ദിവസം 004 – കുറ്റാലം [GIE Trial]


ലേ ദിവസത്തെ ജോലികൾ കുമിഞ്ഞ് കൂടുന്നത് ഒരു പ്രശ്നം തന്നെയാണ്. അതെങ്ങിനെയെങ്കിലും പരിഹരിച്ച് പൂർത്തിയാക്കി അടുത്ത ദിവസത്തെ കാഴ്ച്ചകളിലേക്കും യാത്രയിലേക്കും കടക്കുന്നതിന് വെല്ലുവിളിയാകുന്നത് താമസിക്കുന്ന ഇടങ്ങളിലെ ചെക്ക് ഇൻ – ചെക്ക് ഔട്ട് സമയമാണ്. മിക്കവാറും ഹോട്ടലുകളിൽ ഉച്ചയ്ക്ക് 12 മണിയാണ് ആ സമയം. ഉച്ച വരെ പ്രശ്നങ്ങൾ പരിഹരിച്ച് ഉച്ചയ്ക്ക് ശേഷം യാത്ര തുടരാമെന്ന ഞങ്ങളുടെ ആശയത്തിന് ചെക്ക് ഇൻ – ചെക്ക് ഔട്ട് സമയം ഒരു പ്രശ്നമായി മാറുന്നു.

11 മണിക്ക്, തീർന്നതും തീരാത്തതുമായ പണികൾ വാരിക്കെട്ടി സന്താനംസ് വില്ലയിൽ നിന്നിറങ്ങി. കുറ്റാലത്ത് എവിടെപ്പോയാലും നേരവും കാലവും നോക്കാതെ നാലുചുറ്റിലും നിന്ന് വീശിയടിക്കുന്ന ഒരു കാറ്റ് ഞങ്ങൾക്കൊപ്പം തന്നെയുണ്ട്.

01
                                                 ആളൊഴിഞ്ഞ കുറ്റാലം

സൌത്ത് ഇന്ത്യയുടെ സ്പാ എന്നറിയപ്പെടുന്ന കുറ്റാലത്ത് ജനങ്ങൾ പോകുന്നത് പ്രധാനമായും വെള്ളച്ചാട്ടം കാണാനും അതിൽ നനയാനുമാണല്ലോ ? ഔഷധസസ്യങ്ങൾ ധാരാളമുള്ള പൊതിഗൈ മലയിൽ നിന്ന് ഒഴുകി വരുന്ന വെള്ളമാണ് കുറ്റാലത്തെ വെള്ളച്ചാട്ടങ്ങളിലെത്തുന്നത്. ആയതിനാൽ ഈ വെള്ളത്തിൽ കുളിക്കുന്നത് ഗുണകരമാണെന്നാണ് വിശ്വസിച്ച് പോരുന്നത്.

കുറ്റാലത്ത് ചെന്നുകഴിഞ്ഞാണ്, അവിടെ കുറേയധികം വെള്ളച്ചാട്ടങ്ങളുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നത്. പഴയ കുറ്റാലം, പുതിയ കുറ്റാലം, ഐന്തരുവി അഥവാ ഫൈവ് ഫാൾസ്, ചമ്പാദേവി ഫാൾസ്, എന്നിങ്ങനെ പോകുന്നു ആ നിര. ഞങ്ങളാദ്യം പഴയ കുറ്റാലത്തേക്ക് പോകാൻ തീരുമാനിച്ചു.

02
                               ആളും വെള്ളവുമൊഴിഞ്ഞ കുറ്റാലം

സീസൺ അല്ലാത്തതുകൊണ്ടാകാം വിജനമായ പാതയാണ്. കൃത്യമായ ബോർഡുകൾ നീളെയുള്ളതുകൊണ്ട് വഴി തെറ്റാൻ ഒരു സാദ്ധ്യതയുമില്ല. പ്രധാനപാത വെള്ളച്ചാട്ടത്തിലേക്ക് തിരിയുന്നയിടത്തെ കമാനം കഴിഞ്ഞ് മുന്നോട്ട് നീങ്ങുന്നിടത്ത് തന്നെ പ്രവേശന ഫീസ് പിരിക്കുന്നു. അത് കൊടുക്കുന്ന സമയത്ത്, ഒരു ചേട്ടൻ പനന്നൊങ്ക് ഓലക്കുമ്പിളിലാക്കി വാഹനത്തിനരികിലേക്ക് വന്നു. ഞങ്ങൾ രാവിലെ ഒന്നും കഴിച്ചിട്ടില്ല. എന്നാൽ‌പ്പിന്നെ ബ്രേക്ക്ഫാസ്റ്റ് ഇങ്ങനെ എന്തെങ്കിലും മതിയല്ലോ എന്ന് ചിന്തിക്കുന്ന നേരത്താണ് അൽ‌പ്പം മാറി ആ ചേട്ടന്റെ പഴങ്ങളുടെ തട്ട് കട കണ്ടത്. ചക്ക, മാങ്ങ, പുളി, എന്നിങ്ങനെ എന്റെ നിയന്ത്രണം വിടാൻ പോന്ന എല്ലാ ഐറ്റങ്ങളും ആ മേശപ്പുറത്തുണ്ട്. ചക്ക പൊളിച്ച് ചുളയാക്കി കൊടുക്കുന്നുണ്ട് ചേട്ടനും ഭാര്യയും ചേർന്ന്. പനന്നൊങ്ക് മാറ്റി വെച്ച് ഞാൻ ചക്കയിൽ പിടിച്ചു. നിറം കണ്ടാലറിയാം അത് തേൻ‌വരിക്കയാണെന്ന്. തേൻ‌വരിക്ക തന്നെ.

Courtallam-02410
                                            പ്രഭാതഭക്ഷണം കുറ്റാലം ചക്ക

എനിക്ക് പിന്നങ്ങോട്ട് വെള്ളച്ചാട്ടം കാണാൻ പോകണമെന്ന് വലിയ താൽ‌പ്പര്യമൊന്നും ഉണ്ടായിരുന്നില്ല. ആ ചേട്ടനും ചേച്ചിയും അഞ്ച് കിലോമീറ്റർ അപ്പുറത്തുള്ള തെങ്കാശിയിലെ വീട്ടിൽ നിന്ന് നിത്യേന വന്നാണ് ഈ വഴിയിൽ കച്ചവടം നടത്തുന്നത്. തൊട്ടടുത്തുള്ള ഒരു ചെറിയ ചായ്പ്പിൽ ഈ ദമ്പതികൾ പലതരം മാങ്ങകൾ പഴുപ്പിക്കാനായി വൈക്കോലിട്ട് മൂടി വെച്ചിരിക്കുന്നു. ആ മുറിയിൽ ഒരു കട്ടിലുണ്ട്. സ്റ്റോക്ക് തീരാത്ത ദിവസങ്ങളിലും പഴുപ്പിക്കാൻ പഴങ്ങൾ വെച്ചിരിക്കുന്ന ദിവസങ്ങളിലും ചേട്ടൻ ആ ചായ്പ്പിൽത്തന്നെ തങ്ങും. ഒരു ദിവസമെങ്കിലും ചേട്ടന് പകരം എനിക്കാ ചായ്പ്പിൽ തങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ !

Courtallam-02404

ചക്കകൾ ഇനിയും ഇരിപ്പുണ്ടവിടെ. എല്ലാം തൊട്ട് മുൻപ് തിന്ന അതേ പ്ലാവിലെ ചക്ക തന്നെ. വിട്ടിട്ട് പോരാൻ മനസ്സ് വന്നില്ല. വാഹനത്തിൽ സ്ഥലമുണ്ടോന്ന് ചോദിച്ചാൽ ഇല്ല. പക്ഷേ, എത്ര തിങ്ങിനിറഞ്ഞ വാഹനത്തിലും ഒരു ചക്ക കൂടെ കയറ്റാനുള്ള സ്ഥലം ഞാൻ ഉണ്ടാക്കിയിരിക്കും. അങ്ങനെ ഒരു തേൻ‌വരിക്ക കാറിനകത്തായി. കൂട്ടത്തിൽ കുറച്ച് ‘കരിനീലൻ‘ മാങ്ങകളും. ഇത്രയുമൊക്കെ ഞങ്ങൾ വാങ്ങിയ സന്തോഷത്തിൽ കടയുടമ സൌജന്യമായൊരു മാങ്ങ പൂളി കുമ്പിളിലാക്കിത്തന്നു. ഇങ്ങനെ ചക്കയും മാങ്ങയുമൊക്കെ തിന്ന് ഊരുവിട്ട് തെണ്ടിനടക്കുന്നതിന്റെ സുഖം പറഞ്ഞറിയിക്കാൻ ബുദ്ധിമുട്ടാണ്.

03
                                      പഴയ കുറ്റാലം മറ്റൊരു ദൃശ്യം

പഴയ കുറ്റാലവും പുതിയ കുറ്റാലവും തമ്മിലെന്താണ് വ്യത്യാസമെന്ന് തിരക്കിയപ്പോൾ പഴയ വെള്ളച്ചാട്ടത്തിനാണ് ഉയരം കൂടുതൽ എന്നാണ് മനസ്സിലാക്കാനായത്. വെള്ളച്ചാട്ടത്തിന്റെ മുന്നിൽ ചെന്നപ്പോൾ വിരലിൽ എണ്ണാവുന്നവർ മാത്രമേ അവിടെയുള്ളൂ. ഒന്നോ രണ്ടോ ഓട്ടോറിക്ഷയും കിടപ്പുണ്ട്. യാതൊരു തിരക്കും അവിടെയില്ല. വെള്ളച്ചാട്ടത്തിൽ നിന്ന് താഴേക്ക് ചാടാൻ വെള്ളമില്ല എന്നതുതന്നെ കാരണം. സഞ്ചാരികൾ ചെന്നുകയറുന്ന വഴിയുടെ ഇരുവശവും ഉയർന്ന് നിൽക്കുന്ന വലിയ പാറകളാണ്. അതിൽ ഇടത് ഭാഗത്തുള്ള പാറയ്ക്ക് മുകളിൽ നിന്നാണ് വെള്ളച്ചാട്ടമുള്ളത്. 60 മീറ്ററാണ് ഈ വെള്ളച്ചാട്ടത്തിന്റെ ഉയരം.

04
                                                വെള്ളമില്ലാത്ത കുറ്റാലം

കീഴെ, സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടക്കം പത്തുപന്ത്രണ്ടുപേർ വെള്ളം നനയുന്നുണ്ട്. ബാക്കിയുള്ള പരിസരത്ത് പ്ലാസ്റ്റിക്ക് മാലിന്യമടക്കമുള്ള വൃത്തികേടുകൾ ധാരാളമുണ്ട്. നൂലുപോലെ വീഴുന്ന കുറ്റാലം ചാട്ടത്തിന്റെ പടമെടുക്കാമെന്ന് വച്ചാൽ അത് പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് തോന്നി. ജനങ്ങൾ നനഞ്ഞ് നിൽക്കുന്നത് ഒഴിവാക്കി പടമെടുക്കുക അത്ര എളുപ്പമല്ല എന്നതുതന്നെ കാരണം. ആ ഭാഗത്തേക്ക് ക്യാമറ പിടിക്കുന്നത് തന്നെ ശരിയല്ല. മുകളിലേക്ക് മാത്രം ഫോക്കസ് ചെയ്ത് ഞാനൊരു പടമെടുത്തു. അധികം താമസിയാതെ സ്ഥലം കാലിയാക്കുകയും ചെയ്തു.

അടുത്ത ലക്ഷ്യം ഐന്തരുവി (ഫൈഫ് ഫാൾസ്) വെള്ളച്ചാട്ടമാണ്. പട്ടണത്തിന് ഉള്ളിലൂടെ കടന്നു വേണം അങ്ങോട്ട് പോകാൻ. വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിൽ പ്രവേശന ഫീസ് പിരിക്കുന്ന പയ്യന് വല്ലാത്ത വൈക്ലബ്യം.

‘തണ്ണി കമ്മി സാർ’ എന്നവൻ.

‘എങ്കിൽ കാശ് കമ്മി പണ്ണുങ്കോ’ എന്ന് ഞാൻ പറഞ്ഞത് തമാശയായിട്ടാണെങ്കിലും അവനത് പോലെ തന്നെ ചെയ്തു. പകുതി പണമേ വാങ്ങിയുള്ളൂ.

07a
                                        വെള്ളമില്ലാത്ത ഐന്തരുവി

ഏതൊരു ടൂറിസ്റ്റ് ഇടത്തേയും പോലെ നിറയെ കടകളാണ് ഐന്തരുവിക്ക് ചുറ്റിനും. അൽ‌പ്പം വെള്ളം കുടിച്ചശേഷം വെള്ളച്ചാട്ടത്തിന്റെ ഭാഗത്തേക്ക് പോകാമെന്ന് കരുതി നിൽക്കുമ്പോൾ സ്ക്കൂൾ കുട്ടികൾ ഒരു ബസ്സ് നിറയെ വന്നിറങ്ങി. പെട്ടെന്ന് അവിടെയൊരു ഉണർവ്വുണ്ടാ‍യത് പോലെ. ഞങ്ങൾ വെള്ളച്ചാട്ടത്തിനടുത്തെത്തിയപ്പോൾ കുട്ടികളെല്ലാം നനഞ്ഞ് ബഹളം വെക്കുന്ന കാഴ്ച്ചയാണ് സ്വാഗതം ചെയ്തത്. വെള്ളം തീരെ കുറവാണ് ഇവിടെയും. പഴയ കുറ്റാലത്തേക്കാൾ കുറഞ്ഞ ഉയരത്തിൽ നിന്നാണിവിടെ വെള്ളം വീഴുന്നത്. നിറയെ കുരങ്ങുകളുണ്ട് പാറപ്പുറത്തൊട്ടാകെ.  പരിസരം മലിനമയം. ഞങ്ങൾ പെട്ടെന്ന് തന്നെ പിൻ‌വാങ്ങി.

05
                            ഐന്തരുവിയിലെ  മാലിന്യക്കാഴ്ച്ച

അഞ്ച് വെള്ളച്ചാട്ടങ്ങൾ ഉണ്ടിവിടെ എന്നാണ് പറയുന്നതെങ്കിലും വെള്ളം കുറവായതുകൊണ്ടാകാം ഒന്നിലധികം വെള്ളച്ചാട്ടങ്ങൾ എനിക്കവിടെ കാണാനായില്ല. എന്നാൽ ഈ സ്ഥലങ്ങളിലെല്ലാം കൂടുതലായി കാണാനായത് മാങ്ങകളും മാങ്ങ വിൽ‌പ്പനക്കാരേയുമാണ്. ഈ മലകൾക്ക് കീഴെ ധാരാളം മാന്തോപ്പുകളുണ്ട്. വളരെ വിലകുറഞ്ഞ് വിഷമടിക്കാത്ത മാങ്ങകൾ കിട്ടും. ഒരു കടയിൽ വാഹനമൊതുക്കി അവിടത്തെ കണക്കെടുത്തപ്പോൾ മാങ്ങ, ചക്ക, വലിയയിനം ചാമ്പക്ക, ട്രീ ടൊമാറ്റോ, മുട്ടപ്പഴം, സ്റ്റാർ ഫ്രൂട്ട്, എന്ന് തുടങ്ങി ആ മലയടിവാരത്തിൽത്തന്നെ ധാരാളം ഫലങ്ങൾ കൃഷി ചെയ്യപ്പെടുന്നുണ്ടെന്ന് മനസ്സിലാക്കാനായി. ഡ്രാഗൺ ഫ്രൂട്ട് മാത്രമാണതിൽ വെളിയിൽ നിന്ന് വന്നിരിക്കുന്ന ഏകഫലം. ആന്ധ്രയിൽ നിന്ന് വരുന്നെന്ന് കരുതിയിരുന്ന ബങ്കനാപ്പള്ളി മാങ്ങകൾ പോലും അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഈ മലഞ്ചെരുവുകളിൽ കായിടുമെന്നാണ് കച്ചവടക്കാർ പറയുന്നത്. എന്തായാലും അപ്പോളവിടെ ലഭ്യമായിരുന്ന ഒരു ബങ്കനാപ്പള്ളി മാങ്ങ അവിടെ നിന്നുതന്നെ പൂളിത്തിന്നശേഷം യാത്ര തുടർന്നു.

06
                                  ബങ്കനാപ്പള്ളി  മാങ്ങയും ലേഖകനും

ഫൈവ് ഫാൾസിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡ് പ്രകാരം ടൈഗർ ഫാൾസ്, ചമ്പാദേവി ഫാൾസ്, ചിറ്റരുവി, മെയിൻ ഫാൾസ്, പേരരുവി, തേനരുവി എന്നിങ്ങനെ പല വെള്ളച്ചാട്ടങ്ങൾ കുറ്റാലത്തുണ്ട്. പക്ഷേ വെള്ളമില്ലാത്ത ചാട്ടങ്ങളിലൊക്കെ എന്തിനിത്ര കഷ്ടപ്പെട്ട് പോകണം ? GIE കുറ്റാലത്തെത്തുമ്പോൾ മഴക്കാലമാണെന്ന് ഉറപ്പ് വരുത്തിയാൽ ഇതെല്ലാം വിശദമായിത്തന്നെ കാണാനും പരിചയപ്പെടുത്താനും കഴിയുമെന്നതുകൊണ്ട് കുറ്റാലത്തെ ‘വെള്ളച്ചാട്ട’ കാഴ്ച്ചകൾ അവസാനിപ്പിച്ച് അടുത്ത ലക്ഷ്യമായ പുനലൂർക്കുള്ള വഴിയിലേക്ക് വാഹനം തിരിച്ചു.

08
                                മറ്റ് വെള്ളച്ചാട്ടങ്ങളുടെ ബോർഡ്

തെന്മല കഴിഞ്ഞ് ഏനാത്ത് വരെ ഞങ്ങൾ വന്ന വഴി തന്നെയാണ്. അവിടന്ന് വലത്തോട്ട് തിരിഞ്ഞ് എടമൺ വഴി പുനലൂരെത്തി അവിടെ തങ്ങാൻ ആദ്യം പദ്ധതിയിട്ടെങ്കിലും പിന്നീട് ആ തീരുമാനം മാറ്റി പത്തനംതിട്ടയിൽ തങ്ങാമെന്നായി.

പത്തനം‌തിട്ട പട്ടണത്തിൽ എത്തിയപ്പോൾ നാലഞ്ച് മാസങ്ങൾക്ക് മുൻപ് എറണാകുളത്തുനിന്ന് സൈക്കിൾ ചവിട്ടി പത്തനംതിട്ട വരെ പോയി പഞ്ച് ചെയ്ത ചെക്ക് പോസ്റ്റ് കണ്ടപ്പോൾ വല്ലാത്ത നഷ്ടബോധം തോന്നി. എത്ര നാളായിരിക്കുന്നു സൈക്കിളിൽ ഒരു ദൂരയാത്ര പോയിട്ട്. ഈ യാത്രയ്ക്കായി ബൈക്ക് സ്റ്റോർ സ്പോൺസർ ചെയ്ത് തന്നയച്ചിരിക്കുന്ന സൈക്കിൾ, കാറിന്റെ പിന്നിൽ വിശ്രമിക്കാൻ തുടങ്ങിയിട്ട് ആഴ്ച്ചയൊന്നാകുന്നു.

TrialDay_04_jpg
                                               യാത്രാമാർഗ്ഗവും ദൂരവും

അടുത്ത ദിവസത്തെ യാത്രാ പദ്ധതിക്കനുസരിച്ച് താമസിക്കുന്ന സ്ഥലങ്ങൾ മാറ്റി നിശ്ചയിക്കുക എന്നത് ഈ യാത്രയിൽ പതിവായിരിക്കുകയാണ്. എങ്ങും കൃത്യമായ ഹോട്ടൽ ബുക്കിങ്ങില്ലാതെ കറങ്ങിനടന്ന് അവസാനം എവിടെയെങ്കിലും ചെന്ന് കയറുക എന്നതും ശീലിക്കേണ്ടിയിരിക്കുന്നു. യാത്ര കേരളം വിട്ടാൽ എങ്ങനെയായിരിക്കും കാര്യങ്ങളെന്ന് ഒരു പിടിയുമില്ലല്ലോ.
————————————————————————————————————–

തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ യാത്രയുടെ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ യാത്രയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
ഇതിന്റെ മലയാളം ശബ്ദരേഖ കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments

comments

One thought on “ ദിവസം 004 – കുറ്റാലം [GIE Trial]

Leave a Reply to sajeev madhuramattom Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>