പ്രേമലേഖനം


പ്രേമലേഖനം എഴുതുക, കൊടുക്കുക, പിന്നൊരു പ്രേമലേഖനം കിട്ടുക, എന്നതൊക്കെ ചെറിയ കാര്യമൊന്നുമല്ല. ഈ പറഞ്ഞ ഭാഗ്യമൊക്കെ എനിക്കും ഉണ്ടായിട്ടുണ്ട്. പക്ഷെ ചില പ്രത്യേകതകള്‍ ഈ പ്രേമലേഖനത്തിനൊക്കെ ഉണ്ടായിരുന്നു എന്നുമാത്രം. ആദ്യത്തെ പ്രേമലേഖനം ഞാന്‍ എഴുതിയത് പെണ്‍കൊച്ചുങ്ങള്‍ക്കൊന്നുമല്ല. ആണൊരുത്തനു തന്നെ. എഞ്ജിനീയറിംഗ് കോളേജില്‍ എന്റെ സഹപാഠിയായിരുന്ന, ഹോസ്റ്റലില്‍ത്തന്നെ ഒരുമിച്ച് താമസിക്കുന്ന പി.എ.രവികുമാര്‍ എന്ന രവിയേട്ടന്.

Bsc കണക്ക് പഠനം കഴിഞ്ഞ്, ഒന്നാം വര്‍ഷ Msc ചെയ്യുന്നിടത്തുനിന്നാണ് രവിയേട്ടന്‍ എഞ്ചിനീയറിംഗ് കോളേജിലേക്ക് വരുന്നത്. മൂന്നാല് വയസ്സ് മുതിര്‍ന്നയാളായിരുന്നതുകാരണം എല്ലാ‍വരും രവിയേട്ടന്‍ എന്നായിരുന്നു വിളിച്ചിരുന്നത്.

കണ്ണൂരില്‍, പയ്യാമ്പലം ബീച്ചിനടുത്തായിരുന്നു ഞങ്ങളുടെ ഹോസ്റ്റല്‍. മിക്കവാറും ദിവസങ്ങളില്‍ ഹോസ്റ്റല്‍ അന്തേവാസികളെല്ലാം ബീച്ചില്‍ നടക്കാന്‍ പോകുമായിരുന്നു. ബീച്ചില്‍ തിരക്കുള്ള ദിവസങ്ങളില്‍ പ്രത്യേകിച്ചും. വായില്‍നോട്ടം തന്നെയാണ് പ്രധാനലക്ഷ്യം. രവിയേട്ടനും സ്ഥിരം നടത്തക്കാരനായിരുന്നു. പക്ഷെ ഇഷ്ടന്റെ നടത്തം കുറച്ച് ഗൌ‍രവമുള്ളതായിട്ടാണ് ഞങ്ങള്‍‌ക്ക് തോന്നിയിട്ടുള്ളത്. എന്തായാലും ശരി,രവിയേട്ടന്റെ സ്ഥിരം നടത്തം കണ്ട് മനമിളകിപ്പോയ ഒരു ‘അജ്ഞാതസുന്ദരി‘ മനോഹരമായ ഒരു പ്രേമലേഖനം അദ്ദേഹത്തിനെഴുതുന്നു.

ജോഷി,നന്ദന്‍,ജയ്‌ദീപ്,ശേഷഗിരി,അനില്‍,ശ്രീകുമാര്‍ എന്നീ വളരെ അടുത്ത ചില സുഹൃത്തുക്കളും ഞാനും ചേര്‍ന്ന് ഒപ്പിച്ച ഒരു പരിപാടിയായിരുന്നത്. കത്തിലെ കൈപ്പട എന്റേതുതന്നെ. വളരെ മിനക്കെട്ട് എല്‍.പി. സ്കൂളില്‍ പഠിക്കുമ്പോള്‍പ്പോലും എഴുതാത്ത അത്ര മനോഹരമായ വടിവോടെ, ഒരു പെണ്‍കുട്ടിയുടേതെന്ന് ആരും വിശ്വസിക്കുന്ന തരത്തിലായിരുന്നു ആ കത്തെഴുതിപ്പിടിപ്പിച്ചിരുന്നത്.

പ്രേമലേഖനം കിട്ടിയ രവിയേട്ടന്‍ ഇളകിപ്പോയെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ?!
അടുത്തദിവസം ബീച്ചില്‍‌വെച്ച് കാണാമെന്നാണ് ‘കാമുകി‘ കത്തിലെഴുതിയിരിക്കുന്നത്. അതുകൊണ്ട് രവിയേട്ടന്‍, കുട്ടിക്കൂറ പൌഡറൊക്കെയിട്ട് കുറെക്കൂടെ സുന്ദരനായി ബീച്ച് മുഴുവന്‍ കറങ്ങിനടന്നു. ഈ കാഴ്ച്ച നേരിട്ട് കണ്ടാസ്വദിക്കാന്‍ ഞങ്ങളും ബീച്ചിലുണ്ടായിരുന്നു. ഇടയ്ക്കെപ്പോഴോ രവിയേട്ടനെ കണ്ടുമുട്ടിയപ്പോള്‍ ഉള്ളില്‍ പൊട്ടിവന്ന ചിരി പുറത്തുകാട്ടാതിരിക്കാന്‍ നന്നായി ബുദ്ധിമുട്ടി. രവിയേട്ടന്റെ കണ്ണുകളപ്പോളും അജ്ഞാതകാമുകിക്കുവേണ്ടി ബീച്ചിലാകെ പരതി നടക്കുകയാണ്.

കത്തെഴുതിയ ലലനാമണിയെ കാണാന്‍പറ്റാതെ നിരാശനായി തിരിച്ചുവന്ന രവിയേട്ടന്‍ രണ്ടുദിവസത്തിനുശേഷം വീണ്ടുമൊരു ‘കാതല്‍ കടിതം’ കൈപ്പറ്റുന്നു. “കൂടെ മറ്റ് സുഹൃത്തുക്കള്‍‌ ഉണ്ടായിരുന്നതുകൊണ്ടാണ് ഞാന്‍ അടുത്തുവന്ന് സംസാരിക്കാതിരുന്നത് “ എന്നാണ് പുതിയ കത്തില്‍ കാമുകി വിശദീകരിക്കുന്നത്.

ഈ പ്രേമലേഖനം, രവിയേട്ടന്‍ കൂടുതല്‍ വിശ്വസിച്ചുവോ, അതോ ഹോസ്റ്റലിലെ ഏതെങ്കിലും തിരുമാലികള്‍‌ ഒപ്പിച്ച പണിയാണോ എന്ന് സംശയിച്ചുവോ എന്ന് ഞങ്ങള്‍ക്കറിയില്ല. എന്തായാലും അഞ്ചടി നാലിഞ്ച് മാത്രം കിളരമുള്ള രവിയേട്ടന്‍ ബീച്ചില്‍പ്പോയി, വല്ല പെമ്പിള്ളേരെയും കേറിമുട്ടി അടിമേടിക്കേണ്ടെന്ന് കരുതി, കത്തെഴുതിയ ‘കാമുകി’യെ ഞങ്ങള്‍‌ അവസാനം അങ്ങേരുടെ മുറിയില്‍ക്കൊണ്ടുപോയി കാണിച്ചുകൊടുത്തു. നല്ലവനായ രവിയേട്ടന്, ഞങ്ങള്‍‌ക്കില്ലാത്ത പക്വത ആവശ്യത്തിലധികം ഉണ്ടായിരുന്നതുകൊണ്ട് വളരെ സ്പോര്‍ട്ടീവായിട്ടാണ് ഈ തെമ്മാടിത്തരത്തെ ചിരിച്ചു തള്ളിയത്.

അങ്ങിനെയിരിക്കുമ്പോളതാ എനിക്കും കിട്ടുന്നു ഒരു പ്രേമലേഖനം.
കാമുകി അജ്ഞാതയൊന്നുമല്ല. ജൂനിയര്‍ ബാച്ചിലെ ഒരു ‘സുന്ദരിക്കോത’.ലേഡീസ് ഹോസ്റ്റലില്‍ ഒരു ഓമനപ്പേരിലും, മെന്‍സ് ഹോസ്റ്റലില്‍ ഒരു വട്ടപ്പേരിലും അറിയപ്പെടുന്നവള്‍‌.(ശരിക്കുള്ള പേര് കൊന്നാ‍ലും പറയൂല.)

കത്ത് വായിച്ചപ്പോള്‍‌ത്തന്നെ ഒരു വശകൊശപ്പിശക്. ഒരു പെണ്‍കുട്ടി ഒരിക്കലും എഴുതാന്‍ സാദ്ധ്യതയില്ലാത്ത, അതും ഒരു കാമുകന്, കുറെ വളിപ്പുകളെല്ലാം കത്തിലുണ്ട്. അതുകൊണ്ടുതന്നെ കത്ത് എഴുതിയിരിക്കുന്നത് മെന്‍സ് ഹോസ്റ്റലില്‍ നിന്നുതന്നെയാണെന്ന് എനിക്കുറപ്പായി.പ്രതികാരം ചെയ്യാന്‍ വേണ്ടി രവിയേട്ടന്‍ പറ്റിച്ച പണിയാണോ ? ഏയ് അതാകാന്‍ വഴിയില്ല. അങ്ങേര് അത്തരക്കാരനൊന്നുമല്ല.

പിന്നാരായിരിക്കും ലേഖകന്‍ ?
ആലോചിട്ടൊരു പിടുത്തവും കിട്ടുന്നില്ല.
രവിയേട്ടന് കത്തെഴുതാന്‍ എന്റെകൂടെനിന്നവന്മാരെ സംശയിച്ചേ പറ്റൂ. എല്ലാം കള്ളത്തിരുമാലികളാണ്. പക്ഷെ ആരോടും ചോദിക്കാന്‍ മനസ്സനുവദിക്കുന്നില്ല.അവന്മാര് പിന്നേം ഇട്ട് കളിപ്പിക്കും. ഞാനില്ലാത്തപ്പോള്‍ ഇക്കാര്യവും പറഞ്ഞ് ചിരിച്ച്, അട്ടഹസിച്ച്, അര്‍മ്മാദിക്കും. അങ്ങനിപ്പോ സുഖിക്കണ്ട.

പക്ഷെ, ആദ്യമായി ഒരുപ്രേമലേഖനം കിട്ടിയ ഒരു കാമുകന്റെ മനസ്സിന്റെ വിങ്ങല്‍ എത്രനാള്‍ ഞാന്‍ മറച്ചുവെക്കും. ഇവന്മാരാരോടെങ്കിലും പറഞ്ഞേ പറ്റൂ എന്ന അവസ്ഥയിലായി കാര്യങ്ങള്‍. അവസാനം അക്കൂട്ടത്തില്‍ കുറച്ചെങ്കിലും വിശ്വസിക്കാന്‍ പറ്റുന്ന ഒരുത്തനാണെന്ന കണക്കുകൂട്ടലില്‍, ശേഷഗിരിയോട് കാര്യം അവതരിപ്പിച്ചു.

“എടേയ് ഗിരീ, എനിക്കൊരു ലവ് ലെറ്റര്‍ ‍കിട്ടിയിട്ട് ദിവസം കുറച്ചായി. സാധനം അയച്ചിരിക്കുന്നത് നമ്മുടെ കൂട്ടത്തിലെതന്നെ ഏതോ ഒരു മറ്റവനാണെന്ന് എനിക്കുറപ്പാണ്. പക്ഷെ, അതാരാണെന്ന് കണ്ടുപിടിക്കാനെന്താ വഴി? അയച്ചവന്മാര്‍ ഇതറിയരുത്. അറിഞ്ഞാല്‍ അവര് ജയിച്ചതുപോലാകും. അതുപറ്റില്ല.“

എന്തൊക്കെയാലും അവസാനം അവര് തന്നെ ജയിച്ചു. ഞാന്‍ തോറ്റു. വെറും തോല്‍‌വിയൊന്നുമല്ല. ശരിക്കും തോറ്റു തൊപ്പിയിട്ടു. കാരണം വേറൊന്നുമല്ല. ശേഷഗിരി അടക്കമുള്ള എല്ലാവന്മാരും ചേര്‍ന്നുതന്നെയാണ് ആ പണിപറ്റിച്ചത്. കത്തിലെ കൈപ്പട എന്റെ സഹമുറിയനായ ജോഷിയുടേതും.

Comments

comments

48 thoughts on “ പ്രേമലേഖനം

  1. today i am the first person to write a comment.really superb.expecting much more college stories from u.ennaalum aaraayirunnu aa kathile sundarikkotha!

  2. ദൈവമേ എന്റെ ഒരു പ്രേമലേഖനത്തിന്റെ ഹാങ്ങോവര്‍ ദാ ദിപ്പോ എന്റെ ബ്ലോഗില്‍ തീര്‍ന്നതെയുള്ളൂ..ആരും തേങ്ങയുടക്കാത്ത സ്തിഥിക്ക് ഒരു തേങ്ങ ഉടച്ചു വായന തുടങ്ങാം..

    **********ഠോ********

  3. “പക്ഷെ, ആദ്യമായി ഒരുപ്രേമലേഖനം കിട്ടിയ ഒരു കാമുകന്റെ മനസ്സിന്റെ വിങ്ങല്‍ എത്രനാള്‍ ഞാന്‍ മറച്ചുവെക്കും.”

    ശരി തന്നെ!! എന്നാലും ആ സംശയത്തിന്റെ ഉള്ളിലും ഒരു ‘സുഖം’ അനുഭവിച്ചില്ലേ നിരക്ഷരാ, സത്യം തെളിയുന്നവരെ?! അത് യഥാര്‍ത്ഥ്യമാകാണേ എന്നു വിചാരിച്ചില്ലേ ഒരു നിമിഷത്തേക്കെങ്കിലും??

    ഈ പ്രേമത്തിന്റെയൊക്കെ ഒരു ശക്തിയേ…
    നന്നായിരിക്കുന്നു നിരക്ഷരന്‍..

  4. ചട്ടനെ പൊട്ടന്‍ ചതിച്ചാല്‍ ചെട്ടിയെ പടച്ചോന്‍ ചതിക്കും എന്നോ മറ്റോ ഉള്ള ഒരു ബനാനാടോക്ക് കേട്ടിട്ടില്ലേ? നിരന്റെ കാര്യത്തില്‍ അത് ശരിയായി….

    പക്ഷെ വേറൊരു കാര്യമുണ്ട്. നിരന് ആ ലവ്‌ലെറ്റര്‍ കിട്ടിയപ്പൊഴേ മനസിലാക്കേണ്ട ഒരു കാര്യമുണ്ടായിരുന്നു,
    “ദുര്‍ന്നടപ്പുകാരനും,
    ദുര്‍ഗ്ഗുണ കലവറയുടെ കാവല്‍ക്കാരനും,
    തോക്കും, പിച്ചാത്തിയും,
    തോന്ന്യാസങ്ങളും മാത്രം വഴങ്ങുന്നവനും,
    കാഴ്ച്ചയില്‍ ഭീകരനുമായ“
    ഒരുത്തന് പ്രേമലേഖനം കൊടുക്കാന്‍ മാത്രം പ്രാന്തുള്ള പെണ്‍പിള്ളേര് ജനിച്ചിട്ടുണ്ടാവില്ലെന്ന്…

    നല്ല പോസ്റ്റ് മനോജേട്ടാ…

    ഓഫ്: എന്റെ ഒരു സുഹൃത്തിന് ഇപ്പൊ കുറച്ചായിട്ട് ഒരു പെണ്‍കുട്ടിയെ “വീഴ്ത്തണം” എന്നൊരാഗ്രഹം…ഞാന്‍ എന്റെ ബ്ലോഗില്‍ ചവറുകള്‍ എഴുതുന്നത് കണ്ടിട്ട് എനിക്ക് സാഹിത്യപരമായി ഈ സംഗതി എഴുതാന്‍ പറ്റും എന്ന് അവന്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. അവനുവേണ്ടി ഞാന്‍ ഒരു ലൌ ലെറ്റര്‍ എഴുതണമെന്ന്. ഒരെണ്ണം എഴുതിത്തരാമോ?

  5. അങ്ങനെ മനസ്സില്‍ ഒളിപ്പിച്ചു വെച്ചതൊക്കെ പുറത്തേക്കു വരട്ടെ. അടുത്ത പോസ്റ്റ് ആദ്യം ഏതെങ്കിലും പെണ്‍കുട്ടിക്ക് കൊടുത്ത പ്രേമലേഖനത്തെക്കുറിച്ചാകാം. ഏതെങ്കിലും പെണ്‍കുട്ടി പ്രേമലേഖനം തന്നിട്ടുണ്ടെങ്കില്‍ അതുമാകാം. (കുടുംബം കലക്കാന്‍ എന്താ ഒരു ഉത്സാഹം…)

  6. എല്ലാരും തേങ്ങയടിക്കുകയാണ്.അതു കൊണ്ട് പുതുമയായിക്കൊട്ടെ…ദാ കെടക്കണു101 കതിനാവെടി.

    നന്നായിരിക്കുന്നു.

  7. നിരക്ഷരന്‍, ‘പാവം പാവം രാജകുമാരന്‍’ സിനിമ കണ്ടിട്ടുണ്ടോ? അതിലെ ശ്രീനിവാസനും ഇതേപോലെ ഒരു ‘മിസ്കീന്‍ മിസ്കീന്‍ ഷേയ്ക്ക്‘ ആയിരുന്നു. നിങ്ങള്‍ടെ അതേ നാട്ടുകാരനും അല്ലേ. പറഞ്ഞിട്ട് കാര്യമില്ല. :)
    പയ്യാമ്പലം ബീച്ചില്‍ ഒരു സിനിമാഷൂട്ടിംഗ് സംബന്ധമായി ഞാന്‍ ഇയ്യിടെ ചെന്നിരുന്നു. ആരിലും പ്രണയം ഉയര്‍ത്തുന്ന കടാപ്പുറം തന്നെ അത്!

  8. ജീവിതത്തില്‍ ഒരു പ്രേമലേഖനം പോലും കിട്ടാനോ കൊടുക്കാനോ ഭാഗ്യമില്ലാതെ പോയ എനിക്ക് പ്രേമലേഖനം എന്നു കേള്‍ക്കുമ്പൊ തന്നെ ഒരു ത്രില്‍ ആണ്. ന്നാലും എന്റെ മനോജേ, തനിക്കാദ്യം കിട്ടിയ പ്രേമലേഖനം ഇങ്ങിനായി പോയല്ലൊ

    കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നു പറയുന്നത് ഇതാണല്ലേ

  9. സിന്ധൂ – ആദ്യം തന്നെ വന്ന് കമന്റടിച്ചതിന് നന്ദി. ആ സുന്ദരിക്കോതയെ പുറത്ത് പറയാന്‍ നിര്‍വ്വാഹമില്ലല്ലോ ? വല്ലിടത്തും കെട്ട്യോനും കൊച്ചുങ്ങളുമൊക്കെയായി മനസ്സമാധാനമായിട്ട് കഴിഞ്ഞോട്ടെ. ഞാനായിട്ട് കുടുംബകലഹം ഉണ്ടാക്കില്ല. :)

    നന്ദകുമാര്‍ – ആ തേങ്ങാ ഞാന്‍ കറിക്കെടുത്തു. നന്ദി :)
    “സത്യം തെളിയുന്നവരെ?! അത് യഥാര്‍ത്ഥ്യമാകാണേ എന്നു വിചാരിച്ചില്ലേ ഒരു നിമിഷത്തേക്കെങ്കിലും??“

    ആ ചോദ്യത്തിന് ഒരു കള്ളച്ചിരിയാണ് മറുപടി. :)
    നന്ദകുമാരിന്റെ പ്രേമലേഖനം ഞാന്‍ വായിച്ചു. ഒന്നൊന്നര സംഭവം തന്നെ. അവസാനം വിഷമിപ്പിച്ചു.

    കുറ്റ്യാടിക്കാരാ – എനിക്കിട്ട് പണി തരാന്‍ കച്ചകെട്ടി ഇറങ്ങീരിക്കാണല്ലേ ?

    എന്തെങ്കിലുമാകട്ടെ, നല്ല ചൊള തന്നാല്‍, കൂട്ടുകാരനുവേണ്ടി ഞാനൊരു പ്രേമലേഖനം എഴുതി തരാം. നിരക്ഷരന്മാര്‍ എഴുതുന്ന പ്രേമലേഖനത്തിനൊക്കെ ഭയങ്കര റേറ്റാണ് കേട്ടോ ? :)

    ഷാരൂ – കുടുംബം കലക്കും എന്നൊക്കെ പറഞ്ഞ് ചുമ്മാ കൊതിപ്പിക്കല്ലേ കൊച്ചേ. പറ്റുമെങ്കില്‍ ചെയ്ത് കാണിക്ക്. അങ്ങിനെയെങ്കിലും ഞാനൊന്ന് രക്ഷപ്പെട്ടൊട്ടേ :)

    കാപ്പിലാന്‍ – രണ്ടാമന്‍ എന്നുവെച്ചാല്‍, ഈ മാര്‍പ്പാപ്പ രണ്ടാ‍മന്‍ എന്നൊക്കെ പറയുന്ന പോലാണോ ? :)

    ശിവാ – എന്നാ പറയാനാ, മാനം പോയി :)

    പൊറാടത്ത് – ഞാനത്ര പാവമൊന്നുമല്ലെന്ന് ഇത് വായിച്ചപ്പോള്‍ മനസ്സിലായില്ലേ ? :)

    പ്രിയാ ഉണ്ണികൃഷ്ണന്‍ – കൊല്ലും ഞാന്‍, ഓടിക്കോ :)

    അത്ക്കന്‍ – ആ പുതുമയുള്ള 101 കതിനാവെടി ഞാന്‍ സ്വീകരിച്ചിരിക്കുന്നു. നന്ദി :) അത്ക്കന്‍ എന്ന പദത്തിന്റെ അര്‍ത്ഥം എന്താ മാഷേ ?

    മയൂരാ – വേണ്ടാ വേണ്ടാ :) കൊല്ലും ഞാന്‍ :)

    ഏറനാടാ – പാവം പാവം രാജകുമാരന്‍ സിനിമ ഞാന്‍ കണ്ടിട്ടുണ്ട്. നല്ല സിനിമയായിരുന്നു.

    കര്‍ത്താവേ ചതിച്ചോ ? ഞാന്‍ ആ സിനിമ വേച്ച് തട്ടിക്കൂട്ടിയ പോസ്റ്റാണിതെന്ന് ജനം കരുതിക്കാണുമോ ?
    സത്യമായിട്ടും ഇതെന്റെ കോളേജ് ജീവിതത്തില്‍ നിന്നുള്ള ഒരു ഏടാണ്. സാക്ഷികളായ ജോഷിയും, നന്ദനും, ശേഷഗിരിയും, ശ്രീകുമാറും, ജയ്‌ദീപുമൊക്കെ കാണാമറയത്തിരുന്ന് ഇതൊക്കെ വായിക്കുന്നുണ്ട്. പക്ഷെ അവര് കമന്റടിക്കുന്ന കൂട്ടത്തിലല്ല. ഡീസന്റ് പാര്‍ട്ടീസാ.അവര്‍ മാത്രേയുള്ളൂ തുണ. ങ്ങാ…പിന്നെ നമ്മുടെ രവിയേട്ടനിപ്പോള്‍ ദുബായീല് പൊങ്ങിക്കൊണ്ടിരിക്കുന്ന ഏറ്റവും പൊക്കമുള്ള കെട്ടിടത്തിന്റെ കണ്ട്രക്ഷന്‍ കമ്പനീലെ എഞ്ചിനീയറാണ്. അങ്ങേരോട് ചോദിച്ചാലും സത്യം അറിയാം.

    ലക്ഷ്മീ – കൊടുത്താല്‍ കൊല്ലത്തും കിട്ടും, കണ്ണൂര് എന്തായാലും കിട്ടും എന്ന് ഉറപ്പായി. ഇനി ഒരു രഹസ്യം പറയട്ടെ? ഇതുവരെയുള്ള കണക്കെടുത്താല്‍, ഇത് തന്നെയായിരുന്നു എനിക്ക് ആദ്യമായും അവസാനമായും കിട്ടിയ പ്രേമലേഖനം. ഞാന്‍ കൊടുത്തതും രവിയേട്ടനുള്ള ഈ പ്രേമലേഖനം തന്നെ. പറ്റുമെങ്കില്‍ ഇനീം ഒന്നുരണ്ടെണ്ണം ആര്‍ക്കെങ്കിലും കൊടുക്കണം. പൊണ്ടാട്ടി സമ്മതിക്കുമോന്നറിയില്ല :)
    എന്നാലും പ്രേമലേഖനം കിട്ടാത്ത ഒരു പെണ്ണോ? കഷ്ടം. ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല കേട്ടോ :) :)

    ഗോപന്‍, റഫീക്ക് , ഉഗാണ്ട രണ്ടാമന്‍…എന്റെ പ്രേമലേഖനം വായിക്കാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.

  10. അയ്യോ നിരച്ചരാ ഇതു മിസ്സായിപ്പോയി..

    എഡൊ തനിക്കറിയാമോ, നീണ്ട 8 കൊല്ലം പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‌ പിടിപ്പതു പണിയുണ്ടാക്കിയിട്ടാ ഞാനും പെണ്ണുംപിള്ളേം ഒടുവില്‍ കെട്ടിയത്‌. എഴുതിയ പ്രണയലേഖനങ്ങള്‍ക്കു കണക്കില്ല. :)

  11. നിരക്ഷരോ അപ്പോ അങ്ങനെയാണ് കാര്യങ്ങള്‍ ല്ലേ?വേണേല്‍ ഷാരൂന്റെ കൂട്ടത്തില്‍ ഞാനും ഉത്സാഹിക്കാം.:)
    ഞാനും ആ പാവം ലക്ഷ്മീടെ കൂട്ടാ.ഇന്നുവരെ നോ യോഗം ഫൊര്‍ പ്രേമലേഖനം കൊടുക്കല്‍ വാങ്ങല്‍.

  12. ഹഹഹ…. എന്താ ഇതു. എഴുതിയവനൊരു മറുപടി കൊടുക്കേണ്ടായിരുന്നോ?
    എനിയ്ക്കും കിട്ടി ഒരെണ്ണം; പ്രിയ ഷൈനീ, നീ മാത്രമാണു മനസില്‍… നീ തന്ന മോതിരം വിറ്റു ഞാന്‍ നിനക്കൊരു സാരി മേടിച്ചു….” ബിസിനസ്സ് ഡിസിഷന്‍ മേക്കിങ്ങ് ക്ളാസ്സില്‍ ഇരുന്ന് ഒരു ഡിസിഷന്‍ എടുക്കാന്‍ വയ്യാതെ ഞാന്‍ വിയര്‍ത്തു, കൈ വിറച്ചു, എന്റെ മുഖം പലവര്‍ണ്ണമായി… കണ്ടിരുന്ന കൂട്ടുകാര്‍ ആര്‍ത്തു ചിരിച്ചു. അതിലൊരുവന്റെ മുഖത്തൊരു വളിപ്പ്… അവനു ഞാന്‍ തിരിച്ചെഴുതി ” ചേട്ടന്‍ തന്ന സാരി പെട്ടിയില്‍ വച്ചു പൂട്ടി, താക്കോല്‍ സാരിയുടെ തുമ്പത്തു കെട്ടി വച്ചിട്ടുണ്ട്”
    കൗമാരവും കുരുത്തക്കേടും കൈകോര്‍ക്കുന്ന കോളേജു നാളുകള്‍!…. ഒരിയ്ക്കലും മറക്കാന്‍ വയ്യ!

  13. ഇതെല്ലാരും ചെയ്യുന്ന പരിപാടിയാണല്ലേ :) 12ല്‍ പഠിക്കുമ്പോ കൂട്ടം തെറ്റി നടക്കുന്ന ഒരു ഒറ്റ കിളിക്കിട്ട് ഇങ്ങനൊരു പണി ഞങ്ങളും ഒപ്പിച്ചിരുന്നു. അവസാനം അവള് കൈ വിട്ടുപോവുന്നെന്ന് കണ്ടപ്പോ കൂട്ടത്തിലൊരു ദുര്‍ബലഹൃദയ പോയി കാര്യം പറഞ്ഞു. എന്നാലും അതിന്റൊരു ചമ്മലവള്‍ക്കില്ലായിരുന്നെ. അടി ചോദിച്ചുവാങ്ങുന്ന ശീലം അന്നില്ലാതിരുന്നതോണ്ട് ആരും കളിയാക്കാനൊന്നും പോയില്ല. എന്നാലും അന്ന് പുള്ളിക്കാരീടെ ഒരു ‘ധക്ക് ധക്ക് ഹോനേ ലഗാ’ കാര്യായിട്ട് ആസ്വദിച്ചു. ;)

  14. കലക്കി മാഷേ..സൂപ്പര്‍ പോസ്റ്റ്..ഇതു വായിച്ചപ്പോള്‍,നമ്മുടെ ശ്രീനിവാസന്‍ ചേട്ടന്റെ “പാവം പാവം രാജകുമാരന്‍ ” ഓര്ത്തു പോയി…

  15. കമന്റാതെ പോവുന്നതെങ്ങനെ..
    ആദ്യത്തെതവണ അവള്‍തന്ന ക്രിസ്മസ് കാര്‍ഡും(ഡിസമ്പര്‍ 25 ആണ് അവളുടെ ജന്മദിനം) ഒരു ചെറുകുറിപ്പും, പിന്നീടു തന്നവയില്‍ ചിലതും, ഞാനെഴുതിയിട്ടും കൊടുക്കാതെയിരുന്ന ചിലതും ഞാനൊരു കവറിലിട്ടു സൂക്ഷിച്ചിട്ടുണ്ട്.സൂക്ഷിച്ചു വക്കുമ്പോള്‍ പിന്നീടു നശിപ്പിച്ചു കളയാമെന്നു വച്ചു, കുറേ പിന്നീടു കത്തിച്ചു കളയുകയും ചെയ്തു.അപ്പോഴാണ് ഈ വര്‍ഗ്ഗത്തിലെ കത്തുകള്‍ വംശനാശം നേരിടുന്നുണ്ടെന്നു തോന്നിയത് അതുകൊണ്ടാണ് ബാക്കിയുള്ളവ സൂക്ഷിച്ചിരിക്കുന്നത്.ഇടയ്ക്കൊക്കെ അതെടുത്തു നോക്കുമ്പോള്‍ പ്രണയത്തിന്റെ നറുമണമൂറും നിലാവും തെന്നലും ചുറ്റും നിറയുന്നത് അറിയാറുണ്ട് ഉള്ളില്‍.

  16. പണ്ടു വേറെ ഒരാള്‍ക്ക്‌ വേണ്ടി കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണു …..അങനെ കരുതിയാല്‍ മതി

  17. നന്നായിരിക്കുന്നു…ഞാന്‍ തുടങ്ങിയ ബൂലോകത്തേക്ക് വന്നതിന്

  18. കുറെ നാളായി ഇതിലെ വന്നിട്ട്…
    നല്ല പോസ്റ്റ്.
    “കൊടുത്താല്‍ കൊല്ലത്തും കിട്ടും…”
    എങ്കിലും ഒരിത്തിരി നേരം, മനസ്സില്‍ ഒരു ആശ തോന്നിപ്പോയി, ഇല്ലേ?

  19. പിന്നെ, പ്രേമലേഖനം കിട്ടിയിട്ടില്ലാത്ത പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ ചോദിച്ചോളൂ…
    എത്രയെണ്ണം വേണേലും തരാം…
    :)

  20. Good. just remembered the college day’s funs when i went through your blog. It was wonderful time.I think we both are the “products” from same engineering college..may b I am a ju-ju… junior.. Keep writing.. all the best.
    The request for comment is really funny and great, especially
    “കമന്റടി പാപമായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നിപ്പോ കമന്റ് ച്യാദിച്ച് വാങ്ങുന്നു. കാലം പോയ പോക്കേ… :)”

  21. ♥ ♪♪ പ്രീയതമാ പ്രീയതമാ
    പ്രണയ ലേഖനം എങ്ങനെ എഴുതണം
    മുനികുമാരികയല്ലോ ഞാന്‍
    മുനികുമാരികയല്ലോ ♪♪ ♥

    തമാശല്ലാ ഇതു വയിച്ചു എന്തു മറുപടി എഴുതും എന്ന് കരുതിയിരിക്കുമ്പോഴാ 94.7എഫ് എം
    ഈ പാട്ട് വച്ചു കീച്ചുന്നത് ….

    ഞങ്ങളുടെ കാലത്തു ഇതു പോലെ പ്രണയലേഖനങ്ങള്‍ ക്യാമ്പസില്‍ വന്നാല്‍ പിന്നെ ആഘോഷമാ, അതു കൈ മാറി എല്ലാവരും അതു ഒരു വട്ടം വായിക്കും പിന്നെ കൂട്ടം കൂടി ഇരുന്ന് വികാരാ വായ്പ്പൊടെ വായിക്കും …

    അപ്പൊ പുറപ്പെടുന്ന
    കമന്റുകളാരുന്നു കമന്റുകള്‍
    അല്ലാതെ ഞാന്‍ ഇപ്പൊ എഴുതുന്നതല്ലാ..
    എന്നാലും,നീരൂ പോസ്റ്റ് തെറ്റില്ലാ,കേട്ടോ!

  22. പ്രേമത്തിന്‌ അതിന്‌ ഇഷ്ടമാകുവോളം അതിനെ ഇളക്കരുത്‌ ഉണര്‍ത്തുകയുമരുത്‌ എന്നല്ലെ.ഇളക്കതെ ഉണര്‍ത്തതെ അവള്‍ പോയി.കിട്ടിയ കത്തുകളില്‍ പ്രേമം ഉണ്ടായിരുന്നൊ? എപ്പഴൊ ഒരു വരി………………..അത്ര തന്നെ……താങ്കള്‍ കുറേ ഒര്‍മകളിലേക്ക്‌ എന്നെ കൊണ്ടു പൊയി

  23. അല്ല മാഷെ ഇയാളു കുട്ടികൂറാ ഇട്ട് ലേഡീസ് ഹോസ്റ്റലിനു മുന്‍പില്‍ എത്ര മണിക്കൂര്‍ നിന്ന് എന്നറിയാന്‍ ശേഷഗിരിയോ മുകളില്‍ പറഞ്ഞ അവതാര‍ങ്ങളോ ഇല്ല്യല്ലോ ബ്ലോഗില്‍..തെളിവിന്റെ അഭാവത്തില്‍ ഞങ്ങളീ ബ്ലോഗര്‍ ഇതെല്ലാം അങ്ങു വിശ്വസികുവാ…എല്ലാം…

  24. പാമരാ – ജ്ജ് ആള് കൊള്ളാല്ലോ ? ആ പ്രേമലേഖനമൊക്കെ ഒന്ന് പൊടിതട്ടി എടുത്ത് ബ്ലോഗിലിടാന്‍ പറയ് പൊണ്ടാട്ടീനോട്. സൂപ്പര്‍ ഹിറ്റാവും.

    ആഗ്നേയാ – പ്രേമലേഖനം കിട്ടാത്ത പെണ്ണോ ? ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല. തല്‍ക്കാലം ജബ്ബാറിനോട് ഒരെണ്ണം എഴുതിത്തരാന്‍ പറയ്, എന്നിട്ട് അത് വെച്ച് അഡ്‌ജറ്റ് ചെയ്യ് :)

    ധ്വനി – അതൊരു കലക്കന്‍ സംഭവമായിരുന്നിരിക്കണമല്ലോ ? ആ രംഗം ആലോചിക്കുമ്പോഴേ ചിരി വരുന്നു :) :) അതൊക്കെ എത്ര നല്ല കാലങ്ങള്‍ അല്ലേ ?

    അന്യന്‍ – കലക്കി അന്റെ പ്രേമലേഖനം. ഓള്‍ക്ക് 100 മാര്‍ക്ക് :)

    രുദ്ര – ആരും മോശക്കാരല്ലല്ലേ ? ആ ധക്ക് ധക്ക് കണ്ടുനില്‍ക്കാന്‍ ഒരു രസാമാ അല്ലേ ?

    സ്മിതാ ആദര്‍ശ് – പാവം പാവം രാജകുമാരന്‍ എഴുതുമ്പോള്‍ തന്റെ വിദ്യാഭ്യാസകാലത്ത് ഇതുപോലെ നടത്തിയ പല വിക്രിയകളും ശ്രീനിവാസന്‍ ഓര്‍ത്തുകാണും അല്ലേ ?

    കാവലാന്‍ – അതൊക്കെ ഒന്ന് തപ്പിയെടുത്ത് ബ്ലോഗില്‍ ഇടുന്നതിനെപ്പറ്റി ആലോചിക്കരുതോ ?

    പുടയൂര്‍ – പിന്നല്ലാതെ :)

    ഷിബു – അതന്നേ… :)

    തസ്ക്കരവീരന്‍ – ഇത്തിരി നേരമെങ്കിലും കൊതിച്ചുപോയീന്നുള്ളത് സത്യം തന്നെ. മാഷ്‌ക്ക് അതെങ്ങിനെ മനസ്സിലായി ? :) ആ രണ്ടാമത്തെ കമന്റില്‍ പറഞ്ഞ സംഭവം വേണ്ടാട്ടോ …ഡോണ്ടൂ, ഡോണ്ടൂ… :)

    വാല്‍മീകി – ഏത് പകുതിയാ മാഷേ വിശ്വസിച്ചത് ? രണ്ടാമത്തെ പകുതി ആയിരിക്കും അല്ലേ ? :) :)

    നിഷാനാ – ഒരു ജൂനിയര്‍ സഹോദരിയെ ഇവിടെ കാണാ‍ന്‍ പറ്റിയതില്‍ വല്യ സന്തോഷമായി. കൊച്ചിന്റെ ബ്ലോഗില്‍ ഞാന്‍ വന്ന് നോക്കി. അപ്പടി ഇംഗ്ലീഷാണല്ലേ ? മലയാളത്തില്‍ത്തന്നെ നിരക്ഷരനായ ഞാന്‍ ഇംഗ്ലീഷ് വായിക്യേ ?പടച്ചോന്‍ പോലും പൊറുക്കൂല :):)

    മാണിക്യേച്ചീ – അതൊരു ഒന്നൊന്നരക്കാലം ആയിരുന്നിരിക്കണം അല്ലേ ?

    കുമാരന്‍ – കോളേജ് കാലത്ത് എല്ലായിടത്തും എല്ലാവര്‍ക്കും ഇതൊരു ഏര്‍പ്പാടാണെന്ന് ഇപ്പോള്‍ പുടികിട്ടി :)

    ഗൌരീനാഥന്‍ – ഹോ …ഭയങ്കര പുത്തി തന്നെ. എല്ലാം മനസ്സിലാക്കിക്കളഞ്ഞല്ലോ ? :) :)

    കുഞ്ഞിപ്പെണ്ണേ – മാഷ് ജാതി ഇഷ്ടായെന്നറിഞ്ഞതില്‍ സന്തോഷം. അയ്യോ എന്നെ ശപിക്കാതെ. ഒന്നൂല്ലേലും ഞാനൊരു പ്രേമലേഖനമല്ലേ എഴുതിയത്. തെറിക്കത്തൊന്നുമല്ലല്ലോ ? :) :)

    നന്ദന്‍, ശേഷഗിരി, ജോഷി, ജിഹേഷ്, ഗീതേച്ചീ, ഷിഹാബ്,ലൈഫ് ആര്‍ട്ട്, മഹി,മിസ്റ്റീരിയസ്……

    പ്രേമലേഖനം വായിക്കാനെത്തിയ എല്ലാവര്‍ക്കും ഒരിക്കല്‍‌ക്കൂടെ നന്ദി. പലരുടേയും പ്രേമലേഖനങ്ങളെപ്പറ്റിയും, കോളേജ് കാലങ്ങളെപ്പറ്റിയുമൊക്കെ അറിയാന്‍ കഴിഞ്ഞത് നന്നായി ആസ്വദിച്ചു. നന്ദി.

  25. എല്ലാരും പ്രേമലേഖനങ്ങളുടെ പിന്നാലെ ആണല്ലോ. ആരെഴുതുന്നതാ‍ണാവോ സത്യം! എങ്കിലും എല്ലാം വ്യത്യസ്തവും രസകരവുമായിരിക്കുന്നു. ഞാനും ഒരെണ്ണം കാച്ചാൻ നോക്കട്ടെ…

    ചെറിയനാടൻ

  26. ഞാനിത് വരെ പ്രേമിച്ചിട്ടില്ല
    വാസ്തവത്തില്‍ അതിനു ശ്രമിച്ചിട്ടില്ല എന്നു പറയുന്നതാകും ശരി.
    വീട്ടില്‍ – അച്ചനും അമ്മയും, **ശ്രീരാമനും ഗീതയും, ചുക്കിയും സോണിയും എല്ലാം സ്നേഹിച്ചു കല്ല്യാണം കഴിച്ചവരാ.
    താ‍ങ്കളുടെ പ്രണയലേഖനം വായിച്ചു എന്റെ ഈ അറുപതാം വയസ്സില്‍ ഒരാളെ പ്രേമിച്ചാലോ എന്ന് കരുതിയാ‍… ഇത് തുറന്നത്.
    പക്ഷെ തുടക്കത്തില്‍ തന്നെ വായന നിര്‍ത്തേണ്ടി വന്നു..
    ഏതാ‍യാലും ഒരു പെണ്ണിനെ പ്രേമിച്ച് വിവരങ്ങള്‍ എഴുതൂ..
    എനിക്ക് പ്രചോദനം തരൂ.

    സ്നേഹത്തോടെ
    ജെ പി
    ** സിനിമാ ലോകത്തെ ഒരു ജീവി

  27. uncle എന്ന് വിളിക്കുമെങ്കിലും എന്റെ മുത്തശശന്റെ സ്ഥാനമാണ് മുകളില്‍ കമന്റ്‌ ഇട്ടിരിക്കുന്ന ജെ. പി. ക്ക്.

    ദയവു ചെയ്തു ഇത്തരം പോസ്റ്റുകളിലൂടെ അത്തരം വൃദ്ധന്‍ മാരെ വഴി തെറ്റിക്കരുത് എന്നൊരു അപേക്ഷ ഉണ്ട്. :))

Leave a Reply to sindu Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>