ഇന്നത്തെ ചില കള്ളവോട്ട് വാർത്തകളുടെ തലക്കെട്ടുകൾ എടുത്തെഴുതുന്നു.
1. അത് കള്ളവോട്ട് തന്നെ; ഇനി നടപടി.
2. ചെയ്തവരും ചെയ്യിച്ചവരും കുടുങ്ങും.
3. നടപടി ഐ.പി.സി. 171 പ്രകാരം.
4. കള്ളവോട്ട് ചെയ്ത പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കാൻ ശുപാർശ.
5. യു.ഡി.എഫ്.ബൂത്ത് ഏജന്റുമാർക്കെതിരേയും അന്വേഷണം.
6. ചെയ്തത് ഓപ്പൺ വോട്ടല്ല – ടിക്കാറാം മീണ.
7. ഓപ്പൺ വോട്ട് തന്നെ – മന്ത്രി ഇ.പി.ജയരാജൻ.
8. ലീഗ് കേന്ദ്രങ്ങളിൽ വ്യാപക കള്ളവോട്ടെന്ന് എൽ.ഡി.എഫ്; ദൃശ്യങ്ങൾ പുറത്തുവിട്ടു.
9. ടിക്കാറാം മീണയുടെ സ്ഥിരീകരണം ധാർമ്മിക സമര ജയം – മുല്ലപ്പള്ളി.
10. കള്ളവോട്ട് ആയുധമാക്കി കോൺഗ്രസ്സും ബി.ജെ.പി.യും.
11. റീപോളിങ്ങ് വേണം; ഭരണത്തിൽ തുടരരുത് – രമേശ് ചെന്നിത്തല
12. കമ്മീഷനും സർക്കാരും അന്വേഷിക്കണം – ബി.ജെ.പി.
13. കള്ളവോട്ടുകൾക്കെതിരെ കണ്ണൂരിൽ യു.ഡി.എഫ്. അഭിഭാഷക കമ്മറ്റി രൂപവർക്കരിച്ചു.
14. യു.ഡി.എഫ്. കൂടുതൽ കള്ളവോട്ട് ദൃശ്യങ്ങൾ ശേഖരിക്കുന്നു.
15. ആലപ്പുഴയിൽ കള്ളവോട്ട് തെളിവെടുപ്പ് മാറ്റി; മാവേലിക്കരയിൽ റിപ്പോർട്ട് തേടി.
16. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും കള്ളവോട്ട്; വീഡിയോ ദൃശ്യങ്ങൾ പുറത്ത്.
ഇത്രയും വാർത്തകൾ വന്നിട്ടുണ്ട്. എല്ലാ ബൂത്തിലും ക്യാമറയുണ്ട്. എല്ലാ പാർട്ടിക്കാരുടെ ബൂത്ത് ഏജന്റുമാർ ഒത്തുകളിച്ചാലും കള്ളവോട്ട് നടന്നിട്ടുണ്ടെങ്കിൽ കണ്ടുപിടിക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ല.
കള്ളവോട്ട് ചെയ്യുന്നവരും വോട്ടിങ്ങ് മെഷീനിൽ കള്ളത്തരം കാണിക്കുന്നവരും (അതിൽ യാഥാർത്ഥ്യം ഉണ്ടെങ്കിൽ) തമ്മിൽ എന്താണ് വ്യത്യാസം ? ഒരു പോസ്റ്ററിൽ കണ്ടത് ഉദ്ധരിക്കുകയാണെങ്കിൽ ചിലർ പരമ്പരാഗത കള്ളത്തരങ്ങളുമായി നീങ്ങുമ്പോൾ ചില ആധുനിക കള്ളത്തരങ്ങൾ നടപ്പിലാക്കുന്നു.
കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് ഉറപ്പ് വന്നിട്ടും അതിനെ ന്യായീകരിക്കുന്നവർ, കള്ളവോട്ട് വാർത്ത വന്നപ്പോൾ ‘തെളിയിക്കപ്പെടട്ടെ’ എന്ന നിലപാട് സ്വീകരിച്ചെങ്കിലും സ്ഥിരീകരിക്കപ്പെട്ടപ്പോൾ ഒന്നും മിണ്ടാതെ മുങ്ങിക്കളഞ്ഞ സൈബർ പോരാളികൾ, കള്ളവോട്ട് പോസ്റ്റിലെ വരികൾ മുക്കി മാതൃകയായ ഫേസ്ബുക്ക് സെലിബ്രിറ്റി, ഇലക്ഷൻ കമ്മീഷൻ കള്ളവോട്ട് ശരിവെച്ചിട്ടും, നടന്നത് ഓപ്പൺ വോട്ട് ആണെന്ന് വാദിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാന മന്ത്രി, മിണ്ടാട്ടമില്ലാത്ത മുഖ്യമന്ത്രി വാ തുറക്കണമെന്ന് പറയുന്ന സമയത്ത് തന്നെ തങ്ങളുടെ കൂട്ടർക്കെതിരെ വന്നിരിക്കുന്ന കള്ളവോട്ട് തെളിവുകൾക്കും ആരോപണങ്ങൾക്കും മറുപടി പറയാത്ത പ്രതിപക്ഷത്തെ നേതാക്കന്മാർ,… ഇവരെയൊക്കെ ഒന്ന് മനസ്സിലാക്കിവെച്ചോളൂ. നാളെ വീണ്ടും ജനാധിപത്യത്തെപ്പറ്റി ഇവർ വാഗ്ദ്ധോരണി നടത്തുമ്പോൾ കോൾമയിർ കൊള്ളാൻ എളുപ്പമാണല്ലോ ?
ഇങ്ങനെയുള്ള സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായ നടപടിയെടുത്ത് മാതൃകയാകുമെന്നും ഇതൊക്കെ വെറും പത്രവാർത്തകളാക്കി മാറ്റരുതെന്നും അപേക്ഷയുണ്ട്. ജനാധിപത്യം ശക്തിപ്പെടുത്തണമെന്നാണല്ലോ ടിക്കാറാം മീണ പോസ്റ്ററുകളിൽ നേരിട്ട് വന്ന് പറയുന്നത്. അതാണ് ലക്ഷ്യമെങ്കിൽ ചില കടുത്ത നടപടികൾ ഉണ്ടായേ പറ്റൂ.
പൊതുവേ ഇത്തരം പ്രശ്നങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും പോകില്ലെന്ന് നമ്മൾ ധരിക്കുന്ന സ്ത്രീകൾ പോലും യാതൊരു സങ്കോജവുമില്ലാതെ അന്തസ്സോടെ കള്ളവോട്ട് ചെയ്തിരിക്കുന്നു. അവർക്കത് അവരുടെ പാർട്ടിയോടുള്ള കൂറാകാം. അതവർക്ക് ഒരു കുറ്റമല്ലെന്ന് മാത്രമല്ല ശക്തമായ പാർട്ടിപ്രവർത്തനവും ആയിരിക്കാം. പക്ഷെ കുറ്റം ആര് ചെയ്താലും ശിക്ഷ കിട്ടിയിരിക്കണം. സ്ത്രീകളെയെങ്കിലും പിന്തിരിപ്പിക്കാൻ പറ്റുന്നില്ലെങ്കിൽ കള്ളവോട്ട് നിയമവിധേയമാക്കാനുള്ള ഏർപ്പാടുകൾ ചെയ്യുന്നതാവും അന്തസ്സ്.
ജനങ്ങൾക്ക് വേണ്ടത് നേരെ ചൊവ്വേയുള്ള നിയമസഭയും പാർലിമെന്റുമാണ്. കള്ള നിയമസഭവും കള്ള പാർലിമെന്റും അല്ല. കള്ളവോട്ടുകാർക്ക് ശിക്ഷ ഉറപ്പാക്കിയില്ലെങ്കിൽപ്പിന്നെ ജനാധിപത്യം എന്ന് ഇടയ്ക്കിടയ്ക്ക് ഗർവ്വ് കൊള്ളാൻ നിൽക്കരുത്.
ഇതൊക്കെ നമ്മുടെ കോടതികൾ കയറി ഇറങ്ങി വരുമ്പോഴേയ്ക്കും അടുത്ത തിരഞ്ഞെടുപ്പ് കാലമാകും.