കൊച്ചിൻ ചീറ്റിങ്ങ് മാരത്തോൺ


4

ന്ന് ( 07 ഡിസംബർ 2014) നടന്ന RUN KOCHI RUN ഹാഫ് മാരത്തോണിൽ ഞാനും പങ്കെടുത്തിരുന്നു. ഇതെന്റെ രണ്ടാമത്തെ ഹാഫ് മാരത്തോൺ ആണ്. കൊച്ചിയിലും കൊച്ചിക്ക് പുറത്തും മുൻപ് നടന്നിട്ടുള്ള മറ്റ് പല ദീർഘദൂര ഓട്ടങ്ങളിലും പങ്കെടുത്തിട്ടുണ്ട്, അതിന്റെയൊക്കെ സംഘാടന മികവും പാളിച്ചകളുമൊക്കെ അനുഭവിച്ചറിഞ്ഞിട്ടുമുണ്ട്.

5

ദീർഘദൂര ഓട്ടങ്ങളിൽ പങ്കെടുക്കാൻ ആയിരങ്ങൾ വരുന്നത് സമ്മാനം നേടാമെന്ന വ്യാമോഹത്തോടെയൊന്നുമല്ല. പലരും ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ദിവസവും രാവിലെ ഓടുന്നവരാണ്. ഓരോ ഓട്ടമത്സരങ്ങളിലും സ്വന്തം ടൈമിങ്ങ് മെച്ചപ്പെടുത്തുക എന്നത് മാത്രമാണ് സ്ഥിരം ഓട്ടക്കാരുടെ ലക്ഷ്യം. അതല്ലാതെ ഒരു ഐക്യദാർഢ്യം എന്ന നിലയ്ക്ക് പങ്കെടുക്കുന്നവരും ഉണ്ട്. അക്കൂട്ടർ എല്ലാ ഓട്ടമത്സരങ്ങളിലും പങ്കെടുക്കണമെന്നില്ല.

525 രൂപയാണ് കൊച്ചി ഹാഫ് മാരത്തോണിൽ രജിസ്റ്റർ ചെയ്യാൻ സംഘാടകർ ഈടാക്കിയത്. സംഘാടകർക്ക് ഇതിനൊക്കെ പുറമെ സ്പോൺസർഷിപ്പ് അടക്കം ഒരുപാട് പണം വേറെയും കിട്ടുന്നുണ്ട്. അതിന് മറ്റ് ചിലവുകളും ഉണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. എന്നാലും ഒരു നഷ്ടക്കച്ചവടത്തിന് അവർ നിൽക്കില്ലല്ലോ ? 525 രൂപ വാങ്ങിയാൽ പകരം അത്യാവശ്യം കൊടുക്കേണ്ട ചില സാധനങ്ങളുണ്ട്. അതിൽ പ്രധാനം ചെസ്റ്റ് നമ്പറാണ്(BIB). അതിനടിയിൽ ടൈമിങ്ങ് ചിപ്പുകൾ ഘടിപ്പിച്ച് വരുന്നതുകൊണ്ട് ഓടുന്നയാൾക്ക് സ്വന്തം സമയം അറിയാൻ ഉപകരിക്കുന്നു. ഓട്ടം കഴിഞ്ഞ് വരുമ്പോൾത്തന്നെ മൊബൈലിൽ ഓടാനെടുത്ത സമയം എത്തിക്കാനാണ് ടൈമിങ്ങ് ചിപ്പുകൾ ഉപയോഗിക്കുന്നത്. ഇത് അത്ര വലിയ ചിലവുള്ള സാധനമല്ല. പതിനായിരക്കണക്കിണ് വാങ്ങുമ്പോൾ 10 രൂപയിൽ താഴെ മാത്രമേ ചിലവാകൂ.

3

ഈ വക സാധനങ്ങൾ കൊച്ചി മാരത്തോൺ സംഘാടകർ 4,5,6 തീയതികളിലാണ് വിതരണം ചെയ്തിരുന്നത്. മണിക്കൂറുകൾ കാത്തുനിന്നിട്ടാണ് പലർക്കും റണ്ണിങ്ങ് കിറ്റ് കിട്ടിയത്. ഇപ്പറഞ്ഞ മൂന്ന് ദിവസങ്ങളിലും സ്പോട്ട് രജിസ്ട്രേഷൻ അനുവദിച്ചിരുന്നു സംഘാടകർ. അതിനെ അൽ‌പ്പം ആശങ്കയോടെയാണ് മാരത്തോൺ സംഘടിപ്പിച്ച് പരിചയമുള്ള പലരും കണ്ടിരുന്നത്. അതിന് കാരണമുണ്ട്. ഏറ്റവും ചുരുങ്ങിയത് ഒരാഴ്ച്ച മുന്നേയെങ്കിലും രജിസ്ട്രേഷൻ അവസാനിപ്പിച്ചാലേ എത്ര പേർ ഓടുന്നുണ്ട് എന്നത് തിട്ടപ്പെടുത്തി അവർക്കുള്ള റണ്ണിങ്ങ് കിറ്റ്, മെഡൽ, ഭക്ഷണം മറ്റ് സൌകര്യങ്ങൾ എന്നിവ തയ്യാറാക്കാനാവൂ. ഓട്ടത്തിന്റെ തലേന്നും രജിസ്ട്രേഷൻ തുടർന്ന് പോയാൽ ആ വക കാര്യങ്ങളൊക്കെ താളം തെറ്റില്ലേ ?!

എന്തായാലും ഇന്ന്, മത്സരദിവസം പ്രതീക്ഷിച്ചത് പോലെ സംഭവിച്ചു. 21 കിലോമീറ്ററും 10 കിലോമീറ്ററുമൊക്കെ ഓട്ടം കഴിഞ്ഞ് വന്നപ്പോൾ ഞാനടക്കമുള്ള നൂറ് കണക്കിന് ഓട്ടക്കാർക്ക് മെഡലില്ല, ഭക്ഷണമില്ല. വെള്ളം മാത്രമാണ് ദൌർലഭ്യമില്ലാതെ കിട്ടിയത്. ജനങ്ങൾ ബഹളം വെക്കാൻ തുടങ്ങി, പ്രതിഷേധമായി, മുദ്യാവാക്യം വിളിച്ച് ജാഥയായി സ്റ്റേജിന് മുന്നിലേക്ക് നടന്നു. സ്റ്റേജിന്റെ പരിസരത്ത് ഒരു സർക്കിൾ ഇൻസ്പെൿടറും മൂന്ന് നാല് കോൺസറ്റബിൾമാരും ചേർന്ന് എല്ലാവരേയും തടഞ്ഞു. വാക്കുതർക്കവും തട്ടിക്കയറലും തുടർന്നു. അതിനിടയ്ക്ക് “മെഡലെവിടേ മെഡലെവിടേ ” എന്ന മുദ്യാവാക്യവുമായി ജനങ്ങൾ മഹാരാജാസ് ഗ്രൌണ്ടിലെ സിന്തറ്റിക്ക് ട്രാക്കിൽ കുത്തിയിരുന്നു. സ്റ്റേജിൽ ഈ സമയത്ത് സമ്മാ‍ാനദാനവും മേയൽ ടോണി ചമ്മിണി അടക്കമുള്ളവരുടെ പ്രസംഗവും പൊടിപൊടിച്ചുകൊണ്ടിരുന്നു. മെഡൽ എത്തിയിട്ടുണ്ട് പോയി വാങ്ങിക്കോളൂ എന്ന് പ്രഖ്യാപനമുണ്ടായി. രണ്ടാമതും ചെന്നു നോക്കിയ ഓട്ടക്കാർ നിരാശരായി മടങ്ങി വന്ന് വീണ്ടും പ്രതിഷേധം തുടർന്നു.

ഇതിനിടയ്ക്ക് ഉയർന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ വെച്ച് നല്ല തടിമിടുക്കുള്ള ഒരു സംഘാടകൻ രണ്ട് പ്രതിഷേധക്കാരെ കൈയ്യേറ്റം ചെയ്തു. മീഡിയ സ്റ്റാന്റിനോട് ചേർത്ത് നിർത്തിയാണ് ഈ അക്രമം നടത്തിയത്. നീ ഇവിടെ ഇനി നിൽക്കണ്ട പൊയ്ക്കോളൂ, തൽക്കാലം ഒന്നും ചെയ്യുന്നില്ല എന്ന് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ആക്രോശവും അതിനിടയിൽ ഉയർന്ന് കേൾക്കാമായിരുന്നു. അപ്പോഴേക്കും ഇടിവണ്ടി നിറയെ പൊലീസുകാർ സ്ഥലത്തെത്തി മൈതാനത്ത് എന്തിനും തയ്യാറായി നിലയുറപ്പിച്ചു.

ഈ കാണിച്ചതും എല്ലാമടക്കം വാർത്തയായിട്ട് വരില്ലേ ? വന്നില്ലെങ്കിൽ വേറേ പണി ഞങ്ങൾക്ക് ചെയ്യേണ്ടി വരും എന്ന് മനോരമ റിപ്പോർട്ടറോട് പറഞ്ഞപ്പോൾ, ‘അതെന്ത് പണിയാണാവോ?’ എന്നാണ് അദ്ദേഹത്തിന്റെ മറുചോദ്യം. ഇതിനേക്കാളും വലിയ മീഡിയ ജനങ്ങളുടെ കൈയ്യിലുണ്ടെന്നത് മറക്കരുത് എന്ന് മറുപടിയും കൊടുത്തു. തുടർന്ന് ഏഷ്യാനെറ്റ്, മലയാള മനോരമ എന്നീ ചാനലുകാർ ഞാനടക്കം പലരുടേയും ബൈറ്റുകൾ റെക്കോഡ് ചെയ്യുകയുണ്ടായി. മാതൃഭൂമി ലേഖകൻ ഒരാൾ വിവരങ്ങൾ എല്ലാം കുറിച്ചെടുക്കുകയും ചെയ്തു. മാരത്തോണിന്റെ സ്പോൺസറും, മീഡിയാ പങ്കാളിയുമായ മലയാള മനോരമയിൽ ഇത് വാർത്തയായി വരുമെന്ന് ആരും കരുതുന്നില്ല. മറ്റെവിടെയെങ്കിലുമൊക്കെ വന്നാൽ ഭാഗ്യം എന്നേ പറയാനുള്ളൂ.
അന്താരാഷ്ട്ര തലത്തിൽ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്ന ഒരു പരിപാടിയുടെ യശസ്സ് നശിക്കരുതെന്ന് കരുതി നിജസ്ഥിതി മാദ്ധ്യമങ്ങൾ മറച്ച് പിടിക്കുന്നതാവാം. പക്ഷെ ഇത്രയും കെടുകാര്യസ്ഥതയോടെ ഒരു പരിപാടി സംഘടിപ്പിച്ചാൽ അത് എത്രനാൾ മുന്നോട്ട് പോകുമെന്നാണ് സംഘാടകരും അവരെ പിൻ‌താങ്ങുന്നവരും കരുതുന്നത് ?

ഇനി അക്കമിട്ട് പറയട്ടെ നിങ്ങൾ നടത്തിയ ഈ പരിപാടിയുടെ അപാകതകൾ ?

1. ചെന്നൈ മാരത്തോൺ അനൌൺസ് ചെയ്ത് മാസങ്ങൾ കഴിഞ്ഞ് അതേ ദിവസം തന്നെ കൊച്ചി മാരത്തോൺ അതേ ദിവസം തന്നെ അനൌൺസ് ചെയ്തു. ചെന്നൈയിലും ബാംഗ്ലൂരും ഹൈദരാബാദിലും മുംബൈയിലും ഡൽഹിയിലുമൊക്കെ വണ്ടിപിടിച്ച് പോയി മാരത്തോൺ ഓടുന്ന നിരവധി പേർ ഈ കൊച്ചുകേരളത്തിലുണ്ടെന്ന് ഇതൊരു അന്താരാഷ്ട്ര പരിപാടിയാക്കി മാറ്റാൻ നടക്കുന്ന സംഘാടകൻ അറിഞ്ഞിരിക്കണം. എനിക്ക് നേരിട്ട് പരിചയമുള്ള 20ന് മേൽ സുഹൃത്തുക്കളെങ്കിലും ഇന്ന് ചെന്നൈ മാരത്തോൺ ഓടാനായി പോയിരിക്കുകയാണ്. ചെന്നൈയിൽ നിന്ന് കൊച്ചിയിൽ വന്ന് ഓടുന്നവരും ഉണ്ടെന്ന കാര്യത്തിൽ തർക്കമില്ല. മറ്റൊരു ദിവസം കൊച്ചി മാരത്തോൺ സംഘടിപ്പിച്ചിരുന്നെങ്കിൽ ഇവർക്കെല്ലാം രണ്ട് മാരത്തോണിലും പങ്കെടുക്കാനാവുമായിരുന്നു. കൊച്ചി മാരത്തോണിന് കൂടുതൽ പങ്കാളിത്തവും കിട്ടുമായിരുന്നു. കൊച്ചി എന്ന ഇട്ടാവട്ടത്ത് ഇരുന്ന് തീരുമാനിക്കുന്നതിന് മുൻപ് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ അന്നേ ദിവസം എന്തൊക്കെ നടക്കുന്നു എന്ന് ചുമ്മാ ഇന്റർനെറ്റിൽ പരതി നോക്കിയാൽ ഇതുപോലൊരു മഹാ അബദ്ധം സംഭവിക്കുമായിരുന്നില്ല. അടുത്ത പ്രാവശ്യമെങ്കിലും അത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

2. ദീർഘദൂര ഓട്ടങ്ങൾ അതിരാവിലെ ആരംഭിക്കണം. ഏതൊരു നഗരത്തിലും അങ്ങനെയാണ് സംഘടിപ്പിക്കുന്നത്. വെളിച്ചവും വെയിലുമൊക്കെ വന്നാൽ ഓട്ടക്കാർ പെട്ടന്ന് ക്ഷീണിതരാകും. നല്ല സമയം കണ്ടെത്താൻ ആവില്ല. മാത്രമല്ല ആംബുലൻസിന് പണി കൂടും. ഇന്ന് തന്നെ നോക്കൂ. എത്രപേരാണ് കുഴഞ്ഞ് വീണത് ? നിങ്ങൾ 21 കിലോമീറ്റർ ഓട്ടം ഫ്ലാഗ് ഓഫ് ചെയ്തത് 06:15ന് ആണ്. 05:30 ന് എങ്കിലും ആരംഭിച്ചിരിക്കണം ഹാഫ് മാരത്തോൺ. ഫുൾ മാരത്തോൺ ഉണ്ടെങ്കിൽ അതിനും മുന്നേ തുടങ്ങണം. നിങ്ങൾക്ക് പക്ഷേ നേരം വെളുത്ത് ജനങ്ങളെല്ലാം നിരത്തിൽ ഇറങ്ങിക്കഴിഞ്ഞ് പരിപാടി തുടങ്ങിയലല്ലേ പരസ്യപ്പണം വാങ്ങിയവരോട് നീതി പുലർത്താനാകൂ; അല്ലേ ? നിങ്ങൾ സത്യത്തിൽ ഇവിടെ മാരത്തോൺ ആണോ അതോ പരസ്യമാണോ പ്രോത്സാഹിപ്പിക്കുന്നത് ? രാവിലെ ഓട്ടം ആരംഭിച്ചാൽ ഇന്ന് ഫോർട്ട് കൊച്ചി ഭാഗത്തൊക്കെ ഉണ്ടായത് പോലുള്ള ട്രാഫിക്ക് ബ്ലോക്കുകൾ ഒരുപരിധിവരെ ഒഴിവാക്കി സാധാരണ ജനത്തിനെ ബുദ്ധിമുട്ടിക്കാതെ മുന്നോട്ട് പോകാനാകുമായിരുന്നു.

3. വഴിയിൽ പലയിടത്തായി വെള്ളം വെക്കുന്നത് ഓട്ടക്കാർ ഡീഹൈഡ്രേറ്റഡ് ആകാതിരിക്കാനാണ്. 21 കിലോമീറ്റർ ഓട്ടത്തിന്റെ പകുതി ഓടി മടങ്ങുമ്പോഴേക്കും പലയിടത്തും വെള്ളം കിട്ടാനില്ല എന്ന അവസ്ഥയായി. ഉണ്ടായിരുന്നയിടത്ത് തന്നെ 2 ലിറ്ററിന്റെ വെള്ളം കുപ്പികൾ. വെള്ളം കുടിക്കാനുള്ള ഗ്ലാസ്സ് ഓട്ടക്കാർ വീട്ടിൽ നിന്ന് കൊണ്ടുവരണമെന്നാണോ ? വെള്ളത്തിന്റെ ലഭ്യത പോലും നേരാം‌വണ്ണം നോക്കി നടത്താൻ നിങ്ങൾക്കായിട്ടില്ല.  ഇങ്ങനെയുള്ള പ്രശ്നങ്ങൾ കാരണമാണ് പലർക്കും ആംബുലൻസിലേക്ക് കയറേണ്ട അവസ്ഥയുണ്ടായത്.

4. മെഡൽ നൽകേണ്ടത് ഓട്ടക്കാരൻ ഫിനിഷിങ്ങ് പോയന്റ് കടന്ന ഉടനെ അയാളുടെ കഴുത്തിൽ ഇട്ടുകൊടുത്തുകൊണ്ടാണ്. അങ്ങനെയാണ് ഒരു ഓട്ടക്കാരനെ ആദരിക്കേണ്ടതും ബഹുമാനിക്കേണ്ടതും. അല്ലാതെ അയാൾ ക്യൂ നിന്ന് വാങ്ങേണ്ടതല്ല മെഡൽ. ഇവിടെയിപ്പോൾ ചുരുങ്ങിയത് 500 പേർക്കെങ്കിലും മെഡൽ കൊടുക്കാൻ നിങ്ങൾക്കായില്ല. ഈ മാരത്തോണിന്റെ ഓർമ്മയ്ക്കായി അയാൾ എന്നെന്നും സൂക്ഷിക്കാൻ സാദ്ധ്യതയുള്ള ആ മെഡൽ നിങ്ങൾക്കും ഒരു അഭിമാനമല്ലേ ? മെഡൽ തന്നെ കിട്ടുന്നില്ല്ല എന്നുവെച്ചാൽ എന്തൊരു മോശം അവസ്ഥയാണ് ? മെഡൽ കൊടുത്തവർക്കാകട്ടെ 10 കിലോമീറ്ററിന്റെ മെഡലിന് പകരം 21 കിലോമീറ്ററിന്റെ മെഡലും, തിരിച്ചും നൽകുകയുമുണ്ടായി. അത് പരസ്പരം വെച്ച് മാറിയ സുഹൃത്തുക്കൾ പലരും എന്റെ അറിവിലുണ്ട്.

5. മെഡലുകൾ രണ്ട് ദിവസം കഴിഞ്ഞ് മാരത്തോൺ പാർട്ട്‌ണർ ആയ PUSH ന്റെ ഓഫീസിൽച്ചെന്ന് വാങ്ങാനാകുമെന്ന് പറഞ്ഞാണ് അവസാനം ഓട്ടക്കാരെ പിരിച്ച് വിട്ടത്. ഇത് മുഴുവൻ ചെയ്തത് ഒരു സർക്കിൾ ഇൻസ്പെൿടർ. അദ്ദേഹം മുത്തൂറ്റിന്റേയോ PUSHന്റേയോ മനോരമയുടെയോ ജോലിക്കാരനാണെന്ന് വരെ തോന്നിപ്പോയി ആ സേവനം കണ്ടപ്പോൾ. കണ്ണൂര്, ഇടുക്കി എന്നിങ്ങനെ കേരളത്തിന്റെ എല്ലാ ജില്ലകളിൽ നിന്നും വന്നവർ മെഡൽ കിട്ടാത്തവരുടെ കൂട്ടത്തിലുണ്ടായിരുന്നു. കേരളത്തിന് വെളിയിൽ നിന്നെത്തി ഓടിയവരും ഉണ്ടാകാതെ തരമില്ല. ഇവരെല്ലാം വീണ്ടും പണവും സമയവും മുടക്കി എറണാകുളത്ത് PUSHന്റെ ഓഫീസിൽ വന്ന് മെഡൽ വാങ്ങണമെന്ന് പറയുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണ്. അങ്ങനെയൊന്ന് പറയുന്നതിന് മുൻപ് വീണ്ടുമൊരുവട്ടം ആലോചിക്കാൻ പോലുമുള്ള സന്മനസ്സില്ലാത്ത സംഘാടകർ അന്താരാഷ്ട്ര പരിപാടികൾ നടത്തി ദയവായി മലയാളികളുടെ മാനം കളയരുത്.

6. ബിബിന്റെ പിന്നിൽ മൈക്രോ ചിപ്പ് ഘടിപ്പിക്കുന്നത് അവരവരുടെ ടൈമിങ്ങ് ഓട്ടക്കാർക്ക് കിട്ടാൻ വേണ്ടിയാണ്. ഇത്രനേരമായിട്ടും ആർക്കും എസ്.എം.എസ്.വഴി അവരവർ ഓടിയ സമയം കിട്ടിയിട്ടില്ല. പിന്നെന്തിനാണ് അങ്ങനൊരു പ്രഹസനം ? ബിബ് വാങ്ങാൻ ചെന്നപ്പോൾ ചിലരെയെങ്കിലും ടൈമർ ആൿറ്റിവേറ്റ് ചെയ്തിട്ടില്ല എന്നുപറഞ്ഞ് കാത്തിരിക്കാൻ പറയുകയുണ്ടായി. പിന്നീട് ഞാനടക്കമുള്ളവർ ചെന്നപ്പോൾ പറഞ്ഞത് നിങ്ങൾ പൊയ്ക്കോളൂ ടൈമർ ആൿറ്റിവേറ്റ് ആയിക്കോളും എന്നാണ്. പക്ഷെ അങ്ങനൊന്ന് സംഭവിച്ചില്ല എന്ന് ബോദ്ധ്യപ്പെട്ടു. ഇതാണോ ഇന്റർനാഷണൽ മാരത്തോൺ ? കൊയ്ത്ത് കഴിഞ്ഞ പടിഞ്ഞാറേ പാടത്ത് കാൽപ്പന്ത് മത്സരം സംഘടിപ്പിക്കുന്നവർ പോലും ഇതിനേക്കാൾ കാര്യക്ഷമമായി പ്രവർത്തിക്കാറുണ്ട്. സ്വന്തം വാച്ചിൽ ടൈം സെറ്റ് ചെയ്തിരുന്നതുകൊണ്ട് എനിക്കെന്റെ സമയം മനസ്സിലാക്കാനായി. ടൈമർ ചിപ്പിനെ മാത്രം ആശ്രച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി. അതിപ്പോ കിട്ടിയില്ലെങ്കിലും ആകാശം ഇടിഞ്ഞ് വീഴുകയൊന്നും ഇല്ലല്ലോ എന്നായിരിക്കും മറുപടി. നിങ്ങൾക്ക് വെടിപ്പായിട്ട് ഒരു കാര്യം ചെയ്യാൻ അറിയില്ല എന്നാണ് പറഞ്ഞുവന്നത്. അത്രേയുള്ളൂ.

7. ഹാഫ് മാരത്തോൺ ഓടി വരുന്നവർക്ക് ഒരു ഓറഞ്ചും ഒരു ബണ്ണും (ഒരു ജ്യൂസ് കൂടെ ഉണ്ടെന്ന് കേട്ടു, കിട്ടിയില്ല.) മതിയാകുമെന്ന് കരുതുന്നുണ്ടോ സംഘാടകർ ? എന്നിട്ട് അതും പോലും കിട്ടുന്നില്ല എന്ന് വെച്ചാൽ എന്തോരു കഷ്ടമാണ്. ഓടാൻ വരുന്നവർ വീട്ടിൽ നിന്ന് ബ്രേക്ക്ഫാസ്റ്റ് കൊണ്ടുവരണമെന്ന് ആദ്യമേ പറഞ്ഞിരുന്നെങ്കിൽ ഓട്ടക്കാർ അത് ചെയ്യുമായിരുന്നല്ലോ ? ഇതേ സമയം വളണ്ടിയേർസിന് നിങ്ങൾ വടയും ഇഡ്ഡലി ബ്രേക്ക്ഫാസ്റ്റും നൽകിയെന്നതാണ് ലജ്ജാവഹമായ മറ്റൊരു കാര്യം.

2

8. ഹാഫ് മാരത്തോൺ ഓടിവന്നാവരെ പലരേയും നിങ്ങളുടെ വളണ്ടിയേർസ് 3 കിലോമീറ്ററിന്റെ ഫൺ റൺ ഫിനിഷിങ്ങ് റൂട്ടിലേക്ക് പറഞ്ഞുവിട്ടു. അവരുടെ ടൈമിങ്ങ് ചിപ്പിൽ ഫിനിഷ് രേഖപ്പെടുത്താതെ പോകുകയും ചെയ്തു. അതിപ്പോൾ ചെയ്തിട്ടും ടൈമിങ്ങ് ഒന്നും ആർക്കും ഇതുവരെ കിട്ടാത്തതുകൊണ്ട് പറഞ്ഞിട്ട് പ്രത്യേകിച്ച് വിശേഷമൊന്നും ഇല്ലല്ലോ ? എന്താണ് സംഭവിക്കുന്നതെന്ന് ഗ്രഹിക്കാൻ പോലും പറ്റാത്തവരെയൊക്കെ പിടിച്ച് എന്തിനാണ് ഇങ്ങനൊരു (ഇന്റർനാഷണൽ) പരിപാടിയുടെ വളണ്ടിയർ ആക്കുന്നത് ?

9. ഇത്തരം പരിപാടികൾ നടത്തുമ്പോൾ ഇതുമായി ബന്ധപ്പെട്ട് കേരളത്തിലുള്ള അല്ലെങ്കിൽ എറണാകുളത്തെങ്കിലുമുള്ള പരിചയസമ്പന്നരേയും സ്പോർട്ട്സ് വ്യക്തിത്വങ്ങളേയും ഉൾപ്പെടുത്തി വേണം ആലോചനകളും തീരുമാനങ്ങളും എടുക്കാൻ. അല്ലാതെ പാർട്ടി യോഗങ്ങൾ മാത്രം സംഘടിപ്പിച്ചിട്ടുള്ളവരെ മാത്രം വെച്ച് നടത്തേണ്ട പരിപാടിയല്ല ഒരു കായികമത്സരം. കേരളത്തിന് വെളിയിൽ നടക്കുന്ന മാരത്തോൺ വേദികളിൽ കൂടെ പോകാനും അവിടെ എന്തൊക്കെ സജ്ജീകരണങ്ങളാണ് അവർ നടത്തുന്നതെന്ന് പഠിക്കാനും ശ്രമിക്കൂ.

10. കേരളത്തിൽ എറണാകുളത്ത് തന്നെ മൂന്നോളം സംഘടനകളും സ്ഥാപനങ്ങളും സംഘടിപ്പിച്ച മാരത്തോണുകളോ ദീർഘദൂര ഓട്ടങ്ങളോ എന്റെ അറിവിലുണ്ട്, പങ്കെടുത്തിട്ടുമുണ്ട്. അതുപോലുള്ളവരുമായി ബന്ധപ്പെടുകയോ അവർ എന്തൊക്കെ ചെയ്തെന്ന് മനസ്സിലാക്കാൻ ശ്രമിക്കുകയോ ചെയ്താൽ കുറ്റമറ്റ രീതിയിൽ ഈ പരിപാടി നടത്തിക്കൊണ്ട് പോകാൻ ഒരു ബുദ്ധിമുട്ടുമില്ല. നിങ്ങൾക്കെല്ലാം അറിയാം എന്ന വിചാരം ആദ്യം തലയിൽ നിന്നെടുത്ത് കളയുക. പകുതി പ്രശ്നങ്ങൾ അപ്പോൾത്തന്നെ തീരും.

1
മെഡൽ കിട്ടാത്തതിന് പ്രതികരിച്ച ഓട്ടക്കാരെ കായികമായി നേരിടാൻ തയ്യാറായ പൊലീസുകാരോട് ഒന്ന് പറയണമെന്നുണ്ട്. പ്രതിഷേധശബ്ദം ഉയർത്തുക എന്നല്ലാതെ പാർട്ടിക്കാർ സക്രട്ടറിയേറ്റ് നടയിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പോലൊന്നും ഒരു സ്പോർട്ട്സ്മാൻ ചെയ്യില്ല. മുത്തൂറ്റുകാർക്കും മനോരമക്കാർക്കുമൊക്കെ വേണ്ടി ഓട്ടക്കാരെ കയ്യേറ്റം ചെയ്ത നടപടി അപലപനീയമാണ്. സംഘാടകരാണോ പൊലീസ് ഓഫീസർ‌മാർക്ക് ശമ്പളം തരുന്നതെന്ന് ഒന്നോലോചിച്ചാൽ നല്ലത്.

ഈ പരിപാടിയുടെ അംബാസിഡറായി നിൽക്കുന്ന ലാലേട്ടനോട് ഒരു കാര്യം പറയട്ടെ. താങ്കൾ സ്റ്റേജിൽ നിന്ന് ഇറങ്ങിയ ഉടനെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. അതുകൊണ്ടുതന്നെ പിന്നീ‍ടവിടെ നടന്ന ബഹളങ്ങൾ താങ്കൾ അറിഞ്ഞിരിക്കാൻ സാദ്ധ്യതയില്ല, ഇനിയങ്ങോട്ട് ഒരിക്കലും അറിയണമെന്നുമില്ല. ഏതെങ്കിലും തരത്തിൽ ഈ വിവരം അറിഞ്ഞാൽ ഒരു പുനഃർചിന്തനം വേണമെന്ന് അഭ്യർത്ഥിക്കുന്നു. താങ്കൾക്ക് മലയാളികൾ അവരുടെ മനസ്സിലും കുടുംബത്തിലുമൊക്കെ കൽ‌പ്പിച്ച് നൽകിയിരിക്കുന്ന ഒരു സ്ഥാനമുണ്ട്. ഇതുപോലെ ജനങ്ങളെ വിഡ്ഢികളാക്കുന്ന പരിപാടികളുടെ അംബാസിഡർ ആകുമ്പോൾ ആ ഇമേജിന് ഇളക്കം തട്ടുന്നുണ്ട്. ഇതെങ്ങാനും അറിഞ്ഞാൽ, സംഘാടകരോട് വിശദീകരണം തേടുമല്ലോ ? അവർ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങരുതെന്നും സ്വന്തം നിലയ്ക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കണമെന്നും അഭ്യർത്ഥനയുണ്ട്.

ഇപ്പോൾ ഈ കുറിപ്പ് എഴുതിക്കൊണ്ടിരിക്കുമ്പോൾ പ്രതിഷേധത്തിന്റെ വാർത്ത ഏഷ്യാനെറ്റ് ന്യൂസിൽ കണ്ടു. അതിൽ സംഘാടകർക്ക് വേണ്ടി ഒരു മാന്യദേഹം പറഞ്ഞത് ഏതാണ്ട് ഇങ്ങനെ. “ മെഡൽ വരാൻ വൈകിയതാണ് കുഴപ്പമുണ്ടാക്കിയത്. 20,000ൽ അധികം ആൾക്കാർ തടിച്ച് കൂടുന്ന ഒരു സ്ഥലത്ത് 5000 പേർക്ക് മെഡൽ കിട്ടിയില്ല എന്നുവെച്ച്, അങ്ങനൊരു സാഹചര്യം കൈകാര്യം ചെയ്യാൻ പറ്റുന്ന അവസ്ഥയായിരുന്നില്ല ഇവിടെ.”

സംഘാടക സുഹൃത്തേ, അപ്പറഞ്ഞത് നിങ്ങളുടെ കഴിവില്ലായ്മ തന്നെയല്ലേ ? ഇതുകൊണ്ടാണ് പറഞ്ഞത് രജിസ്ട്രേഷൻ ഒരാഴ്ച്ച മുന്നേയെങ്കിലും അവസാനിപ്പിക്കണമായിരുന്നു. എന്നാലേ പങ്കെടുക്കുന്നവരുടെ എണ്ണം നിജപ്പെടുത്താനും മെഡൽ അടക്കമുള്ള സൌകര്യങ്ങൾ ഏർപ്പാട് ചെയ്യാനും പറ്റൂ. ഡിസംബർ 7ന് ആണ് പരിപാടി എന്ന് ആഴ്ച്ചകൾക്ക് മുന്നേ നിങ്ങൾക്ക് അറിയുമായിരുന്നില്ലേ ? എന്നിട്ടും സമയത്ത് മെഡൽ എത്തിയില്ലെങ്കിൽ അത് നിങ്ങളുടെ കെടുകാര്യസ്ഥത മാത്രമല്ലേ ? അത് സമ്മതിച്ച്, മെഡൽ അയച്ചുകൊടുക്കാം എന്ന് മൈക്കിലൂടെ പറഞ്ഞിരുന്നെങ്കിൽ അപ്പോൾ തീരുമായിരുന്നല്ലോ പ്രശ്നം. രണ്ട് പ്രാവശ്യമാണ് മെഡൽ വന്നെന്ന് പറഞ്ഞ് ഓട്ടക്കാരെ നിങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും നടത്തിച്ചത്. സ്റ്റേജിന്റെ മുന്നിൽ നിന്ന് പ്രതിഷേധക്കാരെ ഒഴിവാക്കുക മാത്രമായിരുന്നു നിങ്ങളുടെ ലക്ഷ്യം എന്ന് മനസ്സിലാക്കാൻ അരിഭക്ഷണം കഴിക്കുന്നവർക്ക് വലിയ ബുദ്ധിമുട്ടൊന്നുമില്ല. മെഡൽ വിതരണം ചെയ്തിരുന്ന കൌണ്ടറിലെ വളണ്ടിയർമാർ ഓട്ടക്കാരോട് പെരുമാറിയ രീതി എല്ലാവരും നേരിട്ടനുഭിച്ചതാണ്. അബദ്ധം പിണയുമ്പോൾ തോന്ന്യവാസം കൂടെ കാണിച്ചാൽ പരിപാടി ഇന്റർനാഷണൽ ആകുമെന്ന് ആരാണ് നിങ്ങളെ പഠിപ്പിച്ചത് ?

ഇങ്ങനൊക്കെ സംഭവിച്ചതുകൊണ്ട് അടുത്തകൊല്ലം കൊച്ചി മാരത്തോണിൽ ഞാനടക്കമുള്ള ഒരുപാട് പേർ പങ്കെടുക്കില്ല എന്ന് നിങ്ങൾ കരുതരുത്. നിങ്ങൾ കേട്ടിട്ടുണ്ടാകാൻ സാദ്ധ്യതയില്ലാത്ത സ്പോർട്ട്സ്മാൻ സ്പിരിറ്റ് എന്നൊരു കാര്യം ഞങ്ങൾക്കുണ്ട്. ആ‍യതിനാൽ, പാർട്ടിക്കാരൊക്കെ ചെയ്യുന്നത് പോലെ ബഹിഷ്ക്കരിച്ച് നന്നാക്കാൻ മുതിരില്ല. അതേ സമയം, പണം നഷ്ടപ്പെടാതെ തന്നെ ഓട്ടത്തിൽ പങ്കെടുക്കാനുള്ള മാർഗ്ഗങ്ങൾ നടപ്പിലാക്കുകയും ചെയ്യും. ‘പ്രതിഷേധം മാരത്തോണിന്റെ ശോഭ കെടുത്തി‘ എന്ന് ഇപ്പോൾ വാർത്തകളിൽ പറയുന്നത് പോലെ അടുത്ത കൊല്ലവും കേൾപ്പിക്കാൻ ഇടവരുത്തരുതേ എന്ന അഭ്യർത്ഥനയോടെ നിറുത്തുന്നു.

Comments

comments

11 thoughts on “ കൊച്ചിൻ ചീറ്റിങ്ങ് മാരത്തോൺ

  1. നന്നായി വിശദീകരിച്ചിട്ടുണ്ട്. ഇത്തരം പാളിച്ചകൾ ഒഴിവാക്കി വരും വർഷങ്ങളിൽ കൊച്ചി മാരത്തോൺ സംഘാടകർ നടത്തും എന്ന പ്രതീക്ഷയുണ്ടോ?

    1. @മണികണ്ഠൻ – അങ്ങനെ വലിയ പ്രതീക്ഷയൊന്നും ഇല്ല മണീ. അവരുടെ സംഘാടന ഗ്രൂപ്പിലേക്ക് കായികരംഗത്ത് നിന്നുള്ള കുറച്ചുപേരെങ്കിലും കടന്ന് വന്ന് ഇത് പുനഃസംഘടിപ്പിച്ചില്ലെങ്കിൽ ഇതേ നിലവാരം തന്നെ തുടർന്നെന്ന് വരും.

  2. വേറൊന്നു കൂടി – കോര്പോരെറ്റ് റിലേ ചലഞ്ച് എന്ന ഒരു ഇനം ഉണ്ടായിരുന്നു. ഒരു ടീം ഇനം. ഒരിടത്തും അങ്ങിനെ ഒരു ഇനത്തെ പറ്റി പരാമര്സിച്ചു കണ്ടില്ല..
    ഒരു ടീമിൽ 3 പേര്. ഓരോരുത്തരും 7 കിലോ മീറ്റർ ഓടണം. എല്ലാ ടീമുകളും റിപ്പോർട്ട്‌ ചെയ്യുന്നതിന് മുൻപേ രണ്ടാമതും മൂന്നാമതും ഒടനുല്ലവരുമായി ബസ്‌ പോയി. ഒപ്പം ബാറ്റനുകലും. പിന്നിട് എത്തിയ ടീമുകൾക്ക് റിലേയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. എന്നിട്ടും അവർ ഓടി. 7 കിലോ മീറ്റർ . തിരിച്ചു വരാൻ പക്ഷെ അവര്ക്ക് 7 കിലോ മീറ്റർ കൂടി നടക്കേണ്ടി വന്നു. പല ടീമുകളും തങ്ങളുടെ നിരാശ മറച്ചു വച്ചു . മീഡിയ മൈൻഡ് പോലും ചെയ്തില്ല. പോരാത്തതിനു മെഡലും കിട്ടിയില്ല. ഒരു ടീമിന് 2000 രൂപ വച്ചായിരുന്നു രജിസ്ട്രേഷൽ ഫീസ്‌ .

  3. വെടിപ്പായിട്ട് ഒരു കാര്യം ചെയ്യാൻ അറിയില്ല എന്നാണ് പറഞ്ഞുവന്നത്. അത്രേയുള്ളൂ. – അദ്ദാണ് കാര്യം!

  4. Perfectly explained. I too was a participant and felt the same as explained in the blog.
    Felt like we ran to give publicity for Muthoot.!!

    They could have easily conducted this run in the Goshree- Container roads where traffic is very less.. and should have completed the runs by 7:30.AM

  5. I have sent so many mails to their webpage asking for the date of run. I was told by someone last year that they will conduct on the last sunday of every year and I booked ticket from Dubai on 14th December and planned return on 30th December. I have done Dubai Creek Striders’s half on 5th December,here in Dubai. Thank God I did not re-scheduled my leave for this unorganized event. They do not reply, they dont plan.. The RAK marathon is on 13th Feb 2015, but the registration started I think 4 months back itself.. Thatz how people organize events. Dubai Creek Striders one was a fantastic event. One bag full of goodies, complimentary break fast, free massage, fruits, ice creams and what not! I hope Cochin Marathon will learn from their mistake and carry out the event in a much more professional way!

  6. മനോജേട്ടാ…. മനോരമയുടെ സ്ഥാപനങ്ങളില്‍ വര്‍ക്ക്‌ ചെയ്യുന്ന 700+ ആളുകള്‍ ഈ മാരത്തണില്‍ പങ്കെടുത്തു…. അവര്‍ക്കെല്ലാം പ്രത്യേക ഡ്രസ്സ്‌ കിറ്റുകളും ഫുഡും കിട്ടി എന്നാണു അറിയാന്‍ സാധിച്ചത്… ഇപ്പം മനസ്സിലായില്ലേ നിങ്ങളുടെ കയ്യീന്ന് പിരിച്ച കാശൊക്കെ എങ്ങനെ ചിലവാക്കി എന്ന്….

  7. In United States, typically local Marathon provide lot of money for charity and the cost for half marathon is about $70 (abut Rs. 4300), much higher for NY or Boston marathon, so quit whining people for the amount you’re paying and the service you get. Just run…

    1. @Shaji – ഡോളറിൽ നിന്ന് രൂപയിലേക്ക് കൺ‌വെർട്ട് ചെയ്ത് ഞെട്ടിക്കുന്ന പരിപാടി ശരിയല്ല്ല. 70 ഡോളർ വാങ്ങുന്നുണ്ടെങ്കിൽ 40 ഡോളറെങ്കിലും ചിലവാകും. കുറച്ച് ചാരിറ്റിക്ക് കൊടുക്കുമെന്ന് താങ്കൾ തന്നെ പറഞ്ഞല്ലോ ? 525 രൂപ വാങ്ങുന്നുണ്ടെങ്കിൽ 300 രൂപയെങ്കിലും ചിലവാക്കണം. ഓടി വന്നവരെ എല്ലാവരേയും ഒരുപോലെ പരിഗണിക്കണം. ന്യൂയോർക്ക് ബോസ്റ്റൺ മാരത്തോണുകളിൽ ഗുഡി കിറ്റിൽ എന്തൊക്കെ ഉണ്ടാകുമെന്ന് കൂടെ താരത‌മ്യം ചെയ്യൂ. അപ്പോൾ അറിയാം, ഇവർ നടത്തിയ തട്ടിപ്പിന്റെ ആഴം. ഞാൻ ഇനിയും ഓടും എന്ന് തന്നെയാണ് ഈ കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. പക്ഷെ ഒരു പരിപാടി നടത്തിയപ്പോൾ ഉണ്ടായ ബോധപൂർവ്വമുള്ള അപാകതകൾ ചൂണ്ടിക്കാണിക്കുമ്പോൾ അതിനെ പരാതി പറയുകയാണെന്ന അർത്ഥത്തിൽ മാത്രം കരുതരുത്. അതിനോട് യോജിക്കാനാവില്ല.

Leave a Reply to Anoop Thattaril Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>