പതിനഞ്ച് വര്‍ഷം നല്ലനടപ്പ്


ത്തുവര്‍ഷത്തിലധികമായി എണ്ണപ്പാടത്ത് ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്. അബുദാബിയിലാണ് ജോലി ചെയ്യുന്ന കമ്പനിയുടെ ആസ്ഥാനമെങ്കിലും യു.എ.ഇ.യിലും, ഖത്തര്‍, യമന്‍, ഇറാന്‍, ഇന്ത്യ തുടങ്ങി മറ്റ് പല രാജ്യങ്ങളിലെ, കരയിലും കടലിലേയുമൊക്കെയുള്ള എണ്ണപ്പാടങ്ങളില്‍ ജോലി ചെയ്യേണ്ടതായി വന്നിട്ടുണ്ട്.

എണ്ണപ്പാടത്ത് ജോലിക്ക് പോകുന്നതിന് മുന്‍പ് ഞങ്ങളെപ്പോലുള്ളവര്‍ ചെയ്തിരിക്കേണ്ടതായ പലതരം പരിശീലനങ്ങളുണ്ട്. അതൊക്കെ ചെയ്ത് കഴിഞ്ഞാല്‍ സെക്യൂരിറ്റി പാസ്സ് എന്ന പേരിലുള്ള ഐഡന്റിറ്റി കാര്‍ഡ് തയ്യാറാക്കേണ്ടതും ആവശ്യമാണ്. ഏത് രാ‍ജ്യത്തായാലും ഇപ്പറഞ്ഞ സെക്യൂരിറ്റി പാസ്സ് കൈവശമില്ലാതെ എണ്ണപ്പാടത്തേക്കുള്ള യാത്ര അസാദ്ധ്യമാണ്. 3 മാസം മുതല്‍ 6 മാസം വരേയോ ഒരു കൊല്ലം വരേയോ കാലാവധിയുള്ളതായിരിക്കും ഈ സെക്യൂരിറ്റി പാസ്സുകള്‍.

പാസ്സ്പോര്‍ട്ട് കോപ്പിയും, സര്‍ട്ടിഫിക്കറ്റുകളും, അപേക്ഷാ ഫോമുമൊക്കെ കൊടുത്തുകഴിഞ്ഞാല്‍ 2 ദിവസം മുതല്‍ 5 ദിവസത്തിനകം സെക്യൂരിറ്റി പാസ്സ് ഉണ്ടാക്കിക്കിട്ടാറുണ്ട് മിക്ക വിദേശരാജ്യങ്ങളിലും.

ഇന്ത്യയില്‍ ഞങ്ങളുടെ 2 പ്രധാന ക്ലൈന്റ്സ് ആണ് O.N.G.C.യും British Gas ഉം. ഈ കമ്പനികളുടെ ‘മുംബൈ ഹൈ‘ എന്ന ഓഫ്‌ഷോറിലുള്ള എണ്ണപ്പാടങ്ങളിലാണ് ഞങ്ങള്‍ക്ക് ജോലികള്‍ അധികവുമുള്ളത്. ഈ ഫീല്‍ഡുകളില്‍ പോകണമെങ്കിലും സെക്യൂരിറ്റി പാസ്സുകള്‍ അത്യാവശ്യമാണ്. ഇന്ത്യാക്കാരനാണെന്നുള്ള ഇളവൊന്നും അവിടെയില്ല എന്നുമാത്രമല്ല, ഇന്ത്യയില്‍ സെക്യൂരിറ്റി പാസ്സുണ്ടാക്കാന്‍ മറ്റ് രാജ്യങ്ങളില്‍ കൊടുക്കുന്ന രേഖകളും സര്‍ട്ടിഫിക്കറ്റുകളും മാത്രം പോര.

ഓരോ ജീവനക്കാരുടേയും നാട്ടിലെ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി.സി.സി.) കൂടെ സമര്‍പ്പിക്കാതെ ഇന്ത്യാമഹാരാജ്യത്ത് സെക്യൂരിറ്റി പാസ്സ് ഉണ്ടാക്കി കിട്ടുന്ന പ്രശ്നമുദിക്കുന്നില്ല. പാസ്സ് ഉണ്ടാക്കാനും പുതുക്കാനുമൊക്കെ ഒരുമാസത്തിലധികം പഴക്കമില്ലാത്ത പി.സി.സി. കൈയ്യിലുണ്ടായിരിക്കണം. നമ്മുള്‍ ഉള്‍പ്പെടുന്ന ക്രിമിനല്‍ കേസുകളോ മറ്റോ ലോക്കല്‍ പൊലീസ് സ്റ്റേഷന്‍ റിക്കാര്‍ഡുകളില്‍ ഇല്ല എന്നതായിരിക്കണം പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ ഉള്ളടക്കം. ക്രിമിനലായ ഒരുത്തന് എണ്ണപ്പാടത്ത് (ഫീല്‍ഡില്‍)ജോലി ചെയ്യാന്‍ സാധിക്കുകയില്ലെന്ന് സാരം.

പലപ്രാവശ്യം പി.സി.സി. എന്ന കടമ്പ മറികടക്കാന്‍ ലോക്കല്‍ പൊലീസ് സ്റ്റേഷന്റെ വരാന്ത നിരങ്ങേണ്ടതായി വന്നിട്ടുണ്ട്. ലോക്കല്‍ പൊലീസ് സ്റ്റേഷനെന്ന് പറയുമ്പോള്‍ എന്റെ നാടിനെപ്പറ്റി ഒന്ന് സൂചിപ്പിക്കേണ്ടി വരും.

കുറച്ച് കാലമായി ഒന്നുരണ്ട് പ്രമാദമായ കൊലക്കേസുകളുടെ പേരിലും, ഒന്നുരണ്ട് ബോംബേറിന്റെ പേരിലും, ഗുണ്ടാവിളയാട്ടത്തിന്റെ പേരിലുമൊക്കെ അല്‍പ്പസ്വല്‍പ്പം ചീത്തപ്പേര് സമ്പാദിക്കാന്‍ മുനമ്പം എന്ന എന്റെ നാടിനായിട്ടുണ്ട് എന്നതൊഴിച്ചാല്‍ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായതായി എന്റെ അറിവിലില്ല.

അന്യന്റെ മുതലിനോടുള്ള ആര്‍ത്തി, അന്യന്റെ കാശിന് മാത്രം കള്ള് കുടിക്കുന്ന ശീലം, കള്ളുകുടി മാത്രം കൊണ്ടുനടക്കുന്ന ശീലം, അല്‍പ്പസ്വല്‍പ്പം അതിര്‍ത്തിത്തര്‍ക്കം, ആവശ്യത്തില്‍‌ക്കൂടുതല്‍ രാഷ്ടീയം, ഇതൊക്കെ കേരളത്തില്‍ എവിടെയാണില്ലാത്തത് ? അതൊക്കെ നല്ലവണ്ണം മുനമ്പത്തുമുണ്ട്.

ഈയടുത്ത് ഒരു സുഹൃത്തിനേയും അദ്ദേഹത്തിന്റെ മറ്റ് ചില സുഹൃത്തുക്കളേയും വീട്ടിലേക്ക് ക്ഷണിച്ചപ്പോള്‍, “അയ്യോ മുനമ്പത്തേക്കോ ? അലമ്പ് സ്ഥലമാണ് കേട്ടോ അങ്ങോട്ടൊന്നും ഞാനില്ല” എന്ന് ഒരു സുഹൃത്ത് പ്രതികരിച്ചപ്പോള്‍ അല്‍പ്പം വിഷമം തോന്നാതിരുന്നില്ല.

അപ്പോള്‍ പറഞ്ഞുവന്നത്….. പി.സി.സി. വാങ്ങാന്‍ പൊലീസ് സ്റ്റേഷനില്‍ ചെന്നത് അല്ലേ ?

അബുദാബിയില്‍ നിന്ന് മുംബൈയില്‍ ജോലിസംബന്ധമായി എത്തിയപ്പോഴാണ് സെക്യൂരിറ്റി പാസിന്റെ ഡേറ്റ് തീര്‍ന്നിരിക്കുന്ന വിവരം അറിഞ്ഞത്. ഉടനെ നാട്ടിലേക്ക് തിരിച്ചു. പാസ്സുണ്ടാക്കാന്‍ പോകുന്ന കൂട്ടത്തില്‍ ഒന്നുരണ്ടുദിവസം ഔദ്യോഗികമായിത്തന്നെ വീട്ടില്‍ നില്‍ക്കാം എന്നുള്ളത് ഒരു സന്തോഷമുള്ള കാര്യം തന്നെയാണ്.

രാവിലെ കുളിച്ച് കുട്ടപ്പനായി(ഓ, അതിനിനി ഇപ്പോ കുളിക്കണമെന്നൊന്നുമില്ല) ഷേവ് ചെയ്ത് മുഖത്തൊരു പഞ്ചപാവത്തിന്റെ ലുക്ക് ഫിറ്റ് ചെയ്ത് പൊലീസ് സ്റ്റേഷനിലെത്തി. വെളിയില്‍ കണ്ട കോണ്‍സ്റ്റബിള്‍ എമ്മാനോട് കാര്യം അവതരിപ്പിച്ചു. അങ്ങേരോട് പറഞ്ഞാലൊന്നും കാര്യം നടക്കില്ല എന്നറിയാത്തതുകൊണ്ടല്ല.

ഒരുത്തന്‍ വന്ന് മുന്നില്‍ ചാടിയാല്‍, “ങാ..എന്താ ?” എന്നൊരു ചോദ്യം ഏത് പൊലീസുകാരനും ചോദിക്കുമല്ലോ ?

“ ഓ അത് സാറ് അറിയാനുള്ളതല്ല. ഞാന്‍ എസ്.ഐ. സാറിനോട് പറഞ്ഞോളാം” എന്നെങ്ങാനും അബദ്ധത്തിന് ഉരിയാടിപ്പോയാലുള്ള കാര്യം അറിയാമല്ലോ ? അതുകൊണ്ട് ചോദിക്കുന്നവരോടൊക്കെ വന്ന കാര്യം പറഞ്ഞേ പറ്റൂ. ചോദിക്കുന്നത് ചിലപ്പോള്‍ വല്ല മഫ്ടി പൊലീസ് ആകാം, അല്ലെങ്കില്‍ പരോളില്‍ ഇറങ്ങി ലോക്കല്‍ സ്റ്റേഷനില്‍ ദിവസവും ഒപ്പിടാന്‍ വന്നിരിക്കുന്ന വല്ല കൊലക്കേസ് പ്രതിയാകാം. അതൊന്നും കണ്ടുപിടിക്കേണ്ട കാര്യം എനിക്കില്ല. ആരു ചോദിച്ചാലും എണ്ണകുഴിച്ചെടുക്കുന്നത് എങ്ങിനാണെന്ന് വാതോരാതെ സംസാരിക്കുക. എണ്ണപ്പാടത്തൊഴിലാളിയാണെന്ന് അവരെ ബോദ്ധ്യപ്പെടുത്തുക. അങ്ങോട്ട് പോകാനുള്ള ഇണ്ടാസ് എളുപ്പം എഴുതിത്തരണമെന്ന് അപേക്ഷിക്കുക. പച്ചരി വാങ്ങണമെങ്കില്‍ ഇതൊക്കെ ചെയ്തേ പറ്റൂ.

എസ്. ഐ. എമ്മാന്‍ പുതിയ ആളാണ്. സ്റ്റേഷനില്‍ വരാനാകുന്നതേയുള്ളൂ. കഴിഞ്ഞകൊല്ലം ഉണ്ടായിരുന്ന എസ്.ഐ. സാറായിരുന്നെങ്കില്‍ പഴയ മുഖപരിചയവും അതിനുശേഷം കേസിലൊന്നും പെടാത്തതിന്റെ മുഖപരിചയക്കുറവുമൊക്കെ വെച്ച് പെട്ടെന്ന് കടലാസ് ഉണ്ടാക്കാം എന്നുള്ള വ്യാമോഹം അവസാനിച്ചു.

ഒരു മണിക്കൂര്‍ കൂടെ കഴിഞ്ഞപ്പോള്‍ മറ്റൊരു കോണ്‍സ്റ്റബിളിന്റെ ബൈക്കിന് പുറകിലിരുന്ന് എമ്മാനെത്തി. നാലഞ്ച് പേര് എനിക്ക് മുന്നേ വന്നവര്‍ വിനീതവിധേയരായി ക്യൂ നിന്ന് അദ്ദേഹത്തിന്റെ മുറിയിലേക്ക് കടന്ന് പരാതിയൊക്കെ തീര്‍ത്ത് ഇറങ്ങുന്നതുവരെ കാത്തുനിന്നു.

അടുത്തത് എന്റെ ഊഴം. അകത്തുകടന്നപ്പോള്‍, കണ്ടിട്ടൊരു പ്രതിയുടെ ലുക്ക് ഇല്ലാത്തതുകൊണ്ടായിരിക്കും ഇരിക്കാന്‍ പറഞ്ഞു. ഇരുന്നു, കാര്യം അവതരിപ്പിച്ചു.

അപേക്ഷ എഴുതിക്കൊടുക്കാന്‍ പറഞ്ഞു. മുന്‍‌കൂട്ടി തയ്യാറാക്കിയ അപേക്ഷ സമര്‍പ്പിച്ചു. എസ്.ഐ. സാര്‍ അപേക്ഷ മനസ്സിരുത്തി വായിച്ചു. എന്നിട്ടൊന്ന് തലപൊക്കി വീണ്ടും എന്നെ ഉഴിഞ്ഞൊന്ന് നോക്കി.

എന്തൊരു നോട്ടമാ എന്റെ ഈശ്വരാ ?

പണ്ട് കസ്‌ബാ സ്റ്റേഷന് മുന്നിലൂടെ ലൈറ്റില്ലാത്ത സൈക്കിള്‍ ചവിട്ടിയ മഹാ‍ അപരാധത്തിന് പൊലീസ് പിടിച്ചതും, കോളേജ് പഠനകാലത്ത് കോളേജിനോടുള്ള സര്‍ക്കാറിന്റെ അവഗണനയ്ക്കെതിരെയുള്ള സമരമുറകളുടെ ഭാഗമായി കണ്ണൂര്‍ ഡിസ്ട്രിക്‍ട് കളക്‍ടറുടെ ചേമ്പറില്‍ ഒരുപറ്റം സഹപാഠി-പാഠിനികളുമായി അതിക്രമിച്ച് കടന്നതിന് പൊലീസ് പിടിച്ച് കളക്‍ടറേറ്റിന്റെ കോണിപ്പടി വഴി വലിച്ചിഴച്ച് കൊണ്ടുപോയി, ചുരുട്ടിക്കൂട്ടി വൈകുന്നേരം വരെ സ്റ്റേഷനില്‍ ഇരുത്തിയതുമടക്കമുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ ഏമ്മാന്റെ എക്സറേ നോട്ടത്തിലൂടെ വെളിയിലാകുമെന്ന് തോന്നിപ്പോയി. അമ്മാതിരിയായിരുന്നു നോട്ടം.

അഴിഞ്ഞുവീണുപോയ പഞ്ചപാവത്തിന്റെ ലുക്ക് വീണ്ടുമെടുത്ത് മുഖത്ത് ഫിറ്റ് ചെയ്തു.

“മുനമ്പത്തെവിടെയാ വീട് ?” എസ്.ഐ.സാര്‍ മുരടനക്കി.

“ഐ.ആര്‍.വളവില്‍ നിന്ന് വളയാതെ ഉള്ളിലേക്ക് പോകണം”

“അതുശരി ഐ.ആര്‍.വളവിലാണല്ലേ ?“

സൈഡ് ടേബിളില്‍ ഇരുന്നിരുന്ന കുറച്ച് ഫയലുകള്‍ എടുത്ത് മുന്നിലെ മേശപ്പുറത്ത് വെക്കുന്നു ഏമ്മാന്‍.

“ദാ ഇതൊക്കെ ഐ.ആര്‍.വളവുകാരുടേതാ. 14 എണ്ണം ഉണ്ട് ”

“അതില്‍ ഞാനുണ്ടോ സാര്‍ ? “ റിസ്കെടുത്തിട്ടാണെങ്കിലും ചോദിക്കാതിരിക്കാനായില്ല.

“വീട്ടുപേരെന്താ ?” വീണ്ടും ചോദ്യം ഏമാന്റെ വക.

“പോണത്ത് ”

ഫയലുകള്‍ക്കിടയില്‍ പരതി അതില്‍ നിന്ന് ചില ഫയലുകള്‍ എന്റെ മുന്നിലേക്ക് വെക്കുന്നു ഏമ്മാന്‍.

“ദാ, ഈ 4 ഫയലുകള്‍ പോണത്ത് എന്ന് വീട്ടുപേരുള്ളവരുടേതാ. ഈ അവസ്ഥയില്‍ തനിക്ക് ഞാനെങ്ങിനെ കണ്ണുമടച്ച് ക്ലിയറന്‍സ് തരും ? എനിക്കന്വേഷിക്കണം. കഴിഞ്ഞ 15 കൊല്ലത്തെ ഹിസ്റ്ററി തപ്പിയെടുക്കണം. എന്നിട്ടേ എന്തെങ്കിലുമൊരു കടലാസില്‍ ഞാന്‍ ഒപ്പിടൂ .“

“അയ്യോ സാര്‍, പോണത്ത് എന്ന പേരില്‍ പല കുടുംബങ്ങളുണ്ട്. ഞാനാ കുടുംബത്തിലൊന്നും പെടില്ല. എന്നിരുന്നാലും സാറ് വിശദമായി അന്വേഷിച്ചിട്ട് കടലാസ് തന്നാല്‍ മതി. വഴിവിട്ട് ഒന്നും ചെയ്യണ്ട.”

15 കൊല്ലത്തെ ഹിസ്റ്ററി തപ്പിയെടുത്ത് പഠിക്കുന്നതുവരെ എനിക്ക് ഔദ്യോഗികമായിത്തന്നെ വീട്ടില്‍ നില്‍ക്കാമല്ലോ എന്ന ദുഷ്‌ച്ചിന്തയോടെയാണ് അത് പറഞ്ഞതെങ്കിലും, പി.സി.സി. കിട്ടിയില്ലെങ്കില്‍ എന്നെന്നേയ്ക്കുമായി പണിയൊന്നുമില്ലാതെ വീട്ടില്‍ നിക്കേണ്ടിവരുമെന്ന ശരിയായുള്ള ചിന്തയ്ക്ക് ദുഷ്‌ച്ചിന്ത വഴിമാറി.

“ഒരു പണി ചെയ്യൂ. മുനമ്പത്തുള്ള ഒരുരണ്ടുപേരുടെ അഡ്രസ്സ്, ഫോണ്‍നമ്പര്‍ എന്നിവയൊക്കെ കൂടെ ഇതില്‍ എഴുതിച്ചേര്‍ക്കൂ. ഞാന്‍ പലവഴിക്കും അന്വേഷിച്ചെന്ന് വരും.”

ജനിച്ചിട്ടിതുവരെ മടിയില്‍ മൂത്രമൊഴിക്കുകയോ, മുഖം കറുപ്പിച്ച് കാണിക്കുകയോ ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ള ഒന്നുരണ്ടുപേരുടെ ഫോണ്‍ നമ്പറും അഡ്രസ്സുമൊക്കെ വീട്ടിലേക്ക് വിളിച്ച് സംഘടിപ്പിച്ച് അപേക്ഷക്കടലാസില്‍ എഴുതിച്ചേര്‍ത്തു.

“എപ്പോഴത്തേക്കാണ് പി.സി.സി. വേണ്ടത് “ വീണ്ടും ഏമ്മാന്‍.

“ഇപ്പോള്‍ കിട്ടിയാല്‍ ഇപ്പോള്‍ സാര്‍, എന്നുകിട്ടുന്നോ അന്ന് സാര്‍. അതുവരെ എനിക്ക് പണിയെടുക്കാന്‍ പറ്റില്ല സാര്‍. ഈയൊരു കടലാസിന് വേണ്ടി മാത്രം വിമാനമാര്‍ഗ്ഗം മുംബൈയില്‍ നിന്ന് കൊച്ചിയില്‍ വന്ന്, വീട്ടിലിരിക്കുകയാണ് ഞാന്‍ സാര്‍” ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ സാര്‍ സാര്‍ എന്ന് ചേര്‍ത്ത് ഞാന്‍ പറഞ്ഞൊപ്പിച്ചു. വിനയം കുറഞ്ഞുപോയതുകൊണ്ട് സര്‍ട്ടിഫിക്കറ്റ് കിട്ടാതെ പോകരുതല്ലോ ?

“എങ്കില്‍ ശരി ഞാന്‍ അന്വേഷിക്കട്ടെ. പോയിട്ട് രണ്ട് ദിവസം കഴിഞ്ഞ് വാ”

“ശരി സാര്‍, താങ്ക് യൂ സാര്‍”

രണ്ട് ദിവസത്തേക്ക് കറങ്ങാന്‍ പറ്റിയ കാണാത്ത വല്ല സ്ഥലങ്ങളും അടുത്തെങ്ങാനുമുണ്ടോന്ന് ആലോചിച്ചുകൊണ്ട് ഞാന്‍ സ്റ്റേഷന്റെ പടികളിറങ്ങി.

വല്ല്യ തെറ്റൊന്നും പറയരുതല്ലോ ? ഒരു കോണ്‍സ്റ്റബിള്‍ അന്നുതന്നെ വീടുവരെ വന്നു നോക്കിപ്പോയി, രണ്ടാം ദിവസം പി.സി.സി. എഴുതി കൈയ്യില്‍ത്തരുകയും ചെയ്തു. അതുകൊണ്ട് കാര്യമൊന്നുമില്ല. ഈ ചടങ്ങ് എല്ലാക്കൊല്ലവും തുടര്‍ന്നുകൊണ്ടേയിരിക്കും.

ഇനി ശരിക്കുമുള്ള വിഷയത്തിലേക്ക് കടക്കാം. എന്നെപ്പോലെ എത്രയോ പേര് ഇതുപോലെ പൊലീസ് സ്റ്റേഷന്റെ തിണ്ണ നിരങ്ങുന്നു. അതൊക്കെ ഇവിടെ പറയേണ്ട കാര്യമെന്തിരിക്കുന്നു ?

കാര്യമുണ്ട്, പറയാതെ വയ്യ.

പാര്‍ലിമെന്റ് ഇലക്ഷന്റെ വോട്ടിങ്ങൊക്കെ കഴിഞ്ഞ്, അരാണ് നമ്മെ ഭരിക്കാന്‍ പോകുന്നതെന്നുള്ള വിധിവരുന്നതും കാത്ത് അക്ഷമരായി ഇരിക്കുകയാണല്ലോ നമ്മള്‍ പ്രബുദ്ധരും, സമ്പൂര്‍ണ്ണ സാക്ഷരരുമായ ജനങ്ങള്‍ ?

കഴിഞ്ഞ ലോകസഭയിലെ 25% അംഗങ്ങളും (18 പാര്‍ട്ടികളില്‍ നിന്നായി 137 പേര്‍) ക്രിമിനലുകളായിരുന്നുവെന്ന് പഠനറിപ്പോര്‍ട്ട്. എന്ന് ഈ ഇലക്ഷന്‍ തിരക്കിനിടയില്‍ എവിടെയോ വായിച്ചതായി ഓര്‍മ്മവന്നു.

ഈ ഇലക്ഷനല്ലെങ്കില്‍, മറ്റൊരിലക്ഷന് ജയിലില്‍ നിന്ന് വോട്ടുചെയ്യാനും, മണ്ഡലം ചുറ്റിക്കറങ്ങാനും വരെ വന്ന നേതാക്കന്മാരുണ്ട് വടക്കേ ഇന്ത്യയിലൊക്കെ. നമ്മുടെ കേരളത്തിലും അധികം താമസിയാതെ ഉണ്ടായെന്ന് വരും അത്തരമൊരു അവസ്ഥാവിശേഷം.

ജീവിക്കാനുള്ള പെടാപ്പാടിന്റെ ഭാഗമായി മറുനാട്ടിലൊക്കെപ്പോയി ജോലി ചെയ്ത് നടക്കുന്ന, പെറ്റിക്കേസുകളില്‍പ്പോലും ചെന്നുപെടാത്ത(എന്റെ കാര്യം വിട്) ഒരു സാധാരണ ഇന്ത്യന്‍ പൌരന്റെ കാര്യം വരുമ്പോള്‍ നിയമം കടുകട്ടി. 15 വര്‍ഷത്തെ നല്ലനടപ്പെങ്കിലുമില്ലാതെ മാന്യമായി ജോലി ചെയ്ത് കുടുംബം നയിക്കാന്‍ പറ്റാത്ത അവസ്ഥ. അങ്ങനുള്ള അയ്യോപാവങ്ങളെ ഭരിക്കാന്‍, നല്ല എണ്ണം പറഞ്ഞ ക്രിമിനലുകളായാലും കുഴപ്പമൊന്നുമില്ല.അവര്‍ക്ക് ഇലക്ഷനില്‍ മത്സരിക്കാനും 125 കോടി ജനങ്ങളെ ഭരണചക്രത്തിലിട്ട് വട്ടം കറക്കാനുമൊക്കെ ഒരു ലോക്കല്‍ പൊലീസിന്റേയും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. അതെവിടുത്തെ ന്യായം ?

വിരോധാഭാസമെന്ന് പറയണോ ?
തലവിധിയെന്ന് പറയണോ ?
ചിരിക്കണോ ?
കരയണോ ?

എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഞാന്‍.

Comments

comments

38 thoughts on “ പതിനഞ്ച് വര്‍ഷം നല്ലനടപ്പ്

  1. ….((((((0)))))….(((((0)))))))…
    ടപ്പെ…ടപ്പെ…

    ബൂലോകത്ത് വന്നിട്ടിതു വരെ ഒരു തേങ്ങയുടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല..

    ഹൂ ഇപ്പൊ എന്തൊരാശ്വാസം..!! :)

    ഒരു ന്യൂസ് കണ്ടത് ഓര്‍മ്മ വരുന്നു.
    വിദേശത്തു നിന്നും നിയമ പ്രശ്നം മൂലം നാട്ടിലെക്കു വരാന്‍ വിഷമിക്കുന്ന ഒരു കുടുംബത്തെക്കുറിച്ച്…
    നിയമത്തിന്റെ നൂലാമാലകള്‍ എന്നും സാധാരണക്കാരനെ മത്രം ബാധിക്കുന്ന ഒന്നാണല്ലൊ…

  2. കേരളമെന്ന പേർ കേട്ടാൽ ???…..
    ഞരമ്പുകളിൽ ചോര തിളപ്പിക്കണോ അതോ അന്തരംഗത്തെ പൂരിതമാക്കണോ …

  3. ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍
    ആയിരം പേര്‍ വരും
    കരയുമ്പോള്‍ ……………………….

  4. ജനിച്ചിട്ടിതുവരെ മടിയില്‍ മൂത്രമൊഴിക്കുകയോ, മുഖം കറുപ്പിച്ച് കാണിക്കുകയോ ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ള ഒന്നുരണ്ടുപേരുടെ ഫോണ്‍ നമ്പറും അഡ്രസ്സുമൊക്കെ വീട്ടിലേക്ക് വിളിച്ച് സംഘടിപ്പിച്ച് അപേക്ഷക്കടലാസില്‍ എഴുതിച്ചേര്‍ത്തു.
    :):)
    ഏതായാലും രണ്ടു ദിവസം കൊണ്ട് സാധനം കയ്യില്‍ കിട്ടിയില്ലേ.. (തെറിയും ഇടിയും ഇല്ലാതെ )
    ഭാഗ്യവാന്‍…
    :)

  5. അങ്ങനുള്ള അയ്യോപാവങ്ങളെ ഭരിക്കാന്‍, നല്ല എണ്ണം പറഞ്ഞ ക്രിമിനലുകളായാലും കുഴപ്പമൊന്നുമില്ല

    ഉറപ്പാണേ പിന്നെ തിരുത്തി പറയില്ലല്ലോ ?

  6. കൊള്ളാം.
    നല്ലവണ്ണം പ്രസന്റ് ചെയ്തിരിക്കുന്നു.
    മന്ത്രിയാവാന്‍ ഈ ക്ലിയറന്‍സുകളൊന്നും വേണ്ട കേട്ടോ.
    :)

    കേരളത്തില്‍ താരതമ്യേന ക്രിമിനല്‍ പാശ്ചാത്തലം കുറവാണ് എന്നാണ് രേഖകള്‍.

  7. അനുഭവം ശരിയ്ക്കും ഗുരു തന്നെ ആണല്ലേ :)

    ഇതുപോലെത്തന്നെ വില്ലേജാപ്പീസീന്നോ പഞ്ചായത്തീന്നോ അതുമല്ലെങ്കില്‍ ഒരു റേഷന്‍ കാര്‍ഡ് കിട്ടാനോഅപേക്ഷ മാത്രം കൊടുത്താല്‍ അതും നോക്കി ഇരിക്കേണ്ടി വരും. കൈമടക്കൂട്ടി കൊടുത്താ ടപ്പേന്നു കിട്ടും ( രേഖ)

  8. എന്തായാലും 2 ദിവസം കൊണ്ട് പി സി സി കൈയ്യിൽ കിട്ടിയല്ലോ.ഞാൻ ആഴ്ചകളോളം പോലീസ് സ്റ്റേഷൻ കയറിയിറങ്ങിയതാണു.വീട്ടിൽ കള്ളൻ കയറിയതുമായി ബന്ധപ്പെട്ട്.എന്നിട്ട് എന്റെ വീട്ടിൽ കയറിയ കള്ളനെ പിടിക്കാൻ നാട്ടുകാർ വേണ്ടി വന്നു.പിടിച്ചു കൊടുത്തു കഴിഞ്ഞപ്പോൾ പോലീസുകാർ വല്യ ആളുകളായി .എന്തായാലും നിരക്ഷരന്റെ ഗ്ലാമർ കണ്ടിട്ടായാലും 2 ദിവസം കൊണ്ട് സാധനം കൈയ്യീ കിട്ടില്ലോ.ദൈവം തമ്പുരാനോട് നന്ദി പറയൂ !

  9. ഹന്‍ലല്ലത്ത് – ആ തേങ്ങകള്‍ക്ക് നന്ദി :)

    അഭ്യസ്ഥവിദ്യരും, ഒരു പെറ്റിക്കേസില്‍പ്പോലും പെടാത്തവരുമായ നമ്മളെ ഭരിക്കാന്‍/ഈ നാടുഭരിക്കാന്‍ നാലാം ക്ലാസ്സ് വിദ്യാഭ്യാസം പോലും ഇല്ലാത്തവരും, ക്രിമിനലുകളും. നല്ലനടപ്പുകാരായ നമ്മള്‍ എല്ലാ നൂലാമാലകളിലൂടെയും നിയമം തെറ്റിക്കാതെ കടന്നുപോകണം. ക്രിമിനലുകളായ അവര്‍ക്കിതൊന്നും ബാധകമല്ല. ഇലക്ഷനില്‍ മത്സരിക്കാന്‍ അവര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമൊന്നുമില്ല. അങ്ങനെ 25 % ക്രിമിനലുകള്‍ ഭരണസംവിധാനത്തിനകത്ത് കടന്നുകൂടുന്നു. ആ ഒരു അവസ്ഥയോട് ഒരു അനുഭവക്കുറിപ്പിലൂടെ പ്രതികരിച്ചെന്ന് മാത്രം. കേരളത്തിന്റെ കാര്യം മാത്രമല്ല മൊത്തം ഇന്ത്യയുടെ കാര്യമാണ് ഞാന്‍ ഉദ്ദേശിച്ചത്.ഞാനുദ്ദേശിച്ചത് എന്താണെന്ന് പലര്‍ക്കും മനസ്സിലാകാതെ പോയെങ്കില്‍ അതെന്റെ തെറ്റ്.ആശയം വേണ്ടവിധം പ്രകടിപ്പിച്ചില്ല്ല എന്നു ഞാന്‍ മനസ്സിലാക്കുന്നു.ക്ഷമിക്കുക.

    ആര്‍പീരാര്‍, നീരജ, ആചാര്യന്‍, പകല്‍ക്കിനാവന്‍, അങ്കിള്‍, പാവപ്പെട്ടവന്‍, അനില്‍@ബ്ല്ലോഗ്, പ്രിയ ഉണ്ണികൃഷ്ണന്‍, പാമരന്‍, ബിന്ദു ഉണ്ണി, ഞാനും എന്റെ ലോകവും, കാന്താരിക്കുട്ടീ – 15 വര്‍ഷത്തെ നല്ല നടപ്പ് കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി :)

  10. ചിരിക്കണോ , കരയണോ..?
    രണ്ടും വേണ്ട.
    ഇതികര്‍ത്തവ്യഥാമൂഡനായി ഒരിരിപ്പുണ്ട്.
    നമുക്കൊക്കെ അതാണ്‌ വിധിച്ചിട്ടുള്ളത് സുഹൃത്തേ….

  11. വിരോധാഭാസമെന്ന് പറയണോ ? – No..this is that we brought, and we have to pay for it. Can all the Indians stay away from election ? Do we have any way to take actions ? If any one comes forward to make a +ve change, how may of us will support him/her, looking at the cause ? Not at the party and cast ?

    തലവിധിയെന്ന് പറയണോ ? Yes. No other better answer, we can put the blame of this, and keep on suffering.

    ചിരിക്കണോ ? Sure….since it is better than crying.

    കരയണോ ? Why ?? Does that help in anyway ?

  12. നിയമമെന്ന എട്ടുകാലി വലയില്‍ ചെറിയ പ്രാണികളേ കുടുങ്ങൂ….വലിയവ വലയും പൊട്ടിച്ചു രക്ഷപ്പെടും….

  13. നിയമങ്ങളും നിബന്ധനകളും സാധാരണ പൌരനെ ക്ഷമയുടെ നെല്ലിപ്പലക കാണിക്കാന്‍ വേണ്ടി മാത്രം ഉള്ളതാ മാഷെ .. നമ്മുടെ നാട്ടില്‍… നിയമങ്ങള്‍ ഉണ്ടാക്കുന്നതിനോപ്പം കാര്യക്ഷമമായി സാദാരണ ക്കാര്‍ക്ക് പ്രയോജനപെടുന്ന വിധം നടപ്പാക്കാന്‍.. നമ്മുടെ സംവിധാനങ്ങള്‍ അപര്യാപ്തമാണ്. ഇതൊക്കെ അല്ലെ ഒരു മൂന്നാം ലോക രാജ്യത്തു പ്രതീക്ഷിക്കാവു‌… ഏതൊക്കെ ഇങ്ങനെ നിലനില്‍ക്കുമ്പോള്‍ എങ്ങനെയാ നമ്മള്‍ പറയുക.. ഇന്ത്യ തിളങ്ങുന്നു … എന്ന്

  14. “അന്യന്റെ മുതലിനോടുള്ള ആര്‍ത്തി, അന്യന്റെ കാശിന് മാത്രം കള്ള് കുടിക്കുന്ന ശീലം, കള്ളുകുടി മാത്രം കൊണ്ടുനടക്കുന്ന ശീലം, അല്‍പ്പസ്വല്‍പ്പം അതിര്‍ത്തിത്തര്‍ക്കം, ആവശ്യത്തില്‍‌ക്കൂടുതല്‍ രാഷ്ടീയം, ഇതൊക്കെ കേരളത്തില്‍ എവിടെയാണില്ലാത്തത് ? അതൊക്കെ നല്ലവണ്ണം മുനമ്പത്തുമുണ്ട്.”
    കൊള്ളാം ഈ വിലയിരുതല്‍.

    ആക്ഷേപ ഹാസ്യവും നിരക്ഷരന് നന്നായി വഴങ്ങുന്നല്ലൊ.
    അഭിനന്ദനങ്ങള്‍

  15. നല്ല പോസ്റ്റ്‌…രസിച്ചു വായിച്ചു ട്ടോ..
    എന്തൊക്കെയായാലും സംഗതി കൈയില്‍ കിട്ടിയല്ലോ..

  16. അപ്പോള്‍ നാട്ടില്‍ എത്തി അല്ലെ?ഏതായാലും പി സി സി കിട്ടിയല്ലോ.
    ഇനി മറ്റൊരു കാര്യം ..പുതുതായി പോലീസില്‍ വന്ന ചില ചെറുപ്പക്കാര്‍ എസ്.ഐ മാരെ കുറിച്ചാണ്
    നല്ല വിവരവും പെരുമാറ്റവും.തെറി വിളിച്ചുള്ള അഭിവാദനവും ഇല്ലെന്നു കേള്‍ക്കുന്നു.പക്ഷെ മുല്ല പൂമ്പൊടി ഏറ്റു എത്രനാള്‍ ???

  17. ഉഗ്രൻ…. പക്ഷെ ഒരു കാര്യം ഇനി ഓ എൻ ജി സിയുടെ ലോഗിങ്ങിനു വരുമ്പോൾ ഞാൻ ആണു വിറ്റ്നസ്സിനു വരുന്നതെങ്കിൽ നല്ല നടപ്പ് സർട്ടിഫിക്കറ്റ് ഇല്ലാതെ ലോഗ്സ് അക്സപ്റ്റ് ചെയ്യില്ല കേട്ടോ. ജാഗ്രതെ!!!

  18. പള്ളിക്കരയില്‍ – ആ ഇരിപ്പൊന്ന് മാറ്റണ്ടേ നമുക്ക് ?

    വേണു ജീ – അതെ നാം മുന്നോട്ട്. നമുക്ക് മുന്നോട്ട് പോയേ തീരൂ.

    ദീപക്‍ രാജ് – വേണ്ടാ വേണ്ടാ:) :)

    ആഷ്‌ലീ – അപ്പോള്‍ തലവിധിയാണെന്ന് പറഞ്ഞ് ചിരിക്കാം അല്ലേ ? വിശദമായ വായനയ്ക്ക് നന്ദി :)

    ചാണക്യന്‍ – ആ പറഞ്ഞത് സത്യം. പക്ഷെ നമുക്ക് വലിയ പ്രാണികളേയും ആ വലയില്‍ കുടുക്കാനുള്ള നീക്കങ്ങള്‍ നടത്താന്‍ സമയമായില്ലേ ?

    കണ്ണനുണ്ണി – ഇന്ത്യ തിളങ്ങുന്നെന്ന് പറയാന്‍ എനിക്കാവില്ല. മേരാ ഭാരത് മഹാന്‍ എന്നും പലപ്പോഴും പറയാനാവില്ല. അതിനെപ്പറ്റിയൊക്കെ പിന്നൊരിക്കല്‍ എഴുതാം.

    ലതി – ചേച്ചീ, മുനമ്പത്തുകാര്‍ ആരും വായിക്കാതിരുന്നാല്‍ രക്ഷപ്പെട്ടു. വായിച്ചാല്‍ കട്ടപ്പൊഹ :)

    സ്മിതാ ആദര്‍ശ് – ഇക്കൊല്ലം കിട്ടി. ഇനി അടുത്തകൊല്ലവും ഇത് ആ‍വര്‍ത്തിക്കണമല്ലോ ? അപ്പോള്‍ എസ്.ഐ. മാറിയിട്ടുണ്ടെങ്കില്‍ എന്താകും കഥ ?

    സോ‍ജന്‍ – ഞാന്‍ നാട്ടിലെത്തിയിട്ടൊന്നുമില്ല മാഷേ. ഇതൊക്ക പഴയ കഥകളല്ലേ ? പുതിയ പൊലീസ് ഓഫീസേഴ്‌സിനെപ്പറ്റി ആ മതിപ്പ് എനിക്കുമുണ്ട്. ഈ സംഭവത്തില്‍ പറയുന്ന ഓഫീസറും അത്തരത്തിലുള്ള ഒരു മാന്യദേഹമായിരുന്നു. അതൊക്കെ വിദ്യാഭ്യാസത്തിന്റെ ഗുണം. അതുപോലെ മിനിമം ചില വിദ്യാഭ്യാസ യോഗ്യതയുള്ള, ക്രിമിനല്‍ ബാഗ്രൌണ്ട് ഇല്ലാത്ത കുറേ ഭരണാധികാരികള്‍ കൂടെ വന്നാല്‍ നാട് കുറേയൊക്കെ നന്നാകും. അതിനിനി ഭരണഘടന മാറ്റി എഴുതണ്ടേ ? അത് ഇവറ്റകള്‍ സമ്മതിക്കുമോ ? അവരുടെ വയറ്റത്തടിക്കുന്ന ഏര്‍പ്പാടായിപ്പോകില്ലേ അത് ?

    the man to walk with – നന്ദി :)

    റാഷിദ് – ചിന്തിക്കണം ചിന്തിച്ചേ പറ്റൂ.

    ഛരത് – ONGC യില്‍ ഞാന്‍ ലോഗിങ്ങിന് വരില്ല മാഷേ. ഒരൊറ്റ പ്രാവശ്യമേ വന്നുള്ളൂ. ഇനി അവിടെ പോയി ജോലി ചെയ്യുന്നതിലും ഭേദം ഞാന്‍ ജോലി രാജിവെക്കുകയാണെന്ന് ബോസ്സിന്റെ മുഖത്ത് നോക്കി പറഞ്ഞു, എഴുതിയും കൊടുത്തു. ജീവിതത്തിലെ ഏറ്റവും വെറുക്കപ്പെട്ട ഒരു സംഭവവും 10 ദിവസങ്ങളുമായിരുന്നു അത്. അത് ഞാനൊരിക്കല്‍ എഴുതാം. ഛരത്തിനെപ്പോലുള്ള ONGC യിലെ നല്ല ജീവനക്കാര്‍ക്ക് അത് വേദനയുണ്ടാക്കിയെന്ന് വരും.പക്ഷെ എനിക്കത് എഴുതാതെ പറ്റില്ല.

    ഈ പോസ്റ്റ് വായിക്കാനെത്തി അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി. :)

  19. Vayichu
    nannayitund
    ezhuthu,ezhuthi kondeyirikkuuuuuuu
    Logging nangal cheytholam
    Blogging thangal cheythal mathi

  20. കർത്താവെ…അപ്പോൾ അതൊക്കെ എഴുതാൻ പോവുകയാണൊ? ഞാൻ അപ്പോൾ രാജി വെക്കേണ്ടി വരുമൊ!!!!!!!

  21. ചിന്തനീയമായ ഒരു വിഷയത്തിൽ കൊണ്ടു നിറുത്തിയ പോസ്റ്റ്. നന്നായിരിക്കുന്നു

  22. സാധാരണക്കാരന്റെ കാര്യത്തിൽ നിയമം കടുകട്ടിയും,ഉന്നതർക്ക് ‘നിയമം നിയമത്തിന്റെ വഴിക്ക് നടക്കും’എന്ന ഡയലോഗും.ഏറ്റവും കൂടുതൽ കുറ്റം ചെയ്തവർക്കാണ് സ്ഥാനാർത്തിയാവാൻ കൂടുതൽ ഡിമാന്റ്.ഇങ്ങനെ കുറ്റവാളികളായ ജനപ്രതിനിധികൾക്ക് ശമ്പളവും മറ്റ് ആനുക്കുല്യങ്ങളുമായി കിട്ടുന്നതോ മാസം ഏകദേശം 2.5ലക്ഷം.ന്യായമായ കൂലിക്കും ശമ്പളവർദ്ധവിനും സമരം ചെയ്യുന്ന ഈ നാട്ടിൽ സ്വന്തം കൂലി ഇഷ്ടാനുസരണം വർദ്ധിപ്പിക്കാൻ കഴിയുന്ന ഒരു വർഗ്ഗമേ ഉള്ളു M.P!.
    നിയമത്തിന്റെ വിവേചനത്തെ കുറിച്ചുള്ള നിരക്ഷരന്റെ പോസ്റ്റ് നന്നായിരുന്നു..

  23. വളരെ പ്രസക്തമായ വിഷയം.താങ്കൾ നേരിട്ടു അനുഭവിച്ചതുപോലെ ചെറിയതോതിൽ എനിക്കും ഉണ്ടയിറ്റ്ടുണ്ട്‌. പാസ്പോർട്ട്‌ പുതുക്കലുമായി ബന്ധപ്പെട്ട്‌.പക്ഷെ നാട്ടിൽ വന്ന് മൂന്നിന്റെ അന്നു അപേക്ഷനൽകിയ വിഷയം ആണത്‌.എന്നിട്ടും….

    പക്ഷെ എത്രയോ പേർ വലിയ വലിയ കുറ്റങ്ങൾ ചെയ്തിട്ടും നാട്ടിൽ നിന്നും മുങ്ങുന്നു?നമ്മൾ എയർപ്പോർട്ടിൽ വരുമ്പോൾ പരിശോധനയുടെ കോലാഹലം.എയർപ്പോർട്ടിൽ സെക്യൂരിറ്റി ഓഫീസേഴ്സിനെ പോലും ആക്രമിക്കുന്നു വി.ഐപി ബന്ധമുള്ള വർ.

    താങ്കൾ പറഞ്ഞപോലെ എത്രയോ ക്രിമിനലുകൾ പാർളമെന്റിൽ എത്തുന്നു.പാർളമെന്റിലെ വിശ്വാസ വോട്ടുചെയ്യുവാൻ ജയിലിൽ നിന്നുംവി.ഐ.പി സ്റ്റെയിലിൽ വരുന്നു. നമ്മൾ കഷ്ടപ്പെട്ട്‌ ജീവിതം മുന്നോട്ടുകൊണ്ടുപോകുവാൻ ഇവിടെ വരുമ്പോൾ അതിനെ ചൂഷണം ച്യെയ്യുവാൻ എന്താ തിടുക്കം.

    pinne ithum kantu tta
    ജനിച്ചിട്ടിതുവരെ മടിയില്‍ മൂത്രമൊഴിക്കുകയോ, മുഖം കറുപ്പിച്ച് കാണിക്കുകയോ ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ള ഒന്നുരണ്ടുപേരുടെ ഫോണ്‍ നമ്പറും അഡ്രസ്സുമൊക്കെ വീട്ടിലേക്ക് വിളിച്ച് സംഘടിപ്പിച്ച് അപേക്ഷക്കടലാസില്‍ എഴുതിച്ചേര്‍ത്തു.

  24. ഉദേശിച്ച കാര്യം വളരെ നന്നായി പറയാന്‍ കഴിഞ്ഞു!
    പിന്നെ നമ്മുടെ നാട് വളരെ പുരോഗമിച്ചു….
    പത്ത് വര്‍ഷം മുന്പായിരുന്നെന്കില്‍ ഇങ്ങനെയോന്നുമാല്ലയിരുന്നു കാര്യങ്ങള്‍..
    കുറഞ്ഞത് പോലീസുകാര്‍ സമാധാനത്തില്‍ വര്‍ത്തമാനം പറയാനെങ്കിലും പഠിച്ചു ..
    ഇത് വായിച്ചപ്പോള്‍ കുറച്ചു പോലീസ് കഥകള്‍ എഴുതാം എന്ന് വിചാരിക്കുന്നു ….. (ശരിയാകുമോ എന്തോ ?)

  25. അക്ഷരാ,
    (എഴുത്തു കണ്ടിട്ട്‌ നിരക്ഷരാന്ന്‌ എങ്ങനെയാ വിളിക്യാ)

    തൊടുപുഴ മീറ്റിന്റെ വാർത്തകളിലും, ചിത്രങ്ങളിലും കണ്ടതിന്റെ പിന്നാലെ കയറി നോക്കിയതാ മാഷെ.

    കയറിക്കഴിഞ്ഞപ്പോൾ മനസ്സിലായി, ഉഭയജീവിയാണെന്ന്‌, കടലിലും കരയിലും.
    എന്റെ മേഖലയും ഏതാണ്ടതാണ്‌. എൻ. ഡി. സി- റീഗ്‌ കളാണു എന്റെ മേഖല. (ഓൺഷോറും ഓഫ്ഷോറും)
    താങ്കളുടെ ജി. ടി. എസ്‌.സി, പരിശീലന പരിപാടി വായിച്ചപ്പോൾ, എന്റെ അനുഭവവും ഓർത്തു പോയി.
    അബുദാബി യിൽ വരുമ്പോൾ ദയവായി ബന്ധപ്പെടുവാൻ ശ്രമിക്കുക. Roy-050-8219866

  26. രാഷ്ട്രീയക്കാര്‍ നല്ലവരാ… സാമൂഹ്യ പ്രവര്‍ത്തകരായത് കൊണ്ട് അവരെ criminal case ലൊക്കെ അകപ്പെടുത്തി “വെറുതെ എതിരാളികള്‍ കരി തേച്ചു കാണിക്കുന്നതാണെന്ന്” കേരളത്തിലെ കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാം എന്ന് അറിയില്ലേ? ;)

Leave a Reply to Pyari K Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>