ഗ്രേറ്റ് ഇന്ത്യൻ എൿസ്പെഡീഷന് മുന്നോടിയായി പശ്ചിമഘട്ടത്തെ ചുറ്റിപ്പറ്റിയുള്ള പരീക്ഷണ യാത്ര 2019 ഏപ്രിൽ 22 തുടങ്ങാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും ലോക്സഭ തിരഞ്ഞെടുപ്പ് കാരണം യാത്ര 27 ലേക്ക് മാറ്റി. അപ്പോഴേക്കും ഫാനി(അതോ ഫോനിയോ) ചുഴലിക്കാറ്റ് പ്രമാണിച്ച് പശ്ചിമഘട്ടത്തിൽ പലയിടത്തും ഉരുൾപൊട്ടൽ ഉണ്ടാകാമെന്ന് കാലാവസ്ഥ മുന്നറിയിപ്പ് വന്നതുകൊണ്ട് യാത്ര മെയ് 2ലേക്ക് നീട്ടി. വീണ്ടും വന്നു തടസ്സങ്ങളും അസൌകര്യങ്ങളും. അവസാനം യാത്ര മെയ് 5ന് തിരുവനന്തപുരത്തുനിന്ന് ആരംഭിച്ചു.
പശ്ചിമഘട്ടത്തിലൂടെ തലഞ്ഞും വിലങ്ങുമുള്ള ഒരു സഞ്ചാരത്തെപ്പറ്റിയുള്ള ചിന്ത വർഷങ്ങൾക്ക് മുൻപ് എന്നിൽ പാകിയത്, എഞ്ചിനീയറിങ്ങ് സഹപാഠിയായ ലഫ്റ്റനന്റ് ഷേണായ് എന്ന ശേഷഗിരി ഡി.ഷേണായിയാണ്. ഞങ്ങളൊരുമിച്ച് നടത്താൻ പദ്ധതിയിട്ടിരുന്ന ആ യാത്ര പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ തന്നെ നടക്കാതെ പോയി.
ഇന്ത്യ മുഴുവൻ സഞ്ചരിക്കാനുള്ള ഒരു യാത്രാപദ്ധതി (Great Indian Expedition) ഉരുത്തിരിഞ്ഞ് വരുകയും, രണ്ട് വർഷത്തിലധികം നീണ്ടേക്കാവുന്ന ആ യാത്രയ്ക്ക് മുൻപുള്ള ഒരു പരീക്ഷണ യാത്രയെപ്പറ്റി ആലോചിക്കേണ്ടിയും വന്നപ്പോൾ പശ്ചിമഘട്ടമാണ് ആദ്യം മനസ്സിലോടിയെത്തിയത്. ഈ ഇന്ത്യൻ യാത്രയിൽ ഓൺലൈൻ ജീവിതം മുതൽക്കുള്ള സുഹൃത്ത് ജോ ജോഹറാണ് എനിക്കൊപ്പമുള്ളത്. യാത്ര ക്യാമറയിൽ ഒപ്പിയെടുക്കുന്നതും എഡിറ്റ് ചെയ്യുന്നതും ജോഹറായിരിക്കും.
പശ്ചിമഘട്ട മലനിരകളുടെ ഓരോ ചുരങ്ങളിലൂടെയും അപ്പുറത്തേക്കും ഇപ്പുറത്തേക്കും വാഹനമോടിച്ച് പോകുക. ചുരുങ്ങിയത് മംഗലാപുരം വരെയെങ്കിലും ഇങ്ങനെ സഞ്ചരിച്ച് ഇന്ത്യൻ യാത്രയ്ക്ക് പോകാൻ ഞങ്ങൾ സജ്ജരാണോ എന്ന് പരിശോധിക്കുക. ഞങ്ങളുടെ ആരോഗ്യക്ഷമതയും അന്നന്ന് യാത്രാവിവരണങ്ങളും വീഡിയോയും ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ പറ്റുമോ എന്നും പരീക്ഷിക്കുക എന്നതിനപ്പുറം, കമ്പ്യൂട്ടറും ക്യാമറയും അടക്കമുള്ള ഞങ്ങളുടെ ഉപകരണങ്ങളുടെ കാര്യക്ഷമതയും പോരായ്മകളും വിലയിരുത്തുകയും ഈ യാത്രയുടെ ലക്ഷ്യങ്ങളാണ്.
പശ്ചിമഘട്ടത്തെ മുറിച്ച് കടക്കുന്ന ആദ്യത്തെ ചുരം അല്ലെങ്കിൽ പാസ്സ് അതുമല്ലെങ്കിൽ പാത അന്വേഷിച്ചപ്പോൾ സമ്മിശ്രപ്രതികരണങ്ങളാണ് ലഭിച്ചത്. ഏറെ പരിശ്രമിച്ചാണ് അതിനൊരു തീർപ്പുണ്ടാക്കിയത്. തമിഴ്നാട്ടിലെ സ്വാമിത്തോപ്പിനടുത്തുള്ള മരുത്ത്വാൻ മലയാണ് പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റമായി കണക്കാക്കപ്പെടുന്നത്. നാഗർകോവിലിന് അടുത്തുള്ള ആരൾവാമൊഴി എന്ന സ്ഥലത്താണ് പശ്ചിമഘട്ടം മുറിച്ച് കടക്കാൻ പറ്റുന്ന, തെക്കുനിന്നുള്ള ആദ്യത്തെ പാസ്സ്. തിരുവനന്തപുരത്ത് സക്രട്ടറിയേറ്റിന് പിന്നിലെ ജെ.കെ. ഇന്റർനാഷണൽ ഹോട്ടലിൽ നിന്ന് രാവിലെ 8 മണിയോടെ അരൾവയ്മൊഴിയിലേക്ക് പുറപ്പെട്ടു. ഞങ്ങൾക്ക് ധൃതിയൊന്നുമില്ല. ലക്ഷ്യത്തിൽ എത്തുമ്പോൾ എത്തുക. പോകുന്ന വഴിക്കുള്ള കാഴ്ച്ചകൾ നന്നായി കാണുക, അറിയുക, ആ ദൃശ്യങ്ങളെല്ലാം നല്ല രീതിയിൽ പകർത്തുക. ഈ യാത്രയുടെ ഒരു പ്രത്യേകത അതാണ്. വിശദവിവരങ്ങൾക്ക് ഈ ലിങ്ക് വഴി പോകാം.
തിരുവനന്തപുരത്ത് നിന്ന് കോവളം, പൂവാർ, നെയ്യാറ്റിൻകര, മാർത്താണ്ടം വഴി ആരൾവാമൊഴിയിലേക്ക് 96 കിലോമീറ്ററാണ് ദൂരം. ഇടയ്ക്ക് ഊരമ്പ് അങ്ങാടിയിൽ വാഹനം നിർത്തി, അതിലൂടെ ഒന്ന് കയറിയിറങ്ങി. മുൻപൊരിക്കൽ കന്യാകുമാരി യാത്രയ്ക്കിടയിലും ഈ അങ്ങാടി ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ബാർട്ടർ സമ്പ്രദായം ഉണ്ടായിരുന്ന കാലം മുതൽക്ക് ഗ്രാമീണർ നടത്തിപ്പോരുന്ന ഒരു പഴയ അങ്ങാടിയാണിതെന്നാണ് മനസ്സിലാക്കാനായത്. അവരവർ കൃഷി ചെയ്തുകൊണ്ടുവരുന്ന തനതായ മായമില്ലാത്ത സാധനങ്ങളാണ് അവിടെ ലഭിക്കുന്നത് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇപ്പോളതിൽ വ്യത്യാസം വന്നിട്ടുണ്ടെന്ന് ആന്ധ്രയിൽ നിന്നുള്ള ബങ്കനാപ്പള്ളി മാങ്ങ കണ്ടപ്പോൾ മനസ്സിലായി.
കേരളത്തിന്റെ അതിർത്തി വിട്ടാലുടനെ ചെറിയ ചെറിയ പട്ടണങ്ങളിലെ തിരക്കുകൾ പോലും അലോസരമുണ്ടാക്കാത്ത വിധത്തിൽ ഗംഭീര മേൽപ്പാലങ്ങൾ വാഹനങ്ങളെ മുകളിലൂടെ കടത്തിവിടുന്നു. (പാലാരിവട്ടം ഫ്ലൈ ഓവർ എന്തായോ എന്തോ ?) മാർത്താണ്ടം മേൽപ്പാലം ഇറങ്ങുന്നതോടെ ദൂരെ പശ്ചിമഘട്ടം കാണാൻ തുടങ്ങുകയായി. മെല്ലെ മെല്ലെ മലനിരകൾ റോഡിനിരുവശത്തുമായി നിരക്കുന്നു.
പതിനൊന്ന് മണിയോടെ ലക്ഷ്യസ്ഥാനത്തെത്തി. ചെറിയൊരു പട്ടണമാണ് ആരൾവാമൊഴി. പശ്ചിമഘട്ടം ഇവിടെ ചിന്നിച്ചിതറിയ മട്ടിലാണ്. അതിനിടയിലൂടെ വാഹനങ്ങൾ അപ്പുറത്തേക്ക് കടക്കുന്നു. ആ വഴിക്ക് 224 കിലോമീറ്ററോളം പോയാൽ മധുരയിലെത്താം.
ഇടയ്ക്ക്, സഹ്യനോട് വഴക്കിട്ടെന്ന പോലെ വേർപെട്ട് നിൽക്കുന്ന ചെറിയ മലകൾ റോഡിന്റെ വശങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. സഹ്യൻ അധികം ദൂരത്തല്ലാതെ തന്നെയുണ്ട്. അധികം ഉയരവും ഈ ഭാഗത്ത് മലനിരകൾക്കില്ല. ഇരുവശവുമുള്ള സഹ്യന്റെ ഈ നിരകൾക്കിടയിലൂടെ കടന്നുപോകുന്ന പാതയായതുകൊണ്ടാകാം, സഹ്യനെ മുറിച്ച് കടക്കുന്ന ചുരമായോ കാട്ടുപാത എന്ന നിലയ്ക്കോ ഉള്ള വിവരങ്ങളൊന്നും ഞങ്ങൾക്ക് ലഭിക്കാതെ പോയത്. നല്ല വീതിയും മിനുസവുമുള്ള പാത ഉച്ചവെയിലിൽ പൊള്ളി വെന്തുകിടക്കുന്നു. ആ വേദന കുറയ്ക്കാൻ അൽപ്പം കാറ്റ് വീശിക്കൊടുക്കാനെന്ന മട്ടിൽ ഇരുവശങ്ങളിലും നൂറുകണക്കിന് കാറ്റാടി യന്ത്രങ്ങൾ തിരക്കിട്ടുനിന്ന് കറങ്ങുന്നു.
ചില സിനിമകളിൽ നാഗർകോവിൽ ഭാഗത്തുള്ള ഈ കാറ്റാടിപ്പാടങ്ങൾ ധാരാളമായി കണ്ടിട്ടുണ്ട്. ആരൾവാമൊഴിയിൽ നിന്ന് കണ്ണെത്താ ദൂരത്തേക്ക് നീളുന്ന ഈ കാറ്റാടിപ്പാടം നാഗർകോവിലിലേക്ക് തന്നെയാകാം ചെന്നെത്തുന്നത്. തൊട്ടടുത്തെത്തുന്നത് വരെ ഈ കാറ്റാടിയന്ത്രങ്ങളുടെ ഭീമാകാരമായ രൂപം ഗ്രഹിച്ചെടുക്കാൻ എളുപ്പമല്ല. ലോറികളിൽ കയറ്റി ഈ യന്ത്രങ്ങളുടെ പങ്കകൾ കൊണ്ടുപോകുന്നത് തൊട്ടടുത്ത് നിന്ന് കണ്ടപ്പോളൊക്കെ അതിന്റെ വിശ്വരൂപത്തിൽ സ്തംഭിച്ച് നിന്നിട്ടുമുണ്ട്.
മലനിരകൾ പിന്നിൽ മറയുന്നത് വരെ വാഹനമോടിച്ചു. ആവശ്യത്തിനുള്ള ദൃശ്യങ്ങൾ പല ക്യാമറകളിലായി പകർത്തി. എന്നിരുന്നാലും, സന്ധ്യാസമയത്തും പുലർവേളയിലും ആകാശത്ത് ചാലിക്കപ്പെടുന്ന ചുവപ്പിന്റേയും ഓറഞ്ചിന്റേയും നിറക്കൂട്ടുകൾ ഈ കാറ്റാടിപ്പാടത്തിന്റെ ദൃശ്യത്തിന് കൂടുതൽ ഭംഗിയേകുന്നത് പകർത്താൻ ആ സമയങ്ങളിൽത്തന്നെ വരേണ്ടിയിരിക്കുന്നു.
ആര്യാസ് എന്ന് ഭോജനശാല കണ്ടപ്പോൾ ഉച്ചഭക്ഷണത്തിനായി അങ്ങോട്ട് കയറി. അതൊരു വ്യാജ ആര്യാസാണെന്ന് തിരിച്ചറിയാൻ അധികസമയം വേണ്ടി വന്നില്ല. ഈ വലിയ യാത്രയിൽ ഭക്ഷണത്തിന്റെ കാര്യത്തിൽ അങ്ങനെയങ്ങനെ എത്രയോ വീഴ്ച്ചകളും വിട്ടുവീഴ്ച്ചകളും ഇനിയും ഉണ്ടാകാനിരിക്കുന്നു.
ആരൾവാമൊഴിയിലെ റോഡരുകിൽ നിറയെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. രാജാസ് എന്ന ഗ്രൂപ്പിന്റെ എഞ്ചിനീയറിംഗ് കോളേജുകളും മെഡിക്കൽ കോളേജുകളും പോളി ടെൿനിക്കുകളും സ്ക്കൂളുകളും അഡ്മിനിഷ്ട്രേഷൻ കെട്ടിടങ്ങളുമാണ് അതിലധികവും. ആ കോളേജുകളിൽ ചിലതിൽ നീറ്റ് പരീക്ഷയ്ക്ക് ഹാജരായിട്ടുള്ള കുട്ടികളുടേയും രക്ഷിതാക്കളുടേയും തിരക്ക്.
മൂന്ന് മണിക്ക് എവിടെയായാലും യാത്ര അവസാനിപ്പിച്ച് ആ ദിവസത്തെ യാത്രാവിവരണം ഓൺലൈനിൽ പ്രസിദ്ധീകരിക്കണമെന്നാണ് പദ്ധതി. അത് പ്രകാരം ഇനിയും സമയം ധാരാളമുണ്ട്. സഹ്യനിലൂടെയുള്ള അടുത്ത വഴി തിരഞ്ഞു. ഭൂതപ്പാണ്ടി, ചെല്ലാന്തുരുത്തി, കുലശേഖരം, വെള്ളറട വഴി 61 കിലോമീറ്റർ സഞ്ചരിച്ചാൽ നെടുമങ്ങാട് എത്താം. മൂന്ന് മണി എന്നത് നാല് മണി ആയാലും നെടുമങ്ങാട് ഇന്നത്തെ യാത്ര അവസാനിപ്പിക്കാമെന്ന് കരുതി ആ വഴിക്ക് തിരിച്ചു. പക്ഷേ ആ കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന കാര്യങ്ങളായിരുന്നു മാർഗ്ഗമദ്ധ്യേ കാത്തുനിന്നിരുന്നത്.
ഈ വഴിക്ക് തിരിഞ്ഞപ്പോൾ മുതൽ ധാരാളമായി ഇഷ്ടികക്കളങ്ങൾ മലയടിവാരത്ത് കാണുന്നുണ്ട്. മഴ പെയ്താൽ പ്രശ്നമുണ്ടാകാതിരിക്കാനായി ചുടാത്ത കട്ടകളുടെ കൂട്ടങ്ങൾക്ക് മുകളിൽ ഓലമേഞ്ഞിരിക്കുന്നു. ചൂളയുടെ ഭാഗത്തും വലിയ ഓലമേൽക്കൂര കാണാം. അതിലൊന്നിലേക്ക് കയറി. ഫോട്ടോകൾ എടുക്കട്ടേ എന്ന് ചോദിച്ചപ്പോൾ മുതലാളിയോട് അനുവാദം വാങ്ങണമെന്നായി അവിടത്തെ ജോലിക്കാർ. മുതലാളിയുടെ പേർ രാജൻ. ഫോൺ ചെയ്തപ്പോൾ രാജൻ മലയാളിയാണെന്ന് മനസ്സിലായി. എളുപ്പം അനുമതി ലഭിക്കുകയും ചെയ്തു.
ഇഷ്ടികക്കളത്തിലെ ജോലിക്കാർ നമ്മൾ മലയാളികൾക്ക് സുപരിചിതരായ ബംഗാളികൾ തന്നെ. ഇതരസംസ്ഥാനക്കാരായതുകൊണ്ട് പൊതുവായി ബംഗാളികൾ എന്ന് പറഞ്ഞതല്ല. ഇവർ ശരിക്കും ബംഗാളിൽ നിന്നുള്ളവർ തന്നെ. സ്ത്രീകളും കൊച്ചു കുട്ടികളുമടക്കം അഞ്ചെട്ട് പേർ അവിടെയുള്ള മറ്റൊരു ചുടുകട്ട വീട്ടിൽ അവരുടെ ജീവിത സ്വപ്നങ്ങൾ ചുട്ടെടുത്ത് പ്രവാസം നയിക്കുന്നു.
ഈ വഴിയിൽ മുന്നോട്ട് നീങ്ങുമ്പോൾ കാണുന്ന കാഴ്ച്ചകളിൽ പ്രധാനപ്പെട്ടത് കൃഷി തന്നെയാണ്. ആദ്യമാദ്യം അൽപ്പസ്വൽപ്പം തെങ്ങുകളും വാഴക്കൃഷിയുമാണ് കണ്ണിൽപ്പെടുന്നതെങ്കിൽ പിന്നീടത് റബ്ബറും കോക്കോയും വരെ നീളുന്നു. ഈ തോട്ടങ്ങളും ഏതെങ്കിലും മലയാളിയുടെതാകാം. ടാപ്പിങ്ങ് തുടങ്ങാത്തത് മുതൽ കടുംവെട്ടിന് കാലമായ റബ്ബർ മരങ്ങൾ വരെയുണ്ട് പലയിടങ്ങളിലായി. ചില സ്ഥലങ്ങളിൽ റബ്ബറിനിടയിൽ തേനീച്ചക്കൃഷിയുമുണ്ട്.
ഭൂപ്രകൃതിയിലും കൃഷികളിലും കേരളവുമായി ഏറെ സാദൃശ്യമുള്ള തമിഴ്നാടിന്റെ അത്തരമൊരു ഭാഗത്തുകൂടെ ഞാനാദ്യമായിട്ടാണ് സഞ്ചരിക്കുന്നത്. സഹ്യനിൽ പെയ്യുന്ന മഴ, നേരിട്ട് തന്നെ ധാരാളമായി കിട്ടുന്നതിന് പുറമേ, കനാലുകളിലൂടെയും വെള്ളം ഇവിടെ ലഭിക്കുന്നുണ്ടെന്ന് ഈ വേനൽക്കാലത്തും നിറഞ്ഞുനിൽക്കുന്ന പച്ചപ്പിൽ നിന്ന് മനസ്സിലാക്കാനാവും.
നിലവിൽ ഈ റൂട്ട് വളരെ മോശമാണ്. കുടിവെള്ളത്തിന്റെ പൈപ്പ് ഇടാനായി റോഡ് കുത്തിക്കുഴിച്ചിട്ടിക്കുന്നതുമൂലം നിരങ്ങിനീങ്ങുകയായിരുന്നു 30 കിലോമീറ്ററോളം. പെട്ടെന്ന് വാഹനം ഒരു പാലത്തിലേക്ക് കയറി. താഴെ ഒരു പുഴ മെലിഞ്ഞൊഴുകുന്നു. അടിത്തട്ടിലെ പാറകൾ എല്ലുന്തിയ പട്ടിണിക്കോലത്തെപ്പോലെ പുറത്തേക്ക് തള്ളിനിൽക്കുന്നു. ഞങ്ങൾ വാഹനമൊതുക്കി അതിന്റെ പടങ്ങളും വീഡിയോയും എടുത്തു. തൊട്ടടുത്ത വീട്ടിലെ ചേട്ടൻ പുഴയുടെ പേരും ഉറവിടവുമൊക്കെ മനസ്സിലാക്കിത്തന്നു. അദ്ദേഹം തമിഴനാണെങ്കിലും ഞങ്ങൾ മലയാളികളാണ് മനസ്സിലായപ്പോൾ നല്ല ശുദ്ധമലയാളത്തിൽത്തന്നെയാണ് സംസാരിച്ചത്. അല്ലെങ്കിലും അതിർത്തി പ്രദേശത്ത് ജീവിക്കുന്നവർ രണ്ട് ഭാഷയും നന്നായി സംസാരിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. പലരിയാർ എന്നാണ് ഈ പുഴയുടെ പേര്. പെരുംചാണി ഡാമിൽ നിന്നാണ് ഉത്ഭവം. തമിഴ് രീതിയിൽ പറഞ്ഞാൽ പെരുംചാണി ഡാമിന്റെ ‘മറുകാൽ’ ആയാണ് പലരിയാർ ഉത്ഭവിച്ചൊഴുകുന്നത്. ഇടയ്ക്ക് ഒഴുക്കില്ലാതെ കെട്ടിനിൽക്കുന്ന അൽപ്പവെള്ളത്തിൽ സ്ത്രീകൾ കുളിക്കുകയും വസ്ത്രമലക്കുകയും ചെയ്യുന്നുണ്ട്.
വാഹനം വീണ്ടും മുന്നോട്ട് നീങ്ങി രണ്ട് കിലോമീറ്റർ കഴിയുന്നതിന് മുൻപേ ഇതുവരെ അറിവിലില്ലാത്ത മറ്റൊരു കാഴ്ച്ചയിലേക്ക് ചെന്നുകയറി. മിക്കവാറും ബോർഡുകൾ തമിഴിലാണെങ്കിലും കൽക്കുളം എന്ന സ്ഥലത്ത് ‘തിരുപ്പരപ്പ് വാട്ടർ ഫാൾസ്‘ എന്ന ബോർഡ് ഇംഗ്ലീഷിലായതുകൊണ്ടും ആ ഭാഗത്തുള്ള വാഹനത്തിരക്കും ജനക്കൂട്ടവും കാരണം, പെട്ടെന്ന് തന്നെ ആ ജനക്കൂട്ടത്തിന്റെ ഭാഗമായി വെള്ളച്ചാട്ടം കാണാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. കാര്യങ്ങളെല്ലാം അതോടെ കുഴഞ്ഞു മറിഞ്ഞു. വെള്ളച്ചാട്ടത്തിലേക്കുള്ള ഇടവഴിയിലേക്ക് വാഹനം തിരിച്ചതും ചെന്നുപെട്ടത് കടുത്ത ഗതാഗതക്കുരുക്കിലാണ്. വീതി കുറഞ്ഞ ചെറിയ വഴിയിൽ വീതികൂടിയ വലിയ ബസ്സുകൾ അങ്ങോട്ടുമിങ്ങോട്ടും നീങ്ങാനാകാതെ പെട്ടുകിടക്കുന്നു. പോരാത്തതിന് നൂറുകണക്കിന് കാറുകളും മിനി ബസ്സുകളും വേറെ. ലഭ്യമാക്കിയിട്ടുള്ള പാർക്കിങ്ങ് സൌകര്യത്തേക്കാൾ പതിന്മടങ്ങ് വാഹനങ്ങൾ അങ്ങോട്ട് തിക്കിത്തിരക്കി കയറിക്കൊണ്ടിരിക്കുന്നു. വേണ്ട എന്ന് തീരുമാനിച്ച് ഇറപ്പോരാനും പറ്റുന്നില്ല. അങ്ങോട്ടും ഇങ്ങോട്ടുമില്ല എന്ന അവസ്ഥ.
ബുദ്ധിമുട്ടി ഒരു പാർക്കിങ്ങ് തരപ്പെടുത്തി വെള്ളച്ചാട്ടത്തിന്റെ ഭാഗത്തേക്ക് നീങ്ങി. ടിക്കറ്റൊന്നിന് അഞ്ച് രൂപയും ക്യാമറയ്ക്ക് 120 രൂപയുമാണ് നിരക്ക്. സൂചികുത്താൽ ഇടമില്ലെന്ന പോലെ ജനങ്ങൾ തിങ്ങിനിറഞ്ഞ് നീങ്ങുന്ന വഴിക്ക് ഇരുവശവും മാല, വള, സോപ്പ്, ചീപ്പ്, കണ്ണാടി കച്ചവടക്കാരുടെ നിരനിരയായുള്ള കടകൾ. ഒറ്റനോട്ടത്തിൽ ഉത്സവപ്പറമ്പ് പ്രതീതി. എനിക്കപ്പോൾ മറ്റൊരു ഓർമ്മ തലപൊക്കി. ശ്രീലങ്കയിലെ പിന്നവള എന്ന സ്ഥലത്ത് ആനകൾക്കായുള്ള ഒരു അനാഥാലയമുണ്ട്. അവിടത്തെ അന്തേവാസികളായ ആനകളെ കുളിപ്പിക്കാൻ പുഴയിലേക്ക് കൊണ്ടുപോകുന്നത് ഇതുപോലുള്ള ഒരു വഴിയിലൂടെയാണ്. പോകുന്ന വഴിക്ക് ആനക്കുസൃതികൾ കടകളിലെ സാമഗ്രികൾ തുമ്പി വെച്ച് അടിച്ചെടുക്കാതിരിക്കാനായി, ആനകളുടെ പുഴയിലെ കുളിസമയം ആകുമ്പോഴേക്കും ആ വഴിയിലെ എല്ലാ കടകളുടേയും ഷട്ടറിടും. ആനകൾ പുഴയിലെ കുളി കഴിഞ്ഞ് മടങ്ങുമ്പോഴും ഷട്ടറുകൾ താഴ്ത്തപ്പെടും.
ഈ ഭാഗത്തെ നദികളുടെയെല്ലാം അടിത്തട്ട് പാറകളാണെന്ന് വേണം മനസ്സിലാക്കാൻ. പേച്ചിപ്പാറ ഡാമിൽ നിന്ന് പതിമൂന്ന് കിലോമീറ്ററോളം ഒഴുകി വരുന്ന കൊടയൂർ(Kodayur) നദി തിരുപ്പരപ്പ് ഭാഗത്തെത്തുമ്പോൾ പെട്ടെന്ന് അടിത്തട്ടിലെ ഈ പാറക്കെട്ട് താഴേക്കാവുന്നു. അതിന്റെ ഫലമായി നദിയിലെ വെള്ളം 15 മീറ്റളോളം താഴേക്ക് പതിക്കുന്നു. ഇതാണ് ഒരു വെള്ളച്ചാട്ടമായി മാറിയിരിക്കുന്നത്. നദിയിൽ വെള്ളം കുറവായതുകൊണ്ട് വെള്ളം താഴേക്ക് പതിക്കുന്നത് വല്ലാതെ ശോഷിച്ചാണ്. കുറ്റാലം വെള്ളച്ചാട്ടത്തിന് സമാനമായ ഒന്നാണിത്. കുറ്റാലത്ത് മലമുകളിൽ നിന്ന് വെള്ളം സ്വാഭാവികമായി താഴേക്ക് വീഴുന്നെങ്കിൽ ഇവിടെ നദിയുടെ ഒഴുക്ക് നിയന്ത്രിച്ച് വെള്ളച്ചാട്ടം സൃഷ്ടിക്കുകയാണ് ചെയ്തിരിക്കുന്നത്.
വെള്ളച്ചാട്ടത്തിന്റെ കീഴിൽ നിന്ന് നനയാൽ ടിക്കറ്റെടുത്ത് അങ്ങോട്ട് ചെന്ന മുക്കാൽപ്പങ്ക് ജനങ്ങളും തിക്കിത്തിരക്കുന്നു. സ്ത്രീകൾക്ക് ഒരു ഭാഗം, സ്ത്രീകൾക്കും പുരുഷന്മാർക്കും ചേർന്ന് മറ്റൊരു ഭാഗം എന്നിങ്ങനെ വെള്ളച്ചാട്ടത്തെ വിഭജിച്ചിട്ടുണ്ടെങ്കിലും എല്ലായിടത്തും തിരക്കോട് തിരക്ക് തന്നെ. അതും പോരാഞ്ഞ് സ്വിമ്മിങ്ങ് പൂളിനേക്കാൾ ചെറിയ വിസ്തൃതിയിൽ കെട്ടിനിർത്തിയ മറ്റൊരു ടാങ്കിൽ, ടിക്കറ്റെടുത്ത് കയറിയവർ നീന്തിത്തുടിക്കുന്നു. കണ്ടാൽ അറക്കുന്ന ആ ചെളിവെള്ളത്തിൽ ഒരു പ്രാവശ്യം മുങ്ങിയാൽ ത്വക്ക് രോഗങ്ങൾക്കൊരു പഞ്ഞവുമുണ്ടാകാൻ സാദ്ധ്യതയില്ല.
അവധിദിവങ്ങളിൽ ഇത്തരം സ്ഥലങ്ങളിൽ വന്നാൽ സമയം പാഴാകുമെന്ന് മാത്രമല്ല എന്തെങ്കിലും പ്രകൃതിഭംഗി അവശേഷിക്കുന്നുണ്ടെങ്കിൽ തിരക്ക് കാരണം അതാസ്വദിക്കാനും പറ്റില്ലെന്ന് ഉറപ്പാണ്. ഞങ്ങൾ പെട്ടെന്ന് തന്നെ സ്ഥലം കാലിയാക്കി.
വീണ്ടും മുന്നോട്ടുള്ള വഴിയിലാണ് ചിറ്റാർ ഡാം. അത് പക്ഷേ നിരോധിത പ്രദേശമാണ്. എങ്കിലും അതിന്റെ ക്യാച്ച്‌മെന്റ് ഭാഗത്ത് ജനങ്ങൾ ഇറങ്ങിക്കുളിക്കുകയും പടങ്ങളെടുക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ഡാമിലെ കെട്ടിക്കിടക്കുന്ന വെള്ളവും ചുറ്റുമുള്ള കരയിലെ കാടിന്റെ പച്ചപ്പുമൊക്കെ ചേർന്ന് ഈ വേനൽക്കാലത്തും ഹരം കൊള്ളിക്കാൻ പോന്ന ദൃശ്യമാണത്. ചിറ്റാർ ഡാം കഴിയുന്നതോടെ തമിഴ്‌നാട് വിട്ട് കേരളത്തിലേക്ക് കടക്കുകയായി.
ഇതുവരെ 192 കിലോമീറ്റർ സഞ്ചരിച്ചിരിക്കുന്നു. ഞങ്ങൾക്കിനി രാത്രി തങ്ങാനുള്ള ഇടം കണ്ടുപിടിക്കണം. തീരുമാനിച്ചിരുന്നത് പോലെ യാത്രാവിവരണവും വീഡിയോയും പ്രസിദ്ധീകരിക്കാനുള്ള സമയത്തിൽ നിന്ന് മൂന്ന് മണിക്കൂർ നഷ്ടപ്പെട്ടിരിക്കുന്നു. വേണമെങ്കിൽ 30 കിലോമീറ്ററോളം ദൂരെയുള്ള നെടുമങ്ങാടെത്തി അവിടെ എവിടെയെങ്കിലും മുറി കിട്ടുമോ എന്ന് നോക്കാം. ഒന്നും കിട്ടിയില്ലെങ്കിൽ ടെന്റ് അടിച്ച് തങ്ങുക എന്നതാണ് ഈ യാത്രയുടെ അജണ്ട. അതിനുള്ള ടെന്റ് അടക്കമുള്ള സജ്ജീകരണങ്ങൾ വാഹനത്തിലുണ്ട്.
വെള്ളറടയിൽ നിന്നാണ് നെയ്യാർ ഡാമിലേക്ക് വഴി തിരിയുന്നത്. ആ പരിസരങ്ങളിൽ ഹോം സ്റ്റേ അടക്കമുള്ള സൌകര്യങ്ങളുണ്ട്. അതിലൊന്നിന്റെ നമ്പർ തപ്പിയെടുത്ത് വിളിച്ചപ്പോൾ അവിടെ മുറി ഒഴിവില്ല. പിന്നെയുള്ളത് ഒരു ലോഡ്‌ജാണ്. അതിലെ മുറികളിൽ ഞങ്ങളുടെ രണ്ട് കമ്പ്യൂട്ടറുകൾ തുറന്ന് വെച്ച് ജോലി ചെയ്യാനുള്ള ഇടമില്ല. കെ.റ്റി.ഡി.സി.യുടെ സത്രമുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ അങ്ങോട്ട് ചെന്നുകയറി അതിലൊരു മുറിയിൽ ചേക്കേറി. ഒരു കുളി പാസ്സാക്കി വന്ന് കമ്പ്യൂട്ടറിൽ ജോലികൾ ആരംഭിക്കാമെന്ന് വച്ചപ്പോളാണ് ഒരു കാര്യം മനസ്സിലായത്. അതിഭീകരമായ വോൾട്ടേജ് വ്യതിയാനം. ഒരു മിനിറ്റിൽ മൂന്ന് പ്രാവശ്യമെന്ന തോതിലുള്ള ആ വോൾട്ടേജ് വ്യതിയാനത്തിൽ ഞങ്ങളുടെ എഡിറ്റിങ്ങ് കമ്പ്യൂട്ടർ അടിച്ചുപോകുമെന്ന് ഉറപ്പ്.
ഭക്ഷണം കഴിച്ചുവന്ന് ലാപ്പ്ടോപ്പിൽ ഈ യാത്രാവിവരണം എഴുതിയുണ്ടാക്കിയപ്പോൾ രാത്രി 12 മണി കഴിഞ്ഞിരുന്നു. പക്ഷേ പടങ്ങൾ ചേർക്കാൻ പറ്റിയിട്ടില്ല. പറഞ്ഞ കാര്യങ്ങൾ ഒന്നും നടന്നില്ല. ഈ യാത്ര പിന്തുടരുന്നവർ ക്ഷമിക്കുക. ഒരു പരീക്ഷണ യാത്ര ശരിക്കും ഫലം തന്ന് തുടങ്ങിയിരിക്കുന്നു. ഇത്രയുമാണ് ഒന്നാം ദിവസത്തെ യാത്രയുടെ വിശേഷങ്ങളും പാഠങ്ങളും.
രണ്ടാം ദിവസം പുലർന്നു. ജോഹർ അതിരാവിലെ എഴുന്നേറ്റ് ഷോട്ടുകൾ എഡിറ്റ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും വീഡിയോ അൽപ്പം വൈകി പ്രതീക്ഷിച്ചാൽ മതി. ഇന്ന് എന്തൊക്കെയാണ് പദ്ധതിയെന്ന് ഇതുവരെ തീരുമാനമാക്കിയിട്ടില്ല; എത്രത്തോളം നടപ്പിലാക്കാൻ പറ്റുമെന്നും അറിയില്ല. അങ്ങനെ തന്നെയാണ് ഈ യാത്ര മുന്നോട്ട് നീങ്ങാൻ പോകുന്നത്. എപ്പോൾ എങ്ങോട്ട് ഏത് വഴിക്ക് എന്ന് ലക്ഷ്യമില്ലാത്ത ഒരു യാത്ര തന്നെയാണിത്. എന്നിരുന്നാലും അന്നന്നത്തെ യാത്രാവിവരണവും വീഡിയോയും മുടക്കമില്ലാതെ അന്നന്ന് പ്രസിദ്ധീകരിക്കാനുള്ള ഏർപ്പാട് ഈ പരീക്ഷണ യാത്ര കഴിയുന്നതോടെ തീർപ്പാക്കേണ്ടിയിരിക്കുന്നു.
—————————————
തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇതിന്റെ യൂ ട്യൂബ് വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഇതിന്റെ ശബ്ദരേഖ കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
എല്ലാ ആശംസകളും !!
Waiting for the balance
eagerly waiting for the balance. All the best
പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുള്ള വിവരണം നന്നായിട്ടുണ്ട് . യാത്രയും അതിനു ശേഷം അതാതു ദിവസം തന്നെയുള്ള വിവരണവും കൂടാതെ വീഡിയോ എഡിറ്റിംഗ് അപ്‌ലോഡിങ് ഒക്കെ വളരെ ശ്രമകരമായ ജോലിയാണ് . ചുരുങ്ങിയ സമയത്തിനുള്ളിൽ ചെയ്യുന്നത് കൊണ്ടുള്ള പോരായ്മകളും ഉണ്ടാവും . ഭാവിയിലെ നല്ലൊരു സഞ്ചാര സാഹിത്യം / വിവരണം ഒക്കെ ആയി മാറേണ്ടവ ആയതിനാൽ കുറച്ചു സമയം എടുത്ത് നന്നായി അവതരിപ്പിക്കുന്നതായിരിക്കും നന്നെന്നാണ് എന്റെ അഭിപ്രായം .
എല്ലാ ഭാവുകങ്ങളും നേരുന്നു