ദുബായ് പെട്രോളിയത്തിന്റെ എണ്ണപ്പാടത്ത് കുറച്ച് ദിവസത്തെ ജോലിക്കായിട്ടാണ് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസം 1ന് ഓഫ്ഷോറിലേക്ക് യാത്രയായത്. അബുദാബിയില്‍ നിന്ന് അതിരാവിലെ റോഡ് മാര്‍ഗ്ഗം ദുബായ് എയര്‍പ്പോര്‍ട്ടിലെ കാര്‍ഗോ വിഭാഗത്തിന് സമീപമുള്ള ഗേറ്റിലെത്തി. അതിനകത്തു നിന്നാണ് ഓഫ്ഷോറിലേക്കുള്ള ഹെലിക്കോപ്പ്റ്ററുകള്‍ യാത്രതിരിക്കുന്നത്. രാവിലെ 9 മണിക്ക് പോകേണ്ട ചോപ്പര്‍ പലകാരണങ്ങള്‍ കാരണം വൈകി ഉച്ചയ്ക്ക് 12 മണി കഴിഞ്ഞാണ് പുറപ്പെട്ടത്. ഓഫ്ഷോറിലെ റിഗ്ഗിലെത്തിയപ്പോള്‍ 1 മണിയാകാറായി.
ഓഫ്ഷോറില്‍ മെര്‍സ്ക്ക് റെസിലന്റ് എന്ന റിഗ്ഗിലാണ് ജോലി. എന്റെ ജോലിക്കുള്ള ഉപകരണങ്ങളൊക്കെ എനിക്ക് മുന്‍പേ ബോട്ടില്‍ക്കയറി റിഗ്ഗിലെത്തിയിട്ടുണ്ട്. അവിടെ ചെന്നയുടനെ അതെല്ലാം നേരാം വണ്ണം കേടുപാടുകള്‍ കൂടാതെ എത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തി. എന്റെ ജോലിയുടെ കാര്യമൊക്കെ തീരുമാനിക്കുന്ന, റിഗ്ഗിലെ ദുബായ് പെട്രോളിയത്തിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥനും ‘കമ്പനി മാന്‍‘ എന്ന് സ്ഥാനപ്പേരുള്ളതുമായ ജോണ്‍ എന്ന സായിപ്പിനെച്ചെന്നു കണ്ടു, ജോലിയുടെ കാര്യങ്ങള്‍ സംസാരിച്ചു. ഒന്നുരണ്ട് ദിവസത്തേക്ക് ജോലിയൊന്നും ഉണ്ടാകാന്‍ സാദ്ധ്യതയില്ലെന്ന് മനസ്സിലായി.
രാവിലെ 7 മണിക്കും, വൈകീട്ട് 7 മണിക്കും റിഗ്ഗിലെ അതുവരെയുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കാന്‍ വേണ്ടി നടത്തുന്ന ഓരോ മീറ്റിങ്ങുകളില്‍ സംബന്ധിക്കണം. അതുതന്നെ പ്രധാന ജോലി. ബാക്കിയുള്ള സമയത്തൊക്കെ റിഗ്ഗിലെ സൌകര്യങ്ങളൊക്കെ ആസ്വദിച്ച്, നന്നായി ഭക്ഷണം കഴിച്ച്, ശീതീകരിച്ച കിടപ്പുമുറിയില്‍ പുതച്ചുമൂടിക്കിടന്ന് സുഖമായി ഞാനുറങ്ങി.
റിഗ്ഗിലെ സൌകര്യങ്ങള്‍ എന്നുപറയുമ്പോള്‍, 10 വര്‍ഷത്തിനിടയില്‍ ഞാനിതുവരെ ഇത്തരമൊരു റിഗ്ഗ് കണ്ടിട്ടില്ലെന്ന് എടുത്തുപറയാതെ വയ്യ. റിഗ്ഗുകളുടെ കൂട്ടത്തിലെ ഒരു ചിന്ന ടൈറ്റാനിക്ക് എന്നുതന്നെ പറയാം. എല്ലാം ബാത്ത് അറ്റാച്ച്ഡ് കിടപ്പുമുറികള്‍. മുറികളിലെല്ലാം നല്ല ഒന്നാന്തരം പ്ലാസ്മ ടീ.വി. ബില്യാഡ്സ്, പൂള് മുതലായ കളികള്‍ക്കടക്കം സൌകര്യമുള്ള വിശാലമായ റിക്രിയേഷന്‍ സെന്ററുകള്‍, 6 കമ്പ്യൂട്ടറെങ്കിലും നിരനിരയായിരിക്കുന്ന ഇന്റര്‍നെറ്റ് റൂം, 24 മണിക്കൂറും സാറ്റലൈറ്റ് ഫോണ്‍ വഴി ലോകത്തെവിടെ വേണമെങ്കിലും വിളിക്കാനുള്ള സൌജന്യ സൌകര്യം, ത്രീ സ്റ്റാര്‍ റെസ്റ്റോറന്റുകളെ വെല്ലുന്ന മെസ്സ് ഹാള്‍, പെരിഞ്ഞനത്തുകാരന്‍ അഷറഫിന്റെ നേതൃത്വത്തില്‍ മറ്റ് 10 പെരിഞ്ഞനത്തുകാര്‍ ചേര്‍ന്ന് സേവനം നല്കുന്ന കേറ്ററിങ്ങ്, ലോണ്ടറി, റൂം സര്‍വ്വീസ് സൌകര്യങ്ങള്‍. ഇതിനൊക്കെപ്പുറമെ മുറികളുടെ വലിപ്പം, വൃത്തി, വെടിപ്പ്, തുടങ്ങി എല്ലാക്കാര്യത്തിലും കേമനായ റിഗ്ഗുതന്നെ. സിംഗപ്പൂരില്‍ നിന്നും ഉണ്ടാക്കിക്കൊണ്ടുവന്ന റിഗ്ഗിന്റെ ആദ്യത്തെ ജോലിയാണ് ദുബായ് ഓഫ്ഷോറില്‍ ഈ നടക്കുന്നത്.
കയ്യിലുള്ള പുസ്തകങ്ങള്‍ വായിച്ചും, ഇന്റര്‍നെറ്റിലൂടെ ബൂലോകത്തും ഭൂലോകത്തുമൊക്കെ കറങ്ങിയും, ചാറ്റിങ്ങ് നടത്തിയും, സ്വന്തം മുറിയിലും റിക്രിയേഷന്‍ മുറിയിലുമൊക്കെയിരുന്ന് സിനിമകള്‍ കണ്ടും, പാട്ട് കേട്ടും, ഓസിന് ഇന്റര്‍നാഷണല്‍ ഫോണ്‍കാളുകള്‍ നടത്തിയുമൊക്കെ അര്‍മ്മാദിച്ച് 3 ദിവസം ഞാനങ്ങിനെ റിഗ്ഗില്‍ കഴിഞ്ഞുകൂടി.
സെപ്റ്റംബര്‍ മൂന്നാം തീയതി രാത്രി ഭക്ഷണമൊക്കെ(7 മണിക്ക് റിഗ്ഗില്‍ ഡിന്നര്‍ കഴിയും, പിന്നെ സപ്പര്‍ രാത്രി 12 മണിക്ക്) കഴിച്ച് ഇന്റര്‍നെറ്റ് റൂമില്‍ റാമി എന്ന സഹപ്രവര്‍ത്തകനുമായി സംസാരിച്ചിരിക്കുന്നതുവരെ എന്റെ അര്മ്മാദിപ്പിന് ഒരു കുറവുമുണ്ടായിരുന്നില്ല.
സമയം രാത്രി 08:25 ആയിക്കാണും. പെട്ടെന്നാണ് എല്ലാം കീഴ്മേല്‍ മറിഞ്ഞത്. റിഗ്ഗ് വല്ലാതെ ഒന്ന് കുലുങ്ങി, പുറത്ത് കാര്യമായ എന്തോ സംഭവിച്ചെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഒരു ശബ്ദവും കേട്ടു. പുറത്തെ ഒരുവിധം ശബ്ദമൊന്നും റിഗ്ഗിലെ അക്കോമഡേഷന്‍ ബ്ലോക്കിന്റെ ഉള്ളിലേക്ക് കേള്‍ക്കാത്ത വിധമാണ് റിഗ്ഗിലെ സംവിധാനം. എന്നിട്ടും ആ ശബ്ദം ഞങ്ങള്‍ നന്നായിത്തന്നെ കേട്ടു. സാധാരണ റിഗ്ഗില്‍ ചില ജോലികളൊക്കെ നടക്കുമ്പോള്‍ ഇത്തരം കുലുക്കങ്ങളും ശബ്ദങ്ങളുമൊക്കെ ഉണ്ടാകാറുള്ളതാണ്. പക്ഷെ ഇത് സാധാരണ റിഗ്ഗിനേക്കാളൊക്കെ വലിയ റിഗ്ഗായതുകൊണ്ട് ഇതുപോലെ കുലുങ്ങാന്‍ സാദ്ധ്യത കുറവാണ്.
റാമി എണ്ണപ്പാടത്ത് പുതിയ ആളാണ്, ആദ്യത്തെ ഓഫ്ഷോര്‍ ജോലിയാണ്. അയാള്‍ക്ക് സംഭവത്തിന്റെ ഗൌരവം അത്ര പിടികിട്ടിയിട്ടില്ലെന്ന് എനിക്ക് തോന്നി. ‘എന്തോ കുഴപ്പമുണ്ടെന്ന് തോന്നുന്നു, നമുക്കൊന്ന് പോയി നോക്കാം‘ എന്ന് റാമിയോട് പറയുന്നതിനൊപ്പം നാലില്‍പ്പരം ഡെക്കുകളുള്ള അക്കോമഡേഷന്‍ വിങ്ങിന്റെ മുകളിലെ നിലയിലേക്കെത്താനുള്ള സ്റ്റെയര്‍കേസിനടുത്തേക്ക് ഞാന്‍ ഓടിക്കഴിഞ്ഞിരുന്നു.
പത്ത് പതിനാല് പടികള്‍ മുകളിലേക്ക് കയറി വാതില്‍ തുടന്നാല്‍ മുകളിലത്തെ നിലയില്‍ തുറസ്സായ ഡെക്കിലെത്താം. പടികളിലൂടെ ഞങ്ങള്‍ ഓടിക്കയറുമ്പോള്‍, മുകളിലെ ഡക്കിന്റെ വാതില്‍ തുറന്ന് അലറിക്കരഞ്ഞ് എന്തൊക്കെയോ വിളിച്ചുപറഞ്ഞുകൊണ്ട് റിഗ്ഗിലെ ക്രെയിന്‍ ഓപ്പറേറ്ററില്‍മാരൊരാള്‍ അതാ താഴേക്കോടുന്നു. അയാള്‍ തുറന്ന വാതില്‍ അടയുന്നതിനിടയിലെ വിടവിലൂടെ പുറത്ത് സാധാരണയില്‍ക്കവിഞ്ഞ ഒരു വെളിച്ചം ഞാന്‍ കണ്ടു.
പുറത്ത് എന്തോ പ്രശ്നമുള്ളതുകൊണ്ടാകണം അയാള്‍ കരഞ്ഞുകൊണ്ട് താഴേക്ക് ഓടിയതെന്ന് ഉറപ്പായി. റിഗ്ഗില്‍ എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ എല്ലാവരും തടിച്ചുകൂടേണ്ട ഇടം (മസ്റ്റര്‍ പോയന്റ്) മുകളിലെ ഡക്കിലാണ്. ആ സ്ഥിതിക്ക് മുകളിലേക്ക് തന്നെ നീങ്ങാനാണ് അപ്പോളെന്റെ മനസ്സ് പറഞ്ഞത്. വാതിലിനടുത്തെത്തി പതുക്കെ വാതില്‍ തുറന്നു. പുറത്തിപ്പോള്‍ എന്തോ കത്തുന്നതിന്റെ വെളിച്ചവും, കറുത്തിരുണ്ട് വരുന്ന പുകയും കാണാം. പുറത്ത് കാലുകുത്താന്‍ പറ്റുന്ന തരത്തിലുള്ള അവസ്ഥയുണ്ടോ എന്നാദ്യം വിലയിരുത്തി. അപ്പോഴേക്കും അപകടമണിയും, ഒപ്പം അനൌണ്സ്മെന്റും മുഴങ്ങിത്തുടങ്ങി. അത് കേള്‍ക്കുന്നതിന് മുന്നേ റാമിയും ഞാനും വാതിലിന് വെളിയില്‍ക്കടന്നിരുന്നു,ഒപ്പം റിഗ്ഗിലുണ്ടായിരുന്നു മറ്റ് ചിലരും.
പിന്നീട് കണ്ട കാഴ്ച്ചയെപ്പറ്റിപ്പറയാന്‍ ഞാന്‍ അശക്തനാണ്.
റിഗ്ഗിനെ വെള്ളത്തില്‍ നിന്നും ഉയര്‍ത്തി നിറുത്തിയിരിക്കുന്ന ഭീമാകാരന്മാരായ മൂന്ന് കാലുകളില്‍ ഒന്നില്‍ ഒരു ഹെലിക്കോപ്പ്റ്റര്‍ തൂങ്ങിക്കിടന്ന് കത്തുന്നു. വാലറ്റമടക്കമുള്ള പകുതിഭാഗം മടങ്ങി ഒടിഞ്ഞ് ഞങ്ങള്‍ക്കഭിമുഖമായും, മുന്‍ഭാഗം ഞങ്ങള്‍ക്കെതിരായിട്ടുമാണ് തീയും പുകയും വമിപ്പിച്ചുകൊണ്ട് കത്തുകയും പൊട്ടുകയും ചെയ്യുന്നത്. 25 അടി മാത്രം ദൂരെയാണ് ഇത് നടക്കുന്നത്. ഒരു പത്തടിയില്‍ക്കൂടുതല്‍ അകലം തീപിടിക്കുന്നിടത്തുനിന്ന് മാറിനില്‍ക്കാനുള്ള വിസ്താരം ആ ഭാഗത്ത് ഞങ്ങള്‍ക്കില്ല. കൂടുതല്‍ നീങ്ങിനീങ്ങിപ്പോയാല്‍ കൈവരികള്‍ തകര്‍ത്ത് വെള്ളത്തിലേക്കാണ് പിന്നെ നീങ്ങേണ്ടി വരുക. സാധാരണഗതിയില്‍ മസ്റ്റര്‍ ചെയ്യേണ്ട സ്ഥലത്ത് നില്ക്കാന് നിര്‍വ്വാഹമില്ല. തീയും പുകയും അവിടമാകെ നിറഞ്ഞിരിക്കുന്നു. കാര്യമായ കാറ്റൊന്നും പുറത്തില്ല.
ഇങ്ങനെ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ ഉടനെ ലൈഫ് ജാക്കറ്റ് ധരിക്കണം. പുറത്ത് വെച്ചിരിക്കുന്ന ലൈഫ് ജാക്കറ്റുകളുടെ പെട്ടിക്കടുത്തേക്ക് ഓടിച്ചെന്നു. അടിയന്തിരമായി ചിലപ്പോള്‍ റിഗ്ഗില്‍ നിന്ന് (ഇവാക്കുവേറ്റ്)രക്ഷപ്പെടേണ്ടിവരും. അത് ലൈഫ് ബോട്ടിന്റെ സഹായത്തോടെയാകാം. കത്തിക്കൊണ്ടിരിക്കുന്ന ഹെലിക്കോപ്റ്ററില്‍ നിന്ന് തൊട്ടുതാഴെയുള്ള എണ്ണക്കിണറുകളിലേക്ക് തീ പടര്‍ന്ന് പിടിച്ചാല്‍ പെട്ടെന്ന് തീപിടുത്തവും സ്ഫോടനവും ഉണ്ടാകുകയാണെങ്കില്‍ ലൈഫ് ബോട്ടൊന്നും ഇറക്കാന്‍ പറ്റിയില്ലെങ്കില്‍ പത്ത് നാൽപ്പത് അടിക്ക് മുകളില്‍ വരുന്ന ഉയരത്തില്‍ നിന്ന് താഴേക്ക് വെള്ളത്തിലേക്ക് ചാടിയും ഇവാക്കുവേറ്റ് ചെയ്യേണ്ടി വന്നേക്കാം. അതിനൊക്കെയുള്ള പരിശീലനം കിട്ടിയിട്ടുള്ളവരാണ് എണ്ണപ്പാടത്തെ ഓഫ്ഷോറുകളില്‍ പണിയെടുക്കുന്ന ഞാനടക്കമുള്ള എല്ലാവരും.
റിഗ്ഗിന്റെ കാലുകളിലൊന്നില്‍ ഹെലിക്കോപ്റ്റര്‍ പറന്നുവന്ന് ഇടിച്ചിരിക്കുന്ന ആഘാതം കാരണം കാലെങ്ങാനും കുഴഞ്ഞ് റിഗ്ഗ് വെള്ളത്തിലേക്ക് മറിയുകയോ മറ്റോ ചെയ്താന്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍…
മുന്‍പൊരിക്കല്‍ അബുദാബിയില്‍ ഒരു എണ്ണപ്പാടത്ത് റിഗ്ഗ് വെള്ളത്തിലേക്ക് മറിഞ്ഞ് അപകടമുണ്ടായി മരിച്ച ഒരു മലയാളി…
വെള്ളത്തിലേക്ക് ചാടിയാലും, മറിഞ്ഞ് വീണാലും എണ്ണക്കിണറുകളില്‍ നിന്ന് പുറത്ത് വരാന്‍ സാദ്ധ്യതയുള്ള വായുവിനേക്കാള്‍ ഭാരം കൂടുതലുള്ളതുകൊണ്ട് ജലപ്പരപ്പില്‍ വന്ന് നിറയാന്‍ സാദ്ധ്യതയുള്ള ഹൈഡ്രജന്‍ സള്‍ഫൈഡ്(H2S)എന്ന കൊലയാളി വാതകം വിതച്ചേക്കാവുന്ന ഭീകരാവസ്ഥ…
ജീവിതത്തിന്റെ മൂന്നിലൊന്ന് യാത്ര കഴിഞ്ഞെങ്കിലും ചെയ്ത് തീര്‍ക്കാന്‍ ബാക്കി കിടക്കുന്ന ഒട്ടനവധി കാര്യങ്ങള്‍…
ജനിച്ചിട്ടിതുവരെ ചെയ്തുകൂട്ടിയിട്ടുള്ള മാപ്പര്‍ഹിക്കാത്ത തെറ്റുകള്‍…
മരണാനന്തര ജീവിതമെന്നൊന്നുണ്ടെങ്കില്‍ അതെങ്ങിനെയായിരിക്കും? …
നരഗത്തിലെ ഏത് കണ്ടപ്റ്റ് സെല്ലില്‍ എത്രനാള്‍ കഴിച്ചുകൂട്ടേണ്ടിവന്നേക്കും ? …
നിമിഷനേരം കൊണ്ട് ഒരുപാടൊരുപാട് കാര്യങ്ങള്‍ മനസ്സിലെ വിസ്താരമ സ്ക്രീനില്‍ മിന്നിമറഞ്ഞു.
സ്പെഷ്യല്‍ ഇഫക്‍റ്റെന്നപോലെ ഹെലിക്കോപ്റ്ററിന്റെ പൊട്ടലുകള്‍ ഇപ്പോഴും തുടരുകയാണ്. കറുകറുത്ത പുകയും, വീശിയടിക്കുന്ന തീയിന്റെ ചൂടിന്റെ തീക്ഷതയും കണ്ടുനിന്നിരുന്നവരുടെ ഉള്ളിലെ ചൂടിനൊപ്പം വന്നുകാണില്ല.
ലൈഫ് ജാക്കറ്റ് വെച്ചിരിക്കുന്ന പെട്ടിയുടെ മൂടി ഒരു ചെറിയ കൊളിത്തിട്ട് അടച്ചിട്ടുണ്ടാകും.ചെറുവിരല്‍ വെച്ച് ഒന്ന് തട്ടിയാല്‍ തുറക്കുന്ന ആ കൊളുത്ത് തുറക്കാന്‍ എനിക്കും റാമിക്കും ആകുന്നില്ല. ജീവന് രക്ഷപ്പടുത്താനുള്ള പരാക്രമത്തിന്റെ ഭാഗമായി ആവശ്യത്തില്‍ക്കൂടുതല്‍ ബലം കൊടുക്കുന്നതുകൊണ്ടുമാത്രമാണ് കൊളുത്ത് തുറക്കാത്തത്. അവസാനത്തെ ശ്രമമെന്ന നിലയില്‍ ഞാനാ കൊളുത്ത് കടയോടെ പറിച്ചെടുത്ത് പെട്ടിയുടെ മൂടി തുറന്ന് ലൈഫ് ജാക്കറ്റൊരെണ്ണം കരസ്ഥമാക്കി. എണ്ണമില്ലാത്തത്രയും പ്രാവശ്യം അണിഞ്ഞ് പരിചയമുള്ള ആ ലൈഫ് ജാക്കറ്റ് കഴുത്തിലൂടെ ഇട്ട് കെട്ടിപൂട്ടാന്‍ ആ വെപ്രാളത്തിനിടയില്‍ ഞങ്ങളില്‍പ്പലര്‍ക്കുമാകുന്നില്ല.
മസ്റ്റര്‍ ചെയ്യുമ്പോള്‍ 5 ആള് വീതമുള്ള വരികളിലായി നിരന്ന് നില്‍ക്കണമെന്നാണ് ചട്ടം. എണ്ണപ്പാടങ്ങളില്‍ പലതിലും ആഴ്ച്ചയില്‍ ഒരിക്കല്‍ ഫയര്‍ ഡ്രില്ല് നടത്തുമ്പോള്‍ പട്ടാളച്ചിട്ടയില്‍ അറ്റന്‍ഷനില്‍ നില്‍ക്കാറുള്ളവരാരും ഇപ്പോള്‍ വരിവരിയായൊന്നും നില്ക്കുന്നില്ല, നില്ക്കാന് പറ്റുന്നില്ല. തൊട്ടപ്പുറത്ത് ഹെലിക്കോപ്റ്റര്‍ ഒരെണ്ണം ജീവന് തന്നെ ആപത്താകുന്ന രീതീയില്‍ എരിഞ്ഞടങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അടങ്ങിയിരിക്കാനാര്‍ക്കെങ്കിലുമാകുമോ ? ചിലര്‍ ലൈഫ് ബോട്ടിനടുത്തേക്കോടുന്നു. അതിന്റെ വാതില്‍ തുറക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു. പൂര്‍ണ്ണമായും യന്ത്രസഹായത്തോടെ പ്രവര്‍ത്തിപ്പിച്ച് വെള്ളത്തിറക്കേണ്ട ലൈഫ് ബോട്ട് വഴങ്ങുന്നില്ല. മറ്റ് രക്ഷാമാര്‍ഗ്ഗങ്ങള്‍ നേരത്തേകാലത്തേ കണ്ടുവെക്കാനായായി പലരും പരക്കം പാഞ്ഞ് നടക്കുന്നു. അകത്തേക്കും പുറത്തേക്കും പലപല വാതിലുകളിലൂടെ ഓടിനടക്കുന്ന പലരും തട്ടിത്തടഞ്ഞ് വീഴുന്നു.
ജീവിതത്തോടുള്ള ആര്‍ത്തി, ജീവനോടുള്ള കൊതി, മരണം മുന്നില്‍ വന്നുനില്ക്കുന്നതിന്റെ പരിഭ്രാന്തി, എന്തുചെയ്യണമെന്നറിയാതെ പ്രജ്ഞ മരവിച്ച് നില്ക്കുന്നവരുടെ നിസ്സഹായാവസ്ഥ. ചുറ്റുമുള്ള മുഖങ്ങളില്‍ മനുഷ്യനായിപ്പിറന്നിട്ടിന്നുവരെ കാണാത്ത വിവിധതരം പുതിയ ഭാവങ്ങള്‍. ഗര്‍വ്വും, അഹവും, ധാര്‍ഷ്ട്യവുമൊക്കെ വഴിമാറിയ പച്ചയായ മനുഷ്യന്റെ ഭീതിപൂണ്ട ചിത്രങ്ങള്‍ മാത്രമാണെങ്ങും.
കരച്ചിലിന് വക്കത്തെത്തിയവര്‍, ശബ്ദം നിലച്ചുപോയവര്‍, ആദ്യമായി ഓഫ്ഷോറില്‍ ജോലിക്ക് വന്നതുകൊണ്ട് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാത്തെ മിഴിച്ചുനില്‍ക്കുന്ന എണ്ണപ്പാടത്തെ ‘പിഞ്ചുകിടാങ്ങള്‍ ‘, പ്രാര്‍ത്ഥനയില്‍ മുഴുകി കണ്ണിറുക്കിയടച്ച് നില്ക്കുന്നവര്, മുപ്പത്തിമുക്കോടി ദൈവങ്ങളേയും നിന്ന നില്പ്പില് വിളിച്ച് തീര്‍ത്തിട്ട്, വിട്ടുപോയ ദൈവങ്ങളുടെ പേരും നാളും ഓര്‍മ്മയിലെല്ലാം തിരിഞ്ഞുകൊണ്ടുനില്ക്കുന്നവര്. ആഴക്കടലില്‍ പഞ്ചാഗ്നി മദ്ധ്യത്തില്‍ പെട്ടുപോയാല്‍ ചെയ്യാന്‍ പറ്റാവുന്നതെല്ലാം ചെയ്ത് ജീവന് പിടിച്ച് നിര്‍ത്താന്‍ കിണഞ്ഞ് ശ്രമിക്കുന്ന 110 മനുഷ്യജന്മങ്ങള്.
സ്പീക്കറുകളിലൂടെ ഇതൊരു ഫയര്‍ ഡ്രില്ലല്ല, ശരിക്കുമുല്ല അപകടമാണ്, ഹെലിക്കോപ്റ്റര്‍ റിഗ്ഗില്‍ തകര്‍ന്നുവീണിരിക്കുന്നു എന്നും എല്ലാവരും മസ്റ്റര്‍ ചെയ്യണമെന്നും നിയന്ത്രണം പാലിക്കണമെന്നും തുടര്‍ച്ചയായുള്ള അറിയിപ്പുകള് കേട്ടുകൊണ്ടേയിരുന്നു.
മെയിന്‍ ഡക്കിലേക്ക് ഓടിക്കയറുമ്പോള്‍ പോക്കറ്റില്‍ കിടന്നിരുന്ന മൊബൈല്‍ ഫോണ്‍ ഞാനിതിനിടയില്‍ ആരും കാണാതെ(മെയിന്‍ ഡക്കില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല.) പുറത്തെടുത്ത് ‘റിഗ്ഗിന്റെ നില അപകടത്തില്‍, ചോപ്പര്‍ റിഗ്ഗില്‍ തകര്‍ന്നുവീണ് കത്തുപിടിച്ചു. എന്തും സംഭവിക്കാം. റിഗ്ഗിലുള്ള എല്ലാവര്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുക’ എന്നൊരു സന്ദേശം അടിച്ചുണ്ടാക്കി എന്റെ ഒന്നുരണ്ട് സഹപ്രവര്‍ത്തകര്‍ക്ക് അയച്ചുകൊടുത്തു. ജീവനോടെ രക്ഷപ്പെടാന്‍ പറ്റിയില്ലെങ്കില്‍ പുറം ലോകത്തേക്ക് എത്തുന്ന എന്റെ അവസാനത്തെ സന്ദേശമായിരിക്കുമായിരുന്നു അത്.
മസ്റ്ററെല്ലാം ഒരുവിധം നടന്നു. റിഗ്ഗിലുള്ള 110 പേരും സുരക്ഷിതരാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. എങ്കിലും തീയിപ്പോളും ആളിക്കത്തിക്കൊണ്ടിരിക്കുകയാണ്. റിഗ്ഗിലെ ജീവനക്കാര്‍ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരിക്കുന്നത് കാണാം. റിഗ്ഗ് ഫ്ലോറിന്റെ ഇരുവശത്തുനിന്നും ഫയര്‍ വാട്ടര്‍ പമ്പുകളില്‍ നിന്ന് വെള്ളം ചീറ്റിയടിക്കുന്നുണ്ട്. പത്ത് പതിനഞ്ച് മിനിറ്റിനകം തീയുടെ സംഹാരതാണ്ഡവത്തിന് ഒരു അറുതി വന്നതുപോലെയായി. 30 മിനിറ്റോളം മരണം മുന്നില്‍ നിന്ന് പല്ലിളിച്ച് നോക്കി കളിയാക്കിച്ചിരിച്ച് കടന്നുപോയിരിക്കുന്നു. അതുകൊണ്ട് കഴിഞ്ഞില്ല. സ്വന്തം ജീവന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിന്‍ എല്ലാവരും മറന്നുകിടന്ന പലകാര്യങ്ങളും ചോദ്യച്ചിഹ്നമായി ഇപ്പോളിതാ മുന്നില്‍ നില്ക്കുന്നു.
ഹെലിക്കോപ്റ്ററില്‍ എത്രപേരുണ്ടായിരുന്നു ?
രണ്ട് പൈലറ്റുമാര്‍ ഉറപ്പായിട്ടും ഉണ്ടായിരിക്കും. അവര്‍ക്കെന്തുപറ്റിക്കാണും ?
മറ്റ് യാത്രക്കാരാരെങ്കിലും ഉണ്ടായിരുന്നോ ?
ഉണ്ടായിരുന്നെങ്കില്‍ എത്ര പേര് ?
ഹെലിക്കോപ്റ്റര്‍ എവിടന്ന് വന്നു ? ഏങ്ങോട്ട് പോകുകയായിരുന്നു ?
ഈ റിഗ്ഗില്‍ നിന്ന് ആരെങ്കിലും ആ ഹെലിക്കോപ്റ്ററില്‍ കയറിയിരുന്നോ ?
ആര്‍ക്കും അതിനെപ്പറ്റിയൊന്നും കാര്യമായ ധാരണയൊന്നുമില്ല. ഹെലിക്കോപ്റ്റര്‍ റിഗ്ഗില്‍ വന്നിറങ്ങി വീണ്ടും ഉയര്‍ന്ന് പറക്കുമ്പോഴാണോ അപകടമുണ്ടായത് എന്നുമാത്രം അറിയാം.
അപ്പോഴേക്കും തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമായിക്കഴിഞ്ഞിരുന്നു. അക്കാര്യം അനൌണ്സ് ചെയ്യപ്പെടുകയുണ്ടായി. ഇനി റിഗ്ഗില്‍ നിന്നും ഇവാക്കുവേറ്റ് ചെയ്യേണ്ടി വരില്ല. എങ്കിലും മസ്റ്റര്‍ പോയന്റില്‍ നില്‍ക്കാനാണ് ഉത്തരവ്. തീയണച്ചതിന് ശേഷം ഫയര്‍ ഫൈറ്റിങ്ങ് ടീമും റിഗ്ഗിലെ സ്ഥിരം ജോലിക്കാരുമെല്ലാം അവശിഷ്ടങ്ങള്‍ക്കിടയില്‍ പരതുന്നുണ്ട്. ചോപ്പറില്‍ ഉണ്ടായിരുന്ന പൈലറ്റടക്കമുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലാണത്. നിശ്ചലമായ ഒരു ശരീരം താഴത്തെ ഡെക്കില്‍ ഞാനൊരു നോക്കുകണ്ടു. പിന്നീടങ്ങോട്ട് നോക്കണമെന്ന് എനിക്ക് തോന്നിയതുമില്ല.
ഇത്രയും നേരം സ്വയരക്ഷയ്ക്ക് വേണ്ടി മാത്രം ചിന്തിക്കുന്നതിനിടയില്‍ സഹജീവികളിലൊരാള്‍ ആ തീയ്ക്കും പുകയ്ക്കുമിടയില്‍ക്കിടന്ന് ജീവന് വെടിയുകയായിരുന്നെന്ന് ആലോചിക്കാന്‍ തന്നെ പറ്റുന്നില്ല.
അധികം താമസിയാതെ തന്നെ എല്ലാവരും മസ്റ്റര്‍ പോയന്റില്‍ നിന്നും മെസ്സ് ഹാളിള്‍ പോയി കാത്തിരിക്കാന്‍ അനൌണ്‍സ്മെന്റുണ്ടായി. അനുവാദമില്ലാതെ ആരും പുറത്ത് വരരുതെന്ന് കര്‍ശനമായ നിര്‍ദ്ദേശവും. സമയം രാത്രി പത്ത് മണിയോടടുക്കാനായപ്പോഴേക്കും റിഗ്ഗിന്റെ മാനേജര്‍ മെസ്സ് ഹാളിലെത്തി സ്ഥിതിഗതികള്‍ വിവരിച്ചു.
തൊട്ടടുത്തുള്ള മറ്റേതോ ഓഫ്ഷോര്‍ പ്ലാറ്റ്ഫോമില്‍നിന്നും ചില ഉപകരണങ്ങള്‍ ഈ റിഗ്ഗില്‍ വന്ന് കൊടുത്തതിന് ശേഷം പറന്നുയര്‍ന്നപ്പോളാണ് ഹെലിക്കോപ്റ്റര്‍ നിയന്ത്രണം വിട്ട് അപകടത്തിലായത്. ഹെലിഡെക്കില്‍ നിന്നും പറന്നുയര്‍ന്നതിന് ശേഷം നിയന്ത്രണം വിട്ട ചോപ്പര്‍ റിഗ്ഗിലെ ഒരു ക്രെയിനില്‍ തട്ടുകയും പിന്നിട് റിഗ്ഗിന്റെ ഒരു കാലില്‍ ചെന്നിടിച്ച് തകര്‍ന്ന് തീ പിടിക്കുകയാണുണ്ടായത്. ഈ റിഗ്ഗില്‍ നിന്ന് ആരും ഹെലിക്കോപ്റ്ററിനകത്ത് കയറിയിട്ടില്ല. പക്ഷെ ഇവിടെ വന്നപ്പോള്‍ അതില്‍ 5 യാത്രക്കാരും 2 പൈലറ്റ്സും അടക്കം 7 പേരുണ്ടായിരുന്നു.2 ഇന്ത്യാക്കാര്‍, പാക്കിസ്ഥാനി(1), ഇംഗ്ലീഷ്(1), അമേരിക്കന്‍ (1), ഫിലിപ്പൈനി (1), വെനിസ്യുല (1).
അപകടത്തില്‍ എല്ലാവരും മരണമടഞ്ഞു. എല്ലാ ശരീരങ്ങളും കണ്ടെടുക്കാനായിട്ടില്ല. ചിലത് കടലില്‍ വീണെന്ന് സംശയിക്കുന്നുണ്ട്. തിരച്ചില്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്നതിനനുസരിച്ച് എല്ലാവരേയും അറിയിക്കാം. പക്ഷെ ആരും അനുവാദമില്ലാതെ അക്കോമഡേഷന്‍ കൊംപ്ലക്സില്‍ നിന്ന് പുറത്ത് വരരുത്. തല്ക്കാലം എല്ലാവര്ക്കും മുറികളിലേക്ക് പോകാം. നൈറ്റ് ഡ്യൂട്ടിയിലുള്ളവര്‍ മെസ്സ് ഹാളില്‍ത്തന്നെ ഇരിക്കുക. എന്തെങ്കിലും ആവശ്യം വരുന്നതനുസരിച്ച് വിളിപ്പിക്കുന്നതായിരിക്കും.
ലൈഫ് ജാക്കറ്റെല്ലാം തിരികെ കൊണ്ടുവെച്ച് എല്ലാവരും മുറികളിലേക്ക് മടങ്ങി. ഏറ്റവും താഴെയുള്ള ഡെക്കിലെ മുറിയിലേക്ക് പോകാന്‍ എനിക്ക് തോന്നിയതേയില്ല. ചില സഹപ്രവര്‍ത്തകരുമായി സംസാരിച്ചുകൊണ്ട് ഞാന്‍ മുകളിലെ ഡെക്കിലെ ഒരു റിക്രിയേഷന്‍ റൂമില്‍ത്തന്നെയിരുന്നു.
അതിനിടയില്‍ മറ്റൊരു ചോപ്പര്‍ ഉടനെതന്നെ ദുബായിയില്‍ നിന്നും റിഗ്ഗില്‍ എത്തിച്ചേരുമെന്ന് അറിയിപ്പുണ്ടായി. അത് ഞങ്ങളെ കൂടുതല്‍ ആശങ്കാകുലരാക്കി. അപകടത്തില്‍പ്പെട്ട ചോപ്പര്‍ റിഗ്ഗിന്റെ കാലില്‍ ഇടിച്ച് കാര്യമായ കേടുപാടുകള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ പുതിയ ചോപ്പര്‍ വീണ്ടും റിഗ്ഗില്‍ വന്നിറങ്ങുമ്പോള്‍ എന്തെങ്കിലുമൊക്കെ അനര്‍ത്ഥങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലല്ലോ ?! എന്തായാലും അടുത്ത ചോപ്പര്‍ റിഗ്ഗില്‍ വന്ന് സുരക്ഷിതമായി മടങ്ങുന്നതുവരെ മുറിയിലേക്ക് പോകുകയോ ഉറങ്ങുകയോ ചെയ്യുകയില്ലെന്ന് ഞാനുറപ്പിച്ചു. ഉറങ്ങാനോ ? എങ്ങനെയുറങ്ങാന്‍ ? കത്തിക്കരിഞ്ഞ് ചേതനയറ്റ ശരീരങ്ങള്‍ എന്റെ മുറിയുള്ള അതേ ഡെക്കില്‍ വെള്ളപുതപ്പിച്ച് കിടത്തിയിരിക്കുമ്പോള്‍, കണ്മുന്നില് അല്‍പ്പനേരം മുന്നേ കണ്ട ഭീതിജനകമായ ദൃശ്യങ്ങള്‍ മായാതെ നില്ക്കുമ്പോള് ഉറക്കം എങ്ങനെ വരാന്‍ ? ഇന്നുമാത്രമോ, ഇനി എത്ര ദിവസെമെടുക്കും ശരിക്കൊന്നുറങ്ങാനെന്ന് കണ്ടുതന്നെ അറിയണം.
അധികം താമസിയാതെ വീണ്ടും അറിയിപ്പുണ്ടായി ഉടന്‍ വരുമെന്ന് പറഞ്ഞ ചോപ്പറിന്റെ വരവ് ഒഴിവാക്കിയിരിക്കുന്നു. ഹാവൂ…കുറച്ചൊരാശ്വാസമായി. കൂട്ടം കൂടിയിരുന്നവര്‍ പലരും മുറികളിലേക്ക് പിരിഞ്ഞുപോയി. ഒറ്റയ്ക്കവിടെ ഇരിക്കുന്നതിലും നല്ലത് മുറിയിലേക്ക് പോകുന്നതായിരിക്കുമെന്ന് തോന്നിയതുകൊണ്ട് ഞാനും പതുക്കെ മുറിയിലേക്ക് നീങ്ങി.
ഉറങ്ങാതിരുന്ന് എങ്ങനെയാണ് നേരം വെളുപ്പിച്ചതെന്നറിയില്ല. രാവിലെ തന്നെ മെസ്സിലെത്തി കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണം നടത്തി. പൈലറ്റുമാരുടെ രണ്ടുപേരുടെയും ശരീരം വെള്ളത്തില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഒരാളുടെ തല വേര്‍പെട്ട രീതിയിലാണ്. ആകെ 5 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇനിയുള്ളത് ഡെക്കില്‍ ചിതറിക്കിടക്കുന്ന രണ്ട് ഇന്ത്യാക്കാരുടെ ശരീരങ്ങളാണ്. പെറുക്കിക്കൂട്ടിയെടുക്കാന്‍ തിരിച്ചറിയുന്ന അവസ്ഥയില്‍ ഒന്നും ബാക്കിയവശേഷിച്ചിട്ടില്ല ആ ശരീരങ്ങളില്‍. പൊലീസ് ഉടനെ ദുബായിയില്‍ നിന്നും എത്തും. അതിന് ശേഷമേ ആ ശരീരങ്ങളുടെ കാര്യത്തില്‍ എന്തെങ്കിലും നടപടി ഉണ്ടാകുകയുള്ളൂ.(പിന്നീട് ഡി.എന്‍.എ. ടെസ്റ്റ് നടത്തിയാണ് ആ രണ്ട് ശരീരങ്ങളും കൃത്യമായി തിരിച്ചറിഞ്ഞത്.)
അതിനിടയില്‍ റിഗ്ഗില്‍ ആകെയുള്ള 110 പേരില്‍ നിന്ന് ഞാനടക്കം 30 പേരെ ദുബായിയിലേക്ക് മടക്കിയയക്കാന്‍ പോകുന്നതായി വിവരം കിട്ടി. ദുബായിയില്‍ ചെന്നാലും ഉടനെയൊന്നും സ്വന്തം താമസസ്ഥലത്തേക്കോ, നാട്ടിലേക്കോ ഉടനെ തന്നെ ആര്‍ക്കും പോകാന്‍ പറ്റില്ല. പൊലീസ് അന്വേഷണവും, ദുബായ് പെട്രോളിയത്തിന്റെ അന്വേഷണവുമൊക്കെ കഴിഞ്ഞതിന് ശേഷമേ രാജ്യത്തിന് വെളിയില്‍പ്പോകാന്‍ പറ്റുകയുള്ളത്രേ ? എങ്ങനെയായിരിക്കും കരയിലേക്കുള്ള മടക്കയാത്ര എന്ന് മാത്രം വ്യക്തമായ വിവരം കിട്ടിയില്ല. ചോപ്പറിലൊന്നും കയറി പോകുന്ന പ്രശ്നമില്ലെന്ന് ചിലര്‍ പറയുന്നത് കേള്‍ക്കാമായിരുന്നു. ബോട്ട് അയക്കുകയാണെങ്കില്‍ അതില്‍ക്കയറി പോകാം. ഒരു ചോപ്പറില്‍ ഉടനെ തന്നെ യാത്ര ചെയ്യാനുള്ള മാനസികാവസ്ഥ ഞാനടക്കമുള്ള പലര്‍ക്കുമില്ല.
വൈകാതെ തന്നെ ബോട്ട് മാര്‍ഗ്ഗം ദുബായ് ജബല്‍ അലി പോര്‍ട്ടിലേക്കാണ് പോകുന്നതെന്ന് അറിയിപ്പുണ്ടായി. രണ്ടാമത്തെ പ്രാവശ്യമാണ് ഇതുപോലെ ഒരു ഓഫ്ഷോര്‍ യാത്രയും അത്യാഹിതവുമൊക്കെ കഴിഞ്ഞ് ഞാന്‍ ജബല്‍ അലി പോര്‍ട്ടിലേക്ക് ബോട്ട് മാര്‍ഗ്ഗം മടങ്ങുന്നത്. ആദ്യത്തെ പ്രാവശ്യം ഹൃദയാഘാതം മൂലമുള്ള ഒരു മരണമായിരുന്നെങ്കില്‍ ഇന്നിതാ ദുര്‍മ്മരണപ്പെട്ടിരിക്കുന്നത് വിവിധരാജ്യക്കാരായ ഏഴുപേരാണ്.
താല്‍ക്കാലികമായി റിഗ്ഗിലെ ജോലികള്‍ നിറുത്തിവെച്ചിട്ടാണ് എല്ലാവരും മടങ്ങുന്നത്. അധികം താമസിയാതെ അവിടെ ജോലികള്‍ പുനരാരംഭിക്കും, ലീവിന് പോകാന്‍ തീയതി അടുത്തിരിക്കുന്ന എന്നെപ്പോലുള്ള ചിലരൊഴിച്ച് മറ്റെല്ലാവരും പതുക്കെപ്പതുക്കെ റിഗ്ഗിലേക്ക് മടങ്ങിപ്പോകും. ലീവ് കഴിഞ്ഞ് വന്നാല്‍ എനിക്കും ഈ റിഗ്ഗില്‍ അല്ലെങ്കില്‍ എണ്ണപര്യവേഷണം നടക്കുന്ന മറ്റൊരു റിഗ്ഗിലോ, ബാര്‍ജിലോ, പ്ലാറ്റ്ഫോമിലോ പോകേണ്ടിവരും. ആ യാത്ര പതിവുപോലെ ഒരു ഹെലിക്കോപ്റ്ററില്‍ത്തന്നെയായിരിക്കും. ഇങ്ങനൊരു അപകടമുണ്ടായതുകൊണ്ട് ഇനി ചോപ്പറില്‍ യാത്ര ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ് രക്ഷപ്പെടാനൊന്നും ഞാനടക്കമുള്ള എണ്ണപ്പാടത്തെ ജോലിക്കാര്‍ക്ക് ആര്‍ക്കും പറ്റില്ല.
വിമാനാപകടങ്ങള്‍ ഉണ്ടാകുന്നെന്ന് വെച്ച് ആരെങ്കിലും വിമാനത്തില്‍ കയറാതിരിക്കുന്നുണ്ടോ ? ഹെലിക്കോപ്റ്ററിലെ ഈ പറക്കല്‍ പരിപാടി ഞങ്ങള്‍ക്ക് ഒഴിവാക്കാന്‍ പറ്റില്ല. ഈ പറക്കലുകല്‍ തുടര്‍ന്നുമുണ്ടാകും.
ദ ഷോ മസ്റ്റ് ഗോ ഓണ്‍.
———————————————————————
ഗര്‍ഫിലെ ഒരുവിധ എല്ലാ മാധ്യമങ്ങളിലും ഈ വാര്‍ത്ത വന്നിരുന്നു. ഗള്‍ഫ് ന്യൂസിന്റെ വെബ് സൈറ്റില്‍ വന്ന വാര്‍ത്ത ഇവിടെ വായിക്കാം. http://www.gulfnews.com/nation/General/10242468.html
ആ സംഭവത്തിനുശേഷം ഞാനിതുവരെ ഹെലിക്കോപ്റ്ററില്‍ കയറിയിട്ടില്ല. പക്ഷെ, രണ്ടുദിവസത്തിനകം എനിക്ക് വീണ്ടും ഹെലിക്കോപ്റ്റര്‍ യാത്രയുണ്ട്. അന്നപകടമുണ്ടായ ദുബായ് പെട്രോളിയത്തിന്റെ ഓഫ്ഷോറിലെ എണ്ണപ്പാടത്തിലേക്കു തന്നെ.
ദ ഷോ മസ്റ്റ് ഗോ ഓണ്‍.
Bhayangaram thanne anna
ഓഫ് ഷോർ ജോലിയുടെ അപകടസാദ്ധ്യതകളിലേക്ക് വെളിച്ചം വീശുന്ന മറ്റൊരു അദ്ധ്യായം കൂടി. നിങ്ങൾ എല്ലാവരുടേയും സുരക്ഷിതമായ തിരിച്ചുവരവിനായി പ്രാർത്ഥിക്കുന്നു. അപകടങ്ങളില്‍പ്പെടാതെ ദൈവം കാത്തുരക്ഷിക്കട്ടെ.
ദ ഷോ മസ്റ്റ് ഗോ ഓണ്‍… അതന്നെ മാഷെ. എല്ലാവരെയും ദൈവം രക്ഷിക്കട്ടെ.
This comment has been removed by the author.
നിരക്ഷരാ…..വായിച്ചിട്ട് ഞങ്ങള്‍ക്ക് തന്നെ ഒരു ഉള്‍ക്കിടിലം….അപ്പോള്‍ താങ്കളുടെ കാര്യമോ…
ഈശ്വരോ….രക്ഷതു….
ഈശ്വരാ.. ആരും അറിയാതെ വിളിച്ചു പോകും ട്ടോ…
എന്തായാലും അപകടങ്ങളൊന്നും കൂടാതെ രക്ഷപ്പെട്ടല്ലോ..
-പെണ്‍കൊടി…
വായിച്ചു , ദൈവം കാക്കട്ടെ അല്ലാതെ എന്ത് പറയാന്‍ .
ദൈവം കാക്കട്ടെ മനോജേട്ടാ..
പ്രാര്‍ത്ഥനകള്‍ എന്നും കൂടെയുണ്ട്..
നിരക്ഷരന്,
അപകടങ്ങള്‍ പിടിച്ച ജോലിക്കിടയില്‍ ഇങ്ങനെയൊക്കെ സംഭവിക്കാം…..സമചിത്തതയോടെ അതൊക്കെ നേരിടൂ എന്ന് മാത്രമേ പറയാനുള്ളൂ….
നല്ല പോസ്റ്റ് …..
ആശംസകള്‍…..
കൂടുതല്‍ ആപത്തുകളില്‍ ചെന്ന് ചാടാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു….
ഒരു ചെറിയ ഭയത്തോടെ വായിച്ചു.
ദ ഷോ മസ്റ്റ് ഗോ ഓണ്‍! Take care.
ഒരു ആക്ഷന്‍ മൂവി കാണുന്ന ത്രില്ലോടെ വായിച്ചു….
ഇത് ഒരു ഒന്നൊന്നര ജോലിയാണ് ട്ടോ!!!
ഈ ജോലി ഉപേക്ഷിച്ച് സാഹസികതരഹിതമായുള്ള ഏതെങ്കിലും ജോലിയ്ക്കു ശ്രമിച്ചു കൂടെ??
വീട്ടിലിരിക്കുന്നവര്‍ക്ക് ഈ നടന്നത് വല്ലതും അറിയാമൊ??
അതെ സെപ്റ്റബര്‍ 4 പുലര്‍ച്ചെ ആണ് മെയില്‍ കിട്ടിയത് . ഇന്നും ഒര്‍ക്കുന്നു ……….
കാത്തു രക്ഷിച്ചതിനു ഈശ്വരന് നന്ദി പറയുന്നു..
എന്നും ഈശ്വരന് സംരക്ഷിക്കട്ടെ,
എല്ലാ യാത്രയിലും ഈശ്വരന് ഒപ്പം ഉണ്ടാവട്ടെ എന്ന് പ്രത്യേകം പ്രാര്‍ത്ഥിക്കുന്നു.
ആ ദുരന്തത്തില്‍ മരിച്ച ഏഴുപേര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
ഗള്‍ഫ് ഇല് ജോലി.. നല്ല ശമ്പളം .. ഇരുപത്തി എട്ടു ദിവസത്തെ അവധിക്കു ഒന്നര മാസം കൂടുമ്പോള്‍ നാട്ടില്‍ വരാം.. ( My sisters husband work ina rigg)എന്നൊക്കെ കേള്‍ക്കുമ്പോ അതിന് പിന്നിലെ ഈ ഭീകരാവസ്ഥ മനസിലാക്കിയിരുന്നില്ല.. ശ്വാസം പിടിച്ചാണ് വായിച്ചത്.. അങ്ങനെ ഒരു അനുഭവത്തില്‍ കൂടെ കടന്നു പോകുന്ന ഒരു ഫീലിംഗ് ഉണ്ടായി വായിച്ചപ്പോ.. സുരക്ഷിതനായിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു..
സത്യം പറ.. ഈ സാഹതികതയുടെ ത്രില്‍ ഇത്തിരി ഞരമ്പുകളെ ത്രസിപ്പിക്കുന്നില്ലേ? ഈ തിരിച്ചുപോകുന്നതിനെപ്പറ്റി വെപ്രാളപ്പെടുന്നതൊക്കെ ഞങ്ങളെ മക്കാറാക്കാനല്ലേ?
നല്ല എഴുത്ത്..
ഒന്നും പറയാനാകുന്നില്ല. ദൈവ കൃപ തന്നെ.
ഈശ്വരന് കാത്തു… ഒന്നും പറയാനാകുന്നില്ല മാഷെ…
മനസ്സിലൊന്ന് പറയാംന്ന് വിചാരിച്ച് താഴെ വന്നപ്പൊ ആ പ്രസ്താപന പാമരന്റേത്.ഇനിപ്പൊ ഒരു ആശംസയില്‍ നിര്‍ത്തുന്നു.
ദ ഷോ മസ്റ്റ് ഗോ ഓണ്‍…
അന്നത്തെ ആ സംഭവത്തെക്കുറിച്ച് എഴുതാനുള്ള മനക്കരുത്ത് ഇപ്പോഴാണ് കിട്ടിയത് അല്ലേ…?
നിരക്ഷരാ…
ദൈവം കാത്തുരക്ഷിക്കട്ടെ.
-സുല്‍
May those souls rest in peace.
കണ്മുന്പില് നടക്കുന്ന അപകടം കുറച്ചു നാളേക്ക് ഭീകര സ്വപ്നം പോലെ കൂടെക്കാനും ആര്‍ക്കായാലും. പക്ഷെ, ഇനി ചോപ്പറില്‍ കേറാന്‍ പേടിക്കണ്ട കേട്ടോ. എത്രയോ കാര്‍ അപകടങ്ങളും ബസ് അപകടങ്ങളും നമ്മള് കാണുന്നു. എന്ന് കരുതി നമ്മള് അതിലൊക്കെ യാത്ര ചെയതിരിക്കുന്നുണ്ടോ? അങ്ങനെ വിചാരിക്കുക, ധൈര്യമായി ഇരിക്കുക.
Cheer up MAN!
ഒരു വല്ലായ്മ. ആ ഏഴുപേര്‍… ജീവനോടെ കത്തിയെരിഞ്ഞവര്‍
ദൈവം കാക്കട്ടെ മാഷേ..
കിടിലൻ വിവരണം.
“ജീവിതത്തിന്റെ മൂന്നിലൊന്ന് യാത്രകഴിഞ്ഞെങ്കിലും…” അത്രയ്ക്കൊക്ക്യായോ?!!
നിരക്ഷരാ, ഇതു പണ്ട് ഇ-മെയില്‍ വഴി അറിഞ്ഞ ഹെലിക്കോപ്റ്റര്‍ അപകടമോ അതോ ഈ ആഴ്ച പുതിയതായി എന്തെങ്കിലും ഉണ്ടായത്? വിവരണം പതിവുപോലെ നന്നായിട്ടുണ്ട് പക്ഷേ അതിനെ കിടിലം എന്നു വിളിക്കുവാന്‍ മനസാക്ഷി അനുവദിക്കുന്നില്ല. കാരണം ഇത് കഥയല്ലല്ലോ, കാര്യം തന്നെയല്ലേ… ഈശ്വരന് കാത്തു.
ഹലോ മനോജ് കുട്ടാ…..
വായിക്കുമ്പോള്‍ കുറച്ച് കാലം കൂടി ഗള്‍ഫിലേക്ക് ചേക്കേറിയാലോ എന്ന് തോന്നിപ്പോകുന്നു…
ഇനി ഇപ്പോ വയസ്സയില്ലേ എന്നൊരു ശങ്കയും ഇല്ലാതില്ല..
അസ്റ്റോറിയാ ഹോട്ടലിലെ മെക്സിക്കന്‍ റെസ്റ്റോറന്റിലാണ് ഞാന്‍ ആദ്യമായി സിന്ററേലയുമായി ഡാന്‍സ് ചെയ്തത്..
അതിനെനിക്ക് കിട്ടിയ പാരിതോഷികം.. 4 ദിവസത്തെ മുറി വാടകയുടെ റി ഇംബേര്‍സ്മെന്റ്…
എന്റെ മനസ്സ് അറിയാതെ ആ മണലാരണ്യത്തിലേക്ക് ഒന്ന് എത്തി നോക്കി…
പബ്ബില്‍ പോകാനും, ബീര്‍ കുടിക്കാനും, സുന്ദരിമാരൊത്ത് നൃത്തമാടാനും ഒരിക്കല്‍ കൂടി കഴിഞ്ഞിരുന്നെങ്കില്‍???????????
terrific and tragic. mayt their souls rest in peace. live long !! god bless !!
മരവിപ്പ് മാത്രം..
നീരേട്ടാ….
സത്യത്തില്‍ നീരേട്ടന്റെ ജോലീടെ സുഖത്തെ ക്കുറിച്ചോര്‍ത്ത് അസൂയപ്പെടുകയായിരുന്നു ഇതുവരേം…പക്ഷേ ഇപ്പോ ….സത്യം ഞാനാണെങ്കില്‍ പേടിച്ച് മരിച്ചേനെ….
…..ഓര്‍ക്കാന്‍ പോലും പേടിയാകുന്നു…..
touching..
കുഞ്ഞിക്കുട്ടാ :- നന്ദി.
മണികണ്ഠാ :- ആ പ്രാര്‍ത്ഥനയ്ക്ക് നന്ദി.
ബി.എസ്.മാടായി :- നന്ദി മാഷേ.
നട്ടപിരാന്തന് :- നന്ദി.
പെണ്‍കൊടി :- നന്ദി.
കാപ്പിലാന് :- നന്ദി.
കുറ്റ്യാടിക്കാരന്‍ :- നന്ദി.
ചാണക്യന് :- നന്ദി.
ശ്രീവല്ലഭന് :- നന്ദി.
ഹരീഷ് തൊടുപുഴ:- വീട്ടിലുള്ളവര്‍ക്ക് എല്ലാം ഈ കഥയൊക്കെ അറിയാം. ഇനിയിപ്പോ ഈ റിട്ടയര്‍മെന്റ് പ്രായത്തില്‍ വേറേ എന്ത് ജോലി നോക്കാനാ മാഷേ ?
മാണിക്യേച്ചീ :- അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് ബോട്ടില്‍ ദുബായിലേക്ക് വരുമ്പോള്‍ മൊബൈല്‍ ചിലച്ചു. പരിചയമില്ലാത്തെ നമ്പര്‍. ഫോണ്‍ എടുത്തപ്പോള്‍ അമേരിക്കയില്‍ നിന്ന് മാണിക്യേച്ചി. ചേച്ചി അപ്പോള്‍ തന്ന സ്വാന്തനത്തിനും ആശ്വാസവാക്കുകള്‍ക്കും ഒരുപാടൊരുപാട് വിലമതിക്കുന്നു ഞാന്‍. തൊട്ടുപുറകെ ഏറനാടന്റേയും, കുറുമാന്റേയും ഫോണ്‍ കോളുകളും വന്നു. ബൂലോകത്തെ സുഹൃത്തുക്കളെല്ലാം എന്റെ വിഷമത്തില്‍ പങ്കുചേര്‍ന്നു. അതൊക്കെ ഒരു ഭാഗ്യം തന്നെയാണ്. ആ സൌഹൃദങ്ങള്‍ക്കൊക്കെ വളരെ വളരെ നന്ദി.
കുഞ്ഞിക്കിളീ :- നന്ദി.
പാമരാ :- സത്യം പറയട്ടെ. സാധാരണ വിമാനയാത്രയിലെ ടര്‍ബുലന്‍സ് പോലും എനിക്ക് താങ്ങാനാവാറില്ല. കൈയ്യില്ക്കരുതിയിരിക്കുന്ന ഇയര്‍ പ്ലഗ്ഗ് ചെവിട്ടില് കുത്തിക്കയറ്റി ഫ്ലൈറ്റില്‍ നിന്ന് തരുന്ന ‘ധൈര്യം’ വലിച്ചകത്താക്കി കിടന്നുറങ്ങിയുമൊക്കെയാണ് ഞാനാ വിഷമഘട്ടം തരണം ചെയ്യാറുള്ളത്. അതുകൊണ്ടുതന്നെ ഹെലിക്കോപ്റ്ററിലെ എല്ലാ യാത്രയും, ഇപ്പോളിവിടെ പറഞ്ഞ മടക്കയാത്രയുമൊക്കെ എന്റെ ഞരമ്പുകളെ ഒരിക്കലും ത്രസിപ്പിക്കാറില്ല/ത്രസിപ്പിക്കില്ല.
ശ്രീ :- നന്ദി.
–xh– :- നന്ദി.
പ്രയാന്‍ :- നന്ദി, പാമരനോട് പറഞ്ഞത് കേട്ടില്ലേ ?
ബിന്ദു കെ.പി :- മനക്കരുത്ത് ഒരു വലിയ പ്രശ്നം തന്നെയായിരുന്നു.
സുല്‍ :- നന്ദി.
നിഷാന്ത് :- നന്ദി.
സരിജ എന്‍.എസ്സ്:- നന്ദി.
പൊറാടത്ത് :- മൂന്നിലൊന്ന് എന്ന് പറഞ്ഞത് എനിക്ക് തെറ്റിപ്പോയതാണ്. പകുതി എന്നാണ് പറയേണ്ടിയിരുന്നത്
അപ്പു :- അതെ ഇത് പണ്ട് പറഞ്ഞ അപകടം തന്നെ. പണ്ടെന്ന് പറഞ്ഞാന്‍ ഇക്കൊല്ലം സെപ്റ്റംബറിലാണ്.
ജെ.പിച്ചേട്ടാ :- സിന്ഡ്രലയുമായി ഡാന്‍സ് ചെയ്തതിന് കിട്ടിയ സമ്മാനം കൊള്ളാല്ലോ ? ഒന്നൂടേ ഗള്‍ഫിലേക്ക് വരുന്നോ ?
ശ്രാവണ്‍ :-താങ്കളുടെയൊപ്പം ഞാനും അവര്‍ക്ക് 7 പേര്‍ക്കും ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.
തണല്‍ :- നന്ദി.
തോന്ന്യാസീ :- മിന്നുന്നതെല്ലാം പൊന്നല്ല എന്ന് ഇപ്പോള്‍ മനസ്സിലായല്ലോ ?
സിജു :- നന്ദി.
‘മരണം മുന്നില്‍ ‘ കാണാനെത്തിയ എല്ലാവര്ക്കും ഒരുപാടൊരുപാട് നന്ദി.
After that tragedy, i had been to the same rig for the same job.Helicopter movement was not started even after a month. During my stay in that rig, i spoke to some of the PERINJANAM guys and they were not completly recovered from the shock, even after a month.
And when i was there, the company man told us that the chopper movemnt will start within a day or two. I prayed not to board the helicopter from that location and luckily the job got cancelled a day before the chopper movement started.so i could come back to Dubai by boat only
ഞാനും അസൂയയോടെയാണ് കണ്ടിരുന്നത്, ഒരു മാസത്തെ ജോലിക്കു ശേഷം പിന്നൊരു മാസം അവധി എന്നൊക്കെ കേട്ടപ്പോൾ. ഇനി ഒരിക്കലും അങ്ങിനെ ചിന്തിക്കുകയേ ഇല്ല. ഇത്രയും അപകടസാധ്യതയുള്ള വേറേ ജോലിയെക്കുറിച്ചൊന്നും ഞാൻ കേട്ടിട്ടില്ലാന്നു തോന്നുന്നു. എല്ലാവരും പറഞ്ഞ പോലെ പ്രാർഥിക്കുന്നു
മനോജ്,
ഒരുള്ക്കിടിലത്തോടെയാണ് വായിച്ഛ് തീര്‍ത്തത്!
ഈശ്വരാനുഗ്രഹമുണ്ടാകട്ടേ, എല്ലാ നന്മകളും!
ഇനിയും ദൈവം കാക്കട്ടെ …
Really touching
God Bless you
ഒരിക്കല്‍ (ഞാന്‍ കുവൈറ്റില്‍ ആയിരുന്നപ്പോള്‍) ഒരു ഓഫ്ഷോര്‍ ജോലി കിട്ടിയിരുന്നു.. പണ്ടു ഓ.എന്‍.ജി.സി. ചോപ്പര്‍ അപകടം എല്ലാം ആലോചിച്ചു പേടിച്ചു വിറച്ചു അതില്‍ പോകാതെ അബുദാബിയില്‍ പോയി വേറെ ജോലി ചെയ്തു.. എന്റെ കൂടെയുള്ള കൂട്ടുകാരന് ഓഫ്ഷോറില്‍ പോയി ചിക്കിലി ഉണ്ടാക്കുന്നുണ്ട്..അതുകണ്ട് എനിക്കും പോകാന്‍ പൂതി ഉണ്ട്.. (അവന് ഒമാനില്‍ ആണ്) നിരക്ഷരനെ എന്റെ ഭാര്യയും വായിക്കുന്നത് കൊണ്ടു ഇനി ഓഫ്ഷോറില്‍ പോകാന്‍ അവള് സമ്മതിക്കുമോ എന്ന് കണ്ടറിയണം.
in the line of fire..
nalla post
മനോജേട്ടാ..
ഞെട്ടലോടെ വായിച്ചു തീര്‍ത്തു..
എന്തു പറയണം എന്നു അറിയില്ല ..
ഈശ്വരന്റെ കൃപാ കടാക്ഷം എപ്പോഴും ഉണ്ടാവട്ടെ എന്നു ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു..
അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി
നിഷാദ് – മെര്‍സ്ക്ക് റിഗ്ഗിലെ ബാക്കി അനുഭവങ്ങള്‍ ഇവിടെ പങ്കുവെച്ചതിന് നന്ദി. ഞാന്‍ അതിനുശേഷം ആദ്യമായി ഈ മാസം 19ന് ആണ് ചോപ്പറിര് കയറിയത്. അതും ദുബായ് പെട്രോളിയത്തിലേക്ക് തന്നെ. ആദ്യം മെര്‍സ്ക്ക് റെസിലന്റില് ഇറങ്ങിയതിനുശേഷം , എന്റെ ഡെസ്റ്റിനേഷനായ കവാവ ബാര്‍ജിലേക്ക് പോകുമെന്നാണ് പൈലറ്റ് പറഞ്ഞത്. മെര്സ്ക്കില് ചോപ്പര്‍ ഇറങ്ങുന്ന കാര്യം ഓര്‍ത്തപ്പോഴേ എന്റെ ചങ്കിടിപ്പ് കൂടാന്‍ തുടങ്ങി. പക്ഷെ പെട്ടെന്ന് റൂട്ട് മാറിയതായി പൈലറ്റ് അറിയിച്ചു. നേരെ കവാവയില് കൊണ്ടുപോയി എന്നെ ഇറക്കി. എന്നാലും പോകുന്ന വഴി മെര്സ്ക്കിനെ കുറച്ചകലെയായി ഞാന്‍ കണ്ടു. ഹോ….വല്ലാതായിപ്പോയി.
ലക്ഷ്മീ – അസൂയയൊക്കെ ഇപ്പോള്‍ മാറിക്കാണുമല്ലോ ?
ശശിയേട്ടാ – ആ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി
ബിന്ദു ഉണ്ണി – നന്ദി
ജെ.പി. – നന്ദി
ദീപക് രാജ് – കാശുണ്ടാക്കാന്‍ വേണ്ടിയല്ലായിരുന്നു ഞാന്‍ ഈ ജോലി തിരഞ്ഞെടുത്തത്. ഒന്നരാടം മാസങ്ങളിലെ അവധിയാണ് എന്നെ ഇതിലേക്ക് ആകര്‍ഷിച്ചത്. അപകട സാദ്ധ്യതകളെപ്പറ്റി നേരത്തേ തന്നെ അറിയാമായിരുന്നു. മാഷിനെ ഇനി പൊണ്ടാട്ടി ഈ വക പണിക്കൊന്നും വിടുമെന്ന് തോന്നുന്നില്ല…
the man to walk with – നന്ദി
ചാക്കോച്ചീ – നിങ്ങളെപ്പോലുള്ളവരുടെ ഈ പ്രാര്‍ത്ഥനകള്‍ കൂടെയുള്ളപ്പോള്‍ ഞാനെന്തിന് ഭയക്കണം ? നന്ദി മാഷേ
നികേഷ് പൊന്നന് – ഭൂമിയില്‍ സന്മനസ്സുള്ളവര്ക്ക് സമാധാനം . നന്ദി മാഷേ .
മരണം മുന്നില്‍ കാണാനെത്തിയ എല്ലാവര്ക്കും നന്ദി.
bhyaanakam thanne eeanubavam..ethraum vishamam pidichha joliyaanennorkkumbol pedi thonnunnu…
അലോ… എവിടെയാ മനോജേട്ടാ…? തിരിച്ചെത്ത്യോ? സമാധാനക്കേടുണ്ടാക്കുന്ന ഒരു പോസ്റ്റുമിട്ട് ഓഫ്ഷോര്‍ പോയ മനുഷ്യനാ…
അവിടുത്തെ ജോലി കഴിഞ്ഞോ?
ഹെന്റമ്മോ… ഇനി പോകണ്ടാ ട്ടോ..
പുതുവത്സരാശംസകള്‍….!
മോനേ ,
“കൊച്ചു മോനുവേണ്ടി എഴുതിയ താരാട്ട് “ആരെങ്കിലും പാടികേള്ക്കണമെന്നത് എന്റെയും വലിയോരാഗ്രഹമായിരുന്നു.അതിന് വല്ല സാദ്ധ്യതയുണ്ടോ?
വളരേ നന്നായിത്തന്നെ വിവരിച്ചിരിക്കുന്നു.
പ്രാര്‍ത്ഥനകള്‍ എന്നും കൂടെയുണ്ടാവും…
പുതുവത്സരാശംസകള്‍
Aayurarogyasoukkyavum sambalsamrudhiyum niranja”puthuvalsaraashamsakal!!”
sasneham
vijayalakshmi…
നിരക്ഷരാ,
This is really a shocking incident.The intensity was really felt when it is narrated by you.
Take care..
Ampli
സംഭ്രമജനകമായ സംഭവവിവരണം …
മനുഷ്യന്റെ സിസ്സാരതയും നിസ്സഹായതയും ബോധ്യപ്പെടുത്തിയ ഭയാനകമായ അത്യാഹിതാവസ്ഥയുടെ മിഴിവാര്‍ന്ന ചിത്രം വായനക്കാരന്റെ ഉള്ളില്‍ വരച്ചിടാന്‍ പ്രാപ്തമായ ആഖ്യാനം.
ഒരു റിഗ്ഗ് ജീവിയായ എനിക്ക് എല്ലാ വിശദാംശങ്ങളോടെയും ഹൃദയഭേദകമായ രംഗങ്ങള്‍ അകക്കണ്ണാല്‍ കാണാന്‍ കഴിഞ്ഞു. ..
അപകടങ്ങള്‍ തൊട്ടുരുമ്മി കടന്നുപോകുമ്പോള്‍ രക്ഷയരുളിയ ജഗദീശ്വരന് സ്തുതി പറഞ്ഞുകൊണ്ട് നടന്നു ശീലിച്ച ചാലുകളിലൂടെ പ്രയാണം തുടാരാനല്ലെ നമുക്ക് കഴിയൂ…. അതെ, “ദ ഷോ മസ്റ്റ് ഗോ ഓണ്‍..”
കുടുംബത്തെ പരിപാലിക്കാനുള്ള പ്രയത്നത്തിനിടയില്‍ ജീവന് വെടിയേണ്ടിവന്ന ഹെലിക്കോപ്റ്റര്‍ യാതികരായ ഹതഭാഗ്യര്‍ക്ക് പ്രണാമങ്ങള്‍….
Freezing…!!!! Thanks a lot for sharing it ..!! God Bless You.
മാഷെ ഇവിടെ ഈയിടക്ക് H2S അലാറമടിച്ചു, ഡ്രില്ലല്ല!! അസ്ലി!
ഞാനും എങ്ങോട്ടു ഓടണമെന്നറിയാതെ വട്ടായി..:(
പടച്ചവന് കാക്കട്ടെ..
പോസ്റ്റ് നേരത്തെ വായിച്ചിരുന്നു. പക്ഷെ ഇവിടെ ഒന്നും എഴുതിയില്ല ..മനസ്സ് ആകെ ഒരു മരവിപ്പായിരുന്നു.
എല്ലാ നന്മകളും നേരുന്നു.
daivame,….
nammalokke entharitunnu…
alle….
marichavarkkuvendi ente prarthanakal….
വിജയലക്ഷ്മി ചേച്ചീ – നന്ദി
കുറ്റ്യാടിക്കാരാ – തിരിച്ചെത്തി. നന്ദി
പകല്ക്കിനാവന് – ഇനീം പോകാതെ പറ്റില്ല മാഷേ. പച്ചരി വാങ്ങണ്ടേ ?
മഴക്കിളി – പ്രാര്‍ത്ഥനകള്‍ക്ക് നന്ദി
ശ്രീക്കുട്ടന് – നന്ദി
ആംപ്ലി – നന്ദി
പള്ളിക്കരയില്‍ – താങ്കളും എണ്ണപ്പാടത്തൊഴിലാളി ആണല്ലേ ? എവിടെയാണ് ജോലി ? ഈ വഴി വന്നതിനും ഫോളോ ചെയ്യുന്നതിനും നന്ദി
സുരേഷ്കുമാര പൂഞ്ഞയില്‍ – നന്ദി
പ്രയാസീ – ഓണ്‍ഷോറില്‍ കാറ്റിന്റെ എതിര്‍ദിശയില്‍ ഓടണമെന്നാണല്ലോ നിയമം. പിന്നെ ഭ്രാന്തുപിടിച്ച് നില്ക്കുന്ന ആ സമയത്ത് എങ്ങോട്ടെങ്കിലും ഓടാമല്ലോ ? അതുപോലല്ല ഓഫ്ഷോറില്‍. പടച്ചോന് തന്നെ കാക്കണം. നന്ദി
നിലാവ് – ഇത് വായിച്ചിട്ട് മരവിക്കരുത്. കാരണം ഇങ്ങനൊന്ന് നേരില്‍ക്കണ്ടാല്‍ ഇക്കണക്കിന് ചിലപ്പോള്‍ തട്ടിപ്പോകാനും മതി
നന്ദി
പിരിക്കുട്ടീ – പ്രാര്‍ത്ഥനകള്‍ക്ക് നന്ദി.
മരണം മുന്നില്‍ കാണാനെത്തി പ്രാര്‍ത്ഥനകള്‍ തന്നിട്ടുപോയ എല്ലാവര്ക്കും നന്ദി. വീണ്ടും വരിക.
ദ ഷോ മസ്റ്റ് ഗോ ഓണ്‍..
good post
വായിച്ചിട്ട് തന്നൈ പേടിയാകുന്നു …
താങ്കള്‍ സുരക്ഷിതനായിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു..
എന്റെ ജോലിയുടെ കാര്യമൊക്കെ തീരുമാനിക്കുന്ന, റിഗ്ഗിലെ ദുബായ് പെട്രോളിയത്തിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥനും ‘കമ്പനി മാന്‍‘ എന്ന് സ്ഥാനപ്പേരുള്ളതുമായ ജോണ്‍ എന്ന സായിപ്പിനെച്ചെന്നു കണ്ടു,
രണ്ടാമത്തെ പ്രാവശ്യമാണ് ഇതുപോലെ ഒരു ഓഫ്ഷോര്‍ യാത്രയും അത്യാഹിതവുമൊക്കെ കഴിഞ്ഞ് ഞാന്‍ ജബല്‍ അലി പോര്‍ട്ടിലേക്ക് ബോട്ട് മാര്‍ഗ്ഗം മടങ്ങുന്നത്. ആദ്യത്തെ പ്രാവശ്യം ഹൃദയാഘാതം മൂലമുള്ള ഒരു മരണമായിരുന്നെങ്കില്‍ ഇന്നിതാ ദുര്‍മ്മരണപ്പെട്ടിരിക്കുന്നത് വിവിധരാജ്യക്കാരായ ഏഴുപേരാണ്.
Ee john um , annu maranappetta john um same alu aano ?
ജീവിതത്തില്‍ നിസ്സഹയ്യരാവുന്ന ചില നിമിഷങ്ങള്‍.