രാജസ്ഥാനിലെ ചികിത്സ (ദിവസം # 43 – രാത്രി 08:00)


11
ന്നലെ രാവിലെ 11:00 മണി മുതൽ ഹോട്ടൽ ബബ്ലുവിൽ ഞാൻ വിശ്രമിക്കുകയായിരുന്നു. ഭാഗിയിൽ കിടന്ന് പകൽസമയത്ത് വിശ്രമിക്കാൻ ആവില്ല. നല്ല ചൂട് ഉണ്ടാകും എന്നതുതന്നെ കാരണം. പനിയും ശരീരം വേദനയും ക്ഷീണവും ഒക്കെ മാറാൻ അത് സഹായിച്ചെന്ന് വരില്ല. അതുകൊണ്ടാണ് ഹോട്ടലിൽ മുറിയെടുത്തത്.

ഇന്നലെ ഉച്ചയ്ക്കും രാത്രിയും മരുന്ന് കഴിച്ചപ്പോൾത്തന്നെ പനിയും തലവേദനയും കുറഞ്ഞിരുന്നു. ഇന്ന് രാവിലെ ഉറങ്ങി എഴുന്നേറ്റതോടെ ശരീരം വേദനയും മാറി. വൈകുന്നേരത്തോടെ പ്രശ്നങ്ങൾ എല്ലാം തീർന്നിരിക്കുന്നു.

ഇന്നലെ മഞ്ജുവിനെ വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് ജയ്പൂരിൽ മുഴുവൻ വൈറൽ ഫീവറും ജലദോഷവും പ്രശ്നങ്ങളും ഉണ്ടെന്നാണ്. മഞ്ജുവിനും അത് കിട്ടിയിട്ടുണ്ട്.

സുഖമില്ലെന്ന് അറിഞ്ഞപ്പോൾ ഒരുപാട് പേർ വിളിച്ചു, മെസ്സേജ് അയച്ചു, പെട്ടെന്ന് ഭേദമാകാൻ ആശംസാ കമന്റുകൾ അയച്ചു. എല്ലാവർക്കും ഒരുപാട് നന്ദി.

വിഷയം ആരോഗ്യം ആയതുകൊണ്ട്, രോഗവും ചികിത്സയുമായി ബന്ധപ്പെട്ട് രാജസ്ഥാനിൽ ഉണ്ടായ രണ്ട് അനുഭവങ്ങൾ പങ്കുവെക്കാൻ ആഗ്രഹിക്കുന്നു.

അനുഭവം 1:- ഖേത്ത്ടിയിലെ അജിത്ത്- വിവേക് മ്യൂസിയത്തിൽ കയറാൻ ടിക്കറ്റ് എടുക്കുമ്പോൾ, ടിക്കറ്റ് കൗണ്ടറിൽ ഇരുന്ന ആൾ എന്നോട് ചോദിക്കുന്നു, പ്രഷറിന് നല്ല മരുന്ന് ഏതാണെന്ന്. ഞാൻ ശരിക്കും ഞെട്ടി. ഞാൻ ഏതെങ്കിലും ഒരു മരുന്ന് പറഞ്ഞ് കൊടുത്താൽ അയാൾ അത് മെഡിക്കൽ ഷോപ്പിൽ പോയി വാങ്ങി കഴിച്ചെന്നും വരും.

“ഞാൻ ഡോക്ടർ അല്ല. എനിക്ക് മരുന്ന് നിർദ്ദേശിക്കാൻ ആവില്ല, ഏതെങ്കിലും ഡോക്ടറെ കണ്ട് കാര്യം പറയൂ” എന്ന് പറഞ്ഞപ്പോൾ…

“ഡോക്ടറെ കാണാനുള്ള പണമൊന്നും ഇല്ല.” എന്നായിരുന്നു മറുപടി.

അയാൾ ഡോക്ടറെ കാണില്ല. ഏതെങ്കിലും മെഡിക്കൽ ഷോപ്പിൽ പോയി, അവര് കൊടുക്കുന്ന ഒരു മരുന്ന് വാങ്ങി കഴിക്കും. അത്രതന്നെ.

അനുഭവം 2:- സിക്കർ നഗരത്തിൽ കണ്ണട ശരിയാക്കാൻ പോയിരുന്ന കാര്യം മുന്നേ എഴുതിയിരുന്നല്ലോ?

അന്ന് ഞാൻ കണ്ണടക്കടയിൽ ഇരിക്കുമ്പോൾ, എട്ടാം ക്ലാസ്സ് പ്രായമുള്ള ഒരു പെൺകുട്ടിയും അവളുടെ അമ്മയും അമ്മൂമ്മയും (ആകാം) അങ്ങോട്ട് കയറി വന്നു.

“ഇവൾക്ക് ഈയിടെയായി ഒന്നും വായിക്കാൻ പറ്റുന്നില്ല. ഭയങ്കര തലവേദന” ….അമ്മ പറഞ്ഞു.
“കണ്ണട വെച്ച് കളയാം” കടക്കാരൻ പരിഹാരം കണ്ടെത്തിക്കഴിഞ്ഞു.

പെൺകുട്ടിയെ യന്ത്രത്തിന്റെ മുൻപിൽ ഇരുത്തി അവളുടെ പവർ ടെസ്റ്റ് ചെയ്ത് ഒരു കണ്ണട ഫിറ്റ് ചെയ്യാനുള്ള നടപടികൾ ഞൊടിയിടയിൽ കഴിഞ്ഞു.

കണ്ണിന് ഒരു പ്രശ്നമുണ്ടാകുമ്പോൾ ഈ നാട്ടിലെ സാധാരണക്കാർ ഒരു കണ്ണ് ഡോക്ടറുടെ അടുത്തേക്കല്ല പോകുന്നത്. കണ്ണടക്കടയിലേക്കാണ്.

ഇന്നലെ എനിക്ക് സുഖമില്ലെന്ന് അറിഞ്ഞപ്പോൾ സുമോദ് Sumod As എന്ന ഓൺലൈൻ സുഹൃത്ത് അയച്ച സന്ദേശം ഇങ്ങനെ ആയിരുന്നു.

“കണ്ണിൽക്കണ്ട ഡോക്ടർമാരുടെ അടുത്തേക്കൊന്നും പോകരുത്. ഒരുപാട് വ്യാജ ഡോക്ടർമാർ വടക്കേ ഇന്ത്യയിലൊക്കെ വിലസുന്നതാണ്. ഡോക്ടർ ആണെന്ന് ഉറപ്പുള്ളവരുടെ അടുത്തേ പോകാൻ പാടുള്ളൂ.”

ആ ചിന്തയും ആശങ്കയും വേണ്ടുവോളം എനിക്കുമുണ്ട്. അതുകൊണ്ടാണ് ഒരു ഒന്നോ രണ്ടോ ദിവസം വിശ്രമിച്ചതിന് ശേഷം, രോഗം ഭേദമായില്ലെങ്കിൽ ജയ്പൂരിലേക്ക് പോയി മഞ്ജുവിന്റെ സഹായത്തോടെ ചികിത്സ തേടാം എന്ന് കരുതിയത്.

ഈ ഹോട്ടലിലെ കട്ടിലിൽ കിടന്നാൽ എൻ്റെ നടു അവതാളത്തിലാകും എന്നതാണ് പുതിയ പ്രശ്നം. എട്ടിഞ്ച് കനമുള്ള മെത്തയിലൊന്നും എനിക്ക് കിടക്കാനാവില്ല. പകുതി സ്പ്രിംഗും പിന്നെ കുറെ ഫൈബറും ചേർത്തുണ്ടാക്കുന്ന അത്തരം മെത്തകളിൽ സ്ഥിരമായി കിടക്കുന്ന വരെ പൂവിട്ട് തൊഴണം.

50 ഡെൻസിറ്റിയുള്ള ഫോമിന്റെ മെത്തയിലാണ് കഴിഞ്ഞ രണ്ട് വ്യാഴവട്ടക്കാലമായി ഞാൻ കിടക്കുന്നത്. ഭാഗിക്കുള്ളിലെ മെത്തയും അപ്രകാരം ഉണ്ടാക്കിയിട്ടുള്ളതാണ്. മരപ്പലകയിൽ കിടക്കുന്ന സുഖവും സ്പോഞ്ചിൻ്റെ പതുപതുപ്പും ഉള്ള ഈ കിടക്കകൾ എത്ര വർഷം കഴിഞ്ഞാലും മദ്ധ്യഭാഗം കുഴിയുകയോ ആകൃതിയിൽ വ്യത്യാസം വരുകയോ ചെയ്യില്ല. നമ്മുടെ കട്ടിലിന്റെ കൃത്യം അളവിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഈ മെത്തയ്ക്ക് വലിയ ബ്രാൻഡഡ് കമ്പനി മെത്തകളുടെ മൂന്നിലൊന്ന് ചിലവേ വരൂ. മടക്കിയൊടിച്ച് ഒരു കാറിന്റെ പിൻസീറ്റിൽ ഇട്ട് എങ്ങോട്ട് വേണമെങ്കിലും കൊണ്ടു പോകാം, വെള്ളം ഒഴിച്ച് കഴുകി ഒറ്റ ദിവസം കൊണ്ട് ഉണക്കിയെടുക്കാം എന്നീ ഗുണങ്ങളും ഉണ്ട്.

ഈ ഹോട്ടലിലെ മെത്ത സത്യത്തിൽ എനിക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഒരു ദിവസം കൂടെ ഇതിൽ കിടക്കാൻ എനിക്കാവില്ല.

ഹോട്ടലിൽ മുറി എടുത്തത് കൊണ്ടുണ്ടായ ഒരു ഗുണം. ഈ ആഴ്ച്ചയിലെ അലക്ക്, ഷൂ കഴുകൽ, ഈ-മെയിൽ പരിശോധന, ഡാറ്റ ബാക്ക് അപ്പ് ഇത്യാദി കാര്യങ്ങളെല്ലാം ചെയ്യാൻ പറ്റി എന്നതാണ്.
എന്തായാലും തൽക്കാലം ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു. നാളെ വീണ്ടും യാത്ര തുടരും.

ശുഭരാത്രി.