എന്റെ പാർട്ടിയാണ് ഏറ്റവും നല്ല പാർട്ടി, എന്റെ പാർട്ടിക്കാർ ചീത്തക്കാര്യങ്ങളൊന്നും ചെയ്യില്ല എന്നൊക്കെയുള്ള അടിസ്ഥാനരഹിതമായ കാഴ്ച്ചപ്പാടിന്റെ ചുവട് പിടിച്ച് വോട്ട് ചെയ്ത് ചെയ്താണ് നാമിന്ന് ഈ കാണുന്ന കോലത്തിൽ എത്തിയിരിക്കുന്നത്. അതിൽ നിന്ന് ഒരു മോചനം വേണ്ടേ ?
ഏതെങ്കിലും ഒരു പക്ഷത്തോ പാർട്ടിയിലോ ആയതുകൊണ്ട് സ്ഥാനാർത്ഥികളൊക്കെ പുണ്യവാളന്മാരാകണമെന്നില്ല. എല്ലാക്കൂട്ടത്തിലുമുണ്ട് മോശക്കാരും നല്ലവരും. പാർട്ടി നോക്കാതെ, സ്ഥാനാർത്ഥികൾ എന്ന വ്യക്തികളെ നോക്കൂ. അവരുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ നോക്കൂ. അവർ അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റേയും അക്രമത്തിന്റേയും കറപുരണ്ടവരാണോ എന്ന് വിലയിരുത്തൂ. അവർ എന്തൊക്കെ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാൻ ശ്രമിക്കൂ. അവരുടെ പ്രവർത്തനങ്ങൾ പ്രകൃതിക്ക് കോട്ടം വരാത്ത തരത്തിലുള്ളതായിരുന്നോ എന്ന് കണ്ടെത്തൂ. എന്നിട്ട് തീരുമാനിക്കൂ ആർക്ക് വോട്ട് ചെയ്യണമെന്ന്.
ഒരു മണ്ഡലത്തിൽ ഒരു പാർട്ടിയുടെ സ്ഥാനാർത്ഥി നായരോ നാടാരോ കൃസ്ത്യാനിയോ മുസ്ലീമോ ആണെങ്കിൽ അതേ ജാതിയിലും മതത്തിലും പെട്ട എതിർസ്ഥാനാർത്ഥിയെ കണ്ടുപിടിച്ച് മത്സരിപ്പിക്കാത്ത ഏതെങ്കിലും ഒരു പാർട്ടിയുണ്ടോ ഇന്ന് കേരളത്തിൽ ? എന്നിട്ട് കവല പ്രസംഗം നടത്തുമ്പോൾ ജാതി മത വർഗ്ഗീയ ചിന്തകൾക്കെതിരെ വോട്ട് ചെയ്യൂ, ഞങ്ങളുടേത് സെക്ക്വുലർ പാർട്ടിയാണ് എന്നൊക്കെ വീരസ്യം പറഞ്ഞിട്ടെന്ത് കാര്യം. നമ്മൾ നല്ല വ്യക്തികളേയും നല്ല ജനസേവകരേയും കാര്യപ്രാപ്തിയുള്ളവരേയും പാർട്ടിഭേദമെന്യേ മനസ്സിലാക്കി വോട്ട് ചെയ്യാൻ തുടങ്ങിയാൽ, നമുക്ക് വേണ്ടി നല്ല വ്യക്തികളെ സ്ഥാനാർത്ഥികളാക്കാൻ പാർട്ടിക്കാരും നിർബന്ധിതരാകും. ജാതി മത വർഗ്ഗ വർണ്ണ ഭേദമെന്യേ നല്ല പൊതുപ്രവർത്തകരെ സ്ഥാനാർത്ഥികളായി അണിനിരത്താൻ പാർട്ടിക്കാർ തുനിഞ്ഞെന്ന് വരും. നാട്ടിൽ നടക്കുന്ന ജാതി മത ചിന്തകൾക്ക് അന്ത്യം വരണമെങ്കിൽ ആദ്യം വേണ്ടത് ജാതി തിരിച്ച് സ്ഥാനാർത്ഥികളെ കണ്ടെത്തി മത്സരിപ്പിക്കുന്ന പാർട്ടിക്കാരുടെ പ്രവണത ഇല്ലാതാക്കുകയാണ്.
ഇത്തരത്തിൽ ഒന്ന് മാറിച്ചിന്തിക്കാൻ ജനങ്ങൾ തയ്യാറായാൽ, ഒരു പാർട്ടിയുടേയും പിന്തുണയില്ലാത്ത നല്ല പൊതുപ്രവർത്തകർക്കും രാഷ്ട്രത്തിന്റെ ഉന്നതി കാംക്ഷിക്കുന്നവർക്കും സ്വതന്ത്രരായി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രചോദനം ലഭിക്കും.
മാറി മാറി ഭരിച്ചവരും പുതുതായി ഭരിച്ച് ദേവലോകം ആക്കാമെന്ന് അവകാശപ്പെടുന്നവരുമൊക്കെ കേരളത്തിലോ കേന്ദ്രത്തിലോ ഇരുന്ന് എന്നെങ്കിലുമൊക്കെ നമ്മെ ഭരിച്ചിട്ടുള്ളവർ തന്നെയാണ്. ഇതുവരെ ഒഴുക്കിയ തേനും പാലും അല്ലാതെ കൂടുതലായിട്ടൊന്നും കാലാകാലങ്ങളായി ജാതിയും മതവും ഒക്കെ നോക്കി അവർ നിരത്തുന്ന സ്ഥാനാർത്ഥികളിൽ നിന്ന് പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല. സ്ക്കൂളിൽ പോകുന്ന കാലത്ത് മുതൽ പാർട്ടിയുടെ കൊടിപിടിച്ച് നടന്നവർ എന്ന മേന്മമാത്രമുള്ള കുറേ നേതാക്കന്മാരെ നാമെന്തിന് സഹിക്കണം? സർവ്വസമ്മതരായ പൊതുപ്രവർത്തകരെ കണ്ടെത്തി അവരെ മത്സരിപ്പിക്കട്ടെ. എന്നിട്ട് അവരെല്ലാം കൂടെ ജയിച്ചുവരുമ്പോൾ ഭൂരിപക്ഷം ഏത് പാർട്ടിക്കായാലും ഏത് മുന്നണിക്കായാലും നമ്മെ ഭരിക്കട്ടെ. അങ്ങനെ മാത്രമേ ഇന്നുള്ള അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാൻ ജനാധിപത്യ രീതിയിൽ നമുക്ക് കഴിയൂ.
നിങ്ങളുടെ വോട്ട് കിട്ടുന്ന സ്ഥാനാർത്ഥി ഏതെങ്കിലും പ്രമുഖ പാർട്ടിയുടെ ആളാണോയെന്നും അയാൾ ജയിച്ച് വന്നാൽ അയാളുടെ പാർട്ടി ഭരണത്തിൽ എത്തുമോയെന്നും വ്യാകുലപ്പെടാതെ ലിസ്റ്റിലുള്ള നല്ല പൊതുപ്രവർത്തകന്, നല്ല ഭരണാധികാരിയാകാൻ സാദ്ധ്യതയുള്ള, അഴിമതി നടത്തില്ലെന്ന് ഉറപ്പുള്ള, അക്രമങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്ന് തീർച്ചയുള്ള, പാർട്ടിഭേദമെന്യേ ജനങ്ങളുടെ നന്മയ്ക്കായി അക്ഷീണം പ്രവർത്തിക്കുമെന്ന് കരുതുന്ന സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുക. തമ്മിൽ ഭേദം ഈ പാർട്ടിയാണെന്ന് വിലയിരുത്തി അവർ നിർത്തിയിരിക്കുന്ന കഴിവുകെട്ട ഒരു സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാതെ, മികച്ച ഒരു സ്ഥാനാർത്ഥിക്ക് പാർട്ടിയും കൊടിനിറവും നോക്കാതെ വോട്ട് ചെയ്യൂ.
വോട്ട് പൌരാവകാശവും വളരെ ആലോചിച്ച് രേഖപ്പെടുത്തേണ്ട അധികാരവുമാണ്. ചെയ്തുപോയ വോട്ടിനെപ്പട്ടി പരിതപിക്കാൻ പിന്നീട് ഇടയുണ്ടാകാതിരിക്കട്ടെ. ഏതെങ്കിലും ഒരു പാർട്ടിയെ പ്രീണിപ്പിക്കാനോ വളർത്തിക്കൊണ്ടുവരാനോ വേണ്ടി വോട്ട് ചെയ്യാതിരിക്കുക. മറിച്ച് ജനാധിപത്യപ്രക്രിയയെ ശക്തിപ്പെടുത്താനും മികച്ച ഭരണാധികാരികളെ ലഭിക്കാനും അതിലൂടെ രാഷ്ട്രത്തിനും ജനങ്ങൾക്കും ഉന്നതിയുണ്ടാകാനും വേണ്ടി നിങ്ങളുടെ വോട്ട് പാഴാകാതെ നോക്കുക. കൂട്ടത്തിൽ നിങ്ങളുടെ വോട്ടിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുകയും ചെയ്യുക.
In short, NOTA is your choice!
ഈ ലേഖനം വായിച്ചിട്ട് Sheela എന്നൊരു മാന്യവ്യക്തിയുടെ കമന്റ് ഇങ്ങനെ….
## In short, NOTA is your choice! ##
അവർക്കുള്ള എന്റെ മറുപടി ഇങ്ങനെ….
## @Sheela – ഇത്രയൊക്കെ പറഞ്ഞിട്ടും ഇങ്ങനെയാണോ മനസ്സിലാക്കിയത് ? എന്റെ മണ്ഡലം ഏതാണെന്ന് താങ്കൾക്ക് അറിയുമോ ? ആ മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ ആരൊക്കെയാണെന്ന് താങ്കൾക്ക് അറിയുമോ ? അതിൽ എന്റെ ഈ ലേഖനത്തിൽ പറയുന്നത് പ്രകാരം കഴിവുള്ളവരും കഴിവില്ലാത്തവരും ആരൊക്കെയാണെന്ന് താങ്കൾക്ക് അറിയുമോ ? പിന്നെങ്ങനെ ഇത്തരം ഒരു നിഗമനത്തിൽ താങ്കൾ എത്തിച്ചേർന്നു. കഷ്ടം. ‘കഴിവില്ലാത്ത സ്ഥാനാർത്ഥികളാണ് ലിസ്റ്റിലുള്ള എല്ലാവരും എങ്കിൽ നോട്ടയ്ക്ക് വോട്ട് ചെയ്യുക’ എന്നൊരു വാചകം ഈ ലേഖനത്തിൽ വേണമെങ്കിൽ എനിക്ക് ചേർക്കാമായിരുന്നു. അത് മനഃപ്പൂർവ്വം ഒഴിവാക്കിയത് എത്ര ക്ഷീരമുള്ള അകിട്ടിലും ചോര മാത്രം തിരയുള്ള താങ്കളെപ്പോലുള്ളവർക്ക് അവസരം തരാതിരിക്കാൻ വേണ്ടി മാത്രമാണ്. എന്നിട്ടും ഇത്തരത്തിലൊക്കെ നിഗമനത്തിൽ എത്തുന്നവരോട് 3 മിനിറ്റോളം ചിലവാക്കി ഒരു ലേഖനം വായിച്ചിട്ട് അതിന്റെ അന്തസത്ത മനസ്സിലാക്കാൻ കഴിയാതെ പോയവർ എന്ന നിലയ്ക്ക് മുറ്റ് സഹതാപം മാത്രമേ ബാക്കിയുള്ളൂ. ##
എനിയ്ക്കും താങ്കളുടെ അഭിപ്രായം ആണ്. കഴിവുള്ളവരെയാണ് പിന്തുണക്കേണ്ടത്.അല്ലാതെ പാർട്ടി നോക്കിയല്ല.
എനിയ്ക്കും താങ്കളുടെ അഭിപ്രായം ആണ്. കഴിവുള്ളവരെയാണ് പിന്തുണക്കേണ്ടത്.അല്ലാതെ പാർട്ടി നോക്കിയല്ല.