ലാത്തവർ? അവകാശങ്ങൾ നേടിയെടുക്കാനുള്ള കൃത്യമായ മാർഗ്ഗങ്ങൾ എല്ലാവർക്കുമില്ലേ ? എന്നിട്ടും കഴിഞ്ഞ കുറേ വർഷങ്ങളായി ഹർത്താൽ അല്ലാതെ മറ്റൊരു സമരമാർഗ്ഗവും ഇവർക്കാർക്കും ഇല്ല എന്ന മട്ടിലെന്തിനാണ് പെരുമാറുന്നത്? കേരളം ഉണ്ടാക്കിയെടുത്തെന്ന് പറയുന്നത് ഹർത്താൽ എന്ന സമരമാർഗ്ഗത്തിലൂടെ മാത്രമാണോ ? പത്ത് വർഷങ്ങൾക്ക് മുൻപ് പ്രതിവർഷം എത്ര ഹർത്താലുകൾ നടന്നിട്ടുണ്ട് കേരളത്തിൽ? തടിയനങ്ങാതെയും വിയർപ്പ് പൊടിയാതെയും ആഹ്വാനം ചെയ്ത് വിജയിപ്പിക്കാൻ  പറ്റുന്ന ഒരു സമരമാർഗ്ഗം മാത്രമല്ലേ ഇന്ന് ഹർത്താൽ? 2019 ജനുവരി 1ന് വനിതാ മതിൽ സംഘടിപ്പിച്ച് ശക്തി തെളിയിപ്പിച്ചപ്പോൾ ചില്ലറ അദ്ധ്വാനമായിരുന്നില്ലല്ലോ വേണ്ടിവന്നത് ? അത്തരം അദ്ധ്വാനമൊന്നും വേണ്ട എന്നതിനാലല്ലേ വർഷത്തിൽ 100 ഹർത്താലുകൾക്ക് മേലെ എല്ലാവരും ചേർന്ന് നടപ്പിലാക്കുന്നത്?

രാഷ്ട്രീയമുതലെടുപ്പിന്റെ പേരിലായാലും വിശ്വാസപ്രമാണങ്ങളുടെ പേരിലായാലും കേരളം നിന്ന് കത്തുകയാണിപ്പോൾ. അതിന് വേണ്ടി മറയാക്കിയിരിക്കുന്നത് ഹർത്താൽ എന്ന സമരാഭാസത്തെയാണ്. ഇതിങ്ങനെ തുടർന്നാൽ മതിയോ ? സമ്പൂർണ്ണ സാക്ഷരർ എന്ന് ഊറ്റം കൊള്ളുന്ന മലയാളിക്ക് ചേർന്ന പ്രവർത്തിയാണോ ഇത് ? ആയതിനാൽ ഹർത്താൽ എന്ന സമരമാർഗ്ഗം അഥവാ ജനങ്ങളെ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും ഭീതിക്കടിമകളാക്കിയും അടിച്ചേൽ‌പ്പിക്കുന്ന എല്ലാ സമരമാർഗ്ഗങ്ങളും നമ്മളുപേക്ഷിക്കേണ്ടിയിരിക്കുന്നു.

കോൺഗ്രസ്സിന്റെ രമേഷ് ചെന്നിത്തല ഹർത്താൽ നിയന്ത്രണ(നിരോധന ബിൽ അല്ല) ബിൽ കൊണ്ടുവരാൻ ചില ശ്രമങ്ങൾ നടത്തുന്നത് പോലെ തോന്നിയെങ്കിലും അതിൽ അൽ‌പ്പം പോലും ആത്മാർത്ഥത ഉണ്ടായിരുന്നില്ലെന്ന് പിന്നീട് വ്യക്തമായി. കെ.പി.സി.സി. പ്രസിഡന്റ് എന്ന നിലയ്ക്ക് വി.എം.സുധീരൻ ഇരിക്കെത്തന്നെ യു.ഡി.എഫ്.ന് വേണ്ടി ഹർത്താൽ ആഹ്വാനം നടത്തിക്കൊണ്ടാണ് അദ്ദേഹമത് തെളിയിച്ചത്. അപ്പോൾ ആ കൂട്ടരെക്കൊണ്ട് ഹർത്താൽ തീർപ്പാക്കാൻ പറ്റില്ലെന്ന് തീരുമാനമായി.

പിന്നെയുള്ളത് ബി.ജെ.പി.യും ഇടത് പക്ഷവുമാണ്. ബി.ജെ.പി.കാട്ടിക്കൂട്ടുന്നത് കാണുന്നുണ്ടല്ലോ ? കേന്ദ്രത്തിൽ ഭരണം കിട്ടിയ ശേഷം ഓരോ വർഷവും കേരളത്തിൽ ഏറ്റവും കൂടുതൽ ഹർത്താൽ നടത്തുന്നതിലൂടെ അവർ ലക്ഷ്യമാക്കുന്നത് എന്താണെന്ന് ഇനിയും വ്യക്തമാകാത്തവർക്ക് ഇന്നലെയും ഇന്നും നടന്ന സംഭവങ്ങളോടെ അക്കാര്യവും വ്യക്തമായിക്കാണാതെ തരമില്ല.

ബാക്കിയുള്ളത് നിങ്ങളാണ്; ഇടത് പക്ഷമാണ്. ഹർത്താലുകൾ ധാരാളം നടത്തിയിട്ടുള്ളവരാണ് നിങ്ങൾ. അണികളെ ചേർത്ത് നിർത്താനും എളുപ്പമാർഗ്ഗത്തിൽ സമരം വിജയിപ്പിക്കാനും നിങ്ങളും ഉപയോഗിച്ചിട്ടുണ്ട് ഹർത്താലിനെ. ആയതിനാൽ അത്രയെളുപ്പം ഹർത്താലിനെ തള്ളിപ്പറയാനോ ഒഴിവാക്കാനോ നിങ്ങൾക്കും ബുദ്ധിമുട്ടുണ്ടെന്നറിയാം. പക്ഷെ അത് ചെയ്തേ പറ്റൂ. നിങ്ങൾക്കേ ഇനിയതിനായി മുൻ‌കൈ എടുക്കാനാവൂ.  ജനുവരി 1നും 2നും നിങ്ങൾ നടത്തിയെന്ന് പറയുന്ന, കേരളത്തിലിപ്പോൾ നിങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു എന്ന് അവകാശപ്പെടുന്ന നവോത്ഥാനത്തിന്റെ ഭാഗമായി ഹർത്താൽ വിരുദ്ധതയും ഉൾപ്പെടുത്തണം. ഈ സമരമാർഗ്ഗം അങ്ങേയറ്റം വ്യഭിചരിക്കപ്പെട്ടുകഴിഞ്ഞു. ഇനിയും ഇതുമായി മുന്നോട്ട് പോകരുതെന്ന് മാത്രമല്ല ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും വേണം. ഒരപേക്ഷയാണ്. അല്ലെങ്കിൽ ഈ നാട് ഒരിക്കലും തിരിച്ചുപിടിക്കാൻ പറ്റാത്ത വിധം കൈവിട്ട് പോകും.

മഴ എല്ലാവർക്കും ഇഷ്ടമുള്ളതും ആവശ്യമുള്ളതും തന്നെയാണ്. പക്ഷെ എല്ലാ ദിവസവും ഇടിവെട്ടി മഴപെയ്യാൻ തുടങ്ങിയാൽ അത് പ്രളയമായി മാറും. പ്രളയമുണ്ടാക്കുന്ന ദുരിതമെന്താണെന്ന് അതിന്റെ കെടുതികൾ ഇപ്പോഴും പേറുന്ന നമ്മൾ മലയാളികളേക്കാൾ നന്നായി ആർക്കാണറിയുന്നത്.

ആയതിനാൽ ഈ അപേക്ഷ സ്വീകരിക്കാൻ ദയവുണ്ടാകണം. ഇനി ഹർത്താലുകൾ നടത്തില്ലെന്ന  നിലപാട് ഇടതുപക്ഷം കൈക്കൊള്ളണം; പ്രഖ്യാപനം നടത്തണം. മറ്റ് പാർട്ടിക്കാർ നടത്തുന്ന ഹർത്താൽ ദിനങ്ങളിൽ നിങ്ങളുടെ പാർട്ടിയുടെ ശക്തി പ്രയോജനപ്പെടുത്തി കടകൾ തുറക്കുകയും വാഹനങ്ങൾ ഓടിക്കുകയും അത് ചെയ്യുന്നവർക്കെല്ലാം സംരക്ഷണം കൊടുക്കുകയും വേണം. അതത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് മാത്രമല്ല, അങ്ങനെയൊന്ന് ചെയ്താൽ തീരാവുന്നതേയുള്ളൂ‍ കേരളത്തിന്റെ ഹർത്താൽ ഭ്രാന്ത്. ഭൂരിപക്ഷം വരുന്ന കേരളജനതയിപ്പോൾ ഹർത്താലിനെ വെറുത്തുകഴിഞ്ഞിരിക്കുന്നു. വിരലിൽ എണ്ണാവുന്ന ചിലർ ഇനിയുമതിനെ ഇഷ്ടപ്പെടുന്നുണ്ടാകാം. പക്ഷെ ഭൂരിപക്ഷത്തിന്റെ താൽ‌പ്പര്യത്തിനല്ലേ വിജയം സമ്മാനിക്കേണ്ടത്? ഇത് നടത്തിയെടുക്കാൻ പറ്റിയാൽ ഇടതുപക്ഷത്തിന് പിന്തുണ വർദ്ധിക്കുകയേയുള്ളൂ. ഇത് നടത്തിയെടുക്കാൻ പറ്റുന്ന ആർക്കും പിന്തുണ കൂടിവരുക തന്നെ ചെയ്യും.

നവോത്ഥാനമാണല്ലോ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് ? ഹർത്താൽ എന്ന ജനദ്രോഹപരമായ സമരമുറയെ പുണർന്നുകൊണ്ട്, ഓരോ ഹർത്താലിനും കോടിക്കണക്കിന് രൂപയുടെ നഷ്ടം സംസ്ഥാനത്തിന് വരുത്തിവെച്ചുകൊണ്ട് നവോത്ഥാനം കൈവരിക്കാനാകുമെന്ന് കരുതുന്നുണ്ടോ ? ഒരിക്കലുമില്ല.

മുൻപ് ആശ്ലേഷിച്ചതാണല്ലോ ഇനിയെങ്ങനെ ഒഴിവാക്കും എന്ന് അൽ‌പ്പം പോലും കുറച്ച് കാണേണ്ടതില്ല. ഇങ്ങനെയൊരു നീക്കം നടത്താനായാൽ കേരളത്തെ വലിയൊരു തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തിയതിന്റെ ഗർവ്വ് നിങ്ങൾക്കുള്ളതാണ്; നിങ്ങൾക്ക് മാത്രമുള്ളതാണ്. അവകാശങ്ങൾ നേടിയെടുക്കാൻ മറ്റ് സമര മാർഗ്ഗങ്ങളെപ്പറ്റി ആലോചിക്കാനും നടപ്പിലാക്കാനും ഇടതുപക്ഷത്തിന് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല.

അവശ്യ ഹർത്താലുകൾ ആകാം, അല്ലാതുള്ളത് ഒഴിവാക്കാം എന്ന നിലപാട് മാത്രം കൈക്കൊള്ളരുത്. ഇന്ന് നടന്ന ഹർത്താൽ, ശബരിമല കർമ്മസമിതിക്ക് അവശ്യഹർത്താൽ തന്നെ ആയിരിക്കും. കാക്കയ്ക്ക് തൻ‌കുഞ്ഞ് എന്നും പൊൻ‌കുഞ്ഞ് തന്നെയാണ്. ആവശ്യമേത് അനാവശ്യമേത് എന്ന് തീരുമാനിക്കാൻ ഇവിടെ സമിതിയോ കമ്മീഷനോ നിയമിക്കപ്പെട്ടിട്ടൊന്നുമില്ലല്ലോ ?

ഇടതുപക്ഷ നേതാക്കന്മാർ കൂടിയിരുന്ന് ആലോചിച്ച് ജനഹിതത്തിന് അനുകൂല തീരുമാനം ഉണ്ടാക്കുമല്ലോ ? അപേക്ഷ തള്ളില്ലെന്ന പ്രതീക്ഷയോടെ നിർത്തുന്നു.

വാൽക്കഷണം:- ജനുവരി 8,9 തീയതികളിൽ ഇടതുപക്ഷമടക്കമുള്ള തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്ന ദേശീയ പണിമുടക്ക് ഹർത്താലായി മാറാതിരിക്കാനെങ്കിലും ശ്രമിക്കുമല്ലോ. പണിമുടക്കണമെന്നുള്ളവർ പണിമുടക്കട്ടെ. പണിക്ക് വരുന്നവരെ തടയരുത്. അവരുടെ വാഹനങ്ങൾ തടുക്കരുത്. കടകളും വ്യാപാരസ്ഥാപനങ്ങളും നിർബന്ധിപ്പിച്ച് അടപ്പിക്കരുത്. അതിനായി പിന്നാമ്പുറത്ത് രഹസ്യനീക്കങ്ങളൊന്നും ചെയ്യരുത്. അങ്ങനെ ചെയ്താൽ ഇന്ന് നിരത്തിൽ അഴിഞ്ഞാടിയ ബി.ജെ.പി. കർമ്മസേനയും നിങ്ങളും തമ്മിൽ ഒരു വ്യാത്യാവുമില്ല എന്ന് വിലയിരുത്തപ്പെടും. നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നവോത്ഥാനം അൽ‌പ്പം പോലും ആത്മാർത്ഥതയില്ലാത്തതാണെന്ന് കണക്കാക്കപ്പെടും.

Comments

comments

3 thoughts on “ ഇടതുപക്ഷത്തിനോട് ഒരപേക്ഷ

  1. എന്റെ മനസ്സിലും ഇതേ അഭിപ്രായം തന്നെ മനോജ്ഭായ്… ഇടതുപക്ഷം ഒന്നാകെ SAY NO TO HARTHAL പറഞ്ഞാൽ തീരുന്ന പ്രശ്നമേയുള്ളൂ ഇവിടെ… ഇന്നത്തെ ഭാരതത്തിന്റെ അവസ്ഥ വച്ച് നോക്കുമ്പോൾ വമ്പിച്ച മൈലേജ് ഇടത് പക്ഷത്തിന് കിട്ടുകയും ചെയ്യും… കുറേ നാളുകളായി കമന്റുകളിൽ ഞാനിത് പറഞ്ഞുകൊണ്ടിരിക്കുന്നു…

    ഈ പോസ്റ്റ് മാക്സിമം ഷെയർ ചെയ്യപ്പേടേണ്ടതാണ്…

    പൂർണ്ണ പി‌ന്തുണ, മനോജ്ഭായ്…

Leave a Reply to Rejiram Thayyil Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>