നടുക്കടലില്‍ ഒരു മരണം


2002 ഓഗസ്റ്റില്‍ ആണ് സംഭവം. പേര്‍ഷ്യന്‍ ഗള്‍ഫില്‍ ഇറാന്റെ സമുദ്രാതിര്‍ത്തിയിലുള്ള കടലിടുക്കിലെവിടെയോ ആണ് ഇതു്‌ നടക്കുന്നത്. ഇറാന്റെ ഓഫ്ഷോറിലെ എണ്ണപര്യവേഷണം നടത്തുന്ന പല കമ്പനികളില്‍ ഒന്നാണു്‌ ഫ്രഞ്ചുകമ്പനിയായ Total. അവിടേയ്ക്കാണ് ഞാനടക്കമുള്ള നാലംഗ സംഘം ദുബായിയില്‍ നിന്നും യാത്ര തിരിക്കുന്നത്. ജബല്‍ അലി പോര്‍ട്ടില്‍ നിന്നും G.A.C. ഷിപ്പിങ്ങ്‌ കമ്പനിയുടെ അന്‍പതോളം പേര്‍ക്കു്‌ യാത്ര ചെയ്യാന്‍ പറ്റുന്ന ഒരു സ്പീട് ബോട്ടില്‍ കടല്‍മാര്‍ഗ്ഗം യാത്ര ആരംഭിക്കുന്നു. ഉള്‍ക്കടലിൽ എവിടെയോവെച്ച് മറ്റൊരു കമ്പനിയുടെ സപ്ലെ ബോട്ടിലേക്കു്‌ ഞങ്ങളെല്ലാവരും മാറിക്കയറുന്നു. പിന്നീടുള്ള 16 ദിവസം ഈ ബോട്ടില്‍ത്തന്നെയായിരുന്നു ഊണും ഉറക്കവുമെല്ലാം. 20 പേര്‍ക്കെങ്കിലും സുഖമായി താമസിക്കാനുള്ള എല്ലാ സൗകര്യങ്ങളും ബോട്ടിലുണ്ട്. അടുക്കള, മെസ്സു്‌ റൂം, റിക്രിയേഷന്‍ റൂം, എന്നുവേണ്ട എല്ലാ സജ്ജീകരണങ്ങളും തയ്യാർ.

ബോട്ടിന്റെ ക്യാപ്റ്റന്‍ തമിഴ്‌ നാട്ടുകാരനായ ബാലയുമായി പെട്ടെന്നു സൗഹൃദത്തിലായി. ഒഴിവുസമയങ്ങളില്‍ ബാലയുമായി സൊറ പറഞ്ഞിരിക്കും. ക്യാപ്റ്റന് തിരക്കുള്ളപ്പോള്‍ അദ്ദേഹത്തിന്റെ മുറിയില്‍ക്കയറി, അവശ്യാനുസരണം വീഡിയോയില്‍ സിനിമകള്‍ കാണാനുള്ള സ്വാതന്ത്യം വരെ എനിക്കു തന്നിട്ടുണ്ട്.

പാചകക്കാരനും, അയാളുടെ സഹായിയും, ഞങ്ങളുമെല്ലാമടക്കം 12 പേരാണ് ബോട്ടിലുണ്ടായുരുന്നത്. ഞങ്ങളെല്ലാവരും റിപ്പോര്‍ട്ടുചെയ്തിരുന്നതു്‌ ജോൺ എന്ന് പേരുള്ള ഒരു ഇംഗ്ളീഷുകാരന്റെ അടുത്താണ് . “കമ്പനിമാന്‍” എന്നാണ് അദ്ദേഹത്തെപ്പോലെയുള്ളവരുടെ സ്ഥാനപ്പേരു്‌. 50 വയസ്സിനുമുകളില്‍ പ്രായം ഉണ്ടായിരുന്ന, ജോണ്‍ വളരെ സരസനും, അതേസമയം, ജോലിക്കാര്യത്തില്‍ അതീവ ഗൗരവക്കാരനുമായിരുന്നു. ജോണുമായി ചങ്ങാത്തം സ്ഥാപിക്കാനും അധികം കാലതാമസമുണ്ടായില്ല. ജോലിയുടെ ഇടവേളകളിലും, അല്ലാതെതന്നെയുള്ള ഒഴിവു സമയങ്ങളിലും, ജോണ്‍ വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കും. ചന്ദ്രനില്‍പ്പോകുന്ന കാര്യം മുതല്‍ കുടുംബകാര്യങ്ങള്‍ വരെയുള്ള വിഷയങ്ങള്‍ വളരെ വര്‍ഷങ്ങളായി പരിചയമുള്ള ഒരു സുഹൃത്തിനോടെന്നപോലെ സംസാരിക്കുമായിരുന്നു ജോൺ.

കടലിനു നടുക്കുള്ള സ്ഥിരം പ്ലാറ്റ്ഫോമിലാണ് ഞങ്ങള്‍ക്ക് ജോലിചെയ്യേണ്ട എണ്ണക്കിണറുകളുള്ളത്. കടല്‍ ശാന്തമായിരിക്കുന്ന സമയത്തെല്ലാം ബോട്ട് ഈ പ്ളാറ്റ്‌ഫോമിനോട് ചേര്‍ത്തുപിടിച്ചിട്ടുണ്ടാകും. മൂന്നുനിലക്കെട്ടിടത്തിന്റെ ഉയരമുള്ള പ്ലാറ്റ്‌ഫോമില്‍ മൂന്നിലധികം ഡെക്കുകളുണ്ട്. ഏറ്റവും മുകളിലെ ഡെക്കിലാണ് ഞങ്ങള്‍ക്കു്‌ ജോലിചെയ്യേണ്ടത്. ഇതേ ഡക്കുതന്നെയാണ് മറ്റുസമയങ്ങളില്‍ ഹെലിഡെക്കായും (ഹെലിക്കോപ്റ്റര്‍ ഇറങ്ങാന്‍ വേണ്ടിയുള്ള ഡക്കു്‌)ഉപയോഗിക്കുന്നത്. കടല്‍ ഇളകിമറിയാന്‍ തുടങ്ങുമ്പോള്‍ ബോട്ടു്‌ പ്ളാറ്റുഫോമിലിടിച്ച് അത്യാഹിതമൊന്നും ഉണ്ടാകാതിരിക്കാന്‍ വേണ്ടി, പ്ലാറ്റ്‌ഫോമില്‍നിന്നും കുറച്ചു ദൂരെമാറി എവിടെയെങ്കിലും നങ്കൂരമിടുകയാണ് പതിവ്. കടലിളകിമറിയുന്ന ഇത്തരം സമയങ്ങളിലാണ് ചിലര്‍ക്കു്‌ കടല്‍ച്ചൊരുക്കു്‌ അധവാ “സീ സിക്ക്‌നെസ്സ് ” ഉണ്ടാകുന്നതും ഛര്‍ദ്ദിച്ച് കുടല്‍ വെളിയില്‍ വരുന്നതും.

ബോട്ടിലെ സീമാന്‍ ആല്‍ബര്‍ട്ട് ഒരു ഫിലിപ്പൈനിയാണ് . ജോലിയുടെ ഇടവേളകളില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കലാണ് ഇഷ്ടന്റെ പ്രധാന പരിപാടി. നീളമുള്ളതും നല്ല തടിയുള്ളതുമായ ടങ്കീസില്‍ ചെറിയ മീനിനെ ഇരയായി കോര്‍ത്ത് വെള്ളത്തിലിട്ടുവച്ചിരിക്കും. രണ്ടോ മൂന്നോ ചൂണ്ടകള്‍ ഇതുപോലെ ഒരേ സമയം വെള്ളത്തിനടിയിലുണ്ടായിരിക്കും. വൈകുന്നേരമാകുമ്പോളേക്കും നാലഞ്ച് വലിയ മീനെങ്കിലും ചൂണ്ടയില്‍ക്കുടുങ്ങിയിട്ടുണ്ടാകുകയും ചെയ്യും. ഇതിലേതെങ്കിലും ഒരു മീന്‍ ഉച്ചഭക്ഷണത്തിനും അത്താഴത്തിനും തീന്‍മേശയിലെത്തിയിരിക്കും. ജീവിതത്തില്‍ അതിനുമുന്‍പും പിന്‍പും ഇത്രയും ഫ്രഷായി ഞാനൊരിക്കലും മീന്‍ കഴിച്ചിട്ടില്ല. ആവശ്യത്തിനുകഴിച്ചതിനുശേഷം ബാക്കി വരുന്ന മീനെല്ലാം ഫ്രീസറില്‍ സൂക്ഷിക്കുകയും, ബോട്ടെപ്പോഴെങ്കിലും കരയ്ക്കടുക്കുമ്പോള്‍ വില്‍ക്കുകയും ചെയ്യും. അതാണ് ആല്‍ബര്‍ട്ടിന്റെ പതിവ്. സമയം കിട്ടുമ്പോഴെല്ലാം ജോണും മീന്‍ പിടിക്കാന്‍ കൂടും.

ജോലിയും, ബോട്ടിലെ താമസവും, മീന്‍തീറ്റയുമെല്ലാമായി 6 ദിവസം കഴിഞ്ഞു. അന്ന് ജോണ്‍ പതിവിനുവിപരീതമായി അസ്വസ്ഥനായിട്ടാണ് കാണപ്പെട്ടത്. മെസ്സ്‌ റൂമിലിരുന്ന് ടി.വി.കാണുകയായിരുന്ന ആരോടോ ശബ്ദം കുറയ്ക്കാന്‍ പറഞ്ഞ്  ചൂടായി. സാധാരണ ഞങ്ങളാരെങ്കിലും ഹിന്ദി സിനിമയോ മറ്റോ കാണുമ്പോൾ, ഗാനരംഗങ്ങളില്‍ നായകന്‍ കാണിക്കുന്ന ചേഷ്ടകള്‍ കാണിച്ച് താമാശയാക്കാറുണ്ടായിരുന്ന ജോണാണ്  ചൂടായതെന്നു്‌ വിശ്വസിക്കാന്‍ പ്രയാസം തോന്നി. ജോലിസ്ഥലത്തും സാധാരണ കാണാറുള്ള ജോണിനെയല്ല കണ്ടതു്‌. വൈകുന്നേരമായപ്പോളേക്കും കുറച്ച് ശാന്തനായെന്നു തോന്നി. മെസ്സ്‌ റൂമിലിരുന്ന് ചായകുടിക്കുമ്പോള്‍ കുറെ വീട്ടുകാര്യങ്ങള്‍ സംസാരിച്ചു. മകന്റെ പഠിപ്പിനെക്കുറിച്ചു്‌ ഒരുപാട് വ്യാകുലനാണെന്ന് മനസ്സിലായി.

രാത്രി ഭക്ഷണം കഴിഞ്ഞ് ടി.വി.യുടെ മുന്‍പിലിരിക്കുമ്പോള്‍ ക്യാപ്റ്റന്‍ ബാല വന്നു വിളിച്ചു.
” മനോജ്‌ പെട്ടെന്ന് വരൂ. ജോണിന് നല്ല സുഖമില്ലെന്ന് തോന്നുന്നു.”

ബോട്ടിന്റെ രണ്ടാമത്തെ ഡെക്കിലുള്ള റിക്രിയേഷന്‍ റൂമില്‍ ചെന്നപ്പോള്‍ സോഫയില്‍ തളര്‍ന്നവശനായപോലെ ജോണിരിക്കുന്നു. നന്നായി വിയര്‍ക്കുന്നുമുണ്ട്.

ഇടത്തേ കൈ നല്ല വേദനയുമുണ്ടത്രെ. ഒരു കാര്‍ഡിയാൿ പ്രോബ്ളത്തിന്റെ എല്ലാ ലക്ഷണവുമാണ് കാണിക്കുന്നതെന്ന് ക്യാപ്റ്റന്‍ എന്നോടു്‌ അടക്കം പറഞ്ഞു. തൊട്ടടുത്ത്‌ എവിടെയോ ഉള്ള ഒരു ഓഫ്ഷോര്‍ റിഗ്ഗില്‍ ഡോക്ടറുണ്ട്. ബോട്ട് അങ്ങോട്ട് നീക്കാനുള്ള തയ്യാറെടുപ്പിലാണ് ബാല. അപ്പോഴേക്കും വിവരമറിഞ്ഞ് ബോട്ടിലുള്ള എല്ലാവരും മുറിയില്‍ തടിച്ചുകൂടി. എല്ലാവരോടും വെളിയില്‍പ്പോകാന്‍ ആംഗ്യം കാണിച്ചു ജോൺ. വളരെ പതിഞ്ഞ ശബ്ദത്തില്‍ എന്നോടവിടെയിരിക്കാന്‍ പറയുകയും ചെയ്തു. സംസാരിക്കുമ്പോള്‍ ശരിക്കും വേദന കൂടുന്നുണ്ടെന്ന് മനസ്സിലായി. ഒരു ഹൃദയാഘാതത്തിന്റെ തുടക്കമാണെന്ന് ജോണിനും മനസ്സിലായിരിക്കുന്നെന്ന് തോന്നി.

ജീവിതത്തില്‍ ഒരിക്കലും ഇതുപോലത്തൊരു വിഷമഘട്ടത്തില്‍ ചെന്നുപെട്ടിട്ടില്ലാത്തതുകൊണ്ട് അസ്തപ്രജ്ഞനായി, ജോണിന്റെ അരികിൽ, ഒരാശ്വാസവാക്കുപോലും പറയാനാകാതെ ഞാനിരുന്നു. ബാല ഇടയ്ക്കിടയ്ക്കു്‌ വന്നു നോക്കിയും, പോയുമിരുന്നു. ബോട്ടിപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണെങ്കിലും, ഈ ബോട്ടിന് വേഗത കുറവായതുകാരണം, റിഗ്ഗില്‍ നിന്നും മറ്റൊരു സ്പീഡ്‌ ബോട്ട് ഇങ്ങോട്ട് വരുത്താനുള്ള എര്‍പ്പാടു ചെയ്തിരിക്കുന്നു ക്യാപ്റ്റന്‍. ബോട്ടുകള്‍ തമ്മില്‍ കണ്ടുമുട്ടുന്നിടത്തുവച്ച്‌ ജോണിനെ സ്പീഡ്‌ ബോട്ടിലേക്കു്‌ മാറ്റാനാണ് ബാലയുടെ പദ്ധതി. ഒരു നിമിഷംപോലും പാഴാക്കാനാവില്ലെന്ന് മനസ്സിലാക്കിയിട്ടാണ് ബാലയുടെ ഈ സന്തര്‍ഭോചിതമായ നടപടി.

അഞ്ചുമിനിട്ടിനകം സ്പീഡ്‌ ബോട്ടെത്തി. ഈയവസരത്തില്‍ ജോണ്‍ എഴുന്നേറ്റുനടക്കുന്നതു്‌ നന്നെല്ലെന്നുള്ളതുകൊണ്ട്, ജോണിനെ ഒരു കസേരയിലിരുത്തി, അതടക്കം പൊക്കി ഞങ്ങള്‍ സ്പീഡ്‌ ബോട്ടിലേക്കു കൈമാറി. ഇനി കുഴപ്പമില്ല. താമസിയാതെ ജോണ്‍ ഡോക്ടറുടെ അടുത്തെത്തും. റിഗ്ഗില്‍ ഒരു “മെഡിൿ ചോപ്പര്‍ ” ഉണ്ടെന്നു്‌ വിവരം കിട്ടിയിട്ടുണ്ട്. ഓഫ്ഷോറിലും മറ്റും ഇതുപോലുള്ള അത്യാഹിത ഘട്ടങ്ങളില്‍ ആംബുലന്‍സുപോലെ ഉപയോഗിക്കുന്ന ഹെലിക്കോപ്റ്ററിനെയാണ് മെഡിൿ ചോപ്പർ എന്ന് വിളിക്കുന്നതു്‌. അടുത്ത അരമണിക്കൂറിനകം ജോണ്‍ എതെങ്കിലും ആശുപത്രിയിലെത്തും. പിന്നെ രക്ഷപ്പെട്ടു.

സ്പീഡ്‌ ബോട്ട്‌ നീങ്ങാന്‍ തുടങ്ങിയപ്പോള്‍ ജോണ്‍ ചെറുതായിട്ടൊന്ന് ചിരിച്ചപോലെ തോന്നി. നന്ദി പ്രകടനമോ, യാത്രപറച്ചിലോ എന്നു തെളിച്ചുപറയാന്‍ പറ്റാത്തൊരു ഭാവം മുഖത്തുകണ്ടു. സ്പീഡ്‌ ബോട്ടിന്റെ വെളിച്ചം അകന്നകന്നുപോയ്ക്കൊണ്ടിരുന്നു. കുറച്ചുകഴിഞ്ഞ്, ജോണ്‍ സുരക്ഷിതമായി റിഗ്ഗിലെത്തിയെന്ന് റേഡിയോ മെസ്സേജ്‌ കിട്ടിയതായി ബാല വന്നുപറഞ്ഞപ്പോള്‍ കുറെ ആശ്വാസമായി. എങ്കിലും, അന്നു രാത്രി കടല്‍ കൂടുതല്‍ ഇളകിയിരുന്നതുകൊണ്ടാണോ, മനസ്സു ശാന്തമല്ലാത്തതുകൊണ്ടാണോ തീരെ ഉറങ്ങാന്‍ പറ്റിയില്ല.

രാവിലെ നേരത്തെ തന്നെ എഴുന്നേറ്റ്, ബാലയുടെ ക്യാബിനിലെത്തി. ബാലയുടെ മുഖത്തു തീരെ സന്തോഷമില്ല. കണ്‍കോണിലെവിടെയോ ഒരു നനവുള്ളതുപോലെ.

“എന്തുപറ്റി ബാല ?” എനിക്കു്‌ ചോദിക്കാതിരിക്കാന്‍ പറ്റിയില്ല.

ഒരു ചെറിയ നിശ്ശബ്ദതയ്ക്കുശേഷം, കണ്‌ഠമിടറിക്കൊണ്ടു്‌ ബാലയുടെ ശബ്ദം പുറത്തുവന്നു.

“ജോണ്‍ മരിച്ചു”

കണ്ണിലിരുട്ടുകയറി. ബോട്ടോടുകൂടി കടലിന്നടിയിലേക്കു്‌ താഴ്ന്നുപോകുന്നപോലെ.
ജോണ്‍ മരിച്ചെന്നോ? എപ്പോൾ? എവിടെവെച്ച് ?

ബാലയിപ്പോള്‍ രോഷംകൊണ്ടു്‌ ജ്വലിക്കുകയാണ്. നമ്മളീ പാടുപെട്ട് ജോണിനെ റിഗ്ഗിലെത്തിച്ചിട്ടെന്തായി? ഗ്യാസ്‌ പ്രോബ്ളമായിരിക്കുമെന്ന് പറഞ്ഞ്‌ ഡോക്ടര്‍ ജോണിനെ കാര്യമായെടുത്തില്ല. നേരം വെളുക്കുന്നതുവരെ വേദനകടിച്ചുപിടിച്ചുകിടന്ന ജോണിനെ, രാവിലെ മാത്രമാണ് മെഡിൿ ചോപ്പറില്‍ കയറ്റി കരയിലേക്കു്‌ കൊണ്ടുപോകാന്‍ തീരുമാനമായത്.

എന്നിട്ടും ജോണിന് ഹെലിക്കോപ്പ്‌റ്ററിലേക്കു്‌ സ്വയം നടന്നുകയറേണ്ടി വന്നു. ഇല്ല, കയറിയില്ല. അതിനുമുന്‍പ് കുഴഞ്ഞ് നിലത്തുവീണു. ഒരു ജീവിതമാണാ ഡോക്ടറുകാരണം തുലഞ്ഞത്. ബാല തമിഴിലെന്തൊക്കെയോ വീണ്ടും പുലമ്പിക്കൊണ്ടിരുന്നു.

ഞാനതൊന്നും കേള്‍ക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. എന്റെ ചിന്തകള്‍ മറ്റൊരു വഴിക്കാണ് നീങ്ങിക്കൊണ്ടിരുന്നതു്‌. പ്രോട്ടോകോള്‍ പ്രകാരം, അന്നവിടെ ആ ബോട്ടില്‍ ഉണ്ടായിരുന്ന എറ്റവും ഉയര്‍ന്നയാളായിരുന്നു ജോൺ. അങ്ങിനെയൊരാളും, വെള്ളക്കാരനുമായ ജോണിന്റെ അവസ്ഥ ഇതായിരുന്നെങ്കിൽ, തൊലികറുത്തവരായ ഞങ്ങളെപ്പോലുള്ളവരുടെ സ്ഥിതി എന്തായിരിക്കും. ആലോചിക്കാന്‍പോലും ആവുന്നില്ല.

അടുത്ത പത്തുദിവസംകൂടെ തള്ളിനീക്കിയതെങ്ങിനെയാണെന്ന് പറഞ്ഞറിയിക്കാന്‍ വയ്യ. ജോലിയെല്ലാം തീര്‍ത്തു്‌ ദുബായിയില്‍ മടങ്ങിയെത്തിയപ്പോള്‍ തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ടുകിടന്നിരുന്നവനെ, വെറുതെ വിട്ടതുപോലുള്ള സന്തോഷമായിരുന്നു.

അകന്നുപോകുന്ന സ്പീഡ്‌ ബോട്ടിലിരുന്ന് ഞങ്ങളെത്തന്നെ നോക്കുന്ന, ജോണിന്റെ മുഖം മാത്രം ഒരു നൊമ്പരമായി ഇപ്പോഴും മനസ്സിലവശേഷിക്കുന്നു.

Comments

comments

20 thoughts on “ നടുക്കടലില്‍ ഒരു മരണം

  1. hai manoj,
    very sad
    poor john

    the doctor need to be punished

    from the caption it self it is under stood that he is no more

    really tragic
    meriliya

  2. നിരക്ഷരന്‍- ചേട്ടാ…

    വളരെ ഹൃദയസ്പര്‍‌ശിയായ അനുഭവ സാക്ഷ്യം. ശരിയ്ക്കും മനസ്സിനെ സ്പര്‍‌ശിച്ചു.

    ജോണിന്റെ ആത്മാവിന്റെ നിത്യശാന്തിയ്ക്കായ് പ്രാര്‍‌ത്ഥിയ്ക്കുന്നു.

  3. ഹെന്റമ്മേ. എന്റെ ബ്ലോഗിലും തേങ്ങായടി.
    എനിക്കു്‌ തലക്കനമാകാന്‍ ഇനിയെന്തുവേണം?
    അതില്‍പ്പരം സന്തോഷം , നിരക്ഷരനായ എന്റെ ബ്ലോഗില്‍ തേങ്ങായടിച്ചതു്‌ സാക്ഷരനാണെന്നതോര്‍ക്കുമ്പോളാണു്‌.

    സാക്ഷരാ, പ്രിയാ ഉണ്ണികൃഷ്ണാ, മെറിലിയാ, ശ്രീ, ദീപൂ, നന്ദീണ്ട്‌ ട്ടോ.

    പ്രിയാ ഉണ്ണികൃഷ്ണാ, എത്ര സൂക്ഷിച്ചാലും, വരാനുള്ളതു്‌ വഴീല്‍ തങ്ങില്ലെന്നാണല്ലോ!! എന്തായാലും, “നല്ലോണം സൂക്ഷിക്കണം‌” എന്നു് പറയാന്‍ തോന്നിയ ആ നല്ല മനസ്സിനു്‌ നന്ദി.

    -നിരക്ഷരന്‍
    (അന്നും, ഇന്നും, എപ്പോഴും)

  4. നിരക്ഷരാ, വായിച്ചു കഴിഞ്ഞപ്പോഴേക്ക് എനിക്കും ടെന്ഷനായിപോയി….

    ഇതേ പോലുള്ള ഒരു ഡോക്ടറെ നിത്യ ജീവിതത്തില് എനിക്കറിയാം…….വീണു കാലിനു ചെറിയ ഒടിവുള്ള ആള്ക്ക് പെയിന് കില്ലര് കൊടുത്തു കക്ഷി..

  5. കരകാണാക്കടലിലെ ഇങ്ങിനത്തെ പ്രതിസന്ധികള്‍
    ഞങ്ങളുടെ സുരക്ഷിതജീവിതത്തിന്റെ ഭാവനയ്ക്കുമപ്പുറമാണ്‍.ഇനിയും പറയുക സുഹൃത്തെ..

  6. ജിഹേഷ്, സിന്ധു, ഭൂമിപുത്രി, കുഞ്ഞായി, ആഷ. എല്ലാവര്‍ക്കും നന്ദി.

    മറ്റേതോ ലോകത്തിരുന്ന് ജോണും നമുക്കെല്ലാവര്‍ക്കും നന്ദി പറയുന്നുണ്ടാകും,അദ്ദേഹത്തിന്റെ ആത്മാവിനുവേണ്ടിയുള്ള നമ്മുടെ പ്രാര്‍ത്ഥനകള്‍ക്കായി.

  7. നല്ല വിവരണം. ജോണിന്നു വേണ്ടി നമ്മുക്ക് പ്രാര്‍ത്ഥിക്കാം……………

Leave a Reply to ദീപു Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>