madangi-2Bvaravu

നീയേത് ജാതിയാ ?


ഗ്രേറ്റർ വാഷിങ്ങ്‌ടൺ കേരള അസോസിയേഷൻ സോവനീറിൽ (കേരള ഡൈജസ്റ്റ്) ഈ കഥ

ര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച കഥയാണ്. ജാതിയും മതവുമൊക്കെ ഉറഞ്ഞുതുള്ളാന്‍ തുടങ്ങുന്നതിന് മുന്‍പുള്ള കഥ. കുട്ടികളുടെ നിഷ്ക്കളങ്കമായ മനസ്സുകളില്‍പ്പോലും ജാതിസ്പര്‍ദ്ധയുടെ വിത്തുകള്‍ പാകാന്‍ തുടങ്ങുന്നതിന് മുന്‍പുള്ള കഥ. ഒരു സ്ലേറ്റും രണ്ടേരണ്ട് പുസ്തകങ്ങളുമായി കുട്ടികള്‍‍ മൈലുകളോളം നടന്ന് പള്ളിക്കൂടത്തിലേക്ക് പോയിരുന്ന കാലത്ത് സംഭവിച്ച കഥ.

രാജു അന്ന് മൂന്നാം ക്ലാസ്സിലാണ് പഠിച്ചിരുന്നത്. തന്റെ ജാതിയെന്താണെന്നോ മതമെന്താണെന്നോ അവന് അതുവരെ അറിയില്ലായിരുന്നു. വീട്ടില്‍ അത്തരം കാര്യങ്ങളൊന്നും ആരും സംസാരിച്ച് അവന്‍ കേട്ടിട്ടില്ലായിരുന്നു. സ്കൂളിലെ ഫോമുകള്‍ പൂരിപ്പിച്ച് കൊടുത്തതൊക്കെ അദ്ധ്യാപകരായ അച്ഛനും അമ്മയും ചേര്‍ന്നാണ്. അതുകൊണ്ടുതന്നെ ആ ഫോമില്‍ ജാതി, മതം എന്നീ കാര്യങ്ങള്‍ ഉണ്ടെന്നും അതിന്റെ പൊരുള്‍ എന്താണെന്നും അവനറിയില്ലായിരുന്നു.

അടുത്ത കൂട്ടുകാരനായ അലിക്കുഞ്ഞ് സ്ക്കൂളില്‍ പഠിക്കുന്നതുകൂടാതെ ഓത്തുപള്ളീലും പഠിക്കുന്നുണ്ടെന്ന് രാജുവിന് അറിയാമായിരുന്നെങ്കിലും അലിക്കുഞ്ഞ് ഇസ്ലാം മതസ്ഥനാണെന്ന് അവനറിയില്ലായിരുന്നു. ശോശാമ്മട്ടീച്ചറിന്റെ മകളും തന്റെ സഹപാഠിയുമായിരുന്ന കൊച്ചുത്രേസ്യ ക്രിസ്ത്യാനിയായിരുന്നെന്ന് അവനറിയില്ലായിരുന്നു. എല്ലാവരും പഠിക്കുന്നതൊരു ക്ലാസ്സില്‍, കളിക്കുന്നത് ഒരുമിച്ച്, സ്ക്കൂള്‍ വിട്ട് മടങ്ങുന്നത് ഒരുമിച്ച്. കഴിഞ്ഞ മൂന്ന് വര്‍ഷമായി അവധിദിവസങ്ങളില്‍ കണ്ടുമുട്ടില്ലെന്നതൊഴിച്ചാല്‍ ഒരു കുടുംബം പോലെ സ്നേഹം പങ്കുവെച്ച് തോളില്‍ക്കൈയിട്ട് നടക്കുന്നവര്‍.

അക്കൊല്ലം പട്ടണത്തില്‍ നിന്ന് ക്ലാസ്സില്‍ പുതുതായി വന്നുചേര്‍ന്ന പരിഷ്ക്കാരിയായ സന്തോഷാണ് രാജുവിന്റെ ഉറക്കം കെടുത്തിയ ആ ചോദ്യം ചോദിച്ചത്.

“നീയേത് ജാതിയാ ?“

രാജു കുഴഞ്ഞുപോയി. ഇതുവരെ ആരും ഇങ്ങനൊരു ചോദ്യം ചോദിച്ചിട്ടില്ല. പട്ടണപ്പരിഷ്ക്കാരിക്ക് ഇതിന്റെ മറുപടി കൊടുത്തില്ലെങ്കില്‍ കുറച്ചിലാകുമല്ലോ. അലിക്കുഞ്ഞിനോടോ കൊച്ചുത്രേസ്യായോടോ ചോദിക്കാമെന്ന് വെച്ചാല്‍ അതും മോശം തന്നെ. തന്റെ ജാതി താനല്ലേ അറിഞ്ഞിരിക്കേണ്ടത്? വീട്ടില്‍പ്പോയി ചോദിച്ചാലോ ? ഇത്രയും നാള്‍ സ്ക്കൂളില്‍ പഠിച്ചിട്ട് നിനക്ക് നിന്റെ ജാതി അറിയില്ലേ എന്ന് ചോദിച്ച് അച്ഛനും അമ്മയും വഴക്ക് പറഞ്ഞാലോ ? വേണ്ട വീട്ടില്‍ ചോദിക്കണ്ട. പിന്നെന്ത് ചെയ്യും?തന്റെ ജാതി എന്താണെന്ന ചോദ്യത്തിന് സ്വയം ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലായി രാജു.

തന്റെ വീട്ടിലുള്ളവരും ബന്ധുക്കളുമൊക്കെ തന്റെ തന്നെ ജാതിയാകാതെ തരമില്ല. അച്ഛനും അമ്മയും അദ്ധ്യാപകരാണ്. അമ്മായിയും അമ്മാവനും അദ്ധ്യാപകര്‍ തന്നെ. ഇളേച്ഛനും ഇളേമ്മയും അദ്ധ്യാപകര്‍. കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല രാജുവിന്.

അടുത്ത ദിവസം സ്ക്കൂളില്‍ ചെന്ന് അഭിമാനത്തോടെ ഞെളിഞ്ഞ് നിന്ന് രാജു സന്തോഷിനോട് പറഞ്ഞു.

“ഞാന്‍ മാഷ് ജാതിയാ”

Comments

comments

76 thoughts on “ നീയേത് ജാതിയാ ?

  1. ഇത്രയും നല്ല ഒരുത്തരം !
    അല്ല കഥയും !!
    മാഷ് ജാതി..
    സ്പീടില്‍ മനുഷ്യജാതി
    എന്ന് പറഞ്ഞാലും മാഷ് ജാതി ആവും ,
    അതല്ലെ ശരിയും? ജനത്തിന്
    എന്നാ ഇനി അതു മന‍സ്സിലാവുക?

  2. അവന്‍ എത്ര ശരിയായിരുന്നു. അവന്റെ ഉത്തരമായിരുന്നു നല്ലത് :)

  3. ഇങ്ങനെ പുതിയ ജാതികള്‍ ഉണ്ടാകട്ടെ

    ബ്ലോഗ് ജാതി…

    നിരക്ഷര ജാതി…. എന്നിങ്ങനെ…

    സ്നേഹപൂര്‍വം

    തോന്ന്യാസ ജാതിക്കാരന്‍

  4. തിരിച്ചറിയട്ടെ സമൂഹം…
    ഇത്തരം ഉത്തരങ്ങള്‍ക്ക് മുന്‍പില്‍…

    കാപട്യത്തിന്‍റെ വര്‍ഗ്ഗീയക്കോമരങ്ങള്‍ക്കെതിരേ ഒരു കയ്യൊപപ്…

    അഭിനന്ദനങ്ങള്‍…

  5. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സമാനാനുഭവം എനിക്കുമുണ്ടായി. എല്ലാവരോടും ടീച്ചെര്‍ ജാതി ചോദിച്ചുകൊണ്ടിരിക്കുക്കയായിരുന്നു. സത്യത്തില്‍ എനിക്കുമറിയില്ലായിരുന്നു എന്റെ ജാതി ഏതാണെന്ന്.
    എന്റെ ഊഴം വരുന്നതുവരെ എന്തു പറയുമെനോര്‍ത്തു പരിഭ്രമിച്ചു നിന്ന ഞാന്‍, അവസാനം ഏറ്റവും കൂടുതല്‍ കുട്ടികള്‍ പറഞ്ഞ ഉത്തരം അങ്ങു പറഞ്ഞു…”നായരാണെന്ന്”

  6. ഈ നിഷ്കളങ്കതയില്‍ നഞ്ചു കലക്കിയ വഞ്ചകരേ.. ഇനിയുള്ള തലമുറകളെയെങ്കിലും വെറുതെ വിടൂ..

  7. സുന്ദരം, മനോഹരം…..ഈ ദിവസങ്ങളില്‍ വായിച്ച ഏറ്റവും നല്ല പോസ്റ്റ്….ആ മനസ്സുള്ള ഒരു തലമുറ വളര്‍ന്ന ദൈവത്തിന്റെ സ്വന്തം നാടിന്റെ ഇന്നത്തെ കോലം കണ്ടില്ലേ?????ആ മാഷ് ജാതിയില്‍ പെട്ട ഒരു മാഷിനെ അല്ലെ………….മനസ്സ് നൊന്തു കരയാനല്ലാതെ ഒന്നിനും കഴിയുന്നില്ല.

  8. മാഷ് ജാതി ! മാഷ് – അദ്ധ്യാപകര്‍ – എന്നെല്ലാം കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ മനസ്സില്‍ വരുന്നത് കഴിഞ്ഞ ദിവസത്തെ സംഭവം തന്നെ..

  9. മനോജേട്ടാ നിഷ്കളങ്കവും, ലഭേച്ഛയില്ലാത്തതും ആയ സ്‌നേഹം എപ്പോഴും ആ ഒരു കാലഘട്ടത്തില്‍ മാത്രമാണ്. ആ പ്രായത്തില്‍ സൌഹൃദത്തിന് ലിംഗവ്യത്യാസമോ, മതമോ, സാമ്പത്തിക അന്തരമോ, കുടുംബപശ്ചാത്തലമോ ഒന്നും ബാധകമല്ല. പിന്നീട് വളരുന്തോറും എല്ലാക്കാര്യത്തിലും ആളുകള്‍ പ്രാക്റ്റിക്കലാവുന്നു. ഇന്നു സൌഹൃദം പോലും പലപ്പോഴും മേല്‍പ്പറഞ്ഞ ഘടകങ്ങളെ ആശ്രയിച്ചാണ്. മനസ്സില്‍ തട്ടുന്ന ഒരു ലേഖനം.

  10. നിരു ഭായി..

    അങ്ങിനെയും ഒരു നാളുണ്ടായിരുന്നു…എല്ലാവരും ഒന്നാകുന്ന ഒരു കാലഘട്ടം വന്നുചേരട്ടെ.

    നല്ലൊരു പോസ്റ്റ്

  11. മകന്‍ അന്യ സമുദായത്തില്‍ പെട്ട ഒരു പെണ്‍കുട്ടിയെ വിവാഹം
    കഴിച്ചതറിഞ്ഞ്
    അഛന്‍ ചോദിച്ചു
    മോനെ ജാതി
    പെട്ടെന്ന്
    മകന്‍
    ജാതി ഒരു മരമാണച്ചച്ഛാ
    ഞങ്ങളുടെ നാട്ടില്‍ അടുത്ത് നടന്ന ഒരു സംഭവമാണിത്

  12. നല്ല പോസ്റ്റ് മനോജ്.
    കുട്ടികളുടെ നിഷ്കളങ്കത നശിക്കാതിരിക്കട്ടെ.
    ആ പിഞ്ചു മനസ്സുകളില്‍ ജാതിയുടെ അതിര്‍ വരമ്പുകള്‍ ഇല്ലാതിരിക്കട്ടെ

  13. നന്നായി…. കേരളം ഒരു ഭ്രാന്താലയമാണോ? അല്ല…. പക്ഷേ കേരളം കുറേ ഭ്രാന്തന്‍മാരുടെ ഒരു ആലയമായി മാറിക്കൊണ്ടിരിക്കുന്നു. അല്ലേ മാഷേ?

  14. നീരൂ, ഇത് ഒരു കഥയോ നടന്ന സംഭവമോ ആകട്ടെ.
    ഹരീഷിന്റെ ടീച്ചര്‍ ജാതിചോദിക്കുന്നത് മനസ്സിലാക്കാം. പക്ഷേ ഇത് എന്റെ അനുഭവ കഥ. ഞാനും അനിയത്തിയും 10 മിനിറ്റ് ബസ് യാത്ര ചെയ്യേണ്ട അകലത്തിലുള്ള ഒരു സ്കൂളിലാണ് പഠിച്ചിരുന്നത്. അന്ന് ഞങ്ങള്‍ 7ലും 5ലും.ഒരു ദിവസം വൈകിട്ടു സ്കൂള്‍ വിട്ടു വരുമ്പോള്‍ ഇടക്കു വച്ച് ഒരു ചെറുപ്പക്കാരി സ്ത്രീ കയറി. ഞാനും അനിയത്തിയും ഇത്തിരി ഒതുങ്ങിയിരുന്ന് ആ സ്ത്രീക്ക് സ്ഥലം കൊടുത്തു. അവര്‍ ചിരിച്ചുകൊണ്ട് ഇരുന്നു. ഇരുന്ന പാടെ ഒരു ചോദ്യം – നീ എന്തോന്നു ജാതി? പ്രതീക്ഷിക്കാത്ത ചോദ്യം കേട്ട് ഞാനും അനിയത്തിയും മുഖത്തോടു മുഖം നോക്കി ചിരിച്ചു.ഉടന്‍ അവര്‍ അടുത്ത ചോദ്യം – ചൂത്തരത്തിയാ? ആദ്യമായി കേള്‍ക്കുന്ന ആ വാക്കു കേട്ട് ഞങ്ങള്‍ വായ് പൊത്തി ചിരിച്ചു. വീട്ടില്‍ പോയി അമ്മയോട് ആ വാക്കിന്റെ അര്‍ത്ഥം ചോദിച്ചു. ഉത്തരം പറഞ്ഞില്ലാന്നു മാത്രമല്ല അമ്മയുടെ കൈയില്‍ നിന്ന് നല്ലൊരു നുള്ളും കിട്ടി എനിക്ക്.

  15. നിരക്ഷരന്‍ ചേട്ടാ,
    കാലം മാറുന്നു നിഷ്കളങ്കരെന്നു നമ്മള്‍ കരുതുന്ന കുഞ്ഞുങ്ങള്‍ പോലും അത്ര നിഷ്കളങ്കരല്ല….
    അന്നങ്ങനെ ഇന്നു ടിന്റു നായര്‍ക്ക് മിന്നുമേനോന്‍ തന്നെ കൂട്ട്…കഥ അസ്സലായി ട്ടോ

  16. ആ നിഷ്കളങ്കമായ ഉത്തരം വായിച്ചപ്പോള്‍ ചിരി വന്നു….

    സസ്നേഹം,

    ശിവ.

  17. ജാതീന്റെ കാര്യാവുമ്പോ എയ്‌തണെങ്കില്‌ ഇജ്ജാതി ഒരൂട്ടം തന്നെ എയ്‌തണം കുട്ട്യേ. ന്നാലും അന്റെ ആ മാഷ്‌ ജാതി ഞമ്മക്കത്ര പിടിച്ചില്ല്യാട്ടാ, അതല്ലേ ഞമ്മള്‌ ഒന്നിനെ അങ്ങട്‌ തട്ടീത്‌. ഓന്റെ ഒര്‌ ക്ലസ്റ്ററ്‌.

  18. ഈ പോസ്റ്റിലെ ആശയത്തെ അനുകൂലിച്ചും പ്രശംസിച്ചും ഉള്ള നിരവധി മറുമൊഴികളാണ്‌ ഈ കുറിപ്പിനാധാരം.

    ചാതുര്‍വര്‍ണ്ണ്യം മയാ സൃഷ്ടം
    ഗുണകര്‍മ്മവിഭാഗശാ…..

    എന്നാണ്‌ ഭഗവത്ഗീതയില്‍ കൃഷ്ണന്‍ കുട്ടി പറയുന്നത്‌.

    വ്യക്തികളുടെ ഗുണത്തെയും ചെയ്യുന്ന കര്‍മ്മങ്ങളേയും അടിസ്ഥാനപ്പെടുത്തിയാണ്‌ ആര്‍ഷഭാരതത്തില്‍ ജാതികള്‍ സൃഷ്ടിക്കപ്പെട്ടത്‌ എന്നാണ്‌ ഈ വരികളുടെ അര്‍ത്ഥം. അങ്ങനെയാണ്‌ ഇരുമ്പു പണിക്കാരന്‍ കൊല്ലനായും കല്‍പ്പണിക്കാരന്‍ കല്ലാശാരിയായും മുടിവെട്ടുന്നവന്‍ അമ്പട്ടാനായും മീന്‍ പിടിയ്ക്കുന്നവന്‍ അരയനായും മാറിയത്‌.

    പണ്ട്‌ കാശ്മീരില്‍ ഉണ്ടായിരുന്ന പണ്ഡിറ്റുകള്‍ ഒരു ജാതിയായിരുന്നു. പണ്ഡിതന്മാരായിരുന്നു അവര്‍.
    വടക്കേ ഇന്ത്യയിലെ ശാസ്ത്രികള്‍ ഒരു ജാതിയായിരുന്നു. അവര്‍ ശാസ്ത്രം പഠിപ്പിയ്ക്കുന്നവരായിരുന്നു. (ആധുനിക ശാസ്ത്രങ്ങളല്ല കെട്ടൊ.)

    ഇങ്ങു കേരളത്തില്‍ മേനോന്‍ എന്നത്‌ ജാതിപ്പേര്‍ മാത്രമായിരുന്നില്ല. അതൊരു ജോലിപ്പേര്‍ ആയിരുന്നു. അടുത്ത കാലം വരെ മലബാറില്‍ മേനോന്‍ എന്നാല്‍ ഇന്നത്തെ village Officer/village assistant ആയിരുന്നു. (അധികാരി, മേനോന്‍, കോല്‍ക്കാരന്‍ എന്നൊക്കെ കേട്ടിട്ടുണ്ടോ?) എന്റെ അച്‌ഛന്‍ ജാത്യാല്‍ മേനോന്‍ ആയിരുന്നു. അച്‌ഛന്റെ ജോലി ചോദിച്ചാല്‍ ഞങ്ങള്‍ കുട്ടികള്‍ മേനോന്‍ എന്നാണ്‌ അന്ന് മറുപടി കൊടുക്കുക. അച്ഛന്‍ അംശം മേനോന്‍ ആയിരുന്നു. (അംശം = village)

    അതായത്‌ പണ്ടൊക്കെ ജോലിപ്പേരായിരുന്നു ജാതിപ്പേരായി പറഞ്ഞിരുന്നത്‌ എന്നല്ലെ മനസ്സിലാക്കേണ്ടത്‌?
    അങ്ങനെയൊക്കെ വരുമ്പോള്‍ മാഷ്‌ എന്നത്‌ ഒരു ജാതി തന്നെ, സംശയമില്ല. ആ കാഴ്ച്ചപ്പാട്‌ നമ്മുടെ സംസ്ക്കാരത്തിന്റെ ഭാഗവുമായിരുന്നു. അന്ന് ഒരു മതമേ ഉണ്ടായിരുന്നുള്ളൂ. മതമെന്നാല്‍ വിശ്വാസം, അഭിപ്രായം എന്നൊക്കെയേ അര്‍ത്ഥമുള്ളു. ജാതിയിലല്ല പ്രശ്നം. മതത്തിലാണ്‌. മതങ്ങള്‍ പലതായതാണ്‌ ഇന്നത്തെ പ്രശ്നങ്ങള്‍ക്ക്‌ മൂല കാരണം. ഓരോ മതത്തിനും ഓരോ സംസ്ക്കാരം. സംസ്കാരങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ എന്ത്‌?

    എന്തായാലും ഒന്നുണ്ട്‌. ഈ പോസ്റ്റും അതിനുള്ള മറുപടികളും അറിഞ്ഞോ അറിയാതെയോ ആര്‍ഷഭാരത സംസ്ക്കാരത്തിനു ലഭിച്ച സര്‍ട്ടിഫിക്കറ്റുകളാണ്‌.

  19. ആള്‍രൂപാ..
    ജാതി എന്നത് ജോലിയുമായി ബന്ധപ്പെട്ട ഒന്നായിരുന്നു എന്നാണ് താങ്കളുടെ കാഴ്ചപ്പാട്.
    അതില്‍ കുറെയൊക്കെ ശരിയുണ്ടുതാനും.

    പക്ഷേ കേരളത്തില്‍, വേണ്ട ഇന്ത്യയില്‍ തന്നെ അതു മാത്രമായിരുന്നോ ജാതിക്കടിസ്ഥാനം.
    അതായിരുന്നെങ്കില്‍ ഏന്നേ അത് ജോലിപ്പേരായി മാറിയേനേ?
    വിവാഹങ്ങള്‍ ജാതി മാറി നടന്നിരുന്നോ അക്കാലത്ത്? ഇല്ല. (ഉണ്ടെങ്കില്‍ വളരെ അപൂര്‍വ്വം)
    രണ്ടു ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ തമ്മില്‍ വിവാഹിതരാവുന്നതു കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമായിരുന്നോ?
    എന്നിട്ടും എന്തു കൊണ്ട് സംഭവിച്ചില്ല?
    എന്തു കൊണ്ട് ജനങ്ങളെ തുല്യരായിക്കാണാന്‍ ജനങ്ങല്‍ക്ക് കഴിഞ്ഞില്ല, ഇന്ന് കഴിയുന്നില്ല.?
    ജാതി എന്നത് വെറും ജോലിയല്ല എന്ന് സാരം. അത് മനുഷ്യമനസ്സില്‍ കുടിയേറിയ വിഷമായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്.

    ആര്‍ഷഭാരത സംസ്കാരം എന്നൊക്കെ പറയാം.. ഒരു രസത്തിന്, ഒരു കഥ പോലെ അല്ലാതെ യാഥാര്‍ത്ഥ്യങ്ങളുമായി അതിന് വലിയ ബന്ധമൊന്നുമില്ല..

    ടീച്ചര്‍ ഒരു ജാതിയാണെങ്കില്‍ ആര്‍ഷഭാരത സംസ്കാരം അനുസരിച്ച് ടീച്ചര്‍മാര്‍ തമ്മിലേ വിവാഹം പാടുള്ളൂ.. എന്നിട്ട് എന്തേ നടക്കുന്നുണ്ടോ?

    തീര്‍ച്ചയായും ഈ പോസ്റ്റ് ആര്‍ഷഭാരതസംസ്കാരത്തിന് ലഭിച്ച സര്‍ട്ടിഫിക്കറ്റാണ്,
    ജാതി എന്ന കാളകൂടവിഷം മനുഷ്യമനസ്സില്‍ നിറച്ച് അവരെ മതിലുകള്‍ കെട്ടിയകറ്റിയതിനുള്ള സര്‍ട്ടിഫിക്കറ്റ്..
    അല്ലാതെ ആധുനിക വിദ്യാഭ്യാസത്തിലൂടെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്ന നിഷ്കളങ്കമനസ്സിനുള്ള സര്‍ട്ടിഫിക്കറ്റേ അല്ല!!!

  20. ടീച്ചര്‍ ഒരു ജാതിയാണെങ്കില്‍ ആര്‍ഷഭാരത സംസ്കാരം അനുസരിച്ച് ടീച്ചര്‍മാര്‍ തമ്മിലേ വിവാഹം പാടുള്ളൂ.. എന്നിട്ട് എന്തേ നടക്കുന്നുണ്ടോ?

    എന്നാരു പറഞ്ഞൂ ട്ടോട്ടോചാന്‍?

    അര്‍ജുനന്‍ (ജോലിവശാല്‍ ക്ഷത്രിയന്‍) വിവാഹിച്ചത്‌ ശ്രീകൃഷ്ണന്റെ(യാദവന്‍) സഹോദരിയെ. ഭീഷ്മരുടെ ഏകാന്തജീവിതത്തിനുകാരണം ഒരു മുക്കുവപ്പെണ്ണ്‌!

    എന്നാലും ട്ടോട്ടോചാന്‍ പറഞ്ഞതുതന്നെ ശരി. ബൈ.

  21. നെഞ്ചില്‍ ജാതിമതഭേദചിന്തകളുടെ നഞ്ച് കലരാതെ കഴിഞ്ഞുകൂടിയ ബാല്യകാലത്തെക്കുറിച്ചുള്ള രചന ഹൃദ്യമായി. അന്നത്തെ തലമുറയില്‍ ഇന്നും ശേഷിക്കുന്ന അതിരുകളില്ലാത്ത സൌഹൃദത്തിന്റെ വേരുകള്‍ ചെന്നെത്തുന്നത് ആ കാലഘട്ടത്തില്‍ നിലനിന്ന ആരോഗ്യകരമായ സാമുഹ്യബന്ധങ്ങളില്‍ തന്നെയാണ്‌.

    പതുക്കെപ്പതുക്കെ ആ നന്‍മ നമ്മളില്‍നിന്ന് ചോര്‍ന്നുപോകുകയും കേരളീയസമൂഹം അനാരോഗ്യകരമായ ചില പ്രേരണകള്‍ക്ക് വശംവദമാകുകയും ചെയ്തു. ഇന്ന് ഹിന്ദുവും മുസ്ലിമും കൃസ്ത്യാനിയും തങ്ങളുടേ മത-ജാതിക്കാര്‍ നടത്തുന്ന വിദ്യാലയങ്ങളില്‍ മാത്രമാണ്‍ പഠിക്കേണ്ടത്` എന്ന് പരസ്യമായി വിളിച്ചുകൂവാന്‍ മടിക്കാത്ത മതനേതൃത്വം പോലുമുണ്ട്!

    സമൂഹം വിവിധ വേലിക്കെട്ടുകള്‍ക്കകത്തേക്ക് വിഘടിച്ചു നീങ്ങുകയും, ആളുകളുടെ മനസ്സില്‍ ഐക്യത്തിന്റേയും പരസ്പര ഗുണകാംക്ഷയുടെയും ചിന്തകള്‍ അവശേഷിക്കാതിരിക്കുകയും, തമ്മില്‍ മനസ്സിലാകാത്ത വിധം അകന്നുപോകുകയും ചെയ്യുന്ന ആസുരകാലത്തിന്റെ അടയാളങ്ങള്‍ ദൃശ്യമായിക്കൊണ്ടിരിക്കുന്നു.

    ഈ സാഹചര്യത്തില്‍ താങ്കളുടെ രചനയില്‍നിന്ന് നിര്‍ഗ്ഗമിക്കുന്ന നന്മയുടെ നറുമണം അതീവ ഹൃദ്യമായി അനുഭവപ്പെട്ടു.

    അന്നത്തെ കുഞ്ഞുമനസ്സില്‍ രൂപപ്പെട്ട ‘മാഷ്‌ ജാതി ‘ ഉല്‍കൃഷ്ടമായ ഒരു ജാതി തന്നെയാണ്‌. അറിവിന്റെയും സംസ്കാരത്തിന്റെയും സമഭാവനയുടെതുമായ അത്തരം ഒരു ജാതിയിലാണ്‌ മനസ്സുകൊണ്ട്‌ എല്ലാവരും അണിചേരേണ്ടത്‌.

  22. ഹാവു, അപ്പൊ എനിയ്ക്കും ഉത്തരം കിട്ടി. മാഷുജാതിതന്നെ, ഒരുതരം, രണ്ടുതരം, മൂന്നുതരം:)
    എനിയ്ക്കു സര്‍ട്ടിഫിക്കറ്റില്‍ ജാതിയില്ല. എന്നോടു അപ്ലിക്കേഷന്‍ ഫോമുകളല്ലാതെ ആരും ജാതി ചോദിച്ചിട്ടില്ല. ഞാനും ഇതുവരെ കൂടെപ്പഠിച്ചവരുടേയോ കൂടെപ്പണിയെടുക്കുന്നവരുടേയോ ജാതി ചോദിച്ചിട്ടില്ല. പല ഉറ്റസുഹൃത്തുക്കളുടേയും ജാതി എന്താണെന്നെനിയ്ക്കറിയില്ല, അറിയണമെന്നു തോന്നിയിട്ടുമില്ല.
    എന്നാലും രസായീ, ഈ മാഷ്‌ജാതി :) നിരക്ഷരന്‍‌ജീ.

  23. ജാതി അരങ്ങ് വാഴുന്ന സമയമായിരുന്നു എന്റെ കുട്ടിക്കാലം..പക്ഷെ അന്നും ഞങ്ങള്‍ക്കറിയില്ലായിരുന്നു എതേതു ജാതിയില്‍ പെട്ടെവരാണ് കൂടെയെന്ന്..മദ്രസ്സക്കാരും, സണ്‍‌ഡെ സ്കൂളുകാരും ആയിരുന്നു അന്നത്തെ മാനദണ്ഡം..ഇന്നത്തെ കുഞ്ഞ് കുട്ടികള്‍ക്ക് പോലും അറിയാം..അവരുടെ ജതികളിലെ തരംതിരിവുകള്‍..ഈ പോസ്റ്റ് നന്നായി..പ്രത്യേകിച്ച് സ്കൂള്‍ പുസ്തകങ്ങളില്‍ ജാതി പറയുന്നു എന്നും പറഞ്ഞ് കേരളം തുള്ളുന്ന സമയത്ത് …

  24. ജാതിക്കഥ കേള്‍ക്കാനെത്തി, സ്വന്തം അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയും, അവരവരുടെ ചിന്തകളും കാഴ്ച്ചപ്പാടുകളുമെല്ലാം ഈ പോസ്റ്റില്‍ കമന്റുകളായി ചൊരിയുകയും ചെയ്ത എല്ലാവര്‍ക്കും വളരെ വളരെ നന്ദി.

    സസ്നേഹം
    -നിരക്ഷരന്‍
    (അന്നും, ഇന്നും, എപ്പോഴും)

  25. പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഞാനും അമ്മൂമ്മയൂം ഒരു ഒന്നാം ക്ലാസ്സുകാരി കുഞ്ഞുപെങ്ങളുടെ വീട്ടില്‍ ചെന്നപ്പോള്‍ അവള്‍ ഒരു ചോദ്യം : “വെല്യമ്മച്ചിയൊക്കെ പള്ളിക്കാരാ‍ണോ അമ്പലംകാ‍രാണോ??”

    ഇത്തരം വിഷമില്ലാത്ത ചോദ്യങ്ങളായിരുന്നു അന്ന്. ഇന്നിപ്പോ മതമില്ലാത്ത ജീവനും മറ്റുമല്ലേ..!!

  26. ഈ പോസ്റ്റ് വായിക്കാന്‍ ഇത്രയും വൈകിപ്പോയതില്‍ വിഷമമുണ്ട്. മാഷേ.. എന്താ പറയ്ണ്ടെ എന്നറിയില്ല…. വായിച്ചപ്പോ വല്ലാതായിപ്പൊയ്യി.
    നമ്മടെ നാടിന്റെ ഒരവസ്ഥ. മതമില്ലത്ത ജീവനും ജീവനില്ലാത്ത മതവും നിറഞ്ഞാടുന്ന പാഠപുസ്തക വിവാദത്തിന്റെ ഈ കാ‍ലഘട്ടത്തിന് തികച്ചും ഉചിതമായ പോസ്റ്റ്.
    ആശംസകള്‍ മാഷേ..

  27. ‘നീയേത് ജാതിയാ?’അപ്പൊ മനോജിനോട് അങ്ങിനെ ചോദിച്ചത് ആരാണെന്ന്? [ചുമ്മാ..]

    ഞാൻ മാഷ് ജാതിയല്ല. ആകാൻ ആഗ്രഹിച്ചിരുന്നു. ജാതി[ജോലി]കളിൽ എനിക്കേറ്റവും ഉയരത്തിലെന്നു തോന്നിയത് എന്നും മാഷ്‌ജാതിയായിരുന്നു

  28. ശരിക്കും ഇത് പോലൊരു കാലം ഉണ്ടായിരുന്നല്ലേ? രാജുവിനെ പോലെ എനിക്കും എന്റെ ജാതി അറിയില്ലായിരുന്നു. എന്റെ പത്താം ക്ലാസ്സ്‌ വരെ.

    അതൊരു കാലം.. ഇനി ഒരിക്കലും തിരിച്ചു വരാത്ത കാലം. :(

    പോസ്റ്റ്‌ വളരെ വളരെ നന്നായിരിക്കുന്നു.

  29. മനുഷ്യര്‍ എല്ലാം ഒരു ജാതി; അല്ലെങ്കില്‍ രണ്ടു ജാതി : സ്ത്രീയും പുരുഷനും, അതല്ലെ ശരി.

  30. ഇത് ഇപ്പോഴാ കണ്ടേ.. അങ്ങിനെ വരുമ്പോള്‍ ഞാന്‍ ഏത് ജാതിയാ? അച്ഛന്‍ സര്‍ക്കാര്‍ സര്‍വ്വീസിലായിരുന്നു. അമ്മയും സര്‍ക്കാര്‍ സര്‍വ്വീസില്‍ ടീച്ചറായിരുന്നു. അപ്പോള്‍ ഞാന്‍ സര്‍ക്കാര്‍ ജാതിയാ.. എന്നോടാ കളി!!

  31. ഒരിക്കൽ ഞാനും ഈ കഥയിലെ ഒരു കുട്ടി മാത്രമായിരുന്നു! അന്നത്തെ ആ’ അറിവില്ലായ്മ ‘ പകർന്ന രസാനുഭൂതികൾ, എത്ര നുണഞ്ഞിട്ടും അലിഞ്ഞു തീരാത്ത ഒരു മിഠായി പോലെ മനസ്സിൽ ഇന്നും ബാക്കിയാവുന്നു. ഉടുപ്പിൻ തുമ്പിൽ പൊതിഞ്ഞ് മിഠായികൾ കടിച്ച് പൊട്ടിച്ച് പങ്കുവെച്ച്‌തിന്ന ആ ബാല്യത്തിന്റെ മധുര സ്മരണകൾ ഉണർത്തി ഈ കഥ!
    Heart Congratsmanoj!!

Leave a Reply to GANASARAl A Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>