varthamanam-2B-2Bweekly-2B-2Bkunjahammadikka

ഒറ്റയാള്‍പ്പട്ടാളം കുഞ്ഞഹമ്മദിക്ക


വർത്തമാനം ആഴ്ച്ചപ്പതിപ്പിൽ ഈ ലേഖനം വന്നപ്പോൾ…

കോളേജ് കാലം മുതല്‍ക്കേ എന്റെയൊരു ഇഷ്ടസങ്കേതമാണ് വയനാട്. 1986 മുതല്‍ കുറേയധികം പ്രാവശ്യം വയനാട്ടില്‍ ചുറ്റിത്തിരിയാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. എന്നിട്ടും കുഞ്ഞഹമ്മദിക്കയെ കാണുന്നതും അറിയുന്നതും ഇക്കഴിഞ്ഞ ആഗസ്റ്റ് 29ന് മാത്രമാണ്. എങ്ങനാണിപ്പോള്‍ ഈ മനുഷ്യനെ ഒന്ന് അവതരിപ്പിക്കുക എന്ന് പോലും നിശ്ചയമില്ല. വാക്കുകള്‍ തികയാതെ വരും, അക്ഷരങ്ങള്‍ക്കായി ഞാന്‍ വീണ്ടും തപ്പിത്തടയും, നിരക്ഷരത്വത്തിന് ആക്കം കൂടും. എന്നാലും ഒന്ന് ശ്രമിക്കുന്നു; അത്രതന്നെ.

കുഞ്ഞഹമ്മദിക്ക

വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിക്കടുത്ത് ചെതലയം എന്ന സ്ഥലത്താണ് കുഞ്ഞഹമ്മദിക്കയുടെ വീട്. ഭാര്യയും രണ്ട് പെണ്‍മക്കളും വിവാഹമോചിതയായി നില്‍ക്കുന്ന മൂത്തമകളുടെ കുട്ടിയും അടങ്ങുന്ന 5 അംഗ കുടുംബമാണ് അദ്ദേഹത്തിന്റേതെന്ന് വേണമെങ്കില്‍ ഒറ്റവാചകത്തില്‍ പറഞ്ഞൊതുക്കാം. പക്ഷെ അങ്ങനല്ല കാര്യങ്ങളുടെ കിടപ്പ്; അതല്ല സത്യാവസ്ഥ. ആ ഭാഗത്ത് ചെന്നെത്താന്‍ കഴിയുന്ന ആദിവാസി കുടുംബങ്ങളൊക്കെയും കുഞ്ഞഹമ്മദിക്കയുടെ കുടുംബം തന്നെ. അവര്‍ക്ക് വേണ്ടി രാപ്പകലില്ലാതെ പ്രയത്നിക്കുന്ന ഒരാളെ, കൈയ്യില്‍ കിട്ടുന്ന റേഷനരിയടക്കം എല്ലാം അവര്‍ക്ക് വേണ്ടി ചിലവാക്കുന്ന ഒരാളെ പിന്നെങ്ങനാണ് പരിചയപ്പെടുത്തേണ്ടത് !?

റേഷനരിയുടെ കാര്യം പറഞ്ഞപ്പോളാണ് ഓര്‍ത്തത്. റേഷന്‍ കാര്‍ഡ് അദ്ദേഹത്തിന്റെ ഭാര്യ ഒളിപ്പിച്ച് വെച്ചിരിക്കുകയാണ്. കുഞ്ഞഹമ്മദിക്ക കാര്‍ഡില്ലാതെ, റേഷന്‍ കടയില്‍ ചെന്നാല്‍ സാധനങ്ങള്‍ കൊടുക്കരുതെന്നും അവര്‍ ശട്ടം കെട്ടിയിട്ടുണ്ട്. മറ്റൊന്നും കൊണ്ടല്ല; ഇങ്ങനൊക്കെ ചെയ്തില്ലെങ്കില്‍ അവരുടെ അടുപ്പില്‍ തീ പുകയില്ല. വീട്ടിലെത്തുന്നതിന് മുന്നേ ഏതെങ്കിലും ആദിവാസി കൂരയിലെ ഒട്ടിയ വയറിന്റെ വിശപ്പടക്കാന്‍ ആ റേഷന്‍ കൊണ്ടുപോയിക്കൊടുത്തെന്ന് വരും കഥാനായകന്‍. പട്ടിണിയായിപ്പോകാതിരിക്കാന്‍ മാത്രം കുഞ്ഞഹമ്മദിക്കയുടെ ബീവിക്ക് റേഷന്‍ കാര്‍ഡ് ഒളിപ്പിച്ച് വെക്കേണ്ടിവരുന്നു എന്നതൊഴിച്ചാല്‍ അദ്ദേഹത്തിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ എല്ലാം പൂര്‍ണ്ണപിന്തുണയാണവര്‍ നല്‍കുന്നത്. ഏയ്ഡ്‌സിനെപ്പറ്റിയുള്ള അജ്ഞത കാരണം, ഏയ്‌ഡ് ബാധിച്ച് മരിച്ച ഒരു ആദിവാസിയുടെ ശരീരം മറവുചെയ്ത് കുഞ്ഞഹമ്മദിക്ക മടങ്ങിവന്നപ്പോള്‍, അപ്പോള്‍ മാത്രമാണ്, അവര്‍ കുഞ്ഞഹമ്മദിക്കയുമായി കുറച്ച് ദിവസത്തേക്ക് ഇടഞ്ഞത്. ആദിവാസികള്‍ക്ക് എങ്ങിനെ ഏയ്‌ഡ്സ് വന്നു എന്ന വിഷയം മറ്റൊരിക്കല്‍ പ്രതിപാദിക്കുന്നതാവും അഭികാമ്യം. അതൊക്കെ പറയാന്‍ തുടങ്ങിയാല്‍ ഇവിടം കൊണ്ടൊന്നും തീരില്ല.

ആഴ്ച്ചയില്‍ 9 കിലോ അരി റേഷന്‍ കിട്ടും. അതുവാങ്ങാന്‍ 2 ദിവസം മാത്രമേ കുഞ്ഞഹമ്മദിക്ക ജോലി ചെയ്യാറുള്ളൂ. ബാക്കി ദിവസങ്ങളെല്ലാം ആദിവാസികുടുംബങ്ങള്‍ക്കും നാടിനും വേണ്ടിയുള്ള ക്ഷേമപ്രവര്‍ത്തനങ്ങളാണ്. അക്കമിട്ട് നിരത്തിപ്പറഞ്ഞാല്‍ തീരാത്ത അത്രയുമുണ്ട് ആ പ്രവര്‍ത്തനങ്ങള്‍. ഞാന്‍ മനസ്സിലാക്കിയത് അതില്‍ ചിലത് മാത്രം. സുനില്‍ കോടതി ഫൈസല്‍ എന്ന ബ്ലോഗ് സുഹൃത്ത് കാണിച്ചുതന്ന കുഞ്ഞഹമ്മദിക്കയെപ്പറ്റിയുള്ള വാര്‍ത്തകളുടെ പേപ്പര്‍ കട്ടിങ്ങുകള്‍ വായിച്ച് തീര്‍ക്കാന്‍ മാത്രം അരദിവസമെങ്കിലും വേണം.

റേഷന്‍ കാര്‍ഡ് കൈയ്യിലുണ്ടെങ്കിലേ ആദിവാസികള്‍ക്കായാലും അല്ലാത്തവര്‍ക്കായാലും സൌജന്യ അരിയും ഓണം കിറ്റുമൊക്കെ കിട്ടൂ. റേഷന്‍ കാര്‍ഡ് ഉണ്ടാക്കാനുള്ള എഴുത്തുകുത്തുകളും കടലാസ് ജോലികളും ചെയ്യാന്‍ ആദിവാസികളില്‍ പലര്‍ക്കും അറിയില്ല; അവര്‍ മെനക്കെടാറുമില്ല. കാര്‍ഡുണ്ടാക്കാന്‍ സഹായിക്കുന്നത് കുഞ്ഞഹമ്മദിക്കതന്നെയാണെന്ന് മനസ്സിലാക്കിയപ്പോള്‍, തിരഞ്ഞെടുക്കപ്പെട്ടതും അല്ലാത്തതുമായ നേതാക്കന്മാരും രാഷ്ട്രീയക്കാരുമൊക്കെ എവിടാണെന്ന് അത്ഭുതപ്പെടാതെ വയ്യ.

നമ്മളൊക്കെ പറയാറില്ലേ ഇലക്ഷനാകുമ്പോള്‍ വോട്ട് ചോദിക്കാന്‍ ഇപ്പറഞ്ഞവര്‍ ഒക്കെ എല്ലായിടത്തും കയറിയിറങ്ങുമെന്ന് ? പക്ഷെ ഇവിടെ അങ്ങനൊരു കീഴ്‌വഴക്കവും ഇല്ലത്രേ! പഞ്ചായത്ത് ഇലക്ഷന്, അതായത് 4 അല്ലെങ്കില്‍ 5 വോട്ടുകള്‍ക്ക് അങ്ങോട്ടോ ഇങ്ങോട്ടോ മറിയാന്‍ സാദ്ധ്യതയുള്ള സീറ്റുകള്‍ വരുമ്പോള്‍ മാത്രമേ ഈ ആദിവാസി കുടികളില്‍ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടിക്കാരും പോകാറുള്ളൂ. ബാക്കിയുള്ള തിരഞ്ഞെടുപ്പുകളില്‍ വലിയ ഭൂരിപക്ഷത്തില്‍ ആണല്ലോ ജയിച്ച് കയറിപ്പോകുന്നത്. അങ്ങനാകുമ്പോള്‍ അട്ടകടിയും കൊണ്ട്, ആനയും കടുവയുമൊക്കെ ഇറങ്ങുന്ന കാട്ടിലൂടെ ഇവരുടെ കുടീലൊക്കെ കയറി ഇറങ്ങാന്‍ ഏതെങ്കിലും രാഷ്ട്രീയക്കാര്‍ക്കുണ്ടോ സമയം ?! ആ സ്ഥാനത്താണ് കുഞ്ഞഹമ്മദിക്ക പ്രവര്‍ത്തകനാകുന്നത്, രക്ഷകനാകുന്നത്, ഒറ്റയാള്‍ പട്ടാളമാകുന്നത്. ഇക്കഴിഞ്ഞ ഓണത്തിനും റേഷന്‍‌ കാര്‍ഡില്ലാത്തതുകൊണ്ട് ഓണക്കിറ്റ് കിട്ടാതെ പോയവര്‍ക്ക് ഓണക്കിറ്റ് എത്തിച്ചത് കുഞ്ഞഹമ്മദ് എന്ന വയനാടന്‍ മാവേലിതന്നെയാണ്.

തന്റെ പേരക്കുട്ടിയുടെ പഴയ ഒരു ഉടുപ്പ് ഒരു ആദിവാസി കുട്ടിക്ക് കൊണ്ടുക്കൊടുത്തിട്ട് പിന്നീട് ഒരു വര്‍ഷം കഴിഞ്ഞ് ചെല്ലുമ്പോഴും ആ കുട്ടിക്ക് അതല്ലാതെ മറ്റ് കുപ്പായം ഒന്നുമില്ല എന്ന് കുഞ്ഞഹമ്മദിക്ക വഴി മനസ്സിലാക്കിയതുകൊണ്ടുകൂടെയാണ് മൈന ഉമൈബാനും ഭര്‍ത്താവ് സുനില്‍ കോടതി ഫൈസലും, ആഷ്‌ലിയും(ക്യാപ്റ്റന്‍ ഹാഡോക്ക്) മറ്റ് ബൂലോകരുമൊക്കെ ചേര്‍ന്ന് ഇക്കഴിഞ്ഞ ആഗസ്റ്റ് 29ന് വയനാട്ടില്‍ കുറച്ച് വസ്ത്രങ്ങള്‍ വിതരണം ചെയ്യാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തത്. ബത്തേരിയിലെ ആദിവാസി കോളനികളിലെ ആള്‍ക്കാരുടെ പേരും വയസ്സും മറ്റ് വിവരവും കൃത്യവും വ്യക്തവുമായി കുഞ്ഞഹമ്മദിക്കയുടെ ഇടുപ്പിലെ ഡയറിയില്‍ ഉള്ളതുപോലെ മറ്റേതെങ്കിലും സര്‍ക്കാര്‍ രേഖകളില്‍ പോലും ഉണ്ടോയെന്ന് കണ്ടുതന്നെ അറിയണം.

ആദിവാസികള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യയില്‍ പലയിടത്തും അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. അത്തരം യാത്രകള്‍ക്കിടയില്‍ ചമ്പല്‍ക്കാടില്‍ നിന്ന് എടുത്ത ഒരു ഫോട്ടോ 2 മുറിമാത്രമുള്ള അദ്ദേഹത്തിന്റെ കൊച്ചുവീടിന്റെ ചുമരില്‍ തൂങ്ങുന്നു. ആദിവാസികള്‍ക്ക് വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ തീരുന്നില്ല കുഞ്ഞഹമ്മദിക്കയുടെ ജീവിതം.

തന്റെ നാടിന്റെ സദ്‌ഗതി മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഇക്കഴിഞ്ഞ ഓണത്തിന് തൊട്ടടുത്തുള്ള സ്കൂളിന്റെ പരിസരത്തുനിന്ന് മാത്രം കിട്ടിയ പ്ലാസ്റ്റിക്ക് മദ്യക്കുപ്പികളും വെള്ളക്കുപ്പികളും തൂത്ത് പെറുക്കി കൂട്ടിക്കെട്ടി ഒരു കൂമ്പാരമാക്കി സ്കൂളിന്റെ മുന്നില്‍ത്തന്നെ ഇട്ടിട്ടുണ്ട് അദ്ദേഹം. പ്ലാസ്റ്റിക്കിനെതിരേയും മദ്യത്തില്‍ മുങ്ങിത്താഴുന്ന യുവത്വത്തിനെതിരേയുമാണ് ഈ പ്രവൃത്തിയിലൂടെ കുഞ്ഞഹമ്മദിക്കയുടെ ശബ്ദം ഉയരുന്നത്.

ഇക്കഴിഞ്ഞ ഓണാഘോഷത്തിന്റെ ബാക്കിപത്രവുമായി കുഞ്ഞഹമ്മദിക്ക

മുന്‍പ് ഒരിക്കല്‍ ഇതുപോലെ ഹാന്‍സ് അല്ലെങ്കില്‍ മറ്റ് പുകയില ലഹരിവസ്തുക്കള്‍ വരുന്ന പാക്കറ്റുക്കള്‍ പെറുക്കിക്കൂട്ടി, അതെല്ലാം ചേര്‍ത്ത് കുത്തിക്കെട്ടി കുപ്പായമുണ്ടാക്കി അതുമണിഞ്ഞ് കളക്‍ടറേറ്റിന് മുന്നില്‍ ചെന്ന് തന്റെ പ്രതിഷേധ സമരം നടത്തിയിട്ടുണ്ട്. സ്വന്തം വീടിന്റെ മുന്നിലെ ബസ്സ് സ്റ്റോപ്പ് അടിച്ച് വൃത്തിയാക്കിയിടുന്നത് കുഞ്ഞഹമ്മദിക്ക തന്നെ ആയതുകൊണ്ട് ഹാന്‍സ് പാക്കറ്റുകള്‍ കിട്ടാന്‍ ഒരു ബുദ്ധിമുട്ടും കാണില്ലല്ലോ !

പരിസരപ്രദേശത്താകെ പ്രാണിശല്യം. നാട്ടുകാര്‍ക്ക് ആര്‍ക്കും കിടക്കപ്പൊറുതിയില്ല. സര്‍ക്കാറില്‍ നിന്ന് ഒരു നടപടി, ഒരു മരുന്നടി; അതില്‍ തീരുന്ന പ്രശ്നമേയുള്ളൂ. പക്ഷെ യാതൊരു നീക്കങ്ങളും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല. കുഞ്ഞഹമ്മദിക്ക കുറേയധികം ചാകാത്ത പ്രാണികളെ ഒരു പ്ലാസ്റ്റിക്ക് കൂടയില്‍ ശേഖരിച്ച് കളക്‍ടറേറ്റിലേക്ക് കയറിച്ചെന്നു. കളക്‍ടറെ കാണാനുള്ള അപ്പോയന്റ്മെന്റ് ഇല്ലാത്തതുകൊണ്ട് കയറ്റിവിടില്ലെന്ന് കളക്‍ടറേറ്റുകാര്‍. ഏമ്മാനെ കാണാതെ പോകില്ലെന്ന് കുഞ്ഞഹമ്മദിക്ക. അവസാനം കണ്ടു. ഇപ്പോ ഈ നിമിഷം നടപടിയെടുത്തില്ലെങ്കില്‍ ജീവനുള്ള ഈ പ്രാണികളെയൊക്കെ കളക്‍ടറുടെ ചേമ്പറില്‍ തുറന്ന് വിടുമെന്ന ഭീഷണിക്ക് മുന്നില്‍ കളക്‍ടര്‍ വിരണ്ടു. ഉടന്‍ മരുന്നടിക്കാനുള്ള നിര്‍ദ്ദേശം വന്നു. പ്രാണിശല്യം അവസാനിച്ചു. ഇങ്ങനൊക്കെയുള്ള കാര്യങ്ങള്‍ കക്ഷിരാഷ്ട്രീയ-ഉദ്യോഗസ്ഥ ഭേദമെന്യേ നടപ്പിലാക്കുന്നതുകൊണ്ട് കണ്ടമാനം ശത്രുക്കളേയും കുഞ്ഞഹമ്മദിക്ക സമ്പാദിച്ചുവെച്ചിട്ടുണ്ട്. പക്ഷെ അതൊക്കെ അദ്ദേഹമുണ്ടോ കാര്യമാക്കുന്നു. ഇടം വലം നോക്കാതെ പോക്കറ്റിന്റെ കനം കുറയുന്നത് നോക്കി ബേജാറാവാതെ കുഞ്ഞഹമ്മദിക്ക തന്റെ സേവനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

കളക്‍ടറേറ്റിന് മുന്നില്‍ എന്തെങ്കിലുമൊക്കെ സമരമുറകളുമായി ഒറ്റയാന്‍ കുഞ്ഞഹമ്മദിക്ക പലവട്ടം നിറഞ്ഞുനിന്നിട്ടുണ്ട്. അതിന്റെയൊക്കെ വാര്‍ത്തകള്‍ പത്രങ്ങളില്‍ വന്നിട്ടുമുണ്ട്. വാര്‍ത്തകള്‍ പലതും ലോക്കല്‍ എഡിഷനിലായി ഒതുങ്ങിയതുകൊണ്ട്, കുഞ്ഞഹമ്മദിക്ക എന്ന നിര്‍ദ്ധനനായ സാമൂഹ്യപ്രവര്‍ത്തകന്റെ വിവരം വയനാടന്‍ ചുരത്തിനപ്പുറമുള്ള മറ്റ് മലയാളികളിലേക്കെത്താതെ പോകുന്നു. തദ്ദേശത്തെ പല മാദ്ധ്യമങ്ങളും കുഞ്ഞഹമ്മദിക്കയെ ഒരു ആയുധമായി അല്ലെങ്കില്‍ റിപ്പോര്‍ട്ടര്‍ എന്ന രീതിയില്‍ ഉപയോഗപ്പെടുത്താറുണ്ട്. അത്തരത്തില്‍ ഉണ്ടായ ഒരു കൊച്ചുസംഭവത്തെ വിരോധാഭാസം എന്നേ പറയാന്‍ പറ്റൂ. ടീവി ചാനലുകള്‍ പലതും പേ ചാനലാക്കി മാറ്റിയതുകൊണ്ട് ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റി പ്രതികരിക്കാനാണ് കുഞ്ഞഹമ്മദിക്കയോട് പ്രസ്തുത മാദ്ധ്യമം ആവശ്യപ്പെട്ടത്. സ്വന്തമായിട്ട് ടീവി ഇല്ലാത്ത, ഉണ്ടെങ്കില്‍ത്തന്നെ അതൊന്നും കാണാന്‍ പോലും മിനക്കെടാതെ മുഴുവന്‍ സമയം നാടിനുവേണ്ടി അലയുന്ന കുഞ്ഞഹമ്മദിക്കയെ അല്‍പ്പമെങ്കിലും മനസ്സിലാക്കിയിരുന്നെങ്കില്‍ ആ മാദ്ധ്യമക്കാര്‍ അങ്ങനെ പറയില്ലായിരുന്നു.

കിട്ടുന്ന സമ്പാദ്യത്തില്‍ നിന്ന് റേഷന്‍ അരിക്കുള്ളതൊഴിച്ച് ബാക്കിയെല്ലാം മറ്റുള്ളവര്‍ക്കായി വീതിച്ച് നല്‍കുന്നതിനിടയില്‍ സ്വന്തം കുടുംബത്തിന്റെ ഉന്നതി അദ്ദേഹം സൌകര്യാര്‍ത്ഥം വിസ്മരിക്കുന്നു. ഭാര്യയും രണ്ടാമത്തെ മകളും ചെറിയ ചെറിയ ജോലികള്‍ ചെയ്യുന്നുണ്ട്. തുന്നല്‍ ജോലിക്ക് പോകുന്ന മകള്‍ക്ക് സ്വന്തമായി, 3000 രൂപയ്ക്ക് കിട്ടുന്ന ഒരു തയ്യല്‍ മെഷീന്‍ വാങ്ങിക്കൊടുക്കാന്‍ പോലും അദ്ദേഹത്തിന് കഴിയുന്നില്ല. അത്രയും പണവും കൈയ്യില്‍ വെച്ച് അദ്ദേഹം തുന്നല്‍ മെഷീന്‍ വില്‍ക്കുന്ന കട വരെ എത്തീട്ട് വേണ്ടേ ? അതിനുമുന്നേ ആ പണമൊക്കെയും ഏതെങ്കിലും ആദിവാസി കുടിയിലെ കഞ്ഞിയായി വേവും. അതൊക്കെ വിസ്മരിക്കാം… രണ്ടാമത്തെ മകളുടെ വിവാഹാവശ്യത്തിനായി, ഇപ്പോള്‍ അന്തിയുറങ്ങുന്ന കൊച്ചുവീടും 3 സെന്റ് സ്ഥലവും വില്‍ക്കേണ്ട അവസ്ഥയിലാണ് ഈ മനുഷ്യസ്നേഹി.

ചിലപ്പോള്‍ ചില മനുഷ്യരുടെ മുന്നില്‍ ചെന്ന് പെടുമ്പോള്‍ ചെറുതായി ചെറുതായി തീരെയങ്ങ് ഇല്ലാതായതുപോലെ അനുഭവപ്പെട്ടിട്ടുണ്ട്. കുഞ്ഞഹമ്മദിക്കയുടെ മുന്നില്‍ ചെന്ന് നിന്നപ്പോളും അങ്ങനെ തന്നെയാണ് തോന്നിയത്. അതൊരു മഹാമേരു തന്നെ. അതിന്റെ അടിയിലെവിടെയോ വളരുന്ന പാഴ്ച്ചെടികള്‍ മാത്രമാണ് നമ്മളൊക്കെ. മുകളിലേക്ക് നോക്കി രണ്ട് കൈയ്യും കൂപ്പി നമിക്കാതെ വയ്യ.

Comments

comments

67 thoughts on “ ഒറ്റയാള്‍പ്പട്ടാളം കുഞ്ഞഹമ്മദിക്ക

  1. പ്രത്യേകിച്ച് എനിക്ക് ഒന്നും പറയാന്‍ ഇല്ല…പറയാന്‍ ഉള്ളത് നിരക്ഷരന്‍ തന്നെ പറഞ്ഞുവല്ലോ …

    മുകളിലേക്ക് നോക്കി രണ്ട് കൈയ്യും കൂപ്പി നമിക്കാതെ വയ്യ.

  2. ചിലപ്പോള്‍ ചില മനുഷ്യരുടെ മുന്നില്‍ ചെന്ന് പെടുമ്പോള്‍ ചെറുതായി ചെറുതായി തീരെയങ്ങ് ഇല്ലാതായതുപോലെ അനുഭവപ്പെട്ടിട്ടുണണ്ട് എനിക്കും…അദ്ദേഹം ശരിയ്ക്കും ഒരു വിസ്മയമാണ്…

    ആവശ്യത്തിലധികം പണമുള്ളവർ പ്രശസ്തിക്കായി ചെയ്യുന്ന ചെറിയ ദാനങ്ങൾ പോലും ലൈംലൈറ്റിൽ Glorify ചെയ്യപ്പെടുന്ന ഈ കാലഖട്ടത്തിൽ ഈ മനുഷ്യനെ കണ്ടില്ലെന്നു നടിക്കാൻ മാധ്യമഭീമന്മാർക്ക് കഴിയുന്നുണ്ടല്ലൊ..

    ആദിവാസികൾക്ക് വേണ്ടി കോടികൾ ബജറ്റിൽ ഉൾപ്പെടുത്താറുണ്ട്…
    എന്നാൽ ഒരു നേരത്തെ ഭക്ഷണം കൊടുക്കാനാരുമില്ലാത്ത അവസ്ഥ..ഏതാനും ലക്ഷങ്ങളീൽ തീർക്കാവുന്ന പ്രശ്നങ്ങളെ അവർക്കുള്ളൂ.. എന്നാൽ ആ കോടികൾ ഇന്ത്യൻ ബ്യൂറോക്രസി വിഴുങ്ങിക്കോളും..

  3. ഇന്നലെ ബൂലോകത്തില്‍ വായിച്ചിരുന്നു…………………അഭിനന്ദനങ്ങള്‍ ……പരിചയപ്പെടുത്തലിനും …………ജീവകാരുണ്യപ്രവര്‍ ത്തനതിനും

  4. ചില മനുഷ്യരെങ്കിലും, ഇന്നും ഇങ്ങിനെയില്ലെങ്കില്‍, മനുഷ്യകുലത്തെ മൃഗകൂട്ടില്‍ പെടുത്തിയേനെ….

    നന്ദി….

  5. hey, thanks for introducing kunjahammadikka… Echoing all the comments above, Yeah he definitely is extraordinary.
    Howeva, wn d question comes to respect, hmmm… I beg to differ. Had he been doin social work after taking care of his family or had he didnt have any commitments,I would have respected him. But here in this case, he is running away from his primary responsibility.
    I have no respect, bt all sympathy, to his family. Ad s adage goes ‘Charity Begins At Home’.

  6. @ rahool – ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ ഇതുപോലെ കുടുംബം പോലും മറന്ന് ആതുരസേവനത്തിനും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും ഇറങ്ങിയ ചിലരെയെങ്കിലും കാണാന്‍ നമുക്കാവും. അവരില്‍ പലരേയും നമ്മള്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുമുണ്ട്. ആദിവാസികള്‍ക്ക് ഉള്ളതിനേക്കാള്‍ സൌകര്യം എനിക്കുണ്ട്. അപ്പോള്‍ ഞാനെന്തിന് കൂടുതല്‍ സൌകര്യങ്ങള്‍ക്ക് പിന്നാലെ പായണം എന്ന് കുഞ്ഞഹമ്മദിക്കയുടെ സ്ഥാനത്ത് നിന്ന് ചിന്തിച്ചാല്‍ മനസ്സിലാക്കാനാവും. ഞാനങ്ങനെയാണ് മനസ്സിലാക്കുന്നത്. അതുകൊണ്ട് എനിക്കദ്ദേഹത്തോടുള്ള ബഹുമാനം കുറയുകയല്ല, കൂടിയിട്ടേയുള്ളൂ.

    എല്ലാ കാര്യത്തിനും, എല്ലാ നാണയത്തിനും 2 വശമുണ്ട്, 2 ചിന്തകളുണ്ട്. മറുവശമാണ് താങ്കള്‍ പറഞ്ഞത്. എന്തായാലും ഞാനതിനോട് യോജിക്കുന്നില്ല. താങ്കള്‍ക്ക് താങ്കളുടെ ശരി, എനിക്കെന്റെ ശരി, കുഞ്ഞഹമ്മദിക്കയ്ക്ക് അദ്ദേഹത്തിന്റെ ശരി. ഈ ലോകത്ത് ശരിക്കും തെറ്റിനും കൃത്യമായി നിര്‍വ്വചനങ്ങള്‍ ഒന്നുമില്ല. എല്ലാം അവനവന്‍ ന്യായീകരിക്കുന്നതുപോലെ അങ്ങ് പോകുന്നു. അത്ര തന്നെ.

  7. ഈ ലോകത്ത് തെറ്റൂം ശരിയും ഉണ്ടാക്കുന്നത് ചിന്താഗതിയാണ് എന്ന് കേട്ടിട്ടുണ്ട്. കുഞ്ഞഹമ്മദിക്ക ചെയ്യുന്നതെല്ലാം മഹത്കരമായ കാര്യങ്ങളാണെങ്കിലും വീട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്ന തരത്തില്‍ പരോപകാരം ചെയ്യുന്നത് ഒഴിവാക്കേണ്ടതാണ് എന്ന് എനിക്കും തോന്നുന്നു. അതു കരുതി കുഞ്ഞഹമ്മദിക്കായോട് ബഹുമാനത്തിന് കുറവൊന്നും ഇല്ല. ശിരസ്സാ നമിക്കുന്നു.

  8. നമക്ക് എല്ലാം കൂടി ഒരു തയ്യല്‍ മിഷിയന്‍ വാങ്ങി കൊടുത്താലോ ? കൂടുതല്‍ പേര്‍ ഉണ്ടെങ്കില്‍, രണ്ടോ മൂന്നോ മിഷിയന്‍ വാങ്ങി കൊടുത്തു, കുഞ്ഞുഅഹമ്മദ്കായ്ടെ മകള്‍ക്കും, ചുറ്റും ഉള്ള രണ്ടോ മൂന്നോ സ്ത്രീകള്‍ക്കും ഒരു വരുമാനം ആയില്ലേ ?

    തന്നെയും അല്ല, കുഞ്ഞുഅഹമ്മദ്കായ്ടെ കുടുംബടിനു ഇത് പോലെ ഒരു സ്ഥിരവരുമാനം ആയാല്‍, അദേഹതിനു അത് ഒരു താങ്ങ് ആയിരിക്കും.

    കൂടാതെ, ഇത്രയം സഹജീവികല്കായി ഇത് പോലെ ഒരു നിസ്വാര്‍ത്ഥമായ സേവനം നടത്തുന്ന കുഞ്ഞുഅഹമ്ന്ദ്‌കയെ നമ്മള്‍ നോക്കണ്ടേ ?

  9. ഇത് വായിച്ചപ്പോള്‍ ഞാന്‍ ഓര്‍ത്തത്‌ കുഞ്ഞഹമ്മതിക്കയുടെ ഭാര്യയെ ആണ്.അദ്ദേഹം അര്‍ഹിക്കുന്ന ആദരവും പ്രശംസയും അവര്‍ക്ക് കൂടി കിട്ടേണ്ടതാണ്.വീട്ടുകാര്യങ്ങളില്‍ അധികം ശ്രദ്ധിക്കാതെ ആദിവാസികളുടെ കാര്യങ്ങള്‍ നോക്കുന്നതിനു അവരും കൂട്ട് നില്കുന്നുണ്ടല്ലോ…. അവര് ജോലിയെടുത്തു വീട്ടുകാര്യം നോക്കുന്നുണ്ടല്ലോ…അതൊരു വെല്യ കാര്യം ആയിട്ടാണ് എനിക്ക് തോന്നിയത്. തെറ്റും ശരിയുമൊക്കെ ഓരോരുത്തരുടെ കാഴ്ച്ചപ്പാടല്ലേ…അദ്ധേഹത്തിന്റെ നിയോഗം ആദിവാസികളുടെ രക്ഷകനാവാനാണ്. കുഞ്ഞഹമ്മതിക്കയെ പരിചയപ്പെടുത്തിയതിനു നന്ദി മനോജ്‌.

  10. കുഞ്ഞഹമാദ് ഇക്ക ഒരു വേറിട്ട വ്യക്തി തന്നെ..
    ഇക്കാലത്തും ഇങ്ങനെ ആളുകള്‍ ഉണ്ടോ എന്ന് തോന്നിപ്പോകും…

    @ rahool – ശരിയും തെറ്റും….അദ്ദേഹം അദ്ദേഹത്തിന്റെ ശരിയിലൂടെ തന്നെ പോകട്ടെ..ആരോടും താന്‍ ശരിയാണോ ചെയ്യുന്നത് എന്ന് ചോദിക്കാതെ നിസ്വാര്തമായ സേവനം ആണല്ലോ അദ്ദേഹം നടത്തുന്നത്.. അതിലെ നന്മ കാണു..

  11. @ ആഷ്‌ലീ – ഒരു തയ്യല്‍ മെഷീന്‍ വാങ്ങിക്കൊടുക്കാന്‍ നമ്മള്‍ 20 പേര്‍ 150 രൂപ വീതം ഇട്ടാല്‍ മതിയാകും. അതൊക്കെ പെട്ടെന്ന് നടക്കും. ആ കുട്ടി വീട്ടിലിരുന്ന് തയ്‌ക്കട്ടെ. കൂടുതല്‍ ആളെ വെച്ച് തയ്പ്പിക്കാനുള്ള സൌകര്യം വീട്ടില്‍ ഉണ്ടെങ്കില്‍ ഒന്നോ രണ്ടോ മെഷീന്‍ കൂടെ കൊടുക്കുന്ന കാര്യം നമ്മള്‍ക്ക് ആലോചിക്കാം. അപ്പോള്‍ ശരി ആദ്യത്തെ മെഷീനുള്ള പണം ശേഖരണം തുടങ്ങുകയല്ലേ ? വെറും 3000 രൂപ മാത്രം.

  12. sure !! we can do that.

    also, തയ്യല്‍ മിഷിയ്ന്റെ വില ആന്‍ഡ്‌ മോഡല്‍ ഉറപ്പു വരുത്തണം.

    ഈ ലിങ്ക് നോക്കിയെ
    http://www.ushainternational.com/usha-indian-straight-stitch-sewing-machines-exporter.html

    സാധാരണ, കമ്പിനി വെബ്‌ സൈറ്റില്‍ കാണുന്നതിലും വില കുറച്ചു ആണ് വില്കാരുള്ളത്. Just Dial പോലെ ഉള്ള സര്‍വീസ് ഉണ്ടെങ്കില്‍, കൊച്ചിയിലെ വില ഒന്ന് ചെക്ക്‌ ചെയാമോ ?

  13. @ ക്യാപ്റ്റന്‍ ഹാഡോക്ക് – കൊച്ചീലെ വില ഞാന്‍ ചെക്ക് ചെയ്യാം. അതിനു മുന്‍പ് മറ്റൊരു കാര്യം. ആ കൊച്ച് ഉപയോഗിക്കുന്നതും കൈക്ക് ഇണങ്ങിയതും ഏത് മോഡലാണെന്ന് ഒന്ന് അന്വേഷിക്കുന്നതില്‍ തെറ്റുണ്ടോ ? കുഞ്ഞഹമ്മദിക്കയുമായി ഞാന്‍ ഇന്നും സംസാരിച്ചിരുന്നു. അടുത്ത പ്രാവശ്യം വരുമ്പോള്‍ കൊമ്മഞ്ചേരി കൂരയില്‍ രണ്ടെണ്ണത്തില്‍ ഇടാനായി 2 നീല പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ടുക്കൊടുക്കാമോന്ന് ചോദിച്ചു. പറ്റില്ലാന്ന് പറയാനാവില്ലല്ലോ ?

  14. ശരിയാണ്….അവരോട് ചോദിച്ചു നോക്കാമോ ? അത് അനുസരിച്ചു നമക്ക് ഫണ്ട്‌ പ്ലാന്‍ ചെയാം.

    പിന്നെ,നീല ഷീറ്റ് – ഇപ്പോള്‍ അല്ലെ മഴ, അടുത്ത തവണ പോകുന്നത് വരെ കാത്തു നില്ല്കണോ ? കുഞ്ഞുഅഹമ്മദ്കായുടെ അഡ്രസില്‍ ഒരു മണി ഓര്‍ഡര്‍ അയച്ചാ പോരെ ? വില ഒന്ന് തിരകാമോ ?

    ഡിയര്‍ ഓള്‍ : – ഇവിടെ തയ്യല്‍ മിഷിയന്‍ ലോകവുമായി ബന്ധം ഉള്ളവര്‍ ഉണ്ടെഗില്‍, വിലകുരവില്‍ കിട്ടാന്‍ ഉണ്ടെങ്കിലും അതും അറിയ്ക്കണം.

  15. @ -സു‍-|Sunil – ആ നല്ല മനസ്സിന് നന്ദി. 3000 രൂപ നമ്മളില്‍ പലര്‍ക്കും ഒറ്റയ്ക്ക് തന്നെ താങ്ങാവുന്ന ഒരു തുകയാണ്. സു തന്നെ അത് എടുക്കുന്നെങ്കില്‍ വളരെ നല്ലത്.

    എന്നിരുന്നാലും…എത്ര സാമ്പത്തിക ബുദ്ധിമുട്ടുള്ള ഒരാള്‍ക്കും സഹായം ഓഫര്‍ ചെയ്യാന്‍ പറ്റുന്ന ഒരു അവസരം ആണിത്. 500 അല്ലെങ്കില്‍ 200 രൂപയെങ്കിലും തരാന്‍ ഒന്ന് ശ്രമിച്ചാല്‍ ആര്‍ക്കും ആവും. അങ്ങനെ കുറച്ച് പണം കിട്ടിയാല്‍ 2 നീല പ്ലാസ്റ്റിക്ക് മേല്‍ക്കൂര, 10 കമ്പളി, 20 കൈലി, അങ്ങനെ പലതും കൂട്ടത്തില്‍ കൊടുക്കാനാവുമല്ലോ ?

    ഞാന്‍ 2 മാസത്തില്‍ ഒരിക്കല്‍ വയനാട്ടില്‍ പോകുന്ന ആളാണ്. ആഷ്‌ലിയുടെ വീട് ബത്തേരിക്കടുത്ത്(മീനങ്ങാടി), കുഞ്ഞഹമ്മദിക്കയുടെ വീടിന് അടുത്താണ്. ആഷ്‌ലിക്ക് അയച്ച് കൊടുക്കുന്നതാവും കാര്യം എളുപ്പത്തില്‍ നടക്കാന്‍ നല്ലത്.

    ആഷ്‌ലി കേള്‍ക്കുന്നുണ്ടല്ലോ അല്ലേ ? :)

  16. സന്തോഷം..കുടിലുകളുടെ ചോര്ച്ച മാറ്റ നുള്ള നീല പ്ലാസ്റ്റിക്ക് മേല്‍ക്കൂരയിലേക്കു കൂടി എല്ലാവരുടെയും ശ്രദ്ധ വന്നെങ്കില്…

  17. Ignorant One Niraksharan,
    Happy to know about your Vayanad Friend. In general people praise and worship those who loot public money and live life like a king. Sheets of your colour is needed to be forwarded to those who hack and humiliate human rights of a democratic nation. May be without your knowledge some one can do that to your own own family member and at that point of your time you must preserve that colour for yourself.
    A great writing about an unknown world. Media competes in front of us to glorify laundry leagues. And voice of your great friend remains unheard I know. I can understand, you live in a world, a kind of world painted on your own special colour
    Ajay

  18. It seems Niraksharan Manoj has transformed as a diplomat all on a sudden. You remind me of Kimvadan (Blue coloured Shiva) of Sreeguruvayurappan. Kim???
    Great write up and I know thousands like your Vynad Friend. When you get time please watch Virudh a great movie and you will understand the pains of those who are denied of justice.
    Jaihind
    Gayatri

  19. ഹായ് സു,

    ഗ്രേറ്റ്‌!!

    നമ്മക് വലിയ ഐഡിയ ഇല്ലാത്ത സംഭവം ആയത് കൊണ്ടാണ് അനേഷിച്ചു ചെയണം എന്ന് പറഞ്ഞത്.

    ആ ഉഷാ വെബ്‌ സൈറ്റില്‍ കണ്ട മോഡല്‍ തന്നെ മതിയോ എന്ന് അനേഷിച്ചു വിവരം അറിയിക്കാം.

  20. We feel ashame when we go through sri.Kunjahammadikka.Media they will visit if there is any sex scandal or something like that.You are really doing good things sri.Manoj..boolokam is with you

  21. കുഞ്ഞഹമദിക്ക ഒറ്റപ്പെട്ട കഥാപാത്രമൊന്നുമല്ല.
    ചിലരേ പരിചയപ്പെട്ടാൽ നിരക്ഷരൻ പറഞ്ഞപോലെ നമ്മൾ തീരെ ചെറുതാകും.

  22. ഈ വല്യ മനുഷ്യന്റെ മുൻപിൽ വല്ലാതെ ചെറുതായിപ്പോയതുപോലെ.. ഇവിടെയുള്ള ഡിസ്ക്കഷൻ വായിച്ചു, അതിന്റെ ബാക്കിയൊക്കെ ഓഫ്‌ലൈൻ പറയാം

    - ആഷ്‌ലിയുടെയും നിരുവിന്റെയും നിസ്വാർത്ഥമായ ഈ പ്രവർത്തനങ്ങൾക്ക് ആശംസകളോടെ, സന്ധ്യ

  23. കുഞ്ഞഹമ്മത് ഇക്കയെ പോലെ ഇത്തരം മനുഷ്യ സ്നേഹികളെ പലരും കണാതെ പോകുകയാണ്‌ പതിവ്. നിരക്ഷരന്‍ ഈ പച്ച മനുഷ്യനെ മനസ്സില്‍ തട്ടും വിധം പരിചയപ്പെടുത്തി…. നന്ദി

  24. നാം അറിയാതെ നമുക്കിടയിൽ ഇങ്ങിനെ കുറെ നല്ല മനുഷ്യർ മനുഷ്യജന്മത്തിന്റെ അർത്ഥവ്യാപ്തി നമ്മെ ബോധ്യപ്പെടുത്തി ജിവിച്ച് മറയുന്നു.

    വളരെ നന്ദി.. ഈ പരിചയപ്പെടുത്തലിന്.

  25. പേര് പറയാന്‍ ഇഷ്ടപ്പെടാത്ത 2 ബൂലോക സുഹൃത്തുക്കള്‍ ആഷ്‌ലിയുടെ അക്കൌണ്ടിലേക്ക് അയച്ചുകൊടുത്ത പണത്തിന്റെ കൂടെ ആഷ്‌ലിയും പിതാവും മറ്റ് സുഹൃത്തുക്കളും ഒക്കെ സാമ്പത്തികമായി സഹകരിച്ച് കുഞ്ഞഹമ്മദിക്കയുടെ മകള്‍ക്ക് ഒരു തയ്യല്‍ മെഷീനും കത്രികയും നൂലും മോട്ടോറുമൊക്കെ വാങ്ങിക്കൊണ്ടുപോയി കൊടുത്തിരിക്കുന്നു ആഷ്‌ലി. ആ കുട്ടിക്ക് ഇനി തയ്യല്‍ മെഷീന്‍ ഉപയോഗിക്കാന്‍ വാടകയിനത്തില്‍ ദിവസവും 40 രൂപ വീതം കൊടുക്കേണ്ടി വരില്ല.

    വളരെപ്പെട്ടെന്ന് ഈ സല്‍ക്കര്‍മ്മത്തിന് ചുക്കാന്‍ പിടിച്ച വകയില്‍ ആഷ്‌ലിയാണ് താരമായി മാറിയിരിക്കുന്നത്.

    ബൂലോകത്തിന്റെ തൊപ്പിയില്‍ മറ്റൊരു വര്‍ണ്ണത്തൂവല്‍ കൂടെ. എല്ലാവര്‍ക്കും അഭിമാനിക്കാം. എല്ലാവര്‍ക്കും നന്ദി.

  26. വളരെ നല്ല കാര്യം, കുഞ്ഞഹമ്മദിക്ക ചെയ്യുന്നതും, ഇവിടെ ബൂലോക ചങ്ങാതികള്‍ ചെയ്യുന്നതും.. ഇതുപോലെയുള്ള കാര്യങ്ങള്‍ക്ക് ഞാനും ഉണ്ട് കൂട്ടിന്.. ബ്ലോഗ്ഗോ ബസ്സോ വായിച്ചെന്ന് വരില്ല.. പക്ഷെ വിളിക്കാം . എസ്സ്.എം.എസ്സ് അയക്കാം 9946556202 .

  27. വായിക്കുവാന്‍ ഒരുപാട് താമസിച്ചു പോയി…ഇന്ന് ആണ് ലിങ്ക് കിട്ടിയത്………
    ഇനിയുള്ള പ്രവര്‍ത്തങ്ങളില്‍ എന്നെക്കൂടി കൂട്ടുക…ഒരുപാട് ഒന്നും വാഗ്ദാനം ചെയ്യുന്നില്ല..എന്നെകൊണ്ട്‌ പറ്റുന്നത് ചെയ്യാം…
    ഇവിടെ അങ്ങനെ ഇപ്പോഴും വരാറില്ല..അതുകൊണ്ട് എനിക്ക് മെയില്‍ ചെയ്‌താല്‍ ഉപകാരം ആയിരിക്കും..

  28. ഞാനും വയനാടുകാരന്‍ ആണ് … ബ്ലോഗ്‌ ഇപ്പൊ ആണ് കണ്ടത് … ഞാനും സഹായിക്കാം എന്നെകൊണ്ട്‌ ആകുന്നത്‌ … rajeshbabu.kr@gmail.com
    sms me 00971508299614

  29. “ചിലപ്പോള്‍ ചില മനുഷ്യരുടെ മുന്നില്‍ ചെന്ന് പെടുമ്പോള്‍ ചെറുതായി ചെറുതായി തീരെയങ്ങ് ഇല്ലാതായതുപോലെ അനുഭവപ്പെട്ടിട്ടുണ്ട്. “

    ഈ മനുഷ്യസ്നേഹിയെക്കുറിച്ച് വായിച്ചപ്പോള്‍ എനിക്കും അങ്ങനെ തന്നെ തോന്നി.

  30. hi

    just now saw this article, I was asking for kunjumuhammad’s contact details in your other blog. could you please send your details too?we can help people and I am sure this will be a good start. let me know your details too.

    Thanks
    please email at vsaikumar@gmail.com
    (I don’t have a blog or not sure of writing in malayalam, tht’s y sending comments like this.)

  31. @ Unnikrishnan,Valanchery – തയ്യൽ മെഷീൻ സഹൃദയരായ ബൂലോകർ ചിലർ ചേർന്ന് വാങ്ങിക്കൊടുത്തു. നന്ദി ഉണ്ണികൃഷ്ണൻ.

  32. “ഒന്നോ രണ്ടോ മെഷീന്‍ കൂടെ കൊടുക്കുന്ന കാര്യം നമ്മള്‍ക്ക് ആലോചിക്കാം. “
    രണ്ടാമത്തെ തയ്യല്‍ മെഷിന്‍…ആലോചിക്കുന്നുണ്ടോ? അതോ മറ്റെന്തെന്കിലും ആലോചിക്കുന്നുണ്ടോ?

    ഇന്നാണു പോസ്റ്റ് കണ്ടത്…

  33. അറിയപ്പെടാത്ത മറ്റൊരിന്ത്യക്കാരന്‍റെ കണ്ണു നിരക്കുന്ന കഥ. വലിയ ആ ആല്‍മരത്തിനു കീഴെ നാം കുറ്റിച്ചെടി മാത്രം. കുഞ്ഞമ്മദ്‌ക്ക നമ്മളെ എത്രമാത്രം കുള്ളനാക്കുന്നു എന്ന് നോക്കൂ. ഒരു പാട് നന്ദിയുണ്ട് നിരക്ഷരന്‍., ആ തയ്യല്‍ മഷീന്‍ എന്തായി? വാങ്ങിക്കൊടുത്തോ?

    1. എല്ലാവരും ചേർന്ന് രണ്ട് തയ്യൽ‌ മെഷീനുകൾ വാങ്ങിക്കൊടുത്തിരുന്നു. പേര് പുറത്ത് പറയാൻ ഇഷ്ടമില്ലാത്ത ഒരു വ്യക്തിയാണ് ഒരു മെഷീൻ സ്പോൺസർചെയ്തത്.

  34. ആദ്യമായാണ്‌ ഇങ്ങനെ ഒരു വ്യക്തിയെക്കുറിച്ച് കേള്‍ക്കുന്നത്. നിരക്ഷരന്‍ പറഞ്ഞതുപോലെ മാധ്യമങ്ങള്‍ പോലും അവഗണിക്കുന്നു എന്ന് തന്നെ പറയാം.ഇങ്ങനെയും നന്മകള്‍ ഉള്ള മനുഷ്യര്‍ ഈ ലോകത്ത്‌ അവശേഷിക്കുന്നു എന്നത് തന്നെ അഭിമാനകരം.

  35. കുഞ്ഞഹമ്മദ്‌ ഇക്കയെ പരിചയപ്പെടുത്തിയതിനു നന്ദി.
    വംശനാശം വന്നുതുടങ്ങിയ ഇത്തരം ഒരു ജീവിവര്‍ഗ്ഗം ഇനിയും ആറ്റിടാതെ അവശേഷിക്കുന്നു എന്ന തിരിച്ചറിവ് ഊര്‍ജ്ജദായകം തന്നെ…..

  36. ലോകത്ത് നിസ്വാര്‍ഥരായ നല്ല മനുഷ്യര്‍ ഇപ്പോഴുമുണ്ട്

  37. adivasikalkkayi pravarthikkunna group …i meant ngo…undenki onnu parijayapedutamo..njan kozhikode medical collegil doctor (doing pg in medicine) aanu…health related problemsil involve cheyyan agrahamund..

    1. @deepu sasidharan – ഡോൿടർ… എനിക്ക് അത്തരത്തിലുള്ള എൻ.ജി.ഓ. കളെപ്പറ്റി വലിയ പിടിപാടില്ല. അങ്ങനെയുള്ള ആരേക്കാളും വിവരങ്ങൾ കുഞ്ഞഹമ്മദിക്കയുടെ പക്കലുണ്ട്. അദ്ദേഹത്തിന്റെ അഡ്രസ്സും ഫോൺ നമ്പറും ചുവടെ ചേർക്കുന്നു.

      ടി.എ.കുഞ്ഞുമുഹമ്മദ്,
      തോട്ടക്കര ഹൌസ്,
      ചെതലയം പി.ഒ.
      സുൽത്താൻ ബത്തേരി,
      വയനാട്, പിൻ – 673592
      ഫോൺ:- 9645238180

Leave a Reply to ഒറ്റയാന്‍ Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>