നീറ്റാ ജലാറ്റിൻ കമ്പനി ചാലക്കുടിപ്പുഴയിലേക്ക് സ്ഥാപിച്ചിരിക്കുന്ന മാലിന്യക്കുഴൽ പൊട്ടി ജനജീവിതം ദുസ്സഹമായിരിക്കുന്നതായി വാർത്ത കണ്ടു. മാലിന്യക്കുഴൽ പൊട്ടിയതിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും കമ്പനിക്കെതിരെയുള്ള സമരക്കാരെ സംശയിക്കുന്നു എന്നും കമ്പനി അധികൃതർ.
ഈ സാഹചര്യത്തിൽ കുറച്ച് ചെറ്യേ ചെറ്യേ സംശയങ്ങൾ ബാക്കിയുണ്ട്.
സംശയം 1:- അഥവാ, മാലിന്യക്കുഴൽ പൊട്ടിയില്ലെങ്കിലും ജനത്തിനെ ശ്വാസം മുട്ടിക്കുന്ന, ദേഹമാസകലം ചൊറിച്ചിലുണ്ടാക്കുന്ന, കിണറുകളും കുളങ്ങളുമെല്ലാം അശുദ്ധമാക്കുന്ന, ഇതേ വിഷമാലിന്യം തന്നെയല്ലേ ചാലക്കുടി പുഴയിലേക്ക് ചെന്നെത്തുന്നത് ?
സംശയം 2:- പുഴയിലെ മീനുകളടക്കമുള്ള ജീവജാലങ്ങൾക്ക് ഇത് ഭീഷണിയല്ലേ ?
സംശയം 3:- ഇതേ വെള്ളം തന്നെയല്ലേ പതിനായിരക്കണക്കിന് (അതോ ലക്ഷങ്ങളോ) ജനങ്ങൾ കുടിക്കാനും കുളിക്കാനും ജലസേചനത്തിനും വസ്ത്രം കഴുകാനുമൊക്കെ എടുക്കുന്നത് ?
സംശയം 4:- നദീതടസംസ്ക്കാരം എന്ന് കേട്ടിട്ടുണ്ട്, പഠിച്ചിട്ടുണ്ട്. പക്ഷേ, ഫാൿടറികളിലെ വിഷമാലിന്യം നദികളിൽ തള്ളുന്നത് നദീതട സംസ്ക്കാരത്തിന്റെ ഭാഗമാണോ ? ആണെങ്കിൽ എവിടെ നിന്ന് എന്ന് മുതൽക്ക് ഇത് ഉണ്ടായിവന്നു ? തുടർന്നും ഇതേ സംസ്ക്കാരമാണോ നമ്മൾ പരിപാലിച്ച് പോകേണ്ടത് ?
സംശയം 5:- ചാലക്കുടിപ്പുഴയിലേക്കോ നീറ്റാ ജലാറ്റിൻ ഇരിക്കുന്ന ഭൂമിയിലേക്കോ അല്ലാതെ ഈ മാലിന്യം ഒഴുക്കലുണ്ടാകില്ല എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. പക്ഷേ, വിഷവിമുക്തമാക്കിയശേഷം ഇത് പുറത്തേക്ക് കളയാൻ ആവില്ലേ ? അതിനുള്ള സാങ്കേതിക വിദ്യകൾ ഒന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ലേ ? (27 വർഷങ്ങൾക്ക് മുൻപ്, ചെമ്മീന്റെ പുറംതോടിൽ നിന്ന് ഫാക്ടറികളിലെ മാലിന്യം ശുദ്ധീകരിക്കാനുള്ള സംസ്കൃതവസ്തു വികസിപ്പിച്ചെടുത്ത തൃശൂർ എഞ്ചിനീയറിങ്ങ് കോളേജിലെ ഒരു രസതന്ത്ര പ്രൊഫസറെ എനിക്കറിയാം.)
സംശയം 6:- ഇതിനെതിരെ നടപടിയെടുക്കേണ്ടത് മലിനീകരണ നിയന്ത്രണ ബോർഡ് തന്നെയല്ലേ ? (അവരല്ലെങ്കിൽ മറ്റേതെങ്കിലും സർക്കാർ സംവിധാനം ജനങ്ങളേയും ഭൂമിയേയും കണ്ടില്ലെന്ന് നടിച്ച് എന്തിന് ഈ കമ്പനിയെ വെച്ചുപൊറുപ്പിക്കുന്നു എന്നത് മാത്രം സംശയമായി അവശേഷിക്കുന്നില്ല.)
സംശയം 7:- പക്ഷേ, ജനങ്ങളുടെ ഏത് പ്രശ്നത്തിനും ഇടപെടുന്ന പാർട്ടിക്കാർ ഏത് വരെ ഇക്കാര്യത്തിൽ ഇടപെട്ടു ? ഇടപെട്ടിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് ഒരു തീരുമാനമാകുന്നില്ല. (ഈ രണ്ട് ചോദ്യങ്ങൾ, ഇതേപ്പറ്റി കാര്യമായി അറിവില്ലാത്തതുകൊണ്ട് മാത്രമാണ്. പാർട്ടി ചാവേറുകൾ മനസ്സിലാക്കുമല്ലോ)
സംശയം 8:- കേരളത്തിലെ ഭരണകൂടം, ജനപ്രതിനിധികൾ, പാർട്ടിരാഷ്ട്രീയക്കാർ, പൊലീസ്, പൊതുസമൂഹം, മാദ്ധ്യമങ്ങൾ, എന്നതൊക്കെ ഒരിക്കലും ശുദ്ധീകരിക്കാൻ കഴിയാത്ത തരത്തിൽ മലിനമായിക്കഴിഞ്ഞോ ?
ഇത്രയും ചോദ്യങ്ങൾ നീറ്റാ ജലാറ്റിൻ വിഷയവുമായി ബന്ധപ്പെട്ട് ചോദിച്ചതുകൊണ്ട്, ജലാറ്റിൻ കമ്പനിയുടെ ഓഫീസുകളിൽ നടന്ന ആക്രമണവുമായി ബന്ധപ്പെടുത്തി എന്നെ പൊക്കരുത് എന്നപേക്ഷയുണ്ട്. പൊക്കണമെങ്കിൽ വേറെ ഒരു വകുപ്പിൽ പിടികിട്ടാപ്പുള്ളി സ്റ്റാറ്റസ് ചാർത്തിത്തന്നിട്ടുണ്ടല്ലോ ? അത് പ്രകാരം പൊക്കിക്കോളൂ. ഞാൻ മാവോയിസ്റ്റ് അല്ല. പക്ഷേ, മാവോയിസ്റ്റുകൾ ഉണ്ടാകുന്നത് എങ്ങനെയാണെന്ന് എനിക്കിപ്പോൾ നന്നായിട്ടറിയാം.
ഈ വിഷയവുമായി ചേർത്ത് ചിന്തിക്കാൻ പോന്ന ഒരു കാർട്ടൂൺ ഇവിടെ പങ്കുവെച്ചുകൊണ്ട് സംശയങ്ങളുടെ ലിസ്റ്റ് തൽക്കാലം ചുരുക്കുന്നു.
എട്ടാമത്തെ സംശയത്തിനുത്തരം ‘അതെ‘ എന്നാണെങ്കിൽ, അതെല്ലാം ഇനി ഏത് നദിയിൽ കൊണ്ടുപോയി ഒഴുക്കണമെന്ന് കൂടെ അറിഞ്ഞാൽക്കൊള്ളാം.
Situation is the same in front of infopark also, in a minor way. In the river there are bubbles seen coming up from bottom, which is obviously the drainage pipes from teh nearby food courts/flats… but Nitta Gelatin issue being very serious and with long lasting after effecs needs to be immediately looked into!!