19 വയസ്സുവരെ ബ്ലഡ്ഡ് ഗ്രൂപ്പ് ഏതാണെന്ന് അറിയില്ലായിരുന്നു എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ കളിയാക്കിയേക്കും. അങ്ങിനെ പറ്റിപ്പോയി. ചോര എടുക്കേണ്ടതോ, കൊടുക്കേണ്ടതോ ആയ ഒരാവശ്യവും അതുവരെ ഇല്ലാതിരുന്നതുകൊണ്ട് സംഭവിച്ചു പോയതാണ്.
അങ്ങിനെയിരിക്കുമ്പോളാണ് കണ്ണൂര്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ ആറാം സെമസ്റ്ററിന് പഠിക്കുമ്പോള്‍,N.S.S.ന്റെ വക രക്തപരിശോധനാ ക്യാമ്പ് നടക്കുന്നത്. 10-15 മില്ലി ചോര കൊടുത്താലും വേണ്ടീല, ഗ്രൂപ്പ് ‘ഐ‘ ആണോ ‘എ‘ ആണോ എന്നറിഞ്ഞിരിക്കുന്നത് നല്ലതാണെന്ന് തോന്നിയതുകൊണ്ടുമാത്രം ആ സാഹസത്തിന് മുതിര്‍ന്നു. വൈകുന്നേരമായപ്പോഴേക്കും ഫലപ്രഖ്യാപനവും വന്നു. ബി നെഗറ്റീവ്.
അടുത്ത സുഹൃത്തും ക്ലാസ്മേറ്റുമായ, മറ്റൊരു ബി നെഗറ്റീവ്കാരന്‍ ശേഷഗിരിയാണ് പറഞ്ഞത് നെഗറ്റീവ് ഗ്രൂപ്പുകളെല്ലാം വളരെ കുറച്ചുപേര്‍ക്കേ ഉള്ളെന്നും, അതുകൊണ്ടുതന്നെ വലിയ ഡിമാന്റുള്ളതാണെന്നും. അടീം പിടീം, സ്ഥിരം കലാപരിപാടികളായി ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന കണ്ണൂര്‍ ടൌണ്‍ ഹൈസ്ക്കൂളിന്റെ താല്‍ക്കാലിക ക്യാമ്പസില്‍ നടന്നുപോരുന്ന ഞങ്ങളുടെ കോളേജില്‍, ബ്ലഡ്ഡ് ഗ്രൂപ്പ് അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമുള്ള ഒരു കാര്യം തന്നെയായിരുന്നു. അതും, ഇത്തരം അപൂര്‍വ്വം ചോര സിരകളിലോടുന്നതിന്റെ യാതൊരഹങ്കാരം പുറത്ത് കാണിക്കാതെ, കോളേജിലെ ആവശ്യമുള്ളതും ഇല്ലാത്തതുമായ സകല കാര്യങ്ങളിലും തലയിട്ട് നോക്കുന്ന ഞങ്ങളെപ്പോലുള്ളവര്‍ക്ക്.
ഒരാഴ്ച്ച കഴിഞ്ഞപ്പോളാണെന്ന് തോന്നുന്നു,ഒരു ദിവസം പ്യൂണ്‍ ശ്രീധരേട്ടന് ഒരു കുറിപ്പുമായി ക്ലാസ്സിലേക്ക് വന്നു. ശേഷഗിരിയേയും, മനോജിനേയും പ്രിന്‍സിപ്പാള്‍ (കെ.പി.പി.പിള്ള)വിളിക്കുന്നു എന്നതായിരുന്നു കുറിപ്പിലെ അറിയിപ്പ്.
ക്ലാസ്സില്‍ നിന്നിറങ്ങി പ്രിന്‍സിയുടെ മുറിയിലേക്ക് നടക്കുമ്പോള്‍ ഞങ്ങള്‍ രണ്ടുപേരും കൂലംകഷമായി ചിന്തിച്ചുനോക്കി. എന്തിനായിരിക്കും പ്രിന്‍സി വിളിപ്പിച്ചിരിക്കുന്നത് ? ഇന്നലെയും, ഇന്നുമൊന്നും തല്ലുകൊള്ളിത്തരം ഒന്നും ഒപ്പിച്ചിട്ടില്ലല്ലോ! പക്കാ ഡീസന്റായിരുന്നല്ലോ ?!
പിന്നെന്തായിരിക്കും ഇപ്പോ പിള്ളസാറിന്റെ പ്രശ്നം ?
ആലോചിക്കുന്തോറും കൂടുതല്‍ ടെന്‍ഷനടിക്കാന്‍ തുടങ്ങി. പ്രിന്‍സിയുടെ മുറിയുടെ മുന്പിലെത്തിയപ്പോള്, ജൂനിയര്‍ ഇലക്ട്രിക്കല്‍ ബാച്ചിലെ പ്രവീണ അതാ അവിടെ നില്ക്കുന്നു.അത്യാവശ്യം നല്ലൊരു സൌഹൃദമൊക്കെ കാണിക്കാറുള്ള പ്രവീണ പക്ഷെ, ഇപ്പോ കുറച്ച് ഗൌരവത്തിലാണ് നില്‍ക്കുന്നതെന്ന് തോന്നി.
പഴശ്ശിനിക്കടവ് മുത്തപ്പാ ചതിച്ചു. ഈ നാശം പിടിച്ചവന് ശേഷഗിരി അവളെയെന്തോ കമന്റടിക്കുകയോ, ചീത്തപറയുകയോ ചെയ്തിരിക്കുന്നു. അവള് നേരേ പിള്ളസാറിന്റെ അടുത്ത് തന്നെ പരാതി കൊടുത്തുകാണും. അതുതന്നെ അങ്ങേര് വിളിപ്പിക്കാനുള്ള കാരണം.
പക്ഷെ അടുത്തുചെന്നപ്പോള്‍ പ്രവീണ ഒരു കുഴപ്പവും ഇല്ലാത്തപോലെ ചിരിച്ചു, സംസാരിച്ചു. പ്രിന്‍സിപ്പാള്‍ വിളിപ്പിച്ചിട്ടാണ് അവളും വന്നിരിക്കുന്നത്, പക്ഷെ കാര്യമെന്താണെന്ന് അവള്‍ക്കുമറിയില്ല. ടെന്‍ഷന്‍ വീണ്ടും ഇരട്ടിയായി. പ്രവീണയാണ് കാരണഹേതുവെങ്കില്‍, മുട്ടായി വാങ്ങിക്കൊടുക്കാമെന്നോ മറ്റോ പറഞ്ഞ്, എങ്ങിനെയെങ്കിലും മൊഴിമാറ്റിപ്പറയിപ്പിച്ച്, ഐസ്ക്രീം കേസ് പോലെ ഇതും അട്ടിമറിക്കാമായിരുന്നു. ഇതിപ്പോ വല്ലാത്തൊരു സമസ്യയായിപ്പോയല്ലോ മുത്തപ്പാ!!
അപ്പോളേക്കും മൂന്നുപേര്‍ക്കും പ്രിന്‍സിയുടെ മുറിക്കകത്തേക്ക് ചെല്ലാനുള്ള സിഗ്നല്‍ കിട്ടി. അകത്തുചെന്ന ഉടനെ പ്രവീണയെ അടിമുടി ഉഴിഞ്ഞുനോക്കിയതിനുശേഷം പിള്ളസാറിന്റെ ഉത്തരവ് വന്നു. “ പ്രവീണ ക്ലാസ്സിലേക്ക് പൊയ്ക്കോളൂ.“ എന്റമ്മേ… ഇവളുടെ മുന്നില്‍ വച്ച് പറയാന്‍ പറ്റാത്ത എന്തോ കടുത്ത സംഭവമാണ് ഇനി നടക്കാന്‍ പോകുന്നത്. ഒരു ഇടിത്തീ വീണാല്‍ രക്ഷപ്പെടാനുള്ള എല്ലാ വഴികളെപ്പറ്റിയും ആലോചിച്ചു തുടങ്ങി. എന്തായാലും കൂടുതല്‍ ടെന്‍ഷനടിക്കുന്നതിന് മുന്‍പ് പിള്ളസാറിന്റെ ചുണ്ടനങ്ങി.
“നിങ്ങള്‍ രണ്ടുപേരും ഫോര്‍ട്ട് റോഡിലുള്ള അക്ഷയ(പേരത് തന്നെയാണെന്ന് തോന്നുന്നു) നേഴ്സിങ്ങ് ഹോം വരെ ഒന്ന് പോകണം. അവിടെ ഒരാള്‍ക്ക് ബി നെഗറ്റീവ് ബ്ലഡ്ഡ് അത്യാവശ്യമുണ്ട്. രണ്ടുപേരും പോയ്ക്കോളൂ. ഒരാളുടെ ക്രോസ്സ് മാച്ചിങ്ങില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ മറ്റേയാളുടെ ബ്ലഡ്ഡ് എടുക്കാമല്ലോ ? “
ഹോ.. ശ്വാസം നേരെ വീണെന്നു പറഞ്ഞാല്‍ മതിയല്ലോ. കുറച്ച് ചോര പോയിട്ടാണെങ്കിലും വേണ്ടീല, മലപോലെ വന്നത് എലിപോലെ പോയല്ലോ !! എന്തായാലും കുറെ നേരം പിള്ളസാര്‍ മുള്‍മുനയില്‍ നിര്‍ത്തിക്കളഞ്ഞു. അപ്പോപ്പിന്നെ പ്രവീണയെ പിള്ളസാര്‍ വിളിപ്പിച്ചതെന്തിനാണ് ? ചെറുതായൊന്നാലോചിച്ചപ്പോള്‍ ആ ചോദ്യത്തിന്റെ ഉത്തരം മുന്നില്‍ തെളിഞ്ഞുവന്നു.
N.S.S.ന്റെ റിപ്പോര്‍ട്ട് പ്രകാരം കോളേജില്‍ ആകെ ബി നെഗറ്റീവ് രക്തമുള്ളത് ഞങ്ങള്‍ക്ക് മൂന്നുപേര്‍ക്ക് മാത്രമാണ്. അതില്‍, മെലിഞ്ഞുണങ്ങി കൊള്ളിക്കമ്പുപോലിരിക്കുന്ന പ്രവീണ, ചുരീദാറിട്ട് നില്‍ക്കുന്നത് കണ്ടാല്‍, ലൂസായി കടലാസ് ഒട്ടിച്ച ഒരു പട്ടം പോലെയിരിക്കും. ചെറിയൊരു കാറ്റടിച്ചാല്‍ പറന്നുപോകാന്‍ ഒരു വിഷമവുമില്ല. അവളെക്കൊണ്ടെങ്ങാനും ഒരു 5 മില്ലി രക്തം പോലും ദാനം ചെയ്യിച്ചാല്‍, പിള്ളസാറ് ചിലപ്പോള്‍ കൊലക്കുറ്റത്തിന് അഴിയെണ്ണേണ്ടിവരും. അപ്പോ അതുതന്നെ പ്രവീണയെ പറഞ്ഞുവിടാനുണ്ടായ കാരണം.
ഒരു ഓട്ടോ പിടിച്ച് നേരേ ആശുപത്രീലേക്ക് വിട്ടു എന്നൊക്കെ വേണേല്‍ എഴുതിപ്പിടിപ്പിക്കാം. പക്ഷെ പോക്കറ്റ് മണി കിട്ടുന്ന ചില്ലറ, സ്ഥലത്തെ പ്രധാന സിനിമാ തീയറ്ററുകളായ കവിത,ലിറ്റില്‍ കവിത,സംഗീത,ആനന്ദ്,അമ്പിളി,പ്രഭാത് തുടങ്ങിയ ഇടങ്ങളില്‍ കൊടുക്കാന്‍ പോലും ഒരിക്കലും തികയാറില്ല. പിന്നല്ലേ ഫോര്‍ട്ട് റോഡ് വരെ പോകാന്‍ ഓട്ടോ പിടിക്കുന്നത് ! ഇപ്പോഴാണെങ്കില്‍ ഔദ്യോഗികമായി ക്ലാസ്സ് കട്ട് ചെയ്ത് പോകുന്നതുകൊണ്ട് ലാസ്റ്റ് അവറിന് മുന്‍പ് തിരിച്ച് വന്നില്ലെങ്കില്‍പ്പോലും, അറ്റന്‍ഡന്‍സ് കിട്ടാന്‍ പ്രശ്നമൊന്നുമുണ്ടാകില്ല. അതുകൊണ്ട് നടരാജ ട്രാന്‍സ്പോര്‍ട്ട് തന്നെ ഉചിതം.
പൊതുവെ ത്യാഗിയും, മനുഷ്യസ്നേഹിയും, സല്‍ഗുണസമ്പന്നനുമായ ശേഷഗിരിതന്നെ (ഇതില്‍ക്കൂടുതല്‍ പൊക്കാനെനിക്കറിയില്ല മോനേ) ചോര കൊടുക്കാമെന്ന് ഏറ്റതുകൊണ്ട്, എനിക്ക് സൂചിക്കുത്ത് കൊള്ളില്ലല്ലോ എന്ന സന്തോഷത്തിലാണ് ഞാന്‍ നടക്കുന്നത്.
ആശുപത്രിയില്‍ ചെന്നപ്പോള്‍ അതല്ല അവസ്ഥ. ഏത് കഠിനഹൃദയനും, തന്റെ മുഴുവന്‍ ചോരയും ഊറ്റിയെടുത്തുകൊള്ളാന്‍ പറയും. 8 മാസം മാത്രം പ്രായമായ ഒരു കുരുന്നിനാണ് ചോര കൊടുക്കേണ്ടത്. ആ പിഞ്ചുകുഞ്ഞിനെ, കണ്ണീച്ചോരയില്ലാത്തവനായ ദൈവം വായില്‍ക്കൊള്ളാത്ത ഏതോ മഹാരോഗവുമായിട്ടാണ് ജന്മം നല്‍കിയിരിക്കുന്നത്. എല്ലാ മാസവും രക്തം മുഴുവന്‍ മാറ്റണം. അല്ലെങ്കില്‍ ജീവന് അപകടത്തില്‍, അതാണ് സീന്‍.
ശേഷഗിരിയുടെ തന്നെ രക്തം ക്രോസ് മാച്ചാകുകയും, ഊറ്റിയെടുക്കുകയും ചെയ്തു. ഞങ്ങളുടെ അന്നത്തെ ഒരു ദാരിദ്ര്യാവസ്ഥയൊക്കെ വച്ച് നോക്കിയാല്‍, നിസ്സഹായനായ ആ കുട്ടിയുടെ പിതാവ് നിര്‍ബന്ധിച്ച് പിടിപ്പിക്കാന്‍ ശ്രമിച്ച ചില മുഷിഞ്ഞ കറന്സിനോട്ടുകള് “ഹേയ്… വേണ്ട മാഷേ “ എന്നൊക്കെപ്പറഞ്ഞിട്ടാണെങ്കിലും വാങ്ങി കീശയിലാക്കേണ്ടതായിരുന്നു. പക്ഷെ അങ്ങിനെ ചെയ്ത്, പോയിക്കിടന്നാല്‍പ്പിന്നെ ജീവിതകാലം മുഴുവന്‍ ഉറക്കം വരില്ല. അതുകൊണ്ട് സാധുവായ ആ മനുഷ്യന് വളരെ നിര്‍ബന്ധിച്ച് വാങ്ങിത്തന്ന ഓരോ ജ്യൂസും കുടിച്ച്, “ഇനിയും ബ്ലഡ്ഡിന് ആവശ്യം വരുമ്പോള്‍ അറിയിക്കണേ” എന്ന് പറഞ്ഞ് ഞങ്ങള്‍ മടങ്ങി.
കുറെനാള്‍ കഴിഞ്ഞതാ വീണ്ടും വിളി വരുന്നു ബ്ലഡ്ഡിനുവേണ്ടി. മൂന്ന് മാസത്തിനുള്ളില്‍ ഒരു പ്രാവശ്യമേ രക്തം കൊടുക്കാന്‍ പാടുള്ളൂ എന്നുള്ള നിബന്ധനയുള്ളതുകൊണ്ട്, ശേഷഗിരിക്ക് ഇപ്രാവശ്യം ബ്ലഡ്ഡ് കൊടുക്കാന്‍ പറ്റില്ല. അപ്പോപ്പിന്നെ ഇത് എന്റെ ഊഴമാണെന്ന് ഉറപ്പായി. പ്രവീണയ്ക്ക് ഇപ്പോഴും കാര്യമായിട്ട് പുഷ്ടിയൊന്നും വെച്ചിട്ടില്ല, അതുകൊണ്ട് അവളെ ഇടപെടുത്താന്‍ വയ്യ. അല്ലേലും ഈ കൊച്ചുകുഞ്ഞിന്റെ കാര്യത്തിനാണെങ്കില്‍ മാറി മാറി ബ്ലഡ്ഡ് കൊടുക്കാന്‍ ശേഷഗിരിയും, ഞാനും റെഡി.
ഒരു കൂട്ടിരിക്കട്ടെ എന്ന് കരുതി ചോര കൊടുക്കുന്നില്ലെങ്കിലും ശേഷഗിരിയും എന്റെ കൂടെ വരുന്നുണ്ട്. പക്ഷെ,എനിക്കന്ന് ക്ലാസ്സില്‍ നിന്നിറങ്ങിയപ്പോള്‍ മുതല്‍ ‘നമ്പര്‍ വണ്ണിന് ‘ പോകണമെന്ന് വല്ലാത്ത ശങ്ക. വഴിയിലെങ്ങും കാര്യം സാധിക്കാന്‍ പറ്റിയ ഒഴിഞ്ഞ സ്ഥലമൊന്നും കണ്ടുകിട്ടിയുമില്ല. “ഇനിയിപ്പോ ആശുപത്രീല് ചെന്നിട്ടാകാമെടെ“ എന്ന ശേഷഗിരിയുടെ അഭിപ്രായം അംഗീകരിച്ച്, വലിച്ച് ചവിട്ടി ആശുപത്രിയിലെത്തി.
ചെന്നപാടെ “ടോയ്ലറ്റ് എവിടാ സിസ്റ്ററേ“ എന്ന് ചോദിക്കാനുള്ള ഒരു ചമ്മല് കാരണം, കുറെ നേരം കൂടെ ഒരുവിധം അഡ്ജസ്റ്റ് ചെയ്ത് നിന്നു. നിക്കാനേ പറ്റൂ എന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. ഇരുന്നാല്‍ ബ്ലാഡര്‍ ചുരുങ്ങും, പിന്നീടുണ്ടാകുന്ന സകല സംഭവങ്ങളും, കൂടെവന്നിരിക്കുന്ന ‘മനുഷ്യസ്നേഹി’ വഴി കോളേജില്‍ അറിയും. പിന്നെ കോളേജിലേക്ക് തിരിച്ച് പോകാന്‍ പറ്റില്ല. ട്രാന്‍സ്ഫര്‍ വാങ്ങി വേറേ വല്ല കോളേജിലും പോയി പഠിച്ചാല്‍ മതിയാകും. അതില്‍ക്കുറഞ്ഞതിനെപ്പറ്റിയൊന്നും ചിന്തിക്കുകപോലും വേണ്ട. അക്കാര്യം ആലോചിച്ചപ്പോള്‍ വേഗം പോയി ചെറുവിരല്‍ മേലേക്ക് പൊക്കിപ്പിടിച്ച്, നേഴ്സിനോട് ലക്ഷ്യസ്ഥാനത്തേക്കുള്ള വഴി ചോദിച്ചു മനസ്സിലാക്കി. വിടപറയും മുന്‍പേ എന്ന സിനിമയിലോ മറ്റോ നെടുമുടി വേണു ചെയ്യുന്നതുപോലെ വളരെ ആസ്വദിച്ചുതന്നെ കാര്യം സാധിക്കുകയും ചെയ്തു.
മടങ്ങിവന്ന്, ‘ഇനിയാര്‍ക്കാടാ എന്റെ ചോര വേണ്ടത് ‘ എന്നമട്ടില്‍ മോഹന്‍ലാല്‍ സ്റ്റൈലില്‍ നില്ക്കുമ്പോള്,സിസ്റ്ററിന്റെ വക ഒരു പ്രഖ്യാപനം.
“ഇയാളുടെ ബ്ലഡ്ഡ് എടുക്കേണ്ട”
എന്താണ് കാരണം എന്നവര്‍ പറഞ്ഞില്ല. ഞങ്ങള്‍ കുറച്ചുനേരം കാര്യമായി ആലോചിച്ചുനോക്കി. എന്തായിരിക്കും എന്റെ ചോര നിരാകരിക്കാനുള്ള കാരണം? എനിക്കങ്ങിനെ പറയത്തക്ക മോശം അസുഖം വല്ലതുമുണ്ടെന്ന് എന്റെ മുഖം കണ്ടാല്‍ തോന്നുന്നുണ്ടോ. ഛായ്…അതൊന്നുമല്ല, ഇത് വേറെന്തോ കാര്യമുള്ളതോണ്ടാ.
അവസാനം ഞങ്ങളുതന്നെ ആലോചിച്ച് ഒരു കാരണം കണ്ടെത്തി. സംഗതി ബ്ലഡ്ഡ് കൊടുക്കാന്‍ വന്ന മനുഷ്യസ്നേഹികളൊക്കെയാണെങ്കിലും, ആശുപതിയിലെത്തിയപ്പോഴേക്കും സൂചികയറുമെന്ന് പേടിച്ചിട്ട് ‘നമ്പര്‍ വണ്‍’ സാധിച്ചവന്, ഇനി ബ്ലഡ്ഡ് എടുത്ത് കഴിയുമ്പോഴേക്കും, ഇരുന്ന ഇരിപ്പില്‍ വേറേ വല്ല ‘നമ്പറും‘ സാധിക്കില്ലെന്ന് എന്താണുറപ്പ് ? അതാലോചിച്ച് പേടിച്ചിട്ടാകം എന്റെ ചോര എടുക്കുന്ന പ്രശ്നമില്ലെന്ന് സിസ്റ്റര്‍ ബലം പിടിക്കുന്നത്. ഇതില്‍പ്പരം ഒരു മാനക്കേട് ഇനി വരാനുണ്ടോ മുത്തപ്പാ ? എങ്ങിനെയാണ് സിസ്റ്ററിനെ പറഞ്ഞ് സമ്മതിപ്പിച്ച്, തലയില്‍ മുണ്ടുമിട്ട്, ബ്ലഡ്ഡും കൊടുത്ത് അന്നവിടന്ന് രക്ഷപ്പെട്ടതെന്ന് ഇപ്പോഴും ഓര്‍മ്മയില്ല.
ബ്ലഡ്ഡ് ടെസ്റ്റിനും, ബ്ലഡ്ഡ് ഡൊണേഷനുമൊക്കെ വേണ്ടി സൂചി കൈയ്യില്‍ കുത്തിക്കയറുമ്പോളൊക്കെ ഇന്നും ഓര്‍മ്മവരുന്ന രണ്ടുകാര്യങ്ങളുണ്ട്. ഒന്നാ കുഞ്ഞ്, പിന്നെ ആ സിസ്റ്ററിന്റെ പ്രഖ്യാപനം.
എന്തായാലും ആ കുരുന്നിനു വേണ്ടി ബ്ലഡ്ഡ് ആവശ്യപ്പെട്ട്, ഞങ്ങള്‍ പഠിത്തമൊക്കെ കഴിഞ്ഞ് കോളേജ് വിടുന്നതുവരെ പിന്നീടൊരിക്കലും വിളിയൊന്നും വന്നിട്ടില്ല. അതിന്റെ അസുഖമെല്ലാം മാറിക്കാണും, അതായിരിക്കും വിളിക്കാതിരുന്നത്. അങ്ങിനെ ചിന്തിക്കാനാണ് എനിക്കിഷ്ടം. മറിച്ച് ചിന്തിക്കാന്‍ വയ്യ. അതെ, അങ്ങിനെ ചിന്തിച്ചാല്‍ മതി. അങ്ങിനെ മാത്രം ചിന്തിച്ചാല്‍ മതി. ബി പോസിറ്റീവ്.
അങ്ങനെ തന്നെ ആകും സംഭവിച്ചിട്ടുണ്ടാവുക…. അല്ലേ? അതെ; അതു തന്നെയാകും….
എന്തായാലും നല്ല വിവരണം. ഞന്‍ തന്നെ തേങ്ങ അടിച്ചേക്കാം….ഠേ……..:)
നിരക്ഷരരു :
നന്നായിരിക്കുന്നു അനുഭവം. എന്നാലും ആ സിസ്റ്ററെകൊണ്ട് നിര്‍ബന്ധിപ്പിച്ച് ബ്ലഡ് എടുപ്പിച്ചുകളഞ്ഞല്ലൊ. കൊള്ളാം.
-സുല്‍
അങ്ങനേ ചിന്തിക്കുന്നുള്ളൂ
Be +ve
എന്തായാലും കൊള്ളാം മാഷേ…
ഇഷ്ടായി ഈ വിവരണം
നന്മകള്
നന്നായി അവതരിപ്പിച്ചു മാഷേ…
ഉപാസന
നിരക്ഷരന്…
ബി നെഗറ്റീവ്… വായിച്ചു കഴിഞ്ഞത് അറിഞ്ഞില്ല എന്ന് പറയട്ടെ.
വിവരണത്തിലെ മികവ് പ്രശംസനീയം, കൊച്ചു കൊച്ചു കാര്യങ്ങല്‍ അതിമനോഹരമായി വിവരിച്ചിരിക്കുന്ന രീതിയാണ് ഇതിന്റെ വിജയം.
പിന്നെ സിസ്റ്റര്‍ പാവം…നിരക്ഷരന്റെ മുഖത്തെ ആ മാറി വന്ന ഭാവങ്ങള്‍ കണ്ടാവാം ചോര എടുക്കണ്ട എന്ന് പറഞ്ഞത്….. ഒന്നിന്റെ മുട്ടലില്‍ വരുന്ന ഭാവങ്ങള്‍…ഉദയനാണ് താരത്തില്‍ ശ്രീനിവാസന് ജഗതി പഠിപ്പിച്ചു കൊടുക്കുന്നുണ്ട്…നല്ല ഭാവം..
പാവം പ്രവീണ കേക്കണ്ട പട്ടത്തിന്റെ കാര്യം..ഹഹാഹാ
എന്തായാലും കലക്കി……….സൂപ്പര്‍
നന്മകള് നേരുന്നു
വിവരണം കൊള്ളാം
പ്രിന്‍സിപ്പളിന്റെ പേരൊക്കെ എഴുതുമ്പോ ഒരു ശ്രീ. പിള്ള എന്നൊക്കെ എഴുതാന്‍ എന്നാ പഠിയ്ക്കുക ചെല്ലാ നീയ്യ്? അടി അടി..
ഒന്നും സംഭവിച്ച് കാണരുതേ കുഞിനു. അത് കൊണ്ട് തന്നെയാവും വിളിയ്ക്കാത്തതും. ദൈവം നിന്നേയും തുണയ്കട്ടെ.
നിരക്ഷരന്, വിവരണം നന്നായിരിക്കുന്നു….
ആദ്യത്തെ സീന്‍ പ്രിന്‍സിപ്പാളിന്റെ മുന്പില് നിന്നു തുടങ്ങിയിരുന്നെങ്കില്‍ കുറച്ചു സസ്പെന്‍സ് ഉണ്ടായേനെ എന്ന് തോന്നി….
ബ്ലഡ് donate ചെയ്യാന്‍ പലര്‍ക്കും പേടി മാറിയിട്ടില്ല…..
haha, Well wrote.
The hospital was not in fort road…It was in South kannur, camp bazar. The Hospital name is correct.
Keep writing
Sheshagiri
നിരക്ഷരാ കൊള്ളം കേട്ടോ. ഈ ബ്ലഡ് ഡൊണേഷന്‍ എനിക്കു വലിയ ഹരമാണ്.കാണുന്ന ഡോണേഷന്‍ ക്യാമ്പിലൊക്കെ ഓടിക്കേറും. പക്ഷെ എന്റെ ഞരമ്പീന്ന് കുത്തിയെടുക്കാനുള്ള ബുദ്ധിമുട്ടു കൊണ്ട് പലപ്പോഴും നിരാശയായി മടങ്ങേണ്ടി വന്നിട്ടുണ്ട്.അതും ഇതുപോലെ ഡിമാന്‍ഡുള്ള ഗ്രൂപ്പുമല്ല.പോസ്റ്റിന്റെ അവസാനം എഴുതിയ സാധനമില്ലേ..അതു തന്നെ
അതന്നെ ആ കുരുന്നിനു ഒന്നും സംഭവിച്ചിട്ടുണ്ടാവില്ല..!
നന്നായി നിരക്ഷരാ..:)
ഓ:ടോ: ഞമ്മളൊരു O-ve കാരനാ..ആര്‍ക്കെങ്കിലും വേണോങ്കില്.. എപ്പ മെയില്‍ വഴി സെന്ഡീന്നു പറഞ്ഞാ മതി..:)
ബൂലോകരുടെ ബ്ലെഡ് ഗ്രൂപ് ഒന്നു കളക്ട് ചെയ്തു വെച്ചാലൊ!?
എന്തു പറയുന്നു കൂട്ടരെ..!???
പ്രയാസീ, നല്ല ഐഡിയാ…….
ഇന്നാ പിടിച്ചോ…..ഓ+, ജനീവയില്‍ ആര്‍ക്കെങ്കിലും വേണേല്‍ അറിയിക്കുക…
അങ്ങനെതന്നെ ചിന്തിച്ചാ മതി.
നല്ല വിവരണം
നിരക്ഷരാ ,
ഒന്നൂടെ ചുരുക്കായിരുന്നു.
16 വയസ്സുവരെ ബ്ലഡ്ഡ് ഗ്രൂപ്പ് ഏതാണെന്ന് അറിയില്ലായിരുന്നു എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ കളിയാക്കിയേക്കും.
അങ്ങിനെ പറ്റിപ്പോയി. ചോര എടുക്കേണ്ടതോ, കൊടുക്കേണ്ടതോ ആയ ഒരാവശ്യവും അതുവരെ ഇല്ലാതിരുന്നതുകൊണ്ട് സംഭവിച്ചു പോയതാണ്.
അങ്ങിനെയിരിക്കുമ്പോളാണ് കൊല്ലം എസ്. എന്‍. കോളേജില്‍ N.S.S.ന്റെ വക രക്തപരിശോധനാ ക്യാമ്പ് നടക്കുന്നത്. 10-15 മില്ലി ചോര കൊടുത്താലും വേണ്ടീല, ഗ്രൂപ്പ് അറിഞ്ഞിരിക്കുന്നത് നല്ലതാണെന്ന് തോന്നിയതുകൊണ്ടുമാത്രം ആ സാഹസത്തിന് മുതിര്‍ന്നു.
അപ്പോള്‍ത്തന്നെ ഫലപ്രഖ്യാപനവും വന്നു. ബി നെഗറ്റീവ്.
ഇപ്പറഞ്ഞത് എന്നെക്കുറിച്ചാണ് കേട്ടാ…
ചെല്ലാ, മോനേ, ഫോണ്‍ നമ്പര്‍ താ. എപ്പോഴാണ് ആവശ്യം വരുന്നതെന്ന് അറിയില്ലല്ലോ…
നിരക്ഷരാ..
ഈ കുറിപ്പ് ബി പോസറ്റീവ് തന്നെ..
ഇഷ്ടപ്പെട്ടു, പ്രവീണ ഇതെങ്ങാനും വായിച്ചു
പുഷ്ടി കാണിച്ചു തരുവാന്‍ വിളിക്കാതിരുന്നാല്‍ നന്ന്..
ഹായ്..എന്തു നല്ല വിവരണം….വളരെ നന്നായി…നന്ദി…
ബി പോസിറ്റീവ്…
നന്നായിരിക്കുന്നു, ഇഷ്ടപ്പെട്ടു.
ഞങ്ങളുടെ അന്നത്തെ ഒരു ദാരിദ്ര്യാവസ്ഥയൊക്കെ വച്ച് നോക്കിയാല്‍, നിസ്സഹായനായ ആ കുട്ടിയുടെ പിതാവ് നിര്‍ബന്ധിച്ച് പിടിപ്പിക്കാന്‍ ശ്രമിച്ച ചില മുഷിഞ്ഞ കറന്സിനോട്ടുകള് “ഹേയ്… വേണ്ട മാഷേ “ എന്നൊക്കെപ്പറഞ്ഞിട്ടാണെങ്കിലും വാങ്ങി കീശയിലാക്കേണ്ടതായിരുന്നു. പക്ഷെ അങ്ങിനെ ചെയ്ത്, പോയിക്കിടന്നാല്‍പ്പിന്നെ ജീവിതകാലം മുഴുവന്‍ ഉറക്കം വരില്ല.
Eaa part aanu enicku eeattavum touching aayittu thonniyathu…Nalla vivaranam…
B(e)+ive ഇഷ്ടായി…
B positive chetta
നന്നായിരിക്കുന്നു.
vayichu kazhinjappozha orthathu, enikkipozhum ente blood group ariyilla!!
ആ കുഞ്ഞിനു സുഖമായിക്കാണുമെന്നേ…
നല്ല അനുഭവകഥ.
[ഞാനും കോളേജില്‍ പഠിച്ചിരുന്ന മൂന്നു വര്‍ഷവും രക്തദാനം നടത്തിയിരുന്നു എന്ന് ആലോചിയ്ക്കുമ്പോള്‍ കുറച്ച് അഭിമാനം തോന്നുന്നു.]
ബി നെഗറ്റീവ് ഇഷ്ടപെട്ടു
ഓ.ടോ:പ്രയാസി ബോലോ O- കീ (വേറൊരു O- കാരന്)
ഇഷ്ടപ്പെട്ടു. ഇപ്പഴും എങ്ങിനാ, സൂചി കാണുമ്പോ മുട്ടു വിറക്കോ?
രസിച്ച് വായിച്ചു!
ഈ ബ്ലോഗ് ഇന്നാണ് കണ്ണില്പെട്ടത്!
- ഒരു കണ്ണൂര്‍ ജൂനിയര്‍!
Great Narration.
Expecting more…
നല്ല എഴുത്ത് നിരക്ഷരന് സാറെ..
ബി -വ് നഭിവാദ്യങ്ങള്…
-വേറൊരു ബി -വ് കാരന്
നര്‍മ്മത്തില്‍ തുടങ്ങി പിന്നെ കാര്യമായി സെന്റിയിലൂടെ വന്ന് നന്നായി അവസാനിപ്പിച്ച ഒരു ഓര്‍മ്മ കുറിപ്പ്..
നന്നായി.. ആ കുട്ടിയും എവിടെയെങ്കിലും ഇരുന്നു ഈ പോസ്റ്റ് വായിക്കുന്നില്ലെന്നാരറിഞ്ഞൂ,,,,
മടങ്ങിവന്ന്, ‘ഇനിയാര്‍ക്കാടാ എന്റെ ചോര വേണ്ടത് ‘ എന്നമട്ടില്‍ മോഹന്‍ലാല്‍ സ്റ്റൈലില്‍ നില്ക്കുമ്പോള്,സിസ്റ്ററിന്റെ വക ഒരു പ്രഖ്യാപനം.
“ഇയാളുടെ ബ്ലഡ്ഡ് എടുക്കേണ്ട”
കൊള്ളാം
nirakshara
nannayitunnd
eniyum nalla nalla anubavangal panguvekkuka
hats off to u
Thansh
ഷാരൂ –
മൂര്‍ത്തീ –
സുല്‍ – സിസ്റ്ററിന്റെ കഷ്ടകാലം.:)
കുറ്റ്യാടിക്കാരന്‍ –
ഹരിശ്രീ –
നജ്ജൂസ് –
ഉപാസന –
മന്‍സൂര്‍ – :)ഉദയനാണ് താരം ഒന്നൂടെ കാണണം. പ്രവീണേന്റെ കയ്യീന്ന് ഒരടി ഒറപ്പാ.
സത്യാന്വേഷി –
അതുല്ല്യേച്ചി – :)ഞാനും പിള്ളസാറുമായിട്ടുള്ള ഇരിപ്പുവശമൊക്കെ വെച്ച് ‘പിള്ളേച്ചന്‘ എന്നൊന്നും ഞാന്‍ എഴുതീലല്ലോ. എന്നിട്ടും എന്നെ അടിച്ചല്ലേ ?
ശ്രീവല്ലഭന് – അതൊരു ഉഗ്രന്‍ നിര്‍ദ്ദേശം തന്നെ മാഷേ. അത്രേം ബുദ്ധി പോയില്ല.
(സോറി, അത്രേം പുത്തി ഇല്ല)
പിന്നെ 0+ ന് വല്യ ഡിമാന്‍ഡൊന്നും ഇല്ല കേട്ടോ. എന്നാലും പച്ചരി വാങ്ങാനുള്ള ജോര്‍ജ്ജൂട്ടി കിട്ടുമായിരിക്കും
ശേഷഗിരീ – കഥയിലെ പ്രധാന നായകനായ നിന്റെ കമന്റിന് ഒരുപാട് നന്ദി. ആശുപത്രിയുടെ ലൊക്കേഷന്‍ തിരുത്തി തന്നതിന് വേറൊരു നന്ദി എക്ട്രാ. ഈ ഫോര്‍ട്ട് റോഡില്‍ ഒരു ആശുപത്രീല് ഒരിക്കല്‍ ഞാന്‍ ഇതേ ആവശ്യത്തിനുവേണ്ടി പോയിട്ടുണ്ടല്ലോ. അപ്പോ അതേത് ആശുപത്രിയാ ?
കൊച്ചുത്രേസ്യാ – ഞരമ്പ് ഒരുപാട് ഉള്ളിലായതുകൊണ്ടാണോ, അതോ അതിനകത്ത് പ്രവീണേന്റെ പോലെ ഒന്നും ഇല്ലാഞ്ഞിട്ടാണോ ബ്ലഡ് ഡൊണേഷന്‍ നടക്കാത്തത്? എന്തായാലും, ഇതുവരെ വന്ന് കമന്റടിച്ചതിന് നന്ദി.
പ്രയാസീ – ഉഗ്രന്‍ ആശയം. പ്രയാസി തന്നെ ഒരു പോസ്റ്റ് ഇട്. നമുക്ക് ബൂലോകരുടെ എല്ലാം ഗ്രൂപ്പ് എല്ലാം അറിഞ്ഞ് വെക്കാം. പിന്നെ ഈ മെയില്‍ വഴി ചോര അയക്കുന്ന പരിപാടി മനസ്സില്‍ വെച്ചാ മതി
പ്രിയ ഉണ്ണികൃഷ്ണന് –
തറവാടി –
വാല്മീകി – അത് കലക്കി. അപ്പോ എന്നെപ്പോലത്തെ ‘സ്വന്തം ചോരേനെ തിരിച്ചറിയാത്ത‘ കക്ഷികള്‍ വേറേം ഉണ്ടായിരുന്നല്ലേ ?
നമ്പറ്കള് ദാ പിടിച്ചോ….
0091-484-2488064 (പൊര)- ക്യാരളം.
00971-5705513 (മൊഫീല്)- അഫുദാഫി.
0044-1733560306 (പൊര)- ബിലായത്ത്.
ഗോപന് – പ്രവീണ വിളിക്കുകയൊന്നും ഇല്ല. നേരിട്ട് വന്ന് ഒരു ദിവസം പുഷ്ടി കാണിച്ച് തന്നിട്ട് പോകും. അതുറപ്പാ.
ശിവകുമാര്‍ –
റീനി –
അഖിലേഷ് –
മയൂര –
കാടന്‍ വെറും നാടന്‍ –
പൊങ്ങുമ്മൂടന് –
ബബ്ലൂ – വേഗം പോയി സാമ്പിള്‍ കൊടുത്ത് ഗ്രൂപ്പ് നോക്കിവെച്ചോ.
ശ്രീ – എന്നിട്ട്, ഏതിനം ചോരയാണെന്ന് മാത്രം പറഞ്ഞില്ലല്ലോ ?
കുഞ്ഞായീ – ചോര ചോദിക്കാന്‍ ഒരു ഓണ്ഷോറുകാരനായ പ്രയാസിയെത്തന്നെ കിട്ടിലല്ലോ ! ഭാഗ്യവാന്.
അപര്‍ണ്ണേ – സൂചി ഞരമ്പില്‍ കേറ്റീട്ട് അതിനകത്തിട്ട് ചിലപ്പോള്‍ ഒന്ന് കറക്കിനോക്കുന്ന പരിപാടിയുണ്ട്, ചില താടക സിസ്റ്റര്‍മാര്‍ക്ക്. പപ്പൂസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘സൂചീഞ്ചം‘ വന്നുപോകും ആ സമയത്ത്.
സതീഷേ – കണ്ണൂര്‍ ജൂനിയറേ, ഏത് ഗ്രൂപ്പാണെന്ന് പറ. അങ്ങിനെ ആദ്യായി ഒരു കോളെജില്‍ത്തന്നെ പഠിച്ച മറ്റൊരു ബ്ലോഗറിനെ ഇവിടെ കണ്ടുമുട്ടിയതിന്റെ സന്തോഷം ചില്ലറയൊന്നുമല്ല കേട്ടോ.
അരുണ്‍ –
പാമരന് – ഫോണ്‍ നമ്പര്‍ താ മാഷേ.വല്ല പാണ്ടിലോറീം കേറി ചാകാന്‍ കിടക്കുമ്പോള്‍ ചോര ചോദിച്ച്, വിളിച്ച് ശല്യപ്പെടുത്താല്ലോ
എ.ആര്.നജീം – നജീം പറഞ്ഞത് വളരെ ശരിയാണ്. വേറെവിടെങ്കിലും വച്ച് നമുക്ക് ബ്ലഡ്ഡ് ആവശ്യം വരുമ്പോള്‍ സഹായിക്കാന്‍ വരുന്നത് ആ കുട്ടിയായിരിക്കില്ല എന്നാരു കണ്ടു !!!
സാക്ഷരാ – നന്ദി.എവിടെയാ ഇപ്പോ? പോസ്റ്റൊക്കെ വളരെ ചുരുക്കമാണല്ലോ ?
തന്ഷീറേ – കണ്ണൂര്‍ക്കാരാ, ഏതാണ് ഗ്രൂപ്പെന്ന് അറിയാമോ ? ഇല്ലെങ്കില്‍ നോക്കി വെച്ചോ. പൊതുവെ ദുര്‍ബല, പിന്നെ ഗര്‍ഭിണീം എന്ന് പറഞ്ഞ പോലെ….പണി ഓയല്ഫീല്ഡില്, പോരാത്തതിന് നാട് കണ്ണൂരും.
yeah what u guessed is true. i enjoyed this story much may be coz it is related to college.really i couldn’t control my laughter when i was just gog thro’ this.expecting much more similar experiences of urs.
നന്നായിരിക്കുന്നു വിവരണം
+ve thinking is better….
welcome to http://www.kosrakkolli.blogspot.com
Sunil DK: 8:50 am (28 minutes ago)
blogs ellam nannayittundu. congrats. keep writing.. Ennachoodilum varandu povathe kathu sookshicha niraksharatha ennayude by-product aayi ozhukatte….
DK
നല്ല വിവരണം
ഇവിടെ വരാനേറെ വൈകിയെന്ന് മാത്രം…
ആശംസകള്‍
നന്നായിരിക്കുന്നു
Sudheer K:
9:45 pm (4 hours ago)
അടിപൊളി സ്റ്ലന്‍ എഴുത്താണല്ലോ. വരും ലക്കങ്ങള്‍ക്കായി കാത്തിരിക്കുന്നു.
entappooppanoru blog undernnu……
Astanathu kamantadikkunna swabhavam ippozhum marathathu konda scrap bookil ezhuthiyathu….
malayalam ezhuthan ithuvare padichilla.. (njan padichittu malayala kamantadikkam..)
എന്റെ നിരക്ഷരന് സാറെ.. അപ്പൊ നമ്മളൊക്കെ ഒരേ വകുപ്പാ.. അത്യപൂര്‍വ്വ രക്തവും കൊണ്ട് നടക്കുന്നവര്‍. ബി നെഗറ്റീവ്.
സമാനമായ ഒരനുഭവം ഈയുള്ളവനും ഉണ്ടായിട്ടുണ്ട്. പയ്യന്നൂര്‍ കോളേജില്‍ പഠിക്കണ കാലം. താങ്കള്‍ പറഞ്ഞ മാതിരി ഇത്തരം അപൂര്‍വ്വം ചോര സിരകളിലോടുന്നതിന്റെ യാതൊരഹങ്കാരം പുറത്ത് കാണിക്കാതെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുമാറ് സ്ത്രീപ്രജകളുമായി കിന്നാരം പറഞ്ഞ് നടക്കുന്ന കാലം.
ഒരുദിവസം കോളേജില്‍ നടന്ന രക്തഗ്രൂപ്പു നിര്‍ണയ ക്യാമ്പില്‍ വച്ചാണ് കോളേജില്‍ത്തന്നെ അത്യപൂര്‍വ്വമായ ഒരു ജനുസില്‍ പെട്ടവനാണ് ഞാന്‍ എന്നു മനസിലായത്. താങ്കള്‍ക്ക് കൂട്ടിന് 2 പേര്‍കൂടി ഉണ്ടായിരുന്നെങ്കിലും എനിക്ക് അതുണ്ടായില്ല.
അങ്ങിനെയിരിക്കെ ഒരു ദിവസം കോളെജില്‍ എന്നെ തേടി ഒരാള്‍ എത്തി. പരിയാരം മെഡിക്കല്‍ കോളേജില്‍ ഒരു ആക്സിഡന്റ് കേസ്. ആദ്യമായി ഒരാള്‍ക്ക് രക്തം കൊടുക്കാന്‍, ഒരാളുടെ ജീവന് രക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടീരിക്കുന്നു. ഞാന്‍ മെഡിക്കല്‍ കോളെജിലെത്തി. എന്തോ അപ്പൊ തൊട്ട് വല്ലത്ത ടെന്‍ഷന്‍. കയ്യും കാലും വിറ്യ്ക്കുന്നതു പോലെ. പേടിച്ച് പേടിച്ച് ഞാന്‍ കട്ടിലില്‍ കിടന്നു. കയ്യിന്റെ വിറയില്‍ കാരണം വൈബ്രേറ്റര്‍ മോഡിലിട്ട മൊബൈല്‍ ഫൊണ്‍ മേശപ്പുറത്തു വച്ചാലത്തപ്പോലെ കട്ടിലു കിടന്നു തരിക്കാന്‍ തുടങ്ങി. സിസ്റ്റര്‍ എന്റെ കയ്യില്‍ ബ്ലഡ് എടുക്കാന്‍ സൂചി കുത്തി. പക്ഷേ നോ രക്ഷ.രക്തം വരുന്നില്ല. സിസ്റ്റര്‍ വീണ്ടും ആഞ്ഞു കുത്തി. എഗൈന്‍ നോ രക്ഷ. വീണ്ടും വീണ്ടും സിസ്റ്റര്‍ കുത്തിക്കോടെ ഇരുന്നു. ഇത്രേം തടിയനായിട്ടു കൂടി നോ ബ്ലഡ് കമിംഗ്… ദൈവമേ…
ഇങ്ങിനെയാണോ ബി നെഗറ്റീവ് കാരുടെ രക്തം? അതോ എന്റെ രക്തം ആവിയായി പോകുന്നുണ്ടോ എന്നായി പിന്നെ എന്റെ ടെന്‍ഷന്‍.. പേടികാരണം ബി പി കൂടിയിട്ടാണ് ബ്ലഡ് വരാത്തത് അതോണ്ട് ഇത്തിരി നേരം റിലാക്സ് ചെയ്യൂ എന്നു പറഞ്ഞ് സിസ്റ്റര്‍ എന്നെ സമാധാനിപ്പിച്ചു. എന്തു പറയുണു ഒടുവില്‍ 20 മിനുട്ട് കഴിഞ്ഞ് സിസ്റ്റര്‍ വീണ്ടും ശ്രമിച്ചു ഒടുവില്‍ രക്തം കിട്ടി.
എന്തായലും കുറേ ടെന്‍ഷനടിച്ചിട്ടാണെങ്കിലും അവസാനം ഒരു ജീവന് രക്ഷിക്കാന്‍ കഴിഞ്ഞ സംതൃപ്തിയില്‍ രക്തത്തിലെ നഷ്ടപ്പെട്ട പഞ്ചാരയുടെ അളവ് വര്‍ദ്ധിപ്പിക്കാന്‍ ഞാന്‍ വീണ്ടും കോളെജിലേക്ക് തിരിച്ചു ചെന്നു…
അപ്പൊ അതാണ് കോമ്രേഡ് ഞാന്‍ പറഞ്ഞത് നമ്മള് ഓരെ വകുപ്പണെന്ന്…..
meriliya louis
meriliya1969@yahoo.com.au 11:06 am (4 minutes ago)
to Manoj Ravindran manojravindran@gmail.com
date Feb 12, 2008 11:06 AM
hi manoj,
i read ur B NEGATIVE
VERY GOOD
sorry for delay
this week i’m bit busy
hope u r enjoying ur vacation
c u later
meriliya
കൊള്ളാം , നല്ലത് , അടിപൊളി
എന്ന് എഴുതുന്നവര്‍ സൃഷ്ടികള്‍ വായിക്കുന്നവരല്ല.
വെറുതെ തന്റെ ബ്ലോഗിലേക്ക് വായനക്കാരേ എത്തിക്കാനുള്ള ഒരു വഴിയായി ഇതിനെ ഉപയോഗിക്കുന്നു.
അവര്‍ എഴുതുന്ന എന്ത് കാര്യത്തിനും നമ്മളും നല്ലത് എന്ന് എഴുതാനുള്ള സുത്രപണി യാണിത്
ജാഗ്രതൈ
സൃഷ്ടികള്‍ വായിച്ച് അഭിപ്രായം പറയുന്നവര്‍ ഇഷ്ടമായാല്‍ എന്തുകൊണ്ട് ..? ഇഷ്ടമല്ലെ
എന്തുകൊണ്ട് ..? എന്ന് വ്യക്തമായി എഴുതുക.
തന്റെ ബ്ലോഗിലേക്ക് വായനക്കാരേ എത്തിക്കാനുള്ള ഒരു വഴിയായി ഇതിനെ ഉപയോഗിക്കുന്നവര്‍ ദയവായി
ബ്ലോഗ് തുറന്നു
കണ്ടു
എന്ന് മാത്രം എഴുതുക.
സത്യം പറഞ്ഞാല്‍ ഞാനിത് ഇപ്പഴാ വായിക്കുന്നത്. ഞാന്‍ കണ്ടു.ഇതിനെപ്പറ്റി അഭിപ്രായം ഞാന്‍ എന്താണ് പറയുന്നത്.നന്നായി എഴുയിട്ടുണ്ട് .. ഇനിയും പോരട്ടെ..ചോര പുരണ്ട കഥകള്‍
ശരിയാ… B പോസിറ്റിവ്!!!
At every milestone you shall find me!
Be positive and Happy Valentines Day .Congratulations on your first half century
With Love
Geetha
നല്ല സൊയമ്പന്‍ സാധനം,പ്രിയദര്ശന് സിനിമപോലെ
സെന്റിമെന്‍സും തമാശയും,മുറുക്കത്തിനിത്തിരി സസ്പെന്‍സും…..ക്ലൈമാക്സിലെ ബി + ഏറ്റു
നമോവാകം
സിന്ധൂ, ദീപൂ, കൊസ്രക്കൊള്ളീ, സുനില്‍ ഡീ.ക്കെ, ദ്രൌപതി, കെ.എം.എഫ്, സുധീര്‍ കെ, ഡീക്കെ,
മെറിലിയ, കാപ്പിലാന്, ശ്രീനാഥ്, – നന്ദി
തല്ലുകൊള്ളീ – ഒരു ബി-നെഗറ്റീവുകാരനെക്കൂടെ കിട്ടിയതില്‍ സന്തോഷം. ഒരു പോസ്റ്റിടാനുള്ള കമന്റുണ്ടല്ലോ ? നന്ദി.
ഗീത – മുഴങ്ങോടിക്കാരി നല്ലപാതീ, നന്ദി.
ദേവതീര്‍ത്ഥ – പ്രിയദര്ശന് കേള്‍ക്കണ്ട ഇതൊന്നും. എന്നാണ് തിരക്കഥയാക്കണമെന്ന് പറഞ്ഞ് സമീപിക്കുകയെന്ന് പറയാന്‍ പറ്റില്ലല്ലോ! (അക്ഷരമറിയാത്തവന്റെ ആഗ്രഹം കൊള്ളാമല്ലോ, അല്ലേ ?…
നല്ല വിവരണം…പിള്ളസാര്‍ വിളിപ്പിച്ച രംഗമൊക്കെ നന്നായിരിക്കുന്നു….
അതേ ആ കുഞ്ഞ് അസുഖം ഒക്കെ മാറി പോയി കാണും.
പിന്നേ ആ നേഴ്സ് എന്താ അങ്ങനെ പറഞ്ഞേ അതിന്റെ കാരണവും ആ മണ്ടന്മാര് ലണ്ടനില്‍ പോസ്റ്റിലെ പോലെ ദുരൂഹമായി അവശേഷിക്കയാണോ?
എനിക്കു പറയാനുള്ളതെല്ലാം ആ പഹയന് മന്‍സൂര്‍ പറഞ്ഞില്ലേ…….കഷ്ടം….ഇനീപ്പോ ഇതെയുള്ളൂ ഈയുള്ളവനു തരാന്‍…….അഭിനന്ദനങ്ങള്‍…….
ഇവിടെ വരാന്‍ വൈകി..എന്നാലും …ഇരിക്കെട്ടെ ഒന്നു എന്റെ വകയായും…..എന്ദ്ന്ദാ…..??????
ഹ ഹ ഹ ….കൊള്ളാം മാഷേ നിങ്ങളുടെ എഴുത്തിന്റെ രീതി…രസമുണ്ട്…കഥ അത്ര പിടിച്ചില്ല്യ പക്ഷെ ഇത് കലക്കി
എന്റെ മാഷേ ഇപ്പോ ഞാനായല്ലോ നിരക്ഷരന്….
ഡോണീ – നന്ദി.
ആഷേ – നേഴ്സ് പറഞ്ഞതിന്റെ കാരണം കൃത്യമായി എനിക്കും ഇന്നുവരെ മനസ്സിലായിട്ടില്ല. ഞങ്ങള്‍ ഓഹിച്ചെടുത്തത് ഇങ്ങനെയാണ്.
“ ബ്ലഡ്ഡ് കൊടുക്കാന്‍ വന്ന മനുഷ്യസ്നേഹികളൊക്കെയാണെങ്കിലും, ആശുപതിയിലെത്തിയപ്പോഴേക്കും സൂചികയറുമെന്ന് പേടിച്ചിട്ട് ‘നമ്പര്‍ വണ്‍’ സാധിച്ചവന്, ഇനി ബ്ലഡ്ഡ് എടുത്ത് കഴിയുമ്പോഴേക്കും, ഇരുന്ന ഇരിപ്പില്‍ വേറേ വല്ല ‘നമ്പറും‘ സാധിക്കില്ലെന്ന് എന്താണുറപ്പ് ?
അതാലോചിച്ച് പേടിച്ചിട്ടാകം എന്റെ ചോര എടുക്കുന്ന പ്രശ്നമില്ലെന്ന് സിസ്റ്റര്‍ ബലം പിടിക്കുന്നത്.“
അച്ചൂസ് – അഭിനന്ദനങ്ങള്‍ക്ക് നന്ദി.
ഗൌരീനാഥന്‍ – വളരെ സത്യസന്ധമായി അഭിപ്രായം പറയുന്നവര്‍ കുറവാണ് ബൂലോകത്തില്‍. കേള്‍ക്കുന്നവര്‍ക്ക് വിഷമമായാലോ എന്ന് കരുതിയാകും അവര്‍ അങ്ങിനെ ചെയ്യുന്നത്.
അതിനൊരപവാദമാണ് ഗൌരീനാഥന്‍. കഥ ഇഷ്ടമായില്ലെന്ന് തുറന്ന് പറഞ്ഞതുതന്നെ അതിന്റെ തെളിവാണ്. ഈ പോസ്റ്റ് ഇഷ്ടമായെന്നറിഞ്ഞതിലും, മനസ്സിലുള്ളത് സത്യസന്ധമായി തുറന്നുപറഞ്ഞതിനും വളരെ വളരെ നന്ദി. ഇനിയും ഇത്തരം സത്യസന്ധമായ വിമര്‍ശനങ്ങളും, പ്രോത്സാഹനങ്ങളും പ്രതീക്ഷിക്കുന്നു.
ഉണ്ണിക്കുട്ടാ – ഞാന്‍ കഴിഞ്ഞിട്ടു മതി ഈ ബൂലോകത്ത് വേറേ ഒരു നിരക്ഷരന്.
ലോകം ഒരു നല്ല സ്ഥലവും, മറ്റുള്ള മനുഷ്യർ നമുക്കു പറ്റിയ സഹവാസികളുമാണെന്ന് തോന്നിപ്പിക്കുന്ന സംഭവം. നന്ദി.
http://www.thiruvallabhan.blogspot.com
…മടങ്ങിവന്ന്, ‘ഇനിയാര്‍ക്കാടാ എന്റെ ചോര വേണ്ടത് ‘ എന്നമട്ടില്‍ മോഹന്‍ലാല്‍ സ്റ്റൈലില്‍…
Sooooooooper!!!
ഇനി ആരെങ്കിലും ബി നെഗറ്റീവ് ചോദിച്ചുവന്നാൽ പറയാൻ ഒരു പേരായി. ഗൗരവമുള്ള വിഷയമാണെങ്കിലും അവതരിപ്പിച്ച രീതി ഇഷ്ടപ്പെട്ടു.