ഗ്രേറ്റ് ഇന്ത്യൻ എൿസ്പെഡീഷൻ പരീക്ഷണ യാത്രയുടെ രണ്ടാം ഘട്ടം ഇന്ന് (2019 മെയ് 30) എറണാകുളത്തുനിന്ന് തുടക്കം കുറിച്ചു. രാവിലെ 7:45 ന് തൃക്കാക്കരയിൽ നിന്നിറങ്ങി അങ്കമാലിയിൽ പ്രഭാതഭക്ഷണം കഴിഞ്ഞശേഷം മണ്ണുത്തി കുതിരാൻ വഴി പശ്ചിമഘട്ടം മറികടന്നു. സത്യത്തിൽ പാലക്കാട് ഭാഗത്ത് പശ്ചിമഘട്ടം മറികടക്കാൻ ചുരന്നെടുത്ത ഹെയർ പിൻ ബെൻഡുകൾ ഒന്നുമില്ല. എന്നിരുന്നാലും കേരളത്തിൽ ഏറ്റവുമധികം വാഹനങ്ങൾ പശ്ചിമഘട്ടത്തെ മറികടക്കുന്ന ചുരങ്ങളിൽ ഒന്നായ ഈ റൂട്ടിൽ എപ്പോഴും ഗതാഗതത്തിരക്കും ഗതാഗതക്കുരുക്കുമാണ്. അതൊഴിവാക്കാൻ കുതിരാനിൽ മലയ്ക്ക് അടിയിലൂടെ ഒരു കിലോമീറ്ററോളം ദൂരത്തിൽ ഇരട്ടത്തുരങ്കങ്ങൾ നിർമ്മിക്കാൻ തുടങ്ങിയിട്ട് നാളേറെയാകുന്നു. 10 കൊല്ലം മുന്നേ ചെയ്യേണ്ടിയിരുന്ന ഒരു പദ്ധതി, എന്ന് പൂർത്തിയാകുമെന്നറിയാതെ ഇപ്പോളും നീണ്ടുനീണ്ട് പോകുന്നു.
ഇന്ന് കുതിരാൻ റൂട്ടിൽ കാര്യമായ തിരക്കില്ല. ഞങ്ങൾ വാഹനം നിർത്തി തുരങ്കത്തിന്റെ ദൃശ്യങ്ങൾ പകർത്തി. പാലക്കാട്ടേക്ക് ഇനിയും 47 കിലോമീറ്റർ ബാക്കിയുണ്ട്. പാലക്കാട് കോട്ട അഥവാ ടിപ്പുവിന്റെ കോട്ടയാണ് ഇന്ന് പ്രധാനമായും സന്ദർശിക്കാനും പകർത്താനും ഉദ്ദേശിക്കുന്നത്. ഇടയ്ക്ക് നീണ്ട് നിവർന്ന് കിടക്കുന്ന ആറ് വരിപ്പാതയിൽ രണ്ട് പശുക്കൾ കുറുകെ ചാടി. പശുവിനെക്കണ്ടതും ഞാൻ കൂടുതൽ കരുതലോടെ ബ്രേക്ക് ചവിട്ടി. പ്രമുഖ സഞ്ചാരിയായ ബൈജു എൻ. നായരുമായി ഈ യാത്രയെപ്പറ്റി സംസാരിച്ചപ്പോൾ അദ്ദേഹം നൽകിയ ഒരു പ്രധാന ഉപദേശം, വടക്കേ ഇന്ത്യയിലേക്ക് കടന്നാൽ പശുക്കൾക്ക് ഒരപകടവും ഉണ്ടാകാതെ നോക്കുക എന്നാണ്. പശുക്കൾക്ക് എന്തെങ്കിലും പറ്റിയാൽപ്പിന്നെ നമ്മുടെ ജീവൻ രക്ഷപ്പെടുത്താൻ ബുദ്ധിമുട്ടാകും. സമാനമായ ഒരു അവസ്ഥയിൽ അദ്ദേഹം പെട്ടുപോയെങ്കിലും അപ്പോൾ അതുവഴി ഒരു പോലീസ് ജീപ്പ് വന്നതുകൊണ്ട് മാത്രമാണ് ക്രുദ്ധരായ ജനങ്ങളിൽ നിന്ന് തടിരക്ഷപ്പെടുത്തിയെടുത്തത്. അത്തരം അവസ്ഥകളിലേക്കുള്ള പരിശീലനമായിക്കൂടെ ഈ പരീക്ഷണയാത്രയെ ഞാൻ കാണുന്നു. ഗോമാതാവെന്ന നിലയ്ക്കല്ലെങ്കിൽ കൂടിയും അതൊരു മിണ്ടാപ്രാണിയാണ്, ഒരു ജീവനാണ്. എത്രയോ വട്ടം പാലക്കാട് പോയിരിക്കുന്നു, പാലക്കാട് വഴി ബാംഗ്ലൂർക്കും ചെന്നെയ്ക്കുമെല്ലാം പോയിരിക്കുന്നു. പക്ഷേ ടിപ്പുവിന്റെ കോട്ട എന്ന പേരിലും അറിയപ്പെടുന്ന പാലക്കാട് കോട്ട കാണാൻ വേണ്ടി അങ്ങോട്ട് പോകുന്നത് ഇതാദ്യമാണ്.
പാലക്കാട് പട്ടണനടുവിൽത്തന്നെയാണ് കോട്ട നിലകൊള്ളുന്നത്. തൃശൂർ റൌണ്ടിന് നടുവിൽ വടക്കുംനാഥക്ഷേത്രം എന്നതുപോലെയാണ് പാലക്കാട് പട്ടണനടുവിലെ കോട്ടയെന്ന് എനിക്ക് തോന്നി. കോട്ടയെ ചുറ്റിയുള്ള റോഡും അതിന് നടുവിൽ ഉയരത്തിലുള്ള കോട്ടയുടെ സ്ഥാനവുമാകാം ആ തോന്നലിന് കാരണം. ഒരു ചുറ്റ് കോട്ടയ്ക്ക് വെളിയിലൂടെ വാഹനമോടിച്ചശേഷമാണ് കോട്ടയിലേക്കുള്ള പ്രവേശനകവാടം കണ്ടുപിടിക്കാനായത്. കോട്ടയുടെ പരിസരത്ത് തന്നെ പാർക്കിങ്ങ് സൌകര്യമുണ്ട്.
സമയം ഉച്ചയ്ക്ക് പന്ത്രണ്ട് മണി. കതിരോൻ തലയ്ക്ക് മുകളിൽ കത്തി നിൽക്കുന്നു. ഏത് ഭാഗത്തുനിന്നും പടങ്ങളെടുക്കാൻ പറ്റിയ ലൈറ്റിങ്ങ്. ഞങ്ങൾ ക്യാമറയും സാമഗ്രികളും വെള്ളവുമൊക്കെ എടുത്ത് കോട്ടയിലേക്ക് കടന്നു. 25 രൂപയാണ് പ്രവേശന ടിക്കറ്റിന്റെ നിരക്ക്. ക്യാമറകൾക്ക് പണം ഇടാക്കിത്തുടങ്ങിയിട്ടില്ലെങ്കിലും അതിന്റെ നിരക്കവിടെ എഴുതി വെച്ചിട്ടുണ്ട്. സമീപഭാവിയിൽ ക്യാമറയ്ക്ക് പണമീടാക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് വ്യക്തം. ഭംഗിയായി സംരക്ഷിക്കപ്പെടുകയും മോടിപിടിപ്പിക്കുകയും ചെയ്തിട്ടുള്ള കോട്ടയാണിത്. കോട്ടയെച്ചുറ്റി പുല്ല് പിടിപ്പിച്ച് നിർത്തിയിർത്തിയിരിക്കുന്ന ഇടങ്ങളിൽ വിവിധ പ്രായത്തിലുള്ളവർ ഒറ്റയ്ക്കും കൂട്ടമായും വിശ്രമിക്കുന്നു, സൊറ പറയുന്നു.
ചുറ്റിനും കിടങ്ങുള്ള ഒരു കോട്ടയാണിത്. വേനൽക്കാലമായിട്ടും അത്യാവശ്യം വെള്ളം ആ കിടങ്ങിലുണ്ട്. ജോലിക്കാർ ചിലർ കിടങ്ങ് വൃത്തിയാക്കുന്ന തിരക്കിലാണ്. പുറമെ നിന്നുള്ള കോട്ടയുടെ ദൃശ്യങ്ങൾ മനസ്സിലേക്കും ക്യാമറകളിലേക്കും പകർത്തിയശേഷം കിടങ്ങിന് കുറുകെയുള്ള പാലത്തിലൂടെ ഞങ്ങൾ കോട്ടയ്ക്ക് അകത്തേക്ക് കടന്നു.
ഒരു ഹനുമാൻ ക്ഷേത്രമുണ്ട് കോട്ടയ്ക്കുള്ളിൽ. അതും കഴിഞ്ഞ് മുന്നോട്ട് നീങ്ങുമ്പോളാണ് ടിക്കറ്റ് പരിശോധന. ക്ഷേത്രത്തിൽ വന്നുപോകണമെന്നുള്ളവർക്ക് ടിക്കറ്റെടുക്കേണ്ടതില്ല എന്ന് സാരം. കോട്ടയുടെ ചരിത്രം പരതുമ്പോൾ, മൈസൂർ പുലിയായിരുന്ന ടിപ്പു സുൽത്താന്റെ പിതാവ് ഹൈദരാലി 1766 ൽ നിർമ്മിച്ചതാണ് ഈ കോട്ട എന്നാണ് വിക്കിപ്പീഡിയ അടക്കമുള്ള ഇടങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. സാമൂതിരിയുടെ ആശ്രിതനും പാലക്കാട്ടെ ഭരണാധികാരിയായിരുന്ന പാലക്കാട്ട് അച്ചൻ പാലക്കാടിന്റെ ഭരണം ഏറ്റെടുത്തതോടെ സാമൂതിരിയുമായി ശത്രുതയിലാകുന്നു. സാമൂതിരിക്കെതിരെ പിടിച്ചു നിൽക്കാൻ പാലക്കാട്ട് അച്ചൻ ഹൈദരാലിയുടെ സഹായം തേടുന്നു. അതൊരു അവസരമാക്കി ഹൈദരാലി പാലക്കാട് തന്റെ നിയന്ത്രണത്തിലാക്കുന്നു.
കോട്ടയുടെ നിയന്ത്രണം പലപ്പോഴായി മൈസൂർ പുലികളും ബ്രിട്ടീഷുകാരും സാമൂതിരിയും കൈയ്യാളിയിട്ടുണ്ട്. ഒരു ഘട്ടത്തിൽ, കൃത്യമായി പറഞ്ഞാൽ 1784ൽ ബ്രിട്ടീഷുകാർ കോട്ടയുടെ നിയന്ത്രണം സ്വയം ഉപേക്ഷിക്കുക വരെ ചെയ്തിട്ടുണ്ട്. ആയതുകൊണ്ടുതന്നെ, നല്ലവണ്ണം പോരാട്ടങ്ങൾ നടന്നിട്ടുള്ള ഒരു കോട്ടയാണിത് എന്ന കാര്യത്തിൽ തർക്കമില്ല. പതിനഞ്ചോളം ഏക്കറിലായാണ് കോട്ട പരന്ന് കിടക്കുന്നത്.
ഹൈദരാലിയുടേയും ടിപ്പുവിന്റേയും ചരിത്രം പരാമർശിക്കപ്പെടുമ്പോൾ വൈരുദ്ധ്യങ്ങളും തർക്കങ്ങളും വ്യക്തതയില്ലായ്മയും അതോടൊപ്പം തന്നെയുള്ള ഒരു വസ്തുതയാണ്. കോട്ടയ്ക്ക് വെളിയിൽ ആർക്കിയോളജി ഡിപ്പാർട്ട്മെന്റ് വെച്ചിരിക്കുന്ന ബോർഡ് പ്രകാരം മനസ്സിലാക്കാനാവുന്നത്, 1776 ൽ പാലക്കാട് പിടിച്ചടക്കിയ ശേഷം ഹൈദരാലി കോട്ട പുതുക്കിപ്പണിതു എന്നാണ്. അങ്ങനെയാണെങ്കിൽ 1766 ൽ കോട്ട ഇവിടെ ഉണ്ടായിരുന്നു. എങ്കിൽ അന്ന് ഈ കോട്ട ഉണ്ടാക്കിയതാര് എന്ന ചോദ്യത്തിനുള്ള ഉത്തരം ആർക്കിയോളജി ഡിപ്പാർട്ട്മെന്റിന്റെ ബോർഡിലില്ല. കൂടുതൽ അന്വേഷണങ്ങളിൽ നിന്ന് മനസ്സിലാക്കാനായത് 18-)ം നൂറ്റാണ്ടിനും മുൻപ് ഒരു കോട്ട ഇവിടെ ഉണ്ട്. അത് ഇപ്പോൾക്കാണുന്ന വിധത്തിലുള്ള ബൃഹത്തായ കോട്ടയാക്കി പുതിക്കിപ്പണിതത് ഹൈദരാലിയാണ് എന്നാണ്.
നിലവിൽ കോട്ടയ്ക്കുള്ളിൻ താലൂക്ക് സപ്ലൈ ഓഫീസും സ്പെഷ്യൽ ജില്ലാ ജയിലും പ്രവർത്തിക്കുന്നുണ്ട്. 200 ൽപ്പരം തടവുകാരുള്ള ഈ ജയിലും താലൂക്ക് സപ്ലൈ ഓഫീസും കോട്ടയ്ക്ക് പുറത്തേക്ക് മാറ്റി സ്ഥാപിക്കാൻ ഉത്തരവായിക്കഴിഞ്ഞു. അത് നടന്നുകഴിഞ്ഞാൽ ആ കെട്ടിടങ്ങളിൽ ടൂറിസവുമായി ബന്ധപ്പെട്ട ഓഫീസുകളായിരിക്കും പ്രവർത്തിക്കുക. ആ സമയത്ത് ക്യാമറാ ഫീസ് തീർച്ചയായും ഏർപ്പെടുത്താൻ സാദ്ധ്യതയുണ്ട്. മേൽപ്പറഞ്ഞ ഓഫീസുകൾക്ക് പുറമേ ഹോർട്ടിക്കൾച്ചറിന്റെ ഓഫീസും ഭൂപരിഷ്ക്കരണ സ്പെഷ്യൽ തഹസ്സീൽദാർ ഓഫീസും ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസുമെല്ലാം ഇതിനകത്ത് പ്രവർത്തിക്കുന്നുണ്ട്. ഹൈദരാലിയുടേയും ബ്രിട്ടീഷുകാരുടേയും കാലത്ത് മലബാറിന്റെ ഭരണസിരാകേന്ദ്രങ്ങളിൽ ഒന്നായി കോട്ട നിലനിന്നതുപോലെ ഇപ്പോഴും ഭരണപരമായ കാര്യങ്ങൾ കോട്ട കൈയാളുന്നുണ്ടെന്നത് കൌതുകകരമായ ഒരു കാര്യമാണ്. താലൂക്ക് സപ്ലൈ ഓഫീസും സ്പെഷ്യൽ ജയിലും അടക്കമുള്ള സ്ഥാപനങ്ങൾ കോട്ടയിൽ നിന്ന് പുറത്താകുന്നതോടെ ആ കൌതുകവും ചരിത്രത്തിന്റെ ഭാഗമായി മാറും.
പതിനഞ്ചടിയോളം ഉയരമുള്ള ഇൻസിനറേറ്റർ പോലെ ഒന്നിൽ മാലിന്യം കത്തിക്കുന്നു കോട്ടയ്ക്കുള്ളിൽ. ചെയ്യാൻ പാടില്ലാത്ത നടപടിയാണത്. നാട്ടിലെ മാലിന്യം മുഴുവൻ കത്തിച്ച് സംസ്ക്കരിക്കാൻ പോയാൽ, ഇവിടമൊരു അഗ്നിപർവ്വതത്തേക്കാൾ വലിയ തീപ്പന്തമായി മാറും. ഏറെ പഴക്കമുള്ള ഒരു ഇൻസിനറേറ്റർ ആണത്. പുതുക്കിപ്പണിയലുകൾ ഒരുപാട് അതിൽ നടന്നിരിക്കുന്നു. സായിപ്പിന്റെ കാലത്ത് അതിൽ ആളെ വരെ കത്തിച്ചിട്ടുണ്ടെന്നാണ് ഗേറ്റിൽ ടിക്കറ്റ് പരിശോധനയ്ക്ക് നിൽക്കുന്ന ജീവനക്കാരൻ പറയുന്നത്. അക്കാര്യത്തിന്റെ ആധികാരികത പരിശോധിക്കേണ്ടിയിരിക്കുന്നു.
സാമാന്യം നല്ല തോതിൽ സന്ദർശകരുണ്ട് കോട്ടയ്ക്കകത്ത്. സ്ക്കൂൾ കുട്ടികൾ അടക്കമുള്ള വലിയ കൂട്ടവും കുടുംബങ്ങളുമൊക്കെ കോട്ടയ്ക്കകത്ത് ചുറ്റിയടിക്കുകയും വലിയ മാവിന്റെ ശിഖരങ്ങളിൽ വിശ്രമിക്കുകയും ചെയ്യുന്നുണ്ട്. പുതുതലമുറയിലെ പ്രണയിതാക്കൾക്ക് ഈ കോട്ട ഒരു വലിയ താങ്ങും തണലും സംരക്ഷണവുമാണ് നൽകുന്നത്. കോട്ടയിൽ ശ്രദ്ധിക്കാനായ കാര്യങ്ങൾ നിരവധിയാണ്. നന്നായി പരിപാലിക്കുന്നു എന്നത് തന്നെയാണ് പ്രധാനപ്പെട്ട കാര്യം. എന്നിരുന്നാലും ജയിൽ അടക്കമുള്ള കെട്ടിടങ്ങളിൽ പലതും ജീർണ്ണതയുടെ വക്കിലാണ്. അവ കൂടെ ഉടൻ തന്നെ പുനരുദ്ധരിക്കുമെന്ന് പ്രതീക്ഷിക്കാം. മറ്റ് പല കോട്ടകളിൽ നിന്നും വിഭിന്നമായി കരിങ്കല്ല് ഉപയോഗിച്ചാണ് കോട്ട പണിതുയർത്തിയിരിക്കുന്നത്. കോട്ടയുടെ ഉയരത്തിന്റെ പകുതിക്ക് മുകളിലുള്ള ഭാഗം തേച്ച് മിനുക്കിയിരിക്കുന്നു. അതിൽ ചില ഭാഗത്ത് തേപ്പ് ഇളകിപ്പോയിട്ടുണ്ട്. ആ ഭാഗത്ത് കാലപ്പഴക്കം ഏറെയുള്ള ചുടുകട്ടളാണ്. അടിഭാഗം കരിങ്കല്ലും പകുതിക്ക് മുകളിലേക്കുള്ള ഭാഗം ചുടുകട്ടകളും ഉപയോഗിച്ചാണ് പണിതിരിക്കുന്നതെന്ന് വ്യക്തം. എല്ലാ മൂലകളിലും കൊത്തളങ്ങളുണ്ട് ഈ കോട്ടയ്ക്ക്. 7 വലിയ കൊത്തളങ്ങളും 2 ചെറിയ കൊത്തളങ്ങളുമുള്ള കോട്ട, മുൻഭാഗത്തെ ഒരു ചാട്ടം ഒഴിച്ച് നോക്കിയാൽ ഏതാണ്ട് സമചതുരാകൃതിയിലാണുള്ളത്.
ഈ കൊടും വേനലിലും കണ്ണ് കുളിപ്പിക്കുന്ന പച്ചപ്പ് കോട്ടയെ മനോഹരമാക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള മാവുകൾ കോട്ടയ്ക്കകത്തുണ്ട്. അതിലൊരു മാവിന്റെ വലിയൊരു ശാഖ നിലംപൊത്തിയ ശേഷം മറ്റൊരു മാവെന്ന മട്ടിൽ ഉയർന്ന് പൊന്തിയിരിക്കുന്നു. ആ മാവിന്റെ തടി മാത്രം പടർന്ന് പരന്ന് കിടക്കുന്നത് പത്ത് സെന്റോളം സ്ഥലത്താണ്.
കൊച്ചി മുതൽ ഗോവ വരെയുള്ള കോട്ടകളുടെ ചരിത്രമറിയാനും അത് പകർത്താനുമായി ജോഹറും ഞാനും 2018 ഫെബ്രുവരിയിൽ ഒരാഴ്ച്ച നീണ്ട ഒരു യാത്ര പോയിരുന്നു. ‘കഥ പറയുന്ന കോട്ടകൾ’ എന്നൊരു പുസ്തക രൂപത്തിൽ ആ യാത്രാവിവരണം പ്രസാധകന്റെ മേശപ്പുറത്തിരിക്കുകയാണിപ്പോളും. ആ യാത്രയുടെ തുടർച്ചയായ ഒരു യാത്രയാണിതെന്ന് പെട്ടെന്നെനിക്ക് തോന്നി. സമയം 2 മണി ആയിരിക്കുന്നു. സൂര്യൻ തന്റെ ഊഷ്മാവ് സാമാന്യം ഭേദമായിട്ട് ഉയർത്തിയിട്ടുണ്ട്. ഞങ്ങൾ ശരിക്കും വിയർത്ത് കുളിച്ചു. സപ്ലൈ ഓഫീസിനോട് ചേർന്നുള്ള ഒരു ചെറിയ കടയിൽ നിന്ന് ഓരോ സംഭാരം കുടിച്ച് താൽക്കാലികമായ ആശ്വാസം വരുത്തി കോട്ടയിൽ നിന്നിറങ്ങി.
ഉച്ചയൂണിന്റെ സമയത്ത് പാലക്കാടൻ സുഹൃത്ത് ഷാജി മുള്ളൂർക്കാരൻ ഞങ്ങൾക്കൊപ്പം ചേർന്നു. ഓൺലൈനിൽ നിത്യവും കാണുന്നുണ്ടെങ്കിലും വർഷങ്ങൾക്ക് ശേഷമാണ് ഞങ്ങൾ നേരിൽ കാണുന്നത്. ഭക്ഷണത്തിന് ശേഷം മുള്ളൂർക്കാരനോടും വിട പറഞ്ഞ് കോയമ്പത്തൂർക്ക് വാഹനം തിരിച്ചു. ഇന്ന് രാത്രി കോയമ്പത്തൂർ തങ്ങാനാണ് തീരുമാനം.
———————————————————————————–
തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ യാത്രയുടെ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ യാത്രയുടെ മലയാളം ശബ്ദരേഖ ഇവിടെ കേൾക്കാം.
Really missed you.