കുളമാവ് കുന്നിൽ മഴയോട്ടം


റക്കുളം അടിവാരത്തുനിന്ന് കുളമാവ് ഡാം വരെ 16 കിലോമീറ്റർ കയറ്റമാണ്. അത് മുഴുവൻ ഓടിക്കയറണം. മഴക്കാലമായതുകൊണ്ട് മഴ നനഞ്ഞുകൊണ്ടുതന്നെ വേണം ഓടാൻ. ഇടുക്കിയിൽ കുളമാവ് പരിസരത്ത് ചുരത്തിൽ കർക്കിടക മാസത്തിൽ മഴ പെയ്യില്ലെന്ന് കരുതാൻ വയ്യല്ലോ. പെയ്തു, നീണ്ടുനീണ്ട് തന്നെ പെയ്തു. ഓട്ടക്കാരന്റെ വ്യാകുലതകൾക്കും സന്ധി വേദനകൾക്കുമെല്ലാം സ്വാന്തനമായി മാറുകയായിരുന്നു നിർത്താതെ പെയ്ത മഴ.

പറഞ്ഞുവരുന്നത് ജൂലായ് 17ന് കൊച്ചിയിലെ ഓട്ടക്കാരുടെ ക്ലബ്ബായ സോൾസ് ഓഫ് കൊച്ചിൻ സംഘടിപ്പിച്ച കുളമാവ് ഹിൽ ഓട്ടത്തെപ്പറ്റിയാണ്. ഞാൻ അക്കൂട്ടത്തിൽ സജീവമായിട്ട് അധികനാളായിട്ടില്ല. കുളമാവിൽ ഇത് മൂന്നാമത്തെ പ്രാവശ്യമാണ് കൊച്ചിയുടെ ‘ആത്മാ‘ക്കൾ ഓടുന്നത്. ഇപ്രാവശ്യം കിട്ടിയ അവസരം പാഴാക്കാൻ ഞാനൊരുക്കമായിരുന്നില്ല. മഴനടത്തങ്ങൾ പലതിലും പങ്കെടുത്തിട്ടുണ്ട്. മഴക്കാല ട്രെക്കിങ്ങുകളുടേയും ഭാഗമായിട്ടുണ്ട്. രണ്ടാഴ്ച്ച മുന്നേ സുഹൃത്തുക്കൾക്കൊപ്പം വാൽ‌പ്പാറയിലേക്ക് പോയതും മഴയുടെ വഴികൾ തിരഞ്ഞായിരുന്നു. നടത്തമായാലും ട്രക്കിങ്ങ് ആയാലും ഓട്ടമായാലും മഴയുള്ളപ്പോളല്ലേ നനയാനാകൂ. കാറ്റുള്ളപ്പോൾ തൂറ്റണം എന്നാണല്ലോ.

7
സോൾസ് ഓഫ് കൊച്ചിൻ (ഭാഗികം) ഓട്ടസംഘം

രാവിലെ 4 മണിയോടെ സോൾസ് ക്ലബ്ബ് അംഗങ്ങൾ എറണാകുളത്തുനിന്ന് കാറിലും ടെമ്പോ ട്രാവലിലുമായി ഇടുക്കിയിലേക്ക് തിരിച്ചു. ദീർഘദൂര ഓട്ടങ്ങൾ എപ്പോഴും പകലോനറിയാതെ വേണം തുടങ്ങാൻ. വെയിൽ വീണാൽ ഓട്ടക്കാർ ക്ഷീണിക്കും. പല പ്രായത്തിലായി 40ന് അടുക്കെ ഓട്ടക്കാരുണ്ട്. കഴിഞ്ഞ രണ്ട് പ്രാവശ്യം  ഓടിയതിനേക്കാളും കൂടുതൽ ഓട്ടക്കാർ !!

വ്യക്തിപരമായ ചില പരിമിതികളുമായാണ് ഞാൻ പങ്കെടുക്കുന്നത്. 21 കിലോമീറ്ററിലധികം (ഹാഫ് മാരത്തോൺ) നാളിതുവരെ ഓടിയിട്ടില്ല. കഴിഞ്ഞ മൂന്ന് മാ‍സമായി വലത്തേ മുട്ടികാലിനുള്ള ചെറിയ വേദന അധികരിക്കുമോ എന്ന സംശയം. ചെറിയ ദൂരങ്ങൾ മുകളിലേക്ക് ഓടിക്കയറിയിട്ടുണ്ടെങ്കിലും 16 കിലോമീറ്റർ മുഴുവൻ മുകളിലേക്ക് ഓടാനുള്ള ബാല്യം അവശേഷിക്കുന്നുണ്ടോ എന്ന ആശങ്ക.

പക്ഷേ, മഴ നനയാമെന്നുള്ള മോഹം ഇതിനെയൊക്കെ കടത്തിവെട്ടാൻ പോന്നതാണ്. ഊർജ്ജസ്വലരായ വലിയൊരു സംഘം കൂടെയുണ്ടെങ്കിൽ എന്തുമാകാം എന്നൊരു ചിന്ത താനെ വന്നുകയറുകയും ചെയ്യും.

05:45 മണിയോടെ അറക്കുളത്തുനിന്ന് ഓട്ടം ആരംഭിച്ചു. മഴ അതിന് മുന്നേ തന്നെ ഓട്ടക്കാരെ സ്വാഗതം ചെയ്ത് പെയ്ത് നിൽക്കുന്നുണ്ടായിരുന്നു. സാധാരണ ദീർഘദൂര ഓട്ടങ്ങളിൽ 2 കിലോമീറ്റർ ഇടവിട്ട് ഹൈഡ്രേഷൻ പോയന്റുകൾ എന്ന പേരിൽ കുടിവെള്ളത്തിനുള്ള ഏർപ്പാടുകളുണ്ടാകും. ഇവിടെ സംഘാടകർ മുഴുവനും ഓട്ടക്കാരായതുകൊണ്ട് അങ്ങനൊരു സംവിധാനമില്ല. എന്നിരുന്നാലും, മഴ പെയ്തുകൊണ്ടിരുന്നാൽ ശരീര ഊഷ്മാവ് ഉയരാതെ നിൽക്കും. ഡീഹൈഡ്രേഷൻ കാര്യമായിട്ടുണ്ടാകില്ല. ചുണ്ടും വായയും നനയ്ക്കാനുള്ള വെള്ളം മുകളിൽ നിന്ന് എല്ലായ്പ്പോഴും ഇറ്റുവീണുകൊണ്ടിരിക്കുകയും ചെയ്യും. ‘ആരുമില്ലാത്തവന് പ്രകൃതി തുണ‘ എന്നത് പോലുള്ള ഒരു സംഭവമാണത്.

ഓട്ടക്കാർ പല തരക്കാരാണ്. അജിത്തിനേയും അജയ് അപ്പാടനെപ്പോലുള്ളവർക്ക് കയറ്റമായാലും ഇറക്കമായാലും മഞ്ഞായാലും മഴയായാലും വെയിലായാലും ഉയർന്ന വേഗതയാണ്. ഒരു കാറ്റുപോലെ മറ്റുള്ളവരേയും കടന്നുപോകുന്ന കൂട്ടരാണവർ. അറുപത്തിയൊൻ‌പതുകാരനായ രാജപ്പൻ ചേട്ടൻ സ്ലോ ആന്റ് സ്റ്റെഡി എന്ന വിഭാഗത്തിൽ പെടും. വേഗത അൽ‌പ്പം കുറവാണെങ്കിലും ഒരു സെക്കന്റ് പോലും നിൽക്കാതെ കിട്ടിയ ദൂരം മുഴുവൻ അദ്ദേഹം ഓടിക്കൊണ്ടിരിക്കും. അറുപത്തഞ്ച് കഴിഞ്ഞ പോ‍ളേട്ടൻ ഓടിയും അൽ‌പ്പം നടന്നുമൊക്കെയാണെങ്കിലും സ്പീഡിൽ മുന്നിൽത്തന്നെയാണ്. നല്ലൊരു കൂട്ടം ഓട്ടക്കാർ നഗ്നപാദരായാണ് ഓടുന്നത്. ശരീരത്തിലുള്ള ഓരോ അധികവസ്തുക്കളും ഓടുമ്പോൾ ഭാരമായി കരുതുന്നവരാണവർ. മഴക്കാലത്ത് വെള്ളം കയറി വീർത്ത ഷൂ ഇട്ട് ഓടുന്നതിനേക്കാൾ നല്ലത് നഗ്നപാദങ്ങൾ തന്നെയാണ്. പക്ഷേ, സ്ഥിരമായ പരിശീലനം ഇല്ലാതെ ഒറ്റ ദിവസം കൊണ്ട് ചെയ്യാൻ പറ്റുന്ന കാര്യമല്ലത്. പാദങ്ങളിൽ പോളങ്ങൾ വരും, കല്ലും മുള്ളും കൊണ്ട് കീറും. പിന്നതൊരു ശീലമാകും.

കയറ്റം തുടങ്ങിയതോടെ മഴയും കനത്തു. ഷൂ നനഞ്ഞുകുതിർന്നു. മുകളിൽ പെയ്ത മഴയുടെ വെള്ളം റോഡിലൂടെ കുത്തിയൊഴുകി വരുമ്പോൾ അതിൽ ചവിട്ടാ‍തെ ഓടാനാണെങ്കിൽ ഈ മഴയോട്ടത്തിന് അർത്ഥമില്ലല്ലോ ?

13781807_994950123953006_5842621252248176932_n
ഓടിയ റൂട്ടിലെ താപമാനത്തിന്റെ ഗ്രാഫ്.

ഹെയർ പിന്നുകൾ കയറുന്തോറും തണുപ്പ് അധികരിച്ച് വരുന്നത് ശരീരം അറിഞ്ഞുതുടങ്ങി. താഴ്‌വരയിൽ പെട്ടുകിടക്കുന്ന മേഘപാളികളുടെ മോഹിപ്പിക്കുന്ന ദൃശ്യം ഉള്ളിൽ ചേർത്തണച്ച് ഓടുമ്പോൾ കയറ്റത്തിന്റെ കഷ്ടപ്പാട് കാര്യമായി ബാധിക്കുന്നില്ല.
അഞ്ചാമത്തെ ഹെയർ പിന്നിൽ ഒരു കിണറുണ്ട്. കേരളത്തിലോ ഇന്ത്യയിൽത്തന്നെയോ റോഡിന് അല്ലെങ്കിൽ ഹെയർപിന്നിന് നടുക്ക് ഒരു കിണറുള്ളത് ചിലപ്പോൾ ഇവിടെ മാത്രമായിരിക്കും. എത്രയോ വട്ടം വാഹനത്തിൽ ആ കിണറിനെ വലംവെച്ച് കടന്നുപോയിരിക്കുന്നു. എന്നെങ്കിലുമൊരിക്കൽ അതിന്റെ പരിസരത്തുകൂടെ ഓടിക്കടന്ന് പോകേണ്ടിവരുമെന്നത് വിദൂരസ്വപ്നങ്ങളിൽ‌പ്പോലും ഉണ്ടായിരുന്നില്ല.

1
ഹെയർ പിൻ കിണറിന് മുന്നിൽ ഒരു പോസ്.

കൂട്ടയോട്ടത്തിൽ എപ്പോഴും നമ്മുടെ വേഗവും പ്രായവും താൽ‌പ്പര്യങ്ങളും ഒക്കെയുള്ള ഒരാൾക്കൊപ്പം ഓടുന്നത് ഗുണം ചെയ്യും. ഒറ്റയ്ക്കോടുന്നത് മടുപ്പുളവാക്കും. പല വേഗത്തിലുള്ളവർ പലപ്പോഴായി മുന്നിലും പിന്നിലുമായി നീങ്ങിക്കഴിഞ്ഞിരിക്കുന്നു. ഫുൾ മാരത്തോണുകൾ പലപ്രാവശ്യം ഓടിയിട്ടുള്ള തിരുവനന്തപുരത്തുകാരിയായ ഹേമയെ ഞാൻ കൂട്ടുപിടിച്ചു. കാടിനേയും മഴയേയും മുൻപ് ഇതേവരെ കണ്ടിട്ടില്ലാത്ത വണ്ണം പ്രകീർത്തിച്ചും വർണ്ണിച്ചും ലോകകാര്യങ്ങൾ അടക്കം പലതും സംസാരിച്ചും  ഞങ്ങൾ ഒരുമിച്ച് നീങ്ങി. ഹേമ ഇത് രണ്ടാമത്തെ പ്രാവശ്യമാണ് കുളമാവ് ഹിൽ‌സിൽ ഓടുന്നത്.

12 ഹെയർ പിന്നുകളാണ് ഓടിക്കയറാനുള്ളത്. മുകളിലേക്ക് ചെല്ലുംതോറും കോടവന്ന് മൂടിക്കൊണ്ടിരുന്നു. മുന്നിലേക്കുള്ള വഴി 15 മീറ്റർ പോലും കാണാനാകാത്ത അവസ്ഥ. ഞങ്ങളതിനുള്ളിലാണ് ഓടിക്കൊണ്ടിരിക്കുന്നത് എന്നത് അവാച്യമായ ഒരനുഭൂതിയായിരുന്നു. ഇടത്തേ കൈയ്യിലെ ചെറിയ മരവിപ്പിൽ നിന്ന് തണുപ്പ് അധികരിച്ചിരിക്കുന്നെ എന്ന് മനസ്സിലാക്കാനായി.

8
കോടമഞ്ഞിനുള്ളിലൂടെ ഓടുന്നവർ

മുകളിലേക്കുള്ള 16 കിലോമീറ്ററിൽ മഴ ഒരിക്കൽ‌പ്പോലും നിന്നതേയില്ല. കോടയും മഴയും തണുപ്പും കൂട്ടത്തിലോടുന്നതുപോലെ. ഇതിനിടയ്ക്ക് അപൂർവ്വമായാണ് വാഹനങ്ങൾ ആ വഴി കടന്നുപോയത്. ഞായറാഴ്ച്ചയാണ് നല്ല മഴയുള്ള ദിവസവും. എല്ലാവരും മൂടിപ്പുതച്ച് കിടന്നുറങ്ങുകയാണെന്ന് സ്പഷ്ടം. അവധി ദിവസങ്ങളിൽ കുളമാവ് ഇടുക്കി ഭാഗങ്ങൾ കാണാനിറങ്ങുന്ന സഞ്ചാരികൾ എത്താനാകുന്നതേയുള്ളൂ.അവരെത്തുമ്പോഴേക്കും സൂര്യതാപമേറ്റ് പ്രകൃതി വാർദ്ധക്യത്തിലേക്ക് കടന്നിരിക്കും.  ഞങ്ങളോടിക്കൊണ്ടിരിക്കുന്നത് കന്യകയായ പ്രകൃതിയിലൂടെയാണ്.

17
ഉറക്കച്ചടവ് മാറാത്ത പ്രകൃതി

രാധി മേനോൻ, പ്രസീത പ്രവീൺ, പ്രശാന്ത് എന്നിവർ നാടുകാണിക്ക് സമീപമുള്ള ഗ്രീൻ‌ബെർഗ് റിസോർട്ടിൽ തലേന്ന് തന്നെ കുടുംബത്തോടൊപ്പം വന്ന് താമസിച്ച് എതിർദിശയിലേക്കാണ് ഓടുന്നത്. വഴിയിൽ അവരേയും കണ്ടുമുട്ടി.

13659089_994949690619716_2866189183190512147_n
പ്രകൃതിഭംഗി ആസ്വദിക്കുന്ന ജോബി.

ആദ്യത്തെ 16 കിലോമീറ്റർ ആയതുകൊണ്ടാകാം കയറ്റമാണെങ്കിലും വലിയ പ്രശ്നങ്ങളൊന്നും തോന്നിയില്ല. നാടുകാണി വ്യൂ പോയന്റ് വരെ കയറ്റമാണെങ്കിലും പിന്നീട് കുളമാവ് ഡാമിലേക്കുള്ള 4 കിലോമീറ്റർ ഇറക്കമാണ്. ഡാമിലേക്ക് എത്തിയപ്പോൾ സ്വർഗ്ഗീയ അനുഭൂതിയായിരുന്നു. കോട കയറി നിൽക്കുകയാണ് ഡാം മുഴുവൻ. ഇരുവശത്തേക്ക് നോക്കിയാലും ഒരു തുള്ളി വെള്ളം പോലും കാണാനാകുന്നില്ല. ചില പെയിന്റിങ്ങുകളിൽ മാത്രം കണ്ടിട്ടുള്ളതുപോലെ മേഘങ്ങൾക്കിടയിലൂടെ സ്വർഗ്ഗത്തിലേക്ക് നീളുന്ന വഴിയെന്നപോലെ കോടയിലേക്ക് കടന്നുനിൽക്കുന്ന ഡാമിന്റെ പാലം. മുന്നിൽ അൽ‌പ്പം ദൂരം മാത്രം കൈവരികൾ കാണാം. അപ്പുറത്തുനിന്ന്  ഒരു വാഹനം കടന്നുവരുമ്പോൾ ഹൈഡ് ലൈറ്റ് മാത്രമാണ് കുറേയേറെ നേരം കാണുന്നത്. വാഹനം മുഴുവൻ കാണാനാകുന്നത് അത് തൊട്ടടുത്തെത്തുമ്പോൾ മാത്രം. ഡാമിനപ്പുറത്തേക്ക് കടന്നാൽ 16 കിലോമീറ്റർ അഥവാ പകുതി ദൂരമാ‍യി. ചെറിയ ചായക്കടകൾ ചിലതുണ്ട് ആ ഭാഗത്ത്. അതുകൊണ്ടുതന്നെ ഓട്ടക്കാർ പലരും ഓരോ കട്ടനും കുടിച്ച് വിശ്രമമെടുക്കുന്നുണ്ട് അവിടെ. പക്ഷെ തൊട്ടടുത്ത് ചെന്നിട്ടും അവരുടെയൊക്കെ ശബ്ദം കേൾക്കാമെന്നല്ലാതെ ആളെ കാണാൻ കിട്ടുന്നില്ല. അത്രയ്ക്കുണ്ടായിരുന്നു കോട. ഏകദേശം രണ്ടര മണിക്കൂറെടുത്തു മുകളിലെത്താൻ. അജയിനേയും വിജയൻ പിള്ളയേയും പോലുള്ള വേഗത കൂടിയ താരങ്ങൾ അപ്പോഴേക്കും മടക്കയോട്ടം തുടങ്ങിക്കഴിഞ്ഞിരുന്നു.

10
കുളമാവ് ഡാമിലെ മഞ്ഞ് വകഞ്ഞുമാറ്റി ഓടുന്നവർ

നേരം വെളുത്തിരിക്കുന്നു. അതുകൊണ്ടുതന്നെ സഞ്ചാരികളുടെ വാഹനങ്ങളുടെ എണ്ണവും അധികരിച്ചിരിക്കുന്നു.  26 കിലോമീറ്റർ ഇതേ പാതയിൽ സഞ്ചരിച്ചാൽ ഇടുക്കി ഡാമിലെത്താം.  കുളമാവ്, ചെറുതോണി, പിന്നെ ഇടുക്കി. മുല്ലപ്പെറിയാറെങ്ങാനും പൊട്ടിയാൽ തടഞ്ഞുവെച്ചിരിക്കുന്ന ഈ മഴവെള്ളം മുഴുവൻ ഒഴുകിയൊഴിഞ്ഞ് പോകാനുള്ള റൂട്ടാണ് അത്.  ഭരതന്റെ വൈശാലി സിനിമയിൽ കാണുന്ന വനഭൂമിയും നദിയുമൊക്കെ  ഷൂട്ട് ചെയ്തിരിക്കുന്നത് കുളമാവ് അണക്കെട്ടിന്റെ ഈ വൃഷ്ടിപ്രദേശങ്ങളിലാണ് എന്ന് പറയുമ്പോൾ അവിടത്തെ പ്രകൃതിസൌന്ദര്യം കൂടുതൽ വർണ്ണിക്കണമെന്നില്ലല്ലോ ? നേവിയുടെ തന്ത്രപ്രധാനമായ പല ടെസ്റ്റിങ്ങുകൾ നടക്കുന്നതും കുളമാവ് ഡാമിന്റെ റിസർവ്വോയറിലാണ്. അതുകൊണ്ടുതന്നെ നിരവധി നേവി ക്വാർട്ടേർസുകളും ഈ ഭാഗത്ത് കാണാനാകും.

“ നിങ്ങൾക്കൊരു തൊപ്പി വെച്ച് ഓടിക്കൂടെ ? ഈ മഴ മുഴുവൻ കൊള്ളുന്നതെന്തിനാ ? “

… എന്നാണ് ചായക്കട നടത്തുന്ന സ്ത്രീയുടെ ചോദ്യം. അവർക്കറിയില്ലല്ലോ മഴയ്ക്കൊപ്പം ഓടുന്നവരുടെ മനസ്സിലിരുപ്പ്. മഴ നനഞ്ഞാൽ പനി പിടിക്കും  എന്ന കുഞ്ഞുന്നാളിലേ അടിച്ചേൽ‌പ്പിക്കപ്പെടുന്ന ചില അസത്യങ്ങളിൽ കുടുങ്ങിയാണ് നമ്മളധികം പേരും ബാക്കിയുള്ള ജീവിതം നീങ്ങിക്കൊണ്ടിരിക്കുന്നത്. മഴ കൊണ്ടതിന്റെ പേരിൽ പനിപിടിച്ച് കിടന്നിട്ടുണ്ടോ എപ്പോഴെങ്കിലുമെന്നാലോചിച്ച് ഞാനാകെ കുഴഞ്ഞു.

16 കിലോമീറ്റർ ദൂരത്തിൽ വെള്ളം കുടിക്കണമെന്ന തോന്നലേ ഉണ്ടായില്ല. എന്നിരുന്നാലും ഒരു കട്ടൻ‌ചായയും പഴവും ഓം‌ലെറ്റും കഴിച്ചാണ് മടക്കയോട്ടം ആരംഭിച്ചത്. മഴയും കോടയും ഇപ്പോഴും വിടാതെ കൂടെയുണ്ട്. പക്ഷെ അവസാനം വരെ അതുണ്ടാകുമെന്ന് കരുതാൻ വയ്യ.

18
ചായക്കടയുടെ നിയന്ത്രണം പോളേട്ടൻ ഏറ്റെടുത്തപ്പോൾ.

താഴേക്കുള്ള ഓട്ടം എളുപ്പമാകുമെന്നാണ് ധരിച്ചത്. പക്ഷേ മുകളിലേക്കെടുത്ത അത്രയും സമയം തന്നെ താഴേക്കുമെടുത്തു. അതിന് കാരണങ്ങൾ പലതാണ് 20 കിലോമീറ്റർ കഴിഞ്ഞതോടെ തുടർച്ചയായി പെയ്തുകൊണ്ടിരുന്ന മഴ നിന്നു. ചൂട് കൂടിവന്നത് വിയർപ്പ് ചാലുകളുടെ രൂപത്തിൽ ശരീരത്തിൽ കൃത്യമായി അടയാളങ്ങൾ തീർത്തു. റോഡിൽ വാഹനങ്ങൾ അധികരിച്ചു. 21 കിലോമീറ്ററിന് മുകളിൽ ഇതുവരെ ഓടാത്ത എനിക്ക് മുട്ടിലുണ്ടായിരുന്ന വേദന ഇടയ്ക്കിടയ്ക്ക് അധികരിച്ചു. മുകളിലേക്ക് ഓടാൻ കൂട്ടുണ്ടായിരുന്ന ഹേമയ്ക്ക് താഴേയ്ക്ക് ഓടുമ്പോൾ എന്നേക്കാൻ വേഗതയുള്ളതുകൊണ്ട് ആ കൂട്ട് നിലനിർത്താനായില്ല. പകരം എന്റേതുപോലുള്ള വേഗതയും പ്രശ്നങ്ങളുമുള്ള അംജിതിനെ കൂട്ടുപിടിച്ചു.

2
ഹേമ, ആന്റണി എന്നിവർക്കൊപ്പം.

സൂര്യൻ ഉദിച്ച് പൊങ്ങിക്കഴിഞ്ഞിരിക്കുന്നു. താപം ഏറ്റുനിൽക്കാനാവാതെ പലയിടത്തും കോടയൊഴിഞ്ഞുപോയി. എന്നാലും മരങ്ങളുടെ മറവിൽ ചിലയിടങ്ങളിൽ ഇപ്പോഴുമത് സജീവമാ‍യി ഒളിഞ്ഞുനിൽ‌പ്പുണ്ട്. മഴ നനഞ്ഞ് കുതിർന്നിരുന്ന വസ്ത്രമെല്ലാം വെയിലത്തിട്ട് ഉണക്കിയ കോലത്തിലാണിപ്പോൾ. ദാഹം വന്നപ്പോഴൊക്കെ മലഞ്ചെരുവുകളിലൂടെ ഒഴുകുന്ന വെള്ളം കുടിച്ചു. തോട്ടങ്ങളിൽ മരുന്നടിക്കുന്നതുകൊണ്ട് ഈ മഴവെള്ളം പോലും വിശ്വാസയോഗ്യമല്ല എന്ന അവസ്ഥയുണ്ടിപ്പോൾ എന്നറിഞ്ഞുകൊണ്ടുതന്നെ.  ഒഴുക്കുവെള്ളത്തിൽ അഴുക്കുണ്ടാകില്ല എന്ന വിശ്വാ‍സത്തിനോട് തന്നെയാണ് എനിക്കിപ്പോഴും ആഭിമുഖ്യം.

16
കുളമാവ് ഡാമിന്റെ പരിസരത്തുനിന്നൊരു ദൃശ്യം.

മഞ്ഞും മഴയും കോടയുമൊക്കെ ഉള്ളപ്പോൾ ദൂരെ മലകളിൽ വെള്ളിയരഞ്ഞാണങ്ങൾ പോലെ ഒലിച്ചിറങ്ങുന്ന നീരൊഴുക്കുകളുടെ കാഴ്ച്ചകൾ മറഞ്ഞുനിൽക്കും. കോട മാറിക്കഴിഞ്ഞപ്പോൾ അത്തരം ദൃശ്യങ്ങളാണ് മടക്കയോട്ടത്തിനുള്ള ഊർജ്ജം നൽകുന്നത്. മലയിടുക്കുകളിൽ പെട്ടുപോയ മേഘങ്ങൾ ഇപ്പോഴും പുറത്തുകടക്കാൻ പറ്റാതെ വിഷമിച്ച് നിൽക്കുകയാണ്. ഉച്ചയോടെ അതെല്ലാം അവിടത്തെന്നെ ഉരുകിത്തീരും.

അഞ്ച് കിലോമീറ്റർ മാത്രമേ ഇനി ബാക്കിയുള്ളൂ. ശരിക്കും വിയർത്തുതുടങ്ങിയിരിക്കുന്നു. റോഡരുകിലെ ഒരു നീ‍ർച്ചാലിലേക്ക് ഇറങ്ങിനിന്ന് കുറേനേരം കുളിച്ചു അംജിതും ഞാനും. വീണ്ടുമൊരു പത്ത് കിലോമീറ്റർ ഓടാനുള്ള ആവേശമുണ്ടെന്നായി അംജിതിനപ്പോൾ.  എന്തായാലും പരിക്കുകളൊന്നുമില്ലാ‍തെ ഓടിത്തീർത്തു. സോൾഫ് ഓഫ് കൊച്ചിന് നന്ദി. ഇത്രയൊക്കെ ഓടാൻ എന്നെ പ്രാപ്തനാക്കിയത് ഈ സംഘമാണ്.

ഇവിടിപ്പോൾ 21 കിലോമീറ്ററിൽ നിന്ന് 32 കിലോമീറ്റർ ദൂരത്തിലേക്ക് കടക്കാൻ സോൾസിനൊപ്പം മഴയും മഞ്ഞും പ്രകൃതിയുമൊക്കെ സഹായിച്ചിട്ടുണ്ട്. ഇക്കൊല്ല്ലം എപ്പോഴെങ്കിലും ഫുൾ മാരത്തോൺ(42കിമീ) ഓടാൻ സാധിക്കുമെന്ന ആ‍ത്മവിശ്വാസവും ഈ മഴയോട്ടം മൂലം ഉണ്ടായിരിക്കുന്നു.

13
അംജിത്, ജോബി എന്നിവർക്കൊപ്പം മെഡലുമണിഞ്ഞ്.

ഉച്ചഭക്ഷണം അറക്കുളത്തെ സ്റ്റാർട്ടിങ്ങ് പോയന്റിൽ നിന്ന് അൽ‌പ്പം മാറിയുള്ള മാതൃകാ കള്ള് ഷാപ്പിലാണ് ഏർപ്പാടാക്കിയിരിക്കുന്നത്. കപ്പ, പോത്ത്, പന്നി, മീൻ, തണുപ്പിച്ച മധുരക്കള്ള്, പനങ്കള്ള്, മുളങ്കള്ള് എന്നിങ്ങനെ പോകുന്നു അവിടെ ലഭ്യമാകുന്ന ഇനങ്ങൾ. ആദ്യമാദ്യം ഓടി വന്നവർ ശാപ്പാട് അടിച്ചുകഴിഞ്ഞു.  മുള വെട്ടിയെടുത്ത് അതിൽ പെയിന്റ് ചെയ്ത് സഹദേവനും അംജതും ചേർന്നുണ്ടാക്കിയ മെഡലുകൾ ഷാപ്പിൽ വെച്ച് വിതരണം ചെയ്യപ്പെട്ടു. തലേന്ന് രാത്രി മുറിച്ച് വേർപെടുത്തി ബാഗിൽ കരുതിയിരുന്ന ചക്കച്ചുളകൾ ഞാനും വിതരണം ചെയ്തു. പിന്നെ നടുവൊടിക്കുന്ന നഗരജീവിതത്തിന്റെ നടുവിലേക്ക് ജോബിയുടെ കാറിൽ മടക്കയാത്ര.

വാൽക്കഷണം:- കഴിഞ്ഞ ആഴ്ച്ച മഴനടത്തവും ഈ ആഴ്ച്ച മഴയോട്ടവും സാധിച്ചു. അടുത്തയാഴ്ച്ച മധു തങ്കപ്പന്റേയും രാജു ചേട്ടന്റേയും നേതൃത്വത്തിൽ HAI (Haiking Association of India) ഇടുക്കിയിലെ നെടുങ്കണ്ടത്തിനടുത്തുള്ള ചുണ്ടേലിമേട്ടിലേക്ക് ട്രക്കിങ്ങ് തയ്യാറെടുപ്പ് നടക്കുന്നുണ്ട്. ബാക്കിയായിപ്പോയ മഴയോ വെള്ളച്ചാട്ടമോ കോടയോ തണുപ്പോ മഞ്ഞോ എന്തെങ്കിലും ആ വഴിക്ക് പോയാൽ കിട്ടുമോ എന്ന് ശ്രമിച്ച് നോക്കണം.
——————————–
ചിത്രങ്ങൾക്ക് കടപ്പാട് :- ആന്റണി, ജോബി, സന്തോ‍ഷ്, പൌലോസ് എന്നിവരോട്.

Comments

comments

3 thoughts on “ കുളമാവ് കുന്നിൽ മഴയോട്ടം

  1. അടിപൊളി എന്നാണു എനിക്ക് ആദ്യം മനസ്സില്‍ തോന്നിയത്. വെറുതേ ഇരിക്കാന്‍ തോന്നുന്നില്ല…. തിരുവനന്തപുരത്ത് ഇങ്ങനെ ഒരു സംഘടന തുടങ്ങുവാണേല്‍ അറിയിക്കാന്‍ മറക്കണ്ട….

    1. ജയരാജ് എം.എസ്. – തിരുവനന്തപുരത്ത് നിലവീൽ ട്രാൿസ് എന്ന പേരിൽ ഓട്ടക്കാരുടെ ക്ലബ്ബ് ഉണ്ട്. സോൾസിന്റെ സഹോദരക്ലബ്ബ് തന്നെയാണ് അത്. രണ്ട് കൊല്ലമായി അവർ ഹാഫ് മാരത്തോൺ സംഘടിപ്പിക്കുന്നുണ്ട്, ദിവസവും പ്രാൿറ്റീസ് നടത്തുന്നുമുണ്ട്. ഈ പോസ്റ്റിൽ ഞാൻ പറഞ്ഞിരിക്കുന്ന ഹേമ ആ ക്ലബ്ബിലെ അംഗമാണ്.

      1. താങ്ക്സ്. മറുപടി തരാന്‍ വളരെ താമസിച്ചു എന്നറിയാം എങ്കിലും ഞാന്‍ അന്വേഷിക്കാം. എന്തെങ്കിലും അഡ്രസ്സ് ഡീറ്റെയില്‍സ് ?

Leave a Reply to Manoj Ravindran Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>