സുഹൃത്തുക്കളേ
2019 ഏപ്രിൽ 27ന്, ജീവിതത്തിലെ വലിയൊരു ആഗ്രഹം നടപ്പിലാക്കാനുള്ള നടപടികളിലേക്ക് കടക്കുകയാണ്. ഇന്ത്യയുടെ മുക്കും മൂലയും, ധാരാളം സമയമെടുത്ത് സഞ്ചരിച്ച് കണ്ട് മനസ്സിലാക്കി അനുഭവിച്ചറിയണമെന്നതാണ് ആ ആഗ്രഹം. വർഷങ്ങൾക്ക് മുൻപ് ഓൺലൈനിൽ ഞാൻ പങ്കുവെച്ചിട്ടുള്ള ഒരാശയവും ആഗ്രഹവുമാണത്. Great Indian Expedition (GIE) എന്നാണ് ഈ യാത്രയ്ക്ക് നാമകരണം ചെയ്തിരിക്കുന്നത്.
എന്റെ കൂടെ പലയാത്രകളിലും ഒപ്പമുണ്ടായിട്ടുള്ള, എന്റെ പുസ്തകങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള, പ്രിയ സുഹൃത്ത് ജോ ജോഹർ മാത്രമാണ് ഈ യാത്രയിൽ എന്നോടൊപ്പമുള്ളത്. യാത്രയുടെ സവിശേഷതകൾ നിരവധിയാണ്. അതെല്ലാം അക്കമിട്ട് താഴെപ്പറയുന്നു.
1. കടന്ന് ചെന്നെത്താൽ കഴിയുന്ന, സുരക്ഷാ കാരണങ്ങളാൽ വിലക്കില്ലാത്ത, ഇന്ത്യയുടെ മുഴുവൻ മുക്കും മൂലകളും സന്ദർശിക്കുന്നു.
2. ഒരു LMV (പറ്റുമെങ്കിൽ 4×4) വാഹനത്തിലായിരിക്കും യാത്ര.
3. വൈകീട്ട് മൂന്ന് മണിക്ക് ശേഷം യാത്ര ചെയ്യുന്നതല്ല എന്ന് മാത്രമല്ല പകൽ വെളിച്ചത്തിൽ മാത്രമേ യാത്ര ചെയ്യൂ.
4. വൈകീട്ട് മൂന്ന് മണിക്ക് എവിടെ എത്തിച്ചേരുന്നുവോ അവിടെ താമസ സൌകര്യങ്ങൾ ഉണ്ടെങ്കിൽ അത് പ്രയോജനപ്പെടുത്തുന്നു. താമസ സൌകര്യങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ ടെന്റ് കെട്ടി അതിൽ താമസിക്കുന്നു. മുൻകൂട്ടി താമസം ഏർപ്പാടാക്കി അവിടെ എത്താൻ വേണ്ടി യാത്രയുടെ വേഗത കൂട്ടുകയോ കുറയ്ക്കുകയോ നിയന്ത്രിക്കുകയോ ചെയ്യില്ല. (മൂന്ന് മണിക്ക്) വീണിടം വിഷ്ണുലോകമാക്കുമെന്ന് സാരം. അവിടെ കിട്ടുന്ന ഭക്ഷണം കഴിക്കുന്നു. ഭക്ഷണം ഒന്നും കിട്ടാത്ത ഇടമാണെങ്കിൽ അത്യാവശ്യം സ്വന്തമായി പാകം ചെയ്യാനുള്ള സാമഗ്രികൾ വാഹനത്തിൽ കരുതുന്നതാണ്.
5. വൈകീട്ട് മൂന്ന് മണി മുതൽ എട്ട് മണി വരെയുള്ള 5 മണിക്കൂർ സമയത്ത് അന്നന്നത്തെ യാത്രയുടെ വിവരണവും അതിന്റെ വീഡിയോയും തയ്യാറാക്കി 8 മണിക്ക് അത് ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നു. യാത്രാവിവരണം ഞാൻ എഴുതുമ്പോൾ വീഡിയോ പിടിക്കുന്നതും എഡിറ്റ് ചെയ്യുന്നതും ജോ ജോഹറായിരിക്കും. ആദ്യദിവസം മലയാളത്തിലാണ് വിവരണങ്ങൾ പങ്കുവെക്കുന്നതെങ്കിലും 24 മണിക്കൂറിനകം ഇംഗ്ലീഷിലുള്ള തർജ്ജിമയും വായനക്കാർക്ക് ലഭ്യമാക്കുന്നതായിരിക്കും.
6. ഇത്തരത്തിൽ യാത്രാവിവരണങ്ങളും വീഡിയോയും അന്നന്ന് തന്നെ ഓൺലൈനിലൂടെ നിങ്ങളിലേക്കെത്തിക്കുന്നതിലൂടെ, ഞങ്ങൾക്കൊപ്പം യാത്ര ചെയ്യുന്ന പ്രതീതി വായനക്കാർക്ക് നൽകുന്നു എന്നതാണ് ഈ യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത.
7. ഈ യാത്ര സമയബന്ധിതമോ മാർഗ്ഗബന്ധിതമോ അല്ല. ഒരിടത്ത് ഇത്ര സമയമേ ചിലവഴിക്കൂ എന്നോ ഒരിക്കൽ പോയ വഴികളിലൂടെ പിന്നീട് സഞ്ചരിക്കില്ലെന്നോ വാശിയൊന്നുമില്ല. ആവശ്യമെങ്കിൽ കൂടുതൽ ദിവസങ്ങൾ ഒരിടത്ത് തങ്ങും. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഒരു പ്രത്യേക കാര്യത്തിനോ ചടങ്ങിനോ വിശേഷത്തിനോ ആയി വന്നുപോയ സ്ഥലത്തേക്ക് വീണ്ടും സഞ്ചരിച്ചെന്ന് വരും.
8. അതുകൊണ്ടുതന്നെ ഈ യാത്ര എന്ന് തീരുമെന്നോ എത്ര കിലോമീറ്ററുകൾ സഞ്ചരിക്കുമെന്നോ കൃത്യമായ ഒരു കണക്ക് പറയാനാവില്ല. ഒന്നോ രണ്ടോ വർഷം കൊണ്ട് തീരുമെങ്കിൽ അങ്ങനെ. അല്ലെങ്കിൽ തീരുന്നത് വരെ.
9. എന്നിരുന്നാലും ഇത് തീരെ ഒഴിവുകളോ വിശ്രമമോ ഇല്ലാത്ത ഒരു യാത്രയല്ല. ഇത്രയും നീളുന്ന ഒരു യാത്രയിൽ എല്ലാ ദിവസവും കൃത്യമായ വിശ്രമം എന്നതുപോലെ ഇടയ്ക്കിടയ്ക്ക് ചെറിയ ഇടവേളകളും അത്യാവശ്യം തന്നെയാണ്. ഈ യാത്രയെ 6 ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ ഘട്ടങ്ങൾക്കും ഇടയിൽ കേരളത്തിലേക്ക് മടങ്ങി വന്ന് പരമാവധി ഒരാഴ്ച്ച കൊണ്ട് അത്യാവശ്യം കാര്യങ്ങൾ ചെയ്ത് തീർത്ത് മടങ്ങുന്ന രീതിയിലാണ് ഈ യാത്ര വിഭാവണം ചെയ്തിരിക്കുന്നത്.
10. യാത്രയുടെ വിവിധ ഘട്ടങ്ങൾ.
ഘട്ടം 1:- തെലുങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ.
ഘട്ടം 2:- ഒറീസ്സ, ഛത്തീസ്ഗഡ്, ഛാർഖണ്ഡ്, ബീഹാർ, വെസ്റ്റ് ബംഗാൾ.
ഘട്ടം 3:- ത്രിപുര, മിസ്സോറാം, മണിപ്പൂർ, നാഗാലാന്റ്, അരുണാചൽ പ്രദേശ്, ആസ്സാം, മേഘാലയ, സിക്കിം.
ഘട്ടം 4:- മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന.
ഘട്ടം 5:- ഉത്തരാഖണ്ട്, ഹിമാചൽ, ജമ്മു & കാശ്മീർ, പഞ്ചാബ്.
ഘട്ടം 6:- കർണ്ണാടക, തമിഴ്‌നാട്, കേരളം.
11. നിലവിൽ ലഭ്യമായ ഏറ്റവും പുതിയ ക്യാമറാ സജ്ജീകരണങ്ങളാണ് ഇത് ചിത്രീകരിക്കാൻ ജോ ജോഹർ ഉപയോഗിക്കുന്നത്. വീഡിയോയ്ക്കും സ്റ്റില്ലിനുമായി രണ്ട് ക്യാമറകളും നാല് ലെൻസുകളും ഉപയോഗിക്കുന്നതോടൊപ്പം ഗോപ്രോ, 360 ഡിഗ്രി ക്യാമറ, ഡ്രോൺ എന്നീ ക്യാമറകളും കൊണ്ടുപോകുന്നുണ്ട്. 4K ഫോർമാറ്റിൽ ആയിരിക്കും ദൃശ്യങ്ങൾ ചിത്രീകരിക്കുക.
12. ഏതെങ്കിലും ഒരു സ്ഥലത്ത് ചെല്ലുമ്പോൾ അവിടെയുള്ള പരിചയക്കാർക്കോ സുഹൃത്തുക്കൾക്കോ (രണ്ടുപേർ മാത്രം) ഞങ്ങൾക്കൊപ്പം ഒരു ദിവസം സഞ്ചരിക്കാനും അത്തരത്തിൽ ഈ യാത്രയുടെ ഭാഗമാകാനും അവസരമുണ്ട്. ഒന്നിലധികം ദിവസം ഞങ്ങൾക്കൊപ്പം കൂടണമെങ്കിൽ അത് പൂർണ്ണമായും ഞങ്ങളുടെ തീരുമാനമനുസരിച്ചായിരിക്കും. ഇങ്ങനെ ഞങ്ങൾക്കൊപ്പം ചേരുന്നവരെ ആ പ്രദേശത്തെ ഒരു ലോക്കൽ ഗൈഡിനെ എന്നപോലെ പ്രയോജനപ്പെടുത്തുകയും തന്മൂലം ഒരു സ്ഥലവും വിട്ടുപോകാതെ സഞ്ചരിക്കുക എന്നതുമാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്.
13. കല, കായികം, പൈതൃകം, ചരിത്രം, ഭക്ഷണം, വ്യക്തികൾ, ആഘോഷങ്ങൾ, ചടങ്ങുകൾ എന്നിങ്ങനെ രാജ്യത്തിന്റെ മുഴുവൻ വൈവിദ്ധ്യവും പകർത്തി ജനങ്ങളിലേക്ക് എത്തിക്കുക എന്നത് ഈ യാത്രയുടെ പരമമായ ഒരു ലക്ഷ്യമാണ്.
14. വാഹനം, ഇന്ധനം, താമസം, ഭക്ഷണം, ഇന്റർനെറ്റ്, ഫോൺ, ഡാറ്റ ബാക്ക് അപ്പ്, മരുന്ന്, തർജ്ജിമ എന്നിങ്ങനെ ധാരാളം ചിലവുള്ള ഒരു യാത്രയാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ? എല്ലാച്ചിലവുകൾക്കും സ്പോൺസേർസിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. അതൊക്കെ കിട്ടിയാലും ഇല്ലെങ്കിലും യാത്ര നിശ്ചയിച്ച തീയതിയ്ക്ക് ആരംഭിക്കുന്നതാണ്. സ്പോൺസേർസിന് എപ്പോൾ വേണമെങ്കിലും ഒപ്പം ചേരാം. എല്ലാ ദിവസവും യാത്രാവിവരണവും വീഡിയോയും പൊതുജനങ്ങളിലേക്ക് എത്തുമെന്നതുകൊണ്ട് സ്പോൺസേർസിന് അവർ മുടക്കുന്ന പണം പൂർണ്ണമായും വസൂലാകാൻ പോകുന്ന ഒരു പദ്ധതിയാണിത്. സ്പോൺസേർസിന്റെ പേര്, ലോഗോ എന്നിങ്ങനെയുള്ള കാര്യങ്ങൾ ഞങ്ങളുടെ വാഹനത്തിലും യാത്രാവിവരണം പങ്കുവെക്കുന്ന സൈറ്റിലും ഞങ്ങൾ ഉപയോഗിക്കുന്ന വസ്ത്രങ്ങളിലുമൊക്കെ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ പണം മുടക്കുന്ന ഒരു സ്പോൺസറെ, ഈ യാത്രയുടെ ടൈറ്റിൽ സ്പോൺസറായി പരിഗണിച്ച് Great Indian Expedition എന്ന പേരിന് മുൻപ് അവരുടെ പേര് ചേർക്കുന്നതാണ്.
15. വനവൽക്കരണം, ജലസ്രോതസ്സുകൾ സംരക്ഷിക്കൽ, പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനം എന്നിങ്ങനെ പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകത പ്രചരിപ്പിച്ചുകൊണ്ടുള്ള ഒരു യാത്രയായിരിക്കും ഇത്. പോകുന്നയിടങ്ങളിലെല്ലാം സീഡ് ബോളുകൾ കൊണ്ടുപോകാനും നടാനും ശ്രമിക്കുന്നതിന് പുറമെ, ലഭ്യമാകുന്നിടത്തുനിന്നെല്ലാം മരത്തൈകൾ സംഘടിപ്പിച്ച് നട്ടുകൊണ്ടിരിക്കുകയും ചെയ്യും. ഇത്രയും നാളുകൾ വാഹനത്തിൽ മരത്തൈകൾ കൊണ്ടുപോകുക സാദ്ധ്യമല്ലാത്തതുകൊണ്ടാണ് ചെല്ലുന്നയിടങ്ങളിൽ നിന്ന് തന്നെ തൈകൾ സംഘടിപ്പിച്ച് ഉചിതമായ ഇടങ്ങളിൽ നടാനോ സീഡ് ബോളുകൾ നടാനോ പദ്ധതിയിട്ടിരിക്കുന്നത്.
ഞങ്ങളുടെ പ്രോജൿറ്റ് റിപ്പോർട്ടിലുള്ള ചില കാര്യങ്ങൾ മാത്രമാണ് എടുത്തെഴുതിയിരിക്കുന്നത്. കൂടുതൽ കാര്യങ്ങൾ നിർദ്ദേശിക്കാമെങ്കിൽ സ്വാഗതം ചെയ്യുന്നു.
കേൾക്കുമ്പോൾ ഹരം പിടിപ്പിക്കുന്ന ഒരു യാത്രയായിത്തോന്നാമെങ്കിലും ഇതിൽ പതിയിരിക്കുന്ന അപകടസാദ്ധ്യതകൾ ഞങ്ങൾക്ക് നല്ല ബോദ്ധ്യമുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഈ യാത്രയുടെ തയ്യാറെടുപ്പുകൾക്ക് വേണ്ടി നടത്തിയ ചർച്ചകളിലും അന്വേഷണങ്ങളിലും മനസ്സിലാക്കാൻ പറ്റിയ അത്തരം കാര്യങ്ങൾ നിരവധിയാണ്. ഞങ്ങൾ കാണാത്തതും മനസ്സിലാക്കാത്തതുമായ കാര്യങ്ങൾ നിങ്ങൾക്ക് മുന്നിൽക്കാണുന്നുണ്ടെങ്കിൽ അത് പറയാൻ മടിക്കേണ്ടതില്ല.
വായനക്കാരുടേയും സുഹൃത്തുക്കളുടേയും അഭ്യുദയകാക്ഷികളുടേയും സഹകരണമില്ലാതെ ഈ യാത്ര മുന്നോട്ട് കൊണ്ടുപോകാനും വിജയിപ്പിക്കാനും സാദ്ധ്യമല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആയതിനാൽ നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ചില കാര്യങ്ങൾ താഴെച്ചേർക്കുന്നു.
A. ഒരു സ്ഥലത്ത് ഞങ്ങളെത്തുമ്പോൾ അവിടെ ഒരു രാത്രി തങ്ങാനുള്ള സൌകര്യം ഒരു നേരത്തെ ഭക്ഷണവും തരാൻ നിങ്ങൾക്ക് പറ്റിയെന്ന് വരും.
B. ഓരോ സ്ഥലത്തും ഞങ്ങൾ പോകേണ്ടയിടങ്ങളും ഞങ്ങൾ വിട്ടുപോകുന്ന കാര്യങ്ങളും ചൂണ്ടിക്കാണിക്കാൻ സാധിച്ചെന്ന് വരും.
C. യാത്രാവിവരണങ്ങൾ, അതാത് സ്ഥലങ്ങളിൽ നിന്ന് കിട്ടുന്ന വിവരങ്ങളേയും വസ്തുതകളേയും അടിസ്ഥാനമാക്കിയുള്ളതായിരിക്കും. കൂടുതൽ വായനയോ പഠനങ്ങളോ നടത്തി യാത്രാനുഭവങ്ങൾ എഴുതാൻ യാത്രയ്ക്കിടയിൽ പരിമിതികളുണ്ട്. ആയതിനാൽ, ഓരോരോ സ്ഥലങ്ങളെപ്പറ്റിയും ഞങ്ങൾ എഴുതാത്ത ചരിത്രവിവരങ്ങൾ അടക്കമുള്ള വസ്തുതകൾ കമന്റ് രൂപത്തിൽ ഓരോ വിവരണങ്ങൾക്കും കീഴെ നൽകാൻ നിങ്ങൾക്കായെന്ന് വരും. ഈ വിവരങ്ങളും വസ്തുതകളും ആധികാരികമായി പരിശോധിച്ച് പിന്നീട് ഈ യാത്രാവിവരണങ്ങളുടെ ഭാഗമാക്കാനും പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കാനും സാധിച്ചെന്ന് വരും. ആ സമയത്ത് വിവരങ്ങൾ പങ്കുവെച്ചവർക്കെല്ലാം കൃത്യമായ പരിഗണന നൽകുന്നതായിരിക്കും.
D. മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് ഇത് തർജ്ജിമ ചെയ്യാൻ ഇതിനകം തന്നെ ധാരാളം സുഹൃത്തുക്കൾ മുന്നോട്ട് വന്നിട്ടുണ്ട്. ഇംഗ്ലീഷിന് പുറമെ മറ്റേതെങ്കിലും ഭാഷയിലേക്ക് ഇത് തർജ്ജിമ ചെയ്യാൻ ആർക്കെങ്കിലും താൽപ്പര്യമുണ്ടെങ്കിൽ സ്വാഗതം ചെയ്യുന്നു.
E. ആർക്കെങ്കിലും വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഈ യാത്രയുടെ ഒരു ഭാഗമോ ഒരു ദിവസമോ സ്പോൺസർ ചെയ്യാനോ, ഒരു സ്പോൺസറെ കണ്ടെത്തി തരാനോ സാധിക്കുമെങ്കിൽ അത് വളരെ വലിയ സഹായമായിരിക്കും.
F. ഈ യാത്രയുടെ ഭാഗമായി Great Indian Expedition എന്ന പേരിൽ ഞങ്ങളൊരു യൂ-ട്യൂബ് ചാനൽ ആരംഭിച്ചിട്ടുണ്ട്. യാത്രയുടെ വീഡിയോയും, അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമൊക്കെ ആ ചാനലിലാണ് കാണാൻ സാധിക്കുക. ആ ചാനൽ എല്ലാവരും സബ്‌സ്ക്രൈബ് ചെയ്ത് സഹകരിച്ചാൽ ഞങ്ങളുടെ യാത്രയ്ക്ക് വേണ്ടിവരുന്ന അൽപ്പസ്വൽപ്പം ചിലവുകൾ യൂ-ട്യൂബിൽ നിന്ന് വരുമാനമായി കിട്ടിയെന്ന് വരാം. മറ്റൊന്നും ചെയ്തില്ലെങ്കിലും ഈ ഒരു സഹായം എല്ലാവരും ചെയ്ത് തരണമെന്നും ഈ യാത്രയുടെ വിശേഷങ്ങൾ പങ്കുവെച്ച് (Share) കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കണമെന്നും അപേക്ഷിക്കുന്നു. ധാരാളം സബ്സ്ക്രൈബേർസും (1000) ഒരുപാട് മണിക്കൂറുകൾ (4000) കാണപ്പെടുകയും ചെയ്താൽ മാത്രമേ യൂ-റ്റ്യൂബിൽ നിന്ന് വരുമാനം ലഭിക്കൂ. അതിലെ ആദ്യ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.
G. എന്റെ പുസ്തകങ്ങൾക്ക് വേണ്ടി ജോ ജോഹറും ഞാനും ചേർന്ന് തയ്യാറാക്കി ഞങ്ങളുടെ കൈവശമുള്ള വീഡിയോകൾ, വരും ദിവസങ്ങളിൽ ഈ യൂ-റ്റ്യൂബ് ചാനലിലൂടെ കാണാൻ സാധിക്കുന്നതാണ്. ആയതിനാൽ Great Indian Expedition 2019 എന്ന ചാനൽ തീർച്ചയായും സബ്സ്ക്രൈബ് ചെയ്യുമല്ലോ ?
H. കൂടാതെ ഞങ്ങൾ ഇതിനായി തയ്യാറാക്കിയ ഫേസ്ബുക്ക് പേജും ലൈക്ക് ചെയ്ത് പ്രചരിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു. ഞങ്ങളുടെ അപ്ഡേറ്റ്സ് ഇത് വഴിയും ലഭ്യമാക്കുന്നതായിരിക്കും.
ഓർമ്മയിൽ വന്ന കാര്യങ്ങൾ മാത്രമാണ് ഇവിടെ കുറിച്ചിരിക്കുന്നത്. എന്തെങ്കിലുമൊക്കെ വിട്ടുപോയിട്ടുണ്ടെങ്കിൽ ഓർമ്മ വരുന്നതിനനുസരിച്ച് കൂട്ടിച്ചേർക്കുന്നതായിരിക്കും.
2019 ഏപ്രിൽ 22 ന് തുടങ്ങാൻ തീരുമാനിച്ചിരുന്ന ഈ യാത്ര, ലോക്സഭാ തിരഞ്ഞെടുപ്പ് കാരണമാണ് ഏപ്രിൽ 27ലേക്ക് നീട്ടിയത്. നിലവിൽ ആ തീയതിയിൽ മാറ്റമൊന്നുമില്ല. പക്ഷേ, ഏപ്രിൽ 27ന് ഞങ്ങൾ പുറപ്പെടുന്നത് യാത്രയുടെ ആദ്യഘട്ടമായ തെലുങ്കാന, ആന്ധ്ര, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളിലേക്കല്ല. ഞങ്ങളുടെ ക്യാമറകൾ, കമ്പ്യൂട്ടറുകൾ, കേബിളുകൾ എന്നിങ്ങനെയുള്ള സജ്ജീകരണങ്ങൾ ടെസ്റ്റ് ചെയ്യാതെ ഇറങ്ങിപ്പുറപ്പെടുന്നത് ആത്മഹത്യാപരമായിരിക്കും. ടെന്റിൽ ഉറക്കം, വസ്ത്രങ്ങൾ സ്വയം അലക്കൽ, ആവശ്യമാണെങ്കിൽ സ്വയം പാകം ചെയ്യൽ എന്നിങ്ങനെയുള്ള പുതിയ ദിനചര്യങ്ങളോട് പരിചയപ്പെടേണ്ടതും അത്യാവശ്യമാണ്. അതിന് വേണ്ടിയുള്ള ഒരു ട്രയൽ അഥവാ പൈലറ്റ് യാത്രയാണ് ഏപ്രിൽ 27ന് പുറപ്പെടുന്നത്. ഇത് ചെയ്യുന്നത് കേരളത്തിൽ നിന്ന് അധികം വിട്ടല്ലാതെയുള്ള ഒരു പ്രത്യേക സെൿടറിൽ ആയിരിക്കും.
കൃത്യമായി പറഞ്ഞാൽ പശ്ചിമഘട്ടത്തിനെ ചുറ്റിപ്പറ്റിയാണ് ഈ ട്രയൽ യാത്ര ചെയ്യുന്നത്. കേരളത്തിന്റെ തെക്കേ അറ്റത്ത് നിന്നുള്ള ആദ്യത്തെ ചുരത്തിലൂടെ പശ്ചിമഘട്ടത്തിന്റെ മറുവശം കടന്ന് തമിഴ്നാട്ടിലൂടെ സഞ്ചരിച്ച് അവിടന്ന് അടുത്ത ചുരത്തിലൂടെ കേരളത്തിലേക്ക് കടക്കുന്നു. അടുത്ത ചുരത്തിലൂടെ കേരളത്തിൽ നിന്ന് വീണ്ടും തമിഴ്നാട്ടിലേക്ക്. അങ്ങനെയങ്ങനെ കേരളവും തമിഴ്‌നാടും അൽപ്പം കർണ്ണാടകവുമൊക്കെ ചേർന്ന് സഹ്യനിലൂടെ തലങ്ങും വിലങ്ങുമുള്ള ഒരു യാത്രയാണിത്. ഇത് കഴിയുന്നതോടെ ഞങ്ങൾ ഇന്ത്യ മുഴുവൻ യാത്ര ചെയ്യാൻ മാനസ്സികമായും ശാരീരികമായും സാങ്കേതികമായും തയ്യാറായിക്കഴിഞ്ഞിട്ടുണ്ടാകും എന്നാണ് വിശ്വാസം. രണ്ടാഴ്ച്ചകൊണ്ട് സഹ്യനെ ചുറ്റിപ്പറ്റിയുള്ള ഈ യാത്ര പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരുതുന്നത്.
ഇന്ത്യ മുഴുവൻ യാത്ര ചെയ്തിട്ടുള്ളവർ ധാരാളം പേരുണ്ട്. പക്ഷെ അതിന്റെ അനുഭവങ്ങൾ അന്നന്ന് പങ്കുവെക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ മാത്രമേ സംശയമുള്ളൂ. ‘Great Indian Expedition‘ എന്ന ബൃഹത്തായ ഈ യാത്രയ്ക്ക് ഞങ്ങൾ നൽകിയിരിക്കുന്ന ടാഗ് ലൈൻ, Let’s experience the country together എന്നാണ്. ഈ യാത്രപോകുന്നത് ജോഹറും ഞാനും മാത്രമല്ല, മറിച്ച് ഓരോ വായനക്കാരനും കാഴ്ച്ചക്കാരനും ഞങ്ങൾക്കൊപ്പമുണ്ടെന്ന പൂർണ്ണ ബോദ്ധ്യം ഞങ്ങൾക്കുണ്ടെന്ന് തന്നെയാണ് അതർത്ഥമാക്കുന്നത്. ഇന്ന് ഞങ്ങൾ കണ്ടതും കേട്ടതുമെല്ലാം അൽപ്പം മണിക്കൂറുകളുടെ വ്യത്യാസത്തിൽ നിങ്ങളിലേക്ക് എത്തിക്കുന്നു എന്നതിനപ്പുറം മറ്റ് കേമത്തരങ്ങളൊന്നും ഈ യാത്രയെപ്പറ്റി ഞങ്ങൾ അവകാശപ്പെടുന്നില്ല. ഞങ്ങൾ ഈ യാത്ര പൂർത്തിയാക്കി സുരക്ഷിതമായി തിരിച്ച് കൂടണയുന്നതിനൊപ്പം തന്നെ നിങ്ങളും ഇന്ത്യ മുഴുവൻ കണ്ടും വായിച്ചറിഞ്ഞും മടങ്ങിയെത്തിയിട്ടുണ്ടാകും.
എല്ലാവരും ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയിൽ, 2019 ഏപ്രിൽ 27ന് ഞങ്ങൾ പുറപ്പെടുകയാണ്. വരൂ നമുക്കൊന്നിച്ച് അനുഭവിച്ചറിയാം ഈ രാജ്യത്തിന്റെ വൈവിദ്ധ്യങ്ങൾ. Let’s experience the country together.
സസ്നേഹം
- മനോജ് രവീന്ദ്രൻ നിരക്ഷരൻ & ജോ ജോഹർ
ലോഗോ ഡിസൈൻ – നന്ദകുമാർ
All the best
Best wishes!!!
If you wind up at 3pm you will br losing the sight of sun setcevrrywhere. Thst I feel will be a big loss. Will be following. All the best.
@ Leela kutty – You are mistaken. We will definitely stop the ride after 3 P.M. But we will halt at a place and can enjoy the sunset there, the whole evening.
Dear Manoji,
First let me wish you the duos all the best and good luck.
കേട്ടിട്ട് കൊതിയാകുന്നു, അതിലേറെ അസൂയയും
All the best Manojetta.
Best wishes………
best wishes…..