അൽപ്പസ്വൽപ്പമൊക്കെ യാത്രകൾ ഇഷ്ടപ്പെടുന്ന ഏതൊരാളുടേയും ഉള്ളിലുണ്ടാകും കുറേക്കൂടെ വലിയ ഒരു യാത്രാമോഹം. അത്തരമൊരു യാത്രയെക്കുറിച്ചുള്ള സ്വപ്നങ്ങൾ എനിക്കുമുണ്ട്. അതൊക്കെയും 6 സെപ്റ്റംബർ 2013ന് ഫേസ്‌ബുക്കിൽ പങ്കുവെക്കുകയും ഒരുപാട് സുഹൃത്തുക്കൾ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുകയും ചെയ്തിരുന്നു.
അങ്ങനെയിരിക്കുമ്പോഴാണ് കഴിഞ്ഞ മാസം സർവ്വശ്രീ സുരേഷ് ജോസഫ്, ലാൽ ജോസ്, ബൈജു എൻ.നായർ എന്നിവർ ഏതാണ്ട് അത്തരത്തിൽ ഒരു ലോകയാത്ര തന്നെ യാത്രാപ്രേമികളെ എല്ലാവരേയും അസൂയപ്പെടുത്തിക്കൊണ്ട് ആരംഭിച്ചത്. പക്ഷേ , ചില ചിത്രങ്ങൾ കാണാൻ കിട്ടുമെന്നല്ലാതെ എല്ലാ ദിവസവും ആ യാത്രയെപ്പറ്റിയുള്ള രണ്ട് വരികളെങ്കിലും എഴുതി ഇടുന്നില്ല, എന്നത് ഒരു നിരാശയായി ബാക്കി നിന്നു. മനസ്സുകൊണ്ടെങ്കിലും പൂർണ്ണമായും ആ യാത്രികർക്കൊപ്പം സഞ്ചരിക്കാൻ അതുകൊണ്ടുതന്നെ പറ്റിയില്ല. എന്തായാലും അവർ മടങ്ങിവന്നതിനുശേഷം കിട്ടുന്ന യാത്രാനുഭവങ്ങൾക്കായി കാത്തിരിക്കുന്നു.
അതിനിടയ്ക്ക് ആ യാത്രയിൽ ഉണ്ടായ നിരാശാജനകമായ കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതില്ല എന്ന് തന്നെയാണ് എന്റേയും അഭിപ്രായം. യാത്ര അവസാനിച്ചിട്ടില്ലല്ലോ ? അത് ലക്ഷ്യസ്ഥാനത്തെത്തും എന്ന് തന്നെ പ്രത്യാശിക്കാം. ഗിന്നസ് ബുക്ക്, റേക്കോഡ് എന്നീ മറ്റ് ആഗ്രഹങ്ങളേക്കാളൊക്കെ എത്രയോ മുകളിലാണ് ആ യാത്രയുടെ സ്ഥാനം.
ചിത്രത്തിന് കടപ്പാട്:- The Automotive India.Com
രണ്ട് പേർക്ക് വേണ്ടി പദ്ധതിയിട്ട ഒരു യാത്രയായിരുന്നു എന്റേത്. പക്ഷേ, കൂടെ വരുന്ന ആളെ തിരഞ്ഞെടുക്കുന്ന കാര്യം, മറ്റുള്ളവർക്കുണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിൽ ഇപ്പോൾ കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. എന്തായാലും ആ യാത്രാസ്വപ്നം ഫേസ്‌ബുക്കിൽ നിന്ന് താഴെ പകർത്തിയെഴുതുന്നു. താൽപ്പര്യമുള്ളവർക്കും മുൻപ് വായിക്കാത്തവർക്കും വേണ്ടി……….
ഒരു ദീർഘദൂര റിയാലിറ്റി യാത്ര
——————————————–
വർഷങ്ങൾക്ക് മുന്നേ തന്നെ മനസ്സിൽ പ്‌ളാൻ ചെയ്യുന്ന ഒരു സ്വപ്നയാത്രയാണിത്. എറണാകുളത്ത് നിന്ന് പുറപ്പെട്ട് ഇന്ത്യ മുഴുവനും വിശദമായി സമയമെടുത്ത് സഞ്ചരിച്ച് തിരിച്ചെത്തുകയാണ് യാത്രാലക്ഷ്യം. ഈ ദൗത്യത്തിന് എത്ര ദിവസമെടുക്കും എന്നൊന്നും പറയാനാവില്ല. തീരുമ്പോൾ തീരും. വാഹനത്തിന് കാര്യമായ കേടുപാടുകൾ ഉണ്ടാകുക, മറ്റ് അപകടങ്ങൾ ഉണ്ടാകുക, യാത്രികർക്ക് അസുഖം പിടിപെടുക, എന്നിങ്ങനെയുള്ള ന്യായമായ കാരണങ്ങളാൽ മാത്രമേ യാത്ര ഇടയ്ക്ക് വെച്ച് മതിയാക്കി മടങ്ങൂ. അങ്ങനെ മടങ്ങിയാലും വാഹനത്തിന്റേയും യാത്രികരുടേയും കേടുപാടുകൾ പരിഹരിച്ച് പിന്നീടൊരു ദിവസം യാത്ര പുനഃരാരംഭിക്കും.
ഒരു ഫോർ വീൽ ഡ്രൈവ് SUV യിലോ അല്ലെങ്കിൽ ഒരു കാരവാനിലോ ആയിരിക്കും യാത്ര. കാരവാനുള്ള സാദ്ധ്യത 30% മാത്രം. എല്ലാ റോഡുകളിലും കയറി ഇറങ്ങാൻ പറ്റില്ല എന്നതാണ് പ്രധാന കാരണം. കാരവാനിലാണെങ്കിൽ ഉറക്കം, പ്രഭാത കൃത്യങ്ങൾ, മറ്റ് ദിനചര്യങ്ങൾ, പാചകം, എന്നതൊക്കെ സൗകര്യമായിട്ട് നടക്കുമെങ്കിലും അധികസൗകര്യങ്ങൾ ഇല്ലാതെ യാത്ര ചെയ്യുന്നതാണ് യാത്രയുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നത്. പ്രധാന വാഹനത്തിൽ മൂന്ന് സൈക്കിളുകൾ കരുതിയിട്ടുണ്ടാകും. കൂടുതൽ ദുർഘടം പിടിച്ച സ്ഥലങ്ങളിൽ യാത്ര തുടരാനാണ് സൈക്കിൾ.
രണ്ട് പേരായിരിക്കും പ്രധാന യാത്രികർ. ഒരാൾ ഞാൻ തന്നെ. രണ്ടാമത്തെ വ്യക്തിയെ ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രഭാഷയായ ഹിന്ദി അറിയാത്തവരെ ഒരു തരത്തിലും പരിഗണിക്കുന്നതല്ല. സഹയാത്രികൻ സാമാന്യം നല്ല ഡ്രൈവറായിരിക്കണം. അന്യസംസ്ഥാനങ്ങളിലും അന്യ രാജ്യങ്ങളിലും വാഹനം ഓടിച്ച് പരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
എല്ലാ ദിവസവും യാത്രയുടെ ചിത്രങ്ങളും അൽപ്പസ്വൽപ്പം യാത്രാവിവരണവും ആവശ്യമുണ്ടെങ്കിൽ ഒരു ചെറിയ വീഡിയോയും ഓൺലൈനിൽ പ്രസിദ്ധീകരിക്കും. ഇതിലേക്കായി ഒരു വെബ് സൈറ്റോ അല്ലെങ്കിൽ ഒരു ഫേസ്‌ബുക്ക് പേജോ തുടങ്ങുന്നതായിരിക്കും. എല്ലാ യാത്രാപ്രേമികൾക്കും ഈ ഓൺലൈൻ സ്പേസിലൂടെ യാത്രികർക്ക് മാനസ്സിക പിന്തുണ നൽകി ഒപ്പം സഞ്ചരിക്കാനുള്ള അവസരമൊരുക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്.
യാത്ര കടന്നുപോകുന്ന ഇടങ്ങളിൽ മൂന്നാമത് ഒരാൾക്ക് യാത്രയിൽ ചേരാൻ അവസരം കൊടുക്കുന്നതാണ്. അങ്ങനെ കൂടെച്ചേരുന്നവർ ഒന്നോ രണ്ടോ ദിവസത്തിനകം പ്രധാന യാത്രികരോടും വാഹനത്തോടും വിടപറഞ്ഞ് സ്വന്തം തട്ടകത്തിലേക്ക് മടങ്ങേണ്ടതാണ്. വേണ്ടിവന്നാൽ സാഹചര്യങ്ങൾക്ക് അനുസരിച്ച് മാത്രം ഈ സമയത്തിൽ പരിഷ്ക്കരണം ഉണ്ടാകുന്നതാണ്. ഓൺലൈൻ അപ്ഡേഷൻ വഴി യാത്ര എവിടെ എത്തിയെന്നും എവിടെ വെച്ച് കൂടെച്ചേരാമെന്നുമൊക്കെ മൂന്നാമത്തെ യാത്രികരായി ചേരാൻ ആഗ്രഹിക്കുന്നവർക്ക് മനസ്സിലാക്കാവുന്നതും അപേക്ഷിക്കാവുന്നതുമാണ്.
എല്ലാ ദിവസവും സൂര്യൻ ഉദിക്കുന്നതോടെ ആരംഭിക്കുന്ന യാത്ര ഉച്ചതിരിഞ്ഞ് 3 മണിക്ക് അവസാനിപ്പിച്ചിരിക്കും. പിന്നെയുള്ള സമയം, ഭക്ഷണം ഉണ്ടാക്കി കഴിക്കാനും നന്നായി വിശ്രമിക്കാനും അന്നന്നത്തെ യാത്രാവിവരണം തയ്യാറാക്കി അപ്‌ലോഡ് ചെയ്യാനും ഉള്ളതാണ്. എല്ലാ ദിവസവും ഇത്ര ദൂരം സഞ്ചരിക്കും എന്ന് കൃത്യമായ കണക്കൊന്നുമില്ല. കൂടുതൽ കാഴ്ച്ചകളും കാര്യങ്ങളും ഉള്ള സ്ഥലങ്ങളിൽ കൂടുതൽ സമയമോ ദിവസങ്ങളോ തന്നെ തങ്ങിയെന്നിരിക്കും. രാത്രി 7 മണിക്കെങ്കിലും രാത്രി ഭക്ഷണം കഴിച്ചിരിക്കും. 8 മണിക്ക് ഉറക്കം. എന്നതായിരിക്കും ചിട്ടകൾ. ഭക്ഷണം ഉണ്ടാക്കാനുള്ള സൗകര്യമൊക്കെ വാഹനത്തിൽ ഉണ്ടായിരിക്കും. എന്നാലും അതത് സ്ഥലങ്ങളിലെ ഭക്ഷണത്തിന്റെ രുചി കൂടെ അറിഞ്ഞായിരിക്കും യാത്ര. ഭക്ഷണം കിട്ടാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലും വൃത്തിയുള്ള ഭക്ഷണം കിട്ടാത്തിടത്തും സ്വയം പാകം ചെയ്യും. ഇതുകൊണ്ടുതന്നെ രണ്ട് യാത്രികർക്കും പാചകം അറിയേണ്ടത് അത്യാവശ്യമാണ്. ഏറ്റവും കുറഞ്ഞത് ഓംലെറ്റും പരിപ്പ് കറിയും ചപ്പാത്തിയും ഉണ്ടാക്കാൻ അറിഞ്ഞേ പറ്റൂ. മദ്യപാനം, പുകവലി എന്നീ സ്വഭാവങ്ങൾ ഉള്ളവരായാലും അല്ലെങ്കിലും ഈ യാത്ര കഴിയുന്നത് വരെ ഈവക കാര്യങ്ങളെപ്പറ്റി ചിന്തിക്കുകയേ വേണ്ട. യാത്രയിൽ ഇടയ്ക്ക് ചേരുന്ന മൂന്നാമത്തെ യാത്രികർക്കും ഈ നിബന്ധന ബാധകമാണ്. യാത്രയേക്കാൾ വലിയ ഒരു ലഹരിയും ഇക്കാലയളവിൽ ഉണ്ടാകരുത്.
ജാതി മത ചിന്തകൾക്ക് അതീതമായി അനുവാദമുള്ള എല്ലാ ദേവാലയങ്ങളിലും ആരാധനാലയങ്ങളിലും കയറാൻ ബുദ്ധിമുട്ടില്ലാത്തവർ മാത്രമായിരിക്കണം എല്ലാ യാത്രികരും.
ഈ യാത്ര എന്ന് തുടങ്ങും എന്നൊന്നും കൃത്യമായി പറയാനാവില്ല. പ്‌ളാനിങ്ങ് കാലേക്കൂട്ടി ചെയ്യുന്നെന്ന് മാത്രം. ഒരുകൊല്ലമോ ഒന്നരക്കൊല്ലമോ അതിലേറെ സമയമോ എടുത്തെന്ന് വരും എല്ലാം പ്‌ലാൻ ചെയ്ത് യാത്ര ആരംഭിക്കാൻ. അതൊന്നും ഈ അവസരത്തിൽ തിട്ടപ്പെടുത്താൻ സാദ്ധ്യമല്ല.
യാത്ര സ്പോൺസർ ചെയ്യാൻ താൽപ്പര്യമുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ സ്വാഗതം. വേണമെങ്കിൽ വാഹനം സ്പോൺസർ ചെയ്യാം. അല്ലെങ്കിൽ ടയർ, ഇന്ധനം, ഭക്ഷണച്ചിലവ്, എന്നിങ്ങനെ വിവിധ ചിലവുകളിൽ ഏതെങ്കിലും ഒന്നോ മൊത്തം ചിലവോ സ്പോൺസർ ചെയ്യാം. സ്പോൺസർമാരുടെ കമ്പനിയുടെ വിവരങ്ങളും മറ്റും വാഹനത്തിൽ പതിച്ചിരിക്കും.
ഞാൻ കൂടെ പ്രവർത്തകനായ ഗ്രീൻവെയ്ൻ എന്ന സംഘടനയുടെ ചീഫ് കോർഡിനേറ്റർ സ്വാമി സംവിദാനന്ദ് ചെയ്തത് പോലെ ഇന്ത്യയൊട്ടാകെ കഴിയുന്നത്ര മരങ്ങൾ വെച്ചുപിടിപ്പിച്ചും അതിന്റെ പ്രാധാന്യം പ്രചരിപ്പിച്ചുകൊണ്ടുമുള്ള ഒരു യാത്രകൂടെ ആയിരിക്കും ഇത്.
ഈ യാത്രാപദ്ധതി ഇതുപോലെ നടപ്പിലാക്കാൻ കഴിയുന്നതിന് മുന്നേതന്നെ ഇതുപോലെ തന്നെയോ ഇതിനേക്കാൾ ഭംഗിയായോ മറ്റൊരു വ്യക്തിയോ സ്ഥാപനമോ തന്നെ നടത്തിയാൽ അതിൽ ഒരു അലോഹ്യവും ഇല്ലെന്ന് മാത്രമല്ല സന്തോഷമേയുള്ളൂ. ഒരു യാത്രയും ആരുടേയും കുത്തകയല്ല. ലോകത്ത് പലരും നടത്തിയിട്ടുള്ളതാണ് ഇത്തരം യാത്രകൾ. അതിൽ പലരും അന്തർദേശീയ തലത്തിൽത്തന്നെ. സ്വന്തം പരിമിതികളിൽ ഒതുങ്ങി നിന്ന് ഇന്ത്യാരാജ്യം മാത്രം കാണുന്ന കാര്യമാണ് ഇവിടെ സംസാരിക്കുന്നത്. അതത്ര വലിയ കാര്യമൊന്നുമല്ല. രണ്ടാമതായാലും അവസാനക്കാരനായാലും എന്നെങ്കിലും ഒരിക്കൽ ഈ പദ്ധതി പ്രകാരം ഒരു യാത്ര ചെയ്യുക എന്നത് മാത്രമാണ് ലക്ഷ്യം.
യാത്രയ്ക്ക് ഗുണകരമായേക്കാവുന്ന എല്ലാ നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.
യാത്രയില്‍ എന്റെ അനുഭവ പാഠം: ഏറ്റവും നല്ല സുഹൃത്ത് നല്ല travel companion ആവണമെന്നില്ല; ഏറ്റവും നല്ല travel companion ഏറ്റവും അടുത്ത സുഹൃത്താവണം എന്നുമില്ല.
http://www.recorddrive.blogspot.in/?m=1
Link to Mr. Baiju’s blog for updates on their drive from Cochin to London
ആ ലിങ്കിന് ഒരുപാട് നന്ദി. ഇതേപ്പറ്റി അറിയില്ലായിരുന്നു. മറ്റ് പബ്‌ളിസിറ്റി മുഴുവനും കൊടുത്ത കൂട്ടത്തിൽ ഈ ബ്‌ളോഗിനെപ്പറ്റിയും ഒന്ന് പറയാമായിരുന്നു. നിർഭാഗ്യവശാൽ ഇത് എഴുതുന്ന ആൾ മറ്റൊരു വഴിക്ക് യാത്രയായി. എന്നാലും ഇത് പിന്തുടർന്ന് നോക്കാം. എന്തൊക്കെ ആയാലും ഇതും ഒരു യാത്രയാണല്ലോ ?
Planningilum thudangikittanum matramanu itharam yathrakalude budhimuttu. Odi thudangiyal pinne etra valichalum mathivaratha marijuana pole aa yathra poykondirikum. Good luck! I would love to do the same on a motorbike someday.
കിടിലൻ ആശയം…ആപ്ലിക്കേഷൻ ഓപ്പണ്‍ ആകുമ്പോൾ അപ്ഡേറ്റ് വരുമല്ലോ അല്ലെ?… ബൈ ദി ബി ഞാൻ ഹിന്ദി പഠിക്കാൻ തീരുമാനിച്ചു, ബാക്കി യോഗ്യത എല്ലാം ഓക്കേ, മീൻ അവിയൽ നോർത്ത് ഇന്ത്യൻ സ്റ്റയ്ലിൽ വയ്ക്കാൻ ഉടൻ പഠിക്കുനതാണ്
http://railwaymansj.blogspot.in/
check this out for day to day updates..
i will be with you for one day travel……. i don’t know driving. hindi is poor. but can manage.