രാജ റയ്സൽ ലാമിയ കോട്ട (കോട്ട # 83) (ദിവസം # 45 – രാത്രി 08:36)


11
ന്നലെ രാത്രി അപ്രതീക്ഷമായി ലക്ഷ്മൺഗഡ് കോട്ടയിലെ പൂജാരി മനോജ് വിളിച്ചു. നാളെ രാവിലെ എട്ടുമണിക്ക് കോട്ടയിൽ എത്തിയാൽ, ഇന്നലെ എനിക്ക് കാണാൻ പറ്റാതെ പോയ കോട്ടയുടെ ഭാഗങ്ങൾ കാണാനുള്ള ഏർപ്പാട് ചെയ്യാം എന്നറിയിക്കാനാണ് വിളിച്ചിരിക്കുന്നത്.

കോട്ടയിലെ സുരക്ഷാ ജീവനക്കാരൻ നാട്ടിൽ പോയ തക്കത്തിൽ, അവിടത്തെ അടിച്ചുതളിക്കാരൻ വഴിയാണ് ഈ ഏർപ്പാട് ചെയ്തിരിക്കുന്നത്.

ആ ഫോൺ സംസാരം എനിക്ക് കർണ്ണാമൃതം ആയിരുന്നു. രാവിലെ എട്ടുമണിക്ക് തന്നെ ഞാൻ ലക്ഷ്മൺഗഡ് കോട്ടയിൽ എത്തി. പൂജാരിയും കോട്ട വൃത്തിയാക്കുന്ന ജീവനക്കാരൻ ദേവാനന്ദ് ശേഖാവത്തും എനിക്കുവേണ്ടി കാത്തു നിൽക്കുന്നുണ്ടായിരുന്നു. ദേവാനന്ദ് ശേഖാവത്ത്, എന്നെ കോട്ടയുടെ എല്ലാ ഭാഗങ്ങളും കൊണ്ട് നടന്നു കാണിച്ചു. കോട്ടയുടെ ഏറ്റവും ഉയരമുള്ള ഭാഗത്തുനിന്ന് ലക്ഷ്മൺഗഡ് നഗരത്തിന്റെ മുഴുവൻ കാഴ്ച്ചകളും ആസ്വദിക്കാം.

* വളരെ കുറഞ്ഞ സ്ഥലമാണ് ആ മലയുടെ മുകൾഭാഗത്ത് കോട്ടയുടെ കൊട്ടാര ഭാഗങ്ങളിൽ ഇരിക്കുന്ന സ്ഥാനത്ത് ഉള്ളത്.

* മുഖാമുഖമായി നിൽക്കുന്ന രണ്ട് കെട്ടിടങ്ങളാണ് പ്രധാനമായിട്ട് ഉള്ളത്. അതിന് നടുക്കുള്ള ഭാഗം കഴിഞ്ഞാൽ പിന്നെ സ്വിമ്മിങ് പൂളും ആംഫി തിയേറ്ററും.

* കെട്ടിടത്തിന് മുകളിൽ പല പല മൊബൈൽ കമ്പനികളുടെ ടവറുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കെട്ടിടത്തിന് അകത്തേക്ക് അപരിചിതരെ പ്രവേശിപ്പിക്കാതിരിക്കാൻ ഒരു പ്രധാന കാരണം ഈ മൊബൈൽ ടവറുകളാണെന്ന് ഞാൻ അനുമാനിക്കുന്നു. കനത്ത വാടകയായിരിക്കും ആ മൊബൈൽ കമ്പനിക്കാർ കോട്ടയുടെ ഉടമസ്ഥന് നൽകുന്നത്. ആരെങ്കിലും അകത്തു കയറി ഈ ടവറുകൾക്കോ കേബിളുകൾക്കോ എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാൽ കോട്ടയുടെ ഉടമസ്ഥനും മൊബൈൽ കമ്പനിക്കാരും തമ്മിലുള്ള ഇരുപ്പുവശങ്ങൾ എല്ലാം തെറ്റുമെന്ന് ഉറപ്പ്.

* മുഖാമുഖമായി നിൽക്കുന്ന കെട്ടിടങ്ങൾക്ക് നടുവിൽ മഴവെള്ള സംഭരണി ഉണ്ട്. താഴെ ക്ഷേത്രത്തിലേക്കുള്ള പൂജയ്ക്ക് ആവശ്യമായ വെള്ളം പോലും ഈ സംഭരണിയിൽ നിന്നാണ് പൂജാരി കൊണ്ടുപോകുന്നത്. വണ്ടോ കീടങ്ങളോ മറ്റോ മലിനമാക്കാത്ത ശുദ്ധമായ ജലമാണ് അതിനകത്തുള്ളതെന്ന് അവർ പറയുമ്പോൾ ബക്കറ്റിൽ കോരി വെച്ചിരിക്കുന്ന വെള്ളം അത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.

9 മണിയായപ്പോഴേക്കും ലക്ഷ്മൺഗഡ് കോട്ടയിലെ രണ്ടാമത്തെ സന്ദർശനവും കഴിഞ്ഞു. ഇനിയെങ്ങോട്ട്?

കോട്ടകളുടെ പട്ടികയിൽ, രാജാ റയ്സൽ ലാമിയ എന്ന ഒരു കോട്ട കാണുന്നുണ്ട്. ഏകദേശം 80 കിലോമീറ്റർ ദൂരം. കോട്ടയുടെ ഗൂഗിൾ ചിത്രങ്ങൾ പ്രകാരം അത് നിലകൊള്ളുന്നത് സമതലത്തിലാണ്.

ദീപാവലി കാരണം ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളിൽ മുഴുവൻ തിരക്ക് തുടങ്ങിയിട്ടുണ്ട്. ചിലയിടത്ത് വഴിതിരിച്ച് വിടലുകൾ കാരണം വളഞ്ഞുകുഴഞ്ഞ് അല്പം വൈകിയാണെങ്കിലും ഞാൻ രാജ റയ്സൽ ലാമിയ കോട്ടയിൽ എത്തി.

പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന പുരാതന കെട്ടിടങ്ങളാണ് ചുറ്റിനും ഉള്ളത്. ആ കോട്ടയം അതിനോട് അനുബന്ധിച്ച് ഒരു ഭേദപ്പെട്ട നഗരവും പണ്ട് അവിടെ ഉണ്ടായിരുന്നു.

* 8 – 9 നൂറ്റാണ്ടുകളിൽ പരമാര രാജവംശമാണ് ഈ കോട്ട ഉണ്ടാക്കിയത് എന്ന് കരുതപ്പെടുന്നു.

* രാജ റൈസലാണ് ഈ കോട്ട വിപുലീകരിച്ചത്. അദ്ദേഹം ഈ കോട്ടയിലെ പ്രധാന ഭാഗമാണെന്ന് പറയാവുന്നതും ഇന്ന് നാശത്തിലേക്ക് കൂപ്പുകുത്തി നിൽക്കുന്നതുമായ കൊട്ടാര ഭാഗത്ത് താമസിക്കുകയും ചെയ്തിട്ടുണ്ട്.

അല്പം ബുദ്ധിമുട്ടി കോട്ടയുടെ ആ ഭാഗം ഞാൻ കണ്ടു പിടിച്ചെങ്കിലും എനിക്ക് കോട്ടയുടെ ഉള്ളിലേക്ക് കടക്കാൻ വയ്യ. നല്ല വലിപ്പമുള്ള കടന്നലുകൾ ആർത്ത് പറക്കുന്നു. തൊട്ടടുത്ത് കോട്ടയുടെ തന്നെ ഒരു ഭാഗം എന്ന് കണക്കാക്കപ്പെടുന്ന ഒരു കെട്ടിടത്തിൽ താമസിക്കുന്ന ഒരു പയ്യനോട് (അലോക്) ഞാൻ സഹായം അഭ്യർത്ഥിച്ചു.

അവൻ എൻ്റെ കൂടെ കോട്ടയിലേക്ക് വന്നു. ആ കടന്നല്ലുകൾ കുത്തില്ലെന്നാണ് അവൻ പറയുന്നത്. സംഗതി ശരിയാണ്. അതിനുള്ളിലൂടെ നടന്ന് ഞങ്ങൾ രണ്ടുപേരും കോട്ടക്കകത്ത് നടന്നു. ഒരു കടന്നൽ പോലും കുത്തിയില്ല.

കോട്ടയുടെ ഓരോ മുറികളിലും അലോക് എന്നെ കൊണ്ടുപോയി. ഓരോ നിലകളിലേക്കുള്ള വഴികളും അവന് കാണാൻ പാഠമാണ് അവൻ്റെ ചെറുപ്പം മുതൽ കാണുന്ന കോട്ടയാണത്. ഓടിക്കളിച്ചിരുന്നതും ഒളിച്ചു കളിച്ചിരുന്നതും എല്ലാം ആ കോട്ടയിൽത്തന്നെ ആല്ലേയെന്ന് ഞാൻ ചോദിച്ചപ്പോൾ അവൻ ചിരിച്ചു കൊണ്ട് തല കുലുക്കി.

അധികം വൈകാതെ അവൻ്റെ പന്ത്രണ്ടാം ക്ലാസുകാരനായ അനിയനും വന്നു. ഞങ്ങൾ ഒരുമിച്ച് പടങ്ങൾ എടുത്തു. സത്യത്തിൽ അവൻ വന്നില്ലായിരുന്നെങ്കിൽ കടന്നലുകൾ ആർത്തുകൊണ്ടിരുന്നതിനാൽ, ആ കോട്ട സന്ദർശനം കവാടത്തിൽത്തന്നെ എനിക്ക് ഉപേക്ഷിക്കേണ്ടി വരുമായിരുന്നു. ഞാൻ അലോകിനോട് നന്ദി പറഞ്ഞ് അവിടുന്ന് ഇറങ്ങി.

ഭാഗിയുടെ അടുത്ത് എത്തിയപ്പോൾ അവിടെ നാട്ടുകാർ ചിലർ കൂടിയിട്ടുണ്ട്. അതിൽ ഒരു തയ്യൽക്കടക്കാരൻ എന്നോട് കാര്യമായി കുശലങ്ങൾ ചോദിച്ചു. രാജ്യത്ത് കോട്ടകൾ മുഴുവൻ കാണാൻ ഇറങ്ങിയിരിക്കുന്ന ആളാണെന്ന് പറഞ്ഞപ്പോൾ അയാൾക്ക് വലിയ ബഹുമാനം. മദൻലാൽ എന്നാണ് കക്ഷിയുടെ പേര്. പുള്ളിക്ക് രാജസ്ഥാനിലെ ഒട്ടുമിക്ക കോട്ടകളും അറിയാം. ഞങ്ങൾ പിന്നെ അതേപ്പറ്റിയായി സംസാരം.

“ഹം ആപ് കാ ക്യാ സേവ കരൂം” എന്നായി സ്നേഹപ്രകടനം.

ചായകുടിച്ചേ പോകാൻ പറ്റൂ എന്ന് നിർബന്ധം. അല്പം തണുത്ത വെള്ളം മതിയെന്ന്, ഞാൻ വഴങ്ങി. എന്റെ കയ്യിൽ ഉണ്ടായിരുന്ന, വള്ളി വിട്ടുപോയ ഒരു ബാഗ് പുള്ളി തുന്നി തരുകയും ചെയ്തു.

ദൂരെന്ന് വരുന്ന തെണ്ടിയാണെങ്കിൽ സ്വീകരണം കൂടുതലാണെന്നാണ് ഈ യാത്രയിൽ ഉടനീളം ഞാൻ മനസ്സിലാക്കിയത്. വയസ്സ് കൂടുതൽ ആണെങ്കിൽ കുറച്ചുകൂടെ സ്നേഹം വഴിയും.

സത്യത്തിൽ ഈ ഗ്രാമത്തിലൂടെയുള്ള യാത്ര വളരെ സന്തോഷം തന്ന ഒന്നായിരുന്നു. നല്ല ഭംഗിയുള്ള കൃഷിയിടങ്ങളാണ് അതിന്റെ കാരണം. വേനൽക്കാലത്ത് കൃത്യമായി ചില്ലകൾ ഇറക്കിയിറക്കി നിർത്തിയിരിക്കുന്ന മരങ്ങൾ കാണാൻ ഒരു പ്രത്യേകത രസമുണ്ട്. ഈ വഴിക്കുള്ള മറ്റൊരു പ്രത്യേക കാഴ്ച്ച കല്ലുപ്പിൻ്റെ വിൽപ്പനയാണ്. കറുപ്പും വെളുപ്പും നിറത്തിലുള്ള കല്ലുപ്പുകൾ യഥാക്രമം കിലോഗ്രാമിന് 50, 40 രൂപയ്ക്കാണ് വിൽക്കുന്നത്. ഞാൻ കരുതിയത് അത് ഗുജറാത്തിൽ നിന്നാണ് വരുന്നത് എന്നാണ്. പക്ഷേ ഈ കല്ലുപ്പുകൾ വന്നിരിക്കുന്നത് പഞ്ചാബിലെ വാഗ പരിസരത്ത് നിന്നാണ്.

വൈകീട്ട്, ലൂട്ടേർസ് റസ്റ്റോറന്റിലെ ജീവനക്കാർ ഓരോരുത്തരായി വന്ന് ഭാഗിയുടെ സൗന്ദര്യമാസ്വദിച്ച് കൊണ്ടിരുന്നു. രാജകൊട്ടാരത്തിൽ കെട്ടിച്ചുവിടാൻ ഏറെക്കുറെ വാക്ക് പറഞ്ഞു വെച്ചിട്ടുള്ള പെൺകൊച്ചാണ്. ഇവന്മാർ ആരെങ്കിലും അതിനിടയിൽ അവളുമായി പ്രേമത്തിലായാൽ പണിയാകും.

നാളെ രാവിലെ ഭാഗിയുമായി സിക്കർ വിടണം. അജ്മീറിലേക്കാണ് പോകുന്നത്. അങ്ങോട്ട് മൂന്നേമുക്കാൽ മണിക്കൂറിലധികം യാത്രയുണ്ട്.

ശുഭരാത്രി.