2021 മെയ് 2ന് പതിനഞ്ചാമത് കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരും. പുതിയ മന്ത്രിസഭ അധികാരമേൽക്കും.
വലതുപക്ഷക്കാർ നടത്തിയ സർവ്വേ ഒഴികെ മറ്റെല്ലാ സർവ്വേകളും പൊതുജന അഭിപ്രായവും സൂചിപ്പിക്കുന്നത് തുടർഭരണം വരുമെന്ന് തന്നെയാണ്. കേരളത്തിൽ ഏത് മുന്നണി ഭരിക്കുന്ന സമയത്തും ഒരിക്കലെങ്കിലും തുടർഭരണം വരണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. അതിന് കാരണമുണ്ട്.
മുന്നണികൾ മാറിമാറി ഭരിച്ചപ്പോൾ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം, പുതിയ ഭരണം വന്ന് ആദ്യത്തെ ഒരു വർഷം കാര്യമായി ഒന്നും സംഭവിക്കില്ല. സ്വീകരണ യോഗങ്ങളും പഞ്ഞം പറച്ചിലുമൊക്കെയായി ആദ്യകാലങ്ങൾ നിഷ്ക്രിയമായി കടന്നുപോകും. മുൻപ് ഭരിച്ചവർ ഖജനാവ് കാലിയാക്കി വെച്ചിട്ടാണ് പോയത്, ധവളപത്രം ഇറക്കേണ്ടി വരും എന്നിങ്ങനെ പോകും ആദ്യത്തെ ഒരു വർഷത്തെ ബഹളങ്ങൾ. അപ്പോഴേക്കും ആദ്യവർഷത്തെ കുറേ നികുതിപ്പണം വന്ന് കയറും. പിന്നീട് അത് വെച്ച് കുറശ്ശെ കാര്യങ്ങൾ നീക്കിത്തുടങ്ങും. 3 വർഷം അങ്ങനെ പോകും. അവസാനത്തെ ഒരു വർഷം കടുംവെട്ടിന്റേയും ഊർജ്ജിതമായ കൈയിട്ട് വാരലിന്റേയും (അതിന് മുൻപ് കൈയിട്ട് വാരൽ ഇല്ലെന്നല്ല) സമയമാണ്. ഭരണം എതിർപക്ഷത്തിന് അനായാസം വെച്ചുമാറാൻ പാകത്തിന് കാര്യമായ എന്തെങ്കിലും ഒരു അഴിമതിയോ വിവാദമോ തക്കസമയത്ത് ഭരണപക്ഷത്തിന്റെ പേരിൽ പൊട്ടിപ്പുറപ്പെടുകയും ചെയ്യും. എന്റെ ഓർമ്മയിലും അറിവിലും മിക്കവാറും ഇങ്ങനെയാണ് ഈ തുടർക്കഥ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്.
പക്ഷേ, അധികാരത്തിൽ ഇരിക്കുന്ന മുന്നണി തന്നെ തുടർന്ന് ഭരിച്ചാൽ, പുതുഭരണത്തിന്റെ തുടക്കം മുതൽ തന്നെ, കാശില്ല, ഖജനാവ് കാലി എന്നൊന്നും പറയാനാവില്ല. കുറ്റപ്പെടുത്താൻ മറ്റൊരാളില്ല. അവർ തന്നെയാണല്ലോ മുൻപും ഖജനാവ് കൈകാര്യം ചെയ്തിരുന്നത്. ഇക്കാരണം കൊണ്ടാണ് ആരെങ്കിലും ഒരു കൂട്ടർ ഒരിക്കലെങ്കിലും തുടർന്ന് ഭരിക്കണമെന്ന് ആഗ്രഹിച്ചിട്ടുള്ളത്.
പക്ഷേ, ഈ തുടർഭരണമോഹം എങ്ങും തുറന്ന് പറഞ്ഞിട്ടില്ല. പറഞ്ഞാൽ, അപ്പോൾ ഭരിക്കുന്ന പക്ഷത്തിന്റെ ആളായി ചാപ്പ കുത്തപ്പെടും. ഏതെങ്കിലും ഒരു പക്ഷത്തിന്റെ കൂടെ കൂട്ടിക്കെട്ടാതെ മനുഷ്യരെ വിലയിരുത്താൻ അറിയില്ല എന്നത് ആൾക്കാരുടെ കുറ്റമാണെന്ന് പറയുന്നില്ല, പക്ഷേ അതവരുടെ ഒരു ദൌർബല്യമായിപ്പോയി. അതങ്ങനെ തന്നെ നടക്കട്ടെ. തിരുത്താൻ ഉദ്ദേശമില്ല, തിരുത്താൻ പറ്റുന്ന കാര്യവുമല്ല.
തുടർഭരണം വന്നാലും ഇല്ലെങ്കിലും പുതിയ സർക്കാർ ഭരണമേൽക്കുന്ന അന്ന് മുതൽ മറ്റൊരു കാര്യം എന്റെ സ്വന്തം ആവശ്യത്തിലേക്കായി ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. അത് മറ്റൊന്നുമല്ല. ഭരണം തുടങ്ങുന്ന അന്ന് മുതൽ സർക്കാറിന് സംഭവിക്കുന്ന വീഴ്ച്ചകളും സർക്കാർ ബോധപൂർവ്വം ചെയ്യുന്ന വൃത്തികേടുകളും തോന്നാസങ്ങളും പിടിക്കപ്പെടുന്ന കള്ളത്തരങ്ങളും മറ്റ് ജനദ്രോഹ നടപടികളുമൊക്കെ അക്കമിട്ട്, തീയതിയിട്ട് രേഖപ്പെടുത്തും. ഞാനടക്കമുള്ള മലയാളികളുടെ മറവിയെ മറികടക്കാനുള്ള ഒരു ഏർപ്പാട് മാത്രമാണിത്. ഉദാഹരണം പറഞ്ഞാൽ…, ഈ സർക്കാരിന്റെ തുടക്കത്തിൽ അത്തരത്തിൽ സംഭവിച്ചിട്ടുള്ള എത്ര കാര്യങ്ങൾ ജനങ്ങൾക്കിപ്പോൾ ഓർമ്മയുണ്ട്. പ്രളയത്തിന് മുന്നുള്ള പല കാര്യങ്ങളും ആ വെള്ളപ്പാച്ചിലിനൊപ്പം നമ്മുടെ ഓർമ്മയിൽ നിന്ന് ഒലിച്ചുപോയിരിക്കുന്നു എന്നതാണ് സത്യം. സരിത വിഷയം പൊട്ടിപ്പുറപ്പെടുന്നതിന് മുന്നുള്ള ഉമ്മൻചാണ്ടി സർക്കാരിന്റെ വീഴ്ച്ചകൾ എത്രപേർക്കിന്ന് ഓർമ്മയുണ്ട് ? സാധാരണ ജനത്തിന് ഇതൊക്കെ കാര്യമായി ഓർമ്മയുണ്ടെന്ന് കരുതാൻ വയ്യ.
അതുകൊണ്ടാണ് ഓർമ്മ പുതുക്കാനായി ഈ രേഖപ്പെടുത്തൽ. അഞ്ച് വർഷം കഴിയാറായി അടുത്ത തിരഞ്ഞെടുപ്പ് കാലമാകുമ്പോൾ സർക്കാരുകൾ ചെയ്ത നല്ല കാര്യങ്ങൾ കൊട്ടിഘോഷിക്കാൻ ദൃശ്യശ്രവ്യ പത്രമാദ്ധ്യമങ്ങൾക്ക് കോടിക്കണക്കിന് രൂപയാണ് സർക്കാർ നൽകുന്നത്. ഈ സർക്കാർ അത്തരത്തിൽ ചിലവഴിച്ച പണത്തിന്റെ വിവരാവകാശ കണക്ക് 90.36 കോടി രൂപയാണ്. അതിൽ കഴിഞ്ഞ സർക്കാറിന്റെ കുടിശ്ശികയും ഉണ്ട്. ഇത്രയും കോടികൾ ചിലവഴിച്ച് സർക്കാരുകൾ ജനങ്ങൾക്കായി ചെയ്ത നല്ല കാര്യങ്ങൾ അതേ ജനങ്ങളെ ഓർമ്മിപ്പിക്കാനോ അറിയിക്കാനോ വേണ്ടി ചിലവാക്കുമ്പോൾ സർക്കാരുകൾക്ക് പറ്റിയ വീഴ്ച്ചകൾ കൃത്യമായി അക്കമിട്ട് എങ്ങും രേഖപ്പെടുത്തുന്നില്ല. കുറേക്കൂടെ കൃത്യമായി പറഞ്ഞാൽ, ജനങ്ങൾ തിരഞ്ഞെടുത്ത് നികുതിപ്പണം മുടക്കി ജനപ്രതിനിധികൾക്ക് കാറും വീടും വിദേശ ചികിത്സയുമടക്കം സർവ്വ ചെല്ലും ചിലവും നൽകി അവരെ ഏൽപ്പിക്കുന്ന ജോലിയിൽ അവർക്ക് പറ്റുന്ന പിഴവുകൾ നാമെങ്ങും രേഖപ്പെടുത്തുന്നില്ല. അതേ സമയം അവരുടെ ഉത്തരവാദിത്തമായി നാം ഏൽപ്പിക്കുന്ന ജോലിയിൽ കേമമായി ചെയ്ത കാര്യങ്ങൾ വിളിച്ച് പറയാൻ നമ്മുടെ കോടികൾ പിന്നെയും ചിലവാക്കപ്പെടുന്നു.
ചെയ്യാൻ പോകുന്ന കാര്യം എന്താണെന്ന് ഏകദേശരൂപം കിട്ടിക്കാണുമെന്ന് കരുതുന്നു. ഇത് നികുതിദായകൻ എന്ന നിലയ്ക്ക് എന്റെ വിലയിരുത്തലുകൾ മാത്രമാണ്. അത് വീഴ്ച്ചയായിരുന്നില്ല, ഇത് വീഴ്ച്ചയായിരുന്നില്ല എന്ന് അഭിപ്രായമുള്ളവർക്ക് അക്കാര്യം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം തീർച്ചയായുമുണ്ട്. പക്ഷേ അതിൽ ഏത് വീഴ്ച്ച, ഏത് വീഴ്ച്ചയല്ല എന്ന വിവേചനാധികാരം ഞാനെടുക്കുന്നു. മാനിക്കാൻ പറ്റുന്ന അഭിപ്രായങ്ങൾ ഉണ്ടായാൽ തീർച്ചയായും എന്റെ രേഖപ്പെടുത്തലുകളിൽ തിരുത്തലുണ്ടാകും. മാനിക്കാൻ പറ്റാത്ത അഭിപ്രായങ്ങളെ തള്ളിക്കൊണ്ട് എന്റെ രേഖപ്പെടുത്തലുകൾ തുടരും. ഇതേ കാര്യം ആർക്ക് വേണമെങ്കിലും ചെയ്യാമെന്നുള്ളതുകൊണ്ട്, എന്റെ രേഖപ്പെടുത്തലുകൾ ആരും കാര്യമാക്കേണ്ടതില്ല. എല്ലാവർക്കും അവരവരുടേതായ രീതിയിൽ ഇക്കാര്യങ്ങൾ രേഖപ്പെടുത്താനുള്ള സൌകര്യവും സ്വാതന്ത്ര്യവും സംവിധാനങ്ങളും നിലവിലുണ്ട്.
ഇപ്പറഞ്ഞ സംഭവത്തിന് ഒരു നല്ല പേര് ആർക്കെങ്കിലും നിർദ്ദേശിക്കാനുണ്ടെങ്കിൽ സ്വാഗതം. ഭരിക്കുന്നവരുടെ നെഗറ്റീവുകൾ അല്ലെങ്കിൽ വീഴ്ച്ചകൾ ചൂണ്ടിക്കാണിക്കുന്നത് എന്ന അർത്ഥത്തിലായിരിക്കണം പേര്.
വാൽക്കഷണം:- കേന്ദ്രം ഭരിക്കുന്ന സർക്കാരുകളുടേയും വീഴ്ച്ചകൾ ഇതുപോലെ ആരെങ്കിലും രേഖപ്പെടുത്തിയെങ്കിൽ എന്നാഗ്രഹിക്കുന്നു. ഇതിനേക്കാൾ സമയം ആവശ്യമുള്ള ഒന്നാണത്. മറ്റാരെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ സഹായങ്ങൾ തീർച്ചയായും ഉണ്ടാകും.
“കുറ്റപത്രം.”
ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് പെൻഡിങ് ആയതുകൊണ്ട് അവിടെ കമൻ്റിടാൻ പറ്റില്ല. കേരളവർമ കോളജിൽ Dolores Umbridge പദവി നിർവഹിച്ചു പോന്നിരുന്ന മഹതിയെ മന്ത്രിസ്ഥാനത്തേക്കുയർത്തിയത് ഇതിൽ കൂട്ടുമോ?
കരുവന്നൂർ തട്ടിപ്പ്, ശശീന്ദ്രൻ കേസ്, സ്വർണക്കടത്ത് എന്നിവ ലിസ്റ്റിലുണ്ടോ?