മലയാളം കണ്ട ഏറ്റവും വലിയ സാഹിത്യ ചോരൻ ആരാണെന്ന് ചോദിച്ചാൽ കാരൂർ സോമൻ എന്ന ഒരൊറ്റ ഉത്തരമേയുള്ളൂ. അതിന്റെ വിശദവിവരങ്ങൾ ഈ ലിങ്കിൽ വായിക്കാം. പക്ഷെ ഇപ്പോഴും അതേപ്പറ്റി അറിയാത്ത മലയാളി വായനക്കാർ ധാരാളം. അതിന് കാരണമുണ്ട്. സി.രാധാകൃഷ്ണൻ അടക്കം 38 ൽ അധികം പേരുടെ 300 ൽ അധികം പേജുകൾ വരുന്ന രചനകൾ കോപ്പിയടിച്ച് പ്രമുഖ പ്രസാധകരായ മാതൃഭൂമി, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, പ്രഭാത് ബുക്ക് ഹൌസ് എന്നിവരിലൂടെയാണ് സോമൻ എന്ന സാഹിത്യചോരൻ പ്രകാശിപ്പിച്ചത്. പ്രതിസ്ഥാനത്ത് സോമന് ഒപ്പം വരുന്നത് ഇത്തരം പ്രമുഖ പ്രസാധകരും മാദ്ധ്യമങ്ങളും ആയതുകൊണ്ടുതന്നെ മാദ്ധ്യമലോകം ഈ മോഷണവിവരം മൊത്തമാക്കി ഒതുക്കിക്കളയുകയാണുണ്ടായത്.
അൻപതിൽ അധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ടെന്ന് അവകാശപ്പടുന്ന കാരൂർ സോമന്റെ ആ മോഷണപരമ്പരയിൽ 58 പേജുകൾ മോഷണം പോയ വ്യക്തിയെന്ന നിലയ്ക്ക് സോമനും മാതൃഭൂമിയ്ക്കും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനുമെതിരെ ഞാൻ നൽകിയിട്ടുള്ള രണ്ട് ക്രിമിനൽ കേസുകളും രണ്ട് സിവിൽ സ്യൂട്ടുകളും കോടതി വിചാരണയിലാണ്.
എസ്.കലേഷിന്റെ നാല് പേജ് കവിത ദീപ നിഷാന്ത് സ്വന്തം പേരിലാക്കി അച്ചടിച്ചിറക്കിയപ്പോൾ പിടിച്ച പിടിയാലെ അവരെക്കൊണ്ട് മാപ്പ് പറയിപ്പിച്ച സാഹിത്യകേരളത്തിന് ഇത്രയും വലിയ ഒരു കോപ്പിയടിയുടെ കാര്യത്തിൽ വലിയ ജാഗ്രതയൊന്നും ഇല്ലാത്തത് ദീപാ നിഷാന്തിന്റെ പോപ്പുലാരിറ്റി എന്ന ഘടകം സോമൻ കൈയ്യാളാത്തതുകൊണ്ടാകാം.
അതെന്തായാലും സോമന് അനുകൂല ഘടകമായി ഭവിച്ചു. സോമനടി എന്ന പദം തന്നെ മലയാളഭാഷയ്ക്ക് സമ്മാനിച്ച മോഷ്ടാവ് സോമന് ഇപ്പോഴും യാതൊരു കുലുക്കമില്ല. താൻ മോഷണം നടത്തി എന്ന് ഇതുവരെ സോമൻ സമ്മതിച്ചിട്ടില്ല, മാപ്പ് പറഞ്ഞിട്ടുമില്ല. പോരാത്തതിന് തന്റെ ‘ക’ സാഹിത്യം (കട്ടതാണ് എഴുതുന്നത് എന്ന് സോമന് സ്വയം ബോദ്ധ്യമുള്ളതുകൊണ്ടാകാം മിക്കവാറും എല്ലാ പുസ്തകങ്ങളുടേയും പേര് ആരംഭിക്കുന്നത് ‘ക’ എന്ന അക്ഷരത്തിലാണ്.) അഭംഗുരം തുടർന്നുകൊണ്ടിരിക്കുന്നു.
സോമന്റെ ഈ മോഷണമുതൽ പ്രസിദ്ധീകരിച്ച് കൂടെ നിൽക്കാൻ, സാഹിത്യം ചീഞ്ഞാലും കുഴപ്പമില്ല തങ്ങൾക്ക് പണമുണ്ടാക്കിയാൽ മതി എന്ന് കരുതുന്ന കുറച്ച് പേർ വിദേശത്തും കേരളത്തിലുമുണ്ടെന്നുള്ളതാണ് വ്യസനിപ്പിക്കുന്ന മറ്റൊരു വസ്തുത. സോമന്റെ ‘ക‘ സാഹിത്യം പ്രസിദ്ധീകരിച്ച് സോമന് കിട്ടിയിരിക്കുന്ന ഈ കുപ്രസിദ്ധി മുതലാക്കാൻ ശ്രമിക്കുന്ന മലയാളം യു.കെ. എന്ന വെബ്ബ് പോർട്ടലാണ് അതിൽ പ്രധാനി. പിന്നെ പ്രഭാത് ബുക്ക് ഹൌസിനെപ്പോലെ മലയാള സാഹിത്യത്തോട് യാതൊരു പ്രതിപത്തിയുമില്ലാതെ പണം മാത്രം ഉണ്ടാക്കിയാൽ മതി എന്നാഗ്രഹിക്കുന്ന പ്രസാധകരും.
സോമന്റെ പേരിലുള്ള ‘കാണാമറയത്തെ കൌതുകക്കാഴ്ച്ചകൾ മംഗൾയാൻ‘ എന്ന പുസ്തകം മോഷണമാകാനുള്ള സാദ്ധ്യതയുണ്ടെന്ന് മനസ്സിലാക്കി തിരുവനന്തപുരത്തുനിന്ന് ഒരു സുഹൃത്ത് വഴിയാണ് ഞാൻ ആ പുസ്തകം വരുത്തിയത്. അന്ന് ആ പുസ്തകത്തിന് വേണ്ടി പ്രഭാത് ബുക്ക് ഹൌസിൽ ചെന്നപ്പോൾ ഇതൊരു മോഷണപുസ്തകമാണെന്ന സൂചന പ്രഭാത് ബുക്ക്സിലെ പ്രമുഖർക്ക് നൽകിയപ്പോൾ കിട്ടിയ മറുപടി, അത് മോഷണമാണെന്ന് അറിയാമായിരുന്നെന്നും ബോർഡ് മീറ്റിങ്ങിൽ അത് ചർച്ചയ്ക്ക് വന്നിരുന്നു എന്നും പക്ഷേ മംഗൾയാൻ വിഷയത്തിൽ അത്രയും നല്ലൊരു ലേഖന ശേഖരണം മാർക്കറ്റിൽ ഇല്ലാത്തതുകൊണ്ട് പുസ്തകം വിറ്റുപോകാനുള്ള സാദ്ധ്യതയുണ്ടെന്ന് മനസ്സിലാക്കി സോമന്റെ കൈയിൽ നിന്ന് പണം വാങ്ങി അച്ചടിക്കുകയായിരുന്നു എന്നുമാണ്.
പണം കിട്ടിയാൽ എന്ത് നീചസാഹിത്യവും അച്ചടിക്കുമെന്ന് തെളിയിച്ചുകൊണ്ട് സോമന്റെ ആത്മകഥ പുസ്തകരൂപത്തിൽ പുറത്തിറക്കിയിരിക്കുകയാണ് പ്രഭാത് ബുക്ക് ഹൌസ് ഇപ്പോൾ. കഥാകാരന്റെ കനൽവഴികൾ എന്ന ആ ‘ക‘ സാഹിത്യം മലയാളം യു.കെ.പോർട്ടലിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നതാണ്. സോമന്റെ എല്ലാ നീക്കങ്ങളും ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന ഞാൻ ഓൺലൈനിൽ ആ മ്ലേച്ഛ സാഹിത്യത്തിന് അവശ്യം വേണ്ട പരസ്യം നൽകി അത് വിജയിപ്പിച്ച് കൊടുക്കുമെന്ന് മലയാളം യു.കെ.പോർട്ടൽ കരുതിക്കാണുമെങ്കിലും ഞാനതിന് ഓൺലൈൻ കുപ്രശസ്തി നൽകാൻ നിന്നുകൊടുത്തില്ല. എനിക്കതിന്റെ ലിങ്ക് അയച്ച് തന്നവരോടെല്ലാം ആരും അറിയണ്ട എന്ന് വിലക്കുകയും ചെയ്തു. പക്ഷേ ഞാനത് വായിച്ചുകൊണ്ടേയിരുന്നു. പക്ഷേ സോമന്റെ കോപ്പിയടിയുടെ കാര്യമൊക്കെ വിശദീകരിക്കേണ്ട സമയം ആയപ്പോഴേക്കും മലയാളം യു.കെ.യിൽ സോമാത്മകഥ അവസാനിച്ചു. സോമൻ ഈ വൃത്തികേട് എഴുതുന്നത് നിർത്തുമെന്ന് ഞാൻ ആശ്വസിച്ചെങ്കിലും അതേ സാധനം പ്രഭാത് ബുക്ക് ഹൌസ് വഴി പുസ്തകരൂപത്തിൽ ഇറക്കിയിരിക്കുകയാണ് ഇപ്പോൾ.
എറണാകുളം പ്രഭാത് ബുക്ക് ഹൌസിൽ നിന്ന് എനിക്കിത് കിട്ടിയില്ല. സുധീർകുമാർ എന്ന എന്റെ സുഹൃത്ത്, അദ്ദേഹത്തിന്റെ സുഹൃത്തും വിക്രം സാരാഭാസ് സ്പേസ് സെന്ററിൽ നിന്ന് വിരമിച്ച അക്ഷരശ്ലോകക്കാരനുമായ ശ്രീ.വേലപ്പൻ പിള്ളയെക്കൊണ്ട് ഇത് വാങ്ങിപ്പിച്ച് എനിക്കയപ്പിക്കുകയായിരുന്നു. 292 പേജും 260 രൂപ വിലയുമുള്ള ഈ സാധനം 10 രൂപ തപാൽച്ചിലവ് കൂടെ നൽകി ഒന്നുരണ്ട് പേരുടെ സഹായത്തോടെ ഞാൻ വാങ്ങി വരുത്തിയിരിക്കുന്നത് ബാക്കിയുള്ള മലയാളി വായനക്കാരുടെ മുഴുവൻ രക്ഷയെക്കരുതിയാണ്. അവരാരും ഈ കള്ളന്റെ ‘ക‘ സാഹിത്യത്തിന് പണം മുടക്കി ഇളിഭ്യരാകാതിരിക്കാൻ വേണ്ടിയാണ്. ദയവു ചെയ്ത് ഈ കടലാസ്സ് കെട്ട് വാങ്ങി വായിച്ചേക്കരുത്.
ഇത്രയും നീണ്ട ഒരാമുഖത്തിന് ക്ഷമ ചോദിക്കുന്നു. ഇനി ഇതിനകത്ത് എഴുതി വെച്ചിരിക്കുന്ന കഥയില്ലായ്മകൾ എന്തൊക്കെയാണെന്ന് വിശദമാക്കാം. പേജ് നമ്പർ പറഞ്ഞ് വരികൾ ചിലത് എടുത്തെഴുതിക്കൊണ്ടാണ് ഞാനത് പറയാൻ പോകുന്നത്. എന്നാലേ സോമന്റെ കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും വേണ്ടുംവിധം വായനക്കാർക്ക് മനസ്സിലായെന്ന് വരൂ.
ആദ്യ അദ്ധ്യായങ്ങളിൽ സോമന്റെ കാരൂർ തറവാടിന്റെ കഥകളും അപ്പൂപ്പൻ മുതൽക്കുള്ള കാരണവന്മാരുടെ മാഹാത്മ്യവുമാണ് വിളമ്പിയിരിക്കുന്നത്. ആർക്ക് കേൾക്കണം മദ്ധ്യകേരളത്തിലെങ്ങോ ഉള്ള ഒരു കുടുംബത്തിന്റെ വിശേഷങ്ങൾ ? സോമൻ സ്ക്കൂൾ കാലഘട്ടത്തിലേ അതിസമ്പന്നനായ എഴുത്തുകാരനാണെന്നും നാടകകൃത്താണെന്നും അതിന്റെ പേരിൽ പൊലീസ് പീഡനങ്ങൾ ഏറ്റ് നാട് വിടേണ്ടി വന്നവനാണെന്നും ഇത്രയും നാൾ പലപ്രാവശ്യം നാം കേട്ട (എല്ലാ പുസ്തകങ്ങളിലും സോമന്റെ ബയോഡാറ്റയിലുള്ളത്) ഏച്ച് കെട്ടിയ പോലുള്ള ആ കഥ ഇതിലും എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. ചാരുമ്മൂട് ചെന്ന് സോമന്റെ സ്ക്കൂൾ കാലഘട്ടത്ത് നിന്നുള്ള ആരെയെങ്കിലും കണ്ടുപിടിച്ച് സംസാരിച്ചാൽ പൊളിച്ചടുക്കാവുന്ന ഒരു കള്ളക്കഥ മാത്രമാണതെന്നാണ് എന്റെ വിശ്വാസം. ചിലർ സ്വയം അവരെത്തന്നെ പൊക്കി നിർത്താൻ ഉപയോഗിക്കുന്ന താങ്ങുകൾ പോലൊന്ന് മാത്രമാണ് ഈ കഥയെന്ന് വിശ്വസിക്കാൻ സ്വാഭാവികമായും നമുക്കറിവുള്ള സോമന്റെ കള്ളത്തരങ്ങൾ തുണയാവുന്നു.
മൂന്നാമത്തെ അദ്ധ്യായത്തിന്റെ പേര് ‘സ്ക്കൂളിലെ നോട്ടപ്പുള്ളി‘. സോമൻ ഇപ്പോഴും നോട്ടപ്പുള്ളി തന്നെ. സ്ക്കൂളിൽ ഒന്ന് പറഞ്ഞ് രണ്ടിന് ഇടിയുണ്ടാക്കുന്ന സ്വഭാവമാണെന്ന് സോമൻ പറയുന്നത് എനിക്കത്ര വിശ്വാസം പോര. ഒരു വീക്ക് വെച്ച് കൊടുത്താൽ നിന്ന് മോങ്ങുന്ന തരത്തിലുള്ള ധൈര്യമേ സോമനുള്ളൂ എന്നാണ് നേരിട്ട് കണ്ട് പരിചയമുള്ളവരെല്ലാവരും എന്നോട് പറഞ്ഞിട്ടുള്ളത്. എന്തായാലും സോമനെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ എനിക്കാവില്ല. സ്ക്കൂളിൽ സ്ഥിരമായി തല്ലും പിടിയും ഉണ്ടാക്കി നടക്കുന്ന ഒരു ചെക്കൻ അവസാനം അത് പോലീസ് കേസ് എന്ന നിലയിലേക്ക് കടന്നപ്പോൾ വടക്കേ ഇന്ത്യയിലുള്ള ചേട്ടന്റെ അടുത്തേക്ക് നാടുകടത്തപ്പെടുന്നു എന്ന് ചുരുക്കി മനസ്സിലാക്കുന്നതാവും സൌകര്യവും യാഥാർത്ഥ്യത്തോട് ചേർന്ന് നിൽക്കുന്നതും.
തകഴിയും കാക്കനാടനുമായുള്ള ബന്ധങ്ങളും വലിയ വായിൽ വിളമ്പിയിട്ടുണ്ട്. പറയുന്നത് പോലെ വലിയ കാര്യമൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. തകഴിയുടെ വീട്ടിലേക്ക് ആര് ചെന്നാലും കാത്തച്ചേച്ചി ഒരു ചായയിട്ട് കൊടുക്കും. അതത്ര വലിയ അടുപ്പത്തിന്റെ ലക്ഷണമായി കാണേണ്ടതില്ല. പക്ഷെ തകഴിയുടെ വീട്ടിൽ നിന്ന് അവസാനം ഇറങ്ങുമ്പോൾ തകഴിയുടെ പുസ്തകമായ ചെമ്മീന്റെ കോപ്പി ഒരെണ്ണം മോഷ്ടിച്ചാണ് പോന്നതെന്ന് സോമൻ പറയുന്നുണ്ട്. ചെമ്മീന്റെ കോപ്പി തന്നെ ആണോ കട്ടതെന്ന് എനിക്ക് സംശയമുണ്ട്. മോഷ്ടിച്ചെടുത്തിട്ടായാലും, അങ്ങനെ എന്തെങ്കിലുമൊക്കെ പുസ്തകങ്ങൾ ചെറുപ്പത്തിലേ വായിച്ചിരുന്നെങ്കിൽ സോമനിങ്ങനെ ഒരു പ്രഗത്ഭ മോഷ്ടാവായി മാറുമായിരുന്നില്ല. ചെമ്മീന് പകരം വേറെന്തെങ്കിലും മോഷ്ടിച്ചിട്ടാകാം കടന്നു കളഞ്ഞതെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. പൊലീസുകാർ നക്സലൈറ്റ് ബന്ധം ആരോപിച്ച് പീഡിപ്പിക്കുന്നത് കാരണം വടക്കേ ഇന്ത്യയിലേക്ക് സോമൻ നാട് വിടുന്നതിന് തൊട്ട് മുൻപാണ് ഈ സംഭവം. അന്ന് ചെമ്മീൻ മോഷ്ടിക്കുന്നതിനേക്കാളും ആവശ്യം മറ്റെന്തെങ്കിലും ദ്രവ്യം മോഷ്ടിക്കുന്നതായിരിക്കില്ലേ എന്ന് സംശയിച്ചാൽ തെറ്റ് പറയാനാകുമോ ? സോമൻ ഇപ്രായത്തിലും കക്കുന്ന ഒരാളാണെന്നുള്ളതുകൊണ്ടാണ് വായനക്കാരനായ എനിക്ക് ഇങ്ങനെയൊക്കെ നിഗമനങ്ങളിൽ എത്തേണ്ടി വരുന്നത്.
റാഞ്ചിയിലേക്ക് നാട് വിടുന്ന സോമന്റെ ആദ്യ ജോലി മോഷണമായിരുന്നെന്ന് തുറന്നെഴുതിയിട്ടുണ്ട്, ‘ആദ്യ ജോലി മോഷണം’ എന്ന പതിനൊന്നാമത്തെ അദ്ധ്യായത്തിൽ. റാഞ്ചിയിലെ സ്വൈറ്റർ വിൽക്കുന്ന നേപ്പാളികളുടെ കടയിൽ നിന്ന് വെളുത്ത സ്വൈറ്റർ ഒരെണ്ണം മോഷ്ടിക്കുന്നതാണ് അക്കഥ. ഒരു ആത്മകഥ സത്യസന്ധമാണെന്ന് തോന്നിപ്പിക്കാൻ ഇടയ്ക്കെങ്കിലും ജീവിതത്തിലെ ഒന്നു രണ്ട് മോശം കാര്യങ്ങളോ കള്ളത്തരങ്ങളോ സ്വയം സമ്മതിക്കുമ്പോളാണല്ലോ ഒരാൾ മഹാനാകുന്നത്. അങ്ങനെയൊരു ശ്രമത്തിന്റെ ഭാഗമായി എഴുതിയിരിക്കുന്ന ഈ സ്വൈറ്റർ മോഷണക്കഥ മാത്രമാണ് സോമൻ സത്യസന്ധമായി ഈ ആത്മകഥയിൽ പറഞ്ഞിട്ടുള്ളതെന്ന് ഞാൻ വിലയിരുത്തുന്നു. എന്തായാലും മോഷണം അന്നുമുതൽക്ക് ഇന്നുവരെ സോമന്റെ കൂടെത്തന്നെയുണ്ടെന്ന് അടിവരയിടുന്ന ഒരു സംഭവമായിപ്പോയി അപ്പറഞ്ഞതെന്ന് ചിന്തിക്കാനുള്ള മൂള പോലും സോമനില്ലാതായിപ്പോയി. കൂട്ടത്തോടെ കള്ളത്തരങ്ങൾ പറയുമ്പോൾ ഒന്നുരണ്ടെണ്ണം പാളിപ്പോകില്ലേ ? അങ്ങനെ കണ്ടാൽ മതി. അദ്ധ്യായം പതിനാറിൽ പറയുന്ന, റാഞ്ചിയിൽ നിന്ന് പാറ്റ്നയിലേക്ക് കള്ളത്തീവണ്ടി കയറിയ കഥയും അങ്ങനെയൊരു മഹത്‌വൽക്കരണ കഥയായി കണ്ടാൽ മതി. കള്ളവണ്ടിയൊക്കെ സോമൻ ഇഷ്ടം പോലെ കയറിക്കാണും. മഹാന്മാരുടെ ആത്മകഥയിൽ ഒരു കള്ളവണ്ടി കയറ്റം നിർബന്ധമാണെന്ന് ആരോ സോമനോട് ഉപദേശിച്ചുകാണും. വായിച്ച് മനസ്സിലാക്കിയതാവാൻ വായന ഇദ്ദേഹത്തിനില്ലല്ലോ? ഉണ്ടെങ്കിൽ ഈ അവസ്ഥ മലയാള ഭാഷയ്ക്കും സ്വയം സോമന് തന്നെയും ഉണ്ടാകില്ലല്ലോ?
നാടകം, കേരള പൊലീസ്, റാഞ്ചി പൊലീസ്, ഗുണ്ടകൾ, പ്രേമം എന്നിങ്ങനെ കേരളം വിട്ടിട്ടും ഒടുങ്ങാത്ത സോമന്റെ വീരകൃത്യങ്ങൾ ഒരു മയവുമില്ലാതെ തള്ളിവിടുന്നുണ്ട് ഇതിൽ. പോരാത്തതിന് ബുദ്ധനും മദർ തേരസയും അടക്കം ഒരുപാട് മഹത്‌വ്യക്തികളും പുറകെപ്പുറകെ വരുമ്പോൾ ഇത് വായിച്ചിട്ട് ആരെങ്കിലും സിനിമ പിടിക്കണം എന്ന് ബോധപൂർവ്വമായ ഒരു ചിന്ത സോമനെ മുന്നോട്ട് നയിച്ചിട്ടുള്ളത് പോലെയാണ് എനിക്കനുഭവപ്പെട്ടത്. സ്ക്രിപ്റ്റ് മോഷ്ടിച്ച് സിനിമാക്കഥയാക്കി നായകനായി വിലസുന്ന അൽപ്പന്റെ വേഷം ശ്രീനിവാസൻ ചെയ്തപ്പോൾ മലയാള സിനിമയിൽ അത് ഹിറ്റായെങ്കിൽ, സോമനെന്ന സാഹിത്യ ചോരൻ വർഷങ്ങളായി തുടർന്ന് പോരുന്ന മോഷണം സിനിമയാക്കിയാൽ അത് ഹിറ്റാകുമെന്ന കാര്യത്തിൽ എനിക്ക് സംശയമൊന്നുമില്ല. കള്ളനായ നായകന്റെ വേഷം ചെയ്യാൻ കട്ടപ്പനയിലെ ഹൃത്വൿ റോഷനായി തകർത്ത വിഷ്ണുവിനെ ഞാൻ നിർദ്ദേശിക്കുകയും ചെയ്യുന്നു.
കേന്ദ്രസാഹിത്യ അക്കാഡമി ആദ്യമായി പത്ത് ഭാഷകളിൽ നിന്നുള്ള കഥ കവിത ലേഖനങ്ങൾ എന്നിവ ഭാഷാവാര മത്സരത്തിലേക്ക് ക്ഷണിച്ചപ്പോൾ ‘എന്റെ കേരളം‘ എന്ന ലേഖനത്തിന്റെ പേരിൽ ഒന്നാം സമ്മാനം ലഭിച്ചത് സോമന് ആയിരുന്നെന്ന് പറയുമ്പോൾ ഒന്നുകിൽ അന്ന് (ഏത് വർഷമാണെന്ന് ചോദിക്കരുത്. ഇത് സോമസാഹിത്യമാണ്) മലയാളസാഹിത്യവും എഴുത്തുകാരും അത്രയ്ക്ക് ശുഷ്ക്കവും ദരിദ്രവുമായിരുന്നെന്ന് മനസ്സിലാക്കണം. അല്ലെങ്കിൽ വേറാരും മത്സരത്തിലേക്ക് ലേഖനങ്ങൾ അയച്ചുകൊടുത്തിട്ടില്ലെന്ന് മനസ്സിലാക്കണം. വെറുതെ പറയുന്നതല്ല. സോമന്റെ ഏതെങ്കിലും ഒരു മുഴുനീള ലേഖനം വായിച്ചിട്ടുള്ളവർക്ക് എളുപ്പം മനസ്സിലാക്കാൻ പറ്റും അതിലെ പൊള്ളത്തരങ്ങളും നിലവാരമില്ലായ്മയും. അവാർഡുകളും അംഗീകാരങ്ങളും കൊടുക്കുന്നയിടങ്ങളിൽ പിന്നാമ്പുറം വഴി സ്വാധീനം ചെലുത്തി അത് നേടിയെടുക്കാൻ ശ്രമിക്കുന്നതും സ്വയം അംഗീകാരച്ചടങ്ങുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നത് സോമന്റെ ഒരു സ്ഥിരം ഏർപ്പാടാണെന്ന് സാഹിത്യവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഒരുവിധപ്പെട്ട എല്ലാവർക്കും അറിയുന്നതാണ്. സജി തോമസ്, വിനീത് എടത്തിൽ, നിരക്ഷരൻ എന്നിവരുടെ സ്പെയിൻ യാത്രാവിവരങ്ങൾ അപ്പാടെ കോപ്പിയടിച്ചുണ്ടാക്കിയ ‘സ്പെയിൻ കാളപ്പോരിന്റെ നാട്ടിൽ‘
എന്ന പുസ്തകത്തിന് 2017ലെ യാത്രാവിവരണത്തിനുള്ള സാഹിത്യ അക്കാഡമി അവാർഡ് നേടിയെടുക്കാൻ അക്കാഡമി പിന്നാമ്പുറത്ത് സോമൻ നടത്തിയ കളികൾ സാഹിത്യ അക്കാഡമിയിലെ അരമനരഹസ്യവും അങ്ങാടിപ്പാട്ടുമാണ്.
രാഷ്ട്രീയത്തിൽ അസാമാന്യ സാദ്ധ്യതകളുള്ള ഒരാളായിരുന്നു സോമനെന്ന് ബോദ്ധ്യപ്പെടുത്തുന്നതാണ് ‘ഇന്ദിരാഗാന്ധിക്കയച്ച കള്ള കത്ത്’ എന്ന അദ്ധ്യായം ഇരുപത്തി നാല്. പഞ്ചാബിൽ നിന്നുള്ള ഒരു സംഘം പാർട്ടി പ്രവർത്തകർ ഇന്ദിരാഗാന്ധിക്കയക്കുന്ന കത്തിൽ നൂറുകണക്കിനാൾക്കാരുടെ ഒപ്പുണ്ട്. അതിൽ പലരുടേയും കള്ള ഒപ്പുകൾ പല മഷികളിൽ ഇട്ടിരിക്കുന്നത് സോമനാണത്രേ ! എന്തായാലും സോമൻ തന്നെ തുറന്ന് സമ്മതിക്കുന്ന കള്ളത്തരങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ കടലാസ് കെട്ട് ആത്മകഥ.
ജി.സുധാകരനും ജി.കാർത്തികേയനും മുതൽ രമേഷ് ചെന്നിത്തല വരെയുള്ള നേതാക്കന്മാരുമായുള്ള അടുപ്പം, എഴുത്തിന്റെ വഴികളിൽ സഹായിച്ചിട്ടുള്ള തകഴി, കാക്കനാടൻ എന്നീ പ്രമുഖർക്ക് പുറമെ കടലാസ് കെട്ടുകൾ പ്രകാശനം ചെയ്തിട്ടുള്ള നരസിംഹ റാവുവും, പിന്നങ്ങോട്ട് സഹായങ്ങൾ ചൊരിഞ്ഞിട്ടുള്ള ഉമ്മൻ ചാണ്ടിയും പ്രതിഭാ ഹരിയും ബിനോയ് വിശ്വവും സുകുമാർ അഴീക്കോടും കെ.എൽ.മോഹൻവർമ്മയും സിപ്പി പള്ളിപ്പുറവും ജോർജ്ജ് ഓണക്കൂറും സാറട്ടീച്ചറും വത്സലട്ടീച്ചറും തൈവിള തങ്കപ്പനും കുറ്റിപ്പുറം ഗോപാലനും കറ്റാനം ഓമനക്കുട്ടനും മുഞ്ഞിനാട് പത്മകുമാറുമൊക്കെ അടങ്ങുന്ന വ്യക്തിത്വങ്ങളുടെ വലിയ നിര തന്നെ ഒരു പേജ് കവിയുന്ന ലിസ്റ്റിലുണ്ട്.
തത്വജ്ഞാനം ആത്മീയ പ്രഭാഷണം എന്നിങ്ങനെ ഒന്നിനും ഒരു കുറവുമില്ല സോമന്റെ അത്മകഥാ കടലാസ് കെട്ടിൽ. പുട്ടിന് പീരയെന്ന മട്ടിൽ ഒരു കള്ളത്തരത്തിന് ഒരു തത്വജ്ഞാനമെങ്കിലും നിരത്തിക്കൊണ്ടാണ് അവസാനത്തെ രണ്ട് അദ്ധ്യായങ്ങൾ മുഴച്ചു നിൽക്കുന്നത്. ഈ രണ്ട് അദ്ധ്യായങ്ങളിലും എന്നെപ്പറ്റിയുള്ള പരോക്ഷമായ പരാമർശങ്ങൾ ധാരാളമാണ്. പക്ഷെ എന്റെ പേരെടുത്ത് പറയാനുള്ള ധൈര്യം, സ്ക്കൂളിൽ ഇടിയും തൊഴിയും നടത്തിയ, രാജ്യത്താകമാനമുള്ള പൊലീസുകാരോട് ഏറ്റുമുട്ടിയ സോമനില്ല. ഞാനിപ്പറഞ്ഞിരിക്കുന്നതെല്ലാം സോമന്റെ പേരുവെച്ചാണ്. എഴുത്തുകാരനുണ്ടാകേണ്ട ഗുണഗണങ്ങളെപ്പറ്റി ഘോരഘോരം എഴുതി വെച്ചിരിക്കുന്ന സോമന്, മരുന്നിന് പോലും ധൈര്യമുണ്ടായില്ലല്ലോ, ‘വിമർശനത്തിനും ആകാം നല്ല ഭാഷ‘, ‘പാപമില്ലാത്തവർ കല്ലെറിയട്ടെ‘ എന്നീ അവസാന രണ്ട് അദ്ധ്യായങ്ങളിൽ എന്റെ പേരൊന്ന് പരാമർശിക്കാൻ. മൂന്നാം കിടയാണെങ്കിലും ഏതെങ്കിലുമൊരു മഹാന്റെ ആത്മകഥയിൽ പേര് വരുത്താമെന്നുള്ള എന്റെ ആഗ്രഹമാണ് സോമൻ നിഷ്ടൂരം തല്ലിക്കെടുത്തിക്കളഞ്ഞത്.
ഐക്രീം തിന്നെന്നും സൈക്കിളീന്ന് വീണെന്നും വാളൻപുളി വലിച്ചുവാരിത്തിന്ന് വയറിളകിയെന്നുമുള്ള ലൈനിൽ എല്ലാം വളരെ വിശദമായി കുത്തിനിറച്ച് പറഞ്ഞാണ് കടലാസ് കെട്ട് 292 പേജായിത്തീർന്നത്. അങ്ങനെയാകുമ്പോൾ കോപ്പിയടിയുടെ കഥയും വള്ളി പുള്ളി വിടാതെ വർണ്ണിച്ചിട്ടുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷേ രണ്ടേ രണ്ട് അദ്ധ്യായങ്ങളിൽ അങ്ങുമിങ്ങും തൊടാതെ കോപ്പിയടി വിഷയം ഒതുക്കിക്കളഞ്ഞു സോമൻ. എന്നാലും ആ ഭാഗങ്ങൾ വരി വരിയായി കീറിമുറിച്ച് തന്നെ ഇവിടെ ചേർക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. തത്വജ്ഞാനങ്ങളും നിരീക്ഷണങ്ങളും ചുരുക്കിയാണെങ്കിലും അക്കമിട്ട് തന്നെ എഴുതാം.വായിക്കുന്നവർ ആരെങ്കിലും ചിരിച്ച് ചിരിച്ച് അസുഖം വല്ലതും ഉണ്ടാക്കി വെച്ചാൽ ഞാൻ ഉത്തരവാദിയല്ല.
സോമന്റെ തത്വജ്ഞാനം 1:- ഇന്ന് എഴുത്തുകാന്റെ ജീവിതം വ്യത്യസ്തമാണ്. ബഹുസ്വരതയുടെ സിംഫണി എന്നതിനെ ലളിതമായി നിർവ്വചിക്കാം. (പേജ് 258)
എന്റെ മറുപടി :- സോമൻ കഥയും കവിതയും ശാസ്ത്രലേഖനങ്ങളും യാത്രാവിവരണങ്ങളും നാടകവും സ്പോർട്ട്സും എന്നുവേണ്ട സൂര്യന് കീഴിലുള്ള എന്തിനെപ്പറ്റിയും ചവറ് പടച്ച് വിടുന്നതും കോപ്പിയടിക്കുന്നതും, ഇപ്പറഞ്ഞ ബഹുസ്വരതയുടെ സിംഫണിയ്ക്ക് കീഴെക്കെട്ടി മാന്യവൽക്കരിക്കാനുള്ള മൂന്നാം കിട ശ്രമമാണ് നടത്തുന്നത്. ബഹുസ്വരതയുടെ സിംഫണി പോയിട്ട് ഓലപ്പീപ്പി കൊണ്ടുണ്ടാക്കാൻ പറ്റുന്ന ശബ്ദം പോലുമില്ലാത്ത ഒന്നാണ് സോമന്റെ പടപ്പുകൾ.
സോമന്റെ ന്യായീകരണം 1:- വലിയ റഫറൻസ് ഗ്രന്ഥങ്ങൾ എഴുതുമ്പോൾ ടീം വർക്കിന്റെ ആവശ്യകത രാഷ്ട്രീയ പ്രവർത്തകൻ കൂടിയായ വിഖ്യാതനായ ഇംഗ്ലീഷുകാരൻ (പേരില്ല) ഈയിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഈ ടീമിന്റെ വിശ്വാസ്യത പരമപ്രധാനമാണ്. റഫർ ചെയ്യുന്നത് മറ്റ് ഗ്രന്ഥങ്ങളാകാം, ലേഖനങ്ങളാകാം, രേഖകളാകാം. അതിൽ ഏതൊക്കെ വിശ്വസിനീയമായതെന്നും ഏതൊക്കെ പൊതുസ്വത്താണെന്നും മനസ്സിലാക്കാനുള്ള വിവേചനബുദ്ധി ഈ സഹായികൾക്കുണ്ടാകണം. ഇല്ലെങ്കിൽ ഗ്രന്ഥകാരൻ പെട്ടുപോകും. (പേജ് 260)
എന്റെ മറുപടി :- സോമൻ അതിന് എന്ത് റഫറൻസ് ഗ്രന്ഥമാണ് ഇതുവരെ എഴുതിയത്? മംഗൾയാൻ വിക്ഷേപണ സമയത്ത് അതുമായി ബന്ധപ്പെട്ട പത്രങ്ങളിലും മാദ്ധ്യമങ്ങളിലും എഴുതിയ സി.രാധാകൃഷ്ണൻ അടക്കമുള്ള നിരവധി എഴുത്തുകാരുടെ ലേഖനങ്ങൾ ഈച്ചക്കോപ്പി ചെയ്ത് അച്ചടിച്ചത് എങ്ങനെയാണ് റഫറൻസ് ആകുന്നത് ? അതിനെന്തിനാണ് ടീം വർക്ക്? കോപ്പി പേയ്സ്റ്റ് ചെയാൻ Ctrl C & Ctrl V എന്നിവ മാത്രം കീ ബോർഡിൽ ഉപയോഗിച്ചാൽ മതിയാകും. സോമന് ഗോസ്റ്റ് റൈറ്റേർഴ്സ് ഉണ്ടെന്ന് വ്യംഗ്യമായെങ്കിലും സ്വയം സമ്മതിച്ചിരിക്കുകയാണ് ഈ വരികളിലൂടെ. ആരാണ് ആ ടീം എന്ന് കൂടെ സോമൻ തുറന്ന് പറഞ്ഞാൽ ആത്മകഥ ഏറെക്കുറെ പൂർണ്ണമാകും. മറ്റൊരാളുടെ ഭാര്യയുടേയും മകളുടേയും പേര് കാണുമ്പോളെങ്കിലും അത് പൊതുസ്വത്താണെന്ന് മനസ്സിലാക്കണം കാരൂർ സോമാ. പതിനൊന്ന് ഇടങ്ങളിലാണ് എന്റെ ഭാര്യയുടേയും മകളുടേയും പേര് സോമൻ അതേ പടി പകർത്തിവെച്ചിരിക്കുന്നത്. സോമന്റെ ടീം അങ്ങനെ ചെയ്താലും അത് ഒരു പ്രാവശ്യമെങ്കിലും വായിച്ച് നോക്കേണ്ട ബാദ്ധ്യത സോമനുണ്ട്. അങ്ങനെയെങ്കിലും നാലക്ഷരം വായിക്ക് സോമാ. അല്ലാതെ ഗോസ്റ്റ് റൈറ്റേർഴ്സിനെ മാത്രം പഴി ചാരി രക്ഷപ്പെടാൻ നോക്കരുത്. കട്ടെങ്കിൽ കട്ടെന്ന് പറയണം. മാപ്പും പറയണം. അതാണ് അന്തസ്സ്. അങ്ങനൊന്ന് സോമനില്ല എന്ന് നാൾക്കുനാൾ സോമൻ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. പുസ്തകം എഴുതുമ്പോൾ പലവട്ടം പ്രൂഫ് വായിക്കണമെന്ന് സോമൻ കേട്ടിട്ടുണ്ടോ, ചെയ്തിട്ടുണ്ടോ ? എവിടന്ന്, അല്ലേ ?
സോമന്റെ തത്വജ്ഞാനം 2:- സോഷ്യൽ മീഡിയ എഴുത്തുകാരെ ആധികാരിക എഴുത്തുകാരുടെ കൂട്ടത്തിൽ അറിയാതെ ഞാനും കണ്ടുപോയി. തെറ്റി. ഇനിയില്ല. രണ്ടും തമ്മിൽ അജഗജാന്തരമുണ്ടെന്ന് തിരിച്ചറിയുന്നു. (പേജ് 260)
എന്റെ മറുപടി :- സോമൻ കട്ടുകൊണ്ടുപോയി അച്ചടിച്ച എന്റെ സ്പെയിൻ, ഫ്രാൻസ് യാത്രാവിവരണങ്ങളിൽ എന്ത് ആധികാരികതയാണ് കുറവുള്ളതെന്ന് ചൂണ്ടിക്കാണിക്കാമോ ? കട്ടതും പോരാഞ്ഞിട്ട് ഊളത്തരം പറയുന്നോ സോമാ ? ഇദ്ദേഹമെന്തിന് എന്റെ യാത്രാവിവരണങ്ങൾ ഗോസ്റ്റ് റൈറ്റേർസിന്റെ സഹായത്തോടെ കട്ടെടുത്ത് അച്ചടിച്ചു ? അതിന് ആദ്യം സമാധാനം പറഞ്ഞിട്ട് മതി സോഷ്യൽ മീഡിയ എഴുത്തുകാരെപ്പറ്റിയുള്ള സോമന്റെ അഭിപ്രായം രേഖപ്പെടുത്തൽ. സോഷ്യൽ മീഡിയയിലെ ഏറ്റവും ചെറിയ ഒരു എഴുത്തുകാരന്റെ മൂട്ടിൽ കെട്ടാൻ പോലും കൊള്ളുന്ന ഒന്നും സോമനിതുവരെ എഴുതിയിട്ടില്ലെന്ന് മനസ്സിലാക്കുക.
സോമന്റെ മോഷണ ന്യായീകരണ തത്വജ്ഞാനം 1 :- നോവലും കഥയും കവിതയുമൊക്കെ സർഗ്ഗസൃഷ്ടികളാണ്. ഈ മനുഷ്യനിർമ്മിതിയിലും കൃത്രിമസൌന്ദര്യം നമ്മൾ കാണാറുണ്ട്. ക്രിയാത്മകസാഹിത്യം എഴുത്തുകാരന്റെ ഭാവനയിൽ നിന്ന് വിരൽത്തുമ്പിലെത്തി വിരിയുന്നതാണ്. വൈഞ്ജാനിക ഗ്രന്ഥങ്ങൾ വ്യത്യസ്തമാണ്. അതിൽ സ്വീകരിക്കുന്ന ഘടകങ്ങൾ പലയിടത്തുനിന്നും കണ്ടെത്തിയ വിവരങ്ങൾ ക്രോഡീകരിച്ച് നമ്മുടേതായ ശൈലിയിൽ അവതരിപ്പിക്കുന്നു. വൈഞ്ജാനിക രചനകൾക്ക് എപ്പോഴും ഗ്രന്ഥങ്ങളും ലേഖനങ്ങളും കുറിപ്പുകളും സർവ്വോപരി ഇന്റർനെറ്റും ഉപയോഗിക്കുന്നു. ഇവയെല്ലാം ചേർത്ത് ഭംഗിയായി അവതരിപ്പിക്കുന്നതിലാണ് ആ കൃതിയുടെ വിജയം. (പേജ് 261)
എന്റെ മറുപടി :- ലവലേശം നാണമില്ലാത്തവനേ കാരൂർ സോമാ, അങ്ങനെ കണ്ടിടത്തുനിന്നൊക്കെ കോപ്പിയടിച്ച് കൃതിയുണ്ടാക്കി വിജയിപ്പിക്കാൻ നോക്കുമ്പോൾ മറ്റുള്ളവന്റെ ഭാര്യയുടേയും മക്കളുടേയും പേരെങ്കിലും അതിൽ നിന്ന് മാറ്റി നിർത്തി വിജയിപ്പിക്കാൻ നോക്കണം.
സോമന്റെ മോഷണ ന്യായീകരണ തത്വജ്ഞാനം 2:- വിവരശേഖരണത്തിന് നാം ചിലപ്പോൾ വിശ്വസ്തരായ സുഹൃത്തുക്കളുടെ സഹായം തേടും. എന്നാൽ ഈ സുഹൃത്തുക്കളിൽ ആരെങ്കിലും വിശ്വാസവഞ്ചന കാട്ടിയാലോ ? അങ്ങനെയൊരു കെണിയിൽ ഞാനും പെട്ടു. ആ കെണിയിൽ എന്നെ ആരെങ്കിലും വീഴ്ത്തിയതാണോ അതും എനിക്കറിയില്ല. ഇന്നും അതൊരു ചോദ്യചിഹ്നമായി മുന്നിൽ നിൽക്കുന്നു. ഇത്രയും കാലത്തെ എന്റെ സാഹിത്യജീവിതത്തിൽ എന്നെ ഏറെ വേദനിപ്പിച്ച ഒരനുഭവം. (പേജ് 261)
എന്റെ മറുപടി :- സാഹിത്യജീവിതം എന്നുള്ള ഡെക്കറേഷൻ ഒന്നും വേണ്ട. മോഷണ ജീവിതം മതിയാകും. സോമൻ കാശ് കൊടുത്ത് സാഹിത്യം കക്കാൻ ആളെ ഏർപ്പാട് ചെയ്തിട്ട്, കളവ് മുതൽ ഒന്ന് വായിച്ച് നോക്കാൻ പോലും സന്മനസ്സ് കാണിക്കാതെ ഇപ്പോൾ സുഹൃത്തുക്കളേയും ഗോസ്റ്റ് റൈറ്റേർഴ്സിനേയും കുറ്റം പറയുന്നത് ഏവിടത്തെ ന്യായം ? മോഷ്ടിച്ചെന്ന് തുറന്ന് സമ്മതിക്കണം മിസ്റ്റർ സോമൻ.
സോമന്റെ മോഷണ ന്യായീകരണ തത്വജ്ഞാനം 3:- മാതൃഭൂമിയും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടുമിറക്കിയ എന്റെ പുസ്തകങ്ങളിൽ ചില ബ്ലോഗ്-ഇന്റർനെറ്റ് എഴുത്തുകാരുടെ ഭാഗങ്ങൾ കടന്നുവന്നു എന്ന പരാതി 2017-2018ൽ ഉയർന്ന് വന്നു. അതിലൊരാളുടെ നാലര പേജ് കോപ്പി ചെയ്തു എന്ന് പറഞ്ഞ് ഒരു വീഡിയോ ഇറക്കി. ആ വീഡിയോ കണ്ട് ഞാനും സത്യത്തിൽ ഒന്നമ്പരന്നു, കാരണം എന്റെ എഴുത്ത് ജീവിതത്തിൽ ആരുടേയും കോപ്പി ചെയ്തെടുത്തിട്ടില്ല. (പേജ് 262)
എന്റെ മറുപടി :- അതിലൊരാൾ നിരക്ഷരൻ എന്ന പേരിൽ എഴുതുന്ന മനോജ് രവീന്ദ്രൻ എന്ന ഞാൻ ആണെന്ന് തുറന്ന് പറയണം ധീര വീര ശൂര പരാക്രമിയായ മിസ്റ്റർ കാരൂർ സോമൻ. നാലരപ്പേജ് അല്ല. എന്റെ 58 പേജുകളാണ് താങ്കൾ കോപ്പിയടിച്ച് സ്പെയിൻ എന്ന യാത്രാവിവരണത്തിലും ഫ്രാൻസ് എന്ന പുസ്തകത്തിലും ചേർത്തത്. എന്റെ ഭാര്യയുടേയും മകളുടേയും പേര് 11 ഇടങ്ങളിൽ ആ പുസ്തകത്തിൽ (സ്പെയിൻ കാളപ്പോരിന്റെ നാട്ടിൽ) അതേപടി പകർത്തി വെച്ചിട്ടുണ്ട് സോമൻ. ഇത് തെളിയിക്കാൻ ഒരു കോടതിയിലും പൊലീസ് സ്റ്റേഷനിലും പോകേണ്ടതില്ല. സോമന്റെ പുസ്തകവും എന്റെ ഓൺലൈൻ എഴുത്തുകളും പരിശോധിച്ച് ഏത് സാധാരണ വായനക്കാരനും ബോദ്ധ്യപ്പെടാവുന്നതേയുള്ളൂ. സോമൻ കോപ്പി ചെയ്തിട്ടില്ലെങ്കിൽ മാതൃഭൂമി സ്വന്തം താൽപ്പര്യത്തിന് എന്റെ ഭാര്യയും മകളും പരാമർശിക്കപ്പെടുന്ന യാത്രാവിവരങ്ങങ്ങൾ സോമന്റെ പുസ്തകത്തിൽ അച്ചടിച്ച് വെക്കുകയായിരുന്നോ ? കള്ളം പറയുമ്പോൾ അൽപ്പമെങ്കിലും വിശ്വാസയോഗ്യമായ രീതിയിൽ പറയണം കള്ളൻ സോമാ.
സോമന്റെ കോപ്പിയടി ന്യായീകരണം 4:- വീഡിയോ ഇറക്കിയ ആളിനെ ഞാൻ വിളിച്ചു. എല്ലാം തുറന്ന് പറഞ്ഞു. വൈജ്ഞാനിക രചനകൾ പലയിടത്തുനിന്നും എടുക്കാറുണ്ട്. ഞാനറിയാതെ ഒരാൾ എനിക്കെതിരെ വീഡിയോ ഇറക്കുക തുടർന്നുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങളെല്ലാം ആശ്ചര്യത്തോടെയാണ് ഞാൻ കണ്ടത്. പെട്ടെന്നുണ്ടായ ഞെട്ടലിൽ ഞാൻ ക്ഷമ ചോദിച്ചു. ഒരുവട്ടമല്ല പലവട്ടം. എന്താണ് സംഭവിച്ചതെന്ന് അപ്പോഴും എനിക്കറിയില്ലായിരുന്നു. അദ്ദേഹം ക്ഷമിക്കാൻ തയ്യാറല്ല. പകരം ചോദിച്ചത് ഒരു കോടി രൂപയാണ്. (പേജ് 262)
എന്റെ മറുപടി:- എല്ലാം തുറന്ന് പറഞ്ഞു എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. മോഷ്ടിച്ചു എന്ന് സോമൻ എന്നോട് തുറന്ന് പറഞ്ഞിട്ടില്ലല്ലോ ? മോഷ്ടിച്ചിട്ടില്ലെങ്കിൽ പിന്നെന്തിന് താങ്കൾ പലവട്ടം ക്ഷമ ചോദിക്കണം? മോഷ്ടിച്ചെന്ന് പരസ്യമായി സമ്മതിച്ചതിന് ശേഷമുള്ള ക്ഷമാപണമാണ് എനിക്കാവശ്യം. റോയൽറ്റിയുടെ പകുതി തുക എനിക്ക് തരാമെന്ന് പറഞ്ഞത് എന്തിനാണ്? റോയൽറ്റി കിട്ടാൻ സാദ്ധ്യതയുള്ളത് 17500 രൂപയാണ്. അതിൽ 10000 ആണോ 7500 ആണോ തരാൻ പോകുന്നതെന്ന് ഞാൻ ചോദിച്ചപ്പോൾ, എന്നാൽപ്പിന്നെ റോയൽറ്റിയുടെ ഇരട്ടിപ്പണം എനിക്ക് തരാമെന്ന് പറഞ്ഞത് മറന്ന് പോയോ ? എന്നുവെച്ചാൽ 35000 രൂപ. എനിക്ക് വിലയിടുമ്പോൾ സൂക്ഷിച്ച് വേണമെന്നും സോമൻ ഫോൺ കട്ട് ചെയ്ത് പോയാൽ 50,000 രൂപ അങ്ങോട്ട് തരാമെന്ന് ഞാൻ പറഞ്ഞതും എന്തുകൊണ്ടാണ് ആത്മകഥയിൽ ചേർക്കാത്തത്? ശരിയാണ് ഞാൻ ഒരു കോടി രൂപ തന്നെയാണ് നഷ്ടപരിഹാരം ചോദിച്ചിരിക്കുന്നത്. സോമനെപ്പോലെ നേരും നെറിയുമില്ലാത്ത കള്ളന്മാർ കട്ടും മോട്ടിച്ചും സമ്പാദിച്ച ആ തുക എനിക്ക് വേണ്ടെന്നും അത് മുഴുവൻ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നൽകി അതിന്റെ കണക്ക് ഓൺലൈനിൽ ബോധിപ്പിക്കുമെന്നും അന്ന് തന്നെ പൊതുസമൂഹത്തിന് ഞാൻ വാക്ക് നൽയിട്ടുള്ളതാണ്. സോമൻ കട്ടിട്ടില്ലെങ്കിൽ പിന്നെ എന്തിന് ഈ തുകയെല്ലാം എനിക്ക് വാഗ്ദാനം ചെയ്യണം ? 69 മിനിറ്റ് നീണ്ടുനിന്ന ആ സംഭാഷണത്തിന്റെ സൌണ്ട് ട്രാക്ക് ഭദ്രമായി എന്റെ കൈയ്യിലുണ്ട്. അത് ഞാൻ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിടുന്ന ദിവസം സോമനെന്ന കള്ളന്റെ സാഹിത്യസപര്യയുടെ അന്ത്യമാണെന്നത് മറക്കണ്ട. കേസ് കോടതിയിലുള്ളതുകൊണ്ട് തൽക്കാലം ക്ഷമിക്കുകയാണെന്ന് മാത്രം മനസ്സിലാക്കുക.
സോമന്റെ മോഷണ ന്യായീകരണ തത്വജ്ഞാനം 5:- ഞാനറിയാത്ത പല കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കിയപ്പോൾ എനിക്ക് ഇൻഫൊർമേഷൻസ് തന്ന വ്യക്തിയുമായി ഞാൻ ബന്ധപ്പെട്ടു. അദ്ദേഹം എനിക്ക് തന്ന മറുപടി ഇന്റർനെറ്റിൽ നിന്നാണ് എടുക്കാറുള്ളത്; അല്ലാതെ ആരുടേയും ബ്ലോഗിൽ നിന്നല്ല. ഇതിന്റെ പിന്നിൽ പണം തട്ടിയെടുക്കാനുള്ള തന്ത്രങ്ങളാണ്. (പേജ് 262)
എന്റെ മറുപടി:- എന്നോട് സോമൻ ഫോണിൽ പറഞ്ഞത് ഡി.റ്റി.പി.ക്കാർക്ക് അബദ്ധം പിണഞ്ഞതാണ് എന്നാണല്ലോ ? ആത്മകഥ വന്നപ്പോൾ ആ ഡി.റ്റി.പ്പി.ക്കാർ എവിടെപ്പോയി ? സൌണ്ട് ട്രാക്ക് എന്റെ കൈയിലുണ്ട് മിസ്റ്റർ സോമൻ. ഇന്റർനെറ്റിൽ നിന്ന് നിങ്ങൾക്കങ്ങനെ എടുത്ത് പുസ്തകം ഉണ്ടാക്കാമെന്നാണോ ? അതെങ്ങനെ നിങ്ങളുടെ സാഹിത്യസൃഷ്ടിയാകും ? ഞാനെഴുതിയത് സ്പെയിനിന്റേയും ഫ്രാൻസിന്റേയും യാത്രാവിവരണങ്ങളാണ്. അത് നിങ്ങൾ കോപ്പിയടിച്ച് പുസ്തകമാക്കുമ്പോഴേക്കും വൈജ്ഞാനിക ഗ്രന്ഥമാകുന്നു. അതെഴുതാൻ നിങ്ങൾക്ക് ടീമിന്റെ ആവശ്യം വേണ്ടി വരുന്നു, റഫറൻസ് വേണ്ടി വരുന്നു, ഇന്റർനെറ്റ് വേണ്ടി വരുന്നു. അതെന്ത് തരത്തിലുള്ള സാഹിത്യമാണ് ബഹുസ്വരതയുടെ സിംഫണിക്കാരാ ? കളവ്, നല്ല ഒന്നാന്തരം മോഷണം. അത് നടത്തിയതും പോരാഞ്ഞിട്ട് ന്യായീകരിച്ചുകൊണ്ടേയിരിക്കുന്നോ ? നിങ്ങളുടെ കൂട്ടാളികളായ ഗോസ്റ്റ് റൈറ്റേർസ് ആ ലേഖനങ്ങൾ മുഴുവനും എടുത്തത് എന്റെ സൈറ്റിൽ നിന്നാണ്, ബ്ലോഗിൽ നിന്നല്ല. നിങ്ങൾ മോഷ്ടിക്കുന്ന സമയത്ത് എന്റെ ബ്ലോഗുകൾ ഞാൻ അടച്ച് പൂട്ടി എല്ലാം സ്വന്തമായി പണം കൊടുത്ത് കൊണ്ടുനടക്കുന്ന വെബ്ബ് പോർട്ടലിലേക്ക് മാറ്റിക്കഴിഞ്ഞിരുന്നു. ബ്ലോഗിൽ നിന്നാണെങ്കിലും അത് മോഷ്ടിച്ച് പുസ്തകമാക്കാനുള്ള അവകാശം നിങ്ങൾക്കില്ല. മോഷണമുതൽ കൊണ്ടുത്തന്ന സുഹൃത്തിനോട് ചോദിച്ചാൽ കട്ടത് സൈറ്റിൽ നിന്നാണെന്ന് വള്ളിപുള്ളി വിടാതെ അയാൾ പറഞ്ഞ് തരും മിസ്റ്റർ സോമൻ. എന്നിട്ടിപ്പോൾ ഞാൻ പണം തട്ടാൻ നടക്കുന്നവനാണെന്നോ ? ഒരു മിനിമം അന്തസ്സെങ്കിലും പുലർത്തുന്നത് തെറ്റൊന്നുമല്ല സോമാ. കോട്ടും സൂട്ടുമൊക്കെയിട്ട് ലണ്ടനിൽ ജീവിക്കുന്ന ആളാകുമ്പോൾ അന്തസെന്ന് പറയുന്നത് ഒരു ഭൂഷണം തന്നെയാണ്.
സോമന്റെ മോഷണ ന്യായീകരണ തത്വജ്ഞാനം 6:- ഈ വ്യക്തി മാതൃഭൂമിക്കും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനും പരാതിയോ വക്കീൽ നോട്ടീസോ അയച്ചതായി കേട്ടു. അവർ പുസ്തകം പിൻവലിച്ചു. അവർക്ക് അതിനേ കഴിയൂ. ഞാനതിൽ അവരെ കുറ്റപ്പെടുത്തില്ല. അവരുടെ മറുപടി എഴുതി വാങ്ങി എനിക്കെതിരെ പല മാദ്ധ്യമങ്ങൾക്കും പ്രസാധകർക്കും അയച്ചുകൊടുത്തു. (പേജ് 262)
എന്റെ മറുപടി:- ഞാൻ വക്കീൽ നോട്ടിസ് അയച്ചത് മാതൃഭൂമിക്കും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനും മാത്രമല്ല. കാരൂർ സോമനും വക്കീൽ അയച്ചിരുന്നു. ഒരിക്കലല്ല. പലവട്ടം. ഒരെണ്ണം പോലും സോമൻ കൈപ്പറ്റിയില്ല. സാരമില്ല. ശിഷ്ടകാലം രാജ്ഞിയുടെ രാജ്യത്ത് തന്നെ ജീവിക്കാനല്ലാതെ കേരള മണ്ണിൽ കാലെടുത്ത് കുത്തിയാൽ അഴിക്കുള്ളിലേക്ക് പോകുന്ന വിധത്തിൽ കാര്യങ്ങൾ തീർപ്പാക്കാൻ എനിക്കെളുപ്പമായി. മാതൃഭൂമിയും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും സോമന്റെ പുസ്തകങ്ങൾ പിൻവലിച്ചെങ്കിൽ അതിന്റെ അർത്ഥം സോമൻ കോപ്പിയടിച്ചു എന്ന് അവർക്ക് ബോദ്ധ്യപ്പെട്ടെന്നല്ലേ ? സോമന്റെ പോലെ യാതൊരു നിലവാരം ഇല്ലാത്തവരാണ് ഈ പ്രസാധകർ എന്നാണോ സോമൻ കരുതുന്നത് ? ഒരബദ്ധം അവർക്ക് പറ്റിയെങ്കിലും അവർക്കുള്ളിൽ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്നവരുണ്ടെന്ന് തന്നെയാണ് സോമന്റെ പുസ്തകങ്ങൾ പിൻവലിക്കുന്നതിലൂടെ അവർ ചെയ്തിരിക്കുന്നത്. അവരുടെ മറുപടി ഞാൻ നിർബന്ധം പിടിച്ച് എഴുതി വാങ്ങിയതൊന്നുമല്ല. എന്റെ ഫേസ്ബുക്ക് വീഡിയോ കണ്ട് സ്വമേധയാ എന്നെ വിളിച്ച് സംസാരിച്ച് കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കി സോമന്റെ പുസ്തകങ്ങൾ പിൻവലിക്കുക്കയും സോമനെതിരെ നിയമനടപടികൾ ആരംഭിക്കുകയാണെന്നും കാണിച്ച് എനിക്കവർ കത്തയക്കുകയായിരുന്നു. ഞാനത് ഓൺലൈനിൽ പ്രദർശിപ്പിച്ചു എന്നല്ലാതെ സോമൻ ചെയ്യുന്നത് പോലെ ഒരു പ്രധാധകന്റേയും പിന്നാമ്പുറം നിരങ്ങി അവരിലേക്കെത്തിക്കേണ്ട ആവശ്യം വന്നിട്ടില്ല. സ്വമേധയാ തന്നെ അവരെല്ലാം സോമന്റെ കള്ളത്തരം മനസ്സിലാക്കി സോമനെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുകയായിരുന്നു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സോമനെ കരിമ്പട്ടികയിൽ പെടുത്തി പത്രക്കുറിപ്പ് ഇറങ്ങിയത് അവരുടെ ഭാഷയോടുള്ള മര്യാദ ഒന്നുകൊണ്ട് മാത്രമാണ്. എനിക്കതിനായി അവർക്ക് കത്തയക്കേണ്ട ആവശ്യമൊന്നും ഉണ്ടായിട്ടില്ല. ആയതിനാൽ അത്തരം കള്ളത്തരങ്ങളൊന്നും സോമൻ ആത്മകഥ രൂപത്തിൽ പ്രചരിപ്പിച്ചാൽ വിലപ്പോകില്ല.
സോമന്റെ മോഷണ ന്യായീകരണ തത്വജ്ഞാനം 7:- വേട്ടക്കാർ ഒരിക്കലും ഇരകളുടെ വേദനയോ ഞെരുക്കങ്ങളോ തിരിച്ചറിയാറില്ല. അതാണ് കലികാല കാഴ്ച്ചകൾ. എനിക്കെതിരെ വ്യക്തിഹത്യ നടത്തിയവരേയും ഞാൻ കുറ്റപ്പെടുത്തുന്നില്ല. കാരണം അതവരുടെ സാമൂഹികബോധം. സംസ്ക്കാരം. ചിലരൊക്കെ സ്വന്തം പ്രതിച്ഛായ വർദ്ധിപ്പിക്കാൻ, പേരുണ്ടാക്കാൻ, പരിസ്ഥിതി, കോടതി, പൊലീസ്, പ്രകൃതി സ്നേഹം, മൃഗസംരക്ഷണം ഇവയുടെ കുത്തക മുതലാളിമാരായി മാധ്യമങ്ങളുടെ പിന്നാലെയാണ്. (പേജ് 263)
എന്റെ മറുപടി:- ഇതിനെയാണ് സോമാ അരീം തിന്ന് ആശാരിച്ചിയേയും കടിച്ചിട്ട് നായയ്ക്ക് തന്നെ പിന്നെയും മുറുമുറുപ്പ് എന്ന് പറയുന്നത്. സോമൻ സാഹിത്യം മോഷ്ടിച്ചു. അതിപ്പോഴും സമ്മതിക്കുന്നില്ല. അതിന്റെ പേരിൽ ക്ഷമാപണം നടത്തുന്നില്ല. എന്നിട്ട് മോഷ്ടിക്കപ്പെട്ടവൻ, പണം തട്ടാനുള്ള ശ്രമമാണ്, അവന് സംസ്ക്കാരമില്ല, സാമൂഹിക ബോധമില്ല എന്നൊക്കെ കുപ്രചരണം നടത്തുക. മോഷ്ടിക്കപ്പെട്ടവനെ വേട്ടക്കാരന്റെ സ്ഥാനത്ത് പ്രതിഷ്ടിക്കുക. കളവ് നടത്തിയ സോമന്റെ വേദന ആരും കാണുന്നില്ലെന്ന് പരാതി പറയുക. സോമൻ ഇരയല്ല. സോമനാണ് വേട്ടക്കാരൻ. സോമനാണ് കള്ളൻ. സോമൻ തന്നെയാണ് കള്ളൻ. അതിന് ഇപ്പറഞ്ഞ പ്രസാധകർ അടക്കം ആരുമിനി സർട്ടിഫിക്കറ്റൊന്നും ഹാജരാക്കണമെന്നില്ല. കള്ളനോട് അനുകമ്പ കാണിക്കേണ്ട കാര്യം ആർക്കുമില്ല. കള്ളനുള്ള ശിക്ഷ അൽപ്പം വൈകിയാലും പലിശയടക്കം കിട്ടിയിരിക്കും. ലണ്ടനിൽ ഒളിച്ചിരുന്നാൽ ശിക്ഷയുണ്ടാകില്ലെന്ന് സന്തോഷിക്കേണ്ട. പണി വരാൻ പോകുന്നത് പലവഴികളിൽ നിന്നാണ്. രക്തസമ്മർദ്ദത്തിനും ഉറക്കത്തിൽ ഞെട്ടിയെഴുന്നേൽക്കുന്നതിനുമുള്ള മരുന്നുകൾ കൈയകലത്തിൽ തന്നെ കരുതിക്കോളൂ.
സോമന്റെ മോഷണ ന്യായീകരണ തത്വജ്ഞാനം 8:- കാലാകാലങ്ങളായി പുസ്റ്റകങ്ങളിൽ നിന്നാണ് കോപ്പിയടി കേട്ടിട്ടുള്ളത്. എന്റെ അറിവിൽ എനിക്കെതിരെ മുഴങ്ങുന്നത് പ്രധാനമായും ഇന്റർനെറ്റിൽ നിന്നുള്ള പരാതിയാണ്. (പേജ് 263)
എന്റ മറുപടി:- സോമൻ പറഞ്ഞുവരുന്നത് പുസ്തകങ്ങളിൽ നിന്ന് കോപ്പിയടിച്ചാൽ മാത്രമേ സാഹിത്യ ചോരണമാകൂ എന്നും ഇന്റർനെറ്റിൽ നിന്ന് ആർക്കും കോപ്പിയടിക്കാമെന്നും ആണോ ? സാഹിത്യത്തിന്റേയും എഴുത്തിന്റേയുമൊക്കെ ധാർമ്മികത പ്രസംഗിക്കുന്ന സോമാ താങ്കൾ എന്തൊരു പരാജയമായിപ്പോയെന്നോർക്കുമ്പോൾ സഹതാപമാണ് സത്യത്തിൽ തോന്നുന്നത്.
സോമന്റെ മോഷണ ന്യായീകരണ തത്വജ്ഞാനം 9:- എല്ലാം കൂട്ടിവായിക്കുമ്പോൾ മറ്റുള്ളവർ പറയുന്നതുപോലെ ഇതിന്റെ പിന്നിൽ എന്തൊക്കെയോ ഗൂഡാലോചനകൾ ഞാനും സംശയിക്കുന്നു. ചിലർ ഒത്തുകളിയാണ്. ഇന്റർനെറ്റിൽ എഴുതുന്നവർക്ക് അവരുടേതായ മാറ്റങ്ങൾ അതിൽ വരുത്താം. മറ്റു ചിലർ പറയുന്നു പ്രവാസി എഴുത്തുകാരെ ഗൂഡാലോചനകളിൽ പണം തട്ടിയെടുക്കാനുള്ള ശ്രമങ്ങളാണ്. (പേജ് 263)
എന്റ മറുപടി:- ഞാൻ പറഞ്ഞില്ലേ ? നല്ല ഒന്നാന്തരം മോഷണം നടത്തിയിട്ട് ഇപ്പോളും കുറ്റം മുഴുവൻ മറ്റുള്ളവർക്ക്, അല്ലേ ? അവർ ഗൂഡാലോചന നടത്തുന്നു. അവർ പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നു. അരീം തിന്ന് ആശാരിച്ചീനേം കടിച്ച ആ നായയുടെ സ്ഥാനത്ത് തന്നെയാണ് സോമൻ ഇപ്പോഴും നിൽക്കുന്നത്. പിന്നെ ഇന്റർനെറ്റിൽ ഉള്ളവർക്ക് അവരുടേതായ മാറ്റങ്ങൾ നടത്താം എന്ന് സോമൻ പറയുന്നതിനർത്ഥം സോമന്റെ പുസ്തകത്തിലുള്ളത് പോലെ എന്റെ സൈറ്റിലുള്ള യാത്രാവിവരണങ്ങൾ ഞാൻ മാറ്റിയെഴുതി എന്നല്ലേ ? അങ്ങനെയാണെങ്കിൽ സോമന്റെ സ്പെയിൻ യാത്രാവിവരണത്തിലുള്ള മുഴങ്ങോടിക്കാരി എന്ന വ്യക്തിയും നേഹ എന്ന വ്യക്തിയും ആരൊക്കെയാണെന്ന് പറയൂ. ഞാൻ പറയുന്നു അതെന്റെ ഭാര്യയും മകളുമാണെന്ന്. എന്റെ ഭാര്യയും മകളും സോമന്റെ യാത്രാവിവരണത്തിൽ വരുമ്പോൾ ആരാണ് കട്ടെഴുതിയത്, ആരാണ് മാറ്റിയെഴുതിയത് എന്നൊക്കെ ചിന്തിക്കാനുള്ള വകതിരിവ് ഇവിടെയുള്ള ഓരോ വായനക്കാരനുമുണ്ട്. സോമൻ സ്വന്തം വിവരമില്ലായ്മ ഇങ്ങനെ പെരുമ്പറ കൊട്ടി നാട്ടുകാരെ മുഴുവൻ ആത്മകഥ രൂപത്തിൽ അറിയിച്ച് കൂടുതൽ കൂടുതൽ നാറാതിരിക്കാനുള്ള ശ്രമങ്ങൾ ഇനിയെങ്കിലുമുണ്ടാകണം. ഇന്റർനെറ്റിലുള്ളത് മാറ്റിയെഴുതിയാലും, ആദ്യമെഴുതിയത് കണ്ടുപിടിക്കാനുള്ള സൌകര്യം ഇക്കാലത്തുണ്ടെന്ന് അറിയാത്ത സോമൻ പിന്നെയും വിവരമില്ലാത്തവനാകുന്നു. സ്ക്കൂളിൽ പഠിക്കുമ്പോൾ പൊലീസുകാരെ മെക്കിട്ടുകെറാനും മറ്റ് കുട്ടികളുമായി ഇടിയുണ്ടാക്കാനും നടന്നിട്ട് അവസാനം നാട് വിട്ട് മറ്റേതോ സംസ്ഥാനത്ത് ചെന്ന് അവിടെയും തല്ലിപ്പൊളിത്തരങ്ങൾ തുടർന്ന ഒരാൾ എങ്ങനെയോ ഏതൊക്കെയോ വിസയിൽത്തൂങ്ങി ഇംഗ്ലണ്ടിലെത്തിയെന്ന് വെച്ച് ഒരുതരത്തിലും അയാളുടെ വൃത്തികെട്ട സ്വഭാവങ്ങൾക്ക് മാറ്റമുണ്ടാകില്ല എന്നതിന് ഉത്തമോദാഹരണമാണ് കാരൂർ സോമൻ എന്ന കള്ളൻ സോമൻ.
സോമന്റെ തത്വജ്ഞാനം 3:- ഈശ്വരന്റെ മനസ്സറിയാൻ നല്ല പുസ്തകങ്ങൾ വായിക്കുക. അറിവുണ്ടാകും. അറിവില്ലെങ്കിൽ ആത്മാവില്ലാത്ത ശരീരമായി ഈ മണ്ണിൽ പുഴുക്കളെപ്പോലെ വലിഞ്ഞു വലിഞ്ഞു മരണത്തിലെത്താം. അതിനിടയിൽ ആരെയും തല്ലാം കൊല്ലം അപമാനിക്കാം പീഡിപ്പിക്കാം. (പേജ് 264)
എന്റെ മറുപടി:- ഈ ഉപദേശം സോമനോട് സോമൻ തന്നെ പറയുന്നതാണ്. നന്നായി വായിക്ക് സോമാ. വായനയില്ലാതെ മോഷണം മാത്രം കൈമുതലാക്കി കൊണ്ടുനടന്നതാണ് സോമന്റെ പ്രശ്നം മുഴുവൻ. കുറച്ചെങ്കിലും വായിച്ച് കഴിയുമ്പോൾ മനസ്സിലാകും പുഴു എന്ന് പറയുന്നത് ഒരു മോശം ജീവിയല്ല എന്ന്. പുഴുക്കൾ ഇഴഞ്ഞിഴഞ്ഞ് മരണത്തിലേക്ക് പോകുന്നു എന്ന സോമന്റെ കാഴ്ച്ചപ്പാട് തുറന്ന് കാണിക്കുന്നത് പ്രകൃതി എന്താണെന്ന് ഒരു പിടിയുമില്ലാത്ത സോമന്റെ വായനയില്ലായ്മയാണ്, അത് മൂലം വന്ന് ഭവിച്ചിട്ടുള്ള അജ്ഞതയാണ്. ഇതിനൊക്കെ പ്രതിവിധി വായന തന്നെയാണ്. കുറേ വായിച്ച് കഴിയുമ്പോൾ സോമന് മനസ്സിലാകും സ്വന്തമായി എഴുതി ഉണ്ടാക്കുന്നതിന്റെ ബുദ്ധിമുട്ട്. അത് മറ്റൊരാൾ കട്ടുകൊണ്ട് പോകുമ്പോൾ എഴുതിയ ആൾക്കുണ്ടാകുന്ന വേദന മനസ്സിലാകണമെങ്കിൽ സോമൻ നന്നായി വായിക്കണം. എന്നാലേ സോമന് എന്തെങ്കിലുമൊക്കെ എഴുതാനാകൂ. അല്ലെങ്കിൽ ഇനിയുള്ള കാലവും ഇതുപോലെ സാഹിത്യ ചോരനായി തുടരാം.
ഈ കടലാസുകെട്ട് ആത്മകഥയുടെ അവസാന 28 പേജുകൾ സോമന്റെ അൽപ്പത്തരത്തിന്റെ നേർക്കാഴ്ച്ച കൂടെയാണ്. തകഴി, ഓ.എൻ.വി. കുറുപ്പ്, എം.എ.ബേബി, സക്കറിയ, സാറാ ജോസഫ്, സംവിധായൻ ബ്ലസ്സി, ബാബു കുഴിമറ്റം, ടിന്റു ലൂക്ക, കാക്കനാടൻ, സച്ചിതാനന്ദൻ, പി.ടി.ഉഷ, പ്രഭാവർമ്മ എന്നിങ്ങനെ പല കാലങ്ങളിലായി ഇംഗ്ലണ്ടിൽ ചെന്നിട്ടുള്ള എല്ലാവർക്കുമൊപ്പം നിന്ന് എടുത്തിട്ടുള്ള പടങ്ങളും ചാരുമ്മൂട് പബ്ലിക്ക് ലൈബ്രറിയുടെ ബാനറിൽ സോമൻ തന്നെ സംഘാടകനായി പ്രമുഖ സാഹിത്യകാരേയും സംസ്ക്കാരിക പ്രവർത്തകരേയും കൊണ്ടുവന്ന് സോമനെ ആദരിക്കുന്ന ഫോട്ടോകളാണ് ഈ പേജുകളിൽ അച്ചടിച്ചിരിക്കുന്നത്. രക്തത്തിലുള്ളത് തൂത്താൽ പോകില്ല എന്ന് പറഞ്ഞാൽ കുറവായിപ്പോകുമെന്നറിയാം. പക്ഷേ സോമന്റെ കാര്യത്തിൽ എന്തെങ്കിലും കൂടുതൽ പറയണമെന്ന് വെച്ചാൽ എന്റെ കൈയിലൊന്നുമിനി ബാക്കിയില്ല സോമൻ.
ആത്മകഥയാകുമ്പോൾ ഇതുവരെയുള്ള കാര്യങ്ങൾ എല്ലാം തുറന്ന് പറയേണ്ടേ ? യു.കെ.യിലുള്ള ഒരു പ്രമുഖ സാഹിത്യകാരിയെ സോമൻ നിരന്തരം വ്യക്തിഹത്യ ചെയ്യുന്നതിന്റെ ഈ മെയിലുകൾ കറങ്ങിത്തിരിഞ്ഞ് വന്നത് എന്റെ കൈയ്യിലിരുപ്പുണ്ട്. മേയർ സ്ഥാനത്ത് വരെ ചെന്നെത്തിയ ആ മലയാളി വനിതയെ ഒരു കാരണവുമില്ലാതെ സോമൻ ആക്രമിക്കുന്നതിന്റെ കാരണമൊന്നും ആത്മകഥയിൽ പറയുന്നില്ലല്ലോ ? ഈയടുത്ത കാലത്ത് സോമൻ നാട്ടിൽ വന്ന് സ്വത്ത് വകകൾ മുഴുവൻ മക്കളുടെ പേരിലേക്ക് മാറ്റിയതിന്റെ കാരണമെന്തെന്ന് ആത്മകഥയിൽ പറയുന്നില്ല. ഞാൻ കൊടുത്തിരിക്കുന്ന കേസിൽ പരാജയം നുണയേണ്ടി വന്നാൽ പാപ്പരാണെന്ന് പറഞ്ഞ് തടിയൂരാനാണ് അത് ചെയ്തതെന്ന് ഞാൻ പറഞ്ഞാൽ സോമന് നിഷേധിക്കാനാകുമോ ?
ഒരാൾ ആത്മകഥ എഴുതുന്നത് അല്ലെങ്കിൽ എഴുതേണ്ടത് എപ്പോഴാണ്? ഒരാളുടെ സർഗ്ഗാത്മക സൃഷ്ടികൾ വായനക്കാർ വായിക്കുകയോ വാങ്ങുകയോ വിലയിരുത്തുകയോ ആസ്വദിക്കുകയോ ഒക്കെ ചെയ്യുമ്പോളാണ് എഴുത്തുകാരൻ എന്ന നിലയ്ക്ക് ഒരാൾ അവരുടെ മനസ്സിൽ ഇടം നേടുകയും അവരയാളെ ആരാധിക്കാനും ബഹുമാനത്തോടെ നോക്കിക്കാണാനുമൊക്കെ തുടങ്ങുന്നത്. അങ്ങനെയാകുമ്പോൾ അവർക്കയാളുടെ ഇതുവരെയുള്ള ജീവിതത്തിലും എഴുത്തിന്റെ നാൾവഴിയിലുമൊക്കെ താൽപ്പര്യം ജനിക്കുന്നു. അതിൽ നിന്ന് പലതും മനസ്സിലാക്കാനും പഠിക്കാനുമുണ്ടെന്ന് വരുന്നു. ഒരെഴുത്തുകാരന്റെ ആത്മകഥയുടെ ആവശ്യകത ഉണ്ടാകുന്നത് അപ്പോൾ മാത്രമാണ്.
പക്ഷേ, സോമന്റെ കാര്യത്തിൽ ഈ ആത്മകഥയുടെ സാംഗത്യമെന്താണ് ? സോമന്റെ ഈ മോഷണപരമ്പര പിടിക്കപ്പെട്ട് അതിന്റെ വീഡിയോകളും ലേഖനങ്ങളും ഒന്നൊന്നായി ഞാൻ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് കാരൂർ സോമൻ എന്ന വ്യക്തിയെപ്പറ്റി (എഴുത്തുകാരൻ എന്നൊന്നും പറയാൻ എനിക്കാവില്ല. സോമൻ എഴുത്തുകാരനല്ല. സാഹിത്യം മോഷ്ടിക്കുന്ന ഒരാളാണ്) കേട്ടിട്ടുള്ളവർ എത്ര പേരുണ്ട്? ഒരു ഏകദേശക്കണക്ക് ഞാൻ തന്നെ തരാം. മലയാളിയായ സോമൻ കുടിയേറി പൌരത്വം നേടി ജീവിക്കുന്ന യു.കെ. രാജ്യത്തെ മിക്കവാറും മലയാളികൾക്ക് സോമനെ മോഷ്ടാവെന്ന നിലയ്ക്ക് തന്നെ അറിയാം. പിന്നെ സോമന്റെ ‘ക‘ സാഹിത്യം അച്ചടിക്കേണ്ടി വന്നിട്ടുള്ള ഹതഭാഗ്യരായ കുറച്ച് പ്രസാധകർക്കും ആഴ്ച്ചപ്പതിപ്പുകാർക്കും അറിയാം. സോമൻ തന്റെ ‘ക’ സാഹിത്യം അവർക്കെല്ലാം അയച്ചുകൊടുത്ത് അതച്ചടിക്കാൻ നിരന്തരമായി അവരെ വിളിച്ച് സമ്മർദ്ദം ചെലുത്തുന്നതുകൊണ്ട് ഒരു തീരാ തലവേദനയായിട്ട് മാത്രമാണ് അവർ സോമനെ കാണുന്നത്. ‘സോമനടി‘ പിടിക്കപ്പെട്ട ശേഷം അവരിൽ ചില മാദ്ധ്യമസുഹൃത്തുക്കൾ എന്നോട് പങ്കുവെച്ച അനുഭവങ്ങളിൽ നിന്നാണ് ഇത് പറയുന്നത്. പിന്നെ യു.കെ.യിൽ സോമന്റെ ആതിഥ്യം സ്വീകരിച്ചിട്ടുള്ള ചില മലയാള സാഹിത്യകാരന്മാർക്ക് സോമനെ അറിയാം. അവരാരും പക്ഷേ സോമന്റെ ഏതെങ്കിലും ഒരു കൃതി വായിച്ചിട്ടുണ്ടാകണമെന്നില്ല. ഈയടുത്ത കാലത്ത് വായിച്ചിട്ടുണ്ടെങ്കിൽ അത് കോപ്പിയടികളായി തെളിവടക്കം ഞാൻ സാക്ഷ്യപ്പെടുത്തിയ 38 പേരുടെ എഴുത്തുകളാണ്, അത്തരത്തിലുള്ള അഞ്ചോളം പുസ്തകങ്ങളാണ്. പിന്നെ സോമനെ ആർക്കെങ്കിലും അറിയാമെങ്കിൽ, സോമനെ ആരെങ്കിലും അറിഞ്ഞിട്ടുണ്ടെങ്കിൽ കാരൂർ സോമൻ എന്ന പേര് ആരെങ്കിലുമൊക്കെ മലയാളി വായനക്കാർ കേട്ടിട്ടുണ്ടെങ്കിൽ അത് ഞാൻ മുഖേനയാണ്. കള്ളനായ സോമനെ ഞാനിങ്ങനെ ഓരോ കുറിപ്പുകളിലൂടെ പരിചയപ്പെടുത്തുമ്പോൾ മാത്രമാണ് മറ്റ് മലയാളികൾ കാരൂർ സോമൻ എന്ന പേര് കേൾക്കുന്നത് തന്നെ. ഞാൻ അനാവശ്യമായി സോമന് പബ്ലിസിറ്റി കൊടുക്കുകയാണെന്ന് തമാശ രൂപത്തിൽ അവരൊക്കെ പറയുന്നുമുണ്ട്. പക്ഷെ സോമൻ എന്ന സാഹിത്യ ചോരനിൽ നിന്ന് മലയാളസാഹിത്യത്തേയും വായനക്കാരേയും രക്ഷിക്കണമെങ്കിൽ ഞാനൊരാൾ അൽപ്പസ്വൽപ്പം കുപ്രസിദ്ധി സോമന് ഉണ്ടാക്കി കൊടുക്കാതെ തരമില്ല.
ഇങ്ങനെയുള്ള സോമന്റെ, കാര്യമായിട്ട് ആർക്കുമറിയാത്ത സോമന്റെ, ഒരു ലേഖനം പോലും മലയാളി വായനക്കാർ ഓർത്തുവെക്കുകയോ നെഞ്ചേറ്റുകയോ ചെയ്യാത്തെ സോമന്റെ ആത്മകഥ ആർക്കാണ് വേണ്ടത്? എന്ത് സന്ദേശമാണ് ഒരു സാഹിത്യ ചോരന്റെ ആത്മകഥ വായനക്കാർക്ക് നൽകുന്നത്? എന്താവശ്യമാണ് അത്തരം ഒരു ആത്മകഥയ്ക്ക് മലയാള സാഹിത്യത്തിലുള്ളത്?
ഇനി അധവാ ഒരു പൂതിക്ക് ആത്മകഥ എഴുതുന്നുണ്ടെങ്കിൽത്തന്നെ അത് സത്യസന്ധമായിരിക്കണം. സോമന്റെ ഒന്നിലധികം കള്ളങ്ങൾ ഇതിൽ ഞാൻ സ്ഥാപിച്ചുകഴിഞ്ഞിരിക്കുന്നു. അതിന് തെളിവുകളും എന്റെ കൈവശമുണ്ട്. താൽപ്പര്യമുള്ളവർക്ക് ആർക്കും അതയച്ച് തരാം. താമസിയാതെ കോടതിയിൽ നിന്നും സോമനടിക്ക് തീർപ്പുണ്ടാകും. അങ്ങനെ ചില അദ്ധ്യായങ്ങളിൽ കള്ളത്തരങ്ങൾ പറയുന്ന ഒരാളുടെ ആത്മകഥയിലെ മറ്റ് അദ്ധ്യായങ്ങളിൽ കള്ളത്തരം പറഞ്ഞിട്ടില്ലെന്ന് എന്താണുറപ്പ് ? ഒരുറപ്പുമില്ല. അങ്ങനെ പല കാരണങ്ങളാൽ ഈ ആത്മകഥ മലയാള ഭാഷയിൽ ഒരാവശ്യവുമില്ലാത്തതാണെന്ന് മാത്രമല്ല, ഇത്തരം മോശം ആത്മകഥാ പ്രവണതകൾ വെച്ച് പൊറുപ്പിക്കാൻ പാടില്ലാത്തതാണ്. ആയതിനാൽ എന്റെ ഈ ലേഖനം വായിക്കുന്നവർ ആരും 260 രൂപ ചിലവാക്കി ഈ ചവറ് വാങ്ങി വായിക്കാൻ സമയം മെനക്കെടുത്തരുത്. സോമൻ ഇനി ആർക്കെങ്കിലും ഈ സാധനം സൌജന്യമായി തന്നാൽത്തന്നെ ഇത് വായിക്കാൻ നിൽക്കരുത്. അഥവാ വായിച്ചാൽ സാഹിത്യം തന്നെ നിങ്ങൾ വെറുത്ത് പോയെന്ന് വരാം. കഴിഞ്ഞ ഒന്ന് രണ്ട് വർഷങ്ങളായി ഞാൻ വായിച്ചത് സോമന്റെ സാഹിത്യമല്ല. അതുകൊണ്ടാണ് കാര്യമായ കുഴപ്പമൊന്നും ഇല്ലാതെ പിടിച്ച് നിൽക്കുന്നത്. എഴുതിയിരിക്കുന്നത് പലതും കളവാണെങ്കിലും, ഇത് സോമൻ തന്നെ എഴുതിയിട്ടുള്ളതാണ്.
സോമന്റെ സാഹിത്യം വായിച്ചാൽ എളുപ്പം മനസ്സിലാക്കാൻ കഴിയും. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന മലയാളത്തിന് മോശം മാർക്കുള്ള ഒരു കുട്ടി ഇതിനേക്കാൾ നന്നായി മലയാളം എഴുതും, വാക്കുകൾ കൂട്ടിയിണക്കും, സർഗ്ഗാത്മകത പ്രകടിപ്പിക്കും. സോമന്റെ വരികൾ കണ്ടുപിടിക്കാൻ വളരെ എളുപ്പമാണ്. കുത്ത് കോമ ഒക്കെ സോമന് സൌകര്യമുണ്ടെങ്കിൽ മാത്രമേ ഇടൂ. അതുകൊണ്ടുതന്നെ കവി ഉദ്ദേശിക്കുന്നതെന്താണെന്ന് മനസ്സിലാക്കണമെങ്കിൽ രണ്ടും മൂന്നും പ്രാവശ്യം വായിക്കേണ്ടി വരും. ഇത്രയും മ്ലേച്ഛമായ ഒന്ന് ഒന്നിലധികം പ്രാവശ്യം വായിക്കേണ്ടി വരുന്നതിനേക്കാൾ വലിയൊരു ഗതികേട് വേറെയില്ല തന്നെ. സത്യത്തിൽ സോമന്റേതായ സമ്പൂർണ്ണമായ ഒരു കടലാസ് കെട്ട് ആദ്യമായാണ് ഞാൻ വായിക്കുന്നത്. ഇതിന്റെ വിഷം, കട്ട്, എന്നൊക്കെപ്പറയുന്ന സാധനം ഇറങ്ങാൻ ഏതെങ്കിലും കടുത്ത സാഹിത്യവായനയ്ക്ക് ഞാൻ മുതിരാതെ നിവൃത്തിയില്ല എന്ന അവസ്ഥയാണ്. അങ്ങനെയൊരു സ്ഥിതി വിശേഷം ഉണ്ടാകാതിരിക്കാൻ, ഈ സാധനം ആരും വായിക്കരുതെന്ന് ഒരിക്കൽക്കൂടെ മുന്നറിയിപ്പ് തരുന്നു. എന്നിട്ടും വായിച്ചേ തീരൂ എന്നുള്ളവരുടെ വിധി തടുക്കാൻ ഞാനാളല്ലല്ലോ.
എന്തായാലും കള്ളൻ മണിയൻ പിള്ളയുടെ ആത്മകഥയ്ക്ക് ശേഷം ഞാൻ വായിക്കുന്ന മറ്റൊരു കള്ളന്റെ ആത്മകഥ ഇതാണ്. മണിയൻപിള്ള തന്റെ കളവ് ജീവിതം സത്യസന്ധ്യമായി ഇന്ദുഗോപനോട് തുറന്നുപറഞ്ഞ് ശ്രദ്ധേയമായ ഒരു ആത്മകഥയ്ക്ക് വഴിയൊരുക്കിയപ്പോൾ, നിറയെ കളവ് നടത്തിയിട്ടുള്ള സോമൻ സ്വയം ഒരു സമ്പൂർണ്ണ സാഹിത്യകാരനായി സിംഹാസനത്തിലേറാൻ ശ്രമിച്ച് ആത്മകഥയെഴുതി പരാജിതനായി നിൽക്കുന്ന കാഴ്ച്ചയാണ് ഈ കടലാസ് കെട്ട് നൽകുന്നത്.
ഇത്രയും കാര്യങ്ങൾ ഞാൻ പറഞ്ഞിരിക്കുന്നത് സാഹിത്യ ചോരനായ, മോഷണത്തെ ഇപ്പോളും ന്യായീകരിച്ചുകൊണ്ടിരിക്കുന്ന സോമന്റെ പേര് എടുത്ത് പറഞ്ഞുകൊണ്ടാണ്. സോമന് ചുണയുണ്ടെങ്കിൽ ഇപ്പറഞ്ഞത് മുഴുവൻ വാസ്തവവിരുദ്ധമാണെന്നും വ്യക്തിഹത്യയാണെന്നും സോമനും സോമന്റെ പൃഷ്ടം താങ്ങികളായ കൂട്ടാളികൾക്കും ബോദ്ധ്യമുണ്ടെങ്കിൽ എനിക്കെതിരെ കേസ് കൊടുക്കാൻ വെല്ലുവിളിക്കുന്നു. ഇതിനുള്ള മറുപടി വിമർശനത്തിനുമാകാം നല്ല ഭാഷ എന്ന ഉപദേശമായോ, സാഹിത്യതത്വജ്ഞാനം വിളമ്പൽ മാത്രമാക്കിയോ ഒതുക്കിക്കളയരുത്.
ആത്മകഥ എഴുതുന്നത് മിക്കവാറും എല്ലാം എഴുതിത്തീർന്ന അല്ലെങ്കിൽ എഴുത്ത് വറ്റിയ ഒരാളായിരിക്കും. സോമന്റെ കാര്യത്തിൽ എഴുത്ത് കാര്യമായിട്ടൊന്നും ഉണ്ടായിട്ടില്ലെങ്കിലും ആത്മകഥ വന്ന നിലയ്ക്ക് ഇനിയെങ്കിലും മലയാളത്തേയും ഭാഷയേയും വെറുതെ വിടുമെന്ന് വെറുതെ മനപ്പായസം ഉണ്ണുന്നു. അങ്ങനെയൊന്നും സോമൻ നിർത്തില്ലെന്നും സോമന് സത്യത്തിൽ എന്തോ മാനസ്സിക പ്രശ്നമുള്ളതുകൊണ്ടാണ് ഇങ്ങനെ സ്വയം ‘സമ്പൂർണ്ണ സാഹിത്യകാരൻ‘ പട്ടം എടുത്തണിയുന്നതെന്ന് നല്ല ബോദ്ധ്യമുണ്ട്. ചില രോഗങ്ങൾ ചികിത്സിക്കേണ്ട സമയത്ത് തന്നെ ചികിത്സിച്ചില്ലെങ്കിൽ അത് രോഗിക്ക് മാത്രമല്ല സമൂഹത്തിന് മൊത്തം ദോഷകരമായി ബാധിക്കുമെന്ന കാര്യത്തിൽ തർക്കം വേണ്ട.
പ്രഭാത് ബുക്ക് ഹൌസിനോട് ഒന്ന് പറയാനുണ്ട്. നിങ്ങൾ ഒരു ഇടതുപക്ഷ ചിന്താഗതിയുള്ള പ്രസാധക സംഘമാണ്. ഇത്തരം നെറികെട്ട കള്ളന്മാർ കൈ നിറയെ കാശ് തന്നാൽ എന്തും അച്ചടിക്കും എന്ന നിലപാട് വലിയ പുരോഗമനവാദവും ബുദ്ധിജീവി നിലപാടും വെച്ച് പുലർത്തുന്ന നിങ്ങൾക്ക് ചേരുന്നതല്ല. എന്തായാലും മംഗൾയാൻ എന്ന സോമന്റെ കോപ്പിയടി പുസ്തകവും തറ നിലവാരവും കളവുകളും മാത്രം എഴുതിപ്പിച്ചിരിക്കുന്ന സോമന്റെ ഈ ആത്മകഥയും കാശ് വാങ്ങി അച്ചടിച്ച് വിറ്റുകൊണ്ടിരിക്കുന്ന പ്രഭാത് ബുക്ക് ഹൌസിനെ ഇന്ന് മുതൽ ഞാൻ പൂർണ്ണമായും ബഹിഷ്ക്കരിക്കുന്നു. ജ്ഞാനപീഠം നേടിയ പുസ്തകങ്ങൾ തുടർന്നങ്ങോട്ട് നിങ്ങൾ അച്ചടിച്ചിറക്കിയാലും അത് വാങ്ങി വാായിക്കില്ല എന്ന തീരുമാനം എടുക്കുന്നു. അതുകൊണ്ട് എനിക്കുണ്ടാകാൻ പോകുന്ന വിവരക്കേട് ഞാനങ്ങ് സഹിക്കുന്നു.
വാൽക്കഷണം:- പലവട്ടം സോമനോട് ഞാൻ പ്രതികരിച്ചിട്ടുണ്ടെങ്കിലും ഈ ലേഖനത്തിൽ കാണുന്ന തരത്തിൽ കടുത്ത രോഷപ്രകടനം ആദ്യമായിട്ടാണ്. നിയന്ത്രണം വിട്ടുപോയ ഒരുവന്റെ ഏറ്റവും മാന്യമായ ഭാഷയായിട്ട് കണ്ടാൽ മതി. അങ്ങിനെ കണ്ടില്ലെങ്കിലും കുഴപ്പമില്ല. സാഹിത്യ മോഷ്ടാവായ കാരൂർ സോമനോട് തൽക്കാലം ഇങ്ങനെ പ്രതികരിക്കാനേ എനിക്കാവൂ.
മുഴുവൻ വായിച്ചു. മഹാസാഹിത്യചോരന് ഇത്രയൊക്കെ കേട്ടിട്ടും അറിഞ്ഞിട്ടും ഒരു തരിമ്പും നാണക്കേടില്ല എന്നതാണ് അത്ഭുതം. അതൊരു തെറ്റായി കാണുന്നുമില്ല. അപാര സൃഷ്ടിതന്നെ.
എന്നാലും സോമ….
ഇത്തിരി കടുപ്പം ആയി പോയി. തൊലിക്കട്ടി സമ്മതിക്കണം
well said