പൊലീസ് സര്‍ട്ടിഫിക്കറ്റ്


മയം വൈകീട്ട് ആറര മണി കഴിഞ്ഞുകാണും. ചെറുതായി ഇരുട്ട് വീണുതുടങ്ങുന്നതേയുള്ളൂ.

എറണാകുളം നോര്‍ത്തിലെ കസ്‌ബാ പൊലീസ് സ്റ്റേഷനുമുന്നിലൂടെ സൈക്കിളും ചവിട്ടി എന്തൊക്കെയോ ആലോചിച്ച് പോകുകയായിരുന്ന ഞാന്‍ പെട്ടെന്ന് ഉരുണ്ട് പിടഞ്ഞ് താഴെ വീഴുന്നു. നിലത്ത് മലര്‍ന്നുകിടന്ന് മേലേക്ക് നോക്കുമ്പോള്‍ സൈക്കിളതാ ഒരു തടിയന്‍ പൊലീസുകാരന്റെ കൈയ്യില്‍ തൂങ്ങിക്കിടക്കുന്നു.

“സോഡാക്കുപ്പി കണ്ണടേം മറ്റും വെച്ചിട്ടും ഞാന്‍ കൈ കാണിക്കുന്നതൊന്നും കാണാന്‍ പറ്റുന്നില്ലേടാ മറ്റവനേ“ എന്ന് പൊലീസ് ഭാഷയും.

“എന്താണ് സാറെ പ്രശ്നം ?”

“അതുശരി, ലൈറ്റില്ലാത്ത സൈക്കിളും ചവിട്ടി കാല്‍നടക്കാരായ പൊതുജനത്തിനെ അപകടപ്പെടുത്തുന്ന തരത്തില്‍ ടൌണിലൂടെ കറങ്ങിനടക്കുന്നതും പോരാഞ്ഞിട്ട്, ഞാനിനി നിനക്ക് പ്രശ്നമെന്താണെന്ന് കൂടെ വിസ്തരിക്കണോ %$@#&*? പതുക്കെ അകത്തേക്ക് നടന്നോ. നിന്റെ 4 കൂട്ടുകാര്‍ അവിടെ നില്‍ക്കുന്നത് കണ്ടോ ? അവിടപ്പോയി നില്ല്, ഞാന്‍ ഓരോരുത്തരെയായി വിളിക്കാം“ എന്നുപറഞ്ഞ് ‍ ഏമാന്‍ അകത്തേക്ക് പോയി.

നിര്‍ഭാഗ്യവാന്മാരും, ഏതാനും മിനിറ്റുകള്‍ക്ക് മുന്‍പ് ഇതിലും കൂടുതല്‍ സൂര്യപ്രകാശം ഉണ്ടായിരുന്ന സമയത്ത് പിടിക്കപ്പെട്ടവരുമായ ആ ഒരേതൂവല്‍പ്പക്ഷികളുടെ കൂട്ടത്തില്‍ ഇല്ലാത്ത വിനയമൊക്കെ മുഖത്ത് വാരിത്തേച്ച് നില്‍ക്കുന്ന സമയം മുഴുവന്‍ ഈ കേസില്‍ നിന്ന് എങ്ങിനെ ഊരാമെന്നായിരുന്നു എന്റെ ചിന്ത.

ആദ്യത്തെ നാലെണ്ണത്തിനേം പേരും നാളും എഴുതിയെടുത്ത്, സൈക്കിളും പിടിച്ച് വെച്ച്, കോടതീല് വരാനുള്ള കടലാസും കൊടുത്ത് പറഞ്ഞു വിട്ടു. അടുത്തത് എന്റെ ഊഴമാണ്. കള്ള അഡ്രസ്സ് കൊടുത്താലോയെന്ന് പലവട്ടം ആലോചിച്ചു. തുരുമ്പെടുത്ത സൈക്കിള് പോണെങ്കില്‍ പോട്ടെ. പിന്നെ കരുതി, സത്യം തന്നെ പറയാം. അതുകൊണ്ട് വരാവുന്ന പ്രശ്നങ്ങള്‍ നേരിടുക തന്നെ. അല്ലെങ്കിലും സൂര്യനങ്ങ് അസ്തമിച്ച് അഞ്ച് മിനിട്ട് പോലും കഴിയാത്ത നേരത്ത്, ലൈറ്റില്ലാതെ സൈക്കിള് ചവിട്ടി എന്നത് അത്ര വലിയ ക്രിമിനല്‍ കുറ്റമൊന്നുമല്ലല്ലോ !! കോടതിയെങ്കില്‍ കോടതി. വരുന്നിടത്ത് വെച്ച് കാണാം.

ആരും കാണാതെ പോക്കറ്റിലുണ്ടായിരുന്ന ‘ചില്ലറ’ മുഴുവന്‍ സോക്സിനുള്ളില്‍ തിരുകി. എന്തെങ്കിലും കുഴപ്പത്തില്‍ ചെന്ന് ചാടുന്ന സമയത്ത് പോക്കറ്റില്‍ ചില്ലറ കാണുമെന്നുള്ളത് എനിക്ക് കിട്ടിയിരിക്കുന്ന ഒരു ശാപമാണ്. ആ പ്രശ്നത്തീ‍ന്ന് രക്ഷപ്പെടാന്‍ കയ്യിലുള്ളത് മുഴുവന്‍ എടുത്ത് ചിലവാക്കും. കയ്യില്‍ ചില്ലറ ഇല്ലെങ്കില്‍, ഇല്ലാത്തപോലെ നിന്നുകൊടുക്കാനുള്ള ഒരവസരം പോലും പടച്ചോനിതുവരെ തന്നിട്ടില്ല.

ചാര്‍ജ്ജ് ഷീറ്റ് എഴുതല്‍ തുടങ്ങി.

“പേര് ?“

“മനോജ് പി.രവീന്ദ്രന്‍”

“അച്ഛന്റെ പേര് ?“

“പി.വി.രവീന്ദ്രന്‍”

“സ്ഥലം ?”

“മുനമ്പം”

ഏമാനൊന്ന് ഇളകിയിരുന്നു. വലത്തേ തുടയുടെ പുറകിലും, ചന്തിയിലും കാര്യമായിട്ടൊന്ന് തടകി,(ച്ഛേ…എന്റെയല്ല,അങ്ങോരുടെ തന്നെ.)കേസെഴുത്ത് നിറുത്തി.

“നിന്റെ അച്ഛനിപ്പോ എവിടെയുണ്ട് ?“

“അച്ഛന് കോടതീലൊന്നും വരാന്‍ പറ്റില്ല സാറേ, ഈയിടെ അധികം യാത്രയൊന്നും ചെയ്യാറില്ല.”

“നീ ചോദിച്ചതിന് മാത്രം ഉത്തരം പറഞ്ഞാമ്മതി. കേട്ടോടാ ? ”

“അച്ഛന്‍ വീട്ടിലുണ്ട് സാര്‍, റിട്ടയറായി”

“നീ എന്നെ കണ്ടിട്ടില്ലേ ?”

“ഇല്ല സാറേ, ഞാന്‍ എന്തൊക്കെയോ ആലോചിച്ച് വരുകയായിരുന്നതുകൊണ്ട് തീരെ കണ്ടില്ല”

“അതല്ല ഊവെ, നീ എന്നെ ഇതിന് മുന്ന് കണ്ടിട്ടില്ലേ എന്ന് ?”

“ഇല്ല സാര്‍“ (ആത്മഗതം-“ ഇല്ല സാര്‍,ഞാനൊരു പൊലീസുകാരനേം ഇതിന് മുന്‍പ് മലര്‍ന്ന് കിടന്ന് മുകളിലേക്ക് നോക്കുമ്പോള്‍ കണ്ടിട്ടില്ല.”)

“ഞാന്‍ പള്ളിപ്പുറം സ്റ്റേഷനിലുണ്ടായിരുന്നു, 4കൊല്ലം മുന്‍പ്. നിന്റെ അച്ഛനെന്നെ പഠിപ്പിച്ചിട്ടുണ്ട്, പുതിയകാവ് സ്കൂളില്‍ പഠിക്കുമ്പോള്‍. എന്തായാലും ഇപ്രാവശ്യം ഞാന്‍ നിന്നെ വെറുതെ വിടുന്നു. അച്ഛനോട് രത്നാകരന്‍ അന്വേഷിച്ചെന്നും, നിന്നെയിങ്ങനെ പിടിച്ചെന്നും പറയണം. പറഞ്ഞില്ലെങ്കില്‍ നിന്നെ ഞാന്‍ വിടില്ല. ”

“പറഞ്ഞിട്ട് വന്നാലേ വിടോള്ളോ സാറേ ? ”

“ഡാ, ഡാ, വേണ്ടാ…സ്ഥലം കാലിയാക്കാന്‍ നോക്ക് “

“ശരി സാറേ” (ആത്മഗതം ഇന്നസെന്റ് ശൈലിയില്‍ – “പോട്ടേ പൊലീസുകാരാ”)

“ങ്ങാ..എന്നാ മറ്റേ നാലവന്മാര് കാണാതെ സൈക്കിള് ചവിട്ടാതെ തള്ളിക്കോണ്ട് സ്ഥലം വിട്ടോ. അല്ലെങ്കില്‍ ഞാന്‍ നിന്റേന്ന് കാശ് മേടിച്ചെന്നും പറഞ്ഞ് അവന്മാര് എനിക്കെതിരെ കേസ് കൊടുക്കും”

ഇത്രയൊക്കെയായപ്പോഴേക്കും എനിക്ക് കുറച്ച് ധൈര്യമൊക്കെ വന്നു. സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഇയാളൊരു തല്ലുകൊള്ളിയായിരുന്നിരിക്കണം. അച്ഛന്റെ കയ്യില്‍ നിന്ന് കണക്കിന് കിട്ടിയിട്ടുണ്ടാകും. ആ പാടും തടിപ്പും ഇപ്പോഴും പൃഷ്ഠത്തില്‍‍ത്തന്നെ ഉണ്ടോന്നറിയാനായിരിക്കണം തഴുകി നോക്കിയത്. എന്തായാലും ഇയാളിനി എന്നെ ഒന്നും ചെയ്യാന്‍ പോകുന്നില്ല. എങ്കില്‍പ്പിന്നെ ഒരു സംശയം ബാക്കിയുള്ളത് ചോദിച്ചിട്ട് പോയേക്കാം.

“അല്ല സാറേ…ഒരു സംശയം”

“ങ്ങുഹും…എന്താ ?”

“എന്റെയൊരു സുഹൃത്ത് (സുനില്‍ തോമസ്-അവന്റെ വാക്ക് കേട്ടിട്ടാണ് ലൈറ്റില്ലാത്ത സൈക്കിളില്‍ ഞാനിറങ്ങിപ്പുറപ്പെട്ടത്.) പറഞ്ഞു എറണാകുളം ടൌണില്‍ എല്ലായിടത്തും സ്‌ട്രീറ്റ് ലൈറ്റുള്ളതുകൊണ്ട് സൈക്കിളിന് ലൈറ്റൊന്നും ഇല്ലെങ്കിലും കുഴപ്പമില്ലാന്ന്. അത് ശരിയാണോ ?”

“നീയൊരു പണി ചെയ്യ്. നാളെ ഇതേ സമയത്ത് ഇതിലേ ഒന്നുകൂടെ ലൈറ്റില്ലാത്ത സൈക്കിളുമായി വാ. നിന്റെ സംശയമൊക്കെ ഞാന്‍ തീര്‍ത്തു തരാം. ഇന്ന് ഞാനിത്തിരി തിരക്കിലാ. അല്ലേയ്…ഇത്രയൊക്കെയായിട്ടും അവന് സംശയം മാറീട്ടില്ല. ഒന്ന് പോടാ ചെക്കാ, സമയം മെനക്കെടുത്താതെ.”

“ഇല്ല സാര്‍, ഒരു സംശയോം ഇല്ല,ഒക്കെ മാറി”

“എന്നാ ശരി വണ്ടി വിട് ”

രംഗം കൂടുതല്‍ വഷളാക്കാതെ അവിടന്ന് വലിഞ്ഞു. പൊലീസുകാരനോട് സംശയം ചോദിക്കാന്‍ പോയ എന്നെ പറഞ്ഞാല്‍ മതിയല്ലോ.

കോടതി കയറാതെ, പൊലീസ് സ്റ്റേഷന്‍ മാത്രം കയറി രക്ഷപ്പെട്ട സന്തോഷത്തില്‍,സ്ക്കൂള്‍ വിദ്യാഭ്യാസ കാലത്ത് രവീന്ദന്‍ മാഷിന്റെ തല്ല് കൊണ്ടിട്ടുള്ള സകല പൊലീസുകാരുടേയും ആയുരാരോഗ്യസൌഖ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട്, സ്റ്റേഷന്റെ മതിലിന് വെളിയില്‍ നില്‍ക്കുന്ന മറ്റേ നാലവന്മാരുടെ(അവരുടെ തൂവലുമായി എന്റെ തൂവലിന് ഇപ്പോള്‍ ഒരു സാമ്യം പോലുമില്ല) മുന്നീക്കൂടെത്തന്നെ,ഒരു യുദ്ധം ജയിച്ച് വരുന്ന പോരാളിയെപ്പോലെ നെഞ്ചും വിരിച്ചോണ്ട്, സൈക്കിളും ചവിട്ടിത്തന്നെ ഞാനങ്ങനെ…അതിന്റെ സുഖം ഒന്ന് വേറെയാ. പൊലീസില്‍ ഒന്ന് പിടിക്കപ്പെട്ടതിനുശേഷം ഊരിപ്പോന്നാലേ ആ സുഖം മനസ്സിലാകൂ.

പക്ഷെ, രത്നാകരന്‍ പൊലീസ് പണി പറ്റിച്ചു. പിന്നൊരിക്കല്‍ ഏതോ കല്യാണവീട്ടില്‍ വെച്ച് രവീന്ദ്രന്‍ മാഷിനെ കണ്ടപ്പോള്‍ അയാളീ കാര്യം വല്ല്യ വായില്‍ പറഞ്ഞ് ആകെ കൊളമാക്കി. അതിനുമുന്‍പുതന്നെ ഞാനിക്കാര്യം നയപരമായി കേന്ദ്രത്തില്‍ അവതരിപ്പിച്ച് മുന്‍‌കൂര്‍ ജാമ്യം എടുത്തിട്ടുണ്ടാകുമെന്ന് ചിന്തിക്കാതിരുന്നത് ഒരു പോലീസുകാരന്റെ ബുദ്ധിശൂന്യത.(പടച്ചോനേ പൊലീസുകാര് ബ്ലോഗെന്ന സംഭവത്തെപ്പറ്റിയൊന്നും കേട്ടിട്ടുപോലും ഉണ്ടാകില്ലെന്ന ഉറപ്പിലാണീ വെച്ച് കാച്ചുന്നത്. കാത്തോളണേ)

എന്തായാലും, “മാഷിന്റെ മോന്‍‍ ആള് കൊള്ളാമല്ലോ” എന്നൊരു പൊലീസുകാരന്റെ സര്‍ട്ടിഫിക്കറ്റ് അന്നെനിക്ക് കിട്ടി.

ആര്‍ക്ക് വേണം തല്ലുകൊള്ളി രത്നാകരന്‍ പോലീസിന്റെ സര്‍ട്ടിഫിക്കറ്റ്. മനുഷ്യന്‍ സൈക്കിളീന്ന് വീണ് മുട്ടിലെ തൊലി പോയതിന്റെ വേദന ഇപ്പോഴും മാറീട്ടില്ല.

Comments

comments

45 thoughts on “ പൊലീസ് സര്‍ട്ടിഫിക്കറ്റ്

  1. “ഏമാനൊന്ന് ഇളകിയിരുന്നു. വലത്തേ തുടയുടെ പുറകിലും, ചന്തിയിലും കാര്യമായിട്ടൊന്ന് തടകി,(ച്ഛേ…എന്റെയല്ല,അങ്ങോരുടെ തന്നെ.)“

    “ഇത്രയൊക്കെയായപ്പോഴേക്കും എനിക്ക് കുറച്ച് ധൈര്യമൊക്കെ വന്നു. സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഇയാളൊരു തല്ലുകൊള്ളിയായിരുന്നിരിക്കണം. അച്ഛന്റെ കയ്യില്‍ നിന്ന് കണക്കിന് കിട്ടിയിട്ടുണ്ടാകും. ആ പാടും തടിപ്പും ഇപ്പോഴും പൃഷ്ഠത്തില്‍‍ത്തന്നെ ഉണ്ടോന്നറിയാനായിരിക്കണം തഴുകി നോക്കിയത്. “

    മാഷേ..ചിരിപ്പിച്ചു..

    ഓടോ: അച്ചന്‍ ചൂരലിന് പെടച്ചതിന് പകരമായി തീര്‍ച്ചയായും ശിഷ്യന്‍ ലാത്തിക്കു തന്നിരിക്കണം..;)

  2. “പൊലീസില്‍ ഒന്ന് പിടിക്കപ്പെട്ടതിനുശേഷം ഊരിപ്പോന്നാലേ ആ സുഖം മനസ്സിലാകൂ” നല്ല സുഖായിരുന്നു അല്ലേ? ഭാഗ്യവാന്‍ ..!

  3. കുറെനാള്‍ മുന്‍പ് ഏറനാടന്റെ ഒരു പോസ്റ്റ് വായിച്ചപ്പോഴാണ് സമാനമായ ഈ അനുഭവം ഓര്‍മ്മ വന്നത്. അന്നവിടെ കമന്റായി എഴുതിയത് ഇന്നിവിടെ പോസ്റ്റായി ഇട്ടത് തെറ്റായിപ്പോയെങ്കില്‍ പൊറുക്കുക, ക്ഷമിക്കുക. ഏറനാടന്‍ പണ്ടേ പൊറുത്തു എന്ന് അറിയിപ്പ് കിട്ടി :)

  4. വായിച്ചു വന്നപ്പോള്‍ ഇതു മുന്‍പെവിടെയോ വായിച്ച ഒരോര്‍മ്മ തോന്നി..ഇനി ഞാന്‍ സ്വപ്നം കണ്ടതു വല്ലോം ആണോ എന്നും ആലോചിച്ചു.കമന്റിലൂടെ കാര്യം പിടി കിട്ടി
    എന്തായാലും നല്ലോരു അച്ഛന്‍ ഉണ്ടായതു കൊണ്ട് *3@*#@ മാത്രമേ കേട്ടുള്ളൂ..അല്ലെങ്കില്‍ ലാത്തി വെച്ച് നല്ല കുത്തും കിട്ടിയേനേ !

  5. ഠ്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര് ഠപ്പേ…(ഉരുട്ടിയടിച്ചതാ..)

    ഒന്നടിച്ചിട്ട് കുറച്ചു ദിവസമായി…

    ഇനി വായിച്ചിട്ട്..:)

  6. %$@#&*? – ഇത് മാത്രമോ കിട്ടിയത്…
    നാവാരിയെല്ലിന്റിടയില്‍ ലാത്തി കൊണ്ട് കുത്തു കൂടി കിട്ടിയില്ലെ മാഷെ?

  7. മി നിര്‍, കിട്ടിയപ്പഴേ അങ്ങേര്‍ ഒന്നു തന്നില്ലേ അതല്ലേ ആ പാവം പോലീസ്‌കാരനോട് ഇത്ര ദേഷ്യം?
    എന്തായാലും വേറെ ആരുടെയെങ്കിലും പേര്‍ പറയാതിരുന്നത് നന്നായി:)

  8. “അച്ഛന്റെ കയ്യില്‍ നിന്ന് കണക്കിന് കിട്ടിയിട്ടുണ്ടാകും. ആ പാടും തടിപ്പും ഇപ്പോഴും പൃഷ്ഠത്തില്‍‍ത്തന്നെ ഉണ്ടോന്നറിയാനായിരിക്കണം തഴുകി നോക്കിയത്“

    അതെ അതെ… ഈയടുത്ത് ദുബായ് പോലീസ് പിടിച്ചപ്പൊ മനോജേട്ടന്‍ ഈ പറഞ്ഞ പ്രദേശങ്ങളിലൊക്കെ തടവിനോക്കിയത് അന്ന് രത്നാകരന്‍ പോലീസ് തല്ലിയതിന്റെ തടിപ്പ് അവിടെ തന്നെ ഉണ്ടോന്നറിയാനായിരുന്നു, അല്ലേ?

  9. സൂക്ഷിക്കണേ നിരക്ഷരാ…
    കേരളത്തിലെ പോലീസ്‌സ്റ്റേഷനുകൾ മുഴുവൻ കമ്പ്യൂട്ടർവൽക്കരിക്കാൻ പോകുന്നെന്ന് കേട്ടു. പിന്നെ ഏമാന്മാർക്ക് നേരം പോകാൻ ബ്ലോഗുവായനയേ രക്ഷയുള്ളൂ.
    “ചില യാത്രകൾ” പിന്നെ കേരളത്തിന് പുറത്താക്കേണ്ടിവരും. :) :)

  10. മാഷേ ഒരു കാര്യം ചോദിച്ചാല്‍ സത്യം പറയുമല്ലോ? പോലീസുകാരന്‍ അച്ഛന്റെ പേരാണോ ചോദിച്ചത് അതോ മാഷിന്റെ പേരോ?! നിരക്ഷരന്‍ എന്നുതന്നെയായിരുന്നല്ലോ അന്നും പേര്‍?! ഒരു നിരക്ഷരനെതിരെ കേസേടുക്കുനതിലുള്ള മടി/ വിഷമം കൊണ്ടല്ലേ പോലീസുകാരന്‍ അന്ന് വിട്ടയച്ചത്?!
    (നന്നായിട്ടുണ്ട് കേട്ടോ – മേലെ എഴുതിയതൊക്കെ ഓ.ടോ.)

  11. നല്ല കഥ :)

    പണ്ടത്തെ ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കുറ്റമായിരുന്നു ലൈറ്റില്ലാത്ത സൈക്കിളില്‍ പോകുക എന്നത്. എന്നെ പിടിച്ചിട്ടില്ല,അനിയനെ പിടികൂടിയിട്ടുണ്ട്.

  12. കള്ള അഡ്രസ്സ് കൊടുക്കാതിരുന്നത് “ഫാഗ്യം”..ഇല്ലെങ്കില്‍,നിരുവിന്റെ കഥ ഞങ്ങള്‍ “മാതൃഭൂമിയില്‍”വായിക്കേണ്ടി വന്നേനെ.
    എന്നാലും,”ചില്ലറ” മാറ്റി സൂക്ഷിക്കാന്‍ കാണിച്ചു ആ ശുഷ്കാന്തി !!!
    നമിച്ചു അണ്ണാ..
    പോസ്റ്റ് കലക്കി

  13. കലക്കി ചേട്ടാ…ആളു പുലി ആയിരുന്നല്ലേ???

    പിന്നേ… പോലീസ്സുക്കരൊക്കെ ബ്ലോഗ്‌ വായിക്കാന്‍ തുടങ്ങിയെന്നാ അറിഞ്ഞത്‌…ലിങ്ക്‌ കൊടുത്തേക്കട്ടേ????
    Tin2

  14. ആ പൃഷ്ഠമൊന്നു തടവി നോക്കട്ടെ, എന്നിട്ടു പറയാം ഇതില്‍ കള്ളമെത്ര, വെള്ളമെത്ര എന്ന്‌.. :)

    ചിരിപ്പിച്ചു..

  15. ഗുണ്ട് ഗുണ്ട്..പോലീസ് പൊക്കി എന്നു പറഞ്ഞതു വിശ്വസിച്ചു. പക്ഷെ അങ്ങോട്ട് സംശയങ്ങൾ ചോദിച്ചൂന്ന് പറഞ്ഞത് ഒന്നും വിശ്വസിച്ചിട്ടില്ല.

    എന്തായാലും പോസ്റ്റ് രസിപ്പിച്ചു

  16. “ഒന്നു ചോദിച്ചോട്ടെ പോലീസുകാരാ?”
    “എന്താ”
    “ഈ തഹസീൽദാരുടെ വീടെവിടെയാ?’
    പോലീസുകാരൻ ദേഷ്യത്തിൽ തലവെട്ടിക്കുന്നു-
    “ഓ,അപ്പോഴേക്കും പിണങ്ങിയോ.അല്ലേലും എല്ലാ പോലീസുകാരും ഇങ്ങനെയാ,മഹാതൊട്ടാവാടികളാ”
    എന്ന് മഹാകവി മോഹൻലാൽ.
    അതേ പറയാനുള്ളൂ-പോലീസുകാരൊക്കെ മഹാതൊട്ടാവാടികളാ.
    “ഏമാനൊന്ന് ഇളകിയിരുന്നു. വലത്തേ തുടയുടെ പുറകിലും, ചന്തിയിലും കാര്യമായിട്ടൊന്ന് തടകി,(ച്ഛേ…എന്റെയല്ല,അങ്ങോരുടെ തന്നെ.)“
    വിശദീകരിച്ചത് നന്നായി.
    ആശംസകൾ.

  17. അമ്പാടീ,
    കാണാറില്ലെന്നു വിചാരിച്ചിരിക്കുമ്പോഴാ”പൊലീസ് സര്‍ട്ടിഫിക്കറ്റും” പിടിച്ചൊരു വരവ്.
    ചിരിച്ചു പോയി.അഭിനന്ദനങ്ങള്‍.

  18. എന്നാലും സംശയം തീര്‍ക്കാന്‍ വേണ്ടി ഒരിക്കല്‍ക്കൂടി അങ്ങനൊന്നു പോകാമായിരുന്നു ട്ടാ

    എമാന്റെ കാവ്യാത്മകമായ ഇളകിയിരിക്കല്‍ ഭയങ്കരമായീ

  19. തല്ലു കൊള്ളാതെ രക്ഷപ്പെട്ടതു തന്നെ കാര്യം. ഡൌട്ടു ചോദിയ്ക്കാന്‍ പറ്റിയ സ്ഥലം…
    :)

  20. ഹഹഹ….ജൂണില്‍ നാട്ടില്‍ വച്ചു രാത്രി രണ്ടരക്കു അടിച്ചു പാമ്പായി തൃപ്പൂണിത്തുറയില്‍ വച്ചു പോലീസുകാരാടു കുരിശുപള്ളിയിലേക്കുള്ള വഴി ചോദിച്ചകത്തായ എന്റെ ആത്മാര്‍ത്ഥ സുഹൃത്തിനെ ഓര്‍ത്തു പോകുന്നു. അവനെ ഇറക്കാന്‍ ഉള്ള ഓട്ടത്തില്‍ രാത്രിയിലെ ഉറക്കം പോയെങ്കിലും ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍ ഒരു കാര്യം ആയി.

  21. മനോജേട്ടാ ഇപ്പോഴാ “സത്യം നിങ്ങളെ സ്വതന്ത്രരാക്കും” എന്ന വാചകത്തിന്റെ ഗുട്ടൻസ് മനസ്സിലായെ. ശരിയായ മേൽ‌വിലാസം പറഞ്ഞതുകൊണ്ടു രക്ഷപെട്ടു. പഠിപ്പിച്ച അദ്ധ്യാപകനോടുള്ള വിരോധം മനസ്സിൽ സൂക്ഷിക്കുന്ന പോലീസുകാരനായിരുന്നേൽ കട്ടപ്പൊകയായേനെ. അങ്ങനെ അല്ലാതെ വന്നതു ഭാ‍ാഗ്യം. എന്തായാലും എഴുത്തു ഇഷ്ടപ്പെട്ടു.

  22. ഇതു ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ടല്ലോ എന്നു വിചാരിക്കുകയായിരുന്നു. പിന്നെ മനോജിന്റെ കമന്റ് കണ്ടപ്പോഴാണ് കാര്യം പിടിക്കിട്ടിയത്.

  23. ചില്ലറ സോ‍ക്സില്‍ തിരുകുന്നത് നല്ല ഐഡിയ തന്നെ. സോക്സ് ധരിച്ചിട്ടില്ലെങ്കിലോ? ലൈറ്റില്ലാതെ സൈക്കിളോടിക്കുന്നതിന് ഇപ്പഴും പോലീസ് പിടിക്കാറുണ്ടോ. ചെന്നൈയില്‍ വച്ച് ലൈറ്റും ബെല്ലുമില്ലാതെ ഇരുട്ടത്ത് വന്ന ഒരു സൈക്കിളിനെ ഞാന്‍ ചെന്ന് ഇടിച്ചിട്ടുണ്ട്. ഒന്നും പറ്റിയില്ല :-)

  24. മൂന്നു തരം പോലീസ് പിടിച്ചിട്ടുണ്ട്.
    നാടന്‍ പോലീസ് : പിടിച്ചു.അന്ന് സര്‍വീസിലായിരുന്നത് കൊണ്ട് വെറുതെ വിട്ടു.
    ദുബായി പോലീസ് : നല്ല ഉപദേശം തന്നു വിട്ടു.
    എയര്‍ഫോഴ്സ് പോലീസ് : ഒരു ദിവസം ഉള്ളിലിട്ടു.
    എഴുത്ത് നല്ല രസകരമായി നിരക്ഷരാ.അച്ഛന്‍ മാഷാണെങ്കില്‍ ഇങ്ങനെ ചില ഗുണങ്ങളൊക്കെ ഉണ്ട് അല്ലെ ?

  25. പോലീസുകാരനെ കൊരങ്ങാന്നു വിളിക്കണോണ്ടല്ലേ പ്രശ്നൊള്ളൂ, ഈ കൊരങ്ങനെ പോലീസുകാരാന്നു വിളിക്കണോണ്ട് വെല്ല പ്രശ്നോണ്ടോ ?
    അതു താനെന്തു വേണേ വിളിക്ക് !
    അപ്പൊ പോട്ടേ പോലീസുകാരാ, പോട്ടേ !

  26. പ്രയാസീ – ഉരുട്ടിയടിച്ച തേങ്ങയ്ക്കും കമന്റിനും നന്ദി.

    സുല്‍ – :)

    ആദര്‍ശ് – ഇതൊന്നും ഒരു ഭാഗ്യമല്ല മാഷേ. കണ്ണൂര്‍ കളക്ടറേറ്റില്‍ കളക്ടറുടെ ചേമ്പറില്‍ അതിക്രമിച്ച് കയറിയതിന് ഒരിക്കല്‍ പൊലീസ് പിടിച്ചിട്ടുണ്ട്. അക്കഥ പിന്നീടൊരിക്കല്‍ പറയാം :)

    കാന്താരിക്കുട്ടീ – :)

    സതീഷ് മാക്കോത്ത് – പൊലീസ്‌കാരന് എന്തെങ്കിലും കൊടുക്കാനോ ? നടക്കില്ലാ… :)

    ചാണക്യാ – ചങ്ക് പൊളിച്ച് കാണിച്ചിട്ടും നിങ്ങളാരും വിശ്വസിക്കുന്നില്ലല്ലോ ?

    സാജന്‍ – :)

    കുറ്റ്യാടിക്കാരാ -ചതിച്ചല്ലോ പഹയാ. ദുബായിപ്പോലീസ് പിടിച്ച കാര്യം ആരോടും പറയരുതെന്ന് പറഞ്ഞ് ഞാന്‍ അന്നുതന്നെ ഷവര്‍മ വാങ്ങിത്തന്നതല്ലേ ? :)

    ബിന്ദു കെ.പി. – ചതിച്ചോ ബദരീങ്ങളേ ? :)

    ബി.എസ്.മാടായി – ഇല്ല മാഷേ സത്യം ഞാന്‍ പറയില്ല :) :)

    രാമചന്ദ്രന്‍ വെട്ടിക്കാട്ട് – മാഷേ വല്ല അനുഭവവും ഉണ്ടായിട്ടുണ്ടോ ? ഞാന്‍ ഓടി :) :)

    കാപ്പിലാന്‍ – :)

    അനില്‍@ബ്ലോഗ് – :)

    ഹരീഷ് തൊടുപുഴ – പിന്നില്ലേ ? ധൈര്യത്തിന് കൈയ്യും കാലും വെച്ചവനാണ് ഞാന്‍ :)

    സ്മിതാ ആദര്‍ശ് – :)

    തിന്റു – പണ്ട് പുലിയായിരുന്നു. ഇപ്പോള്‍ പൂടയൊക്കെ കൊഴിഞ്ഞു. ദാ ഇനി പുലിക്ക് പൂടയുണ്ടോന്ന് ചോദിച്ച് ബഹളമുണ്ടാക്കതുത് :)

    പാമരന്‍ – അയ്യേ വൃത്തികേട് പറയുന്നോ ?

    ലക്ഷ്മീ – ഇത് വല്യ കഷ്ടാണല്ലോ ? ഒരു ഗുണ്ട് പൊട്ടിക്കാനും സമ്മതിക്കില്ലേ ? :)

    വികടശിരോമണീ – മഹാകവി മോഹന്‍ലാല്‍ പറഞ്ഞതും , മഹാകവി ഇന്നസെന്റ് പറഞ്ഞതുമൊക്കെ ഓര്‍മ്മിപ്പിച്ചതിന് നന്ദി :)

    ലതികച്ചേച്ചീ – ഞാനെങ്ങും പോയിട്ടില്ല. ഇവിടെത്തന്നെയുണ്ട്. ഇതൊക്കെ നേരത്തേ തന്നെ എഴുതിവെച്ച് ഷെഡ്യൂള്‍ ചെയ്ത് ഇട്ടിരിക്കുന്ന പോസ്റ്റുകളാണ്.

    പ്രിയാ ഉണ്ണികൃഷ്ണന്‍ – എന്നെ കൊലയ്ക്ക് കൊടുത്താ‍ലേ സമാധാനമാകൂ അല്ലേ ? :)

    ശ്രീ – ഒരബദ്ധം പറ്റിയതാണ് മാഷേ :)

    വിന്‍സ് – പൊലീസ് പിടിച്ച കൂട്ടുകാരനെ ഇറക്കാന്‍ പോകുന്നതും ഒന്നൊന്നര സംഭവം തന്നെയാണ് അല്ലേ ? കുറെയായി ബ്ലോഗില്‍ പോസ്റ്റൂകള്‍ ഒന്നും കാണുന്നില്ലല്ലോ ? അതോ എനിക്ക് മിസ്സായതാണോ ? വെക്കേഷന്‍ തുടങ്ങിയിട്ട് ഞാനാവഴിയൊക്കെ ഒന്ന് കറങ്ങുന്നുണ്ട് :)

    ബൈജു – പൊലീസ് സ്റ്റേഷനില്‍ ആത്മഗതത്തിനല്ലേ സ്കോപ്പുള്ളൂ മാഷേ ? :)

    മണികണ്ഠന്‍ – അതെ മണീ. സത്യത്തിന് വിലയുണ്ടെന്ന് മനസ്സിലാക്കിയ ഒരു അനുഭവം കൂടെയായിരുന്നു അത്.

    വാല്‍മീകി – രണ്ടുപ്രാവശ്യം വായിപ്പിക്കുന്നതും ഒരു നമ്പറാണ് മാഷേ. ഞാന്‍ ഓടി :)

    ബിന്ദു ഉണ്ണീ – ചെന്നയില്‍ വെച്ച് സൈക്കിള്‍ ഇടിച്ചിട്ട് ബിന്ദുവിന് ഒന്നും പറ്റിയില്ല എന്ന് പറഞ്ഞല്ലോ ? ആ സൈക്കിള് നാശകോശമായിപ്പോയിക്കാണുമല്ലോ ? അതെന്താ പറയാതിരുന്നത് ? ഞാന്‍ വിട്ടൂ…:)

    മുസാഫിര്‍ – എന്ത് സര്‍വ്വീസില്‍ ആയിരുന്നു ? പൊലീസില്‍ത്തന്നെയായിരുന്നോ ? അങ്ങിനെയെങ്കില്‍ എന്റെ കാര്യം കട്ടപ്പൊഹ. ദുബായ് പൊലീസ് നല്ല ഒന്നാന്തരം ഉപദേശിമാരാണ്. എയര്‍‌ഫോഴ്സ് പൊലീസ്
    വലിയ കടുപ്പക്കാരാണല്ലേ ?

    പാച്ചൂ – അത് തന്നേ :)

    അലമേലൂ – ഈ പന്ന പോസ്റ്റ് വായിച്ചിട്ട് റിലാക്സ് ചെയ്തെന്നോ ? വിശാലമനസ്ക്കന്റെ പോസ്റ്റുകളൊന്നും വായിക്കുന്നില്ലാന്നുണ്ടോ ? :)

    മേരിക്കുട്ടീ – മാസത്തില്‍ രണ്ട് കഥ വീതം എഴുതാനുള്ള ഭാവനയൊന്നും ഇല്ലെന്ന് ഞാന്‍ പ്രൊഫൈലില്‍ പറഞ്ഞിട്ടുണ്ടല്ലോ മാഷേ :) അനുഭവങ്ങള്‍ മാത്രമേ ഈയുള്ളവന്റെ കയ്യിലുള്ളൂ.

    പൊലീസ് സര്‍ട്ടിഫിക്കറ്റ് കാണാനെത്തിയവര്‍ക്കെല്ലാം നന്ദി. ഈ പോസ്റ്റിലെ കമന്റുകള്‍ ആരെങ്കിലും ശ്രദ്ധിച്ചോ ?

    ഇതില്‍ ആദ്യത്തെ കമന്റ് എന്റെ തന്നെയായിരുന്നു. അതിനു പിന്നാലെ പ്രയാസിയുടെ തേങ്ങായടിച്ച കമന്റ്.വീണ്ടും പ്രയാസിയുടെ ഒരു കമന്റ്. പക്ഷെ 2 ദിവസം കഴിഞ്ഞ് നോക്കിയപ്പോള്‍ കമന്റുകള്‍ എല്ലാം ഓര്‍ഡര്‍ തെറ്റി കുഴഞ്ഞ് മറിഞ്ഞ് കിടക്കുന്നു. ഇത് ഗൂഗിളിന്റെ കളിയാണോ അതോ മറ്റ് വല്ല കളികളും ഇവിടെ നടക്കുന്നുണ്ടോ ? ബൂലോകനാര്‍ കാവിലമ്മേ കാത്തോളണേ :)

  27. അതുശരി, ലൈറ്റില്ലാത്ത സൈക്കിളും ചവിട്ടി കാല്‍നടക്കാരായ പൊതുജനത്തിനെ അപകടപ്പെടുത്തുന്ന തരത്തില്‍ ടൌണിലൂടെ കറങ്ങിനടക്കുന്നതും പോരാഞ്ഞിട്ട്, ഞാനിനി നിനക്ക് പ്രശ്നമെന്താണെന്ന് കൂടെ വിസ്തരിക്കണോ %$@#&*?
    എന്തു തെറിയാ പറഞ്ഞെ
    രാത്രി എറണാകുളത്ത് ഇനി സൈക്കിളുമായിട്ട് വന്നാൽ
    പറഞ്ഞേക്കാം
    പോട്ടെ പോട്ടേ എന്ന് വിചാരിക്കും തോറും

  28. നിരക്ഷരന്,
    വഴിതെറ്റിവന്നതാണിതുവ്ഴി (ബൂലോകത്ത്)
    ഇവിടെയൊക്കെ കറങ്ങി നടക്കുകയായിരുന്നു. ഇഷ്ട്ടായിട്ടോ. പഴയ പോസ്റ്റ്കളും വായിച്ചു. ഞങ്ങളുടെ നാട്ടിലും (യമലോകം – യമന്) വന്നിട്ടുന്റ്റായിരുന്നു അല്ലെ? വിവരണം കലക്കി. നല്ല നിരീക്ഷണം. ഇനി വരുന്പൊള് ഇതുവഴിവാ. കുറച്ച് ഖാത്തു കഴിച്ചിട്ടുപോകാം.
    സ്നഹത്തോടെ.
    പ്രഭാകരന്

  29. അഹങ്കാരത്തിന് കൈയും കാലും വച്ചതാണല്ലേ നിരക്ഷരന്‍ ?
    വെറുതെ വിട്ടതും പോര, പിന്നേം അങ്ങേരെ ചൊറിഞ്ഞോണ്ടിരുന്നപ്പോ ഞാന്‍ കരുതി, വടി കൊടുത്തു അടിയും വാങ്ങീട്ടെ വരൂ എന്ന് ..
    രവീന്ദ്രന്‍ സാര്‍ ചെയ്ത സുകൃതം കൊണ്ട് അങ്ങനെ രക്ഷപ്പെട്ടൂന്നു പറഞ്ഞാ മതീല്ലോ ?

  30. ഏറനാടന്റെ പോസ്റ്റ് കണ്ടപ്പോള്‍ സമാന സംഭവം ഓര്‍മ്മ വന്നതുപോലെ, സമാനമായ ചില ഓര്‍മ്മകള്‍ പോസ്റ്റാക്കിയാലോ എന്നാലോചിക്കായ്കയില്ല :)
    സംഗതി ഉഷാറായിട്ടുണ്ട് :)

  31. ആഹാ! ഇങ്ങനേം ഉണ്ടല്ലേ പോലീസുകാര്…….കൊള്ളാം . നന്നായിട്ടുണ്ട്…

Leave a Reply to Bindhu Unny Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>