വാർത്തേം കമന്റും – (പരമ്പര 100)


100

വാർത്ത 1:- ഇന്ധനവില വർദ്ധനയ്ക്കെതിരേ കനത്ത പ്രതിഷേധം; കസാഖിസ്ഥാൻ സർക്കാർ രാജിവെച്ചു
കമൻ്റ് 1:- അത് കണ്ടിട്ട് ആരും ഇവിടെ വെള്ളം ചൂടാക്കേണ്ടതില്ല.

വാർത്ത 2:- അതിർത്തിയിൽ ഭീഷണി ഒഴിഞ്ഞിട്ടില്ല, ചൈനപ്പട്ടാളത്തെ ശക്തമായി നേരിടുമെന്ന് കരസേനാ മേധാവി.
കമൻ്റ് 2:- ഏതൊക്കെയോ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് ആയെന്ന് തോന്നുന്നു.

വാർത്ത 3:- കെ.റെയില്‍ ഭൂമി ഏറ്റെടുക്കൽ; അടിസ്ഥാനവില അവസാനം നടന്ന ഇടപാടുകൾ അടിസ്ഥാനമാക്കി.
കമൻ്റ് 3:- സ്റ്റാമ്പ് ഡ്യൂട്ടിയിൽ നിന്ന് രക്ഷപ്പെടാനായി യഥാർത്ഥ വില കാണിക്കാതെ നടന്നിട്ടുള്ള രജിസ്റ്റ്രേഷൻ പ്രകാരം കിട്ടുന്ന തുകയാണ് അടിസ്ഥാനമെങ്കിൽ, സർക്കാരിനെ പറ്റിച്ചവരെ സർക്കാരും പറ്റിക്കാൻ പോകുന്നു എന്ന് സാരം.

വാർത്ത 4:- താലിബാന്‍റെ ‘തലവെട്ടല്‍ ഉത്തരവ്’ നടപ്പാക്കി; അഫ്ഗാനില്‍ പെണ്‍പ്രതിമകള്‍ക്ക് കൂട്ടത്തോടെ ശിരച്ഛേദം.
കമൻ്റ് 4:- മനുഷ്യൻ്റെ തലയറുക്കുന്നവർക്കാണോ പ്രതിമകളുടെ തലയറുക്കാൻ ബുദ്ധിമുട്ട്.

വാർത്ത 5:- മിസ്ഡ്‌കോള്‍ പരിചയം; വീട്ടമ്മയില്‍നിന്ന് തട്ടിയെടുത്തത് 65 പവനും 4 ലക്ഷം രൂപയും; മൂന്നുപേർ പിടിയില്‍.
കമൻ്റ് 5:- കാൾ മിസ്സായിട്ടും ലക്ഷങ്ങൾ മിസ്സായില്ല.

വാർത്ത 6:- ജനങ്ങളുടെ പ്രതിഷേധം മറികടന്ന് ഒരു പദ്ധതിയും കേരളത്തില്‍ നടപ്പാകില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍.
കമൻ്റ് 6:- കർഷക സമരം വഴി അങ്ങ് കേന്ദ്രത്തിൽ നിന്നുള്ള അനുഭവം.

വാർത്ത 7:- പോലീസ് ‘ചുരുളി’ കാണുന്നു; ‘സഭ്യത’ പരിശോധിക്കാന്‍ സമിതി രൂപീകരിച്ചു.
കമൻ്റ് 7:- കാണുന്നതൊക്കെ കൊള്ളാം. സിനിമയിലുള്ള ചുരുളി ജനങ്ങളോട് പ്രയോഗിക്കാതിരുന്നാൽ കൊള്ളാം.

വാർത്ത 8:- ജീവിതത്തിൽ ഗ്രാമറും സ്പെല്ലിങ്ങും തെറ്റാതിരിക്കാൻ ജാകരൂകനാണെന്നും മനസ്സ് പതറുമ്പോൾ കൈവിറച്ച് പോകുന്ന സാധാരണത്വം ഒരു കുറവായി കാണുന്നില്ലയെന്നും കേരള യൂണിവേർസിറ്റി വൈസ് ചാൻസലർ പ്രൊ:വി. പി. മഹാദേവൻ പിള്ള.
കമൻ്റ് 8:- പരീക്ഷപ്പേപ്പർ കാണുമ്പോൾ കൈയും മനസ്സും വിറച്ച് പോകുന്ന പരീക്ഷാർത്ഥികൾക്ക് ഗ്രേസ് മാർക്കിനുള്ള വകുപ്പ് തെളിഞ്ഞ് വരുന്നുണ്ട്.

വാർത്ത 09:- കോവിഡിനിടെ സിപിഎമ്മിന്റെ മെഗാ തിരുവാതിര; പങ്കെടുത്തത് 550 പേര്‍, കണ്ണടച്ച് പൊലീസ്.
കമൻ്റ് 09:- പൊലീസ് മന്ത്രിയെ വാഴ്ത്തുന്ന തിരുവാതിര ഗാനം കണ്ണടച്ച് ആസ്വദിക്കേണ്ടത് പൊലീസിൻ്റെ കടമയല്ലേ ?

വാർത്ത 10:- കോവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ബന്ധിതമായേക്കും.
കമൻ്റ് 10:- കോവിഡ് പൂർണ്ണമായും ഇല്ലാതാകുന്നത് വരെ തിരുവാതിര നിരോധിക്കാൻ സാദ്ധ്യതയുണ്ട്.
——————————
2014 ഫെബ്രുവരി 24നാണ് വാർത്തേം കമൻ്റും എന്നൊരു പരമ്പര തുടങ്ങി വെച്ചത്. ഇതേ ഫോർമാറ്റിൽ മറ്റ് പലയിടങ്ങളിലും പല കാലങ്ങളിലായി കാണുന്ന പരിപാടികളുടെ ശുദ്ധ അനുകരണം തന്നെയായിരുന്നു അത്. ഡി.സി.കിഴക്കേമുറിയുടെ കറുപ്പും വെളുപ്പും മുതൽ ബിഗ് ബീയുടേയും Benzy Ayyampilly മുരുകൻ്റേയും റേഡിയോ പരിപാടിയടക്കം ഒരുപാടുണ്ട് ഉദാഹരണമായി പറയാൻ. ആദ്യകാലത്ത്, നിരക്ഷരൻ എന്ന വെബ് സൈറ്റിലും ഫേസ്ബുക്കിലും ഒരുപോലെ വാർത്തേം കമൻ്റും പങ്കുവെച്ച് പോന്നു. ഇടക്കാലത്ത് എപ്പോഴോ നിരക്ഷരൻ സൈറ്റിൽ മാത്രമായി അത് ചുരുക്കി.

ചില പത്രവാർത്തകൾ അഥവാ വാർത്തകളുടെ തലക്കെട്ട് വായിക്കുമ്പോൾ, മനസ്സിൽ അപ്പോൾ തോന്നുന്ന ഒരു മറുപടിയോ വിമർശനമോ മാത്രമായിരുന്നു വാർത്തേം കമൻ്റും.

അത്ര കേമം സംഭവമായിരുന്നെന്ന് അവകാശപ്പെടുന്നില്ല. എന്നിരുന്നാലും 10 കമൻ്റുകളിൽ 2 എണ്ണമെങ്കിലും ചിലർക്കൊക്കെ ഇഷ്ടപ്പെട്ടു. അവർ കൈയ്യടിച്ചു. അക്ഷരമില്ലാത്തോന് അത് ധാരാളം മതിയല്ലോ ? അതങ്ങ് തുടർന്നുകൊണ്ട് പോയി. ആളും തരവും പാർട്ടീം മതവും ഒന്നും നോക്കിയിട്ടില്ല. എല്ലാവർക്കെതിരെയും പറഞ്ഞിട്ടുണ്ട്. അതിൻ്റെയൊന്നും അതുപാതമോ ബാലൻസിങ്ങോ കണക്ക് വെച്ചിട്ടില്ല. അക്കണക്കുകളെടുത്ത് എന്നെ ഏത് പക്ഷത്ത് കെട്ടണമെന്ന് തീരുമാനിക്കുന്നവർ ആ ജോലി ഭംഗിയായി ചെയ്ത് പോരുന്നുണ്ട്. അതവർ തുടരട്ടെ. എതിർപ്പില്ല. എനിക്ക് പറയാനുള്ളത് ഞാനും പറഞ്ഞുകൊണ്ടിരിക്കും.

ഇക്കാലയളവിൽ പലരും അതിലെ കഥാപാത്രത്തിൻ്റെ മുഖങ്ങൾ വരച്ചും ഡിസൈൻ ചെയ്തും തന്നു. നിലവിൽ അവിടെ കാണുന്നത് മകൾ നേഹ വരച്ച ചിത്രമാണ്.

പറഞ്ഞുവന്നത്,…. വാർത്തേം കമൻ്റും ഇന്ന് 100 എപ്പിസോഡ് തികയുകയാണ്. തുടർന്നങ്ങോട്ടും ഫേസ്ബുക്കിൽ പകർത്തിയിടുന്നില്ല. നിരക്ഷരൻ സൈറ്റിൽ അതങ്ങനെ ഇനീം തുടർന്ന് പോകും. ആരെങ്കിലും കണ്ടാലും ഇല്ലെങ്കിലും വായിച്ചാലും ഇല്ലെങ്കിലും പറയാനുള്ളത് വിളിച്ച് പറഞ്ഞുകഴിഞ്ഞാൽ ഒരാശ്വാസമായി. അത്രേയുള്ളൂ. ഇതുവരെ കൈയടിച്ചവർക്കും പ്രോത്സാഹിപ്പിച്ചവർക്കും ഇഷ്ടപ്പെടാതെ പോയവർക്കും വരകളും ഡിസൈനുകളും സമ്മാനിച്ചവർക്കും എല്ലാം നന്ദി.
——————————
#വാർത്തേം_കമൻ്റും

Comments

comments

One thought on “ വാർത്തേം കമന്റും – (പരമ്പര 100)

Leave a Reply to Riyas Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>