സൽക്കർമ്മം


റച്ച കാൽവെപ്പുകളോടെയാണ് അയാൾ പൊലീസ് സ്റ്റേഷന്റെ പടികൾ കയറിയത്. ചോരയിറ്റുന്ന കത്തിയുമായി പാതിവാതിൽ തള്ളിത്തുറന്ന് അകത്തേക്ക് കടന്ന അയാളെക്കണ്ട് വരാന്തയിൽ നില്‍ക്കുകയായിരുന്ന ഹെഡ് കോൺസ്റ്റബിൾ കുട്ടൻപിള്ള ശരിക്കൊന്ന് ഞെട്ടി.

ചോരക്കത്തി നീട്ടിപ്പിടിച്ച് നിൽക്കുന്ന ഒരുത്തനെക്കണ്ട് എസ്.ഐ. ഗുണശേഖരനും ഒന്ന് നടുങ്ങിയെങ്കിലും ഏമാനത് പുറത്തുകാണിച്ചില്ല. കത്തി എസ്.ഐ.യുടെ മേശപ്പുറത്ത് വെച്ച് അനുവാദമൊന്നും ചോദിക്കാതെ അയാൾ മേശക്കിപ്പുറം കിടന്നിരുന്ന കസേരയിലിരുന്നു.

അൻപത് വയസ്സിനോടടുത്ത് പ്രായം, കൃശഗാത്രൻ, നീട്ടി വളർത്തിയ മുടിയും താടിയും. മുട്ടോളമെത്തുന്ന ജുബ്ബയും നിലത്തിഴയുന്ന മുണ്ടുമാണ് വേഷം. മൂക്കിൽ കണ്ണട, തോളിൽ തൂങ്ങുന്ന സഞ്ചി. ഒറ്റനോട്ടത്തിൽ ഒരു അവശസാഹിത്യകാരന്റെ എല്ലാ ലക്ഷണവും ഒത്തുചേർന്ന രൂപം. മുണ്ടിലും ജുബ്ബയിലും തോൾസഞ്ചിയിലുമൊക്കെ ചോരപുരണ്ടിട്ടുണ്ട്.

അപ്പോഴേക്കും സ്റ്റേഷനിലെ മറ്റ് പൊലീസുകാരൊക്കെ എസ്.ഐ.യുടെ മുറിയിലെത്തി.

അൽപ്പനേരം തികഞ്ഞ നിശബ്ദത.

അതിന് ഭംഗം വരുത്തിക്കൊണ്ട് അയാളുടെ ചുണ്ടനങ്ങി.

“ഞാനൊരാളെ കൊന്നു സാർ ”

വീണ്ടും നിശബ്ദത.

“ഞാനത് അറിഞ്ഞുകൊണ്ടുതന്നെ ചെയ്തതാണ്. സഹിക്കാൻ പറ്റാതായപ്പോൾ കേറിയങ്ങ് ചെയ്തു. സാറെന്നെ അറസ്റ്റ് ചെയ്യണം ആദ്യം. അതിന് ശേഷം ബാക്കിയൊക്കെ ഞാൻ വിശദീകരിക്കാം.”

“കുട്ടൻപിള്ളേ, ആ റൈറ്ററ് വർഗ്ഗീസിനെ വിളിക്ക്. എഫ്.ഐ.ആര്. എഴുതിക്കോളാൻ പറയ്.” ഗുണശേഖരൻ സാറിന്റെ ഉത്തരവ് വന്നു.

റൈറ്ററ് പുസ്തകവും പേനയുമായി വന്നപ്പോഴേക്കും ഘാതകൻ മുടിയൊക്കെ പിന്നോട്ട് വകഞ്ഞ് വെച്ച് താടിയിലൊക്കെ ഒന്ന് വിരലോടിച്ച് ജുബ്ബായുടെ കൈയ്യെല്ലാം തെറുത്ത് കയറ്റിവെച്ച് കൊലപാതകത്തിന്റെ ചുരുളഴിക്കാൻ തയ്യാറായിക്കഴിഞ്ഞിരുന്നു.

“എന്റെ ഒരു കൂട്ടുകാരന്റെ അനുജനെയാണ് സാറെ ഞാൻ കൊന്നത്. എനിക്കും അവന്‍ അനുജനപ്പോലെ തന്നെയായിരുന്നു. പ്രത്യേകിച്ച് ഒരു ദേഷ്യവും എനിക്കവനോട് ഇല്ലായിരുന്നു. ഫോർമുല റേസും , ഇംഗ്ലീഷ് സിനിമകളും ഇംഗ്ലീഷ് പാട്ടുകളും, പിത്‌സയും , പാസ്‌തയുമൊക്കെ ഇഷ്ടപ്പെടുന്ന ഇപ്പോഴത്തെ പുതു തലമുറയുടെ ഒരു പ്രതിനിധിയായിരുന്നു അവനും. അതൊന്നും ഇഷ്ടപ്പെടുന്നതിൽ തെറ്റൊന്നും ഞാൻ കണ്ടിട്ടില്ല പക്ഷെ മലയാളത്തോട് പുച്ഛം. മലയാളം പാട്ടുകൾ കേൾക്കുന്നത് ചതുർത്ഥി. വിദ്യാധരൻ മാഷ് പാടിയ ‘കണ്ണുനട്ട് കാത്തിരുന്നിട്ടും എന്റെ കൽക്കണ്ടക്കിനാവുപാടം കട്ടെടുത്തതാ‍രാണ് ‘ എന്ന ഗാനം കേട്ടുകൊണ്ടിരുന്ന എന്നോട് അവനൊരിക്കൽ പറയുകയാണ്.

‘ഇജ്ജാതി പന്ന പാട്ടുകളൊക്കെ കേൾക്കുന്ന നിങ്ങളെയൊക്കെ സമ്മതിച്ച് തരണം‘ എന്ന്.

അന്നവനെ ശുണ്ഠിപിടിപ്പിക്കാൻ വേണ്ടി മാത്രം ഞാനാ പാട്ട് അവന്റെ മുന്നിലിരുന്ന് വൈകുന്നേരം വരെ പല ആവർത്തി കേട്ടു. ഇത്തരത്തിലുള്ള മലയാളത്തെ അവഹേളിക്കുന്ന അല്ലെങ്കിൽ മലയാളത്തോട് പുച്ഛം പ്രകടിപ്പിക്കുന്ന പല സംഭവങ്ങളും അവന്റെ ഭാഗത്തുനിന്ന് പിന്നീടും ഉണ്ടായിട്ടുണ്ട്.

പക്ഷെ ഇന്നാണ് കാര്യങ്ങൾ അതിന്റെ മൂർദ്ധന്യത്തിൽ എത്തിയത്. അവനുമായി സംസാരിച്ചിരിക്കുന്നതിനിടയിൽ എം.ടി.വാസുദേവൻനായരുടെ രണ്ടാമൂഴത്തെപ്പറ്റി ഞാനെന്തോ പരാമർശിക്കുകയുണ്ടായി. അപ്പോളവനെന്നോട് ചോദിക്കുകയാണ്,…..

‘ആരാണീ എം.ടി. വാസുദേവൻ നായർ ?‘ എന്ന്.

ഞാനാദ്യം കരുതി അവൻ എന്നെ ചൊടിപ്പിക്കാന്‍ വേണ്ടി തമാശപറയുന്നതാണെന്ന്. വീണ്ടും കുത്തിക്കുത്തി ചോദിച്ചപ്പോളാണ് അവൻ എം.ടി. എന്നൊരാളെപ്പറ്റി കേട്ടിട്ടില്ലെന്ന് എനിക്ക് ശരിക്കും മനസ്സിലായത്. എന്റെ സമനില തെറ്റിപ്പോയി സാറേ. ഒറ്റപ്പിടുത്തത്തിന് കഴുത്തുഞെരിച്ച് കൊല്ലാനാണ് ആദ്യം തോന്നിയത്. പിന്നീട് കുറെ നേരം വീണ്ടും ആലോചിച്ചു.

എന്നിട്ട് പതുക്കെ അടുക്കളയിലേക്ക് കടന്ന് കത്തിയെടുത്ത് കൊണ്ടുവന്ന് ടീവിയിൽ ഏതോ ഇംഗ്ലീഷ് സിനിമ കണ്ടുകൊണ്ടിരുന്ന അവന്റെ പിറകിൽച്ചെന്ന് കഴുത്തിലൂടെ കത്തിപായിച്ചു. ബോഡി ഇപ്പോഴും ചോര വാർന്നൊലിച്ച് എന്റെ വീടിന്റെ സ്വീകരണമുറിയിൽത്തന്നെ കിടക്കുന്നുണ്ട്. എന്തിനാണ് സാറെ ഇതുപോലുള്ള ഒരു പുതിയ തലമുറ നമുക്ക് ?“

“കുട്ടൻപിള്ളേ ഇയാളെ നാളെത്തന്നെ കോടതിയിൽ ഹാജരാക്കാനുള്ള ഏർപ്പാടൊക്കെ ചെയ്തേക്കൂ. ഇന്ന് ലോക്കപ്പില്‍ കിടക്കട്ടെ. ഞാനപ്പോഴേക്കും ഇയാളുടെ വീട് വരെ ചെന്ന് ബോഡി മാർക്ക് ചെയ്ത് പോസ്റ്റ്മാർട്ടത്തിനുള്ള ഏർപ്പാട് നടത്തിയിട്ട് വരാം. രാത്രി താൻ തന്നെ സ്റ്റേഷൻ ഡ്യൂട്ടിയിൽ ഉണ്ടാകുകയും വേണം. മനസ്സിലായോ ?” ഉത്തരവിറക്കി വെളിയിലേക്കിറങ്ങാൻ തുടങ്ങിയ ഗുണശേഖരനെ ഘാതകൻ തടഞ്ഞു.

“പോകാൻ വരട്ടെ സാറെ. എനിക്കൊരു കാര്യം കൂടെ പറയാനുണ്ട്. ”

“ങ്ങൂം… എന്താ ? തനിക്ക് വല്ല വക്കീലിനെയോ രാഷ്ടീയക്കാരെയോ ഏർപ്പാടാക്കാനുണ്ടോ ?”

“ഹേയ് അതൊന്നുമല്ല സാറെ.”

“പിന്നെന്താ ?”

“കൊലപാതകം ഞാനിതാദ്യമായിട്ടൊന്നുമല്ല ചെയ്യുന്നത്. കുറച്ചുനാള്‍ മുൻപ് ഇതേ സ്വഭാവമുള്ള മറ്റൊരു സൽക്കർമ്മം കൂടെ  ഞാൻ ചെയ്തിട്ടുണ്ട്. അന്ന് തോർത്ത് കഴുത്തിൽ മുറുക്കിയാണ് ഞാ‍നെന്റെ ഇരയെ വീഴ്ത്തിയത്. അതിപ്പോഴും ഒരു തെളിവില്ലാത്ത കേസായി കിടക്കുന്നുണ്ട്. പക്ഷെ ഇപ്പോൾ ഈ കേസിൽ ഞാൻ പിടിതരുന്ന സ്ഥിതിക്ക് ആ കൊലപാതകം കൂടെ ഏറ്റുപറയുന്നതിൽ സന്തോഷമേയുള്ളൂ. ഒരു കൊലനടത്തിയാലും നൂറ് കൊലനടത്തിയാലും ഒരു പ്രാവശ്യമല്ലേ സാറെ തൂക്കാൻ പറ്റൂ.”

പുറത്തേക്കിറങ്ങാൻ തയ്യാറായ എസ്.ഐ. ഇരട്ടക്കൊലപാതകത്തിന്റെ തുമ്പുണ്ടാക്കിയതിന് തനിക്ക് കിട്ടാൻ പോകുന്ന സൽപ്പേരും ഡിപ്പാർട്ട്മെന്റിൽ നിന്ന് കിട്ടാൻ പോകുന്ന ബഹുമതികളുമൊക്കെ ഒരു മിന്നായം പോലെ മുന്നിലൂടെ പാഞ്ഞതിന്റെ സന്തോഷത്തിൽ കസേരയിലേക്ക് തന്നെ ഇരുന്നു.

“അത് ഏത് കേസാണെടോ ? തെളിച്ച് പറ. വർഗ്ഗീസേ ഇത് വേറേ കുറിച്ചോളൂ ”

“അത് തിരൂർ സ്റ്റേഷനിലുള്ള കേസാണ് സാറെ. കൊന്നത് എന്റെ അടുത്ത ഒരു സുഹൃത്തിനെത്തന്നെയാണ്. കൊലപ്പെടുത്തിയത് അവന്റെ വീട്ടിൽ വെച്ചുതന്നെ. ചോര ചിന്താതെയുള്ള കർമ്മമായതുകാരണവും, ഞാനവിടെ പോയത് ആരും കണ്ടിട്ടില്ലായിരുന്നതുകൊണ്ടും അന്നാ കേസിൽ ഒരു ചോദ്യം ചെയ്യൽ പോലും എനിക്ക് നേരിടേണ്ടി വന്നില്ല. എനിക്കാണെങ്കിൽ ആ കൊല നടത്തിയതിൽ,അതൊരു സുഹൃത്തിനെയായിട്ട് പോലും തീരെ കുറ്റബോധം തോന്നിയതുമില്ല. പക്ഷെ ഇപ്പോൾ ഈ കൊലപാതകം നടന്നത് എന്റെ വീട്ടിൽ വെച്ചുതന്നെയായതുകൊണ്ട് ഞാനെന്തായാലും പിടിക്കപ്പെടും. രക്ഷപ്പെടണമെന്ന് എനിക്ക് ആഗ്രഹവുമില്ല. ജയിലിൽപ്പോകാനും തൂക്കുമരത്തിൽ കയറാനും എനിക്കഭിമാനമേയുള്ളൂ. അപ്പോൾപ്പിന്നെ ആദ്യത്തെ സൽക്കർമ്മം കൂടെ ഏറ്റുപറയാമെന്ന് കരുതി. “

“എന്തിനായിരുന്നു താൻ ആദ്യത്തെ കൊല നടത്തിയത് ? അതും തന്റെ അടുത്ത സുഹൃത്തിനെ ? ഇപ്പോൾ ദാ മറ്റൊരു സുഹൃത്തിന്റെ അനുജനെ. തനിക്കെന്താ വല്ല മാനസികപ്രശ്നവുമുണ്ടോ ? “

“ഇല്ല സാറെ എനിക്കൊരു മാനസികപ്രശ്നവുമില്ല. ഞാൻ നോർമലാ. ആദ്യത്തെ കൊല നടത്തിയതിനും വ്യക്തമായ കാരണമുണ്ട്. “

“ശരി ശരി…എങ്കിൽ അതുകൂടെ പറഞ്ഞ് തൊലക്ക് “ എസ്.ഐ. ഗുണശേഖരന്റെ അതുവരെ അടക്കിവെച്ചിരുന്ന ശരിക്കുള്ള പൊലീസ് സ്വഭാവം പുറത്തുവരാൻ തുടങ്ങി.

“അവനെന്റെ അടുത്ത സുഹൃത്തായിരുന്നു. ഇന്ന് ഞാൻ കൊന്നവനെപ്പോലെ, മലയാളത്തിനോട് നീരസവും പുച്ഛവുമൊന്നും ഉള്ളവനൊന്നുമായിരുന്നില്ല അവന്‍. പക്ഷെ അന്ന് ആ കൃത്യം നടന്ന ദിവസം അവന്റെ വീട്ടിൽ വെച്ച് ഓരോന്ന് സംസാ‍രിച്ചിരിക്കുമ്പോൾ പെട്ടെന്നവൻ എന്നോട് ചോദിച്ചു, ‘നിനക്കീ പി.ഭാസ്ക്കരൻ ആരാണെന്ന് അറിയാമോ‘ എന്ന് !

മലയാളികളായിട്ടുള്ളവരൊക്കെ പി.ഭാസ്ക്കരനെ അറിയാതിരിക്കാൻ വഴിയില്ലെന്ന് ഞാൻ മറുപടിയും കൊടുത്തു. പക്ഷെ അവൻ അങ്ങനൊരാളെപ്പറ്റി കേട്ടിട്ടില്ലത്രേ!! എന്റെ കണ്ട്രോള്‍ പോയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ? പിന്നിലൂടെ ചെന്ന് അവന്റെ കഴുത്തിൽ കിടന്നിരുന്ന തോർത്ത് തന്നെ മുറുക്കിയാണ് ഞാനവന്റെ കഥ അവസാനിപ്പിച്ചത്. പി.ഭാസ്ക്കരൻ ആ‍രാണെന്ന് അറിയാത്ത മലയാളിയും, എം.ടി.വാസുദേവൻനായർ ആരാണെന്ന് അറിയാത്ത മലയാളിയും ജീവിച്ചിരിക്കാൻ അർഹരല്ലെന്നാണ് എന്റെ ഒരു വിലയിരുത്തൽ. അങ്ങനുള്ളവരെ തൂക്കിക്കൊല്ലാനൊന്നും ഇന്നാട്ടില്‍ നിയമമില്ലല്ലോ സാറെ. അതുകൊണ്ട് യാതൊരു കുറ്റബോധവുമില്ലാതെ ഞാൻ തന്നെ ആ കർമ്മം അങ്ങ് നടത്തി.

ഇനി നീതിപീഠത്തിന്റേയും കാക്കിയുടേയും കണ്ണിലൂടെ നോക്കാതെ, ഒരു പച്ചമലയാളിയുടെ കണ്ണിലൂടെ നോക്കി സാറ് തന്നെ പറയ്, ഞാൻ ചെയ്തത് തെറ്റാണോ ? അതൊരു സൽക്കർമ്മമല്ലേ ? എന്തിനാണ് സാറേ ഇങ്ങനെ കുറേയെണ്ണം ഈ ഭൂമിമലയാളത്തിൽ ? “

Comments

comments

62 thoughts on “ സൽക്കർമ്മം

  1. അപ്പോ എസ്സൈ ഗുണശേഖരന്‍: അതുശരി. അങ്ങനെ ഒക്കെ ആണല്ലേ കാര്യങ്ങള്‍. ഒന്നു ചോദിച്ചോട്ടെ. ഈ എം ടി ഭാസ്കരന്‍ നായരും പീ വാസുദേവനും, ശെരിക്കും ആരാ അവന്മാരു്‌? സീരിയല്‍ നടന്മാരാ?

    നന്നായി നീരൂ :)

  2. :| ഈ സത്കര്മത്തെ പറ്റി പറഞ്ഞതു നന്നായി. ഇനി ഈ ഏരിയ വിട്ടേ ബ്ലോഗ് ചുറ്റല്‍ ഉള്ളൂ :P

    സത്യസന്ധമായി ഈ മലയാളിടെ കാഴ്ചപ്പാടില്‍ പറഞ്ഞാല്‍് കണ്ണ് തള്ളിപ്പോയി

    :) സ്മൈലി ഇവിടെണ്ട്

  3. ഇനി നീതിപീഠത്തിന്റേയും കാക്കിയുടേയും കണ്ണിലൂടെ നോക്കാതെ, ഒരു പച്ചമലയാളിയുടെ കണ്ണിലൂടെ നോക്കി സാറ് തന്നെ പറയ്, ഞാന്‍ ചെയ്തത് തെറ്റാണോ ? അതൊരു സല്‍ക്കര്‍മ്മമല്ലേ ? എന്തിനാണ് സാറേ ഇങ്ങനെ കുറേയെണ്ണം ഈ ഭൂമിമലയാളത്തില്‍ ? “

    ഹഹഹ … ഈ നിരക്ഷരന്‍ ആരാ? എനിക്കറിയാന്‍ മേലേ…!!
    കൊള്ളാട്ടോ…

  4. എന്റമ്മോ… കിടിലം..

    “നീട്ടി വളര്‍ത്തിയ മുടിയും താടിയും. മുട്ടോളമെത്തുന്ന ജുബ്ബയും നിലത്തിഴയുന്ന മുണ്ടുമാണ് വേഷം. മൂക്കില്‍ കണ്ണട, തോളില്‍ തൂങ്ങുന്ന സഞ്ചി..“

    നിരൻ.. ആരാ കക്ഷീന്ന് പിടി കിട്ടി..:)

  5. അന്‍പത് വയസ്സിനോടടുത്ത് പ്രായം, കൃശഗാത്രന്‍, നീട്ടി വളര്‍ത്തിയ മുടിയും താടിയും. മുട്ടോളമെത്തുന്ന ജുബ്ബയും നിലത്തിഴയുന്ന മുണ്ടുമാണ് വേഷം. മൂക്കില്‍ കണ്ണട, തോളില്‍ തൂങ്ങുന്ന സഞ്ചി. ഒറ്റനോട്ടത്തില്‍ ഒരു ബ്ലോഗ്സാഹിത്യകാരന്റെ എല്ലാ ലക്ഷണവും ഒത്തുചേര്‍ന്ന ഒരു രൂപം…

    ഹൊ…എന്തൊരു വാങ്മയചിത്രാണിത്…പാത്രസൃഷ്ടി …പാത്ര സൃഷ്ടി…

    എം. ടിയെ അറിയില്ലാന്നു പറഞ്ഞാല്‍ എന്നെ തട്ടിക്കളയല്ലേ നിരാ…പുള്ളി മഞ്ഞിനെക്കുറിച്ചെന്തോ എഴുതീന്ന് കേട്ടിട്ടുണ്ട്. പുള്ളീം മഞ്ഞ് കൊണ്ടു; നമ്മളും മഞ്ഞ് കൊണ്ടിട്ടില്ലേ? പുള്ളി അതെഴുതിയിട്ടു; നമ്മള്‍ എഴുതിയിട്ടില്ല. അത്രേല്ലേള്ളൂ… ആ.. അപ്പം പറഞ്ഞ് വന്നത്..താമരശ്ശേരിച്ചുരം….

  6. അബിനന്റനങ്ങല്‍..!

    എനിക്കീ മലയാലം എന്നു കേറ്റാലെ, ഹൊ എന്റൊ പൊലെ..

    കഴുത്തിലൊരു തോര്‍ത്തൊ പള്ളക്കൊരു കത്തിയൊ കേറിയാല്‍ ശെരിയാകുമായിരിക്കും

    കലക്കി അണ്ണാ..

    ഓടോ: കൊലപാതകോം തൊടങ്ങി അല്ലെ..ഹാ…!

  7. നീരു,
    കഥാനായകന്‍ ഇപ്പോ എവിടാ ജയിലിലാണോ?
    പരോളില്‍ പുറത്തിറങ്ങുമ്പോള്‍ അറിയിക്കണെ,
    എനിക്ക് മുങ്ങാനാ….:):)

  8. തട്ടിക്കളയണം.. മലയാളം അറിയാത്തവരെ.. രഞ്ജിനി ഹരിദാസമാരെ.. കഥകളി കണ്ടിട്ടില്ലാത്തവരെ…കുടുമകെട്ടിവയ്ക്കാനല്ലെങ്കില്‍ മുടി നീട്ടി വളര്‍ത്തുന്നവരെ… :)

  9. കുറെ നാളായുള്ള സംശയമാണ്.

    ഈ വയലാര്‍ രവി സിലിമാ പാട്ട് എഴുത്ത് നിര്‍ത്തിയോ? :)

    (നായകന്‍ അകത്താണ് എന്ന വിശ്വാസത്തിലാണേ. :) )

  10. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം…….

    നിരക്ഷരന്‍ ആ‍രാണെന്ന് അറിയാത്ത മലയാളിയും, പാമരന്‍ ആരാണെന്ന് അറിയാത്ത മലയാളിയും ജീവിച്ചിരിക്കാന്‍ പാടില്ലാന്ന് പറഞ്ഞ് ജയില്‍ ചാടിയ പുള്ളിക്കാരന്‍ സല്‍ക്കര്‍മ്മങ്ങള്‍ തുടര്‍ന്നു കൊണ്ടിരുന്നു.
    അങ്ങനെ ലോകത്തിലെ മലയാളി ജനസംഖ്യാനിരക്ക് ഗണ്യമായി കുറഞ്ഞു.

    ശുഭം

  11. കൊലപാതകിയെ മനസിലായെങ്കിലും എന്തിനുവേണ്ടിയാണ് കൊന്നതെന്ന് മനസിലായില്ല :) കാരണം മേല്‍പ്പടിയാന്‍മാരെ എനിക്കും നല്ല പിടിയില്ല .

    അല്ല

    എനിക്കറിയാന്‍ വയ്യാത്ത ഒരു കാര്യം ഈ കൊലപാതകി ആരാണെന്നാണ്‌ വിചാരം .മലയാള ഭാക്ഷയുടെ കാവല്‍ പടയാളിയോ ?

    ഇത് നല്ല കഥ .

    :):)

  12. ഇവിടെ എന്റെ വഹ ആദ്യത്തെ ആമുഖം കമന്റ് ഇടാൻ പറ്റിയില്ല. ഇത് കുറച്ച് മുന്നേ ഷെഡ്യൂൾ ചെയ്ത് വെച്ചിരുന്ന ഒരു കഥയാണ്. ഇന്ന് രാവിലെ തനിയേ പോസ്റ്റായി.

    കുറച്ച് വൈകിയാണെങ്കിലും ആ ആമുഖ കമന്റ് ഞാനിവിടെ കുറിക്കുന്നു.
    ————————-
    കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആരാണീ എം.ടി.വാസുദേവൻനായർ എന്ന് ചോദിച്ച ദുബായിയിൽ ജനിച്ചുവളർന്ന ഒരു സഹപ്രവർത്തകനും, ഒന്നുരണ്ട് വർഷങ്ങൾക്ക് മുൻപ് വിദ്യാധരൻ മാഷിന്റെ പാട്ടിനെ പരിഹസിച്ച മറ്റൊരു സഹപ്രവർത്തകനും, പത്ത് വർഷത്തിലധികം മുന്നേ ‘നീ പി.ഭാസ്ക്കരനെ അറിയുമോ ?’ എന്ന് ചോദിച്ച ഒരു ഉറ്റ സുഹൃത്തുമാണ് ഈ കഥയ്ക്ക് പ്രചോദനമായത്. ഈ കഥ അവർക്ക് തന്നെ സാദരം സമർപ്പിക്കുന്നു.

    കഥയിലെ കഥാപാത്രങ്ങൾക്കും കഥാസാഹചര്യങ്ങൾക്കും, ജീവിച്ചിരിക്കുന്നതും മരിച്ചുപോയവരുമായ ഏതെങ്കിലും വ്യക്തികളുമായി യാതൊരു സാദൃശ്യവും ഇല്ല, അഥവാ അങ്ങനെ തോന്നുന്നുണ്ടെങ്കിൽ അത് യാദൃശ്ചികം മാത്രം എന്നുള്ള ഡിസ്‌ക്ലൈമറിന് ഇനി പ്രസക്തിയില്ലല്ലോ ?
    ——————————–
    ഇതുവരെയുള്ള കമന്റുകൾ ഒന്നിനൊന്ന് മെച്ചം. എന്നാലും ഗുപ്തന്റേം, അൽഫോൺസക്കുട്ടിയുടേയും കമന്റുകൾ കൂടുതൽ ഇഷ്ടപ്പെട്ടു. അതിനിടയിൽ എനിക്കിട്ടും ഒന്ന് താങ്ങി അല്ലേ ഗുപ്താ… :):)

    സൽക്കർമ്മം കാണാനെത്തി അഭിപ്രായം അറിയിച്ച എല്ലാവർക്കും ഒരുപാട് നന്ദി.

  13. റോസ്മേരി, മഴയെ പറ്റി എഴുതിയിട്ടുണ്ട്, വളരെ മനോഹരമായി..അതിന് ഒരാളുടെ പ്രതികരണം- നമ്മുക്ക് തണുക്കാതെ, മഴയെല്‍ക്കാതെ കഴിയാനാവുമ്പോള്, മഴ നനഞ്ഞാലും, പനി വന്നാലും മരുന്നു വാങ്ങാന്‍ പറ്റുമ്പോള്‍, മഴയെ പറ്റി ഘോര ഘോരം എഴുതാം എന്ന്.

    പി ഭാസ്കരനെയും , എം ടി യെയും അറിയാതെ പോവുക എന്നത് അത്ര വലിയ പാതകമാണോ? ( എന്ന് വച്ചു, ഞാന്‍ മലയാളത്തെ പുച്ഛിക്കുന്നു എന്ന് കരുതണ്ട..)

    ജീവിത സാഹചര്യങ്ങളാണ്, ഒന്നിനെ കുറിച്ചു അറിയാനും, ആരാധിക്കാനും അവസരമൊരുക്കുന്നത്..

    പരല്‍ പേര് എന്ന ഒരു സമ്പ്രദായം ഉണ്ടായിരുന്നു എന്ന് എത്ര മലയാളികള്‍ക്കറിയാം??

  14. വായിച്ചപ്പോള്‍ ചെറിയൊരു ഭയം…

    പി. ഭാസ്കരനെയും, എം. ടി യെയും അറിയാവുന്നതുകൊണ്ട്, ഇപ്പോത്തെക്ക് രക്ഷയായി.

    ഭാവിയില്‍, നിരക്ഷരനെ അറിയാം എന്നും പറഞ്ഞു രക്ഷപെടാമല്ലോ..
    കഥ വളരെ നന്നായിട്ടുണ്ട് മാഷേ…

  15. മനോജെ, ഇതു സംഗതി കലക്കിയല്ലോ! പുതുമയുള്ള ആശയം.

    ഒരു സംശയം, ആരാണീ എം ടിയും പി ബീയുമൊക്കെ? മലയാളീസാ?

  16. കുറച്ചു കഴിയുമ്പോള്‍ എന്താണ് അവിയല്‍ ,പുളിശേരി , കാളന്‍ , തോരന്‍ … എന്നൊക്കെ ചോദിച്ചു തുടങ്ങും ..

    അത് കഴിയുമ്പോള്‍ ഓണത്തിന് പിസ ഹട്ടില്‍ പോയാലോ എന്ന് ചോദിക്കും …..

    അപ്പൊ നമുക്ക് എല്ലാര്ക്കും കൂടെ തുങ്ങി ചാകാം

  17. മേരിക്കുട്ടീ – വിലയേറിയ അഭിപ്രായത്തിന് നന്ദി. മേരിക്കുട്ടി മലയാളത്തെ പുച്ഛിക്കുന്നില്ലെന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെ ഒരു അഭിപ്രായവ്യത്യാസം അറിയിക്കട്ടെ.

    ജീവിതസാഹചര്യം എന്ന ഒരു കാരണം മാത്രം എം.ടി.യെ(പി.ഭാസ്ക്കരനെ വേണമെങ്കിൽ ഒഴിവാക്കിക്കോളൂ.) അറിയില്ല
    എന്ന് പറയാനുള്ള ന്യായീകരണമായി കണക്കിലെടുക്കാൻ എനിക്ക് പറ്റില്ല. എത്ര വന്നാലും പത്രം വായിക്കുമല്ലോ. മലയാളം പത്രം തന്നെ വേണമെന്നില്ല. ഇംഗ്ലീഷ് പത്രങ്ങളിലും എം.ടി. എന്ന സാഹിത്യകാരൻ വിഷയമാകാറുണ്ട്.

    വോൾവോ റേസിനെപ്പറ്റിയും, ഗ്രാൻഡ് പ്രി മത്സരങ്ങളെപ്പറ്റിയുമൊക്കെ ഘോരഘോരം വാചകമടിക്കുന്ന തലമുറയാണ് എം.ടി.യെ അറിയില്ലെന്ന് പറയുന്നത്. അപ്പോൾ ഇവിടെ കാണിക്കുന്നത് അവരുടെ താല്‍പ്പര്യം ഒന്നു മാത്രമാണ്. സ്വന്തം പൈതൃകത്തോടും സംസ്ക്കാരത്തോടും അതുപോലുള്ള വാർത്തകളോടും അവർക്ക് താല്‍പ്പര്യമില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

    പിന്നെ ഇങ്ങനെയുള്ളവരെ അവരുടെ വഴിക്ക് വിടാനേ പറ്റൂ. കൊല്ലാൻ പോയിട്ട് ഒരു വാഗ്വാദത്തിനുപോലും നിൽക്കുന്നതിൽ അർത്ഥമില്ല.

    സുരേഷ് ഗോപി ചിത്രങ്ങളിൽ, സംസ്ഥാനം ഭരിക്കുന്ന മന്ത്രിമാരെ അടക്കം തീയിട്ട് ചുട്ടുകൊന്നിട്ട് നായകൻ സ്ലോ മോഷനിൽ നടന്നുനീങ്ങുന്നത് നാമെത്രപ്രാവശ്യം കണ്ടിരിക്കുന്നു. അതുപോലെ ഒരു നടക്കാത്ത കാര്യമാണിതും. കഥകളിലൊക്കെയല്ലേ ഇങ്ങനെ പറ്റൂ.ഇതൊരു കഥ മാത്രമല്ലേ ?…. :) :)

    പിന്നെ പരൽ പേര് സമ്പ്രദായം എവിടെ കിടക്കുന്നു ? എം.ടി.യെ അറിയില്ല എന്നുള്ള ഈ കഥാതന്തു എവിടെക്കിടക്കുന്നു.മലയാളത്തെ സ്നേഹിക്കുകയും, അറിയുകയും, ആവറേജ് വായിക്കുകയും ചെയ്യുന്ന ഒരാള് പോലും പരൽ പേര് സമ്പ്രദായം അറിയണമെന്നില്ല. ഈ രണ്ടുകാര്യങ്ങളും താരതമ്യപ്പെടുത്തിയതിലും ഞാൻ മേരിക്കുട്ടിയോട് വിയോജിക്കുന്നു.

    ‘പരൽ പേര് സമ്പ്രദായം‘ എന്നത് നല്ലൊരു ചർച്ചാവിഷയമാക്കാൻ പറ്റിയ ഒന്നാണ്. അതിന് ഇടയുണ്ടാക്കിത്തന്നതിന് പ്രത്യേകം നന്ദി.

    അഭിപ്രായം തുറന്ന് പറഞ്ഞത് എല്ലാ ആദരവും ബഹുമാനത്തോടും കൂടെയാണ് കേട്ടോ? ഒരു നീരസവും തോന്നരുത്. ഇതൊരു ചർച്ചയായിട്ട് മാത്രം കണ്ടാൽ മതി.

  18. നിരക്ഷരാ,
    ചില സഹപ്രവർത്തകരുടെ ചോദ്യങ്ങളാ‍ണ് ഈ പോസ്റ്റിന്റെ പ്രചോദനമെന്ന് പറഞ്ഞല്ലോ. നമ്മുടെയൊക്കെ തലമുറയില്‍പ്പെട്ടവർ എം.ടി.യെ പ്പറ്റി കേട്ടിട്ടുപോലുമുണ്ടാവില്ല എന്ന് ഞാൻ വിശ്വസിക്കുന്നില്ല. അറിയാമെങ്കിലും ഇത്തരം കാര്യങ്ങൾ അറിയില്ലെന്നു പരസ്യമായി പറയുന്നത് ഒരു സ്റ്റൈലായി കാണുന്ന കുറേപേരുണ്ട്. കുട്ടിക്കാലം മുതലേ എനിയ്ക്കടുത്തറിയാവുന്ന ചിലർ പോലും വർഷങ്ങൾക്കുശേഷം ഇത്തരം സംഭാഷണങ്ങളിലേർപ്പെടുന്നത് കണ്ട് അന്തംവിട്ടു നിന്നിട്ടുണ്ട് ഞാൻ!

    അപ്പോൾ പിന്നെ വരും‌തലമുറകളുടെ കാര്യം പറയാനുണ്ടോ? അവർക്കിതൊന്നും അറിയാതെ വരുന്നതിൽ ഒട്ടും അതിശയമോ ദേഷ്യമോ തോന്നേണ്ട കാര്യമില്ല.

  19. ഇനി നീതിപീഠത്തിന്റേയും കാക്കിയുടേയും കണ്ണിലൂടെ നോക്കാതെ, ഒരു പച്ചമലയാളിയുടെ കണ്ണിലൂടെ നോക്കി സാറ് തന്നെ പറയ്, ഞാന്‍ ചെയ്തത് തെറ്റാണോ ? അതൊരു സല്‍ക്കര്‍മ്മമല്ലേ ? എന്തിനാണ് സാറേ ഇങ്ങനെ കുറേയെണ്ണം ഈ ഭൂമിമലയാളത്തില്‍ ?

  20. മനോജ്, എനിക്ക് വഴക്കൊന്നുമില്ല കേട്ടോ, എന്നോടും വഴക്ക് വയ്ക്കല്ലേ :))

    ഞാന്‍ രണ്ടു കാര്യങ്ങളും താരതമ്യം ചെയ്തതല്ല..

    പിന്നെ, ഇംഗ്ലീഷ് മീഡിയത്തില്‍് പഠിച്ച, ഇംഗ്ലീഷ് പുസ്തകങ്ങള്‍് മാത്രം വായിക്കുന്ന ഒരാള്‍- ഇംഗ്ലീഷ് ആനുകാലികങ്ങളില്‍ MT യെ പറ്റി മുന്‍ പേജില്‍ ഒന്നും ഉണ്ടാകാന്‍ ഇടയില്ലാത്ത സ്ഥിതിക്ക് അറിയണം എന്ന് നിര്‍ബന്ധമില്ല. അതിന് അവരെ അല്ല കുറ്റം പറയേണ്ടത് എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. ശരിക്കും അവരുടെ ജീവിത സാഹചര്യങ്ങള്‍ ആണ്..
    ഞാന്‍ മാതാപിതാക്കളെ, അല്ലെങ്കില്‍, വിദ്യാഭ്യാസ രീതിയെ മാത്രമെ കുറ്റം പറയൂ. ഒരു കുട്ടി ജനിച്ചു വളര്‍ന്ന നാടിന്‍റെ സംസ്കാരം അവന് മനസ്സിലാക്കി കൊടുക്കാന്‍ കഴിയാതെ പോകുന്ന തരത്തിലുള്ള വിദ്യാഭ്യാസം.

    MT യെ അറിയാത്ത ഒരു കൂട്ടുകാരി ഉണ്ട് എനിക്ക്. ഞാന്‍ ഇവിടെ ബാഗ്ലൂര്‍ തനിച്ചായിരുന്ന സമയത്തു, ഫുള്‍ ടൈം വായനയിലാരുന്നു എന്ന്, എന്നെ കളിയാക്കി, പുച്ഛിച്ചു പറഞ്ഞ ഒരാള്‍. MT എന്നാല്‍ വെറും സിനിമാക്കാരന്‍ മാത്രം എന്ന് ധരിച്ചു വച്ചിരിക്കുന്ന കൂട്ടുകാരും എനിക്കുണ്ട്..

  21. ബിന്ദു കെ.പി. പറയുന്നതുപോലെ അറിഞ്ഞിട്ടും അറിയില്ല എന്ന് നടിക്കുന്നവർ, അറിയാത്തവരേക്കാൾ കഷ്ടമാണ്. അതിശയമോ ദേഷ്യമോ എനിക്കിക്കൂട്ടരോടില്ല. ഈ കഥയിൽ കഥയിലെ നായകന് അങ്ങനെയുള്ള വികാരങ്ങൾ ഉണ്ട്. അതാണല്ലോ അയാൾ കൊലനടത്താ‍ാൻ കാരണം. എനിക്കിവരോടുള്ളത് സഹതാപം മാത്രം :) :)

    @ മേരിക്കുട്ടി – നമ്മൾ അത്യാവശ്യം സ്മൈലി ഇട്ടിട്ടുതന്നെയാണല്ലോ പരസ്പരം അഭിപ്രായങ്ങൾ പറഞ്ഞത് :) എല്ലാം വളരെ ആരോഗ്യപരമായ ചർച്ച തന്നെയായിരുന്നു. നേരിട്ട് സംസാരിക്കുമ്പോൾ വ്യക്തികൾ വാക്കുകൾക്ക് കൊടുക്കുന്ന വികാരഭാവങ്ങൾ വരികളിലൂടെ കൊടുക്കാൻ പലപ്പോഴും പറ്റാറില്ലല്ലോ ? അതുകൊണ്ടാ ചിലപ്പോൾ വഴക്കടിച്ചെന്നൊക്കെ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ തോന്നുന്നത് :) നല്ലവണ്ണം സ്മൈലി ഇട്ടുകൊടുക്കുക എന്ന മാർഗ്ഗം മാത്രം തൽക്കാലം അതിന് പരിഹാരമായിട്ട് എനിക്കറിയൂ…:):) :) :)

    എന്തായാലും കമന്റുകളിലൂടെ, ഈ കഥയിലുള്ളതിനേക്കാൾ ഭീകരമായ അവസ്ഥകൾ ഉണ്ടെന്ന് മനസ്സിലാക്കാൻ സാധിച്ചു. വളരെ നന്ദി. എം.ടി. ആകെക്കൂടെ ഒരു വടക്കൻ വീരഗാഥയല്ലേ എഴുതിയത് എന്ന് പറഞ്ഞ ഒരു കക്ഷിയേയും എനിക്കറിയാം. പക്ഷെ ആ സുഹൃത്തിന് അത്രയെങ്കിലും അറിയാമായിരുന്നല്ലോ എന്നാണ് ഞാനപ്പോൾ ആശ്വസിച്ചത്.

  22. നല്ല ഒരു വിഷയം.അതിന് അര്‍ഹിക്കുന്ന ഗൗരവത്തില്‍ തന്നെ വന്ന ചര്‍ച്ച.ഒക്കെ ഇഷ്ടായീ…

    പരല്‍ പേരെന്തെന്ന് അറിയാത്ത ഒരു മലയാളിയാണ് ഞാന്‍… അതിനെ കുറിച്ച് ഒന്നു പറഞ്ഞു തരുമോ?

  23. @ ഏകാന്തതാരം – എനിക്കറിയാവുന്ന പരൽ പേര് താഴെക്കുറിക്കുന്നു.

    അക്ഷരങ്ങൾ കൊണ്ട് കവടിയുടെ സംഖ്യ കുറിക്കുന്നതിനെയാണ് പരൽ പേര് എന്ന് (എന്റെ അറിവിൽ)പറയുന്നത്.

    1 മുതൽ 0 വരെയുള്ള സംഖ്യകൾ തന്നെയാണ് അക്ഷരസംഖ്യയിലും കണക്കാക്കുന്നത്. മലയാള അക്ഷരങ്ങൾക്ക് ഓരോന്നിനും ഓരോ സംഖ്യകൾ കൊടുത്തിട്ടുണ്ട്. ഉദാഹരണത്തിന്….

    ക,ട,പ,യ – 1
    ഖ,ഠ,ഫ,ര – 2
    ഗ,ഡ,ബ,ല – 3
    ഘ,ഢ,ഭ,വ – 4
    ങ,ണ,മ,ശ – 5
    ച,ത,ഷ – 6
    ഛ,ഥ,സ – 7
    ജ,ദ,ഹ – 8
    ൻ,ത്സ,ധ,ള – 9
    ഞ,ന,ഴ,റ – 0

    ഇത് ഉദാഹരണം പറഞ്ഞെന്ന് മാത്രം. എല്ലാ അക്ഷരങ്ങളും ഈ ലിസ്റ്റിലില്ല. ചില്ലക്ഷരം , വ്യജ്ഞനം, സ്വരം, കൂട്ടക്ഷരം എന്നുതുടങ്ങി അതിത്തിരി കുഴഞ്ഞുമറിഞ്ഞ കേസാണ്. മലയാളം വായിക്കാനും എഴുതാനും അറിയുന്നവർക്കൊക്കെ ഇതൊന്നും അറിഞ്ഞില്ലെങ്കിലും പിഴച്ചുപോകുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല. ഗുരു ലഘു തിരിച്ച് കവിതയുടെ വൃത്തം കണ്ടുപിടിക്കാനറിഞ്ഞിട്ടൊന്നുമല്ലല്ലോ ആരും ഇക്കാലത്ത് കവിതയെഴുതുന്നതും വായിക്കുന്നതും.മലയാളം അക്ഷരങ്ങളും വ്യാകരണവും ഭാവനയും ഉണ്ടായാൽ നല്ല നല്ല കവിതയും കഥകളും പിറക്കുമല്ലോ ? എന്നതുപോലൊരു സംഭവം മാത്രമാണിതും.

    ഇതല്ലാതെ വേറെ പരൽ പേര് ഉണ്ടെങ്കിൽ മേരിക്കുട്ടി ആ അറിവ് പകർന്നുതരുമെന്ന് പ്രതീക്ഷിക്കുന്നു. അതുമല്ലെങ്കിൽ നമുക്കിത് എവിടെയെങ്കിലും ചർച്ചയ്ക്കിടാം. ഗുപ്തനോ, എതിരൻ കതിരവനോ അതുപോലുള്ള ആരെങ്കിലും ഈ വഴി വന്നാലും കാര്യം എളുപ്പമായേനെ.

  24. ഇതു വിക്കിയില്‍ നിന്നും കോപ്പി ചെയ്തതാണ്:

    ഭാരതീയശാസ്ത്രഗ്രന്ഥങ്ങളില്‍ സംഖ്യകളെ സൂചിപ്പിക്കാന്‍ വാക്കുകള്‍ ഉപയോഗിച്ചിരുന്ന ഒരു രീതിയാണ്‌ പരല്‍പ്പേരു്.ദക്ഷിണഭാരതത്തില്‍, പ്രത്യേകിച്ചു കേരളത്തിലായിരുന്നു പരല്‍പ്പേരു് കൂടുതല്‍ പ്രചാരത്തിലുണ്ടായിരുന്നതു്. ക, ട, പ, യ എന്നീ അക്ഷരങ്ങള്‍ ഒന്നു് എന്ന അക്കത്തെ സൂചിപ്പിക്കുന്നതുകൊണ്ടു് കടപയാദി എന്നും അക്ഷരസംഖ്യ എന്നും ഈ സമ്പ്രദായത്തിനു പേരുണ്ടു്.

    ഓരോ അക്ഷരവും 0 മുതല്‍ 9 വരെയുള്ള ഏതെങ്കിലും അക്കത്തെ സൂചിപ്പിക്കുന്നു. താഴെക്കൊടുത്തിരിക്കുന്ന പട്ടിക നോക്കുക.

    1 2 3 4 5 6 7 8 9 0
    ക ഖ ഗ ഘ ങ ച ഛ ജ ഝ ഞ
    ട ഠ ഡ ഢ ണ ത ഥ ദ ധ ന
    പ ഫ ബ ഭ മ
    യ ര ല വ ശ ഷ സ ഹ ള ഴ, റ

    അ മുതല്‍ ഔ വരെയുള്ള സ്വരങ്ങള്‍ തനിയേ നിന്നാല്‍ പൂജ്യത്തെ സൂചിപ്പിക്കുന്നു. വ്യഞ്ജനങ്ങള്‍ക്കു സ്വരത്തോടു ചേര്‍ന്നാലേ വിലയുള്ളൂ. ഏതു സ്വരത്തോടു ചേര്‍ന്നാലും ഒരേ വിലയാണു്. അര്‍ദ്ധാക്ഷരങ്ങള്‍ക്കും ചില്ലുകള്‍ക്കും അനുസ്വാരത്തിനും വിസര്‍ഗ്ഗത്തിനും വിലയില്ല. അതിനാല്‍ കൂട്ടക്ഷരങ്ങളിലെ അവസാനത്തെ വ്യഞ്ജനം മാത്രമേ നോക്കേണ്ടതുള്ളൂ. വാക്കുകളെ സംഖ്യകളാക്കുമ്പോള്‍ പ്രതിലോമമായി ഉപയോഗിക്കണം. അതായതു്, ഇടത്തു നിന്നു വലത്തോട്ടുള്ള അക്ഷരങ്ങള്‍ വലത്തു നിന്നു് ഇടത്തോട്ടുള്ള അക്കങ്ങളെ സൂചിപ്പിക്കുന്നു. ഉദാഹരണമായി,

    ക = 1
    മ = 5
    ഇ = 0
    ക്ഷ = ഷ = 6
    ശ്രീ = ര = 2
    മ്യോ = യ = 1
    വാക്കുകള്‍ വലത്തുനിന്നു് ഇടത്തോട്ടു് അക്കങ്ങളാക്കണം.

    കമല = 351 (ക = 1, മ = 5, ല = 3)
    സ്വച്ഛന്ദം = 824 (വ = 4, ഛ = 2, ദ = 8 )
    ചണ്ഡാംശു = 636 (ച = 6, ഡ = 3, ച = 6)

    ഉപയോഗങ്ങളും ഉദാഹരണങ്ങളും:

    ഗണിതം, ജ്യോതിശ്ശാസ്ത്രം എന്നിവയില്‍
    ഗണിതം, ജ്യോതിശ്ശാസ്ത്രം എന്നിവ പ്രതിപാദിച്ചിരുന്ന ഗ്രന്ഥങ്ങളിലാണു് പരല്‍പ്പേരിന്റെ പ്രധാന ഉപയോഗം കാണുന്നതു്. ക്രി. പി. 15-ാ‍ം ശതകത്തില്‍ വിരചിതമായ കരണപദ്ധതി എന്ന ഗണിതശാസ്ത്രഗ്രന്ഥത്തില്‍ ഒരു വൃത്തത്തിന്റെ പരിധി കണ്ടുപിടിക്കാന്‍ ഈ സൂത്രവാക്യം കൊടുത്തിരിക്കുന്നു:

    “ അനൂനനൂന്നാനനനുന്നനിത്യൈ-
    സ്സമാഹതാശ്ചക്രകലാവിഭക്താഃ

    ചണ്ഡാംശുചന്ദ്രാധമകുംഭിപാലൈര്‍-

    വ്യാസസ്തദര്‍ദ്ധം ത്രിഭമൗര്‍വിക സ്യാത്‌

    അതായതു്‌, അനൂനനൂന്നാനനനുന്നനിത്യം (1000000000000000) വ്യാസമുള്ള ഒരു വൃത്തത്തിന്റെ പരിധി ചണ്ഡാംശുചന്ദ്രാധമകുംഭിപാല (31415926536) ആയിരിക്കും എന്നു്‌. πയുടെ മൂല്യം പത്തു ദശാംശസ്ഥാനങ്ങള്‍ക്കു ശരിയായി ഇതു നല്‍കുന്നു. മറ്റൊരു ഗണിതശാസ്ത്രഗ്രന്ഥമായ സദ്രത്നമാലയില്‍

    “ ഏവം ചാത്ര പരാര്‍ദ്ധവിസ്തൃതിമഹാവൃത്തസ്യ നാഹോക്ഷരൈഃ
    സ്യാദ്ഭദ്രാംബുധിസിദ്ധജന്മഗണിതശ്രദ്ധാസ്മയന്‍ ഭൂപഗിഃ

    എന്നു കൊടുത്തിരിക്കുന്നു. അതായതു്, പരാര്‍ദ്ധം (1017) വ്യാസമുള്ള വൃത്തത്തിന്റെ പരിധി 314159265358979324 (ഭദ്രാംബുധിസിദ്ധജന്മഗണിതശ്രദ്ധാസ്മയന്‍ ഭൂപഗിഃ) ആണെന്നര്‍ത്ഥം.

    കര്‍ണ്ണാടകസംഗീതത്തില്‍:
    കര്‍ണ്ണാടകസംഗീതത്തില്‍ 72 മേളകര്‍ത്താരാഗങ്ങള്‍ക്കു പേരു കൊടുത്തിരിക്കുന്നതു് അവയുടെ ആദ്യത്തെ രണ്ടക്ഷരങ്ങള്‍ രാഗത്തിന്റെ ക്രമസംഖ്യ സൂചിപ്പിക്കത്തക്കവിധമാണു്. ഉദാഹരണമായി,

    ധീരശങ്കരാഭരണം : ധീര = 29, 29-)ം രാഗം
    കനകാംഗി : കന = 01 = 1, 1-)ം രാഗം
    ഖരഹരപ്രിയ : ഖര = 22, 22-)ം രാഗം

    കലിദിനസംഖ്യ:
    ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങളില്‍ കലിദിനസംഖ്യ സൂചിപ്പിക്കാന്‍ പരല്‍പ്പേരു് ഉപയോഗിച്ചിരുന്നു. കൂടാതെ, സാഹിത്യകൃതികളുടെ രചന തുടങ്ങിയതും പൂര്‍ത്തിയാക്കിയതുമായ ദിവസങ്ങള്‍, ചരിത്രസംഭവങ്ങള്‍ തുടങ്ങിയവ കലിദിനസംഖ്യയായി സൂചിപ്പിക്കാനും ഇതു് ഉപയോഗിക്കാറുണ്ടായിരുന്നു. മേല്‍പ്പത്തൂരിന്റെ ഭക്തികാവ്യമായ നാരായണീയം അവസാനിക്കുന്നതു് ആയുരാരോഗ്യസൗഖ്യം എന്ന വാക്കോടു കൂടിയാണു്. ഇതു് ആ പുസ്തകം എഴുതിത്തീര്‍ന്ന ദിവസത്തെ കലിദിനസംഖ്യയെ (1712210) സൂചിപ്പിക്കുന്നു.

    സൂത്രവാക്യങ്ങള്‍:
    നിത്യവ്യവഹാരത്തിനുള്ള പല സൂത്രങ്ങളും പരല്‍പ്പേരു വഴി സാധിച്ചിരുന്നു. ജനുവരി തുടങ്ങിയ ഇംഗ്ലീഷ് മാസങ്ങളിലെ ദിവസങ്ങള്‍ കണ്ടുപിടിക്കാന്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ എഴുതിയ ഒരു ശ്ലോകം:

    “ പലഹാരേ പാലു നല്ലൂ, പുലര്‍ന്നാലോ കലക്കിലാം
    ഇല്ലാ പാലെന്നു ഗോപാലന്‍ – ആംഗ്ലമാസദിനം ക്രമാല്‍

    ഇവിടെ പല = 31, ഹാരേ = 28, പാലു = 31, നല്ലൂ = 30, പുലര്‍ = 31, ന്നാലോ = 30, കല = 31, ക്കിലാം = 31, ഇല്ലാ = 30, പാലെ = 31, ന്നു ഗോ = 30, പാലന്‍ = 31 എന്നിങ്ങനെ ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളുടെ ദിവസങ്ങള്‍ കിട്ടും.

    പരല്‍പ്പേരു് അനുലോമരീതിയില്‍:
    സാധാരണയായി, പ്രതിലോമരീതിയിലാണു്, അതായതു് വലത്തുനിന്നു് ഇടത്തോട്ടാണു് (അങ്കാനാം വാമതോ ഗതിഃ) അക്കങ്ങള്‍ എഴുതുന്നതു്. ഇങ്ങനെയല്ലാതെ വാക്കിന്റെ ദിശയില്‍ത്തന്നെ (ഇടത്തുനിന്നും വലത്തോട്ടു്) അക്കങ്ങള്‍ എഴുതുന്നതു് പില്‍ക്കാലത്തു് അപൂര്‍വ്വമായി കാണുന്നുണ്ടു്. ഉദാഹരണമായി, ഒരു ശ്രീകൃഷ്ണസ്തുതിയായ ഈ ശ്ലോകത്തില്‍ πയുടെ വില പതിനാറു് അക്കങ്ങള്‍ക്കു (15 ദശാംശസ്ഥാനങ്ങള്‍ക്കു) ശരിയായി കൊടുത്തിരിക്കുന്നു.

    “ ഗോപീഭാഗ്യമധുവ്രാതശൃംഗീശോദധിസന്ധിഗ
    ഖലജീവിതഖാതാവഗലഹാലാരസന്ധര

    ഇതു്‌ 31415926 53589793 23846264 33832795 എന്ന സംഖ്യയെ സൂചിപ്പിക്കുന്നു.

    പരല്‍പ്പേരു് വിപരീതരീതിയില്‍:
    കൊച്ചുനമ്പൂതിരി എഴുതിയ ഒരു സരസശ്ലോകത്തില്‍ പരല്‍പ്പേരിന്റെ വിപരീതരൂപം ഉപയോഗിച്ചിട്ടുണ്ടു്. അതായതു്, സംഖ്യ തന്നിട്ടു് വാക്കു കണ്ടുപിടിക്കേണ്ട പ്രശ്നം:

    “ എണ്‍പത്തൊന്നതു ദൂരെ വിട്ടു പതിനേഴന്‍പോടു കൈക്കൊണ്ടുതാ-
    ന്നന്‍പത്തൊന്നവതാരബാലകനെഴും മുപ്പത്തിമൂന്നെപ്പൊഴും

    സമ്പത്തെന്നു ദൃഢീകരിച്ചതെഴുനൂറ്റഞ്ചില്‍ സ്മരിച്ചീടിലി-

    ങ്ങന്‍പത്തൊന്നതു ദൂരെയാക്കിയറുപത്തഞ്ചില്‍ സുഖിക്കാമെടോ!

    81 = വ്യാജം, 17 = സത്യം, 51 = കൃഷ്ണ, 33 = ലീല, 705 = മനസ്സു്, 51 = കാമം, 65 = മോക്ഷം എന്നു വിശദീകരിച്ചെങ്കിലേ അര്‍ത്ഥം മനസ്സിലാവുകയുള്ളൂ.

  25. വളരെ നന്ദി..മനോജേട്ടാ,മേരിചേച്ചീ…

    സമ്പന്നമായ നമ്മുടെ പൈതൃകത്തോടുള്ള ആദരവ്‌ വീണ്ടും വര്‍ധിക്കാന്‍ ഈ അറിവ് സഹായിക്കുന്നു.

    വേറൊരു സംശയം…

    വിപരീത രീതിയില്‍ പരല്‍ പേര് ഉപയോഗിക്കുമ്പോള്‍ അത് വല്ലാതെ ദുര്‍ഗ്രഹമാകില്ലേ ? കാരണം ഒരു അക്കം തന്നെ വിവിധ അക്ഷരങ്ങളെ സൂചിപ്പിക്കുമ്പോള്‍ ഏത് ഏതെന്ന് വേര്‍തിരിച്ച്‌ അറിയുന്നതെങ്ങനെ ?(പതിനേഴ്‌ എന്ന് എഴുതിയാല്‍ അത് സത്യം ആണ് എന്ന് എങ്ങനെ ഉറപ്പിക്കാനാവും?സസ്യം ന്നോ ദാസ്യം ന്നോ വായിച്ചു കൂടെ?)

    (മണ്ടത്തരം ആണെങ്കില്‍ ക്ഷമിക്കണം ട്ടോ?)

  26. മേരിക്കുട്ടീ – വളരെ നന്ദി ആ നെടുനീളൻ പരൽ പേർ വിശദീകരണത്തിന്. എനിക്ക് സമാധാനമായി. അതുതന്നെയായിരുന്നല്ലോ സംഭവം. ( ആത്മഗതം- രക്ഷപ്പെട്ടു :)

    ഏകാന്തതാരം – മനഃസ്സമാധാനം പോയി ഇല്ലേ ? :) :) ഞാൻ ആദ്യമേ പറഞ്ഞില്ലേ അതിത്തിരി കുഴഞ്ഞുമറിഞ്ഞ സംഭവമാണെന്ന്. ബാഹ്യമായ അറിവ് മാത്രമേ എനിക്കീ വിഷയത്തിലുള്ളൂ. താങ്കളുടെ സംശയനിവാരണം മേരിക്കുട്ടി തന്നെ നടത്തുന്നതായിരിക്കും. നമുക്കറിയാൻ വയ്യാത്ത കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുമ്പോൾ ആ ചോദ്യത്തിൽ ചിലപ്പോൾ അല്‍പ്പസ്വല്‍പ്പം മണ്ടത്തരവും കടന്നുവന്നെന്ന് വരാം. അത് കാര്യാക്കാതെ ചോദിക്കുക. തുറന്നുകിട്ടുന്നത് ചിലപ്പോൾ അറിവിന്റെ ഒരു ഖനിതന്നെയായിരിക്കും.

  27. എന്റീശ്വരാ, എനിക്കും ഇവരെയൊന്നും അറിയില്ല. വേഗം പോയി ഗൂഗിളില്‍ സേര്‍‌ച്ചട്ടെ.
    :-)
    പരല്‍‌പേരിനെക്കുറിച്ച് വായിച്ച് വട്ടായിപ്പോയി. :-)

  28. പണ്ടുകാലത്ത് നമുക്ക് ജനറൽ ക്വിസ്സ് മത്സരങ്ങൾ ഉണ്ടായിരുന്നു. റ്റി.വി.യിൽ സിദ്ധാർത്ഥഭസുവിനെ ഓർമ്മ കാണുമല്ലോ. ഇന്ന് ക്വിസ്സ് എന്നാൽ സിനിമയും അതിനോടു ബന്ധപ്പെട്ട വിഷയങ്ങളും മാത്രമായി ചുരുങ്ങി. അതിന്റെ ഒരു ദോഷം ഈ വിഷയത്തിൽ പ്രതിഫലിച്ചുകാണുന്നുണ്ട്.
    ——————-
    പരല്പേരുകളെപ്പോലെ , ‘ഭൂതസംഖ്യ’ എന്ന വേറൊരു രീതിയുണ്ട്.(ആ വിഷയത്തെക്കുറിച്ച് ഉമേഷ്ജിയുടെ ഗുരുകുലത്തിൽ എഴുതിയിരുന്നു). അതിൽ അക്കങ്ങൾ വാക്കുകളെയാണ് സൂചിപ്പിക്കുന്നത്. ജോതിഷ ഗ്രന്ഥങ്ങളിലും ചില ചികിത്സാ ഗ്രന്ഥങ്ങളിലും ധാരാളം ഉപയോഗിച്ചിട്ടുണ്ട്. അതിന്റെ സൂത്രവാക്യം അറിയാത്തവൻ അത്തരം ഗ്രന്ഥങ്ങൾ വായിച്ചാൽ ഒന്നും മനസ്സിലാവില്ല.
    നിരൂ:
    മാനസികരോഗികളുടെ ലോകത്തില്‍ അവരുടെ പ്രവര്‍ത്തികള്‍ തികച്ചും ‘ലോജിക്കലും’ തന്മൂലം ന്യായവും ശരിയുമാണു്. എന്നു പറയുന്നു. അതുകൊണ്ട് രക്ഷപ്പെടാനുള്ള വഴിയുണ്ട്.

  29. മലയാളി മലയാളത്തെ അറിഞ്ഞ് ജീവിക്കുമ്പോഴാണ് മലയാളി ആകുന്നത്.അതിന് വായന അത്യാവശ്യ ഘടകമാണ്.മലയാള എഴുത്തുകാരെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
    ഇന്നത്തെ അമൂല്‍ബേബികളില്‍ ഉള്ള അപചയങ്ങള്‍ക്ക് കാരണം അവരുടെ മാതാപിതാക്കള്‍ തന്നെയാണ്.

  30. ((ഇടി വെട്ടിയവന്‍റെ തലയില്‍ കാലന്‍ പാമ്പ് കൊത്തിയെന്ന് പറയുന്നതു ഇതാണ് അല്ലേ? ഒരു പരല്‍ പേരു തന്നെ ആകെ വട്ടാക്കി.അപ്പോള്‍ ദാ വരുന്നു..ഭൂത സംഖ്യ…!!!))

    ഏതായാലും സംഭവം വളരെ ഇഷ്ടാവുന്നു….ഇനിയും ഇതു പോലെ ഉള്ള അറിവുകള്‍ക്കായി കാത്തിരിക്കുന്നു..

    നന്ദി..പാര്‍ഥന്‍ ചേട്ടാ…ഉമേഷ് ജീ…..

  31. V-day യില് സംസ്ക്കാരം സംരക്ഷിക്കാന് കഥാനായകന് പരോളില് ഇറങ്ങിയിട്ടുണ്ടായിരുന്നോ ?????

  32. ഇയാളെ ജനസംഖ്യാ നിയന്ത്രണത്തിന്റെ വകുപ്പു മന്ത്രിയാക്കിയാലോ നിരക്ഷരാ. കേരളത്തിൽ എത്രപേർ മിച്ചമുണ്ടാകും

  33. ആരാ ?
    ആരോ ആകട്ടെ
    ആരും അല്ലന്ന് അറിഞ്ഞപ്പോള്‍ തോന്നിയ വിങ്ങലില്‍
    ഓടിയെത്താനൊരു അത്താണിപോലും ഇല്ലാതാവുമ്പോള്‍
    കഴുത്തില്‍ ഒരു കുരുക്കിട്ടു മുറുക്കാന്‍
    നെഞ്ചിലൊരു കത്തി കുത്തിയിറക്കാന്‍
    ആരേലും വന്നാല്‍ അതൊരു ഭാഗ്യം ..
    ആരുമല്ലതാവുമ്പോള്‍ അവസാനിക്കട്ടെ, ഈ വിലാപം………
    ആരാ ?
    ചോദ്യം മാറ്റോലി കൊള്ളുമീരാവില്‍
    വീണ്ടും ചോദിക്കുന്നു ഞാന്‍
    ആരാ ആരോ ആവട്ടെ …

  34. നിരക്ഷരാ‍ാ-

    ഇത് വായിച്ചപ്പോള്‍ എനിക്ക് തോന്നിയത് ‘വെളിച്ചപ്പാട്‘ നേരത്തെ പറഞ്ഞിരിക്കുന്നു. കുട്ടികള്‍ക്ക് കുറെയൊക്കെ സംസ്കാ‍ാരവും പൈതൃകവും പറഞ്ഞുകൊടുക്കേണ്ടത്, അല്ലെങ്കില്‍ ഇതൊക്കെ വായിക്കാന്‍ പഠിക്കുന്ന സമയത്ത്, കാണിച്ചും വാങ്ങിച്ചും വായിച്ചും കൊടൂക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമല്ലേ? ഈ തലമുറ വലുതാവുമ്പോള്‍ സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ച് വായിക്കാനും പെരുമാറാനും തുടങ്ങും , എങ്കിലും കുറെയൊക്കെ നമ്മളെക്കൊണ്ട് അച്ഛനമ്മമാരെക്കൊണ്ട് സാധിക്കും എന്നാണെനിക്ക് തോന്നുന്നത്.

    ഇക്കാര്യത്തില്‍ , ഒരു നൊസ്റ്റാള്‍ജിയയുടെയോ സ്റ്റാറ്റസിന്റെയോ ഭാഷാസ്നേഹത്തിന്റെയോ ഒക്കെ പേരില്‍ കുട്ടികളെ മലയാളം പറയാനും വായിക്കാനും എഴുതാനും പഠിപ്പിക്കുന്ന ഭാഷാസ്നേഹികളായ പ്രവാസികള്‍ ഭേദമാണെന്നെനിക്ക് തോന്നുന്നു.

    നിരക്ഷരന്‍ പറഞ്ഞതുപോലെ ഒരു സുരേഷഗോപി സിനിമയുടെ എഫക്ട്. നടക്കാത്തതെങ്കിലും , ചിന്തിക്കാന്‍ വക നല്‍കുന്ന ഒരു “കര്‍മ്മം” !

    - ആശംസകളോടെ, ദുര്‍ഗ്ഗ!

  35. മുന്‍പൊരു സിനിമയില്‍ ജഗദീഷിന്റെ കഥാപാത്രം സാഹിത്യാഭിരുചിയുള്ള കാമുകിയില്‍ നിന്നും പണം പിടുങ്ങാനായി അവതരിപ്പിക്കുന്ന ഒരു ഡയലോഗ് ഉണ്ട്. സുകുമാര്‍ അഴീക്കോടിന്റെ പുതിയ കവിതാസമാഹാരം ഇറങ്ങിയിട്ടുണ്ട്. ഞാനാണെങ്കില്‍ പേര്‍സ് എടുത്തുമില്ല. ഒരു 500 രൂപ ഉണ്ടായിരുന്നെങ്കില്‍ എന്ന്. സുകുമാര്‍ അഴീക്കോടിന്റെ കവിതാസമാഹാരമോ എന്ന നായികയുടെ ചോദ്യത്തിന് അല്ല നാടകങ്ങള്‍ എന്നാ ഞാന്‍ ഉദ്ദേശിച്ചത് പറഞ്ഞപ്പോള്‍ മാറിയതാണ്.. എത്രയോ മലയാളികള്‍ അത്തരത്തില്‍ ഉണ്ട്. അവര്‍ക്ക് പലര്‍ക്കും പേറുവിലെയും ഉഗാണ്ടയിലെയും കാര്യങ്ങള്‍ അറിയാം. പക്ഷെ മലയാളത്തെയും മലയാണ്മയെയും അറിയില്ല.

  36. നിരക്ഷരന്‍ ചേട്ടാ വളരെ മനോഹരമായിട്ടുണ്ട്. എം.ടിയും പി.ഭാസ്കരന്‍ മാഷെയും അറിയാത്ത ആള്‍ക്കാരെ കൊല്ലാന്‍ സാധിച്ചില്ലെങ്കിലും കഥയിലൂടെ ആ സല്‍ക്കര്‍മ്മം ചെയ്തല്ലോ. സ്വന്തം വീട്ടിലോ നാട്ടിലോ കുടുംബത്തിലോ ഉള്ളവരെപോലും തിരിച്ചറിയാത്ത ഒരു കാലത്തിന്റെ ആരംഭഘട്ടത്തിലാണ് നമ്മള്‍ . മലയാളം മറക്കുന്ന മലയാളിയുടെ അവസ്ഥ ഇതിലും ഭീകരമാകാന്‍ പോകുകയാണ്. കഥയുളുടെ ഇങ്ങനെ ഒരു അവസ്ഥ വരച്ചുകാണിച്ചതിന് നന്ദി. ഈ കഥ കുറെ പേര്‍ക്കെങ്കിലും ഒരു പാഠമാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. എല്ലാവിധ ആശംസകളും.

  37. കൊലപാതകവും ഒരു കലയാണ്. കലാകാരന്മാരുടെ ആവിഷ്കാരസ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ പോലീസുകാര്‍ക്കെന്തു കാര്യം? കീഴടങ്ങിയത് ശരിയായില്ല..

  38. കീഴടങ്ങിയതു ഒട്ടും ശരിയായില്ല…. നാട്ടിൽ ഇത്തരം ടീമുകൾ വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ, നിങ്ങൾ കീഴടങ്ങുന്നതു മറ്റുപലരെയും ഇതേ കാരണത്താൽ തന്നെ കൊലപാതകികളാക്കി മാറ്റുവാനേ സഹായിക്കൂ. അതിനാൽ എത്രയും പെട്ടെന്നു തന്നെ തടവുചാടി വന്നു ഇനി കൊലപാതകികളാകാനിരിക്കുന്ന കുറച്ചു പേരെയെങ്കിലും രക്ഷിക്കണമെന്നു അഭ്യർത്ഥിക്കുന്നു….. :)

Leave a Reply to അല്ഫോന്‍സക്കുട്ടി Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>