മലയാളത്തിലെ എക്കാലത്തേയും വലിയ സാഹിത്യചോരണം


333

പത്രക്കുറിപ്പ്

മലയാളത്തിലെ എക്കാലത്തേയും വലിയ സാഹിത്യചോരണം

യു. കെ.പ്രവാസിയും സമ്പൂർണ്ണസാഹിത്യകാരനെന്ന് സ്വയം അവകാശപ്പെടുകയും ചെയ്യുന്ന ചാരുമ്മൂടുകാരനായ ശ്രീ.കാരൂർ സോമൻ (66 വയസ്സ്. യഥാർത്ഥ നാമം ഡാനിയൽ സാമുവൽ) 38 ഓളം എഴുത്തുകാരുടേയും പത്രസ്ഥാപനങ്ങളുടേയും ഓൺലൈനിൽ വന്നതും പത്രങ്ങളിൽ വന്നതുമായ കൃതികൾ കോപ്പിയടിച്ച് 5 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നതായി കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഓൺലൈനിൽ എഴുതുന്നവരിൽ ചിലർ ചേർന്ന് കണ്ടെത്തുകയുണ്ടായി. താഴെപ്പറയുന്ന പുസ്തകങ്ങളാണ് സാഹിത്യചോരണം നടത്തി പ്രസിദ്ധീകരിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നത്.

1. സ്പെയിൻ-കാളപ്പോരിന്റെ നാട് – (മാതൃഭൂമി)
2. ചന്ദ്രയാൻ – (മാതൃഭൂമി)
3. മംഗൾ‌യാൻ – (പ്രഭാത് ബുക്ക് ഹൌസ്)
4. ഫ്രാൻസ്-കാൽ‌പ്പനികതയുടെ കവാടം. – (കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്),
5. സിനിമ-ഇന്നലെ ഇന്ന് നാളെ. – (കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്),

ഇക്കൂട്ടത്തിൽ ഒന്നും രണ്ടും പുസ്തകങ്ങളുടെ രണ്ടാമത്തെ എഡിഷനാണ് വിൽ‌പ്പന നടന്നുകൊണ്ടിരുന്നത്. ഇതിൽ ആദ്യത്തെ പുസ്തകം കോപ്പിയടിച്ച് എഴുതിയതാണെന്ന് ബോദ്ധ്യംവന്ന പ്രസാധകർ, മനോജ് രവീന്ദ്രന്റെ(നിരക്ഷരൻ) ഓൺലൈൻ (ഫേസ്ബുക്ക് ലൈവ്) പരാതിയുടെ അടിസ്ഥാനത്തിൽ 48 മണിക്കൂറിനുള്ളിൽ പുസ്തകം മാർക്കറ്റിൽ നിന്ന് പിൻവലിക്കുകയും ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് മനോജിന് കത്തയക്കുകയും ചെയ്തു. ആ കത്തിന്റെ കോപ്പി ഇതോടൊപ്പം ചേർക്കുന്നു.

പ്രസാ‍ധകർ പിൻ‌വലിച്ച ആ പുസ്തകത്തിൽ, നിരക്ഷരൻ എന്ന തൂലികാനാമത്തിൽ എഴുതുന്ന മനോജ് രവീന്ദ്രന്റെ ബ്ലോഗുകളിൽ നിന്ന് 58 പേജുകളാണ് കാരൂർ സോമൻ കോപ്പിയടിച്ചിരിക്കുന്നത്. സജി തോമസ് എന്ന സ്പെയിൻ മലയാളി പ്രവാസിയുടെ 56 ബ്ലോഗ് പേജുകളും വിനീത് എടത്തിൽ എന്ന ഷാർജ മലയാളി പ്രവാസിയുടെ 6 ബ്ലോഗ് പേജുകളും വള്ളിപുള്ളി വിടാതെ കോപ്പിയടിച്ചിട്ടുണ്ട്. മനോജ് രവീന്ദ്രൻ നിരക്ഷരന്റെ ഭാര്യയുടേയും മകളുടേയും പേരുകൾ പോലും അതേപടി കോപ്പിയടിച്ചിരിക്കുന്നു ‘സ്പെയിൻ-കാളപ്പോരിന്റെ നാട്‘ എന്ന സോമന്റെ ആ പുസ്തകത്തിൽ.

നാലാമത്തെ പുസ്തകത്തിലും നിരക്ഷരന്റെ മൂന്ന് ബ്ലോഗ് അദ്ധ്യായങ്ങൾ കോപ്പിയടിച്ചിട്ടുണ്ട്. സൺ‌ഡേ മംഗളത്തിൽ അച്ചടിച്ച് വന്ന സുരേഷ് നെല്ലിക്കോടിന്റെ ഒരു യാത്രാവിവരണം ഈ പുസ്തകത്തിലെ വെനീസ് എന്ന ഒരദ്ധ്യായത്തിൽ കോപ്പിയടിച്ചിട്ടുണ്ട്. സുരേഷിന്റെ ഭാര്യയുടെ പേരും അതേപടി പുസ്തകത്തിൽ പകർത്തിവെച്ചിട്ടുണ്ട്. ഇതെല്ലാം ഓൺലൈനിൽ തിരഞ്ഞാൽ വളരെ എളുപ്പം കണ്ടെത്താൻ കഴിയുമെന്നതുകൊണ്ടും, കോപ്പിയടി ബോദ്ധ്യപ്പെട്ടതിന്റെ പേരിൽ ആദ്യപുസ്തകത്തിന്റെ പ്രസാധകർ പുസ്തകം പിൻവലിച്ചു എന്നതുകൊണ്ടും, ഞങ്ങൾ ഈ പറയുന്നത് വെറും ആരോപണമല്ല വസ്തുത തന്നെയാണെന്ന് ബോദ്ധ്യപ്പെടാൻ ആർക്കും ബുദ്ധിമുട്ടുണ്ടാകേണ്ടതില്ല. എന്നിട്ടും സംശയമുള്ളവർക്ക് ഇതെല്ലാം ഓൺലൈനിൽ സ്വയം പരിശോധിക്കാനുള്ള അതിലളിതമായ സംവിധാനങ്ങളും ഇക്കാലത്തുണ്ട്.

നിർഭാഗ്യകരമായ ഈ സംഭവം കഴിഞ്ഞ നാലാഴ്ച്ചയോളമായി ഓൺലൈനിൽ ചർച്ചാവിഷയമാണെങ്കിലും ഓൺലൈനിന് വെളിയിലുള്ള പൊതുസമൂഹത്തിലേക്ക് ഇത് വേണ്ടുംവിധം എത്തിയിട്ടില്ലെന്നും ആയതിനാൽ ഇത് കോപ്പിയടിക്കാർക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നുവെന്നും ഞങ്ങൾ ആശങ്കപ്പെടുന്നു.

കഥ, കവിത, നാടകം, യാത്രാവിവരണം, ശാസ്ത്രം, സിനിമ എന്നിങ്ങനെ സാഹിത്യത്തിന്റെ എല്ലാ മേഖലകളിലുമായി 51 പുസ്തകങ്ങൾ എഴുതിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന കാരൂർ സോമന്റെ 5 പുസ്തകങ്ങൾ കോപ്പിയടിച്ചെഴുതിയതാണെന്ന് തെളിഞ്ഞുകഴിഞ്ഞെങ്കിലും ബാക്കിയുള്ള പുസ്തകങ്ങളുടെ അവസ്ഥ എത്തരത്തിലാണെന്ന് ഇനിയും തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു. സാധാരണക്കാരായ ഞങ്ങൾ അത് കണ്ടുപിടിക്കുന്നതിനേക്കാൾ എളുപ്പമായിരിക്കും മാത്രമപ്രവർത്തകർക്ക് എന്നതുകൊണ്ട് ഇക്കാര്യം മുഖ്യധാരാമാദ്ധ്യമങ്ങളിലേക്ക് ഞങ്ങൾ കൈമാറുകയാണ്. http://www.karoorsoman.com/ എന്ന സൈറ്റിൽ നിന്ന് ഇദ്ദേഹത്തിന്റെ മറ്റ് പുസ്തകങ്ങളുടെ വിവരങ്ങൾ ലഭിക്കുന്നതാണ്.

പ്രമുഖ സാഹിത്യകാരനായ സി.രാധകൃഷ്ണൻ തുടങ്ങി VSSC മുൻ ഡയറൿടർ എം.ചന്ദ്രദത്തന്റേയും പു.ക.സ.അംഗമായിരുന്ന പാപ്പൂട്ടി മാഷിന്റേയും ലേഖനങ്ങൾ പോലും കാരൂർ സോമൻ കോപ്പിയടിച്ചിട്ടുണ്ട്. മാതൃഭൂമി, ദേശാഭിമാനി, മെട്രോ വാർത്ത, കേരളകൌമുദി, മംഗളം എന്നീ പത്രങ്ങളും കോപ്പിയടിക്കപ്പെട്ടിട്ടുണ്ട്. കോപ്പിയടിക്കപ്പെട്ടവരുടെ മുഴുവൻ ലിസ്റ്റ് താഴെ ചേർക്കുന്നു.

വ്യക്തി # 1 – മനോജ് രവീന്ദ്രൻ(നിരക്ഷരൻ) Manoj Ravindran Niraksharan
വ്യക്തി # 2 – സജി തോമസ് Saji Thomas
വ്യക്തി # 3 – വിനീത് എടത്തിൽ Vineeth Edathil
വ്യക്തി # 4 – വി.കെ.സഞ്ജു VK Sanju
വ്യക്തി # 5 – മൈത്രേയി ശ്രീലത Maithreyi Sriletha
വ്യക്തി # 6 – പ്രവീൺ Praveen Meenakshikutty
വ്യക്തി # 7 – സാൽജോ ജോസഫ് Saljo Joseph
വ്യക്തി # 8 – അനുപമ Anupama Mohan
വ്യക്തി # 9 – ജോസഫ് ആന്റണി Joseph Antony
വ്യക്തി # 10 – ബിമിനിത് Bs Biminith
വ്യക്തി # 10 – ജയേഷ് ജയു Jayesh Jayu
വ്യക്തി # 12 – ജസ്റ്റിൻ ജോസഫ് – Justin Joseph
വ്യക്തി # 13 – ദിലീപ് – Dileep Mampallil
വ്യക്തി # 14 – കെ.പാപ്പൂട്ടി – Pappootty Koodalil K
വ്യക്തി # 15 – സി.രാധാകൃഷ്ണൻ (പ്രശസ്തസാഹിത്യകാരൻ സി.തന്നെ)
വ്യക്തി # 16 – അരുൺ അശോകൻ
വ്യക്തി # 17 – എം. ചന്ദ്രദത്തൻ
വ്യക്തി # 18 – കെ.എസ്.വിപിനചന്ദ്രൻ
വ്യക്തി # 19 – സുരേഷ് നെല്ലിക്കോട് Suresh Nellikode
വ്യക്തി # 20 – സിജോ ജോർജ്ജ് Sijo George
വ്യക്തി # 21 – ചന്ദു നായർ – Chandu Nair
വ്യക്തി # 22 – ജയേഷ്കുമാർ ജെ – Jayeshkumar J
ബ്ലോഗ് കൂട്ടായ്മ # 23 – Kundara News
ബ്ലോഗ് കൂട്ടായ്മ # 24 – മലയാളം സമീക്ഷ – malayalasameekshaz
ബ്ലോഗ് കൂട്ടായ്മ # 25 – മലയാളം സിനിമാ ക്ലാസ്സിൿ – malayalacinemaclassics
വെബ് പോർട്ടൽ # 26 – അഴിമുഖം Azhimukham
വെബ് പോർട്ടൽ # 27 – മലയാളം ഫിൽ‌മി ബീറ്റ് – malayalam.filmibeat.com
വെബ് പോർട്ടൽ # 28 – വായനാമുറി – vayanamuri.com
വെബ് പോർട്ടൽ # 29 – ഉത്തരകാലം – utharakalam.com
വെബ് പോർട്ടൽ # 30 – ഓക്ക് ടൈം‌സ് – oaktimes.com
സ്ഥാപനം # 31 – മലയാളം വിക്കിപ്പീഡിയ
സ്ഥാപനം # 32 – മാതൃഭൂമി
സ്ഥാപനം # 33 – കേരളകൌമുദി
സ്ഥാപനം # 34 – ദേശാഭിമാനി
സ്ഥാപനം # 35 – മംഗളം
സ്ഥാപനം # 36 – മെട്രോ വാർത്ത
സ്ഥാപനം # 37 – ഏഷ്യാനെറ്റ് ഓൺലൈൻ
സ്ഥാപനം # 38 – മറുനാടൻ മലയാളി – Marunadan Malayali

ഒരുപക്ഷേ, മലയാളഭാഷയുടേയും പുസ്തകപ്രസാധനത്തിന്റേയും ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കാം ഇത്രയും വലിയ ഒരു സാഹിത്യചോരണം നടക്കുന്നതും അതിന്റെ പേരിൽ ഒരു പുസ്തകം പ്രസാധകൻ പിൻ‌വലിക്കുകയും ചെയ്തിരിക്കുന്നത്. കോപ്പിയടിക്കപ്പെട്ട ബാക്കി 4 പുസ്തകങ്ങൾ കൂടെ മാർക്കറ്റിൽ നിന്ന് പിൻവലിച്ച് ആ പുസ്തകങ്ങളുടെ പ്രസാധകരായ മാതൃഭൂമിയും പ്രഭാത് ബുക്ക് ഹൌസും, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും, കോപ്പിയടിക്കപ്പെട്ട 38 വ്യക്തികളോടും സ്ഥാപനങ്ങളോടും വായനക്കാരോടും നീതിപുലർത്തണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. 20ൽ‌പ്പരം അവാർഡുകൾ നേടിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന കാരൂർ സോമന് ആ അവാർഡുകൾ നൽകിയ ട്രസ്റ്റുകളും ഫൌണ്ടേഷനുകളും കൂട്ടായ്മകളും പ്രവാസി സംഘടനകളുമൊക്കെ ഇത്തരമൊരു സാഹചര്യത്തിൽ ആ അവാർഡുകളെപ്പറ്റി പുനർചിന്തനം ചെയ്യണമെന്നും ഉചിതമായ തുടർനടപടികൾ സ്വീകരിക്കണമെന്നും അഭ്യർത്ഥിക്കുന്നതോടൊപ്പം ഇതുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾ കൂടെ പൊതുസമൂഹത്തിനും പ്രസാധകർക്കും മുന്നിലേക്ക് ഞങ്ങൾ വെക്കുന്നു.

ചോദ്യം 1:- എന്താണ് ഒരു പുസ്തകം അച്ചടിക്കാൻ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം ? ഒരു പുസ്തകം അച്ചടിക്കാനായി പ്രസാധകരിലേക്ക് എത്തുമ്പോൾ അതിന്റെ പ്രൂഫ് വായിച്ച് നോക്കുകപോലും ചെയ്യാതെയാണോ അച്ചടിക്കുന്നത് ?

ചോദ്യം 2:- സാഹിത്യചോരണം നടന്നിട്ടുണ്ടോ എന്ന് മനസ്സിലാക്കാനുള്ള എതെങ്കിലും സംവിധാനം കേരളത്തിലെ പ്രമുഖപ്രസാധകർക്കെങ്കിലും ഉണ്ടോ ? അഥവാ ഇല്ലെങ്കിൽ ഇനിയെങ്കിലും അങ്ങനെയൊരു സംവിധാനം ഏർപ്പെടുത്താൻ തയ്യാറാണോ ?

ചോദ്യം 3:- വിക്കിപ്പീഡിയ പോലുള്ള ഓൺലൈൻ സംരംഭങ്ങളിൽ നിന്ന് പകർത്തിയെഴുതുന്നതിന്റെ നിബന്ധനകളെക്കുറിച്ച് പ്രസാധകർക്ക് അറിയില്ലെന്നുണ്ടോ ? (വിക്കിപ്പീഡിയയ്ക്ക് പുസ്തകത്തിൽ കടപ്പാട് വെക്കണമെന്നും എഴുത്തുകാരൻ/പ്രസാധകൻ പകർത്തിയെഴുതിയത് പോലെ മറ്റാർക്കും പകർത്തി എഴുതാനുള്ള അവകാശം (Copy Left) നൽകണമെന്നുമാണ് നിബന്ധന. ഇത് പാലിക്കപ്പെട്ടിട്ടില്ല.)

ചോദ്യം 4:- എല്ലാ സംസ്ഥാനങ്ങളിലും പ്രമുഖ പ്രസാധകർ പുസ്തകോത്സവങ്ങളും പുസ്തകമേളകളും സംഘടിപ്പിച്ച് സംസ്ഥാനത്തിന്പുറത്തുനിന്ന് മാത്രമല്ല രാജ്യത്തിന് പുറത്തുനിന്ന് പോലും സാഹിത്യകാ‍രന്മാരെ കൊണ്ടുവന്ന് സെമിനാറും സിമ്പോസിയങ്ങളും പ്രസംഗങ്ങളുമൊക്കെ നടത്തുമ്പോൾ അവനവന്റെ പുസ്തകങ്ങൾ വിറ്റഴിക്കുക എന്ന ലക്ഷ്യത്തിനപ്പുറം, ഭാഷയ്ക്ക് തന്നെ ചീത്തപ്പേരുണ്ടാക്കാൻ പോന്ന ഇത്തരം വിഷയങ്ങൾ ഈ പുസ്തകമേളകളിൽ ചർച്ചയാക്കാത്തത് എന്തുകൊണ്ട് ? ഇനിയെങ്കിലും അതിനുള്ള ധൈര്യവും അത്തരമൊരു ധാർമ്മികതയും കാണിക്കാൻ പ്രസാധകർ തയ്യാറാണോ ?

ചോദ്യം 5:- മേൽ‌പ്പറഞ്ഞ കാരൂർ സോമൻ എന്ന ഒരു വ്യക്തിയെപ്പോലെ നിരവധിപേർ ഇത്തരം സാഹിത്യചോരണം നടത്തുന്നുണ്ടാകാം. ഭാഷയുടെ വളർച്ചയ്ക്കും ഉന്നതിയ്ക്കും വേണ്ടി പ്രവർത്തിക്കേണ്ട പ്രസാധകർ ഇത്തരം കള്ളനാണയങ്ങളെ കണ്ടെത്തി അവരെ മാറ്റിനിർത്താൻ തയ്യാറാണോ ?

ചോദ്യം 6:- പുസ്തകത്തിൽ നിന്ന് പുസ്തകത്തിലേക്ക് പകർത്തി എഴുതിയാൽ മാത്രമേ അത് കോപ്പിയടിയും കോപ്പി റൈറ്റ് വിരുദ്ധതയുമാകൂ എന്ന് ഏതെങ്കിലും പ്രസാധകനോ എഴുത്തുകാരനോ തെറ്റിദ്ധരിച്ച് വെച്ചിട്ടുണ്ടോ ? ഓൺലൈനിലുള്ളത് ആർക്കും പകർത്തി എഴുതാമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ ? (ഉണ്ടെങ്കിൽ അത് തെറ്റാണ്. മുഖധാരയിൽ എന്നതുപോലെ തന്നെ ഓൺലൈൻ ലേഖനങ്ങൾക്ക് പിന്നിലും ഒരു വ്യക്തിയുടെ അദ്ധ്വാനവും സർഗ്ഗവേദനയും ഊർജ്ജവും സമയവുമെല്ലാം ഉണ്ട്. ഓൺലൈനിലുള്ളത് കമ്പ്യൂട്ടറിൽ ജനിക്കുന്ന സൃഷ്ടികളല്ല.)

കോപ്പിയടിക്കപ്പെട്ടവരിൽ സുരേഷ് നെല്ലിക്കോട്, വിനീത് എടത്തിൽ, സജി തോമസ്, മനോജ് രവീന്ദ്രൻ(നിരക്ഷരൻ) എന്നിവർ തങ്ങളുടെ സർഗ്ഗസൃഷ്ടികൾ നഷ്ടപ്പെട്ടതുകൊണ്ടുണ്ടായ നൈരാശ്യവും നഷ്ടബോധവും വ്യസനവും കണക്കിലെടുത്ത് തങ്ങൾക്ക് കിട്ടേണ്ടതായ നഷ്ടപരിഹാരം നേടിയെടുക്കുന്നതിനായി നിയമനടപടികൾ സ്വീകരിച്ചുതുടങ്ങിയിരിക്കുകയാണ്. അതിന്റെ രേഖകളും ഇതോടൊപ്പം ചേർക്കുന്നു.

ഈ വിഷയം ഏറ്റെടുത്ത് മലയാളഭാഷയിലും സാഹിത്യത്തിലും ഇനിയൊരിക്കലും ഇതുപോലുള്ള സാഹിത്യചോരണം ഉണ്ടാകാതിരിക്കാനായി ഇത്തരം കള്ളനാണയങ്ങൾക്ക് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുത്ത് ഭാഷയുടെ അന്തസ്സ് നിലനിർത്താൻ തക്കവണ്ണം മാതൃകാപരമായി ഈ വിഷയം പരിസമാപ്തിയിലെത്തിക്കാൻ മാദ്ധ്യമങ്ങളും, പത്രപ്രവർത്തകരും, തലമുതിർന്ന സാഹിത്യകാരന്മാരും, സാഹിത്യ അക്കാഡമിയും,സാ‍ഹിത്യസാംസ്ക്കാരിക വകുപ്പുമെല്ലാം സഹകരിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

ഈ വിഷയത്തിന്റെ നാൾവഴി, മനോജ് രവീന്ദ്രൻ നിരക്ഷരന്റെ ഈ ഓൺലൈൻ ലേഖനത്തിലുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും നടപടികൾക്കും ഞങ്ങളുമായി ബന്ധപ്പെടാം.

വിശ്വസ്തതയോടെ

06.02.2018                          മനോജ് രവീന്ദ്രൻ നിരക്ഷരൻ – (ഫോൺ: 989593—-)

ഏറണാകുളം                                 സുരേഷ് നെല്ലിക്കോട് – (ഫോൺ: 756180—-)

————————————————————————————————————————

അപ്ഡേറ്റ്:- പത്രസമ്മേളനത്തിന്റെ സമ്പൂർണ്ണ യൂ-റ്റ്യൂബ് വീഡിയോ ഇവിടെ കാണാം.

Comments

comments

5 thoughts on “ മലയാളത്തിലെ എക്കാലത്തേയും വലിയ സാഹിത്യചോരണം

  1. ആദ്യകാല മലയാളത്തിലെ വളരെയധികം എഴുത്തുകാര് എഴുത്തുകാർ ആകാതെ തന്നെ മറഞ്ഞു. കാരണം അന്നൊക്കെ പ്രസിദ്ധീകരിക്കപ്പെട്ടവർക്കു മാത്രമേ എഴുത്തുകാർ ആകാൻ കഴിഞ്ഞിരുന്നുള്ളു എന്നാൽ രണ്ടായിരങ്ങളിൽ കംപ്യുട്ടറും ഓൺ ലൈൻ ആയി എഴുതുവാൻ ഉള്ള പ്രത്യേകിച്ചും മലയാളത്തിൽ സംവിധാനവും കൂടി വന്നതോടെ മലയാള സാഹിത്യത്തിലും സോഷ്യലിസം വന്നു എന്നു പറയാം. എങ്കിലും പുസ്തകം നേരിട്ടു വായിക്കുന്ന വരിൽ നല്ലൊരു ശതമാനം ഓൺ ലൈൻ വായനക്കാരാകാൻ കുറേക്കൂടി സമയമെടുത്തു. ഇന്ന് മലയാള സാഹിത്യത്തിലെ സ്വർണഖനി ഓൺ ലൈനിൽ സ്ഥിതി ചെയ്യുന്നു എന്നു പറയാം ഖനി യിൽ നിന്നു മോഷണം സ്വാഭാവികം. പോരാത്തതിന് ഫെയ്‌സ് ബുക്കിന്റ്റെ കടന്നു കയറ്റം ബ്ലോഗ്ഗ് എന്നറിയപ്പെടുന്ന ഈ ഖനി യെ അല്പം കാര്യമായി ഉലയ്ക്കുകയും ചെയ്തിരിക്കുന്നു അതിനാൽ വീണ്ടും അച്ചടി പ്രസിദ്ധീകരണത്തിനു നഷ്ടപ്പെട്ടു കൊണ്ടിരുന്ന പ്രാമുഖ്യം വീണ്ടെടുക്കാൻ കഴിഞ്ഞു മാത്രമല്ല അല്പം സാമ്പത്തികതയും ഈ വിഭാഗത്തിൽ ഉണ്ട് എന്നതും കാര്യങ്ങളെ കുഴച്ചു മറിച്ചു. ഇന്ന് ഓൺ ലൈൻ എഴുത്ത് വഴിമുട്ടി നിൽക്കുന്നു എന്നു പറയാം. ഇപ്പോൾ കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നനിലയിൽ എത്തി നിൽക്കുന്നു. ആർക്കും ആരുടെയും മോഷ്ടിച്ചു അച്ചടിപ്പിക്കാം എന്നതാണ് സ്ഥിതി

  2. ശ്രീ കാരൂര്‍ സോമന്‍ ഇത്രയും വലിയ മണ്ടത്തരം കാണിക്കുമെന്ന് തോന്നുന്നില്ല. യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. മലയാളത്തില്‍ “ഗോസ്റ്റ് എഴുത്തുകാര്‍” ധാരാളമുണ്ട്. ശ്രീ സോമന്‍ നിയോഗിച്ച ഗോസ്റ്റ് എഴുത്തുകാരന്‍ന്മാര്‍(/കാരികള്‍) അദ്ധേഹത്തെ വഞ്ചിച്ചതാവാനാണ് സാധ്യത. അദ്ദേഹം മാതൃഭൂമിയുടെ ചോദ്യത്തിന് ഉത്തരം നല്‍കിയ “DTPക്കാര്‍ക്ക് പറ്റിയ അബദ്ധമാണ്” എന്ന വാക്കുകള്‍ ഈ നിഴല്‍ എഴുത്തുകാരിലേക്ക് സൂചന നല്‍കുന്നു – അവരെ കണ്ടെത്തിയാല്‍ ഈ കേസ് ഉടന്‍ തെളിയും.

    പുസ്തകം പ്രൊമോട്ട് ചെയ്യാന്‍ കേരളത്തില്‍ ഇപ്പോള്‍ നല്ല മീഡിയ മാര്‍ക്കെറ്റിംഗ് കമ്പനികള്‍ ഉണ്ട്. പൈസ മാത്രം കൊടുത്താല്‍ മതി: തട്ടിക്കൂട്ട്‌ അവാര്‍ഡുകള്‍, സ്വീകരണങ്ങള്‍, പൊന്നാടകള്‍, പത്രത്തില്‍ വാര്‍ത്ത, അങ്ങനെ എന്തുവേണം – എല്ലാം ഇപ്പോള്‍ “ഫീസ്‌” കൊടുത്താല്‍ കിട്ടും! പ്രഞ്ചിയേട്ടന്മാരോട്: മാര്‍ക്കെറ്റിങ്ങില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോരാ, നല്ല നിഴല്‍ എഴുത്തുകാരെ തിരഞ്ഞെടുക്കാന്‍ കൂടി ഇനി ശ്രദ്ധിക്കുമല്ലോ?

    1. സോമന് പിന്നിൽ ഗോസ്റ്റ് എഴുത്തുകാർ ഉണ്ടെന്ന കാര്യത്തിൽ സംശയമൊന്നും ഇല്ല. പക്ഷെ ഗോസ്റ്റ് റൈറ്റേർസ് എഴുതിക്കൊടുക്കുന്നത് ഒന്ന് വായിച്ച് പോലും നോക്കാതെ അച്ചടിക്കാൻ അയക്കുന്ന സോമൻ മണ്ടശിരോമണി തന്നെയാണ്. താനല്ല എഴുതുന്നത്, ഗോസ്റ്റ് ആണെന്ന് സോമൻ സമ്മതിച്ചാലും തീരാവുന്നതേയുള്ളൂ എഴുത്തിന്റെ ധാർമ്മികതെയെപ്പറ്റി ഘോരഘോരം പ്രസംഗിക്കുന്ന സോമന്റെ ‘സാഹിത്യസപര്യ’.

Leave a Reply to Prof Pokker Perilamkulath Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>