നിയമങ്ങൾ കാറ്റിൽ‌പ്പറത്തുന്ന ‘ലോ‘ അക്കാഡമി


കേരള ലോ അക്കാഡമി വിദ്യാർത്ഥി സമരം ഇരുപത്തിയൊന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇതുവരെ കണ്ടതും കേട്ടതുമായ കാര്യങ്ങളെ മുൻ‌നിർത്തി ചില അഭിപ്രായങ്ങൾ പറയാതെ വയ്യ.  ഏറ്റവും പുതിയ ചില ആരോപണങ്ങളും  ക്രമക്കേടുകളും ഇങ്ങനെയാണ്.

1. യൂണിവേർസിറ്റി അഫിലിയേഷന്റെ രേഖകൾ കാണാനില്ല. അല്ലെങ്കിൽ അങ്ങനൊരു അഫിലിയേഷൻ ഇല്ല.

2. കോളേജിന്റെ സ്ഥലം സർക്കാരിന്റേതാണെന്ന് കാണിക്കുന്ന രേഖകൾ കേരള സർവ്വകലാശാലയിൽ നിന്നും സർക്കാർ ഓഫീസുകളിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നു.

3. ലോ അക്കാഡമി വളപ്പിൽ അനധികൃത കെട്ടിടങ്ങൾ.

4. കെട്ടിടങ്ങൾക്ക് പലതിനും നമ്പർ പോലുമില്ല. (സാധാരണക്കാരൻ ഒരാൾക്കാണെങ്കിൽ നമ്പറില്ലാത്ത കെട്ടിടത്തിന് വൈദ്യുതി വെള്ളം ഇന്ധനം അങ്ങനെ ഒന്നും കിട്ടില്ല.)

5. ബൈ ലോ പ്രകാരം നിയമിക്കേണ്ട ഭരണസമിതിയിൽ വെള്ളം ചേർത്തു.

6. കേരള യൂണിവേർസിറ്റിയുടെ വെബ്ബ് സൈറ്റിൽ ലോ അക്കാഡമിയെ സർക്കാർ കോളേജെന്ന് രേഖപ്പെടുത്തി മുന്നോട്ട് പോയി ഇതുവരെ. വിവാദമായപ്പോൾ അത് തിരുത്തി.

പ്രിൻസിപ്പാൾ വിദ്യാർത്ഥികളോട് മോശമായി സംസാരിച്ചു, സ്വജനങ്ങൾക്ക് കൂടുതൽ സെഷണൽ മാർക്കുകൾ നൽകി, ജാതിപ്പേര് പറഞ്ഞ് കുട്ടികളെ ആക്ഷേപിച്ചു, പെൺകുട്ടികളുടെ സ്വകാര്യത നഷ്ടപ്പെടുന്ന രീതിയിൽ ഹോസ്റ്റലിൽ ക്യാമറകൾ സ്ഥാപിച്ചു, വിദ്യാർത്ഥികളെക്കൊണ്ട് റസ്റ്റോറന്റിൽ ജോലി ചെയ്യിപ്പിച്ചു എന്നുതുടങ്ങി വിദ്യാർത്ഥിസമരം ആരംഭിച്ച കാലത്തുള്ള രംഗമല്ല തിരുവനന്തപുരം ലോ അക്കാഡമി എന്ന സ്ഥാപനത്തിൽ ഇപ്പോളുള്ളത്.

കേരളത്തിലെ ഏതെങ്കിലുമൊരു സ്വകാര്യ ‘വിദ്യാഭ്യാസ‘ സ്ഥാപനത്തിൽ ഈയടുത്ത കാലത്തൊന്നും ഇത്രയും വലിയ പ്രശ്നങ്ങളും ക്രമക്കേടുകളും ഗുരുതര ആരോപണങ്ങളും ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. അങ്ങനെയുള്ള ഒരിടത്ത് സർക്കാരോ സർവ്വകലാശാലയോ നേരിട്ട് ഇടപെട്ട് തെളിവെടുപ്പുകൾ നടത്തി ഉചിതമായ നടപടികൾ എടുക്കാൻ അമാന്തമുണ്ടാകാൻ പാടില്ല. അതിനൊരു വിദ്യാർത്ഥി സമരത്തിന്റെ ആവശ്യം പോലുമില്ല.

78

പക്ഷേ അതെന്തുകൊണ്ട് സംഭവിക്കുന്നില്ല എന്ന് ഇതിനൊപ്പം ചേർത്തിരിക്കുന്ന ചിത്രം നമ്മോട് പറയുന്നുണ്ട്. ഇത്രയും പ്രശ്നങ്ങളുള്ള ഒരു സ്ഥാപനത്തിന്റെ ഡയറൿടർ, തനിക്ക് കിട്ടിയ ടോക്കൺ നമ്പറനുസരിച്ച് കെട്ടിട നിർമ്മാണ ഫയൽ അദാലത്തിൽ ഹാജരാകുന്നതിന് പകരം, മുണ്ട് മടക്കിക്കുത്തി ഇടയ്ക്ക് കയറിച്ചെല്ലുമ്പോൾ സർക്കാർ സംവിധാനങ്ങളെല്ലാം എഴുന്നേറ്റ് നിൽക്കുന്ന ഒരു രാജ്യത്ത് ഇതുപോലുള്ള മാടമ്പിമാർ അരങ്ങ് തകർത്തുകൊണ്ടേയിരിക്കും. അധികാരികൾ അടിമുടി വിധേയത്വം വാരിപ്പുതച്ച് ഓച്ഛാനിച്ച് നിൽക്കുകയും ചെയ്യും.

നാരായണൻ നായരേക്കാൾ പ്രായമുള്ള സാധാരണക്കാരൻ ഒരാളാണ് കയറിച്ചെല്ലുന്നതെങ്കിൽ ഉദ്യോഗസ്ഥരും മന്ത്രിയുമൊക്കെ ഇങ്ങനെ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കില്ല. മുണ്ട് മടക്കിക്കുത്തിയാണ് ചെല്ലുന്നതെങ്കിൽ കണ്ട ഭാവം പോലുമുണ്ടായെന്ന് വരില്ല. ഇത്രയും ആരോപണങ്ങൾക്ക് വിധേയരായി നിൽക്കുന്ന അവസരത്തിൽ‌പ്പോലും നാരായണനായരെപ്പോലുള്ളവരോട് കാണിക്കുന്ന ഈ വിധേയത്വമുണ്ടല്ലോ. എല്ലാ തലങ്ങളിലും അതിനറുതി വരണം. അന്നില്ലാതാകും ഇത്തരം പ്രശ്നങ്ങൾ.

തിരുവനന്തപുരം ലോ അക്കാഡമി സമരത്തെ വെറുമൊരു വിദ്യാർത്ഥിസമരമായല്ല കാണേണ്ടത്. ഇക്കാലമത്രയും ഉണ്ടായ ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയുടേയും ഭരണകൂട സ്വജനപക്ഷപാതത്തിന്റേയും മകുടോദാഹരണമായും നിയമവ്യവസ്ഥിതിയോടും മറ്റ് പൌരന്മാരോടുമുള്ള അവഹേളനവുമായാണ് ഇതിനെ വിലയിരുത്തേണ്ടത്. നിയമം പഠിപ്പിക്കുന്ന ഒരു സ്ഥാപനം തന്നെ ഇത്രയും വലിയ നിയമവിരുദ്ധതകൾക്ക് വിളനിലമാകുന്നു എന്നത് ഒട്ടും അഭിലഷണീയമല്ല. അതുകൊണ്ടുതന്നെ ഈ സമരം തീരുന്നത് പ്രിൻസിപ്പാളിന്റെ രാജി എന്ന ലക്ഷ്യം സാക്ഷാൽക്കരിച്ചുകൊണ്ട് മാത്രമാകരുത്. ഭൂമിയുടെ കാര്യത്തിലും, സർവ്വകലാശാല അഫിലിയേഷന്റെ കാര്യത്തിലും നിയമം ലംഘിച്ച് നടന്നിട്ടുള്ള കെട്ടിട നിർമ്മാണങ്ങളുടെ കാര്യത്തിലും എല്ലാം നടപടിയെടുത്തുകൊണ്ട് വേണം ഈ സമരം അവസാനിക്കാൻ.

Comments

comments

5 thoughts on “ നിയമങ്ങൾ കാറ്റിൽ‌പ്പറത്തുന്ന ‘ലോ‘ അക്കാഡമി

  1. 1971നു പട്ടക്കാലവധി കഴിഞ്ഞ ഭൂമി 1976ൽ മുപ്പത് വർഷത്തേക്ക് പാട്ടക്കാലാവധി ദീർഘിപ്പിച്ചു കൊടുത്തു. അത് കരുണാകരൻ 1985ൽ അസൈൻ ചെയ്തു ട്രസ്റ്റിന് സ്വന്തമാക്കി കൊടുത്തു.
    1972ൽ ഡയറക്റ്റ് പേയ്‌മെന്റ് എഗ്രിമെന്റിൽ അന്ന് നിലവിലുള്ള എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒപ്പ് വെച്ച് എയിഡഡ് ആയി മാറിയപ്പോൾ ആ എഗ്രിമെന്റിൽ നിന്നും ലോ അക്കാദമി വിട്ടു നിന്നു.
    തീർച്ചയായും ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഭൂമി അസൈൻ ചെയ്തു സർക്കാർ കൊടുത്തിട്ടുണ്ട്. (തിരുവനന്തപുരം നഗരത്തിൽ തന്നെ എൻ എസ് എസിന്റെ ഉടമസ്ഥതയിലുള്ള എം ജി കോളേജ്, മലങ്കര സഭയുടെ മാർ ഇവാനിയോസ് കോളേജ് എന്നിവ ഉദാഹരണങ്ങൾ.)എന്നാൽ അവയെല്ലാം എയിഡഡ് സ്ഥാപനങ്ങളാണ്. കേരളത്തിൽ തന്നെ ഭൂമി അസൈൻ ചെയ്തു നൽക്കപ്പെട്ടിട്ടുള്ള ഏക അൺഎയിഡഡ് വിദ്യാഭ്യാസ സ്ഥാപനം ലോ അക്കാദമിയാണ്.
    കേരള സർവകലാശാല നിയമപ്രകാരം സെനറ്റിലേക്കും സിൻഡിക്കേറ്റിലേക്കും രജിസ്റ്റർ ചെയ്തു വോട്ടവകാശം കിട്ടാൻ യോഗ്യത സർക്കാർ കോളേജിലെയും എയിഡഡ് കോളേജിലെയും അധ്യാപകർക്കും എയിഡഡ് കോളേജിലെ മാനേജർമാർക്കും മാത്രമാണ്.കേരള സർവകലാശാലയുടെ കീഴിലെ അൺഎയിഡഡ് കോളേജിലെ അധ്യാപകർക്കും മാനേജർമാർക്കും ആ അവകാശമില്ല. എന്നാൽ ലോ അക്കാദമിയിലെ മാനേജറും ചില അധ്യാപകരും സെനറ്റിലേക്കും സിൻഡിക്കേറ്റിലേക്കും വോട്ടർമാർ ആണ്. ( ലോ അക്കാദമിയിലെ എല്ലാ അധ്യാപകർക്കും വോട്ടവകാശമില്ലചിലർക്ക് മാത്രമേ അതുള്ളൂ).പിൻകുറിപ്പ് PS നടരാജ പിള്ളയ്ക്ക് പേരൂർക്കടയിൽ രണ്ട് ഏക്കർ ഭൂമിയും കൊട്ടിയമ്പലം അടക്കമുള്ള പഴയ നാലുകെട്ട് (ഓല കെട്ടിടം ) ഉണ്ടായിരുന്നു. പേരൂർക്കടയിൽ ( ജംഗ്ഷനിൽ ) കിട്ടുമായിരുന്ന 20 ഓളം ഏക്കർ ഭൂമി സ്കൂളിനും,േലാ അക്കാദമിയ്ക്കുമായി നൽകി. അന്നത്തെ സർക്കാർ ഇതിനു Ps നടരാജ പിള്ളയുടെ പൂർണ്ണകായ പ്രതിമ സ്ക്കൂൾ അങ്കണത്തിൽ സ്ഥാപിയ്ക്കുമെന്ന് ഉറപ്പു നൽകി.ഒടുവിൽ അദ്ദേഹത്തിലെ തല മാത്രം പ്രതിമ സ്ഥൂപത്തിൽ സ്ക്കൂളിന്റെ ഒരു മൂലയിൽ സ്ഥാപിച്ചു. പിൽക്കാലത്ത് കുടുംബ പ്രതാപം ക്ഷയിച്ചു.അദ്ദേഹത്തിന്റെ വീട് ( സാക്ഷാൽ നെഹ്രു പ്രധാനമന്ത്രി, പട്ടം താണുപിള്ള എന്നിവർ വന്ന സ്ഥലം) ഇടിച്ചു നിരത്തി ‘ ഇപ്പോ അവിടെ ഫർണിച്ചർ കടയാണ്.ഒരു മകനായ ശിവശങ്കരൻ ഒറ്റമുണ്ടുമുടുത്ത് പേരൂർക്കട വഴി ഇന്നും നടക്കുന്നു ‘ആദ്യധനകാര്യ മന്ത്രിയുടെ മകൻ’ കാലം മാറി പിന്നീടു വന്ന ധനകാര്യ മന്ത്രിമാരുടെ മക്കൾ എവിടെ എങ്ങനെയെന്നു ജനം കണ്ടു കൊണ്ടേ യിരിക്കുന്നു.

Leave a Reply to Manoj Ravindran Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>