waste

മാലിന്യ വിമുക്ത കേരളം


ദൃശ്യമാദ്ധ്യമങ്ങളില്‍ കുറേയേറെ നാളുകളായി സാമൂഹ്യക്ഷേമത്തെ മുന്‍‌നിര്‍ത്തി പ്രത്യക്ഷപ്പെടുന്ന മലബാര്‍ ഗോള്‍ഡിന്റെ ഒരു മോഹന്‍ലാല്‍ പരസ്യം ശ്രദ്ധിക്കാത്തവര്‍ ചുരുക്കമായിരിക്കും. മാലിന്യവിമുക്ത കേരളമാണ് പരസ്യത്തിലൂടെ മലബാര്‍ ഗോള്‍ഡ് ലക്ഷ്യമിടുന്നത്, അല്ലെങ്കില്‍ ബോധവല്‍ക്കരിക്കാനെങ്കിലും ശ്രമിക്കുന്നത്. മാതൃകാപരമായ ഈ പരസ്യത്തിന്റെ മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ശ്രീ എം.പി.അഹമ്മദിനെ മുക്തകണ്ഡം പ്രശംസിക്കാതെ വയ്യ.

പരസ്യം പക്ഷേ അപൂര്‍ണ്ണമാണെന്നുള്ളതാണ് സങ്കടകരം. കായലിലേക്കും റോഡിലേക്കുമൊക്കെ മാലിന്യം വലിച്ചെറിയുന്നവരെ മോഹന്‍ലാല്‍ തടയുന്നുണ്ട് പരസ്യത്തില്‍. എന്നാല്‍ അതെവിടെ നിക്ഷേപിക്കണമെന്ന് പറഞ്ഞുകൊടുത്ത് പരസ്യം പൂര്‍ണ്ണതയിലേക്കെത്തിക്കാന്‍ മലബാര്‍ ഗോള്‍ഡിന് കഴിയുന്നില്ല. 30 സെക്കന്റിന്റെ പരസ്യത്തില്‍ ഇത്രയുമൊക്കെയേ പറ്റൂ എന്ന് വേണമെങ്കില്‍ വാദിക്കാം. പക്ഷെ 30 മിനിറ്റ് സമയം കൊടുത്താലും ഇക്കാര്യത്തില്‍ പൂര്‍ണ്ണതയുള്ള ഒരു പരസ്യമോ ഡോക്യുമെന്ററിയോ നിര്‍മ്മിക്കാന്‍ ആര്‍ക്കെങ്കിലും ആകുമോ എന്ന് കണ്ടറിയണം. പിന്നെന്തിന് മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തെ വിമര്‍ശിക്കുന്നു ? എന്നൊരു ചോദ്യം ഉയര്‍ന്നേക്കാം. പരസ്യത്തെ വിമര്‍ശിക്കുന്നില്ല; പരസ്യം പൂര്‍ണ്ണമാക്കാന്‍ മലബാര്‍ ഗോള്‍ഡിന് പറ്റാതെ പോയ സാഹചര്യമാണ് ഇവിടത്തെ വിഷയം.

മാലിന്യവിമുക്ത കേരളം എന്നത് ഒരു സ്വകാര്യസ്ഥാപനമോ കുറേ സ്വകാര്യ വ്യക്തികളോ മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമൊന്നുമല്ല. മാലിന്യം റോട്ടിലും തോട്ടിലുമല്ലെങ്കില്‍ പിന്നെവിടെ നിക്ഷേപിക്കണമെന്ന് നമുക്കൊരു രൂപരേഖയില്ല. പട്ടണങ്ങളിലുമില്ല, ഗ്രാമങ്ങളിലുമില്ല. അതില്ലെങ്കില്‍ പിന്നെ ജനം, പൊതുസ്ഥലങ്ങളിലും റോഡുകളിലും തോടുകളിലും തന്നെ മാലിന്യം നിക്ഷേപിച്ചുകൊണ്ടിരിക്കും. കേരള സംസ്ഥാനത്തെ മുഴുവന്‍ മാലിന്യവും ശേഖരിച്ച്, അത് ഫലപ്രദമായ രീതിയില്‍ സംസ്ക്കരിക്കാനുള്ള പൂര്‍ണ്ണമായ ഒരു സംവിധാനം നിലവില്‍ നമുക്കില്ല.

എന്നും ചെയ്യാറുള്ളതുപോലെ, കേരളപ്പിറവിക്ക് ശേഷം ഇന്നുവരെ മാറിമാറി വന്ന സര്‍ക്കാരുകളെ നാല് ചീത്ത പറഞ്ഞ് ആത്മനിര്‍വൃതി അടഞ്ഞിട്ട് പ്രത്യേകിച്ച് ഗുണം ഒന്നുമുണ്ടാകാന്‍ പോകുന്നില്ല. പക്ഷേ, ഇനിയങ്ങോട്ട് മാലിന്യസംസ്ക്കരണത്തിന് വേണ്ടുന്ന നടപടിക്രമങ്ങള്‍ എന്തൊക്കെയുണ്ടോ അതൊക്കെ സ്വീകരിച്ചില്ലെങ്കില്‍ പ്രതിസ്ഥാനത്ത് നില്‍ക്കാന്‍ പോകുന്നത് സര്‍ക്കാരുകള്‍ തന്നെയാണ്.

ഈ സര്‍ക്കാരും‍, ഇതിന് മുന്‍പ് ഇരുന്ന സര്‍ക്കാരും കൂടെ എന്തൊരു ബഹളമാണ് സ്മാര്‍ട്ട് സിറ്റി എന്ന് പറഞ്ഞ് നടത്തിക്കൊണ്ടിരിക്കുന്നത് ! സ്മാര്‍ട്ട് സിറ്റിയിലേക്ക് വരാനായി കൊച്ചിയില്‍ വിമാനമിറങ്ങി റോഡ് മാര്‍ഗ്ഗം ഒരു വിദേശിയോ അല്ലെങ്കില്‍ ഇന്ത്യയിലെ തന്നെ ഒരു വ്യവസായിയോ കളമശ്ശേരിക്ക് ഇപ്പുറത്തേക്ക് കടക്കാന്‍ ധൈര്യം കാണിച്ചെന്ന് വരില്ല. അത്രയ്ക്ക് നാറ്റമാണ് കളമശ്ശേരി ജങ്ക്‍ഷനില്‍. NH 47 ന്റെ ഈ ഓരമാണ് നഗരത്തിലെ മാലിന്യം കുമിഞ്ഞ് കൂടുന്ന ഒരു പ്രധാന ഇടം. കേരളത്തിലെ പട്ടണങ്ങളില്‍ നിന്ന് മാലിന്യം ശേഖരിക്കാന്‍ കരാര്‍ എടുക്കുന്നവര്‍ മാലിന്യം കുത്തിനിറച്ച ലോറികളുമായി കള്ളന്മാരെപ്പോലെ പാത്തും പതുങ്ങിയും വണ്ടിയുരുട്ടിക്കൊണ്ടിരിക്കുകയാണ്. ഇരുട്ടിന്റെ മറവീണുകഴിഞ്ഞാല്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്തെ ഏതെങ്കിലും റോഡരുകിലോ വെളിമ്പ്രദേശത്തോ അത് കുടഞ്ഞ് കളഞ്ഞ് അവര്‍ തലയൂരും. ഇരുചക്രവാഹനങ്ങളില്‍ മാലിന്യച്ചാക്കുകള്‍ കൊണ്ടുവന്ന് തങ്ങള്‍ക്ക് പരിചയമില്ലാത്ത സ്ഥലങ്ങളില്‍ ഉപേക്ഷിച്ച് പോരുന്നവരെ നാട്ടുകാര്‍ കാത്തിരുന്ന് പിടികൂടി എന്ന വാര്‍ത്തകള്‍ എന്താണ് എടുത്ത് കാണിക്കുന്നത് ? എറണാകുളത്ത് പനമ്പള്ളിനഗറിന്റെ ഹൃദയഭാഗത്തുകൂടെ പോകുന്ന സാമാന്യം വീതിയുള്ള ഒരു കനാലുണ്ട്. രാത്രിയായാല്‍ കനാലിന് ഒരുവശത്ത് താമസിക്കുന്ന പൊതുജനം മാലിന്യം ‘സംസ്ക്കരി‘ക്കുന്നത് ഈ കനാലിലാണ്. ഒരു പ്ലാസ്റ്റിക്ക് ബാഗില്‍ പൊതികെട്ടിയ മാലിന്യം ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷം നീട്ടിയെറിയുന്നത് കനാലിലേക്കാണ്. എറണാകുളത്ത് അല്ലെങ്കില്‍ കൊച്ചിയില്‍ നല്ലയിനം മുഴുത്ത കൊതുകുകടി ഏറ്റവുമധികം കൊള്ളുന്നതും ഈ കനാലിന്റെ ഇരുവശത്തും ജീവിക്കുന്ന ജനം തന്നെയായിരിക്കണം.

മാലിന്യ നിര്‍മ്മാര്‍ജ്ജനം, സംസ്ക്കരണം എന്നീ കാര്യങ്ങളില്‍ നമ്മള്‍ മലയാളികള്‍ക്കുള്ള സംവിധാനങ്ങള്‍ അപര്യാപ്തമാണ് എന്നാണ് മനസ്സിലാക്കേണ്ടത്. ഇങ്ങനൊക്കെയാണെങ്കിലും കേരളത്തിന് ഈയിടെ മാലിന്യസംസ്ക്കരണവുമായി ബന്ധപ്പെട്ട് എതോ ഒരു കേന്ദ്ര അവാര്‍ഡ് കിട്ടിയെന്ന് തിരഞ്ഞടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ആരോ വീമ്പിളക്കുന്നത് കേട്ടപ്പോള്‍ ഓക്കാനമാണ് വന്നത്.

കുറച്ച് നാളുകളായി കോഴിക്കോട് ജില്ലയില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങള്‍ ആനന്ദദായകമായിരുന്നു. തീരദേശ സേന എന്ന സംഘടനയുടെ നേതൃത്വത്തില്‍ ബീച്ചിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്ന പ്രവര്‍ത്തനവും, M1 എന്ന മറ്റൊരു സംഘടന സുരേഷ് ഗോപിയെപ്പോലുള്ള സിനിമാതാരങ്ങളെ മുന്‍‌നിര്‍ത്തി നടത്തുന്ന മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുമൊക്കെ ടീവിയിലൂടെ കണ്ടപ്പോള്‍, എവിടൊക്കെയോ ചിലരെങ്കിലും മാലിന്യത്തിനെതിരെ പടവെട്ടിത്തുടങ്ങിയിട്ടുണ്ടെന്നത് കുറച്ചെങ്കിലും ആശ്വാസം പകര്‍ന്നുനല്‍കി.

പക്ഷെ, അവര്‍ ബീച്ചില്‍ നിന്നും നഗരത്തില്‍ നിന്നുമൊക്കെ ശേഖരിച്ച മാലിന്യമത്രയും എവിടെക്കൊണ്ടുപോയി കളഞ്ഞു ? അതിന് പിന്നെ എന്ത് സംഭവിച്ചു? നഗരത്തിന് വെളിയിലുള്ള ഏതെങ്കിലും ആളൊഴിഞ്ഞ കോണില്‍ ജനജീവിതം ദുസ്സഹമാക്കി കൂടുതല്‍ ചീഞ്ഞ് നാറി കിടക്കുന്നുണ്ടാകാനാണ് സാദ്ധ്യത. അവിടെക്കിടന്ന് അത് ഈച്ചയും പാറ്റയും പുഴുക്കളുമെല്ലാം അരിച്ച് കാക്കയും എലിയുമൊക്കെ കൊത്തിവലിച്ച് അടുത്ത സീസണിലേക്കുള്ള തക്കാളിപ്പനി, എലിപ്പനി, പന്നിപ്പനി, ചിക്വന്‍ ഗുനിയ എന്നീ ലേറ്റസ്റ്റ് ട്രെന്റിലുള്ള രോഗങ്ങള്‍ക്ക് കാരണഹേതുവാകാന്‍ തയ്യാറെടുക്കുന്നുണ്ടാകാം.

ഞാന്‍ ജനിച്ചുവളര്‍ന്ന മുനമ്പം എന്ന സ്ഥലത്തെ ബീച്ചില്‍ കടല്‍ക്കാറ്റേറ്റ് പ്രകൃതിസൌന്ദര്യവും ആസ്വദിച്ച് പഴയതുപോലെ പോയി ഇരിക്കാന്‍ ഇന്നെനിക്കാവുന്നില്ല. കാരണം മാലിന്യക്കൂമ്പാരം തന്നെ. എന്റെ സ്വന്തം നാടല്ലേ, ഞാന്‍ സ്ഥലത്തുള്ളപ്പോളൊക്കെ പോയി ഇരിക്കുന്ന കടപ്പുറമല്ലേ, ഒരുപാട് അന്യസംസ്ഥാനക്കാര്‍ അടക്കമുള്ളവര്‍ വന്നുപോകുന്ന ഒരു വിനോദസഞ്ചാരകേന്ദ്രമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കടല്‍ക്കരയല്ലേ ? എന്നൊക്കെ കരുതി, ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരുടെ സഹകരണത്തോടെ മുനമ്പം ബീച്ചിലും തൊട്ടടുത്ത് ഇതേ അവസ്ഥ നേരിടുന്ന പ്രസിദ്ധമായ ചെറായി ബീച്ചിലും ഒരു ശുചീകരണപ്രവര്‍ത്തനത്തെപ്പറ്റിയുള്ള ആലോചനകള്‍ ഈയടുത്ത് നടത്തുകയുണ്ടായി. ഒരു ദിവസം മുഴുവനും പറ്റാവുന്നത്ര നാട്ടുകാരെയും, മേല്‍ സൂചിപ്പിച്ച സ്വകാര്യ സ്ഥാപനത്തിനെ ജീവനക്കാരെയുമൊക്കെ ഉള്‍പ്പെടുത്തി ബീച്ച് ശുദ്ധമാക്കുക, വേസ്റ്റ് ഇടുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ബോര്‍ഡുകളും അതിടാനുള്ള കുപ്പത്തൊട്ടികളും സ്ഥാപിക്കുക എന്നതൊക്കെയായിരുന്നു പദ്ധതി. ബോര്‍ഡുകളും മറ്റും സ്ഥാപിക്കാന്‍ പഞ്ചായത്തിന്റെ അനുമതി ആവശ്യമാണ്. ചെറായി ബീച്ചിലെ ക്ലീനിങ്ങിന് സഹകരിക്കണമെന്ന് പറഞ്ഞ് ചെറായി ബീച്ച് റിസോര്‍ട്ടിന്റെ ഉടമ ഡോ:മധുവുമായും സംസാരിച്ചു; അദ്ദേഹം എല്ലാ സഹകരണവും വാഗ്ദാനം ചെയ്തു. അന്വേഷണങ്ങളും ചര്‍ച്ചകളുമൊക്കെ തുടര്‍ന്നുപോയപ്പോളാണ് നിരാശാജനകമായ ഒരു കാര്യം മനസ്സിലാക്കാനായത്.

ബീച്ച് വൃത്തിയാക്കി മാലിന്യമൊക്കെ ഒരിടത്ത് കൂട്ടിയിട്ടിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ചെറായി ബീച്ചില്‍ ഇപ്പോള്‍ത്തന്നെ ഔദ്യോഗികമായി 3 പേര് മാലിന്യം പെറുക്കിക്കൂട്ടുന്നുണ്ട്. പക്ഷെ അതൊക്കെ അവിടന്ന് നീക്കം ചെയ്യാനോ സംസ്ക്കരിക്കാനോ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടാകുന്നില്ല. അതുകൊണ്ട് തന്നെ കൂട്ടിയിട്ട മാലിന്യം ബീച്ചിലേക്ക് തന്നെ വീണ്ടും പരക്കുകയാണ്.

പെട്ടെന്ന് പദ്ധതിയൊക്കെ വഴിമുട്ടിയതുപോലെ തോന്നി. ഡോ:മധു ഒരു ഉപായം നിര്‍ദ്ദേശിച്ചു. പഞ്ചായത്ത് ഇലക്‍ഷന്‍ കാലമാണല്ലോ, വേണ്ടപ്പെട്ടവരെയൊക്കെ ഇപ്പോള്‍ ഒന്നുകണ്ട് കാര്യങ്ങള്‍ അവതരിപ്പിച്ചാല്‍ ചിലപ്പോള്‍ എല്ലാം ഭഗിയായി നടന്നെന്ന് വരും. എന്തൊരു ഗതികേടാണെന്ന് നോക്കൂ. വോട്ട് ചെയ്ത് തിരഞ്ഞെടുക്കുന്ന പഞ്ചായത്തിനെക്കൊണ്ട് ഒരു കാര്യം നടക്കണമെങ്കില്‍, അതും അവരുടെ തന്നെ ജോലിയുടേയും ഉത്തരവാദിത്വത്തിന്റേയും ഭാഗമായ ഒരു കാര്യം നടക്കണമെങ്കില്‍…. ആ ജോലി 90 % പൊതുജനം തന്നെ ചെയ്യണം. എന്നിട്ട് അവരുടെ 10 % പങ്കാളിത്തം ഉറപ്പാക്കണമെങ്കില്‍ തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് എന്ന തുറുപ്പ് ചീട്ട് പൊക്കിക്കാണിച്ച് ബ്ലാക്ക് മെയില്‍ ചെയ്യണമത്രേ!

അവര്‍ക്കും ഉണ്ടാകും എന്തെങ്കിലുമൊക്കെ പ്രതിസന്ധികള്‍. ഒരു പഞ്ചായത്തിന്റെ അല്ലെങ്കില്‍ നിയമസഭയുടെ അകത്ത് ഭരിക്കാന്‍ കയറി ഇരിക്കുന്നവന്റെ വിഷമങ്ങള്‍ നമ്മള്‍ സാധാരണക്കാര്‍ക്ക് അറിയില്ലല്ലോ ? കുറ്റം പറയാന്‍ വളരെ എളുപ്പമാണ്. പക്ഷെ സ്ഥായിയായ ഒരു പരിഹാരം നിര്‍ദ്ദേശിക്കാനോ അതിനായി സഹകരിക്കാനോ ആണ് ബുദ്ധിമുട്ട്.

മാലിന്യവിമുക്തകേരളം ഉണ്ടാകണമെങ്കില്‍ മന്ത്രിസഭയില്‍ ഈ വിഷയം കൈകാര്യം ചെയ്യുന്ന ഒരു മന്ത്രിതന്നെ ഉണ്ടാകണം. ഇതിന് മാത്രമായി ഒരു വകുപ്പ് തന്നെ ഉണ്ടായാലും വിരോധമില്ല. അങ്ങനാണെങ്കില്‍ അതിനുള്ള നിയമനിര്‍മ്മാണം നടക്കണം. വകുപ്പ് മന്ത്രി സര്‍ക്കാര്‍ ചിലവില്‍ കുറച്ച് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അവിടത്തെ മാലിന്യസംസ്ക്കരണ രീതികള്‍ കണ്ട് പഠിച്ച് വരട്ടെ. വിദേശരാജ്യം എന്ന് പറയുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഒഴിവാക്കുന്നത് നല്ലതായിരിക്കും. കാരണം ഗള്‍ഫ് രാജ്യങ്ങളില്‍ ഏറെക്കുറെ മലയാളിയുടെ അല്ലെങ്കില്‍ ഇന്ത്യാക്കാരുടെ രീതിയാണ് നടന്ന് പോരുന്നത്. കച്ചറ എടുക്കാന്‍ ഒരു വണ്ടി വരുമെന്നതും അത് പെറുക്കാന്‍ കുറേ ആള്‍ക്കാരെ നിയമിച്ചിരിക്കുന്നു എന്നതും ശരിതന്നെയാകാം. പക്ഷെ തെരുവുകളില്‍ ആവശ്യത്തിന് കുപ്പത്തൊട്ടികള്‍ ഇല്ലാത്തതും, ജനങ്ങള്‍ റോട്ടില്‍ മാലിന്യം നിക്ഷേപിക്കുന്നതും മറ്റും പതിവാണ് ഞാന്‍ കണ്ടിട്ടുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഒക്കെയും. പാശ്ചാത്യരുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘ഏഷ്യന്‍ രീതി‘ യാണ് ഇതൊക്കെ. പാശ്ചാത്യരാജ്യങ്ങളില്‍ത്തന്നെ ഏഷ്യാക്കാര്‍ കൂടുതല്‍ ജീവിക്കുന്ന ഭാഗങ്ങളില്‍ ചെന്ന് നോക്കിയാല്‍ അവരങ്ങിനെ പറയുന്നതിന്റെ കാരണം വളരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ പറ്റുന്നതാണ്. പക്ഷെ ഇതിനൊക്കെ അപവാദമായി സിംഗപ്പൂര്‍ എന്ന ഒരു ഏഷ്യന്‍ രാജ്യമുണ്ട്. വകുപ്പ് മന്ത്രി സിംഗപ്പൂര്‍ യാത്ര മാത്രം നടത്തിയാലും കാര്യങ്ങള്‍ ഭംഗിയായി പഠിച്ച് മനസ്സിലാക്കി മടങ്ങാനാകും.

മാലിന്യ ശേഖരണത്തിനും, സംസ്ക്കരണത്തിനുമുള്ള സംവിധാനം എല്ലാ കോര്‍പ്പറേഷനിലും, മുന്‍സിപ്പാലിറ്റികളിലും, പഞ്ചായത്തുകളിലും നിലവില്‍ വരണം. പ്രധാന നിരത്തുകളിലൊക്കെയും 100 മീറ്റര്‍ ഇടവിട്ടെങ്കിലും കുപ്പത്തൊട്ടികള്‍ സ്ഥാപിക്കണം. നിരത്തില്‍ നിക്ഷേപിക്കാതെ ജനങ്ങള്‍ കുപ്പത്തൊട്ടിയില്‍ത്തന്നെ മാലിന്യം നിക്ഷേപിക്കണം. അതിനായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കണം, ബോര്‍ഡുകള്‍ സ്ഥാപിക്കപ്പെടണം. ബോധവല്‍ക്കരണം കുട്ടികളില്‍ നിന്ന് ആദ്യം തുടങ്ങണം. ചെറിയ ക്ലാസ്സുകളില്‍ ഇതൊക്കെ പാഠ്യവിഷയമാക്കണം. ജൈവമാലിന്യവും റീസൈക്കിള്‍ ചെയ്യാന്‍ പറ്റുന്ന മാലിന്യവും വെവ്വേറെ നിക്ഷേപിക്കുന്നതിന്റെ ആവശ്യകത സിലബസ്സില്‍ ഉള്‍ക്കൊള്ളിക്കണം. കുട്ടികള്‍ ചെയ്യുന്നത് കാണാന്‍ തുടങ്ങിയാല്‍ ഏത് തലതിരിഞ്ഞ മാതാപിതാക്കളും അവരുടെ രീതികള്‍ പിന്തുടര്‍ന്നുകൊള്ളും. പഴയ തലമുറ നേര്‍വഴിക്ക് വന്നില്ലെങ്കിലും ഇനി വരുന്ന തലമുറകളിലൂടെ ശരിയുടെ പാതകളിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കാന്‍ പറ്റിയെന്ന് വരും. ഇത്രയുമൊക്കെ നടപ്പിലാക്കാന്‍ തുടങ്ങുന്നതോടെ അലക്ഷ്യമായും നിയമവിരുദ്ധമായും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരേ നടപടികള്‍ എടുക്കാന്‍ തുടങ്ങണം. പോലീസുകാരുടെ പോക്കറ്റിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കി പിഴകള്‍ നല്‍കണം. കുറേയൊക്കെ വ്യത്യാസം ഇതോടെ വരാന്‍ തുടങ്ങും.

ഇങ്ങനെയൊക്കെ ആകുന്നതോടെ മലബാര്‍ ഗോള്‍ഡിന്റെ പരസ്യം 30 സെക്കന്റില്‍ത്തന്നെ പൂര്‍ണ്ണത കൈവരിക്കുന്ന രീതിയില്‍ തയ്യാറാക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. മോഹന്‍ലാല്‍ പറഞ്ഞിട്ട് കേള്‍ക്കുന്നില്ലെങ്കില്‍ മമ്മൂട്ടിയേയോ സുരേഷ് ഗോപിയേയോ പേരെടുത്ത് പറയാന്‍ പറ്റുന്ന ഏത് താരത്തേയും ഈ പ്രവര്‍ത്തനത്തിന്റെ മുന്‍‌നിരയില്‍ അണിനിരത്താന്‍ ഒരു ബുദ്ധിമുട്ടുമില്ല. അവരെല്ലാം ലാഭേച്ഛയില്ലാതെ സ്വയമേവ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിക്കോളും. കൂട്ടത്തില്‍ ഒരുപാട് സ്വകാര്യ സ്ഥാപനങ്ങളും, സ്വകാര്യവ്യക്തികളും അണിചേരുമെന്ന കാര്യത്തിലും സംശയം വേണ്ട. അടിസ്ഥാന സൌകര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുകയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ബോധവല്‍ക്കരണവുമൊക്കെ നടത്തുകയും ചെയ്താല്‍ മാലിന്യവിമുക്ത കേരളം എന്നത് ഒരു ബാലികേറാമലയൊന്നും അല്ല.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളിലെങ്കിലും ഇങ്ങനെ എന്തെങ്കിലുമൊക്കെ നമ്മുടെ ഈ കൊച്ച് കേരളത്തില്‍ സംഭവിച്ചില്ലെങ്കില്‍പ്പിന്നെ 100 മീറ്റര്‍ അകലത്തില്‍ കുപ്പത്തൊട്ടികള്‍ പൊതുനിരത്തുകളില്‍ സ്ഥാപിക്കേണ്ട ആവശ്യം വരില്ല. കേരളം തന്നെ മൊത്തത്തില്‍ ഒരു കുപ്പത്തൊട്ടിയായി മാറിക്കഴിഞ്ഞിരിക്കും.

വാല്‍ക്കഷണം:- ഒഴിവുദിവസങ്ങളില്‍ മാലിന്യം പെറുക്കിക്കൂട്ടാനായി ദുബായിലെ ബീച്ചുകളിലും, മരുഭൂമിയിലും മുന്നിട്ടിറങ്ങി മാതൃക കാണിച്ചിട്ടുള്ള ബ്ലോഗര്‍ കൈപ്പള്ളിക്കും, അദ്ദേഹത്തിന്റെ ഒപ്പം ചേര്‍ന്ന് കച്ചറ പെറുക്കിയിട്ടുള്ള മറ്റ് സഹൃദയര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ ഒരു സല്യൂട്ട്.

ചിത്രത്തിന് കടപ്പാട്:- ഗൂഗിള്‍

Comments

comments

53 thoughts on “ മാലിന്യ വിമുക്ത കേരളം

  1. സമയോചിതമായ പോസ്റ്റ്‌. നമ്മാലെയും എന്തെങ്കിലും ഒക്കെ ചെയ്യാന്‍ പറ്റും എന്ന് തോന്നിപ്പിച്ചു. ആശംസകള്‍!!

  2. uracha manssode shramichal pariharikkavunna prasnangal alambhavam… …kuttakaramaya nissabdhdathata…enniva kond paraiharangalkappuram valarthi valuthakkuka ennathanallo nammude pothuve ulla prambaryam…athinu virudhamayi enthenkilum cheyyanamenna chinthaykk kooduthal karuth kitti…
    Inspiring…Thank U…janithu vazhi edaykkokke varalullatha …veendum kanam…

  3. ആദ്യം മലയാളിയുടെ മനോഭാവം മാറണം.അതിന് ബോധവൽകരണം..വേണം,പക്ഷെ എന്നിട്ടും നമ്മൾ മാറുന്നുണ്ടോ..സ്വന്തം പരിസരം ശുചിയാക്കിട്ട് കച്ചറ അപ്പുറത്തെ പറമ്പിലേക്ക് വലിച്ചെറിയും..”ഇവിടെ മൂത്രം ഒഴിക്കരുത്” എന്ന ബോർഡ് നോക്കി അവിടെ തന്നെ കാര്യം സാധിക്കുന്നവനാണ് മലയാളി…

  4. തികച്ചും പ്രസക്തമായ പോസ്റ്റ്.. താങ്കള്‍ പറഞ്ഞ പോലെ കുട്ടികളെക്കൂടി സജീവമായി പങ്കാളികളാക്കാന്‍ കഴിയണം. അപ്പോള്‍ മുതിര്‍ന്നവര്‍ തന്നെ നേരെയാവും, ഇല്ലെങ്കില്‍ കുട്ടികള്‍ നേരെയാക്കും..

    ഇവിടെ അടുത്ത് കൊടകരയില്‍ മാലിന്യസംസ്കരണത്തിന് ശാസ്ത്രീയമായ വഴികളുണ്ടെന്ന് കേട്ടിട്ടുണ്ട്. അത് മറ്റു ഗ്രാമങ്ങളിലും നഗരങ്ങളിലും ഏറ്റെടുക്കാവുന്നതേയുള്ളു.

    മാലിന്യസംസ്കരണത്തെക്കുറിച്ച് എം പി പരമേശ്വരന്‍റെ ഒരു ലേഖനം വായിച്ചതോര്‍ക്കുന്നു, മാധ്യമത്തിലോ മറ്റോ. അതില്‍ കേരളത്തിന്‍റെ സാഹചര്യത്തില്‍ എങ്ങനെയാണ് ശാസ്ത്രീയമായി ഇത് നടപ്പിലാക്കാന്‍ പറ്റുക എന്ന് വിശദമായി എഴുതിയിട്ടുണ്ട്.
    എന്തൊക്കെ ഐഡിയകള്‍ കൊണ്ടിവന്നാലും എല്ലാവരും കൂടി (കുറഞ്ഞപക്ഷം കുറെപ്പേരെങ്കിലും)ശ്രമിച്ചാലേ ഇതിനൊക്കെ മാറ്റം വരൂ..

    മാറ്റം വന്നേ തീരൂ എന്നത് വേറെ കാര്യം…

    കഴിയും വിധം നമുക്ക് ശ്രമിക്കാം..

    നന്ദി.. ആശംസകള്‍…

  5. ഒരു ചോക്ലേറ്റിന്റെ കവറാകട്ടെ
    മിനറൽ വാട്ടർക്കുപ്പിയാകെട്ടെ ഒരു വേസ്റ്റ് ബിൻ കാണുന്നതുവരെ ഞാൻ കൈയ്യിൽ വച്ചിരിക്കും..ഇതൊക്കെ കാണുമ്പോൾ പലരും.
    “ ഓ നീ മാത്രമൊരു സായ്പ് എന്നു പറഞ്ഞിട്ടുണ്ട്…“

    ഏറ്റവും വ്രിത്തികെട്ട കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ മറ്റൊരു സ്ഥലമാണ് ട്രൈയിൻ ട്രാക്സിന് ഇരുവശവും..ഇല്ലാത്ത വേസ്റ്റൊന്നുമില്ല അവിടെ.. അതിനു പുറമേ ട്രൈയിനിന്റെ ഓപ്പൺ ലാട്രിനും.. എത്ര കോടികൾ ബജറ്റുണ്ട് റെയില്വേയ്ക്ക്..ഒരു കെമിക്കൽ ടോയ്ലറ്റ് ഇതുവരെ എങ്ങും വെച്ചിട്ടില്ല..മൂക്കു പൊത്താതെ കേറാൻ കഴിയുന്ന ടോയ്ലെറ്റുകൾ കേരളത്തിൽ കാണണമെങ്കിൽ വല്ല നല്ല റെസ്റ്റോറന്റിലും പോകണം..

    ദുബയിലും മറ്റും ഇന്ത്യാക്കാർ തിങ്ങിപ്പാർക്കുന്ന ചില ഫ്ലാറ്റുകളുടെ മാർബിൾ പടികളിൽ കാണാം..പാൻ ചവച്ചുതുപ്പിയതിന്റെ ചിത്രപ്പണികൾ.എന്തായാലും മലയാളികൾ ഇക്കാര്യത്തിൽ ഭേദമാണെന്ന് തോന്നുന്നു..

    ഒരു ജനതയുടെ സാമൂഹികസ്വഭാവമാണിത്..എങ്ങനെ മാറ്റും എന്നൊരു ഐഡിയയുമില്ല..

  6. നീരൂ.. നല്ലൊരു പോസ്റ്റിന് ആദ്യമായി അനുമോദനങ്ങള്‍.. ആദ്യം മറേണ്ടത് നമ്മള്‍ തന്നെയാണ്. ജനങ്ങളുടേയും അവര്‍ തന്നെ തെരഞ്ഞെടുത്ത് അയയ്ക്കുന്ന ഒരു കൂട്ടം പ്രതിനിധികള്‍ പ്രതിനിധീകരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും തന്താങ്ങളുടെ കാഴ്ച്ചപ്പാട് തന്നെ മാറ്റണം എന്നാല്‍ മാത്രമേ ഇതിനൊരു പരിഹാരമാകൂ.. കാറിലിരുന്ന് പഴം തിന്ന് തൊലി പുറത്തേക്ക് വലിച്ചെറിയുന്ന ഒരു മനുഷ്യനെങ്ങനെ അവന്റെ കുട്ടിയോട് ശുചിത്ത്വത്തെക്കുറിച്ച് പറയാനാവും…

    അടുത്തിടെ കുറച്ചു ദിവസത്തേക്ക് നാട്ടില്‍ പോയപ്പോള്‍ കണ്ട കാഴ്ചയാണ്.. റോഡരുകിലെല്ലാം മാലിന്യ കവറുകള്‍ കൂട്ടിയിട്ടിരിക്കുന്നു. ചീഞ്ഞ് ദുര്‍ഗന്ധം വഹിക്കുന്ന അത് ചാടിക്കടന്ന് വേണം നമുക്ക് നടക്കാന്‍.. എന്താ ഇങ്ങനെ എന്നന്വേഷിച്ചപ്പോള്‍ കേട്ടു മുന്‍സിപാലിറ്റി മാലിന്യം കൊണ്ടു പോകുന്നില്ല..രണ്ട് ദിവസം കഴിഞ്ഞിട്ടും ഒരനക്കവുമില്ല. മുന്‍സിപ്പാലിറ്റി ഓഫ്ഫീസ്സ് പരിസരം വഴി ഒന്നുനടന്ന് നോക്കി, അവിടമെല്ലാം ക്ലീന്‍!. കുറച്ചു പൈസ ചിലവായാലും വേണ്ടില്ല നാളെത്തന്നെ ഒരു വണ്ടി വിളിച്ച് വീടിനടുത്തുള്ള മാലിന്യകവറുകളെല്ലാം വാരി ഈ ഓഫ്ഫീസ്സിനു മുന്‍പില്‍ കൊണ്ടിട്ടാലോ എന്ന് ഒന്നാലോചിച്ചു.. പിറ്റേന്ന് നോക്കിയപ്പോള്‍ കണ്ടു കുറെ ഒക്കെ നീക്കം ചെയ്ത് ഒരു ബോര്‍ഡും നാട്ടിയിരിക്കുന്നു” ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാര്‍ഹം” അതിനു താഴെ തന്നെ പിന്നെയും അല്‍പ്പ സമയത്തിനുള്ളില്‍ കവറുകള്‍ നിറഞ്ഞു തുടങ്ങി. ഇവിടെ കുറ്റക്കാര്‍ ആര്?
    ശിക്ഷ ഒന്നിനും പരിഹാരമാവില്ല എന്ന തത്വം മുഴുവനായി ശരിയാണെന്ന് എനിക്കു തോന്നുന്നില്ല്ല. പലരും ശിക്ഷ പേടിച്ച് തന്നെയാണ് പല കൃത്യങ്ങളില്‍ ന്ന്നും ഒഴിഞ്ഞു നില്‍ക്കുന്നത്. നിയമം കര്‍ശനമാക്കിയേ പറ്റൂ കൂട്ടത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും..
    NH47ല്‍ കളമശ്ശേരിയ്ക്കടുത്ത് ഉയര്‍ന്നുവരുന്ന മാലിന്യകൂമ്പാരം അതിലൂടെ പാഞ്ഞു പോകുന്ന മന്ത്രി പുംഗവന്മാരും പരിവാരങ്ങളും ഉദ്യോഗസ്ഥപ്രഭുക്കളും കാണാത്തതോ അതോ കണ്ടില്ലെന്നു നടിക്കുന്നതോ!!ഒരു സിനിമയില്‍ കാറില്‍ ഉറങ്ങിയിരുന്ന സലീം കുമാര്‍ കണ്ണുതുറക്കാതെ തന്നെ മൂക്കു വിടര്‍ത്തി കൊച്ചി എത്തി എന്നു പറയുന്നപൊലെ കൊച്ചി മാത്രമല്ല ഓരോ നഗരത്തിലേയും പട്ടണത്തിലേയും അപ്പൊര്‍വം ഗ്രാമങ്ങളിലേയും മണ്ണും വെള്ളവും വായുവുമെല്ലാം തന്നെ തന്നെ ദുര്‍ഗന്ധ/രോഗ വാഹകരായി തന്നെ പരിണമിക്കും.
    അടുത്തിടെ വാര്‍ത്തയില്‍ കണ്ടു മാതാ അമൃതാനന്ദമയീ മഠം വഴിയോരങ്ങളും സ്കൂള്‍ പരിസരങളും വൃത്തിയാക്കാന്‍ ശ്രമങ്ങള്‍ ആരംഭിക്കുമെന്ന്, നല്ല കാര്യം..
    നല്ല സംരഭങ്ങള്‍ അതാരുടെ ഭാഗത്ത് നിന്നായാലും അതിനു സഹായകരമായ കാര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ എലാവര്‍ക്കും ബാധ്യത ഉണ്ട്. ഒരിക്കല്‍ മാത്രം വൃത്തിയാക്കിയതു കൊണ്ടായില്ല അതു തുടര്‍ന്നു പോകേണ്ടതിനുള്ള ശ്രമങ്ങളും അത്യാവശ്യം തന്നെ.

  7. രാത്രിയായാല്‍ കനാലിന് ഒരുവശത്ത് താമസിക്കുന്ന പൊതുജനം മാലിന്യം ‘സംസ്ക്കരി‘ക്കുന്നത് ഈ കനാലിലാണ്. ഒരു പ്ലാസ്റ്റിക്ക് ബാഗില്‍ പൊതികെട്ടിയ മാലിന്യം ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷം നീട്ടിയെറിയുന്നത് കനാലിലേക്കാണ്…………………………..ഈ അവസ്ഥ ഒരു കൊച്ചിയില്‍ മാത്രമല്ല.ഞാന്‍ കണ്ട ഒരുകാഴ്ച്ച ഇവിടെ പറയാം. കോഴിക്കോട് ജില്ലയില്‍ ഞെളിയം പറമ്പ് എന്ന സ്ഥലത്ത് ഒരു മാലിന്യസംസ്കരണപ്ലാന്‍റ് ഭാഗികമായാണെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ട്.കൂടാതെ.ഈ കോമ്പൗഡില്‍ മാലിന്യം നിക്ഷേപിക്കാന്‍ സൗകര്യവുമുണ്ട് എന്നിട്ടും ഇതിന്‍റെ പരിസരപ്രദേശങ്ങളില്‍ ഇപ്പോഴും മാലിന്യങ്ങളുടെ കൂമ്പാരം തന്നെ കാണാം ഇതാണ് കേരളത്തിന്‍റെ സംസ്ക്കാരം…..സമയോചിതമായ പോസ്റ്റിട്ടതിനു അഭിനന്ദനങ്ങള്‍.

  8. പറയേണ്ടതു തന്നെ…… പ്രവര്‍ത്തിക്കേണ്ടതും..
    ഒരു മാറ്റത്തിനു നമ്മള്‍ തീരുമാനിക്കേണ്ടിയിരിക്കുന്നു.

  9. തമിഴ് നാട്ടില്‍ കൊണ്ട് പോയി മാലിന്ന്യത്തെ തള്ളുന്ന വളരെ എളുപ്പം ഉള്ള രീതിയാണ് നമ്മുടെ ഭരണാധികാരികള്‍ സ്വീകരിച്ചിരുന്നത്. പണ്ടേ ഇതിനൊരു പരിഹാരം കാണാന്‍ ആരും ശ്രമിച്ചിരുന്നില്ല. മാലിന്ന്യത്തെ സംസ്കരിക്കാന്‍ നമ്മെ കൊണ്ടും സാധിക്കും എന്ന ഒരു ആത്മവിശ്വാസം ഈ ബ്ലോഗ്‌ വായിച്ചപ്പോള്‍ ഉണ്ടായി.

  10. പരസ്യം പക്ഷേ അപൂര്‍ണ്ണമാണെന്നുള്ളതാണ് സങ്കടകരം. താങ്കൾ നിർദ്ദേശിച്ചതുപോലെ കുഞ്ഞുങ്ങളിൽ തന്നെ ബോധവൽക്കരണം തുടങ്ങേണ്ടിയിരിക്കിന്നു..

  11. മനോജേട്ടാ.. ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതൊക്കെ നടപ്പാവുകയാണെങ്കില്‍ വളരെ മനോഹരമായ കാര്യങ്ങളാണ്. പക്ഷെ ഇതില്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ അഡോപ്റ്റ് ചെയ്തേക്കാവുന്ന രണ്ട് കാര്യങ്ങളേ ഉള്ളു.. ഒന്ന് മാലിന്യസംസ്കരണനത്തിനായി ഒരു വകുപ്പും ഒരു മന്ത്രിയും.. അതിലൂടെ ഒരാള്‍ക്കുകൂടെ അല്ലെങ്കില്‍ ഒരു ഘടകകക്ഷിക്ക് കൂടെ അവര്‍ക്ക് മന്ത്രിസ്ഥാനം നല്‍ക്കാം.. രണ്ടാമത്തേത് വിദേശ പര്യടനം.. മാലിന്യം എങ്ങിനെ നീക്കം ചെയ്യാമെന്ന് പഠിക്കാനെന്ന പേരിലേ.. എന്നിട്ട് കൊച്ചുമക്കളോടൊപ്പം അവിടെയുള്ള മുന്തിയ സ്റ്റാര്‍ ഹോട്ടലുകളില്‍ ഇരുന്ന് മുറിയില്‍ നിന്ന് പുറത്തിറങ്ങാതെ ഏതെങ്കിലും സായിപ്പന്മാരുമായി കുലംകുഷമായ ചര്‍ച്ചകള്‍.. കൊട്ടേഷനുകള്‍.. പിന്നെ അതിലെ അഴിമതി കഥകള്‍.. പത്രക്കടലാസുകള്‍ കുന്നുകൂടും എന്നല്ലാതെ മറ്റൊന്നും നടക്കാന്‍ സാധിക്കില്ല.. എര്‍ണാകുളം നഗരത്തിലേക്കൊക്കെ ഒന്ന് ചെന്നാലറിയാം.. എന്തിനേറേ.. കാക്കനാട് കളക്റ്റ്രേറ്റിന്റെ തൊട്ട് അപ്പുറം കുടുംബശ്രീയുടെ വകയായി മാലിന്യം ട്രീറ്റ്മെന്റ് ചെയ്ത് കളയാനുള്ള ചെറിയ ഷെഡുകള്‍ പോലെയുണ്ട്. പക്ഷെ രാസവസ്തുക്കളുടേയോ അത് പോലെയുള്ള എന്തൊക്കെയോ സംഭവങ്ങളുടേയോ ലഭ്യത കുറവ് മൂലം അവയൊക്കെ അവിടെ കെട്ടികിടക്കുകയാണ്. ഇത് നടക്കുന്നതെവിടെ എന്നൊന്ന് ചിന്തിക്കൂ.. എര്‍ണാകുളം ജില്ലയുടെ ഭരണസിരാകേന്ദ്രങ്ങളായ ജില്ലാപഞ്ചായത്ത്, കളക്ട്രേറ്റ്, ജില്ലാ ബാങ്ക്, പി.എസ്.സി ഓഫീസ്, എന്നിവ സ്ഥിതി ചെയ്യുന്നിടത്ത്. നമ്മുടെ പള്ളിപ്പുറം പഞ്ചായത്തിന്റെ പഴയ കെട്ടിടത്തിന്റെ സൈഡിലേക്ക് അടുത്ത വരവിന് ഒന്ന് നോക്കികോളൂ.. അവിടവും തധൈവ… അപ്പോള്‍ രാഷ്ട്രീയക്കാര്‍ ഇതിനോടൊക്കെ സഹകരിക്കുമെന്ന് വിചാരിക്കുന്നതേ തെറ്റ്.. അല്ല, അവരെ പറഞ്ഞിട്ട് കാര്യമില്ല.. അല്ലെങ്കില്‍ മാറിമാറി വരുന്ന ഇലക്ഷനുകളില്‍ നമ്മുടെ ഇടപ്പിള്ളി രെയില്‍‌വേ ഗേറ്റും വൈപ്പിന്‍ കുടിവെള്ളക്ഷാമവും പരിഹരിക്കാമെന്ന് പറയുന്ന അവരുടെ വാക്കുകള്‍ വിശ്വസിച്ച് വീണ്ടും വോട്ട് നല്‍കി വിജയിപ്പിക്കുന്ന നമ്മളുള്‍പ്പെടെയുള്ള കഴുതകളെ പറഞ്ഞാല്‍ മതി.. (നാട്ടില്‍ വോട്ടില്ലാത്ത പ്രവാസിയായത് കൊണ്ട് (??) മനോജേട്ടന്‍ ഏതായാലും കഴുതയാവാതെ രക്ഷപ്പെട്ടു..)

  12. ശക്തമായ പോസ്റ്റ്. ഇത് കേരളത്തിലെ മാറ്റം കാര്യമല്ലല്ലോ. നമ്മുടെ രാജ്യം മുഴുവന്‍ ഇങ്ങനെയല്ലേ. പൊതുവെ കേള്‍ക്കുന്നത്, സൌത്ത് ഇന്‍‌ഡ്യ, അതില്‍ കേരളം വൃത്തിയുള്ളതാണെന്നാണ്. കേരളത്തിലിതാണ് ഗതിയെങ്കില്‍ മറ്റ് സ്ഥലങ്ങളുടെ കാര്യം പറയേണ്ടല്ലോ.
    India is stinky എന്നൊരു വിദേശിയുടെ ബ്ലോഗ്‌പോസ്റ്റ് കണ്ടു. അതില്‍ Kerala is sanitized എന്ന് അയാള്‍ പുകഴ്ത്തിയിട്ടുണ്ട്. പക്ഷെ, താങ്കള്‍ എഴുതിയതുപോലുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍, entire Kerala will stink.

  13. @ ബിന്ദു ഉണ്ണി – താങ്കള്‍ പറഞ്ഞത് ശരിയാണ്. ഇത് കേരളത്തിലെ മാത്രം കാര്യമല്ല. മൊത്തം ഇന്ത്യയിലെ തന്നെ കാര്യമാണ്. പോണി ബോയ് പറഞ്ഞത് പോലെ ട്രെയിനിലും റെയില്‍ വേ ട്രാക്കിലുമൊക്കെ അടക്കം പരിപാലിക്കപ്പെടേണ്ട കാര്യമാണ്.

    നമുക്ക് ഈ കൊച്ചു കേരളത്തില്‍ മാതൃക കാണിച്ച് കൊടുക്കാന്‍ പറ്റിയാല്‍ അത്രയുമായില്ലേ ?

    @ മുസ്തഫ പുളിക്കല്‍ – മുസ്തഫ അവിടന്നങ്ങനെ ഒരു അഭിപ്രായം പറയുന്നത് കിട്ടുമ്പോള്‍ വല്യ സന്തോഷം ഉണ്ട് കേട്ടോ ? :)

  14. മാലിന്യമുക്തകേരളം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഭരണാധികാരികളും നമ്മളും ഒത്തൊരുമിച്ച് ശ്രമിച്ചാല്‍ മാത്രമേ നടക്കൂ. എല്ലാ കോര്‍പ്പറേനുകളിലും മുനിസിപ്പാലിറ്റികളിലും മാത്രമല്ല പഞ്ചായത്തുകളില്‍ പോലും ഓരോ മാലിന്യസംസ്കരണ പ്ലാന്റുകള്‍ സ്ഥാപിക്കുകയും മാലിന്യങ്ങള്‍ കൃത്യമായി അവിടെത്തന്നെ എത്തപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയുമാണ് വാര്‍ഡ് മെമ്പര്‍ തലം മുതലുള്ള ഭരണാധികാരികള്‍ക്ക് ചെയ്യാനുള്ളത്. ഇപ്പറഞ്ഞ കാര്യങ്ങള്‍ നടക്കാന്‍ അവരുടെ ഇച്ഛാശക്തി മാത്രം മതിയാവും! അതാണല്ലോ ഇല്ലാത്തതും!

    പിന്നെ നമ്മുടെ കാര്യം….മറ്റുള്ളവര്‍ക്കു കൂടി കടന്നുവരേണ്ടതാണ് എന്ന ബോധത്തോടെ പൊതുകക്കൂസുകള്‍ പോലും ഉപയോഗിക്കാത്തവരാണ് നമ്മള്‍. ഫ്ലഷ് ബട്ടണ്‍ ഒന്നമര്‍ത്താന്‍ പോലും പലരും മെനക്കെടാറില്ല.പിന്നെ മാലിന്യത്തിന്റെ കാര്യം പറയണോ..? നേരില്‍ കണ്ട ഒരു കാര്യം പറയാം: ടൗണ്‍‌ഏരിയയില്‍ എനിക്കു പരിചയമുള്ള ഒരു വീട്, അവരുടെ തൊട്ടപ്പുറത്ത് ഒരു ഒഴിഞ്ഞ സ്ഥലം(അതിന്റെ ഉടമസ്ഥന്‍ വിദേശത്ത്). ഈവീട്ടുകാരും അയല്‍പ്പക്കക്കാരും സകലമാന മാലിന്യങ്ങളും തള്ളുന്നത് ആ പറമ്പിലാണ്. ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ആ സ്ഥലത്തിന്റെ ഉടമസ്ഥന് വിരോധമില്ലെന്നാണ്!
    ഒരിത്തിരി ഒഴിഞ്ഞ സ്ഥലം എവിടെ കണ്ടാലും അവിടേക്ക് മാലിന്യം വലിച്ചെറിയുന്നത് നമുക്ക് ശീലമായിരിക്കുന്നു.

    ഫ്ലാറ്റിലുള്ളവരുടെ കാര്യം പോട്ടെ, സ്വന്തമായി ഒരു തുണ്ട് ഭൂമിയെങ്കിലും ഉള്ളവര്‍ക്ക് മനസ്സുവച്ചാല്‍ ചെയ്യാന്‍ ചില കാര്യങ്ങളെങ്കിലുമുണ്ടെന്നാണ് എനിക്ക് പറയാനുള്ളത്. അതായത്, മാലിന്യങ്ങള്‍ എല്ലാം കൂടി ഒരു തൊട്ടിയിലിടാതെ അടുക്കളയിലേത്, പേപ്പറുകള്‍, പ്ലാസ്റ്റിക്ക് എന്നിങ്ങനെ 3 പാത്രങ്ങളിലായി തരംതിരിച്ചു ശേഖരിക്കുക. അടുക്കളമാലിന്യങ്ങള്‍ ചെടികളുടെ ചുവട്ടിലിട്ടാല്‍ നല്ല വളമായി. പേപ്പറുകളും സാനിട്ടറി നാപ്കിന്നുകളും തൊടിയില്‍തന്നെയിട്ട് കത്തിക്കുക(സാനിട്ടറി നാപ്കിന്നുകള്‍ കാക്കകൊത്തിവലിച്ച് റോഡില്‍ കൊണ്ടുവന്നിടുന്ന കാഴ്ച്ച പലപ്പോഴും കണ്ടിട്ടുണ്ട്). ഇപ്പറഞ്ഞ രണ്ടു കാര്യങ്ങളെങ്കിലും നമുക്ക് ചെയ്യാന്‍ കഴിയില്ലേ…?

    പിന്നെ പ്ലാസ്റ്റിക്കിന്റെ കാര്യം….അതിനെനിക്കും ഉത്തരമില്ല.ഗ്രാമങ്ങളിലൊക്കെ പലരും പ്ലാസ്റ്റിക്ക് കത്തിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ ആരോഗ്യത്തിന് ഏറെ ഹാനികരമായ കാര്യമാണ് അത്. പറ്റുമെങ്കില്‍ അവ ശേഖരിച്ചുവച്ച് മാലിന്യം ഇടുന്നതിനായി സ്ഥാപിച്ചിട്ടുള്ള ഏതെങ്കിലും തൊട്ടിയില്‍ കൊണ്ടുപോയി ഇടുക. അതേ ചെയ്യാനുള്ളൂ.
    എങ്ങോട്ടെങ്കിലും യാത്ര പോകാന്‍ നേരം ഞാനിത് കെട്ടിപ്പൊതിഞ്ഞ് കാറില്‍ വയ്ക്കാറാണ് പതിവ്. പോകുന്ന വഴിയില്‍ ഏതെങ്കിലും മാലിന്യത്തൊട്ടി കണ്ടാല്‍ അതിലിടും. കിലോമീറ്ററുകള്‍ താണ്ടിയിട്ടും ഒരു തൊട്ടി പോലും കാണാന്‍ കിട്ടാതെ സംഗതി തിരിച്ചുകൊണ്ടുവരേണ്ടിവന്ന സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്! വീണ്ടും അടുത്ത യാത്രയില്‍ ശ്രമം നടത്തും…എന്തുചെയ്യാം..

  15. @ ബിന്ദു കെ.പി.- കമന്റുകള്‍ക്ക് നീളത്തിന്റെ നിബന്ധനകളും ലിമിറ്റുമൊന്നും ആരും ബ്ലോഗുകളില്‍ നിഷ്‌ക്കര്‍ഷിച്ചിട്ടില്ലാത്തതുകൊണ്ടും, പോസ്റ്റിനേക്കാള്‍ വലിയ കമന്റുകള്‍ വരുമെന്നറിഞ്ഞ് ചിലരൊക്കെ ട്രാക്ക് ചെയ്ത് ഇരിക്കുന്നതുകൊണ്ടും സോറി വരവ് വെക്കാന്‍ ആകില്ല എന്ന്‍ വ്യസന സമേതം അറിയിച്ച് കൊള്ളുന്നു.

    ങ് ഹാ .. പിന്നൊരു കാര്യം സാനിട്ടറി നാപ്കിന്‍ എങ്ങനെ ഡിസ്പോസ് ചെയ്യണമെന്ന് പല സ്ത്രീകള്‍ക്ക് പോലും വലിയ ഗ്രാഹ്യമില്ല. അത് മനസ്സിലാക്കാന്‍ മൈനാ ഉമൊബാന്റെ മാതൃഭൂമിയില്‍ വന്ന ഈ ലേഖനം വായിക്കൂ.

    രത്നച്ചുരുക്കം ഇതാണ്.
    മിക്കവാറും നാപ്കിനുകള്‍ കോട്ടണ്‍ കൊണ്ടുള്ളതാണ്. അടിയിലെ ഒരു പാളി മാത്രമാണ് പ്ലാസ്റ്റിക്ക്. അതാണ് പ്രശ്നം സൃഷ്ടിക്കുന്നതും. ഉപയോഗിച്ച ശേഷം പ്ലാസിക്ക് ഒഴിവാക്കി പിച്ചിച്ചീന്തി വെള്ളമൊഴിച്ച് ടോയ്‌ലറ്റില്‍ തന്നെ ഫ്ലഷ് ചെയ്യാം. പ്ലാസ്റ്റിക്ക് ഭാഗം കഴികിയെടുത്ത് വേസ്റ്റ് ബാസ്ക്കറ്റിലേക്കും ഇടണം. ഇങ്ങനെ അല്ലാതെ വേസ്റ്റ് ബാസ്ക്കറ്റില്‍ ഇടാനും പാടില്ല. വിശദമായി മനസ്സിലാക്കാന്‍ ലേഖനം തന്നെ വായിക്കൂ.

  16. നമുടെ നേതാക്കള്‍ തൊട്ടതിനും പിടിച്ചതിനും ഒക്കെ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്,എന്നാല്‍ അവിടങ്ങളില്‍ എങ്ങിനെയാണ് മാലിന്യം സംസ്കരിക്കുന്നത്‌ എന്ന് പഠിച്ചുവരാന്‍ ആരെയെങ്കിലും ഇത് വരെ അയച്ചിട്ടുണ്ടോ?
    ഉണ്ടെങ്കില്‍ അത് സംബന്ധിയായി വല്ല പ്രവര്‍ത്തനവും നടത്തിയോ?
    കൂട്ടായി സഹകരിച്ചാലും,ശ്രമിച്ചാലും നടക്കാത്തതായി ഒന്നുമില്ല.
    ഞാനും എഴുതിയിരുന്നു ബ്ലോഗില്‍ ഇതെപ്പറ്റി.
    “കുറച്ചു കച്ചറക്കാര്യം”

  17. @ mayflower – പോസ്റ്റിനെപ്പറ്റി പറയുമ്പോള്‍ അതിന്റെ ലിങ്ക് കൂടെ തരാന്‍ ശ്രദ്ധിക്കുമല്ലോ ? ഉദാഹരണത്തിന് ‘കുറച്ച് കച്ചറക്കാര്യം‘ എന്ന പോസ്റ്റിന്റെ ലിങ്ക്
    ഇതാണ്.

    http://mayflower-mayflowers.blogspot.com/2010/06/blog-post_16.html

  18. മനോജ്‌, മാലിന്യം സംസ്കരിക്കുന്നത്‌ ഗവണ്മന്റിന്റെ ഉത്തരവാദിത്വമല്ല, മറിച്ച്‌ അവനവവന്റെ തന്നെ ഉത്തരവാദിത്വമാണ്‌ എന്ന് ഓരോരുത്തരും സ്വയം തീരുമാനിച്ചാല്‍ വലിയൊരളവ്‌ വരെ പരിഹരിക്കാവുന്നതല്ലേ ഈ പ്രശ്നം ? ഫ്ലാറ്റുകളിലുള്ളവര്‍ക്ക്‌ പരിമിതികളുണ്ടെന്നത്‌ സത്യം തന്നെ. പക്ഷേ, വീടുകളില്‍ കഴിയുന്നവര്‍ക്ക്‌ പറ്റാത്ത കാര്യമൊന്നുമല്ല ഇത്‌. കഴിഞ്ഞ വെക്കേഷന്‌ നാട്ടില്‍ ചെന്നപ്പോള്‍ വീട്‌ പണിയാന്‍ വേണ്ടി വാങ്ങിയിട്ട സ്ഥലത്ത്‌ ചെന്ന് നോക്കിയ ഞങ്ങള്‍ ഞെട്ടിപ്പോയി… ഇരു വശങ്ങളിലുമുള്ള വീടുകളിലേയും മാലിന്യങ്ങള്‍ മതിലിനു മുകളിലൂടെ നമ്മുടെ കോമ്പൗണ്ടിലേക്ക്‌ സൗകര്യപൂര്‍വ്വം നിക്ഷേപിച്ചിരിക്കുന്നു! …

  19. @ വിനുവേട്ടന്‍ – താങ്കള്‍ പറഞ്ഞ അഭിപ്രായത്തോട് ഒരു അളവ് വരെ യോജിക്കുന്നു. അവനവന്റെ ഉത്തരവാദിത്വമാണെന്ന് എല്ലാവരും വിചാരിച്ചാല്‍ വലിയൊരളവ് വരെ പരിഹരിക്കാവുന്നതാണ് ഈ പ്രശ്നം. ഒരു ചെറിയ പ്രശ്നം അപ്പോഴും ബാക്കി നില്‍ക്കുന്നുണ്ട്. ജൈവമാലിന്യങ്ങള്‍ അങ്ങനെ സംസ്ക്കരിക്കാന്‍ (ഫ്ലാറ്റുകാരെ തല്‍ക്കാലം ഒഴിവാക്കി ചിന്തിക്കുന്നു) പറ്റുമെങ്കിലും വര്‍ദ്ധിച്ചുവരുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ കാര്യത്തിലും എല്ലാവര്‍ക്കും സംസ്ക്കരണം ബുദ്ധിമുട്ടെന്നല്ല, അസാദ്ധ്യം തന്നെയാകും. ഈ പോസ്റ്റില്‍ ഞാന്‍ പ്ലാസ്റ്റിക്കിന്റെ കാര്യം പ്രത്യേകം എടുത്ത് പറഞ്ഞിട്ടില്ല, പറഞ്ഞാല്‍ ഒരു പോസ്റ്റുകൊണ്ടൊന്നും തീരുകയുമില്ല.

    ഇനി പ്ലാസ്റ്റിക്കിനെ ഒഴിവാക്കി ജൈവമാലിന്യത്തിന്റെ കാര്യത്തിലായാലും സ്വന്തം ഉത്തരവാദിത്വം എന്ന രീതിയില്‍ ചിന്തിക്കാന്‍ തയ്യാറായി ജനം വന്നാലും ജൈവമാലിന്യസംസ്ക്കരണ രീതികളെക്കുറിച്ച് എല്ലാത്തട്ടിലുമുള്ളവരിലേക്ക് ബോധവല്‍ക്കരണം അത്യാവശ്യമാണ്. അത് സര്‍ക്കാറല്ലാതെ പിന്നാരെങ്കിലും ചെയ്യുമോ ? സ്കൂളില്‍ ഇതൊക്കെ പാഠ്യവിഷയമാക്കി ബോധവല്‍ക്കരണം കുഞ്ഞുങ്ങളില്‍ നിന്ന് തുടങ്ങണമെങ്കിലും അത് സര്‍ക്കാര്‍ തന്നെ ചെയ്യേണ്ടേ ? എങ്ങനെ വന്നാലും സര്‍ക്കാര്‍ ചെയ്യേണ്ടതായ വലിയൊരു അളവ് കാര്യങ്ങള്‍ ഉണ്ട്. അത് അവര്‍ തന്നെ ചെയ്തേ പറ്റൂ. മറ്റുള്ളവര്‍ക്ക് സഹകരിക്കാനേ പറ്റൂ.

    ഒഴിഞ്ഞ പറമ്പുകളില്‍ മാലിന്യം ‘സംസ്ക്കരിക്കുക‘ എന്നതാണ് നിലവിലുള്ള നമ്മുടെ സംസ്ക്കരണ രീതി. വിനുവേട്ടന്‍ അതിന്റെ ഒരു ഇര മാത്രം. അത്തരം അര ഡസന്‍ ഇരകളെയെങ്കിലും എനിക്ക് നേരിട്ടറിയാം :)

    വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

  20. മോഹന്‍ലാലോ മമ്മൂട്ടിയോ അല്ല സാക്ഷാല്‍ ദൈവം തമ്പുരാന്‍ തന്നെ വന്നു പറഞ്ഞാലും നമ്മുടെ നാട്ടിലെ മാന്യന്മാരും മഹതികളും പൊതു സ്ഥലത്ത് കച്ചറ ഇടുന്നത് നിര്‍തുംന്നു തോന്നുണ്ടോ മാഷെ ..

    ഭാരതമെന്ന പേര് കേട്ടാല്‍…കേരളമെന്ന പേര് കേട്ടാല്‍…കഷ്ടം തോന്നുന്നു..

    ഇനീപ്പോ കുട്ട്യോള്‍ക്കൊക്കെ എന്താ ഒരു ഉദാഹരണം കാണിക്ക്യ..നാളത്തെ തലമുറയുടെ ചിന്തയില്‍ എങ്ങിനെ ഒരു നല്ല വിത്തിടാം ?

  21. കമന്റില്‍ ലിങ്ക് ഇടുന്നത്
    ആദ്യാക്ഷരിയില്‍ നോക്കി ചെയ്തു പരാജയപ്പെട്ടതാണ്.പറഞ്ഞു തന്നെങ്കില്‍ ഉപകാരമായിരുന്നു.

  22. @ mayflower – ഈ കമന്റ് ബോക്സിലൂടെ ലിങ്ക് ഇടാനുള്ള മാര്‍ഗ്ഗം എഴുതി അയക്കുന്നതിന് ഒരു സാങ്കേതിക തടസ്സം ഉള്ളതുകൊണ്ട്, ജി മെയിലില്‍ എനിക്ക് വന്ന താങ്കളുടെ കമന്റിന്റെ റിപ്ലെ ആയി അയച്ചിട്ടിട്ടുണ്ട്. കിട്ടിയില്ലെങ്കില്‍ ശരിയായ മെയില്‍ ഐഡി തന്നാല്‍ അതിലേക്ക് അയച്ച് തരാം.

  23. മനോജ്‌… താങ്കള്‍ പറഞ്ഞത്‌ ശരിയാണ്‌. പ്ലാസ്റ്റിക്ക്‌ മാലിന്യ സംസ്കരണത്തിന്റെ കാര്യത്തില്‍ വ്യക്തികള്‍ക്ക്‌ തനിയെ ഒന്നും തന്നെ ചെയ്യാന്‍ കഴിയില്ല. അതിന്‌ താങ്കള്‍ പറഞ്ഞതുപോലെ ഒരു കൂട്ടായ്മക്കോ കളക്റ്റീവ്‌ സംരംഭത്തിനോ മാത്രമേ എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ. ഗ്രാമപഞ്ചായത്തുകള്‍ പോലെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ ഇതില്‍ വലിയൊരു പങ്ക്‌ വഹിക്കാന്‍ കഴിയുമെന്നുള്ളതില്‍ തര്‍ക്കമില്ല. LDPE, LLDPE, HDPE തുടങ്ങിയ പ്ലാസ്റ്റിക്ക്‌ മാലിന്യങ്ങള്‍ തീര്‍ച്ചയായും റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കുന്നത്‌ തന്നെയാണ്‌. ഇങ്ങനെ ലഭിക്കുന്ന ഗ്രാന്യൂളുകള്‍ കോ-എക്സ്ട്രൂഡര്‍ മെഷീനുകളുടെ മിഡില്‍ ലെയറുകളില്‍ ഏറിയ അളവില്‍ വീണ്ടും ഉപയോഗിക്കുന്നതു കൊണ്ട്‌ ക്വാളിറ്റിക്ക്‌ അല്‍പ്പം പോലും കോട്ടം തട്ടുകയുമില്ല.

    നല്ലൊരു ചര്‍ച്ചയ്ക്ക്‌ തിരി കൊളുത്തിയ മനോജിന്‌ അഭിനന്ദനങ്ങള്‍ …

  24. മനോജ്‌… ഇപ്പോഴാണ്‌ പോസ്റ്റ്‌ വായിച്ചത്.ഏഷ്യന്‍ രാജ്യങ്ങളില്‍ സിങ്കപ്പൂര്‍ വളരെ വൃത്തിയുള്ളതാണ് എന്നറിയാം… പക്ഷെ അവിടെയും ഇന്ത്യക്കാര്‍ പാര്‍ക്കുന്ന സ്ഥലങ്ങള്‍ ഇന്ത്യയില്‍ നിന്നും അത്ര വ്യത്യസ്തമല്ല, അല്ലെ… ഇവിടെ ജപ്പാനില്‍ കണ്ടിടത്തോളം മാലിന്യനിര്‍മാര്‍ജനം വളരെ കാര്യക്ഷമമായി നടക്കുന്നുണ്ട്.ജൈവ മാലിന്യങ്ങള്‍ ആഴ്ചയില്‍ മൂന്ന് ദിവസം എടുത്തു കൊണ്ട് പോകും… ഓരോ ഏരിയക്കും ഓരോ ദിവസമാണത്.ഞങ്ങള്‍ടെ സ്ഥലത്ത് ഞായര്‍,ചൊവ,വ്യാഴം എന്ന ദിവസങ്ങളില്‍ ആണ്.ഇവിടുത്തെ മുന്‍സിപ്പാലിറ്റി ഏരിയയില്‍ ഉള്ളവര്‍ അതിനു പ്രത്യേക പ്ലാസ്റ്റിക്‌ ബാഗ്‌ ഉപയോഗികണം.അത് കടകളില്‍ വാങ്ങാന്‍ കിട്ടും.അതില്‍ ഇടാന്‍ സാധിക്കുന്ന സാധനങ്ങളുടെ ലിസ്റ്റ് ഫോട്ടോ അടക്കം എല്ലാ വര്‍ഷവും ഏപ്രില്‍ മാസത്തില്‍ ഓരോ വീടുകളിലും കൊണ്ട് തരും.. ഒരു പോസ്റ്റര്‍ രൂപത്തില്‍.. എല്ലാവരും അത് കിച്ചന്‍ ലെ മതിലില്‍ ഒട്ടിച്ചു വയ്കണം.ഏതു സാധനം അതില്‍ ഇടണമെന്നോ ഇടാന്‍ പാടില്ല എന്നോ സംശയം തോന്നിയാല്‍ ആ പോസ്റ്റര്‍ നോക്കിയാല്‍ മതി… കൊണ്ട് കളയുന്ന സമയത്ത് ആ കവര്‍നു മുകളില്‍ പേര് എഴുതുന്ന സ്ഥലത്ത് സ്വന്തം പേര് എഴുതിയിട്ടെ കളയാന്‍ പറ്റു.പത്തു പതിനഞ്ചു വീട്ടുകാര്‍ക്ക് ഒരു സ്ഥലം എന്ന് തീരുമാനിച്ചിട്ടുണ്ട്.ഒരു ചെറിയ ഷെഡ്‌…വാതിലൊക്കെ ഉള്ളത്.അതില്‍ കൊണ്ട് വച്ചാല്‍ മതി.. വൈകുന്നേരം ആറു മണി മുതല്‍ ഒന്‍പതു മണി വരെ.ഒന്‍പതു മണിക്ക് വണ്ടി വന്നു അത് എടുത്തു കൊണ്ട് പോകും. കുറച്ചു ദൂരെ ആയി ടൌണില്‍ നിന്നും മാറി ഒരു കമ്പനി ഉണ്ട്…. ഞാന്‍ അവിടെ പോയി കണ്ടിട്ടുണ്ട്….വളരെ വലിയ ഒരു കുഴി ഉണ്ട്… അതില്‍ വേസ്റ്റ് ഇടും… ആ കെട്ടിടത്തിന്റെ ഉള്ളില്‍ തന്നെ ഉള്ളതാണ് അത്… കോണ്‍ക്രീറ്റ് കൊണ്ടുള്ളതു… അവിടെ അവര്‍ ജൈവ മാലിന്യങ്ങള്‍ കത്തിച്ചു കളയും.പിന്നെ പ്ലാസ്റ്റിക്‌ ന്റെ കാര്യം… അതിനു പ്രത്യേക കവര്‍ ഉണ്ട്.അതും നമ്മള്‍ കടകളില്‍ നിന്നും വാങ്ങി വയ്കണം.എല്ലാ പ്ലാസ്റ്റിക്കും അതില്‍ ഇടണം…പെറ്റ് ബോട്ട്ല്‍ ന്റെ കവര്‍ അടക്കം എല്ലാം…ഇവിടെ പ്ലാസ്റ്റിക്‌ സാധനങ്ങളുടെ കവറില്‍,ഇത് പ്ലാസ്റ്റിക്‌ ആണ് എന്നറിയിക്കാന്‍ ഒരു മാര്‍ക്ക്‌ ഉണ്ട്.അങ്ങനെ മാര്‍ക്ക്‌ ഉള്ള ഒന്നും സാധാരണ ജൈവ മാലിന്യത്തില്‍ ഇടാന്‍ പാടില്ല.ശിക്ഷ കിട്ടാവുന്ന കുറ്റം ആണത്.ഈ പ്ലാസ്റ്റിക്‌ ശേഖരികുന്നത് മാസത്തില്‍ രണ്ടു തവണ അതത് ഏരിയയില്‍.എല്ലാത്തിനും മുന്‍കൈ എടുകുന്നതും മാറി മാറി ചുമതല വഹികുന്നതും പ്രായമായ അമ്മൂമ്മ അപ്പൂപ്പന്‍മാര്‍.ഈ പ്ലാസ്റ്റിക്‌ ശേഖരിച്ചത് റീസൈക്കിള്‍ ചെയ്യുകയാണ് ചെയ്യുന്നത്.പിന്നെ പാലിന്റെ,ജ്യൂസ്‌ ന്റെ ഒക്കെ ടെട്രാപായ്ക്ക്,റീസൈക്കിള്‍ ചെയ്തു ടോയിലെറ്റു പേപ്പര്‍ ആക്കുന്നു. പെറ്റ് ബോട്ടില്‍ വേറെ, അതിന്റെ കാപ് വേറെ ആയി റീസൈക്കിള്‍ ചെയ്യും….. ഇതെല്ലം മാസത്തില്‍ ഒരിക്കല്‍ നന്നുന്റെം കണ്ണന്റെയും സ്കൂളിലും ചെയ്യും… അത് കൊണ്ട് കുട്ടികളോട് ഇതൊക്കെ ശേഖരിച്ചു കൊണ്ട് വരാന്‍ പറയും…എല്ലാ സൂപ്പര്‍ മാര്‍ക്കറ്റ്‌ ലും പ്രത്യേകം വേസ്റ്റ് ബിന്‍ ഉണ്ട്… പെറ്റ് ബോട്ടില്‍,അതിന്റെ കാപ്,ടെട്രാ പായ്ക്,അലുമിനിയം ബിന്‍,സാധാരണ വേസ്റ്റ് ,അങ്ങനെ…. തരം തിരിച്ചു ഇട്ടില്ലെങ്കില്‍ വിവരം അറിയും… നമ്മുടെ ഒക്കെ പഞ്ചായത്ത് വിചാരിച്ചാല്‍ നടപ്പക്കവുന്നതല്ലേ ഉള്ളു ഇതെല്ലാം…. ഇടയ്കൊക്കെ ഇന്ത്യയില്‍ നിന്നും മനുവിന്റെ കമ്പനിയില്‍ കസ്റ്റമേഴ്സ് വരും… ഇന്ത്യന്‍സ്‌ ആയതു കൊണ്ട് ഞങ്ങള്‍ ഒരു നേരത്തെ ഡിന്നര്‍ നു വിളികാറുണ്ട് അവരെ.വേസ്റ്റ് തരം തിരിച്ചു വേറെ വേറെ ബിനില്‍ ഇടുന്നത് കാണുമ്പോള്‍ അവര്‍ അല്ഭുതപെടുകയും,ഞങ്ങളെ അന്യഗ്രഹ ജീവികളെ പോലെ നോക്കുകയും ചെയ്യാറുണ്ട്.പല തവണ ഞാന്‍ ആലോചിട്ടുള്ളതാണ് ഈ വേസ്റ്റ് കാര്യം ഒരു പോസ്റ്റ്‌ ആക്കണമെന്ന്. വളരെ നന്ദി മനോജ്‌,ഇത്ര നല്ല ഒരു പോസ്റ്റിനു… ഇത് ഏതേലും ഒരു പത്രത്തില്‍ വന്നിരുന്നെങ്കില്‍ എന്ന് ആലോചിച്ചു പോകുന്നു.വെല്യ കമന്റ്‌ നു ക്ഷമ ചോദിക്കുന്നില്ല…

  25. @ മഞ്ജു മനോജ് – ജപ്പാനില മാലിന്യ സംസ്ക്കരണ സംവിധാനങ്ങള്‍ പങ്കുവെച്ചതിന് വളരെ വളരെ നന്ദി. എല്ലാവര്‍ക്കും മറ്റുരാജ്യങ്ങളിലെ രീതികള്‍ അറിയാന്‍ അവസരം ഉണ്ടാകുക എന്നത് ഒരു ചെറിയ കാര്യമല്ല. ഇന്ത്യക്കാര്‍ ഇതൊക്കെ കണ്ട് കണ്ണുതള്ളി നിന്നെന്ന് കേട്ടിട്ട് എനിക്കൊരു അത്ഭുതവും തോന്നിയില്ല.

    ഇംഗ്ലണ്ടില്‍ ജീവിക്കുന്ന കാലത്ത് സമാനമായ രീതികള്‍ കണ്ടിട്ടുണ്ട്. അവിടെയും മഞ്ജു പറഞ്ഞതുപോലെ കുറച്ച് വീട്ടുകാര്‍ക്കായി ഒരു ഷെഡ് ആണ് ഉണ്ടായിരുന്നത്. ജൈവമാലിന്യങ്ങള്‍, റീസൈക്കിള്‍ മാലിന്യങ്ങള്‍ എന്നത് കൂടാതെ ഗാര്‍ഡന്‍ വേസ്റ്റ് എന്ന ഒരു വകഭേദം കൂടെയാണ് അവിടെ ഉണ്ടായിരുന്നത്. ടിന്നിന്റെയും കുപ്പിയുടേയും ക്യാപ്പുകള്‍ പോലും വെവ്വേറേ ഇടുന്ന രീതി ഉണ്ടായിരുന്നില്ല. കണ്ടുപഠിക്കേണ്ടതാണ് ഈ രീതികളൊക്കെയും. ജപ്പാനില്‍ സ്ക്കൂള്‍ തലത്തില്‍ തന്നെ ഇതൊക്കെ പഠിപ്പിക്കുന്നുണ്ടെന്നും മനസ്സിലാക്കാനായി. അതുതന്നെയാണ് നമുക്കും ആവശ്യം. പഠിപ്പിക്കല്‍ മാത്രം പോര, സംസ്ക്കരിക്കാനുള്ള സംവിധാനങ്ങള്‍ കൂടെ നമുക്ക് ഉണ്ടാകണം.

  26. @ mayflower – പരീക്ഷണം പൂര്‍ണ്ണമായും വിജയിച്ചിട്ടില്ല. ലിങ്ക് പോകുന്നത് താങ്കളുടെ ബ്ലോഗിന്റെ മെയിന്‍ പേജിലേക്കാണ്. കുറച്ച് കച്ചറക്കാര്യം എന്ന പോസ്റ്റിന്റെ ലിങ്ക് ഇതാണ്.
    http://mayflower-mayflowers.blogspot.com/2010/06/blog-post_16.html

    താങ്കള്‍ അതിന് പകരം ഉപയോഗിച്ചത്

    http://mayflower-mayflowers.blogspot.com എന്ന ലിങ്ക് ആണ്. അതൊന്ന് ശരിയാക്കിയാല്‍ പരീക്ഷണം പൂര്‍ണ്ണ വിജയം ആകും.

  27. മനോജേട്ടൻ കുറേനാൾ ഉണ്ടായിരുന്നതായിരുന്നത്കൊണ്ട്, ഇവിടുത്തെയൊക്കെ കാര്യങ്ങൾ എളുപ്പം മനസിലാകുമെന്ന് പ്രതീക്ക്ഷിക്കുന്നു. എത്ര സിസ്റ്റമറ്റികായാണ് ഇവിടെയൊക്കെ കാര്യങ്ങൾ നടക്കുന്നത്..! നാട്ടിലെ ജന സംഖ്യയ്ടെയും, മറ്റും പേരിൽ വികസിത രാജ്യങ്ങളിലേത് പോലെ കാര്യങ്ങൾ നടക്കില്ലന്ന് വേണമെങ്കിൽ പറയാം. എങ്കിലും, സിറ്റികളിലെങ്കിലും ഫലപ്രദമായി ഒന്നും ചെയ്യാൻ കഴിയില്ലങ്കിൽ പിന്നെന്ത് പറയാൻ. മനോജേട്ടന്റേത് പോലുള്ള ചെറിയ ചെറിയ പരിശ്രമങ്ങൾക്ക് എപ്പോളേലും ഫലമുണ്ടാവുമെന്ന് പ്രതീക്ഷിക്കാം..

  28. കോഴിക്കോട് പ്ലാസ്റ്റിക് വേസ്റ്റ് വിമുക്തമാക്കുന്ന ഒരു പദ്ധതി ഈ ഒക്ടോ:2 ന് ആരംഭിച്ചു.ഈ വര്‍ഷത്തെ ഞങ്ങളുടെ എന്‍.എസ്.എസ് ക്യാമ്പ് അതില്‍ ഫോകസ് ചെയ്യുന്നു.

  29. കുടിവെള്ള ക്ഷാമം പോലെ ലോകം നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയാണ് മാലിന്യ സംസ്കരണം.ഞെളിയന്‍ പറമ്പുകളും ,ബ്രഹ്മ പുരങ്ങളും ,
    ഒക്കെ കൂടിക്കൂടി വരുന്നു !..മാലിന്യ വല്‍ക്കരണവും സംസ്കരണവും ഇന്ന് നഗരങ്ങളിലും ഗ്രാമങ്ങളിലും മാഫിയാകള്‍ നടത്തുന്ന ലക്ഷങ്ങള്‍ മറിയുന്ന വ്യവസായമായി കഴിഞ്ഞു !
    പലയിടത്തും രാഷ്ട്രീയക്കാരും ജനപ്രതിനിധിക ളും തന്നെയാണ് പ്രായോജകര്‍ ..

  30. മാലിന്യ മുക്ത കേരളത്തിനു ആദ്യം വേണ്ടത് ഒരു മാലിന്യ സംസ്കരണ സംസ്കാരമാണ്. ഇവിടന്നു പെറുക്കി അവിടെ കൊണ്ടിടുന്ന ഏര്‍പ്പാട് ‘ഞെളിയന്‍ പറമ്പുകളെ’ മാത്രമേ സൃഷ്ട്ടിക്കൂ..രോഗ വിമുക്ത കേരളം വരണമെങ്കില്‍ മാലിന്യ മുക്ത കേരളം നേരെ ചൊവ്വേ നടക്കേണ്ടതുണ്ട്. അങ്ങാടിയില്‍ നിന്ന് മാത്രമല്ല, ഗ്രാമീണ വീടുകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കാനും സംസ്കരിക്കാനും നടപടികള്‍ വേണം, അതെത്ര ചിലവെരിയതാനെങ്കിലും ശരി.
    കാലികമായ പോസ്റ്റിനു ആശംസകള്‍ !

  31. മനോജേട്ടാ,
    എപ്പൊഴും എല്ലായിടത്തും കണ്ണുകളെത്തുന്നു…

    ഒരു യാത്രികന്‍ എപ്പൊഴും വിശാലകാഴ്ചയുള്ളവനാകുന്നു….

  32. Read in the Holy Bible
    1 John 1:9-10
    9. If we confess our sins, he (God) is faithful and just to forgive us our sins, and to cleanse us from all unrighteousness.

    10. If we say that we have not sinned, we make him (God) a liar, and his (God*s) word is not in us.

    Read the Holy Bible, praying to The Holy Spirit ((refer to John 14:26 in the Holy Bible)).***The Holy Bible is the ocean of
    unlimited spiritual treasures; gifts; blessings; rights and privileges & unlimited spiritual inheritance of grace, righteousness, merits and rewards FOR FREE TO EVERYONE ***&&& EVERYONE! EARN AS MUCH AS, WISHES TO EARN.

    http://4justice.org/

    NB: Please send this to ten or maximum persons you can

  33. @ അനീഷ് ആനന്ദ് – കേട്ടിരുന്നു. കൂടുതല്‍ മനസ്സിലായത് ഇപ്പോഴാണ്. ആ ലിങ്കിന് നന്ദി. ഒന്ന് ഇരുത്തി വായിക്കട്ടെ.

    കൂട്ടരേ …

    മുനമ്പം & ചെറായി ബീച്ചുകള്‍ മാലിന്യവിമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഈ വരുന്ന 18ന് ആണ് നടക്കാന്‍ പോകുന്നത്. TCS എന്ന സോഫ്റ്റ് വെയര്‍ കമ്പനിയിലെ ജീവനക്കാരാണ് അത് ചെയ്യുന്നത്. ഇതൊരു തുടക്കം മാത്രമാണ്. തുടര്‍ന്നും ഇതുപോലുള്ള കമ്പനികളുടെ സേവനം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.

  34. മാലിന്യസംസ്ക്കരണ വിഷയത്തിൽ കൊടുങ്ങലൂർ പ്ലാന്റ് എന്നൊരു മാതൃക നമുക്ക് മുന്നിലുണ്ട്. അധികാരികൾ അത് കണ്ടില്ലെന്ന് നടിച്ച് കൂടുതൽ വിളപ്പിൽശാലകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. കൊടുങ്ങല്ലൂർ പ്ലാന്റിനെപ്പറ്റി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

  35. നീരൂ .. വളരെ ഗൌരവം അര്‍ഹിക്കുന്ന പോസ്റ്റ്. മാലിന്യം എങ്ങിനെ സംസ്കരിക്കണം എന്ന കാതലായ പ്രശ്നത്തിനു മുന്നില്‍ ഒന്നുകില്‍ വായും പൊളിച്ചു നില്‍ക്കുകയോ അല്ലെങ്കില്‍ ഒന്നും പറയാത്തവന്റെ നെഞ്ചത്തേക്ക് എല്ലാ മാലിന്യവും കൂടി തട്ടിവിടുകയോ ചെയ്യുകയാണല്ലോ നമ്മുടെ ഭരണാധിപന്മാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. വിളപ്പില്‍ശാലയില്‍ നടത്തിയതു പോലുള്ള ചെറുത്തു നില്‍പ്പുകള്‍ ജനം നടത്തിയാലേ ഇവന്മാര്‍ക്ക് ബോധം വരൂ.

  36. വളരെ പ്രസക്തമായ പോസ്റ്റ്… അത്യാവശ്യം വീടുകളില്‍ വേസ്റ്റുമാനേജുമേന്‍റിന് സൌകര്യമുള്ളവര്‍ പോലും അതു ചെയ്യാതിരിക്കുന്നതിനെപ്പറ്റി പറഞ്ഞു കഴിഞ്ഞതവണ നാട്ടില്‍ വന്നപ്പോള്‍ തുശ്ശൂരിലെ ഒരു അടുത്ത ബന്ധുവുമായി വഴക്കു കൂടേണ്ടിവന്നു. അവസാനം അത്രക്ക് വിഷമമുണ്ടെങ്കില്‍ നാട്ടില്‍ താമസിച്ച് അതിനെന്തെങ്കിലും പ്രവര്‍ത്തിച്ചു കാട്ടാന്‍ പറഞ്ഞു. പരിഷത്തിലൊക്കെ നല്ല ആക്ടീവ് ആയിട്ടുള്ള അവര്‍ അങ്ങിനെ നിസ്സാരമായി പറഞ്ഞപ്പോള്‍ അത്ഭുതം തോന്നി. അപ്പോള്‍ വെറും സാധാരണക്കാരായ ജനങ്ങളുടെ കാര്യം എങ്ങിനെയാവുമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ…….

  37. ഞാന്‍ എന്റെ കൂട്ടുകാരോട് പറഞ്ഞിട്ടുണ്ട്, എനിക്കൊരു ലോട്ടോ അടിച്ചാല്‍ എന്റെ നാടിനുവേണ്ടി ഞാന്‍ ചെയ്യുന്ന ആദ്യത്തെ കാര്യം ഒരു വേസ്റ്റ് മാനേജ്മെന്‍റ് യൂണിറ്റായിരിക്കുമെന്ന്. എന്റെ അഭിപ്രായത്തില്‍ കവലയില്‍ അല്ല കുപ്പത്തൊട്ടി വയ്ക്കേണ്ടത്. ഓരോ വീട്ടിലും അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വേസ്റ്റ് ബിന്നും റീസൈക്കിള്‍ ബിന്നും നല്‍കണം. ആഴ്ചയില്‍ ഒരുദിവസം കൌണ്‍സിലില്‍ നിന്നും ഇത് ശേഖരിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ എത്തണം. ഇത്രയും കാര്യങ്ങള്‍ നടപ്പാക്കാന്‍ ഈ രാഷ്ട്രീയക്കാര്‍ വെട്ടിച്ചെടുക്കുന്ന കാശിന്റെ പത്തിലൊന്ന് മതി.

Leave a Reply to Vinayaraj V R Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>