atta

അട്ടകളെ എങ്ങനെ നേരിടാം ?


കാട്ടിലും മേട്ടിലുമൊക്കെ കയറിയിറങ്ങുമ്പോൾ അട്ട കടിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ് ; പ്രത്യേകിച്ചും മഴക്കാലത്ത്. അട്ട ശല്യം എങ്ങനെ നേരിടാം, അട്ട കടിച്ചാൽത്തന്നെ അതിനെ എങ്ങനെ ഒഴിവാക്കാം എന്നൊക്കെ മനസ്സിലാക്കാനായി കുറച്ചുനാൾ മുൻപ് ഗൂഗിൾ Buzz ൽ ഒരു ചർച്ച നടത്തിയപ്പോൾ പലരിൽ നിന്നുമായി കിട്ടിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എഡിറ്റ് ചെയ്ത് ചർച്ചയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഇവിടെ പകർത്തിയെഴുതുന്നു. ഈ ചർച്ച തുടങ്ങാൻ ഇടയാക്കിയ പത്രവാർത്തയും താഴെ കൊടുക്കുന്നു.

അട്ട കാലിൽ കടിച്ച് ചോര കുടിച്ച് വീർത്ത നിലയിൽ
അട്ട വിട്ട് പോയതിനുശേഷം രക്തം വാർന്നൊഴുകുന്നു.
ചർച്ച ആരംഭിക്കുന്നു.
.
നിരക്ഷരൻ :- അട്ട ശല്യം ഉള്ളിടങ്ങളില്‍ ഉപയോഗിക്കുന്ന ലീച്ച് സോക്സിനെപ്പറ്റി കേട്ടിട്ടുണ്ട്. ചില വിദേശരാജ്യങ്ങളില്‍ കുറേയൊക്കെ അന്വേഷിച്ചിട്ടുണ്ടെങ്കിലും മരുന്നിന് പോലും കാണാന്‍ കിട്ടിയിട്ടില്ല. മുകളിലുള്ള പത്രവാര്‍ത്ത പ്രകാരം മുട്ടോളം നീളമുള്ള കോട്ടണ്‍ സോക്സ് ഇട്ട് ഡേറ്റോളും പുരട്ടി പോയാല്‍ അട്ട കടിക്കില്ലത്രേ ! ഡെറ്റോളിന്റെ മണം കാരണം അട്ട വന്നില്ലെന്ന് വരാം. പക്ഷെ നല്ല കട്ടിയുള്ള കോട്ടണ്‍ സോക്സിന്റെ മുകളില്‍ക്കൂടെ പോലും അട്ട കടിച്ച അനുഭവം ഉണ്ട്. അട്ട കടി ഏറ്റിട്ടുള്ള ഹതഭാഗ്യരുടേയും, ലീച്ച് സോക്സ് ഉപയോഗിച്ചിട്ടുള്ളവരുടേയും അനുഭവങ്ങള്‍ എന്തൊക്കെയാണാവോ ?
.
ഇന്ദ്രന്‍ :- അട്ടക്ക് ഏറ്റവും നല്ല മരുന്ന്, എന്റെ അനുഭവത്തിൽ പുകയില അല്ലെങ്കില്‍ മൂക്കിപ്പൊടി വെള്ളത്തില്‍ കലക്കി കാലിലും കയ്യിലും പുരട്ടുന്നതാണ്. ഇത്തിരി കട്ടിയായി തന്നെ കുഴച്ചെടുക്കണം. പിന്നെ കുറേ നടക്കുമ്പോള്‍ പുല്ലിലൊക്കെ ഉള്ള വെള്ളം തട്ടി ഇതും പോകും. പിന്നെയുള്ള മാര്‍ഗ്ഗം ഇടക്കിടെ ശരീരം മൊത്തം ഒന്നു പരിശോധിക്കുന്നതാണ്. അധവാ അട്ട കടിച്ചിട്ടുണ്ടെങ്കില്‍ തന്നെ ഒരു കാരണവശാലും അതിനെ പറിച്ചെടുക്കാന്‍ ശ്രമിക്കരുത്. അങ്ങനെ ചെയ്താൽ ആ മുറിവ് പഴുക്കാനുള്ള സാദ്ധ്യത ഉണ്ട്. ഒരു തീപ്പെട്ടിക്കൊള്ളി ഉരച്ച് അട്ടയുടെ അടുത്ത് കാണിച്ചാല്‍ മതി. അല്ലെങ്കില്‍ ശകലം ഉപ്പ് അതിന്റെ പുറത്ത് ഇട്ടു കൊടുത്താലും മതി. കടി വിട്ടോളും. പക്ഷെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്നവര്‍ക്ക് ഈ പുകയില വെള്ളം ഒക്കെ തേച്ചോണ്ട് പോകാന്‍ ബുദ്ധിമുട്ടായിരിക്കും. പരമാവധി തെളിഞ്ഞ സ്ഥലത്തു കൂടെ തന്നെ നടക്കാന്‍ ശ്രമിക്കുക. പുല്ലില്‍ ഇറങ്ങാതിരിക്കാന്‍ നോക്കണം. പിന്നെ ഇടക്കിടെ കാലിന്റെ വിരലിന്റെ ഇട ഭാഗങ്ങള്‍ പോലെ ഉള്ള സ്ഥലങ്ങൾ ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും.
.
ഛരത് :- ഇന്ദ്രേട്ടാ തീ കാണിച്ച് അട്ടയെ ഇളക്കി എടുക്കുമ്പോളും അവിടെ മുറിവ് കാണില്ലേ? അത് പഴുക്കില്ലേ?
.
ഇന്ദ്രൻ :- അതല്ല ഛരത് പ്രശ്നം. പറിച്ചെടുക്കുമ്പോള്‍ അതിന്റെ പല്ല് ആ മുറിവില്‍ ഒടിഞ്ഞിരിക്കും. അതുകൊണ്ടാണ് പഴുക്കുക. താനെ കടി വിട്ടാല്‍ ആ പ്രശ്നം ഇല്ലല്ലോ.
.
ഫൈസൽ :- കോട്ടൺ സോക്സ് കടുത്ത ഉപ്പ് വെള്ളത്തില്‍ മുക്കി ഉണക്കുക. അത് ഒന്നിന് മുകളില്‍ ഒന്നായി രണ്ടെണ്ണം ഇടുക. പാന്റ് സോക്ക്സിനു അകത്താക്കി കെട്ടുകയും വേണം. അട്ടയെ കുറെയൊക്കെ തടയാം.
.
നിരക്ഷരൻ :- ഇന്ദ്രന്‍ പറഞ്ഞ പോയന്റുകള്‍ കറക്‍റ്റാണ്. അട്ടയെ പറിച്ചെടുക്കരുത്. പക്ഷെ ചെറിയ അട്ടകളുടെ കാര്യത്തില്‍ തീപ്പെട്ടി സംഭവം ഏല്‍ക്കില്ല. അതൊരു ചിന്ന പോയന്റിലല്ലേ പിടിച്ചിരിക്കുന്നത്. ബാക്കി ഭാഗം ഇളക്കിക്കളിക്കും, നമ്മുടെ ശരീരം പൊള്ളുകയും ചെയ്യും. ഫൈസല്‍ പറഞ്ഞ സംഭവവും ഫലപ്രദമാണ്. എനിക്കറിയേണ്ടത് ഉപ്പുവെള്ളത്തില്‍ മുക്കി ഉണക്കിയ സോക്സിന്റെ ഇടയിലൂടെ അട്ട കയറാന്‍ സാദ്ധ്യത തീരെ ഇല്ലേ എന്നാണ്. ലീച്ച് സോക്സിനെപ്പറ്റി വല്ല ഐഡിയയും ഉണ്ടോ ? ഡെറ്റോള്‍ എത്രത്തോളം ഗുണം ചെയ്യും ? ഞാന്‍ ചെയ്യാറുള്ളത്…പുകലയ്ക്ക് പകരം പാക്കറ്റ് ഹാന്‍സ് കര്‍ച്ചീഫില്‍ കിഴികെട്ടി കൈയ്യില്‍ കരുതിയിട്ടുണ്ടാകും. ഇടയ്ക്കിടയ്ക്ക് ശരീരം പരിശോധിക്കും. അട്ട കടിച്ചിട്ടുണ്ടെങ്കില്‍ ഹാൻസ് അട്ടയുടെ മേല്‍ ഇട്ട് കൊടുത്താല്‍ അട്ട കടിവിടും. പുകയില ആണെങ്കില്‍ കുറച്ച് നേരം അട്ടയുടെ മേല്‍ വെച്ചുകൊടുത്താലേ പിടിവിടൂ.
.
മനോരാജ് :‌- അട്ട കടിച്ച ഭാഗത്ത് ചുണ്ണാമ്പ്, ഉപ്പ്, കാച്ചിലിന്റെ ഇല പിഴിഞ്ഞ നീര്‍, മഷി എന്നിവ ഒഴിക്കുകയോ അല്ലെങ്കില്‍ തീപ്പെട്ടിക്കൊള്ളി ഉരച്ച് കാട്ടുകയോ ചെയ്താല്‍ അട്ട വിട്ട് പോകും. അട്ടയെ പറിച്ചെടുത്താല്‍ മാംസം കൂടെ പോരും.
.
ഇന്ദ്രൻ :- അട്ട കടി വിട്ടു കഴിഞ്ഞ് കുറച്ചു നേരത്തേക്ക് ചോര മുറിവിലൂടെ വന്നുകൊണ്ടേ ഇരിക്കും. അതു അട്ടയുടെ വായിലുള്ള ആന്റി ക്ലോട്ടിംഗ് എന്‍സൈമിന്റെ ഫലം ആണ്. സൈഡ് എഫക്റ്റ് ഉണ്ടോ എന്നറീല്ല. പക്ഷെ സാധാരണ ഇതു പെട്ടെന്ന് നിര്‍ത്താന്‍ ഞങ്ങള്‍ ഉപയോഗിക്കുന്ന വിദ്യ ഒരു കടലാസു കഷണം മുറിവില്‍ ഒട്ടിച്ചു വക്കുന്നതാണ്. ലീച്ച് സോക്സ് ഒരു പുതിയ കണ്ടുപിടുത്തമല്ലേ ? ഞാന്‍ നാട്ടില്‍ പോയിട്ട് ഒരു വര്‍ഷം ആകാറായി. അതു കൊണ്ട് അതിനെ പറ്റി വലിയ പിടി ഇല്ല :) പക്ഷെ എന്റെ അനുഭവത്തില്‍ ഈ തുണി കൊണ്ടുള്ള എന്തു പരിപാടിയും അത്ര എഫക്റ്റീവ് ആയി തോന്നിയിട്ടില്ല. ചിലപ്പോള്‍ ഇതൊരു വിജയം ആയിരിക്കും.
.
ദിലീപ് നായർ :- ഈ സോക്സിന്റെ കാര്യം അറിയില്ല. പക്ഷെ, ഇത് ട്രക്കിംഗ് പോലുള്ള പരിപാടികള്‍ക്ക് ഉപയോഗപ്രദം അല്ല. ഞങ്ങള്‍ ചെയ്യാറുണ്ടായിരുന്നത് ഒരു ചെറിയ കിഴി മഞ്ഞള്‍പ്പൊടി നനച്ചു എടുക്കുകയായിരുന്നു. അട്ട കടിച്ചാല്‍ ഇത് വെച്ചാല്‍ കടി വിട്ടു പൊക്കോളും. ചോര നിൽക്കാന്‍ കടലാസ് ഒട്ടിച്ചു വെക്കുമായിരുന്നു. അല്ലെങ്കില്‍ ഉള്ളി കയ്യില്‍ കരുതിയിരിക്കും കാട്ടില്‍ നടക്കുമ്പോള്‍, പ്രത്യേകിച്ച് മഴയത്ത്, പാന്റും സോക്സും ഒക്കെ ഇടലും, കടലാസ് വെക്കലും ഒന്നും പലപ്പോഴും നടക്കില്ല. അട്ട വിട്ടുപോവാന്‍ മണ്ണെണ്ണ ഉപയോഗിക്കും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ചെയ്തു നോക്കിയിട്ടില്ല, സിഗരറ്റ് ലൈറ്റർ കത്തിച്ച് ചെറുതായി ഒന്ന് കാണിച്ചാല്‍ അട്ട വിട്ടു പോകും. തീപ്പെട്ടിക്കൊള്ളി പക്ഷെ പലപ്പോഴും തൊലി പൊള്ളിക്കും.
.
ബിജോ ജോസ് :- ഞങ്ങള്‍ ചെയ്തിരുന്നത് കുറച്ചു ഉപ്പ് ഒരു കിഴി കെട്ടി കൂടെ കൊണ്ട് നടക്കുക എന്നതായിരുന്നു. കിഴിയുടെ അടിഭാഗം ചെറുതായി ഒന്ന് നനക്കുകയും ചെയ്യും. അട്ട കടിച്ചാല്‍ ആ ഈ കിഴി അട്ടയുടെ മേലെ വെക്കുകയും ഉടനടി അട്ട ചാടി പോവുകയും ചെയ്യും. അട്ട രക്ഷപ്പെട്ടില്ലെങ്കില്‍ അട്ടയുടെ ശരീരം ഉപ്പുമായി പ്രവര്‍ത്തിച്ച് ഉരുകാന്‍ തുടങ്ങും. മുട്ടൊപ്പം നില്‍ക്കുന്ന ഹണ്ടിങ്ങ് ഷൂ ഒരു പരുതി വരെ അട്ടയെ പ്രതിരോധിക്കും. ഏറ്റവും പ്രധാനം നാം ഇടയ്ക്കിടയ്ക്ക് നമ്മുടെ ശരീരം പരിശോധിച്ച് അട്ട ഇല്ല എന്ന് ഉറപ്പു വരുത്തുക എന്നതാണ്.
.
എഴുത്തച്ചൻ :- ഖാദി തുണി കൊണ്ടുള്ള സോക്ക്സ് ധരിച്ചാല്‍ അട്ട കടിക്കില്ല എന്ന് കേട്ടിടുണ്ട്. വനം വകുപ്പില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ പറഞ്ഞതാണ്. അനുഭവം ഇല്ല.
.

മനീഷ് എസ് :- അഗസ്ത്യാര്‍കൂടത്ത് പോകുമ്പോള്‍ അട്ട ശല്യം ഉള്ള സമയത്ത് ഞങ്ങള്‍ വേപ്പെണ്ണ പുരട്ടി നടന്നിട്ടുണ്ട്. ചെരുപ്പ് ഇട്ടു നടക്കുമ്പോള്‍ ബുദ്ധിമുട്ടാണെങ്കിലും അട്ട ശല്യത്തെ വലിയൊരു പരിധി വരെ ഒഴിവാക്കാന്‍ പറ്റി. പുകയിലയും മൂക്കുപോടിയും എന്തിനു ശംഭുവും ഉപ്പും പോലും അട്ടയെ തടയാന്‍ ബെസ്റ്റാണ്.

.
ദീപക്ക് ശങ്കരനാരായണൻ :‌- അട്ട പിടിവിടാനുള്ള എളുപ്പവഴി യൂക്കാലിപ്റ്റസ് ഓയിലാണ്. ഏതെങ്കിലും തുള്ളിമരുന്നിന്റെ കുപ്പിയില്‍ കരുതിയാല്‍ മതി. ഒരു തുള്ളി കടിച്ച സ്ഥലത്ത് ഇറ്റിച്ചാല്‍ അട്ട വിടും. സോക്സില്‍ യൂക്കാലി ഓയില്‍ പുരട്ടിയാല്‍ അട്ട അത്ര എളുപ്പം കേറില്ല. ബൂട്ട് അറ്റാച്മെന്റ് വാങ്ങി അതിന്റെ മുകള്‍ഭാഗത്ത് ഒന്നോ രണ്ടോ ഇഞ്ച് വീതിയില്‍ യൂക്കാലിത്തൈലം പുരട്ടിയാല്‍ പുല്ലില്‍നിന്നുള്ള അട്ട തീരെ വരില്ലെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അനുഭവമില്ല.
.
അതുല്യ ശർമ്മ :- നാഷണൽ ജ്യോഗ്രഫിയിൽ കാണിച്ചത്, മുഴംങ്കാലില്‍ ഒരു രണ്ടിഞ്ചിനു സെല്ലോ ടേപ്പ് ചുറ്റിയട്ടാണ് അട്ടയുള്ള കാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പായിട്ട് കാട്ടിയത്. അധികം ടൈറ്റാക്കാതെ, വീതിയുള്ള സെല്ലോ ടേപ്പ് ചുറ്റിയിരുന്നു. അട്ട ചാടി എന്തായാലും കാലില്‍ കേറില്ലല്ലോ. വളരെ ലോജിയ്ക്കലായിട്ട് തോന്നി. പാന്റ് ഇട്ടിരുന്നതിന്റെ മുകളില്‍ പാന്റ് കൂട്ടി പിടിച്ചാണ് ടേപ്പ് ചുറ്റിയിരുന്നത്.
.
ആഷ്‌ലി :- എന്റെ അനുഭവത്തില്‍ വരെ ഉള്ള ഗം ബൂട്ട് ഇട്ട്, കാലില്‍ പുകയില പുരട്ടിയിട്ട് വരെ, അതില്‍ വരെ അട്ട കേറിയിട്ടുണ്ട്.
.
കുര്യൻ :-അട്ട കടിക്കുന്നത് നല്ലതാണെന്ന് കേട്ടിട്ടുണ്ട്. അട്ട കുടിക്കുന്നത് അശുദ്ധരക്തമാണെന്നാണ് അറിവ്.
.
നിരക്ഷരൻ :- അട്ട കുടിക്കുന്നത് അശുദ്ധ രക്തമാണെന്നൊന്നെ ഞാനും കേട്ടിട്ടുണ്ട്. പ്രമേഹരോഗികളെ ചികിത്സിക്കാനായി അട്ടയെക്കൊണ്ട് കടിപ്പിക്കുന്ന ചില തെറാപ്പികൾ ഉണ്ടെന്നും കേൾക്കുന്നുണ്ട്.
.
നട്ടപ്രാന്തൻ :- എന്റെ കുട്ടിക്കാലത്ത്, എന്റെ പൂതംക്കോടന്‍ ആയിച്ചാത്ത, കാലിലെ ചീത്ത ചോര നീക്കാനാണെന്നും പറഞ്ഞ് അവിടെ അട്ടയെ കടിപ്പിക്കാറുള്ളത് ഞാന്‍ കണ്ടിട്ടുണ്ട്. പിന്നെ അട്ട രക്തം കുടിച്ച് ചീര്‍ക്കുമ്പോള്‍ ഇത്തിരി പുകയില അവിടെ വയ്ക്കും ആ കടിച്ച സ്ഥലത്ത്. പെട്ടെന്ന് തന്നെ അട്ട കടി വിടും. ഈ വിദ്യയൊന്ന് വികസിപ്പിച്ചാല്‍ അത് ഭംഗിയായി പ്രവര്‍ത്തിക്കില്ലേ ? ഈ പുകയില കഷായത്തില്‍ തുണിയോ മറ്റോ മുക്കി കാലില്‍ കെട്ടിയാല്‍ അട്ടയുടെ ശല്യം ഒഴിവാക്കാന്‍ കഴിയില്ലേ ?
.
എസ്.കുമാർ :- അട്ടയെ ജൈവപരമായി നേരിടുവാന്‍ ഉപ്പ്, ബാര്‍ സോപ്പ് ഇതൊക്കെ നല്ലതാണ്. ആദിവാസികള്‍ക്ക് ചില പച്ചില കൂട്ടിതിരുമ്മിയ പച്ചമരുന്നുകളും ഉണ്ട്.
.
ഹരീഷ് :‌- അട്ട കടിച്ചാല്‍ നിസ്സാരം ചോര പോകുമെന്നല്ലാതെ ആര്‍ക്കും ഒരു ചുക്കും സംഭവിക്കില്ലെന്നു മാത്രമല്ല അട്ട ഇന്ജക്റ്റ് ചെയ്യുന്ന ആന്റി കൊയാഗുലിന്‍ ശരീരത്തിന് നല്ലതാണെന്ന് കേട്ടിട്ടും ഉണ്ട്. കടലാസ് വെച്ചാല്‍ തീരാവുന്ന ബ്ലീഡിംഗ് മാത്രമേ ഉണ്ടാവൂ. അട്ടയെ പറിച്ചെടുത്താല്‍ മാസം പോകുമെന്ന് പറയുന്നത് അനുഭവത്തില്‍ ഇല്ല. അട്ടയെ നശിപ്പിക്കാനായി ഉപ്പും പുകയിലയും ഹാന്‍സും സ്പ്രേയും മറ്റു രാസവസ്തുക്കളും കാട്ടില്‍ കൊണ്ടു പോകുന്ന പരിപാടി കാടിന് ഗുണം ചെയ്യില്ല. അതിനാല്‍ ഉപ്പുമുക്കിയ സോക്സ്‌ ഇടുന്നതില്‍ കൂടുതല്‍ ഒന്നും ആവശ്യമില്ല. അട്ടമരം ഉണ്ട് ; അത്യാവശ്യമാണെങ്കില്‍ അതിന്റെ തൊലി ചെത്തി ഉരച്ചു കൊടുത്താല്‍ അട്ട അടുത്തുപോലും വരില്ല. ജൈവ പ്രശ്നത്തിന് ജൈവ പരിഹാരം.
.
നിരക്ഷരൻ :- അട്ടമരം എവിടെയുണ്ട് ? ഞാനാദ്യമായാണ് കേൽക്കുന്നത് തന്നെ.
.
ഹരീഷ് :-  ഞാനും കണ്ടത് ഈയടുത്താ, കഴിഞ്ഞ മാസം നെല്ലിയാമ്പതിയില്‍ നിന്നും പറമ്പിക്കുളത്തേക്ക് യാത്ര പോയപ്പോള്‍ ആണ് അട്ടകടിയുടെ പാരമ്യം കണ്ടത്. ബെഡ് പോലെ അട്ടകള്‍, ഞാന്‍ ചെരുപ്പ് മാത്രം ധരിച്ചിരുന്നുള്ളൂ. അപ്പോള്‍ വാച്ചര്‍ മണിയണ്ണന്‍ ആണ് ഈ തൊലി ചെത്തി തന്നത്. അവിടെ നിന്ന മരത്തിന്റെ തൊലി അല്‍പ്പം ചെത്തി തന്നു; കാലില്‍ പുരട്ടാന്‍ പറഞ്ഞു. ചെരിപ്പിലും. പിന്നെ വരുന്ന അട്ടയൊക്കെ പിടിവിട്ടു ജീവനും കൊണ്ടു ഓടുന്നത് കണ്ടു. മരത്തിന്റെ യഥാര്‍ത്ഥ പേര് അന്വേഷിച്ച് പറയാം.
.

സനൽ കുമാർ ശശിധരൻ :- പുകയിലപ്പൊടി (മൂക്കിപ്പൊടി) വേപ്പെണ്ണയിൽ കുഴച്ചു കാലിൽ പുരട്ടിയാൽ അട്ട ഏഴയലത്ത് വരില്ല :) അനുഭവ സാക്ഷ്യമാ.

മുഹമ്മദ് ഷാൻ :- കാട്ടില്‍ പുഴു കൊല്ലി എന്ന മരം ഉണ്ട് അതിന്‍റെ തോല്‍ കല്ലില്‍ ചതച്ച് നീര് കാലില്‍ തേച്ചാല്‍ ഒരട്ടയും അടുത്ത് വരില്ല. ആദിവാസികള്‍ക്ക് അറിയാം. ഏറ്റവും ഫലപ്രദമായി തോന്നിയിട്ടുള്ളത് ഇതാണ്. അട്ട കടിക്കില്ല എന്നത് നേരനുഭവം. പുകയില മറ്റൊരു മാര്‍ഗ്ഗം. ഉപ്പ് കയ്യില്‍ പിടിച്ചാലും മതി ഉപ്പ് തൊട്ടാല്‍ ഉടനെ അട്ട ചാവും.

സലീൽ എം.ഇ. :- ലീച്ച് സോക്സ്‌ അല്പം മിനക്കെട്ടാല്‍ നമുക്ക് തയിക്കാം. ഇഴയടുപ്പമുള്ള ടെറി കോട്ടന്‍ തുണി (പഴയ പാന്റിന് കത്രിക വെച്ചാലും മതി) വെട്ടി ഏകദേശം മുട്ടിനു താഴെ നില്‍ക്കുന്ന അളവില്‍ ലൂസ്സായി ഇഴ അടുപ്പിച്ച് തൈക്കുക. മുകളറ്റം ഷൂ ലേസ് കൊരുത്തെടുക്കത്തക്ക വിധത്തില്‍ മടക്കി അടിക്കുക. സോക്സ്‌ ധരിച്ച ശേഷം പാന്റിന്റെ മുട്ടുവരെയുള്ള ഭാഗം സോക്സിനത്തിറക്കുക. ലേസ് മുട്ടിന് താഴെ വച്ചു വലിച്ചു കെട്ടുക. സൌകര്യമുള്ള ഷൂസും ധരിച്ചു വിട്ടോ……. ഓരോ പത്ത് പതിനച്ചു മിനിട്ടിലും കയറിവരുന്ന കൊമ്പന്മാരെ വെറുതെ വിരല്‍ കൊണ്ടു തട്ടിത്തെറിപ്പിക്കുക. ഒറ്റ കടിയും കാലില്‍ കിട്ടില്ല. 1986 ജൂണില്‍ അതിരുമലയില്‍ പത്ത് ദിവസത്തോളം ഇത് നന്നായി ഉപയോഗിച്ചു. പേറ്റന്റ് ഡോക്ടര്‍ സതീഷ്‌ ചന്ദ്രന്.

ചർച്ച ഇവിടെ അവസാനിക്കുന്നു. അട്ടയെ നേരിടാൻ ഇനിയും കണ്ടെന്നിരിക്കും മാർഗ്ഗങ്ങൾ. മുകളിൽ‌പ്പറഞ്ഞ കാര്യങ്ങൾക്കൊക്കെ അപ്പുറം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. അട്ടയെ നശിപ്പിക്കാനായി ഉപ്പും പുകയിലയും ഹാന്‍സും സ്പ്രേയും മണ്ണെണ്ണയും മറ്റ് രാസവസ്തുക്കളും കാട്ടില്‍ കൊണ്ടു പോകുന്ന പരിപാടി കാടിന് ഗുണം ചെയ്യില്ല. സലീൽ പറഞ്ഞതുപോലെ സ്വന്തമായി ലീച്ച് സോൿസ് ഉണ്ടാക്കി ധരിക്കാൻ പറ്റിയാൽ അതുതന്നെ ഏറ്റവും നല്ലത്. അതല്ലെങ്കിൽ പിന്നെ കാടിന്റെ നിലനിൽ‌പ്പിന് കാര്യമായ ഭീഷണി ഉയർത്താത്ത ഉപ്പ് തന്നെയാണ് ഗുണകരം. ഉപ്പാകുമ്പോൾ ലഭ്യതയുടെ കാര്യത്തിൽ മുന്നിലുമാണ്.

Comments

comments

26 thoughts on “ അട്ടകളെ എങ്ങനെ നേരിടാം ?

  1. അട്ടകളെ നേരിടാൻ ഇനിയും ഉണ്ടാകാം മാർഗ്ഗങ്ങൾ. എല്ലാം നിർദ്ദേശങ്ങൾക്കും സ്വാഗതം. എല്ലാവർക്കും ഉപകാരപ്രദമാകുന്ന രീതിയിൽ ഇത്രയും നിർദ്ദേശങ്ങൾ തന്ന എല്ലാ സുഹൃത്തുക്കൾക്കും നന്ദി.

    1. പുകയില ഒരു ബോട്ടിൽ പകുതി നല്ലെണ്ണയിൽ വളരെ ചെറിയ കഷ്ണങ്ങളായി ഇട്ടു വെച്ച് നന്നായി കുലുക്കി mix ചെയ്തത് എടുത്ത് വെക്കുക. ആവശ്യമുള്ളപ്പോൾ കാലിൽ പുരട്ടിയാൽ അട്ടയുടെ കടിയേൽക്കില്ല എന്നുമാത്രമല്ല മഴപെയിതാലും പുല്ലിൽ നടന്നാലും പുകലയുടെ അംശം ശരീരത്തിൽ നിന്നും പെട്ടെന്ന് പോകില്ല.

  2. എനിക്ക് ഇതിലുള്ള ഒരറിവ് കൂടി പറയാം (ആധികാരികമല്ല )
    യഥാര്‍ഥത്തില്‍ അട്ട രക്തം വലിച്ചു കുടിക്കുന്നില്ല.
    നമ്മുടെ ശരീരത്തില്‍ ചെറിയ ഒരു മുറിവുണ്ടാക്കി ആ മുറിപ്പാടില്‍ ഒരു എന്‍സൈം പറ്റിക്കുന്നു.ആ എന്‍സൈം ഉള്ളത് മൂലം ശരീരത്തില്‍ നിന്നുള്ള രക്ത വാര്‍ച്ച നില്‍ക്കില്ല അട്ട ശരീരത്തില്‍ പിടിച്ചു അതിന്‍റെ ഇലാസ്തികത ഉള്ള വയറു നിറയുന്നത് വരെ പറ്റി പിടിക്കുകയും ശേഷം പിടി വിടുകയും ചെയ്യുന്നു.
    അട്ട വിട്ടാലും രക്ത വാര്‍ച്ച നില്‍കാന്‍ ഇതിനാല്‍ അല്പം പ്രയാസം ആണ്.
    മുറിപ്പാടില്‍ ഒരു കടലാസു വയ്ക്കുന്നത് ഗുണം ചെയ്യും .
    അലര്‍ജി ഉള്ളവര്‍ക്കാണ് പഴുപ്പ് ഉണ്ടാകുക അല്ലാതെ പറിച്ചു കളഞ്ഞത് കൊണ്ട് പ്രശ്നം ഒന്നുമില്ല.

  3. മണ്ണെണ്ണ കാടിന് ദോഷമെന്നു തന്നെയാണ് എന്റെയും ഭാഷ്യം ..ചുണ്ണാമ്പും നല്ലതാണ്..എന്നാല്‍ ലഭ്യതയുടെ കാര്യത്തില്‍ ഉപ്പു തന്നെയാണ് നല്ലത്,ഉപ്പുവെള്ളം നല്ലതെന്ന് കേട്ടിട്ടുണ്ട്.

  4. അട്ടകളുള്ള വഴികളിലൂടെ അറിയാതെ ധാരാളം നടന്നിട്ടുണ്ട്. ഭാഗ്യത്തിന് ഇതുവരെയും കടിയേറ്റിട്ടില്ല. ഈ പോസ്റ്റിൽ കണ്ടെത്തിയ പരിഹാരനിർദ്ദേശങ്ങൾ ഇനി ഉപകാരപ്പെടും.

    @SheebaRamachandran,
    മൈക്കിനു മുമ്പിൽ മാത്രമല്ലാതെ സാമൂഹ്യപ്രവർത്തനങ്ങൾ നടത്തുന്ന ചിലർക്കെങ്കിലും ചിലപ്പോൾ അട്ടയുള്ള വഴിയിലൂടെ നടക്കേണ്ടിവന്നേക്കും. അവർക്ക് ഈ പോസ്റ്റ് പ്രയോജനപ്പെടട്ടെ.

  5. അട്ടകടിച്ചീടത്ത് ചൊറിച്ചിൽ ഇപ്പോഴും മാറുന്നില്ല.കുറച്ച് ചോര അതും കുടിക്കണ്ടേ.അശുദ്ധ രക്തമുണ്ടങ്കിൽ ഗുണവുമുണ്ടല്ലോ..ഏത്..?

    1. എന്റെ കാലിൽ 4 മാസം മുൻപ് അട്ട കടിച്ചു. തൊമ്മൻ കുത്തിൽ വച്ച്. രാത്രി വീട്ടിൽ വന്നപ്പോൾ ആണ് കാലിൽ ബ്ലഡ് കണ്ടത്. അട്ട തനിയെ പോയി എന്നാണ് തോന്നുന്നത്. എന്നാൽ എനിക്ക് ഇപ്പോഴും കാലിൽ ചൊറിച്ചിൽ ഒണ്ട്. എന്തെങ്കിലും പ്രതിവിധി ഒണ്ടോ?

  6. വേപ്പെണ്ണ പുരട്ടുന്നത് അട്ടകടി ഒഴിവാക്കുവാനുള്ള നല്ലൊരു മാര്‍ഗ്ഗമാണെന്ന് ഇടുക്കി ഏലപ്പാറ സ്വദേശിനിയായ അനു പറയുന്നു. അവര്‍ക്കൊക്കെ നല്ല പരിചയമായിരിക്കുമല്ലോ

  7. ഇത് വീണ്ടും വായനക്കാരുടെ ശ്രദ്ധയില്‍ കൊണ്ട് വന്നത് നന്നായി മനോജേട്ടാ.

    ഓഫ്: ചോദ്യ കര്‍ത്താവിന്റെ രൂപത്തില്‍ ആണെങ്കിലും അവസാനം എന്നെയും സില്മേല് എടുത്തത് കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞു :p

  8. ഭായ് ,
    അട്ടകടി കുറെ കൊണ്ടിട്ടുണ്ട്.
    ലീച്ചു സോക്സിന് മുകള്‍ ഭാഗത്തായി ഒരു റിങ്ങ് പോലെ പൌച് ഉണ്ടാക്കി അതില്‍ മൂക്കിപ്പൊടി നിറച്ചു വക്കുക.
    പുകയില പ്രകൃതിക്ക് ദോഷം ഒന്നും ചെയ്യില്ല.
    :)

    1. ഇവിടെ കണ്ട അഭിപ്രായങ്ങളിൽ ഇത് വളരെ നല്ലതെന്ന് തോന്നുന്നു.

  9. ആട്ട കഥ ..സോറി അട്ട പോസ്റ്റു കൊള്ളാം.പിന്നെ നല്ലെണ്ണ നല്ലവണ്ണം കാലില്‍ തേച്ചു പിടിപ്പിച്ചാല്‍ അട്ട കടിക്കില്ലന്നു പറയുന്നു .അട്ട സ്ലിപ്പായി പോവുമെന്ന് കരുതിയാണോ എന്നറിയില്ല .ഒരിക്കല്‍ പരീക്ഷിച്ചിരുന്നു അന്ന് കടിച്ചില്ല .ഇനി അട്ട അന്ന് ഫുള്‍ ടാങ്ക് ആയിരുന്നോ എന്നറിയില്ല. .

  10. ഞാന്‍ നാരങ്ങ പിഴിഞ്ഞ് ഒഴിച്ചപ്പോള്‍ അട്ട പിടിവിട്ടെന്ന് മാത്രമല്ല അവ ചത്തുപോയി… ടൂര്‍ പോകുമ്പോള്‍ നാലു നാരങ്ങ കൈയില്‍ ഉണ്ടാവുലോ അല്ലേ.. നാരങ്ങയും നല്ല വോഡ്കാ‍യും ഒരു പച്ചമുളകും ഇട്ട് രണ്ട് കഴിച്ചിരിക്കുമ്പോള്‍ അട്ട വന്നിരിക്കുന്നു!

  11. അട്ടയുടെ അനുഭവം ഇതുവരെയും ഉണ്ടാകാതിരുന്ന എന്നെ പോലെയുള്ളവര്‍ക്ക് ഇതൊരു മുന്‍കൂര്‍ വിവരം ആകട്ടെ. പൊതു വിജ്ഞാനവും.

  12. വയലില്‍ ധാരാളം പോത്തട്ട ഉണ്ട്; അവയെ നിര്‍മാര്‍ജനം ചെയ്യുവാനുള്ള എന്തെങ്കിലും ഉപദേശം ലഭിക്കുന്നതിനാണ് ഈ ഭാഗം അന്വേഷിച്ചത്;ലഭിച്ച വിവരങ്ങള്‍ക്ക്നന്ദി!

  13. എന്റെ കയ്യിൽ അട്ട കടിച്ചു .ഇപ്പോഴും ചൊറിച്ചിലും നീരും ഉണ്ട്. എന്താണ് പ്രതിവിധി?അട്ടയു ടെ മുള്ള് ഉണ്ടെന്നു തോന്നുന്നു.

    1. അട്ടയുടെ പല്ല് കടിച്ചയിടത്ത് ഇരിക്കുന്നുണ്ടെങ്കിൽ ചൊറിച്ചിലും പഴുപ്പും വരെ ഉണ്ടാകാം. ഡോൿടറെ കാണിച്ച് അതെഴുത്ത് കളയുകയല്ലാതെ മാർഗ്ഗമില്ല. ഞാനാണെങ്കിൽ നന്നായി സ്റ്റെറിലൈസ് ചെയ്ത ഒരു ബ്ലേഡ് വെച്ച് പ്രശ്നം സ്വയം പരിഹരിക്കും.

      1. എന്നെ 2 ദിവസം മുൻപ് അട്ട കടിച്ചിരുന്നു…… 10 മിനിട്ടോളം കടിച്ചു അത് കഴിഞ്ഞു അട്ട തന്നെ സ്വയം താഴെ വീഴുകയും ചെയ്തു…. ഇപ്പോഴും എനിക്ക് അട്ട കടിച്ച ഭാഗത്തു ചെറിയ ചൊറിച്ചിലും, ചെറിയ പഴുപ്പും പോലെ തോന്നുന്നുണ്ട്…

  14. പുകയിലപ്പൊടി എണ്ണയിൽ (ഏതെങ്കിലും എണ്ണ, പുകയിലപ്പൊടി ഒട്ടിനിൽക്കാൻ ) ചാലിച്ച് റബ്ബർ ഷൂവിന്റെ വശങ്ങളിൽ തേച്ച് പിടിപ്പിക്കുക. കാട്ടിൽ ധാരാളം നീർച്ചാലുകൾ കാണുന്ന മഴക്കാലത്ത് ഷൂവിലെ ഈ ലേപനം കുറെയെല്ലാം പോകാറുണ്ട്. ലീച്ച് സോക്സ് ധരിക്കുമ്പോൾ അട്ട അതിനു മുകളിൽ കയറി വന്ന് കഴുത്തിൽ വരെ കടിക്കാറുണ്ട്. മഴയില്ലെങ്കിൽ ലീച്ച് സോക്സിൽ ഡെറ്റോൾ അല്ലെങ്കിൽ ഉപ്പ് വെള്ളം തേക്കുന്നത് അട്ട മുകളിലേക്ക് കയറുന്നത് ഒഴിവാക്കാം. ഉപ്പ് കിഴികെട്ടി നനച്ച് കാലിലും ഷൂവിലും തേക്കുന്നത് മഴയില്ലാത്തപ്പോൾ ഗുണം ചെയ്യാറുണ്ട്.

Leave a Reply to ചാർ‌വാകൻ‌ Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>