sos-alwaye-001

കുട്ടികളുടെ ഗ്രാമം


ലപല മാദ്ധ്യമങ്ങളിലൂടെയായി SOS കുട്ടികളുടെ വില്ലേജ് എന്ന സ്ഥാപനത്തെപ്പറ്റി അറിയാത്തവര്‍ ചുരുക്കമായിരിക്കും. അറിയാത്തവര്‍ക്കായി ഞാനൊന്ന് ചുരുക്കിപ്പറയാം.

SOS എന്ന അന്താരാഷ്ട സംഘടന നടത്തുന്ന ഒരു അനാഥാലയമാണ് കുട്ടികളുടെ വില്ലേജ്. അനാഥാലയം എന്ന പേര് പറയാന്‍ എനിക്കിഷ്ടമല്ല, പക്ഷെ പരിചയപ്പെടുത്തലിന്റെ ഭാഗമായി മാത്രം ഒരിക്കലിവിടെ പറയുന്നു. ക്ഷമിക്കുക.

ഒരു വീട്, അതില്‍ ഒരമ്മ. ആ അമ്മയുടെ കീഴില്‍ 10-12 കുട്ടികള്‍. അങ്ങനെയുള്ള 15 വീടുകള്‍. അതാണ് ഒരു ഗ്രാമത്തിന്റെ ഘടന. കുട്ടികള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുന്ന വിധവകളായ, അല്ലെങ്കില്‍ അവിവാഹിതരായ സ്ത്രീകളാണ് ഓരോ വീട്ടിലേയും അമ്മമാര്‍. 13 വയസ്സുവരെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ വീട്ടില്‍ത്തന്നെ കഴിയുന്നു. 13 വയസ്സിനുശേഷം ആണ്‍‌കുട്ടികള്‍ ഗ്രാമത്തിനകത്തുതന്നെയുള്ള യൂത്ത് ഹോസ്റ്റലിലേക്ക് താമസം മാറ്റുന്നു. എല്ലാ മതവിഭാഗത്തിലുള്ള കുട്ടികള്‍ക്കുമായി പ്രത്യേകം വീടുകള്‍ തന്നെയുണ്ട്.

വളരെ ചെറുപ്പത്തിലേ മാതാപിതാക്കള്‍ നഷ്ടമായ Dr.Hermann Gmeiner എന്ന ഓസ്ട്രിയക്കാരനാണ് SOS ഗ്രാമങ്ങളുടെ സ്ഥാപകന്‍. 1919 ല്‍ ഭൂജാതനായ അദ്ദേഹത്തിന്റെ 16 വയസ്സുള്ള സഹോദരിയാണ് മാതാപിതാക്കളുടെ മരണശേഷം അദ്ദേഹത്തേയും മറ്റ് സഹോദരങ്ങളേയും അമ്മയുടെ സ്ഥാനത്തുനിന്ന് വളര്‍ത്തി വലുതാക്കുന്നത്. ആ സംഭവത്തില്‍ നിന്നാണ് ഒരമ്മയും വീടും എന്ന അദ്ദേഹത്തിന്റെ സങ്കല്‍പ്പം SOS കുട്ടികളുടെ ഗ്രാമം എന്ന നിലയിലേക്ക് സാക്ഷാല്‍ക്കരിക്കപ്പെടുന്നത്. 1949 ല്‍ വെറും 600 ഓസ്ട്രിയന്‍ ഷില്ലിങ്ങ് ചിലവാക്കിയാണ് ആദ്യത്തെ കുട്ടികളുടെ ഗ്രാമം ഓസ്ട്രിയയില്‍ അദ്ദേഹം സ്ഥാപിക്കുന്നത്. 1963 ലെ കൊറിയന്‍ യുദ്ധത്തിനുശേഷം ഒറ്റപ്പെട്ടുപോയ കുട്ടികള്‍ക്കായി യൂറോപ്പിന് പുറത്തുള്ള ആദ്യത്തെ SOS ഗ്രാമം കൊറിയയില്‍ ‍(Daegu) സ്ഥാപിക്കപ്പെടുന്നു. അവിടന്നങ്ങോട്ടുള്ള ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയും Dr.Hermann Gmeiner ന്റെ കഥയുമെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്.

ആലുവ‍ പെരുമ്പാവൂര്‍ റൂട്ടില്‍ എടത്തല എന്ന സ്ഥലത്തുള്ള കുട്ടികളുടെ വില്ലേജിലേക്കുള്ള എന്റെ യാത്രകള്‍ക്ക് 14 വര്‍ഷത്തിലധികം പഴക്കമുണ്ട്. അക്കാലത്ത് ഞാന്‍ എറണാകുളത്ത് ചെയ്തുകൊണ്ടിരുന്ന ജോലിയുടെ ഭാഗമായിട്ടാണ് ആദ്യമായി SOS ല്‍ പോകുന്നത്. പിന്നീട് ജോലിയുടെ ഭാഗമായും അല്ലാതെയും പലപ്രാവശ്യം കുട്ടികളുടെ ആ ഗ്രാമത്തിലേക്ക് ഞാന്‍ ആകര്‍ഷിക്കപ്പെട്ടിട്ടുണ്ട്.

ആലുവ SOS ല്‍ നിന്നൊരു ചിത്രം.

ഒരിക്കല്‍ ഈ ഗ്രാമത്തിലെ വീട്ടിലൊന്നില്‍ നിന്ന് വിവാഹം കഴിച്ചിരിക്കുന്ന ദുബായിക്കാരനായ ഒരു ചെറുപ്പക്കാരനെ പരിചയപ്പെടാനുള്ള ഭാഗ്യമെനിക്കുണ്ടായി. പാവപ്പെട്ട ഏതെങ്കിലും വീട്ടിലെ ഒരു പെണ്‍കുട്ടിക്ക് ഒരു ജീവിതം കൊടുക്കണമെന്നുള്ള ആഗ്രഹമാണ് നല്ലവനായ ഈ ദുബായിക്കാരനെ കുട്ടികളുടെ ഗ്രാമത്തിലേക്കെത്തിച്ചത്. കല്യാണം കഴിഞ്ഞ് ഭാര്യവീട്ടിലേക്കെന്നപോലെതന്നെ വിരുന്നുവന്നിരിക്കുന്ന ആ ചെറുപ്പക്കാരന്‍ 9-)ം നമ്പര്‍ വീട്ടിലുള്ള കുട്ടികള്‍ക്കായി പായസം ഉണ്ടാക്കുന്നു. കുട്ടികളെല്ലാവരും ജേഷ്ഠസഹോദരനോടെന്നപോലെ സ്നേഹത്തോടും ആദരവോടും കൂടെ അയാളോട് പെരുമാറുന്നു. എത്ര മനോഹരമായ ഒരു അനുഭവമായിരുന്നതെന്നോ ! ആ ചെറുപ്പക്കാരന്റെ മുന്നില്‍ നമിക്കാതെ വയ്യ.

ഗ്രാമത്തിലെ കുട്ടികളെല്ലാം തൊട്ടടുത്തുള്ള സ്കൂളുകളില്‍ സാധാരണ കുട്ടികളെപ്പോലെ പോയി പഠിക്കുന്നു. കൂടുതല്‍ ശ്രദ്ധ വേണ്ട വിഷയങ്ങളിലേക്കായി സാധാരണ വീടുകളിലെന്ന പോലെ ട്യൂഷന്‍ സൌകര്യങ്ങളും മറ്റും ഉള്ളതിനൊപ്പം കുട്ടികളെ അവരുടെ അഭിരുചിക്കനുസരിച്ച് ഡാന്‍സ്, പാട്ട്, ചിത്രരചന, മുതലായവയുമൊക്കെ ഇവിടെത്തന്നെ പഠിപ്പിക്കുന്നു. അതിനൊക്കെയായി പ്രത്യേകം കെട്ടിടങ്ങളും, അദ്ധ്യാപകരും സൌകര്യങ്ങളുമൊക്കെ SOS ല്‍ ഉണ്ട്. ഉപരിപഠനത്തിനായി മറ്റിടങ്ങളിലേക്ക് പോയി ഹോസ്റ്റലുകളില്‍ നിന്ന് പഠിക്കുന്ന കുട്ടികളുടെ കാര്യങ്ങളൊക്കെ നോക്കിനടത്താനും സമയാസമയങ്ങളില്‍ അവരുടെ കാര്യങ്ങള്‍ക്കായി അതതുസ്ഥാപനങ്ങളില്‍ പോയി അന്വേഷിക്കാനുമൊക്കെയായി ഉദ്യോഗസ്ഥരുണ്ട് ഓരോ SOS ഗ്രാമങ്ങളിലും. പഠനമൊക്കെ കഴിഞ്ഞ് ജോലിയും കാര്യങ്ങളുമൊക്കെയായി പറക്കമുറ്റി ജീവിതത്തിന്റെ ഓരോരോ കരകളിലേക്ക് ചേക്കേറിപ്പോകുമ്പോഴും ഈ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ഓരോ കുട്ടികള്‍ക്കും ഇതവരുടെ സ്വന്തം വീടുതന്നെയാണ്. വെളിയില്‍ പഠിക്കുന്നവരും ജോലികിട്ടിപ്പോയവരുമെല്ലാം അവധിക്കാലത്ത് തിരിച്ചുവരുന്നത് ഈ വീട്ടിലേക്കാണ്, അവരവരുടെ അമ്മമാരുടെ അടുത്തേക്കാണ്. പെണ്‍കുട്ടികളുടെ കാര്യത്തിലാണെങ്കില്‍ വിവാഹം കഴിഞ്ഞ് പോകുന്നതും ഒക്കെ ഈ വീട്ടില്‍ നിന്നുതന്നെയാണ്.

കുട്ടികളില്‍ പലര്‍ക്കും വെളിയില്‍ നിന്നുള്ള സ്പോണ്‍സര്‍മാര്‍ ഉണ്ട്. ഓരോ കുട്ടിയും അവരവരുടെ സ്പോണ്‍സര്‍മാരെ ദൈവത്തെപ്പോലെ കാണുന്നു. ഏത് ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തിയിട്ടായാലും നിങ്ങള്‍ക്കേറ്റവും ഇഷ്ടമുള്ള ഒരാളുടെ പേര് പറയാന്‍ പറഞ്ഞാല്‍ അവര്‍ തങ്ങളുടെ സ്പോണ്‍സര്‍ അങ്കിളിന്റേയോ ആന്റിയുടേയോ പേര് പറയും. മലയാളികള്‍ക്ക് പുറമേ വിദേശികളുടെ വരെ സ്പോണ്‍സര്‍ഷിപ്പില്‍ കഴിയുന്ന കുട്ടികളുണ്ട് ഈ ഗ്രാമങ്ങളില്‍. അബുദാബിയിലുള്ള ചില സ്ഥാപനങ്ങളില്‍ നിന്ന് SOS ഗ്രാമങ്ങളിലെ കുട്ടികളെ സ്പോണ്‍സര്‍ ചെയ്യുന്ന ചില നല്ല മനുഷ്യരേയും, ഒരു വീട്ടിലെ എല്ലാ കുട്ടികളേയും സ്പോണ്‍സര്‍ ചെയ്തിരുന്ന ഒരു വലിയ മനുഷ്യനേയും എനിക്ക് പരിചയമുണ്ട്. സ്പോണ്‍സര്‍ഷിപ്പൊന്നും ഇല്ലെങ്കിലും മറ്റെല്ലാ കുട്ടികളേയും പോലെതന്നെ ഓരോ കുട്ടികളും ഇവിടെ എല്ലാ സൌകര്യങ്ങളോടെയും കഴിയുന്നു. CRY(Child Rights & You) മുതലായ അന്താരാഷ്ട്രസംഘടനകളില്‍ നിന്നൊക്കെയുള്ള സാമ്പത്തികസഹായങ്ങള്‍ SOS വില്ലേജുകളിലേക്ക് എത്താറുണ്ട്.

കേരളത്തില്‍ തൃശൂരും ആലുവയിലുമാണ് ഇപ്പോള്‍ കുട്ടികളുടെ ഗ്രാമങ്ങള്‍ നിലവിലുള്ളത്.അങ്ങനെ ഇന്ത്യയില്‍ അങ്ങോളമിങ്ങോളമായി 40 ല്‍പ്പരം SOS ഗ്രാമങ്ങളിലായി 5900 ല്‍പ്പരം കുട്ടികളാണ് സ്നേഹത്തിന്റേയും കാരുണ്യത്തിന്റേയും വിലയറിഞ്ഞ് നല്ലരീതിയില്‍ ജീവിക്കുന്നത്. സുനാമി ദുരന്തത്തില്‍ ആരോരുമില്ലാതായ ഒരുപാട് കുട്ടികള്‍ എത്തിച്ചേര്‍ന്നത് SOS ഗ്രാമങ്ങളിലേക്കാണ്.

തികച്ചും ഒറ്റപ്പെട്ടുപോയവര്‍ മുതല്‍ തീരെ സാമ്പത്തികശേഷിയില്ലാത്ത കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ വരെ ഈ ഗ്രാമത്തില്‍ വളരെ ഉന്നതനിലവാരത്തിലുള്ള ജീവിതം നയിക്കുന്നു. താന്താങ്ങള്‍ ഏത് സാഹചര്യത്തില്‍ നിന്നാണ് വരുന്നതെന്നും മറ്റുള്ള നല്ല മനുഷ്യരുടെ സഹായങ്ങള്‍കൊണ്ടാണ് തങ്ങള്‍ക്കിവിടെ എല്ലാ സൌകര്യങ്ങളും കിട്ടുന്നതെന്നുമൊക്കെ ഗ്രാമത്തിലുള്ള തിരിച്ചറിവായ ഓരോ കുട്ടികള്‍ക്കുമറിയാം. നമ്മുടെ വീട്ടിലൊക്കെയുള്ള ഓരോ കുട്ടികളേക്കാളും 3 വയസ്സിന്റേതെങ്കിലും അധികം പക്വത ഈ ഗ്രാമത്തിലെ ഓരോ കുട്ടികളും കാണിക്കാറുണ്ടെന്നുള്ളത് എടുത്തുപറയേണ്ട ഒരു വിഷയമാണ്. ഒന്ന് അല്ലെങ്കില്‍ രണ്ട് കുട്ടികള്‍ മാത്രമുള്ള നമ്മുടെയൊക്കെ വീടുകള്‍ എത്ര അലങ്കോലമായിട്ടാണ് കിടക്കുക? പക്ഷെ ഈ വില്ലേജിലെ ഏത് വീട്ടില്‍ എപ്പോള്‍ച്ചെന്ന് നോക്കിയാലും വൃത്തിയും വെടിപ്പുമൊക്കെയുള്ള അന്തരീക്ഷമാണ് കാണാനാകുക. മുഷിഞ്ഞ് അഴുക്കായ വസ്ത്രങ്ങളിട്ട് ഒരിക്കല്‍പ്പോലും കുട്ടികളെ ഇവിടെ കാണാനിടയാകാറില്ല.

നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ചില കൊച്ചുകൊച്ചുപ്രശ്നങ്ങള്‍ക്ക് നല്ലൊരു മരുന്നാണ് SOS ഗ്രാമങ്ങളിലേക്കുള്ള ഒരു യാത്ര എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അവിടെച്ചെന്ന് ആ കുട്ടികളുടെ കൂടെ കുറേ നേരം പങ്കിടുമ്പോള്‍, നമ്മള്‍ ചോദിച്ചില്ലെങ്കിലും അവരുടെ വിശേഷങ്ങളൊക്കെ കുട്ടികള്‍ നമ്മളുമായി പങ്കുവെക്കുമ്പോള്‍, എനിക്ക് പാട്ടിന് സമ്മാനം കിട്ടി, ഡാന്‍സിന് ഞാനാണ് ഒന്നാമതായത്, ഞാനിപ്പോള്‍ കമ്പ്യൂട്ടറില്‍ അനിമേഷന്‍ ചെയ്യാന്‍ പഠിക്കുകയാണ് …… എന്നൊക്കെ വളരെ അടുത്തുപരിചയം ഉള്ള ഒരാളോടെന്നപോലെ അവര്‍ നമ്മളോട് പറയുമ്പോള്‍, നമ്മളെപ്പോലെ വല്ലപ്പോള്‍ മാത്രമാണെങ്കിലും ആ വഴി ചെല്ലുന്നവരെ ആ കുട്ടികള്‍ സ്വന്തക്കാരെപ്പോലെയാണ് കാണുന്നതെന്ന് മനസ്സിലാക്കുമ്പോള്‍, നമ്മളുടെ പ്രശ്നങ്ങളെല്ലാം പമ്പകടക്കും. മടങ്ങിപ്പോരുമ്പോള്‍ ഗ്രാമത്തിന്റെ കമ്പിവേലിക്കപ്പുറം നമ്മുടെ വാഹനം മറയുന്നതുവരെ കൈവീശി യാത്രപറയുന്ന നിഷ്ക്കളങ്കരായ കുട്ടികള്‍ നമുക്ക് പകര്‍ന്നുതരുന്ന സന്തോഷത്തിന് വിലമതിക്കാനാവില്ല.

SOS ഗ്രാമങ്ങളില്‍ എത്തുന്ന അഭ്യുദയകാംക്ഷികളോട് വില്ലേജിന്റെ ഡയറക്‍ടര്‍ ആവശ്യപ്പെടുന്ന ഒരു കാര്യമുണ്ട്. നിങ്ങള്‍ കുട്ടികളെ നിങ്ങളുടെ വീട്ടിലും മറ്റും കൊണ്ടുപോകണം. അവിടെ ഒന്നോ രണ്ടോ ദിവസമൊക്കെ താമസിപ്പിക്കണം. അവരുമായി ഉല്ലാസയാത്രകള്‍ പോകണം. ആരും ഇല്ലാത്തവരാണ് തങ്ങള്‍ എന്ന തോന്നല്‍ അവര്‍ക്ക് ഉണ്ടാകാതിരിക്കാനാണിത്. ഇക്കാരണങ്ങളൊക്കെ വെച്ചാണ് ഈ ഗ്രാമങ്ങളെയൊന്നും അനാഥാലയം എന്ന് പറയാന്‍ ഇഷ്ടമില്ല എന്ന് ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ചത്. അവര്‍ ആരും അനാഥരല്ല. മറ്റേത് വീട്ടിലും കുട്ടികള്‍ കഴിയുന്നതുപോലെ നല്ല രീതിയില്‍ അല്ലെങ്കില്‍ അതിനേക്കാള്‍ നല്ലരീതിയിലുള്ള സ്വഭാവഗുണങ്ങളോടെയാണ് SOS ഗ്രാമങ്ങളിലെ ഓരോ കുട്ടികളും വളരുന്നതെന്ന് ഒരിക്കലെങ്കിലും ആ വഴി പോയിട്ടുള്ള ഓരോരുത്തര്‍ക്കും മനസ്സിലായിട്ടുണ്ടാകുമെന്ന് എനിക്കുറപ്പാണ്.

ഏറ്റവും അവസാനം ഞാന്‍ ആലുവയിലെ SOS-ല്‍ പോകുന്നത് ഒരാഴ്ച്ചമുന്‍പ് ആ ഗ്രാമത്തിലെ 2 കുട്ടികളെ സ്പോണ്‍സര്‍ ചെയ്യുന്ന ഒരു വലിയ മനുഷ്യന്റെ കൂടെയാണ്. 2 പെണ്‍കുട്ടികള്‍, അതിലൊരു കുട്ടിക്ക് 2 വയസ്സ്; അടുത്ത കുട്ടിക്ക് 12 വയസ്സ്. ഞങ്ങള്‍ 2-)ം നമ്പര്‍ വീട്ടില്‍ ചെന്നുകയറുമ്പോള്‍ ഇരുട്ടുവീണുകഴിഞ്ഞിരുന്നു. എന്നിട്ടും ദൂരെനിന്നുതന്നെ അദ്ദേഹത്തെ ആ 2 വയസ്സുകാരി തിരിച്ചറിഞ്ഞു, ഓടി അദ്ദേഹത്തിന്റെ തോളിലേക്ക് കയറി കവിളിലൊരു മുത്തം നല്‍കി. അതിമനോഹരമായ, ഉദാത്തമായ സ്നേഹത്തിന്റെ ഒരു വര്‍ണ്ണചിത്രമായിരുന്നു അത്.

നമ്മള്‍ ഓരോരുത്തരും കൊല്ലാകൊല്ലം ധൂര്‍ത്തടിച്ചുകളയുന്ന പണത്തിന്റെ ചെറിയൊരംശം മാത്രമുണ്ടെങ്കില്‍ ഒരു കുട്ടിയുടെ ഒരു വര്‍ഷത്തെ സ്പോണ്‍സര്‍ഷിപ്പ് നടത്താനാകും. കേരളത്തില്‍ അല്ലെങ്കില്‍ ഇന്ത്യയില്‍ ഇന്ന് നിലവിലുള്ള ഇത്തരത്തിലുള്ള മറ്റേത് സ്ഥാപനത്തേക്കാളും മികച്ച ഒന്നാണ് SOS കുട്ടികളുടെ ഗ്രാമം എന്നാണ് എനിക്ക് തോന്നുന്നത്.

ഇതൊക്കെയാണെങ്കിലും ജീവകാരുണ്യപ്രവര്‍ത്തനമായി നടക്കുന്ന ഈ സ്ഥാപനത്തെ ആ രീതിയില്‍ കാണാന്‍ ശ്രമിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പോലും നമ്മുടെ നാട്ടില്‍ ഉണ്ടെന്നുള്ളത് മലയാളികള്‍ക്ക് മാത്രമല്ല മനുഷ്യരാശിക്ക് തന്നെ ഒരു കളങ്കമായി നില്‍ക്കുന്നു. കച്ചവടക്കണ്ണുമായി വിദ്യാഭ്യാസരംഗത്തിറങ്ങിയിരിക്കുന്നവര്‍ക്ക് ഇത്തരം നല്ലകാര്യങ്ങള്‍ പോലും കാണാനാകുന്നില്ല, ഉള്‍ക്കൊള്ളാനാവുന്നില്ല. പണമുണ്ടാക്കണമെന്നുള്ള ഒരൊറ്റ ചിന്തമാത്രമായി നടക്കുന്നതിനിടയില്‍ അവര്‍ക്ക് നന്മകളൊക്കെയും നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു. SOS ഗ്രാമത്തിലെ കുട്ടികള്‍ക്ക് വരെ സ്കൂള്‍ അഡ്മിഷന്‍ സമയത്ത് ഡോണേഷന്‍ കൊടുക്കേണ്ട അവസ്ഥ നമ്മുടെ നാട്ടിലെ ചില സ്കൂളുകളിലുണ്ട് എന്നതൊരു ദുഖസത്യം തന്നെയാണ്.

സ്പോണ്‍സര്‍ഷിപ്പൊന്നും ചെയ്തില്ലെങ്കിലും, വിനോദയാത്രകള്‍ക്കും മറ്റുമായി സമയം ചിലവഴിക്കുന്നതിനൊപ്പം ഒരിക്കലെങ്കിലും എല്ലാവരും പോയി കണ്ടിരിക്കേണ്ട ഒന്നാണ് കുട്ടികളുടെ ഈ ഗ്രാമം. SOS ഗ്രാമങ്ങളെപ്പറ്റി കൂടുതലറിയണമെന്നുള്ളവര്‍ക്കായി താഴെയുള്ള ഇമേജുകള്‍ സമര്‍പ്പിക്കുന്നു. (അതില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി വായിക്കാം.)

ഒരിക്കലെങ്കിലും കുട്ടികളുടെ ഈ ഗ്രാമത്തിലേക്കൊന്ന് പോകൂ. അവിടെക്കാണുന്ന ഏതെങ്കിലും ഒരു കുഞ്ഞിന്റെ പുഞ്ചിരി, ചിലപ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ത്തന്നെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാം.


Comments

comments

74 thoughts on “ കുട്ടികളുടെ ഗ്രാമം

  1. മകരമാസത്തിന്റെ കുളിരില്‍ തങ്ങളുടെ ഭവനത്തിലേക്ക് ഒരു കൈക്കുഞ്ഞ് വരുന്നു എന്ന് കേട്ടപ്പോള്‍ അമ്മയായ
    സോണിയയും മക്കളും അന്ന് ഉച്ചമുതല്‍ വീട്ടിലെ വെളിച്ചമണയ്ക്കാതെ രാത്രിയുടെ അന്ത്യയാമം വരെയും കാത്തിരുന്നു.
    അവസാനം ഒരു ദിവസം പ്രായമായ കുഞ്ഞിനെ വെള്ളത്തുണിയില്‍ പൊതിഞ്ഞ് നല്‍കുമ്പോള്‍ രാത്രിയിലെ നിശബ്ദതയ്ക്കും
    ചന്ദ്രന്റെ ചിരിതൂകുന്ന നിലാവിനുമൊപ്പം സോണിയയുടെ ഹൃദയവും തുടിച്ചു. മാതൃത്ത്വത്തിന്റെ അത്തരം ഒരുപാട് ഹൃദയസ്പന്ദനങ്ങള്‍ക്ക്
    സ്നേഹത്തിന്റെ ഈ താഴ്വര മൂകസാക്ഷിയാണ്.

    ഒരിക്കലെങ്കിലും കുട്ടികളുടെ ഈ ഗ്രാമത്തിലേക്കൊന്ന് പോകൂ. അവിടെക്കാണുന്ന ഏതെങ്കിലും ഒരു കുഞ്ഞിന്റെ പുഞ്ചിരി, ചിലപ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ത്തന്നെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാം.

  2. മലയാളം ബ്ലോഗിന്റെ പ്രവര്‍ത്തനപഥത്തിലെ സൌന്ദര്യമാണ് ശ്രീ. മനോജെന്ന നിരക്ഷരന്‍, അതിനു കൂടുതല്‍ കൂടുതല്‍ ചാരുത പകരുന്നത്, അദ്ദേഹത്തിന്റെ വേറിട്ട യാത്രകളും, ഒപ്പം സ്നേഹത്തിന്റെ നനവൂറൂന്ന ഇത്തരം പോസ്റ്റുകളുമാണ്.

    ഈ നന്മയുടെ സുഗന്ധം എന്നും താങ്കളില്‍ ഉണ്ടാവട്ടെ, ഒപ്പം അത് ബ്ലോഗിലൂടെ അനേകരിലേക്കും

  3. ഏതൊരു അനാഥാലയത്തിന്റേയും ഭൌതീകമായ ചുറ്റുപാടുകള്‍ ഏതൊരു വഴിപോക്കനെയും ആകര്‍ഷിക്കുമെങ്കിലും, അതിന്റെ ആത്മാവിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ നമുക്ക് കാണാനാവുക നിരാശയും, പരിദേവനങ്ങളും, അതൃപ്തിയും മാത്രമാണെന്നാണ് എന്റെ ചെറിയ അനുഭവത്തില്‍ നിന്ന് ഞാന്‍ മനസിലാക്കിയിട്ടുള്ളത്. ഏകദേശം അന്‍പതോളം പെണ്‍കുട്ടികള്‍ താമസിക്കുന്ന ഒരു ബാലമന്ദിരത്തെ അടുത്തറിയാവുന്ന എനിക്ക് അഭിമുഖീകരിക്കേണ്ടിവന്ന ചില യാഥാര്‍ത്ഥ്യങ്ങളെ ഞാന്‍ ചുരുക്കി പറയാം.

    നിരക്ഷരന്‍ വിവരിച്ച എസ്‌ഒ‌എസിന്റെ പോലെ തന്നെ മികച്ച സൌകര്യമുള്ള ആ സദനം നടത്തിയിരുന്നത് കന്യാസ്ത്രീകള്‍ ആയിരുന്നു. നാലാം ക്ലാസിനും പ്ലസ് ടൂവിനും ഇടയിലുള്ളവരാണ് കുട്ടികള്‍. പ്രത്യക്ഷത്തില്‍ അച്ചടക്കമുള്ളവര്‍. അങ്ങനെയിരിക്കുമ്പോഴാണ്, സദനത്തിലെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് ക്ലാസെടുക്കാന്‍ അവിടുത്തെ മദര്‍ എന്നോട് അഭ്യര്‍ത്ഥിക്കുന്നത്. ഏറെ സന്തോഷത്തോടെ ഞാനാരംഭിച്ച ക്ലാസുകള്‍ മൂന്ന് നാല് ദിവസങ്ങള്‍ പ്രശ്നങ്ങളില്ലാതെ കടന്നുപോയി. സാവധാനം കുട്ടികളില്‍ നിന്ന് വ്യത്യസ്തമായ പെരുമാറ്റ രീതികളാണ് എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നത്.

    എല്ലാറ്റിനെയും ഒരുതരം ശത്രുതയോടും വാശിയോടും മാത്രം കാണുന്നവര്‍ (നിഷേധികള്‍), വസ്തുക്കളോടും വ്യക്തികളോടുമുള്ള സ്വാര്‍ത്ഥത എന്ന മഹാരോഗം പിടിപെട്ടവര്‍, മഹാ ഉഴപ്പന്മാര്‍ (ഉത്തരവാദിത്വ ബോധമില്ലാത്തവര്‍), പ്രേമജ്വരം ബാധിച്ചവര്‍… ഇങ്ങനെ പോകുന്നു അവരുടെ മാനസിക പ്രശ്നങ്ങള്‍. ഇവയെല്ലാം അവര്‍ പിറന്നുവീണ സാഹചര്യങ്ങള്‍ സമ്മാനിച്ചതാണെന്നത് നഗ്നസത്യം. എന്നാലും, സദനത്തിലെ ഭൌതികമായ ചുറ്റുപാടുകള്‍ അവരുടെ ജീവിതത്തെ കാര്യമായി സ്വാധീനിച്ചിരുന്നില്ല എന്നതാണ് പരമമായ സത്യം. കുട്ടികള്‍ക്ക് വേണ്ടത് ഭൌതികമായ സംതൃപ്തിയല്ല, മാതാപിതാക്കളുടെ വ്യക്തിപരമായ സ്നേഹവും പരിലാളനയുമാണ്. അനാഥാലയത്തിലെ തുറന്ന ജീവിത ക്രമത്തിലും, താനൊരു അനാഥനാണെന്ന അപകര്‍ഷതാബോധം ഇവരെ അനുദിനം അലട്ടിക്കൊണ്ടേയിരിക്കും. ഈ ആത്മനൊമ്പരമാണ് സ്വഭാവ വൈകൃതങ്ങളായി പുറത്തുവരുന്നത്. ഒരു കുട്ടിയുടെ ഭൌതീകമായ അടിസ്ഥാന ആവശ്യങ്ങള്‍ പ്രാപ്തമാക്കാം എന്നതില്‍ കവിഞ്ഞ്, അനാഥാലയങ്ങള്‍ക്ക് കൂടുതലൊന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് എന്റെ അനുഭവം പഠിപ്പിക്കുന്നത്.

  4. @ സേതുലക്ഷ്മി

    വളരെ നന്ദി ആ നെടുനീളന്‍ അഭിപ്രായത്തിന്. സേതുലക്ഷ്മിക്കുണ്ടായ അനുഭവങ്ങള്‍ മനസ്സിലാക്കാനാവുന്നു. അത് കണക്കിലെടുത്തുകൊണ്ടുതന്നെ ചോദിക്കട്ടെ.

    സേതുലക്ഷ്മി കണ്ട കുട്ടികള്‍ നിഷേധികളും ഉത്തരവാദിത്വബോധം ഇല്ലാത്തവരും, പ്രേമരോഗികളും, സ്വഭാവവൈകൃതങ്ങള്‍ ഉള്ളവരുമൊക്കെ ആയിമാറിയതിന്, അവര്‍ക്ക് അച്ഛനമ്മമാര്‍ ഇല്ലാതായതിന്, നമുക്ക് അവരെ പഴിക്കാനാവുമോ ?

    ഓരോ കുട്ടിയ്ക്കും അവര്‍ വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ നിന്ന് അവര്‍ കണ്ടും കേട്ടും പഠിക്കുന്ന കാര്യങ്ങളില്‍ നിന്നാണ് അവരവരുടെ സ്വഭാവഗുണങ്ങള്‍ ഉരുത്തിരിഞ്ഞ് വരുന്നത്. അതിനി അച്ഛനമ്മമാരുടെ അടുത്ത് നിന്നായാലും മറ്റൊരിടത്ത് നിന്നായാലും അങ്ങനെ തന്നെ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

    അങ്ങനാണെങ്കില്‍ ഒന്നാം ക്ലാസ്സ് മുതല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ നിന്ന് പഠിക്കുന്ന കുട്ടികളെപ്പറ്റി എന്ത് പറയുന്നു ? അക്കൂട്ടത്തിലും പ്രശ്നക്കാരൊക്കെ ഉണ്ടെന്ന് സമ്മതിക്കുന്നു. പക്ഷെ ആ സമൂഹവും മൊത്തത്തില്‍ മോശക്കാരാണെന്ന് സേതുലക്ഷ്മിക്ക് അഭിപ്രായമുണ്ടോ ?

    ഇനി ഇപ്പറഞ്ഞതൊക്കെ എന്തായാലും അനാഥരായ കുട്ടികള്‍ക്ക് വേണ്ടി എന്ത് ചെയ്യാനാവും എന്നതിന്റെ ഉദാഹരണമാണ് SOS പോലുള്ള സ്ഥാപനങ്ങള്‍ . കുട്ടികള്‍ അനാഥരായി വഴിവക്കില്‍ ഭിക്ഷയെടുത്ത്, തെമ്മാടികളായി, ഗുണ്ടകളും, പിടിച്ചുപറിക്കാരുമായി ജീവിക്കേണ്ടതായ ഒരു അവസ്ഥയില്‍ നിന്ന് രക്ഷിച്ചെടുക്കാനെങ്കിലും കഴിയുന്നത് ഒരു വലിയ കാര്യമല്ലേ ? അതിനിടയ്ക്ക് സേതുലക്ഷ്മി പറഞ്ഞ കാര്യമായ അച്ഛന്റേം അമ്മടേം വ്യക്തിപരമായ സ്നേഹവും പരിലാളനയും കൊടുക്കാന്‍ പറ്റുന്നില്ല, പറ്റില്ല. ആ ഒരു സംഭവം കൃത്രിമമായി ഉണ്ടാക്കി നല്‍കാനാവില്ലല്ലോ ?

    എന്തായാലും കന്യാസ്ത്രീകള്‍ നടത്തുന്ന സദനം പോലുള്ള ഒന്നല്ല SOS. കന്യാസ്ത്രീകള്‍ നടത്തുന്ന ഹോസ്റ്റലുകളില്‍പ്പോലും ശ്വാസം മുട്ടിയാണ് പെണ്‍കുട്ടികള്‍ കഴിഞ്ഞുകൂടുന്നത്. പിന്നല്ലേ അവര്‍ നടത്തുന്ന അനാഥാലയങ്ങള്‍ .

    ഈ പോസ്റ്റില്‍ ഞാന്‍ അവസാനം പറഞ്ഞതുപോലെ… ഒരിക്കലെങ്കിലും സേതുലക്ഷ്മി SOS ല്‍ പോയി നോക്കണം. വെറുമൊരു വഴിപോക്കന്റെ ആകര്‍ഷണത്തിനപ്പുറത്തായി ഞാന്‍ ഈ പറഞ്ഞതില്‍ എന്തെങ്കിലുമൊരു കാര്യമുണ്ടെന്ന് സേതുലക്ഷ്മിക്ക് ബോദ്ധ്യമായാലേ ഈ പോസ്റ്റിന് ഒരു അര്‍ത്ഥമുള്ളൂ. മുന്‍‌വിധിയോടെ അല്ലാതെ ഒന്ന് പോയി നോക്കുമല്ലോ ? ഒറ്റപ്പോക്ക് കൊണ്ട് അകമേയുള്ള കാര്യങ്ങളൊക്കെ മനസ്സിലാക്കാന്‍ പറ്റില്ലെന്ന് എനിക്കറിയാം. എന്നാലും ഒന്ന് ശ്രമിക്കണേ ? വെറുതെ ഒരു ശ്രമം.

    ഞാനൊരു തര്‍ക്കവുമായി വന്നതല്ല കേട്ടോ ? വളരെ ആരോഗ്യപരമായിട്ടാണ് ഞാന്‍ ഈ മറുകമന്റ് എഴുതുന്നത്. തെറ്റിദ്ധരിക്കില്ലല്ലോ ? നല്ലൊരു ചര്‍ച്ചയ്ക്ക് വഴിയുണ്ടാക്കിയതിന് പ്രത്യേകം നന്ദി പറയുന്നു.

  5. നന്ദി ,
    ലേഖനം വായിച്ചപ്പോൾ

    മനസിൽ ഒരു ഇതു വേരെ

    ഉണ്ടയിരുന്ന്ന അനാഥാലയം എന്ന

    സങ്കല്പത്തിന്നു മാറ്റം വന്നു ,

    ഇൻഷാ അള്ളാ അടുത്ത ലീവിന്നു അവിടേ ഒന്നു

    പോകന്നം.

    സ്നേഹത്തോടെ നിഷാർ ആലാടൻ

  6. നിരക്ഷരാ, വളരെ വളരെ നന്ദി ഈ പരിചയപ്പെടുത്തലിനു. തീര്‍ച്ചയായും ഇത് ഒന്നു സന്ദര്‍ശിക്കണം എന്ന ആഗ്രഹം ഇപ്പോള്‍ തന്നെ മനസ്സിലുണ്ട്. കൂടൂതല്‍ കാര്യങ്ങള്‍ നമുക്ക് ഫോണില്‍ സംസാരിക്കാം.

  7. നിരക്ഷരന്റെ യുക്തിപൂര്‍വമായ പ്രതികരണത്തിന് നന്ദി. എങ്കിലും, താങ്കളുടെ എല്ലാ വാദങ്ങളെയും അംഗീകരിക്കാന്‍ ആവുന്നില്ല.

    ഒന്നാം ക്ലാസ്സ് മുതല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ നിന്ന് പഠിക്കുന്ന കുട്ടികളെയും അനാഥാലയങ്ങളിലെ കുട്ടികളെയും തമ്മില്‍ താരതമ്യം ചെയ്യാന്‍ പാടില്ല. കാരണം, വിദൂരമായിട്ടാണെങ്കിലും മാതാപിതാക്കളുടെ സുരക്ഷിതത്വവും സാന്നിധ്യവും അനുഭവിക്കുന്ന കുട്ടികളാണ് റസിഡന്‍ഷ്യല്‍ സ്കൂളുകളിലുള്ളത്. സ്വന്തമായൊരു വിലാസമുള്ള ഈ കുട്ടികളുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തങ്ങള്‍ക്ക് അച്ഛനും അമ്മയും ജീവനോടെ ഉണ്ടെന്ന സുരക്ഷിതത്വബോധം ഇവരെ മാനസികമായ അധഃപതനത്തില്‍ നിന്നും വൈകാരിക സങ്കീര്‍ണ്ണതകളില്‍ നിന്നും ഒരു പരുധിവരെ സംരക്ഷിക്കുന്നു. തന്നെയുമല്ല, തങ്ങളുടെ മാതാപിതാക്കളെ എത്തിപ്പിടിക്കാന്‍ അവര്‍ക്ക് സന്ദര്‍ഭങ്ങളും സാഹചര്യങ്ങളുമുണ്ട്. എന്നാല്‍ ഇതല്ല അനാഥാലയങ്ങളിലെ സ്ഥിതി.

    സ്വന്തമെന്ന് ചൂണ്ടിക്കാണിക്കാന്‍ ആരുമില്ലാത്ത അവസ്ഥയില്‍, സ്വന്തം അസ്ഥിത്വത്തിന്റെ വിലാസം തേടിയുള്ള യാത്രകള്‍ പലപ്പോഴും ചെന്നെത്തുന്നത് മാനസികമായ വൈകൃതങ്ങളിലൊക്കെയാണ്. അനാഥത്വം ഒരു സാമൂഹിക വിപത്താണ്. അതില്‍ കുട്ടികളെ കുറ്റം പറഞ്ഞിട്ട് കാര്യമൊന്നുമില്ല. നിരക്ഷരന്‍ പറഞ്ഞതുപോലെ, ഇത്തരം നിര്‍ണ്ണായക നിമിഷങ്ങളില്‍ കുട്ടികളെ കൈപിടിച്ചുയര്‍ത്താന്‍ SOS പോലുള്ള സ്ഥാപനങ്ങള്‍ക്ക് സാധിച്ചേക്കാം. എന്നാല്‍, ഞാന്‍ മുന്‍പ് സൂചിപ്പിച്ചതുപോലെ, ഈ സ്ഥാപനങ്ങള്‍ കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങളെ നിറവേറ്റുന്നുവെന്നതൊഴിച്ചാല്‍, അവരുടെ വ്യക്തിപരമായ മാനസികാവശ്യങ്ങള്‍ മനപ്പൂര്‍വം കണ്ടില്ലെന്ന് നടിക്കുന്നുവെന്നതാണ് വാസ്തവം. അന്‍പത് കുട്ടികളുള്ള ഒരു സദനത്തില്‍ കുട്ടികളെ നോക്കാന്‍ മിക്കവാറും ഉണ്ടാവുക ആറോ ഏഴോ പേര്‍ മാത്രമാവും.
    ഇവര്‍ക്ക് ഓരോ കുട്ടിയെയും ശ്രദ്ധിക്കാന്‍ എങ്ങനെ സാധിക്കും? അതിനാല്‍, ഞാന്‍ പറയാന്‍ ഉദ്ദ്യേശിക്കുന്നത് ഇതാണ്: SOS പോലുള്ള സ്ഥാപനങ്ങള്‍ തേനും പാലും ഒഴുക്കുന്നുവെന്ന് പറഞ്ഞാല്‍ അത് വെറും അതിശയോക്തി മാത്രമാണ്.

    നിരക്ഷരന്‍ വിഷയത്തെ സമീപിച്ചിരിക്കുന്ന വിധത്തില്‍ നിന്ന് വ്യത്യസ്തമായി, കുറേകൂടി സന്തുലതയോടെ വേണം ഇതിനെ കൈകാര്യം ചെയ്യാന്‍! (ഏതൊരു സംരഭത്തിനും ഗുണത്തെ പോലെ ദോഷവശങ്ങളും ഉണ്ടാവുമെന്ന ബോധ്യത്തില്‍ നിന്നും സമീപനം എന്ന് സാരം.) ഏതായാലും,
    കുട്ടികള്‍ അനാഥരായി വഴിവക്കില്‍ ഭിക്ഷയെടുത്ത്, തെമ്മാടികളായി, ഗുണ്ടകളും, പിടിച്ചുപറിക്കാരുമായി ജീവിക്കേണ്ടതായ അവസ്ഥയില്‍ നിന്ന് രക്ഷിക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് സാധിക്കുന്നുവെന്നത് ശുഭകരം തന്നെ.

  8. എനിക്കീ വിഷയം സന്തുലിതമായി കൈകാര്യം ചെയ്യാന്‍ പറ്റിയിട്ടില്ലെന്ന് സേതുലക്ഷ്മിയുടെ വാക്കുകളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇനി ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കാം. അല്ലെങ്കില്‍ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാതെ നോക്കാം. പ്രായം കുറേ ആയെങ്കിലും പക്വത അത്രത്തോളം ആയിട്ടില്ലെന്ന് ഇടയ്ക്ക് എനിക്ക് തന്നെ തോന്നാറുണ്ട്. നന്ദി സേതുലക്ഷ്മീ :)

  9. നീരുഭായ്,
    പോസ്റ്റിനെയും അതിന്റെ വൈകാരിക ഭാവത്തേയും അംഗീകരിക്കുന്നു, മനസ്സിലാക്കുന്നു.
    ഒപ്പം താങ്കള്‍ പരാമര്‍ശിച്ച ആ അജ്ഞാത സുഹൃത്തിന് ആശംസകള്‍ നേരുകയും ചെയ്യുന്നു.

    ഇതെല്ലാം നിലനിര്‍ത്തിക്കൊണ്ട് തന്നെ സേതുലക്ഷ്മിയോട് ചില വസ്തൂതകളിലെങ്കിലും യോജിക്കുകയാണ് ഞാന്‍. അങ്ങിനെ ഒരു കമന്റ് വന്നില്ലായിരുന്നില്ലെങ്കില്‍ ചിലപ്പോള്‍ ഞാനിത് പറഞ്ഞില്ലായിരുന്നുവെന്ന് വരും. അപ്രിയ സത്യങ്ങള്‍ പറയാത്തതാണ് നല്ലത്.

    പോസ്റ്റിലെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടാതെ ചര്‍ച്ച നടക്കട്ടെ.
    ഏല്ലാവരും അവനവനെ കഴിയുന്ന രീതിയില്‍ മറ്റുള്ളവനെകൂടി സഹായിക്കുക എന്നതാവട്ടെ നമ്മുടെ മുദ്രാവാക്യം.
    ആശംസകള്‍

  10. ഒരിക്കലെങ്കിലും കുട്ടികളുടെ ഈ ഗ്രാമത്തിലേക്കൊന്ന് പോകൂ. അവിടെക്കാണുന്ന ഏതെങ്കിലും ഒരു കുഞ്ഞിന്റെ പുഞ്ചിരി, ചിലപ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ത്തന്നെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാം.

    >> വളരെ കാര്യായി തന്നെ എടുക്കുന്നു മാഷെ… നന്ദി പരിചയപ്പെടുത്തലിന്

  11. മനോജേട്ടാ.. (നിരക്ഷരന്‍ ചേട്ടാ എന്ന വിളി ഞാന്‍ നിര്ത്തി)
    എന്തു കാര്യത്തിനും രണ്ട് വശമുണ്ടാകാം..നല്ലതും ചീത്തയും.. എന്നു കരുതി ഒരു കാര്യത്തെക്കുറിച്ച് നല്ലതു പറയാതിരിക്കുവാനാകുമോ.. എസ് ഒ എസിന്റെ കാര്യത്തിലാണെങ്കില്‍ അതു സംബന്ധിച്ച് ഒരു മോശം വാര്ത്ത ഞാനിതു വരെ കേട്ടിട്ടില്ല.. അതു കേള്‍ക്കാത്തിടത്തോളം നല്ലതാണെന്ന് മനസ്സില്‍ വിശ്വസിക്കുന്നതിനും പറയുന്നതിനും ഒരു തെറ്റുമില്ല. അതും ആരോരുമില്ലാത്ത കുട്ടീകളുടെ കാര്യമാകുമ്പോള്‍ ..
    എന്തിനേയും സംശയത്തിന്റെ ഒരു കണ്ണു കൊണ്ടു കാണേണ്ട ഒരു കാലാമാണ് മുന്നിലുള്ളത്… അതായിരിക്കും സേതുലക്ഷ്മിയും ഉദ്ദേശിച്ചത്.
    എന്നാലും അവിടെ പോയി കാര്യങ്ങള്‍ നേരിട്ടൂ കണ്ട് ഹ്രുദയം തുറന്നെഴുതിയ മനോജേട്ടനെ വിശ്വസിക്കാനാണെനിക്കിഷ്ടം..
    അവസരം കിട്ടൂമ്പോള്‍ തീര്‍ച്ചയായും പോകും.. ഇതിനെക്കുറിച്ച് മനസ്സിലാക്കാനും ശ്രമിക്കാം..എന്നിട്ട് ഞാനുമൊരു പോസ്റ്റിടാം എന്തേ..:)

  12. നിരക്ഷരന്റെ പോസ്റ്റ് വളരെ സെന്‍സിറ്റീവ് ആയ ഒരു വിഷയം ആണ്.
    മനുഷ്യന്‍ സ്വന്തം എന്ന പദത്തിനു കുറെ ആക്കം കൊടുക്കുന്നു..
    പാശ്ചാത്യ നാട്ടിലെ ഫോസ്റ്റര്‍ ഹോം കേട്ടിരിക്കുമോ ചിലരെങ്കിലും?..

    ഭാര്യയും ഭര്‍ത്താവും ഡൈവോഴ്സ് ആവുമ്പോള്‍, മക്കളെ അനാവശ്യമായി ദേഹോപദ്രവം ഏല്പ്പിക്കുമ്പോള്‍,ഡ്രഗ് അഡിക്റ്റ് ആയി അമ്മമാര്‍ മാറുമ്പോള്‍, ജോലിയില്ലത്തെ കുടുംബത്തില്‍ സാമ്പത്തീക ഞെരുക്കം നേരിടുമ്പോള്‍, മാതാപിതക്കള്‍ അപകടമരണപ്പെടുമ്പോള്‍, ക്യാന്‍സര്‍ പോലുള്ള രോഗം വന്ന് കുട്ടികളുടെ പരിചരണം അസാധ്യമാവുമ്പോള്‍ ഒക്കെ കുട്ടികളെ സോഷ്യല്‍ വെല്‍ഫയര്‍ ഗ്രൂപ്പ് ഏറ്റെടുത്ത് ഫോസ്റ്റര്‍ ഹോമില്‍ എത്തിക്കുന്നു.
    അവിടെ സ്വന്തം കുട്ടികളും പിന്നെ എത്തപ്പെടുന്ന കുട്ടികളും,ഒരു ഗൃഹാന്തരീക്ഷത്തില്‍ വളരാന്‍ സാഹചര്യം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്,

    ഹാമില്‍റ്റണ്‍ കമ്യൂണിറ്റി ലിവിങ്ങിന്റെ ഭാഗമായി ഞാന്‍ അവിടെ സന്നദ്ധസേവനം ചെയ്യാറുണ്ട്..
    നിരക്ഷരന്‍ പറഞ്ഞതും സേതു ലക്ഷ്മി പറഞ്ഞതും ശരിയാണെന്ന് പറയേണ്ടി വരുന്നു..

    നല്ല ജീവിതസാഹചര്യങ്ങള്‍ ഇവിടെ അവര്‍ക്ക് കിട്ടുന്നു എന്നാലും ചിലപ്പോള്‍ അവര്‍ വാശിക്കാരും അരോടൊ എന്തിനോടൊ ദ്വേഷ്യമുള്ളവരും ഒക്കെ ആയി കാണുന്നു.. അത് നമ്മുടെ വീടുകളിലെ എല്ലാ കുട്ടികളും കാണിക്കുന്നത് തന്നെ പക്ഷെ ഇതു ഉടനെ പ്രൊബ്ലെം റിപ്പോര്‍ട്ട് ആയി എഴുതും,തുടര്‍ന്ന് കൗണ്‍സിലിങ്ങ് ഒക്കെ ബാക്കി ആയി,…

    വാശിയില്‍ കരയുന്നത്, ഭക്ഷണം വേണ്ടാന്നു പറഞ്ഞത്, കൂടെയുള്ള കുട്ടിയെ ഒന്നു തള്ളുകയൊ അടിക്കുകയോ ചെയ്തത് ഒക്കെ റിപ്പോര്‍ട്ട് ആവും.
    അതിനപ്പുറവും സാധാരണ കുട്ടികള്‍ ചെയ്യുന്നില്ലേ? ഉണ്ട്. പക്ഷെ അത് മാതാപിതാക്കള്‍ കണ്ണടക്കും … ….

    SOS കുട്ടികളുടെ ഗ്രാമം എന്തുകൊണ്ടും നല്ലത് തന്നെ… പിന്നെ കന്യാസ്ത്രീകള്‍ നടത്തുന്ന അനാഥാലത്തില്‍ നിന്നും ഭേതം ആണു നൂറുവട്ടം…..

    കുട്ടികളെ സ്നേഹത്തൊടെ വിളിച്ച് അടുത്തിരുത്തി “എന്നാലും എന്തു കൊണ്ടാ ആ രീതിയില്‍ അപ്പോള്‍ പറഞ്ഞത് /ചെയ്തത്?എന്നു ചോദിക്കുമ്പോള്‍ അവരുടെ ഉത്തരം കേള്‍‍ക്കണം …

    ‘പാസ്താ കഴിക്കില്ല’എന്ന് വാശി പിടിച്ച കുട്ടി ഒടുവില്‍ ചോദിച്ചപ്പോള്‍ പറഞ്ഞു …
    “മമ്മ മരിക്കുന്ന അന്ന് ഡിന്നറിന് ഉണ്ടാക്കിയത് ‘പാസ്ത’ ആയിരുന്നു…I hate pasta…” .

    ജീവിതം പലപ്പോഴും കൊച്ചു കുട്ടികളൊട് വല്ലതെ ക്രൂരത കാണിക്കും .. സൗഭാഗ്യങ്ങള്‍ മാത്രം അനുഭവിക്കുന്നവര്‍ക്ക് അതില്‍ ഒരു പങ്ക് മറ്റുള്ളവര്‍ക്ക് എത്തിക്കാനും കടപ്പാടും കടമയും ഉണ്ട്.

    ഭൂമിയിലെ സൗന്ദര്യമുള്ള വൈവിധ്യമുള്ള സ്ഥലങ്ങളിലേക്ക് മാത്രമല്ല നിരക്ഷരന്റെ യാത്ര,
    കുറെ മനസ്സുകളെ കൂടി ഈ യാത്രയില്‍ കീഴ്പ്പെടുത്തുന്നു…
    ഈശ്വരന്‍ എല്ലാ അനുഗ്രഹവും താങ്കളുടെ നല്ല മനസ്സിനു മേല്‍ ചൊരിയട്ടെ

  13. ഹൃദയം കൊണ്ട് സ്വീകരിക്കുന്നു ഈ പരിചയപ്പെടുത്തല്‍…
    വായിച്ചപ്പോള്‍ മനസ്സുകൊണ്ട് ആ കുട്ടികളുടെ കൂടെ ഇടപഴകിയ പോലെ..
    നന്ദി ഈ പോസ്റ്റിന്..

  14. നിരക്ഷരന്‍‌മാഷേ, മനുഷ്യത്വത്തിന്‍റെ തണല്‍‌വഴികളിലൂടെ വേറിട്ട യാത്രകള്‍ തുടരുവാന്‍ എല്ലാ ഭാവുകങ്ങളും നേരുന്നു. ഒരായിരം നന്ദി.

    അതിവൈകാരികതയുടെ അപകടം ഓര്‍മ്മിപ്പിച്ച സേതുലക്ഷ്മിയുടെ കമന്‍റിനും നന്ദി.

    ഒരിക്കല്‍ പോകണം, ആ ഗ്രാമത്തിലേക്ക് :)

  15. നന്ദി നിരു. ഇവിടെയും ഉണ്ട് എന്ന് അവരുടെ സൈറ്റില്‍ കണ്ടു. അടുത്ത ആഴിച്ച മികവാറും പോക്കും ഞാന്‍.

  16. മനോജ് ചേട്ടാ നന്നായിരുന്നു.. സേതുലക്ഷ്മിയുടെ വേറിട്ട അഭിപ്രയവും വായിച്ചു. അനാഥാലയത്തിലെ കുട്ടികളുടെ മാനസികപ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്തി അവരെ നല്ല നിലയിലാക്കേണ്ടത് അതിന്റെ നടത്തിപ്പുക്കാരുടെ ചുമതലയല്ലെ?അനാഥർക്ക് ഒരു ഷെൽറ്റർ എന്നതിനപ്പുറം സ്നേഹവും,പരിചരണവും ഒപ്പം അവരുടെ സ്വഭാവ രൂപീകരണത്തിനും,മാനസിക ഉല്ലാസത്തിനൂം പറ്റിയ ഇടമായി അനാഥാലയങ്ങൾ മാറേണ്ടേ?.സേതു sos സന്ദർശിക്കട്ടെ,നിരക്ഷരൻ അനാഥാലയവും.. ഞാൻ ഈ രണ്ട് സ്ഥലത്തും പോയിട്ടില്ല.സന്ദർശിക്കാൻ ഇടവന്നാൽ തീർച്ചയായും മനോജേട്ടന് എഴുതാം

  17. ഈ പരിചയപ്പെടുത്തലിന് നന്ദി. മാണിക്യന്റെ കമന്റിലെ കുട്ടി പാസ്ത കഴിക്കാന്‍ കൂട്ടാക്കാത്തതിനെക്കുറിച്ച് എഴുതിയത് കണ്ണ് നനയിച്ചു…

  18. sos ഗ്രാമത്തെക്കുറിച്ചു വായിച്ചിട്ടുണ്ട്-വിശദവിവരങ്ങല്‍ വായിച്ചപ്പോള്‍ അവിടെ പോകണമെന്ന ആഗ്രഹവും ഉണ്ടായി-താങ്കളിലെ നന്മയെ അഭിനന്ദിക്കുന്നു

  19. ആരുമില്ലാത്ത കുട്ടികള്‍ക്ക് എന്തെങ്കിലും സഹായം എത്തിക്കാന്‍ ഉതകുമാറാകട്ടെ എന്ന് മാത്രമേ ഈ പോസ്റ്റ് കൊണ്ട് ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ. 14 വര്‍ഷമായി ഞാന്‍ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങള്‍ മാത്രമേ പറഞ്ഞിട്ടുള്ളൂ. അങ്ങനൊന്നുമല്ല അനാഥാലയങ്ങളിലെ ജീവിതം എന്ന് വിശ്വസിക്കുന്നവരോട് ….. എനിക്കറിയില്ല എന്തുപറയണമെന്നുതന്നെ.

    കുട്ടികളുടെ ഗ്രാമം കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി :)

  20. നിരൂ

    താങ്കളുടെ ഉദ്ദേശശുദ്ധി വായിച്ച എല്ലാവര്‍ക്കും മനസിലാകും, സേതുലക്ഷ്മി അതിലെ ചില പോരായ്മകള്‍ ചൂണ്ടീക്കാണിച്ചുവെന്നു മാത്രം.

    പലപ്രാവശ്യം അതിന്റെ മുന്‍പിലൂടെ പോയിട്ടും അവിടെ ഒന്ന് കയറാതിരുന്നതില്‍ എനിക്കിപ്പോള്‍ വിഷമം തോന്നുന്നു, അടുത്ത പ്രാവശ്യമെങ്കിലും …

    ജോച്ചേച്ചീ പറഞ്ഞ സംഭവം മനസില്‍ തട്ടുന്നു . കുട്ടികളോട് മനസു തുറന്നു സംസാരിക്കുമ്പോള്‍ മാത്രമേ അവരുടെ വിഷമം മനസിലാവൂ, അവരുടെ മനസിലെ മുറിവുകള്‍ മനസിലാകൂ.

    ഹൃദയസ്പര്‍ശിയായ ഒരു പോസ്റ്റ്!
    - ആശംസകളോടേ, സന്ധ്യ

  21. കഴിഞ മാസം നാട്ടിൽ പോയപ്പോൾ ത്രിശ്ശൂരിലെ എസ് ഓ എസ് വില്ലേജിൽ പോയിരുന്നു. നിരക്ഷരന്റെ ഒബ്സെർവേഷനോട് യോജിക്കനാനാണു തോന്നുന്നത്. അവിടേ ഒരു കുട്ടിയുടെ മുഖത്തു പോലും അനാധത്വത്തിന്റെ കരിൻഴലുകൾ കണ്ടില്ല. കുട്ടികൾ എല്ലം തന്നെ നഗരത്തിലെ പ്രശസ്ത ഇങ്ലീഷ് മിഡിയം സ്സൂളുകളിൽ പോകുന്നു. അമ്മയുടെ സ്നെഹതിൽ വളരുന്നു. ശരിക്കും ഒരു വീടിന്റെ അന്തരീക്ഷവും സുരക്ഷയും ആ കുട്ടികൾക്കു കിട്ടുന്നതായി തോന്നി. അവിടെ കിട്ടിയ നേരം കൊൺദു പന്തു ഷെയർ ചെയ്യാതെ പിണങി നിന്നും, വാശി പിടിചു കരഞൂം സ്വഭാവ വൈകല്യങൽ പ്രകടിപ്പിചചതു എല്ലാ സൌകര്യങലോദ്ം വളരുന്ന എന്റെ മോൺ മാത്രമാണു.

    സാധാരണ അനാധാലയങലുമായി എസ് ഓ എസ്നെ കമ്പെയർ ചെയ്യരുതെന്നു തോന്നി.

    ഞങൽ സന്തർശിച്ച വീടിനടുത്ത വീട്ടിൽ അവിടെ നിന്നു വിവാഹം കഴിചു പൊയ ഒരു പെൺകുട്ടിയെ പ്രസവത്തിനു വേണ്ടി കൊണ്ടുവന്നിരിക്കുന്നു – സ്വന്ത വീടു പോലെ.

    പിന്നെ ഒരു റിക്വസ്റ്റ്: വിനോദ യാത്രകു പോകുന്ന മനോഭാവത്തോടെ ആരും അവിടെ പോവാതിരിക്കുക. അവരുടെ വീടാണത്. നമ്മുടെ വീട്ടിൽ അന്യർ കയറി വരുന്നതു നമുക്കിഷ്ടമാകുമോ?

  22. @ സീമാ മേനോന്‍

    വളരെ നന്ദി ആ അഭിപ്രായത്തിന് . എസ്സ്. ഓ.എസ്സ്. സന്ദര്‍ശിച്ചിട്ടുള്ള ഒരാളെന്ന നിലയ്ക്ക് സീമയുടെ അഭിപ്രായത്തിന് വളരെ പ്രസക്തിയുണ്ട്. നന്ദി :)

    @ ജുജ്ജൂസ്

    ഞാന്‍ മറ്റ് അനാഥാലയങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. അതുകൊണ്ട് രണ്ടിടങ്ങളിലേയും കാര്യങ്ങള്‍ കുറേയൊക്കെ മനസ്സിലാക്കാനും താരതമ്യം ചെയ്യാനും പറ്റിയിട്ടുണ്ട്. നന്ദി :)

    ഇത് വായിച്ചിട്ട് ഒന്ന് എസ്സ്.ഓ.എസ്സ്. വരെ പോകണമെന്ന് തോന്നിയിട്ടുണ്ട് പലര്‍ക്കും എന്ന് മനസ്സിലാക്കാനായതില്‍ വളരെ സന്തോഷം. എല്ലാവര്‍ക്കും നന്ദി :)

  23. മനോജ്‌
    ഈ ബ്ലോഗ്‌ ഞാന്‍ ഇന്നാണ് ആദ്യമായി കാണുന്നത്.
    കഷ്ടം…എത്ര വൈകിപ്പോയി ഞാന്‍..
    സാരമില്ല…വൈകിയെങ്കിലും വന്നല്ലോ അല്ലെ?
    വളരെ നന്നായിട്ടുണ്ട് വിവരണങ്ങള്‍…
    ഇതും നമുക്ക് ഒരു പുസ്തകമാക്കണം…
    എന്റെ എഴുത്ത് മാത്രം ഇത് വരെ തുടങ്ങിയിട്ടില്ല..
    എനിക്ക് അറിയില്ല അതെന്നു സംബവികും എന്ന്….
    മനോജിനു എല്ലാ ഭാവുകങ്ങളും നേരുന്നു…
    ജോകൊസ്‌

  24. നന്മ നിറഞ്ഞ ഈ SOS വില്ലെജിനെ പറ്റി അറിവ് പകര്‍ന്നു തന്നതിന് നന്ദി മനോജേട്ടാ. എന്നെങ്കിലും സന്ദര്‍ശിക്കണം അവിടം.

  25. SOS ഗ്രാമത്ത്തെകുരിച്ചു പരിച്ചയപെടുതിയത്തിനു വളരെ അധികം നന്ദി മനോജ്‌.
    തീര്‍ച്ചയായും ഞങ്ങള്‍ അവിടെ പോയിരിക്കും.
    പിന്നെ, ഇവിടെ സേതുലക്ഷി പറഞ്ഞ കാര്യങ്ങള്‍ വസ്തുതാപരമായ കാര്യങ്ങള്‍ ആണ് എന്ന് തോന്നുന്നു. ആറു വര്‍ഷത്തോളം അനധാലയുമായി ബന്ധപ്പെട്ടു കഴിഞ്ഞു വ്യക്തി എന്നാ നിലയില്‍ അതിനോട് യോചിക്കുന്നു. ഒരു കുട്ടിയെ പോലും ദാത്തെടുക്കാണോ sponsor ചെയ്യാനോ സാധിക്കാത്ത നമ്മളില്‍ പലരും അത് ആറു ചെയ്താലും വിമര്‍ശിക്കരുത് എന്നാണു എന്റെ അഭിപ്രായം.
    അനാഥരായ കുട്ടികളുടെ സ്വഭാവം പല കാരണങ്ങളെ ആശ്രയിച്ചിരിക്കും. അതൊക്കെ വിശകലനം ചെയ്തു കൈകാര്യം ചെയ്യുന്ന പ്രങല്ഫരെ കിട്ടുക പ്രയസ്സമാണ്. ഏകദേശം അനാഥത്വത്തിന്റെ അരികില്‍ നിന്ന് തന്നെയാണ് പലപ്പോഴും ഒരു കന്യാസ്ത്രീ പോലും വരുന്നത്. അതൊക്കെ ഇവിടെ എഴുതിയാല്‍ വിവാദം ആവും. എങ്കിലും അവര്‍ ചെയ്യുന്ന പുന്യപ്രവര്തികളെ കുറച്ചു കാണാന്‍ എനിക്ക് ഒരിക്കലും ആവില്ല.

    മനോജ്‌, ഇത്തരം പരിച്ചയപെടുതലുകള്‍ താങ്കളുടെ ഉള്ളിലെ നന്മയെ കൂടി ഞങ്ങള്‍ക്ക് അടുത്തറിയാന്‍ സാധിക്കുന്നു, അത് മറ്റുള്ളവരിലേക്ക് പകരുവാനും.
    ഹൃദയം നിറഞ്ഞ നന്ദി!

  26. പ്രിയപ്പെട്ട മനോജ്,
    ഒരു യാത്രയില്‍ ആയതു കാരണം ഇവിടെയെത്താന്‍ താമസിച്ചു. വളരെ നല്ല അനുഭവം .
    തീര്‍ ച്ചയായും എല്ലാവരും കുട്ടികളോടൊത്തു പോകണം . സ്നേഹാശം സകളോടെ
    ജയലക്ഷ്മി

  27. മനോജേട്ടാ,
    പല പോസ്റ്റുകളും വായിച്ചു കണ്ണ് നിറഞ്ഞുപോയി എന്ന് ഞാന്‍ കമെന്റ് ചെയ്തിട്ടുണ്ട്. പക്ഷെ ഉള്ളുനിറച്ച്‌, കണ്ണുനിറച്ച ഒരു പരിചയപ്പെടുത്തല്‍. എനിക്ക് കുട്ടികളുടെ ഗ്രാമം മനോമുരുകത്തില്‍ തെളിഞ്ഞു വരുന്നു. അവിടുത്തെ ഓരോ കുട്ടികളുടെ രൂപം പോലും…
    ഇനിയെനിക്ക് അവിടെ പോകാതിരിക്കാനാവില്ല.. എന്നെ അവര്‍ക്ക് പരിചയപ്പെടുത്താന്‍….
    ഇങ്ങനെ ഒരു പോസ്റ്റിനു നന്ദി…….

  28. എന്നും ചിരിപ്പിച്ചു ,ചിരിപ്പിച്ചു, കരയിക്കാറാണു പതിവ്,ഇന്ന് ഇങ്ങന്നേയും…
    നിരക്ഷരാ ഹ്രിദയത്തിനു ഭാരം തോന്നുന്നു…അഭ്യര്‍ഥന തീര്‍ച്ചയായും ചെയ്യും. , ഞാന്‍ അനാഥാലയങ്ങള്‍കണ്ടിട്ടുമില്ലാ,പൊയിട്ടുമില്ല. നാടും വീടും വിട്ടു അന്യനാട്ടില്‍ പോയികിടക്കുമ്പോള്‍ അതിന്റെ വേദന ശരിക്കും അറിഞ്ഞിട്ടുണ്ട്..

  29. നിരക്ഷരാ, ആ പേരില്‍ ഉള്ള പ്രത്യേകത കാരണം ഞാന്‍ ബ്ലോഗ്ഗ് സന്ദര്‍ശിച്ചു. നിരക്ഷരന്‍ സാക്ഷരന്‍ ആണല്ലോ.
    ഒരു കുഞ്ഞിന്റെ പുഞ്ചിരി നിങ്ങളുടെ ജീവിതം മാറ്റിയേക്കും എന്ന് പറഞ്ഞത് സത്യമാണ്. കുട്ടികളുടെ ഗ്രാമത്തില്‍ ഞാന്‍ പോയിട്ടില്ല. പക്ഷെ എന്റെ മൂത്ത മകളുടെ നാലാം പിറന്നാളിന്‍ ഞങ്ങള്‍ ഒരു അനാഥ മന്തിരത്തില്‍ പോയിരുന്നു. അവിടെ കണ്ട കാഴ്ചകള്‍ ശരിക്കും ആരുടേയും മനസ്സില്‍ മാറ്റം വരുത്തും. നമ്മള്‍ നമ്മുടെ സൌഭാഗ്യങ്ങള്‍ മനസില്ലാക്കുന്നത് അതില്ലാത്തവരെ കാണുമ്പോള്‍ മാത്രമാണ് അല്ലെ നിരക്ഷരാ.
    ആശംസകള്‍

  30. വ്യത്യസ്തമായ നല്ലൊരു പരിചയപ്പെടുത്തല്‍…

    നന്നായി നിരക്ഷരന്‍ ചേട്ടാ, നല്ല പോസ്റ്റ്!

  31. Hi Niraksharan….
    Avicharithamayanu thankalude blog vayikkanidayayathu….
    Vayichu thudangiyappol niruthane thonniyilla…orotta iruppinu muzhuvanum vayichu theerthu…
    Ver nice…oru divasam poyatharinjilla….
    Sharikkum nall oru yatra poyathu pole…
    Thanks for these blogs….
    My name is Vineeth…
    Joli vivarasankethika rangathu…
    Ennum marikkondirikkunna ee megalayodu vallatha maduppu thonnunnu…
    Ithil ninnum rakshapedan oru vazhi paranju tharumo???? :P….

  32. @ വിനീത്

    വിവര സാങ്കേതിക വിദ്യ മടുത്തിട്ടാണ് ഈയുള്ളവനും എണ്ണപ്പാടത്തെ എരിചൂടിലേക്ക് കൂപ്പുകുത്തിയത്. അതുകൊണ്ട് മുടക്കമില്ലാതെ ബ്ലോഗ് ചെയ്യാന്‍ പറ്റുന്നു എന്ന ഒരു സത്യം എടുത്തുപറയാതെ വയ്യ:)

    ചാടിക്കളിക്കാനുള്ള പ്രായവും മനസ്സുമൊക്കെയുണ്ടെങ്കില്‍ , കുടുംബപ്രാരാബ്ധങ്ങള്‍ ഒന്നും വിലങ്ങുതടിയാകില്ലെങ്കില്‍ ഹൃദയത്തിന്റെ വഴിയേ സഞ്ചരിക്കൂ, തലച്ചോറിന്റെ വഴികളേക്കാള്‍ പലപ്പോഴും ഹൃദയത്തിന്റെ വഴികള്‍ തന്നെയാണ് വിജയത്തിലേക്ക് ആദ്യം എത്തിച്ചേരുന്നത്.

    ബൂലോകത്ത് ഏത്ര മഹാനുഭാവന്മാര്‍ കിടക്കുന്നു. എന്നിട്ട് ഈ നിരക്ഷരനെ മാത്രമേ കണ്ടുള്ളോ അഭിപ്രായം ചോദിക്കാന്‍ ? എന്തായാലും ചോദിച്ചല്ലോ ? മറുപടിയും കിട്ടിയല്ലോ ? കണക്കായിപ്പോയി. ഇനി അനുഭവിച്ചോ :) :)

    കുട്ടികളുടെ ഗ്രാമത്തിലേക്ക് വന്ന എല്ലാവര്‍ക്കും നന്ദി :)

  33. കഴിഞ്ഞ പതിനഞ്ചിലേറെ വര്‍ഷങ്ങളായി തൃശ്ശൂരും ആലുവയിലുമുള്ള SOS മായി ബന്ധമുണ്ടെനിക്കു്. ബന്ധം എന്നു വച്ചാല്‍ എന്നെക്കൊണ്ടാവുന്ന തരത്തിലുള്ള ചെറിയ സഹായങ്ങള്‍. തുടക്കത്തില്‍ അതു് inocme tax deduction നു വേണ്ടി ചെയ്തു തുടങ്ങിയതാണു്. പിന്നെ പിന്നെ അതൊരു ശീലമായി. അര്‍ഹിക്കുന്ന കരങ്ങളില്‍ അതെത്തുന്നു എന്ന ഉറപ്പു തന്നെയാണ് പിന്നീടും അതു തുടരാന്‍ കാരണമായതു്. അതിനുശേഷം ഇന്നുവരെ ഒരു ഓണവും ക്രിസ്മസും അവരെ ഓര്‍ക്കാതെ കഴിഞ്ഞിട്ടില്ല.

    ഓരോ ഓണത്തിനും ക്രിസ്മസ്/ന്യൂ ഇയറിനും ഈ രണ്ടു സ്ഥലത്തുനിന്നും കാറ്ഡുകള്‍ വരും, ഗ്രാമത്തിലെ കുട്ടികളുടെ പഠനം/മറ്റു കാര്യങ്ങള്‍ എന്നിവയേപ്പറ്റിയുള്ള അറിയിപ്പുകളും ഇടക്കിടെ വരും. അവിടെ എന്തെങ്കിലും പരിപാടികള്‍ ഉണ്ടെങ്കില്‍ അതിനു ക്ഷണിക്കും.

    എന്നിട്ടും ഇത്രയും നാളായിട്ടും ഞാന്‍ അവിടെ പോയിട്ടില്ല. എന്റെ മനസ്സിലെ തെറ്റായ ഒരു തോന്നലായിരിക്കും അതിനു കാരണം. അനാഥാലയങ്ങളിലും മറ്റും ഭക്ഷണം കൊടുക്കുമ്പോള്‍ ആ ദിവസം ആ വീട്ടുകാരും പോകും, അവരോടൊപ്പം ഭക്ഷണം കഴിക്കാന്‍. എനിക്കു തോന്നാറുള്ളതു്, ആ കുട്ടികള്‍ ഒരു കാഴ്ചവസ്തുവാകുകയല്ലേ, അതവരോട് ചെയ്യുന്ന ഒരു ക്രൂരതയല്ലേ എന്നാണു്.എന്റെ മനസ്സിലെന്തോ അങ്ങിനെ ഒരു തോന്നലാണു്.

    ആ ഒരു കാരണം കൊണ്ടു തന്നെയാണു്‌ ഞാന്‍ ഈ ഗ്രാമത്തിലേക്കും ഇതുവരെ പോകാതിരുന്നതു്. നിരക്ഷരന്റെ ഈ പോസ്റ്റ് വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കു തോന്നി, SOS ഗ്രാമങ്ങളില്‍ എന്റെ ഈ പേടി അസ്ഥാനത്താണെന്നു്. അതുകൊണ്ട് തീര്‍ച്ചയായും അധികം വൈകാതെ ഞാന്‍ ആ ഗ്രാമം (തൃശ്ശൂരില്‍)കാണാന്‍ പോകുന്നുണ്ട്.

  34. സേതുലക്ഷ്മി : “ സ്വന്തമായൊരു വിലാസമുള്ള ഈ കുട്ടികളുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തങ്ങള്‍ക്ക് അച്ഛനും അമ്മയും ജീവനോടെ ഉണ്ടെന്ന സുരക്ഷിതത്വബോധം ഇവരെ മാനസികമായ അധഃപതനത്തില്‍ നിന്നും വൈകാരിക സങ്കീര്‍ണ്ണതകളില്‍ നിന്നും ഒരു പരുധിവരെ സംരക്ഷിക്കുന്നു.

    റസിഡെന്‍ഷ്യല്‍ സ്കൂളുകളിലെ കുട്ടികളെ കുറിച്ച് സേതുലക്ഷ്മി ഈ പറഞ്ഞതിനോടു കുഞ്ഞുന്നാളിലെ റസിഡെഷ്യല്‍ സ്കൂള്‍ അനുഭവത്തിന്റെ കരുത്തില്‍ വിയോജിപ്പ് അറിയിക്കട്ടെ. അകന്ന് നില്‍ക്കുന്ന അച്ഛനമ്മമാര്‍ കുഞ്ഞുമനസ്സുകള്‍ക്ക് മായികലോകത്തെ ഒരു കഥാപാത്രം നല്‍കുന്ന സാന്ത്വനത്തിനപ്പുറം വലുതൊന്നും നല്‍കുന്നില്ല. തന്നെ തനിച്ചാക്കി, അകന്ന് പോകുന്ന അച്ചനമ്മമാരെയോര്‍‌ത്ത് ഒന്നു രണ്ടു ദിവസം അല്ലങ്കില്‍ ഒരാഴചയിരുന്നു കരഞ്ഞ് , പിന്നെ കൂട്ടുകാരുടെ ബഹളത്തിലും, ദൈനംദിന കാര്യങ്ങളിലും എല്ലാം മറന്ന്പോകും,പിന്നെ ഈ കഥാപാത്രങ്ങള്‍ തിരിച്ചുവരുമ്പോഴേ അവരെയോര്‍ക്കൂ, എന്നല്ലാതെ; എങ്കില്‍, അനാഥകുഞ്ഞുങ്ങളാവട്ടെ അതിജീ‍വനത്തിന്റെ പാഠം നേരത്തേ പഠിച്ചുംകാണും. ധാര്‍മ്മിക ഉത്തരവാദിത്തം ,സുരക്ഷിതത്വബോധം, വൈകാരിക സങ്കീര്‍ണ്ണത, എന്നോക്കെ വല്യ വായില്‍ ലക്ഷ്മി പറഞ്ഞത് നേരെ തിരിച്ചാ അനുഭവം.

    നിരക്ഷരാ : താങ്കള്‍ വളരെ അവധാനതയോടെ ഈ വിഷയം കൈകാര്യം ചെയ്തിരിക്കുന്നു, ഈ വഴിയേ, ഇതൊരു പ്രോത്സാഹനമാകട്ടെ. അനാഥത്വം മരണത്തേക്കാളും ഭീകരമാണ്.

  35. കുറച്ചു നാളുകളായി വിചാരിക്കുന്നതാണ്-ഏതെങ്ങിലും നിരാശ്രയര്‍ക്ക് സഹായം ചെയ്യണമെന്ന്-താങ്കളുടെ ഈ പോസ്റ്റ് അതിനു മാര്‍ഗദര്‍ശനം നല്‍കി-ഇത്തവണ കേരള യാത്ര അതിനു തുടക്കമിട്ടു.

  36. SOS-ന്റെ പ്രവര്‍ത്തനരീതി പ്രശംസനീയാര്‍‌ഹമാണ്. വായിച്ചും കേട്ടുമുള്ള പരിചയമേയുള്ളൂ. താങ്കളുടെ പോസ്റ്റ് ഒരു സന്ദര്‍ശനം നടത്താന്‍ പ്രചോദനമായി. ഒന്ന് പോണം. :)

  37. കുട്ടികളുടെ ഗ്രാമത്തെ പരിചയപ്പെടുത്തിയതിനു നന്ദി, നിരക്ഷരന്‍.
    അവിടം വരെ ഒന്ന് പോകണം എന്ന് ആഗ്രഹം തോന്നുന്നു…നാട്ടില്‍ ചെല്ലുമ്പോള്‍ ആവട്ടെ. :)

  38. ഈ പോസ്റ്റ് വായിച്ച് കമന്റൊക്കെ ഇട്ടതിനുശേഷം കൂടുതല്‍ വിവരങ്ങള്‍ നേരിട്ട് ആലുവയിലെ കുട്ടികളുടെ ഗ്രാമത്തില്‍ ചോദിച്ചറിയുകയും, അനുഭവത്തിന്റെ വെളിച്ചത്തിലുള്ള കൂടുതല്‍ കാര്യങ്ങള്‍ എന്നോട് വീണ്ടും ചോദിച്ചറിയുകയും ചെയ്തതിനുശേഷം വലിയ മനസ്സിനുടമയായ ഒരു വ്യക്തി ആലുവ SOS ല്‍ നിന്ന് ഒരു കുട്ടിയെ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നു.

    ഈ പോസ്റ്റിന് കിട്ടിയ വലിയൊരു അംഗീകാരമായിട്ട് ഞാനതിനെ കാണുന്നു.

    പോസ്റ്റ് വായിക്കുകയും കമന്റിടുകയും ചെയ്തവര്‍ക്കൊപ്പം ഒരു കുട്ടിയെ സ്പോണ്‍സര്‍ ചെയ്യാന്‍ സന്മനസ്സ് കാണിച്ച ആ വലിയ മനസ്സിനോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.

  39. നമസ്കാരം സര്‍,
    സര്‍,നിങ്ങളുടെ ബ്ലോഗ്‌ വളരെ നന്നായിട്ടുണ്ട്.അതിലെ പല കാര്യങ്ങളും വായനക്കാര്‍ക്ക്‌ ഉപകരപ്രതമാണ്.ഇനിയും നല്ല പോസ്റ്റുകള്‍ ഇടുക…തസ്ലീം.പി

  40. നീരൂ,

    ഇവിടെത്തിപ്പെടാന്‍ വൈകി..
    “കുട്ടികളുടെ ഗ്രാമം“ഒരോട്ടപ്രദക്ഷിണം കഴിഞ്ഞു,സാഹ
    ചര്യം ഒത്തുവന്നാലൊരു നാള്‍ ആ സ്നേഹത്തിന്‍റെ
    താഴ്വര സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കട്ടെയെന്നും
    തല്‍ക്കാലം മനോജിന്‍റെ നന്മനിറഞ്ഞ ഈ വിവരണത്തിനു
    ഒരാശംസ ഫിറ്റ് ചെയ്തേക്കാമെന്നും മാത്രം ചിന്തിച്ചു
    കൊണ്ടാണു മുന്‍ കമന്‍റുകള്‍ നിരീക്ഷണവിധേയമാക്കിയത്…
    സമ്മിശ്രമായ അഭിപ്രായപ്രകടനങ്ങള്‍,ശ്രദ്ധിച്ചപ്പോള്‍
    ആശംസാകുറിപ്പിലൊതുക്കാതെ കുറിക്കട്ടെ :

    വളരെ വളരെ സുപ്രധാനമായൊരു വിഷയത്തിലാണു,
    നിരക്ഷരന്‍ ബ്ലോഗിലൂടെ നമ്മുടെ ശ്രദ്ധക്ഷണിച്ചിരിക്കുന്നത്!
    അതിലാരെയെങ്കിലും പുകഴ്ത്തുകയോ,ഇകഴ്ത്തുകയോ
    ചെയ്തേക്കാന്‍ പോന്ന വിദൂര സൂചനകള്‍ എവിടെയും
    കാണുന്നുമില്ല! എന്നല്ല , നമ്മുടെ സമൂഹം വിസ്മരിച്ചു
    പോവുന്ന തികച്ചും സദാചാരവും ധാര്‍മികപ്രധാനവുമായ
    “അനാഥമക്ക”ളുടെ ( ഈ മക്കളെ അനാഥരെന്ന് വിളിക്കുന്നതു
    തന്നെ ശരിയല്ല!)പരിഗണനയാണു വിഷയത്തിന്‍റെ മര്‍മ്മം.
    നാട്ടിലാകെ ഒരുപാടൊരുപാട് സ്ഥാപനങ്ങള്‍ ഈ മക്കളെ
    സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.
    ഇവിടങ്ങളിലൊക്കെ സന്ദര്‍ശിച്ചു ഒരു സ്ഥിതിവിവരക്കണക്ക്
    തയ്യാര്‍ ചെയ്ത്,അതില്‍ ഏറ്റവും ഉയര്‍ന്ന നിലവാരം
    “കുട്ടികളുടെ ഗ്രാമ”ത്തിനാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമല്ല
    നിരക്ഷരന്‍റേതെന്നു നമുക്കറിയാം.അതിനു വേണ്ടി മറ്റാരെയും
    മോശമായി ചിത്രീകരിക്കാനദ്ദേഹം മുതിര്‍ന്നിട്ടുമില്ല!
    വര്‍ഷങ്ങളായി തനിക്കു പരിചിതമായ ഒരു നല്ല സ്ഥാപനത്തെ
    നമുക്ക് വേണ്ടി അദ്ദേഹമൊന്ന് പരിചയപ്പെടുത്തി എന്നുമാത്രം.

    മനോജ്!നിങ്ങള്‍ എഴുതിയത് സ്ഥാനത്തു തന്നെ,ഇനിയുമിനിയും
    കനിവേറുന്ന ഇത്തരം വിവരണങ്ങള്‍ നല്‍കൂ!
    ആരെന്ത് പറഞ്ഞാലും നിഷ്ക്കളങ്കമായി ചെയ്യുന്ന ഏതു
    പ്രവര്‍ത്തനങ്ങളും പച്ചപിടിക്കും ! തീര്‍ച്ച…

    ഇപ്പോള്‍ നോക്കൂ..നിങ്ങള്‍ കുറിച്ചിട്ട വരികളില്‍ നിന്നും
    പ്രചോദനമുള്‍ക്കൊണ്ടാണല്ലോ ആലുവയിലെ ആ നല്ല
    മനുഷ്യസ്നേഹി ഒരുകുട്ടിയെ സ്പോണ്‍സര്‍ചെയ്തിരിക്കുന്നത് !!
    ഇനിയെത്ര പേര്‍ സ്പോണ്‍സര്‍മാരായി വരില്ലെന്നാര് കണ്ടു !!

    അതു കൊണ്ട് നീരൂ! നാം ബ്ലോഗര്‍മാര്‍,ആ മക്കള്‍ക്കു
    കാരുണ്യത്തിന്‍റെ ഒരു തലോടലെങ്കിലും നല്‍കാന്‍ ശ്രമിക്കുക!

    സമൂഹത്തിനു മുമ്പാകെ ഉയരുന്ന വലിയൊരു ചോദ്യഛിന്നമല്ലേ
    ഈ മക്കള്‍! അവരെന്തു പിഴച്ചു…..? ആ അരുമ മക്കളെ ,
    സദാചാരധാര്‍മികമൂശയില്‍ വളരാനനുവദിക്കലല്ലേ ബുദ്ധി!
    അവരെ പാര്‍ശ്വവല്‍ക്കാതെ, നമ്മുടെ സ്വന്തം മക്കളെപ്പോലെ
    കാണാന്‍ എപ്പോഴാണ് നമുക്ക് കഴിയുക !

    ……ആ ശം സ ക ള്‍……

  41. ഹായ്…
    സേതുലക്ഷ്മിയോടു പറഞപോലെ “പ്രായം കുറേ ആയെങ്കിലും പക്വത അത്രത്തോളം ആയിട്ടില്ലെന്ന് ഇടയ്ക്ക് എനിക്ക് തന്നെ തോന്നാറുണ്ട്.” ഇതുവരെയുള്ള ചെറിയ പരിചയം വച്ച് എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. ഇങ്ങനെയുള്ള സ്ഥാപനത്തിൽ വളരുന്ന കുട്ടികൾ മാത്രമല്ല തെറ്റായ വഴിയിലേക്ക് പോകുന്നത്. അതിലും കൂടുതലാവാം അച്ഛനമ്മമാരുടെയും അതുപോലെ മറ്റെല്ലാവരുടേയും സ്നേഹത്തോടെ വളർന്നിട്ടും തെറ്റിന്റെ വഴിയിലേക്കു പോകുന്നവരുടെ എണ്ണം. അങ്ങനെയുള്ളവർ ചെയ്യുന്ന പാപത്തിന്റെ ഫലമാണ് ഇത്തരം സ്ഥാപനങ്ങളിൽ എത്തിച്ചേരുന്ന കുട്ടികളിൽ അധികവും. തെറ്റായ വഴിയിൽ പോകേണ്ടവർ പോകും, നന്നാവേണ്ടവർ നന്നാവും, അത് എവിടെയാണേലും, എങ്ങനെയാണേലും.
    കുട്ടികളെ വഴിതെറ്റിക്കുന്നതാണ് എസ്.ഒ.എസും, അതുപോലെയുള്ള മറ്റ് സ്ഥാപനങ്ങളും എന്ന് മുൽവിധിയെഴുതി ആ സ്ഥാപനങ്ങളെ നാം കണ്ടില്ലായെന്നു നടിക്കരുത്. പലർക്കും അറിയാതിരുന്ന, അറിയാൻ ശ്രമിക്കാതിരുന്ന എത്രയോ കാര്യങ്ങൾ സ്വന്തം അനുഭവത്തിലൂടെ എഴുതിയിട്ടുള്ള താങ്കളുടെ വളരെ ഗൌരവത്തോടെയെടുക്കേണ്ട വിലയേറിയ ഒരു പോസ്റ്റാണ് കുട്ടികളുടെ ഗ്രാമം എന്നാണ് എനിക്കുതോന്നിയത്.
    നന്ദി… മനോജേട്ടാ.

  42. i was a member in this SOS village when i was studying in 8th or 9 th std. still i remmber, we used to organize small programs and collect money for the SOS village. now i am 29 yrs. but i never knew the importance or the factors of SOS village. i feel ashamed because being a part of the village i never think there is a great mission behind this village. thanks for this information

  43. manoj,

    thanks a ton for bloging about SOS so comprehensively. me & my wife used to spend some time in house # 1 every year.fathima was very shy until last year, but this time at the first glimps, she came running to me and kissed me as you wrote n the blog, sang and danced, she is much, much smarter now, we thanked their mom mariam beevi a lot, spent more time with the kids.your blog ‘ll help a lot to further the cause behind SOS. well done manoj.

  44. മനസ്സില്‍ എവിടെയൊ തൊട്ടു…
    അടുത്ത അവധിക്കു നാട്ടില്‍ പോകുമ്പോള്‍ കുടുംബ സമേതം സന്ദര്‍ശിക്കും…

  45. താങ്കളുടെ ഈ പോസ്റ്റ്‌ ആണ് എന്നെ ബ്ലോഗ്‌ എന്ന മാധ്യമത്തിലേക്കു അടുപ്പിച്ചത് .
    താങ്കളുടെ ബ്ലോഗ്‌ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

  46. മനോജേട്ടാ…ഹൃദയത്തില്‍ തട്ടുന്ന ഈ കുറിപ്പ് എഴുതിയതിനു ഒരുപാട് നന്ദി..മനോജേട്ടന്റെ വാക്കുകളില്‍ നിന്ന് തന്നെ മനസിലാക്കാന്‍ കഴിയുന്നുണ്ട് അവരുടെ പ്രവര്തനഗളുടെ മേന്മ …ഇനിയും നല്ല രീതിയില്‍ തന്നെ കൊണ്ട് പോകാന്‍ കഴിയട്ടെ എന്ന പ്രാര്‍ഥിക്കുന്നു ..തീര്‍ച്ചയായും നാട്ടില്‍ പോകുമ്പോള്‍ എന്റെ മക്കളെയും കൊണ്ട് അവിടെ പോകും…

  47. i had shared this piece at least 15 times. but manoj, you should go to sn sevika sadanam near sos. there, the situation is pathetic. been there?

    1. ഇല്ല റാം ഞാനവിടെ പോയിട്ടില്ല. മറ്റ് പല അനാഥമന്ദിരങ്ങളിലേയും സ്ഥിതി വളരെ മോശമാണ്. അടുത്ത പ്രാവശ്യമാകട്ടെ അവിടേയും പോകാം. നന്ദി ഈ ലിങ്ക് ഷെയർ ചെയ്തുകൊണ്ടിരിക്കുന്നതിന്.

Leave a Reply to VEERU Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>