ഇ-മെയില് ഉപയോഗിക്കുന്നവര്‍ക്കൊക്കെ, ഏറ്റവും കുറഞ്ഞത് ദിവസം ഒരെണ്ണമെന്ന തോതില്‍ ഫോര്‍വ്വേഡഡ് മെയിലുകള്‍ കിട്ടുന്നുണ്ടാകണം. ഫോര്‍വ്വേഡ് മെയിലുകള്‍ക്ക് ഇന്ന വിഷയം എന്നൊന്നും ഇല്ല. വടക്കേ ഇന്ത്യക്കാരി സിനിമാ നടികളുടെ അരമന രഹസ്യങ്ങളോ, ശാസ്ത്രസാങ്കേതിക വിദ്യകളെപ്പറ്റിയോ, ആരാധനാമൂര്‍ത്തികളെപ്പറ്റിയോ, സര്‍ദാര്‍ജിക്കഥകളോ, സെക്സ് ജോക്കുകളോ, ടിന്റുമോന്‍ കഥകളോ, ആരോഗ്യവിഷയങ്ങളെപ്പറ്റിയോ, ഡ്രഗ്ഗ് ട്രാഫിക്കിനെപ്പറ്റിയോ, ഒക്കെയാകാം ഈ ഫോര്‍വ്വേഡ് മെയിലുകള്‍ .അങ്ങനെ കിട്ടുന്ന മെയിലുകളുടെ ആധികാരികതെയെപ്പറ്റി ഇടം വലം ചിന്തിക്കാതെ തങ്ങളുടെ അഡ്രസ്സ് ബുക്കിലുള്ളവര്‍ക്കൊക്കെ അത് വീണ്ടും ഫോര്‍വ്വേഡ് ചെയ്തുകൊടുത്ത് ഏടാകൂടങ്ങളില്‍ ചെന്നുചാടിയിട്ടുള്ളവരും നിരവധിയായിരിക്കും.
ഈയടുത്ത കാലത്ത് സഖാവ് പിണറായി വിജയന്റെ വീടാണെന്നും പറഞ്ഞ് ഒരു പ്രവാസി മലയാളിയുടെ വീടിന്റെ പടങ്ങള്‍ തലങ്ങും വിലങ്ങും അയച്ചുകൊടുത്ത് കേസിലും കൂട്ടത്തിലുമൊക്കെ ചിലര്‍ ചെന്നുചാടിയ സംഭവമായിരിക്കണം ഫോര്‍വ്വേഡഡ് മെയിലുകളുടെ കാര്യത്തില്‍ മലയാളികള്‍ക്കുണ്ടായിട്ടുള്ള ഏറ്റവും വലിയ അക്കിടി. പിണറായി സഖാവിന്റെ ‘വീടിന്റെ’ ഫോട്ടോ ഫോര്‍വ്വേഡ് മെയിലായി കിട്ടിയ ഉടനെ തന്നെ ആ വീടിന്റെ പരിസരത്ത് ജീവിക്കുന്ന എന്റെ 2 സഹപ്രവര്‍ത്തകര്‍ ആ വീടും അതിന്റെ മുന്നിലെ കിടക്കുന്ന ചുവന്ന് കാറും വരെ തിരിച്ചറിഞ്ഞു. എന്തെങ്കിലും പൊല്ലാപ്പ് ആ മെയിലുമായി ബന്ധപ്പെട്ട് ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന് ഞങ്ങളപ്പോള്‍ത്തന്നെ ഊഹിക്കുകയും ചെയ്തിരുന്നു.
ഇ-മെയിലുകള്‍ ഫോര്‍വ്വേഡ് ചെയ്ത് കിട്ടുന്നതിന് വളരേ മുന്‍പുതന്നെ, അതായത് ഇന്റര്‍നെറ്റ് എന്നൊന്നും നമ്മള്‍ മലയാളികള്‍ കേള്‍ക്കാത്ത കാലത്തുതന്നെ പ്രചരിച്ചിരുന്ന ചില കത്തുകള്‍ക്കും ഫോര്‍വ്വേഡഡ് മെയിലിന്റെ സ്വഭാവം തന്നെയായിരുന്നു. തിരുപ്പതി വെങ്കിടാചലപതിയുടെ മാഹാത്മ്യം അല്ലെങ്കില്‍ വേളാങ്കണ്ണി മാതാവിനെയോ മറ്റേതെങ്കിലും ദൈവങ്ങളേയോ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള അത്തരം കത്തുകള്‍ , അന്ന് വന്നിരുന്നത് ഇന്‍ലന്റുകളിലായിരുന്നു. ഈ കത്തിന്റെ 100 കോപ്പിയെങ്കിലും എഴുതിയുണ്ടാക്കി വിതരണം ചെയ്താല്‍ ജോലിക്കയറ്റം , പ്രേമസാഫല്യം , രണ്ടാം വിവാഹം , വീട് , കാറ് എന്നിങ്ങനെയുള്ള സൌഭാഗ്യങ്ങള്‍ കിട്ടുമെന്നും അങ്ങനെ ചെയ്യാതെ കത്ത് കീറിക്കളഞ്ഞാല്‍ ജോലിനഷ്ടം, മാനഹാനി, വാഹനാപകടം, വരാന്തയില്‍ തെന്നിവീണ് നടുവൊടിയല്‍ , മുതലായ കഷ്ടകാലങ്ങള്‍ ഉണ്ടാകുമെന്നും, ഇപ്രകാരം സംഭവിച്ചവരുടെ പേരുവിവരമടക്കമായിരിക്കും ഇന്‍ലന്റില്‍ സാക്ഷ്യപ്പെടുത്തിയിരിക്കുക. ചിലപ്പോള്‍ പേടിച്ചിട്ടായിരിക്കാം അല്ലെങ്കില്‍ ഉള്ളില്‍ത്തട്ടിയുള്ള ഭക്തികാരണമായിരിക്കാം, കത്ത് കൈപ്പറ്റുന്നവന്‍ പോസ്റ്റോഫീസിലേക്കോടുന്നു. 25 ഇന്‍ലന്റെങ്കിലും വാങ്ങുന്നു കത്തിന്റെ ഈച്ചക്കോപ്പി ഉണ്ടാക്കി തനിക്ക് പരിചയമുള്ളവര്‍ക്കൊക്കെ അയച്ചുകൊടുക്കുന്നു.
ഇതേ സ്വഭാവത്തോടുകൂടെയുള്ള ഫോര്‍വ്വേഡഡ് മെസ്സേജുകള്‍ ഇന്റര്‍നെറ്റ് വഴിയും പ്രചരിച്ചിരുന്നു ആദ്യകാലത്തെങ്കിലും ഇപ്പോള്‍ അത്തരം ഭക്തിസ്വഭാവമുള്ള ഫോര്‍വ്വേഡഡ് മെയിലുകളുടെ പ്രചരണം താരതമ്യേനെ കുറവാണെന്നോ ഇല്ലെന്ന് തന്നെയോ പറയാം .
എനിക്ക് പരിചയമുള്ള വേറെ മൂന്നുനാലു് ഫോര്‍വ്വേഡഡ് മെയിലുകളും അതിലെ കുറേ മണ്ടത്തരങ്ങളും , അതിന്റെ പേരില്‍ ഉണ്ടായിട്ടുള്ള തമാശകളും ഇപ്രകാരം പോകുന്നു.
1. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമെന്ന് വാര്‍ത്തകളില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്ന ദുബായിലെ ബുര്‍ജ് ഖലീഫയെ സംബന്ധിക്കുന്ന ഒരു ഫോര്‍വ്വേഡഡ് മെയില്‍ ശുദ്ധ മണ്ടത്തരമായിരുന്നെന്ന് പറയാതെ വയ്യ.
‘ലോകത്തിലെ ഏറ്റവും ഉയരമുള്ള പോസ്റ്റില്‍ ഇരിക്കുന്നത് ആരാണെന്ന് അറിയാമോ ? ‘ എന്ന ചോദ്യത്തോടെ തുടങ്ങുന്ന മെയിലില്‍ , പണി നടക്കുന്ന ബുര്‍ജ് ഖലീഫയുടെ ചിത്രങ്ങള്‍ ഒരുപാടുണ്ടായിരുന്നു. കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയില്‍ ക്രെയിന്‍ പ്രവര്‍ത്തിപ്പിക്കുന്ന മലയാളിയായ ബാബുവാണ് ഏറ്റവും ഉയരമുള്ള പോസ്റ്റില്‍ ഇരിക്കുന്ന ആളെന്ന് പറയുന്നത് ഒരു ചെറുപുഞ്ചിരിക്ക് വക നല്‍കുന്നുണ്ടെങ്കിലും മെയിലിലെ അവസാനത്തെ ചിത്രത്തിന് അടിക്കുറിപ്പായി പറയുന്ന കാര്യം ശുദ്ധ മണ്ടത്തരം തന്നെയായിരുന്നു. ആ ചിത്രം ദാ താഴെയുണ്ട്.
കെട്ടിടത്തിന്റെ മുകളില്‍ നിന്ന് നല്ലൊരു വൈഡ് ആങ്കിള്‍ ലെന്‍സ് ഉപയോഗിച്ച് എടുത്തിരിക്കുന്ന ചിത്രത്തിന്റെ നാല് മൂലകളും ഉരുണ്ടിരിരിക്കുന്നതുകൊണ്ട്, കെട്ടിടത്തിന്റെ മുകളില്‍ നിന്ന് നോക്കിയാല്‍ ഭൂമി ഉരുളുന്നത് കാണാമെന്നാണ് ഫോര്‍വ്വേഡ് മെയിലില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. ഇതൊക്കെ കഷ്ടപ്പെട്ട് എഴുതിയുണ്ടാക്കിയ വിവരദോഷിയൊക്കെ ദുബായിലേക്ക് വന്നത് KSRTC ബസ്സിലൊന്നുമല്ലല്ലോ ? 30,000 അടിയ്ക്കും മേലെയൊക്കെ പറക്കുന്ന വിമാനത്തില്‍ കയറി വരുമ്പോള്‍ ആരെങ്കിലും ഭൂമി ഉരുളുന്നത് കാണുന്നുണ്ടോ ? ഇല്ലല്ലോ ? പിന്നെന്തുകൊണ്ട് ഇത്തരം മണ്ടത്തരങ്ങള്‍ ഫോര്‍വ്വേഡ് ചെയ്ത് വിടുമ്പോള്‍ അല്‍പ്പം പോലും ആലോചിക്കുന്നില്ല.
2. ദാണ്ടേ ബില്‍ ഗേസ്റ്റ് അങ്ങേരുടെ സമ്പാദ്യമൊക്കെ കരക്കാര്‍ക്ക് വീതിച്ച് കൊടുക്കാന്‍ പോകുന്നു. ഈ മെയില് എല്ലാവര്‍ക്കും അയച്ച് കൊടുക്ക് എന്ന് പറഞ്ഞ് വന്ന മെയിലില്‍ ആ വകയില്‍ ചില വങ്കന്മാര്‍ക്ക് കിട്ടിയ ഡോളറിന്റെ കണക്ക് വരെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇതിനൊക്കെ എന്താ പറയ്യാ. ഞാന്‍ തോറ്റു.
3. നിങ്ങള്‍ക്ക് ഈ കിട്ടുന്ന മെയില്‍ 8 പേര്‍ക്കെങ്കിലും അയച്ച് കൊടുത്താല്‍ ഒരു ലാപ്പ്ടോപ്പ് കിട്ടുമെന്നും , ഒരു മൊബൈല്‍ ഫോണ്‍ കിട്ടുമെന്നുമൊക്കെ പറഞ്ഞ് വരുന്ന മെയിലുകളും ഉണ്ടായിരുന്നു. ആധികാരികത ഉറപ്പ് വരുത്താന്‍ ലാപ്പ്ടോപ്പ്/മൊബൈല്‍ തരുന്ന കമ്പനിയുടെ പ്രതിനിധിക്ക് കൂടെ മെയിലിന്റെ ഒരു കോപ്പി വിടണമെന്ന് പറഞ്ഞിട്ടുണ്ട്. മെയില്‍ അഡ്രസ്സ് ബുക്കിലുള്ളവര്‍ക്കൊക്കെ ഫോര്‍വ്വേഡ് ചെയ്ത് കൊടുത്ത് കിട്ടാന്‍ പോകുന്ന സമ്മാനത്തെപ്പറ്റിയുള്ള ദിവാസ്വപ്നത്തിന്റെ ആദ്യറീല് തുടങ്ങുന്നതിനുമുന്‍പേ കമ്പനി പ്രതിനിധിയ്ക്ക് അയച്ച മെയില്‍ ടെന്നീസ് ബോളുപോലെ തിരിച്ചുവന്നിരിക്കുമെന്നതാണു് സത്യം .
4. എന്റൊരു സഹപ്രവര്‍ത്തകന് പറ്റിയ ഒരബദ്ധം രസകരമായ സംഭവമായിരുന്നു. അബുദാബിയിലെ പാലസ് ഹോട്ടലിന്റെ ചില ഭാഗങ്ങളിലൊക്കെ പൊതുജനത്തിന് കയറിയിറങ്ങിക്കാണാന്‍ സൌകര്യമുണ്ട്. അവിടെപ്പോയി ഏതോ വിദ്വാന്‍ കുറേ പടങ്ങളൊക്കെ എടുത്ത് ഇത് അബുദാബി ഷേക്കിന്റെ പാലസാണെന്ന് പറഞ്ഞ് അയച്ച് കളിച്ചത് എന്റെ സഹപ്രവര്‍ത്തകനും കിട്ടി. കക്ഷിയത് ഇടം വലം നോക്കാതെ കുറേ കൂട്ടുകാര്‍ക്ക് അയച്ചുകൊടുത്തു. അതിലെ അബദ്ധം മനസ്സിലാക്കിയ കൂട്ടുകാര്‍ കുറേപ്പേര്‍ പാലസ് ഹോട്ടലില്‍ കയറി നന്നായി പോസുചെയ്ത് കുറെ പടങ്ങള്‍ എടുത്ത്,
” ദാ പിടിച്ചോ മോനേ നെന്റെ ഷെയ്ക്കിന്റെ പാലസില്‍ ഞങ്ങള്‍ വിരുന്നിന് പോയപ്പോള്‍ എടുത്ത പടങ്ങള്‍ ” എന്ന് പറഞ്ഞ് കക്ഷിക്ക് തിരിച്ചയച്ചുകൊടുത്തു. ചമ്മാന്‍ ഇനി പ്രത്യേകിച്ച് കാരണമൊന്നും വേണ്ടല്ലോ ?
5. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ബാന്ദ്രയിലെ വീടാണെന്ന് പറഞ്ഞ് കറങ്ങി നടന്ന മെയിലിനെ ബെര്‍ളി തോമസ്സ് പൊളിച്ചടുക്കിയത് കണ്ടിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കുമല്ലോ ? അങ്ങനൊരു വീട് പണിയാന്‍ സച്ചിന് കെല്‍പ്പില്ലാന്നൊന്നും ആരും കരുതുന്നില്ല. എന്നാലും ഇതൊക്കെ ഫോര്‍വ്വേഡ് ചെയ്ത് വിടുന്നതിനു് മുന്നേ ആരും രണ്ടാമതൊന്ന് ആലോചിക്കുന്നുപോലുമില്ല.
6. ബെര്‍ളി തോമസ്സിന്റെ കാര്യം പറഞ്ഞപ്പോളാണ് ഈ വിഷയത്തില്‍ പോസ്റ്റ് എഴുതിയുണ്ടാക്കുന്ന എനിക്ക് പറ്റിയ ഒരു അമളിയെപ്പറ്റി ഓര്‍ത്തത്. കൊള്ളാവുന്ന ഒരു ഹാസ്യലേഖനം ഫോര്‍വ്വേഡായി കിട്ടി. ആരെഴുതിയതാണെന്നൊന്നും അതിലില്ല. എനിക്ക് ലേഖനം ഇഷ്ടപ്പെട്ടതുകൊണ്ട് വളരെ അടുത്ത ചിലര്‍ക്ക് അത് അയച്ച് കൊടുക്കുകയും ചെയ്തു.
“ഇത് നമ്മുടെ ബര്‍ളിയുടെ ‘സതാംപ്റ്റണില്‍ നിന്ന് സണ്ണിക്കുട്ടി’ എന്ന കത്തല്ലേ?”
എന്ന് ചോദിച്ച് ഒരു സുഹൃത്തു് മറുപടി അയച്ചപ്പോഴാണ് എന്റെ അല്‍പ്പത്തരം എനിക്ക് വെളിവായത്. എന്റെ കൂട്ടുകാരന്‍ കരുതിക്കാണണം ഞാന്‍ അത് എന്റെ സൃഷ്ടിയാണെന്ന ഭാവത്തില്‍ ജനത്തിന് മൊത്തം അയച്ച് കൊടുക്കുകയായിരുന്നു എന്ന്. തന്റെ ലേഖനങ്ങള്‍ പേര് വെക്കാതെ ഫോര്‍വ്വേഡ് ചെയ്ത് കളിക്കുന്നവരെ ‘ഫോര്‍വ്വേഡ് നാറികള്‍ ‘ എന്ന് ബെര്‍ളി വിളിച്ചാല്‍ അതിലെന്താണ് തെറ്റ് ? ഒരു പ്രാവശ്യത്തേക്കാണെങ്കിലും ഞാനും ആ വിളി കേട്ടിരിക്കുന്നു. തൃപ്പിതിയായി.
7. സര്‍ദാര്‍ജിക്കഥകള്‍ ഇ-മെയിലില്‍ കിട്ടിയാല്‍ ഞാനും ഒരുപാട് പേര്‍ക്ക് ഫോര്‍വ്വേഡ് ചെയ്ത് കൊടുക്കാറുണ്ടായിരുന്നു കുറേക്കാലം മുന്‍പ് വരെ. മറ്റൊരു ഫോര്‍വ്വേഡഡ് മെയിലാണ് ആ സ്വഭാവം ഇല്ലാതാക്കിയത്. അതിങ്ങനെ പോകുന്നു. ഒരു സര്‍ദാര്‍ജിയുടെ ടാക്‌സിയില്‍ കയറി യാത്ര ചെയ്യുകയായിരുന്ന കുറേ ചെറുപ്പക്കാര്‍ അദ്ദേഹത്തെ കളിയാക്കാനായിത്തന്നെയായിരിക്കണം കുറേ സര്‍ദാര്‍ജിക്കഥകള്‍ പറഞ്ഞ് യാത്രാന്ത്യം വരെ ഉല്ലസിച്ച് നേരം കളയുകയായിരുന്നു. യാത്രയുടെ അവസാനം സര്‍ദാര്‍ജി ഓരോ ഒറ്റരൂപ നാണയങ്ങള്‍ എല്ലാവര്‍ക്കും എടുത്ത് കൊടുത്തിട്ട് പറഞ്ഞു .
“നിങ്ങള്‍ എവിടെയെങ്കിലും ഒരു സര്‍ദാര്‍ജി ഭിക്ഷക്കാരനെ കാണുകയാണെങ്കില്‍ ഈ നാണയം എനിക്കുവേണ്ടി അയാള്‍ക്ക് നല്‍കണം.“
സര്‍ദാര്‍ജികള്‍ അദ്ധ്വാനികളാണ് , അഭിമാനികളാണ്. അവര്‍ ഭിക്ഷ യാജിക്കാന്‍ പോകാറില്ല. അതിന്റെ ആവശ്യം ഉണ്ടാകാറില്ല. അതുകൊണ്ട് ആ നാണയം ആ ചെറുപ്പക്കാരില്‍ ഒരാളുടെ കൈയ്യില്‍ ഇപ്പോളുമെണ്ടെന്നാണ് മെയിലില്‍ പറയുന്നത്. നിര്‍ത്തി, സര്‍ദാര്‍ജിക്കഥകള്‍ പ്രചരിപ്പിക്കുന്നത് അതോടെ ഞാന്‍ നിര്‍ത്തി. ഇനിയില്ല. സ്വന്തം ‘സൃഷ്ടി‘ പോലും ആര്‍ക്കും അയച്ച് കൊടുക്കുന്ന പ്രശ്നം ഇനിയില്ല.
സത്യസന്ധമല്ലാത്ത ഫോര്‍വ്വേഡഡ് ഇ-മെയിലുകളില്‍ പലതും ഹോക്സ് എന്ന ഓമനപ്പേരിലാണ് അറിയപ്പെടുന്നത്. ലോകത്തെമ്പാടുമുള്ള ഇ-മെയില്‍ ഐഡികള്‍ ശേഖരിച്ച് ആ ഐഡികളിലേക്കൊക്കെ സ്പാം മെയിലുകള്‍ അയക്കാന്‍ സൌകര്യം ചെയ്ത് കൊടുക്കുന്ന ഒരു മാഫിയ തന്നെ ഇത്തരം മെയിലുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നമ്മുടെ മെയില്‍ ബോക്സിലേക്ക്, നമ്മളയച്ച ഫോര്‍വ്വേഡഡ് മെയിലുകള്‍ , സ്പാം മെയിലുകള്‍ക്ക് വന്നുകേറാനുള്ള വഴിയൊരുക്കി എന്നത് മനസ്സിലാക്കാതെ സ്പാം മെയിലുകളെ നമ്മള്‍ മറുവശത്ത് ചീത്തവിളിച്ചുകൊണ്ടിരിക്കുന്നു. എന്തൊരു വിരോധാഭാസം.
കൈയ്യില്‍ക്കിട്ടുന്ന മെയിലുകളൊക്കെ ഫോര്‍വ്വേഡ് ചെയ്ത് കൊടുക്കുന്നതിനു് മുന്‍പേ എല്ലാവരും ഒരുവട്ടമെങ്കിലും ആലോചിക്കുന്നത് നന്നായിരിക്കുമെന്നാണ് എന്റെ അഭിപ്രായം. ‘ഊഹാപോഹങ്ങള്‍ മുഖ്യധാരാ മാദ്ധ്യമങ്ങള്‍ പോലും പ്രചരിപ്പിക്കുന്ന കാലമല്ലേ പിന്നെന്താ ഞാനിപ്പോള്‍ സത്യാവസ്ഥയെപ്പറ്റി വലിയ ഉറപ്പൊന്നുമില്ലാത്ത ഒരു മെയില്‍ അയച്ചുകൊടുത്താല്‍ ‘ എന്ന് മറുചോദ്യം ചോദിക്കുന്നവരോട് ഹാ കഷ്ടം എന്നല്ലാതെ എന്തുപറയാന്‍!
ഇനിയിപ്പോള്‍ നാലഞ്ച് മെയില്‍ ഫോര്‍വ്വേഡ് ചെയ്താലേ ഉറക്കം വരൂ എന്നുള്ളവര്‍ക്ക് നിര്‍ദ്ദോഷകരമായ ഒരു ഉദാഹരണം ഞാന്‍ നിര്‍ദ്ദേശിക്കാം, കേട്ടോളൂ.
ഈയടുത്ത് കിട്ടിയ അത്തരമൊരു മെയില്‍ സഞ്ചാരിയായ കൊളംബസ്സിനെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. അടിസ്ഥാനരഹിതമായ മെയിലുകള്‍ക്ക് പകരം, ഇമ്മാതിരിയുള്ള ഫോര്‍വ്വേഡ് മെയിലുകള്‍ അയച്ച് കളിച്ചാല്‍ വായിക്കാന്‍ അല്‍പ്പം രസമെങ്കിലും ഉണ്ട്. അവിവാഹിതനായിരുന്ന കൊളംബസ്സ് വിവാഹിതനായിരുന്നെങ്കില്‍ , കപ്പലില്‍ ചുറ്റിയടിച്ചുനടന്ന് വീട്ടില്‍ വന്ന് കയറുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ ചോദ്യങ്ങളും പ്രതികരണങ്ങളുമായിരുന്നു ആ മെയിലില്‍ . അതിന്റെ നിരക്ഷര-വേര്‍ഷന്‍ താഴെ.
നിങ്ങളെവിടെപ്പോയിരുന്നു ?
ഓ…ഞാനൊന്ന് കറങ്ങാന്‍ പോയി.
എവിടെയാ പോയത് ?
ഒന്ന് വൈപ്പിന്‍ കര വരെ പോയി.
കൂടെ പെണ്ണുങ്ങള്‍ ആരെങ്കിലും ഉണ്ടായിരുന്നോ ?
ഹേയ് ..പെണ്ണുങ്ങളോ ? എന്റെ കൂടെ എന്റെ നാവികര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇനിയെങ്ങോട്ടാ അടുത്ത യാത്ര ?
ഒന്ന് പോഞ്ഞിക്കര വരെ പോകണം .
പെണ്ണുങ്ങള്‍ ആരെങ്കിലും വരുന്നുണ്ടോ കൂടെ ?
(കൊളംബസ്സിന്റെ നിയന്ത്രണം പോകുന്നു.)
പണ്ടാറെടങ്ങാന്‍ ഞാന്‍ ഒരിടത്തും പോകുന്നില്ല. പോരേ ?
ഇതൊരു പ്രേത ബ്ലോഗായിട്ട് കിടക്കാന്‍ തുടങ്ങിയിട്ട് മാസം 3 കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടെഴുതിപ്പോയതാ.
വളരെ കാലിക പ്രാധാന്യമുള്ള പോസ്റ്റ്.നന്നായിരിക്കുന്നു
നിരക്ഷരാ പറഞ്ഞത് അക്ഷരം പ്രതി സത്യം.. ഇനി അക്ഷരന്‍ എന്നാക്കികൂടെ പേര്
നീരൂ,
ഫോര്‍വ്വേഡഡ് മെയിലുകള്‍ എനിക്കും കിട്ടാറുണ്ട്. നീരു പറഞ്ഞത് പോലെ പിണറായി സഖാവിന്‍റെ വീട് എനിക്കും വന്നു. സ്പാം മെയിലുകള്‍ അതിന്‍റെ ഉറവിടം മിക്കവാറും പൊള്ളയോ, കെട്ടിച്ച്മച്ചതോ ആയിരിക്കും. അത് അറിയാതെ കിട്ടിയതെല്ലാം അയച്ച് കൊടുത്ത് പൊല്ലാപ്പില്‍ ചാടാതെ സൂക്ഷിക്കാന്‍ ഈ കുറിപ്പിന് തീര്‍ച്ചയായും കഴിയും.
നീരൂ…നന്ദി
പ്രേതങ്ങളെന്തായാലും ഇനി ഈ വഴി വരില്ല…
ithenthayalum oru 10 perk forward cheythit baki karyam..
അപ്പൊ ഈ മെയിൽ ഫോറ്വേഡ് ചെയ്തില്ലെങിൽ ധനനഷ്ടം, മാനഹാനി, തീപിടുത്തം ഒക്കെ ഫലം അല്ലെ?
നിങ്ങളെവിടെപ്പോയിരുന്നു ?
ഓ…ഞാനൊന്ന് കറങ്ങാന്‍ പോയി.
എവിടെയാ പോയത് ?
ഓ.. മുനമ്പത്തു നിന്ന് മാല്യങ്കര, കൊടുങ്ങല്ലൂര്‍ , ഗുരുവായൂര്‍ , കോഴിക്കോട്, തലശ്ശേരി വഴി കണ്ണൂര്‍ക്ക്..
കൂടെ പെണ്ണുങ്ങള്‍ ആരെങ്കികലും ഉണ്ടായിരുന്നോ ?
ഹേയ് ..പെണ്ണുങ്ങളോ ? എന്റെ കൂടെ എന്റെ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇനിയെങ്ങോട്ടാ അടുത്ത യാത്ര ?
ഒന്ന് ഗോവ വരെ പോകണം .
പെണ്ണുങ്ങള്‍ ആരെങ്കിലും വരുന്നുണ്ടോ കൂടെ ?
(നിരക്ഷരന്റെ നിയന്ത്രണം പോകുന്നു.)
പണ്ടാറെടങ്ങാന്‍ ഞാന്‍ ഒരിടത്തും പോകുന്നില്ല. പോരേ ?
നീരു ചേട്ടാ,
ഇത് വളരെ നല്ല ഒരു പോസ്റ്റാണ്.
.കഴിഞ്ഞ ജൂണില്‍ എനിക്ക് ഒരു മെയില്‍ കിട്ടി-NRI കാര്‍ക്ക് നമ്മുടെ ഇന്ത്യ ഗവണ്മെന്റ് ടാക്സ് ഏര്‍പ്പെടുത്തുന്നു എന്നാണ് അതിന്‍റെ ഉള്ളടക്കം,കൂട്ടത്തില്‍ ഒരു ലിങ്കും ഉണ്ടാരുന്നു.
(അങ്ങനെ ഒരു വാര്‍ത്തയും അതിനു മുന്‍പു കേട്ടിരുന്നില്ല)ഞാന്‍ അത് എന്‍റെ ഓഫീസില്‍ സഹപ്രവര്‍ത്തകര്‍ക്ക് അയച്ചുകൊടുത്തു.കുറച്ചു കഴിഞ്ഞപ്പോള്‍ മെയില്‍ കിട്ടിയവര്‍ റിപ്ലേ അയച്ചു.ചിലത് അല്‍പ്പം കടുത്ത ഭാഷയില്‍ ആയിരുന്നു .ഏതോ ഒരുവന്‍ ഏപ്രില്‍ ഫൂളിന് ഇറക്കിയ മെയില്‍ എനിക്ക് വന്നത് ജൂണില്‍ ,അത് ശരിയാണോ എന്ന് നോക്കാതെ ഫോര്‍വേഡ് ചെയ്ത ഞാന്‍ ഓഫീസില്‍ ആകെ നാറി:)
അതില്‍ പിന്നെ അങ്ങനൊരു പരുപാടി നടത്താറില്ല
This comment has been removed by the author.
This comment has been removed by the author.
ലോകം ചുറ്റുന്നതിനിടയില്‍ വല്ലപ്പോഴും ബ്ലോഗിലേക്കും കയറി നോക്കണം.ഇല്ലെങ്കില്‍ ബ്ലോഗില്‍ പ്രേതം കയറും..
പിന്നെ എനിക്ക് അടിച്ച ഓണ്‍ലൈന്‍ ലോട്ടറികളുടെ തുക ഒക്കെ മൊത്തത്തില്‍ കൂട്ടി നോക്കിയപ്പോള്‍ ഞാനിപ്പോ Warren Buffet നെക്കാളും കാശുകാരനാ..
സോ നോ കമന്റ്സ്..
തകര്‍ത്തടുക്കി,ഇതൊന്നു ഫോര്വേര്ഡ് ചെയ്താലോ നീരുജി…
വയാഗ്ര മെയിലുകള്‍ കിട്ടാറില്ലേ മനോജേ?
എനിക്കിതിലേറ്റവും ഇഷ്ടപ്പെട്ടത് നിരക്ഷരവേര്‍ഷന്‍- കൊളംബസ് കഥയാ. നല്ല ഒറിജിനാലിറ്റി, അനുഭവം ഗുരു അല്ലേ ?
Yathra vivaranam ezhutham ennu paranju poya alu forward ne patty ano ezhuthiyathu… but Manoj paranjathu sathyam…. oralku forward cheythal oru cent vachu kittum ennu paranju oru kunjinte padam okke vachu vanna mail polum eeyide forward cheyyan thonnarillaaa… athraku salyam anu ee mailukale kondu… pandokke entho accident pattiya aa kunjine kanumbol sankadam thonni cheythittundu… but ellam nirthi ippol…. good article….
നീരൂ,ഇതൊരു പ്രേതമല്ല !പ്രേതപ്പിശാചാ !
അത്രയ്ക്ക് ബുദ്ധിമുട്ടാറുണ്ട് ഈ ഫോറ്വേഡഡ്
മെയ്ലുകള്‍ കാരണം.ഒരു പണിയുമില്ലാത്ത,ചില
മോന്തായം നോക്കികളാണിതിനു പിന്നിലെന്ന്
നമുക്കറിയാം..കാള പ്രസവിച്ചെന്ന് ആരെങ്കിലും
വെച്ചുകാച്ചിയാലതും ഫോറ്വേഡാക്കുമിത്തരക്കാര്‍.
ലക്കും ലഗാനുമില്ലാത്ത ഈ പ്രവണത തടയാന്‍,
ഇത്തരക്കാരെ ബോധവല്‍ക്കരിക്കുകയേ
നിവൃത്തിയുള്ളൂ ! ചിലറ്ക്ക് കറ്ശനമായ താക്കീത് നല്‍കേണ്ടി വന്നേക്കും ,അത്രേയുള്ളു
ഈ പ്രേതബാധ.എന്നിട്ടും പിന്തിരിയുന്നില്ലെങ്കില്‍
പിന്നെ,പൂഴിക്കടകന്‍ പ്രയോഗിക്കല്‍ തന്നെ!
അതങ്ങ് ബ്ലോക്ക് ചെയ്യുകയേ നിവൃത്തിയുള്ളു.
എന്തായാലും സംഗതി ഉഷാറായിട്ടുണ്ട്.
നീരുവിന്‍ യാത്രാവിവരണം മാത്രമല്ല,
ഇന്വെസ്റ്റിഗേഷനും വഴങ്ങുമെന്ന് ബോദ്ധ്യായി !
ആശംസകള്‍.
ഷെയ്ക്കിന്റെ പാലസ് എനിക്കിഷ്ട്ടായി…
ആശംസകള്‍…..
കാലിക പ്രസക്തമായ ലേഖനം. ആശംസകള്‍
മനോജ്,’ നിരക്ഷരനെ’ പുനരുദ്ധരിച്ചതിനു നന്ദി…………..
വളരെ പ്രസക്തമായ പോസ്റ്റ് ട്ടോ ..
എന്നാല്‍ ഉള്ള സത്യം പറയാലോ.. ഫോര്‍വേഡ് മെയില്‍സ് എത്ര കൂതറ ആണേലും ഐ ടി മേഖല എന്ന മരുഭൂമിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവ മരുപ്പച്ചകള്‍ ആണ് .. പക്ഷെ വന്നു വന്നു ഇപ്പോള്‍ സത്യം പറഞ്ഞു മെയില്‍ അയച്ചാലും വിശ്വസിക്കില്ല എന്ന സ്ഥിതി ആയെന്നു മാത്രം .. നേരെ ട്രാഷ് !!
മോന്റെ പോസ്റ്റു വളരെ ചിന്താ വിഷയമായി എടുക്കേണ്ടുന്ന കാലം അതിക്രമിച്ചു … ഹോ എന്റെ ഈശ്വര ഈ ഫോര്‍വേഡ് മെയിലിനെ കൊണ്ട് തോറ്റൂ..നിത്യവും ഇത് ഡിലീറ്റുചെയ്യാന്‍ വേണം അരമണിക്കൂര്‍ .
Most of the Hox mails are analyzed and categorized in this site.
http://www.hoax-slayer.com/
ഈശ്വരാ….ഇനി മുതല്‍ ഈ സൈറ്റില്‍ നിന്നും കോപ്പി പേസ്റ്റ് ആയിരിക്കും എല്ലാം. മലയാളികള്‍ സാധാരണയായി കാണാത്ത കൊറേ കിടിലം സംഭവങ്ങള്‍ ഇവിടെ ഉണ്ട്.
എനിക്കിഷ്ടമാണ് ഫോർവേഡഡ് മെയിലുകൾ കിട്ടുന്നത്.. രസാണ് ചിലത് വായിക്കാൻ . ജിമെയിലിൽ ആകെ വരുന്നത് അവ മാത്രമാണ്. പക്ഷേ, ഞാൻ ആർക്കും അവ ഫോർവേർഡ് ചെയ്യാറില്ല എന്നത് വേറെ കാര്യം.
പ്രധാനപ്പെട്ട ഒരു സംഭവം:
നിരക്ഷരന് എന്നോട് ദേഷ്യമാണോ?ഇന്നലെ വരെ ഒരു കുഴപ്പവുമില്ലാരുന്നു..ഇനി പുള്ളിയുടെ ഫോട്ടോയ്ക്ക് കമെന്റ് ചെയ്തതാണോ ഞാന്‍ ചെയ്ത കുറ്റം…ഇന്ന് എന്നെ ഓര്‍ക്കുട്ടില്‍ നിന്നും ഡിലീറ്റ് ചെയ്തിരിക്കുന്നു ഒപ്പം പുതിയ ഒരു സ്ടാട്ടാസ് മെസ്സേജ് ‘
Manoj Ravindran
says “ഒരാളെ ഓര്‍ക്കുട്ടീന്ന് എടുത്ത് കളയേണ്ടി വന്നു. ചെയ്യിച്ചതാ.”
ഞാനാണ് ആ വ്യക്തി ….ഞാന്‍ വീണ്ടും റിക്വസ്റ്റ് അയച്ചിട്ടുണ്ട് ..എന്നെ ഫ്രെണ്ട് ആയി ആഡ് ചെയ്യണം എന്നില്ല..പക്ഷെ ഈ ഒളിപോരു അവസാനിപ്പിച്ചു എന്തിനാണ് എന്നെ ഡിലീറ്റ് ചെയ്തത് എന്ന് പറഞ്ഞാല്‍ വല്യ ഉപകാരം ആയിരുന്നു…ഒരാളുടെ ഫോട്ടോയ്ക്ക് കമെന്റ് ചെയ്യുന്നതും ബ്ലോഗില്‍ കമെന്റ് ഇടുന്നതും ഇത്ര വല്യ തെറ്റാണ് എന്ന് അറിഞ്ഞിരുന്നേല്‍ ഞാന്‍ ഇനി മേല്‍ അത് ആവര്‍ത്തിക്കില്ല …….തെറ്റിധാരണ ഉണ്ടെങ്കില്‍ മുഖത്ത് നോക്കി പറഞ്ഞാല്‍ എനിക്ക് ഒരു കുഴപ്പവും ഇല്ല….
ഈ പൊസ്റ്റ് ഞാൻ ഒരു 10 പേർക്ക് ഫോർവേഡ് ചെയ്യട്ടെ!
.
@ ജിക്കു വര്‍ഗ്ഗീസ് -
ഇത് ഓര്‍ക്കുട്ടല്ല. ഇത് ബസ്സുമല്ല, ഇത് ബ്ലോഗാണ്. ഓര്‍ക്കൂട്ടിലെ കാര്യം അവിടെ ബസ്സിലെ കാര്യം ബസ്സില്‍ .ബ്ലോഗിലെ കാര്യം ബ്ലോഗില്‍ .
ബ്ലോഗില്‍ കമന്റിടുന്നെങ്കില്‍ അത് എഴുതിയിരിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് എഴുതുക. അതിന് പറ്റുന്നില്ലെങ്കില്‍ ദയവായി എന്റെ ബ്ലോഗില്‍ നിന്ന് മാറിനില്‍ക്കുക.
നിരക്ഷരന്‍ എന്ന ബ്ലോഗര്‍ താങ്കളെ ഓര്‍ക്കുട്ടില്‍ നിന്ന് ഡിലീറ്റ് ചെയ്തത് പ്രധാനപ്പെട്ട ഒരു സംഭവമേ അല്ല. താങ്കളുടെ ഓഫ് ടോപ്പിക്ക് കമന്റ് തുടങ്ങുന്നത് ‘പ്രധാനപ്പെട്ട ഒരു സംഭവം‘ എന്ന് പറഞ്ഞാണ്.
ഇതിനകം താങ്കള്‍ മുകളില്‍ എഴുതിയിരിക്കുന്ന കമന്റ് ബസ്സിലും അതേ പോലെ പേസ്റ്റ് ചെയ്തിരിക്കുന്നത് കണ്ടു. ഇതുതന്നെയാണ് ജിക്കുവിന്റെ കുഴപ്പം. ജിക്കുവിന്റെ പ്രായത്തിന് കൂട്ടുകാരനാക്കാന്‍ പറ്റിയ ആളല്ല ഞാന്‍. അതുകൊണ്ട് എന്നെ വിട്ട് പിടിക്കുക. പിന്നെ ഞാന്‍ ഓര്‍ക്കുട്ടില്‍ നിന്ന് ജിക്കുവിനേയോ അല്ലെങ്കില്‍ മറ്റാരെയെങ്കിലുമോ എടുത്ത് കളഞ്ഞതിന് ‘ഒളിപ്പോര് ‘ എന്നാണോ പറയേണ്ടത് ? ഒരാളെ കളഞ്ഞു എന്ന് ഞാന്‍ അവിടെ പറയുന്നുമുണ്ട്. പദങ്ങള്‍ സൂക്ഷിച്ച് ഉപയോഗിക്കുന്നത് കേള്‍ക്കുന്നവര്‍ക്ക് മനോവിഷമം ഉണ്ടാക്കാതിരിക്കാന്‍ ഉപകരിക്കും.
ഞാന്‍ ഈ വെര്‍ച്ച്വല്‍ ലോകത്ത് കിടന്ന് കറങ്ങുന്നത് സൌഹൃദങ്ങള്‍ക്ക് വേണ്ടിയാണ്. വെറുപ്പ്, വിദ്വേഷം, പക ഒന്നും ഞാന്‍ കൊണ്ടുനടക്കാനോ , കൊണ്ടുനടക്കുകയോ പ്രചരിക്കുകയോ ചെയ്യാറില്ല/ചെയ്യുന്നില്ല. എനിക്ക് പറ്റാത്ത ഒരാളെ ‘നോട്ട് മൈ കപ്പ് ഓഫ് ടീ’ എന്ന് കരുതി മാറ്റി നിര്‍ത്താനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. അതിന് കാരണം ബോധിക്കേണ്ട ആവശ്യം ഇല്ലെങ്കിലും ഞാനത് ചെയ്തിരിക്കുന്നു. അനിയന്റെ ഒരു മനസ്സമാധാനത്തിന് വേണ്ടി മാത്രം. മാറ്റി നിര്‍ത്തിയതിന് അര്‍ത്ഥം ദേഷ്യം , ഒളിപ്പോര് എന്നൊന്നും അല്ല.
ബസ്സ്, ഓര്‍ക്കുട്ട് എന്നതില്‍ നിന്നെല്ലാം താങ്കളെ ബ്ലോക്ക് ചെയ്തിരിക്കുന്നതായും അറിയിച്ച് കൊള്ളുന്നു.
ഈ കമന്റ് ഫോളോ അപ്പ് വഴി താങ്കള്‍ക്ക് കിട്ടുമല്ലോ ? അതുകൊണ്ട് ഇതിട്ട ഉടനെ താങ്കളുടെ കമന്റും എന്റെ ഈ കമന്റും ഞാന്‍ ഡിലീറ്റ് ചെയ്യുന്നതായിരിക്കും.
ഇനി ഈ വിഷയത്തെപ്പറ്റി ബ്ലോഗില്‍ പോസ്റ്റ് ഇടുകയോ, ഇതുപോലെ പറഞ്ഞുനടക്കുകയോ ഒക്കെ ആകാം. പക്ഷെ അതിനൊന്നും മറുപടി പറയാന്‍ ഞാന്‍ വരില്ല. എനിക്ക് സമയവുമില്ല.ഇതുതന്നെ താങ്കള്‍ ബ്ലോഗിലും ബസ്സിലുമൊക്കെ വന്ന് ഓഫ് ടോപ്പിക്കായ കാര്യങ്ങള്‍ പറഞ്ഞതുകോണ്ട് മാത്രം. കാര്യങ്ങള്‍ മനസ്സിലായിക്കാണുമെന്ന് വിശ്വാസത്തോടെ
എല്ലാ നന്മകളും നേര്‍ന്നുകൊണ്ട്
-നിരക്ഷരന്‍
(അന്നും , ഇന്നും, എപ്പോഴും)
പോസ്റ്റ് വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി
ഒരു ബ്രൂസ് ലീ മെയില് ഫോര്‍വേഡായി കിട്ടിയതു ഓര്‍മ്മ വരുന്നു
This comment has been removed by the author.
ബ്ലോഗ് വായിച്ചു, വളരെ നന്നായി…എന്തായാലും ഫോര്‍വേഡ് ചെയ്യുന്നതിന് മുമ്പ് താഴെ പറയുന്ന സൈറ്റ്-ഇല്‍ പോയി നോക്കാന്‍ സമയം ഉണ്ടെങ്കില്‍ ചെയ്യുന്നത് നന്നാവും.
http://www.hoax-slayer.com/
ഇങ്ങനെ നല്ല പോസ്റ്റ്-കല്‍ ഇനിയും പോരട്ടെ
സാം.
നല്ല ലേഖനം. ഇതുപോലെ തന്നെയാണ് ഓണ്‍ലൈന്‍ ലോട്ടടി അടിച്ചു എന്ന് പറഞ്ഞു വരുന്ന മെയിലുകള്‍. പിന്നെ ചിലവ എന്റെ കൈവശം കോടികള്‍ ഉണ്ടെന്നും ഉചിതമായ ഒരു ബിസിനസ്സ് തുടങ്ങുവാന്‍ താല്പര്യം ഉണ്ടെന്നും പറഞ്ഞ് വരുന്ന മെയിലുകള്‍.
എന്നാല്‍ ഇത്തരത്തില്‍ കറങ്ങി നടന്ന മെയില്‍ ഫോര്‍വേഡുകളില്‍ എന്നെ ഞെട്ടിച്ച ഒരു സംഭവം ചന്ദ്രന്റെ വലുപ്പത്തില്‍ ചൊവ്വ ഗ്രഹത്തെ ആകാശാത്ത് കാണാം എന്ന് നാസയുടെ അറിയിപ്പ് എന്ന ജങ്ക് മെയില്‍ നമ്മുടെ ഒരു പ്രധാന ദിനപ്പത്രം വാര്‍ത്തയായി പ്രസിദ്ധീകരിച്ചതാണ്.
E Bloginte link 100 peerku forward chaithu kodukkanam illenkil nale ninglaude computer BOD… Kollam nalla post ketto
Very much relevant post.
Forward mails ommunicatinte praadhanyam thanne nashippikunnu.
അറിവ് പകര്‍ന്നുതരുന്ന ആധികാരികമായ വസ്തുതകളുള്ള മെയില്‍ ഫോര്‍വ്വേഡ് ചെയ്ത് കളിക്കുന്നതിനോട് എനിക്കെതിര്‍പ്പൊന്നും ഇല്ല. മണ്ടത്തരങ്ങള്‍ ഫോര്‍വ്വേഡ് ചെയ്യുന്നതിനോടും, നമുക്കുറപ്പില്ലാത്ത കാര്യങ്ങളും അന്ധവിശ്വാസങ്ങളുമൊക്കെ പ്രചരിപ്പിക്കുന്നതിനോടുള്ള എന്റെ അമര്‍ഷം മാത്രമാണ് ഞാന്‍ ഈ പോസ്റ്റിലൂടെ കാണിച്ചത്.
വായിച്ചവര്‍ക്കും പ്രതികരിച്ചവര്‍ക്കും എല്ലാം ഒരുപാടൊരുപാട് നന്ദി
ആദ്യമായി എത്തിയതാണ്. എത്താൻ വളരെ താമസിച്ചു…
ആനുകാലിക പ്രസക്തിയുള്ള ഒരു നല്ല ലേഖനം … സ്വതസിദ്ധമായ അവതരണത്തോടെ രസാവഹമാക്കി ഒടുവിൽ….
ഓരോ ദിവസവും inbox തുറക്കുമ്പോഴും ഞാൻ ആദ്യം നോക്കുന്നത് ഇന്ന് എത്ര ലോട്ടറി അടിച്ചൂന്നാണ്.അങ്ങനെയുള്ള് ഒരു മെയിലിന് ഞാനൊരിക്കൽ മറുപടി അയച്ചു .‘താങ്കളുടെ പൈസ അയ്ച്ചു തരാൻ,UKയിൽ ചില നടപടി ക്രമങ്ങൾ നടത്തേണ്ടതുണ്ട്,പിന്നെ ട്രാൻസേഷൻ ചാർജ്ജുമായി ഒരു തുക($) താഴെ കാണുന്ന A/C No ലേക്ക് അയച്ചു തരിക’ എന്ന് മറുപടി കിട്ടി.ഞാനതിന് ഇങ്ങനെ മറുപടി എഴുതി ‘ട്രാൻസേഷന് ആവിശ്യമായ തുക എടുത്തിട്ട്,ബാക്കി തുക എനിക്ക് അയച്ചു തന്നാൽ മതി’. അങ്ങനെ വകുപ്പ് ഇല്ലാന്ന് പറഞ്ഞ് എനിക്ക് മറുപടി ലഭിച്ചു.പിന്നെ പുള്ളിക്കാരനെ എന്റെ inbox ന്റെ പരിസരത്ത് കണ്ടില്ലാന്ന് പറയുന്നില്ല,പല രൂപത്തിലും ഭാവത്തിലും ഇപ്പോഴും ഇത്തരം മെയിലുകൾ വരുന്നുണ്ട്. Spam ചെയ്താലും പിന്നെയും വരും.
കൊളംബസ്സിനെ കുറിച്ചു നിരക്ഷരൻ പറഞ്ഞ കഥയേക്കാൾ എനിക്കിഷ്ടപ്പെട്ടെത് നന്ദകുമാറിന്റെ റീമിക്സ് കഥയാണ്. ഇപ്രവിശ്യം നിരക്ഷരൻ ബഹറിനിൽ പോയി വന്നതിനു ശേഷമാണ് ഈ സംഭാഷണം നടന്നതെന്ന് തോന്നുന്നു.ബ്ലൊഗ്ഗേസിന് ഇനി നല്ല യാത്രാവിവരണങ്ങൾ നഷ്ടപ്പൊടുമോ?
കാണാന്‍ വൈകിപ്പോയി നീരുവേട്ടാ.നല്ല ലേഖനം.
എനിക്കും ഉണ്ട് കുറേ ‘ഫോര്‍വേഡഡുകാര്‍’.ഇനിമേല്‍ എനിക്ക് ഇത്തരം പണ്ടാരംസ് ഫോര്‍വേഡ് ചെയ്യരുതെന്ന് പറയാന്‍ പലവട്ടം നാക്കെടുത്തതാ.ഇത് പറഞ്ഞോണ്ടിനി ലവന്മാര്‍ക്കെന്തെങ്കിലും വിഷമം! അങ്ങനെ പറയേണ്ടെന്ന് വച്ചു.പകരം ഓരോരുത്തര്‍ക്കും ഓരോ ഫോള്‍ഡര്‍ ഉണ്ടാക്കി കൊടുത്തു.ഡൈലി അഞ്ചോളം മെയിലുകള്‍ വെച്ച് വന്നു കയറുന്നുണ്ടിപ്പോ ഓരോന്നിലും.എന്തായാലും ഇതൊരെണ്ണം ഫോര്‍വേഡുന്നുണ്ട് ട്ടോ.ഇച്ചിരി സമാധാനം കിട്ടിയേക്കാം.
This comment has been removed by the author.
good…post…we are waiting for your next post….
നീരൂ. നിരക്ഷരാ എന്ന് നീട്ടി വിളിച്ചെനിക്ക് മടുത്തു..അപ്പോഴാ നമ്മുടെ നുറുങ്ങിക്കയുടെ സംബോധന കണ്ടത്. ഞാനും ഇനി മുതല്‍ അങ്ങിനെയാണ് വിളിക്കാന്‍ പോകുന്നത്.
ഫോര്‍വേഡ് മെയിലുകളുടെ ഒരു കലവറയാണെന്റെ ഇന്‍-ബോക്സ്!! ഞാന്‍ അയച്ചു കൊടുക്കുന്ന ഇമ്മാതിരി തട്ടിപ്പു മെയിലുകള്‍ കിട്ടാനായി എന്റെ കൂട്ടുകാര്‍ വേഴാമ്പലിനെ പോലെ കാത്തിരിക്കാറുണ്ട്..ആ സച്ചിന്റെ വീടൊക്കെ കണ്ട് wow! എന്നും, ആ മനുഷ്യന് എല്ലിന്റെയിടയില്‍ പണം കുത്തുന്നതാണന്നുമൊക്കെ ചിന്തിച്ചത് വേസ്റ്റ്…കണ്ണുതുറപ്പിച്ചതിനു നന്ദി.
ദെ കുറച്ചു നേരത്തെ ഒരു 3 forwards തട്ടിയെ ഉള്ളു…..എന്തായാലും ഇനി അയക്കുമ്പോ ഒന്ന് ആലോചിച്ചിട്ടെ അയയ്ക്കു
ഇങ്ങനെ വരുന്നതില്‍ മിക്കതിന്റെയും സത്യാവസ്ഥ തിരക്കാന്‍ പറ്റിയ മറ്റൊരു സൈറ്റാണ് – http://www.snopes.com. മലയാളികള്‍ ഉണ്ടാക്കുന്ന സ്പാം മെയിലുകള്‍ക്കായി ഇങ്ങനൊന്ന് തുറക്കേണ്ടിവരും. ഇപ്പോ SMS ആയും വരുന്നുണ്ട്, 10 പേര്‍ക്ക് അയച്ചാല്‍ അത് കിട്ടും ഇത് കിട്ടും എന്നൊക്കെ പറഞ്ഞ്.
അണ്ണാ യെന്തരണ്ണായിതൊക്കെ ??ലിതിനൊക്കെ തന്നെയല്ലേ അണ്ണാ ജിമെയിലിലൊക്കെ ഫില്ടരുകളൊക്കെ ഒള്ളത് ? തോമ്പിയങ്ങ് കളയണം ഫോര്വേര്ഡ് മെയിലുകളൊക്കേം കേട്ടാ ??
hmmmmmmmmmmmm
ഈ വിഷുവിനോടനുബന്ധിച്ചു മിഠായി അവതരിപ്പിക്കുന്നു,മലയാളത്തിലെ ഏറ്റവും വലിയ ബ്ലോഗിംഗ് മത്സരം,ഇത്തവണ താങ്ങള്‍ക്കു വിഷു കൈനീട്ടം നല്‍കുന്നത് മിഠായി.com ആണ്.Join Now http://www.mittayi.com
അകത്തേക്കുള്ള യാത്രകള്‍ പുറത്തേക്കുള്ള യാത്രകള്‍.കൊളംബസ്സെ കാലുകള്‍ നിലത്തൂന്നാതെ പോവുക.
EE post enikkishtayi ..
njanum berleede post Fwd cheythu chammiya aala …
..
ഹ ഹ ഹ..
“പിണറായിയുടെ വീട്” ഫോര്‍വേഡ് മെയിലിന്റെ കോലാഹലം കെട്ടടങ്ങിയേ ഉള്ളു, ഇവിടെ കേരളത്തില്‍.
പോസ്റ്റിന്റെ കാലികപ്രസക്തിക്കും അവതരണത്തിനും അഭിനന്ധനങ്ങള്‍
..
നല്ല പോസ്റ്റ് , ഇനിമുതല്‍ മെയില്‍ ഫോര്‍വേഡ് ചെയുമ്പോള്‍ രണ്ടു വട്ടം ആലോചിക്കും
ഇത്തരം ഫോര്‍വര്‍ഡ് മെയില്‍ ഒക്കെ വിശ്വസിച്ച് കള്ളുകുടി സദസ്സുകളില്‍ ഘോരഘോരം വാദിക്കുന്ന നിരവധി ആളുകള്‍ ദുബയിലും ഷാര്‍ജയിലും ഉണ്ട്, ബുര്‍ജ് ദുബായ് ക്രെയ്ന്‍ ഒപ്പറേറ്റര്‍ മെയിലിന്റെ പൊള്ളത്തരം മനസിലാക്കി കൊടുത്തതിനു അന്നു ഞാന്‍ ജോലിചെയ്തിരുന്ന കമ്പനിയിലെ ഒരു ഡ്രൈവര്‍ കുറെ ദിവസം എന്നോട് പിണങ്ങിനടന്നു, ഹ ഹ ഹ
ഞാന്‍ ഇന്നാണു ഈ ബ്ലോഗിലേക്ക് വന്നത്, ഒറ്റയിരിപ്പിന് കുറച്ചു വായിച്ചു. വായന തുടരുന്നു..